This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എംബ്രായിഡറി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Embroidery) |
Mksol (സംവാദം | സംഭാവനകള്‍) (→Embroidery) |
||
വരി 82: | വരി 82: | ||
സ്മോക്കിങ്. ആദ്യകാലത്ത് പാശ്ചാത്യനാടുകളിൽ സ്ത്രീകളുടെ അയഞ്ഞ അടിവസ്ത്രങ്ങള്‍ (smoke) അലങ്കരിക്കുന്നതിനാണ് ഈ തയ്യൽ ഉപയോഗിച്ചിരുന്നത്. അതിമനോഹരമായ ഒരുതരം തുന്നലാണിത്. 13-ഉം 14-ഉം നൂറ്റാണ്ടുകളിൽ യൂറോപ്പിൽ കടുത്ത വർണങ്ങളിലുള്ള നൂലും സ്വർണവും ഉപയോഗിച്ചാണ് സ്മോക്കിങ് ചെയ്തിരുന്നത്. വരിവരിയായി, കൃത്യമായ അകലങ്ങളിൽ അടയാളമിട്ട് അവയിലൂടെ നൂലുകോർത്തെടുപ്പിച്ച ശേഷം ആ ഞൊറിവുകള്‍ക്കു മുകളിൽ നിറമുള്ള നൂലുകളുപയോഗിച്ച് എംബ്രായിഡറി ചെയ്തശേഷം ആദ്യം കോർത്ത നൂലു വലിച്ചു കളയുന്നതാണ് ഇതിന്റെ നിർമാണരീതി. | സ്മോക്കിങ്. ആദ്യകാലത്ത് പാശ്ചാത്യനാടുകളിൽ സ്ത്രീകളുടെ അയഞ്ഞ അടിവസ്ത്രങ്ങള്‍ (smoke) അലങ്കരിക്കുന്നതിനാണ് ഈ തയ്യൽ ഉപയോഗിച്ചിരുന്നത്. അതിമനോഹരമായ ഒരുതരം തുന്നലാണിത്. 13-ഉം 14-ഉം നൂറ്റാണ്ടുകളിൽ യൂറോപ്പിൽ കടുത്ത വർണങ്ങളിലുള്ള നൂലും സ്വർണവും ഉപയോഗിച്ചാണ് സ്മോക്കിങ് ചെയ്തിരുന്നത്. വരിവരിയായി, കൃത്യമായ അകലങ്ങളിൽ അടയാളമിട്ട് അവയിലൂടെ നൂലുകോർത്തെടുപ്പിച്ച ശേഷം ആ ഞൊറിവുകള്‍ക്കു മുകളിൽ നിറമുള്ള നൂലുകളുപയോഗിച്ച് എംബ്രായിഡറി ചെയ്തശേഷം ആദ്യം കോർത്ത നൂലു വലിച്ചു കളയുന്നതാണ് ഇതിന്റെ നിർമാണരീതി. | ||
സ്റ്റെം (തണ്ടുതയ്യൽ), ചെയിന്‍ (ചങ്ങലക്കാണി), ബട്ടണ്‍ഹോള്‍, ഫ്രഞ്ചുനോട്ട്, സാറ്റിന്, ലോങ് ആന്‍ഡ് ഷോർട്ട്, ഫെതർ, ഹെറിജ് ബോണ്‍, കൗച്ചിങ്, ഫ്ളൈ, ക്രാസ്, ഫ്ളോറന്റൈന് തുടങ്ങിയ സ്റ്റിച്ചുകള്‍ ചില സാധാരണ എംബ്രായിഡറികളാണ് (ചിത്രങ്ങള്‍ കാണുക). എംബ്രായിഡറി ഡിസൈന്‍ കംപ്യൂട്ടറിൽ തയ്യാറാക്കാന്‍ സഹായിക്കുന്ന സോഫ്റ്റുവെയറുകള്‍ ആധുനികകാലത്തെ എംബ്രായിഡറിയെ കൂടുതൽ വൈവിധ്യമുള്ളതാക്കിയിട്ടുണ്ട്. നോ. കമ്പിളിത്തുന്നൽ, ലേസുപണി, റേന്ത | സ്റ്റെം (തണ്ടുതയ്യൽ), ചെയിന്‍ (ചങ്ങലക്കാണി), ബട്ടണ്‍ഹോള്‍, ഫ്രഞ്ചുനോട്ട്, സാറ്റിന്, ലോങ് ആന്‍ഡ് ഷോർട്ട്, ഫെതർ, ഹെറിജ് ബോണ്‍, കൗച്ചിങ്, ഫ്ളൈ, ക്രാസ്, ഫ്ളോറന്റൈന് തുടങ്ങിയ സ്റ്റിച്ചുകള്‍ ചില സാധാരണ എംബ്രായിഡറികളാണ് (ചിത്രങ്ങള്‍ കാണുക). എംബ്രായിഡറി ഡിസൈന്‍ കംപ്യൂട്ടറിൽ തയ്യാറാക്കാന്‍ സഹായിക്കുന്ന സോഫ്റ്റുവെയറുകള്‍ ആധുനികകാലത്തെ എംബ്രായിഡറിയെ കൂടുതൽ വൈവിധ്യമുള്ളതാക്കിയിട്ടുണ്ട്. നോ. കമ്പിളിത്തുന്നൽ, ലേസുപണി, റേന്ത | ||
- |
09:58, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എംബ്രായിഡറി
Embroidery
വസ്ത്രങ്ങളിലും മറ്റു തുണിത്തരങ്ങളിലും ആകർഷകമായ രൂപങ്ങളും ചിത്രങ്ങളും തുന്നിച്ചേർക്കുന്ന കലയാണ് എംബ്രായിഡറി അഥവാ ചിത്രസീവനകല. തുന്നൽവിദ്യ വികസിച്ചകാലംതൊട്ട് എംബ്രായിഡറിയും വിവിധ സംസ്കാരങ്ങളിൽ വികസിച്ചു. തുന്നൽ വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും തുന്നൽ രീതികളുടെയും വ്യത്യാസമനുസരിച്ച് വിവിധസമൂഹങ്ങളിൽ വ്യത്യസ്ത എംബ്രായിഡറി ശൈലികള്‍ നിലനില്ക്കുന്നു. പല വർണങ്ങളിലുള്ള നൂലുകളും മുത്ത്, ലോഹക്കഷണങ്ങള്‍, തുണിക്കഷണങ്ങള്‍ എന്നിങ്ങനെയുള്ള വസ്തുക്കളും വിവിധ എംബ്രായിഡറി ശൈലികളിൽ ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകളോളം കൈത്തുന്നൽ മേഖലയിലെ ഒരു വിദഗ്ധപണിയായിരുന്ന എംബ്രായിഡറി ആധുനികകാലത്ത് തുന്നൽ യന്ത്രങ്ങളുടെ വരവോടെ വിപുലമായിത്തീർന്നു.
ചരിത്രം. വസ്ത്രധാരണം തുടങ്ങിയ കാലത്തുതന്നെ കീറിപ്പോകുന്ന വസ്ത്രങ്ങള്‍ തുന്നിച്ചേർക്കേണ്ട ആവശ്യവും മനുഷ്യന് ഉണ്ടായി. അത് കലാബോധത്തോടെ നിർവഹിക്കാനുള്ള യത്നത്തിൽ നിന്നാണ് ചിത്രസീവനകല രൂപംകൊണ്ടുതുടങ്ങിയതെന്നു പറയാം. ഈജിപ്ത്, ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽനിന്ന് 2500 വർഷംവരെ പഴക്കമുള്ള എംബ്രായിഡറി തുണികള്‍ ലഭിച്ചിട്ടുണ്ട്. അമേരിന്ത്യരുടെ ക്വിൽ പണിയും ആഫ്രിക്കക്കാരുടെ മരവുരിത്തുന്നലും ഈ ഊഹം ശരിയാണെന്ന് തെളിയിക്കുന്നു. ജനസംസ്കാരങ്ങളുടെ വൈജാത്യവും എംബ്രായിഡറി ചെയ്യപ്പെടേണ്ട പ്രതലത്തിന്റെ വൈവിധ്യവും വിഭിന്നരീതിയിലുള്ള എംബ്രായിഡറികള്‍ ഓരോദേശത്തും ഉദ്ഭവിക്കുന്നതിനു കാരണമായി.
ഓരോ രാജ്യക്കാർക്കും തനതായ ചിത്രസീവനപാരമ്പര്യമുണ്ട്. ഓരോ രാജ്യത്തും ഉത്പാദിപ്പിക്കപ്പെടുന്ന അസംസ്കൃതവിഭവങ്ങള്‍ അനുസരിച്ച് അവിടത്തെ തുണിത്തരങ്ങള്‍ക്കും ചിത്രമാതൃകകള്‍ക്കും വ്യത്യാസംവരുന്നു. പൗരസ്ത്യരാജ്യങ്ങളിൽ, അവിടെ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്ന പരുത്തിത്തുണികളോ പട്ടുതുണികളോ അധികമായി ഉപയോഗിക്കുമ്പോള്‍ യൂറോപ്യന്‍ നാടുകളിൽ ലിനന്‍ തുണികള്‍ക്കാണ് അധികം പ്രചാരം; തണുപ്പുരാജ്യങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരുതരം ചണച്ചെടി(flax)യിൽ നിന്നുമാണ് ലിനന്‍നാരുകള്‍ എടുക്കുന്നത്. വടക്കേ അമേരിന്ത്യരും എസ്കിമോകളും അതിശൈത്യത്തെ നേരിടാന്‍ തോലും രോമവും കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. മണികളും നേർത്ത തോൽച്ചരടുകളും ഉപയോഗിച്ച് ജ്യാമിതീയ രീതിയിലുള്ള ചിത്രസീവനമാണ് അവിടെ സാധാരണയായി കാണുന്നത്.
അതിപുരാതനകാലം മുതല്ക്കേ എംബ്രായിഡറി ഈജിപ്തിൽ പ്രചരിച്ചിരുന്നു. അന്നത്തെ ചിത്രങ്ങളും കൊത്തുപണികളും ഇതിനു സാക്ഷ്യം വഹിക്കുന്നു. തുന്നൽപ്പണിചെയ്ത കൂടാരങ്ങള്‍, മറകള്‍, വിരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവ ഈ ചിത്രങ്ങളിൽക്കാണാം. കൂടാതെ വിദേശീയരെ ഫറവോമാർ സ്വീകരിക്കുന്നതായും മറ്റുമുള്ള ചിത്രങ്ങളിൽ കാണുന്ന വസ്ത്രരീതികളിൽ നിന്നും ഈജിപ്തിൽ മാത്രമല്ല മറ്റു പല വിദേശരാജ്യങ്ങളിലും പണ്ടുമുതലേ എംബ്രായിഡറി നിലവിലുണ്ടായിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്.
മാർദവമേറിയ ലിനന്‍ തുണികളിൽ നൂലും സ്വർണത്തകിടുകളും മറ്റും ഉപയോഗിച്ച് ഹീബ്രു ജനത ചിത്രങ്ങളും രൂപങ്ങളും തുന്നിച്ചേർത്തിരുന്നതായി പഴയനിയമത്തിൽ സൂചനകളുണ്ട്. ബി.സി. 1000-ത്തിൽത്തന്നെ ചൈനയിൽ ചിത്രസീവനം നിലവിലിരുന്നു. ലോകത്തിലെ മൊത്തം പട്ട് ഉത്പാദനത്തിന്റെ കാൽഭാഗം ചൈനയിലാണ്. ചീനക്കാരുടെ പട്ടുമേലങ്കികളുടെ വീതിയേറിയ കൈഭാഗങ്ങള്‍ മുഴുവന്‍ തുന്നൽവേലകള്‍കൊണ്ടു മോടിപിടിപ്പിച്ചിരുന്നു. വ്യാളികള്‍, സാങ്കല്പികജന്തുക്കള്‍, പക്ഷികള്‍; ക്രസാന്തമം, മത്ത തുടങ്ങിയവയുടെ പൂക്കള്‍ എന്നിവയായിരുന്നു പ്രധാന രൂപമാതൃകകള്‍. ഇവയിലെ നിറങ്ങളും രൂപങ്ങളും മറ്റും പ്രതിരൂപാത്മക സ്വഭാവത്തോടുകൂടിയവയായിരുന്നു. സന്മാർഗബോധം, ദീർഘായുസ്, ദീർഘസൗഹൃദം എന്നീ സദാചാരസംബന്ധികളായ കാര്യങ്ങള്‍ പ്രതീകാത്മകമായി ഇവയിലൂടെ വിരചിച്ചിരുന്നു. വർണാഞ്ചിതങ്ങളായ നൂലുകള്‍കൊണ്ട് ജലാശയങ്ങള്‍, മേഘങ്ങള്‍, തിരമാലകള്‍ എന്നിവയുടെ പ്രതിരൂപങ്ങള്‍ അസാധാരണമായ കലാവൈഭവത്തോടെ ചൈനക്കാർ തുന്നിച്ചേർത്തിരുന്നു.
12-ാം നൂറ്റാണ്ടിനോടടുത്ത കാലഘട്ടത്തിലായിരിക്കണം ഗ്രീസിൽ എംബ്രായിഡറി ആരംഭിച്ചതെന്നു കരുതപ്പെടുന്നു. യൂറോപ്പിൽ നെപ്പോളിയന്റെ കാലത്തെ യുദ്ധങ്ങള്‍മൂലം വളരെയധികം മള്‍ബറിച്ചെടികള്‍ വെട്ടിനശിപ്പിക്കപ്പെട്ടതുകൊണ്ട് പട്ടുനൂൽ ഉത്പാദനം സാധ്യമാകാതെ വരികയും കുറേക്കാലത്തേക്ക് ഈ കലയ്ക്ക് സ്തംഭനം നേരിടുകയും ചെയ്തു. ലിനന്‍ തുണികളിൽ പിരിക്കാത്ത പട്ടുനൂലുപയോഗിച്ചായിരുന്നു ഇവർ ചിത്രത്തുന്നൽ ചെയ്തിരുന്നത്. അയോണിയന്‍ ചിത്രസീവന മാതൃകകളിൽ പേർഷ്യ, ഇറ്റലി എന്നിവിടങ്ങളിലെ എംബ്രായിഡറിയുടെ സ്വാധീനത പ്രകടമാണ്. കിടക്കയ്ക്ക് മുകളിലെ മേൽക്കട്ടിയിൽനിന്നും താഴോട്ട് കൂടാരംപോലെയുള്ള സംവിധാനവും അതിന്റെ തുറന്നവശത്തു വാതിലുപോലെ തോന്നത്തക്കവിധത്തിലുള്ള ചിത്രപ്പണിയും അയോണിയരുടെ പ്രത്യേകതയാണ്.
വളരെ ലളിതവും സുകുമാരവും അത്യന്തം സങ്കീർണവും വിചിത്രവുമായ വിവിധതരം എംബ്രായിഡറികള്‍ ചെയ്യുന്നതിൽ ഇറ്റലിക്കാർ പ്രത്യേകവൈദഗ്ധ്യം പ്രദർശിപ്പിച്ചിരുന്നു. സ്വർണനൂലും പട്ടുനൂലും കൊണ്ടുള്ള രൂപങ്ങളും ഛായാചിത്രങ്ങളും തുന്നിയുണ്ടാക്കുന്നതിൽ അവർ വിശേഷപരിജ്ഞാനം നേടിയിരുന്നു. നീട്ടിയും കുറുക്കിയുമുള്ള "ലോങ് ആന്‍ഡ് ഷോർട്ട്' തയ്യലാണ് അവർ പ്രധാനമായും ചെയ്തിരുന്നത്. അന്റോണിയോ പൊല്ലെയൂളോ എന്ന ഇറ്റാലിയന്‍ കലാകാരന് സംവിധാനം ചെയ്ത ഒരു പ്രത്യേകരീതിയുപയോഗിച്ച് സ്നാപകയോഹന്നാന്റെ ജീവിതരംഗങ്ങള്‍ തുന്നിയത് ഫ്ളോറന്‍സിലെ മ്യൂസിയോദെൽ ഓപെറെ ദെൽ ദൂമോ ((Museo dell del Duomo)യിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. കസവ്, പട്ടുനൂൽ എന്നിവകൊണ്ടുചെയ്ത ഇവിടത്തെ എംബ്രായിഡറികള്‍ ഉന്നതനിലവാരം പുലർത്തുന്നവയാണ്. ചിത്രമാതൃകയ്ക്കനുസരിച്ചു വെട്ടിയെടുത്ത തുണി മറ്റൊരുതുണിയുടെ മുകളിൽ വച്ചുപിടിപ്പിച്ച് ചുറ്റും തുന്നൽപ്പണി നടത്തുന്ന "ആപ്ലിക്വർക്ക്' (കണ്ടംവച്ചുതയ്ക്കൽ), തുണിയിൽ മാതൃകയ്ക്കനുസരിച്ച് ചില ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞശേഷം ചിത്രപ്പണികള്‍ ചെയ്യുന്ന "കട്ട്വർക്ക്', പ്രത്യേകതരത്തിൽ നൂലുകയറ്റിയും ഇറക്കിയും തയ്ക്കുന്ന "ഡ്രാണ്‍വർക്ക്', ചിത്രമാതൃകയിലെ പശ്ചാത്തലം "ക്രാസ് സ്റ്റിച്ച്' ഉപയോഗിച്ചു നിറയ്ക്കുകയും വിശദാംശങ്ങള്‍ "റണ്ണിങ് സ്റ്റിച്ച്' (നൂലോടിപ്പ്) ഉപയോഗിച്ച് തയ്ക്കുകയും ചെയ്യുന്ന "അസ്സിസിവർക്ക്' എന്നിവയും ഇറ്റലിയിൽ പ്രചരിച്ചിരുന്നു. 15, 16 നൂറ്റാണ്ടുകളിൽ "കട്ട്വർക്ക്' ലേസ് എന്ന പുതിയതരം അലങ്കാരവസ്ത്രം നിർമിക്കുന്നതിനു പ്രചോദനമേകി. കാന്‍വാസുകളിൽ തുന്നൽപ്പണി നടത്തി അവ ഗൃഹോപകരണങ്ങള്‍ക്കു ചട്ടയായി ഉപയോഗിച്ചുവന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നൂതനരീതികള്‍ ആവിഷ്കരിക്കപ്പെട്ടതോടെ ചിത്രത്തുന്നൽ തൊഴിലായി സ്വീകരിച്ചവരും വിനോദമായി കരുതിയവരുമായ വളരെയധികം കലാകാരന്മാർ ഈ രംഗത്തേക്കു കടന്നുവരികയുണ്ടായി.
15-ാം നൂറ്റാണ്ടുമുതൽ ടർക്കിഷ് എംബ്രായിഡറികള്‍ പ്രശസ്തിയിലേക്കെത്തിക്കഴിഞ്ഞിരുന്നു. വർണാഞ്ചിതമായ പട്ടുനൂലും വെള്ളി, സ്വർണം എന്നീ ലോഹനൂലുകളുംകൊണ്ട് മനോഹരമായ ചിത്രങ്ങള്‍ ഇവർ തുന്നിപ്പിടിപ്പിച്ചിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളിൽ പൂക്കളും ഇലകളും ചിന്നിച്ചിതറിയ രീതിയിൽ തുന്നിച്ചേർക്കുക ഇവിടത്തെ പ്രത്യേകതയായിരുന്നു. പുരുഷന്മാരുടെ വെൽവെറ്റു കുപ്പായങ്ങളിൽ സ്വർണനൂലുകൊണ്ട് ഇലകളും പൂക്കളും തുന്നി ഭംഗിയാക്കിയിരുന്നു. നിത്യോപയോഗത്തിനായുള്ള ടണ്ണലുകളിൽപ്പോലും ചിത്രത്തുന്നലുകള്‍ ചെയ്യുക പതിവായിരുന്നു. അകവും പുറവും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിൽ അത്ര പൂർണതയോടെയാണ് "ഡബിള്‍ റണ്ണിങ്സ്റ്റിച്ച്' (ഇരട്ടക്കാണി) ചെയ്തിരുന്നത്. 19-ാം നൂറ്റാണ്ടിൽ അല്പകാലത്തേക്കു യൂറോപ്പിൽ അനുഭവപ്പെട്ട മാന്ദ്യം 1930 ആയപ്പോഴേക്കും നിശ്ശേഷം മാറുകയും തുടർന്ന് പൂർവാധികം പുഷ്ടിയോടെ ഈ കല അവിടെ അഭിവൃദ്ധിപ്പെടുകയും ചെയ്തു.
അള്‍ജീരിയന്‍ ചിത്രസീവനകലയിൽ 16 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ ടർക്കിയുടെ സ്വാധീനത പ്രകടമായിക്കാണാം. അതിനുമുമ്പുണ്ടായിരുന്ന അവസ്ഥയെ സംബന്ധിക്കുന്ന രേഖകള്‍ ഒന്നുംതന്നെ ഇന്നു ലഭ്യമല്ല. 19-ാം നൂറ്റാണ്ടായപ്പോഴേക്കും "ഹെറിങ്ബോണ്‍', "കൗച്ച് സ്റ്റിച്ച്' എന്നിവ ഉപയോഗിച്ചുതുടങ്ങി. വാതിൽമറകള്‍ മൂന്നു സമഭാഗങ്ങളായി പകുത്ത് ഓരോഭാഗവും പ്രത്യേകം എംബ്രായിഡറി ചെയ്ത് ഫ്രഞ്ചുസിൽക്കു റിബണ്‍ കൊണ്ടു കൊരുത്തുചേർക്കുന്ന രീതി ഇവരുടെ പ്രത്യേകത ആയിരുന്നു.
സ്പെയിനിൽ വളരെക്കാലം മൂറിഷ് ആധിപത്യം ഉണ്ടായിരുന്നതിനാൽ അവിടത്തെ തുന്നലിൽ പൗരസ്ത്യ സ്വാധീനതയ്ക്കു സൗകര്യമുണ്ടായി. 17-ാം നൂറ്റാണ്ടുമുതലാണ് ചിത്രസീവനം ഇവിടെ പ്രചരിച്ചതെന്ന് ഊഹിക്കപ്പെടുന്നു. സ്പെയിനിന്റെ പരമ്പരാഗത കരകൗശലമായ ലിനന്‍ നെയ്ത്തും ചിത്രത്തുന്നലും അവിടെ സർവസാധാരണമാണ്. വസ്ത്രങ്ങളിലല്ല മറിച്ച് തലയണകള്‍, മറകള്‍, കിടക്കവിരികള്‍ എന്നിവയിലായിരുന്നു ചിത്രത്തുന്നൽ ചെയ്തിരുന്നത്. വെള്ളയിൽ കറുപ്പുനൂലുപയോഗിച്ചു തുന്നുന്നതിലായിരുന്നു പൊതുവേ താത്പര്യം. ഈ പ്രത്യേകത ആർഗോണിയിലെ കാതറൈന് രാജ്ഞി ഇംഗ്ലണ്ടിൽ പ്രചരിപ്പിക്കുകയും അതു പിന്നീട് "എലിസബീഥന്‍ ബ്ലാക്ക്വർക്ക്' എന്ന പേരിൽ പ്രസിദ്ധമായിത്തീരുകയും ചെയ്തു. നിറംപിടിപ്പിച്ച നൂലിനുപകരം കറുത്ത ചെമ്മരിയാടിന്റെ രോമമാണ് സ്പെയിന്‍കാർ ഉപയോഗിച്ചിരുന്നത്.
പൗരസ്ത്യനാടുകളിലെ തുന്നൽരീതിയെ സംബന്ധിച്ച് ആദ്യമായി പഠനം നടത്തുകയും സ്വീകാര്യമായവ അനുകരിക്കുകയും ചെയ്തത് പോർച്ചുഗീസുകാരാണ്. കിടക്കവിരിപ്പിലെ ചിത്രത്തുന്നലാണു പ്രധാനമായും അവരെ ആകർഷിച്ചത്. പൗരസ്ത്യശൈലിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടശേഷം അവർ സ്വന്തമായ ഒരു ശൈലി സ്വരൂപിച്ചെടുത്തു. അക്കാലത്ത് അവർ നിർമിച്ച ഏതാനും കിടക്കവിരിപ്പുകള്‍ പോർച്ചുഗലിന്റെ ദേശീയസ്വത്തായി ഇന്നും സൂക്ഷിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടായപ്പോഴേക്കും അവർ പേർഷ്യന്‍ പരവതാനിയിലെ എംബ്രായിഡറികള്‍ അനുകരിച്ചുതുടങ്ങി. വധുവിന്റെ വസ്ത്രം വിവിധവർണങ്ങളിലുള്ള മുത്തുമണികള്‍ പിടിപ്പിച്ച് പ്രത്യേകരീതിയിൽ അലങ്കരിക്കുന്നതിൽ അവർ തത്പരരായിരുന്നു.
ഫ്രാന്‍സിലെ ചിത്രസീവനകലയിൽ ഇറ്റാലിയന്‍ സ്വാധീനത പ്രകടമായിക്കാണാം. കുരിശുയുദ്ധത്തിനുശേഷമാണ് ഈ കല ഇവിടെ പ്രചാരത്തിൽ വന്നത്. ലൂയി തകം ചാള്‍സ് ഢകക-ം ഈ കലയിൽ അത്യധികം തത്പരരായിരുന്നു. അവർ ഇറ്റാലിയന്‍ കലാകാരന്മാരെ ഫ്രാന്‍സിലേക്കു ക്ഷണിച്ചുവരുത്തി. ഉന്നതകുലജാതരായ സ്ത്രീകളെ പുരോഹിതന്മാരുടെ മേൽനോട്ടത്തിൽ തുന്നൽക്കല അഭ്യസിപ്പിക്കുന്നതിലും അവർ ഉത്സാഹം പ്രദർശിപ്പിച്ചു. ആദ്യമൊക്കെ പള്ളികളിലും കോണ്‍വന്റുകളിലും ഉപയോഗിച്ചിരുന്ന മറകളിലും വിരികളിലും മതപരമായ വിഷയങ്ങള്‍ തുന്നിച്ചേർക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. നവീകരണ(Reformation) കാലത്തിനുശേഷം സ്ഥിതിക്കു മാറ്റംവന്നു. അതോടെ അള്‍ത്താരയ്ക്കു മുകളിലെ വിരിപ്പുകളിൽപ്പോലും മതേതര വിഷയങ്ങള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. 16-ാം നൂറ്റാണ്ടോടെ എംബ്രായിഡറിയെ സംബന്ധിച്ച പല പുസ്തകങ്ങളും ഫ്രാന്‍സിൽ പ്രസിദ്ധീകൃതമായി. അധികം വൈകാതെ അവ യൂറോപ്പൊട്ടാകെ പ്രചാരത്തിലെത്തി. ഈ ചലനം പുതിയ തുന്നൽ ശില്പങ്ങളുടെ നിർമാണത്തിനു മാർഗദർശനം നല്കി. ഫ്രാന്‍സിസ് ക-ന്റെ കാലത്തു നിർമിച്ച ഒരു തുന്നൽമാതൃക ക്ലനി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇസ്രയേൽ ജനങ്ങള്‍ "സ്വർണക്കിടാവിനെ' ആരാധിക്കുന്നതാണു വിഷയം. ഫ്രാന്‍സിസിന്റെ ആവശ്യപ്രകാരം റഫേലാണ് ഇതിനുവേണ്ടി രൂപമാതൃക രചിച്ചത്. കൂടാരങ്ങള്‍, ബാനറുകള്‍, കുതിരപ്പട്ടകള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍ തുടങ്ങിയവയിലെല്ലാം ധാരാളം എംബ്രായിഡറികള്‍ ചെയ്തുവന്നു. സ്വർണം, വെള്ളി എന്നീ നൂലുകള്കൊണ്ടു ചിത്രപ്പണി ചെയ്തിട്ടുള്ള വർണശബളിമയാർന്ന പട്ടുവസ്ത്രങ്ങളാണ് (damask)സമ്പന്നർ അണിഞ്ഞിരുന്നത്. പ്രതാപം കാണിക്കുവാന്‍ കുതിരയുടെ മേലങ്കിയിൽപ്പോലും സ്വർണവും വെള്ളിയും ചേർത്തുള്ള തുന്നൽപ്പണികള്‍ ചെയ്തിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളിൽ രത്നങ്ങളും മുത്തുകളും വച്ചുപിടിപ്പിച്ച് അലങ്കരിക്കുക പതിവായിരുന്നു. അന്നത്തെ ഫ്രഞ്ചുസാഹിത്യകാരന്മാർ "വർണനാതീതം' എന്ന് ഇവയെ പുകഴ്ത്തുകയുണ്ടായി. ആസ്ട്രിയയിലെ ആനിരാജ്ഞി മെറ്റ്സ്(Metz)ലെ ദേവാലയത്തിലേക്കു കൊടുത്തയച്ചതായി കരുതപ്പെടുന്ന മനോജ്ഞമായ ഒരു ശിരോവസ്ത്രം മെട്രാപോളിറ്റന്‍ കലാമ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നിറയെ വെള്ളിനൂലുപയോഗിച്ചാണ് ലതകളും പുഷ്പങ്ങളും ഇതിൽ തുന്നിച്ചേർത്തിരിക്കുന്നത്. അവർണനീയമാണ് ഇതിന്റെ കലാപൂർണിമ. ഈ കാലഘട്ടത്തിൽ സ്ത്രീപുരുഷഭേദമന്യേ എല്ലാവരും വർണാഞ്ചിതങ്ങളായ ചിത്രത്തുന്നലുകള്‍ നിറഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചുവന്നത്. 1629-ൽ ലൂയി XIII ആഡംബരബഹുലതയെ നിരോധിച്ചു. എന്നാൽ വെള്ളനൂലുകൊണ്ട് തുന്നൽവേല ചെയ്ത് വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ എതിർത്തില്ല. പിന്നീട് അധികാരത്തിൽ വന്ന ലൂയി XIV ഈ കലയെ പ്രാത്സാഹിപ്പിക്കുകയാണു ചെയ്തത്. പൗരാണിക വിഷയങ്ങളും ചരിത്രസംഭവങ്ങളും രൂപമാതൃകകളായി സ്വീകരിക്കപ്പെട്ടു. ലൂയി XV-ന്റെ കാലത്ത് പുതിയ രൂപമാതൃകകള്‍ ഉപയോഗിച്ചുതുടങ്ങി. ഐകരൂപ്യമുള്ളവയ്ക്കു പകരം വൈവിധ്യമുള്ളവ ഒന്നിച്ചുചേർക്കുന്നതിന് ഇദ്ദേഹം പ്രത്യേകം നിഷ്കർഷിച്ചു. ഇദ്ദേഹത്തിനുശേഷം അധികാരത്തിൽ വന്ന മദാം ദി മെയിന്റനൊന്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരു തുന്നൽ വിദ്യാലയം സ്ഥാപിച്ചു. ഫ്രഞ്ചുവിപ്ലവകാലത്തു വിലയേറിയ പല എംബ്രായിഡറി ശേഖരങ്ങളും നശിപ്പിക്കപ്പെട്ടു. സ്വർണനൂലുകളും രത്നങ്ങളും അഴിച്ചെടുക്കാന്‍ നടത്തിയ ശ്രമംമൂലമാണ് അവ നശിക്കുവാനിടയായത്. 18-ാം നൂറ്റാണ്ടായപ്പോഴേക്ക് ഈ കലയിൽ ലാളിത്യം പ്രകടമായി; ചൈനീസ്കലയുടെ സ്വാധീനതയും കടന്നുകൂടി. പുരുഷന്മാരുടെ വസ്ത്രങ്ങളിൽ എംബ്രായിഡറി നടത്തുന്നത് ഉപേക്ഷിക്കപ്പെട്ടു. "കാസിഡ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന എംബ്രായിഡറി ചെയ്ത മസ്ലിന് തുണിത്തരങ്ങള്‍ ഡാക്കയിൽനിന്നു വന്‍തോതിൽ ഇറക്കുമതി ചെയ്ത് ഉപയോഗിച്ചുതുടങ്ങി.
ജർമനിയിലും ആദ്യകാലങ്ങളിൽ എംബ്രായിഡറി ചെയ്ത തുണികള്‍ മതപരമായ ആവശ്യങ്ങള്‍ക്കുമാത്രമാണ് ഉപയോഗിച്ചുവന്നത്. 10-ഉം 11-ഉം നൂറ്റാണ്ടുകളിലെ കലകളിൽ ബൈസാന്തിയന്‍ സ്വാധീനത പ്രകടമാണ്. കേംബ്രിക്, ലിനന്‍, മസ്ലിന് എന്നീ തുണികളിൽ വെള്ളനൂലുപയോഗിച്ചു തുന്നിയതിനായിരുന്നു ഏറെപ്രിയം. അധികവും കോളറിലും കഫിലും സ്കാർഫിലും തൂവാലകളിലുമാണ് എംബ്രായിഡറി ചെയ്തിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിൽവച്ച് ചിത്രസീവന കലയിൽ വളരെ മുമ്പന്തിയിൽ നില്ക്കുന്ന രാജ്യമാണ് ഫ്ളോറന്‍സ്; അവിടെ ഈ കല പ്രചാരത്തിലെത്തിയ കാലത്തു നിർമിച്ച ഒരു ശിരോവസ്ത്രം ഇന്നും സൂക്ഷിച്ചുവരുന്നു. വിശുദ്ധ മാർഗരറ്റ് രക്തസാക്ഷിത്വം വരിക്കുന്നതിന്റെ ചിത്രമാണ് ഇതിൽ തുന്നിച്ചേർത്തിട്ടുള്ളത്. "ലോങ് ആന്‍ഡ് ഷോർട്ട് സ്റ്റിച്ച്' ഉപയോഗിച്ചാണ് രൂപങ്ങള്‍ തയ്ച്ചിരിക്കുന്നത്. മുത്തും സ്വർണനൂലും കൊണ്ടാണ് ചിത്രത്തിലെ വസ്ത്രഭാഗങ്ങള്‍ തുന്നിയിട്ടുള്ളത്.
10-ാം നൂറ്റാണ്ടുമുതല്ക്കാണ് ചിത്രത്തുന്നൽ ഇംഗ്ലണ്ടിൽ വ്യാപകമായി പ്രചരിച്ചത്. മധ്യകാലങ്ങളിൽ ദേവാലയങ്ങളിലെ തുണികളിലും പുരോഹിതന്മാരുടെ അങ്കികളിലും മാത്രമാണ് എംബ്രായിഡറി ചെയ്തിരുന്നത്. മതപരമായ ദൃശ്യങ്ങള്‍ മാത്രമായിരുന്നു ഇതിനുപയോഗിച്ചിരുന്ന വിഷയങ്ങള്‍. 11-ാം നൂറ്റാണ്ടോടെ സാധാരണവിഷയങ്ങള്‍ കൈകാര്യം ചെയ്തുതുടങ്ങി; മാത്രമല്ല എംബ്രായിഡറി ഒരു പ്രധാന കരകൗശല വിദ്യയായി അംഗീകരിക്കപ്പെടുകയും ചെയ്തു. അധികവും പുരുഷന്മാരാണ് ഈ കലയിൽ ഏർപ്പെട്ടിരുന്നത്. "ഇംഗ്ലീഷ് വർക്ക്' (Opus Anglicanum) എന്ന പേരിൽ ഇവിടത്തെ കലാസൃഷ്ടികള്‍ യൂറോപ്പാകെ അറിയപ്പെട്ടിരുന്നു. 13-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ തുന്നിയ ഒരു ശിരോവസ്ത്രം ഉന്നതകലാസൃഷ്ടികളിൽ ഒന്നായി കണക്കാക്കപ്പെട്ടുവരുന്നു. 16-ാം നൂറ്റാണ്ടിലാണ് "ബ്ലാക്ക്വർക്ക്' പ്രചരിച്ചത്. പെട്ടികളുടെ കവറുകളായും കണ്ണാടികളുടെ ചുറ്റും അലങ്കരിക്കുന്നതിനായും എംബ്രായിഡറി ചെയ്ത തുണികള്‍ 17-ാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽനിന്നു ഇറക്കുമതിചെയ്ത പരുത്തിവസ്ത്രങ്ങളിലെ രൂപമാതൃകകളിൽനിന്നു തെരഞ്ഞെടുത്ത "ജീവവൃക്ഷം' (Tree of Life)എന്ന ചിത്രമാതൃക ഇംഗ്ലണ്ടിൽ അത്യധികം പ്രചാരം നേടിയിരുന്നു. പലതരത്തിലുള്ള ജന്തുക്കള്‍ പാർക്കുന്ന ഒരു ചെറുകുന്നിൽ വളർന്നുപന്തലിച്ച്, കായ്കനികളോടുകൂടി നില്ക്കുന്ന ഒരു വൃക്ഷത്തിന്റെ ചിത്രമാണിത്. ചെയിന്‍, ബട്ടണ്‍ഹോള്‍, ഹെറിങ്ബോണ്‍, സ്റ്റെം, സാറ്റിന്, ലോങ് ആന്‍ഡ് ഷോർട്ട് തുടങ്ങിയ മിക്കയിനം തുന്നലുകളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു. 18-ാം നൂറ്റാണ്ടോടെ ഇംഗ്ലണ്ടിൽ കമ്പിളിനൂലിനുപകരം പട്ടുനൂൽ ഉപയോഗിച്ചുതുടങ്ങി. ചൈനീസ് സ്വാധീനത ഇക്കാലത്തു പ്രകടമായിക്കാണാം. ചിത്രകലയും എംബ്രായിഡറിയും കൂടി സമരസപ്പെടുത്തുന്ന രീതിയും ഇക്കാലത്തു പ്രയോഗത്തിൽവന്നു. മുഖം ജലച്ചായം ഉപയോഗിച്ചും ബാക്കിഭാഗം എംബ്രായിഡറികൊണ്ടും മുഴുവനാക്കുക എന്നതാണ് ഈ രീതിയുടെ പ്രത്യേകത. 19-ാം നൂറ്റാണ്ടോടെ ഇംഗ്ലണ്ടിൽ എംബ്രായിഡറിക്കു മങ്ങലേറ്റു. പാവാട, കസേരക്കവറുകള്‍, മേശവിരികള്‍, കിടക്കവിരികള്‍, നിശാവസ്ത്രങ്ങള്‍ എന്നിവയിലാണ് ഇപ്പോള്‍ പ്രധാനമായും ചിത്രത്തുന്നൽ ചെയ്തുവരുന്നത്.
ഇന്ത്യയിൽ. ബി.സി. 3-ാം നൂറ്റാണ്ടിനുമുമ്പുതന്നെ എംബ്രായിഡറി ഇന്ത്യയിൽ പ്രചരിച്ചിരുന്നു. എംബ്രായിഡറി നടത്താന്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന ഓടുകൊണ്ടുള്ള സൂചികള്‍ മൊഹന്‍ജെദരോയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അവിടെ കണ്ടെത്തിയ ചില പ്രതിമകളിലെ അലങ്കാരങ്ങളും ഇതിനു സാക്ഷ്യം വഹിക്കുന്നു. തുന്നിച്ചേർക്കാത്ത മുണ്ടും ഉത്തരീയവും സാരിയും മറ്റുമാണ് ഭാരതീയ ഹിന്ദുക്കളുടെ പാരമ്പര്യവസ്ത്രങ്ങളെങ്കിലും തുന്നൽവേലകളുള്ള വസ്ത്രങ്ങള്‍ അതിപുരാതനകാലംമുതൽക്കേ അവർ ഉപയോഗിച്ചിരുന്നു എന്നതിന് വേദങ്ങളിലെ ചില പരാമർശങ്ങള്‍ തെളിവാണ്. ചിത്രത്തുന്നലുകളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും ഇതിൽ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. വാത്സ്യായനന്റെ കാമസൂത്രത്തിൽ പ്രതിപാദിക്കുന്ന അറുപത്തിനാല് കലകളിൽ ഒന്ന് സീവനകലയാണ്. നോ. അറുപത്തിനാലുകലകള്‍
പഞ്ചാബിലെയും രാജപുട്ടാണയിലെയും ജാഠ് വനിതകളുടെ "ഫുൽക്കാരികള്‍' ചിത്ര സീവനകലയ്ക്കു പ്രശസ്തമാണ്. യൂറോപ്യന്മാർ ഇവ ഇറക്കുമതി ചെയ്തു കൗതുകവസ്തുവായി സൂക്ഷിച്ചുവന്നു. തുണിയുടെ അകവശത്തു ശ്രദ്ധാപൂർവം ഇഴയെണ്ണി തയ്ക്കുന്ന ഒരു രീതിയാണ് ഇവയിൽ സ്വീകരിച്ചിട്ടുള്ളത്. ചുവന്ന പരുത്തിത്തുണിയുടെ പ്രതലം മുഴുവന്‍ വെള്ളയോ മഞ്ഞയോ നിറമുള്ള പട്ടുനൂലുകള്‍കൊണ്ട് പൂക്കളും ലതകളും ഈവിധത്തിൽ തുന്നിച്ചേർത്തുവരുന്നു. ക്രാസ് സ്റ്റിച്ചും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. കച്ച്, പഞ്ചാബ്, രാജ്പുട്ടാണാ എന്നിവിടങ്ങളിൽ ചങ്ങലക്കാണി (ചെയിന്‍സ്റ്റിച്ച്) ആണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. "ശിശാദാർ' എന്നയിനം എംബ്രായിഡറിയിൽ കണ്ണാടിത്തുണ്ടുകള്‍ തുണിയിൽ പതിച്ച് അവയുടെ മീതേ നൂലുകൊണ്ടു ചിത്രപ്പണിചെയ്യുന്നു. കത്തിയവാഡിൽ സ്ത്രീകളുടെ പാവാടകളിലും കുട്ടികളുടെ തൊപ്പികളിലുമാണ് ചിത്രസീവനം കൂടുതൽ കാണുന്നത്. ഇന്ത്യയിലെയും പേർഷ്യയിലെയും ചിത്രത്തുന്നലുകള്‍ സാജാത്യമുള്ളവയാണ്. ചെറിയ പൈന്‍ മരങ്ങളുടെ ചിത്രങ്ങള്‍ തുന്നിച്ചേർക്കുന്ന പേർഷ്യന്‍ രീതി ഇന്ത്യയിൽ വളരെ പ്രചരിച്ചിട്ടുണ്ട്. മുഗള്‍ കാലഘട്ടത്തിൽ ഈ കലാവിദ്യയ്ക്കു വളരെ പ്രാത്സാഹനം ലഭിച്ചിരുന്നു. അക്കാലത്ത് പേർഷ്യയിൽനിന്ന് ഇന്ത്യയിലേക്കു വന്ന കരകൗശലവിദഗ്ധന്മാരായ കലാകാരന്മാരിൽക്കൂടിയാണ് പേർഷ്യന്‍ ചിത്രത്തുന്നൽ ഇന്ത്യയിൽ പ്രചരിക്കാനിടവന്നത്. കായ്കള്‍ (ഉദാ. കുന്നിക്കുരു, മഞ്ചാടി), ചിലയിനം വണ്ടുകളുടെ നിറപ്പകിട്ടാർന്ന ചിറകുകള്, വളപ്പൊട്ട്, കണ്ണാടിത്തുണ്ടുകള്‍ എന്നിവ തുന്നിച്ചേർക്കുന്ന രീതി ഇന്ത്യയുടെ പ്രത്യേകതയാണ്. നൃത്തത്തിനുള്ള വേഷവിധാനങ്ങള്‍ക്ക് ഇവ വളരെ അനുയോജ്യമായിരിക്കുന്നു. കൈത്തറിത്തുണികൊണ്ടുള്ള ബ്ലൗസുകളിലും പാവാടകളിലും 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ ധാരാളം എംബ്രായിഡറികള്‍ ചെയ്തിരുന്നു. പരവതാനികളിലും ചവുക്കാളങ്ങളിലും നിറമുള്ള കമ്പിളിനൂലുകൊണ്ടു ചിത്രത്തുന്നൽ നടത്തുന്ന പതിവ് പണ്ടുമുതൽക്കേ ഇന്ത്യയിലുണ്ട്. പഞ്ചാബ്, ജയ്പ്പൂർ, കാശ്മീർ എന്നീ പ്രദേശങ്ങളിലാണ് ഇവ വിദഗ്ധമായി ഉണ്ടാക്കിവരുന്നത്. ലക്നൗവിലെ "ചിക്കന്‍വർക്ക്' ചെയ്ത കുർത്തകളും സാരികളും പരക്കെ പ്രിയങ്കരങ്ങളായിത്തീർന്നിട്ടുണ്ട്.
സിൽക്ക് നൂലുകള്‍ക്കു പകരം ലോലമായ ലോഹനൂലുകള്‍ ഉപോഗിക്കുന്ന സർദോസി എംബ്രായിഡറി, ഒരു ചട്ടത്തിൽ തുണി വലിച്ചുകെട്ടിയ നീണ്ട സൂചി ഉപയോഗിച്ചു ചെയ്യുന്ന ദാരി എംബ്രായിഡറി എന്നീ ഇന്ത്യന്‍ ചിത്രസീവനശൈലികള്‍ പ്രസിദ്ധമാണ്. ഒന്നോ രണ്ടോ തുന്നൽക്കെട്ടുകള്‍ മാത്രം ആവർത്തിച്ചുചെയ്യുന്ന വർണശബളമായ കാശ്മീരി കഷീദ എംബ്രായിഡറി എന്നിവയും ഇന്ത്യന്‍ എംബ്രായിഡറികളിൽ പേരുകേട്ടവയാണ്. കേരളത്തിൽ. എ.ഡി. ആദ്യശതകങ്ങളിൽ സിറിയയിൽനിന്ന് കേരളത്തിലേക്കു വന്ന ക്രസ്തവ വണിക്കുകളായിരിക്കണം ചിത്രത്തുന്നൽ ഇവിടെ പ്രചരിപ്പിച്ചതെന്ന് ചരിത്രകാരന്മാർ കരുതുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും ഇതിൽ പ്രത്യേകം താത്പര്യം കാണിച്ചിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടോടുകൂടി ക്രസ്തവ പുരോഹിതന്മാരുടെ അങ്കവസ്ത്രങ്ങളിൽ സംസ്ഥാന മുദ്രകള്‍ തുന്നിച്ചേർക്കുന്ന രീതി ഇവിടെ പ്രചാരത്തിൽ വന്നു. തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം, തൃശൂർ, ആലുവാ, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകള്‍ ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു. തമിഴ്നാട്ടിലെ കോട്ടാറിൽ കസവുനൂലും വെള്ളിനൂലുംകൊണ്ടു തുന്നൽവേലകള്‍ ചെയ്യാന്‍ കഴിവുള്ള കരകൗശല വിദഗ്ധന്മാർ ധാരാളമുണ്ട്. കസവുതുന്നലുകള്‍ക്ക് തിരുവനന്തപുരത്തിനു തെക്കുള്ള ബാലരാമപുരം പ്രസിദ്ധമാണ്.
1978-ലെ "ലോകസുന്ദരി'യെ തെരഞ്ഞെടുക്കുന്നതിനോടനുബന്ധിച്ചു നടന്ന ദേശീയവേഷമത്സരത്തിൽ ഇന്ത്യയാണു വിജയിച്ചത്. മുത്തും രത്നങ്ങളും സ്വർണവും ഉപയോഗിച്ച് എംബ്രായിഡറി ചെയ്ത ബ്ലൗസും പാവാടയുമാണ് "മിസ് ഇന്ത്യ' അണിഞ്ഞിരുന്നത്. അന്താരാഷ്ട്രതലത്തിൽ ഇന്ത്യന്‍ എംബ്രായിഡറിക്കുള്ള അംഗീകാരത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയിൽ സ്കൂള്‍തലത്തിൽ പെണ്‍കുട്ടികളെ എംബ്രായിഡറി അഭ്യസിപ്പിച്ചുവരുന്നു. അനേകവിധത്തിലുള്ള എംബ്രായിഡറികള്‍ ഇന്നു ലോകമെമ്പാടും പ്രചരിച്ചിരിക്കുന്നു. ചിത്രത്തുന്നൽ ചെയ്യാനുള്ള യന്ത്രം 1829-ൽ കണ്ടുപിടിച്ചതുമുതൽ വളരെ വ്യാപകമായ തോതിൽ എംബ്രായിഡറികള്‍ യന്ത്രം മുഖേനയും ചെയ്തുവരുന്നുണ്ട്. പ്രധാനപ്പെട്ട ചില തയ്യലുകള്‍ താഴെ വിവരിക്കുന്നു. ആപ്ലിക്വർക്ക് (കണ്ടംവച്ചു തയ്ക്കൽ). നിർദിഷ്ടരൂപമാതൃകയിൽ വെട്ടിയെടുത്ത തുണിക്കഷണം മറ്റൊരു തുണിയുടെ മീതേ തുന്നിച്ചേർത്തു ഭംഗിപ്പെടുത്തുകയാണ് ഈ രീതി. പുരാതനകാലം മുതൽക്കേ "ആപ്ലിക് വർക്ക്' പേർഷ്യ, ഈജിപ്ത്, ഗ്രീസ് എന്നിവിടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു. മധ്യകാല പ്രഭുക്കന്മാർ മുഖംമൂടി ഉപയോഗിച്ചിരുന്നതുകൊണ്ട് അടയാളത്തിനായി അവരുടെ കുപ്പായത്തിലും പടക്കൊടിയിലും കുതിരപ്പട്ടയിലും പദവി മുദ്രകള്‍ ഈ രീതിയിൽ വച്ചുപിടിപ്പിച്ചിരുന്നു. വൈവിധ്യമുള്ള തന്തുരചനയുടെയും നിറങ്ങളുടെയും യുക്തിപൂർവമുള്ള ചേർച്ചയാണ് ഈ രീതിക്കു മിഴിവുണ്ടാക്കുന്നത്.
ഐലറ്റ് (പഴുതുകാണി). തുണിയിൽ കൂർത്തകുത്തുസൂചി ഉപയോഗിച്ച് തുളകളുണ്ടാക്കി, അവ തയ്യലുകള്‍കൊണ്ടു മൂടുകയാണ് ഈ രീതി. ദളങ്ങള്‍, ഇലകള്‍ എന്നിവയ്ക്കനുസരണമായി തുളകള്‍ക്ക് ആകൃതി വ്യത്യാസം വരുന്നു. 19-ാം നൂറ്റാണ്ടിൽ പ്രചുരപ്രചാരം നേടിയ ഈ രീതി മൃദുവും എന്നാൽ ഈടുറ്റതുമായ തുണികളിലാണ് ചെയ്തുവരുന്നത്. ആദ്യകാലത്ത് ഐലറ്റ് തയ്യലുകള്‍ കൊണ്ടുതന്നെ ഒരു ചിത്രമാതൃക മുഴുവന്‍ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇപ്പോള്‍ ഇലകള്‍ക്കും ചെടിയുടെ തണ്ടുകള്‍ക്കും സാറ്റിന് തയ്യൽ ഉപയോഗിക്കാറുണ്ട്.
കാന്‍വാസ് തയ്യൽ. ചിത്രത്തുന്നലിനുള്ള ചണത്തുണിയുടെ പ്രതലം മുഴുവന്‍ കമ്പിളിനൂലുപയോഗിച്ച് ചിത്രപ്പണി നടത്തുന്ന രീതിയാണിത്. തയ്ച്ചെടുക്കുമ്പോള്‍ ചിത്രകംബളത്തിന്റെ പ്രതീതിയുണ്ടാവുന്നതുകൊണ്ട് "ടാപ്പസ്റ്റ്രി' വർക്ക് എന്ന് തെറ്റായി ഈ തയ്യലിനെ പറയാറുണ്ട്. 18-ാം നൂറ്റാണ്ടിൽ ഗാർഹികോപകരണങ്ങള്‍ പൊതിയാന്‍ കാന്‍വാസ് ഉപയോഗിച്ചുതുടങ്ങിയതോടെയാണ് ഈ തയ്യലിന് ഏറെ പ്രചാരം ലഭിച്ചത്. ഒരു ചട്ടത്തിൽ കാന്‍വാസ് ഉറപ്പിച്ചു വലിയ ചാക്കുസൂചി ഉപയോഗിച്ചാണ് ഇതിന്റെ തുന്നൽ നിർവഹിക്കുന്നത്. ചിത്രമാതൃക നോക്കി ഇഴയെണ്ണിയാണ് തയ്ക്കേണ്ടത്. ക്രാസ്, ഡബിള്‍ക്രാസ്, സ്റ്റാർ, ടെന്റ് തുടങ്ങി പലതരം തയ്യലുകള്‍ കാന്‍വാസിൽ ചെയ്യാറുണ്ട്.
കട്ട് വർക്ക്. ചിത്രമാതൃകയ്ക്കനുസരിച്ച് തുണിയിലെ ചില ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞു തയ്ച്ചെടുക്കുന്നതാണ് കട്ട്വർക്ക്. തുണി വെട്ടുന്നതിനുമുമ്പ് ബാഹ്യരേഖ "ബ്ലാങ്കറ്റ് തയ്യൽ' ഉപയോഗിച്ച് തയ്ച്ചുറപ്പിക്കും. ദ്വാരത്തിനു പുറമേയുള്ള ഭാഗങ്ങള്‍ മാത്രം തയ്യലുകള്‍കൊണ്ടുനിറയ്ക്കുന്ന ഒരു രീതിയും ദ്വാരത്തിലും പുറത്തും തയ്യലുകള്‍ ഇടുന്ന മറ്റൊരു രീതിയും പ്രചാരത്തിലുണ്ട്.
ക്വിൽറ്റിങ്. രണ്ടോ മൂന്നോ പാളികളായി തുണിയെടുത്ത് ചേർത്തുതയ്ക്കുന്ന രീതിയാണിത്. വസ്ത്രങ്ങളിൽ കൂടുതൽ നേരം ചൂടു നിലനിർത്താനാണ് ഇത്തരം തയ്യലുകള്‍ ചെയ്യുന്നത്. ട്യൂഡെർ ഭരണകാലത്ത് സ്ത്രീകളും പുരുഷന്മാരും ക്വിൽറ്റിങ് ചെയ്ത വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും ഈ രീതിക്കു പ്രചാരം സിദ്ധിച്ചിരുന്നു.
സ്മോക്കിങ്. ആദ്യകാലത്ത് പാശ്ചാത്യനാടുകളിൽ സ്ത്രീകളുടെ അയഞ്ഞ അടിവസ്ത്രങ്ങള്‍ (smoke) അലങ്കരിക്കുന്നതിനാണ് ഈ തയ്യൽ ഉപയോഗിച്ചിരുന്നത്. അതിമനോഹരമായ ഒരുതരം തുന്നലാണിത്. 13-ഉം 14-ഉം നൂറ്റാണ്ടുകളിൽ യൂറോപ്പിൽ കടുത്ത വർണങ്ങളിലുള്ള നൂലും സ്വർണവും ഉപയോഗിച്ചാണ് സ്മോക്കിങ് ചെയ്തിരുന്നത്. വരിവരിയായി, കൃത്യമായ അകലങ്ങളിൽ അടയാളമിട്ട് അവയിലൂടെ നൂലുകോർത്തെടുപ്പിച്ച ശേഷം ആ ഞൊറിവുകള്‍ക്കു മുകളിൽ നിറമുള്ള നൂലുകളുപയോഗിച്ച് എംബ്രായിഡറി ചെയ്തശേഷം ആദ്യം കോർത്ത നൂലു വലിച്ചു കളയുന്നതാണ് ഇതിന്റെ നിർമാണരീതി. സ്റ്റെം (തണ്ടുതയ്യൽ), ചെയിന്‍ (ചങ്ങലക്കാണി), ബട്ടണ്‍ഹോള്‍, ഫ്രഞ്ചുനോട്ട്, സാറ്റിന്, ലോങ് ആന്‍ഡ് ഷോർട്ട്, ഫെതർ, ഹെറിജ് ബോണ്‍, കൗച്ചിങ്, ഫ്ളൈ, ക്രാസ്, ഫ്ളോറന്റൈന് തുടങ്ങിയ സ്റ്റിച്ചുകള്‍ ചില സാധാരണ എംബ്രായിഡറികളാണ് (ചിത്രങ്ങള്‍ കാണുക). എംബ്രായിഡറി ഡിസൈന്‍ കംപ്യൂട്ടറിൽ തയ്യാറാക്കാന്‍ സഹായിക്കുന്ന സോഫ്റ്റുവെയറുകള്‍ ആധുനികകാലത്തെ എംബ്രായിഡറിയെ കൂടുതൽ വൈവിധ്യമുള്ളതാക്കിയിട്ടുണ്ട്. നോ. കമ്പിളിത്തുന്നൽ, ലേസുപണി, റേന്ത