This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാവികസേന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→നാവികസേന) |
(→നാവികസേന) |
||
വരി 1: | വരി 1: | ||
=നാവികസേന = | =നാവികസേന = | ||
Navy | Navy | ||
+ | |||
ഒരുരാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളില്‍ ഒന്ന്. വ്യോമസേനയും കരസേനയുമാണ് മറ്റു രണ്ട് ഘടകങ്ങള്‍. യുദ്ധത്തിനുപയോഗിക്കുന്ന നൗകകള്‍, അവയില്‍ ജോലിചെയ്യുന്നവര്‍, അവര്‍ക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍, ആയുധങ്ങളുടെയും കപ്പലുകളുടെയും നിര്‍മാണ യൂണിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഒരു നാവികസേന. കപ്പല്‍പ്പട എന്നര്‍ഥമുള്ള 'നാവിഗിയം' (Navigium) എന്ന ലാറ്റിന്‍പദത്തില്‍നിന്നാണ് 'നേവി' (നാവികസേന) എന്ന പദമുണ്ടായത്. | ഒരുരാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളില്‍ ഒന്ന്. വ്യോമസേനയും കരസേനയുമാണ് മറ്റു രണ്ട് ഘടകങ്ങള്‍. യുദ്ധത്തിനുപയോഗിക്കുന്ന നൗകകള്‍, അവയില്‍ ജോലിചെയ്യുന്നവര്‍, അവര്‍ക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍, ആയുധങ്ങളുടെയും കപ്പലുകളുടെയും നിര്‍മാണ യൂണിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഒരു നാവികസേന. കപ്പല്‍പ്പട എന്നര്‍ഥമുള്ള 'നാവിഗിയം' (Navigium) എന്ന ലാറ്റിന്‍പദത്തില്‍നിന്നാണ് 'നേവി' (നാവികസേന) എന്ന പദമുണ്ടായത്. | ||
09:32, 26 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
നാവികസേന
Navy
ഒരുരാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളില്‍ ഒന്ന്. വ്യോമസേനയും കരസേനയുമാണ് മറ്റു രണ്ട് ഘടകങ്ങള്‍. യുദ്ധത്തിനുപയോഗിക്കുന്ന നൗകകള്‍, അവയില്‍ ജോലിചെയ്യുന്നവര്‍, അവര്‍ക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍, ആയുധങ്ങളുടെയും കപ്പലുകളുടെയും നിര്‍മാണ യൂണിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഒരു നാവികസേന. കപ്പല്‍പ്പട എന്നര്‍ഥമുള്ള 'നാവിഗിയം' (Navigium) എന്ന ലാറ്റിന്‍പദത്തില്‍നിന്നാണ് 'നേവി' (നാവികസേന) എന്ന പദമുണ്ടായത്.
ആഭ്യന്തര സുരക്ഷിതത്വം, സമുദ്രാതിര്‍ത്തി സംരക്ഷണം തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായാണ് ആധുനികകാലത്ത് രാഷ്ട്രങ്ങള്‍ നാവികസേന സംഘടിപ്പിക്കുന്നത്. ചരക്കുകപ്പലുകള്‍ക്കും യാത്രാകപ്പലുകള്‍ക്കും സുരക്ഷിതമായ കപ്പല്‍പ്പാത ഒരുക്കിക്കൊടുക്കുന്നതും ശത്രുരാജ്യങ്ങള്‍ തങ്ങളുടെ പാത ഉപയോഗിക്കുന്നത് തടയുന്നതും നാവികസേനയുടെ ചുമതലകളില്‍പ്പെടും. നാവികസേന, യുദ്ധസമയത്ത് ശത്രുവിന്റെ മുന്നേറ്റങ്ങളെ തടയുകയും ആവശ്യമെങ്കില്‍ ശത്രുരാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കകത്തു കടന്ന്, ആക്രമണം നടത്തുകയും ചെയ്യുന്നു. ഭൂമികുലുക്കം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്തും ജലനൌകകള്‍ അപകടത്തില്‍പ്പെടുമ്പോഴും നാവികസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഒരു രാജ്യത്തിന്റെ നാവികസേന ചില സന്ദര്‍ഭങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ സുഹൃത്സന്ദര്ശനങ്ങള് നടത്തുകയും സംയുക്തസൈനികാഭ്യാസങ്ങളില് ഏര്‍പ്പെടുകയും ചെയ്യാറുണ്ട്.
ചരിത്രം
നദീതീരങ്ങളിലെ ഫലഭൂയിഷ്ഠമായ ഭൂമികള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍നിന്നാണ് പുരാതനകാലത്ത് നാവികസേനകള്‍ രൂപംകൊണ്ടത്. ചങ്ങാടങ്ങള്‍ ഉപയോഗിച്ചാണ് ആദ്യകാല നാവികയുദ്ധങ്ങള്‍ നടത്തിയിരുന്നത്. ഇപ്രകാരം മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ആദ്യമായി നാവികസേനകള്‍ നിലവില്‍ വന്നു. മത്സ്യബന്ധനത്തിനും സമുദ്രയാത്രകള്‍ക്കും ഉപയോഗിച്ചിരുന്ന നൌകകള്‍ തന്നെയായിരുന്നു അക്കാലത്ത് ജലയുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളില്‍ ലോകമൊട്ടാകെ നിരവധി നാവികയുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്കനുസരിച്ച് നാവികസൈന്യങ്ങളുടെ സംഘടനാരീതിയിലും സ്വഭാവത്തിലും യുദ്ധസമ്പ്രദായങ്ങളിലും ആയുധങ്ങളിലും മാറ്റങ്ങള്‍ വന്നു. സാമ്രാജ്യങ്ങള്‍ തകരാനും പുതിയവ ഉടലെടുക്കാനും നാവികയുദ്ധങ്ങള്‍ കാരണമായി.
നാവികസേനയുടെ ചരിത്രം ഈ യുദ്ധങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പൗരാണിക കാലം
നാവികസൈന്യങ്ങളെക്കുറിച്ച് ലഭ്യമായ വിവരണങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് പുരാതന ഈജിപ്തില്‍ നിന്നുള്ളതാണ്. ബി.സി. മൂവായിരത്തിനടുത്ത് നൈല്‍നദിയില്‍ ചങ്ങാടങ്ങള്‍ ഉപയോഗിച്ചുള്ള നാവികയുദ്ധങ്ങള്‍ നടന്നിരുന്നു. ബി.സി. 2900-ല്‍ ഫിനീഷ്യന്‍ തീരത്തേക്ക് യുദ്ധനൌകകള് നിര്‍മിക്കാനാവശ്യമായ മരത്തടികള്‍ വാങ്ങാന്‍ പോകുന്ന, 40 യുദ്ധനൗകകള്‍ അടങ്ങിയ ഒരു നാവികപ്പടയെക്കുറിച്ച് ഹെയ്റൊഗ്ലിഫിക്സ് ലിപികളിലുള്ള രേഖപ്പെടുത്തലുകളുണ്ട്. തുഴക്കാര്‍ തുഴഞ്ഞായിരുന്നു ഈ നൗകകള്‍ സഞ്ചരിച്ചിരുന്നത്.
'ഗാലികള്‍' എന്നു പേരുള്ള യുദ്ധനൗകകള്‍ ആദ്യമായി നിര്‍മിച്ചത് ഈജിപ്തുകാരാണ്. തുഴക്കാരെ ആക്രമണങ്ങളില്‍നിന്നു രക്ഷിക്കാന്‍ പലകകള്‍ ഉപയോഗിച്ചുള്ള കവചങ്ങള്‍ ഈ ഗാലികളില്‍ ഉണ്ടായിരുന്നു (മിക്കപ്പോഴും അടിമകളായിരുന്നു തുഴക്കാര്‍). സു. ബി.സി. 2000-ത്തോടടുത്ത് കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ പ്രമുഖ നാവികശക്തി ക്രീറ്റുകാരായിരുന്നു. സുസംഘടിതമായ ക്രീറ്റ് നാവികസേന ഈജിപ്ഷ്യന്‍ നാവികസേനയുടെ സഹകരണത്തോടെ കടല്‍ക്കൊള്ളക്കാരെ അമര്‍ച്ചചെയ്യാന്‍ നിരവധി നാവികയുദ്ധങ്ങള്‍ നടത്തി. യുദ്ധങ്ങള്‍ക്കുമാത്രമായുള്ള ഗാലികള്‍ ക്രീറ്റ് നാവികസേനയിലും ഉണ്ടായിരുന്നു. ഗ്രീക്കുകാരുമായി ക്രീറ്റ് സൈന്യത്തിന് നിരവധിതവണ ഏറ്റുമുട്ടേണ്ടിവന്നു. ഗാലികള്‍ കൂടാതെ പായ്ക്കപ്പലുകളുടെ പുരാതന രൂപങ്ങളും ക്രീറ്റ് സൈന്യം ഉപയോഗിച്ചിരുന്നു. ഒറ്റവരി തുഴക്കാരുള്ള നൗകകളായിരുന്നു കപ്പല്‍പ്പടയില്‍ കൂടുതലായും ഉണ്ടായിരുന്നത്. വീതി കുറഞ്ഞ്, നീണ്ട ഇവയ്ക്ക് അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നു. ബി.സി. 1100-ല്‍ ഫിനീഷ്യര്‍ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ മികച്ച നാവികസൈന്യത്തെ സംഘടിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന നൗകകള്‍തന്നെയായിരുന്നു യുദ്ധങ്ങളിലും ഫിനീഷ്യര്‍ ഉപയോഗപ്പെടുത്തിയിരുന്നത്. തുഴക്കാരെ വിവിധ തട്ടുകളില്‍ ക്രമീകരിച്ചിട്ടുള്ള കൂറ്റന്‍ ഗാലികള്‍ ആയിരുന്നു ഇവരുടെ സൈന്യത്തില്‍ ഉണ്ടായിരുന്നത്. പുരാതന അസീറിയന്‍ ശില്പങ്ങളില് ഫിനീഷ്യന്‍ കപ്പല്‍പ്പടയുടെ ചിത്രീകരണങ്ങള്‍ കാണാം.
പുരാതന ഗ്രീക്കു നാവികപ്പടയില്‍ വലിയ ഒറ്റത്തടിവള്ളങ്ങളാണ് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. 20 മീറ്ററോളം നീളമുള്ള ഇവയുടെ ഇരുവശങ്ങളിലും മരപ്പലകകള്‍കൊണ്ട് കവചങ്ങള്‍ നിര്‍മിച്ചിരുന്നു. വാണിജ്യപരമായി പുരോഗതി കൈവരിച്ച ഗ്രീക്കു തീരപ്രദേശങ്ങളില്‍ സുഗമമായ കപ്പല്‍ ഗതാഗതത്തെ സഹായിക്കുന്നതിനായി മികച്ച നാവികസൈന്യം പിന്നീട് നിലവില്‍വന്നു. കൂറ്റന്‍ ഗാലികള്‍ നിറഞ്ഞ നാവിക സൈന്യമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. ഇത്തരം ഗാലികളെക്കുറിച്ചുള്ള വിവരണം ഹോമറിന്റെ ഇലിയഡിലും ഒഡീസിയിലും ഉണ്ട്. ബി.സി. 1800-കളില്‍ മൂന്ന് നിര തുഴക്കാരുള്ള നൗകകള്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടു. 24 മീറ്ററോളം നീളമുള്ളവയായിരുന്നു ഇവ. ചുരുട്ടിവയ്ക്കാവുന്ന, ചതുരാകൃതിയിലുള്ള കപ്പല്‍പ്പായ്കള്‍ ഇവയില്‍ ഉപയോഗിച്ചിരുന്നു. അക്കാലത്തെ ഗ്രീക്ക് നാവികസൈന്യത്തിലെ തുഴക്കാര്‍ സ്വതന്ത്രരായ തൊഴിലാളികളായിരുന്നു. സമൂഹത്തിലെ പ്രമുഖനും ധനികനുമായിരുന്നു ക്യാപ്റ്റന്‍. കപ്പലിനെ യുദ്ധസജ്ജമാക്കാന്‍ ഒരുവര്‍ഷത്തേക്കുള്ള ഉത്തരവാദിത്തം ഈ ക്യാപ്റ്റനായിരുന്നു. ബൈറെം (Bireme), ട്രൈറെം (Trirem) എന്നീ പേരുകളില്‍ അറിയപ്പെടുന്ന പ്രത്യേക യുദ്ധനൗകകള്‍ ആദ്യമായി ഉപയോഗിച്ചതും ഗ്രീക്കുകാരാണ്.
ബി.സി. 1500-1400 നൂറ്റാണ്ടുകളില്‍ മാസിഡോണിയക്കാരും ഈജിപ്തുകാരും നാവികശക്തി വര്‍ധിപ്പിക്കുന്നതില്‍ മത്സരിച്ചു. മാസിഡോണിയന്‍ സേന 18 നിര തുഴക്കാരുള്ളതും 1800-ഓളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ കൂറ്റന്‍ നൗകകള്‍ യുദ്ധരംഗത്ത് ഉപയോഗിച്ചു. ഈജിപ്ഷ്യന്‍ സേന നിര്‍മിച്ചവയില്‍ 20 മുതല്‍ 30 വരെ നിരയില്‍ തുഴക്കാരെ അണിനിരത്താന്‍ കഴിഞ്ഞിരുന്നു. വടക്കന്‍ ആഫ്രിക്കന്‍ തീരങ്ങളില്‍ ബി.സി. മുന്നൂറാമാണ്ടില്‍ കാര്‍ത്തേജ് ആയിരുന്നു പ്രബല നാവികശക്തി. ഫിനീഷ്യരും ഗ്രീക്കുകാരും ഉപയോഗിച്ചതരം ഗാലികള്‍തന്നെയായിരുന്നു ഇവരുടെയും നാവികസേനയില്‍ ഉണ്ടായിരുന്നത്. കടല്‍വഴിയുള്ള കാര്‍ത്തേജിന്റെ ശ്രമങ്ങളെ ചെറുക്കാനാണ് റോമാക്കാര്‍ ആദ്യമായി നാവികസൈന്യം രൂപപ്പെടുത്തിയത്. ബി.സി. 264-ല്‍ ഒന്നാം പ്യൂണിക് യുദ്ധത്തില്‍ റോമാക്കാരെ ശക്തരായ കാര്‍ത്തേജ് സൈന്യം പരാജയപ്പെടുത്തി. മികച്ച നാവികസൈന്യം സംഘടിപ്പിക്കാന്‍ ഇത് റോമിനെ നിര്‍ബന്ധിതമാക്കി. മികച്ച ഗാലികള്‍ നിര്‍മിക്കാന്‍ റോമന്‍ നൗകാനിര്മാണവിദഗ്ധര് നിയോഗിക്കപ്പെട്ടു. ഗാലികളുടെ നിര്‍മാണം പുരോഗമിക്കുന്ന സമയത്ത് തുഴക്കാര്‍ കരയില്‍ തോണികളുടെ മാതൃകകള്‍ ഉണ്ടാക്കി പരിശീലനം നടത്തി. പിന്നീടു നടന്ന മിയാലേ (Myalae) യുദ്ധത്തില്‍ കാര്‍ത്തേജിന്റെ 44 കപ്പലുകളും പതിനായിരത്തോളം സൈനികരും അടങ്ങുന്ന സൈന്യത്തെ റോമന്‍ സൈന്യം കീഴടക്കി. തികച്ചും വ്യത്യസ്തമായ നാവികതന്ത്രങ്ങള്‍ റോമാക്കാര്‍ പരീക്ഷിച്ചുവിജയിച്ചു. കപ്പലുകളെ ഇടിച്ചു നശിപ്പിക്കുന്നതിനായിരുന്നു ഗ്രീക്കുകാരും ഫിനീഷ്യരും പ്രാധാന്യം കൊടുത്തിരുന്നത്. എന്നാല്‍, റോമാക്കാര്‍ ശത്രുകപ്പലുകളുമായി തങ്ങളുടെ കപ്പലുകളെ കൊളുത്തിനിര്‍ത്തുകയും ശത്രുവിന്റെ കപ്പലിലേക്ക് സൈനികര്‍ ഇരച്ചുകയറുകയും ചെയ്യുന്ന തന്ത്രമാണു പയറ്റിയിരുന്നത്. ശത്രുക്കപ്പലുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന പടികള്‍ ഘടിപ്പിച്ച മരപ്പലകകള്‍ കപ്പലുകളില്‍ ഉണ്ടായിരുന്നു. ബി.സി. 200 കാലത്ത് 17-നും 46-നും ഇടയ്ക്കു പ്രായമുള്ളവര്‍ക്ക് റോമില്‍ സൈനികസേവനം നിര്‍ബന്ധമായിരുന്നു. നാവികസൈന്യം വിപുലപ്പെടുത്താന്‍ ഈ നിയമം റോമിനെ സഹായിച്ചു. ബി.സി. 218-ല്‍ കാര്‍ത്തേജുമായി വീണ്ടും യുദ്ധമുണ്ടായി. ബി.സി. 201-ലാണ് ഈ യുദ്ധം അവസാനിച്ചത്. അതോടുകൂടി റോമന്‍ നാവികസൈന്യം അനിഷേധ്യശക്തിയായി മാറി. ജൂലിയസ് സീസറുടെ കാലത്ത് ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കും കടല്‍ക്കൊള്ളകളില്‍നിന്നു രക്ഷനേടാനുംവേണ്ടി നാവികസൈന്യത്തെ കൂടുതല്‍ ശക്തമാക്കി.
ജൂലിയസ് സീസറുടെ മരണശേഷം നടന്ന ആക്റ്റിയം (Actium) യുദ്ധത്തില്‍ (ബി.സി. 31) മാര്‍ക് ആന്റണിയുടെ (ബി.സി. 83-30) റോമന്‍ സൈന്യത്തെ ഒക്ടോവിയക്കാര്‍ പരാജയപ്പെടുത്തി. 'ലിബുര്‍ണിയന്‍' (liburnian) എന്നറിയപ്പെടുന്ന, ഭാരം കുറഞ്ഞ യുദ്ധനൗകകള്‍ ഒക്ടോവിയന്‍ കമാന്‍ഡറായ മാര്‍കസ് വിപ്സാനിയസ് അഗ്രിപ്പ (Marcus Vipsanius Agrippa: ബി.സി. 65-12) ഈ യുദ്ധത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി.
റോമന്‍ സാമ്രാജ്യത്തിന്റെ ശക്തിക്ഷയം സംഭവിച്ച കാലഘട്ടത്ത് ബൈസാന്തിയന്‍ ഭരണാധികാരികള്‍ നാവികസൈന്യങ്ങളെ മികച്ച രീതിയില്‍ സംഘടിപ്പിച്ചു. ലിബുര്‍ണിയനുകളോടു സാമ്യമുള്ള ഡ്രമന്‍ (Dromon) എന്ന പേരിലുള്ള യുദ്ധനൗകകള്‍ ഇവരുടെ നാവികസേന ഉപയോഗിച്ചിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ നാവികസേനകളുടെ വളര്‍ച്ച സ്കാന്ഡിനേവിയന് പ്രദേശങ്ങളില്‍ ആയിരുന്നു. എ.ഡി. 1000 കാലഘട്ടത്ത് ഈ പ്രദേശത്ത് നിരവധി സാമ്രാജ്യങ്ങള്‍ ഉദയംചെയ്തു. ഈ സാമ്രാജ്യങ്ങളെല്ലാംതന്നെ നാവികസൈന്യങ്ങളെയും സജ്ജീകരിച്ചിരുന്നു. 'വൈക്കിങ് വെസ്സലുകള്‍' എന്നറിയപ്പെടുന്ന കൂറ്റന്‍ നൗകകളായിരുന്നു സ്കാന്ഡിനേവിയന് പ്രദേശങ്ങളിലെ യുദ്ധനൗകകള്‍. 20 മുതല്‍ 30 വരെ നിരകളില്‍ തുഴക്കാരെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇത്തരം നൗകകളെ അക്കാലത്ത് സമുദ്രപര്യവേക്ഷണങ്ങള്‍ക്കുവേണ്ടിയും ഉപയോഗിച്ചിരുന്നു. എ.ഡി. 1200-ഓടുകൂടിയാണ് തുഴയുന്ന ഗാലികളുടെ ഉപയോഗം നാവികസേനകള്‍ ഒഴിവാക്കിയത്. ഡച്ചുകാര്‍ തുടക്കംകുറിച്ച പായ്ക്കപ്പലുകളുടെ ലോകത്തേക്ക് നാവികസേനകളെല്ലാം ക്രമേണ മാറിത്തുടങ്ങി. ഗാലികള്‍ ഉപയോഗിച്ചുള്ള അവസാനത്തെ പ്രമുഖ യുദ്ധമാണ് എ.ഡി. 1571-ല്‍ സ്പെയിനിന്റെയും ഫിനീഷ്യയുടെയും സഖ്യസേന തുര്‍ക്കിയെ തോല്പിച്ച 'ലെപ്പാന്റോ' യുദ്ധം.
പൗരാണിക യുദ്ധതന്ത്രങ്ങള്‍
ശത്രുസൈന്യത്തിന്റെ നൌകകളെ ഇടിച്ചുനശിപ്പിക്കുകയായിരുന്നു പൌരാണികകാലത്തെ പ്രധാന യുദ്ധതന്ത്രം. ഇതിനായി നൗകകളുടെ മുന്‍ഭാഗത്ത് നീണ്ട ലോഹദണ്ഡുകള്‍ ഘടിപ്പിക്കുമായിരുന്നു. നൗകകളില്‍ ഉയരത്തില്‍ ഒരു തട്ട് സജ്ജീകരിച്ച് അതില്‍ സൈനികരെ വിന്യസിക്കുകയാണു ചെയ്തിരുന്നത്. കൂട്ടിയിടിക്കുശേഷം ഈ സൈനികര്‍ ശത്രുനൌകയിലേക്കു ചാടി തുഴക്കാര്‍ക്കും സൈനികര്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു പതിവ്. മികച്ച രീതിയില്‍ അമ്പെയ്യാന്‍ കഴിയുന്നവര്‍ നാവികസേനകളില്‍ അക്കാലത്ത് ഉണ്ടായിരുന്നു. കൂറ്റന്‍ അമ്പുകള്‍ എയ്തുവിടാന്‍ കവണകള്‍ (Catapult) ചില സേനകള്‍ ഉപയോഗിച്ചു. ശത്രുവിന്റെ നൗകയിലേക്ക് തീപ്പന്തങ്ങള്‍ എറിയാന്‍ 'ബാലിസ്റ്റ', 'ഒനാജര്‍' എന്നീ യന്ത്രങ്ങള്‍ റോമാക്കാര്‍ ഉപയോഗിച്ചിരുന്നു. നോ: ആയുധങ്ങള്‍. റോമന്‍ കപ്പലുകളുടെ മുന്‍ഭാഗത്ത് ശത്രുവിന്റെ കപ്പലുകളെ കൊളുത്തിനിര്‍ത്താന്‍ കഴിയുന്ന ഒരു ലോഹക്കൊളുത്ത് ഉണ്ടായിരുന്നു. ഇരുമ്പിന്റെയും ഈയത്തിന്റെയും കൂര്‍ത്ത ചീളുകള്‍ ഇരുമ്പുകുഴലുകളിലൂടെ തൊടുക്കുന്നത് മറ്റൊരു പൌരാണിക യുദ്ധരീതിയായിരുന്നു. ഭാരം കുറഞ്ഞതും നീളമുള്ളതുമായ നൌകകളും യുദ്ധങ്ങളില്‍ ഉപയോഗിച്ചിരുന്നു. എളുപ്പത്തില്‍ ഗതി തിരിക്കാനും വേഗത കൂട്ടാനും ഇവയ്ക്കു കഴിഞ്ഞിരുന്നു.
നാവികസേന-പൗരാണിക ഭാരതത്തില്‍
നാവികസൈന്യങ്ങളെക്കുറിച്ചും യുദ്ധനൗകകളെക്കുറിച്ചും പ്രാചീന ഭാരതീയ കൃതികളില്‍ ധാരാളം വിവരണങ്ങള്‍ ഉണ്ട്. ഇത്, അതിപുരാതനകാലത്തുതന്നെ ഇന്ത്യന്‍ പ്രദേശങ്ങളില്‍ നാവികസേനകള്‍ നിലനിന്നിരുന്നതായി കാണിക്കുന്നു. ഋഗ്വേദത്തില്‍ നൂറോളം തുഴക്കാരുള്ള യുദ്ധനൗകയെക്കുറിച്ച് പരാമര്‍ശമുണ്ട്. മഹാഭാരതത്തില്‍ കൊടുങ്കാറ്റിനെയും എല്ലാവിധ ആയുധങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന ആയുധസജ്ജമായ ഒരു നൗകയിലാണ് പാണ്ഡവര്‍ ഗംഗാനദി മുറിച്ചുകടക്കുന്നതായി വര്‍ണിച്ചിട്ടുള്ളത് (ആദിപര്‍വം). ശാന്തിപര്‍വത്തില്‍ സര്‍വസൈന്യത്തിലെ ഒരു അംഗമാണ് നാവികസേന എന്നു പറയുന്നു. നിഷാദസൈന്യം ഭരതന്റെ സൈന്യത്തോട് ഒരു നാവികയുദ്ധത്തിന് തയ്യാറെടുക്കുന്നതിനെക്കുറിച്ച് രാമായണത്തില്‍ വിവരിക്കുന്നുണ്ട് (അയോദ്ധ്യാകാണ്ഡം). മനുസ്മൃതിയില്‍ കടലിലൂടെ വരുന്ന ശത്രുക്കളെ നേരിടാന്‍ തോണികള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
ബി.സി. നാലാം നൂറ്റാണ്ടില്‍ ചന്ദ്രഗുപ്തമൗര്യനാണ് മികച്ച രീതിയില്‍ ഒരു നാവികസൈന്യത്തെ ഇന്ത്യന്‍ തീരങ്ങളില്‍ ആദ്യമായി സംഘടിപ്പിച്ചത്. ചന്ദ്രഗുപ്തന്റെ സൈന്യത്തെ ആറായി വിഭജിച്ചിരുന്നുവെന്നും ആദ്യത്തേത് ഒരു നാവികത്തലവന്റെ കീഴിലായിരുന്നുവെന്നും ചന്ദ്രഗുപ്ത രാജധാനിയിലെ ഗ്രീക്കു പ്രതിപുരുഷനായിരുന്ന മെഗസ്തനസ് (ബി.സി. 350-290) രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്ന കൌടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ 'നവദ്യക്ഷ' എന്ന സൈനികത്തലവന്റെ ചുമതലകളെപ്പറ്റി വിവരിക്കുന്നുണ്ട്. സമുദ്രയാത്രകള്‍ സുഗമമാക്കുക, കടല്‍ക്കൊള്ളക്കാരെയും സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ശത്രുരാജ്യത്തിലെ നൗകകളെയും നശിപ്പിക്കുക എന്നിവയാണ് ആ ചുമതലകള്‍. മൗര്യചക്രവര്‍ത്തിയായ അശോകനും മികച്ച രീതിയില്‍ നാവികസേന സജ്ജീകരിച്ചിരുന്നു. സിലോണ്‍, ഈജിപ്ത്, സിറിയ, മാസിഡോണിയ എന്നീ രാജ്യങ്ങളുമായി അശോകന് മികച്ച നയതന്ത്രബന്ധങ്ങള്‍ ഉണ്ടാക്കിയത് നാവികസൈന്യത്തിന്റെ സഹായത്തോടെയായിരുന്നു.
ദക്ഷിണേന്ത്യയില്‍ പല്ലവര്‍ക്ക് ഇക്കാലത്ത് സ്വന്തമായി ഒരു നാവികസൈന്യം ഉണ്ടായിരുന്നു. കോറമണ്ഡലം തീരമായിരുന്നു ഇവരുടെ നാവിക ആസ്ഥാനം. നരസിംഹവര്മന് എന്ന പല്ലവരാജാവ് ശ്രീലങ്ക പിടിച്ചടക്കിയത് വലിയൊരു നാവികസൈന്യത്തിന്റെ സഹായത്തോടെയായിരുന്നു. സംഘസാഹിത്യത്തില്‍ കേരളതീരങ്ങളിലെ പൗരാണിക നാവികയുദ്ധങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ട്. ചേരന്മാര്‍ക്ക് സുശക്തമായ നാവികസജ്ജീകരണങ്ങളുണ്ടായിരുന്നു. ചേരരാജാക്കന്മാരായ ഇമയവരമ്പന്‍, ചെങ്കുട്ടുവന് എന്നിവരുടെ നാവികയുദ്ധവിജയങ്ങളെക്കുറിച്ച് പതിറ്റുപ്പത്തില്‍ വിശദീകരണങ്ങളുണ്ട്. വാണിജ്യസംബന്ധമായി ഉപയോഗപ്പെടുത്തിയിരുന്ന കപ്പലുകളെയാണ് നാവികയുദ്ധത്തിനുവേണ്ടിയും ഉപയോഗിച്ചിരുന്നത്.
മധ്യകാലഘട്ടം
പായ്ക്കപ്പലുകളുടെ കാലം
പായ്ക്കപ്പലുകളുടെ ആവിര്‍ഭാവം നാവികസേനകളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി. 14-ാം നൂറ്റാണ്ടുമുതലാണ് ഇത്തരം കപ്പലുകള്‍ യുദ്ധങ്ങളില്‍ ഉപയോഗിച്ചുതുടങ്ങിയത്. പോര്‍ച്ചുഗീസ്, ഡച്ച്, സ്പാനിഷ് പര്യവേക്ഷകരുടെ ആദ്യകാല സമുദ്രാന്തര പര്യവേക്ഷണങ്ങള്‍ നടന്നതും ഇക്കാലത്താണ്. ദീര്‍ഘമായ യാത്രകള്‍ക്ക് കപ്പല്‍പ്പായ്കള്‍ ഘടിപ്പിച്ച കപ്പലുകള്‍ ഇവര്‍ ഉപയോഗിച്ചു. തുഴക്കാര്‍ക്കു പകരം കാറ്റിന്റെ സഹായത്തോടെയായിരുന്നു കപ്പലിന്റെ സഞ്ചാരം. പായ്ക്കപ്പലുകള്‍ വ്യാപകമായ കാലത്തും പുരാതന ഗാലികളുടെ പുതിയ രൂപങ്ങള്‍ പല രാജ്യങ്ങളും നാവികസേനയില്‍ ഉപയോഗിച്ചിരുന്നു. ഗലേസകള്‍, ഗാലിയോണുകള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കൂറ്റന്‍ ഗാലികള്‍ ഗ്രീസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഉപയോഗിച്ചു. നെപ്പോളിയന്റെയും ലൂയി 14-ാമന്റെയും നാവികസേനകള്‍ ഇത്തരം നൗകകള്‍ ഉപയോഗിച്ച് നിരവധി നാവികപോരാട്ടങ്ങള്‍ നടത്തി. റഷ്യ, സ്വീഡന് എന്നീ രാജ്യങ്ങള്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെ ഈയിനം നൗകകള്‍ ഉപയോഗിച്ചിരുന്നു.
നാവികസേനകള്‍ പീരങ്കികളും വിവിധതരം തോക്കുകളും ഉപയോഗിച്ചുതുടങ്ങിയത് 14-ാം നൂറ്റാണ്ടുമുതലാണ്. അക്കാലത്തെ ചരക്കുകപ്പലുകളിലും തോക്കുകളും വിവിധതരം പീരങ്കികളും ഉപയോഗിച്ചിരുന്നു. ഇത്തരം ചരക്കുകപ്പലുകളെ കൂടുതല്‍ തോക്കുകള്‍ ഘടിപ്പിച്ച് കപ്പല്‍പ്പടയുടെ ഭാഗമായും ഉപയോഗിച്ചിരുന്നു. ഇക്കാലത്തെ മറ്റൊരു പ്രധാന കണ്ടുപിടിത്തമായിരുന്നു കരിമരുന്ന്. 14-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പെയിന് തുടങ്ങിയ നാവികശക്തികള്‍ തോക്കുകള്‍ ഉപയോഗിച്ചിരുന്നു. സൈനികര്‍ക്കുനേരെ നിറയൊഴിക്കാന്‍ കഴിയുന്ന ചെറിയതരം തോക്കുകളായിരുന്നു അവ. തുര്‍ക്കി, സ്പെയിന് നാവികസേനകളാണ് ശത്രുവിന്റെ കപ്പലിനെത്തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള വലിയ തോക്കുകള്‍ (പീരങ്കികള്‍) പരീക്ഷിച്ചു വിജയിപ്പിച്ചത്. ഡെക്കിന്റെ ഇരുവശങ്ങളിലും ഒരേ വലുപ്പത്തിലുള്ള തോക്കുകളുടെ ശ്രേണികള്‍ നാവികക്കപ്പലുകളില്‍ സജ്ജീകരിച്ചിരുന്നു. 1652-ല്‍ അക്കാലത്തെ പ്രബല നാവികശക്തിയായ ഡച്ചുകാരെ നേരിട്ട ബ്രിട്ടിഷ് സൈന്യത്തില്‍, കൂടുതലും തോക്കുകള്‍ ഘടിപ്പിച്ച ചരക്കുകപ്പലുകളാണ് ഉണ്ടായിരുന്നത്. കാപ്പിയം യുദ്ധങ്ങളില്‍ ചൈനീസ് നാവികപ്പട പെഡലുകള്‍ ചവിട്ടി ചലിപ്പിക്കാന്‍ കഴിയുന്ന പായ്ക്കപ്പലുകള്‍ ഉപയോഗിച്ചിരുന്നു.
16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സുഗമമായ വാണിജ്യത്തിനും കപ്പല്‍സഞ്ചാരത്തിനുംവേണ്ടി സമുദ്രാതിര്‍ത്തിയുള്ള രാജ്യങ്ങളെല്ലാം മികച്ച നാവികസേനകളെ സജ്ജീകരിച്ചു. ഇരുമ്പു സംസ്കരണവിദ്യയിലുണ്ടായ പുതിയ മുന്നേറ്റങ്ങളുടെ ഫലമായി ഓടില്‍ നിര്‍മിച്ച തോക്കുകള്‍ക്കു പകരം ഇരുമ്പില്‍ നിര്‍മിച്ച തോക്കുകള്‍ നിലവില്‍വന്നു. ഒരേ നിരയായി മുന്നേറുന്ന കപ്പലുകളില്‍ ഓരോന്നും ശത്രുസേനയിലെ ഒരു കപ്പലിനെ തിരഞ്ഞെടുത്ത് അക്രമിക്കുന്നതായിരുന്നു ആക്രമണശൈലി. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കപ്പല്‍പ്പടയില്‍ ചെറിയ കപ്പലുകള്‍ ഉപയോഗിക്കുന്നത് കുറഞ്ഞുവരികയും കൂറ്റന്‍ കപ്പലുകള്‍ കൂടുതല്‍ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. 1798-ല്‍ ബ്രിട്ടീഷ് പട ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയതും 1805-ല്‍ ബ്രിട്ടീഷ് സൈന്യം സ്പെയിന്-ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തിയതും പായ്ക്കപ്പലുകളുടെ കാലത്തെ പ്രമുഖ യുദ്ധങ്ങളാണ്.
നാവികസേന-മധ്യകാല ഭാരതത്തില്‍
മധ്യകാല ഇന്ത്യയിലെ പ്രമുഖ നാവികശക്തികള്‍ ചോള നാവികസേനയായിരുന്നു. വിജയനഗര, കലിംഗ, മറാത്ത, മുഗള്‍ സാമ്രാജ്യങ്ങളെല്ലാം മികച്ച രീതിയില്‍ നാവികസൈന്യങ്ങളെ സജ്ജീകരിച്ചിരുന്നു. 16-ാം നൂറ്റാണ്ടോടുകൂടി പോര്‍ച്ചുഗീസുകാര്‍ ഇന്ത്യന്‍തീരങ്ങളില്‍ പ്രബല നാവികശക്തിയായി മാറി. താന, ബറോഡ, കരിഞ്ച എന്നീ തീരങ്ങള്‍ പോര്‍ച്ചുഗീസ് നാവികശക്തിയുടെ കീഴിലായിരുന്നു. കോഴിക്കോട് സാമൂതിരിയാണ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ആദ്യമായി ഒരു നാവികയുദ്ധം നടത്തിയ ഇന്ത്യന്‍ രാജാവ്. 1504-ല്‍ സാമൂതിരിയുടെ കൊച്ചി ആക്രമണമായിരുന്നു അത്. 280 കപ്പലുകളിലായി ഏകദേശം 4000 സൈനികര്‍ സാമൂതിരിയുടെ നാവികസേനയില്‍ ഉണ്ടായിരുന്നു. നാവികയുദ്ധതന്ത്രങ്ങളിലെ അജ്ഞതമൂലം സാമൂതിരിയുടെ സൈന്യം ദയനീയമായി പരാജയപ്പെട്ടു.
16-ഉം 17-ഉം നൂറ്റാണ്ടുകളില്‍ ഇന്ത്യയിലെ പ്രമുഖ നാവികസൈന്യങ്ങള്‍ മറാത്ത, കേരള തീരങ്ങളിലെ സൈന്യങ്ങളായിരുന്നു. മറാത്ത രാജാവായിരുന്ന ശിവജിക്ക് മികച്ച നാവികസൈന്യം ഉണ്ടായിരുന്നു. മറാത്തയിലെ കനോജി ആംഗ്രേ, സാമൂതിരിയുടെ കപ്പല്‍പ്പടയുടെ തലവന്മാരായിരുന്ന കുഞ്ഞാലിമരയ്ക്കാര്‍മാര്‍ എന്നിവര്‍ അക്കാലത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ നാവികത്തലവന്മാരായിരുന്നു. (നോ: കുഞ്ഞാലിമരക്കാര്‍മാര്‍) പോര്‍ച്ചുഗീസുകാരുടെ കൂറ്റന്‍ കപ്പലുകളെ നേരിടാനായി കുഞ്ഞാലിമരയ്ക്കാര്‍ അതിവേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ചെറിയ നൗകകള്‍ പൊന്നാനി, ബേപ്പൂര്‍ എന്നീ തുറമുഖങ്ങളില്‍നിന്ന് ഇറക്കിയിരുന്നു. മലബാറിലെ കടത്തനാട്, അറയ്ക്കല്‍ എന്നീ ചെറിയ രാജവംശങ്ങള്‍ക്കുപോലും മികച്ച നാവികസേന ഉണ്ടായിരുന്നു.
ആധുനിക കാലഘട്ടം
ആവിക്കപ്പലുകളുടെ കാലം
വ്യവസായവിപ്ലവത്തിനുശേഷം 19-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ആവിയന്ത്രങ്ങളിലധിഷ്ഠിതമായ യുദ്ധക്കപ്പലുകള്‍ നാവികസേനകള്‍ ഉപയോഗിച്ചുതുടങ്ങി. അമേരിക്ക, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് ആവിക്കപ്പലുകള്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. അമേരിക്കന്‍ നാവികസേന 1812-ല്‍ നിര്‍മിച്ച 'ഡെമോലോഗസ്' (Demologos) ആണ് ആവിയന്ത്രം ഉപയോഗപ്പെടുത്തിയ ആദ്യത്തെ യുദ്ധക്കപ്പല്‍. പെഡലുകള്‍ ഘടിപ്പിച്ച ചെറിയ കപ്പലുകളായിരുന്നു
ആദ്യകാല ആവിക്കപ്പലുകള്‍. 1820-കളില്‍ വെസ്റ്റ് ഇന്‍ഡീസ് തീരങ്ങളിലെ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ അമേരിക്കന്‍ നാവികസേന ഇത്തരം കപ്പലുകളുപയോഗിച്ച് നിരവധി നാവികയുദ്ധങ്ങള്‍ നടത്തി. തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥകളിലും അമേരിക്കന്‍ നാവികസേന ആവിക്കപ്പലുകള്‍ ഉപയോഗിച്ച് വലിയ വിജയങ്ങള്‍ നേടി. 1840-കളിലെ മെക്സിക്കന്‍ യുദ്ധവും 1850-കളിലെ ത്രീമെന്‍ യുദ്ധവും ഉദാഹരണങ്ങളാണ്. നാവികരംഗത്ത് അമേരിക്ക പ്രബലശക്തിയായി വളര്‍ന്നതും ഇക്കാലത്താണ്.
ലോഹസംസ്കരണവിദ്യയിലുണ്ടായ മാറ്റങ്ങള്‍ തോക്കുനിര്‍മാണത്തിലും പ്രതിഫലിച്ചു. ഭാരംകൂടിയ നീണ്ട തോക്കുകള്‍ കപ്പലുകളില്‍ ഘടിപ്പിച്ചുതുടങ്ങി. വെടിയുണ്ടകള്‍ക്കു പകരം തീക്കല്‍കഷണം (flint stone) ഉപയോഗിക്കുന്ന തോക്കുകളായിരുന്നു ഇവ. സ്ഫോടകശക്തിയുള്ള ഒരു രാസസംയുക്തം (mercuric fulminate) ഇതിനായി നാവികസേനകള്‍ ഉപയോഗിച്ചു. തട്ടിയാല്‍ ഉടന്‍ പൊട്ടിത്തെറിക്കുന്ന ഒരു ചൂര്‍ണപദാര്‍ഥം അടങ്ങിയിട്ടുള്ള ലോഹക്കൂട്ടും ഇക്കാലത്ത് മിക്ക സേനകളും ഉപയോഗിച്ചിരുന്നു. പുറകുവശത്തുനിന്ന് ഉണ്ടകള്‍ നിറയ്ക്കാവുന്ന പ്രത്യേകതരം തോക്കുകള്‍ ബ്രിട്ടീഷ് സൈന്യമാണ് ആദ്യമായി ഉപയോഗിച്ചത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധങ്ങളില്‍ നാവികസേനയുടെ മികച്ച ആയുധം കരിമരുന്ന് ഉപയോഗിച്ചുള്ളവയായിരുന്നു.
പീരങ്കികള്‍ക്കും തോക്കുകള്‍ക്കും പിറകേ ചെറിയതരം ഷെല്ലുകള്‍, ബോംബുകള്‍ തൊടുക്കാവുന്ന മോര്‍ട്ടാറുകള്‍ എന്നിവയും നാവികസേനകളില്‍ സ്ഥാനംപിടിച്ചു. മികച്ച കൃത്യത ഇവയ്ക്കുണ്ടായിരുന്നു. 62മ്മ പൗണ്ട് ഭാരവും ശക്തിയോടെ തുളച്ചുകയറി പൊട്ടിത്തെറിക്കാന്‍ കഴിവുമുള്ള ഇത്തരം ഷെല്ലുകള്‍ ഫ്രഞ്ചുസേന വികസിപ്പിച്ചെടുത്തു. 1853-ല്‍ കരിങ്കടലില്‍വച്ച് റഷ്യന്‍ സേന തുര്‍ക്കി സേനയെ തകര്‍ത്തത് ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു. ഷെല്‍-തോക്കുകള്‍ (Shell-gun) വ്യാപകമാവാന്‍ ഈ സംഭവം കാരണമായി. ആവിയന്ത്രത്തിലോടുന്ന 'ഫ്രിഗേറ്റുകള്‍' എന്ന കപ്പലുകള്‍ അമേരിക്കന്‍-ബ്രിട്ടിഷ് സൈന്യങ്ങള്‍ യുദ്ധങ്ങളില്‍ ഉപയോഗിച്ചു. പിന്നീട് ഇത്തരത്തിലുള്ള ഫ്രിഗേറ്റുകള്‍ ആയിരുന്നു യുദ്ധമുന്നണിയിലെ പ്രബല കപ്പലുകള്‍. 1855-ല്‍ ഇത്തരത്തിലുള്ള ഒരു ബ്രിട്ടിഷ് കപ്പല്‍ റഷ്യന്‍ തീരത്തുള്ള ഒരു കോട്ട തകര്‍ത്തു. കനത്ത ഉരുക്കുപാളികള്‍കൊണ്ടു നിര്‍മിതമായ ഇതിന് റഷ്യന്‍ പ്രത്യാക്രമണത്തില്‍നിന്ന് കുറഞ്ഞ പരിക്കേ ഏല്ക്കേണ്ടിവന്നുള്ളു. മുങ്ങിക്കപ്പലുകളുടെയും ടോര്‍പിഡോകളുടെയും ആദ്യകാല രൂപങ്ങള്‍ ഇക്കാലത്ത് ഉപയോഗിച്ചുതുടങ്ങി.
19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തോടെ കവചിത ആക്രമണകാരി കപ്പലുകള്‍ അഥവാ കവചിത ക്രൂസെറുകള്‍ നാവിക സേനകളില്‍ പ്രധാന ഘടകമായി. ചരക്കുഗതാഗതത്തിന് സംരക്ഷണം നല്കുവാനും പെട്ടെന്ന് ആക്രമണങ്ങള്‍ നടത്താനും യോജിച്ച രീതിയില്‍ നിര്‍മിക്കപ്പെട്ട കപ്പലുകളായിരുന്നു ഇവ. മുങ്ങിക്കപ്പലുകളുടെ നിര്‍മാണത്തിലും കൂടുതല്‍ മുന്നേറ്റങ്ങള്‍ ഇക്കാലത്തുണ്ടായി.
ഒന്നാം ലോകയുദ്ധകാലം
മറ്റെല്ലാ സേനാസംവിധാനങ്ങളിലുമെന്നപോലെ നാവികസേനകളിലും നവീനമായ മാറ്റങ്ങള്‍ ഒന്നാം ലോകയുദ്ധകാലത്ത് ഉണ്ടായി. ജര്‍മനി, ബ്രിട്ടണ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ നാവികരംഗത്ത് നൂതന പരീക്ഷണങ്ങള്‍ നടത്തി.
ഒന്നാം ലോകയുദ്ധത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന കൂറ്റന്‍ പടക്കപ്പലുകള്‍ 'പ്രീ-ഡ്രെഡ്നോട്ടു'കള്‍ (Pre-Dreadnought) എന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്നു. 1890-കളിലാണ് ഇത്തരം കപ്പലുകള്‍ നാവികസേനകള്‍ ഉപയോഗിച്ചിരുന്നത്. 1906-ല്‍ ബ്രിട്ടീഷ് നേവി 'ഡ്രെഡ്നോട്ട്' (Dreadnought) എന്ന പേരില്‍ ഒരു പടക്കപ്പല്‍ പുറത്തിറക്കി. 21 നോട്ടിക് മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ഇതില്‍ 12 ഇഞ്ച് തോക്കുകളായിരുന്നു പ്രധാന ആയുധം. പിന്നീട് നാവികസേനകളെല്ലാം ഇത്തരം കപ്പലുകള്‍ പുറത്തിറക്കി. ഒന്നാം ലോകയുദ്ധകാലത്ത് പ്രധാന കപ്പലുകളായിരുന്നു ഡ്രെഡ്നോട്ടുകളും പ്രീ ഡ്രെഡ്നോട്ടുകളും. 1900-1914 കാലത്ത് ജര്‍മനി നാവികസേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധനല്‍കി. ജര്‍മനിയോടു മത്സരിച്ച് ബ്രിട്ടനും ശക്തിയേറിയ യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങി.
ക്രൂസെര്‍, ഡിസ്ട്രോയര്‍ എന്നീ കപ്പലുകളുടെ പുതിയ രൂപങ്ങള്‍ നാവികസേനകള്‍ തയ്യാറാക്കി. വലിയ തോക്കുകള്‍ ഘടിപ്പിച്ച ക്രൂസെറുകള്‍ 'ബാറ്റില്‍ ക്രൂസെറു'കള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിവേഗതയില്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു കഴിഞ്ഞിരുന്നു. 8ഃ13.5 ഇഞ്ച് തോക്കുകളാണ് ബാറ്റില്‍ ക്രൂസെറുകളില്‍ ഉണ്ടായിരുന്നത്. ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളും നാവികസേനകളുടെ ശക്തി വര്‍ധിപ്പിച്ചു. 1914-ല്‍ ബ്രിട്ടന്റെ സേനയില്‍ 270 ഡിസ്ട്രോയറുകള്‍ ഉണ്ടായിരുന്നു. 4 ഇഞ്ച് തോക്കുകളും 21 ഇഞ്ച് ടോര്‍പിഡോ ട്യൂബുകളും ഇവയിലുണ്ടായിരുന്നു. ജര്‍മന്‍കാര്‍ ഡിസ്ട്രോയറുകളെ ടോര്‍പിഡോ ബോട്ടുകള്‍ എന്നാണ് വിളിച്ചിരുന്നത്. ജര്‍മനിക്ക് 140 ഡിസ്ട്രോയറുകള്‍ ഉണ്ടായിരുന്നു. ഒന്നാം ലോകയുദ്ധരംഗത്തേക്ക് അല്പം വൈകി കടന്നുവന്ന അമേരിക്കയ്ക്ക് ശക്തിയേറിയ 247 ഡിസ്ട്രോയറുകള്‍ ഉണ്ടായിരുന്നു. ഇവയിലെല്ലാം ഹൈഡ്രോഫോണുകള്‍, ഡെപ്ത്ത് ചാര്‍ജറുകള്‍ മുതലായ നൂതന ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നു. പ്രത്യേകതരം നാവിക യുദ്ധവിമാനങ്ങള്‍ ഇക്കാലത്ത് വികസിപ്പിക്കപ്പെട്ടു. ജര്‍മനി 'സെപ്പിലിനുകള്‍' (Zeppelines) എന്നു പേരുള്ള വലിയ വിമാനങ്ങള്‍ കപ്പലുകളെ ആക്രമിക്കാന്‍ ഉപയോഗിച്ചു. ഫ്ളോട്ട് പ്ലെയിനുകള്‍, ഫ്ളൈയിങ് ബോട്ടുകള്‍ തുടങ്ങിയ വിമാനങ്ങള്‍ മറുഭാഗത്തുനിന്നും ഉപയോഗപ്പെടുത്തി. കൂറ്റന്‍ യുദ്ധക്കപ്പലുകളില്‍ മാറ്റങ്ങള്‍ വരുത്തി യുദ്ധവിമാനങ്ങളെ വഹിക്കാന്‍ പാകത്തിലാക്കി. കുറച്ചു യുദ്ധവിമാനങ്ങളെ മാത്രമേ ഇത്തരം കപ്പലുകള്‍ക്കു വഹിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ആധുനിക വിമാനവാഹിനികളുടെ ആദ്യകാലരൂപങ്ങളായിരുന്നു അവ. പൈലറ്റില്ലാത്തതും സ്ഫോടകവസ്തുക്കള്‍ വഹിക്കുന്നതുമായ ചെറിയ വിമാനങ്ങള്‍ അമേരിക്കന്‍ നേവി ഇക്കാലത്തു വികസിപ്പിച്ചെടുത്തു.
അന്തര്‍വാഹിനികള്‍ക്കുവേണ്ടിയുള്ള നിരവധി പരീക്ഷണങ്ങള്‍ ഇക്കാലത്തു നടന്നു. ഫ്രാന്‍സ്, ബ്രിട്ടണ്, അമേരിക്ക എന്നിവിടങ്ങളില്‍ അന്തര്‍വാഹിനികളുടെ ചെറിയ രൂപങ്ങള്‍ നിര്‍മിക്കപ്പെട്ടു. യുദ്ധരംഗത്ത് അന്തര്‍വാഹിനി ആദ്യമായി ഉപയോഗിച്ചത് ജര്‍മനി ആയിരുന്നു. 'യു-ബോട്ടുകള്‍' എന്നാണ് ജര്‍മനി ഇവയെ വിളിച്ചത്. 800-ഓളം യു-ബോട്ടുകള്‍ ജര്‍മനിക്കും 250-ഓളം അന്തര്‍വാഹിനികള്‍ ബ്രിട്ടണും ഒന്നാം ലോകയുദ്ധകാലത്ത് ഉണ്ടായിരുന്നു. ജര്‍മനിയുടെ അന്തര്‍വാഹിനികള്‍, സഖ്യരാജ്യങ്ങളുടെ നിരവധി യാത്രാക്കപ്പലുകളെയും ചരക്കുകപ്പലുകളെയും ടോര്‍പിഡോ പ്രയോഗത്തിലൂടെ നശിപ്പിച്ചു. 1917-ലെ ആദ്യ എട്ടു മാസങ്ങളില്‍ നിരവധി ബ്രിട്ടീഷ് ജലനൌകകള്‍ ഇപ്രകാരം നശിപ്പിക്കപ്പെട്ടു. ഡിസ്ട്രോയര്‍ കപ്പലുകളെ യാത്രാകപ്പലുകളുടെയും ചരക്കുകപ്പലുകളുടെയും അകമ്പടി കപ്പലുകളാക്കിക്കൊണ്ട് ബ്രിട്ടണ് ജര്‍മനിയുടെ ആക്രമണത്തെ ചെറുത്തു. 'കോണ്‍വോയ് സംവിധാനം' (Convoy system) എന്ന് ഇത്തരം സുരക്ഷാസംവിധാനം അറിയപ്പെട്ടു. ജര്‍മന്‍ യു-ബോട്ടുകളെ നശിപ്പിക്കാന്‍ സഖ്യശക്തികള്‍ മൈനുകള്‍ ഉപയോഗിച്ചുതുടങ്ങി. ഉത്തരസമുദ്രത്തില്‍ (North Sea) ആയിരക്കണക്കിന് മൈനുകള്‍ ഇപ്രകാരം നിക്ഷേപിക്കപ്പെട്ടു. ജര്‍മന്‍ നാവികസേനകള്‍ മൈനുകളെ നീക്കം ചെയ്യാന്‍ മൈന്‍വാരി കപ്പലുകള്‍ ഉപയോഗിച്ചു. ഇത്തരം മൈന്‍വാരികള്‍ക്ക് കോണ്‍വോയ് സംവിധാനം ഏര്‍പ്പെടുത്താന്‍ ജര്‍മനി നിര്‍ബന്ധിതമായി. വീണ്ടും നാവികയുദ്ധവിമാനങ്ങളുടെ ആക്രമണം ഇക്കാലത്തു നടന്നു. നേവല്‍ബേസുകളെയും കപ്പലുകളെയും നശിപ്പിക്കാന്‍ വിമാനവാഹിനികളില്‍നിന്നു പറന്നുയരുന്ന യുദ്ധവിമാനങ്ങള്‍ക്കു കഴിഞ്ഞു. ഹൈഡ്രോഫോണുകള്‍, ഡെപ്ത്ത് ചാര്‍ജറുകള്‍ എന്നിവയുടെ കടന്നുവരവോടെ അന്തര്‍വാഹിനികളെ നശിപ്പിക്കാനുമായി.
ജട്ട്ലന്‍ഡ് യുദ്ധം. 1916 മേയില്‍ ഉത്തരസമുദ്രത്തില്വച്ചു നടന്ന ജട്ട്ലന്‍ഡ് യുദ്ധം ചരിത്രത്തിലെ ഏറ്റവും വലിയ നാവികപോരാട്ടമായി അറിയപ്പെടുന്നു. ജര്‍മനിയുടെയും ബ്രിട്ടന്റെയും നാവികസേനകളുടെ യുദ്ധക്കപ്പലുകള്‍ നേരിട്ട് ആക്രമണം നടത്തി. കടുത്ത മൂടല്‍മഞ്ഞിലും കനത്ത ഇരുട്ടിലും നാവികകപ്പലുകള്‍ പരസ്പരം വെടിയുതിര്‍ത്തു. ജട്ട്ലന്‍ഡ് യുദ്ധത്തില്‍ പങ്കെടുത്ത യുദ്ധക്കപ്പലുകളുടെ വിശദവിവരങ്ങള്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.
ഇരുരാജ്യങ്ങളും വിജയം അവകാശപ്പെട്ട ഈ യുദ്ധത്തില്‍ ജര്‍മനിക്ക് 11 കപ്പലുകളും 2500 സൈനികരും നഷ്ടപ്പെട്ടപ്പോള്‍ ബ്രിട്ടണ് 14 കപ്പലുകളും ആറായിരത്തോളം സൈനികരും നഷ്ടമായി.
കപ്പല്‍നിര്‍മാണത്തിലും വാര്‍ത്താവിനിമയത്തിലും ഒന്നാം ലോകയുദ്ധകാലത്ത് മികച്ച സാങ്കേതികവിദ്യകള്‍ കണ്ടുപിടിക്കപ്പെട്ടു. ആന്തരദഹന എന്‍ജിന്റെയും ഇലക്ട്രിക് മോട്ടോറിന്റെയും കടന്നുവരവും വയര്‍ലെസ് വാര്ത്താവിനിമയസംവിധാനങ്ങളുടെ ഉപയോഗവും ഇക്കാലത്തെ ശ്രദ്ധേയ നേട്ടങ്ങളാണ്. യുദ്ധപരാജയത്തോടെ ജര്‍മനിയുടെ 150 യു-ബോട്ടുകളും 5 ബാറ്റില്‍ ക്രൂസെറുകളും 10 ലൈറ്റ് ക്രൂസെറുകളും 11 ഡ്രെഡ്നോട്ടുകളും 50 ടോര്‍പിഡോ ബോട്ടുകളും സഖ്യസേനയ്ക്കു കൈമാറി. നോ: ജട്ട്ലന്‍ഡ് യുദ്ധം.
രണ്ടാം ലോകയുദ്ധകാലം
ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടണ്, ഫ്രാന്‍സ്, ജപ്പാന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ ശക്തിയുള്ള നാവിക യുദ്ധോപകരണങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. ജര്‍മനിയുടെ കപ്പല്‍ശാലകളിലും രഹസ്യമായി നിരവധി കപ്പലുള്‍ തയ്യാറാക്കിക്കൊണ്ടിരുന്നു. എയര്‍ക്രാഫ്റ്റുകള്‍, മിസൈലുകള്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത് ഇക്കാലത്താണ്. റഡാര്‍, ആന്റി-എയര്‍ക്രാഫ്റ്റ് ഗണ്ണറി, പ്രൊപ്പല്‍ഷന്‍ പ്ളാന്റുകള്‍ എന്നിവയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ ഉണ്ടായി. രണ്ടാം ലോകയുദ്ധത്തില്‍ നാവികക്കപ്പലുകളുടെ പ്രധാന ജോലി വിമാനവാഹിനി, ആന്റി-എയര്‍ക്രാഫ്റ്റ് നൗകകള്‍ എന്നിവയ്ക്ക് സംരക്ഷണം നല്‍കുക എന്നതായിരുന്നു. കൂടാതെ, ശത്രുവിന്റെ തീരപ്രദേശങ്ങളില്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. അപൂര്‍വമായി, പരമ്പരാഗതരീതിയില്‍ സമുദ്രോപരിതലത്തില്‍ പരസ്പര ആക്രമണങ്ങള്‍ നടന്നു. അമേരിക്കയുടെ പടക്കപ്പലുകള്‍ക്ക് ജപ്പാന്റെ ടോര്‍പിഡോ ആക്രമണത്തെയും ചാവേര്‍ വിമാനങ്ങളുടെ (Kamikaze) ആക്രമണത്തെയും ഫലപ്രദമായി അതിജീവിക്കാന്‍ കഴിഞ്ഞു. ബ്രിട്ടണ്, ജര്‍മനി, ജപ്പാന് എന്നിവയുടെ യുദ്ധക്കപ്പലുകളില്‍ പലതും എയര്‍ക്രാഫ്റ്റുകളുടെ ആക്രമണത്തില്‍ തകര്‍ന്നു. വിമാനങ്ങളില്‍നിന്നു പ്രയോഗിക്കുന്ന ടോര്‍പിഡോകള്‍ മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ ഉപയോഗിച്ചു.
വിമാനവാഹിനികളും മുങ്ങിക്കപ്പലുകളും തന്നെയായിരുന്നു രണ്ടാം ലോകയുദ്ധത്തിലെയും പ്രബല കപ്പലുകള്‍. മുപ്പതോളം എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ കഴിവുള്ള വിമാനവാഹിനികള്‍ അമേരിക്ക, ജപ്പാന്, ജര്‍മനി എന്നിവയുടെ നേവികളില്‍ ഉണ്ടായിരുന്നു. ഇവയുടെ ശരാശരി വേഗത 18-19 നോട്ടിക് മൈല്‍ ആയിരുന്നു. രണ്ടിഞ്ച്, അഞ്ചിഞ്ച് തോക്കുകളും നിരവധി പ്രത്യേക ആന്റി-എയര്‍ക്രാഫ്റ്റ് തോക്കുകളും ഇവയില്‍ അടങ്ങിയിരുന്നു. തിരച്ചില്‍ വിമാനങ്ങളുടെയും റഡാറുകളുടെയും കാര്യക്ഷമതയില്‍ കാര്യമായ മാറ്റങ്ങള്‍ ഇക്കാലത്തുണ്ടായി. വിമാനങ്ങളിലും കപ്പലുകളിലും ഘടിപ്പിച്ച് റഡാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ രാത്രികാലങ്ങളില്‍പ്പോലും ശത്രുക്കപ്പലുകളെ കണ്ടെത്താനും മുങ്ങിക്കപ്പലുകളുടെ സഞ്ചാരപഥം മനസ്സിലാക്കാനും കഴിഞ്ഞു. മുങ്ങിക്കപ്പലുകളുടെ എണ്ണത്തിലും കാര്യക്ഷമതയിലും വര്‍ധനവുണ്ടായി. യുദ്ധാരംഭകാലത്ത് 57 അന്തര്‍വാഹിനികള്‍ (യു-ബോട്ടുകള്‍) ജര്‍മനിക്കുണ്ടായിരുന്നു. സോവിയറ്റ് യൂണിയനാകട്ടെ 235 മുങ്ങിക്കപ്പലുകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ശക്തിയേറിയ ആയുധങ്ങള്‍ ഇവയില്‍ ഘടിപ്പിച്ചിരുന്നു. ഹെഡ്ജ് ഹോഗ് (Hedge hog) എന്നു പേരുള്ള, 24 ഡെപ്ത്ത് ചാര്‍ജറുകള്‍ തൊടുക്കാന്‍ ശേഷിയുള്ള ഒരു ആയുധം ബ്രിട്ടീഷ് നാവികസേന വികസിപ്പിച്ചെടുത്തു. ജര്‍മനിയുടെ യു-ബോട്ടുകളെ, ഉപരിതലത്തിലെത്തി ആക്രമണം നടത്താന്‍ അനുവദിക്കാതെ അകമ്പടി കപ്പലുകള്‍ക്കുനേരെ പലപ്പോഴും അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ജപ്പാന്റെ പല ചരക്കുകപ്പലുകളെയും അമേരിക്കന്‍ അന്തര്‍വാഹിനികള്‍ നശിപ്പിച്ചു. രണ്ടുപേര്ക്കുമാത്രം സഞ്ചരിക്കാന്‍ കഴിവുള്ള പ്രത്യേക മുങ്ങിക്കപ്പലുകള്‍ തുറമുഖങ്ങളെ ആക്രമിക്കാന്‍ ജപ്പാന് ഉപയോഗപ്പെടുത്തിയിരുന്നു.
ശക്തിയേറിയ ക്രൂയിസര്‍-ഡിസ്ട്രോയര്‍ കപ്പലുകള്‍ 1930-കളില്‍ മിക്ക നാവികസേനകള്‍ക്കും ഉണ്ടായിരുന്നു. 'ഹെവി', 'ലൈറ്റ്' എന്നിങ്ങനെ രണ്ടുവിഭാഗം ക്രൂസെറുകള്‍ വ്യാപകമായി നിര്‍മിക്കപ്പെട്ടു. മൂന്നിഞ്ച് തോക്കുകളടങ്ങിയ ക്രൂസെറുകള്‍ ഹെവി ക്രൂസെറുകള്‍ എന്നും ആറിഞ്ച് തോക്കുകളടങ്ങിയവ ലൈറ്റ് ക്രൂസെറുകള്‍ എന്നുമാണ് അറിയപ്പെട്ടത്. അഞ്ചിഞ്ച് തോക്കുകളടങ്ങിയ ആന്റി-എയര്‍ക്രാഫ്റ്റ് ക്രൂസെറുകളും നാവികസേനകള്‍ ഉപയോഗിച്ചിരുന്നു. ഓട്ടോമാറ്റിക് ലോഡിങ് സംവിധാനങ്ങളുള്ള ഇത്തരം തോക്കുകള്‍ ഫയറിങ് നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചു. ഇരുട്ടിലും പുകമഞ്ഞിലും മികച്ച കൃത്യതയോടെ യുദ്ധവിമാനങ്ങള്‍ക്കുനേരെ നിറയൊഴിക്കാന്‍ നൂതനമായ റഡാര്‍ സംവിധാനം സഹായിച്ചു.
രണ്ടാം ലോകയുദ്ധകാലത്ത് നൂറോളം അത്യാധുനിക ഡിസ്ട്രോയറുകള്‍ ബ്രിട്ടന്റെ നിര്‍മാണശാലകളില്‍ തയ്യാറായിക്കൊണ്ടിരുന്നു. ഡിസ്ട്രോയറുടേതിനെക്കാള്‍ ചെറുതും വേഗത കുറഞ്ഞതുമായ കോര്‍വെറ്റുകള്‍, സ്ലൂപ്പുകള്‍ തുടങ്ങിയ പ്രത്യേകതരം കപ്പലുകള്‍ ബ്രിട്ടന്റെ അകമ്പടിസേനയ്ക്കു ശക്തിപകര്‍ന്നു. 1939-നും 1945-നും ഇടയ്ക്ക് 400 അതിവേഗ ഡിസ്ട്രോയറുകള്‍ അമേരിക്ക നിര്‍മിച്ചു. ജപ്പാനും ഡിസ്ട്രോയര്‍ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി.
യുദ്ധക്കപ്പലുകള്‍ക്ക് ആവശ്യമായ സ്പെയര്‍പാര്‍ട്ടുകളുമായി നീങ്ങുന്ന കപ്പലുകള്‍ (മദര്‍ കപ്പലുകള്‍) നാവികസേനകളുടെ ഭാഗമായിരുന്നു. സമുദ്രോപരിതലത്തില്‍ സ്ഥാപിക്കാവുന്ന താത്കാലിക ഫ്ളോട്ടിങ് ബേസുകള്‍, ഫ്ളോട്ടിങ് ഡോക്കുകള്‍, ഫ്ളോട്ടിങ് ക്രെയിനുകള്‍ എന്നിവ കപ്പലുകളെ തീരങ്ങളില്‍ അണയാതെതന്നെ അറ്റകുറ്റപ്പണികള്‍ നടത്താനും ആയുധങ്ങള്‍ കൈമാറ്റം ചെയ്യാനും സഹായിച്ചു. 'അണ്ടര്‍വെ റിപ്ലനിഷ്മെന്റ്' (Underway) സംവിധാനം ടാസ്ക്ഫോഴ്സുകള്‍ക്ക് മാസങ്ങളോളം കടലില്‍ നില്‍ക്കാനും തുറമുഖത്തണയാതെതന്നെ ഇന്ധനം നിറയ്ക്കാനും സഹായിച്ചു. ഭക്ഷണം, മരുന്ന് എന്നിവയെല്ലാം വിതരണം ചെയ്യുന്ന പ്രത്യേക കപ്പലുകളും യുദ്ധമുഖത്തു പ്രവര്‍ത്തിച്ചു. ജപ്പാനും അമേരിക്കയും 'ആംഫിബിയന്‍ ഓപ്പറേഷനുകള്‍' നടത്താനുള്ള പരിശീലന പരിപാടികള്‍ ഒന്നാം ലോകയുദ്ധത്തിനുശേഷം ആരംഭിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങള്‍ കടലില്‍ക്കൂടി കരയിലെത്തി ആക്രമണങ്ങള്‍ നടത്തി. 1941-42 കാലത്ത് വേക്ക് ദ്വീപുകള്‍ (Wake Island), ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയവയ്ക്കെതിരെ ജപ്പാന് ഇത്തരം ആക്രമണങ്ങള്‍ നടത്തി. 1945-ല്‍ ഒക്കിനാവയ്ക്കെതിരെ അമേരിക്ക ആംഫിബിയന്‍ ആക്രമണം നടത്തി. ചെറുതും വലുതുമായ 1500-ഓളം ജലനൗകകള്‍ ഇതില്‍ പങ്കെടുത്തു.
മൈനുകള്‍ തന്ത്രപരമായി മികച്ച ആയുധമായിരുന്നു. ബ്രിട്ടണ് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ആയിരക്കണക്കിന് മൈനുകള്‍ വിതറി. അച്ചുതണ്ട് ശക്തികളുടെ മുന്നേറ്റത്തിനു വന്‍നാശം വരുത്താന്‍ ഇത് കാരണമായി. സഖ്യസേനയുടെ നിരവധി കപ്പലുകളും മൈനുകള്‍വഴി തകര്‍ക്കപ്പെട്ടു. പസിഫിക് സമുദ്രത്തില്‍ അമേരിക്കന്‍ വിമാനങ്ങളും മുങ്ങിക്കപ്പലുകളും നിരവധി മൈനുകള്‍ നിക്ഷേപിച്ചു.
ഇറ്റാലിയന്‍ തീരത്ത് റോയല്‍ നേവി നടത്തിയ ടറന്റോ യുദ്ധവും (Battle of Taranto), ജപ്പാന്റെ പേള്‍ ഹാര്‍ബര്‍ ആക്രമണവും രണ്ടാം ലോകയുദ്ധത്തില്‍ വന്‍ നാശം സൃഷ്ടിച്ച നാവികയുദ്ധങ്ങളായിരുന്നു.
ടറന്റോ യുദ്ധം (Battle of Taranto)
റോയല്‍ നേവിയുടെ ആദ്യത്തെ വിമാനവാഹിനിയില്നിന്നുള്ള ആക്രമണമായിരുന്നു ടറന്റോ യുദ്ധം. മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ഒരു വിമാനവാഹിനിയില്‍നിന്നു പറന്നുയര്‍ന്ന എയര്‍ക്രാഫ്റ്റുകള്‍ ടറന്റോ തുറമുഖത്തെ ഇറ്റാലിയന്‍ കപ്പലുകളെ ആക്രമിച്ചു.
ബ്രിട്ടണ് വിജയം വരിച്ച ഈ യുദ്ധത്തില്‍ ഇറ്റലിയുടെ അഞ്ച് ബാറ്റില്‍ ഷിപ്പുകളും ഒരു ലൈറ്റ് ക്രൂസെറും നശിപ്പിക്കപ്പെട്ടപ്പോള്‍ ബ്രിട്ടന്റെ അഞ്ച് എയര്‍ക്രാഫ്റ്റുകള്‍ തകര്‍ക്കപ്പെട്ടു.
പേള്‍ ഹാര്‍ബര്‍ ആക്രമണം
1941 ഡിസംബര്‍ 7-ന് ജപ്പാന് അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണം രണ്ടാം ലോകയുദ്ധകാലത്തെ പ്രധാനമായ സംഭവങ്ങളിലൊന്നാണ്. ജപ്പാന്റെ ആറ് വിമാനവാഹിനികളില്‍നിന്നു പറന്നുയര്‍ന്ന എയര്‍ക്രാഫ്റ്റുകള്‍ അമേരിക്കന്‍ നേവല്‍ ബേസില്‍ നിര്‍ത്തിയിട്ടിരുന്ന യുദ്ധക്കപ്പലുകളിലും തീരപ്രദേശത്തും കടുത്ത ആക്രമണം നടത്തി.
സമകാലിക യുദ്ധരീതി
ആധുനിക നാവിക യുദ്ധരീതികള്‍ പരമ്പരാഗത രീതികളില്‍നിന്നു വ്യത്യസ്തമാണ്. കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിക്കുന്നതും പീരങ്കികള്‍ ഉപയോഗിച്ച് കപ്പലുകള്‍ തകര്‍ക്കുന്നതും പിന്നീട് നേര്‍ക്കുനേര്‍നിന്ന് നിറയൊഴിക്കുന്നതുമായിരുന്നു പരമ്പരാഗത നാവിക യുദ്ധരീതികള്‍. അത്യാധുനിക സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ ഉപഗ്രഹസംവിധാനങ്ങളും റഡാര്‍, സോണാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് വിദൂരസ്ഥലങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട് ശത്രുവിന്റെ തന്ത്രപ്രധാനകേന്ദ്രങ്ങളെയും ജലനൗകകളെയും ആക്രമിച്ചു നശിപ്പിക്കുന്ന രീതി നിലവില്‍വന്നു. ആണവായുധങ്ങള്‍ വഹിക്കുന്ന മിസൈലുകളും അന്തര്‍വാഹിനികളും ആധുനിക നാവികയുദ്ധങ്ങളെ കൂടുതല്‍ സങ്കീര്‍ണവും നശീകരണസ്വഭാവമുള്ളതുമാക്കി മാറ്റിയിരിക്കുന്നു.
ആധുനിക നാവികയുദ്ധങ്ങളിലെ യുദ്ധമുഖം എന്നത് സമുദ്രോപരിതലം, സമുദ്രാന്തര്‍ഭാഗം, ആകാശം എന്നിവയെല്ലാം അടങ്ങിയതാണ്. നാവിക ആയുധങ്ങളില്‍ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്താറുള്ളത് ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നുകൊണ്ട് നിയന്ത്രിക്കാവുന്ന ഇവയെ കരയില്‍നിന്നോ ജലോപരിതലത്തില്നിന്നോ സമുദ്രാന്തര്ഭാഗത്തുനിന്നോ ആകാശത്തുനിന്നോ വിക്ഷേപിക്കാനാകും. മിസൈലുകള്‍ക്കെതിരെയുള്ള പ്രധാന പ്രതിരോധരീതി മിസൈല്‍വിക്ഷേപണ പ്ളാറ്റ്ഫോമുകളെ കണ്ടെത്തി നശിപ്പിച്ചുകളയുക എന്നതാണ്. സമുദ്രാന്തര്‍ഭാഗത്ത് ഏറ്റവും വലിയ ഭീഷണി ടോര്‍പിഡോകളും മൈനുകളുമാണ്. മിസൈലുകളോടു സാദൃശ്യമുള്ളവയാണ് ടോര്‍പിഡോകള്‍. സമുദ്രാന്തര വിക്ഷേപണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ് ആധുനിക മുങ്ങിക്കപ്പലുകള്‍. മുങ്ങിക്കപ്പലുകളെ തന്ത്രപരമായി വിന്യസിച്ച് ശത്രുവിന്റെ മുന്നേറ്റങ്ങളെ തടയാന്‍ സാധിക്കുന്നു. 1982-ലെ ഫാള്‍ക്ക് ലാന്‍ഡ്സ് (Falk lands) യുദ്ധത്തില്‍ ബ്രിട്ടിഷ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം അര്‍ജന്റീനയുടെ മുന്നേറ്റത്തെ തടഞ്ഞത് ഇതിനുദാഹരണമാണ്.
രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ പ്രധാന യുദ്ധങ്ങളിലെല്ലാം കരസേനയുടെ മുന്നേറ്റത്തെ സഹായിക്കാനായാണ് നാവികസേനയെ ഉപയോഗപ്പെടുത്തുന്നത്. വിയറ്റ്നാം യുദ്ധത്തിലും ഗള്‍ഫ് യുദ്ധങ്ങളിലും അമേരിക്കന്‍ നാവിക കപ്പലുകള്‍ കരസേനയെ ശത്രുവിന്റെ തീരങ്ങളിലെത്തിച്ചു. അമേരിക്ക അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നടത്തിയ ആക്രമണങ്ങളില്‍ വ്യോമസേനയ്ക്ക് മികച്ച സഹായം നല്‍കിയത് നാവികസേനയാണ്. വിമാനവാഹിനികളില്‍നിന്നു പറന്നുയരുന്ന എയര്‍ക്രാഫ്റ്റുകളും വിക്ഷേപിക്കപ്പെടുന്ന മിസൈലുകളുമാണ് മിക്ക ആക്രമണങ്ങളും നടത്തിയത്.
ആന്റി സബ്മറൈന് വാര്‍ഫെയര്‍
സമുദ്രാതിര്ത്തികള്ക്കടുത്ത് ഒളിച്ചിരിക്കുന്ന, ആണവ മിസൈലുകളെ വിക്ഷേപിക്കാന്‍ കഴിയുന്ന മുങ്ങിക്കപ്പലുകളെ കണ്ടെത്താനും ആവശ്യമെങ്കില്‍ നശിപ്പിച്ചുകളയാനും ആധുനിക നാവികസേന ആവിഷ്കരിക്കുന്ന പ്രത്യേക സംവിധാനമാണ് ആന്റി സബ്മറൈന് വാര്‍ഫെയര്‍ (ASW). അത്യാധുനിക ഉപകരണങ്ങളുടെയും വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും സഹായത്തോടെയാണ് ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആകാശത്തും സമുദ്രാടിത്തറയിലും കരയിലും ജലോപരിതലത്തിലും പ്രവര്‍ത്തിക്കുന്ന വിവിധ ജാഗ്രതാ സംവിധാനങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആവശ്യമാണ്.
ഒരു ആധുനിക നാവികസേന, ശത്രുവിന്റെ മുങ്ങിക്കപ്പലിനെ കണ്ടെത്തുന്ന രീതി ഇപ്രകാരമാണ്. സമുദ്രജലത്തിന്റെ വിവിധ അവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ് ആദ്യ പടി. സമുദ്രത്തിന്റെ അവസ്ഥ, കാലാവസ്ഥ, താപനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നീ സൂക്ഷ്മമായ വിവരങ്ങള്‍ കൃത്രിമോപഗ്രഹങ്ങള്‍ ശേഖരിക്കുന്നു. സമുദ്രാടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ജാഗ്രതാ സംവിധാനങ്ങളും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നു. ശത്രുരാജ്യത്തിന്റെ മുങ്ങിക്കപ്പല്‍ അതിന്റെ തീരം വിടുമ്പോള്‍ത്തന്നെ ഉപഗ്രഹങ്ങള്‍ അതിന്റെ ചിത്രങ്ങള്‍ എടുത്തുകൊണ്ടിരിക്കും. അതിനുശേഷം കരയിലുള്ള കണ്ട്രോള് റൂമുകള്‍ അതിന്റെ നീക്കത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കും. സമുദ്രോപരിതലത്തിലുള്ള കപ്പലുകള്‍, പോര്‍വിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയിലെല്ലാം തന്നെ യഥാസമയം ഈ വിവരങ്ങള്‍ എത്തുന്നുണ്ടാകും. ഇവയെല്ലാം ശേഖരിക്കുന്ന വിവരങ്ങള്‍ കണ്ട്രോള് റൂമിലെ ബൃഹദ് കംപ്യൂട്ടര്‍ സംവിധാനം ശേഖരിച്ച് വിശകലനം നടത്തുകയും മുങ്ങിക്കപ്പലിന്റെ യഥാര്‍ഥ സ്ഥാനം കണ്ടെത്തുകയും ചെയ്യുന്നു.
ആധുനിക യുദ്ധക്കപ്പലുകള്‍
ആധുനിക നാവികസേന ഉപയോഗിക്കുന്ന യുദ്ധക്കപ്പലുകളെ പ്രധാനമായും ഏഴ് ഇനങ്ങളായി തരംതിരിക്കാറുണ്ട്. വിമാനവാഹിനികള്‍, മുങ്ങിക്കപ്പലുകള്‍, ക്രൂസെറുകള്‍, ഡിസ്ട്രോയറുകള്‍, ഫ്രിഗേറ്റുകള്‍, കോര്‍വെറ്റുകള്‍, ആംഫിബിയസ് അസോള്‍ട്ട് ഷിപ്പുകള്‍ എന്നിവയാണ് അവ. ഡിസ്ട്രോയറുകളെയാണ് പൊതുവേ മികച്ച ആക്രമണകാരിയായി കൂടുതല്‍ സേനകളും ഉപയോഗപ്പെടുത്തുന്നത്. ഭൂരിഭാഗം യുദ്ധക്കപ്പലുകളിലും ആന്റി സര്‍ഫസ്, ആന്റി സബ്മറൈന്, ആന്റി എയര്‍ക്രാഫ്റ്റ് എന്നീ വിഭാഗങ്ങളിലുള്ള ആയുധങ്ങള്‍ അടങ്ങിയിരിക്കും.
വിമാനവാഹിനികള്‍ (Aircraft Carriers)
യുദ്ധവിമാനങ്ങളെ വഹിക്കാന്‍ കഴിവുള്ള കൂറ്റന്‍ കപ്പലുകളാണിവ. കപ്പലിന്റെ ഡെക്കില്‍ കിടക്കുന്ന വിമാനങ്ങള്‍ ആവശ്യം വരുമ്പോള്‍ പറന്നുയര്‍ന്ന് ശത്രുവിനെ ആക്രമിച്ചശേഷം മടങ്ങിയെത്തുന്നു. ബോംബുകളും മിസൈലുകളും പ്രയോഗിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണ് ഇതില്‍ ഉണ്ടായിരിക്കുക. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടണ് നിര്‍മിച്ച 'ആര്‍ഗസ്' ആണ് ലോകത്തിലെ ആദ്യത്തെ വിമാനവാഹിനി. ശത്രുരാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കരികെ നിലയുറപ്പിച്ചുകൊണ്ട് തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ ആക്രമിക്കാനും സ്വന്തം സ്ഥാനങ്ങളെ ശത്രുവിന്റെ ആക്രമണത്തില്‍നിന്നു രക്ഷിക്കാനും ചരക്കുകപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാനും വിമാനവാഹിനികള്‍ ഉപയോഗപ്പെടുത്തുന്നു. റഡാര്‍ സംവിധാനങ്ങള്‍, വാര്‍ത്താവിനിമയആന്റിനകള്‍, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍, എയര്‍ക്രാഫ്റ്റ് ലിഫ്റ്റുകള്‍ എന്നിവയും വിവിധതരം തോക്കുകളും വിമാനവാഹിനികളില്‍ അടങ്ങിയിരിക്കും. മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ ഉപയോഗപ്പെടുത്തുന്ന പ്രത്യേകതരം വിമാനവാഹിനികളും ഇന്ന് നാവികസേനകള്‍ ഉപയോഗിക്കുന്നു. ഹെലികോപ്റ്ററുകള്‍ക്കും വിമാനങ്ങള്‍ക്കും പുറമേ ഇവയിലെ മറ്റു പ്രധാന ആയുധങ്ങള്‍ ഡെപ്ത് ചാര്‍ജറുകളും ടോര്‍പിഡോകളുമാണ്. ഹെലികോപ്റ്റര്‍ കാരിയര്‍, എസ്കോര്‍ട്ട് കാരിയര്‍, ലൈറ്റ് എയര്‍ക്രാഫ്റ്റ് കാരിയര്‍ എന്നിവ വിവിധ ഇനം വിമാനവാഹിനികളാണ്.
അന്തര്‍വാഹിനി (Submarine)
വെള്ളത്തിനടിയിലൂടെ സഞ്ചരിച്ചുകൊണ്ട് ആക്രമണം നടത്താന്‍ കഴിവുള്ള അന്തര്‍വാഹിനികള്‍ (മുങ്ങിക്കപ്പലുകള്‍) ആധുനിക നാവികസേനകളിലെ ഏറ്റവും തന്ത്രപ്രധാനമായ ആയുധമാണ്. ജര്‍മനിയാണ് ഇത്തരം ജലനൌകകള്‍ ആദ്യമായി യുദ്ധത്തിന് ഉപയോഗിച്ചത്. ശത്രുവിന്റെ കണ്ണില്‍പ്പെടാതെ ദിവസങ്ങളോളം മുങ്ങിക്കിടക്കാനും വളരെ വേഗത്തില്‍ ജലത്തിനടിയിലൂടെ സഞ്ചരിക്കാനും ഇവയ്ക്കു കഴിയും. മൈനുകള്‍ നിക്ഷേപിക്കാനും ടോര്‍പിഡോകളെ വിക്ഷേപിക്കാനും ഇവയെ ഉപയോഗപ്പെടുത്താം. മുങ്ങിക്കപ്പലുകളില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ക്കുനേരെ വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ഇന്ന് മിക്ക സേനകള്‍ക്കുമുണ്ട്. അവശ്യസമയങ്ങളില്‍ ജലോപരിതലത്തിലെത്തി ശത്രുവിമാനങ്ങള്‍ക്കുനേരെയും യുദ്ധക്കപ്പലുകള്‍ക്കുനേരെയും ആക്രമണം നടത്താന്‍ മുങ്ങിക്കപ്പലുകള്‍ക്കു കഴിയും. ആധുനിക മുങ്ങിക്കപ്പലുകളില്‍ നല്ലൊരു പങ്ക് അണുശക്തികൊണ്ട് ഓടുന്നവയാണ്. നോ: അന്തര്‍വാഹിനി, അന്തര്‍വാഹിനി യുദ്ധമുറ
ക്രൂസെര്‍ (Cruiser)
മികച്ച നിയന്ത്രണശേഷിയുള്ളയുദ്ധക്കപ്പലുകളാണിവ. സങ്കീര്‍ണമായ യുദ്ധോപകരണങ്ങളും സ്ഫോടകവസ്തുക്കളും ഇവ വഹിക്കുന്നു. വിവിധതരം മിസൈലുകളും തോക്കുകളും ഇവയില്‍ ഘടിപ്പിച്ചിരിക്കും. അണുശക്തികൊണ്ട് സഞ്ചരിക്കുന്നവയാണ് മിക്ക ക്രൂസെറുകളും. പ്രൊട്ടക്റ്റഡ്, ആര്‍മേഡ്, സ്കൗട്ട്, ബാറ്റില്‍ എന്നിവ വിവിധ ക്രൂസെര്‍ വിഭാഗങ്ങളാണ്. സമുദ്രഗതാഗതം സംരക്ഷിക്കാനും ആക്രമണങ്ങള്‍ക്ക് പിന്‍ബലം നല്‍കാനും ഇവയെ ഉപയോഗപ്പെടുത്തുന്നു.
ഡിസ്ട്രോയര്‍ (Destroyer)
മികച്ച വേഗതയുള്ള യുദ്ധക്കപ്പലുകളാണിവ. അന്തര്‍വാഹിനികളെയും വിമാനങ്ങളെയും മിസൈലുകളുപയോഗിച്ചു തകര്‍ക്കാന്‍ ഇവയ്ക്കു കഴിയും. കനംകുറഞ്ഞ ഫൈബര്‍, അലുമിനിയം എന്നിവകൊണ്ട് നിര്‍മിതമായ ഇത്തരം കപ്പലുകളില്‍ സങ്കീര്‍ണമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. സെന്‍സറുകള്‍, ഇലക്ട്രോണിക് ഗിയര്‍ എന്നീ സംവിധാനങ്ങള്‍ ലക്ഷ്യങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്നു. ക്രൂസെര്‍ കപ്പലുകളെ മാറ്റംവരുത്തി ഡിസ്ട്രോയര്‍ ആയി ഉപയോഗിക്കാറുണ്ട്. ഹെലികോപ്റ്ററുകളെ വഹിക്കാന്‍ ശേഷിയുള്ള ഡിസ്ട്രോയറുകളും നിലവിലുണ്ട്.
ഫ്രിഗേറ്റ് (Frigate)
തോക്കുകളും മിസൈലുകളും ഘടിപ്പിച്ച അകമ്പടിക്കപ്പലുകളാണ് ഫ്രിഗേറ്റുകള്‍. അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഇവയ്ക്കു കഴിയും. 'ജൂനിയര്‍ ഡിസ്ട്രോയര്‍' എന്ന് ഇവയെ വിശേഷിപ്പിക്കാറുണ്ട്. ഡിസ്ട്രോയറുകളുടെ അത്രതന്നെ വേഗതയില്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു കഴിയും.
കോര്‍വെറ്റ് (Corvette)
താരതമ്യേന ചെറുതും കുറഞ്ഞ അളവില്‍ സ്ഫോടകവസ്തുക്കളെ വഹിക്കുന്നതുമായ യുദ്ധക്കപ്പലുകളാണ് കോര്‍വെറ്റുകള്‍. ഫ്രിഗേറ്റിനെക്കാള്‍ വലുപ്പം കുറഞ്ഞവയാണ് ഇവ. ഇന്ന് മിക്ക സേനകളും തീരങ്ങളില്‍ പട്രോളിങ് നടത്താന്‍ കോര്‍വെറ്റുകള്‍ ഉപയോഗിക്കുന്നു. അതിവേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവയില്‍ വിവിധതരം തോക്കുകള്‍, മിസൈലുകള്‍, സമുദ്രാന്തര യുദ്ധായുധങ്ങള്‍ എന്നിവ ഘടിപ്പിക്കാന്‍ കഴിയും.
ആംഫിബിയസ് അസോള്‍ട്ട് ഷിപ്പ് (Amphibiouos Assault ship )
ഒരു ആംഫിബിയസ് ആക്രമണത്തിനു (കടലിലൂടെ വന്ന് കരയിലേക്കു കയറിയുള്ള ആക്രമണം) സഹായകമാകുന്ന രീതിയില്‍ കരസേനാവ്യൂഹത്തെ ശത്രുവിന്റെ ഭൂമിയില്‍ എത്തിക്കാന്‍ സഹായിക്കുന്നവയാണ് ഇവ. വിമാനവാഹിനികളോടു രൂപസാദൃശ്യമുള്ള ഇവ പ്രധാനമായും ഹെലികോപ്റ്ററുകളെ വഹിക്കുന്നു. എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ശേഷിയുള്ള ഇത്തരം കപ്പലുകളും നിലവിലുണ്ട്.