This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധികാരിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 26: വരി 26:
    
അധികാരിത ഉദ്യോഗസ്ഥ ശ്രേണിയിലുള്ള നിശ്ചിത മണ്ഡലങ്ങളില്‍ പ്രയോഗിക്കപ്പെടുന്നു. മാതാപിതാക്കളും സന്താനങ്ങളും തമ്മിലും അധ്യാപകരും അധ്യേതാക്കളും തമ്മിലും ഭരണാധികാരികളും ഭരണീയരും തമ്മിലും, തൊഴിലുടമകളും തൊഴിലാളികളും തമ്മിലും ഉള്ള ബന്ധങ്ങളില്‍ അധികാരിത പ്രയോഗിക്കപ്പെടുന്നുണ്ട്.  അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്കു ലഭ്യമായിട്ടുള്ള അനവധി ശക്തിപ്രഭവങ്ങളി(resources)ലൊന്നാണ് അധികാരിത. നോ: അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും, അധീശാധികാരം, ഭരണനടത്തിപ്പ്, രാഷ്ട്രം, ശക്തി

 +
[[Category:ഭരണം]]

Current revision as of 11:20, 8 ഏപ്രില്‍ 2008

അധികാരിത

Authority

ഒരു വ്യക്തിയിലോ സംഘടനയിലോ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കാനും അവ ലംഘിക്കുന്നവരെ ശിക്ഷിക്കുവാനുമുള്ള അവകാശവും ശക്തിയും ആണ് 'അധികാരിത' എന്ന രാഷ്ട്രതന്ത്രസംജ്ഞയുടെ വിവക്ഷ. സാമൂഹികശാസ്ത്രത്തിലും ഇതിനു പ്രസക്തിയുണ്ട്. സ്റ്റേറ്റിന്റെ അധികാരം നിലവില്‍ വരുന്നതിന് വളരെ മുന്‍പുതന്നെ അധികാരിത എന്ന പ്രതിഭാസം നിലവിലിരുന്നു. വ്യക്തിയോ വ്യക്തികളോ മറ്റുള്ളവരുടെ മേല്‍ ആധിപത്യം ചെലുത്തുന്ന രീതി എല്ലാ മാനവസമുദായങ്ങളിലും സംഘടനകളിലും കാണാവുന്നതാണ്.

മാതാപിതാക്കള്‍ക്ക് കുട്ടികളുടെമേലുള്ള നിയന്ത്രണാധികാരം മുതല്‍ രാഷ്ട്രത്തിലെയും അന്താരാഷ്ട്ര സംഘടനകളിലെയും രാഷ്ട്രീയാധികാരംവരെ അധികാരിതയുടെ പരിധിയില്‍പ്പെടുന്നു. എന്നാല്‍ അവയുടെ പ്രയോഗത്തില്‍ വ്യത്യാസം കാണാം.

പൌരനും സ്റ്റേറ്റും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്ളേറ്റോ (ബി.സി. 427-347) മുതല്ക്കുള്ള ചിന്തകന്മാര്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്റ്റേറ്റിന്റെ നിയമങ്ങളും രാഷ്ട്രീയാധികാരങ്ങളും എല്ലാക്കാലത്തും രാഷ്ട്രമീമാംസകരുടെ പഠനത്തിനും വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്. സോക്രട്ടീസിന്റെ (ബി.സി. 469-399) കാലത്ത് സ്റ്റേറ്റിന്റെ അധികാരിതയെ ചോദ്യം ചെയ്യപ്പെടേണ്ട ഒരു സന്ദര്‍ഭം സംജാതമായി. സ്റ്റേറ്റിന്റെ അന്യായമായ അധികാരിതയെ നേരിടാന്‍ രണ്ടു മാര്‍ഗങ്ങളെ സോക്രട്ടീസിനുണ്ടായിരുന്നുള്ളു. ഒരു പൌരന്‍ എന്ന നിലയില്‍ നിയമം മാറ്റാനായി വാദിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക; അല്ലെങ്കില്‍ ആ രാഷ്ട്രത്തിലെ പൌരത്വം ഉപേക്ഷിച്ചു നാടുവിടുക. ആദ്യമാര്‍ഗം പ്രായോഗികമാക്കുന്നതില്‍ പരാജിതനായ അദ്ദേഹം രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കാന്‍ സന്നദ്ധനായിരുന്നില്ല. അതിനാല്‍ സ്റ്റേറ്റിന്റെ അധികാരിതയ്ക്ക് വിധേയനായി, അദ്ദേഹം മരണശിക്ഷ അനുഭവിക്കുകയാണുണ്ടായത്.

അധികാരിതയും (authority) ശക്തിയും (power) പ്രാചീനകാലം മുതല്‍ രാഷ്ട്രമീമാംസകരുടെയും സാമൂഹികശാസ്ത്രജ്ഞന്മാരുടെയും പഠനത്തിനു വിധേയമായിട്ടുണ്ട്. ഇവരെല്ലാം പലതരത്തിലുള്ള നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. മാക്സ്വെബര്‍ എന്ന ചിന്തകന്‍ അധികാരിതയെ മൂന്നു രീതിയില്‍ തരംതിരിച്ചിട്ടുണ്ട്: 'നിയമ-യുക്ത്യധിഷ്ഠിതം' (legal-rational), പാരമ്പര്യാധിഷ്ഠിതം (traditional), വ്യക്തിപ്രഭാവഗതം (charismatic). അവസാനത്തെ രണ്ടുവിധത്തിലുള്ള അധികാരിത വ്യക്തിനിഷ്ഠമാണ്. പാരമ്പര്യമായി അധികാരമുള്ള നേതാവിനോടോ വ്യക്തിത്വത്തിന്റെ സവിശേഷപ്രഭാവംകൊണ്ട് അധികാരവും ശക്തിയും നേടിയ നേതാവിനോടോ മാത്രമായിരിക്കും പൌരന്മാരുടെ കടപ്പാട്. എന്നാല്‍ ആദ്യത്തെ രീതിയിലുള്ള അധികാരിത, അധികാരസ്ഥാനങ്ങളോടുള്ള നിയമാനുസൃതവും യുക്തിപരവുമായ കടപ്പാടാണ്. ഇന്നത്തെ ഉദ്യോഗസ്ഥഭരണക്രമം (bureaucracy) ഇതിനുദാഹരണമാണ്.

സാമൂഹികശാസ്ത്രജ്ഞന്മാര്‍ അധികാരിതയ്ക്കു നല്കുന്ന നിര്‍വചനം മറ്റൊന്നാണ്. ഒരു സമൂഹത്തിന്റെ മേല്‍ അധീശത്വം പുലര്‍ത്തുവാന്‍ തക്കവണ്ണം സ്വയംലബ്ധമോ ആര്‍ജിതമോ ആയ കഴിവാണിത്. അധികാരിതയെ കഴിവോ സാമര്‍ഥ്യമോ ആയി പരിഗണിക്കുന്നതു ശരിയല്ലെന്ന് സാമൂഹികശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ വാദിക്കുന്നു. വ്യക്തികളിലും സമൂഹങ്ങളിലും നിലനില്‍ക്കുന്ന ബന്ധങ്ങളെ അധികാരിതയായി വിശേഷിപ്പിക്കുന്ന സാമൂഹികശാസ്ത്രജ്ഞന്മാരുമുണ്ട്. ഏതായാലും അധികാരിതയ്ക്ക് ശക്തി(power)യുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് എല്ലാ സാമൂഹികശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നു. ശക്തിയുടെ ബഹിര്‍സ്ഫുരണമാണ് അധികാരിത എന്നു വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അധികാരിതയെ ഔപചാരിക ശക്തിയായി (formal power) ചില രാഷ്ട്രമീമാംസകര്‍ നിര്‍വചിച്ചിട്ടുണ്ട്. ഈ നിര്‍വചനത്തെ വിമര്‍ശിക്കുന്ന രാഷ്ട്രമീമാംസകരും ഉണ്ട്.

ശക്തി, നിര്‍ബന്ധം, ബലാത്കാരം, ഭയപ്പെടുത്തിയുള്ള ഭരണം, നേതൃത്വം, പ്രേരണ, സ്വാധീനത എന്നിവയില്‍ നിന്നു വ്യത്യസ്തമാണ് അധികാരിത; ന്യായാനുസരണത (legitimacy) എന്ന സ്വഭാവവിശേഷം അധികാരിതയ്ക്കുണ്ട്. മേലേക്കിടയിലുള്ളവര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കാന്‍ താഴേക്കിടയിലുള്ളവര്‍ ബാധ്യസ്ഥരാണെന്ന വിശ്വാസമാണ് ഇതിന്റെ പിന്നിലുള്ളത്. അത് ചോദ്യം ചെയ്യപ്പെട്ടാല്‍ അധികാരിത ഇല്ലാതായിത്തിരുകയോ, അതിന്റെ ഗൌരവസ്വഭാവം നഷ്ടപ്പെടുകയോ ചെയ്യുന്നു. താഴെയുള്ളവര്‍ മുകളില്‍നിന്നുമുള്ള ആജ്ഞകള്‍ പ്രതീക്ഷിക്കുന്നിടത്ത് അധികാരിത കൂടുതല്‍ ഗൌരവസ്വഭാവമുള്ളതായിത്തീരും.

അധികാരിത ഉദ്യോഗസ്ഥ ശ്രേണിയിലുള്ള നിശ്ചിത മണ്ഡലങ്ങളില്‍ പ്രയോഗിക്കപ്പെടുന്നു. മാതാപിതാക്കളും സന്താനങ്ങളും തമ്മിലും അധ്യാപകരും അധ്യേതാക്കളും തമ്മിലും ഭരണാധികാരികളും ഭരണീയരും തമ്മിലും, തൊഴിലുടമകളും തൊഴിലാളികളും തമ്മിലും ഉള്ള ബന്ധങ്ങളില്‍ അധികാരിത പ്രയോഗിക്കപ്പെടുന്നുണ്ട്. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്കു ലഭ്യമായിട്ടുള്ള അനവധി ശക്തിപ്രഭവങ്ങളി(resources)ലൊന്നാണ് അധികാരിത. നോ: അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും, അധീശാധികാരം, ഭരണനടത്തിപ്പ്, രാഷ്ട്രം, ശക്തി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍