This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യാസമുദ്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→സമുദ്രശാസ്‌ത്രവിവരങ്ങള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→വിഭവസമ്പത്ത്) |
||
വരി 123: | വരി 123: | ||
==വിഭവസമ്പത്ത് == | ==വിഭവസമ്പത്ത് == | ||
- | മറ്റു സമുദ്രങ്ങളെപ്പോലെ ഇന്ത്യാസമുദ്രവും ധാതുസമ്പന്നമാണ്. | + | മറ്റു സമുദ്രങ്ങളെപ്പോലെ ഇന്ത്യാസമുദ്രവും ധാതുസമ്പന്നമാണ്. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍ എന്നിവ പെട്രോളിയം ഉത്‌പാദനത്തില്‍ മുന്നിട്ടു നില്‌ക്കുന്നു. മുംബൈ തീരത്ത് എണ്ണഖനനം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെയും മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും കരയോരങ്ങളില്‍ ധാരാളം എണ്ണനിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെങ്കടല്‍ത്തറയിലെ ചളിമണ്ണില്‍ ചെമ്പ്, ഇരുമ്പ്, വെള്ളി, സ്വര്‍ണം എന്നിവ കേന്ദ്രീകൃതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു; മലേഷ്യന്‍ തീരത്ത് ടിന്നും, ദക്ഷിണാഫ്രിക്കന്‍തീരത്ത് വജ്രവും ഖനനം ചെയ്യപ്പെടുന്നു. ഇന്ത്യാ സമുദ്രത്തറയില്‍ അങ്ങോളമിങ്ങോളം വന്‍തോതില്‍ കാണപ്പെടുന്ന, ഖനനസാധ്യതയുള്ള ഒരു ധാതുവിഭവമാണ് മാംഗനീസ്; ഉരുളകളായി അവസ്ഥിതമായിട്ടുള്ള ഇവയില്‍നിന്നു മാംഗനീസിനു പുറമേ ചെമ്പ്, ഇരുമ്പ്, കോബാള്‍ട്ട്, നിക്കല്‍, നാകം, മോളിബ്‌ഡനം എന്നീ ലോഹങ്ങളും ലഭ്യമാക്കാം. |
- | മത്സ്യസമ്പത്തിലും ഇന്ത്യാസമുദ്രം പിന്നിലല്ല. | + | മത്സ്യസമ്പത്തിലും ഇന്ത്യാസമുദ്രം പിന്നിലല്ല. ആഴക്കടല്‍ മത്സ്യബന്ധനം വികസിച്ചിട്ടില്ലാത്തതുകാരണം ഈ സമുദ്രത്തിനു ചുറ്റുമുള്ള വികസ്വരരാജ്യങ്ങള്‍ക്ക് സ്വന്തംമുതല്‍ പൂര്‍ണതോതില്‍ പ്രയോജനപ്പെടുന്നില്ല. ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകള്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ ഏറിയകൂറും ഇന്ത്യാസമുദ്രത്തിലാണ് നടത്തുന്നത്. സൂക്ഷ്‌മജീവികളുടെ ആധിക്യം കൂടുതലായതിനാല്‍, അവയെ ആഹാരമാക്കുന്ന ജന്തുക്കളുടെ എണ്ണവും കൂടുതലാണ്. ഉത്തേരന്ത്യന്‍ തീരങ്ങളിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലുമാണ് ഇത്തരം ജന്തുക്കള്‍ കൂടുതല്‍ കാണപ്പെടുന്നത്. കടല്‍സസ്യങ്ങളെ ഭക്ഷിക്കുന്ന കടല്‍ സസ്‌തനി ഡുഗോങ് ഇന്ത്യാസമുദ്രത്തിന്റെ പ്രത്യേകതയാണ്. ഡോള്‍ഫിനും ഇതര മത്സ്യജാതികളും ഇന്ത്യാസമുദ്രത്തില്‍ സുലഭമാണ്. ലോകത്ത് ലഭിക്കുന്ന മത്സ്യസമ്പത്തിന്റെ അഞ്ച് ശതമാനം ഇവിടെ നിന്നാണ്. പ്രതിവര്‍ഷം 3.86 മില്യണ്‍ ടണ്‍ മത്സ്യം ഇന്ത്യാസമുദ്രത്തില്‍നിന്നും ലഭിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. |
- | ഇന്ത്യാസമുദ്രം അത്‌ലാന്തിക്കിനെയും പസിഫിക്കിനെയും അപേക്ഷിച്ച് പ്രായംകുറഞ്ഞതാണ്. ആഫ്രിക്ക, ഇന്ത്യ, | + | ഇന്ത്യാസമുദ്രം അത്‌ലാന്തിക്കിനെയും പസിഫിക്കിനെയും അപേക്ഷിച്ച് പ്രായംകുറഞ്ഞതാണ്. ആഫ്രിക്ക, ഇന്ത്യ, ആസ്റ്റ്രേലിയ, അന്റാര്‍ട്ടിക്ക എന്നീ കരഭാഗങ്ങളെല്ലാം പ്രികാമ്പ്രിയന്‍ യുഗത്തിന്റെ അന്ത്യംവരെ ഗോണ്ട്‌വാനാലാന്‍ഡ് എന്ന ബൃഹദ് ഭൂഖണ്ഡമായിരുന്നെന്നും പില്‌ക്കാലത്ത് വിവര്‍ത്തനിക പ്രക്രിയകളാല്‍ വേര്‍പെട്ടതാണെന്നും സമുദ്രത്തറയുടെയും സമീപസ്ഥ വന്‍കരകളുടെയും താരതമ്യപഠനം വെളിപ്പെടുത്തുന്നു. |
- | + | ||
- | (ഡോ. എ.എന്‍.പി. | + | വര്‍ത്തമാനകാലത്ത് വന്‍തോതില്‍ മലിനീകരണം നേരിടുന്ന സമുദ്രങ്ങളില്‍ ഒന്നായി ഇന്ത്യാസമുദ്രം മാറിയിട്ടുണ്ട്. വ്യവസായശാലകളില്‍നിന്നും എണ്ണ ശുദ്ധീകരണശാലകളില്‍നിന്നും മറ്റുമുള്ള മാലിന്യങ്ങളാണ് പ്രധാന മലിനീകാരികള്‍. 1991-ലെ ഗള്‍ഫ് യുദ്ധകാലത്ത് ഉണ്ടായ എണ്ണമലിനീകരണം പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയെ മുഴുവന്‍ മലിനീകരിക്കുകയുണ്ടായി. നോ. ഫലകസിദ്ധാന്തം |
+ | |||
+ | (ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി) |
Current revision as of 06:19, 5 സെപ്റ്റംബര്‍ 2014
ഉള്ളടക്കം[മറയ്ക്കുക] |
ഇന്ത്യാസമുദ്രം
ഭൂമുഖത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമുദ്രം. പസിഫിക് സമുദ്രത്തിന്റെ പകുതിയില്‍ക്കുറവ് മാത്രം വിസ്‌തൃതിയുള്ള ഇന്ത്യാസമുദ്രം ഭൂമുഖത്ത് ഏതാണ്ട് 74 ദശലക്ഷം കി.മീ. വിസ്‌തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു. വിസ്‌തൃതിയില്‍ അത്‌ലാന്തിക് സമുദ്രത്തെക്കാള്‍ ചെറുതായ ഇന്ത്യാസമുദ്രത്തിന്റെ ഭാഗമാണ് ചെങ്കടല്‍, പേര്‍ഷ്യന്‍ (അറേബ്യന്‍) ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ.
ആഫ്രിക്കയുടെ കിഴക്കന്‍തീരത്തിനും ദക്ഷിണേഷ്യ-ആസ്റ്റ്രേലിയ എന്നിവയുടെ പശ്ചിമതീരത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യാസമുദ്രത്തിന്റെ പശ്ചിമാതിര്‍ത്തി ആഗുല്ലാസ് മുനമ്പു മുതല്‍ അന്റാര്‍ട്ടിക്കയിലെ ക്വീന്‍മാഡ്‌ലാന്‍ഡ് വരെയുള്ള ധ്രുവാംശരേഖ (20° കി.) ആയി ഗണിക്കപ്പെടുന്നു. ആസ്റ്റ്രേലിയയ്‌ക്കു തെക്ക് ഈ സമുദ്രത്തിന്റെ കിഴക്കതിര് ടാസ്‌മേനിയയുടെ തെക്കുകിഴക്കേ മുനമ്പു മുതല്‍ അന്റാര്‍ട്ടിക്കയിലെ ഫിഷര്‍ ഉള്‍ക്കടല്‍തീരം വരെയുള്ള ധ്രുവാംശരേഖ (147°കി.) ആയി അംഗീകരിക്കപ്പെട്ടിട്ടുണ്ട്; ആസ്റ്റ്രേലിയയ്‌ക്കു വടക്കുള്ള കിഴക്കതിര് ഇന്നും തര്‍ക്കവിഷയമാണ്. അരാഫുറാകടല്‍ ഇന്ത്യാസമുദ്രത്തിന്റെ ഭാഗമാണോ അല്ലയോ എന്ന കാര്യത്തില്‍ യോജിപ്പുണ്ടായിട്ടില്ല. ടോറെസ് കടലിടുക്ക് ഇന്ത്യാസമുദ്രത്തിന്റെ പൂര്‍വാതിര്‍ത്തിയായി കരുതാമെന്ന അഭിപ്രായമാണ് ഭൂരിഭാഗം ഭൂവിജ്ഞാനികള്‍ക്കും ഉള്ളത്. ഈ സമുദ്രത്തിന്റെ വടക്കു കിഴക്കതിര് ലെസ്‌സര്‍സുണ്ടാ ശൃംഖലയില്‍ തുടങ്ങി ജാവ, സുമാത്രവഴി സിംഗപ്പൂര്‍വരെയുള്ള ദ്വീപസമൂഹമാണ്. ആസ്റ്റ്രേലിയയ്‌ക്കും ആഫ്രിക്കയ്‌ക്കുമിടയില്‍ 10,000 കി.മീ. വിസ്‌താരമുള്ള സമുദ്രം വടക്കോട്ടു പോകുന്തോറും ഇടുങ്ങിയതായിത്തീരുകയും, കന്യാകുമാരിയില്‍വച്ച് അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയായിപ്പിരിയുകയും ചെയ്യുന്നു. ചെങ്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, കച്ച് ഉള്‍ക്കടല്‍, ലക്ഷദ്വീപുകടല്‍, മന്നാര്‍ ഉള്‍ക്കടല്‍, പാക് കടലിടുക്ക്, ആന്‍ഡമാന്‍ കടല്‍, മലാക്കാ കടലിടുക്ക്, സിംഗപ്പൂര്‍ കടലിടുക്ക്, ജാവാ കടല്‍ തുടങ്ങിയവയെല്ലാം ഇന്ത്യാസമുദ്രത്തിന്റെ വിവിധ കരഭാഗങ്ങളോടു ചേര്‍ന്നുനില്‌ക്കുന്ന പിരിവുകള്‍ മാത്രമാണ്. പടിഞ്ഞാറ്, വടക്ക്, കിഴക്ക് എന്നീ ഭാഗങ്ങളില്‍ മിക്കവാറും കരയാല്‍ ആവൃതമായ ഇന്ത്യാസമുദ്രത്തിന്റെ തെക്കേ അതിര്‍ത്തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് തെക്ക് അക്ഷാംശം 70°ആണ്.
അരാഫുറാ കടല്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യാസമുദ്രത്തിന്റെ മൊത്തം വിസ്‌തൃതി 75,940,000 ച.കി.മീ. ആണ്. ആകെ ഭൂപ്രതലത്തിന്റെ 15 ശതമാനവും ജലമണ്ഡലത്തിന്റെ 21 ശതമാനവും ആണിത്.ഇന്ത്യാസമുദ്രത്തിന് ഇന്ത്യയുടെ 25 ഇരട്ടി വിസ്‌തീര്‍ണംവരും. കരയിലുള്ളതുപോലെ നിമ്‌നോന്നതികള്‍ കടല്‍ത്തറയിലുമുള്ളതിനാല്‍ സമുദ്രത്തിന്റെ ആഴം അവിടവിടെ വ്യത്യാസപ്പെട്ടുകാണുന്നു. ഇന്ത്യാസമുദ്രത്തിലെ ഏറ്റവും കൂടിയ ആഴം 7,725 മീറ്ററും ശരാശരി ആഴം 3,930 മീറ്ററും ആണ്. ശരാശരി ആഴത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാസമുദ്രത്തിലെ മൊത്തം ജലപരിമാണം 292,412,000 ഘ. കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.
പര്യവേക്ഷണങ്ങളും പഠനങ്ങളും
ലോകജനതയുടെ നാലിലൊന്നു നിവസിക്കുന്ന മുപ്പതോളം രാഷ്‌ട്രങ്ങളാല്‍ ചുറ്റപ്പെട്ട ഇന്ത്യാസമുദ്രം മറ്റു രണ്ടു സമുദ്രങ്ങളോളം പഠനവിധേയമായിട്ടില്ല. എങ്കിലും മധ്യധരണ്യാഴി ഒഴിച്ചാല്‍ മനുഷ്യന്റെ സാംസ്‌കാരികാഭിവൃദ്ധിയുമായി ഏറ്റവും പുരാതനമായ സമ്പര്‍ക്കമുള്ളത് ഇന്ത്യാസമുദ്രത്തിനാണ്. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സമുദ്രപര്യവേക്ഷണങ്ങളില്‍ ആദ്യത്തേതും ഇന്ത്യാസമുദ്രത്തിലായിരുന്നു; ബി.സി. 600-ല്‍ അന്നത്തെ ഫറോവയായിരുന്ന നെക്കോ ചെങ്കടല്‍വഴി തെക്കോട്ടയച്ച ഈജിപ്‌തുകാരായ നാവികസംഘം ആഫ്രിക്കന്‍ വന്‍കര ചുറ്റി ജിബ്രാള്‍ട്ടര്‍ കടലിടുക്കുവഴി ഇന്നത്തെ അലക്‌സാണ്ട്രിയാ തുറമുഖത്ത് മൂന്നുവര്‍ഷത്തിനുശേഷം തിരിച്ചെത്തി; വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ശേഖരിക്കുകയുമുണ്ടായി.
തുടര്‍ന്നുള്ള കാലങ്ങളില്‍ സമുദ്രപഠനത്തില്‍ താത്‌പര്യം കാണിച്ച അറബികളുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യാസമുദ്രത്തില്‍ കേന്ദ്രീകൃതമായിരുന്നു. ഈ സമുദ്രത്തിലെ കാറ്റുകള്‍, പ്രവാഹങ്ങള്‍, ദ്വീപസമൂഹങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിലയേറിയ വിവരങ്ങള്‍ അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടു തുടങ്ങി ഇന്ത്യാസമുദ്രം സാമ്രാജ്യവാദികളുടെ കേളീരംഗമായിത്തീര്‍ന്നു. എന്നാല്‍ പടയോട്ടങ്ങളോടൊപ്പം വിലപിടിച്ച ശാസ്‌ത്രീയ നിരീക്ഷണങ്ങളും ഈ കാലഘട്ടത്തില്‍ നടത്തപ്പെട്ടു. ഫിലിപ്പീന്‍സില്‍വച്ച് മഗല്ലന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 1580-ല്‍ ഇന്ത്യാസമുദ്രത്തെ മുറിച്ചുകടക്കാന്‍ സ്‌പാനിഷ് കപ്പല്‍സംഘത്തിന് ദെല്‍കാനോ നേതൃത്വം നല്‌കി. ഇന്ത്യാസമുദ്രത്തിലെ ആദ്യത്തെ ദീര്‍ഘസഞ്ചാരം എന്ന നിലയില്‍ ദെല്‍കാനോവിന്റെ പര്യടനം പ്രാധാന്യമര്‍ഹിക്കുന്നു.
17-ാം ശതകത്തില്‍ ഡച്ചുകാര്‍ ഇന്ത്യാസമുദ്രത്തില്‍ നടത്തിയ വിവിധ പര്യടനങ്ങളും പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഹാര്‍തോഗ് (1616), ഹൗട്ട്‌മാന്‍ (1619), ന്യൂട്ടസ് (1627), പെല്‍സാര്‍ട്ട് (1629) എന്നിവര്‍ ആസ്റ്റ്രേലിയാ വന്‍കരയുള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളെ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. 1642-ല്‍ ആബെല്‍ ടാസ്‌മാന്‍ ആസ്റ്റ്രേലിയയുടെ തെക്കുഭാഗത്തുള്ള ടാസ്‌മേനിയ ദ്വീപ് കണ്ടെത്തി. വില്യം ഡാംപിയര്‍ 1679-ലും 1699-ലും ആസ്റ്റ്രേലിയന്‍തീരം സ്‌പര്‍ശിച്ചുചെയ്‌ത കപ്പലോട്ടങ്ങളും ഇന്ത്യാസമുദ്രപര്യടനങ്ങളില്‍ സുപ്രധാനങ്ങളാണ്.
അന്റാര്‍ട്ടിക്കയോടടുത്ത ദക്ഷിണസമുദ്രങ്ങള്‍ ആദ്യമായി സന്ദര്‍ശിച്ചത് ക്യാപ്‌റ്റന്‍ കുക്ക് ആണ്. വാസ്‌തവത്തില്‍, സമുദ്രപഠനത്തിനു മാത്രമായുള്ള ആദ്യത്തെ പര്യവേക്ഷണസംഘത്തെയായിരുന്നു ക്യാപ്‌റ്റന്‍ കുക്ക് നയിച്ചത്. സൂര്യനുചുറ്റുമുള്ള ശുക്രന്റെ ചലനത്തെ വീക്ഷിക്കുവാനായിരുന്നു കുക്കും കൂട്ടുകാരും "എന്‍ഡിവര്‍' എന്ന കപ്പലില്‍ പര്യവേക്ഷണം നടത്തിയത്. ഇന്ത്യാസമുദ്രത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് കാറ്റ്, ഒഴുക്ക്, താപനില, വേലാപ്രവാഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ പര്യടനസംഘം ശേഖരിക്കുകയുണ്ടായി. സമുദ്രവിജ്ഞാനത്തിന്റെ അടിസ്ഥാനം കുറിച്ചുവെന്ന ബഹുമതി ക്യാപ്‌റ്റന്‍ കുക്കിനു നല്‌കപ്പെട്ടിരിക്കുന്നു.
ക്യാപ്‌റ്റന്‍ കുക്കിന്റെ യാത്രയ്‌ക്കുശേഷം അനവധി പര്യവേക്ഷണ സംഘങ്ങള്‍ ഇന്ത്യാസമുദ്രത്തില്‍ പര്യടനം നടത്തിയിട്ടുണ്ട്‌്. കോളനിവാഴ്‌ചയുടെ സുരക്ഷിതത്വത്തിനുവേണ്ടി യൂറോപ്യന്‍ കോയ്‌മകളാണ് ഇവയില്‍ ഭൂരിഭാഗവും സംഘടിപ്പിച്ചത്. ഫാബിയന്‍ ഫൊണ്‍ ബെലിങ്‌ഷാസെന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ പര്യടനവും (1820) ചാള്‍സ് വൈക്‌സിന്റെ നേതൃത്വത്തിലുള്ള യു.എസ്. പര്യടനവും (1829-30) ശാസ്‌ത്രീയ പഠനങ്ങള്‍ക്കു നേതൃത്വം വഹിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പല വര്‍ഷങ്ങളോളം ഗവേഷണപഠനം നടത്തിയ "ഇന്‍വെസ്റ്റിഗേറ്റര്‍' ഇന്ത്യാസമുദ്രപഠനത്തിലെ നാഴികക്കല്ലാണ്. കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച "മറൈന്‍ സര്‍വേ ഒഫ് ഇന്ത്യ'യാണ് ഇതിനു നേതൃത്വം വഹിച്ചത്.
പ്രസിദ്ധ സമുദ്രശാസ്‌ത്രജ്ഞനായ ജോണ്‍ മുറെയുടെ നേതൃത്വത്തില്‍ ഇന്ത്യാസമുദ്രത്തില്‍ വിപുലാടിസ്ഥാനത്തില്‍ നടത്തപ്പെട്ട ഗവേഷണസംരംഭമാണ് ജോണ്‍ മുറെ എക്‌സ്‌പെഡിഷന്‍. "മഹാബിസ്' എന്ന ഈജിപ്‌ഷ്യന്‍ കപ്പലില്‍ നടത്തപ്പെട്ട ഈ പഠനവും (1933-34) ഇന്ത്യാസമുദ്രം സംബന്ധിച്ച ശാസ്‌ത്രീയസംഭാവനകള്‍ നല്‌കിയിട്ടുണ്ട്. അന്തര്‍ദേശീയ ഇന്ത്യാസമുദ്ര പര്യവേക്ഷണം (International Indian Ocean Expedition) ആണ് ഈ സമുദ്രത്തില്‍ നടന്ന ഏറ്റവും ബൃഹത്തായ ഗവേഷണപദ്ധതി. 1960-65-ല്‍ നടന്ന ഈ ആസൂത്രിതശ്രമത്തില്‍ 20 രാജ്യങ്ങളില്‍നിന്നായി ധാരാളം കപ്പലുകള്‍ പങ്കെടുത്തു. ഇവയില്‍ നാലെണ്ണം ഇന്ത്യയുടേതായിരുന്നു. ഇന്ത്യയില്‍ ഗോവ ആസ്ഥാനമാക്കിക്കൊണ്ട് ഒരു ദേശീയ സമുദ്രഗവേഷണാലയം സ്ഥാപിക്കുന്നതിന് ഈ പര്യവേക്ഷണഫലങ്ങള്‍ കാരണമായി.
ഭൂവിജ്ഞാനീയം
ഇന്ത്യാസമുദ്രത്തറയെ വന്‍കരവക്ക് (continental margin), സമുദ്രനിതലം (ocean basin) എന്നിങ്ങനെ രണ്ടു മുഖ്യഘടകങ്ങളായി ഭാഗിച്ചിരിക്കുന്നു. ഓരോന്നിനും ഉപഘടകങ്ങളുണ്ട്. വന്‍കരകളോടു ചേര്‍ന്നുകിടക്കുന്ന കടല്‍ത്തറഭാഗങ്ങളാണ് വന്‍കരവക്ക് എന്നറിയപ്പെടുന്നത്. വന്‍കരയോരം (continental shelf), വന്‍കരച്ചരിവ് (continental slope) എന്നിവയും ഈ ഘടകങ്ങളെ കുറുകെ മുറിക്കുന്ന കയങ്ങളുമാണ് വന്‍കരവക്കിന്റെ ഭാഗങ്ങള്‍. സമുദ്രനിതലം നിമ്‌നോന്നതവും സങ്കീര്‍ണവുമായ ഭൂരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
വന്‍കരയോരം
കരയോടു ചേര്‍ന്നു ക്രമമായി ആഴംകൂടിവരുന്ന കടല്‍ത്തറഭാഗമാണ് വന്‍കരയോരം. 200 മീ. ആഴംവരുന്ന പ്രദേശങ്ങളെയാണ് വന്‍കരയോരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരയില്‍നിന്നുള്ള ഇതിന്റെ വ്യാപ്‌തി വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്‌തമാണ്. കാംബേതീരത്ത് കരയോരം 340 കി.മീ. വരെയാണ്. എന്നാല്‍ ശ്രീലങ്കയുടെയും ഇന്ത്യയുടെയും കിഴക്കന്‍ തീരങ്ങളില്‍ കരയോരവീതി 10 കി.മീ. വരെയായി ചുരുങ്ങിക്കാണുന്നു. ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്കടുത്തുള്ള കടലുകള്‍ ഏറെക്കുറെ ഈ പരിധിയില്‍പ്പെട്ടവയാണ്. ആസ്റ്റ്രേലിയയുടെ വടക്കന്‍ തീരവും കാര്‍പെന്റേറിയന്‍ ഉള്‍ക്കടലും ലോകത്തിലെ ഏറ്റവും വലിയ ഓരക്കടല്‍ പ്രദേശങ്ങളാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഗംഗാനദീമുഖത്തിലെ കരയോര വീതി 150 കി.മീ. ആണ്. കന്യാകുമാരിയില്‍ അതിന് 95 കി.മീ. വരെ വീതിയുണ്ട്. ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് കരയോരവീതി നന്നേ കുറവാണ്. എന്നാല്‍ സാംബസി നദീമുഖം മുതല്‍ തെക്ക് അക്ഷാംശം 20° വരെയുള്ള ഭാഗത്ത് കരയോരത്തിന്റെ വീതി കൂടിവരുന്നു. ഇന്ത്യാസമുദ്രത്തെ സംബന്ധിച്ചിടത്തോളം കരയോരത്തിന്റെ ശരാശരി വീതി 140 കി.മീ. ആണ്. പസിഫിക്, അത്‌ലാന്തിക് എന്നിവയിലേതിനെ അപേക്ഷിച്ച് ഇതു വളരെ കുറവാണെന്നു പറയാം.
പാറക്കെട്ടുകളും പലതരം ഊറലുകളുമാണ് കരയോരത്തറയില്‍ കാണപ്പെടുന്നത്. 1/16 മി.മീ. മുതല്‍ 2.0 മി.മീ. വരെ വ്യാസമുള്ള പദാര്‍ഥങ്ങളാണ് പ്രധാനമായും ഊറലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രവാഹജലം, കാറ്റ്, തിരകള്‍ തുടങ്ങിയവ അപരദനത്തിലൂടെ കരയില്‍നിന്നും ഒഴുക്കിയെത്തിച്ച പദാര്‍ഥങ്ങളാണ് ഊറലുകളായിത്തീരുന്നത്. കടല്‍ജീവികളുടെ അവശിഷ്‌ടങ്ങളും ഊറലിന്റെ പ്രധാനഘടകമാണ്. ഇന്ത്യാസമുദ്രക്കരയോരങ്ങളില്‍ കേരളക്കരയില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക പ്രതിഭാസമാണ് ചാകര. തീരജലത്തില്‍ നിലംബിതമായി വര്‍ത്തിക്കുന്ന അതിമൃദുലമായ കളിമണ്‍സംഭരം തിരമാലകളുടെ പ്രവര്‍ത്തനത്തെ ഗണ്യമായി കുറയ്‌ക്കുകയും ഉപരിതലജലത്തെ ശാന്തമാക്കുകയും ചെയ്യുന്നു. മൃദുവും പ്ലാസ്‌തികവുമായ ഈ ഊറലിന്റെ നിറം തവിട്ടുതൊട്ട് കരിമ്പച്ചവരെയാകാം. അത്യധികം പോഷകസമ്പന്നമായതിനാല്‍ ചാകരയില്‍ സൂക്ഷ്‌മജീവികളും അവയെ ആഹരിക്കുന്ന മത്സ്യാദികളും സമൃദ്ധമായി കാണപ്പെടുന്നു.
വന്‍കരച്ചരിവ്
കരയോരത്തിനെ തുടര്‍ന്നുള്ള മലഞ്ചരിവുപോലെ ചെങ്കുത്തായ ഭാഗമാണ് കരച്ചരിവ്. 40 മീറ്ററിന് 1 മീ. എന്ന തോതില്‍ ആഴവര്‍ധനവനുഭവപ്പെടുന്ന കരച്ചരിവിന്റെ ഏറ്റവും കൂടിയ ആഴം 4,000 മീ. ആണ്. കരച്ചരിവിന്റെ സാധാരണ വീതി 16 മുതല്‍ 25 വരെ കി.മീ. ആണ്. അത്‌ലാന്തിക്, പസിഫിക് എന്നീ സമുദ്രങ്ങളിലേതിനെ അപേക്ഷിച്ച് ഇന്ത്യാസമുദ്രക്കരച്ചരിവുകള്‍ ചരിവുമാനം കുറഞ്ഞവയാണ്. എങ്കിലും അറിയപ്പെട്ടിട്ടുളളവയില്‍ ഏറ്റവും കുത്തനെയുള്ള വന്‍കരച്ചരിവ് ഇന്ത്യാസമുദ്രത്തില്‍ ശ്രീലങ്കയുടെ കിഴക്കന്‍ ഭാഗത്താണുള്ളത് (45°). 27° വരെ ചരിവുമാനമുള്ള കരച്ചരിവുകള്‍ തെക്കു പടിഞ്ഞാറന്‍ ആസ്റ്റ്രേലിയയില്‍ കാണാം. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ചരിവുമാനം 6° ആയിരിക്കുമ്പോള്‍ പടിഞ്ഞാറന്‍തീരത്ത് അത് 3°-ക്കുതാഴെയാണ്.
വന്‍കരച്ചരിവില്‍ നിക്ഷേപങ്ങള്‍ വളരെ കുറവാണ്; നിക്ഷേപപദാര്‍ഥങ്ങള്‍ നിതലത്തിലേക്ക് ഒഴുകിപ്പോകുന്നതുകാരണം പരുക്കന്‍ പാറകളാണ് കരച്ചരിവുതറയില്‍ ഏറിയകൂറും കാണപ്പെടുന്നത്. സ്ഥിരവാസം ദുഷ്‌കരമായതിനാലും വേണ്ടത്ര ആഹാരപദാര്‍ഥങ്ങള്‍ ലഭിക്കാത്തതിനാലും വന്‍കരച്ചരിവുകളില്‍ സമുദ്രജീവികള്‍ താരതമ്യേന വിരളമാണ്.
ഗര്‍ത്തങ്ങള്‍
കരയോരങ്ങളെയും കരച്ചരിവുകളെയും കുറുകെ മുറിച്ച്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന "V"ആകൃതിയിലുള്ള ഗര്‍ത്തങ്ങള്‍ (trenches) ഇന്ത്യാസമുദ്രത്തില്‍ നിരവധിയുണ്ട്. നദീമുഖങ്ങള്‍ക്കഭിമുഖമായാണ് ഇവയില്‍ ഏറിയകൂറും കാണപ്പെടുന്നത്. സിന്ധു, കൃഷ്‌ണ, ഗോദാവരി, ഇരാവതി തുടങ്ങിയ വന്‍നദികള്‍ക്കഭിമുഖമായി ഗര്‍ത്തങ്ങള്‍ കാണപ്പെടുന്നു. കടല്‍ത്തറക്ഷോഭങ്ങളോടൊപ്പം നദീപ്രവാഹങ്ങള്‍ക്കും ഇവയുടെ രൂപീകരണത്തില്‍ പങ്കുണ്ടെന്നു കരുതപ്പെടുന്നു.
കരയില്‍നിന്നു വിദൂരമായുള്ള അതിവിശാലമായ കടല്‍ത്തറഭാഗങ്ങളെല്ലാം സമുദ്രനിതലത്തില്‍പ്പെടുന്നു. അനിയതവും ഭീമാകാരവുമായ നിരവധി ഭൂരൂപങ്ങള്‍ നിതലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സമുദ്രമധ്യവരമ്പ്, വ്യംഗ്യവന്‍കരകള്‍, വിള്ളല്‍മേഖലകള്‍, അന്തര്‍ജലീയതടങ്ങള്‍, ആഴക്കടല്‍ക്കയങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
സമുദ്രമധ്യവരമ്പ്
കടല്‍ത്തറയില്‍ അനുദൈര്‍ഘ്യമായി രൂപംകൊണ്ടിട്ടുള്ള കൂറ്റന്‍ മലനിരയാണ് സമുദ്രമധ്യവരമ്പ്. അത്‌ലാന്തിക്, പസിഫിക് എന്നീ സമുദ്രങ്ങളിലെപ്പോലെ ഇന്ത്യാസമുദ്രത്തിലും മധ്യവരമ്പ് സുവികസിതമാണ്. ഇംഗ്ലീഷിലെ 'Y' അക്ഷരം കീഴ്‌മേല്‍ എഴുതിയതുപോലുള്ള മധ്യവരമ്പ് ഇന്ത്യാസമുദ്രത്തിന്റെ പടിഞ്ഞാറേ പകുതിയില്‍ വടക്കുതെക്കായി പരന്നുകിടക്കുന്നു. എണ്ണമറ്റ മലനിരകള്‍ ഒന്നൊന്നിന്, സമാന്തരമായി ഒത്തുചേര്‍ന്നു നില്‌ക്കുന്ന സമുദ്രമധ്യവരമ്പ് ഹിമാലയശൃംഖലയെക്കാള്‍ പതിന്മടങ്ങു വലുതാണ്. മധ്യവരമ്പിന്റെ താഴത്തെ ഭുജങ്ങളില്‍ ഒന്ന് ആഫ്രിക്കയുടെ തെക്കുഭാഗത്തുകൂടെ അത്‌ലാന്തിക്കിലെ മധ്യവരമ്പിലേക്കു നീങ്ങുമ്പോള്‍ അതിന്റെ മറ്റേ ഭുജം ആസ്റ്റ്രേലിയയെ ചുറ്റി കിഴക്കന്‍ പസിഫിക്കിലെ മധ്യവരമ്പുമായി സംയോജിക്കുന്നു. ഇന്ത്യാസമുദ്രത്തറയെ കിഴക്കും പടിഞ്ഞാറുമായി നെടുകെ മുറിക്കുന്ന മധ്യവരമ്പിന്റെ പ്രധാനഭാഗം കാള്‍സ്‌ബര്‍ഗ് വരമ്പ് എന്ന പേരില്‍ അറിയപ്പെടുന്നു. അത്‌ലാന്തിക് വരമ്പിനെക്കാള്‍ വീതിയേറിയതും, ആഴത്തില്‍ സ്ഥിതിചെയ്യുന്നതുമാണ് കാള്‍സ്‌ബര്‍ഗ്‌വരമ്പ്. ഇത് ഉത്തരഭാഗത്ത് രണ്ടു ശാഖകളായിപ്പിരിയുകയും അറേബ്യ, സോമാലിയ, മാസ്‌കറീന്‍ എന്നീ അന്തര്‍ജലീയതടങ്ങള്‍ക്കു രൂപംനല്‌കുകയും ചെയ്യുന്നു. മധ്യവരമ്പിന്റെ കീഴ്‌ഭുജങ്ങളില്‍ ഒന്നു കിഴക്കോട്ടു പസിഫിക്കിലേക്കും മറ്റേതു പടിഞ്ഞാറോട്ട് അത്‌ലാന്തിക്കിലേക്കും നീളുന്നു; ഈ ഭുജങ്ങളും അവയ്‌ക്കു സമാന്തരമായും കുറുകെയുമുള്ള മറ്റു മലനിരകളും കടല്‍ത്തറയെ പ്രത്യേക തടങ്ങളായി വേര്‍തിരിക്കുന്നു. പൊതുവേ പറഞ്ഞാല്‍ പടിഞ്ഞാറേ പകുതിയിലാണ് ജലമഗ്നതടങ്ങള്‍ കൂടുതലുള്ളത്.
സമുദ്രമധ്യവരമ്പിന്റെ പല ഭാഗങ്ങളും ജലോപരിതലം കവിഞ്ഞുയര്‍ന്ന് ദ്വീപസമൂഹങ്ങളായിത്തീര്‍ന്നിട്ടുണ്ട്. ഇന്ത്യാസമുദ്രത്തിലെ പല പ്രധാന ദ്വീപുകളും വാസ്‌തവത്തില്‍ മധ്യവരമ്പിലെ കൊടുമുടികളാണ്.
വ്യംഗ്യവന്‍കരകള്‍
സമുദ്രനിരപ്പ് അല്‌പം താഴുകയാണെങ്കില്‍ അനാവൃതമായി, വന്‍കരകളായി മാറുവാനിടയുള്ള അഗ്രം പരന്ന മലനിരകളാണ് വ്യംഗ്യവന്‍കരകള്‍ (microcontinents). പല സ്ഥലങ്ങളിലും ഇവ മധ്യവരമ്പിന്റെ തുടര്‍ഭാഗങ്ങളാണ്. നയന്റി ഈസ്റ്റ് (Ninety East) വരമ്പ്, സീഷെല്‍സ്-മൗറീഷ്യസ് പീഠദേശം, ചാഗോസ്-ലക്ഷദ്വീപ് പീഠദേശം തുടങ്ങിയവ ഇന്ത്യാസമുദ്രത്തിലെ പ്രധാനവ്യംഗ്യവന്‍കരകളാണ്. മധ്യവരമ്പിനെക്കാള്‍ പൊക്കംകൂടിയ ഈ തലപരപ്പന്‍ മലനിരകള്‍ പല സ്ഥലങ്ങളിലും ദ്വീപസമൂഹങ്ങളായി മാറിയിരിക്കുന്നു. വിള്ളലുകളും വിടവുകളും അധികമില്ല എന്നതു കാരണം ഇവ അസാമാന്യമായ തോതില്‍ അവിച്ഛിന്നമാണ്.
ഇന്ത്യാസമുദ്രത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള വ്യംഗ്യവന്‍കരകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് അക്ഷാംശം 10°-യില്‍ തുടങ്ങി കിഴക്ക് രേഖാംശം 90°-യിലൂടെ ഏതാണ്ട് ദക്ഷിണ അക്ഷാംശം 40° വരെ 12,000 കി.മീ. നീളത്തിലും 145 കി.മീ. വരെ വീതിയിലും കാണപ്പെടുന്ന പടുകൂറ്റന്‍ മലനിരകളാണ്. ചിലയിടങ്ങളില്‍ ഈ മലനിരകള്‍ ജലോപരിതലത്തിനുമുകളില്‍ 1,800 മീ. വരെ എഴുന്നുകാണുന്നു.
കാള്‍സ്‌ബര്‍ഗ് വരമ്പിന്റെ തെക്കു പടിഞ്ഞാറാണ് സീഷെല്‍സ്-മൗറീഷ്യസ് വരമ്പ് സ്ഥിതിചെയ്യുന്നത്. രണ്ട് ഖണ്ഡങ്ങള്‍ ചേര്‍ന്നുണ്ടായ ഇതിന്റെ മൊത്തം നീളം ഏകദേശം 3,200 കി.മീ. വരും. ഈ മലസമൂഹത്തിന്റെ ശിഖരങ്ങള്‍ പ്രസിദ്ധമായ സീഷെല്‍സ്-മൗറീഷ്യസ് ദ്വീപസമൂഹങ്ങളായിത്തീര്‍ന്നിരിക്കുന്നു. ലക്ഷമാലിദ്വീപുകളെ ഉള്‍ക്കൊള്ളുന്ന മലനിരകളാണ് ലക്ഷദ്വീപ്-മാലിദ്വീപ് വരമ്പ്. ഇത് തെക്കോട്ടു വ്യാപിച്ച് ചാഗോസ് പീഠദേശമായിത്തീരുകയും, പിന്നീടു മധ്യവരമ്പില്‍ ചെന്നു ചേരുകയും ചെയ്യുന്നു. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കു രൂപം നല്‌കുന്ന തെക്കുവടക്കായുള്ള ഒരു വ്യംഗ്യവന്‍കരയാണ് ആന്‍ഡമാന്‍-നിക്കോബാര്‍ വരമ്പ്. ഇതിന് 1,000 കിലോ മീറ്ററിലധികം നീളമുണ്ട്. കാള്‍സ്‌ബര്‍ഗ് വരമ്പിന്റെ ദക്ഷിണഭാഗത്ത് ആരംഭിച്ച് അന്റാര്‍ട്ടിക്കവരെ നീണ്ടുപോകുന്ന ഒരു വ്യംഗ്യവന്‍കരയാണ് കെര്‍ഗ്വലന്‍-റോസ്‌ബര്‍ഗ് വരമ്പ്. ഈ പേരുകളിലറിയപ്പെടുന്ന ദ്വീപസമൂഹങ്ങള്‍ വരമ്പിന്റെ ശിഖരങ്ങളാണ്. മഡഗാസ്‌കര്‍ പീഠദേശം, മൊസാബിക് പീഠദേശം, ആഗുല്ലാസ് പീഠദേശം, നാച്ചുറാലിസ്റ്റ് പീഠദേശം, എക്‌സ്‌മൗത്ത് പീഠദേശം തുടങ്ങിയവ ഇന്ത്യാസമുദ്രത്തിലെ മറ്റു പ്രധാന വ്യംഗ്യവന്‍കരകളാണ്.
വിള്ളല്‍മേഖലകള്‍
മധ്യസമുദ്രവരമ്പില്‍ ഇടവിട്ട് കാണപ്പെടുന്ന കീറലുകളും കിടങ്ങുകളുമാണ് വിള്ളല്‍മേഖല(fracture zone) എന്നറിയപ്പെടുന്നത്. ഇന്ത്യാസമുദ്രത്തിലെ പ്രധാന വിള്ളല്‍ക്കൂട്ടം തെക്കുപടിഞ്ഞാറ്-വടക്കുകിഴക്ക് ആയാണ് സ്ഥിതിചെയ്യുന്നത്. കാള്‍സ്‌ബര്‍ഗ് വരമ്പിലും, മധ്യസമുദ്രവരമ്പിന്റെ മറ്റുഭാഗങ്ങളിലും നിരവധി വിള്ളല്‍മേഖലകളുണ്ട്. "ദാവന്‍വിള്ള'ലിന് 2,880 കി.മീ. നീളംവരും. കറാച്ചിക്കെതിരെ കരയോരത്തുനിന്നാരംഭിക്കുന്ന ഇത് സോമാലിതീരത്തിന് അഭിമുഖമായി അവസാനിക്കുന്നു. മധ്യവരമ്പ് രണ്ടായിപ്പിരിയുന്നതിനു തൊട്ടുവടക്കുവച്ചാണ് റോഡ് റീഗ്‌സ് വിള്ളല്‍ അതിനെ മുറിച്ചു കടന്നുപോകുന്നത്. ആസ്റ്റ്രേലിയയുടെ തെക്കേ അറ്റത്തുനിന്ന് പടിഞ്ഞാറോട്ട് 2,400 കി.മീ. പോകുന്ന വന്‍മേഖലയാണ് ഡയമന്‍ഡീനാ വിള്ളല്‍. മൊസാംബിക് വിള്ളല്‍, പ്രിന്‍സ്‌എഡ്‌വേര്‍ഡ് വിള്ളല്‍, മലഗസിവിള്ളല്‍, ആംസ്റ്റര്‍ഡാം വിള്ളല്‍ തുടങ്ങിയവ ഇന്ത്യാസമുദ്രത്തിലെ മറ്റു വിള്ളല്‍ മേഖലകളാണ്. തീക്ഷ്‌ണമായ വിവര്‍ത്തനികപ്രക്രമങ്ങളുടെ രൂപരേഖകളാണ് ഈ വിള്ളല്‍മേഖലകള്‍ കാഴ്‌ചവയ്‌ക്കുന്നത്.
അന്തര്‍ജലീയതടങ്ങള്‍
മധ്യവരമ്പും അതിന്റെ ശാഖകളും ഇടയ്‌ക്കുള്ള ജലത്തറയെ നിരവധി തടങ്ങളായി വിഭജിക്കുന്നു. വിവിധ മലനിരകളാലും പീഠദേശങ്ങളാലും വലയം ചെയ്യപ്പെട്ട ഈ തടങ്ങള്‍ കടല്‍ത്തറയിലെ സമതലങ്ങളാണ്. അറേബ്യന്‍ തടം, സോമാലിതടം, മാസ്‌കറീന്‍ തടം, മഡഗാസ്‌കര്‍ തടം, ആഗുല്ലാസ് തടം, വാര്‍ട്ടണ്‍തടം, ആന്‍ഡമാന്‍തടം, മധ്യതടം, കിഴക്കന്‍ ക്രോസ്റ്റ് തടം തുടങ്ങിയവ ഇന്ത്യാ സമുദ്രത്തറയിലെ താരതമ്യേന ഉച്ചാവചം കുറഞ്ഞ സമതലങ്ങളാണ്.
ആഴക്കടല്‍ക്കയങ്ങള്‍
ആഴക്കടല്‍ത്തറയിലെ നീണ്ടു വീതികുറഞ്ഞ് കുത്തനെയുള്ള അഗാധഗര്‍ത്തങ്ങളാണ് കടല്‍ക്കയങ്ങള്‍ (canyons). ഇന്ത്യാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ കയം സുണ്ടാകിടങ്ങാണ്. പശ്ചിമാസ്റ്റ്രലിയയില്‍നിന്നാരംഭിച്ച് ഇന്തോനേഷ്യവഴി വടക്കോട്ട് 4,000 കി.മീ. നീളുന്ന ഈ കയത്തിന്റെ ഏറ്റവും കൂടിയ ആഴം 8,365 മീ. ആണ്; ശരാശരി വീതി 800 കി.മീ. ആസ്റ്റ്രേലിയയുടെ തെക്കുപടിഞ്ഞാറന്‍ മുനമ്പിനടുത്താണ് ഡയമണ്ടീനാകയം സ്ഥിതിചെയ്യുന്നത്. ഇതിന്റെ നീളം 2,160 കിലോമീറ്ററും ശരാശരി വീതി 30 കിലോമീറ്ററും ആണ്; പരമാവധി ആഴം 7,440 മീറ്ററും. ഡയമണ്ടീനാകയത്തിന്റെ തൊട്ടുപടിഞ്ഞാറ്, ഏതാണ്ട് അതിന്റെ തുടര്‍ച്ചയെന്നോണം സ്ഥിതിചെയ്യുന്ന ഓബ്‌കയം കിഴക്കു രേഖാംശം 90° വരെ നീണ്ടുകിടക്കുന്നു (നീളം 545 കി.മീ.; പരമാവധി ആഴം 6,234 മീ.). മധ്യവരമ്പിനു തൊട്ടുകിഴക്കായി ചാഗോസ് ദ്വീപസമൂഹപ്രദേശത്ത് ചാഗോസ്‌കയം സ്ഥിതിചെയ്യുന്നു (നീളം 2,400 കി.മീ., ശരാശരി വീതി 74 കി.മീ., പരമാവധി ആഴം 5,835 മീ.). ഇന്ത്യാസമുദ്രത്തിന്റെ പശ്ചിമഭാഗത്ത് രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടിയ ആഴം (6930 മീ.) വേമാകയ(9°08' തെ.; 67.15' കി.)ത്തിനാണ്. വടക്കുകിഴക്ക്-തെക്കുപടിഞ്ഞാറ് ദിശയില്‍ കാള്‍സ്‌ബര്‍ഗ് വരമ്പിനെ മുറിക്കുന്ന ഈ കയത്തിന് 735 കി.മീ. നീളംവരും. ഇതില്‍ 100 കി.മീ. എങ്കിലും 5,940 മീറ്ററിലേറെ ആഴത്തിലാണെന്നു തെളിഞ്ഞിട്ടുണ്ട്. വില്ലിന്റെ ആകൃതിയില്‍ അമിരാന്തസ് ദ്വീപുകളുടെ പശ്ചിമഭാഗത്ത് സ്ഥിതിചെയ്യുന്ന അമിരാന്തസ്‌കയം, മൗറീഷ്യസ് കയം, തിമൂര്‍കയം, മക്രാന്‍കയം എന്നിവ ഇന്ത്യാസമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളാണ്.
പവിഴപ്പുറ്റുകള്‍
കോറല്‍ജീവികളുടെയും കടുപ്പംകൂടിയ പുറന്തോടുള്ള മറ്റു ജീവികളുടെയും കാലാകാലങ്ങളിലുള്ള ജീവത്പ്രക്രിയകളുടെ ഫലമായി ദ്വീപുകള്‍ക്ക് ചുറ്റും രൂപംകൊള്ളുന്ന ഭൂരൂപങ്ങളാണ് പവിഴപ്പുറ്റുകള്‍. ലക്ഷോപലക്ഷം ച.കി.മീ. വിസ്‌താരത്തില്‍ പരന്നുകിടക്കുന്ന പവിഴപ്പുറ്റുകളില്‍ ഭൂരിഭാഗവും കാണപ്പെടുന്നത് പസിഫിക്കിലാണ്. എന്നാല്‍, ഇന്ത്യാ സമുദ്രത്തിന്റെ ചില ഭാഗങ്ങളിലും പവിഴപ്പുറ്റുകള്‍ വളരുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം സീഷെല്‍സ്, ലക്ഷ-മാലിദ്വീപുകള്‍, ചെങ്കടല്‍ത്തീരം എന്നിവിടങ്ങളില്‍ കാണപ്പെടുന്നവയാണ്.
ഇന്ത്യാസമുദ്രത്തില്‍ അക്ഷാ. 15° വടക്കു മുതല്‍ 20° തെക്കു വരെ പവിഴപ്പുറ്റുകള്‍ കാണപ്പെടുന്നുണ്ട്. ചെങ്കടലില്‍, ഉഷ്‌ണകാലാവസ്ഥ നിലനില്‌ക്കുന്നതുകൊണ്ടാകാം, വടക്ക് അക്ഷാംശം 30° വരെ പുറ്റുകള്‍ വളരുന്നത്. രാമേശ്വരം, കന്യാകുമാരി തുടങ്ങിയ ചില ഭാഗങ്ങളൊഴിച്ചാല്‍ ഇന്ത്യന്‍ വന്‍കരയോരത്ത് പവിഴപ്പുറ്റ് വളരുന്ന പ്രദേശങ്ങള്‍ വിരളമാണ്. എന്നാല്‍ സമീപസ്ഥദ്വീപുകള്‍ക്കു ചുറ്റും പവിഴപ്പുറ്റുകള്‍ സമൃദ്ധമായി വളരുന്നു.
ദ്വീപുകള്‍
ജലാന്തര മലനിരകളുടെ ഉപരിതലഭാഗങ്ങള്‍ ജലതലത്തിനുപരി സ്ഥിതിചെയ്യുന്നതാണ് ദ്വീപുകള്‍. ഇവയില്‍ ഏറ്റവും വലുതായ മഡഗാസ്‌കര്‍ വിശാലമായ ഒരു പീഠദേശത്തിന്റെ മുകള്‍പ്പരപ്പാണ്. ആഫ്രിക്ക, ശ്രീലങ്ക, സെകോട്ര എന്നിവയ്‌ക്കിടയില്‍ ഈ പീഠദേശം പരന്നുകിടക്കുന്നു. മധ്യേന്ത്യാ സമുദ്രവരമ്പിന്റെ ചില ശാഖകള്‍ തലയുയര്‍ത്തിനില്‌ക്കുന്നതാണ് ലക്ഷ-മാലിദ്വീപുകളും ചാഗോസ് ദ്വീപുകളും. വരമ്പിന്റെ പടിഞ്ഞാറന്‍ ശാഖയില്‍നിന്നാണ് സീഷെല്‍സ്-മൗറീഷ്യസ് ദ്വീപുകള്‍ എഴുന്നിട്ടുള്ളത്. കിഴക്കന്‍ ഇന്ത്യാസമുദ്രത്തില്‍ നെഗ്രായിസ് മുനമ്പില്‍ നിന്ന് തെക്കോട്ടു നീങ്ങുന്ന ജലാന്തരമലനിരയുടെ ഉപരിതലഭാഗങ്ങളാണ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍.
സമുദ്രാന്തരമലകളിലെ ഏറ്റവും പൊക്കമുള്ള കൊടുമുടി റീയൂണിയന്‍ ദ്വീപിലെ പിറ്റാണ്‍ ദെ നീജസ് (3,069 മീ). ആണ്. ക്രോസ്റ്റ് ദ്വീപുകളില്‍ 1,995 മീറ്ററും കെര്‍ഗ്വലന്‍ ദ്വീപുകളില്‍ 1,961 മീറ്ററും പ്രിന്‍സ് എഡ്‌വേര്‍ഡ് ദ്വീപില്‍ 1,187 മീറ്ററും സീഷെല്‍സില്‍ 842 മീറ്ററും പൊക്കമുള്ള കൊടുമുടികളുണ്ട്.
മൗറീഷ്യസ്, ക്രോസറ്റ്, സെന്റ് പോള്‍സ് തുടങ്ങിയ ചില ദ്വീപുകള്‍ അഗ്നിപര്‍വതജന്യങ്ങളാണ്. പല ജലാന്തരപര്‍വതങ്ങളും അഗ്നിപര്‍വതങ്ങളാണ്. ശ്രീലങ്കയ്‌ക്കു തെക്ക് കിഴക്ക് 4,392 മീ. ഉയരത്തിലും ക്രിസ്‌തുമസ് ദ്വീപിന്റെ തെക്കു ഭാഗത്ത് 3,000 മീ. ഉയരത്തിലും അഗ്നിപര്‍വതനിരകളുണ്ട്.
സമുദ്രനിതലനിക്ഷേപങ്ങള്‍
സമുദ്രനിതലനിക്ഷേപങ്ങളെ കടല്‍ ജീവിജന്യമെന്നും കരജന്യമെന്നും പൊതുവായി വര്‍ഗീകരിക്കാം. വിശാലമായ ജലപ്പരപ്പില്‍നിന്ന് അടിത്തട്ടിലേക്കു കാലാകാലം നിപതിച്ചുകൊണ്ടിരുന്ന സര്‍വ ജീവാവശിഷ്‌ടങ്ങളും ജീവിജന്യ നിക്ഷേപങ്ങളില്‍പ്പെടുന്നു. കാറ്റ്, പ്രവാഹജലം, തിരമാലകള്‍ തുടങ്ങിയ അപരദനകാരകങ്ങള്‍ കരയില്‍നിന്ന് എത്തിക്കുന്ന പദാര്‍ഥങ്ങളാണ് കരജന്യനിക്ഷേപങ്ങള്‍. ഇവയില്‍ ഭൂരിഭാഗവും കരയോരങ്ങളിലാണു കാണപ്പെടുന്നത്; അപൂര്‍വമായി മാത്രമേ നിതലമേഖലയില്‍ ഇവ കാണപ്പെടുന്നുള്ളൂ.
സമുദ്രജലത്തില്‍ വസിച്ചിരുന്ന സൂക്ഷ്‌മ ജീവികളുടെ സഹസ്രാബ്‌ദങ്ങളായുള്ള അവശിഷ്‌ടങ്ങളാണ് നിതലനിക്ഷേപങ്ങളില്‍ മുഖ്യം. ഊസ് (Ooze) എന്നാണ് ഈ സൂക്ഷ്‌മജീവി നിക്ഷേപത്തിന്റെ പേര്‍. തെക്ക് അക്ഷാംശം 50° മുതല്‍ വടക്കോട്ട് ഇന്ത്യാസമുദ്രത്തിലെ മുഖ്യനിക്ഷേപം ഗ്ലോബിഗെറൈന ഊസ് ആണ്. അനേകം മീറ്റര്‍ കനത്തില്‍ കടല്‍ത്തറയിലാകെ ഇതു കാണപ്പെടുന്നു. ആഴംകൂടിയ ചില ഭാഗങ്ങളില്‍ റേഡിയോലേറിയന്‍ ഊസ് സാധാരണമാണ്. മഡഗാസ്‌കറിന്റെ കിഴക്കും സുമാത്രയുടെ തെക്കും റേഡിയോലേറിയന്‍ ഊസ് സമൃദ്ധമാണ്. അഗാധതകളില്‍, പ്രത്യേകിച്ച് കിഴക്കന്‍ കയങ്ങളില്‍ പ്രധാന ഘടകം ചെങ്കളിമണ്ണാണ്. അക്ഷാംശം 10° വടക്കിനും 40° തെക്കിനും ഇടയ്‌ക്കാണ് ഇതിന്റെ പ്രാബല്യം. ഇന്ത്യാസമുദ്രത്തിന്റെ തെക്കു ഭാഗങ്ങളില്‍ സുലഭമായി കാണപ്പെടുന്നത് ഡയാറ്റം ഊസ് ആണ്; മൊത്തം സ്ഥലത്തില്‍ ഗ്ലോബിഗൈറൈന ഊസ് 47 ശതമാനത്തിലും ചെങ്കളിമണ്ണ് 22 ശതമാനത്തിലും ഡയാറ്റം ഊസ് 17 ശതമാനത്തിലും റേഡിയോലേറിയന്‍ ഊസ് 1 ശതമാനത്തിലും കാണപ്പെടുന്നു. ബാക്കി സ്ഥലത്ത് മറ്റു ജീവിജന്യപദാര്‍ഥങ്ങളും ഓരങ്ങളില്‍നിന്നു സംക്രമിച്ചെത്തുന്ന കരജന്യവസ്‌തുക്കളുമാണുള്ളത്. അഗ്നിപര്‍വതങ്ങള്‍ക്കു സമീപവും വിള്ളല്‍ മേഖലകളിലും ലാവാനിക്ഷേപം കാണപ്പെടുന്നു. അത്‌ലാന്തിക്, പസിഫിക് എന്നിവയെ അപേക്ഷിച്ച് ഇന്ത്യാസമുദ്രനിതലത്തില്‍ സിലിക്കാമയ ഊസുകളുടെ നിക്ഷേപം കൂടുതലുണ്ട്.
കാലാവസ്ഥ
കാലാവസ്ഥയുടെ കാര്യത്തില്‍ കരയുടെ സ്വാധീനത അത്‌ലാന്തിക്-പസിഫിക് സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യാസമുദ്രത്തില്‍ കൂടുതലായി അനുഭവപ്പെടുന്നു. ആദ്യത്തെ രണ്ടു സമുദ്രങ്ങള്‍ ദക്ഷിണധ്രുവം മുതല്‍ ഉത്തരധ്രുവംവരെ വ്യാപിച്ചുകിടക്കുന്നു. ഇന്ത്യാസമുദ്രത്തിനു ദക്ഷിണധ്രുവവുമായി മാത്രമേ ബന്ധമുള്ളൂ. ഇന്ത്യാസമുദ്രത്തിന്റെ ഉത്തരഭാഗം വിസ്‌തൃതമായ ഏഷ്യാവന്‍കരയാണ്. വടക്കന്‍കരയും തെക്കന്‍ കടലും തമ്മിലുള്ള പരസ്‌പരസ്വാധീനത ഇന്ത്യാസമുദ്രത്തിലെ കാറ്റുകള്‍ക്ക് സവിശേഷസ്വഭാവം നല്‌കിയിരിക്കുന്നു. ഇവയില്‍ കാലവര്‍ഷക്കാറ്റുകള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
താപവിതരണം, മര്‍ദവിതരണം എന്നിവ പരിഗണിച്ചാല്‍ ഇന്ത്യാസമുദ്രത്തിലെ കാലാവസ്ഥാവ്യതിയാനങ്ങളെ ഏതാണ്ട് മനസ്സിലാക്കാവുന്നതാണ്. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഉത്തരാര്‍ധഗോളത്തില്‍ ഹേമന്തമാണ്. ഇക്കാരണത്താല്‍ താപീയ മധ്യരേഖ(Thermal equator) ഭൂമധ്യരേഖയ്‌ക്കു തെക്കോട്ട് അല്‌പം വ്യതിചലിക്കുന്നു. മറിച്ച്, മേയ്‌മാസത്തില്‍ ഏഷ്യാ വന്‍കരയിലെ താപവര്‍ധനകാരണം താപീയമധ്യരേഖ ഭൂമധ്യരേഖയ്‌ക്ക് 100° വടക്കായി കാണപ്പെടുന്നു. താപീയമധ്യരേഖ ഭൂമധ്യരേഖയില്‍ അധ്യാരോപിതമാകുന്നത് നവംബറില്‍ മാത്രമാണ്.
ജനുവരിയില്‍ ഏറ്റവും ചുരുങ്ങിയ മര്‍ദം അനുഭവപ്പെടുന്നത് മധ്യരേഖയ്‌ക്ക് 10° തെക്കാണ്. താപമര്‍ദങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം വാണിജ്യവാതങ്ങള്‍ ഭൂമധ്യരേഖയോടടുക്കുന്തോറും വടക്കന്‍ കാറ്റായും വടക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റായും വീശുന്നു. വടക്കുകിഴക്കന്‍ കാലവര്‍ഷം തന്നെയാണ് ദിശമാറി വീശി മലേഷ്യന്‍-ഇന്തോനേഷ്യന്‍ പ്രദേശങ്ങളില്‍ വടക്കു പടിഞ്ഞാറന്‍ കാലവര്‍ഷമായി അനുഭവപ്പെടുന്നത്.
10° തെക്കിലെ കാറ്റിന്റെ ദിശകള്‍ ജൂലായ് മാസത്തില്‍ തീരെ വിരുദ്ധമായിത്തീരുന്നു. മര്‍ദ ഭൂമധ്യരേഖ സമുദ്രത്തില്‍നിന്നു മാറി ഏഷ്യാവന്‍കരയുടെ അന്തര്‍ഭാഗങ്ങളിലേക്കു നീങ്ങുന്നു. ഈ മര്‍ദനിമ്‌നതയ്‌ക്കു തെക്ക് 20° തെക്ക് മുതല്‍ 30° വടക്ക് വരെ മര്‍ദം ക്രമേണ വര്‍ധിക്കുകയാണു ചെയ്യുന്നത്. ഇതിന്റെ ഫലമായി, ദക്ഷിണാര്‍ധഗോളത്തിലെ വാണിജ്യക്കാറ്റുകള്‍ ദിശമാറി വീശുന്നു. ആദ്യം ഭൂമധ്യരേഖയെ മുറിച്ചു കടക്കുകയും പിന്നീട് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റായി വീശുകയും ചെയ്യുന്നു.
ഇന്ത്യാസമുദ്രതീര രാഷ്‌ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ കാലവര്‍ഷക്കാറ്റുകള്‍ സാരമായി സ്വാധീനിക്കുന്നുണ്ട്. മുമ്പു വിവരിച്ച താപ-മര്‍ദ ഘടകങ്ങളില്‍ വ്യതിയാനം സംഭവിക്കുമ്പോഴാണ് കാലവര്‍ഷം അനിയതമായിത്തീരുന്നത്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കൊടുങ്കാറ്റുകള്‍ ഉണ്ടാകാറുണ്ട്; പ്രത്യേകിച്ച്, കാലവര്‍ഷത്തിന്റെ അപചയകാലങ്ങളില്‍. അതിശക്തമായ ഈ കൊടുങ്കാറ്റുകള്‍ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും കടലില്‍ ഗിരിതുല്യങ്ങളായ അലകള്‍ രൂപംകൊളളുന്നതിനും ഹേതുവാകുന്നു. ഗംഗാഡെല്‍റ്റയില്‍ പ്രതിവര്‍ഷവും ഉണ്ടാകാറുള്ള കടലേറ്റം ഈ അലകള്‍മൂലമാണ്.
തെക്ക് ഇന്ത്യാസമുദ്രത്തില്‍ അത്‌ലാന്തിക്, പസിഫിക് എന്നിവിടങ്ങളിലെപ്പോലെ, വാണിജ്യക്കാറ്റുകളും പടിഞ്ഞാറന്‍ കാറ്റുകളും (westerlies) വീശുന്നു. സീഷെല്‍സ്-ചാഗോസ്-കൊക്കോസ് ദ്വീപുകളുടെ അക്ഷാംശങ്ങളില്‍ വാണിജ്യക്കാറ്റുകള്‍ വര്‍ഷം മുഴുവന്‍ വീശുന്നു. 40° തെക്കിനും 55° തെക്കിനും ഇടയ്‌ക്ക് പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായി വീശുന്നു.
പ്രവാഹങ്ങള്‍
ഉപരിതലപ്രവാഹങ്ങള്‍
സമുദ്രപ്രവാഹങ്ങള്‍ക്കു കാരണം മുഖ്യമായി രണ്ടു ശക്തികളുടെ സംയുക്ത പ്രവര്‍ത്തനമാണ്. ജലോപരിതലത്തെ മഥിക്കുന്ന കാറ്റുകള്‍, കടലിലെ വിവിധ മേഖലകളില്‍ വിവിധ തലങ്ങളിലുമുള്ള താപ-സാന്ദ്രതാ വ്യത്യാസങ്ങള്‍ എന്നിവയാണിവ. ഭൂഭ്രമണത്തിന്റെ വ്യതിചലനബലം (കോറിയോലിസ് ബലം), വന്‍കരകളുടെ വിന്യാസം, അടിത്തട്ടിന്റെ പ്രകൃതം എന്നിവയാണ് മറ്റു നിര്‍ണായകഘടകങ്ങള്‍.
ഇന്ത്യാസമുദ്രത്തിലെ ഉപരിതലപ്രവാഹങ്ങളെ വടക്കന്‍, തെക്കന്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിക്കാം. കരയുടെ ഇടപെടലില്ലാത്തതുകാരണം ദക്ഷിണസമുദ്രത്തിലെ പ്രവാഹങ്ങള്‍ക്ക് അത്‌ലാന്തിക്-പസിഫിക് സമുദ്രങ്ങളിലെ സമാനപ്രവാഹങ്ങളുമായി സാമ്യമുണ്ട്. ദക്ഷിണാര്‍ധഗോളത്തില്‍ ഭൂമധ്യരേഖയ്‌ക്കു സമാന്തരമായി കിഴക്കുനിന്നു പടിഞ്ഞാറോട്ടൊഴുകുന്ന ഉപരിതലപ്രവാഹമാണ് ദക്ഷിണ ഭൂമധ്യരേഖാ പ്രവാഹം. മറ്റു രണ്ടു സമുദ്രങ്ങളില്‍ ഇതേ പേരിലറിയപ്പെടുന്ന പ്രവാഹങ്ങളോട് ഇതു തികച്ചും സമാനമാണ്. ഇതിനു സമാന്തരമായി വിരുദ്ധ ദിശയില്‍ അന്റാര്‍ട്ടിക്കയോടു ചേര്‍ന്ന ദക്ഷിണാക്ഷാംശങ്ങളില്‍ നീങ്ങുന്ന പ്രവാഹമാണ് വെസ്റ്റ് വിന്‍ഡ് ഡ്രിഫ്‌റ്റ്. കിഴക്കന്‍ ആഫ്രിക്കന്‍തീരത്തിനു സമാന്തരമായി തെക്കോട്ടൊഴുകുന്ന ആഗുല്ലാസ്, മൊസാംബിക്ക് പ്രവാഹങ്ങള്‍ മധ്യരേഖാപ്രവാഹത്തിലൂടെ എത്തിച്ചേരുന്ന ജലപിണ്ഡങ്ങളെ വെസ്റ്റ് വിന്‍ഡ് ഡ്രിഫ്‌റ്റിലേക്ക് ആനയിക്കുന്നു. മറുവശത്ത് പശ്ചിമാസ്റ്റ്രലിയന്‍ തീരത്തിനു സമാന്തരമായി വടക്കോട്ടൊഴുകുന്ന പശ്ചിമാസ്റ്റ്രലിയന്‍ പ്രവാഹം വെസ്റ്റ് വിന്‍ഡ് ഡ്രിഫ്‌റ്റിനെ മധ്യരേഖാപ്രവാഹവുമായി ബന്ധിപ്പിക്കുന്നു. അങ്ങനെ ദക്ഷിണ ഇന്ത്യാസമുദ്രത്തില്‍ ജലചലനവലയം പൂര്‍ണമാകുന്നു. ഈ വലയം അപ്രദക്ഷിണമാണെന്നതു ശ്രദ്ധേയമാണ്.
വടക്ക് ഇന്ത്യാസമുദ്രത്തില്‍, മറ്റു രണ്ടു സമുദ്രങ്ങളുടേതിനു സമാനമായി, പ്രദക്ഷിണസ്വഭാവമുള്ള ഒരു ചലനവലയമാണ് രൂപംകൊള്ളേണ്ടത്. എന്നാല്‍ കരകളുടെ സാന്നിധ്യം കാരണം കാലവര്‍ഷക്കാറ്റുകളുടെ പ്രകൃതംതന്നെ ഉപരിതല പ്രവാഹങ്ങളിലും പ്രതിഫലിച്ചിരിക്കുന്നു. ഉത്തരാര്‍ധഗോളത്തില്‍ ഒക്‌ടോബര്‍-മാര്‍ച്ച് കാലത്തില്‍ ഉപരിതല ജലപ്രവാഹം വടക്കുകിഴക്കന്‍ വാണിജ്യക്കാറ്റിനനുസൃതമായി കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്. ഏപ്രില്‍-സെപ്‌തംബര്‍ മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ പ്രഭാവമാണ്. അതിന്റെ ശക്തിയില്‍ ഉത്തര മധ്യരേഖാപ്രവാഹം (കിഴക്കന്‍ പ്രഭാവം) ആദ്യം വടക്കോട്ടും പിന്നീട് വടക്കുകിഴക്കോട്ടുമായി ഒഴുകുന്നു. കിഴക്കനാഫ്രിക്കന്‍ കടല്‍ത്തീരപ്രവാഹങ്ങള്‍ ഇതിനോടു ചേരുന്നതു കാരണം പ്രവാഹത്തിന് ശക്തി കൂടുന്നു. അഗാധജലങ്ങളുടെ ഉപരിതലപ്രാപ്‌തി, ജലത്തട്ടിന്റെ ഊര്‍ധ്വാധരചലനം തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉത്തര ഇന്ത്യാസമുദ്രത്തിലെ ഉപരിതലപ്രവാഹങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
അഗാധജലപ്രവാഹങ്ങള്‍
വിവിധ ജലപാളികള്‍ വിഭിന്ന താപസാന്ദ്രതകളുള്ളവയാകാം. ബാഷ്‌പീഭവനംമൂലം ഉപരിജലത്തിന്റെ സാന്ദ്രതകൂടുകയും ഈ സാന്ദ്രജലം അടിഞ്ഞു താഴുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ജലപ്രതിസ്ഥാപനം അനിവാര്യമായിത്തീരുന്നു. ആഴജലപ്രവാഹങ്ങള്‍ രൂപംകൊള്ളുന്നതിന്റെ ഒരു കാരണം ഇതാണ്. അന്റാര്‍ട്ടിക്കയില്‍നിന്നുള്ള ശീതജലം നിരന്തരം ഇന്ത്യാസമുദ്രത്തില്‍ പ്രവേശിക്കുന്നുണ്ട്. ജലാന്തരതലങ്ങളിലെ വടക്കന്‍ പ്രവാഹങ്ങളുടെ നിദാനം ഇതാണ്.
ശീതളമായ അന്റാര്‍ട്ടിക്‌ജലം ഇന്ത്യാസമുദ്രത്തില്‍ 1,200 മീ. ആഴത്തില്‍ പ്രവേശിക്കുന്നു. ഇതിനെ അഗാധജലപ്രവാഹം എന്നു വിളിക്കുന്നു. സാന്ദ്രമായ ഈ ജലത്തിനു പുറകേ സാന്ദ്രത കുറഞ്ഞ അന്റാര്‍ട്ടിക് മധ്യജലവും അല്‌പം മേലെയായി ഇന്ത്യാസമുദ്രത്തില്‍ പ്രവേശിക്കുന്നു. ഈ രണ്ടു തെക്കന്‍ പ്രവാഹങ്ങള്‍ക്കെതിരായി അന്റാര്‍ട്ടിക്കില്‍ അവയുടെ സ്ഥാനമെടുക്കുന്നതിന് ഇന്ത്യാസമുദ്രമധ്യജലം തെക്കോട്ട് ഒഴുകുന്നു. വടക്കോട്ട് നീങ്ങുന്തോറും അന്റാര്‍ട്ടിക്കില്‍നിന്നുള്ള ശീതളജലം ഉപരിതലത്തോട് അടുത്തുവരുന്നു. തെക്ക് അക്ഷാംശം 20°-ല്‍ 1000 മീ. അടിയിലായുള്ള ഈ പ്രവാഹം വടക്ക് അക്ഷാംശം 8°-ല്‍ 300 മീ. ആഴത്തിലായി മാറുന്നു. ഭൂമധ്യരേഖ കടക്കുമ്പോള്‍ അഗാധശീതളജലപ്രവാഹം മൂന്നു ശാഖകളായി പിരിഞ്ഞ് മഡഗാസ്‌കര്‍, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ ദിശകളിലേക്ക് നീങ്ങുന്നു. അറബിക്കടലിലെത്തുന്ന ശാഖ കാള്‍സ്‌ബര്‍ഗ് വരമ്പില്‍ മുട്ടി മേല്‌പോട്ട് ഉയരുന്നു. ലവണത കുറഞ്ഞതും പോഷകസമൃദ്ധവുമായ ഈ ജലം അറബിക്കടലിന്റെ ഉത്‌പാദനശേഷിയെ വര്‍ധിപ്പിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിനെ ലക്ഷ്യമാക്കി നീങ്ങുന്ന അന്റാര്‍ട്ടിക്ക്‌ജലം ശ്രീലങ്കാദ്വീപിനാല്‍ രോധിക്കപ്പെട്ട് വീണ്ടും രണ്ടായി പിരിയുന്നു. ഇതില്‍ ഒരു ശാഖ മാത്രമേ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുന്നുള്ളൂ. മറ്റേ ശാഖ മലബാര്‍ തീരത്തിനും ലക്ഷ-മാലിദ്വീപസമൂഹങ്ങള്‍ക്കും ഇടയിലൂടെ അറബിക്കടലില്‍ത്തന്നെ ഒഴുകുന്നു. പൂര്‍വതീരത്തെ അപേക്ഷിച്ചു പശ്ചിമതീരം ജൈവസമ്പന്നവും മത്സ്യസമൃദ്ധവുമായിത്തീരാന്‍ കാരണമിതാണ്.
ചെങ്കടലും അറബിക്കടലും തമ്മിലുള്ള ജലവിനിമയം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. തീവ്രമായ ബാഷ്‌പീഭവനം നിമിത്തം ചെങ്കടലിന്റെ ഉപരിതല ലവണത വളരെ കൂടുതലാണ്. തന്മൂലം ഈ ഉപരിതലജലം കീഴ്‌പ്പോട്ടു നിപതിക്കുന്നു. ഇങ്ങനെ അടിഭാഗത്തു തിങ്ങിക്കൂടുന്ന ജലം ക്രമത്തില്‍ അറബിക്കടലിലേക്ക് ഒരു അഗാധപ്രവാഹമായി നീങ്ങുന്നു; പകരം അറബിക്കടലിലെ ഉപരിതലജലം ചെങ്കടലിലേക്കും. വേനലിനുശേഷം കാറ്റുകള്‍ തിരിഞ്ഞു വീശുമ്പോള്‍ ചെങ്കടലിലെ ഉപരിതലജലം പുറത്തേക്ക് ഒഴുകുകയും അറബിക്കടലില്‍നിന്ന് ലവണത കുറഞ്ഞ അഗാധശീതളജലം ചെങ്കടലിലെത്തിച്ചേരുകയും ചെയ്യുന്നു. അറബിക്കടലുമായുള്ള ഈ നിരന്തരവിനിമയം കാരണം ചെങ്കടല്‍ജലത്തിന്റെ ലവണത ക്രമാതീതമായി വര്‍ധിക്കുന്നില്ല.
സമുദ്രശാസ്‌ത്രവിവരങ്ങള്‍
താപം
ഇന്ത്യാസമുദ്രം ഒരു ഉഷ്‌ണമേഖലാ സമുദ്രമായാണ് കരുതപ്പെടുന്നതെങ്കിലും അന്റാര്‍ട്ടിക്കയോടടുക്കുമ്പോള്‍ താപം വല്ലാതെ കുറയുന്നുണ്ട്. ഭൂമധ്യരേഖയുടെ വടക്ക് ഉപരിജലതാപം എല്ലായ്‌പ്പോഴും 20°C-ന് മേലെയാണ്. ഭൂമധ്യരേഖാ പ്രദേശങ്ങളിലെ സാധാരണ താപം 25°C ആണ്. ഇവിടെത്തന്നെ കിഴക്കന്‍ ഭാഗങ്ങളില്‍ താപം 27°C വരെ ആകാം. കരയാല്‍ ചുറ്റപ്പെട്ട ചെങ്കടല്‍, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തുടങ്ങിയ ഭാഗങ്ങളില്‍ 30°C താപം സാധാരണമാണ്. അക്ഷാംശം 40° തെക്കിനു താഴെയാണ് താപം വല്ലാതെ കുറയുന്നത്. അവിടത്തെ ഉപരിതലതാപം 2°Cലും താഴെയാണ്.
ഊര്‍ധ്വാധരവിച്ഛേദനത്തിലും താപനിലയില്‍ ഗണ്യമായ വ്യതിയാനം കാണാം. പൊതുവേ പറഞ്ഞാല്‍ ആഴംകൂടുന്തോറും താപം കുറയുന്നു. എന്നാല്‍ ജലാന്തരപ്രവാഹങ്ങളുടെ സ്വാധീനത കാരണം ഈ പ്രതിലോമാനുപാതം ക്രമാനുഗതമല്ല. അന്റാര്‍ട്ടിക്കില്‍നിന്നുള്ള തണുത്തജലം മേല്‌പോട്ട് തള്ളിക്കയറുമ്പോള്‍ ഉപരിജലതാപം നന്നേ കുറയുന്നു.
ലവണത
കടല്‍ജലത്തിന്റെ ലവണത ഏതാണ്ട് സ്ഥിരമാണ്. എന്നാല്‍ അല്‌പ സ്വല്‌പം വ്യത്യാസങ്ങള്‍ ഇന്ത്യാസമുദ്രത്തിന്റെ വിവിധവശങ്ങളില്‍ കാണപ്പെടുന്നുണ്ട്. അറബിക്കടലിലും, ദക്ഷിണ ആസ്റ്റ്രേലിയയില്‍നിന്ന് ദക്ഷിണാഫ്രിക്കവരെ നീണ്ടുകിടക്കുന്ന ഒരു മേഖലയിലും ലവണത 3.6 ശതമാനത്തില്‍ കവിയാറുണ്ട്. ചെങ്കടലിന്റെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെയും ഉത്തരഭാഗങ്ങളില്‍ ഇത് 4 ശതമാനം വരെയെത്താം. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ലവണത താരതമ്യേന കുറവാണ്. നിരവധി വന്‍നദികള്‍ ഒഴുകിച്ചേരുന്നതാണ് ഇതിനു കാരണമെന്ന് കരുതപ്പെടുന്നു.
ലവണതയില്‍ ഊര്‍ധ്വാധര വ്യത്യാസങ്ങള്‍ വളരെ പ്രകടമാണ്. അന്റാര്‍ട്ടിക് ആഴജലവും മധ്യജലവും എത്തിച്ചേരുന്ന അഗാധ ജലയടുക്കുകളില്‍ ലവണത കുറവായിരിക്കും. ലവണത കുറഞ്ഞ ഹിമജലമാണ് അന്റാര്‍ട്ടിക്കില്‍നിന്നു വന്നുചേരുന്നത്. അന്റാര്‍ട്ടിക്കിനടുത്തുള്ള ഉപരിജലലവണതയും താരതമ്യേന താഴ്‌ന്നതാണ്.
ഹിമം
ഇന്ത്യാസമുദ്രത്തിന്റെ ഏറ്റവും തെക്കുള്ള ഭാഗങ്ങളില്‍ ഹിമാനികളും മഞ്ഞുമൂടലും എല്ലാക്കാലത്തും സാധാരണമാണ്. അന്റാര്‍ട്ടിക്കില്‍നിന്ന് സംക്രമിച്ച് എത്തുന്നവയാണിവ. ഒക്‌ടോബറില്‍ ഇവ തെക്ക് അക്ഷാംശം 58°വരെയെത്തുന്നു. മാര്‍ച്ച് ആവുമ്പോഴേക്കും തെക്ക് അക്ഷാംശം 65°ക്കുള്ളിലേക്ക് ഒതുങ്ങുന്നു.
കീഴ്‌മേല്‍ മറിയല്‍ (Upwelling).
ഇന്ത്യാസമുദ്രതീരങ്ങളില്‍ പല സ്ഥലങ്ങളിലും ജലത്തിന്റെ കീഴ്‌മേല്‍ മറിയല്‍ സാധാരണമാണ്. അടിഭാഗത്തെ പോഷകസമ്പന്നമായ ജലം ഉപരിതലത്തിലേക്കു കുതിക്കുകയും ഒരു ചുഴിയിലെന്നപോലെ മേല്‍ജലം താഴോട്ട് പതിക്കുകയും ചെയ്യുന്നു. അത്‌ലാന്തിക്, പസിഫിക് സമുദ്രങ്ങളിലേതില്‍നിന്നു വ്യത്യസ്‌തമായി ഇന്ത്യാസമുദ്രത്തിലെ കീഴ്‌മേല്‍ മറിയല്‍ തികച്ചും കാലികമാണ്. മേയ് മുതല്‍ സെപ്‌തംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്താണ് ഇത് ഏറ്റവും കൂടുതലുണ്ടാകുന്നത്. ജാവയ്‌ക്കു തെക്കുള്ള ബിണ്ടാകടല്‍, ഇന്ത്യയുടെ പശ്ചിമതീരം, സോമാലിതീരം, അറേബ്യന്‍തീരം എന്നിവിടങ്ങളിലെല്ലാം കീഴ്‌മേല്‍ മറിയല്‍ സാമാന്യം ശക്തമാണ്. സോമാലിതീരത്ത് 50 മീ. ആഴത്തില്‍നിന്ന് തണുത്ത പോഷകസമ്പന്നജലം ഉപരിതലത്ത് എത്തുന്നതായി കാണപ്പെട്ടിരിക്കുന്നു. പോഷകസമൃദ്ധി കാരണം കീഴ്‌മേല്‍ മറിയല്‍ പ്രദേശങ്ങളില്‍ ജീവികള്‍ സമൃദ്ധമായി വളരുന്നു; ഈ പ്രദേശങ്ങളെല്ലാം തന്നെ വളരെ ലാഭകരമായ മത്സ്യബന്ധനകേന്ദ്രങ്ങള്‍ കൂടിയാണ്.
വേലിയേറ്റിറക്കങ്ങള്‍
ദൈനികവും അര്‍ധദൈനികവുമായ വേലിയേറ്റയിറക്കങ്ങള്‍ ഇന്ത്യാസമുദ്രത്തില്‍ പ്രകടമാകുന്നുണ്ട്. അറബിക്കടല്‍, മഡഗാസ്‌കറിന്റെ തെക്കുവശം, ആസ്റ്റ്രേലിയയുടെ പശ്ചിമതീരം എന്നിവിടങ്ങളാണ് അര്‍ധദൈനിക വേലികളുടെ ആംഫിഡ്രോമികബിന്ദുക്കള്‍. ഇന്ത്യയുടെ തെക്കുവശം, മൊസാംബിക് ചാനല്‍, ആഫ്രിക്കയുടെയും അന്റാര്‍ട്ടിക്കയുടെയും ഇടദേശം എന്നിവയാണ് ദൈനികവേലികളുടെ ആംഫിഡ്രോമികബിന്ദുക്കള്‍.
ആഫ്രിക്കയുടെ തീരം, ബംഗാള്‍ ഉള്‍ക്കടല്‍, ആസ്റ്റ്രേലിയയുടെ വടക്കുപടിഞ്ഞാറന്‍തീരം എന്നിവിടങ്ങളില്‍ അര്‍ധദൈനിക വേലാതരംഗങ്ങള്‍ വളരെ പ്രകടമാണ്. ഓരോ ദിവസവും രണ്ടു വേലിയേറ്റങ്ങള്‍ അനുഭവപ്പെടുന്നു. ആസ്റ്റ്രേലിയയുടെ തെക്കുപടിഞ്ഞാറന്‍ തീരത്താണ് ഉഗ്രമായ വേലിയേറ്റം ഉണ്ടായിക്കാണുന്നത്; ദിവസത്തില്‍ ഒരു വേലിയേറ്റം മാത്രമേ ഇവിടെ അനുഭവപ്പെടുന്നുള്ളൂ. അറബിക്കടലിലും മറ്റ് ഇന്ത്യാസമുദ്രഭാഗങ്ങളിലും ദിവസം ഒന്നോ രണ്ടോ ഏറ്റങ്ങള്‍ സാമാന്യമായതോതില്‍ ഉണ്ടാകുന്നു.
അറബിക്കടലില്‍ ഏറ്റവും ശക്തമായ വേലിയേറ്റം മുംബൈ തീരത്താണ്-5.7 മീ. വരെ. ഏഡന്‍തീരത്ത് ഇത് 2.5 മീ. വരെയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ യാങ്‌ഗൂണ്‍ തീരത്താണ് ഏറ്റവും കൂടിയ ഏറ്റമുണ്ടാകുന്നത് (7 മീ.). ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ ഏറ്റം 1-2 മീറ്ററില്‍ കൂടാറില്ല. ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളില്‍ ഏറ്റയിറക്ക വ്യത്യാസം ഇതിലും കുറവാണ്.
വിഭവസമ്പത്ത്
മറ്റു സമുദ്രങ്ങളെപ്പോലെ ഇന്ത്യാസമുദ്രവും ധാതുസമ്പന്നമാണ്. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍ എന്നിവ പെട്രോളിയം ഉത്‌പാദനത്തില്‍ മുന്നിട്ടു നില്‌ക്കുന്നു. മുംബൈ തീരത്ത് എണ്ണഖനനം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെയും മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും കരയോരങ്ങളില്‍ ധാരാളം എണ്ണനിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെങ്കടല്‍ത്തറയിലെ ചളിമണ്ണില്‍ ചെമ്പ്, ഇരുമ്പ്, വെള്ളി, സ്വര്‍ണം എന്നിവ കേന്ദ്രീകൃതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു; മലേഷ്യന്‍ തീരത്ത് ടിന്നും, ദക്ഷിണാഫ്രിക്കന്‍തീരത്ത് വജ്രവും ഖനനം ചെയ്യപ്പെടുന്നു. ഇന്ത്യാ സമുദ്രത്തറയില്‍ അങ്ങോളമിങ്ങോളം വന്‍തോതില്‍ കാണപ്പെടുന്ന, ഖനനസാധ്യതയുള്ള ഒരു ധാതുവിഭവമാണ് മാംഗനീസ്; ഉരുളകളായി അവസ്ഥിതമായിട്ടുള്ള ഇവയില്‍നിന്നു മാംഗനീസിനു പുറമേ ചെമ്പ്, ഇരുമ്പ്, കോബാള്‍ട്ട്, നിക്കല്‍, നാകം, മോളിബ്‌ഡനം എന്നീ ലോഹങ്ങളും ലഭ്യമാക്കാം.
മത്സ്യസമ്പത്തിലും ഇന്ത്യാസമുദ്രം പിന്നിലല്ല. ആഴക്കടല്‍ മത്സ്യബന്ധനം വികസിച്ചിട്ടില്ലാത്തതുകാരണം ഈ സമുദ്രത്തിനു ചുറ്റുമുള്ള വികസ്വരരാജ്യങ്ങള്‍ക്ക് സ്വന്തംമുതല്‍ പൂര്‍ണതോതില്‍ പ്രയോജനപ്പെടുന്നില്ല. ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകള്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ ഏറിയകൂറും ഇന്ത്യാസമുദ്രത്തിലാണ് നടത്തുന്നത്. സൂക്ഷ്‌മജീവികളുടെ ആധിക്യം കൂടുതലായതിനാല്‍, അവയെ ആഹാരമാക്കുന്ന ജന്തുക്കളുടെ എണ്ണവും കൂടുതലാണ്. ഉത്തേരന്ത്യന്‍ തീരങ്ങളിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലുമാണ് ഇത്തരം ജന്തുക്കള്‍ കൂടുതല്‍ കാണപ്പെടുന്നത്. കടല്‍സസ്യങ്ങളെ ഭക്ഷിക്കുന്ന കടല്‍ സസ്‌തനി ഡുഗോങ് ഇന്ത്യാസമുദ്രത്തിന്റെ പ്രത്യേകതയാണ്. ഡോള്‍ഫിനും ഇതര മത്സ്യജാതികളും ഇന്ത്യാസമുദ്രത്തില്‍ സുലഭമാണ്. ലോകത്ത് ലഭിക്കുന്ന മത്സ്യസമ്പത്തിന്റെ അഞ്ച് ശതമാനം ഇവിടെ നിന്നാണ്. പ്രതിവര്‍ഷം 3.86 മില്യണ്‍ ടണ്‍ മത്സ്യം ഇന്ത്യാസമുദ്രത്തില്‍നിന്നും ലഭിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യാസമുദ്രം അത്‌ലാന്തിക്കിനെയും പസിഫിക്കിനെയും അപേക്ഷിച്ച് പ്രായംകുറഞ്ഞതാണ്. ആഫ്രിക്ക, ഇന്ത്യ, ആസ്റ്റ്രേലിയ, അന്റാര്‍ട്ടിക്ക എന്നീ കരഭാഗങ്ങളെല്ലാം പ്രികാമ്പ്രിയന്‍ യുഗത്തിന്റെ അന്ത്യംവരെ ഗോണ്ട്‌വാനാലാന്‍ഡ് എന്ന ബൃഹദ് ഭൂഖണ്ഡമായിരുന്നെന്നും പില്‌ക്കാലത്ത് വിവര്‍ത്തനിക പ്രക്രിയകളാല്‍ വേര്‍പെട്ടതാണെന്നും സമുദ്രത്തറയുടെയും സമീപസ്ഥ വന്‍കരകളുടെയും താരതമ്യപഠനം വെളിപ്പെടുത്തുന്നു.
വര്‍ത്തമാനകാലത്ത് വന്‍തോതില്‍ മലിനീകരണം നേരിടുന്ന സമുദ്രങ്ങളില്‍ ഒന്നായി ഇന്ത്യാസമുദ്രം മാറിയിട്ടുണ്ട്. വ്യവസായശാലകളില്‍നിന്നും എണ്ണ ശുദ്ധീകരണശാലകളില്‍നിന്നും മറ്റുമുള്ള മാലിന്യങ്ങളാണ് പ്രധാന മലിനീകാരികള്‍. 1991-ലെ ഗള്‍ഫ് യുദ്ധകാലത്ത് ഉണ്ടായ എണ്ണമലിനീകരണം പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയെ മുഴുവന്‍ മലിനീകരിക്കുകയുണ്ടായി. നോ. ഫലകസിദ്ധാന്തം
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)