This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിങ്കാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരിങ്കാല്‍ == == Black quarter == കന്നുകാലികളെ ബാധിക്കുന്ന മാരകമായ ഒരിന...)
(പുതിയ താള്‍: == കരിങ്കാല്‍ == == Black quarter == കന്നുകാലികളെ ബാധിക്കുന്ന മാരകമായ ഒരിന...)
 

Current revision as of 04:47, 26 ജൂണ്‍ 2014

കരിങ്കാല്‍

Black quarter

കന്നുകാലികളെ ബാധിക്കുന്ന മാരകമായ ഒരിനം പകര്‍ച്ചവ്യാധി. "കരിങ്കൊറു' എന്നും ഇതിനു പേരുണ്ട്‌. ലോകത്തെല്ലായിടത്തുമുള്ള കാലിവര്‍ഗത്തിനും ഈ രോഗം പിടിപെട്ടിട്ടുള്ളതായി രേഖകളുണ്ട്‌. എന്നാല്‍ ശ്രദ്ധാപൂര്‍വമുള്ള പ്രതിരോധനടപടികളാല്‍ മിക്കവാറും എല്ലാ പരിഷ്‌കൃതരാജ്യങ്ങളിലും ഇത്‌ ഫലപ്രദമായി തടയപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ക്‌ളോസ്‌റ്റ്രീഡിയം ഷോവായ്‌, ക്‌ളോ. സെപ്‌റ്റിക്കം എന്നീ അണുക്കളാണ്‌ രോഗത്തിനു കാരണം. ഇവയ്‌ക്ക്‌ ജീവസന്ധാരണത്തിന്‌ അന്തരീക്ഷവായു ആവശ്യമില്ല (anaerobic). അണുനാശിനികളോ കാലാവസ്ഥാഭേദങ്ങള്‍ പോലുമോ ഇവയുടെ സ്‌പോറുകളെ നശിപ്പിക്കാന്‍ പര്യാപ്‌തമാകുന്നുമില്ല.

ശക്തി നശിക്കാതെ മണ്ണില്‍ക്കിടക്കുന്ന സ്‌പോറുകളാണ്‌ രോഗബാധയുണ്ടാക്കുന്നത്‌. പ്രായം കുറഞ്ഞ മാടുകളാണ്‌ പ്രധാനമായും ഇതിന്റെ ആക്രമണത്തിനു വിധേയമാകുക. രക്തത്തില്‍ കടന്നുകൂടുന്ന രോഗാണുക്കള്‍, തുടയിലെയും പിന്‍ഭാഗത്തെയും കൈകളിലെയും പേശികളില്‍ പാര്‍പ്പുറപ്പിച്ച്‌, പെരുകാനാരംഭിക്കുന്നു. ഇവ ഉത്‌പാദിപ്പിക്കുന്ന ഒരു പ്രത്യേകതരം വിഷവസ്‌തു മാംസപേശികളെ ദഹിപ്പിക്കാന്‍ കഴിവുള്ളതാണ്‌. ഈ വിഷം കലരുന്നതോടെ രോഗബാധയേറ്റ ഉരു മരണമടയുന്നു. രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതിനു മുമ്പു തന്നെ മാട്‌ മരിക്കുകയാണു പതിവ്‌. പിന്‍കാലില്‍ ഉണ്ടാകുന്ന മുടന്താണ്‌ പ്രധാന ലക്ഷണം. അപൂര്‍വമായി മുന്‍കാലിലും ഇതുണ്ടാകാറുണ്ട്‌. മുടന്തുള്ള കാലിന്റെ മുകള്‍ ഭാഗത്തായി നീരും, കടുത്ത പനിയും ഉണ്ടാകും. ആഹാരം കഴിക്കുകയോ അയവിറക്കുകയോ ചെയ്യുകയില്ല. നീര്‌ തുടക്കത്തില്‍ കടുത്ത വേദനയുള്ളതാണെങ്കിലും താമസിയാതെ വേദന ഇല്ലാതാകും. ഈ സമയത്ത്‌ ആ ഭാഗം അമര്‍ത്തി നോക്കിയാല്‍ ഉള്ളില്‍ വായു കുമിളകള്‍ നിറഞ്ഞിരിക്കുന്നതുപോലെ തോന്നും. ഇവിടെ തൊലി നിറം മാറി വിണ്ടുകീറുന്നു. നെഞ്ച്‌, അകിട്‌, നാക്കിന്റെ അടിഭാഗം എന്നിവിടങ്ങളിലും ഇപ്രകാരം നീരുണ്ടാകാറുണ്ട്‌. ലക്ഷണങ്ങള്‍ തുടങ്ങിയാല്‍ ഒന്നു രണ്ടു ദിവസത്തിനകം മരണം സംഭവിക്കും. തുടക്കത്തില്‍ത്തന്നെ രോഗനിര്‍ണയനം നടത്തി, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചു ചികിത്സിക്കുന്നപക്ഷം രോഗനിയന്ത്രണം സാധ്യമാകാറുണ്ട്‌. സിറം ഉപയോഗിച്ചുള്ള ചികിത്സയും ഫലപ്രദമായി അനുഭവപ്പെട്ടു വരുന്നു. ആറു മാസം മുതല്‍ രണ്ടു വയസ്സുവരെ പ്രായമുള്ള കന്നുകാലികള്‍ക്ക്‌ ആറു മാസത്തിലൊരിക്കല്‍ വീതം പ്രതിരോധകുത്തിവയ്‌പു നടത്തുന്നതായാല്‍ ഈ രോഗബാധ തടയാവുന്നതാണ്‌.

കേരളത്തില്‍ കുട്ടനാടന്‍ പ്രദേശങ്ങളിലാണ്‌ ഈ രോഗം അധികമായി കണ്ടുവന്നിരുന്നത്‌. അവിടത്തെ ചെളിനിറഞ്ഞ വളക്കൂറുള്ള മണ്ണാകണം ഇതിനു കാരണം. ഇപ്പോള്‍ ഈ രോഗം വളരെയധികം നിയന്ത്രിക്കപ്പെട്ടു കഴിഞ്ഞിരിക്കയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍