This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടമത്തുകവികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുട്ടമത്തുകവികള്‍)
(കുട്ടമത്തുകവികള്‍)
വരി 1: വരി 1:
== കുട്ടമത്തുകവികള്‍ ==
== കുട്ടമത്തുകവികള്‍ ==
-
[[ചിത്രം:Vol7p624_Kuttamathu Kunniyooru Kunjikrishna kurupu.jpg|thumb|കുട്ടമത്തു കുന്നിയൂർ]]
+
[[ചിത്രം:Vol7p624_Kuttamathu Kunniyooru Kunjikrishna kurupu.jpg|thumb|കുട്ടമത്തു കുന്നിയൂർ
 +
കുഞ്ഞിക്കൃഷ്‌ണക്കുറുപ്പ്‌]]
കുട്ടമത്തു കുന്നിയൂർ കുടുംബത്തിലെ കവിപരമ്പരയിൽപ്പെട്ട സാഹിത്യകാരന്മാർ.
കുട്ടമത്തു കുന്നിയൂർ കുടുംബത്തിലെ കവിപരമ്പരയിൽപ്പെട്ട സാഹിത്യകാരന്മാർ.

16:29, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടമത്തുകവികള്‍

കുട്ടമത്തു കുന്നിയൂർ കുഞ്ഞിക്കൃഷ്‌ണക്കുറുപ്പ്‌

കുട്ടമത്തു കുന്നിയൂർ കുടുംബത്തിലെ കവിപരമ്പരയിൽപ്പെട്ട സാഹിത്യകാരന്മാർ.

ഉത്തരകേരളത്തിന്റെ സാംസ്‌കാരിക പ്രവർത്തനങ്ങള്‍ക്ക്‌ ഒരു നൂറ്റാണ്ടിലേറെക്കാലം നേതൃത്വം കൊടുക്കുകയും നിരവധി ഉത്‌കൃഷ്‌ട കൃതികള്‍കൊണ്ടു കാവ്യകൈരളിയെ സമ്പന്നയാക്കുകയും ചെയ്‌ത വാസനാസമ്പന്നരും പണ്ഡിതരുമായ കവികള്‍ ആയിരുന്നു ഇവർ. കുട്ടമത്തു കവികളിൽ നടുനായകമെന്നു വിശേഷിപ്പിക്കാവുന്ന മഹാകവിയാണ്‌ കുട്ടമത്തു കുന്നിയൂർ കുഞ്ഞിക്കൃഷ്‌ണക്കുറുപ്പ്‌. ആധുനിക സാഹിത്യസ്രഷ്‌ട്രാക്കളെന്നു പ്രശസ്‌തിനേടിയ കവിത്രയത്തിന്റെ സമകാലികനാണിദ്ദേഹം. കു.കു.കു.കു. എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളെയും വിലയിരുത്തുന്നതിനു മുമ്പ്‌ തത്‌പൂർവികരായ പത്തോളം കുട്ടമത്തു കവികളും സ്‌മരണയർഹിക്കുന്നു.

കണ്ണൂർ ജില്ലയിൽ ഹോസ്‌ദുർഗ്‌ താലൂക്കിൽ ചെറുവത്തൂരംശത്തിൽ കുട്ടമത്തു ദേശത്ത്‌ കുന്നിയൂർ കുടുംബത്തിൽപ്പെട്ടവരാണ്‌ ഈ കവികളെല്ലാവരും.

വൈദ്യം കുലത്തൊഴിലായി അംഗീകരിച്ചിരുന്ന തറവാട്ടിനു സ്വത്തും തലമുറയ്‌ക്ക്‌ സാഹിത്യാഭിരുചിയും സമ്പാദിച്ചുകൊടുത്ത കുടുംബസ്ഥാപകനായ ഉണിച്ചിണ്ടക്കുറുപ്പിന്റെ കാലശേഷം വൈദ്യശാസ്‌ത്രപണ്ഡിതനായ വലിയ കൃഷ്‌ണക്കുറുപ്പും വിഷചികിത്സാവിദഗ്‌ധനായ ബാലകൃഷ്‌ണക്കുറുപ്പും കുടുംബകാരണവന്മാരായി. ഇവരുടെ അനന്തരവനാണ്‌ ജ്യോതിശ്ശാസ്‌ത്രപാരംഗതനും വൈയാകരണനും പണ്ഡിതനുമായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പ്‌. തുടർന്ന്‌ ആ കുടുംബത്തിൽനിന്ന്‌ പ്രസിദ്ധിയിലേക്കുയർന്ന കവികളുടെയും പണ്ഡിതന്മാരുടെയും കൂട്ടത്തിൽ ചെറിയ രാമക്കുറുപ്പ്‌, കുഞ്ഞിക്കേളുക്കുറുപ്പ്‌, കൃഷ്‌ണക്കുറുപ്പ്‌, കൊച്ചുഗോവിന്ദക്കുറുപ്പ്‌, കുഞ്ഞിഗോവിന്ദക്കുറുപ്പ്‌ എന്നിവർ ഉള്‍പ്പെടുന്നു. കൂട്ടത്തിൽ എടുത്തുപറയേണ്ട വ്യക്തിത്വമാർജിച്ച ഒരാളാണ്‌ കുഞ്ഞുണ്ണിക്കുറുപ്പ്‌.

സംസ്‌കൃത പണ്ഡിതനായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പ്‌ (1813-85) സമുദ്രമാലാ കർത്താവായ ശങ്കരവർമത്തമ്പുരാന്റെയും കുന്നിയൂർ ശ്രീദേവിക്കെട്ടിലമ്മയുടെയും പുത്രനാണ്‌. അച്ഛനമ്മമാരുടെ കലാപാരമ്പര്യം ഇദ്ദേഹത്തിനു പൂർണമായും സിദ്ധിച്ചിരുന്നു. ദേവീമാഹാത്മ്യം, കപോതസന്ദേശം, വ്യാസോത്‌പത്തി, രതിപ്രദീപിക തുടങ്ങിയ സംസ്‌കൃതകൃതികളുടെ പ്രണേതാവെന്ന നിലയിൽ കുഞ്ഞുണ്ണിക്കുറുപ്പ്‌ പ്രസിദ്ധനാണ്‌. കോലത്തുനാട്ടു രാജകുടുംബത്തിന്റെ പരദേവതയായ മാടായിക്കുന്നിലെ ഭഗവതിയെക്കുറിച്ചുള്ള ദേവീമാഹാത്മ്യം പന്ത്രണ്ടു സർഗങ്ങളടങ്ങിയ ഒരു ഉത്തമ സംസ്‌കൃതകാവ്യമായി പരിലസിക്കുന്നു. കുട്ടമത്തു കുന്നിയൂർ സാഹിത്യസമുച്ചയത്തിലെ ഒന്നാമത്തേതായ ഈ കൃതി രചനാശില്‌പത്തിലും കലാഭംഗിയിലും മേന്മയേറിയതാണ്‌.

കുഞ്ഞുണ്ണിക്കുറുപ്പിന്റെ ഭാഗിനേയന്‍ ചെറിയ രാമക്കുറുപ്പ്‌ (1847-1906) കാവ്യനാടകാലങ്കാരാദികളിൽ മികച്ച പ്രാവീണ്യം നേടിയിരുന്നു. ലക്ഷ്‌മിയമ്മയുടെയും പാച്ച ഇല്ലത്തു വിഷ്‌ണുനമ്പൂതിരിയുടെയും പുത്രനാണിദ്ദേഹം. തികഞ്ഞ വാസനയും നിറഞ്ഞ ഭാവനയുമുള്ള ഇദ്ദേഹത്തിന്റെ കൃതികള്‍ യമകാലങ്കൃതങ്ങളും ശബ്‌ദചിത്രജടിലങ്ങളുമാണ്‌. വൈദ്യവിഷയത്തിൽ ഇദ്ദേഹം നേടിയിട്ടുള്ള പദവി അസൂയാവഹമാണ്‌.

സംസ്‌കൃതത്തിലും മലയാളത്തിലുമായി രാമക്കുറുപ്പ്‌ ഒരു ഡസനിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്‌. സുഭദ്രാഹരണം കാവ്യം, ഗോപാലകേളി, ഗോവിന്ദശതകം, ആനന്ദജനനി, സാരസ്വതം, ലക്ഷ്‌മീപ്രശസ്‌തി, ഗിരികന്യാഷ്‌ടകം, ദേവീസ്‌തോത്രം, മഹാബലാഷ്‌ടകം, ശിവസ്‌തോത്രം, ധാന്വന്തരം, മൃത്യുഞ്‌ജയ മുകുന്ദ സ്‌തോത്രം എന്നീ സ്‌തോത്രഗ്രന്ഥങ്ങളും രുക്‌മിണീസ്വയംവരം, സീതാസ്വയംവരം എന്നീ യമകകാവ്യങ്ങളും സംസ്‌കൃതകൃതികളാണ്‌. പന്ത്രണ്ട്‌ അധ്യായങ്ങളുള്ള ഒരു ബൃഹദ്‌വൈദ്യഗ്രന്ഥമാണ്‌ സർവഗരളമോചനം. മലയാളത്തിൽ കേശിവധം, കംസവധം, ശ്രീരാമാവതാരം, കൃഷ്‌ണാവതാരം, പൂതനാമോക്ഷം, അഹല്യാമോക്ഷം എന്നീ കൃതികളും രാമക്കുറുപ്പ്‌ രചിച്ചിട്ടുണ്ട്‌.

കുട്ടമത്തു കുഞ്ഞിക്കേളുക്കുറുപ്പ്‌ (1863-1925) ചെറിയ രാമക്കുറുപ്പിന്റെ സഹോദരനും ശിഷ്യനുമാണ്‌. വൈദ്യനെന്ന നിലയിലാണ്‌ ഇദ്ദേഹത്തിനു കൂടുതൽ പ്രസിദ്ധി. സംസ്‌കൃതത്തിലും മലയാളത്തിലും ഒരുപോലെ കാവ്യരചനാവൈഭവമുണ്ടായിരുന്ന കുഞ്ഞിക്കേളുക്കുറുപ്പിന്‌ മറ്റു കുട്ടമത്തു കവികളെക്കാള്‍ ജനപ്രീതി നേടാന്‍ കഴിഞ്ഞതു തുള്ളൽപ്രസ്ഥാനത്തോടുള്ള ഇദ്ദേഹത്തിന്റെ ആഭിമുഖ്യംമൂലമായിരിക്കണം. ഒരു തുള്ളൽക്കളിയോഗവും ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു. ഖരവധം, സീതാസ്വയംവരം, സീമന്തിനീസ്വയംവരം, കുചേലഗോപാലം, ശങ്കരാചാര്യ ചരിതം, രാധാമാധവം എന്നീ ഓട്ടന്‍തുള്ളലുകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഫലിതപ്രിയനാണ്‌ ഇദ്ദേഹമെന്നതിന്‌ ഈ കൃതികള്‍ ദൃഷ്‌ടാന്തമാണ്‌.

കുട്ടമത്ത്‌ കുഞ്ഞമ്പുക്കുറുപ്പ്‌ (1857-1911) ചെറിയ രാമക്കുറുപ്പിന്റെ മറ്റൊരു ഭാഗിനേയനാണ്‌. ഉഭയഭാഷാ പണ്ഡിതനാണെങ്കിലും ഇദ്ദേഹത്തിന്റെ കൃതികള്‍ സാധാരണക്കാർക്ക്‌ അത്ര പ്രിയങ്കരമല്ല. കീർത്തിഭൂഷണ ചരിത്രം എന്ന കാവ്യവും ഉഷാനിരുദ്ധം, വൈദർഭീവാസുദേവം, അംശുമതീധർമഗുപ്‌തം എന്നീ നാടകങ്ങളുമാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. വർണനകളും സാരോപദേശങ്ങളും രചനാസൗകുമാര്യവും നിറഞ്ഞുനിൽക്കുന്നതും സ്വകപോല കല്‌പിതമായ ഇതിവൃത്തമടങ്ങിയതുമായ ഒരു കൃതിയാണ്‌ കീർത്തിഭൂഷണചരിത്രം. മുന്നൂറിലധികം ശ്ലോകങ്ങള്‍ ഈ കാവ്യത്തിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ രുക്‌മിണീസ്വയംവരം (മണിപ്രവാളകാവ്യം), ബുദ്ധജനനം (ഓട്ടന്‍തുള്ളൽ) എന്നീ കൃതികള്‍ കൂടി അടുത്തകാലത്ത്‌ ഇദ്ദേഹത്തിന്റേതായി കണ്ടുകിട്ടിയിട്ടുണ്ട്‌.

വളരെ പ്രസിദ്ധരല്ലെങ്കിലും അനന്തര തലമുറയിൽപ്പെട്ട കൃഷ്‌ണക്കുറുപ്പ്‌, നാരായണക്കുറുപ്പ്‌, കുഞ്ഞിശങ്കരക്കുറുപ്പ്‌, വൈദ്യർ നാരായണക്കുറുപ്പ്‌, കരുണാകരക്കുറുപ്പ്‌ എന്നിവരുടെ പേരുകളും സ്‌മരണീയമാണ്‌.

കുഞ്ഞിക്കൃഷ്‌ണക്കുറുപ്പ്‌, കുട്ടമത്തു കുന്നിയൂർ. കുട്ടമത്തു കവികളിൽ ഏറ്റവും വിശ്രുതനും ശ്രഷ്‌ഠനും മഹാകവിയായി അംഗീകാരം നേടിയ ഭാവനാസമ്പന്നനും ആണ്‌ കുഞ്ഞിക്കൃഷ്‌ണക്കുറുപ്പ്‌ (1881-1944). ചെറിയ രാമക്കുറുപ്പിന്റെ അനന്തരവനും കുഞ്ഞമ്പുക്കുറുപ്പിന്റെ അനുജനുമാണിദ്ദേഹം. ദേവകിയമ്മയാണ്‌ മാതാവ്‌. വേങ്ങാട്ടു ഉദയവർമന്‍ ഉണിത്തിരി (ഉണ്ണമ്മനുണിത്തിരി) പിതാവും. മാതാപിതാക്കള്‍ക്കു പാരമ്പര്യമായി കലാവാസനയും സാംസ്‌കാരികബോധവും ഉണ്ടായിരുന്നു. പിതൃഗൃഹത്തിനു സമീപമുള്ള കരിവള്ളൂർ ഗ്രാമവിദ്യാലയത്തിൽ കുഞ്ഞിക്കൃഷ്‌ണക്കുറുപ്പ്‌ പ്രാഥമിക വിദ്യാഭ്യാസം നടത്തി. നാരു ഉണിത്തിരിയാണ്‌ സംസ്‌കൃതം പഠിപ്പിച്ചത്‌. ഒടുവിൽ പ്രസിദ്ധരായ മാതുലന്മാരുടെ അടുക്കൽനിന്നു കുഞ്ഞിക്കൃഷ്‌ണക്കുറുപ്പ്‌ കാവ്യനാടകാലങ്കാരാദികള്‍ പഠിച്ച്‌ അഗാധമായ പാണ്ഡിത്യം നേടി.

ആയുർവേദത്തിലും ശാസ്‌ത്രകലകളിലും ഒരുപോലെ വൈദുഷ്യം നേടിയിരുന്ന കുഞ്ഞിക്കൃഷ്‌ണക്കുറുപ്പിന്‌ തന്റെ കവിതാവാസന പൂർണമായും വളർത്തിയെടുക്കുന്ന കാര്യത്തിൽ കൂടുതൽ പ്രചോദനം ലഭിച്ചിരുന്നതു ചെറിയ രാമക്കുറുപ്പിൽ നിന്നുതന്നെയാണ്‌. കാളിയമർദനം എന്ന തന്റെ യമകകാവ്യത്തിന്റെ പ്രസ്‌താവനയിൽ ഇദ്ദേഹം ആ സംഗതി അനുസ്‌മരിച്ചിട്ടുണ്ട്‌. സംസ്‌കൃത പാണ്ഡിത്യത്തിലുള്ള അവഗാഹമാണ്‌ ഇദ്ദേഹത്തെ കുട്ടമത്തു കവികളുടെ നടുനായകമാക്കിത്തീർത്തത്‌. കലയ്‌ക്കും സാഹിത്യത്തിനും ആതുരസംരക്ഷണമെന്ന നിലയിൽ വൈദ്യചികിത്സയ്‌ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചതാണ്‌ ഇദ്ദേഹത്തിന്റെ മഹത്ത്വത്തിനു നിദാനം.

കുഞ്ഞിക്കൃഷ്‌ണക്കുറുപ്പിനു സാഹിത്യത്തിൽ മാത്രമല്ല, സംഗീതത്തിലും സ്വതഃസിദ്ധമായ വാസനയുണ്ടായിരുന്നു. ദേവയാനീചരിതം സംഗീതനാടകത്തിൽ അതിനുള്ള തെളിവുകള്‍ ധാരാളമുണ്ട്‌. എം.കെ. കുഞ്ഞിരാമന്‍ വൈദ്യർ പുതുതായി ആരംഭിച്ച കേരളചന്ദ്രിക എന്ന മാസികയുടെ പത്രാധിപത്യം ഇദ്ദേഹം ഏറ്റെടുത്തു കുറേക്കാലം നടത്തി. നീലേശ്വരം രാജാസ്‌ ഹൈസ്‌കൂളിലെ മലയാളപണ്ഡിതനായി പ്രവർത്തിച്ചപ്പോള്‍ ഹരിശ്ചന്ദ്രന്‍, ബാലഗോപാലന്‍ തുടങ്ങിയ നാടകങ്ങള്‍ എഴുതി കുട്ടികളെക്കൊണ്ടു അഭിനയിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ പ്രസിദ്ധി നാടെങ്ങും പരന്നു. സ്വന്തം പരിശ്രമംകൊണ്ടു മാത്രമേ ആർക്കും വളരാനും വികസിക്കാനും സാധിക്കൂ എന്നു വ്യക്തമായി ധരിച്ച കുഞ്ഞിക്കൃഷ്‌ണക്കുറുപ്പിന്റെ ജീവിതത്തിൽ 1926 മുതൽ 44 വരെയുള്ള കാലഘട്ടം ഒരു തപസ്യതന്നെയായിരുന്നു.

മഹാകവിയുടെ അനന്തരവനും സന്തതസഹചാരിയുമായിരുന്ന വിദ്വാന്‍ കെ.കെ. കുട്ടമത്തിന്റെ അടുപ്പവും സഹവാസവും ഇദ്ദേഹത്തിന്റെ ഭാവനയും കാവ്യസിദ്ധിയും പ്രാത്സാഹിപ്പിച്ചു. കാവ്യരചനയിൽ പുതിയ മേഖലകള്‍ കണ്ടെത്താനും കാവ്യശില്‌പത്തിന്റെ കാന്തിയും മൂല്യവും വർധിപ്പിക്കാനും ഈ സന്ദർഭം ഇദ്ദേഹം ശരിക്കും പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. മഹാകവി കുഞ്ഞിക്കൃഷ്‌ണക്കുറുപ്പിന്റേതായി കൈരളിക്കു സിദ്ധിച്ചിട്ടുള്ളത്‌ യോഗവാസിഷ്‌ഠം, കാളിയമർദനം (യമകകാവ്യം), ദേവയാനീചരിതം, ബാലഗോപാലന്‍, നചികേതസ്‌, ധ്രുവമാധവം, ഹരിശ്ചന്ദ്രന്‍, അദ്‌ഭുതപാരണ (സംഗീതനാടകങ്ങള്‍), ചിത്രാന്തരങ്ങള്‍ (ഗദ്യദൃശ്യങ്ങള്‍), ബാലഗോപാലന്‍ (ആട്ടക്കഥ), ശ്രീരാമകൃഷ്‌ണഗീത, മൂകാംബികാപുരാണം, കപിലോപാഖ്യാനം (കിളിപ്പാട്ടുകള്‍), ഇളംതളിരുകള്‍, അമൃതരശ്‌മി (ഖണ്ഡകൃതികള്‍), സുദർശനന്‍ (ഗദ്യകഥ), മൂകാംബികാഷോഡശി, അനുഭൂതിമഞ്‌ജരി (സ്‌തോത്രങ്ങള്‍), ശ്രീദേവീചരണാമൃതം (ഭാഷാകൃതി), ശ്രീരാമകൃഷ്‌ണഭാഗവതം (അപൂർണം) എന്നീ 20 കൃതികളാണ്‌.

കുട്ടമത്ത്‌ മഹാകവി നൂറുശതമാനവും പാരമ്പര്യത്തിന്റെ സന്തതിയാണ്‌. ഇദ്ദേഹത്തെ ആർഷഭാരതപാരമ്പര്യം ആവേശം കൊള്ളിച്ചു. അതുകൊണ്ടുതന്നെ ഇദ്ദേഹം ആധ്യാത്മികതത്ത്വങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്‌തു. പുരുഷാർഥങ്ങളിൽ ഇദ്ദേഹം അധികം വിലമതിച്ചത്‌ ധർമത്തെ ആയിരുന്നു. മാനവസ്‌നേഹത്തിനും ആദർശമഹത്ത്വത്തിനും മാനുഷികമൂല്യത്തിനും വേണ്ടി ഇദ്ദേഹം തൂലിക ചലിപ്പിച്ചിരുന്നുവെന്നുള്ളതിനു കൃതികള്‍ സാക്ഷ്യംവഹിക്കുന്നു. എന്തുകൊണ്ടോ പാശ്ചാത്യചിന്താധാരകള്‍ ഇദ്ദേഹത്തിന്റെ കവിതകളിൽ വളരെയൊന്നും സ്വാധീനത ചെലുത്തിയിട്ടില്ല. ഒരു പക്ഷേ ഇതുകൊണ്ടായിരിക്കാം ആധുനിക മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കവി ഇദ്ദേഹമായത്‌. എങ്കിലും കാലഘട്ടത്തിന്റെ സ്വാധീനത ഇദ്ദേഹത്തിൽ കണക്കിലധികം ഉണ്ടായിരുന്നു.

മഹാകവി തികഞ്ഞ ആസ്‌തികനും ശ്രീകൃഷ്‌ണോപാസകനും ദേവീഭക്തനുമായിരുന്നു; പലപ്പോഴും ഭക്തകവിയുടെ നിലവാരത്തിലേക്ക്‌ ഉയർന്നിട്ടുണ്ട്‌. ഭാഗവതവും ഭഗവദ്‌ഗീതയും പതിവായി പാരായണം ചെയ്‌തിരുന്ന ഇദ്ദേഹത്തിന്‌ വിവിധ വിഷയങ്ങളെക്കുറിച്ചുണ്ടായിരുന്ന വിജ്ഞാനം അപരിമിതമായിരുന്നു. നവീനങ്ങളും പ്രാചീനങ്ങളുമായി ആശയഗതികള്‍ ഇദ്ദേഹത്തിന്റെ കൃതികളിൽ വ്യക്തമായി കാണാം. മഹാത്മാഗാന്ധിയെ ആദരിച്ചാരാധിച്ചിരുന്ന ഇദ്ദേഹം സാമ്പത്തികാടിസ്ഥാനത്തിലുള്ള ഉച്ചനീചത്വങ്ങള്‍ക്കും ജാതിവ്യത്യാസത്തിനും എതിരായി ധാർമികരോഷം പ്രകടിപ്പിച്ചിരുന്നു. ദേശാഭിമാനത്തിലും ഭാഷാഭിമാനത്തിലും സമുദായാഭിമാനത്തിലുമെല്ലാം ഇദ്ദേഹം അദ്വിതീയനായിരുന്നു. അർഥപ്രൗഢി, ആശയധാടി, അലങ്കാരമോടി തുടങ്ങിയ മേന്മകള്‍ ഇദ്ദേഹത്തിന്റെ കാവ്യരീതിയുടെ പ്രത്യേകതയായി പരിഗണിക്കാം. "നിസർഗജമായ വാസനാവിശേഷത്തെ നിരന്തരമായ ഉത്സാഹംകൊണ്ടും നിസ്‌തന്ദ്രമായ പരിശ്രമംകൊണ്ടും എത്രമാത്രം പോഷിപ്പിക്കാമെന്ന്‌ ഇദ്ദേഹത്തിന്റെ സാഹിത്യജീവിതം പ്രഖ്യാപനം ചെയ്യുന്നു' എന്ന ഉള്ളൂരിന്റെ അഭിപ്രായം ഈ സന്ദർഭത്തിൽ പ്രസ്‌താവ്യമാണ്‌.

സംസ്‌കൃതഭാഷയിൽ യമകകാവ്യങ്ങള്‍ ധാരാളമുണ്ടെങ്കിലും മലയാളത്തിൽ യമകം മുക്തകങ്ങളിലല്ലാതെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആ കുറവു പരിഹരിച്ച മഹാകവിയാണ്‌ കുഞ്ഞിക്കൃഷ്‌ണക്കുറുപ്പ്‌. പതിനെട്ടാമത്തെ വയസ്സിൽ ഇദ്ദേഹമെഴുതിയ കാളിയമർദനത്തിലെ

""നളിനാളിജാര, നളി, നളിലിപ്പൊഴെന്‍-
	വരവാണിതെന്നു നരവാണി ചൊല്‌കവേ,
	മധുതന്നവാപ്‌തി മധു തന്നണച്ചിടും
	പതിവന്നുമാർന്നു പതി വന്നുദിക്കവേ.'' എന്ന ശ്ലോകവും. ബാലഗോപാലനിലെ 
""മഞ്ഞുപൊഴിഞ്ഞഴലേറ്റതിവേലം-
	മഞ്‌ജുളകമലം പോലിതുകാലം
	കുഞ്‌ജരഗാമിനി, നിന്മുഖമതുലം-
	കുണ്‌ഠതയേല്‌പാനെന്തൊരു മൂലം.''
 

എന്ന ശ്ലോകവും യമകപ്രയോഗത്തിൽ ഇദ്ദേഹത്തിനുള്ള അനിതരസാധാരണമായ സാമർഥ്യം പ്രകടമാക്കുന്നു. കുഞ്ഞിക്കൃഷ്‌ണക്കുറുപ്പിന്റെ ഭൂരിപക്ഷം കവിതകളും ഭക്തിഭാവനാമസൃണങ്ങളാണ്‌.

(ഡോ. വിജയാലയം ജയകുമാർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍