This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദന്തരോഗങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→പല്ലിന്റെ നിറഭേദങ്ങള്‍) |
(→പല്ലിന്റെ നിറഭേദങ്ങള്‍) |
||
വരി 60: | വരി 60: | ||
</gallery> | </gallery> | ||
മാറ്റാന്‍ പറ്റാത്ത വിധത്തില്‍ പല്ലിന്റെ ഘടനയില്‍ കൂടെച്ചേര്‍ന്നു പോയവയോ പല്ലിനുള്ളില്‍ നിന്നുണ്ടായതോ ആയ നിറഭേദങ്ങള്‍ ആണ് രോഗമായി പരിഗണിക്കുന്നത്. ജന്മസിദ്ധ സിഫിലിസ് ഉള്ള കുട്ടികള്‍ക്ക് പല്ലില്‍ കറുത്ത പാടുകള്‍ ഉണ്ടാകും. അമ്മയുടേയും കുട്ടിയുടേയും രക്തഗ്രൂപ്പുകള്‍ക്ക് സമാനത ഇല്ലെങ്കില്‍ കുട്ടിയെ ബാധിക്കുന്ന എറിത്രോ ബ്ളാസറ്റോസിസ് ഫീറ്റാലിസ് എന്ന രോഗത്തിന്റെ ഫലമായി പല്ലുകള്‍ക്ക് ഇരുണ്ട നിറം ഉണ്ടാകും. ഗര്‍ഭിണികള്‍ ടെട്രാസൈക്ളിന്‍ പോലെയുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ പല്ലിന് മഞ്ഞനിറം ഉണ്ടാകാന്‍ കാരണമായിത്തീരാറുണ്ട്. എട്ടുവയസ്സിനുള്ളില്‍ ഈ ഔഷധം ഉപയോഗിക്കുന്നവരിലും പല്ലിന് മഞ്ഞനിറം കണ്ടുവരുന്നു. ചിലതരം ജനിതക വൈകല്യങ്ങള്‍ ഇനാമലിന്റെയും ഡെന്റിനിന്റെയും നിര്‍മാണത്തെ തടസ്സപ്പെടുത്തും. തത്ഫലമായി പല്ലിന് ചാര നിറമോ തവിട്ടു നിറമോ ഉണ്ടാകും. കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ കാണുന്ന ചില ലവണങ്ങള്‍ (ഉദാ. ഫ്ളൂറൈഡ്) പല്ലിന് തവിട്ടു നിറമോ കറുത്ത നിറമോ നല്കുന്നു. | മാറ്റാന്‍ പറ്റാത്ത വിധത്തില്‍ പല്ലിന്റെ ഘടനയില്‍ കൂടെച്ചേര്‍ന്നു പോയവയോ പല്ലിനുള്ളില്‍ നിന്നുണ്ടായതോ ആയ നിറഭേദങ്ങള്‍ ആണ് രോഗമായി പരിഗണിക്കുന്നത്. ജന്മസിദ്ധ സിഫിലിസ് ഉള്ള കുട്ടികള്‍ക്ക് പല്ലില്‍ കറുത്ത പാടുകള്‍ ഉണ്ടാകും. അമ്മയുടേയും കുട്ടിയുടേയും രക്തഗ്രൂപ്പുകള്‍ക്ക് സമാനത ഇല്ലെങ്കില്‍ കുട്ടിയെ ബാധിക്കുന്ന എറിത്രോ ബ്ളാസറ്റോസിസ് ഫീറ്റാലിസ് എന്ന രോഗത്തിന്റെ ഫലമായി പല്ലുകള്‍ക്ക് ഇരുണ്ട നിറം ഉണ്ടാകും. ഗര്‍ഭിണികള്‍ ടെട്രാസൈക്ളിന്‍ പോലെയുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ പല്ലിന് മഞ്ഞനിറം ഉണ്ടാകാന്‍ കാരണമായിത്തീരാറുണ്ട്. എട്ടുവയസ്സിനുള്ളില്‍ ഈ ഔഷധം ഉപയോഗിക്കുന്നവരിലും പല്ലിന് മഞ്ഞനിറം കണ്ടുവരുന്നു. ചിലതരം ജനിതക വൈകല്യങ്ങള്‍ ഇനാമലിന്റെയും ഡെന്റിനിന്റെയും നിര്‍മാണത്തെ തടസ്സപ്പെടുത്തും. തത്ഫലമായി പല്ലിന് ചാര നിറമോ തവിട്ടു നിറമോ ഉണ്ടാകും. കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ കാണുന്ന ചില ലവണങ്ങള്‍ (ഉദാ. ഫ്ളൂറൈഡ്) പല്ലിന് തവിട്ടു നിറമോ കറുത്ത നിറമോ നല്കുന്നു. | ||
- | + | [[Image:fig14.png|200px|left|thumb|ആധുനിക ദന്തശുചീകരണയന്ത്രം]] | |
പല്ലിനുള്ളില്‍ ഉള്ള പള്‍പ്പ് നശിച്ചുപോകുന്നത് (pulp necrosis) പല്ലിന് കറുത്ത നിറം ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ്. അപകടം മൂലം പല്ലിന് ആഘാതമേല്ക്കുമ്പോള്‍ പള്‍പ്പിലേക്കുള്ള നാഡികള്‍ക്കും രക്തക്കുഴലുകള്‍ക്കും ക്ഷതം ഏല്ക്കുന്നതിനാല്‍ പള്‍പ്പ് ചീഞ്ഞ് രക്തക്കുഴലുകളില്‍നിന്ന് ചുവന്ന രക്താണുക്കള്‍ വെളിയില്‍ വരുകയും വിഘടിച്ച് ഇരുമ്പിന്റെ അംശം ഡെന്റിനിന്റെ അകത്തു പ്രവേശിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ ലവണങ്ങള്‍ ആണ് പല്ലിന് കറുത്ത നിറം കൊടുക്കുന്നത്. | പല്ലിനുള്ളില്‍ ഉള്ള പള്‍പ്പ് നശിച്ചുപോകുന്നത് (pulp necrosis) പല്ലിന് കറുത്ത നിറം ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ്. അപകടം മൂലം പല്ലിന് ആഘാതമേല്ക്കുമ്പോള്‍ പള്‍പ്പിലേക്കുള്ള നാഡികള്‍ക്കും രക്തക്കുഴലുകള്‍ക്കും ക്ഷതം ഏല്ക്കുന്നതിനാല്‍ പള്‍പ്പ് ചീഞ്ഞ് രക്തക്കുഴലുകളില്‍നിന്ന് ചുവന്ന രക്താണുക്കള്‍ വെളിയില്‍ വരുകയും വിഘടിച്ച് ഇരുമ്പിന്റെ അംശം ഡെന്റിനിന്റെ അകത്തു പ്രവേശിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ ലവണങ്ങള്‍ ആണ് പല്ലിന് കറുത്ത നിറം കൊടുക്കുന്നത്. | ||
Current revision as of 04:51, 24 മാര്‍ച്ച് 2009
ദന്തരോഗങ്ങള്‍
Dental disorders
ജനിതകമോ ആര്‍ജിതമോ ആയി ദന്തങ്ങള്‍ക്കും അനുബന്ധ ഘടനകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങളും രോഗങ്ങളും. സമീപകാലത്ത് ദന്തചികിത്സാരംഗത്ത് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പ്രയോജന പ്രദമായ പല കണ്ടുപിടിത്തങ്ങളും ദന്തചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിവരുന്നു. എക്സ് റേ ഉപയോഗപ്പെടുത്തിയും ഇമേജിങ് വഴിയും സൂക്ഷ്മാണുശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങളിലൂടെയും ദന്തരോഗങ്ങളുടെ കാരണങ്ങള്‍ കണ്ടുപിടിക്കാനും ഫലപ്രദമായ ചികിത്സ നല്കാനും കഴിഞ്ഞിട്ടുണ്ട്. അക്രിലിക് പ്ലാസ്റ്റിക്കുകള്‍, കോംപസിറ്റ് റെസിനുകള്‍, ഗ്ളാസ് അയണോമര്‍, ടൈറ്റാനിയം എന്നിവ ദന്തചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പല്ലിന്റെ ദ്രവിച്ച ഭാഗങ്ങളും എല്ലും എടുത്തുകളയാന്‍ വൈദ്യുതി ഉപയോഗിച്ചുള്ള പരമ്പരാഗത തുരപ്പുപ്രക്രിയയ്ക്കു പകരം വായുവിന്റെ മര്‍ദം കൊണ്ട് മിനിറ്റില്‍ രണ്ടുലക്ഷം മുതല്‍ നാലുലക്ഷം വരെ പ്രാവശ്യം കറങ്ങുന്ന വജ്രംകൊണ്ടു പൊതിഞ്ഞ ചെറിയ ഡ്രില്ലുകള്‍ (burs) ഉപയോഗത്തില്‍ വന്നിട്ടുണ്ട്.
രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയെക്കുറിച്ച് ദന്തഡോക്ടര്‍ക്ക് അറിവുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, പിള്ളവാതം, സന്ധിവാതം, ആസ്ത്മ, ത്വഗ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം, ക്ഷയം, ലൈംഗിക രോഗങ്ങള്‍, പ്രതിരോധശേഷി ഇല്ലാതാക്കുന്ന രോഗങ്ങള്‍, ചുഴലി എന്നിവയുള്ള രോഗിയാണോ എന്നത് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. രക്തസ്രാവം ത്വരിപ്പിക്കുന്ന ഔഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നതും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. രോഗിക്ക് അലര്‍ജി ഉണ്ടാക്കുന്ന ഔഷധങ്ങളെക്കുറിച്ചും ധാരണ ഉണ്ടായിരിക്കണം. അപകടസാധ്യതയുള്ള രോഗികളെ ചികിത്സിക്കുമ്പോള്‍ മറ്റു രോഗങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായത്തിനുള്ള നടപടികള്‍ കൈക്കൊണ്ടിരിക്കേണ്ടതാണ്. ബോധക്ഷയം, ഹൃദയാഘാതം, അലര്‍ജി എന്നിവ ദന്തചികിത്സയ്ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അത്യാഹിതങ്ങളാണ്. അതിനാല്‍ ഓക്സിജന്‍ നല്കുന്നതിനും ഡ്രിപ്പ് കൊടുക്കുന്നതിനും മറ്റും ഉള്ള സൌകര്യം ഉണ്ടായിരിക്കണം. കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍രക്ഷാ ഔഷധങ്ങളായ അഡ്രിനാലിന്‍, അലര്‍ജി പ്രതിരോധ മരുന്നുകള്‍, സോര്‍ബിട്രേറ്റ്, കോര്‍ട്ടിക്കോസ്റ്റിറോയിഡ് എന്നിവ ഉപയോഗിച്ച് ചികിത്സ നടത്തുവാന്‍ ദന്തചികിത്സകന്‍ പ്രാപ്തനായിരിക്കണം.
പ്രധാന ദന്തരോഗങ്ങളും അവയുടെ ചികിത്സാരീതികളും
ദന്തക്ഷയവും തേയ്മാനവും
ദന്തക്ഷയം
കുട്ടികള്‍ക്ക് 6 മാസം പ്രായമാകുമ്പോള്‍ മുതല്‍ രണ്ടര വയസ്സുവരെ മുളയ്ക്കുന്ന പാല്‍പ്പല്ലുകളിലുള്‍പ്പെടെ എല്ലാ പ്രായക്കാരിലും ഉണ്ടാകുന്ന ഒരു രോഗമാണ് ദന്തക്ഷയം (dental caries). പല്ലുകളുടെ പ്രതലത്തില്‍ ചാരനിറത്തിലോ കറുപ്പുനിറത്തിലോ ഇളം നീലനിറത്തിലോ കാണപ്പെടുന്ന പാടുകള്‍ ക്രമേണ ചെറിയ കുഴികളോ പോടുകളോ ആയി മാറുന്നു. ഈ പോടുകളില്‍ ആഹാരസാധനങ്ങള്‍ അടിഞ്ഞുകൂടിയിരിക്കും. ഈ അവസ്ഥയില്‍ തണുത്ത വെള്ളമോ മധുരമോ ഉപയോഗിക്കുമ്പോള്‍ ചെറിയ പുളിപ്പ് അനുഭവപ്പെടും. ഈ പോടുകള്‍ക്ക് ആഴവും പരപ്പും ക്രമേണ വര്‍ധിക്കുന്നതോടെ പല്ലിന്റെ ഭാഗങ്ങള്‍ പൊട്ടിപ്പോകുന്നു. ദന്തശീര്‍ഷത്തിന്റെ ഇനാമലും ഡെന്റിനും കഴിഞ്ഞ് പല്ലിനുള്ളിലെ മൃദുകലയായ പള്‍പ്പിനെ ബാധിക്കുന്നതോടെ വേദന തോന്നിത്തുടങ്ങുന്നു.
വായ്ക്കുള്ളിലെ സൂക്ഷ്മാണുക്കളാണ് ദന്തക്ഷയത്തിനു കാരണമാകുന്നത്. സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടന്‍സ് (Streptococcus mutans) പോലെയുള്ള ബാക്റ്റീരിയങ്ങള്‍ സുക്രോസ്, ഗ്ളുക്കോസ് തുടങ്ങിയ അന്നജങ്ങളുമായി ജീവസന്ധാരണത്തിനുള്ള രാസപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ചില അമ്ളങ്ങള്‍ - ബ്യൂട്ടറിക്, ലാക്റ്റിക്, ഫോര്‍മിക് അമ്ളങ്ങള്‍ - ഉണ്ടാകുന്നു. കൂടാതെ, അണുക്കള്‍ക്ക് വംശവര്‍ധന നടത്താനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സഹായകമാകുന്ന വിധത്തിലുള്ള ഒരു പാട പല്ലിന്റെ പ്രതലത്തില്‍ പിടിക്കുകയും ചെയ്യുന്നു. അന്നജത്തിന്റെ ലഘു ഘടകങ്ങളും ലക്ഷക്കണക്കിന് അണുക്കളും ഉമിനീര് ഉണങ്ങുമ്പോള്‍ ശേഷിക്കുന്ന ഒട്ടുന്ന അവശിഷ്ടവും ചേര്‍ന്നാണ് ദന്തല്‍ പ്ലാക്ക് എന്ന ഈ പാട ഉണ്ടാകുന്നത്. ബാക്റ്റീരിയങ്ങള്‍ അന്നജവുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന അമ്ലങ്ങള്‍ പല്ലിനെ ദ്രവിപ്പിച്ച് സുഷിരങ്ങള്‍ ഉണ്ടാക്കുന്നു. പ്ലാക്കിനടിയില്‍ ഉണ്ടാകുന്ന അമ്ലങ്ങള്‍ക്ക് ഉമിനീരുമായി കലര്‍ന്ന് സാന്ദ്രത കുറയാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ പല്ലിന്റെ പ്രതലത്തില്‍ ജന്മനാ സുഷിരങ്ങളോ വിള്ളലുകളോ (developmental pits and fissures) ഉണ്ടെങ്കില്‍ അണുക്കള്‍ക്ക് അതിനുള്ളിലിരുന്ന് അമ്ളങ്ങളുണ്ടാക്കി പല്ലിനെ ദ്രവിപ്പിക്കാന്‍ എളുപ്പമാണ്. സുഷിരങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ 2-3 ആഴ്ചകള്‍ക്കകംതന്നെ അണുക്കള്‍ പള്‍പ്പില്‍ എത്തിച്ചേരാനിടയുണ്ട്.
പല്ലുകളുടെ തേയ്മാനം
ഘര്‍ഷണം (attrition), പോറല്‍ (abrasion), ദ്രവീകരണം (erosion) എന്നീ കാരണങ്ങള്‍മൂലം പല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നു. പല്ലുകള്‍ നിരന്തരമായി കൂട്ടിമുട്ടിയുണ്ടാകുന്ന ഘര്‍ഷണം തേയ്മാനത്തിനു കാരണമാകുന്നു. പല്ലുകള്‍ തമ്മില്‍ മുട്ടുന്ന ഭാഗങ്ങള്‍ ഇത്തരത്തില്‍ തേഞ്ഞ് ഇനാമലും തുടര്‍ന്ന് ഡെന്റിനും തേയുന്നു. തേയ്മാനം പള്‍പ്പിലെത്തുന്നതോടെ വേദന ആരംഭിക്കുന്നു. ഇതിനു മുമ്പുതന്നെ അനുഭവപ്പെട്ടു തുടങ്ങുന്ന പുളിപ്പ് ക്രമേണ വര്‍ധിതമാവുകയും ചെയ്യുന്നു. ബ്രക്സിസം Bruxism) അഥവാ പല്ലുകടി എന്ന സ്വഭാവവൈകല്യമുള്ളവരുടെ പല്ലുകള്‍ പെട്ടന്നു തേഞ്ഞുപോകുന്നു. ബാഹ്യവസ്തുക്കളുമായി ഉരസിയാണ് പല്ലിന് പോറലുണ്ടാകുന്നത്. കടുപ്പമേറിയ വസ്തുക്കള്‍കൊണ്ട് പല്ല് തേക്കുക, തേക്കുമ്പോള്‍ അളവില്‍ കവിഞ്ഞ ശക്തി പ്രയോഗിക്കുക, തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ കടുപ്പമുള്ള സാധനങ്ങള്‍ പതിവായി കടിക്കുക തുടങ്ങിയവ പല്ലുകളില്‍ പോറലുണ്ടാക്കുന്നു. ഇതില്‍നിന്നു വ്യത്യസ്തമായി രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന തേയ്മാനമാണ് ദ്രവീകരണം. 40 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകളില്‍ മോണയോടു ചേര്‍ന്ന ദന്തഗളത്തില്‍ തേയ്മാനം ഉണ്ടാകുന്നു. ഉമിനീരില്‍ അമ്ളത്തിന്റെ അംശം കൂടുതലുള്ളവരിലും ജഠരാമ്ളതയുള്ളവരിലും ഇത് കാണാം. ഇത്തരത്തിലുള്ള തേയ്മാനത്തിന് അസഹനീയമായ പുളിപ്പും തുടര്‍ന്ന് കടുത്ത വേദനയും ഉണ്ടാകും. ദ്രവീകരണംമൂലം പല്ലിനുണ്ടാകുന്ന തേയ്മാനം വാര്‍ധക്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. തേയ്മാനം വര്‍ധിച്ച് പല്ലുകള്‍ ഒടിഞ്ഞുപോകുന്നു. അമ്ളതയുള്ള പാനീയങ്ങള്‍ (നാരാങ്ങാവെള്ളം, കോള മുതലായവ) പതിവായി കുടിക്കുന്നവര്‍ക്കും ആമാശയത്തില്‍നിന്ന് അമ്ളം പുളിച്ചു തികട്ടി വരുന്നവര്‍ക്കും ഈ ദ്രവങ്ങള്‍ സ്പര്‍ശിക്കുന്ന പല്ലിന്റെ ഭാഗങ്ങള്‍ ദ്രവിച്ചുപോകുന്നു.
പോടുവന്നതും തേയ്മാനമുണ്ടായതും പൊട്ടിപ്പോയതുമായ ദന്തഭാഗങ്ങള്‍ മുറിച്ചുമാറ്റി പകരം അനുയോജ്യമായ പൂരക പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പഴയ ഘടന വീണ്ടെടുക്കുന്ന ദന്തപുനര്‍നിര്‍മിതി (restorative densitry) എന്ന ചികിത്സാരീതിയാണ് ദന്തക്ഷയത്തിനും തേയ്മാനത്തിനും അനുവര്‍ത്തിച്ചുവരുന്നത്. ദന്തപുനര്‍നിര്‍മിതി രണ്ടു വിധത്തിലുണ്ട്: താത്കാലിക പൂരണ (temporary restoration)വും സ്ഥിര പൂരണ(permentant restoration)വും. സിങ്ക് ഓക്സൈഡ്-യൂജിനോള്‍ സിമന്റ് (Zinc oxide-engenolcement), ഗട്ടാ പെര്‍ച്ച (gutta percha) എന്നീ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള താത്കാലിക പൂരണം ഒരു മാസം മുതല്‍ അങ്ങേയറ്റം ഒരു കൊല്ലം വരെ നിലനില്ക്കും. സമയ പരിമിതി, പല്ല് സ്ഥിരമായ പൂരണത്തിനു യോഗ്യമല്ലാതിരിക്കുക, ദീര്‍ഘമായ ചികിത്സയ്ക്ക് രോഗിയുടെ ആരോഗ്യനില തൃപ്തികരമല്ലാതിരിക്കുക തുടങ്ങിയവ ഈ ചികിത്സ കൈക്കൊള്ളുന്നതിനുള്ള കാരണങ്ങളാണ്. സ്ഥിരമായ ദന്തപുനര്‍നിര്‍മിതിക്ക് കേടായ ഭാഗം വളരെ ശ്രദ്ധയോടെ പാകപ്പെടുത്തേണ്ടതുണ്ട്. കേടുവന്ന ഭാഗം മുഴുവന്‍ മാറ്റിയ ശേഷം നിര്‍മാണപദാര്‍ഥം ഇളകിപ്പോകാതെയിരിക്കാന്‍ സഹായകമായ ഒരു ആകൃതി ഈ ഭാഗത്തിനു നല്കുകയാണ് ആദ്യ പടി. ചവയ്ക്കുമ്പോള്‍ സമ്മര്‍ദം ഏല്ക്കുന്ന പ്രതലമാണോ എന്നതും പല്ലിന്റെ സ്ഥാനവും വശവും ഒക്കെ കണക്കിലെടുത്താണ് അനുയോജ്യമായ പൂരണ പദാര്‍ഥം തിരഞ്ഞെടുക്കുന്നത്. പരിശുദ്ധമായ സ്വര്‍ണലോഹം, 65%-ല്‍ കൂടുതല്‍ വെള്ളി അടങ്ങിയ ലോഹസങ്കരത്തിന്റെ അമാല്‍ഗം (Silver amalgam ), കോംപസിറ്റ് റെസിന്‍ (Composite resin),ഗ്ലാസ് അയണോമര്‍ (glass ionomer) എന്നിവ സ്ഥിരമായ പൂരണത്തിന് ഉപയോഗിക്കാം.
ശുദ്ധമായ തങ്കം മൃദുവായ ചെറിയ ഗോളങ്ങളായോ കടലാസ്സിനെക്കാള്‍ വളരെ കട്ടികുറഞ്ഞ ചെറുപാളികളായോ ലഭ്യമാണ്. ഇത് പല്ലില്‍ നേരിട്ട് നിറയ്ക്കാം. നിറം മങ്ങുകയോ ദ്രവിക്കുകയോ ചെയ്യാത്തതിനാല്‍ ഏറ്റവും സ്ഥായിയായി നില്ക്കുന്ന പൂരണപദാര്‍ഥം സ്വര്‍ണം തന്നെയാണെങ്കിലും ചെലവ് അധികമായതിനാല്‍ ഉപയോഗം പരിമിതമാണ്. അണപ്പല്ലുകള്‍ക്ക് ഏറ്റവും യോജിച്ചത് സില്‍വര്‍ അമാല്‍ഗമാണ്. താരതമ്യേന ചെലവ് കുറവാണെന്നു മാത്രമല്ല ഈ പുനര്‍നിര്‍മിതി 20-30 വര്‍ഷം വരെ ഈടു നില്ക്കും. കോംപസിറ്റ് റെസിനുപയോഗിച്ചുള്ള അണപ്പല്ലുകളുടെ പുനര്‍നിര്‍മിതിക്ക് സമീപകാലത്ത് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ദൃശ്യമാകുന്ന പല്ലുകളില്‍ നിറവ്യത്യാസം തോന്നാതിരിക്കാനും ശോഭ കിട്ടാനും ആണ് ഇത് ഉപയോഗിക്കുന്നത്.
മുന്‍നിരയിലെ പല്ലുകളില്‍ ചെറിയ കേടുകള്‍ മാറ്റുന്നതിനും തേയ്മാനം നികത്തുന്നതിനും ഗ്ളാസ് അയണോമര്‍ ആണ് ഉപയോഗിക്കുന്നത്. ഈ പദാര്‍ഥം പല്ലിന്റെ ധാതുക്കളുമായി രാസബന്ധം രൂപവത്കരിക്കുന്നതിനാല്‍ പല്ലിനോട് കൂടുതല്‍ ചേര്‍ന്നിരിക്കുകയും കാഴ്ചയ്ക്ക് സ്വാഭാവികത തോന്നിക്കുകയും ചെയ്യുന്നു. പല്ലിന്റെ കേടുകള്‍ മുറിച്ചു നീക്കി പാകപ്പെടുത്തിയശേഷം അതിന്റെ അളവുകള്‍ക്കനുസരിച്ച് ലോഹത്തിലോ സിറാമിക്കിലോ വാര്‍ത്തെടുക്കുന്ന ഇന്‍ലേ (പല്ലിന്റെ പോടിനുള്ളില്‍ കൃത്യമായി ഉറച്ചിരിക്കുന്ന വിധത്തിലുള്ള ലോഹം/സിറാമിക്ക് കഷണം), ഓണ്‍ലേ എന്നിവ പല്ലില്‍ ഒട്ടിച്ചുവയ്ക്കാവുന്നതാണ്.
ദന്തമജ്ജാ (പള്‍പ്പ്) രോഗങ്ങള്‍
ബാഹ്യപ്രകൃതിയുമായി ഒരിക്കലും സമ്പര്‍ക്കമുണ്ടാകാത്ത രീതിയിലാണ് പള്‍പ്പ് അഥവാ ദന്തമജ്ജ സ്ഥിതിചെയ്യുന്നത്. അനേകം രക്തക്കുഴലുകളും നാഡികളും കോശങ്ങളും അടങ്ങിയ ഈ കല, എല്ലിനകത്ത് മജ്ജ എന്നപോലെ, പല്ലിനകത്ത് സ്ഥിതി ചെയ്യുന്നു. ഏറ്റവും കടുപ്പമുള്ള ഇനാമലും ഡെന്റിനും പള്‍പ്പിനെ ആവരണം ചെയ്യുന്നു. ഈ ആവരണങ്ങളെ ഭേദിച്ച് അണുക്കള്‍ പള്‍പ്പില്‍ എത്തിയാല്‍ പള്‍പ്പുരോഗങ്ങള്‍ക്കു തുടക്കമായി. ദന്തക്ഷയവും തേയ്മാനവും കൂടാതെ അപകടങ്ങള്‍മൂലം പല്ലിനുണ്ടാകുന്ന ഒടിവും കീറലുകളും പള്‍പ്പിനെ വായിലെ അണുക്കള്‍ക്ക് തുറന്നു കൊടുക്കുന്നു. പള്‍പ്പിനുണ്ടാകുന്ന എല്ലാ മാറ്റങ്ങളും വേദനയായാണ് അനുഭവവേദ്യമാകുന്നത്. പ്രാരംഭഘട്ടത്തില്‍ ദന്തഡോക്ടറെക്കൊണ്ട് ചികിത്സിപ്പിച്ചാല്‍ പള്‍പ്പിനെ പൂര്‍വസ്ഥിതിയില്‍ ആക്കാം. അതുകൊണ്ട് ഇതിനെ റിവേര്‍സിബിള്‍ പള്‍പൈറ്റിസ് (reversible pulpitis) എന്നു വിളിക്കുന്നു. പള്‍പ്പിനെ ബാധിക്കുന്ന പഴുപ്പ് ക്രമേണ വേരിന്റെ അറ്റം വരെയുള്ള പള്‍പ്പിനെ നിര്‍ജീവമാക്കി അഴുകാനിടയാക്കുന്നു. വേരിന്റെ അറ്റത്തുകൂടി അണുക്കള്‍ താടിയെല്ലില്‍ എത്തുന്നു. അപ്പോള്‍ പല്ലുകള്‍ക്ക് ഇളക്കം തട്ടുകയും അതിന്റെ ഇരിപ്പിടസ്ഥാനത്തുനിന്ന് അല്പം പൊങ്ങിയതായി അനുഭവപ്പെടുകയും ചെയ്യുന്നു. താടിയെല്ലുകളില്‍ നീരും പഴുപ്പും ഉണ്ടായി വീങ്ങുന്നു. പഴുപ്പിന്റെ സമ്മര്‍ദം താടിയെല്ലിന്റെ അടുക്കുകളെ വികസിപ്പിക്കും. പഴുപ്പിന്റെ അമ്ലത്വം എല്ലിനെ ദ്രവിപ്പിച്ച് എല്ലിനെ പൊതിഞ്ഞിരിക്കുന്ന സ്നായുക്കള്‍, പേശികള്‍, തൊലി എന്നിവയെ ബാധിക്കുന്നു. ഇതിനെ പെരി എപിക്കല്‍ ആബ്സിസ് (Peri apical abscess) എന്നു വിളിക്കുന്നു. മേല്‍വായിലെ പല്ലുകള്‍ക്കാണ് പഴുപ്പ് ബാധിക്കുന്നതെങ്കില്‍ മുഖത്തുള്ള നീര്‍വീക്കം മേല്‍ത്താടിയുടെ പുറത്ത് വ്യാപിച്ച് കണ്ണിനെ മൂടാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ വായയുടെ മേല്‍ത്തട്ടിലായിരിക്കും പഴുപ്പ് വലിഞ്ഞുകൂടുന്നത്. കീഴ്വായയിലെ പല്ലുകളിലാണെങ്കില്‍ വായയുടെ അടിത്തട്ടിലോ കീഴ്ത്താടിയുടെ പുറത്തോ കഴുത്തിലോ പഴുപ്പ് അടിഞ്ഞുകൂടും. ക്രമേണ വലിയ ഒരു പരു പോലെ ചുവന്നു പൊട്ടി പഴുപ്പ് വെളിയില്‍ ചാടുന്നു. പനി, തണുപ്പ്, ക്ഷീണം എന്നീ പൊതു ലക്ഷണങ്ങളും കഠിനമായ തലവേദന, ചെവിവേദന, കണ്ണുവേദന, കഴുത്തുവേദന, വായ് തുറക്കാന്‍ കഴിയായ്ക എന്നീ ലക്ഷണങ്ങളും ഉണ്ടാകുന്നു. അണുക്കള്‍ രക്തധമനിക്കുള്ളില്‍ പ്രവേശിച്ചാല്‍ രക്തത്തിലൂടെ സുപ്രധാന അവയവങ്ങളെ (സന്ധികള്‍, വൃക്ക, തൊലി, തലച്ചോറ്, ഹൃദയം) ബാധിക്കാനുള്ള സാധ്യതയും വിരളമല്ല.
റിവേഴ്സിബിള്‍ പള്‍പൈറ്റിസ് ബാധിച്ചാല്‍ ആഹാരസാധനങ്ങള്‍ തട്ടുമ്പോള്‍ മാത്രമേ വേദന അനുഭവപ്പെടുകയുള്ളൂ. താത്കാലിക പൂരണം ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ സ്ഥിരപൂരണവും നടത്തി രോഗം നിശ്ശേഷം മാറ്റാനാവും. എല്ലായ്പ്പോഴും അതികഠിനമായ വേദന അനുഭവിച്ചുതുടങ്ങുന്നതോടെ ഇറിവേഴ്സിബിള്‍ പള്‍പൈറ്റിസ് എന്ന അവസ്ഥ സംജാതമായിരിക്കുന്നു എന്നു കരുതാവുന്നതാണ്. ഈ അവസ്ഥയില്‍ പോട് തുറന്ന് ദന്തമജ്ജ നീക്കം ചെയ്തശേഷം കാല്‍സിയം ഹൈഡ്രോക്സൈഡും മുകളിലായി സാധാരണ പൂരണ പദാര്‍ഥങ്ങളും വച്ച് പോട് അടയ്ക്കുകയാണ് ചെയ്യുന്നത്. പെരി ആപിക്കല്‍ ആബ്സിസിന് ദന്തമൂലനാളീ ചികിത്സ (root canal treatment)യാണ് ഫലപ്രദം. പ്രത്യേക ഉപകരണങ്ങള്‍കൊണ്ട് ദന്തമൂലനാളി വലുതാക്കി വിവിധ മരുന്നുകള്‍ മാറിമാറി പ്രയോഗിച്ച് അണുവിമുക്തമാക്കിയശേഷം ദന്തമൂലനാളി പൂരിതമാക്കുന്നു. പ്രത്യേക രീതിയില്‍ നിര്‍മിച്ച ഗട്ടാപര്‍ച്ച, സില്‍വര്‍ കോണ്‍ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
അണുബാധമൂലം ദന്തമജ്ജ നിര്‍ജീവമാകുന്ന അവസ്ഥ(pulpnecrosis)യിലും ദന്തമൂല ചികിത്സ തന്നെയാണ് അനുയോജ്യം.
പല്ലിന്റെ നിറഭേദങ്ങള്‍
ശുദ്ധമായ വെളുപ്പ് അല്ല, മറിച്ച് ഇളം മഞ്ഞ കലര്‍ന്ന വെളുപ്പാണ് പല്ലിന്റെ സാധാരണ നിറം. ദന്തപദാര്‍ഥം അഥവാ ഡെന്റിനിന്റെ നിറം ഇനാമലില്‍ പ്രതിഫലിക്കുകയാണു ചെയ്യുന്നത്. അതിനാല്‍ ഇനാമലിന്റെ കട്ടിക്കനുസരിച്ച് ആളുകളില്‍ ആരോഗ്യകരമായ സ്ഥിതിയില്‍ത്തന്നെ നിറത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. പല്ലുകള്‍ മുളച്ചതിനുശേഷം ഇനാമലിനു പുറത്ത് ആഹാരപദാര്‍ഥങ്ങളില്‍നിന്നോ ലേഹ്യം, ടോണിക്ക്, പുകയില തുടങ്ങിയവയില്‍ നിന്നോ പറ്റിപ്പിടിക്കുന്ന കറ മൂലമുണ്ടാകുന്ന നിറഭേദങ്ങളും സ്വാഭാവികമായി പരിഗണിക്കാവുന്നതാണ്.
മാറ്റാന്‍ പറ്റാത്ത വിധത്തില്‍ പല്ലിന്റെ ഘടനയില്‍ കൂടെച്ചേര്‍ന്നു പോയവയോ പല്ലിനുള്ളില്‍ നിന്നുണ്ടായതോ ആയ നിറഭേദങ്ങള്‍ ആണ് രോഗമായി പരിഗണിക്കുന്നത്. ജന്മസിദ്ധ സിഫിലിസ് ഉള്ള കുട്ടികള്‍ക്ക് പല്ലില്‍ കറുത്ത പാടുകള്‍ ഉണ്ടാകും. അമ്മയുടേയും കുട്ടിയുടേയും രക്തഗ്രൂപ്പുകള്‍ക്ക് സമാനത ഇല്ലെങ്കില്‍ കുട്ടിയെ ബാധിക്കുന്ന എറിത്രോ ബ്ളാസറ്റോസിസ് ഫീറ്റാലിസ് എന്ന രോഗത്തിന്റെ ഫലമായി പല്ലുകള്‍ക്ക് ഇരുണ്ട നിറം ഉണ്ടാകും. ഗര്‍ഭിണികള്‍ ടെട്രാസൈക്ളിന്‍ പോലെയുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ പല്ലിന് മഞ്ഞനിറം ഉണ്ടാകാന്‍ കാരണമായിത്തീരാറുണ്ട്. എട്ടുവയസ്സിനുള്ളില്‍ ഈ ഔഷധം ഉപയോഗിക്കുന്നവരിലും പല്ലിന് മഞ്ഞനിറം കണ്ടുവരുന്നു. ചിലതരം ജനിതക വൈകല്യങ്ങള്‍ ഇനാമലിന്റെയും ഡെന്റിനിന്റെയും നിര്‍മാണത്തെ തടസ്സപ്പെടുത്തും. തത്ഫലമായി പല്ലിന് ചാര നിറമോ തവിട്ടു നിറമോ ഉണ്ടാകും. കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ കാണുന്ന ചില ലവണങ്ങള്‍ (ഉദാ. ഫ്ളൂറൈഡ്) പല്ലിന് തവിട്ടു നിറമോ കറുത്ത നിറമോ നല്കുന്നു.
പല്ലിനുള്ളില്‍ ഉള്ള പള്‍പ്പ് നശിച്ചുപോകുന്നത് (pulp necrosis) പല്ലിന് കറുത്ത നിറം ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ്. അപകടം മൂലം പല്ലിന് ആഘാതമേല്ക്കുമ്പോള്‍ പള്‍പ്പിലേക്കുള്ള നാഡികള്‍ക്കും രക്തക്കുഴലുകള്‍ക്കും ക്ഷതം ഏല്ക്കുന്നതിനാല്‍ പള്‍പ്പ് ചീഞ്ഞ് രക്തക്കുഴലുകളില്‍നിന്ന് ചുവന്ന രക്താണുക്കള്‍ വെളിയില്‍ വരുകയും വിഘടിച്ച് ഇരുമ്പിന്റെ അംശം ഡെന്റിനിന്റെ അകത്തു പ്രവേശിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ ലവണങ്ങള്‍ ആണ് പല്ലിന് കറുത്ത നിറം കൊടുക്കുന്നത്.
ഇനാമല്‍, ഡെന്റിന്‍ എന്നിവയുടെ പ്രതലം നേര്‍ത്ത അമ്ലംകൊണ്ട് തുടച്ച് മിനുസം മാറ്റിയശേഷം ഒട്ടിപ്പിടിക്കുന്ന ചിലയിനം ദ്രവപദാര്‍ഥങ്ങളുടെ സഹായത്തോടെ ദന്തപുനര്‍നിര്‍മിതി നടത്തുന്ന അഡ്ഹെസീവ് ദന്തിസ്ട്രി എന്ന സാങ്കേതികവിദ്യ നിറംമാറ്റം വന്ന പല്ലുകള്‍ക്ക് അനുയോജ്യമായ ചികിത്സയാണ്. ഇതുവഴി പല്ലുകള്‍ക്ക് തിളങ്ങുന്ന പ്രതലം ലഭിക്കുന്നു. അഡ്ഹെസീവുകള്‍ക്ക് പല്ലുമായി രാസയോഗം ഉണ്ട്. കോംപസിറ്റ് വെനീര്‍, സിറാമിക് വെനീര്‍ എന്നിവയാണിതിനുപയോഗിക്കുന്നത്.
മോണരോഗങ്ങള്‍ (Periodontal diseases)
പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന ഊന്, പല്ലിന്റെ വേരിനെ പൊതിയുന്ന സിമന്റം, വേരിന്റെ ഭാഗത്തുള്ള താടിയെല്ല്, സിമന്റവും താടിയെല്ലുമായി യോജിക്കുന്ന സ്നായുക്കള്‍ (Periodontal ligament) എന്നിവ ചേര്‍ന്ന ഭാഗത്തെയാണ് 'മോണ' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അണുബാധയും പാരമ്പര്യവുമാണ് മോണരോഗങ്ങള്‍ക്ക് പ്രധാന കാരണം. ദന്തല്‍ പ്ലാക്കിലും ദന്തമാലിന്യ(calculus) ത്തിലും താവളമാക്കുന്ന അണുക്കള്‍ ഉത്പാദിപ്പിക്കുന്ന വിവിധതരം വിഷവസ്തുക്കള്‍ മോണയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പല മോണരോഗങ്ങളും ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ മോണരോഗം കൂടുതലാണ്. വായ് ശുചിയാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ശയ്യാവലംബരായവരിലും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരിലും കടുത്ത അണുബാധ ഉണ്ടാകാറുണ്ട്. ചുഴലിദീനത്തിനു നല്കുന്ന ഔഷധം മോണയില്‍ തടിപ്പുണ്ടാക്കുന്നു. മറ്റു ചില ഔഷധങ്ങളുടെ അലര്‍ജികൊണ്ടും മോണയില്‍ പുണ്ണും രക്തസ്രാവവും ഉണ്ടാകാം. രക്താര്‍ബുദം, സ്കര്‍വി, കരള്‍ രോഗങ്ങള്‍, രക്തസ്രാവരോഗങ്ങള്‍ എന്നിവ മറ്റു കാരണങ്ങളാണ്.
ജിന്‍ജിവൈറ്റിസ് എന്ന മോണരോഗത്തില്‍ ഊന് തടിച്ചു ചുവക്കുന്നു. പല്ല് തേക്കുമ്പോഴും ആഹാരം കടിച്ചുതിന്നുമ്പോഴും മറ്റും ചോര വരും. വായ്നാറ്റവും ഉണ്ടാകും. ഗര്‍ഭിണികളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥമൂലം ജിന്‍ജിവൈറ്റിസ് ഉണ്ടാകാറുണ്ട്. ജിന്‍ജിവൈറ്റിസ് രൂക്ഷമാകുമ്പോള്‍ പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന സ്നായുക്കള്‍ പഴുത്ത് പല്ലിനും മോണയ്ക്കും ഇടയില്‍ ചെറു അറകള്‍ (pockets) ഉണ്ടാകുന്നു. ഇതുമൂലം മോണവേദനയും മോണയില്‍ അമര്‍ത്തിയാല്‍ ദുര്‍ഗന്ധമുള്ള പഴുപ്പും ഉണ്ടാകും.
മോണയില്‍ ഉണ്ടാകുന്ന പരുക്കളെ പെരിയോഡോന്റല്‍ ആബ്സിസ് എന്നാണു പറയുന്നത്. മോണയിലെ പോക്കറ്റുകളില്‍ നീരും പഴുപ്പും കെട്ടിനിന്ന് അണുബാധ കൂടുന്നതോടെ രൂപംകൊള്ളുന്ന വലിയ പരുക്കള്‍ നാലുദിവസം കഴിയുമ്പോള്‍ പൊട്ടി ദുര്‍ഗന്ധത്തോടുകൂടിയ പഴുപ്പ് പുറന്തള്ളുന്നു. പല്ലുവേദനയും മുഖത്ത് നീരും ഉണ്ടാകും. ക്രമേണ പല്ല് കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
പതിനാലു വയസ്സുമുതല്‍ കണ്ടുവരുന്ന മോണരോഗമാണ് ജുവനൈല്‍ പെരിയോഡോണ്‍ടോസിസ്. ഈ രോഗത്തിന്റെ കാരണം വ്യക്തമല്ല. വലിയ വേദന ഉണ്ടായിരിക്കുകയില്ല. പല്ലിന് ആട്ടം അനുഭവപ്പെടുകയും നെടുകുകയും ചെയ്യുന്നതാണ് ലക്ഷണങ്ങള്‍. തുടര്‍ന്ന് ആറുവര്‍ഷത്തിനകം പല്ലുകള്‍ കൊഴിഞ്ഞുപോകുന്നു. ഇരുപതു വയസ്സാകുമ്പോഴേക്ക് മുഴുവന്‍ പല്ലും നീക്കം ചെയ്ത് കൃത്രിമപ്പല്ല് വയ്ക്കേണ്ടിവരും.
ഡിസ്ക്വാമേറ്റിവ് ജിന്‍ജിവൈറ്റിസ് (disquamative gingivites) എന്ന രോഗംമൂലം മോണയിലെയും വായിലെയും തൊലി ഉരിഞ്ഞുപോകുന്നു. എരിവും പുളിയും കഴിക്കുമ്പോള്‍ അസഹ്യമായ നീറ്റല്‍ അനുഭവപ്പെടും. തൊലി ഉരിഞ്ഞുപോയ ഭാഗം പലപ്പോഴും വ്രണമായി മാറുന്നു. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് രോഗത്തിനു കാരണമെന്ന് കരുതപ്പെടുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമസമയത്തും പുരുഷന്മാര്‍ക്ക് 65 വയസ്സ് കഴിഞ്ഞും ആണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്.
മോണയിലെ കോശങ്ങള്‍ വിഭജിച്ച് വര്‍ധിക്കുന്നതുമൂലം ദന്തശീര്‍ഷത്തിന്റെ ഭാഗങ്ങള്‍ മൂടുന്ന അവസ്ഥയാണ് ജിന്‍ജിവല്‍ ഹൈപര്‍പ്ലാസിയ (gingival hyperplasia). ചുഴലിദീനത്തിന്റെ ഔഷധം കഴിക്കേണ്ടിവരുന്നവരിലും ചില ഗര്‍ഭിണികളിലും ഈ രോഗം കണ്ടുവരുന്നു. ഗുരുതരമായ~ഒരു മോണരോഗമാണ് അക്യൂട്ട് അള്‍സറേറ്റീവ് ജിന്‍ജിവൈറ്റിസ്. ബാസിലസ് ഫൂസിഫോര്‍മിസ് (Bacillus fusiformis), വിന്‍സെന്റ്സ് ബാക്റ്റീരിയ (Vincent's bacteria) എന്നീ രണ്ട് ബാക്റ്റീരിയങ്ങളുടെ കൂട്ടായ ആക്രമണം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ശുചിത്വമില്ലായ്മ, മാനസിക പിരിമുറുക്കം, പുകവലി തുടങ്ങിയവ ഈ രോഗത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. യുദ്ധത്തടവുകാര്‍, കിടങ്ങുകളിലും ഖനികളിലും കഴിയുന്നവര്‍, പ്രകൃതിദുരന്തങ്ങളിലും യുദ്ധദുരന്തങ്ങളിലുംപെട്ട് ആഹാരമില്ലാതെയും ശുചിത്വമില്ലാതെയും ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ മുതലായവര്‍ ഈ രോഗത്തിന്റെ ഇരകളാകാറുണ്ട്. മോണ പഴുത്ത് ചീഞ്ഞ് രക്തം വരികയും പനി, കഴുത്തില്‍ നീര്, അസഹ്യമായ വായ്നാറ്റം, വായ് തുറക്കാനും ആഹാരം കഴിക്കാനുമുള്ള പ്രയാസം എന്നിവയാണ് രോഗലക്ഷണങ്ങള്‍. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ കവിളിന്റെ ഒരു ഭാഗം ദ്രവിച്ച് പല്ലുകള്‍ വെളിയില്‍ കാണാറാകുന്നു. കാന്‍ക്രം ഓറിസ് (Cancrum Oris) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
മോണരോഗങ്ങളുടെ ചികിത്സയുടെ ആദ്യ ഘട്ടം പ്ലാക്കും ദന്തമാലിന്യവും അണുക്കളും നീക്കം ചെയ്യുകയാണ്. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്ലാക്കും ദന്തമാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് സ്കെയിലിങ് (scaling). മോണയില്‍ പുരട്ടാനും വായില്‍ കൊള്ളാനും ഉള്ള ഔഷധങ്ങള്‍ അണുക്കളെ നീക്കം ചെയ്യുവാനുപകരിക്കും. അള്‍ട്രാസോണിക സ്കെയിലറുകളും ക്യൂററ്റുകളും (curette) ഉപയോഗിച്ചാണ് മോണയ്ക്കും പല്ലിന്റെ വേരിനും ഇടയിലുള്ള പോക്കറ്റുകള്‍ വൃത്തിയാക്കുന്നത്. ഇതോടൊപ്പം വേര് ചീകി (root planing) വൃത്തിയാക്കുന്നു. രൂക്ഷമായ മോണരോഗങ്ങളില്‍ മോണ മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ (gingivectomy) ആവശ്യമായി വരാറുണ്ട്. പോക്കറ്റുകള്‍ വളരെ ആഴമുള്ളതായിത്തീര്‍ന്നാല്‍ ശസ്ത്രക്രിയ(flap surgery)യിലൂടെ മോണ പൊളിച്ചുവിടര്‍ത്തി ക്യൂറെറ്റിങ്ങും റൂട്ട് പ്ലെയിനിങ്ങും നടത്തി അണുനാശക ഔഷധങ്ങള്‍ പുരിട്ടയശേഷം മോണ തുന്നിച്ചേര്‍ക്കുന്നു. പല്ലിന്റെ അഗ്രഭാഗത്തിലെ വേര് ഒടിഞ്ഞു പോകുമ്പോഴോ റൂട്ട് കനാല്‍ ട്രീറ്റ്മെന്റ് പരാജയപ്പെടുമ്പോഴോ ക്രോണിക് പെരി ആപിക്കല്‍ ആബ്സിസ്, ദന്തല്‍ ഗ്രാനുലോമ, ദന്തല്‍ സിസ്റ്റ് എന്നീ രോഗങ്ങളുള്ളപ്പോഴോ ഈ ശസ്ത്രക്രിയ ആവശ്യമായി വരും. വേരിന്റെ തൊട്ടുമുന്‍ഭാഗത്തുള്ള മോണയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ തുറന്ന് അസ്ഥി മുറിച്ച് വേരിന്റെ അറ്റം വെളിയില്‍ കൊണ്ടുവരുന്നു. ചീത്തയായ വേരിന്റെ അറ്റവും അസ്ഥിയുടെ ഭാഗവും സിസ്റ്റും പഴുപ്പും നീക്കം ചെയ്തശേഷം അനുയോജ്യമായ പദാര്‍ഥം കൊണ്ട് സീല്‍ ചെയ്ത് മോണ തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്.
വായ്പ്പുണ്ണ്
നാക്കിന്റെ വശവും അടിഭാഗവും, കവിളുകളുടെയും ചുണ്ടുകളുടെയും അകവശം, അണ്ണാക്ക്, തൊണ്ട എന്നീ ഭാഗങ്ങളില്‍ ആണ് പുണ്ണുകള്‍ ഉണ്ടാകുന്നത്. ഹെര്‍പിസ,് മീസില്‍സ്, ചിക്കന്‍പോക്സ്, രക്താര്‍ബുദം, എയ്ഡ്സ് എന്നീ രോഗങ്ങളുടെ ആദ്യ ലക്ഷണം ചിലപ്പോള്‍ വായ്പ്പുണ്ണായിരിക്കും. സ്വന്തം പല്ലിന്റെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍, ആഹാരത്തിലെ കടുപ്പമേറിയ വസ്തുക്കള്‍, കൃത്രിമ ദന്തങ്ങള്‍ എന്നിവ ഉരസ്സി പുണ്ണ് ഉണ്ടാകുന്നത് സാധാരണയാണ്. മാനസിക സംഘര്‍ഷവും പിരിമുറുക്കവും മൂലം ഉണ്ടാകുന്ന വായ്പ്പുണ്ണ് ആഫ്തസ് അള്‍സര്‍ (aphthous ucler) എന്ന് അറിയപ്പെടുന്നു. ആസ്പിരിന്‍ പോലെയുള്ള ചില ഔഷധങ്ങളും വായ്പ്പുണ്ണ് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള വായ്പ്പുണ്ണുകള്‍ക്ക് തുടക്കത്തിലേ കടുത്ത വേദനയും അനുബന്ധ ഗ്രന്ഥികള്‍ക്ക് വീക്കവും ഉണ്ടായിരിക്കും. വായിലെ അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണമായി ഉണ്ടാകുന്ന പുണ്ണിന് വേദന ഉണ്ടായിരിക്കില്ല.
പല്ലുകള്‍ ഉരസ്സി ഉണ്ടാകുന്ന വേദനയില്ലാത്ത വ്രണങ്ങള്‍, ല്യൂക്കോപ്ലാക്കിയ (Leukoplakia) അഥവാ വെളുത്ത പാടുകള്‍, എറിത്രോപ്ലാക്കിയ (Erythroplakia) അഥവാ ചുവന്ന തടിപ്പുകള്‍, ലൈക്കല്‍ പ്ലാനസ് (Lichel Planus) എന്ന കറുത്ത തടിപ്പുകള്‍ തുടങ്ങിയവയും തൊലിക്കും നാക്കിനും കട്ടികൂടുന്ന അസുഖമായ സബ്മ്യൂക്കസ് ഫൈബ്രോസിസും (Submucous fibrosis) അര്‍ബുദജനകമായ മാറ്റങ്ങളാണ്.
വായ്നാറ്റം
വായ്ക്കുള്ളിലുള്ള സൂക്ഷ്മാണുക്കളും ഫംഗസുകളും അമീബിയയും അഹാരാവശിഷ്ടങ്ങള്‍ വിഘടിപ്പിച്ചുണ്ടാകുന്ന വാതകങ്ങളും വായ്നാറ്റത്തിനു കാരണമാകുന്നു. പല്ലിലുള്ള പോടുകളില്‍ അടിയുന്ന ആഹാരപദാര്‍ഥങ്ങള്‍ ചീഞ്ഞുണ്ടാകുന്ന ദുര്‍ഗന്ധം, മോണപഴുപ്പ്, നാക്കില്‍ പറ്റിപ്പിടിക്കുന്ന ഫംഗസ്, സൈനസ്സുകളില്‍ ഉണ്ടാകുന്ന അണുബാധ, മൂക്കിനകത്തുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയും വായ്നാറ്റത്തിനുള്ള കാരണങ്ങളാണ്.
നാവിനുണ്ടാകുന്ന രോഗങ്ങള്‍
വളരെയധികം ചലനശേഷിയുള്ള ഒരു അവയവമാണ് നാവ്. നാവിന്റെ പ്രതലം പരുപരുത്തതാണ്. പരുപരുപ്പ് മാറി ഉപരിതലം മിനുസപ്പെടുന്നത് പല അസുഖങ്ങളെയും സൂചിപ്പിക്കുന്നു. ഉദരരോഗങ്ങള്‍, അരക്തത, ജീവകങ്ങളുടെ കുറവ്, മറ്റു മാരകരോഗങ്ങള്‍ എന്നിവ നാക്കില്‍ പ്രതിഫലിച്ചു കാണപ്പെടുന്നു. നാവിലുണ്ടാവുന്ന വെളുത്ത പൂപ്പല്‍ ആന്തരിക രോഗങ്ങളെ സൂചിപ്പിക്കുന്നു.
നാവിന്റെ അഗ്രഭാഗം വായയുടെ അടിഭാഗവുമായി ചരടുപോലുള്ള ഒരു തന്തുകൊണ്ട് ബന്ധിക്കപ്പെടുന്ന ജന്മവൈകല്യമാണ് നാവുകെട്ട് (Tongue tie).ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കാനാവും. നാവിന്റെ അകം പാമ്പിന്റെ നാവുപോലെ രണ്ടായി പിരിഞ്ഞിരിക്കുന്നതാണ് ദ്വന്ദ്വനാവ് (Bifid tongue). നാവിന്റെ പ്രതലത്തില്‍ ആഴത്തിലുള്ള പൊഴികളുണ്ടാകാറുണ്ട്. വൃത്തിയായി ബ്രഷ് ചെയ്തില്ലെങ്കില്‍ ഈ പൊഴികളില്‍ അണുബാധയുണ്ടാകും. നാവിലെ പാപിലകള്‍ക്ക് നീളം കൂടുതലായിരിക്കുകയും അവയില്‍ അണുക്കള്‍ കറുത്ത നിറമുണ്ടാക്കുകയും ചെയ്താല്‍ നാവില്‍ മുടി പൊടിച്ചു നില്ക്കുന്നതുപോലെ തോന്നും. ഹെയറിടങ് (hairy tongue) എന്ന അവസ്ഥയാണിത്. അര്‍ബുദത്തിനു മുന്നോടിയായി നാവിന്റെ മൃദുത്വവും ചലനശേഷിയും കുറേശ്ശെയായി കുറഞ്ഞ് പ്രതലം മിനുസമായിത്തീരാറുണ്ട്.
സന്ധിവേദന
ചവയ്ക്കുമ്പോള്‍ കീഴ്ത്താടിക്കു മാത്രമേ തുറക്കാനും അടയ്ക്കാനും വശങ്ങളിലേക്കു ചലിക്കാനും സാധിക്കുകയുള്ളു. കീഴ്ത്താടി ഓരോ വശത്തും തലയോട്ടിയുമായി സന്ധിക്കുന്നു. ശരീരത്തിലെ മറ്റു സന്ധികളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഈ സന്ധി സംസാരിക്കാനും ആഹാരം കഴിക്കാനും മുഖത്തെ ഭാവപ്രകടനങ്ങള്‍ക്കും സഹായിക്കുന്നു. വേദന, സന്ധിവീക്കം, അണുബാധ, വാതരോഗം, സന്ധീ ദ്രാവകത്തിന്റെ കുറവു കൊണ്ടുണ്ടാകുന്ന ക്ലിക്ക് ശബ്ദം, വായ് തുറന്നാല്‍ സ്വയം അടയാതിരിക്കുക എന്നിവയാണ് ഈ സന്ധിയെ ബാധിക്കുന്ന രോഗങ്ങള്‍.
നഷ്ടപ്പെട്ട പല്ലുകള്‍ക്കു പകരം കൃത്രിമപ്പല്ലുകള്‍ വയ്ക്കാതിരുന്നാല്‍ സന്ധിവേദന ഉണ്ടാകും. മധ്യവയസ്സു കഴിഞ്ഞാല്‍ സന്ധികള്‍ക്കു തേയ്മാനം ഉണ്ടായി ശേഷി നഷ്ടപ്പെടാം. താടിയെല്ലിനെ ചലിപ്പിക്കുന്ന മാംസപേശികള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നത് മറ്റൊരു കാരണമാണ്. ഈ പേശികളില്‍ നീര്‍വീക്കമുണ്ടായാല്‍ വായ് തുറക്കാന്‍ സാധിക്കുകയില്ല. ട്രിസ്മിസ് (trismis) എന്ന ഈ അവസ്ഥ ടെറ്റനസ്സിന്റെ പ്രാരംഭ ലക്ഷണമാണ്. അണപ്പല്ലുകളുടെ വേരിന്റെ അഗ്രഭാഗത്തുണ്ടാകുന്ന അണുബാധ പടരുന്നതുകൊണ്ടും അണപ്പല്ലുകള്‍ പറിച്ചശേഷമുണ്ടാകുന്ന നീര്‍വീക്കം കൊണ്ടും വായ് തുറക്കാന്‍ സാധിക്കാതെവരാം.
ഉമിനീര്‍ഗ്രന്ഥികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍
ഭക്ഷണ പദാര്‍ഥങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദഹനരസവും രോഗപ്രതിരോധശേഷിയുള്ള ഒരു സ്രവവും സംസാരിക്കാനും ചവയ്ക്കാനും ഉതകുന്ന ഒരു മെഴുക്കും ചേര്‍ന്ന ദ്രാവകമാണ് ഉമിനീര്‍. ഉമിനീര്‍ ചേര്‍ത്തു ചവയ്ക്കുമ്പോഴാണ് ഭക്ഷണത്തിന്റെ യഥാര്‍ഥ രുചി അറിയുന്നത്. വായയുടെ ഓരോ വശത്തും മൂന്നുവീതം ആറ് വലിയ ഉമിനീര്‍ഗ്രന്ഥികള്‍ ഉണ്ട്. വായിലെ തൊലിയുടെ അടിയില്‍ അനേകം ചെറിയ ഉമിനീര്‍ഗ്രന്ഥികളുണ്ട്.
ശരീരത്തില്‍ ജലാംശം കുറയുകയോ ഉത്കണ്ഠയും മാനസിക സംഘര്‍ഷവും ഉണ്ടാവുകയോ ചെയ്യുമ്പോള്‍ വായ് ഉണങ്ങി വരണ്ടുപോകാറുണ്ട്. ഉണങ്ങിയ വായ് (dry mouth) അര്‍ബുദം പോലെയുള്ള മാരകമായ അസുഖങ്ങളുടെയും ലക്ഷണമാണ്. ഔഷധങ്ങളുടെ അലര്‍ജി, പനി എന്നിവ വായ് ഉണങ്ങുന്നതിനുള്ള കാരണങ്ങളാണ്.
ഉമിനീര്‍ഗ്രന്ഥിയില്‍നിന്ന് ഉമിനീര്‍ വായിലെത്തിക്കുന്ന കുഴലില്‍ അണുബാധയോ പഴുപ്പോ അടവോ ഉണ്ടായാല്‍ ഗ്രന്ഥിവീക്കവും അസഹ്യമായ വേദനയും ഉണ്ടാകും. ചെവിയുടെ തൊട്ടു മുന്‍ഭാഗത്തുള്ള പരോട്ടിട് ഗ്രന്ഥിയെ ബാധിക്കുന്ന അണുബാധയാണ് മുണ്ടിനീരി(mumps)നു കാരണം. കുട്ടികള്‍ക്കാണ് ഈ രോഗം സാധാരണയായി ഉണ്ടാകുന്നത്. ചെറിയ പനിയും ഗ്രന്ഥിവീക്കവും വേദനയും അനുഭവപ്പെടുന്നു. മാരകവും അല്ലാത്തതുമായ പലവിധ അര്‍ബുദങ്ങളും ഉമിനീര്‍ഗ്രന്ഥികളെ ബാധിക്കാറുണ്ട്.
സിസ്റ്റുകളും (cysts) മുഴകളും (tumours)
ടിഷ്യു ദ്രാവകം അടങ്ങിയ സഞ്ചിപോലെയുള്ള വളര്‍ച്ചയെയാണ് സിസ്റ്റുകള്‍ എന്നു പറയുന്നത്. വായയിലും താടിയെല്ലിലുമായി ഉണ്ടാകുന്ന സിസ്റ്റുകളാണ് മ്യൂക്കോയിഡ് സിസ്റ്റ് (mucoid cyst), ദന്തല്‍ സിസ്റ്റ് (dental cyst), ഡെന്റിജിറസ് സിസ്റ്റ് തുടങ്ങിയവ. ചെറിയ ഉമിനീര്‍ഗ്രന്ഥികള്‍ അടഞ്ഞ് വായിലെ ചര്‍മത്തില്‍ വീര്‍ത്തു നില്ക്കുന്ന കുമിളയാണ് മ്യൂക്കോയിഡ് സിസ്റ്റ്. ഇത് താനെ പൊട്ടുമെങ്കിലും വീണ്ടും വളര്‍ന്നുവരാനുള്ള സാധ്യതയുണ്ട്. പള്‍പ്പിലുള്ള അണുബാധ ദന്തമൂലത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ഗ്രാനുലോമ രൂപാന്തരപ്പെട്ട് ദന്തല്‍ സിസ്റ്റായി മാറുന്നു. അസ്ഥിക്കുള്ളില്‍ പകുതി നിര്‍മിതമായ പല്ലിനു ചുറ്റും രൂപംകൊള്ളുന്നതാണ് ഡെന്റിജറസ് സിസ്റ്റുകള്‍.
അര്‍ബുദജന്യമല്ലാത്ത മുഴകള്‍ (benign tumours) നാലുവിധമാണ്. തൊലിയുടെ പ്രതലത്തില്‍ അരിമ്പാറ പോലെയുണ്ടാകുന്ന പാപ്പിലോമ, നാവിലോ വായുടെ മറ്റു ഭാഗങ്ങളിലോ നെല്ലിക്ക പോലെ വളര്‍ന്നുവരുന്ന മൃദു മുഴയായ എപുലിസ്, ചുവന്ന നിറത്തില്‍ രക്തക്കുഴലുകള്‍കൊണ്ടു നിര്‍മിതമായ ഹിമാന്‍ജിയോമ, എല്ലിലുണ്ടാകുന്ന മുഴകളായ ഓസ്റ്റിയോമ എന്നിവ.
മൃദുകലകളിലുണ്ടാകുന്ന ഈ മുഴകളെല്ലാം ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും നീക്കം ചെയ്യാനാവും. മുഴ അര്‍ബുദജന്യമാണോ എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. അര്‍ബുദത്തിനു മുന്നോടിയായി ഉണ്ടാകുന്ന പാടുകള്‍-എറിത്രോപ്ലാക്കിയ, ല്യൂക്കോ പ്ലാക്കിയ, ലൈക്കല്‍ പ്ലാനസ്- ദൃശ്യമായാല്‍ പുകവലി, വെറ്റില മുറുക്ക്, മദ്യപാനം എന്നീ ശീലങ്ങള്‍ പാടേ ഉപേക്ഷിക്കണം. ഈ പാടുകളില്‍ ഉരസ്സി നില്ക്കുന്ന പല്ലുകള്‍ പറിച്ചു കളയണം. വായയുടെ ശുചിത്വം പരമപ്രധാനമാണ്. ജന്‍ഷ്യന്‍ വയലറ്റ്, മെര്‍ക്യൂറോ ക്രോം എന്നിവ പാടുകളില്‍ പുരട്ടുന്നത് ഗുണകരമാണ്.
ജന്മവൈകല്യങ്ങളും ജനിതക വൈകല്യങ്ങളും
വലിയ താടിയെല്ലുകള്‍ (Macrognathia), ചെറിയ താടിയെല്ലുകള്‍ (Agnathia), താടിയെല്ല് ഇല്ലാത്ത അവസ്ഥ (Cleft lip), മുച്ചുണ്ട് (Cleft palate), ദ്വന്ദ്വതാലു (Cleft mandible), കീഴ്ത്താടിയെല്ല് രണ്ടായി പിളര്‍ന്നിരിക്കുക (anadontia), പല്ലുകളില്ലാത്ത അവസ്ഥ (anadontia), ജനനസമയത്ത് പല്ലുണ്ടായിരിക്കുക (neonatal teeth)
എന്നിവയാണ് വായയിലെ അവയവങ്ങളിലുണ്ടാകുന്ന ജന്മസിദ്ധ വൈകല്യങ്ങള്‍. ഇവ കൂടാതെ പാല്‍പ്പല്ലുകള്‍ക്കുമുമ്പ് പല്ലുകള്‍ മുളയ്ക്കുക, സ്ഥിര ദന്തങ്ങള്‍ മുഴുവന്‍ ഉണ്ടായശേഷം വീണ്ടും പല്ലുകള്‍ ഉണ്ടാവുക, എണ്ണത്തില്‍ കൂടുതല്‍ പല്ലുകളുണ്ടായിരിക്കുക തുടങ്ങിയവയാണ് മറ്റു ജനിതക വൈകല്യങ്ങള്‍.
ഉന്തിയ പല്ലുകളും മറ്റു ദന്തവൈകല്യങ്ങളും
ഉന്തിയ പല്ലുകള്‍ മിക്കവാറും പാരമ്പര്യമായാണ് ലഭിക്കുന്നത്. മേല്‍വായയിലെ പല്ലുകളാണ് സാധാരണ തള്ളി നില്ക്കാറുള്ളത്. എന്നാല്‍ വിരളമായി കീഴ്വായയിലെ പല്ലുകളും ഉന്തി നില്ക്കാറുണ്ട്. പല്ല് മുളച്ചുവരുന്ന സമയത്ത് വിരല്‍ കുടിക്കുക, വായയിലൂടെ ശ്വാസോച്ഛ്വാസം ചെയ്യുക, മൂക്ക് അടഞ്ഞിരിക്കുക, ചുണ്ടു കടിക്കുക, മേല്‍ച്ചുണ്ടുകള്‍ക്ക് മതിയായ വളര്‍ച്ച ഇല്ലാതെവരിക എന്നിവ മറ്റു കാരണങ്ങളാണ്. താടിയെല്ലുകളില്‍ പല്ലുകള്‍ക്ക് നിരയൊത്ത് നില്ക്കാന്‍ ഇടമില്ലാത്തപ്പോള്‍ നിരതെറ്റി അകത്തും പുറത്തും ഒക്കെയായി പല്ലുകള്‍ പൊടിക്കുന്നു. പാല്‍പ്പല്ലുകള്‍ യഥാസമയം പൊഴിഞ്ഞുപോകാത്തതും മറ്റൊരു കാരണമാണ്.
താടിയെല്ലുകളുടെ ഉള്ളില്‍ പല്ലുകള്‍ രൂപം പ്രാപിച്ചാല്‍ നേരെ ലംബമായി വായിലേക്കു മുളച്ചു പൊങ്ങുന്നതിനു പകരം ചരിഞ്ഞു നീങ്ങി മറ്റു പല്ലുകളിലോ അസ്ഥിയിലോ മൃദുവായ കലകളിലോ ഇടിച്ച് സംഘര്‍ഷമുണ്ടാകുന്നതിനെ ഇംപാക്ഷന്‍ (Impaction)എന്നു പറയുന്നു. സാധാരണയായി അവസാനത്തെ അണപ്പല്ലുകളാണ് ചരിഞ്ഞോ തലകീഴായോ കിടക്കുന്നത്. അടുത്ത സ്ഥാനം കോമ്പല്ലുകള്‍ക്കാണ്. താടിയെല്ലിനു വേദന, തലവേദന, ചെവിവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ട്രൈജമിനല്‍ നൂറാല്‍ജിയ (trigimnal neuralgia) എന്ന നാഡീരോഗത്തില്‍നിന്ന് ഇതിനെ വേര്‍തിരിച്ചറിയേണ്ടതുണ്ട്. എക്സ് റേയുടെ സഹായത്തോടെയാണ് രോഗനിര്‍ണയം നടത്തുന്നത്.
അപകടങ്ങള്‍മൂലം ദന്തങ്ങള്‍ക്ക് ഉണ്ടാകുന്ന ക്ഷതങ്ങളും പ്രധാനമാണ്. പല്ലിന്റെ മാത്രം ഒടിവ് നാലുവിധമാണ്: ഇനാമല്‍ ഫ്രാക്ചര്‍, ക്രൌണ്‍ ഫ്രാക്ചര്‍, വേരിന്റെ ഒടിവ്, പല്ലിന്റെ സ്ഥാനമാറ്റം. അസ്ഥികളുടെ ഒടിവ് മൂന്നുവിധമാണ്: ലഘു ഒടിവ് (രണ്ടായി ഒടിയുക), സങ്കീര്‍ണ ഫ്രാക്ചര്‍ (രണ്ടിലധികം കഷണങ്ങളായി ഒടിയുക), ചെറുതുണ്ടുകളായി നുറുങ്ങിപ്പോകല്‍.
കൃത്രിമ ദന്തങ്ങള്‍ (denture)
കൃത്രിമ ദന്തങ്ങളെ മൂന്നുവിധത്തില്‍ തരംതിരിച്ചിരിക്കുന്നു.
1. പൂര്‍ണ ഡെന്‍ചര്‍ (full denture)
2. ഭാഗിക ഡെന്‍ചര്‍ (partial denture)
i.എടുത്തു മാറ്റാനാവുന്നത് (removable)
ii.സ്ഥിരമായി ഉറപ്പിച്ചിട്ടുള്ളത് (fixed)
3. ക്രൌണ്‍ (crown)
ഒരു അണയിലെയോ രണ്ട് അണകളിലെയുമോ പല്ലുകള്‍ മുഴുവനായി കൃത്രിമ ദന്തങ്ങള്‍കൊണ്ടു പ്രതിസ്ഥാപിക്കുന്നതാണ് പൂര്‍ണ ഡെന്‍ചര്‍. മേല്‍ത്താടിയുടെയും കീഴ്ത്താടിയുടെയും കൃത്യമായ അടയാളം എടുക്കുകയാണ് ആദ്യ പടി. ഇതില്‍നിന്ന് താടിയുടെ മാതൃക ഉണ്ടാക്കുന്നു. ഈ മാതൃകകളുടെ സഹായത്തോടെയാണ് കൃത്രിമ ദന്തങ്ങള്‍ പിടിപ്പിക്കുന്നതിനുള്ള അടിസ്ഥാന പാളി നിര്‍മിക്കുന്നത്.
സ്വതവേ ഉള്ള പല്ലുകളില്‍ ചിലത് നിലനിര്‍ത്തിക്കൊണ്ട് നഷ്ടമായതോ കേടുവന്നതോ ആയ ചിലവ മാത്രം കൃത്രിമ ദന്തംകൊണ്ട് പ്രതിസ്ഥാപിക്കുന്നതാണ് ഭാഗിക ഡെന്‍ചര്‍. ഈ കൃത്രിമ ദന്തങ്ങള്‍ എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചുവയ്ക്കാന്‍ സാധിക്കുന്നതായിരിക്കും. വായില്‍ നിലനില്ക്കുന്ന സ്വതവേയുള്ള പല്ലുകള്‍ക്ക് വേണ്ടത്ര ബലമുണ്ടെങ്കില്‍ കൃത്രിമ ദന്തങ്ങള്‍ അവയോടു ചേര്‍ത്ത് സിമന്റു ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഉറപ്പിച്ചിരിക്കുന്ന കൃത്രിമ ദന്തങ്ങളെ ബ്രിഡ്ജ് എന്നും പറയുന്നു. രണ്ടോ അതിലധികമോ സ്വതസ്സിദ്ധമായ പല്ലുകളുടെ ശീര്‍ഷം രാകി ചെറുതാക്കി ലോഹനിര്‍മിതമായ ക്രൌണ്‍ ഉറപ്പിച്ചശേഷം കൃത്രിമ ദന്തങ്ങള്‍ ഇതിനോട് ചേര്‍ത്തു ബന്ധിക്കുകയാണ് ചെയ്യുന്നത്.
ഒരു പല്ലിനു മാത്രം രൂപവ്യതിയാനം സംഭവിച്ചാല്‍ അതിനെ രാകി രൂപപ്പെടുത്തി ക്രൌണ്‍ ഉറപ്പിച്ച് പുനര്‍നിര്‍മിക്കുന്നതാണ് മറ്റൊരു രീതി. ലോഹസങ്കരങ്ങളും സിറാമിക്കും പോളിമറുകളും ഇതിനായി ഉപയോഗിക്കാറുണ്ട്.
ഓര്‍ത്തോഡോണ്‍ഷ്യ (Orthodontia)
ഉന്തിയും ക്രമംതെറ്റിയും നില്ക്കുന്ന പല്ലുകള്‍ ഉള്ളിലേക്കാക്കി ക്രമീകരിക്കുന്ന ചികിത്സാരീതിയാണിത്. സൗന്ദര്യ വര്‍ധനയ്ക്കു മാത്രമല്ല സംസാരിക്കാനും ചവയ്ക്കാനും ഉള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും ഈ ചികിത്സ പ്രയോജനപ്പെടുത്തിവരുന്നു. മൂന്നു ഘട്ടമായാണ് ഈ ചികിത്സ നടത്തുന്നത്.
ക്രമാനുസൃതമായ പല്ലെടുക്കല്‍ പന്ത്രണ്ടു വയസ്സിനുമുമ്പ് തുടങ്ങേണ്ട ചികിത്സയാണ്. താടിയെല്ലുകളില്‍ സ്ഥിര ദന്തങ്ങള്‍ക്ക് ഞെരുങ്ങാതെ നില്ക്കാന്‍ സ്ഥലം തികയുകയില്ലെങ്കില്‍ താടിയില്‍ നില്ക്കാന്‍ യോഗ്യമല്ലാത്ത പല്ലുകളെ യഥാസമയം പറിച്ചുമാറ്റുന്നു. ഉന്തിനില്ക്കുന്ന പല്ലുകള്‍ കമ്പികെട്ടി താഴ്ന്നുവരുമ്പോള്‍ അവയ്ക്ക് ഞെരുങ്ങാതെ നില്ക്കുവാന്‍ ഇടം ഉണ്ടാക്കുവാന്‍വേണ്ടി രണ്ട് അണകളുടെയും ഇരുഭാഗങ്ങളില്‍ നിന്നുമായി നാല് പല്ലുകള്‍ എടുത്തു മാറ്റേണ്ടതായി വരാറുണ്ട്. വളരെ കനം കുറഞ്ഞ ഉരുക്കു കമ്പികള്‍ ഉപയോഗിച്ച് പല്ലിനെ ബന്ധിക്കുകയാണ് അടുത്ത ഘട്ടം. ഉപയോക്താവിന് ഈ കമ്പി സ്വയം എടുത്തുമാറ്റാന്‍ സാധിക്കുകയില്ല. പോളിമര്‍കൊണ്ടുള്ള അടിസ്ഥാന പാളിക്കു പകരമായി കമ്പികള്‍ നേരിട്ട് പല്ലില്‍ ഉറപ്പിക്കുന്ന രീതിയാണ് ഇന്ന് അനുവര്‍ത്തിച്ചുപോരുന്നത്. ബാന്‍ഡുകള്‍, ബ്രാക്കറ്റുകള്‍, റ്റ്യൂബുകള്‍ എന്നിവ കോംപസിറ്റ് റെസിനിന്റെയോ ഗ്ളാസ് അയണോമറിന്റെയോ സഹായത്തോടെ പല്ലുകളില്‍ ഉറപ്പിക്കുന്നു. തുടര്‍ന്ന് റ്റ്യൂബുകളിലൂടെ നേരിയ കമ്പികള്‍ കടത്തി ബന്ധിക്കുന്നു. അനുവദനീയമായ സമ്മര്‍ദം പല്ലുകളില്‍ ഏല്പിച്ച് അവയുടെ സ്ഥാനം ക്രമീകരിക്കുന്നു. ഇത്തരത്തില്‍ ഉറപ്പിച്ച കമ്പികള്‍ ഒന്ന്-ഒന്നര വര്‍ഷത്തോളം നിലനിര്‍ത്തേണ്ടിവരും. ഉപയോക്താവിന് സ്വയം എടുത്തു വൃത്തിയാക്കാനും തിരികെ വയ്ക്കാനും കഴിയുന്ന ഉപകരണം ഉപയോഗിച്ച് പല്ല് ബന്ധിക്കുന്നതാണ് അടുത്ത ഘട്ടം. അക്രിലിക് പോളിമര്‍ കൊണ്ടുള്ള അടിസ്ഥാന പാളികളില്‍ കനം കുറഞ്ഞ ഉരുക്കു കമ്പികള്‍ (0.4, 0.3, 0.2 മി.മീ.) ഘടിപ്പിച്ചുണ്ടാക്കുന്ന ഉപകരണങ്ങള്‍ ആണ് ഇതിനുപയോഗിക്കുന്നത്. ദന്തക്രമീകരണത്തിനു മാത്രമല്ല, നാക്കിട്ട് തള്ളുക, വിരലു കുടിക്കുക തുടങ്ങിയ സ്വഭാവവൈകല്യങ്ങള്‍ക്കു പരിഹാരമായും ഇളക്കിമാറ്റാവുന്ന ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്.
(ഡോ. ഇ.കെ. പരമേശ്വരന്‍ നായര്‍)