This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിപ്‌ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഗതാഗതം)
(ഭരണസംവിധാനം)
 
വരി 134: വരി 134:
==ഭരണസംവിധാനം==
==ഭരണസംവിധാനം==
-
[[ചിത്രം:Vol5p433_Mohammed Morsi.jpg|thumb|മൊഹമ്മദ്‌ മൂർസി]]
+
[[ചിത്രം:Vol5p433_Mohammed Morsi.jpg|thumb|മൊഹമ്മദ്‌ മൂര്‍സി]]
-
2011-ന്റെ തുടക്കത്തിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തെത്തുടർന്ന്‌ പ്രസിഡന്റ്‌ ഹൊസ്‌നി മുബാറക്കിന്‌ തന്റെ സ്വേച്ഛാധിപത്യ വാഴ്‌ച അവസാനിപ്പിക്കേണ്ടിവന്നു. മുബാറക്കിന്റെ പിന്‍വാങ്ങലിനുശേഷം ഈജിപ്‌ഷ്യന്‍ പാർലമെന്റ്‌ പിരിച്ചുവിടപ്പെടുകയും രാജ്യത്തെ ഭരണഘടന സസ്‌പെന്റ്‌ ചെയ്യപ്പെടുകയും ചെയ്‌തു. തുടർന്ന്‌ രാജ്യത്ത്‌ മറ്റൊരു പാർലമെന്ററി തിരഞ്ഞെടുപ്പ്‌ നടക്കുംവരെ ഭരണത്തിന്‌ മേൽനോട്ടം വഹിക്കുവാന്‍ ഈജിപ്‌ഷ്യന്‍ സൈന്യത്തിന്റെ സുപ്രീം കൗണ്‍സിൽ തീരുമാനിച്ചു.
+
2011-ന്റെ തുടക്കത്തില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തെത്തുടര്‍ന്ന്‌ പ്രസിഡന്റ്‌ ഹൊസ്‌നി മുബാറക്കിന്‌ തന്റെ സ്വേച്ഛാധിപത്യ വാഴ്‌ച അവസാനിപ്പിക്കേണ്ടിവന്നു. മുബാറക്കിന്റെ പിന്‍വാങ്ങലിനുശേഷം ഈജിപ്‌ഷ്യന്‍ പാര്‍ലമെന്റ്‌ പിരിച്ചുവിടപ്പെടുകയും രാജ്യത്തെ ഭരണഘടന സസ്‌പെന്റ്‌ ചെയ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ രാജ്യത്ത്‌ മറ്റൊരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പ്‌ നടക്കുംവരെ ഭരണത്തിന്‌ മേല്‍നോട്ടം വഹിക്കുവാന്‍ ഈജിപ്‌ഷ്യന്‍ സൈന്യത്തിന്റെ സുപ്രീം കൗണ്‍സില്‍ തീരുമാനിച്ചു.
-
2011 നവംബറിനും 2012 ജനുവരിക്കും മധ്യേ നടന്ന പാർലമെന്ററി തിരഞ്ഞെടുപ്പിൽ മുസ്‌ലിം ബ്രദർഹുഡ്‌ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തപ്പെട്ടതിന്റെ പകുതിയോളം വോട്ടുകള്‍ സ്വന്തമാക്കി.
+
2011 നവംബറിനും 2012 ജനുവരിക്കും മധ്യേ നടന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ബ്രദര്‍ഹുഡ്‌ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തപ്പെട്ടതിന്റെ പകുതിയോളം വോട്ടുകള്‍ സ്വന്തമാക്കി.
-
2012 ജനുവരിയിൽ പാർലമെന്റിന്റെ അധോമണ്ഡലസഭയായ പീപ്പിള്‍സ്‌ അസംബ്ലിയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക്‌ സൈന്യം അധികാരം കൈമാറി. എന്നാൽ, കോടതി പീപ്പിള്‍സ്‌ അസംബ്ലി പിരിച്ചുവിട്ടു.  
+
2012 ജനുവരിയില്‍ പാര്‍ലമെന്റിന്റെ അധോമണ്ഡലസഭയായ പീപ്പിള്‍സ്‌ അസംബ്ലിയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക്‌ സൈന്യം അധികാരം കൈമാറി. എന്നാല്‍, കോടതി പീപ്പിള്‍സ്‌ അസംബ്ലി പിരിച്ചുവിട്ടു.  
-
അധികാരത്തിലേറിയവരിൽ ഭൂരിപക്ഷവും ഇസ്‌ലാമിക വിഭാഗക്കാർ തന്നെയാകുന്നത്‌ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പിരിച്ചുവിടൽ നടപടി. തുടർന്ന്‌ 2012 ജൂണിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നടന്ന രാജ്യത്തെ ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പിൽ മുസ്‌ലിം ബ്രദർഹുഡ്‌ പ്രതിനിധിയായ മൂർസി വിജയം സ്വന്തമാക്കി.
+
അധികാരത്തിലേറിയവരില്‍ ഭൂരിപക്ഷവും ഇസ്‌ലാമിക വിഭാഗക്കാര്‍ തന്നെയാകുന്നത്‌ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പിരിച്ചുവിടല്‍ നടപടി. തുടര്‍ന്ന്‌ 2012 ജൂണില്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നടന്ന രാജ്യത്തെ ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ബ്രദര്‍ഹുഡ്‌ പ്രതിനിധിയായ മൂര്‍സി വിജയം സ്വന്തമാക്കി.
-
രാജ്യത്തെ ലിബറൽ ഇടതുപക്ഷ വിഭാഗങ്ങളുടെയും ക്രിസ്‌തുമതക്കാരുടെ എതിർപ്പുകളെയും മറികടന്ന്‌ ഇസ്‌ലാംമതവിഭാഗങ്ങള്‍ക്ക്‌ ആധിപത്യമുള്ള ഭരണഘടന അസംബ്ലി, 234 വകുപ്പുകള്‍ ഉള്ള ഭരണഘടനയുടെ കരട്‌ രൂപത്തിന്‌ അംഗീകാരം നൽകി.
+
രാജ്യത്തെ ലിബറല്‍ ഇടതുപക്ഷ വിഭാഗങ്ങളുടെയും ക്രിസ്‌തുമതക്കാരുടെ എതിര്‍പ്പുകളെയും മറികടന്ന്‌ ഇസ്‌ലാംമതവിഭാഗങ്ങള്‍ക്ക്‌ ആധിപത്യമുള്ള ഭരണഘടന അസംബ്ലി, 234 വകുപ്പുകള്‍ ഉള്ള ഭരണഘടനയുടെ കരട്‌ രൂപത്തിന്‌ അംഗീകാരം നല്‍കി.
-
2012 ഡി. 15-ന്‌ കരട്‌ ഭരണഘടനയ്‌ക്കുമേൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിക നിയമങ്ങള്‍ക്കു വിധേയമായ പരിഷ്‌കാരങ്ങളെ അനുകൂലിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഈജിപ്‌ത്‌ ഇസ്‌ലാമിക രാഷ്‌ട്രമാണെന്ന്‌ പ്രഖ്യാപിക്കുന്ന പുതിയ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി രാജ്യം പാർലമെന്ററി തിരഞ്ഞെടുപ്പിന്‌ ഒരുങ്ങവേ 2013 ജൂലൈയിൽ മൂർസിയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത പട്ടാളം ഭരണഘടന സസ്‌പെന്‍ഡ്‌ ചെയ്‌തു.
+
2012 ഡി. 15-ന്‌ കരട്‌ ഭരണഘടനയ്‌ക്കുമേല്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിക നിയമങ്ങള്‍ക്കു വിധേയമായ പരിഷ്‌കാരങ്ങളെ അനുകൂലിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഈജിപ്‌ത്‌ ഇസ്‌ലാമിക രാഷ്‌ട്രമാണെന്ന്‌ പ്രഖ്യാപിക്കുന്ന പുതിയ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി രാജ്യം പാര്‍ലമെന്ററി തിരഞ്ഞെടുപ്പിന്‌ ഒരുങ്ങവേ 2013 ജൂലൈയില്‍ മൂര്‍സിയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത പട്ടാളം ഭരണഘടന സസ്‌പെന്‍ഡ്‌ ചെയ്‌തു.

Current revision as of 11:26, 6 ഓഗസ്റ്റ്‌ 2014

ഉള്ളടക്കം

[മറയ്ക്കുക]

ഈജിപ്‌ത്‌

Egypt

ആഫ്രിക്കാവന്‍കരയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജനാധിപത്യരാഷ്‌ട്രം. ഔദ്യോഗികനാമം: അറബ്‌ റിപ്പബ്ലിക്‌ ഒഫ്‌ ഈജിപ്‌ത്‌ (Arab Republic of Egypt). വടക്ക്‌ അക്ഷാംശം 22o മുതല്‍ 32o വരെ ഏതാണ്ട്‌ ദീര്‍ഘചതുരാകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈജിപ്‌തിന്റെ വിസ്‌തീര്‍ണം: 10,09,450 ച.കി.മീ. ആണ്‌. ഏഷ്യാവന്‍കരയുടെ ഭാഗമായ സിനായ്‌ പ്രദേശവും ഈജിപ്‌തിന്റെ അധികാരപരിധിയില്‍പ്പെടുന്നു. പടിഞ്ഞാറ്‌ ലിബിയ, കിഴക്ക്‌ ഗാസയും ഇസ്രയേലും, വടക്ക്‌ മെഡിറ്ററേനിയന്‍ കടല്‍, തെക്ക്‌ സുഡാന്‍ എന്നിങ്ങനെയാണ്‌ ഈജിപ്‌തിന്റെ അതിര്‍ത്തികള്‍. തലസ്ഥാനം: കെയ്‌റോ. ജനസംഖ്യ: 72,798,000 (2006).

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഈജിപ്‌തിലെ ഏറ്റവും വലിയ പിരമിഡായ ഖാഫ്രെ

ഉത്തരാഫ്രിക്കയില്‍ ഉടനീളം വ്യാപിച്ചു കിടക്കുന്ന ഉഷ്‌ണമരുഭൂമി (അസ്സഹാറ)യുടെ ഭാഗമാണെന്നിരിക്കിലും തെക്കുവടക്ക്‌ രാജ്യത്തെ കുറുകേ മുറിച്ചൊഴുകുന്ന നൈല്‍നദി ഈജിപ്‌തിനെ ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ മരുപ്പച്ചയാക്കി മാറ്റിയിട്ടുണ്ട്‌. തെക്ക്‌ അസ്വാന്‍ മുതല്‍ വടക്ക്‌ കെയ്‌റോ വരെ 1,200 കി.മീ. നീളത്തിലുള്ള നദീമാര്‍ഗത്തിന്റെ ഇരുപാര്‍ശ്വങ്ങളിലും സസ്യനിബിഡമായ ജലോഢമൈതാനങ്ങള്‍ കാണപ്പെടുന്നു. അപൂര്‍വമായുള്ള മണല്‍ത്തിട്ടുകള്‍ ഒഴിവാക്കിയാല്‍ നൈല്‍നദീതടം തികച്ചും സമതലമാണ്‌. കെയ്‌റോയുടെ തെക്കരികില്‍ എത്തുന്നതോടെയാണ്‌ നൈല്‍ അനേകം കൈവഴികളായി പിരിയുന്നത്‌. ഇതിനെത്തുടര്‍ന്നുള്ള ഡല്‍റ്റാ പ്രദേശവും ഫലഭൂയിഷ്‌ഠമായ എക്കല്‍മൈതാനമാണ്‌. നൈല്‍തടത്തിനു പടിഞ്ഞാറ്‌ ലിബിയാ അതിര്‍ത്തി വരെയുള്ള മരുപ്രദേശം അല്‍ ഘാര്‍ബീയാ എന്നു വിളിക്കപ്പെടുന്നു; അല്‍ ഘാര്‍ബീയാ തികച്ചും ശുഷ്‌കമായ മരുഭൂമിയാണ്‌. വര്‍ഷപാതം നന്നേ വിരളമായ ഈ പ്രദേശത്തു മരുഭൂമികളില്‍ സാധാരണമായ വരണ്ട നീര്‍ച്ചാലുകള്‍ (വാഡികള്‍) പോലും കാണപ്പെടുന്നില്ല. സിനായ്‌ ഉപദ്വീപ്‌ മറ്റൊരു മരുപ്രദേശമാണ്‌; കുന്നുകളും വാഡികളും നിറഞ്ഞ്‌ നിമ്‌നോന്നതമായ ഭൂപ്രകൃതിയാണ്‌ ഇവിടെയുള്ളത്‌.

ഈജിപ്‌ത്‌

അല്‍-ഘാര്‍ബീയായുടെ തെക്കു പടിഞ്ഞാറരികും ചെങ്കടല്‍ തീരവും സിനായിയുടെ തെക്കരികുമാണ്‌ ഈജിപ്‌തിലെ ഉയരം കൂടിയ ഭാഗങ്ങള്‍. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ്‌ അരികിലുള്ള മലനിരകള്‍ ജബല്‍ അല്‍-ഉവായ്‌നാത്‌ പര്‍വതത്തിന്റെ തുടര്‍ച്ചയാണ്‌. ചെങ്കടല്‍ തീരത്തുള്ള ഇത്‌ബായ്‌ മലനിരകളിലെ പല ശൃംഗങ്ങളും 1,800 മീറ്ററിലേറെ ഉയരമുള്ളവയാണ്‌; ജബല്‍ ഷായി അല്‍-ബനാത്ത്‌ (2,187 മീ.) ആണ്‌ ഇവയില്‍ ഉയരം കൂടിയത്‌. ഈജിപ്‌തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ദക്ഷിണ സിനായ്‌ മലനിരകളിലെ മൗണ്ട്‌ കാത്‌റീന്‍ (2,637 മീ.) ആണ്‌; ഈ ഭാഗത്തുള്ള പലകൊടുമുടികള്‍ക്കും 2,400 മീറ്ററിലേറെ ഉയരമുണ്ട്‌.

ഈജിപ്‌തിന്റെ വടക്കും കിഴക്കും തീരങ്ങളിലുള്ള സമതലങ്ങളിലെ നൈല്‍ഡല്‍റ്റ ഒഴിച്ചുള്ള ഭാഗങ്ങള്‍ പൊതുവേ ശുഷ്‌കപ്രദേശങ്ങളാണ്‌; വീതി കുറഞ്ഞവയുമാണ്‌. അലക്‌സാന്‍ഡ്രിയ, പോര്‍ട്ട്‌ സയിദ്‌, സൂയസ്‌ എന്നീ വന്‍തുറമുഖങ്ങളും ഏതാനും ചെറുകിട തുറമുഖങ്ങളും ഉല്ലാസകേന്ദ്രങ്ങളും ഒഴിവാക്കിയാല്‍ ഈജിപ്‌തിലെ തീരസമതലങ്ങള്‍ പൊതുവേ വിജനമാണെന്നു പറയാം.

അപവാഹം

നൈല്‍ ആണ്‌ ഈജിപ്‌തിലെ മുഖ്യ നദി. നൈല്‍ കഴിഞ്ഞാല്‍ ദക്ഷിണ സിനായ്‌ മലകളില്‍ നിന്ന്‌ ഒഴുകുന്ന ചില കാട്ടാറുകള്‍ മാത്രമാണ്‌ എല്ലാക്കാലത്തും ജലവാഹികളായുള്ളത്‌. ഇവ ചെങ്കടലിലേക്കും അക്വാബാ ഉള്‍ക്കടലിലേക്കും ഒഴുകുന്നു. നൈല്‍ നദിയിലേക്കു നീളുന്ന ഒഴുക്കുചാലുകള്‍ (വാഡികള്‍) പൊതുവേ ജലശൂന്യങ്ങളായിട്ടാണ്‌ കാണപ്പെടുന്നത്‌. ഇത്‌ബായ്‌ മലനിരകളില്‍ നിന്ന്‌ ചെങ്കടല്‍ തീരത്തേക്കും ധാരാളം വാഡികള്‍ കാണാം.

മണ്ണ്

നൈല്‍തടം ഒഴിച്ചാല്‍ കാര്‍ഷികോപയുക്തമായ ഭൂമി നന്നേ വിരളമാണ്‌. ജലലബ്‌ധിയുള്ള അപൂര്‍വം പ്രദേശങ്ങളില്‍ മച്ചിന്റെ ഈര്‍പ്പസംഭരണശേഷി പര്യാപ്‌തമാണെങ്കില്‍ മാത്രം ചെറിയ തോതില്‍ കൃഷി ചെയ്‌തുവരുന്നു. നദീതടത്തിനു കിഴക്കും പടിഞ്ഞാറുമുള്ള മരുഭൂമികളിലെ തെക്കേപ്പകുതിയില്‍ നൂബിയന്‍ ക്രമത്തില്‍പ്പെട്ട മണല്‍ക്കല്ലുകളാണുള്ളത്‌. ഈജിപ്‌തിന്റെ 30 ശതമാനം ഭൂമിയിലും ഈയിനം മണ്ണ് വ്യാപിച്ചു കാണുന്നു. ഈ മരുഭൂമികളുടെ മധ്യഭാഗത്തും മധ്യസിനായിയിലും ഇയോസീന്‍ കാലഘട്ടത്തിലേതായ ചുച്ചാമ്പുകല്ലുകളാണ്‌ ഉള്ളത്‌. പശ്ചിമമരുഭൂമിയിലെ ഉത്തരഭാഗങ്ങളില്‍ മയോസീന്‍ കാലത്തെ ചുച്ചാമ്പുകല്ലുകള്‍ കാണാം. രാജ്യത്തെ ഭൂമിയില്‍ 20 ശതമാനവും ചുച്ചാമ്പുകല്‍ പ്രദേശങ്ങളാണ്‌. സിനായിയിലും ചെങ്കടല്‍ തീരത്തും ഈജിപ്‌തിന്റെ തെക്കുപടിഞ്ഞാറ്‌ അരികിലുള്ള മലനിരകള്‍ എന്നിവിടങ്ങളിലും മാഗ്‌മാ സഞ്ചയങ്ങളില്‍നിന്ന്‌ ഉദ്‌ഭൂതമായിട്ടുള്ള ആഗ്നേയ ശിലാപടലങ്ങളിലും കായാന്തരിതശിലകളും കാണപ്പെടുന്നു. മൊത്തം വിസ്‌തൃതിയുടെ 10-12 ശതമാനം പ്രദേശങ്ങളാണ്‌ ഇവ ഉള്‍ക്കൊള്ളുന്നത്‌.

നൈല്‍ നദീതടത്തില്‍ പൊതുവേ എക്കല്‍മച്ചാണുള്ളത്‌. 7-8 മീ. കനത്തിലുള്ള ഈ എക്കല്‍ നിക്ഷേപങ്ങള്‍ ബ്ലൂ നൈല്‍, അത്‌ബരാഹ്‌ എന്നീ പോഷകനദികളാല്‍ എത്യോപ്യന്‍ ഉന്നതതടങ്ങളില്‍നിന്നു വഹിച്ചുകൊണ്ടു വരപ്പെട്ടവയാണ്‌. വൈറ്റ്‌നൈലിലൂടെ ഒഴുകി എത്തിയ ധാത്വംശങ്ങള്‍ ഈ നിക്ഷേപങ്ങളുടെ ഉര്‍വരത വര്‍ധിപ്പിച്ചിട്ടുണ്ട്‌. നൈല്‍തടത്തിലെ മച്ചില്‍ പ്രാദേശികമായ വ്യതിയാനങ്ങള്‍ കാണാം. നീരൊഴുക്കു തടസ്സപ്പെടുന്നതുമൂലം ചെളികെട്ടിയതും ലവണാധിക്യംമൂലം ഉര്‍വരത നഷ്‌ടപ്പെട്ടതുമായ മച്ചിനങ്ങള്‍ ഇടയ്‌ക്കിടെ കാണപ്പെടുന്നു.

കാലാവസ്ഥ

ഈജിപ്‌തില്‍ പൊതുവേ വരണ്ട കാലാവസ്ഥയാണുള്ളത്‌. വര്‍ഷപാതം നന്നേ കുറവാണ്‌. താപനിലയിലെ ദൈനികവും ഋതുപരവുമായ പരാസത്തിന്റെ തോത്‌ വളരെ കൂടിയിരിക്കുന്നുവെന്നത്‌ കാലാവസ്ഥയെ ദുസ്സഹമാക്കിത്തീര്‍ക്കുന്നു. ആണ്ടു മുഴുവന്‍ ലഭിക്കുന്ന താരതമ്യേന തീവ്രമായ സൂര്യതാപം കാലാവസ്ഥയുടെ കാഠിന്യം വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്‌. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കൊടുങ്കാറ്റിന്റെ വേഗതയുള്ള മണല്‍ച്ചുഴലികള്‍ സാധാരണമാണ്‌. ഖാംസീന്‍ എന്നു വിളിക്കുന്ന ഈ കാറ്റുകളുടെ ഫലമായി താപനില 8-11o വരെ പൊടുന്നനെ വര്‍ധിക്കുന്നു. ആഞ്ഞടിക്കുന്ന ഈ കാറ്റുകള്‍ ഉയര്‍ത്തുന്ന ധൂളിമേഘങ്ങള്‍ അത്യന്തം വിനാശകാരികളാണ്‌.

നവംബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള ശീതകാലവും മേയ്‌ മുതല്‍ സെപ്‌തംബര്‍ വരെയുള്ള ഉഷ്‌ണകാലവുമാണ്‌ വ്യതിരിക്തമായ ഋതുക്കള്‍; ഇവയ്‌ക്കിടയില്‍ രണ്ട്‌ സീമാന്തകാലങ്ങളും ഉണ്ട്‌. ശീതകാലത്ത്‌ സമീകൃതമായ കാലാവസ്ഥയും ഉഷ്‌ണകാലത്ത്‌ അത്യുഷ്‌ണവും അനുഭവപ്പെടുന്നു. ഉഷ്‌ണകാലത്ത്‌ ഉഷ്‌ണവീചികള്‍ (heat waves) സാധാരണമാണ്‌; ശൈത്യകാലത്ത്‌ ദിവസങ്ങളോളം നീണ്ടുനില്‌ക്കുന്ന ശീതതരംഗങ്ങള്‍ ഉണ്ടാവുന്നതും അസാധാരണമല്ല.

ഉത്തര ഈജിപ്‌തിലെ സമുദ്രസാമീപ്യമുള്ള പ്രദേശങ്ങളില്‍ ഉഷ്‌ണകാലത്ത്‌ ഉയര്‍ന്ന ഈര്‍പ്പനിലയാണ്‌ ഉണ്ടായിരിക്കുക; അത്യുഷ്‌ണമുള്ള അവസരങ്ങളില്‍ ദുസ്സഹമായ ശീതോഷ്‌ണാവസ്ഥ ഉളവാകുവാന്‍ ഇതു കാരണമാകുന്നു. മഴ പെയ്യുന്നത്‌ ശീതകാലത്താണ്‌. ശരാശരി വര്‍ഷപാതം അലക്‌സാന്‍ഡ്രിയയില്‍ 180 മില്ലി മീറ്ററും, കെയ്‌റോയില്‍ 25 മില്ലി മീറ്ററും, അസ്വാനില്‍ 2.5 മില്ലി മീറ്ററുമാണ്‌. ചെങ്കടല്‍തീരത്ത്‌ ഒട്ടുംതന്നെ മഴ ലഭിക്കുന്നില്ല.

സസ്യജാലം

കെയ്‌റോ നഗരം

ഈജിപ്‌തിന്റെ പടിഞ്ഞാറേപ്പകുതി തികച്ചും തരിശാണ്‌ എന്നു പറയാം; മരുപ്പച്ചകളില്‍ മാത്രം മരൂരുഹങ്ങളും ഉയരം കുറഞ്ഞ പുല്‍വര്‍ഗങ്ങളും കാണപ്പെടുന്നു. മെഡിറ്ററേനിയന്‍ തീരം സസ്യസമൃദ്ധമാണ്‌. നൈല്‍ തടത്തിനു കിഴക്കുള്ള മരുപ്രദേശത്ത്‌ അപൂര്‍വമായെങ്കിലും മഴ ലഭിക്കുന്നതുമൂലം ഇവിടെ പുളി, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങളും ഇലയും മുള്ളുകളുമില്ലാതെ ശാഖകളും ബലംകുറഞ്ഞ തണ്ടുകളും മാത്രമായി വളരുന്ന മര്‍ഖ്‌ എന്ന വിശേഷയിനം സസ്യവും സാധാരണമാണ്‌. ഇവ കൂടാതെ വിവിധയിനം മുള്‍ച്ചെടികളും പൂച്ചെടികളും കാണപ്പെടുന്നു. ചെങ്കടല്‍തീരത്തെ കുന്നിന്‍പ്രദേശത്തും സിനായ്‌, എല്‍ബ എന്നീ മലവാരങ്ങളിലുമുള്ള വാഡികള്‍ താരതമ്യേന സസ്യസമൃദ്ധമാണ്‌.

നൈല്‍തടം പൊതുവേ സസ്യനിബിഡമാണ്‌. നൈലിന്റെ ഡല്‍റ്റാപ്രദേശത്ത്‌ നൂറിലേറെയിനം പുല്‍വര്‍ഗങ്ങള്‍ കാണപ്പെടുന്നു; മുള, ഈറ, ഹാഫ, പാപ്പിറസ്സ്‌ തുടങ്ങിയവയുമുണ്ട്‌. ഡല്‍റ്റാപ്രദേശത്തെ ചെളിക്കുണ്ടുകളിലും കായലുകളിലും സാധാരണമായി കാണപ്പെടുന്ന ഒരു സസ്യമാണ്‌ താമര. ഈ പ്രദേശത്തു മാത്രമല്ല, നൈല്‍ തടം ഒട്ടാകെയും രാജ്യമാസകലമുള്ള മരുപ്പച്ചകളിലും ഈന്തപ്പന ധാരാളമായുണ്ട്‌. മെഡിറ്ററേനിയന്‍ തീരത്ത്‌ ജൂണിപ്പര്‍, യൂക്കാലിപ്‌റ്റസ്‌, അക്കേഷ്യ, സൈക്കമോര്‍ എന്നീയിനം വൃക്ഷങ്ങള്‍ വളരുന്നു. വിറകിനുവേണ്ടി നട്ടുവളര്‍ത്തുന്ന കാറ്റാടിമരം (കാഷ്വറീന) ആണ്‌ സമൃദ്ധമായുള്ള മറ്റൊരു വൃക്ഷം. നൈല്‍തടത്തില്‍ തദ്ദേശീയവും വിദേശങ്ങളില്‍നിന്ന്‌ കൊണ്ടുവന്ന്‌ നട്ടുപിടിപ്പിച്ചിട്ടുള്ളതുമായ നിരവധിയിനം സസ്യങ്ങള്‍ കാണാവുന്നതാണ്‌.

ജന്തുവര്‍ഗങ്ങള്‍

നൈല്‍ നദി: കെയ്‌റോ

നൈല്‍തടത്തില്‍ ഒരു കാലത്ത്‌ സ്വൈരവിഹാരം നടത്തിപ്പോന്ന നീര്‍ക്കുതിര, ജിറാഫ്‌, ഒട്ടകപ്പക്ഷി തുടങ്ങിയ ജന്തുകള്‍ പൂര്‍ണമായും വംശനാശത്തിന്‌ ഇരയായിക്കഴിഞ്ഞിരിക്കുന്നു. അസ്വാന്‍ പ്രദേശത്ത്‌ അപൂര്‍വമായി മാത്രം ചീങ്കച്ചികളെ കണ്ടെത്താം. വന്യമൃഗങ്ങളായി ശേഷിച്ചിട്ടുള്ളവ കാട്ടാട്‌, ഗസെല്‍, കുറുനരി, മുയല്‍, ജെര്‍ബോവ (കരളുന്ന ജീവികളില്‍ ഒരിനം) തുടങ്ങിയവയാണ്‌. പല്ലിവര്‍ഗങ്ങള്‍, വിഷപ്പാമ്പുകള്‍, തേള്‍ എന്നിവയും സാധാരണമാണ്‌. "ഫറോവയുടെ എലി' (Pharaoh's rat)എന്നു വിളിക്കപ്പെടുന്ന പെരിച്ചാഴി ഉള്‍പ്പെടെ വിവിധയിനം കരളുന്ന ജന്തുക്കളും വെട്ടുക്കിളി തൊട്ട്‌ താഴോട്ടുള്ള ധാരാളം ക്ഷുദ്രജീവികളും ഈജിപ്‌തില്‍ കാണപ്പെടുന്നു.

350-ലേറെ ഇനം പക്ഷികളുള്ളതില്‍ 200-ലധികവും ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ ദേശാന്തരഗമനം നടത്തുന്നവയാണ്‌. തദ്ദേശീയങ്ങളായ പക്ഷികളില്‍ കറുത്ത പരുന്ത്‌, സവിശേഷമായ ശിരോവേഷ്‌ടനം (hood) ഉള്ള ഒരിനം കാക്ക, പ്രാപ്പിടിയന്‍, കെസ്‌ട്രല്‍ (രാജാളി), സുവര്‍ണനിറമുള്ള കഴുകന്‍, ലാമെര്‍ ഗീയര്‍ (മറ്റൊരിനം കഴുകന്‍), വിവിധയിനം കൊക്കുകള്‍, തലയില്‍ പൂവുള്ള ഹുപൂ, ഞാറപ്പക്ഷികള്‍ എന്നിവ ഉള്‍പ്പെടുന്നു. മരുപ്രദേശങ്ങളില്‍ വ്യത്യസ്‌ത ജാതികളില്‍പ്പെട്ട 24 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്‌. നൈല്‍ നദിയില്‍ സമൃദ്ധമായ ഒരു മത്സ്യശേഖരവും ഉണ്ട്‌.

ധാതുക്കള്‍

ധാതുസമ്പത്തിന്റെ കാര്യത്തില്‍ തികച്ചും അപര്യാപ്‌തമായ സ്ഥിതിയാണുള്ളത്‌. പെട്രാളിയമാണ്‌ മുഖ്യ ഖനിജസമ്പത്ത്‌. സിനായ്‌മേഖല, ചെങ്കടല്‍ത്തടം, പശ്ചിമ മരുഭൂമി, ഡല്‍റ്റാ എന്നിവിടങ്ങളിലാണ്‌ പെട്രാളിയം അവസ്ഥിതമായിട്ടുള്ളത്‌. ഡല്‍റ്റാ മേഖലയില്‍ വ്യാപകമായ പ്രകൃതിവാതക നിക്ഷേപങ്ങളുണ്ട്‌; സൂയസ്സിനു സമീപം 8 കോടി ടണ്‍ വരുന്ന കുറഞ്ഞയിനം കല്‍ക്കരി നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. അസ്വാനിലും പശ്ചിമ മരുഭൂമിയിലെ അല്‍ബഹ്‌റീയയിലും ഇരുമ്പിന്റെയും സമ്പന്ന നിക്ഷേപങ്ങളുണ്ട്‌. കൂടുതല്‍ ധാതുനിക്‌ഷേപങ്ങള്‍ കണ്ടെത്തുവാനുള്ള വ്യാപകമായ പര്യവേക്ഷണങ്ങള്‍ തുടര്‍ന്നുവരുന്നു.

ജനങ്ങള്‍

ജനവിതരണം

മൊത്തം വിസ്‌തൃതിയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈജിപ്‌തിലെ ജനസാന്ദ്രത ച.കി.മീറ്ററിന്‌ 82 ആണ്‌. എന്നാല്‍ നിവാസയോഗ്യമായ ഭൂമിയുടെ കണക്കില്‍ ലോകത്തിലെ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണിത്‌. നൈല്‍ തടത്തിലെ ജനസാന്ദ്രത ച.കി.മീറ്ററിന്‌ 1,663 ആണ്‌. ഈജിപ്‌തിലേക്കു ഗണ്യമായ തോതില്‍ കുടിയേറ്റം ഉണ്ടായിട്ടില്ല. വിദ്യാസമ്പന്നരായ യുവജനങ്ങള്‍ വിദേശങ്ങളില്‍ താമസമുറപ്പിക്കാറുണ്ടെങ്കിലും ഇവരുടെ സംഖ്യയും അഗണ്യമാണ്‌. ജനങ്ങളില്‍ ഭൂരിപക്ഷവും ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്നു; 42 ശതമാനം മാത്രമാണ്‌ നഗരവാസികള്‍. നഗരാധിവാസങ്ങള്‍ ഭൂരിഭാഗവും വന്‍നഗരങ്ങളിലാണ്‌. കെയ്‌റോയിലെ ജനസംഖ്യ (62,05,000) ഈജിപ്‌തിലെ മൊത്തം ജനസംഖ്യയുടെ 14 ശതമാനം ആണ്‌. രണ്ടാമത്തെ നഗരമായ അലക്‌സാന്‍ഡ്രിയയില്‍ 24 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നു.

ജനവര്‍ഗങ്ങള്‍

പ്രാക്കാലം മുതല്‌ക്കേ ഈജിപ്‌തിനെ കാലാകാലങ്ങളില്‍ ആക്രമിക്കുകയും തുടര്‍ന്ന്‌ അധിവസിക്കുകയും ചെയ്‌തിട്ടുള്ള റോമാക്കാര്‍, യവനന്മാര്‍, പാരസീകര്‍, തുര്‍ക്കികള്‍, അറബികള്‍ തുടങ്ങിയവരും തദ്ദേശീയരായ ഹെമിറ്റിക്‌-അര്‍മനോയ്‌ഡ്‌ വര്‍ഗക്കാരും ഈജിപ്‌തില്‍ സംബന്ധപ്പെട്ട്‌ ഉരുത്തിരിഞ്ഞ സങ്കീര്‍ണ സങ്കരവര്‍ഗമാണ്‌ ഈജിപ്‌തിലെ ജനതയിലെ 99 ശതമാനവും. ബലിഷ്‌ഠമായ ഇടത്തരം ശരീരപ്രകൃതിയും കറുത്ത തലമുടിയും കറുത്ത കച്ചുകളും വിടര്‍ന്ന നാസാദ്വാരങ്ങളും സാമാന്യം തടിച്ച ചുണ്ടുകളുമാണ്‌ ഈജിപ്‌ഷ്യന്‍ ജനതയുടെ വര്‍ഗസവിശേഷതകള്‍.

ഭാഷകള്‍

അറബ്‌ ആക്രമണ(639)ത്തിനു മുമ്പ്‌ ഈജിപ്‌തിലെ സംസാര-ലിഖിതഭാഷ കോപ്‌റ്റിക്‌ ആയിരുന്നു. എന്നാല്‍ 12-ാം ശ. ആയപ്പോഴേക്കും അറബി, ദേശീയഭാഷയായി വളരുകയും കോപ്‌റ്റിക്‌ മൃതാവസ്ഥ പ്രാപിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഈജിപ്‌തിലെ മൊത്തം ജനങ്ങളും അറബിഭാഷ കൈകാര്യം ചെയ്‌തുവരുന്നു. വിദ്യാസമ്പന്നരായ ജനങ്ങള്‍ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ എന്നീ ഭാഷകളിലും പ്രാവീണ്യം നേടിയവരാണ്‌. വിദേശഭാഷകളുമായുള്ള സമ്പര്‍ക്കത്തിലൂടെ പദസമൃദ്ധവും പരിപുഷ്‌ടവുമായ ഒരു പുതിയ "അറബി'യാണ്‌ ഈജിപ്‌തില്‍ പ്രചാരത്തിലുള്ളത്‌. ഇക്കാരണം കൊണ്ടും വ്യാപകമായ വര്‍ഗസങ്കരണംമൂലവും ധാരാളം ഭാഷാഭേദങ്ങള്‍ പ്രാദേശികതലത്തില്‍ വ്യവഹാരത്തിലുണ്ട്‌. മരുപ്രദേശങ്ങളില്‍, വിശിഷ്യ മരുപ്പച്ചകളില്‍, ബദാവി, ബെര്‍ബര്‍, സുഡാനിക്‌ തുടങ്ങിയ ഭാഷകള്‍ പ്രയോഗത്തിലുണ്ട്‌. എന്നാല്‍ ഈദൃശഭാഷാന്യൂനപക്ഷങ്ങളുടെ സംഖ്യ അഗണ്യമാണ്‌.

മതം

ഇസ്‌ലാം ആണ്‌ ഈജിപ്‌തിലെ ഔദ്യോഗിക മതം. ജനസംഖ്യയിലെ 93 ശതമാനവും സുന്നി വിഭാഗത്തില്‍പ്പെട്ട മുസ്‌ലിങ്ങളാണ്‌. നിത്യജീവിതത്തില്‍ മതചര്യകള്‍ക്കും വ്രതാനുഷ്‌ഠാനങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‌കിക്കൊണ്ടുള്ള ജീവിതമാണ്‌ മുസ്‌ലിങ്ങള്‍ നയിച്ചുപോരുന്നത്‌.

ഈജിപ്‌തില്‍ 20 ലക്ഷത്തോളം ക്രസ്‌തവര്‍ ഉണ്ട്‌; ഭൂരിപക്ഷവും കോപ്‌റ്റിക്‌ വിഭാഗക്കാരാണ്‌. വേഷവിധാനങ്ങളിലും ജീവിതചര്യകളിലും ഉള്ള സാജാത്യംമൂലം ഇവരെ മുസ്‌ലിങ്ങളില്‍ നിന്നു വേര്‍തിരിച്ചറിയുക ദുഷ്‌കരമാണ്‌. തനതായ ആരാധനാവിധികളും ആചാരവിശേഷങ്ങളുമുള്ള ഒരു മതവിഭാഗമാണ്‌ കോപ്‌റ്റിക്‌ ക്രസ്‌തവര്‍. ഈജിപ്‌തിലെ കോപ്‌റ്റിക്കുകളില്‍ 25 ശതമാനവും കെയ്‌റോ നഗരത്തിലാണു വസിക്കുന്നത്‌. മധ്യനൈല്‍ തടത്തിലെ പ്രവിശ്യകളിലും ഇവര്‍ക്ക്‌ അംഗപ്രാബല്യമുണ്ട്‌.

ഗ്രീക്‌ ഓര്‍ത്തഡോക്‌സ്‌, ഗ്രീക്‌ കാത്തലിക്ക്‌, അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌, അര്‍മീനിയന്‍ കാത്തലിക്ക്‌, മാരൊണൈറ്റ്‌, സിറിയന്‍, ആംഗ്ലിക്കന്‍ പ്രാട്ടസ്റ്റന്റ്‌ എന്നീ ക്രസ്‌തവവിഭാഗങ്ങളും ചുരുക്കം യഹൂദരുമാണ്‌ മതന്യൂനപക്ഷങ്ങള്‍.

ചരിത്രം

അബു സിംലയിലെ ശിലാപ്രതിമകള്‍: അപ്പര്‍ ഈജിപ്‌ത്‌

നൈല്‍തടത്തില്‍നിന്നും സമീപസ്ഥ മരുപ്രദേശത്തുനിന്നും ശിലായുഗാവശിഷ്‌ടങ്ങള്‍ ധാരാളമായി കണ്ടുകിട്ടിയിട്ടുണ്ട്‌. നവീന ശിലായുഗകാലത്ത്‌ ജനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്‌ നൈല്‍തടത്തിനു സമീപമുള്ള ചതുപ്പുനിലത്തിനും മരുഭൂമിക്കും ഇടയിലാണ്‌. ഗോത്രത്തലവന്മാര്‍ക്കു കീഴില്‍ നിരവധി ദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഈജിപ്‌ത്‌ ഒരു ഏകീകൃത രാജ്യമായി നിലവില്‍ വന്നത്‌ ബി.സി. 3100-ലാണ്‌ എന്ന്‌ കരുതപ്പെടുന്നു. തെക്കും വടക്കുമുള്ള ഈജിപ്‌ഷ്യന്‍ പ്രദേശങ്ങള്‍ ഏകീകരിച്ച്‌ മെംഫിസ്‌ തലസ്ഥാനമാക്കി ആദ്യത്തെ രാജവംശം സ്ഥാപിച്ചത്‌ മിനിസാണ്‌. ഈജിപ്‌ഷ്യന്‍ ചരിത്രത്തിലെ ഐതിഹാസിക അധ്യായമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഏകീകരണത്തോടെയാണ്‌ ഫാരോണിക്‌ യുഗം ആരംഭിക്കുന്നത്‌. പുരാതന ഈജിപ്‌തിലെ രാജാക്കന്മാര്‍ ഫറോവ എന്ന പേരിലാണറിയപ്പെട്ടത്‌. ബി.സി. 3100-നും 332-നുമിടയ്‌ക്ക്‌ 31 രാജവംശങ്ങള്‍ ഈജിപ്‌ത്‌ ഭരിച്ചു. ഒന്നും രണ്ടും രാജവംശങ്ങള്‍ അധികാരത്തിലിരുന്ന കാലഘട്ടം ആദ്യരാജവംശക്കാലം എന്നും 3 മുതല്‍ 6 വരെയുള്ള രാജവംശങ്ങള്‍ ഭരിച്ചിരുന്ന കാലഘട്ടം പുരാതന സാമ്രാജ്യത്വകാലം എന്നും അറിയപ്പെട്ടു. അഭിവൃദ്ധിയുടെയും ഔന്നത്യത്തിന്റെയും കാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട പുരാതന സാമ്രാജ്യത്വകാലഘട്ടം വാസ്‌തുകലയുടെ പുഷ്‌കല കാലമായിരുന്നു. ഗീസയിലെ ഖുഫു, ഖഫര്‍, മെങ്കുര്‍ തുടങ്ങിയ വലിയ പിരമിഡുകള്‍ നിര്‍മിക്കപ്പെട്ടത്‌ ഈ കാലത്താണ്‌.

ഈജിപ്‌തിനു തെക്കുള്ള നൂബിയക്കെതിരെ നടത്തിയ സൈനിക പര്യടനവും സിനായിലെ ഖനികളിലെ രത്‌നഖനനവുമായിരുന്നു ഇക്കാലത്തെ പ്രധാന സംഭവവികാസങ്ങള്‍. 4-ാം രാജവംശക്കാലത്താണ്‌ ഉദ്യോഗസ്ഥഭരണം ഈജിപ്‌ഷ്യന്‍ രാഷ്‌ട്രീയഘടനയുടെ അവിഭാജ്യഘടകമായി മാറുന്നത്‌. പ്രവിശ്യകളുടെ ചുമതല വഹിച്ച ഗവര്‍ണര്‍മാരായിരുന്നു പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍. ഫറോവ ദേവാംശ സംഭൂതനാണെന്ന വിശ്വാസം ഈജിപ്‌ഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നെങ്കിലും ഗവര്‍ണര്‍മാര്‍ ക്രമേണ സമാന്തര ഭരണ കേന്ദ്രങ്ങളായതോടെ ഈജിപ്‌ത്‌ അരക്ഷിതാവസ്ഥയിലേക്കുനീങ്ങി. ഈ കാലഘട്ടം ഒന്നാം ഇടക്കാലഘട്ടം എന്നറിയപ്പെട്ടു. 7-11 വരെ രാജവംശങ്ങളാണ്‌ ഇക്കാലത്ത്‌ അധികാരത്തിലിരുന്നത്‌.

ഈജിപ്‌തിനെ ബാധിച്ച അസ്ഥിരതയ്‌ക്ക്‌ വിരാമം കുറിച്ചു കൊണ്ട്‌ അധികാരത്തിലേറിയ 12-ാം രാജവംശം കേന്ദ്രീകൃത അധികാരം പുനഃസ്ഥാപിക്കുകയുണ്ടായി. ഗവര്‍ണര്‍മാരെ കടിഞ്ഞാണിട്ടു കൊണ്ടുള്ള തീവ്രമായ സമീപനമാണ്‌ ഈ രാജാക്കന്മാര്‍ സ്വീകരിച്ചത്‌. ഈജിപ്‌ഷ്യന്‍ ചരിത്രത്തിലെ സുവര്‍ണ കാലമായി മധ്യകാല സാമ്രാജ്യത്വഘട്ടം പരിഗണിക്കപ്പെടുന്നു (12-ാം രാജവംശം അധികാരത്തിലിരുന്ന കാലഘട്ടം). പശ്ചിമ ഏഷ്യയിലെ ഹിക്‌സോസുകളുടെ ആക്രമണമായിരുന്നു മധ്യകാല സാമ്രാജ്യത്തിനു വിരാമം കുറിച്ചത്‌. മികവുറ്റ ആയുധങ്ങളുടെ പിന്‍ബലത്തില്‍ ഈജിപ്‌ഷ്യന്‍ യോദ്ധാക്കളെ കീഴ്‌പ്പെടുത്താന്‍ ഹിക്‌സോസുകള്‍ക്കു കഴിഞ്ഞു. ഹിക്‌സോസുകളുടെ ആക്രമണത്തിന്‌ ഈജിപ്‌ത്‌ വിധേയമായ കാലഘട്ടം രണ്ടാം ഇടക്കാലഘട്ടം എന്നറിയപ്പെട്ടു. ഈജിപ്‌തിലെ ആദ്യത്തെ വിദേശരാജാക്കന്മാരായിരുന്നു ഹിക്‌സോസുകള്‍. ഹിക്‌സോസുകളെ പുറത്താക്കിക്കൊണ്ട്‌ ഈജിപ്‌തില്‍ അധീശത്വം സ്ഥാപിച്ച അഹ്‌മോസ്‌ 18-ാം രാജവംശത്തിന്റെ സ്ഥാപകനായി അറിയപ്പെട്ടു. പശ്ചിമ ഏഷ്യയിലെ സാമ്രാജ്യശക്തിയായി ഈജിപ്‌ത്‌ മാറുന്നത്‌ ഇക്കാലത്താണ്‌. ഈ വംശത്തിലെ ഹത്‌ഷെപ്‌സുത്താണ്‌ ലോകചരിത്രത്തില്‍ രാജാധികാരം ലഭിച്ച ആദ്യത്തെ വനിതയെന്നു കരുതപ്പെടുന്നത്‌. ഇവരെത്തുടര്‍ന്ന്‌ അധികാരത്തിലേറിയ തുത്‌മോസ്‌ കകക ഈജിപ്‌തിലെ നെപ്പോളിയന്‍ എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടത്‌. പലസ്‌തീന്‍, സിറിയ, ഈജിയന്‍ ദ്വീപ്‌ എന്നിവിടങ്ങളിലേക്ക്‌ ഈജിപ്‌ഷ്യന്‍ സാമ്രാജ്യം വികസിപ്പിച്ചത്‌ ഇദ്ദേഹമാണ്‌. മതപരമായ വിശ്വാസങ്ങളില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തിയ വ്യക്തി എന്ന നിലയിലാണ്‌ ഈ വംശത്തിലെ അഖ്‌നാതെന്‍ അടയാളപ്പെടുന്നത്‌. ആതന്‍ എന്ന സൂര്യദേവന്റെ ഭക്തനായ ഇദ്ദേഹം മറ്റ്‌ ദേവന്മാരെ ആരാധിക്കുന്നത്‌ കര്‍ശനമായി നിരോധിച്ചു. ഏക ദൈവത്വത്തിലും വിശ്വസാഹോദര്യത്തിലും വിശ്വസിച്ച ആദ്യത്തെ രാജാവായിരുന്നു ഇദ്ദേഹം. പഴയ മതാചാരങ്ങളിലേക്കും ബഹുദേവതാക്രമത്തിലേക്കുമുള്ള തിരിച്ചു പോക്കിന്‌ കാര്‍മികത്വം വഹിച്ചത്‌ തുതന്‍ഖാമനാണ്‌. 18, 19, 20 രാജവംശങ്ങള്‍ അധികാരത്തിലിരുന്ന കാലഘട്ടം പുതിയ സാമ്രാജ്യഘട്ടം എന്നറിയപ്പെട്ടു. റമിസസ്‌ ക-ആണ്‌ 19-ാം രാജവംശത്തിന്റെ സ്ഥാപകന്‍. റമിസസ്‌ ക-ഉം സേതി ക-ഉം തുടങ്ങിവച്ച ദ്വിഗ്വിജയശ്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌ റമിസസ്‌ കക-ആണ്‌ (BC 12791213). ഇദ്ദേഹത്തിനുശേഷംവന്ന ഫറോവമാര്‍ വിദേശ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഈജിപ്‌ഷ്യന്‍ സാമ്രാജ്യശക്തി ക്ഷയിച്ചു തുടങ്ങി. അധിനിവേശകരില്‍നിന്നും അധിനിവേശിതര്‍ എന്ന നിലയിലേക്ക്‌ ഈജിപ്‌ഷ്യന്‍ ഫറോവമാര്‍ ചുരുങ്ങുന്നത്‌ ഇക്കാലഘട്ടത്തിലാണ്‌. തുടര്‍ന്ന്‌ എത്യോപ്യര്‍, അസ്സീറിയര്‍, പേര്‍ഷ്യര്‍ എന്നിവരുടെ ആക്രമണങ്ങള്‍ക്ക്‌ ഈജിപ്‌ത്‌ വിധേയമായി. അവസാനത്തെ ഫറോവയെ പുറത്താക്കിക്കൊണ്ട്‌ പേര്‍ഷ്യന്‍ രാജാവായ കാംബിസസ്‌ അധികാരം പിടിച്ചെടുത്തതോടെ ഈജിപ്‌ത്‌ പേര്‍ഷ്യന്‍ അക്കമീനിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി.

അലക്‌സാന്‍ഡ്രിയ നഗരം: ഈജിപ്‌ത്‌

അക്കമീനിയന്‍ സാമ്രാജ്യം കീഴ്‌പ്പെടുത്തിയ അലക്‌സാണ്ടര്‍ ഈജിപ്‌ത്‌ ആക്രമിക്കുന്നത്‌ ബി.സി. 332-ലാണ്‌. പേര്‍ഷ്യന്‍ ഭരണത്തില്‍ അസംതൃപ്‌തരായിരുന്ന ഈജിപ്‌ഷ്യന്‍ ജനത അലക്‌സാണ്ടറെ വിമോചകനായിട്ടാണ്‌ കണ്ടത്‌. അങ്ങനെ ബി.സി. 4-ാം ശതകത്തില്‍ ഈജിപ്‌ത്‌ അലക്‌സാണ്ടറുടെ മാസിഡോണിയന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമായി മാറി. അലക്‌സാണ്ടറുടെ മരണശേഷം ഈജിപ്‌തിനെ നയിച്ചത്‌ ടോളമി രാജാക്കന്മാരാണ്‌. അലക്‌സാണ്ടറുടെ മാസിഡോണിയന്‍ സേനാനായകനായ ടോളമിയായിരുന്നു ഈ വംശത്തിന്റെ സ്ഥാപകന്‍. വില്യം ഷെയ്‌ക്‌സ്‌പിയര്‍ ആന്റണിയും ക്ലിയോപാട്രയും എന്ന തന്റെ നാടകത്തില്‍ മുഖ്യകഥാപാത്രമായി സ്വീകരിച്ച ക്ലിയോപാട്രയാണ്‌ ഈ വംശത്തിലെ അവസാനത്തെ ഭരണാധിപ. ടോളമിഭരണകാലത്ത്‌ ഗ്രീസില്‍നിന്നും മാസിഡോണിയയില്‍ നിന്നും ധാരാളം പേര്‍ കച്ചവടക്കാരായും സൈനികരായും ഈജിപ്‌തില്‍ കുടിയേറുകയുണ്ടായി; ഗ്രീക്ക്‌ സംസ്‌കാരത്തെ സ്വാംശീകരിച്ച നിരവധി ഈജിപ്‌ഷ്യരും അക്കാലത്തുണ്ടായിരുന്നു. കാലാന്തരത്തില്‍ ഗ്രീക്ക്‌ സംസ്‌കാരവും ഈജിപ്‌ഷ്യന്‍ സ്വാധീനത്തിനു വശംവദമായി. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംസ്‌കാരം ഈജിപ്‌തില്‍ ഉടലെടുത്തു. ക്ലിയോപാട്രയുടെ മരണശേഷം ഈജിപ്‌ത്‌ റോമന്‍ ആധിപത്യത്തിലായി. (നോ. ക്ലിയോപാട്ര) തുടര്‍ന്നുള്ള ഈജിപ്‌ഷ്യന്‍ ചരിത്രം റോമാസാമ്രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സെന്റ്‌ ക്ലാര്‍ക്ക്‌ ക്രിസ്‌തുമതം ഈജിപ്‌തില്‍ പ്രചരിപ്പിച്ചതോടെ ഇവിടം ക്രമേണ ക്രിസ്‌ത്യാനികള്‍ക്ക്‌ പ്രാമുഖ്യമുള്ള പ്രദേശമായി മാറി. ഈജിപ്‌തിലെ ക്രിസ്‌ത്യാനികള്‍ കോപ്‌റ്റിക്‌ ക്രിസ്‌ത്യാനികള്‍ എന്നറിയപ്പെട്ടു.

ഈജിപ്‌തിന്റെ മൂലധനത്തിന്റെയും സമ്പത്തിന്റെയും ഭൂരിഭാഗവും റോമിലേക്ക്‌ ചോര്‍ത്തപ്പെട്ടത്‌ ഈജിപ്‌തിനെ ദരിദ്രമാക്കിയിരുന്നു. എ.ഡി. 324-നുശേഷം ഈജിപ്‌ത്‌ ബൈസാന്തിയസാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായി. എ.ഡി. 640-ലാണ്‌ അറബി പടത്തലവനായ അമര്‍ ഇബ്‌നു അല്‍ റസ്‌ ബൈസാന്തിയന്‍ സേനയെ പരാജയപ്പെടുത്തിക്കൊണ്ട്‌ ഈജിപ്‌ത്‌ പിടിച്ചെടുക്കുന്നത്‌. ഏകീകരണത്തിനുശേഷം ഈജിപ്‌ഷ്യന്‍ ചരിത്രത്തിലെ ഏറ്റവും സുപ്രധാന സംഭവവികാസമായിരുന്നു അറബ്‌ അധിനിവേശം. ഇസ്‌ലാമിക സാമ്രാജ്യം വിപുലപ്പെടുത്താനുള്ള ഖലീഫ ഉമറിന്റെ അജണ്ട പ്രകാരമാണ്‌ ഇസ്‌ലാമികസേന ഈജിപ്‌തില്‍ എത്തുന്നത്‌. അങ്ങനെ 7-ാം ശതകത്തില്‍ ഈജിപ്‌ത്‌ ഉമയാദ്‌ ഖലീഫത്തിലെ ഒരു പ്രവിശ്യയായിമാറി. ക്രിസ്‌ത്യന്‍ രാജ്യമായിരുന്ന ഈജിപ്‌ത്‌ ഒരു ഇസ്‌ലാമിക രാജ്യമായി ക്രമേണ പരിവര്‍ത്തിക്കപ്പെടുന്നത്‌ ഇതോടെയാണ്‌. ഖലീഫമാര്‍ നിയമിച്ച ഗവര്‍ണര്‍മാരാണ്‌ ഈജിപ്‌ത്‌ ഭരിച്ചത്‌.

661 മുതല്‍ 750 വരെ ഉമയാദ്‌ ഖലീഫമാരുടെ കീഴില്‍ പ്രവിശ്യയായിരുന്ന ഈജിപ്‌ത്‌ പിന്നീട്‌ ബാഗ്‌ദാദിലെ അബ്ബാസിയ ഖലീഫമാരുടെ നിയന്ത്രണത്തിലായി. എന്നാല്‍ ഈ ഖലീഫാ ഭരണം അധഃപതിച്ചതോടുകൂടി അബ്ബാസിയാസാമ്രാജ്യത്തിലെ മറ്റു പല ഭാഗങ്ങളെയുംപോലെ ഈജിപ്‌തും സ്വതന്ത്രമാകാന്‍ തുടങ്ങി. തുര്‍ക്കിവംശജനായ അഹമ്മദ്‌ തുലൂന്‍ ആയിരുന്നു സ്വാതന്ത്യ്രം പ്രഖ്യാപിച്ചത്‌. അദ്ദേഹം സ്ഥാപിച്ച തുലൂനിദ്‌വംശം 868 മുതല്‍ 905 വരെ ഈജിപ്‌ത്‌ ഭരിച്ചു. ഈ കാലത്ത്‌ ഈജിപ്‌തിനു സാംസ്‌കാരികവും സാമ്പത്തികവുമായ അഭിവൃദ്ധിയുണ്ടായി. 905-നുശേഷം അല്‌പകാലത്തേക്ക്‌ അബ്ബാസിയകള്‍ അധികാരം സ്ഥാപിച്ചെങ്കിലും മറ്റൊരു തുര്‍ക്കി വംശമായ ഇഖ്‌ഷിദികള്‍ (935-69) ആധിപത്യം വീണ്ടെടുത്തു. 969-ല്‍ ഇഖ്‌ഷിദി വംശത്തിലെ അവസാനത്തെ ഭരണാധികാരിയായ അബുല്‍ ഫവാരിസ്‌ അഹമ്മദിനെ ഫാത്തിമിയാകള്‍ പരാജയപ്പെടുത്തി. ഫാത്തിമിയാകളും അയൂബിദുകളും മമ്‌ലൂക്കുകളും. 969 മുതല്‍ 1171 വരെ ഈജിപ്‌ത്‌ ഭരിച്ച ഫാത്തിമിയാ ഖലീഫമാര്‍ക്ക്‌ മധ്യകാല ഈജിപ്‌ഷ്യന്‍ ചരിത്രത്തില്‍ വലിയസ്ഥാനമുണ്ട്‌. ഫാത്തിമിയാ പട്ടാളമേധാവിയായ ജോഹര്‍ അല്‍-സിഖില്ലി സ്ഥാപിച്ചതാണ്‌ കെയ്‌റോയും (969) ചരിത്രപ്രസിദ്ധ വിദ്യാകേന്ദ്രമായ അല്‍-അസ്‌ഹറും (968-72). ഇവര്‍ ഷിയാ വിഭാഗക്കാരായിരുന്നു. ഈ വംശത്തിലെ ഏറ്റവും പ്രശസ്‌ത ഖലീഫയായ അല്‍-അസീസ്‌ (975-996) വടക്കേ ആഫ്രിക്ക, സിസിലി, സിറിയ, ഹിജാസ്‌, യെമന്‍ എന്നിവ കീഴടക്കി അബ്ബാസിയാകളുടേതിനെക്കാള്‍ വിസ്‌തൃതമായ ഒരു സാമ്രാജ്യത്തിന്‌ അടിത്തറപാകി. അദ്ദേഹത്തിന്റെ പിന്‍ഗാമി അല്‍-ഹക്കീ(996-1021)മിന്റെ നയവൈകല്യംമൂലം ഈ സാമ്രാജ്യം നശിക്കാനിടയായി. അവസാനത്തെ ഫാത്തിമിയ ഖലീഫയെ പുറത്താക്കിക്കൊണ്ട്‌ അധികാരം പിടിച്ചെടുത്ത സലാദിന്‍ സുന്നി പക്ഷക്കാരനായിരുന്നു. ഇദ്ദേഹം സ്ഥാപിച്ച രാജവംശം അയൂബിദ്‌ എന്നറിയപ്പെട്ടു. നോ. അയൂബിദ്‌

സ്‌ഫിങ്‌ക്‌സ്‌ ശില്‌പം: ഗിസേ

അവസാനത്തെ അയൂബിദ്‌ സുല്‍ത്താന്റെ മരണശേഷം അധികാരം കൈയാളിയത്‌ അദ്ദേഹത്തിന്റെ അംഗരക്ഷകനായ സെയ്‌ഫ്‌ അദ്‌ ദിന്‍ ആയിരുന്നു. ഇദ്ദേഹമാണ്‌ മമ്‌ലൂക്ക്‌ വംശത്തിന്റെ സ്ഥാപകന്‍. സുല്‍ത്താന്റെ അംഗരക്ഷകരായി എത്തിയ മമ്‌ലൂക്കുകള്‍ വളരെ പെട്ടെന്നാണ്‌ അധികാരത്തിന്റെ ഉന്നതശ്രണിയില്‍ എത്തുന്നത്‌. മികച്ച സൈനിക പരിശീലനത്തോടൊപ്പം, ഭരണകാര്യങ്ങളില്‍ പ്രാഗല്‌ഭ്യം നേടിയതും ഇക്കൂട്ടര്‍ക്ക്‌ തുണയായി. മംഗോളിയരുടെ ആക്രമണങ്ങളില്‍ നിന്നും ഈജിപ്‌തിനെ രക്ഷിച്ചത്‌ മമ്‌ലുക്കുകളുടെ മികച്ചനേട്ടമായി വിലയിരുത്തപ്പെട്ടു. ബഹ്‌റി (1250-1390), ബുര്‍ജി (1382-1517) എന്നിങ്ങനെ രണ്ടു വംശപരമ്പരയില്‍പ്പെട്ടവരായിരുന്നു ഇവര്‍. ശില്‌പകലയ്‌ക്ക്‌ മമ്‌ലൂക്ക്‌ സുല്‍ത്താന്മാര്‍ വലിയ സംഭാവന നല്‌കിയിട്ടുണ്ട്‌. അവര്‍ കെയ്‌റോയില്‍ നിരവധി രമ്യഹര്‍മ്യങ്ങള്‍ നിര്‍മിക്കുകയും അവയെ കലാപരമായി മോടിപിടിപ്പിക്കുകയും ചെയ്‌തു. ഇബ്‌നു ഖല്‍ദൂന്‍, അല്‍-മരിഖ്‌സി, തഗ്‌റി-ബിര്‍ദി തുടങ്ങിയ സാഹിത്യകാരന്മാര്‍ ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാണ്‌. ഒട്ടോമന്‍ കാലം. ഓട്ടോമന്‍ തുര്‍ക്കി സുല്‍ത്താല്‍ സെലിം ക-ന്റെ സേന കെയ്‌റോയ്‌ക്കു സമീപം വച്ച്‌ മമ്‌ലൂക്ക്‌ സുല്‍ത്താനായ തുമാന്‍ബേയെ 1517 ജനു. 22-ന്‌ പരാജയപ്പെടുത്തിക്കൊണ്ട്‌ ഈജിപ്‌ത്‌ കീഴടക്കി. തുമാന്‍ബേയുടെ പട്ടാളമേധാവി ഖയിര്‍ ബേഗിന്റെ വഞ്ചനമൂലമാണ്‌ ഇതു സാധിച്ചത്‌. പ്രതിഫലമായി സെലിം ക, ഈജിപ്‌തിന്റെ ഭരണം ഖയിറിനെ ഏല്‌പിച്ചു. അന്നു മുതല്‍ തുര്‍ക്കി ഗവര്‍ണര്‍മാര്‍ പാഷ എന്ന പദവിയോടെ ഈജിപ്‌ത്‌ ഭരിക്കാന്‍ തുടങ്ങി. ഏകദേശം നാനൂറു കൊല്ലത്തോളം ഈജിപ്‌ത്‌ ഒട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും തുര്‍ക്കിസംസ്‌കാരം അവിടെ വേരുറച്ചില്ല. മമ്‌ലൂക്കുകളും അറബി അമീര്‍മാരും ഈജിപ്‌തില്‍ പ്രബലരായിരുന്നു.

18-ാം ശതകത്തില്‍ അലി ബേ എന്ന മമ്‌ലൂക്ക്‌ പ്രഭു തുര്‍ക്കി ഗവര്‍ണറെ പുറത്താക്കിക്കൊണ്ട്‌ മമ്‌ലൂക്ക്‌ ഭരണം പുനഃസ്ഥാപിച്ചു. 1798-ല്‍ നെപ്പോളിയന്‍ കെയ്‌റോ ആക്രമിക്കുന്നതുവരെ മമ്‌ലൂക്കുകളാണ്‌ ഈജിപ്‌ത്‌ ഭരിച്ചത്‌. ഈജിപ്‌തിന്റെ വിഭവസമ്പത്തിനു പുറമേ തന്ത്രപ്രധാനമായ ഭൂസ്ഥിതിയുമായിരുന്നു നെപ്പോളിയനെ ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍. ഫ്രാന്‍സും ബ്രിട്ടനും തമ്മിലുള്ള ശത്രുത അതിന്റെ പാരമ്യത്തില്‍ എത്തിനിന്ന 18-ാം ശതകത്തില്‍ ഈജിപ്‌ത്‌ കൈവശപ്പെടുത്തുന്നതിലൂടെ ഇന്ത്യയിലേക്കുള്ള ബ്രിട്ടന്റെ കരമാര്‍ഗമുള്ള വഴി തടസ്സപ്പെടുത്താനാണ്‌ നെപ്പോളിയന്‍ പദ്ധതി ഇട്ടത്‌. 1798-ലെ പിരമിഡ്‌ യുദ്ധത്തില്‍ നെപ്പോളിയന്‍ മമ്‌ലൂക്കുകളെ പരാജയപ്പെടുത്തി. മൂന്നു വര്‍ഷം മാത്രമേ ഫ്രാന്‍സിന്‌ ഈജിപ്‌തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുള്ളുവെങ്കിലും അത്‌ രാജ്യത്ത്‌ ദൂരവ്യാപകമായ ഫലങ്ങളുളവാക്കി. ഈജിപ്‌ഷ്യന്‍സംസ്‌കാരവും ചരിത്രവും പഠനവിധേയമാക്കാന്‍ ഒരു സംഘം പണ്ഡിതന്മാരും ശാസ്‌ത്രജ്ഞന്മാരും നെപ്പോളിയനെ അനുഗമിച്ചിരുന്നു. ആദ്യമായി ഈജിപ്‌തിനെക്കുറിച്ച്‌ യൂറോപ്പിന്‌ ശാസ്‌ത്രീയമായ അറിവു ലഭിക്കുന്നത്‌ ഈ ഫ്രഞ്ച്‌ അധിനിവേശത്തോടെയാണ്‌. യൂറോപ്യന്‍ സംസ്‌കാരത്തെക്കുറിച്ചും ഭരണസമ്പ്രദായത്തെക്കുറിച്ചും ഈജിപ്‌തിന്‌ അറിവു ലഭിക്കാനും ഇത്‌ ഉപകരിച്ചു. 1801-ല്‍ ബ്രിട്ടീഷ്‌ ഒട്ടോമന്‍ സംയുക്ത സേന ഫ്രഞ്ച്‌ ശക്തിയെ പരാജയപ്പെടുത്തിയതോടെ ഈജിപ്‌തിലെ ഫ്രഞ്ച്‌ അധിനിവേശത്തിനു വിരാമമായി. അങ്ങനെ ഈജിപ്‌ത്‌ വീണ്ടും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായെങ്കിലും, ഒട്ടോമന്‍ ഗവര്‍ണര്‍മാരും മമ്‌ലൂക്കുകളും തമ്മിലുള്ള അധികാരമത്സരങ്ങള്‍ രാജ്യത്ത്‌ അരാജകത്വം സൃഷ്‌ടിക്കുകയാണുണ്ടായത്‌. ഈ സംഘര്‍ഷം മുതലെടുത്ത മുഹമ്മദലി എന്ന അല്‍ബേനിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഈജിപ്‌തിലെ പാഷയായി അധികാരമേറ്റു. തന്റെ ദീര്‍ഘകാലത്തെ ഭരണത്തിനിടയ്‌ക്ക്‌ ഈജിപ്‌തിനെ നവീകരിച്ച മുഹമ്മദലി ആധുനിക ഈജിപ്‌തിന്റെ സ്രഷ്‌ടാവായി അറിയപ്പെട്ടു. ഈജിപ്‌തില്‍ വ്യവസായങ്ങള്‍ ആവിഷ്‌കരിച്ചതും കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതും ഇദ്ദേഹമാണ്‌. ഇദ്ദേഹം സുഡാന്‍ കീഴടക്കുന്നത്‌ 1821-ലാണ്‌. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴില്‍നിന്നും ഈജിപ്‌ത്‌ സ്വതന്ത്രമാകണമെന്നാഗ്രഹിച്ച മുഹമ്മദ്‌ അലി 1831-ല്‍ ഒട്ടോമന്‍ സുല്‍ത്താനെതിരെ യുദ്ധം ചെയ്‌തെങ്കിലും ഒട്ടോമന്‍-യൂറോപ്യന്‍ സഖ്യം (ബ്രിട്ടന്‍, ഫ്രാന്‍സ്‌, ആസ്‌ട്രിയ, റഷ്യ, പ്രഷ്യ) ഇദ്ദേഹത്തെ പരാജയപ്പെടുത്തി. ഈജിപ്‌ഷ്യന്‍ വിപണി കീഴടക്കിയ വിലകുറഞ്ഞ യൂറോപ്യന്‍ തുണിത്തരങ്ങള്‍ക്കുമേല്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഇദ്ദേഹത്തെ വരുതിയിലാക്കാന്‍ ഈ യുദ്ധത്തിലൂടെ യൂറോപ്യന്‍ ശക്തികള്‍ക്കു കഴിഞ്ഞു. യുദ്ധാനന്തരം ജേതാക്കളുമായി എത്തിച്ചേര്‍ന്ന സന്ധി പ്രകാരം ഈജിപ്‌തില്‍ സ്വതന്ത്രവ്യാപാരം അനുവദിക്കാന്‍ മുഹമ്മദലി നിര്‍ബന്ധിതനായി. ഇതോടുകൂടി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ ഉത്‌പന്നങ്ങള്‍ ഈജിപ്‌ഷ്യന്‍ വിപണികളില്‍ വ്യാപകമായി. മുഹമ്മദലിയുടെ പുത്രനായ സെയ്‌ദ്‌പാഷയുടെ ഭരണകാലത്താണ്‌ സൂയസ്‌ കനാല്‍ നിര്‍മിക്കാനുള്ള കരാര്‍ ഫ്രഞ്ചുകാരനായ ഫെര്‍ഡിനാന്‍ഡ്‌ ദി ലെസപ്‌സിന്‌ ലഭിക്കുന്നത്‌.

1896-ല്‍ സൂയസ്‌ കനാല്‍ പൂര്‍ത്തിയായതോടെ ഈജിപ്‌തിലെ തുറമുഖങ്ങളുടെ വ്യാപാരപ്രാധാന്യം വര്‍ധിക്കുകയുണ്ടായി. ഇതു മൂലമുണ്ടായ തന്ത്ര പ്രാധാന്യം ഈജിപ്‌തിന്റെ ചരിത്രത്തെ സാരമായി ബാധിക്കുകയും ചെയ്‌തു. ഇന്ത്യയിലേക്കുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ സമുദ്രമാര്‍ഗമായ സൂയസ്‌ കനാലിന്റെ തന്ത്രപ്രാധാന്യം ബ്രിട്ടന്റെ ഈജിപ്‌ത്‌ നയത്തെ സ്വാധീനിച്ചിരുന്നു. ആഭ്യന്തരകാര്യങ്ങളിലെ വൈദേശിക ഇടപെടലുകള്‍ (ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌) വ്യാപകവും ശക്തവുമാകുന്നത്‌ ഇസ്‌മായില്‍ പാഷയുടെ ഭരണകാലത്താണ്‌ (186379). ഈജിപ്‌തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി യൂറോപ്യന്‍ ബാങ്കര്‍മാരില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കുന്നതില്‍ ഇദ്ദേഹം വീഴ്‌ച വരുത്തിയസാഹചര്യത്തിലാണ്‌ യൂറോപ്യന്‍ഗവണ്‍മെന്റുകള്‍ ഇടപെടുന്നത്‌. ഇവരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ ഈജിപ്‌തിന്റെ സമ്പദ്‌ഘടന നിയന്ത്രിക്കുന്നതിനായി ഒരു ആംഗ്ലോ ഫ്രഞ്ച്‌ കമ്മിഷനെ നിയമിക്കാന്‍ ഇസ്‌മായില്‍ നിര്‍ബന്ധിതനായി. യൂറോപ്യര്‍ ഉള്‍പ്പെട്ട മന്ത്രിസഭ രൂപീകരിക്കണമെന്ന വ്യവസ്ഥയും ഇസ്‌മായില്‍ അംഗീകരിച്ചു.

സൂയസ്‌ കനാലിനുമുകളിലെ മേല്‍പ്പാലം

എന്നാല്‍ ഈജിപ്‌തിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തെ ഇദ്ദേഹം തള്ളി. യൂറോപ്യന്‍ മന്ത്രിമാര്‍ക്കെതിരെ ജനകീയരോഷം ശക്തമായതോടെ അവരെ പുറത്താക്കിയ നടപടി ഇസ്‌മയിലിനെ സാമ്രാജ്യത്വദൃഷ്‌ടിയില്‍ അനഭിമതനാക്കി. ആംഗ്ലോ ഫ്രഞ്ച്‌ ഗവണ്‍മെന്റുകള്‍ ചെലുത്തിയ സമ്മര്‍ദത്തെ ത്തുടര്‍ന്ന്‌ ഒട്ടോമന്‍ സുല്‍ത്താന്‍ ഇസ്‌മയിലിനെ തത്‌സ്ഥാനത്തു നിന്ന്‌ നീക്കി. തുടര്‍ന്ന്‌ അധികാരത്തിലേറിയ ഇസ്‌മയിലിന്റെ പുത്രന്‍ തൗഫിക്‌ പാഷ യൂറോപ്യന്‍ ശക്തികളുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ചു.

ഈജിപ്‌തിലെ വൈദേശിക ഇടപെടലുകള്‍ രാജ്യത്ത്‌ ഒരു ദേശീയ വിമോചന പ്രസ്ഥാനം രൂപപ്പെടുന്നതിനു കാരണമായി. പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്‌ കേണലായ ഉറബിപാഷയാണ്‌. ഉറബിപാഷയുടെ നേതൃത്വത്തില്‍ നടന്ന കലാപങ്ങളില്‍ യൂറോപ്യര്‍ക്ക്‌ ജീവഹാനി സംഭവിച്ചതോടെ യൂറോപ്യരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനായി ഈജിപ്‌തില്‍ എത്തിയ ബ്രിട്ടീഷ്‌ സേന ഉറബിപാഷയെ പരാജയപ്പെടുത്തിക്കൊണ്ട്‌ രാജ്യം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി. അങ്ങനെ 1882-ലെ സൈനിക ഇടപെടലിനെത്തുടര്‍ന്ന്‌ ഈജിപ്‌ത്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ഭാഗമായി; എന്നാല്‍ സാങ്കേതികമായി ഈജിപ്‌ത്‌ ബ്രിട്ടന്റെ കോളനിയായിരുന്നില്ല. പാഷയെ പേരിന്‌ മാത്രം നിലനിര്‍ത്തിക്കൊണ്ട്‌ യഥാര്‍ഥ അധികാരം കൈയാളുന്ന തന്ത്രപരമായ സമീപനമാണ്‌ ബ്രിട്ടന്‍ സ്വീകരിച്ചത്‌. 1883-നും 1914-നുമിടയ്‌ക്ക്‌ ക്രാമര്‍, ഗോര്‍സ്റ്റ്‌, കിച്ചെനര്‍ എന്നീ മൂന്ന്‌ വൈസ്രായിമാരാണ്‌ ഈജിപ്‌തില്‍ അധികാരത്തിലിരുന്നത്‌.

ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി ജര്‍മന്‍ പക്ഷത്തുനിന്നതോടെ ബ്രിട്ടന്‍ ഈജിപ്‌തിനെ ഒരു സംരക്ഷിതരാജ്യമായി പ്രഖ്യാപിച്ചു. അങ്ങനെ തുര്‍ക്കിസാമ്രാജ്യത്തിന്റെ നിയന്ത്രണത്തില്‍ നിന്നും ഈജിപ്‌ത്‌ സ്വതന്ത്രമായി. ജര്‍മനിയോട്‌ ആഭിമുഖ്യം പുലര്‍ത്തി എന്ന സംശയത്തിന്റെ പേരില്‍ അബ്ബാസിനെ (തൗഫിക്കിന്റെ പുത്രന്‍) പാഷ സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്‌ത ബ്രിട്ടന്‍ പകരം ഹുസൈന്‍ കാമിലിനെ (അബ്ബാസിന്റെ അമ്മാവന്‍) ഈജിപ്‌തിന്റെ സുല്‍ത്താനായി അവരോധിച്ചു. ഒന്നാം ലോകയുദ്ധത്തില്‍ ഈജിപ്‌ഷ്യന്‍ പൗരന്മാരെ നിര്‍ബന്ധപൂര്‍വം സൈനിക സേവനത്തിനു നിയോഗിച്ചതും ഈജിപ്‌തിനെ സൈനികത്താവളമായി ഉപയോഗിച്ചതും ബ്രിട്ടീഷ്‌ വിരുദ്ധവികാരം പ്രാജ്ജ്വലമാകുന്നതിനു കാരണമായി. യുദ്ധാനന്തരം സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള നീക്കം വീണ്ടും ശക്തമായി. പൂര്‍ണ സ്വാതന്ത്യ്രം എന്ന ആവശ്യം ലണ്ടനില്‍ ബ്രിട്ടീഷ്‌ അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അനുമതി തേടിയ പ്രതിനിധി സംഘത്തെ നാടുകടത്തിയ നടപടി ഈജിപ്‌ഷ്യന്‍ ജനതയില്‍ ഘനീഭവിച്ചുകിടന്ന പ്രതിഷേധം കലാപമായി രൂപാന്തരപ്പെടുന്നതിനു കാരണമായി. സാദ്‌ സഗ്‌ലൂലിന്റെ നേതൃത്വത്തിലുള്ള ഈ സമിതിയില്‍ നിന്നാണ്‌ ഈജിപ്‌തിന്റെ രാഷ്‌ട്രീയ ഭാഗധേയം നിര്‍ണയിച്ച വഫ്‌ദ്‌ പാര്‍ട്ടി രൂപീകൃതമായത്‌. സ്‌ത്രീകളുടെ സജീവസാന്നിധ്യത്താല്‍ അടയാളപ്പെട്ട 1919-ലെ കലാപം മധ്യപൂര്‍വദേശത്തെ ആദ്യത്തെ അഹിംസയിലധിഷ്‌ഠിതമായ ജനകീയ സമരമായിരുന്നു.

ഈസിസ്‌ ക്ഷേത്രവും മണ്ഡപവും: ഫിലേ

1919-ലെ കലാപത്തിന്റെ പരിണതിയായി ഒടുവില്‍ ഈജിപ്‌തിന്‌ സ്വാതന്ത്യ്രം നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറായി. അതേ സമയം തങ്ങളുടെ താത്‌പര്യങ്ങള്‍ ഹനിക്കപ്പെടുന്ന പക്ഷം ഈജിപ്‌തില്‍ ഇടപെടാനുള്ള അവകാശം ബ്രിട്ടന്‍ നിലനിര്‍ത്തിയിരുന്നതിനാല്‍ ഈജിപ്‌ത്‌ അനുവദിച്ച സ്വാതന്ത്യ്രം നാമമാത്രമായിരുന്നു. 1923-ലെ പുതിയ ഭരണഘടനപ്രകാരം ഭരണഘടനാധിഷ്‌ഠിത രാജവാഴ്‌ചയാണ്‌ ഈജിപ്‌തില്‍ പ്രാബല്യത്തില്‍ വന്നത്‌. അഹമ്മദ്‌ ഫൗദ്‌, ആധുനിക ഈജിപ്‌തിന്റെ ആദ്യത്തെ രാജാവായി. പുതിയ ഭരണഘടനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ദ്വിമണ്ഡല നിയമസഭയും അതിനോടുത്തരവാദിത്ത്വമുള്ള മന്ത്രിസഭയും രാജാവിന്റെ പേരില്‍ അധികാരം നടത്തണമെന്ന്‌ വ്യവസ്ഥ ചെയ്‌തിരുന്നു. അതേ സമയം ബ്രിട്ടീഷ്‌ ഹൈക്കമ്മിഷണര്‍ പൂര്‍വാധികം ശക്തിയോടെ അധികാരത്തില്‍ തുടരുകയും ബ്രിട്ടീഷ്‌ സൈന്യം ഈജിപ്‌തില്‍ താവളമുറപ്പിക്കുകയും ചെയ്‌തിരുന്നതിനാല്‍ ഈജിപ്‌തിന്‌ പൂര്‍ണ സ്വാതന്ത്യ്രം ലഭിച്ചതായി ദേശീയവാദികള്‍ അംഗീകരിച്ചില്ല. 1924-ല്‍ നടന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ 211-ല്‍ 179 സീറ്റുകള്‍ നേടിയ വഫ്‌ദ്‌ പാര്‍ട്ടിയുടെ സാദ്‌ സഗ്‌ലൂല്‍ പ്രധാനമന്ത്രിയായി. രാജാവ്‌, വഫ്‌ദ്‌ പാര്‍ട്ടി, ബ്രിട്ടന്‍ എന്നീ അധികാരകേന്ദ്രങ്ങള്‍ തമ്മിലുള്ള മത്സരം ആരംഭിക്കുന്നത്‌ ഇവിടം മുതല്‌ക്കാണ്‌. വഫ്‌ദ്‌ പാര്‍ട്ടിയെ തകര്‍ക്കുന്നതിന്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വവും രാജഭരണകൂടവും ഒത്തുചേര്‍ന്നു എന്നു മാത്രമല്ല ഇസ്‌ലാമിസ്റ്റ്‌ പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡിനെ പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. 1924-ല്‍ സുഡാനിലെ ഗവര്‍ണര്‍ ജനറല്‍ കയ്‌റോവില്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ബ്രിട്ടനും ഈജിപ്‌തുമായുള്ള ബന്ധം കൂടുതല്‍ വഷളായി. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയെ ഇറ്റലി ആക്രമിച്ചതോടുകൂടിയാണ്‌ ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടുമടുക്കുന്നത്‌. ഈജിപ്‌തിനെ ഇറ്റലി ആക്രമിച്ചേക്കാം എന്ന ആശങ്ക കാരണം ബ്രിട്ടന്റെ സാന്നിധ്യം ഈജിപ്‌തില്‍ ഒരു വിഭാഗം ജനങ്ങള്‍ ആഗ്രഹിച്ചതും ജനാധിപത്യ ശക്തികള്‍ക്ക്‌ ചില ആനുകൂല്യങ്ങള്‍ നല്‌കണമെന്ന്‌ ലണ്ടന്‍ കരുതിയതുമാണ്‌ മഞ്ഞുരുകലിന്‌ വഴിതെളിച്ചത്‌. മാറിയ ഈ രാഷ്‌ട്രീയ സാഹചര്യത്തിലാണ്‌ 1936-ലെ ആംഗ്ലോ-ഈജിപ്‌ഷ്യന്‍ കരാര്‍ രൂപപ്പെടുന്നത്‌. ബ്രിട്ടീഷ്‌ സൈന്യം ഈജിപ്‌തിലെ മറ്റു മേഖലയില്‍നിന്നും പിന്മാറാനും സൂയസ്‌ കനാല്‍ പ്രദേശത്ത്‌ മാത്രം കേന്ദ്രീകരിക്കുവാനും ഈ കരാര്‍ പ്രകാരം ധാരണയായി. ഈജിപ്‌തില്‍ വിദേശികള്‍ക്കും ആ രാജ്യത്തെ നിയമങ്ങള്‍ ബാധകമാക്കിയതായിരുന്നു മറ്റൊരു പ്രധാന വ്യവസ്ഥ. എന്നാല്‍ ഈജിപ്‌തിന്‌ പൂര്‍ണ സ്വാതന്ത്യ്രം അനുവദിക്കാത്ത ഈ കരാറില്‍ ഒപ്പിട്ടത്‌ വഫ്‌ദ്‌ പാര്‍ട്ടിയുടെ ജനസമ്മിതിയെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ്‌ മുസ്‌ലിം ബ്രദര്‍ഹുഡ്‌, യങ്‌ ഈജിപ്‌ത്‌ എന്നീ സംഘടനകള്‍ ഈജിപ്‌തിന്റെ രാഷ്‌ട്രീയമണ്ഡലത്തില്‍ ശക്തിപ്രാപിച്ചത്‌.

രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ പ്രധാന സൈനികതാവളമായി ഈജിപ്‌ത്‌ മാറി. ചരിത്രപ്രസിദ്ധമായ എല്‍അലേമന്‍ യുദ്ധത്തില്‍ ബ്രിട്ടീഷ്‌ സേന വിജയിച്ചതോടെ ഈജിപ്‌ത്‌ പിടിച്ചടക്കാനുളള ജര്‍മനിയുടെ പദ്ധതിക്കു തിരശ്ശീല വീണു. 1945-ല്‍ ഈജിപ്‌ത്‌ അറബ്‌ ലീഗ്‌ സ്ഥാപിച്ചു. 1945-ല്‍ ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്റ്‌ അധികാരത്തില്‍ എത്തിയതോടെ ഈജിപ്‌തിനോടുള്ള നയത്തില്‍ ദിശാവ്യതിയാനമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍, 1936-ലെ കരാര്‍ പുനഃപരിശോധിക്കുന്നതിനോ, ബ്രിട്ടീഷ്‌ സേനയെ ഈജിപ്‌തില്‍നിന്നും പൂര്‍ണമായും പിന്‍വലിക്കുന്നതിനോ ബ്രിട്ടന്‍ തയ്യാറാകാത്തത്‌ ബ്രിട്ടീഷ്‌ വിരുദ്ധവികാരം ശക്തമാകുന്നതിന്‌ കാരണമായി. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടി എന്നു വിശേഷിപ്പിക്കപ്പെട്ട ഇസ്രയേലിന്റെ രൂപീകരണം ബ്രിട്ടീഷ്‌ വിരുദ്ധ വികാരത്തിന്‌ ആക്കം കൂട്ടി.

അസ്വാന്‍ അണക്കെട്ട്‌: ഈജിപ്‌ത്‌

1948-ല്‍ ഇസ്രയേലിനെതിരെ ഈജിപ്‌ത്‌ ഉള്‍പ്പെട്ട അറബ്‌ രാഷ്‌ട്രങ്ങള്‍ നടത്തിയ യുദ്ധത്തില്‍ അറബ്‌ സഖ്യം പരാജയപ്പെട്ടു. ഈജിപ്‌ഷ്യന്‍ സേനയുടെ മോശപ്പെട്ട പ്രകടനത്തിനു പിന്നില്‍, അവര്‍ക്കു നല്‍കപ്പെട്ട ഗുണനിലവാരം കുറഞ്ഞ ആയുധങ്ങളായിരുന്നു എന്നും രാജാവിന്റെ അറിവോടെയാണ്‌ ഇതു നടന്നത്‌ എന്നും ആക്ഷേപം ഉന്നയിക്കപ്പെട്ടിരുന്നു. ഈ വസ്‌തുത ഭരണകൂടവിരുദ്ധവികാരം ശക്തമാകുന്നതിനു കാരണമായി. അസംതൃപ്‌തരായ ഒരു സംഘം പട്ടാളക്കാര്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. ഫ്രീ ഓഫീസേഴ്‌സ്‌ ഗ്രൂപ്പ്‌ എന്ന പേരില്‍ അറിയപ്പെട്ട ഈ ഗ്രൂപ്പിനെ നയിച്ചത്‌ ജനറല്‍ മുഹമ്മദ്‌ നഗ്വീബും കേണല്‍ നാസറുമായിരുന്നു. 1953-ല്‍ രാജവാഴ്‌ച അവസാനിച്ചു. ഈജിപ്‌ത്‌ ഒരു റിപ്പബ്ലിക്കാവുകയും ചെയ്‌തു.

പലസ്‌തീന്‍ യുദ്ധത്തിലൂടെ പ്രഖ്യാതനായ നഗ്വീബ്‌ പുതിയ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി. നാസര്‍ ആയിരുന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി. നഗ്വീബും നാസറും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെ നഗ്വീബ്‌ രാജിവച്ചെങ്കിലും പൊതുജനഹിതം രാജിക്കെതിരായതോടെ അദ്ദേഹം പ്രസിഡന്റു സ്ഥാനത്തു പ്രതിഷ്‌ഠിക്കപ്പെട്ടു. പ്രധാനമന്ത്രിപദം ഏറ്റെടുത്ത നാസര്‍ ഈജിപ്‌തിലെ അധികാരകേന്ദ്രമായി മാറി. വിദേശനയത്തില്‍ സുഡാന്റെ സ്വാതന്ത്യ്രം, പലസ്‌തീന്‍ പ്രശ്‌നം, സൂയസ്‌ മേഖലയില്‍ നിന്നുള്ള ബ്രിട്ടീഷ്‌ പിന്മാറ്റം എന്നിവയ്‌ക്കാണ്‌ നാസര്‍ ഊന്നല്‍ നല്‍കിയത്‌. 1953 ഒക്‌ടോബറില്‍ ബ്രിട്ടനുമായി ഒപ്പിട്ട കരാര്‍ പ്രകാരം 20 മാസത്തിനകം ബ്രിട്ടീഷ്‌ സേന പൂര്‍ണമായും പിന്മാറുമെന്ന്‌ ധാരണയായി. ടിറ്റോ, നെഹ്‌റു എന്നിവരോടൊപ്പം ചേര്‍ന്ന്‌ രൂപം കൊടുത്ത ചേരിചേരാ പ്രസ്ഥാനത്തിലൂടെ അന്താരാഷ്‌ട്രരംഗത്ത്‌ നാസര്‍ ഏറെ ശ്രദ്ധേയനായി. ഇസ്രയേലിന്റെ ഭീഷണിയെ പ്രതിരോധിക്കുന്നതിനു വേണ്ട ആയുധങ്ങള്‍ക്കായി പാശ്ചാത്യശക്തികളെ സമീപിച്ചുവെങ്കിലും തിരസ്‌കരിക്കപ്പെട്ടതോടെ നാസര്‍ സോവിയറ്റ്‌ ക്യാമ്പില്‍ എത്തി.

ഇതേത്തുടര്‍ന്ന്‌ അസ്വാന്‍ അണക്കെട്ടിന്റെ നിര്‍മാണത്തിനായി വന്‍തുക ലോണായി വാഗ്‌ദാനം ചെയ്‌ത യു.എസ്‌., ബ്രിട്ടന്‍, എന്നീ രാജ്യങ്ങള്‍ വാഗ്‌ദാനം പിന്‍വലിക്കുകയുണ്ടായി. ഇതിനു പ്രതിക്രിയയായിട്ടാണ്‌ നാസര്‍ സൂയസ്‌ കനാല്‍ ദേശസാത്‌കരിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്‌. കനാലിന്റെ ഉടമയായ സൂയസ്‌ കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതാണ്‌ എന്ന നാസറിന്റെ പ്രഖ്യാപനം മൂന്നാം ലോകരാജ്യങ്ങളുടെയും സോവിയറ്റ്‌ യൂണിയന്റെയും പിന്തുണ അദ്ദേഹത്തിന്‌ നേടിക്കൊടുത്തു. ബ്രിട്ടനും ഫ്രാന്‍സിനും ഈ കമ്പനിയില്‍ ഓഹരിയുണ്ടായിരുന്നതിനാല്‍ ദേശസാത്‌കരണം ഈ രണ്ടു രാജ്യങ്ങളെയും പ്രകോപിപ്പിച്ചിരുന്നു. സൂയസ്‌ കനാലിനെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്‌ ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലുമായി ചേര്‍ന്ന്‌ ഈജിപ്‌തിന്‌ നേരെ ആക്രമണം നടത്തി. എന്നാല്‍ ലോകാഭിപ്രായത്തിന്റെ സമ്മര്‍ദംമൂലം ആക്രമണം അവസാനിപ്പിക്കാന്‍ ആംഗ്ലോ, ഫ്രഞ്ച്‌ ശക്തികള്‍ നിര്‍ബന്ധിതരായി. സൂയസ്‌ പ്രതിസന്ധിയോടെയാണ്‌ നാസര്‍ അറബ്‌ ദേശീയതയുടെ പ്രതീകമായി മാറുന്നത്‌. സൂയസ്‌ പ്രശ്‌നത്തെത്തുടര്‍ന്ന്‌ ഈജിപ്‌തില്‍നിന്നും പൂര്‍ണമായും ബ്രിട്ടനും ഫ്രാന്‍സും പിന്മാറി.സോവിയറ്റുയൂണിയനുമായി സൗഹാര്‍ദബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ട്‌ നാസര്‍ സാമ്രാജ്യത്വത്തിനെതിരായ നടപടികള്‍ തുടര്‍ന്നു. ഈജിപ്‌ഷ്യന്‍ ജനതയെ സോഷ്യലിസത്തിലേക്കടുപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 1958 ഫെബ്രുവരിയില്‍ അറബിഐക്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട്‌ ഈജിപ്‌തിനെയും സിറിയയെയും ഒരു ഫെഡറേഷനായി സംയോജിപ്പിക്കുകയും അതിന്‌ യുണൈറ്റഡ്‌ അറബ്‌ റിപ്പബ്ലിക്‌ (യു.എ.ആര്‍)എന്നു പേര്‍ നല്‌കുകയും ചെയ്‌തു. പിന്നീട്‌ യമനും ഈ ഫെഡറേഷനില്‍ ചേര്‍ന്നു. 1961-ല്‍ സിറിയയില്‍ രാഷ്‌ട്രീയമാറ്റങ്ങളുണ്ടായ സാഹചര്യത്തില്‍ ആ രാജ്യം യു.എ.ആറില്‍നിന്നും വിട്ടുമാറി. 1967-ല്‍ നടന്ന യുദ്ധത്തില്‍ ഈജിപ്‌തിന്റെ വക ഒട്ടേറെ പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തി. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട്‌ നാസര്‍ പ്രസിഡന്റ്‌ പദം രാജിവച്ചെങ്കിലും പൊതുജനാഭിപ്രായത്തിനു വഴങ്ങി അദ്ദേഹം രാജി പിന്‍വലിച്ചു. ഇസ്രയേല്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരിച്ചെടുക്കണമെന്നത്‌ നാസറിന്റെ ജീവിതാഭിലാഷമായിരുന്നു. അതു നിറവേറ്റാന്‍ കഴിയുന്നതിനു മുമ്പ്‌ 1970 സെപ്‌. 28-ന്‌ നാസര്‍ നിര്യാതനായി. നാസറിന്റെ നിര്യാണാനന്തരം അന്‍വര്‍ അല്‍-സാദത്ത്‌ ഈജിപ്‌തിന്റെ പ്രസിഡന്റ്‌ പദം ഏറ്റെടുത്തു.

സോഷ്യലിസ്റ്റ്‌ പാതയില്‍നിന്നും വ്യതിചലിച്ചുകൊണ്ട്‌ ഈജിപ്‌തിനെ സ്വകാര്യനിക്ഷേപത്തിനായി തുറന്നുകൊടുത്ത സാദത്ത്‌ വിദേശനയത്തില്‍ ഒരു പുതിയ പന്ഥാവ്‌ സൃഷ്‌ടിക്കുകയുണ്ടായി. സോവിയറ്റ്‌ ചേരിയില്‍നിന്നും പിന്‍വാങ്ങിക്കൊണ്ട്‌ ഇസ്രയേലിനോടും യു.എസ്സിനോടും അടുത്തു. പലസ്‌തീന്‍കാരോടോ മറ്റ്‌ അറബി രാഷ്‌ട്രങ്ങളോടോ ആശയവിനിമയം ചെയ്യാതെ ഇസ്രയേലിനെ അംഗീകരിച്ച ആദ്യത്തെ അറബ്‌ നേതാവായിരുന്നു സാദത്ത്‌. ഈജിപ്‌തും ഇസ്രയേലും തമ്മിലെ 30 വര്‍ഷത്തെ ശത്രുതയ്‌ക്ക്‌ വിരാമം കുറിച്ച 1979-ലെ സമാധാനക്കരാറിന്റെ മുഖ്യ ശില്‌പികളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇസ്രയേലുമായി അടുത്തതിന്റെ പേരില്‍ അറബികളുടെ കടുത്ത രോഷത്തിനു പാത്രമായ സാദത്ത്‌ 1981-ല്‍ ഒരു ഈജിപ്‌ഷ്യന്‍ സൈനികനാല്‍ വധിക്കപ്പെട്ടു. സാദത്തിനെത്തുടര്‍ന്ന്‌്‌ ഈജിപ്‌തിന്റെ നാലാമത്തെ പ്രസിഡന്റായി അധികാരമേറ്റ മുബാറക്ക്‌ സാദത്തിന്റെ നയങ്ങളാണ്‌ പിന്തുടര്‍ന്നത്‌. സാദത്തും മുബാറക്കും ഈജിപ്‌ഷ്യന്‍ ഉത്‌പാദനവ്യവസ്ഥയെ തകര്‍ത്തെന്നും തത്‌സ്ഥാനത്തു പ്രതിഷ്‌ഠിച്ചത്‌ തികച്ചും അസന്തുലിതമായ ഒരു സമ്പദ്‌പദ്ധതിയാണെന്ന്‌ ഇടതുപക്ഷ ചിന്തകനായ സമീര്‍ അമീന്‍ നിരീക്ഷിക്കുന്നു. കാലാകാലങ്ങളില്‍ നാമമാത്രമായ തിരഞ്ഞെടുപ്പ്‌ നടത്തി പ്രസിഡന്റായി തുടര്‍ന്ന മുബാറക്ക്‌, മുഹമ്മദ്‌ അലിക്കുശേഷം ഏറ്റവും ദീര്‍ഘകാലം ഈജിപ്‌തില്‍ അധികാരത്തിലിരുന്ന നേതാവാണ്‌. യു.എസ്സിനു അനുഗുണമായി വിദേശനയം രൂപപ്പെടുത്തിയ മുബാറക്ക്‌ അമേരിക്കയുടെ ദത്തുപുത്രന്‍ എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടത്‌.

സാദത്തിന്റെ വധത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ 2011 വരെ തുടര്‍ന്ന മുബാറക്ക്‌ ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ അനധികൃത അറസ്റ്റുകള്‍ നടത്തിയതും പൊതുജനങ്ങള്‍ക്ക്‌ സംഘടിക്കാനുള്ള അവകാശങ്ങള്‍ നിഷേധിച്ചതും ജനങ്ങളില്‍ അസ്വസ്ഥത ഉളവാക്കിയിരുന്നു.

ടുണീഷ്യയില്‍ ആരംഭിച്ച മുല്ലപ്പൂവിപ്ലവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ പ്രക്ഷോഭത്തിനിറങ്ങിയ ഈജിപ്‌ഷ്യന്‍ ജനത മുബാറക്കിന്റെ രാജിക്കു വേണ്ടിയാണ്‌ മുറവിളി കൂട്ടിയത്‌.

അഴിമതി, സാമ്പത്തിക അസമത്വം, രൂക്ഷമായ തൊഴിലില്ലായ്‌മ എന്നിവ ജനങ്ങളെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക്‌ നയിച്ച ഘടകങ്ങളാണ്‌. മുബാറക്കിനെ അമേരിക്ക കൈയൊഴിയുകയും സൈന്യം പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നിലപാടിനു വിസമ്മതിക്കുകയും ചെയ്‌തതോടെ മുബാറക്കിന്‌ അധികാരമൊഴിയേണ്ടി വന്നു. ഈജിപ്‌ഷ്യന്‍ വിപ്ലവത്തിന്റെ മുഖ്യ സംഘാടകര്‍ ഫെയ്‌സ്‌ ബുക്കുപോലുള്ള സൗഹൃദ വെബ്‌സൈറ്റുകളായിരുന്നു.

ഈജിപ്‌ഷ്യന്‍ വിപ്ലവത്തിനുശേഷം നടന്ന ആദ്യത്തെ സ്വതന്ത്ര പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും മുസ്‌ലിം ബ്രദര്‍ഹുഡാണ്‌ വിജയിച്ചത്‌. തുടര്‍ന്ന്‌ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡ്‌ നേതാവായ മുര്‍സി ജേതാവായി.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഈജിപ്‌ഷ്യന്‍ പ്രസിഡന്റായിരുന്നു ഇദ്ദേഹം. അറബ്‌ ലോകത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഇസ്‌ലാമിസ്റ്റ്‌ നേതാവുമാണ്‌ മുര്‍സി.

2013 ജൂല. 4-ന്‌ പ്രസിഡന്റ്‌ മൊഹമ്മദ്‌ മൂര്‍സിയെ പുറത്താക്കിക്കൊണ്ട്‌ പട്ടാളം അധികാരം പിടിച്ചെടുത്തു. തുടര്‍ന്ന്‌ സൈന്യത്തിന്റെ നിര്‍ദേശപ്രകാരം ഭരണഘടനാക്കോടതിയിലെ ചീഫ്‌ ജസ്റ്റിസ്‌ ആദ്‌ലി മഹമൂദ്‌ മന്‍സൂര്‍ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റു.

സമ്പദ്‌ഘടന

സേവന മേഖലയില്‍ നിന്നുള്ള വരുമാനമാണ്‌ സമ്പദ്‌ഘടനയുടെ അടിസ്ഥാന സ്രാതസ്സ്‌. കാര്‍ഷിക മേഖല 40 ശതമാനത്തോളം പേര്‍ക്ക്‌ തൊഴിലവസരം നല്‍കുന്നു. വിദേശനാണ്യസമ്പാദനത്തിലും കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ ഗണ്യമായ സ്ഥാനമുണ്ട്‌. നാണ്യവിളകളാണ്‌ കൂടുതലായി കൃഷിചെയ്‌തു വരുന്നത്‌; പരുത്തിയാണ്‌ പ്രധാന വിള. ചോളം, നെല്ല്‌, മില്ലറ്റ്‌, പയറുവര്‍ഗങ്ങള്‍, ഗോതമ്പ്‌ എന്നിവ ധാരാളമായി കൃഷി ചെയ്യപ്പെടുന്നുവെങ്കിലും ഭക്ഷ്യധാന്യങ്ങളില്‍ സ്വയംപര്യാപ്‌തമല്ലാത്ത അവസ്ഥയാണുള്ളത്‌. കരിമ്പ്‌, ഉരുളക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവയും ഫലവര്‍ഗങ്ങളുമാണ്‌ ഇതര വിളകള്‍. നാരങ്ങയും ഈന്തപ്പഴവും കയറ്റുമതിയിനങ്ങളില്‍പ്പെടുന്നു.

1980-കളിലുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ, അന്താരാഷ്‌ട്ര നാണയ നിധി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കി. തുടര്‍ന്ന്‌ സമ്പദ്‌ഘടന, ഘടനാപരമായ മാറ്റങ്ങള്‍ക്കു വിധേയമാവുകയും 90-കളുടെ അന്ത്യത്തോടെ സര്‍ക്കാര്‍ നിയന്ത്രിത വ്യവസായ സംരംഭങ്ങളില്‍ 50 ശതമാനവും സ്വകാര്യവത്‌കരണത്തിനു വിധേയമാവുകയും ചെയ്‌തു. 2004-ല്‍ രാജ്യത്ത്‌ ഉദാരീകരണത്തിന്‌ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വിദേശ നിക്ഷേപത്തിന്‌ പ്രാത്സാഹനം നല്‍കുകയും ചെയ്‌തു. 1998-നുശേഷം 2008-ല്‍ ആദ്യമായി സാമ്പത്തിക വളര്‍ച്ച 8 ശതമാനമായി ഉയര്‍ന്നു. ഉദാരവത്‌കരണ നയങ്ങളിലൂടെ സാമ്പത്തികവളര്‍ച്ചയില്‍ വര്‍ധനവ്‌ ഉണ്ടായെങ്കിലും വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരനിലേക്ക്‌ എത്തിയില്ല. 2012 നവംബറില്‍ അന്താരാഷ്‌ട്ര നാണയനിധി അനുവദിച്ച 480 മില്യണ്‍ ഡോളര്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും സഹായകരമാകുമെന്ന്‌ കരുതപ്പെടുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യ വസ്‌തുക്കളുടെ വില വര്‍ധനയും അവയുടെ ആഭ്യന്തര ചോദനയും രാജ്യം നേരിടുന്ന സമീപകാല സമ്മര്‍ദങ്ങളാണ്‌. സിമന്റ്‌, പെട്രാളിയം, ക്രൂഡ്‌ സ്റ്റീല്‍, ഭക്ഷ്യസംസ്‌കരണം, രാസദ്രവ്യങ്ങള്‍, തുണിനെയ്‌ത്ത്‌, മോട്ടോര്‍ വാഹനങ്ങള്‍, വാസ്‌തുസാമഗ്രികള്‍ തുടങ്ങിയവയാണ്‌ രാജ്യത്തെ പ്രമുഖ വ്യവസായ സംരംഭങ്ങള്‍. പരുത്തിനൂല്‌, പഞ്ചസാര, ഭക്ഷ്യയെച്ചകള്‍, സിഗരറ്റ്‌, രാസവളം എന്നിവയാണ്‌ പ്രധാന ഉത്‌പന്നങ്ങള്‍. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്‌തുക്കള്‍, യന്ത്രസാമഗ്രികള്‍, മെറ്റല്‍ ഉത്‌പന്നങ്ങള്‍ എന്നിവയാണ്‌ പ്രധാന ഇറക്കുമതി. ഭക്ഷ്യധാന്യങ്ങളാണ്‌ മറ്റൊരിനം. പരുത്തി, അസംസ്‌കൃത എച്ച, സിമന്റ്‌, ഫോസ്‌ഫേറ്റ്‌ തുടങ്ങിയവയും ഉള്ളി, വെളുത്തുള്ളി, നാരങ്ങ മുതലായ കാര്‍ഷികോത്‌പന്നങ്ങളും കയറ്റിഅയയ്‌ക്കപ്പെടുന്നുണ്ട്‌.

ഗതാഗതം

2006 വരെയുള്ള കണക്കുകള്‍ പ്രകാരം 99,672 കി.മീ. റോഡാണ്‌ രാജ്യത്തുള്ളത്‌. സിനായ്‌-സൂയസ്‌ കനാല്‍ ലിങ്ക്‌റോഡ്‌ 1996-ല്‍ പ്രവര്‍ത്തനക്ഷമമായി. രാജ്യത്താകെയായി 5,063 കി.മീ. റെയില്‍പ്പാതയുണ്ട്‌. കെയ്‌റോയില്‍ മെട്രാറെയിലും കെയ്‌റോ, ഹെലിപോളിസ്‌, അലക്‌സാന്‍ഡ്രിയ എന്നിവിടങ്ങളില്‍ ട്രാം സര്‍വീസും നിലവിലുണ്ട്‌.

വ്യോമയാന ഗതാഗതത്തില്‍ വന്‍ പുരോഗതി കൈവരിച്ചിട്ടുള്ള ഈജിപ്‌തില്‍, കെയ്‌റോ, ലക്‌സര്‍, അലക്‌സാണ്ട്രിയ, ഹുര്‍ഗാഡാ, ഷറാം-എല്‍-ഷെയ്‌ക്‌ എന്നിവിടങ്ങളില്‍ രാജ്യാന്തര വിമാനത്താവളങ്ങള്‍ സ്ഥിതിചെയ്യുന്നു. കപ്പല്‍ ഗതാഗതവും സജീവമാണ്‌. അഡാബേയ, അലക്‌സാണ്ട്രിയ, ഡമെയ്‌ട്ടാ, ഡെക്കേയ്‌ലാ, സയ്‌ദ്‌, സോഖ്‌ന തുടങ്ങിയവയാണ്‌ രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍.

ജലഗതാഗത രംഗത്തെ പ്രധാന പാതയായ സൂയസ്‌ കനാല്‍ 1956 ജൂണില്‍ ദേശസാത്‌കരിച്ചു. പ്രതിവര്‍ഷം ഇരുപതിനായിരത്തോളം ജലവാഹിനികള്‍ ഇതിലൂടെ കടന്നു പോകുന്നതായി കണക്കാക്കുന്നു.

ഭരണസംവിധാനം

മൊഹമ്മദ്‌ മൂര്‍സി

2011-ന്റെ തുടക്കത്തില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തെത്തുടര്‍ന്ന്‌ പ്രസിഡന്റ്‌ ഹൊസ്‌നി മുബാറക്കിന്‌ തന്റെ സ്വേച്ഛാധിപത്യ വാഴ്‌ച അവസാനിപ്പിക്കേണ്ടിവന്നു. മുബാറക്കിന്റെ പിന്‍വാങ്ങലിനുശേഷം ഈജിപ്‌ഷ്യന്‍ പാര്‍ലമെന്റ്‌ പിരിച്ചുവിടപ്പെടുകയും രാജ്യത്തെ ഭരണഘടന സസ്‌പെന്റ്‌ ചെയ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ രാജ്യത്ത്‌ മറ്റൊരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പ്‌ നടക്കുംവരെ ഭരണത്തിന്‌ മേല്‍നോട്ടം വഹിക്കുവാന്‍ ഈജിപ്‌ഷ്യന്‍ സൈന്യത്തിന്റെ സുപ്രീം കൗണ്‍സില്‍ തീരുമാനിച്ചു.

2011 നവംബറിനും 2012 ജനുവരിക്കും മധ്യേ നടന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ബ്രദര്‍ഹുഡ്‌ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തപ്പെട്ടതിന്റെ പകുതിയോളം വോട്ടുകള്‍ സ്വന്തമാക്കി.

2012 ജനുവരിയില്‍ പാര്‍ലമെന്റിന്റെ അധോമണ്ഡലസഭയായ പീപ്പിള്‍സ്‌ അസംബ്ലിയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക്‌ സൈന്യം അധികാരം കൈമാറി. എന്നാല്‍, കോടതി പീപ്പിള്‍സ്‌ അസംബ്ലി പിരിച്ചുവിട്ടു.

അധികാരത്തിലേറിയവരില്‍ ഭൂരിപക്ഷവും ഇസ്‌ലാമിക വിഭാഗക്കാര്‍ തന്നെയാകുന്നത്‌ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പിരിച്ചുവിടല്‍ നടപടി. തുടര്‍ന്ന്‌ 2012 ജൂണില്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നടന്ന രാജ്യത്തെ ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ബ്രദര്‍ഹുഡ്‌ പ്രതിനിധിയായ മൂര്‍സി വിജയം സ്വന്തമാക്കി.

രാജ്യത്തെ ലിബറല്‍ ഇടതുപക്ഷ വിഭാഗങ്ങളുടെയും ക്രിസ്‌തുമതക്കാരുടെ എതിര്‍പ്പുകളെയും മറികടന്ന്‌ ഇസ്‌ലാംമതവിഭാഗങ്ങള്‍ക്ക്‌ ആധിപത്യമുള്ള ഭരണഘടന അസംബ്ലി, 234 വകുപ്പുകള്‍ ഉള്ള ഭരണഘടനയുടെ കരട്‌ രൂപത്തിന്‌ അംഗീകാരം നല്‍കി.

2012 ഡി. 15-ന്‌ കരട്‌ ഭരണഘടനയ്‌ക്കുമേല്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിക നിയമങ്ങള്‍ക്കു വിധേയമായ പരിഷ്‌കാരങ്ങളെ അനുകൂലിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഈജിപ്‌ത്‌ ഇസ്‌ലാമിക രാഷ്‌ട്രമാണെന്ന്‌ പ്രഖ്യാപിക്കുന്ന പുതിയ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി രാജ്യം പാര്‍ലമെന്ററി തിരഞ്ഞെടുപ്പിന്‌ ഒരുങ്ങവേ 2013 ജൂലൈയില്‍ മൂര്‍സിയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത പട്ടാളം ഭരണഘടന സസ്‌പെന്‍ഡ്‌ ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍