This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഗരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആധുനിക നഗരങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍)
(നഗരം)
വരി 2: വരി 2:
ആയിരക്കണക്കില്‍ തുടങ്ങി ദശലക്ഷങ്ങള്‍ വരെ ജനങ്ങള്‍ ഉത്പാദനപരമായ തൊഴിലുകളിലേര്‍പ്പെട്ട് ജീവസന്ധാരണം നിര്‍വഹിക്കുകയും ഇടതൂര്‍ന്ന് നിവസിക്കുകയും ചെയ്യുന്ന അധിവാസകേന്ദ്രങ്ങള്‍. ഭൂതലത്തില്‍ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നത് നഗരങ്ങളിലാണ്. ലോകരാഷ്ട്രങ്ങളിലോരോന്നിലെയും നഗരങ്ങളിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ പല മടങ്ങായി കാണപ്പെടുന്നു. ഉദാഹരണത്തിന് 2001-ലെ  സെന്‍സസ് കണക്കനുസരിച്ച് ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന് 324 -ഉം ദേശീയതലസ്ഥാനമായ ഡല്‍ഹിയിലേത് 9340-ഉം ആയിരുന്നു.
ആയിരക്കണക്കില്‍ തുടങ്ങി ദശലക്ഷങ്ങള്‍ വരെ ജനങ്ങള്‍ ഉത്പാദനപരമായ തൊഴിലുകളിലേര്‍പ്പെട്ട് ജീവസന്ധാരണം നിര്‍വഹിക്കുകയും ഇടതൂര്‍ന്ന് നിവസിക്കുകയും ചെയ്യുന്ന അധിവാസകേന്ദ്രങ്ങള്‍. ഭൂതലത്തില്‍ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നത് നഗരങ്ങളിലാണ്. ലോകരാഷ്ട്രങ്ങളിലോരോന്നിലെയും നഗരങ്ങളിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ പല മടങ്ങായി കാണപ്പെടുന്നു. ഉദാഹരണത്തിന് 2001-ലെ  സെന്‍സസ് കണക്കനുസരിച്ച് ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന് 324 -ഉം ദേശീയതലസ്ഥാനമായ ഡല്‍ഹിയിലേത് 9340-ഉം ആയിരുന്നു.
-
 
+
[[Image:pno749aa.png|200px|left]]
1800-ല്‍ ലോകത്തിലെ മൊത്തം ജനങ്ങളില്‍ 2.5% മാത്രമാണ് നഗരങ്ങളില്‍ പാര്‍ത്തിരുന്നത്. 1980-ലെ കണക്കനുസരിച്ച്, നഗരവാസികളുടെ സംഖ്യ 40% ആയി വര്‍ധിച്ചു. രണ്ടായിരാമാണ്ടില്‍ ഇത് 50%-ത്തില്‍ കവിഞ്ഞിരുന്നു. ഉത്പാദനപ്രക്രിയയുടെ പ്രവൃദ്ധിയിലൂടെ നഗരങ്ങള്‍ തുറന്നിടുന്ന വമ്പിച്ച തൊഴില്‍സാധ്യതയാണ്, പൊതുവേ തൊഴിലില്ലായ്മ ഏറിയോ കുറഞ്ഞോ നിലനില്ക്കുന്ന ഗ്രാമമേഖലകളില്‍നിന്ന് ജനങ്ങളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. അതോടൊപ്പം നഗരത്തിലെ സേവനസംവിധാനങ്ങള്‍ മെച്ചപ്പെട്ട ജീവിതസൌകര്യം ഉറപ്പുനല്കുന്നുമുണ്ട്. കാലക്രമത്തില്‍, നഗരത്തിനുള്ളില്‍നിന്ന് മോചനംനേടാന്‍ ഒരുമ്പെടുന്നവര്‍പോലും അവിടത്തെ വിവിധ സൌകര്യങ്ങള്‍ അനായാസമായി അനുഭവിക്കുവാന്‍ പാകത്തില്‍ നഗരസീമയോടടുത്തുതന്നെ പാര്‍പ്പുറപ്പിക്കുവാനാണ് ശ്രമിക്കാറുള്ളത്. ഇത് ഫലത്തില്‍ നഗരങ്ങളുടെ വ്യാപനത്തിലേക്കു നയിക്കുന്നു.  
1800-ല്‍ ലോകത്തിലെ മൊത്തം ജനങ്ങളില്‍ 2.5% മാത്രമാണ് നഗരങ്ങളില്‍ പാര്‍ത്തിരുന്നത്. 1980-ലെ കണക്കനുസരിച്ച്, നഗരവാസികളുടെ സംഖ്യ 40% ആയി വര്‍ധിച്ചു. രണ്ടായിരാമാണ്ടില്‍ ഇത് 50%-ത്തില്‍ കവിഞ്ഞിരുന്നു. ഉത്പാദനപ്രക്രിയയുടെ പ്രവൃദ്ധിയിലൂടെ നഗരങ്ങള്‍ തുറന്നിടുന്ന വമ്പിച്ച തൊഴില്‍സാധ്യതയാണ്, പൊതുവേ തൊഴിലില്ലായ്മ ഏറിയോ കുറഞ്ഞോ നിലനില്ക്കുന്ന ഗ്രാമമേഖലകളില്‍നിന്ന് ജനങ്ങളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. അതോടൊപ്പം നഗരത്തിലെ സേവനസംവിധാനങ്ങള്‍ മെച്ചപ്പെട്ട ജീവിതസൌകര്യം ഉറപ്പുനല്കുന്നുമുണ്ട്. കാലക്രമത്തില്‍, നഗരത്തിനുള്ളില്‍നിന്ന് മോചനംനേടാന്‍ ഒരുമ്പെടുന്നവര്‍പോലും അവിടത്തെ വിവിധ സൌകര്യങ്ങള്‍ അനായാസമായി അനുഭവിക്കുവാന്‍ പാകത്തില്‍ നഗരസീമയോടടുത്തുതന്നെ പാര്‍പ്പുറപ്പിക്കുവാനാണ് ശ്രമിക്കാറുള്ളത്. ഇത് ഫലത്തില്‍ നഗരങ്ങളുടെ വ്യാപനത്തിലേക്കു നയിക്കുന്നു.  

06:30, 28 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

നഗരം

ആയിരക്കണക്കില്‍ തുടങ്ങി ദശലക്ഷങ്ങള്‍ വരെ ജനങ്ങള്‍ ഉത്പാദനപരമായ തൊഴിലുകളിലേര്‍പ്പെട്ട് ജീവസന്ധാരണം നിര്‍വഹിക്കുകയും ഇടതൂര്‍ന്ന് നിവസിക്കുകയും ചെയ്യുന്ന അധിവാസകേന്ദ്രങ്ങള്‍. ഭൂതലത്തില്‍ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നത് നഗരങ്ങളിലാണ്. ലോകരാഷ്ട്രങ്ങളിലോരോന്നിലെയും നഗരങ്ങളിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ പല മടങ്ങായി കാണപ്പെടുന്നു. ഉദാഹരണത്തിന് 2001-ലെ സെന്‍സസ് കണക്കനുസരിച്ച് ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന് 324 -ഉം ദേശീയതലസ്ഥാനമായ ഡല്‍ഹിയിലേത് 9340-ഉം ആയിരുന്നു.

1800-ല്‍ ലോകത്തിലെ മൊത്തം ജനങ്ങളില്‍ 2.5% മാത്രമാണ് നഗരങ്ങളില്‍ പാര്‍ത്തിരുന്നത്. 1980-ലെ കണക്കനുസരിച്ച്, നഗരവാസികളുടെ സംഖ്യ 40% ആയി വര്‍ധിച്ചു. രണ്ടായിരാമാണ്ടില്‍ ഇത് 50%-ത്തില്‍ കവിഞ്ഞിരുന്നു. ഉത്പാദനപ്രക്രിയയുടെ പ്രവൃദ്ധിയിലൂടെ നഗരങ്ങള്‍ തുറന്നിടുന്ന വമ്പിച്ച തൊഴില്‍സാധ്യതയാണ്, പൊതുവേ തൊഴിലില്ലായ്മ ഏറിയോ കുറഞ്ഞോ നിലനില്ക്കുന്ന ഗ്രാമമേഖലകളില്‍നിന്ന് ജനങ്ങളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. അതോടൊപ്പം നഗരത്തിലെ സേവനസംവിധാനങ്ങള്‍ മെച്ചപ്പെട്ട ജീവിതസൌകര്യം ഉറപ്പുനല്കുന്നുമുണ്ട്. കാലക്രമത്തില്‍, നഗരത്തിനുള്ളില്‍നിന്ന് മോചനംനേടാന്‍ ഒരുമ്പെടുന്നവര്‍പോലും അവിടത്തെ വിവിധ സൌകര്യങ്ങള്‍ അനായാസമായി അനുഭവിക്കുവാന്‍ പാകത്തില്‍ നഗരസീമയോടടുത്തുതന്നെ പാര്‍പ്പുറപ്പിക്കുവാനാണ് ശ്രമിക്കാറുള്ളത്. ഇത് ഫലത്തില്‍ നഗരങ്ങളുടെ വ്യാപനത്തിലേക്കു നയിക്കുന്നു.

തൊഴിലവസരവര്‍ധനവിന്റെയും ജനപ്പെരുപ്പത്തിന്റെയും ഫലമായി ഉത്പാദനശാലകളും ആവാസകേന്ദ്രങ്ങളുമുള്‍പ്പെടെയുള്ള നഗരഘടകങ്ങള്‍ നിലവിലുള്ള നഗരപരിധിയെ ഉല്ലംഘിച്ച് വളരുകയും അങ്ങനെ വിസ്തൃതി നേടുകയും ചെയ്യുന്നവയെ മഹാനഗരം (Greater city) എന്നു വിശേഷിപ്പിക്കുന്നു. നിശ്ചിതകാലയളവില്‍ ഉണ്ടാകാവുന്ന വികസനത്തിന്റെ പ്രവണതയെ അവലംബിച്ച് നഗരത്തിന്റെ സീമ പുനര്‍നിര്‍ണയിക്കുകയും മഹാനഗരമായി പ്രഖ്യാപിച്ചശേഷം നഗരത്തെ സാങ്കേതികാസൂത്രണത്തിലൂടെ സമഗ്രമായ വളര്‍ച്ചയിലെത്തിക്കുകയും ചെയ്യുന്ന സമ്പ്രദായം സാര്‍വത്രികമായിട്ടുണ്ട്. പ്രാന്തമേഖലയുടെ വികസനത്തിലൂടെ ഉപനഗരങ്ങളെ ഉയര്‍ത്തുകയും അവയെക്കൂടി ഉള്‍ക്കൊണ്ട് ബൃഹദാകാരം ആര്‍ജിച്ചതും തുടര്‍ന്നും വന്‍വളര്‍ച്ചനേടിക്കൊണ്ടിരിക്കുന്നതുമായ നഗരങ്ങളെ മാനഗരം (Metropolitan city) എന്ന വിഭാഗത്തില്‍പ്പെടുത്തുന്നു. ഇവയുടെ വികാസത്തിന്റെ മാന(magnitude)വും പഥ(itinery)വും ഏകദിശീയമായിരിക്കില്ല. ജനസംഖ്യാടിസ്ഥാനത്തില്‍, പത്തുലക്ഷത്തിലേറെപ്പേര്‍ നിവസിക്കുന്ന നഗരങ്ങളെ പ്രയുതനഗരം (Million city) എന്നു വിശേഷിപ്പിക്കാറുണ്ട്. പ്രയുതനഗരങ്ങളെ മാനഗരങ്ങളാക്കി മാറ്റുന്നതിലൂടെ അവ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നല്ലൊരളവുവരെ പരിഹാരം കാണാമെന്ന് ശാസ്ത്രം സമര്‍ഥിക്കുന്നു. എന്നാല്‍ ഈവിധമുള്ള മാറ്റം ആസൂത്രണംചെയ്ത് നടപ്പാക്കുന്നതിലെ ദുര്‍വഹമായ സാമ്പത്തികഭാരംമൂലം ലോകരാജ്യങ്ങളൊന്നുംതന്നെ ഇതിനു തുനിയാറില്ല.

ലോകത്തിലെ ഏറിയകൂറും നഗരങ്ങള്‍ ജനപ്പെരുപ്പംമൂലമുള്ള പ്രശ്നങ്ങളെ നേരിടുന്നവയാണ്. മിക്കവയും ശബ്ദമലിനവും വൃത്തിഹീനവുമായി തുടരുന്നു. ഗതാഗതക്കുരുക്കുമൂലം ജനസാമാന്യത്തിന് സമയനിഷ്ഠ തികച്ചും അന്യമായി പരിണമിച്ചിരിക്കുന്നു. വിമാനങ്ങള്‍, മോട്ടോര്‍വാഹനങ്ങള്‍, തീവണ്ടികള്‍, വൈദ്യുതോത്പാദനകേന്ദ്രങ്ങള്‍, വ്യവസായശാലകള്‍ തുടങ്ങി നിത്യോപയോഗ വസ്തുക്കളില്‍പ്പെട്ട എയര്‍കണ്ടിഷനര്‍, ശീതീകരണികള്‍, ഹീറ്ററുകള്‍ മുതലായ ഉപകരണങ്ങള്‍വരെ വിസര്‍ജിത മാലിന്യങ്ങളിലൂടെ തുടര്‍ച്ചയായി അന്തരീക്ഷദൂഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഇതുമൂലം ജനങ്ങളുടെ ആരോഗ്യത്തിന് സാരമായ ഹാനിയുണ്ടാകുന്നു. ശബ്ദശല്യംകാരണം പൗരസഞ്ചയത്തിന് ഉണ്ടാകുന്ന മാനസികാഘാതമുള്‍പ്പെടെയുള്ള പീഡനങ്ങള്‍ ക്രമാതീതമായി ഏറിവരുന്നു. കുറ്റകൃത്യങ്ങള്‍ക്കും നിയമനിഷേധങ്ങള്‍ക്കും വളക്കൂറുള്ള മേഖലയാണ് നഗരം. വര്‍ഗീയവും മതപരവുമായ സംഘര്‍ഷങ്ങളും കലാപങ്ങളും എളുപ്പത്തില്‍ ശക്തിപ്രാപിക്കുന്നതും നഗരത്തിലാണ്. ലഹരിപദാര്‍ഥങ്ങള്‍ മുതല്‍ മയക്കുമരുന്നുവരെയുള്ളവയുടെ കള്ളക്കടത്തും അധോലോകസംഘങ്ങളുടെ നിയമവിരുദ്ധവിഹാരവും വന്‍നഗരങ്ങളിലെ സാമൂഹികാര്‍ബുദമായി മാറിയിരിക്കുന്നു. ഇക്കാരണങ്ങളാല്‍ വന്‍കിട നഗരങ്ങള്‍ മിക്കവയിലും ക്രമസമാധാനപാലനം അതീവ ദുഷ്കരമാണ്. പൊതുവേ അപര്യാപ്തമായ പാര്‍പ്പിടവ്യവസ്ഥയും ദുര്‍വഹമായ ജീവിതച്ചെലവുകളും സാധാരണ പൌരന്മാരെ കഷ്ടതകളിലും അസംതൃപ്തിയുടെ ആഴങ്ങളിലും നിലയില്ലാത്തവണ്ണം ആഴ്ത്തുന്നത് നഗരങ്ങളുടെ പൊതുസ്വഭാവമായി പരിണമിച്ചിട്ടുണ്ട്. ഈവിധ പരാധീനതകളുടെ പശ്ചാത്തലത്തിലും ലോകജനതക്കിടയില്‍ നഗരജീവിതത്തോടുള്ള ആകര്‍ഷണം അതിശക്തമായി നിലനില്ക്കുന്നു.

നഗരങ്ങളുടെ ഉത്പത്തിയും വളര്‍ച്ചയും

മനുഷ്യരാശി ഏതെങ്കിലുമൊരിടത്ത് സ്ഥിരമായി പാര്‍ക്കുവാനാരംഭിച്ചത് നവീനശിലായുഗ(Neolithic)ത്തിലായിരുന്നു. അധിവാസങ്ങളുടെ ചരിത്രത്തിന് 10,000 വര്‍ഷത്തിലേറെ പഴക്കമില്ല. മനുഷ്യന്‍ സ്ഥിരവാസം ആരംഭിച്ചത് കാര്‍ഷികവൃത്തിയുടെ തുടക്കം മുതലാണ്. ആദ്യകാലത്ത് അധിവാസങ്ങള്‍ക്ക് ഗ്രാമ (rural) സ്വഭാവമാണുണ്ടായിരുന്നത്. ബി.സി. 3500-നോടടുത്ത് പാര്‍പ്പിടകേന്ദ്രങ്ങളുടെ സംയോജനത്തിലൂടെ ചെറു പട്ടണങ്ങള്‍ രൂപംകൊണ്ടു. അവ ഇന്നത്തെ വന്‍നഗരങ്ങളായി വികാസം പ്രാപിച്ചതിനുപിന്നില്‍ പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്: (i) സാങ്കേതികജ്ഞാനത്തിന്റെ വികാസം (ii) ഭൗതിക ഘടകങ്ങളും പരിസ്ഥിതിയും (iii) സാമൂഹിക സുസ്ഥിരത (iv) ജനപ്പെരുപ്പം.

i.സാങ്കേതികജ്ഞാനത്തിന്റെ വികാസം. ജനസാമാന്യത്തിന് തങ്ങളുടെ ജീവിതശൈലി സുകരവും സൗകര്യപ്രദവുമാക്കുന്നതിന് ഉപകരിച്ച ഏതുവിധ കണ്ടെത്തലുകളെയും സാങ്കേതികജ്ഞാനത്തിന്റെ പരിധിയില്‍പ്പെടുത്താം. അങ്ങനെ നോക്കുമ്പോള്‍ സാങ്കേതികതയുടെ ആദ്യ പടി കാര്‍ഷിക സമ്പ്രദായങ്ങളുടെ മെച്ചപ്പെടലാണ്. തനതായി ഉപകരണങ്ങള്‍ നിര്‍മിച്ചുപയോഗിച്ചും കാലികളെ പരിപാലിച്ച് അവയുടെ സേവനം കൃഷിനിലങ്ങളില്‍ പ്രയോജനപ്പെടുത്തിയുമാണ് ശിലായുഗമനുഷ്യര്‍ കാര്‍ഷികസമ്പ്രദായങ്ങള്‍ക്ക് ചിട്ടയും പ്രയോഗക്ഷമതയും കൈവരിച്ചത്. തങ്ങളുടെ ഉപഭോഗത്തിലുംകവിഞ്ഞ് കാര്‍ഷിക വിളകള്‍ ഉത്പാദിപ്പിക്കുവാന്‍ മെച്ചപ്പെട്ട കൃഷിരീതികള്‍ അവരെ സഹായിച്ചു. ഭക്ഷ്യസുലഭ്യതമൂലം ഒരുവിഭാഗം ആളുകള്‍ കാര്‍ഷികേതരവൃത്തികളില്‍ ഏര്‍പ്പെട്ടതോടെ കൈത്തൊഴിലുകള്‍ വികസിച്ചു. നിലംകുഴിച്ച് കടുപ്പമേറിയ കല്ലുകളും പിന്നീട് ലോഹധാതുക്കളും ഉത്പാദിപ്പിക്കുവാനും തുടര്‍ന്ന് അവയുപയോഗിച്ച് മെച്ചപ്പെട്ട പണിയായുധങ്ങളും ഉപകരണങ്ങളും നിര്‍മിച്ചെടുക്കുവാനും മനുഷ്യന് അവസരമൊരുങ്ങി. ഉത്പാദിതവസ്തുക്കളുടെ സാങ്കേതികതയിലും ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതോടെ പ്രത്യേക വസ്തുക്കള്‍ മാത്രം നിര്‍മിക്കുന്ന വിഭാഗങ്ങള്‍ രൂപംകൊണ്ടു. സ്വാഭാവികമായും തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനത്തിലൂടെയോ കൈമാറ്റത്തിലൂടെയോ ജീവിതാവശ്യങ്ങള്‍ നിറവേറ്റുവാന്‍ ഇക്കൂട്ടര്‍ നിര്‍ബന്ധിതരായി. അതോടൊപ്പംതന്നെ കാര്‍ഷികേതരവൃത്തികളെ ആശ്രയിച്ചുപോന്നവരുടെ സംഖ്യ ഗണ്യമായി വര്‍ധിച്ചു. കൃഷിനിലങ്ങള്‍ അല്ലാതുള്ള ഭൂമിയില്‍ പണിശാലകള്‍ക്കു സ്ഥാനം കണ്ടെത്തുന്ന രീതിയാണ് ആദ്യകാലത്തുണ്ടായിരുന്നത്. ഉത്പന്നക്കൈമാറ്റ(barter)ത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്ന അക്കാലത്ത് കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ ഒട്ടുമുക്കാലും കേന്ദ്രീകൃതമായി വളര്‍ന്നു. അധിവാസകേന്ദ്രങ്ങളുടെ മര്‍മസ്ഥാനത്ത് തങ്ങളുടെ ഉത്പന്നങ്ങള്‍ക്കായി ഒരു പൊതുവിപണി ഏര്‍പ്പെടുത്തുവാനും അവിടെ കാര്‍ഷികോത്പന്നങ്ങള്‍ ധാരാളമായി വില്പനയ്ക്കെത്തിക്കുവാനും അക്കാലത്തെ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. വിപണി മെച്ചപ്പെടുന്നതിനൊപ്പം അതിനെ ചുറ്റി കൂടുതല്‍ പണിശാലകള്‍ ഉണ്ടായി; അതോടൊപ്പം വിദഗ്ധ പണിക്കാര്‍ ഇത്തരമിടങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. ലോകത്തിലെ ആദ്യത്തെ നഗരാധിവാസങ്ങള്‍ ഉരുത്തിരിഞ്ഞത് ഈ വിധത്തിലായിരുന്നു.

ആവിയന്ത്രത്തിന്റെ മാതൃക

നദീതീരങ്ങളിലാണ് പല നഗരങ്ങളും വികസിച്ചത്. വള്ളങ്ങളും മൃഗങ്ങള്‍ വലിക്കുന്ന വണ്ടികളും ചരക്കുഗതാഗതത്തിന് ഉപയോഗിക്കപ്പെട്ടു. പില്ക്കാലത്ത് പത്തേമാരികളും പായ്ക്കപ്പലും നിര്‍മിക്കാനുള്ള സാങ്കേതികജ്ഞാനം നേടിയതോടെ കടല്‍ത്തീരങ്ങളില്‍ വന്‍നഗരങ്ങള്‍ ഉയര്‍ന്നുവന്നു.

18-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ആവിയന്ത്രങ്ങളുടെ ആവിര്‍ഭാവം ഉത്പാദനരംഗത്ത് വലുതായ കുതിച്ചുചാട്ടത്തിന് കളമൊരുക്കി. ഓട്ടോമൊബൈലുകള്‍, യന്ത്രവത്കൃത ജലയാനങ്ങള്‍, തീവണ്ടികള്‍ തുടങ്ങിയവയിലൂടെ കൈവന്ന സഞ്ചാര-ചരക്കുനീക്ക സൗകര്യങ്ങള്‍ ഉത്പന്നങ്ങള്‍ക്ക് വ്യാപകമായ വിപണനസ്വാതന്ത്ര്യം ഉറപ്പുവരുത്തി. ഇത് ഉത്പാദനമേഖലയുടെ ഗവേഷണപരമായ വികസനത്തിന് ആക്കം കൂട്ടി. പ്രാദേശികതലത്തില്‍ ഒതുങ്ങിയിരുന്ന ഉത്പന്നങ്ങള്‍ പോലും വിദേശക്കമ്പോളങ്ങളില്‍ വിപണന സാധ്യത ആര്‍ജിച്ചത് അടിസ്ഥാനപരമായ ഉത്പാദനമേഖലയ്ക്ക് പതിന്മടങ്ങ് ഊര്‍ജം പകര്‍ന്നു. ഒപ്പംതന്നെ തൊഴിലാളികളുടെ വേതനവ്യവസ്ഥയും ജീവിതനിലവാരവും സാമാന്യമായ അളവില്‍ മെച്ചപ്പെട്ടു. നഗരജീവിതം താരതമ്യേന സുഖസമൃദ്ധവും സന്തുഷ്ടവുമായി മാറി. ഇതിനു സമാന്തരമായി, യന്ത്രവത്കൃത സമ്പ്രദായങ്ങള്‍, ഉത്പാദിത വളങ്ങള്‍ തുടങ്ങിയവയെ ആശ്രയിച്ച് കാര്‍ഷികമേഖലയിലും മുന്നേറ്റമുണ്ടായി. വിളവ് ഇരട്ടിച്ചു. കൃഷിനിലങ്ങളില്‍ അധ്വാനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. ഫലത്തില്‍, കാര്‍ഷികമേഖലയില്‍ തൊഴില്‍മാന്ദ്യം ഉണ്ടായി.

നഗരപ്രാന്തങ്ങളിലെ നിവാസികള്‍ കാര്‍ഷികേതരവൃത്തികളില്‍ ആകൃഷ്ടരായി നഗരങ്ങളിലേക്കു ചേക്കേറുന്ന അവസ്ഥയാണ് തുടര്‍ന്നുണ്ടായത്. തൊഴിലുറപ്പിനും മെച്ചപ്പെട്ട വേതനത്തിനുമൊപ്പം സമ്പുഷ്ടമായ ജീവിതസൌകര്യവും നഗരത്തിന്റെ ആകര്‍ഷകഘടകമായിരുന്നു. തൊഴിലാളികളുടെ അനുസ്യൂതമായ പ്രവാഹം തൊഴിലുടമകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനരംഗം വികസിപ്പിക്കുന്നതിനുള്ള ശക്തമായ പ്രേരണയായി. ഉത്പാദന മേഖലയുടെ നാനാമുഖമായ വികാസമാണ് പിന്നീടുണ്ടായത്. അതോടൊപ്പം തൊഴിലവസരങ്ങള്‍ ശതഗുണീഭവിച്ചത് നഗരത്തിലേക്കുള്ള ജനപ്രവാഹത്തിന് ആക്കം കൂട്ടി. ഇതുമൂലം നഗരങ്ങളിലെ ജനസംഖ്യ അസാമാന്യമായി വര്‍ധിച്ചു. പുതുതായി കുടിയേറിയവര്‍ക്ക് പാര്‍പ്പിടസൗകര്യം ലഭ്യമാക്കേണ്ടതും അവര്‍ക്കുവേണ്ട സേവനസൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതും നഗരത്തിന്റെ ആവശ്യമായി മാറി. ഉത്പാദനമേഖലയിലെന്നപോലെ മറ്റു സേവനപരമായ തൊഴിലുകളിലും ഏറ്റമുണ്ടായി. ഗതാഗത-വാര്‍ത്താവിനിമയ രംഗങ്ങളിലെ പുരോഗതിയും അസാമാന്യമായിരുന്നു. നഗരങ്ങള്‍ ക്രമാതീതമായി വികസിക്കുകയും വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്ന ആഗോള പ്രതിഭാസമാണ് 19-ഉം 20-ഉം ശതകങ്ങളില്‍ ദൃശ്യമായത്. ഈ പ്രവണത വര്‍ധിച്ച തോതില്‍ ഇപ്പോഴും തുടര്‍ന്നുവരികയുമാണ്.

ii.ഭൗതിക ഘടകങ്ങളും പരിസ്ഥിതിയും. ഉത്പാദന മേഖലയുടേതിന് ആനുപാതികമായി നഗരവികസനത്തില്‍ ഭൂപരമായ സവിശേഷതകളും പരിസ്ഥിതിയും നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നു. ഉത്പാദനമേഖലയുടെ വളര്‍ച്ചയും തളര്‍ച്ചയും ഒരളവുവരെ നിര്‍ണയിക്കുന്നത് വ്യവസായാവശ്യങ്ങള്‍ക്കുള്ള അസംസ്കൃതസാധനങ്ങളുടെ ലഭ്യതയാണ്; ഇക്കൂട്ടത്തില്‍ പ്രകൃതിലഭ്യ വസ്തുക്കള്‍ക്ക് മുന്തിയ സ്ഥാനമാണുള്ളത്. എല്ലാ നഗരങ്ങള്‍ക്കും ശുദ്ധജലത്തിന്റെ നിര്‍ലോപമായ ആവശ്യമുണ്ട്. പൗരാണിക നഗരങ്ങളില്‍ ഏറിയവയുടെയും സ്ഥാനം നദീതീരങ്ങളിലായിരുന്നു. അനുകൂലമായ കാലാവസ്ഥ മറ്റൊരു സുപ്രധാന ഘടകമാണ്. ഭൂപരമായ സവിശേഷതകള്‍ക്കും പ്രാധാന്യമുണ്ട്. ഉച്ചാവചം (relief) കുറഞ്ഞ് പൊതുവേ നിരപ്പായ ഭൂപ്രകൃതി, നഗരത്തെ തഴുകിയൊഴുകുന്ന നദികള്‍, സമൃദ്ധവും വിശാലവുമായ ജലാശയങ്ങള്‍, വാസ്തു ശിലാസമ്പന്നമായ ശിലാഘടന, സസ്യജാലങ്ങളുടെ സമൃദ്ധമായ വളര്‍ച്ചയ്ക്കുതകുന്ന വളക്കൂറുള്ള മണ്ണിനങ്ങള്‍ തുടങ്ങിയവയൊക്കെ നഗരവികസനത്തിന് അനുകൂലമായ പരിസ്ഥിതിയൊരുക്കുന്നു. ധാതുസമ്പന്നമായ പ്രാന്തമേഖലകള്‍ മറ്റൊരു ആനുകൂല്യമാണ്. മൊത്തത്തില്‍, പറഞ്ഞാല്‍ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്‍പ്പെടെയുള്ള പരിസ്ഥിതിഘടകങ്ങളുടെ ആനുകൂല്യമാണ് ഏതൊരു നഗരത്തിന്റെയും ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് അടിത്തറ പാകുന്നത്.

iii.സാമൂഹിക സുസ്ഥിരത.ജനങ്ങളില്‍ സ്ഥിരോത്സാഹം, സമ്പാദ്യശീലം, സഹിഷ്ണുത, സഹകരണ മനസ്ഥിതി, പൌരബോധം, സാമൂഹിക അവബോധം തുടങ്ങിയ സാംസ്കാരിക ഘടകങ്ങള്‍ എത്രകണ്ടു ശക്തമായി വേരൂന്നുന്നുവെന്നത് അവരുടെ അധിവാസകേന്ദ്രമായ നഗരത്തിന്റെ വികസനത്തില്‍ ഗണ്യമായ പ്രഭാവം ചെലുത്തുന്നു. ആധുനിക നഗരങ്ങളിലെ ക്രമസമാധാനം നിലനില്ക്കുന്നത് ജനങ്ങളുടെ പൗരബോധം, സഹകരണം, ഐക്യദാര്‍ഢ്യം എന്നിവയുടെ നിലവാരമനുസരിച്ചാണ്. വെള്ളം, വെളിച്ചം തുടങ്ങിയ അവശ്യസാധനങ്ങളുടെ സന്തുലിതമായ വിതരണത്തിന് ജനങ്ങളുടെ ഉപഭോഗനിയന്ത്രണത്തെയും സര്‍വാത്മനായുള്ള സഹകരണത്തെയും ആശ്രയിക്കാതെവയ്യ. പൊതുജനാരോഗ്യപാലനത്തിന്റെയും ശുചിത്വസംരക്ഷണത്തിന്റെയും അളവുകോല്‍ പൌരന്മാരുടെ സാമൂഹിക അവബോധമായി മാറിയിരിക്കുന്നു.

iv.ജനപ്പെരുപ്പം.ആധുനിക ജീവിത സൗകര്യങ്ങളുടെയും ചികിത്സാസൗകര്യങ്ങളുടെയും ഫലമായി മരണനിരക്ക്, പ്രത്യേകിച്ച് ശിശുമരണനിരക്ക് കുറയുകയും ജനസംഖ്യ പെരുകുകയും ചെയ്തു. അതിനൊത്ത് കൃഷിയിടങ്ങള്‍ വര്‍ധിക്കാത്തത് കൂടുതല്‍പേരെ നഗരങ്ങളില്‍ തൊഴില്‍തേടിയെത്താന്‍ പ്രേരിപ്പിച്ചു. ഇത് നഗരങ്ങളിലെ ജനസംഖ്യയില്‍ വന്‍ വര്‍ധനവിനിടയാക്കി. നഗരങ്ങള്‍ സാധാരണയായി നാനാജാതിമതസ്ഥരായ ജനങ്ങളുടെ സംഗമവേദിയാണ്. വൈരുധ്യങ്ങള്‍ മറന്ന്, കൂട്ടായ്മയും ഐക്യവും നിദര്‍ശിപ്പിക്കുവാന്‍ നഗരവാസികള്‍ നിര്‍ബന്ധിതരാണ്. ഇതുമൂലം ജനങ്ങളുടെ സാംസ്കാരിക വൈജാത്യത്തില്‍ അയവുണ്ടാകുന്നു. വിശ്വാസപ്രമാണങ്ങളും അനുഷ്ഠാനകര്‍മങ്ങളും കര്‍ക്കശമായി പാലിക്കാത്ത ഒരു പുതിയ സമൂഹം സംസൃഷ്ടമാകുന്നു. തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളെയും നടപടിക്രമങ്ങളെയും മുറുകെപ്പിടിക്കുന്ന ജനവിഭാഗങ്ങള്‍ നഗരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടാവാം. ഇവര്‍ക്കിടയില്‍, ന്യൂനപക്ഷമായി, ഇതര ചിന്താഗതിയിലുള്ള വിഭാഗങ്ങള്‍ പാര്‍ക്കുന്നുണ്ടാവാം. ഇത്തരം പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതും തുടര്‍ന്ന് നഗരപുരോഗതിയെപ്പോലും ബാധിച്ചേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുന്നതും ആധുനികനഗരങ്ങളില്‍ സാധാരണമാണ്.

പ്രാചീന നഗരങ്ങള്‍.

ശിലായുഗകാലത്തെ ഗ്രാമാധിവാസങ്ങള്‍ നൂറ്റാണ്ടുകള്‍ നീണ്ട വളര്‍ച്ചയിലൂടെയാണ് നഗരങ്ങളായി വളര്‍ന്നത്. ഭൂമുഖത്തെ ഏറ്റവും പ്രാചീനമായ നഗരങ്ങള്‍ ക്രിസ്തുവിന് 3500 വര്‍ഷം മുമ്പ് സുമേറിയന്‍ സംസ്കാരത്തിന്റെ ഭാഗമായി യൂഫ്രടിസ്-ടൈഗ്രിസ് നദീതടത്തില്‍ രൂപംകൊണ്ടതായി അനുമാനിക്കപ്പെടുന്നു. നൈല്‍തടത്തിലെ ഗ്രാമങ്ങള്‍ സംയോജിച്ച് ബി.സി. 3000-ത്തോടടുത്ത് ഈജിപ്തിലെ ആദ്യകാല നഗരങ്ങളുണ്ടായി. ബി.സി. 2500-ല്‍ സിന്ധുനദീതടത്തിലെ നഗരങ്ങള്‍ സംസ്കാരകേദാരങ്ങളായി പരിലസിച്ചിരുന്നു. ചൈനയിലും ഏതാണ്ട് ഇതേ കാലത്താണ് ആദ്യമായി നഗരങ്ങള്‍ ഉയിര്‍ത്തത്. ക്രിസ്തുവിന് 200 വര്‍ഷം മുമ്പ് മയാ-ഇങ്കാ സംസ്കാരങ്ങളുടെ ഭാഗമായി മധ്യഅമേരിക്കയില്‍ നഗരാധിവാസങ്ങള്‍ പുഷ്ടിപ്പെട്ടിരുന്നു; ഇവയാണ് പശ്ചിമാര്‍ധഗോളത്തിലെ ആദ്യ നഗരങ്ങള്‍.

പ്രാചീന നഗരങ്ങളുടെ പ്രധാന സവിശേഷതകള്‍ ഗ്രാമാധിവാസങ്ങളെ അപേക്ഷിച്ചുള്ള വലുപ്പത്തിനു പുറമേ, ആരാധനാലയങ്ങള്‍, ജനങ്ങള്‍ക്ക് ഒത്തുചേരുവാന്‍പാകത്തിലുള്ള വിശാലമായ മണ്ഡപങ്ങള്‍, ധാന്യസംഭരണത്തിനുതകുന്ന ബൃഹത്തായ പണ്ടികശാലകള്‍, ആയുധപ്പുരകള്‍ എന്നിവയുടെ അവശ്യസാന്നിധ്യമായിരുന്നു. ഏകോപിത രീതിയില്‍ ശത്രുക്കളെ എതിരിടുവാനുതകുന്ന കേന്ദ്രീകൃത സങ്കേതങ്ങളായാണ് നഗരങ്ങളെ വികസിപ്പിച്ചിരുന്നത്. ഇവിടത്തെ ജീവസന്ധാരണമാര്‍ഗങ്ങള്‍ ഗ്രാമങ്ങളിലേതില്‍നിന്ന് തുലോം വ്യത്യസ്തമായി കാര്‍ഷികേതര വൃത്തികളായിരുന്നു. ഇതിന്റെ ഫലമായി ഒരു വ്യതിരിക്ത വര്‍ത്തകസമൂഹം നിലവില്‍വന്നു. ഇക്കൂട്ടരുടെ, താരതമ്യേന അധ്വാനം കുറഞ്ഞ സുഖകരമായ ജീവിതക്രമം ഗ്രാമങ്ങളിലെ ജനങ്ങളെ പട്ടണത്തിലേക്ക് ആകര്‍ഷിച്ചുപോന്നു. കൈത്തൊഴിലുകളുടെയും കരകൗശലവിദ്യയുടെയും അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് പട്ടണങ്ങള്‍ കളമൊരുക്കി.

പ്രാചീന നഗരങ്ങളുടെ വ്യാപ്തി കേവലം 2 2.5 ച.കി.മീ. മാത്രമായിരുന്നു. ജനങ്ങളില്‍ ഭൂരിപക്ഷവും നഗരത്തിലെ പ്രധാന ജലസ്രോതസ്സിനു ചുറ്റുമായി അധിവാസം ഉറപ്പിച്ചുപോന്നു.

പര്യാപ്തമായ വിതരണസംവിധാനത്തിന്റെ അഭാവംമൂലം തങ്ങള്‍ക്കാവശ്യമായ വെള്ളം ശേഖരിച്ചും സ്വയം ചുമന്നും വീടുകളിലെത്തിക്കുന്നത് പട്ടണവാസികളുടെ ദിനചര്യകളില്‍ ഉള്‍പ്പെട്ടിരുന്നു. (സിന്ധുനദീതട നഗരങ്ങളില്‍ ജലവിതരണത്തിനും നിര്‍ഗമനത്തിനും ഫലപ്രദമായ സംവിധാനം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.) അക്വിഡക്റ്റുകള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളിലൂടെ ദൂരെയുള്ള സ്രോതസ്സുകളില്‍നിന്ന് ജലം ലഭ്യമാക്കിയതുവഴി പല പ്രാചീന നഗരങ്ങള്‍ക്കും വന്‍ വളര്‍ച്ച നേടാനായി. 10 ച.കി. മീറ്ററിലേറെ വ്യാപ്തി ഉണ്ടായിരുന്ന റോമാനഗരത്തിന്റെ പുരോഗതി പൂര്‍ണമായും അക്വിഡക്റ്റുകളെ ആശ്രയിച്ചായിരുന്നു (നോ: അക്വിഡക്റ്റ്). കുന്നുകളുടെ പുറംചരിവുകള്‍ (ഉദാ. ആഥന്‍സ്), കുന്നുകള്‍ ചൂഴ്ന്ന് സുരക്ഷിതമായ ഇടം (ഉദാ. റോം), നദീശാഖകള്‍ക്കിടയ്ക്കുള്ള പ്രദേശം (ഉദാ. മെസപ്പൊട്ടേമിയ) എന്നിങ്ങനെ ഭൂരൂപങ്ങളൊരുക്കുന്ന നൈസര്‍ഗിക പ്രതിരോധം അവലംബിച്ചാണ് മിക്ക പ്രാചീന നഗരങ്ങളും വികസിച്ചിരുന്നത്. ശത്രുക്കളെ പ്രതിരോധിക്കുവാന്‍ വന്‍ മതിലുകളും കോട്ടകൊത്തളങ്ങളും നിര്‍മിക്കുന്ന പതിവും ഉണ്ടായിരുന്നു. പ്രാചീന നഗരങ്ങള്‍ നേരിട്ടിരുന്ന മുഖ്യ പ്രശ്നം ശുചിത്വപാലനത്തിനുള്ള സംവിധാനമില്ലായ്മയാണ്. തലങ്ങും വിലങ്ങും നിര്‍മിക്കപ്പെട്ടിരുന്ന പാതകള്‍ അഴുക്കുചാലുകളായിമാറി ജനസാമാന്യത്തെ സാംക്രമിക രോഗങ്ങള്‍ക്കും കൂട്ടമരണത്തിനും ഇരയാക്കുന്നത് പ്രാചീന നഗരങ്ങളില്‍ സാധാരണമായിരുന്നു.

പ്രാക്കാല നഗരങ്ങളിലെ ജനസംഖ്യ സാധാരണ ഗതിയില്‍ 10,000 കവിഞ്ഞിരുന്നില്ല. നൈസര്‍ഗികവും വര്‍ഗപരവുമായ സാജാത്യംമൂലം നഗരവാസികള്‍ക്കിടയില്‍ ആരാധന, അനുഷ്ഠാനകര്‍മങ്ങള്‍, സാംസ്കാരിക സവിശേഷതകള്‍, സാമൂഹിക ക്രമം തുടങ്ങിയവയില്‍ ഏകതാനത (homogeneity) നിലനിന്നുപോന്നു. കാലക്രമേണ, യുദ്ധത്തടവുകാരായി പിടിച്ച്, വിവിധ തൊഴിലുകളില്‍ വിന്യസിക്കപ്പെട്ടവരും വിദൂരങ്ങളില്‍നിന്ന് തൊഴില്‍ സമ്പാദനത്തിനായി ചേക്കേറിയവരുമായി വിഭിന്ന സംസ്കാരങ്ങളില്‍പ്പെട്ട ജനങ്ങള്‍ തദ്ദേശീയരുമായി കൂടിക്കലരാനിടയായത് ഈ ഏകതാനതയ്ക്ക് ഭംഗം വരുത്തി. ഭൂമിയുടെയും പണിശാലകളുടെയും ഉടമകള്‍, അധികാരസ്ഥാനീയര്‍, മതപുരോഹിതര്‍, യോദ്ധാക്കള്‍ തുടങ്ങി തദ്ദേശീയരായ വരേണ്യവര്‍ഗവും താഴേക്കിടക്കാരായി വ്യവഹരിക്കപ്പെട്ട തൊഴിലാളികള്‍, കരകൌശലവിദഗ്ധര്‍, വര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗങ്ങളും നഗരജനതയ്ക്കിടയിലെ വ്യതിരിക്ത ചേരികളായിത്തീര്‍ന്നു. കാലാകാലങ്ങളില്‍ പുറമേനിന്നുള്ള ആക്രമണങ്ങളുടെ ഫലമായുണ്ടായ ഭരണപരമായ മാറ്റങ്ങള്‍, വര്‍ഗസങ്കരം തുടങ്ങിയവ വഴി വരേണ്യവര്‍ഗം കൂടുതല്‍ പ്രമത്തരായി. തഴച്ചുവളര്‍ന്ന അടിമവ്യാപാരവും തൊഴിലാളികളോടുള്ള നയവും താഴേത്തട്ടിലുള്ളവരെ കൂടുതല്‍ തളര്‍ത്തുകയും ചെയ്തു. നഗരത്തിലെ ജീവിതസൌഭാഗ്യങ്ങളില്‍ മിക്കവയും അധ്വാനവര്‍ഗത്തിന് അപ്രാപ്യമായി മാറി.

മധ്യകാല നഗരങ്ങള്‍

റോമാസാമ്രാജ്യത്തിന്റെ പതന(എ.ഡി. 476)ത്തെത്തുടര്‍ന്ന് എ.ഡി. 1500 വരെയുള്ള കാലയളവിനെയാണ് മധ്യകാലഘട്ടം (Medieval period) എന്നു വിശേഷിപ്പിക്കാറുള്ളത്. പ്രതാപകാലത്ത് യൂറോപ്പിന്റെയും മധ്യ പൗരസ്ത്യദേശത്തിന്റെയും ഒട്ടുമുക്കാല്‍ ഭാഗങ്ങളും ഉത്തര ആഫ്രിക്കയിലെ കടല്‍ത്തീരമേഖലകളും റോമാസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. തങ്ങളുടെ സാമ്രാജ്യത്തെമ്പാടും തലങ്ങും വിലങ്ങും രാജപാതകള്‍ നിര്‍മിക്കുന്നതിലും തന്ത്രപരമായ സ്ഥാനങ്ങളിലെല്ലാം നഗരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും റോമന്‍ ഭരണാധികാരികള്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സാമ്രാജ്യത്തിന്റെ പതനത്തെത്തുടര്‍ന്ന് ഈ നഗരങ്ങള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ശക്തമായ വ്യാപാരബന്ധത്തില്‍ ഉലച്ചിലുണ്ടായി. നഗരവാസികളില്‍ നല്ലൊരു ശതമാനം ഗ്രാമങ്ങളില്‍ അഭയം തേടി. എ.ഡി. 4101000 കാലത്ത് മിക്ക നഗരങ്ങളിലെയും ജനസംഖ്യയില്‍ ഗണ്യമായ ഇടിവുണ്ടായി. പുതിയ നഗരങ്ങള്‍ ഉണ്ടായില്ല. മുന്‍കാലങ്ങളിലെ വന്‍ കോട്ടകള്‍ സംരക്ഷിതമായി നിലനിന്നതുമൂലം മിക്ക പട്ടണങ്ങളുടെയും വ്യാപ്തി 2.5 ച.കി.മീറ്ററില്‍ താഴെയായി തുടര്‍ന്നു. ഓരോ നഗരത്തിന്റെയും ഹൃദയഭാഗത്ത് ഉത്തുംഗങ്ങളായ കത്തോലിക്കാപ്പള്ളികള്‍ നിര്‍മിക്കപ്പെട്ടുവെന്നത് യൂറോപ്പിലെ മധ്യകാല നഗരങ്ങളുടെ സവിശേഷതയായിരുന്നു. റോമാസാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന നഗരങ്ങള്‍ പ്രസക്ത കാലയളവില്‍ സാംക്രമികരോഗങ്ങളുടെ ഈറ്റില്ലങ്ങളായി വര്‍ത്തിച്ചു. ഇവിടങ്ങളില്‍ രോഗവ്യാപനത്തിലൂടെ കൂട്ടമരണം സംഭവിക്കുന്നത് സാധാരണമായിരുന്നു. ഭൂമിയുടെ ദുര്‍ലഭ്യതയും താങ്ങാനാവാത്ത വിലയും കാരണം, രണ്ടോ അതിലേറെയോ നിലകളിലുള്ള പാര്‍പ്പിടസമുച്ചയങ്ങള്‍ ധാരാളമായി നിര്‍മിക്കപ്പെട്ടിരുന്നു. ക്രമേണ ചുറ്റുമതിലുകളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവയെ ഉല്ലംഘിച്ച് നഗരാധിവാസം വ്യാപിക്കുവാനും അങ്ങനെ നഗരങ്ങളുടെ വ്യാപ്തി വര്‍ധിക്കുവാനും സാഹചര്യമുണ്ടായി. പൌരസ്ത്യദേശങ്ങളിലെ സ്ഥിതിയും ഏറെ വ്യത്യസ്തമായിരുന്നില്ല. അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങള്‍ക്കിടയില്‍ സുസ്ഥിരഭരണം നന്നേ അപൂര്‍വമായിരുന്നത് നഗരങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നു. എങ്കില്‍പ്പോലും പൗരസ്ത്യനഗരങ്ങളിലെ ജനസംഖ്യ യൂറോപ്യന്‍ നഗരങ്ങളിലേതില്‍നിന്ന് വളരെ കൂടുതലായിരുന്നു. പാരിസ് (1,50,000), വെനീസ് (1,00,000), ലണ്ടന്‍ (40,000) എന്നിവ ഒഴികെ ഒട്ടുമിക്ക യൂറോപ്യന്‍ പട്ടണങ്ങളിലെയും ജനസംഖ്യ 10,000-ത്തിനും 15,000-ത്തിനും ഇടയ്ക്കായിരുന്നു.

കോട്ടയാല്‍ ചുറ്റപ്പെട്ട നഗരം:ഫ്രാന്‍സ്

മധ്യകാലഘട്ടത്തിലെ ജനജീവിതത്തില്‍ മതം ശക്തമായ സ്വാധീനം പുലര്‍ത്തിയിരുന്നു. യൂറോപ്പില്‍ ക്രിസ്തുമതവും മധ്യപൂര്‍വദേശത്തും ആഫ്രിക്കന്‍ തീരങ്ങളിലും ഇസ്ലാംമതവും ഇന്ത്യ ഉള്‍പ്പെടെയുള്ള പൌരസ്ത്യദേശങ്ങളില്‍ ബുദ്ധ-ഹിന്ദുമതങ്ങളും പ്രബലങ്ങളായി വര്‍ത്തിച്ചു. വിദ്യാഭ്യാസത്തിന്റെ ചുമതലയും മേല്‍നോട്ടവും മതാധികാരികളാണ് കയ്യാളിയിരുന്നത്. മതപരമായ ആചാരങ്ങള്‍ കര്‍ശനമാക്കിയും അനുഷ്ഠാനകര്‍മങ്ങള്‍ നിര്‍ബന്ധിതമാക്കിയും മതനിന്ദ നിഷ്ഠൂരമായ ശിക്ഷകള്‍ക്കു വിധേയമാക്കിയും തങ്ങളുടെ മതത്തിന്റെ അധികാരം കൂട്ടുവാന്‍ മതാധികാരികള്‍ ഔത്സുക്യം കാട്ടി. ഇതര മതങ്ങളില്‍പ്പെട്ട ന്യൂനപക്ഷങ്ങളെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയരാക്കി. വരേണ്യവര്‍ഗത്തിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്കി അക്കൂട്ടരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് പൌരോഹിത്യവര്‍ഗം ആധിപത്യം നിലനിര്‍ത്തിയത്. ഇക്കാരണത്താല്‍ നഗരത്തിലെ അധ്വാനവര്‍ഗം നിന്ദിതരും പീഡിതരുമായി കഴിച്ചുകൂട്ടേണ്ട ദുരവസ്ഥ സംജാതമായി. ഈ കാലഘട്ടത്തില്‍ കൈത്തൊഴിലുകള്‍ക്കും കരകൌശലവിദ്യകള്‍ക്കും യാതൊരുവിധ പ്രോത്സാഹനവും നല്കാഞ്ഞത് പരക്കെയുള്ള തൊഴില്‍മാന്ദ്യത്തിനു വഴിയൊരുക്കി. രാജപാതകളുടെ ഇരുപുറവുമായി ചുറ്റുമതിലും വിശാലമായ ഉദ്യാനഭൂമിയുമുള്ള ഒറ്റപ്പെട്ട വലിയ മന്ദിരങ്ങളിലാണ് വരേണ്യര്‍ വസിച്ചിരുന്നുത്. മറിച്ച് സ്ഥലപരിമിതിമൂലം അധ്വാനവര്‍ഗം ചെറു ഭവനങ്ങളിലും കുടിലുകളിലും ചേരികളിലുമായി അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പാര്‍ക്കേണ്ടിവന്നു. ആധുനിക നഗരങ്ങളുടെ തീരാശാപമായി അവശേഷിക്കുന്ന ചേരികളുടെ ഉദ്ഭവം ഇങ്ങനെയായിരുന്നു.

നഗരങ്ങളിലെ സമ്പന്നവര്‍ഗം ക്രമേണ ഗ്രാമങ്ങളിലെ കൃഷിഭൂമികളുടെമേലും ഉടമാവകാശം സ്ഥാപിച്ചെടുത്തു. പ്രാന്തമേഖലകളില്‍ വിളയിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും ഇതര കാര്‍ഷികോത്പന്നങ്ങളും നഗരങ്ങളിലെ ആവശ്യത്തിന് ബലമായി പിടിച്ചെടുക്കുന്ന സമ്പ്രദായവും വ്യാപകമായി. തുടര്‍ന്ന് ഗ്രാമങ്ങള്‍ ദുര്‍ഭിക്ഷതയുടെ പിടിയിലമര്‍ന്നു. ഇതിന്റെ ഫലമായി നഗരങ്ങളിലേക്ക് തൊഴില്‍ തേടിയുള്ള കുടിയേറ്റം വന്‍ തോതിലായി. പാശ്ചാത്യനാടുകളില്‍നിന്ന് വ്യത്യസ്തമായി മധ്യ പൂര്‍വദേശങ്ങളിലെയും പൌരസ്ത്യനാടുകളിലെയും സ്ഥിതി ഇതില്‍നിന്ന് തുലോം വിഭിന്നമായിരുന്നു. ഗ്രാമോത്പന്നങ്ങളുടെ വിപണനകേന്ദ്രമെന്നതിനു പുറമേ, കരകൌശലവസ്തുക്കളുടെയും കൈത്തൊഴില്‍ നിര്‍മിത ഉത്പന്നങ്ങളുടെയും വ്യാപാരത്തിലും പ്രസക്ത മേഖലകളിലെ നഗരങ്ങള്‍ മുന്‍പന്തിയിലായിരുന്നു. പൂര്‍വദേശത്തെ വര്‍ത്തകര്‍ വന്‍കരയിലെ മറ്റു നഗരങ്ങളുമായുള്ള വ്യാപാരബന്ധത്തിനുപുറമേ, തങ്ങളുടെ ഉത്പന്നങ്ങള്‍ കടലിനക്കരെയുള്ള വിദൂരദേശങ്ങളില്‍പ്പോലുമെത്തിച്ച് വിപണനം നടത്തുന്നതിനുള്ള ഉദ്യമങ്ങള്‍ ഫലവത്താക്കി. നഗരങ്ങള്‍ സമ്പത്സമൃദ്ധങ്ങളായി. വരേണ്യവര്‍ഗത്തിനും പണിയാളുകള്‍ക്കുമിടയില്‍ ധനശേഷിയുള്ള ഒരു മധ്യവര്‍ഗം പ്രാബല്യം നേടി.

യൂറോപ്പിലെ ബോയെന്ന പള്ളി:10-ാം ശ.

ഉത്പന്നങ്ങളുടെ കാര്യത്തില്‍ തൊഴിലാളികള്‍ ചെലുത്തിയ ഗവേഷണപരമായ താത്പര്യത്തിന്റെ ഫലമായി നിരവധി പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും നവംനവങ്ങളായ വസ്തുക്കളുടെ ഉത്പാദനത്തിനും വഴിയൊരുങ്ങി. കാറ്റിന്റെയും നീരാവിയുടെയും ശക്തി ഉപയോഗിച്ച് ചെറുകിട യന്ത്രങ്ങളെ പ്രവര്‍ത്തിപ്പിക്കുവാനും യന്ത്രനിര്‍മിതമായി വസ്തുക്കള്‍ ഉത്പാദിപ്പിക്കുവാനുമുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. വെടിമരുന്ന്, യന്ത്രവത്കൃത ഘടികാരങ്ങള്‍, കടലാസ്, സോപ്പ്, അച്ചടിയന്ത്രം തുടങ്ങിയവ വിപണിയിലെത്തി. ഒപ്പം കിടാരങ്ങള്‍, വീപ്പ തുടങ്ങി വൈയവസായികാവശ്യത്തിനും ഉത്പന്നക്കൈമാറ്റത്തിനുമുതകുന്ന വലുപ്പമേറിയ സംഭരണികളും നിര്‍മിക്കപ്പെട്ടു. ഇതോടെ ദ്രവോത്പന്നങ്ങള്‍ വിദൂരങ്ങളിലെത്തിച്ച് വിപണനം ചെയ്യാനായി. അച്ചടിതന്ത്രം വികസിച്ചതോടെ ഉത്പാദനരീതികള്‍, വിപണനസാധ്യതകള്‍, വിപണികള്‍ എന്നിവയെ സംബന്ധിച്ച വിവരവിനിമയം വ്യാപകമായി. ഫലത്തില്‍ ഉത്പാദനരംഗത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങി. ഇതോടൊപ്പമുണ്ടായ സാമ്പത്തികനേട്ടം പുനര്‍നിക്ഷേപിച്ച് ഉത്പാദകര്‍ക്കും വര്‍ത്തകര്‍ക്കും തങ്ങളുടെ പ്രവര്‍ത്തനമേഖലകളെ വന്‍തോതില്‍ വികസിപ്പിക്കുവാന്‍ കഴിഞ്ഞു. അച്ചടി സാധ്യമാക്കിയ വിജ്ഞാനവികാസം ശാസ്ത്രത്തിന്റെ കുതിപ്പിനിടയാക്കി. പുതിയ കണ്ടുപിടിത്തങ്ങളെ ആശ്രയിച്ച് കരകൌശലവിദഗ്ധരും ഉത്പാദകരും നവംനവങ്ങളായ ഉപഭോഗവസ്തുക്കളും ചെറുകിടയന്ത്രങ്ങളും വന്‍തോതില്‍ നിര്‍മിച്ചെത്തിക്കാനും വ്യാപാരികള്‍ തങ്ങളുടെ ശൃംഖല വികസിപ്പിച്ച് അവയുടെ വന്‍തോതിലുള്ള വിപണനം നിര്‍വഹിക്കാനും മുന്‍കൈയെടുത്തു. മധ്യവര്‍ഗത്തിന് സാമ്പത്തികമണ്ഡലത്തിലും സാമൂഹിക പദവികളിലും ആധിപത്യമുറപ്പിക്കാനായി എന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഭരണപരമായ കാര്യങ്ങളില്‍ തങ്ങള്‍ക്കു പങ്കാളിത്തമുണ്ടാവണമെന്ന അവബോധം നഗരവാസികളില്‍ രൂഢമൂലമായത് മധ്യകാലഘട്ടത്തിന്റെ അന്ത്യശതകങ്ങളിലായിരുന്നു.

മധ്യകാല വാസ്തുശില്പചാരുത:വിജയനഗരം

മധ്യകാല നഗരങ്ങളുടെ എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകത അവയുടെ വാസ്തുശില്പചാരുതയാണ്. ഭരണം കയ്യാളിയിരുന്ന സമ്രാട്ടുകളും ശക്തരായ രാജാക്കന്മാരും തങ്ങളുടെ പ്രൗഢി വിളംബരം ചെയ്യാന്‍ അധികവും ആശ്രയിച്ചുപോന്നത് വാസ്തുശില്പനിര്‍മിതിയെയാണ്. മധ്യപൂര്‍വദേശത്തും ഇന്ത്യയിലും ഇതര പൗരസ്ത്യരാജ്യങ്ങളിലും അക്കാലത്തെ പ്രൗഢഗംഭീരവും അതിമനോഹരങ്ങളുമായ വാസ്തുസവിശേഷതകള്‍ ഇന്നും അഭംഗുരം നിലനില്ക്കുന്നു. തങ്ങളുടെ അധീനതയിലുണ്ടായിരുന്ന ആയിരക്കണക്കിന് അടിമകളുടെ ചോര നീരാക്കിയാണ് ഈ ശില്പമാതൃകകള്‍ നിര്‍മിച്ചതെങ്കിലും നഗരസൗന്ദര്യത്തിന് രാജാക്കന്മാര്‍ നല്കിയ സംഭാവനകളെ കുറച്ചുകാണാനാവില്ല. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പഴക്കമേറിയ രാജ്യതലസ്ഥാനമായ സിറിയയിലെ ദമാസ്കസ് പോലും ശില്പചാതുരിയുടെ ഉദാത്തമാതൃകകളാല്‍ സമ്പന്നമാണ്. ഭാരതത്തിലെ മധ്യകാല നഗരങ്ങള്‍ ഈ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ക്രിസ്തുമതത്തിന്റെ വ്യാപനത്തെത്തുടര്‍ന്ന് യൂറോപ്പിലെ നഗരങ്ങളുടെ ഹൃദയഭാഗത്ത് കൂറ്റന്‍ കത്തോലിക്കാപള്ളികള്‍ പടുത്തുയര്‍ത്തിയത് കിഴക്കിന്റെ മാതൃക പിന്‍തുടര്‍ന്നായിരുന്നു.

വ്യവസായ നഗരങ്ങള്‍ (Industrial cities)

മധ്യകാലഘട്ടത്തെത്തുടര്‍ന്നുള്ള മൂന്ന് ശതകങ്ങളില്‍ ലോകമെമ്പാടുമുള്ള നഗരങ്ങള്‍ ക്രമാനുഗതമായ വളര്‍ച്ചനേടുകയുണ്ടായി. ഉത്പാദന, വിപണന വൃത്തികള്‍ക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള അടിസ്ഥാന സമീപനമാണ് നഗരങ്ങളുടെ വളര്‍ച്ച ത്വരിപ്പിച്ചത്. വ്യവസായവിപ്ലവ(17001800)ത്തെത്തുടര്‍ന്ന് യൂറോപ്പിലും അമേരിക്കയിലുമുള്ള നഗരങ്ങളുടെ മുഖച്ഛായയ്ക്ക് സമൂലമായ മാറ്റമുണ്ടായി. വന്‍കിട ഉത്പാദനം തരപ്പെടുത്തുന്ന യന്ത്രവത്കൃത വ്യവസായശാലകളുടെ ഈറ്റില്ലമായി മാറിയ നഗരങ്ങള്‍ സാമ്പത്തികാഭിവൃദ്ധിയിലേക്കു കുതിച്ചുകയറി. ആവിയന്ത്രങ്ങളുടെ കണ്ടുപിടിത്തവും വ്യാപകമായ ഉപയോഗവും വ്യവസായശാലകളില്‍ മാത്രമല്ല ഗതാഗതസൗകര്യങ്ങളിലും വലുതായ വികാസം സൃഷ്ടിച്ചു. ആഗോളവാണിജ്യം തഴച്ചുവളരുന്നതിനും ആവിയന്ത്രങ്ങള്‍ ഉത്തേജകങ്ങളായി. എന്നാല്‍ വ്യവസായ വിപ്ലവത്തിന്റെ അലകള്‍ ഏഷ്യയിലും ആഫ്രിക്കയിലുമുള്ള രാജ്യങ്ങളില്‍ എത്തിപ്പെട്ടത് 19-ാം ശ.-ത്തിലാണ്. തെക്കേ അമേരിക്ക, ആസ്റ്റ്രേലിയ എന്നീ വന്‍കരകളിലെ സ്ഥിതിയും ഇതുതന്നെയായിരുന്നു. കോളനിവാഴ്ചയുടെ പാരമ്യം ഈ വന്‍കരകളിലെ വ്യവസായപുരോഗതിക്കു കൂച്ചുവിലങ്ങായതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായത്.

ആദ്യകാല വ്യവസായ നഗരത്തിലെ മുഖ്യ കേന്ദ്രം:മെല്‍ബണ്‍

തുടക്കത്തില്‍ മധ്യകാല നഗരങ്ങളിലെ ചുറ്റുമതിലുകളെ അതിക്രമിച്ച് ബാഹ്യദിശകളിലേക്കു വികസിക്കുന്ന പ്രവണതയാണ് വ്യവസായ നഗരങ്ങള്‍ക്കുണ്ടായിരുന്നത്. ക്രമേണ ഉത്പാദനശാലകളുടെ മതിയായ ശൃംഖല സ്ഥാപിക്കുവാന്‍പോന്ന തുറസ്സായ ഭൂപ്രദേശങ്ങളെ കേന്ദ്രീകരിച്ച് പുതിയ വ്യവസായനഗരങ്ങള്‍ ഉണ്ടായി. ഒന്നോ അതിലേറെയോ കൂറ്റന്‍ വ്യവസായശാലകളും അവയെ ആശ്രയിക്കുന്ന ചെറുകിട ഫാക്റ്ററികളും അവയ്ക്കു ചുറ്റിലുമായി നിബിഡാധിവാസങ്ങളും സേവനധര്‍മങ്ങള്‍ നിര്‍വഹിക്കുവാനുള്ള വാസ്തുസമുച്ചയങ്ങളുമാണ് വ്യവസായ നഗരത്തിന്റെ ആദ്യരൂപരേഖയില്‍ ഉള്‍പ്പെടുന്നത്. ഊര്‍ജോത്പാദനത്തിനും വിതരണത്തിനുമുള്ള സംവിധാനവും ഉണ്ടായിരിക്കും. വ്യവസായശാലകളോടടുത്ത് തൊഴിലാളിസമൂഹം ഇടതൂര്‍ന്ന് വസിച്ചുപോന്നു. ഇവര്‍ക്ക് മെച്ചപ്പെട്ട ആവാസ സൗകര്യം ലഭിച്ചിരുന്നില്ല. തൊഴിലുടമകളും വ്യാപാരികളുമടങ്ങുന്ന സമ്പന്നവര്‍ഗം ഫാക്റ്ററികളില്‍നിന്നകന്ന് ഒറ്റപ്പെട്ട വിശാലഭവനങ്ങളില്‍ പാര്‍ക്കുന്നതിനോടാണ് താത്പര്യം കാണിച്ചിരുന്നത്. ഇക്കൂട്ടരൂടെസേവനവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ സമ്പന്നരുടെ ഭവന നിരകള്‍ക്കു പുറത്തായിപാര്‍പ്പിടങ്ങളുറപ്പിച്ചു. കാലക്രമേണ ഈ അധിവാസമേഖല പ്രാപ്തരായ തൊഴിലാളികളുടെ ഒരു പുതിയ തലമുറ വാര്‍ത്തെടുക്കുന്നതോടെ ഉത്പാദകരുടെ ശ്രദ്ധ അങ്ങോട്ടു കേന്ദ്രീകരിക്കുകയും നഗരകേന്ദ്രത്തിനുപുറത്തായി വിവിധ വ്യവസായശാലകള്‍ ഉയിര്‍ക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ പലവുരു ആവര്‍ത്തിച്ചെന്നിരിക്കും. തത്ഫലമായി നഗരത്തിന്റെ വ്യാപ്തി വളരെയധികം വര്‍ധിക്കും. അപ്പോഴും പ്രസക്ത നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ക്ക് വ്യവസായ നഗരത്തിന്റെ സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യും.

വരേണ്യവര്‍ഗം നഗരശല്യങ്ങള്‍ ഒഴിവാക്കുവാന്‍ പട്ടണമധ്യത്തുനിന്നകന്നുമാറി പാര്‍പ്പുറപ്പിക്കുന്ന സമ്പ്രദായം വ്യവസായ നഗരങ്ങളുടെ സവിശേഷതയാണ്. ഈയിനം നഗരങ്ങളുടെ ഏറ്റവും വലിയ പ്രശ്നം ശുചിത്വപരിപാലനമാണ്. മാലിന്യ നിര്‍മാര്‍ജനം തടസ്സപ്പെട്ട് സാംക്രമികരോഗങ്ങള്‍ പൊട്ടിപ്പടരുന്നത് സാധാരണ സംഭവമായിരുന്നു. വ്യവസായശാലകളിലെ വിസര്‍ജ്യങ്ങള്‍ ജലസ്രോതസ്സുകളെ കളങ്കപ്പെടുത്തുകയും അന്തരീക്ഷവായുവിനെ മലീമസമാക്കുകയും ചെയ്യുന്നത് പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഫാക്റ്ററിവിസര്‍ജ്യങ്ങള്‍ കുന്നുകൂടുന്നതും നഗരത്തിനുള്ളില്‍ കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനം നിര്‍മിക്കാനാവാത്തതും മറ്റു പോരായ്മകളില്‍പ്പെടുന്നു. മതിയായ വേതനം ലഭിക്കാതെ ദരിദ്രരായിക്കഴിഞ്ഞിരുന്ന തൊഴിലാളിവര്‍ഗം, ജീവിതസൌകര്യങ്ങളുടെ അഭാവത്തില്‍, നന്നേ കഷ്ടപ്പെടുന്ന അവസ്ഥയാണ് മിക്ക വ്യവസായനഗരങ്ങളിലും ഉണ്ടായിരുന്നത്. 20-ാം ശ.-ത്തില്‍ തൊഴിലാളികള്‍ അവകാശസമരങ്ങളിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പിച്ചെടുക്കുന്ന കാലംവരെ ഈ ദുഃസ്ഥിതി തുടര്‍ന്നിരുന്നു. എന്നിരിക്കിലും നഗരത്തിന്റെ പ്രശ്നങ്ങള്‍ സാങ്കേതിക പരിജ്ഞാനത്തിന്റെ മേല്ത്തട്ടിലെത്തിനില്ക്കുന്ന ഇക്കാലത്തും പരിഹൃതങ്ങളായിട്ടില്ല.

മാനഗരങ്ങള്‍ (Metropolitan cities)

20-ാം ശ.-ത്തിന്റെ അന്ത്യദശകമായപ്പോള്‍ ലോകത്ത് 10,000-ത്തിലേറെ ജനസംഖ്യയുള്ള 2,300 നഗരങ്ങളുണ്ടായിരുന്നു. ഇവയില്‍ത്തന്നെ 225 എണ്ണം പത്തുലക്ഷത്തില്‍ കവിഞ്ഞ ജനസംഖ്യയുള്ള പ്രയുതനഗരങ്ങളായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നഗരമായി ഗണിക്കപ്പെട്ട മെക്സിക്കോസിറ്റിയില്‍ ഒരു കോടിയിലേറെ ജനങ്ങളുണ്ടായിരുന്നു. ആശങ്കാവഹമായ ജനപ്പെരുപ്പം കാണിച്ച മറ്റൊരു ഭൗമമേഖലയാണ് നഗരപ്രാന്തങ്ങള്‍ (Suburbe). നഗരാധിവാസങ്ങളുടെ എല്ലാ സവിശേഷതകളെയും ഉള്‍ക്കൊണ്ടിരുന്ന ഈയിനം ജനസാന്ദ്രമായ സങ്കേതങ്ങള്‍, പ്രയുതനഗരങ്ങളുടേതെന്നപോലെ, വളര്‍ന്നുകൊണ്ടിരുന്ന മിക്ക വന്‍നഗരങ്ങളുടെയും പ്രാന്തങ്ങളില്‍ എണ്ണമറ്റയളവില്‍ പെരുകിയിരുന്നു. ഈയിനം നഗരങ്ങള്‍ മെട്രോപൊളിറ്റന്‍ സിറ്റി അഥവാ 'മാനഗരം' എന്നു വിശേഷിപ്പിക്കപ്പെട്ടു. (ഗ്രീക്ക് ഭാഷയില്‍ മെട്രോപൊളിറ്റന്‍ എന്ന പദത്തിന് മാതൃനഗരം-ങീവേലൃ രശ്യ-എന്നാണ് അര്‍ഥം). ലോകത്തിലെ ഏറ്റവും വലിയ മാനഗരമായ മെക്സിക്കോസിറ്റിയിലെ ജനസംഖ്യ 1.9 കോടിയാണ്. 20-ാം ശ.-ത്തിന്റെ രണ്ടാം പകുതിയില്‍ ആഗോളവ്യാപകമായുണ്ടായ ജനസംഖ്യാസ്ഫോടനമാണ് മാനഗരങ്ങള്‍ രൂപപ്പെടുന്നതിന് ഇടയാക്കിയത്. ജനപ്പെരുപ്പംമൂലം നഗരവാസികളിലെ ഗണ്യമായ വിഭാഗം നഗരപ്രാന്തങ്ങളില്‍ പാര്‍പ്പിടം കണ്ടെത്തുവാന്‍ നിര്‍ബന്ധിതരായി. ഇവര്‍ സ്വാഭാവികമായി നാഗരികവൃത്തികളെ ആശ്രയിക്കുകയും നഗരത്തിലെ ജീവിതശൈലി തുടരുകയും ചെയ്തു. തുടര്‍ന്ന് പ്രാന്തീയ മേഖലയില്‍ ഉപനഗരങ്ങള്‍ രൂപപ്പെടുവാനുള്ള പ്രവണതയുണ്ടായി. തറവില, നികുതി, അടിസ്ഥാനസൗകര്യം തുടങ്ങി ഉപഭോഗവസ്തുക്കളില്‍ വരെ സിദ്ധിച്ച വിലക്കിഴിവ് എന്നിവ നഗരപ്രാന്തങ്ങളിലെ നിവാസികളെ, വിശിഷ്യ ഉത്പാദകരെ താരതമ്യേന സമ്പന്നരാക്കി മാറ്റി. ഇത് ഉപനഗരങ്ങളുടെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ പാകി. പ്രായേണ ദുര്‍ഗമമായ ഭാഗങ്ങളിലേക്കുപോലും സുഗമമായ യാത്രാസൌകര്യം ഉറപ്പുവരുത്തിയ ഓട്ടോമൊബൈലുകള്‍ മാനഗരങ്ങളുടെ വളര്‍ച്ചയ്ക്ക് സാരമായ ഉത്തേജനം നല്കിയിട്ടുണ്ട്.

ആധുനിക മെക്സിക്കോ സിറ്റി

മാനഗരങ്ങളുടെ സവിശേഷത അവയുടെ മധ്യഭാഗത്ത് പഴയ നഗരം തനതായ പ്രൌഢിയോടെ പൂര്‍വധര്‍മങ്ങള്‍ ഉത്തരോത്തരം വികസിപ്പിച്ച് നിലകൊള്ളുന്നുണ്ടാവുമെന്നതാണ്. പ്രാന്തമേഖലയുടെ എല്ലാ ഭാഗത്തുനിന്നുമായി നല്ലൊരു വിഭാഗം ജനങ്ങള്‍ മധ്യമേഖലയില്‍ പ്രവൃത്തിയെടുക്കുന്നുണ്ടാകും. നേരത്തേ പ്രവര്‍ത്തിച്ചിരുന്ന വ്യവസായശാലകളും മറ്റു സ്ഥാപനങ്ങളും ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കും. മാനഗരത്തിന്റെ ഹൃദയഭാഗത്തെ പുരാതന ഭവനങ്ങളും വാസ്തുവിശേഷങ്ങളും മാറ്റമില്ലാതെ നിലനിന്നുപോരുന്നത് സാധാരണമാണ്. പാര്‍പ്പിട സമ്പന്നതയില്‍ പ്രാന്തീയമേഖല പ്രധാന നഗരത്തെ കടത്തിവെട്ടുന്നു. നഗരത്തിലെ സാധാരണക്കാരും ദരിദ്രരുമായ ജനവിഭാഗം പ്രധാന നഗരത്തിന്റെ ഒത്ത മധ്യത്തായിത്തന്നെ നിവസിക്കുന്നുണ്ടാവും. ഈ ഭാഗത്ത് ചേരികളും ചെറുഭവനങ്ങളും നിരനിരയായി അവശേഷിച്ചുകാണുന്നതും വിരളമല്ല. നഗരമധ്യത്തിലെ തെരുവുകള്‍ താരതമ്യേന ഇടുങ്ങിയവയാവും. പാതകളുടെ സ്ഥിതിയും വിഭിന്നമായിരിക്കില്ല. മാനഗരങ്ങളുടെ മധ്യഭാഗങ്ങളെ പൊതുവേ അന്തര്‍നഗരം (Inner city) എന്നു വിശേഷിപ്പിക്കാറുണ്ട്. അന്തര്‍നഗരത്തിന്റെ വികസനം മിക്ക മാനഗരങ്ങളുടെയും ഗൗരവമേറിയ പ്രശ്നങ്ങളിലൊന്നാണ്. പ്രാന്തമേഖലകളാവട്ടെ, ഇതിനു വിപരീതമായി വീതിയേറിയപാതകള്‍, ആധുനിക നിലവാരത്തിലുള്ള ഭവനനിരകള്‍, ശില്പചാരുതയേറിയ കൂറ്റന്‍ വ്യവസായശാലകള്‍, അംബരചുംബികളായ ബഹുനിലഹര്‍മ്യങ്ങള്‍, കളിസ്ഥലങ്ങള്‍, വിനോദശാലകള്‍, ഉദ്യാനങ്ങള്‍ തുടങ്ങിയവയെ ഉള്‍ക്കൊണ്ടിട്ടുള്ള മനോജ്ഞമേഖലകളായി വികസിച്ചിട്ടുണ്ടാവും. പൊതുവേ, പ്രാന്തമേഖലയിലെ ഉപനഗരങ്ങള്‍ക്ക് ആസൂത്രിതമായ വികസനമാണ് സിദ്ധിക്കുന്നത്.

മാനഗരങ്ങളുടെ നാനാദിശകളിലേക്കുമുള്ള വളര്‍ച്ച, ഭൂപ്രകൃതിയും ഗതാഗത-വാര്‍ത്താവിനിമയ വ്യവസ്ഥകളും അനുകൂലമായിരിക്കുമ്പോള്‍ സമീപസ്ഥങ്ങളായ സ്വതന്ത്രനഗരങ്ങളോളം വ്യാപിച്ചെന്നു വരാം; ഈ നഗരങ്ങളും ബാഹ്യദിശകളിലേക്കു വികസിക്കുന്നവയായിരിക്കാം. ഇതിന്റെ പരിസമാപ്തി എന്ന നിലയില്‍ പ്രസക്ത നഗരങ്ങള്‍ക്കിടയിലെ അന്യോന്യപ്രക്രിയകള്‍ക്ക് ഏകതാനത കൈവരുന്നു. വ്യാപാര വാണിജ്യ ഇടപാടുകളിലും ഭരണമുള്‍പ്പെടെയുള്ള നയപരമായ വിഷയങ്ങളിലും ബന്ധപ്പെട്ട നഗരങ്ങള്‍ ഒരേ സ്വത്ത(entity)മായി പ്രവര്‍ത്തിച്ചുതുടങ്ങും. ഇമ്മാതിരിയുള്ള നഗരസമൂഹത്തെ മൊത്തത്തില്‍ നഗരസമുച്ചയം (Conurbation) എന്നു വിശേഷിപ്പിക്കുന്നു. സാധാരണഗതിയില്‍ ഒരു നഗരസമുച്ചയം രണ്ടിലേറെ സ്വതന്ത്ര നഗരങ്ങളുടെ സംയോജിതരൂപമായിരിക്കും. പ്രാന്തമേഖലയില്‍ ഉരുത്തിരിയുന്ന ഉപനഗരങ്ങള്‍ക്കല്ല പകരം തനതായി നിലവില്‍വന്ന് വളര്‍ച്ചയുടെ പടവുകള്‍ കടക്കുന്ന സ്വതന്ത്ര നഗരങ്ങള്‍ക്കാണ് നഗരസമുച്ചയത്തില്‍ പങ്കാളിത്തമുള്ളത്; നഗരസമുച്ചയവും മാനഗരവും തമ്മിലുള്ള പ്രധാന വേര്‍തിരിവും ഇതുതന്നെയാണ്.

ജനവിന്യാസം നഗരങ്ങളില്‍

വ്യവസായവിപ്ലവത്തിനുശേഷമുള്ള കാലഘട്ടത്തില്‍, ആഗോളതലത്തില്‍, നഗരങ്ങളിലെ ജനസംഖ്യ അനുസ്യൂതമായി പെരുകുന്നതായാണ് തെളിഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകജനതയിലെ 40%-ത്തിലേറെപ്പേര്‍ നഗരങ്ങളിലാണുള്ളത്. 1945നുശേഷം നഗരമധ്യങ്ങളിലേതിനെക്കാള്‍ ജനപ്പെരുപ്പം കാട്ടുന്നത് നഗരപ്രാന്തങ്ങളും ഉപനഗരങ്ങളുമാണ്. ഈ ഭാഗങ്ങളില്‍ അധിവസിക്കുന്ന ജനങ്ങളില്‍ ഏറിയവരും മികച്ച പാര്‍പ്പിടസൗകര്യം, വാഹനസമ്പത്ത്, ജീവസന്ധാരണത്തിന് ആവശ്യമുള്ളതിലും കവിഞ്ഞ ധനം തുടങ്ങിയവയുടെ ബലത്തില്‍ സുഖസമൃദ്ധമായ ജീവിതം നയിക്കുന്നു. ഇവരുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനാവുന്നു. നിരര്‍ഗളമായ സാമ്പത്തിക പ്രവൃദ്ധിയുടെയും സംഘടനാബലത്തിന്റെയും പശ്ചാത്തലത്തില്‍ എല്ലാ മണ്ഡലങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക് സാമാന്യം ഉയര്‍ന്ന ജീവിതനിലവാരം ഉറപ്പായിട്ടുണ്ട്. പശ്ചിമ യൂറോപ്പിലെ രാജ്യങ്ങള്‍, യു.എസ്., കാനഡ, ജപ്പാന്‍ എന്നിവിടങ്ങളിലെ മാനഗര പ്രാന്തങ്ങളിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ജീവിതശൈലി സ്വീകരിക്കപ്പെട്ടുകാണുന്നത്. ഈ സമ്പന്നതയുടെ ഇടയിലും ദരിദ്രജീവിതം നയിക്കുന്ന ഗണ്യമായ ഒരു സമൂഹം അവശേഷിക്കുന്നുണ്ടെന്നത് ഒരു ചരിത്രസത്യമായി നിലനില്ക്കുന്നു. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമിടയിലെ സാമ്പത്തികാന്തരം ലഘൂകരിക്കുകയെന്നത് മിക്ക നഗരങ്ങളും അഭിമുഖീകരിക്കുന്ന രൂക്ഷസമസ്യയാണ്. സാമ്പത്തികമായി താഴേത്തട്ടില്‍ നില്ക്കുന്നവര്‍ സര്‍വാത്മനാ ശ്രമിച്ചാലും അഭിവൃദ്ധി നേടാനാവുന്നില്ല. തങ്ങളുടെ കുട്ടികള്‍ക്ക് മുന്തിയ വിദ്യാഭ്യാസം നല്കുവാനോ മികച്ച ഭാവി കരുപ്പിടിപ്പിക്കുവാനോ സാധാരണക്കാര്‍ക്കു കഴിയുന്നില്ല. ഭൂരിപക്ഷംപേര്‍ക്കും പരിമിത സൗകര്യമെങ്കിലുമുള്ള പാര്‍പ്പിടങ്ങള്‍പോലും നിഷേധിക്കപ്പെടുന്നു.

പാരീസ് നഗരത്തിന്റെ ഒരു മേഖല

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരില്‍ ഭൂരിപക്ഷവും നഗരത്തിന്റെ മധ്യഭാഗത്താണ് പാര്‍ക്കുന്നത്. ഇടതൂര്‍ന്ന ഭവനങ്ങളെ അനേകം കുടുംബങ്ങള്‍ പങ്കിട്ടുപയോഗിക്കുന്നത് സാധാരണമാണ്. പ്രധാന നഗരത്തിന്റെ ചുറ്റിലുമായി മധ്യവര്‍ഗക്കാര്‍ക്ക് പ്രാമാണ്യമുള്ള ഒരു മേഖല ഉണ്ടായിരിക്കും. ജനസാന്ദ്രത അല്പം കുറവായ ഈ ഭാഗങ്ങളില്‍ ജീവിതസൌകര്യങ്ങളും നിലവാരവും താരതമ്യേന മെച്ചപ്പെട്ടു കാണുന്നു. പ്രധാന നഗരത്തില്‍നിന്നുള്ള അകലത്തിനനുസരിച്ച് ഭവനങ്ങളുടെ വലുപ്പവും വാസ്തുസൗകുമാര്യവും ഭവനങ്ങള്‍ക്കിടയ്ക്കുള്ള അകലവും ഏറിവരുന്നു.

വന്‍നഗരത്തോടുചേര്‍ന്നുള്ള ചേരിസമാനമായ അധിവാസകേന്ദ്രം:മെക്സിക്കോ സിറ്റി

20-ാം ശ.-ത്തിന്റെ ആരംഭത്തോടെയാണ് നഗരകേന്ദ്രത്തില്‍നിന്ന് അകന്ന് താമസമുറപ്പിക്കുന്ന പ്രവണത രൂഢമായത്; രണ്ടാം ലോകയുദ്ധ(193945)ത്തിനുശേഷം ഇത് പൊതുസ്വഭാവമായി മാറി. തിരക്കുകുറഞ്ഞ ഇടങ്ങളില്‍ വേണ്ടത്ര അകലങ്ങളില്‍ പടുത്തുയര്‍ത്തുന്ന മാതൃകാഭവനങ്ങളില്‍, ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തി, നഗരജീവിതം ആസ്വദിക്കുന്നതിന് നഗരപ്രാന്തങ്ങള്‍ വന്‍തോതില്‍ സൌകര്യമൊരുക്കി. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചികിത്സാകേന്ദ്രങ്ങള്‍, വിനോദവിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാവിധ സേവന സംവിധാനങ്ങളും ഈ മേഖലയില്‍ നിലവില്‍വന്നു. ഏറ്റവുമൊടുവില്‍ ഉത്പാദനശാലകളും ഉയര്‍ന്നുവന്നെങ്കിലും നഗരമധ്യത്തിലേതിനെക്കാള്‍ ആരോഗ്യകരവും ഉന്മേഷപ്രദവുമായ പരിസ്ഥിതി ഉറപ്പായിക്കഴിഞ്ഞിരുന്നതിനാല്‍ ജനജീവിതം സുഖകരമായി തുടര്‍ന്നുപോന്നു. ഇക്കാരണത്താല്‍ ഉപനഗരങ്ങള്‍ മധ്യനഗരത്തെക്കാള്‍ മികച്ചുനില്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപനഗരങ്ങളില്‍ ഏറിയവയ്ക്കും ആസൂത്രിതമായ വികസനമാണ് സിദ്ധിച്ചിട്ടുള്ളതെന്നതും പ്രസ്താവ്യമാണ്.

നഗരങ്ങളുടെ സാമ്പത്തിക പ്രവൃദ്ധി

1700-ലും 1800-ലും വ്യവസായവിപ്ലവങ്ങളുടെ തുടര്‍ച്ചയായി സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായ കുതിച്ചുകയറ്റം സഹസ്രാബ്ദത്തിന്റെ അന്ത്യത്തോളം തുടര്‍ന്നുപോന്നു. കോളനിവാഴ്ച അവസാനിച്ച് സ്വാതന്ത്ര്യയുഗത്തിലേക്കു കടന്ന മൂന്നാംലോകരാഷ്ട്രങ്ങളിലെ നഗരങ്ങളിലും വ്യാപാരസ്വാതന്ത്ര്യത്തിന്റെ ലഭ്യതയോടെ സമ്പദ്പ്രവൃദ്ധി അനുഭവസിദ്ധമായി. സാങ്കേതികത്തികവിലേക്കുള്ള പ്രയാണവും ആഗോളവാണിജ്യരംഗത്തെ അഭൂതപൂര്‍വമായ വികാസവും ലോകമെമ്പാടുമുള്ള നഗരങ്ങളുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഉത്തേജനം നല്കി. മനുഷ്യവാസമുള്ള മേഖലകളുടെ മുക്കിലും മൂലയിലുമെല്ലാം ഉത്പാദനപ്രധാനമായ ചെറുനഗരങ്ങള്‍ ഉയിര്‍ക്കുന്നതും അവ ത്വരിതഗതിയില്‍ വളരുന്നതും സാധാരണമായിരിക്കുന്നു. തുടക്കത്തില്‍ ഉത്പാദനകേന്ദ്രങ്ങളായി ലോകപ്രശസ്തിയാര്‍ജിച്ചവ മാനഗരങ്ങളായി വളര്‍ന്ന്, തങ്ങളുടെ ഉത്പന്നങ്ങളുടെ തോതും നിലവാരവും വര്‍ധിപ്പിച്ച് പഴയ പ്രതാപം നിലനിര്‍ത്തുന്നു. രാജ്യാന്തര വ്യാപാരരംഗത്ത് പുതിയ ബന്ധങ്ങള്‍ ശക്തമായതോടെ വികസിത രാജ്യങ്ങളിലെ ചില വന്‍നഗരങ്ങള്‍ അസംസ്കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം നിമിത്തം ഉത്പാദനത്തില്‍ കിഴിവുവരുത്തുവാനും അതിലൂടെ സാമ്പത്തികമാന്ദ്യത്തിന് അടിപ്പെടുവാനും ഇടയായിട്ടുള്ളതും പ്രസ്താവ്യമാണ്.

സമ്പദ്വൃദ്ധിയുടെ പാര്‍ശ്വഫലമായ സുഖലോലുപത ലോകമെമ്പാടുമുള്ള നഗരജനതയുടെ സാമൂഹികബോധം, ഐക്യത, സഹകരണമനോഭാവം, പരസ്പര വിശ്വാസം, സഹിഷ്ണുത, അധ്വാനശീലം തുടങ്ങി അവശ്യം ഉണ്ടായിരിക്കേണ്ട സദ്ഗുണങ്ങളെ വിനാശകരമായി തളര്‍ത്തിയിരിക്കുന്നുവെന്നതാണ് ഇന്നത്തെ ഏറ്റവും രൂക്ഷമായ പ്രശ്നം. വരേണ്യവര്‍ഗം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുമാത്രം വിലകല്പിച്ച് സുഖലോലുപതയുടെ മടിത്തട്ടില്‍ നിരുത്തരവാദപരമായി ജീവിക്കുന്നു. അധികാരം കയ്യാളുന്ന മധ്യവര്‍ഗം വളര്‍ച്ചയുടെ വഴി മറന്ന്, സ്വയം മേല്‍ത്തട്ടുകാരായി ഭാവിക്കുന്നു; തദനുസാരിയായ ജീവിതശൈലി സ്വീകരിച്ച് സ്വാര്‍ഥരും സ്ഥാനപ്രമത്തരുമായി മാറിയിട്ടുമുണ്ട്. അധ്വാനവര്‍ഗത്തിന്, തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ പ്രായേണ വിജയിച്ചിട്ടുള്ളതിനാല്‍ സാമാന്യം മെച്ചപ്പെട്ട ജീവിതം കൈവന്നിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ സാര്‍വത്രിക വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും പ്രാവര്‍ത്തികമായത് ഇക്കൂട്ടരെ സാമാന്യമായ അറിവും സാമൂഹിക അവബോധവും ഉള്ള പൌരന്മാരായി മാറ്റിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഭാവിതലമുറയ്ക്കു മുന്നേറാനുള്ള വഴികള്‍ അധികാരവര്‍ഗത്തിന്റെ സ്വാര്‍ഥപരമായ നടപടികള്‍മൂലം അടയുന്നു എന്ന ബോധം ഈ വിഭാഗത്തിന് തൊഴിലിനോടുണ്ടായിരുന്ന ആഭിമുഖ്യത്തില്‍ സാരമായ കുറവുവരുത്തിയിരിക്കുന്നു. ഈ കൂറില്ലായ്മ ഉത്പാദനരംഗത്തെ അര്‍ബുദമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യ രാഷ്ട്രങ്ങളില്‍ (ഉദാ. ഇന്ത്യ) തൊഴിലാളികളുടെ പങ്കാളിത്തത്തോടെ തികച്ചും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പലതും ഭാരിച്ച നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് ഇതിന്റെ സ്പഷ്ടമായ ഉദാഹരണമാണ്. നഗരങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ വന്‍ തകര്‍ച്ചയിലേക്കാണ് ഈ പ്രവണത വിരല്‍ചൂണ്ടുന്നത്.

ആധുനിക നഗരങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍

ജനാധിവാസത്തിന്റെയും തന്മൂലം വ്യവസായം, ഗതാഗതം, വാര്‍ത്താവിനിമയം, സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍, ധനവിനിമയപ്രക്രിയകള്‍, വാണിജ്യ ഇടപാടുകള്‍, സാംസ്കാരിക സമീക്ഷ, ഭരണനിര്‍വഹണം തുടങ്ങിയവയുടെയും സിരാകേന്ദ്രങ്ങളാണ് ലോകത്തിലെ വന്‍ നഗരങ്ങള്‍; വിശിഷ്യ രാജ്യ തലസ്ഥാനങ്ങള്‍. മുന്‍പന്തിയില്‍ നില്ക്കുന്ന ഓരോ രാജ്യത്തിന്റെയും തലസ്ഥാനം കുറഞ്ഞത് പ്രയുതനഗരമെങ്കിലും ആയിക്കാണുന്നു. തങ്ങള്‍ക്കിണങ്ങുന്ന ജീവനമാര്‍ഗം കണ്ടെത്തി, സാമാന്യം മെച്ചപ്പെട്ട നിലവാരത്തില്‍ ജീവിതം നയിക്കുവാന്‍പോന്ന സൌകര്യങ്ങള്‍ നഗരവാസികളിലോരോരുത്തര്‍ക്കും പ്രാപ്തമാക്കാവുന്നതേയുള്ളൂ. നഗരങ്ങളിലെ ധനവിന്യാസക്രമത്തിലെ അന്തരം കഴിയുന്നത്ര കുറയ്ക്കുവാന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുംതന്നെ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എന്നിരിക്കിലും ഏതാനും ആളുകള്‍ക്ക് അമിതമായി സമ്പാദിക്കുവാനും പുനര്‍ നിക്ഷേപയോഗ്യമായ ധനം കുന്നുകൂട്ടി പൂഴ്ത്തിവയ്ക്കുവാനും കഴിയുന്ന ദുരവസ്ഥ ഇനിയും ഒഴിവാക്കാനായിട്ടില്ല. നഗരങ്ങള്‍ ഇന്നു നേരിടുന്ന ഭൗതികം, സാമൂഹികം, സാമ്പത്തികം, ഭരണപരം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഏതു പ്രശ്നത്തിന്റെയും അടിസ്ഥാനപരമായ കാരണം ധനവിന്യാസത്തിലെ പന്തികേടാണ്. നഗരവാസികള്‍ക്ക് കായികവും മാനസികവുമായ വിനോദങ്ങള്‍ക്കും സാംസ്കാരിക വിനിമയത്തിനുമുള്ള നിരവധി ഉപാധികള്‍ നിലവിലുണ്ട്; നാഗരികരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും തങ്ങളുടെ ദുര്‍ഭിക്ഷതകള്‍ മറന്ന് വിട്ടുവീഴ്ചാമനോഭാവത്തോടെ ജീവിതം നയിക്കുവാന്‍ അവര്‍ക്കു പ്രേരണ നല്കുന്നതിലും ഉല്ലാസസൌകര്യങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.

ഭൗതിക പ്രശ്നങ്ങള്‍ .നഗരങ്ങള്‍ നേരിടുന്ന ഭൗതിക പ്രശ്നങ്ങളില്‍ മുഖ്യമായവ പാര്‍പ്പിടസംവിധാനത്തിലെ അപര്യാപ്തത, മലിനീകരണം, ഗതാഗതക്കുരുക്ക് എന്നിവയാണ്. ഉറപ്പുകുറഞ്ഞ് ജീര്‍ണാവസ്ഥയിലെത്തിയിട്ടുള്ള പഴയ കെട്ടിടങ്ങള്‍, ഇവയുടെ ഇടതൂര്‍ന്ന സ്ഥിതി, സുസജ്ജമായ പാതകളുടെ അഭാവം മൂലമുള്ള ദുഷ്പ്രാപ്യത, വെള്ളവും വെളിച്ചവുംപോലെയുള്ള അവശ്യസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍, ശുചിത്വമില്ലായ്മ, നിലവാരമില്ലാത്ത ഭവനനിരകളിലെ അനിയന്ത്രിതമായ ജനസാന്ദ്രത തുടങ്ങിയവ പാര്‍പ്പിടസംവിധാനത്തിലെ അപര്യാപ്തതകളായി നിലനില്ക്കുന്നു. ഒപ്പംതന്നെ, ജനപ്പെരുപ്പത്തിന് ആനുപാതികമായി ഭവനനിര്‍മാണം വിപുലപ്പെടുന്നില്ലെന്നത് പ്രശ്നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നു. സാധാരണഗതിയിലുള്ള പാര്‍പ്പിടസൌകര്യമോ ഒരു മേല്ക്കൂരയെങ്കിലുമോ ഇല്ലാതെ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിനു ജനങ്ങളെ ഓരോ വന്‍ നഗരത്തിലും കാണാം. ഇവരില്‍ മിക്കവരുടെയും ജീവിതനിലവാരം നന്നേ ദരിദ്ര്യമല്ലെന്നതും ശ്രദ്ധേയമാണ്. നിരന്തരമായ ജനപ്പെരുപ്പത്തിന്റെയും കുതിച്ചുയരുന്ന നിര്‍മാണച്ചെലവുകളുടെയും പശ്ചാത്തലത്തില്‍ പാര്‍പ്പിടപ്രശ്നത്തിന് പരിഹാരം കാണുവാന്‍ സമ്പദ്വ്യവസ്ഥയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന നഗരങ്ങള്‍ക്കുപോലും കഴിയുന്നില്ല. മോട്ടോര്‍ വാഹനങ്ങള്‍, വ്യവസായശാലകള്‍, വൈദ്യുതനിലയങ്ങള്‍ തുടങ്ങിയവ മുതല്‍ ശീതീകരണി (refrigerator), വാതാനുകൂലി (airconditional) മുതലായ നിത്യോപയോഗസാധനങ്ങള്‍വരെ തങ്ങളുടെ വിസര്‍ജ്യങ്ങള്‍വഴി നഗരപരിസ്ഥിതിയെ നിരന്തരം മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു; ഇത് നഗരജനതയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. ഇതിനുപുറമേ വ്യവസായശാലകളില്‍നിന്ന് വിസര്‍ജ്യവസ്തുക്കള്‍ ഒഴുക്കിവിടുന്നതിലൂടെ നഗരത്തിനരികിലോ ഉള്ളിലൂടെയോ ഒഴുകുന്ന എല്ലാ ജലധാരകളും മലീമസങ്ങളായി മാറിയിട്ടുണ്ട്. മലിനീകരണത്തിന്റെ കാരകങ്ങള്‍ (agents) നഗരത്തിന്റെ സമ്പദ്വൃദ്ധിക്കും ജനതയുടെ ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംഭാവന നല്കുന്നുവെന്നത് പ്രശ്നപരിഹാരത്തിനുള്ള ഭരണാധികാരികളുടെ താത്പര്യത്തിന് മാന്ദ്യം വരുത്തുന്നു. നഗരസംവിധാനത്തെയും നാഗരിതകയുടെ താളക്രമത്തെയും ബാധിക്കാത്ത തരത്തില്‍ പരിസ്ഥിതിദൂഷണം പാടേ ഒഴിവാക്കാനുള്ള ഗവേഷണപരമായ ശ്രമം ലോകമെമ്പാടും, വിശിഷ്യാ വികസിതരാജ്യങ്ങളില്‍ പുരോഗമിച്ചുവരുന്നു.

ഗതാഗതക്കുരുക്ക്:ഒരു ദൃശ്യം

സാമാന്യം ജനസാന്ദ്രമായ ആധുനിക നഗരങ്ങളില്‍ ദിനംപ്രതി അനുഭവപ്പെട്ടുപോരുന്ന ദുരിതമാണ് ഗതാഗതക്കുരുക്ക്. രാവിലെയും വൈകുന്നേരവുമാണ് കൂടുതലായി അനുഭവപ്പെടുന്നതെങ്കിലും ഏതു സമയത്തും നഗരത്തിന്റെ ഏതുഭാഗത്തിനും ദുര്‍വഹമായ ഗതാഗതക്കുരുക്ക് നേരിടേണ്ടിവന്നേക്കാം. മൊത്തത്തില്‍ നഗരവാസികള്‍ക്ക് സമയനിഷ്ഠ പാലിക്കാനാവാത്ത അവസ്ഥയോളം ഈ പ്രശ്നം രൂക്ഷമായിട്ടുണ്ട്. പുതിയ പാതകള്‍ നിര്‍മിച്ചും ബഹുനിലകളിലേക്ക് പാതകളെ വിപുലീകരിച്ചും ഗതാഗതക്രമീകരണങ്ങളിലൂടെയും നവംനവങ്ങളായ ഗതാഗതമാധ്യമങ്ങള്‍ പ്രയോഗത്തില്‍ വരുത്തിയും സര്‍വോപരി വാഹനഗതാഗതത്തിന് യുക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഗതാഗതക്കുരുക്കിന് അയവുവരുത്തുവാന്‍ മിക്ക നഗരങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ വാഹനങ്ങളുടെ ദൈനംദിനമെന്നോണമുള്ള പെരുപ്പവും സഞ്ചരിക്കുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതിയുള്ള വര്‍ധനവുംമൂലം പരിഹാരശ്രമങ്ങള്‍ക്ക് പൂര്‍ണതയുണ്ടാവുന്നില്ല.

സാമൂഹിക പ്രശ്നങ്ങള്‍. മദ്യാസക്തി, മയക്കുമരുന്നുകളുടെ ഉപഭോഗം, വിഷയാസക്തി എന്നിവയുടെ പാര്‍ശ്വഫലമെന്നോണം പെരുകിവരുന്ന കുറ്റകൃത്യങ്ങള്‍, സ്ത്രീപീഡനം, ബാലപീഡനം, നരഹത്യ തുടങ്ങിയവ സാമൂഹികാര്‍ബുദമായി മാറിയിട്ടുള്ളത് ഇന്നത്തെ നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന സാമൂഹിക പ്രശ്നമാണ്. ദാരിദ്ര്യവും സാമ്പത്തിക അസമത്വവുമാണ് മേല്‍സൂചിപ്പിച്ച ദുഷ്പ്രവണതകളുടെ അടിസ്ഥാനകാരണമെന്നു പറയാം. സാമൂഹികവിരുദ്ധര്‍ക്ക് അനുയായികളെ നേടാനാവുന്നതോടെ വിഭിന്ന സാംസ്കാരിക പശ്ചാത്തലത്തിലുള്ളവരുടെ ചേരികള്‍ രൂപംകൊള്ളുന്നു. തുടര്‍ന്ന് ഈദൃശ സംഘങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങളും ഇടയ്ക്കിടെയുണ്ടാകാവുന്ന രക്തരൂക്ഷിത സംഘര്‍ഷങ്ങളും പ്രസക്ത നഗരത്തിന്റെ ക്രമസമാധാനനിലയെ തകിടം മറിക്കുന്ന അളവില്‍ വര്‍ധിക്കുന്നു. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മേഖലകളിലേക്ക് നഗരജനത സ്വയം നീങ്ങുന്നതുവരെ ഈയിനം ദുഷ്പ്രവണതകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ജനതയിലെ ഭൂരിപക്ഷത്തെ വ്യക്തമായും രണ്ട് ചേരികളിലാക്കി വര്‍ഷങ്ങളോളം നീണ്ടുനില്ക്കുന്ന കലാപത്തിന്റെ രംഗമാക്കി നഗരത്തെ ദുരിതത്തിലാഴ്ത്തിയ സംഭവങ്ങളും ആധുനികകാലത്ത് ഉണ്ടായിട്ടുണ്ട്.

സാമൂഹികശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവയെല്ലാം വ്യക്തികള്‍ക്ക് നഗരത്തിലെ സമൂഹജീവിതവുമായി ഒത്തിണങ്ങിപ്പോകുവാനുള്ള കഴിവുകേടിന്റെ അനന്തരഫലമാണ്. കൗമാരപ്രായക്കാരിലെ കുറ്റവാസനയ്ക്കും ഏറെക്കുറെ ഇതേ കാരണം തന്നെയാണ്; അതോടൊപ്പം സമൂഹത്തില്‍ തങ്ങള്‍ക്ക് അംഗീകാരമോ സ്ഥാനമോ ഇല്ലെന്ന തോന്നലുണ്ടാവുമ്പോള്‍ അക്രമാസക്തമായ കുറ്റവാസന തലയുയര്‍ത്തുന്നു. മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ എന്നിവയില്‍ തുടങ്ങി നരഹത്യവരെയുള്ള അപക്രിയകള്‍ക്ക് ശക്തമായ പ്രേരണ നല്കുന്നത് പണത്തോടുള്ള അമിതമായ ആര്‍ത്തിയും ലഹരിപദാര്‍ഥങ്ങള്‍ നല്കുന്ന ഉത്തേജനവുമാണ്. സംഘബന്ധം സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ധൈര്യവും പകരുന്നു. ശക്തമായ നിയമവാഴ്ചയിലൂടെ ഈദൃശ സാമൂഹിക വിപത്തുകളെ ഒരളവുവരെ ഒഴിവാക്കാനാകും. എന്നാല്‍ പീഡനങ്ങള്‍, സാമൂഹികാവഗണന തുടങ്ങി സാധാരണക്കാരന് അനുഭവപ്പെട്ടു പോരുന്ന അവശതകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിലൂടെമാത്രമേ മൊത്തം സമൂഹത്തിന്റെ നന്മയിലേക്കുള്ള പ്രയാണം സാധ്യമാവുകയുള്ളൂ. പൗരബോധവും സാമൂഹികാവബോധവുമുള്ള ജനങ്ങള്‍ക്കാണ് ഈ വിഷയത്തില്‍ കാതലായ സംഭാവന നല്കാനാവുക.

സാമ്പത്തിക പ്രശ്നങ്ങള്‍. നഗരജനതയിലെ ബഹുഭൂരിപക്ഷവും മെച്ചപ്പെട്ട നിലവാരത്തിലുള്ള സുഖജീവിതത്തിലേര്‍പ്പെടുമ്പോള്‍ത്തന്നെ ഒരു ന്യൂനപക്ഷം ദരിദ്രനാരായണന്മാരായി, ഇല്ലായ്മയുടെ വറുതിയില്‍ നട്ടംതിരിയുന്നു. സമ്പദ്വൃദ്ധിയുടെ നെറുകയിലെത്തുന്ന നഗരത്തിനുപോലും ഈ അപഭ്രംശം ഒഴിവാക്കാനാവുന്നില്ല. താഴേക്കിടയിലുള്ള ഇക്കൂട്ടരുടെ കടുത്ത അസംതൃപ്തിയും നിരാശയും ചിലപ്പോള്‍ വിപത്കരമായ നിയമനിഷേധങ്ങള്‍ക്കും കടുത്ത സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളുടെ സങ്കീര്‍ണമായ തകിടം മറിച്ചില്‍, ചിലപ്പോള്‍ ഉത്പാദന വിപണന പ്രക്രിയകള്‍ക്ക് കനത്ത മാന്ദ്യം ഏല്പിച്ചെന്നുവരാം. ഇത്തരം പരിതസ്ഥിതിയില്‍ ഉത്പാദനശാലകള്‍ പ്രവര്‍ത്തനം നിര്‍ത്താനും തുടര്‍ന്ന്, തൊഴിലാളികള്‍ക്ക് വന്‍തോതില്‍ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ടാകുന്നു. ഭരണാധികാരികളില്‍നിന്നു ലഭിക്കുന്ന 'ക്ഷതിപൂരക' (Compensation pay) വേതനം തൊഴിലാളികളുടെ ജീവിതാവശ്യങ്ങള്‍ പര്യാപ്തമായ തോതില്‍ നിറവേറ്റില്ല. തൊഴിലാളിവര്‍ഗത്തിന്റെ ക്രയശേഷി (Purchasing capacity) പാടേ ഇടിയുന്നു. ഇത് സാമ്പത്തികമാന്ദ്യത്തെ ഒരുപടികൂടി ശക്തമാക്കുകയും ചെയ്യുന്നു.

ഭരണപരമായ പ്രശ്നങ്ങള്‍. വര്‍ത്തമാനകാലത്ത്, നഗരഭരണം നാള്‍ചെല്ലുന്തോറും സങ്കീര്‍ണവും ദുഷ്കരവുമായി മാറുന്നതായാണ് അനുഭവപ്പെടുന്നത്. നിരനിരയായി ശേഷിക്കുന്ന പഴക്കംചെന്ന കെട്ടിടസഞ്ചയം, അവയോടനുബന്ധിച്ച് അശാസ്ത്രീയമായി വികസിപ്പിച്ചിട്ടുള്ള റോഡുകള്‍, തോടുകള്‍, കലുങ്കുകള്‍, മറ്റു വാസ്തുനിര്‍മിതികള്‍ എന്നിവയെയൊക്കെ പുനര്‍നിര്‍മാണത്തിലൂടെ ആധുനീകരിച്ച്, നഗരത്തിന്റെ മുഖച്ഛായ മാറ്റുകയെന്നതാണ് നഗരഭരണത്തിന്റെ ഒരു മുഖ്യ ദൗത്യം. ജനസംഖ്യാവര്‍ധനവിന് ആനുപാതികമായി പര്യാപ്തമായ പാര്‍പ്പിടസൗകര്യം സജ്ജമാക്കുന്നത് മറ്റൊരു ഭാരിച്ച ചുമതലയാണ്. നഗരവാസികളുടെ എണ്ണം കൂടുന്നതിനൊപ്പം അവര്‍ക്കാവശ്യമുള്ള സേവന സംവിധാനത്തിലും വര്‍ധനവുണ്ടാകണം. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പൊലിസ് സ്റ്റേഷനുകള്‍ തുടങ്ങിയവ അധിവാസകേന്ദ്രങ്ങള്‍ക്ക് ഏറെ അകലെയല്ലാതെ വിന്യസിക്കേണ്ടതുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ ഏറെയും സ്വകാര്യ മുതല്‍മുടക്കിലാണുണ്ടാവുന്നതെങ്കിലും നികുതിദായകന് ന്യായമായ വിലയില്‍ ഉപഭോഗവസ്തുക്കള്‍ ലഭ്യമാക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. സ്വാഭാവികമായും പൊതുവിതരണസമ്പ്രദായം കുറ്റമറ്റതാക്കാനുള്ള ഗൌരവമേറിയ ചുമതലയും ഭരണാധികാരികളില്‍ നിക്ഷിപ്തമാകുന്നു. വെള്ളം, വെളിച്ചം തുടങ്ങിയ അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണത്തിലും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിലും പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഈവിധ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍പോന്ന ധനവിനിമയപരമായ സ്വാതന്ത്ര്യം നഗരഭരണാധികാരികള്‍ക്ക് പൊതുവേ നല്കപ്പെടാറില്ല. ലോകത്തിലെ ഒരു രാജ്യത്തിനുംതന്നെ തങ്ങളുടെ ഏതെങ്കിലുമൊരു നഗരത്തിന് അവരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുവാന്‍ പോന്നത്ര സഹായധനം (Funds) നല്കുവാന്‍ കഴിവില്ല. തങ്ങളുടെ പൗരസഞ്ചയത്തിന്റെ ധനപരവും സേവനപരവും മേധാപരവുമായ കഴിവുകളെ ആരോഗ്യകരവും സമഗ്രവുമായ രീതിയില്‍ ചൂഷണം ചെയ്യുന്നതിലൂടെ മാത്രമേ ഒരു നഗരത്തിന് വികസനകാര്യത്തില്‍ സ്വയംപര്യാപ്തതയും പൂര്‍ണതയും ആര്‍ജിക്കുവാന്‍ കഴിയുകയുള്ളൂ. നഗരഭരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിക്ഷിപ്തമാക്കുന്നതിന്റെ പരമമായ ലക്ഷ്യവും ഇതുതന്നെയാണ്.

നഗരഭരണംചരിത്രാവലോകനം

10,000-ല്‍ താഴെ മാത്രം ജനസംഖ്യയുണ്ടായിരുന്ന ആദ്യകാല നഗരങ്ങളില്‍ ജനസമൂഹങ്ങളെ വിവിധ വിതാനങ്ങളിലായി ക്രമീകരിച്ചുള്ള ഒരു സാമൂഹിക വ്യവസ്ഥിതി നിലവിലിരുന്നു. ഭരണാധിപര്‍, ഉദ്യോഗസ്ഥര്‍, സൈനികമേധാവികള്‍, പുരോഹിതന്മാര്‍ എന്നിവരെ മേല്‍ത്തട്ടുകാരായി പരിഗണിച്ചിരുന്നു. കര്‍ഷകര്‍, കരകൌശല വിദഗ്ധര്‍, വര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് താണ സാമൂഹികപദവിയാണ് നല്കപ്പെട്ടിരുന്നത്. പുതിയ കുടിയേറ്റക്കാരെ നന്നേ താഴ്ന്ന വിഭാഗമായി ഗണിച്ചുപോന്നു; ഇക്കൂട്ടര്‍ക്ക് യാതൊരു സാമൂഹിക പദവിക്കും അര്‍ഹത ഉണ്ടായിരുന്നില്ല. നഗരഭരണത്തിന് ചുമതലപ്പെട്ടവര്‍ക്ക് നിയമനിര്‍മാണത്തിനും അവ നടപ്പിലാക്കുന്നതിനുമുള്ള അധികാരമുണ്ടായിരുന്നു. രാജാവിന്റെയോ സമ്രാട്ടിന്റെയോ അധീനതയില്‍ കഴിഞ്ഞിരുന്ന നഗരങ്ങളില്‍പ്പോലും ഈ അധികാരം നിലനിര്‍ത്തിപ്പോന്നു. ആഥന്‍സ് പോലുള്ള ചില നഗരങ്ങള്‍ മറ്റാരുടെയും മേല്‍ക്കോയ്മയിലല്ലാതെ സ്വതന്ത്രമായി വര്‍ത്തിച്ചവയാണ്. ഈദൃശ നഗരങ്ങളെ 'നഗര രാജ്യങ്ങള്‍' (City States) എന്ന ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. നഗരത്തിനും സമീപപ്രദേശങ്ങള്‍ക്കുംമേല്‍ ഇവയ്ക്ക് പരമാധികാരം പുലര്‍ത്താനായി. പ്രാചീന നഗരങ്ങളെ ഭരിച്ച മേല്‍ത്തട്ടുകാര്‍ ഭരണനിര്‍വഹണത്തിനും സുരക്ഷയ്ക്കുംവേണ്ട ധനം സ്വരൂപിക്കുന്നതിനായി കരകൌശലവിദഗ്ധര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, വ്യാപാരികള്‍ തുടങ്ങിയവരുടെമേല്‍ ഭാരിച്ച നികുതി ചുമത്തിപ്പോന്നു. ഭരണകാര്യങ്ങളില്‍ സാധാരണക്കാരുടെ അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയും നല്കപ്പെട്ടിരുന്നില്ല. എന്നാല്‍ ആഥന്‍സ് തുടങ്ങിയ നഗരരാജ്യങ്ങളിലെസ്ഥിതി വിഭിന്നമായിരുന്നു. സമൂഹത്തിലെ പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും, അയാള്‍ ഒരു അടിമയല്ലെങ്കില്‍, നയപരമായ വിഷയങ്ങളിലുള്‍പ്പെടെ ഭരണകാര്യങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താമായിരുന്നു.

മധ്യകാലഘട്ടത്തില്‍ യൂറോപ്പിലൊട്ടാകെ ഫ്യൂഡലിസ (Fudalism)വ്യവസ്ഥിതി പ്രാബല്യത്തിലെത്തിയിരുന്നു. ഇതിന്‍പ്രകാരം ഓരോ രാജ്യത്തിന്റെയും അംശ(fief)ങ്ങളെ യുദ്ധസേവനത്തിനുള്ള പ്രതിഫലമെന്ന നിലയില്‍, അതതിടത്തെ മതാധ്യക്ഷനോ (Bishop) പ്രഭുസ്ഥാനീയനായ ഏതെങ്കിലും വ്യക്തിക്കോ കരമൊഴിവായി വിട്ടുകൊടുക്കുന്ന പതിവാണുണ്ടായിരുന്നത്. തങ്ങള്‍ക്കു വിട്ടുകിട്ടിയ ഭൂപ്രദേശത്തിലെ തന്ത്രപ്രധാനമായ സ്ഥാനത്ത് പ്രതിരോധസജ്ജമായ നഗരങ്ങള്‍ വികസിപ്പിക്കുകയാണ് ഈ സാമന്തന്മാര്‍ ആദ്യം ചെയ്തത്. ഓരോ നഗരത്തിന്റെയും സമ്പൂര്‍ണാധികാരം അതതിടത്തെ ഫ്യൂഡല്‍ പ്രഭുവിനോ ബിഷപ്പിനോ കൈവന്നു. മതമേലധ്യക്ഷന്മാര്‍ ആചാരനിഷ്ഠകള്‍ക്ക് അമിതപ്രാധാന്യം നല്കിയിരുന്നത് നഗരത്തിന്റെ പുരോഗതിക്ക് തടസ്സമായിരുന്നു. എ.ഡി. 1,000-ത്തിനു ശേഷമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ മുന്നേറ്റങ്ങളിലൂടെ സമ്പദ്വൃദ്ധി നേടിയ യൂറോപ്പിലെ നഗരങ്ങള്‍ മതാധ്യക്ഷന്മാരുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുകയും തങ്ങളുടെ സാമ്പത്തികശേഷി ഉപയോഗിച്ച് ഭരണകാര്യങ്ങളിലുള്ള ഇടപെടലുകള്‍ക്ക് വിരാമം വരുത്തുകയും ചെയ്തു. നഗരങ്ങള്‍ ക്രമേണ സ്വയംഭരണത്തിനുവേണ്ടി ശബ്ദമുയര്‍ത്തി.

മിലാന്‍ തുടങ്ങി ഇറ്റലിയിലെ നഗരങ്ങളാണ് ആദ്യമായി സ്വയംഭരണം നേടിയെടുത്തത്; നഗരഭരണം കോണ്‍സല്‍ (Consul) എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൂട്ടായ നിയന്ത്രണത്തിലായി. ഈ സമ്പ്രദായം താമസംവിനാ യൂറോപ്പിന്റെ ഇതരഭാഗങ്ങളിലേക്കും സംക്രമിച്ചു. ഉത്തരഫ്രാന്‍സിലെ ഫ്ളാന്‍ഡേഴ്സും ഇതര നഗരങ്ങളും തങ്ങളുടെ അധീനപ്രദേശങ്ങള്‍ക്കായി പ്രത്യേക നിയമങ്ങളുണ്ടാക്കുകയും അവയുടെ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നിയോഗിക്കുകയുമുണ്ടായി. ബിഷപ്പുമാരുടെയും ഫ്യൂഡല്‍പ്രഭുക്കളുടെയും അധികാരമുഷ്ക്ക് ദുര്‍ബലപ്പെടുത്തുന്ന നടപടിയെന്ന നിലയില്‍, ഈ ജനമുന്നേറ്റത്തിന് മിക്ക രാജാക്കന്മാരുടെയും പരോക്ഷമായ പിന്തുണയുണ്ടായി. എന്നാല്‍ 14001500 കാലത്ത്, യൂറോപ്പിലെ ഏറിയ രാജ്യങ്ങളിലും അധികാരമേറ്റ ശക്തരായ രാജാക്കന്മാര്‍ കേന്ദ്രീകൃത ഭരണത്തിന് ഊന്നല്‍ നല്കിയത് ഫലത്തില്‍ നഗരങ്ങളുടെ സ്വയംഭരണാധികാരങ്ങള്‍ക്ക് കിഴിവ് വരുത്തി.

പൗരസ്ത്യദേശങ്ങളിലും മധ്യപൌരസ്ത്യമേഖലയിലും മധ്യകാലഘട്ടത്തില്‍ പൊതുവേ രാജാക്കന്മാരുടെ കേന്ദ്രീകൃത ഭരണത്തിനാണ് പ്രാബല്യമുണ്ടായിരുന്നത്. നഗരഭരണം രാജാക്കന്മാരാല്‍ നിയോഗിതരായ ഉദ്യോഗസ്ഥരിലാണ് നിക്ഷിപ്തമായിരുന്നത്. പൊതുവില്‍, പ്രാപ്തരായ ഉദ്യോഗസ്ഥരെ നഗരച്ചുമതല ഏല്പിക്കുന്നതില്‍ രാജാക്കന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചൈനയില്‍ നഗരഭരണത്തിനു യോഗ്യത നേടാന്‍ നിശ്ചിത പരീക്ഷ ജയിക്കേണ്ടതുണ്ടായിരുന്നു. നഗരാധികാരികളുടെ ഭരണനടപടികള്‍ നിരീക്ഷിക്കുവാന്‍ മേലധികാരികളെ ചുമതലപ്പെടുത്തുന്ന പതിവും പൊതുവേ നിലനിന്നുപോന്നു.

1700-1800 കാലഘട്ടത്തില്‍, ത്വരിതഗതിയിലുള്ള വികാസത്തിന്റെ പാര്‍ശ്വഫലമെന്നോണം നഗരങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളെ നേരിടേണ്ടിവന്നു. നഗരജീവിതത്തിന്റെ നിലവാരം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പര്യാപ്തമായ നടപടികള്‍ എടുക്കേണ്ടിയിരുന്നു. വൈയവസായികമായി മുന്നിട്ടുനിന്ന രാജ്യങ്ങളിലാണ് ഈ നടപടികളുടെ അത്യാവശ്യം നേരിട്ടത്. സ്വാഭാവികമായും സാര്‍വത്രികമായി നടപ്പില്‍വരേണ്ട നിബന്ധനകള്‍ ആവിഷ്കരിക്കുകയും അവ നടപ്പാക്കുവാന്‍വേണ്ട ചട്ടങ്ങളും നിയമാവലിയും അംഗീകരിക്കുകയും വേണ്ടിവന്നു. ഇതിനായി ഓരോ രാജ്യത്തിലെയും നഗരഭരണത്തിന് കേന്ദ്രീകൃത സ്വഭാവം നല്കപ്പെട്ടു. സ്വയംഭരണത്തിന്റെ സ്ഥാനത്ത് സര്‍ക്കാരിന് പൂര്‍ണനിയന്ത്രണമുള്ള ഭരണസംവിധാനം നിലവില്‍വന്നു. ബാലവേല നിരോധിക്കല്‍, പണിക്കിടയില്‍ അപകടമോ അംഗഭംഗമോ, അപകടമരണമോ സംഭവിക്കുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്കല്‍, മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ജോലിയും സംരക്ഷണവും ഉറപ്പിക്കല്‍, തൊഴിലില്ലായ്മ വേതനം നല്കല്‍, തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിനു സംവിധാനമൊരുക്കല്‍ തുടങ്ങി തൊഴിലാളിക്ഷേമത്തിനുള്ള നടപടിക്രമങ്ങള്‍ പുതിയ നിയമസംഹിതയിലൂടെ രാജ്യസര്‍ക്കാരിന്റെ ചുമതലകളായിത്തീര്‍ന്നു. ഈ പശ്ചാത്തലത്തിലും ജനാധിപത്യഭരണം നിലവിലുണ്ടായിരുന്ന രാജ്യങ്ങളില്‍ ക്രമേണ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉള്‍ക്കൊള്ളുന്ന നഗരസഭകള്‍ നിലവില്‍വന്നു. ഇപ്പോള്‍ ഈ സമ്പ്രദായം ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു.

നഗരവികസനം ഇന്ത്യയില്‍

കൊല്‍ക്കത്ത നഗരം

20-ാം ശ.-ത്തിന്റെ ആരംഭംമുതല്ക്കുതന്നെ ഭാരതത്തിലെ നഗരങ്ങള്‍ ആധുനികതയിലേക്ക് കാല്‍കുത്തിത്തുടങ്ങിയിരുന്നു. നഗരങ്ങളിലെ ആഗോളഭരണരീതിയായ മുനിസിപ്പല്‍ സമ്പ്രദായം ഇതിനും എത്രയോ മുമ്പുതന്നെ അന്നത്തെ ഇന്ത്യയില്‍ പ്രയോഗത്തിലെത്തി. 1688-ല്‍ മദ്രാസ് പ്രസിഡന്‍സിയാണ് ഇതിനു തുടക്കം കുറിച്ചത്; അങ്ങനെ ഇന്ത്യയില്‍ ഇദംപ്രഥമമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായി. ഈ പാത പിന്തുടര്‍ന്ന് 1726-ല്‍ അന്നത്തെ കല്‍ക്കത്ത, ബോംബെ നഗരങ്ങളിലും കോര്‍പ്പറേഷനുകള്‍ ഭരണമാരംഭിച്ചു. രണ്ടാംലോകയുദ്ധകാലത്തുതന്നെ ഇന്ത്യയില്‍ വ്യവസായങ്ങള്‍ പുഷ്ടിപ്രാപിച്ചിരുന്നു. ഇവ ലോകയുദ്ധാനന്തരം വര്‍ധിച്ച പുരോഗതിയിലേക്കു നിങ്ങി. സ്വാതന്ത്ര്യാനന്തര കാലഘട്ടം ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ഉത്തേജനവും നല്കി പരിപോഷിപ്പിച്ചു. ഭാരതത്തില്‍ വ്യവസായനഗരങ്ങളുടെ വളര്‍ച്ച ത്വരിതഗതിയിലായി. ഈ മാതൃക അനുകരിച്ച് ചെറുകിടനഗരങ്ങള്‍ ഉത്പാദനപ്രക്രിയയ്ക്ക് തങ്ങളുടെ പരിധിക്കുള്ളില്‍ പ്രഥമ സ്ഥാനം നല്കുകയും, ആ ദിശയില്‍ വളര്‍ച്ച നേടുകയും ചെയ്തുവരുന്നു. രാജ്യത്തെ ഒന്നാംകിട പട്ടണങ്ങളില്‍ മിക്കവയും മാനഗരങ്ങളായി വികസിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ നഗരങ്ങളിലെ ഭരണവ്യവസ്ഥ

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയില്‍, നഗരഭരണത്തില്‍ ജനാധിപത്യവ്യവസ്ഥ ഉറപ്പുവരുത്തുവാനുള്ള നിബന്ധനകള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നത് ഒരു പോരായ്മയായി അവശേഷിച്ചിരുന്നു. തദ്ദേശസ്വയംഭരണം (Local Self Government) സംബന്ധിച്ച പൂര്‍ണമായ ചുമതല സംസ്ഥാനവിഷയമായി വ്യവസ്ഥ ചെയ്യപ്പെട്ടു. നഗരഭരണത്തില്‍ ഫലപ്രദമായ ജനാധിപത്യം പുലര്‍ത്തുന്നതിനും അതിലൂടെ ജനപങ്കാളിത്തം പൂര്‍ണമായി ഉറപ്പുവരുത്തുന്നതിനും ഉദ്ദേശിച്ച് 1992-ല്‍ ലോക്സഭ ഭരണഘടനയിലെ 74-ാം ഭേദഗതിയായി യുക്തമായ നിയമം പാസ്സാക്കി. നഗര്‍പാലികാ ആക്റ്റ് എന്നറിയപ്പെടുന്ന ഇത് 1993 ഏ. 20-ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും 1993 ജൂണ്‍ 1-ന് പ്രാബല്യത്തില്‍ വരികയുമുണ്ടായി. നഗരഭരണത്തിന് വ്യത്യസ്ത നിലവാരത്തിലുള്ള മൂന്നിനം മുനിസിപ്പാലിറ്റികള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. നഗരങ്ങളായി പരിവര്‍ത്തിതമായിവരുന്ന ഗ്രാമങ്ങള്‍ (Urban towns) നഗര്‍പഞ്ചായത്ത് എന്ന ജനകീയസമിതിയുടെ ഭരണച്ചുമതലയിലാകും; ചെറുകിട നഗരങ്ങളെ തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ കൌണ്‍സിലുകളും വന്‍നഗരങ്ങളെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഭരിക്കും. ഇവ ഓരോന്നും നിശ്ചിത കാലയളവിലേക്കുള്ള ജനപ്രതിനിധിസഭകളായിരിക്കും. ഇവയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുവാനുള്ളസംവിധാനം (പഞ്ചായത്ത്/നഗരസഭാ തെരഞ്ഞെടുപ്പുകള്‍) ആസൂത്രണം ചെയ്ത് നിര്‍വഹിക്കുവാനുള്ള ചുമതല സംസ്ഥാന തെരഞ്ഞെടുപ്പുകമ്മിഷനില്‍ നിക്ഷിപ്തമാണ്.

ന്യൂ ഡല്‍ഹി:സെക്രട്ടറിയേറ്റ് മന്ദിരം

നഗര്‍പാലികാചട്ടത്തിന്റെ പാര്‍ട്ട് IX എ. പ്രകാരം നഗരങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായ സാധുത ലഭിച്ചിരിക്കുന്നു. സ്വാഭാവികമായും ഭാരതത്തിന്റെ ഏതുഭാഗത്തുള്ള നഗരത്തിലും ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള ഭരണക്രമം നടപ്പില്‍വരേണ്ടതുണ്ട്. നഗരങ്ങളിലെ ജനപ്രതിനിധിസഭകളെ മൊത്തത്തില്‍ 'മുനിസിപ്പാലിറ്റി' എന്ന് നാമകരണം ചെയ്ത് മൂന്ന് വ്യത്യസ്ത സ്വഭാവത്തില്‍ നിര്‍വചിച്ചിരിക്കുന്നു. ഈ ജനകീയസഭകള്‍ നിലവില്‍വരുത്തുവാനും അവയിലൂടെ നിയമാനുസൃതഭരണം ഉറപ്പുവരുത്തുവാനുമുള്ള ചുമതല അതത് സംസ്ഥാനങ്ങള്‍ക്കാണ്. ഓരോ മുനിസിപ്പാലിറ്റിയിലെയും സാധാരണ അംഗങ്ങള്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നവരാവും; എന്നാല്‍, സംസ്ഥാന നിയമസഭയ്ക്ക് പ്രത്യേക വിഭാഗങ്ങളില്‍പ്പെടുന്ന വ്യക്തികളെ അംഗങ്ങളായി നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമുണ്ട്. നഗരഭരണത്തില്‍ ചിരപരിചയവും പ്രാവീണ്യവും നേടിയവര്‍, ലോക്സഭ, നിയമസഭ, രാജ്യസഭ, ലെജിസ്ളേറ്റിവ് കൌണ്‍സില്‍ എന്നിവയിലെ അംഗങ്ങള്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 243 എസ്. 5-ാം ഭാഗത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് രൂപീകരിച്ചിട്ടുള്ള സമിതികളുടെ അധ്യക്ഷസ്ഥാനത്തുള്ള വ്യക്തികള്‍ എന്നിവരില്‍നിന്നാണ് നാമനിര്‍ദേശം ചെയ്യാവുന്നത്. സംസ്ഥാന നിയമസഭ നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായാണ് മുനിസിപ്പാലിറ്റികളുടെ ചെയര്‍പെഴ്സണ്‍ (Chair person) തെരഞ്ഞെടുക്കപ്പെടേണ്ടത്. ഒരു മുനിസിപ്പാലിറ്റിയിലെ ഏതെങ്കിലും വാര്‍ഡിലെ ജനസംഖ്യ മൂന്നുലക്ഷത്തിലേറെയാണെങ്കില്‍ പ്രസ്തുത വാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് കമ്മിറ്റി ഉണ്ടായിരിക്കണമെന്നും, സംസ്ഥാന നിയമസഭ വാര്‍ഡ്കമ്മിറ്റി രൂപീകരണത്തിനുവേണ്ട ഉപാധികള്‍ നിര്‍ണയിച്ചു നല്കണമെന്നും വ്യവസ്ഥയുണ്ട്. യുക്തമായ അവസരങ്ങളില്‍ വാര്‍ഡുകമ്മിറ്റികള്‍ക്കുപുറമേ മറ്റു തത്തുല്യ സമിതികള്‍ രൂപീകരിക്കുന്നതിന് നിയമസഭകള്‍ക്ക് അവകാശം നല്കപ്പെട്ടിരിക്കുന്നു.

മുനിസിപ്പല്‍സഭകളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംഖ്യാബലത്തിന് ആനുപാതികമായ സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതുപോലെ ഓരോ മുനിസിപ്പാലിറ്റിയിലും ആകെയുള്ള സീറ്റുകളുടെ മൂന്നിലൊന്നില്‍ വനിതാപ്രാതിനിധ്യം ഉണ്ടാവണമെന്ന വ്യവസ്ഥയുമുണ്ട്. മുനിസിപ്പല്‍ സഭകളുടെ അധ്യക്ഷപദവി ഏതേതുവിധത്തില്‍ സംവരണം ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുവാനുള്ള അവകാശം ബന്ധപ്പെട്ട സംസ്ഥാന നിയമസഭകള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു; ഇതില്‍ പിന്നാക്കക്കാര്‍ക്കു സംവരണം നല്കുവാനുള്ള അവകാശവും ഉള്‍പ്പെടുന്നു. ആര്‍ട്ടിക്കിള്‍ 334 അനുസരിച്ചുള്ള കാലയളവുവരെമാത്രമേ, പട്ടികജാതി/പട്ടികവര്‍ഗങ്ങള്‍ക്കുള്ള സംവരണത്തിന് പ്രാബല്യമുള്ളൂ.

ഓരോ മുനിസിപ്പല്‍ സഭയുടെയും അധികാരകാലാവധി അത് ആദ്യയോഗം ചേരുന്ന ദിവസം മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ്. ഈ കാലയളവിനുള്ളില്‍, ആര്‍ട്ടിക്കിള്‍ 243 ഝവിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, ഏതു മുനിസിപ്പല്‍സഭയെയും പിരിച്ചുവിടാവുന്നതാണ്. ഇതേത്തുടര്‍ന്നുള്ള ആറുമാസങ്ങള്‍ക്കകം പൊതുതെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസഭ രൂപീകരിച്ചിരിക്കണം; ഇങ്ങനെയുണ്ടാകുന്ന സഭയുടെ കാലാവധി പിരിച്ചുവിടപ്പെട്ട സഭയുടെ അഞ്ചുവര്‍ഷ കാലയളവ് തീരുന്ന ദിവസംവരെയായിരിക്കും. കാലാവധി തീരുന്നതിന് ആറുമാസത്തില്‍ കുറഞ്ഞ സമയമുള്ളപ്പോഴാണ് സഭ പിരിച്ചുവിടുന്നതെങ്കില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കാവുന്നതാണ്. 21 വയസ്സുപൂര്‍ത്തിയായ ഏതു സമ്മതിദായകനും മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു മത്സരിക്കാവുന്നതാണ്.

മുനിസിപ്പാലിറ്റികള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം ഉറപ്പുവരുത്തിയ 74-ാം ഭേദഗതിയിലെ അനുശാനസപ്രകാരം സംസ്ഥാന ഗവണ്മെന്റുകള്‍ നഗരഭരണവുമായി ബന്ധപ്പെട്ട് മറ്റുരണ്ടു സമിതികള്‍കൂടി രൂപീകരിക്കുവാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു. ജില്ലാതലത്തില്‍ ജില്ലാ ആസൂത്രണ സമിതിയും നഗരമേഖലകള്‍ക്ക് മെട്രോപ്പൊളിറ്റന്‍ പ്ളാനിങ് കമ്മിറ്റിയും. ഈ സമിതികളുടെ ഘടനയും അംഗത്വത്തിന്റെ സ്വഭാവവും ബന്ധപ്പെട്ട നിയമസഭകള്‍ പ്രത്യേക നിയമനിമര്‍മാണത്തിലൂടെ നിഷ്കര്‍ഷിക്കേണ്ടതാണ്.

ഇവയ്ക്ക് അപവാദമായി ഭരണം നിര്‍വഹിക്കപ്പെടുന്ന ഏതാനും വ്യവസായ നഗരങ്ങളും ഭാരതത്തിലുണ്ട്. ഉത്പാദന പ്രധാനമായ ഇത്തരം ചെറുനഗരങ്ങളില്‍, സാധാരണഗതിയില്‍ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തില്‍ നടക്കേണ്ട സേവനപരമായ ധര്‍മങ്ങള്‍ പ്രധാന വ്യവസായശൃംഖലയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിവര്‍ത്തിക്കപ്പെടുന്നുണ്ടാവും. ഈദൃശ മേഖലകളെ 'വ്യവസായ നഗര'മായി പ്രഖ്യാപിച്ച്, തെരഞ്ഞെടുപ്പിലൂടെ മുനിസിപ്പല്‍സഭ രൂപീകരിക്കേണ്ട ബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം.

വികസനപാതയില്‍ ത്വരിതമായി മുന്നേറുന്ന എല്ലാ രാജ്യങ്ങളിലുംതന്നെ നഗരങ്ങളുടെ വളര്‍ച്ച പുരോഗതിയുടെ അളവുകോലായി വര്‍ത്തിക്കുന്നു. നഗരങ്ങളിലെ ഉത്പാദനമാന്ദ്യം, പരിസ്ഥിതി വിനാശം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സമൂഹത്തിലെ അസംതൃപ്ത മനോഭാവവും തുടര്‍ന്നുള്ള അസ്വസ്ഥതകളും, ധനവിനിമയ സ്ഥാപനങ്ങളുടെ തകര്‍ച്ച തുടങ്ങിയവ പ്രസക്ത രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക അടിത്തറയുടെ ആണിക്കല്ലിളക്കുന്ന ഘടകങ്ങളാണ്. മിക്ക രാജ്യങ്ങളും ഈ വിപത്തുകളെ ഒഴിവാക്കുവാനായി തങ്ങളുടെ നഗരങ്ങളുടെ ആസൂത്രിതമായ വളര്‍ച്ചയില്‍ ശ്രദ്ധ ചെലുത്തുന്നു. കാര്‍ഷികവരുമാനത്തില്‍ പിന്നാക്കം നില്ക്കുകയും ഒപ്പം ജനപ്പെരുപ്പം നേരിടുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് സമൂഹചാലകങ്ങളും സമ്പദ്ദായകങ്ങളുമായ നഗരവൃത്തികളെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നു. നഗരവത്കരണം രാജ്യത്തിന്റെ ആവശ്യമായിരിക്കുന്നു. ഉത്പാദനപ്രക്രിയകളുടെ വര്‍ധനവിലൂടെ സാമ്പത്തികനില മെച്ചപ്പെടുന്നുവെന്നതിലുപരി, ജനതയുടെ ഉത്കര്‍ഷേച്ഛ ശതഗുണീഭവിക്കുന്നുവെന്നതാണ് നഗരവത്കരണത്തിന്റെ പ്രധാന നേട്ടം. മെച്ചപ്പെട്ട സാമ്പത്തികാവസരങ്ങള്‍ വ്യാപിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ പൗരന്മാര്‍ക്ക് സേവനവ്യവസ്ഥയുടെ പ്രയോജനം നല്കുവാനും അതിലൂടെ ജീവിതനിലവാരം അഭിവൃദ്ധിപ്പെടുത്തുവാനും നഗരങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍ ഈവക പ്രയോജനങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ നഗരങ്ങളിലെ സമ്പദ്വൃദ്ധിക്ക് യഥാതഥമായ സ്ഥായിത്വമുണ്ടായിരിക്കണം. ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നഗരാസൂത്രണ പദ്ധതികളിലൂടെ വികസനോന്മുഖമായ ഓരോ രാജ്യവും തുടര്‍ന്നുവരുന്നു. (നോ: നഗരഭൂമിശാസ്ത്രം, നഗരാസൂത്രണം)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%97%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍