This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കേരളത്തില്‍ ചിത്രകല)
(ചിത്രകല കേരളത്തില്‍)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 251: വരി 251:
ചിത്രം:Masaccio.png|മസാച്ചിയോ
ചിത്രം:Masaccio.png|മസാച്ചിയോ
ചിത്രം:Michelangelo.png|മൈക്കലാഞ്ചലോ
ചിത്രം:Michelangelo.png|മൈക്കലാഞ്ചലോ
 +
ചിത്രം:Andriyo.png|ആന്‍ഡ്രിയോ കാസ്റ്റാനോ
</gallery>
</gallery>
<gallery>
<gallery>
വരി 657: വരി 658:
    
    
വ്യവസ്ഥാപിത അക്കാദമിക് ശൈലിയില്‍, അതിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചിത്രങ്ങള്‍ വരച്ച ചിത്രകാരനാണ് മാധവമേനോന്‍. അദ്ദേഹത്തിന്റെ 'മയിലും' 'മുളങ്കാടും' മതിയാവും ആ രചനാപാടവത്തിന്റെ പരിപൂര്‍ണതയെന്തെന്നറിയാന്‍. മറ്റൊരു ശ്രദ്ധേയനായ ചിത്രകാരനായിരുന്നു ത്രിവിക്രമന്‍ തമ്പി. നാട്ടിലെ പഠനത്തിനുശേഷം ഇന്ത്യ മുഴുവന്‍ ചുറ്റിനടന്ന് ചിത്രലോകത്തിന്റെ വൈവിധ്യം കണ്ട്, ശാന്തിനികേതനില്‍ പഠിച്ച് രചന നടത്തിയ ഒരേകാന്തപഥികനായിരുന്നു സി.കെ.രാ. അന്തര്‍മുഖനായിരുന്ന രാ. കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ ഉറവതേടിയത് നാടന്‍ കലകളില്‍ അല്ല, മറിച്ച് നമ്മുടെ ക്ഷേത്രകൊട്ടാരച്ചുവര്‍ ചിത്രങ്ങളിലും, കേരള ദാരുശില്പങ്ങളിലുമായിരുന്നു. സമകാലിക യൂറോപ്യന്‍ ചിത്രകലയും ഭാരതീയചിത്രകാരന്മാരുടെ ചിത്രങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു.
വ്യവസ്ഥാപിത അക്കാദമിക് ശൈലിയില്‍, അതിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചിത്രങ്ങള്‍ വരച്ച ചിത്രകാരനാണ് മാധവമേനോന്‍. അദ്ദേഹത്തിന്റെ 'മയിലും' 'മുളങ്കാടും' മതിയാവും ആ രചനാപാടവത്തിന്റെ പരിപൂര്‍ണതയെന്തെന്നറിയാന്‍. മറ്റൊരു ശ്രദ്ധേയനായ ചിത്രകാരനായിരുന്നു ത്രിവിക്രമന്‍ തമ്പി. നാട്ടിലെ പഠനത്തിനുശേഷം ഇന്ത്യ മുഴുവന്‍ ചുറ്റിനടന്ന് ചിത്രലോകത്തിന്റെ വൈവിധ്യം കണ്ട്, ശാന്തിനികേതനില്‍ പഠിച്ച് രചന നടത്തിയ ഒരേകാന്തപഥികനായിരുന്നു സി.കെ.രാ. അന്തര്‍മുഖനായിരുന്ന രാ. കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ ഉറവതേടിയത് നാടന്‍ കലകളില്‍ അല്ല, മറിച്ച് നമ്മുടെ ക്ഷേത്രകൊട്ടാരച്ചുവര്‍ ചിത്രങ്ങളിലും, കേരള ദാരുശില്പങ്ങളിലുമായിരുന്നു. സമകാലിക യൂറോപ്യന്‍ ചിത്രകലയും ഭാരതീയചിത്രകാരന്മാരുടെ ചിത്രങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു.
 +
 +
[[ചിത്രം:Cartoon.png|250px]]
ബേന്ദ്രേയുടെയും യൂറോപ്യന്‍ അധ്യാപകരുടെയും ശിഷ്യനായ മഹേന്ദ്ര തന്റെ ക്ലാസ്സിക് റിയലിസ്റ്റിക് 'മൂറിങ്സി'ല്‍ ഉറച്ചു നിന്നു രചന നടത്തുന്ന ചിത്രകാരനാണ്. എം.വി. ദേവന്‍ ചിത്രകാരനും ആധുനികതയുടെ വക്താവും കലാനിരൂപകനും വലിയൊരു പ്രസ്ഥാനവുമാണ്. മാനോഹരമായ താന്ത്രിക് ബിംബങ്ങള്‍ രചിക്കുന്ന കെ. ഹരിദാസും, വിവിധ ആധുനിക പ്രവണതകള്‍ പ്രദര്‍ശിപ്പിച്ച് രചന നടത്തുന്ന സി. എന്‍. പൊറിഞ്ചുക്കുട്ടിയും ഔദ്യോഗിക പദവിയില്‍നിന്നും വിരമിച്ച ചിത്രകാരന്മാരാണ്. കെ.ജി. സുബ്രമണ്യം, എ. രാമചന്ദ്രന്‍, അക്കിത്തം നാരായണന്‍, കലാധരന്‍, എന്നിവര്‍ സ്വന്തമായൊരു വ്യക്തിത്വമുള്ള ചിത്രകാരന്മാരാണ്. ജയപാലപ്പണിക്കര്‍, ജി. രാജേന്ദ്രന്‍, വി. വിശ്വനാഥന്‍ (പാരിസ്), ബി.ഡി. ദത്തന്‍, നേമം പുഷ്പരാജ്, കെ. ജനാര്‍ദനന്‍, ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍, കെ. ബര്‍നാര്‍ഡ്, ധര്‍മരത്നം, പുണിച്ചിത്തായ, കെ. ബാലകൃഷ്ണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ചിത്രകാരന്മാരാണ്. വിദ്യാര്‍ഥികളെ കലയുടെ മര്‍മങ്ങള്‍ പഠിപ്പിക്കുന്നതിനിടയിലും സര്‍ഗാത്മക രചനാസിദ്ധിയെ മങ്ങാതെ സൂക്ഷിക്കുന്ന ശ്രദ്ധേയരായ ചിത്രകാരന്മാരാണ് എം. സനാതനനും കാട്ടൂര്‍ നാരായണപിള്ളയും, കെ.കെ. രാജപ്പനും, വി.എം. ബാലനും മികച്ച കാര്‍ട്ടൂണിസ്റ്റുകളായ അബു എബ്രഹാമും കുട്ടിയും ടോംസും യേശുദാസനും അരവിന്ദനും ഒ.വി. വിജയനും രേഖാചിത്രകാരന്മാരായ ശങ്കരന്‍കുട്ടിയും ഇലസ്ട്രേഷന്‍ നടത്തുന്നവരില്‍ പ്രമുഖനായ നമ്പൂതിരിയും ശ്രദ്ധേയരായ ചിത്രകാരന്മാരാണ്.
ബേന്ദ്രേയുടെയും യൂറോപ്യന്‍ അധ്യാപകരുടെയും ശിഷ്യനായ മഹേന്ദ്ര തന്റെ ക്ലാസ്സിക് റിയലിസ്റ്റിക് 'മൂറിങ്സി'ല്‍ ഉറച്ചു നിന്നു രചന നടത്തുന്ന ചിത്രകാരനാണ്. എം.വി. ദേവന്‍ ചിത്രകാരനും ആധുനികതയുടെ വക്താവും കലാനിരൂപകനും വലിയൊരു പ്രസ്ഥാനവുമാണ്. മാനോഹരമായ താന്ത്രിക് ബിംബങ്ങള്‍ രചിക്കുന്ന കെ. ഹരിദാസും, വിവിധ ആധുനിക പ്രവണതകള്‍ പ്രദര്‍ശിപ്പിച്ച് രചന നടത്തുന്ന സി. എന്‍. പൊറിഞ്ചുക്കുട്ടിയും ഔദ്യോഗിക പദവിയില്‍നിന്നും വിരമിച്ച ചിത്രകാരന്മാരാണ്. കെ.ജി. സുബ്രമണ്യം, എ. രാമചന്ദ്രന്‍, അക്കിത്തം നാരായണന്‍, കലാധരന്‍, എന്നിവര്‍ സ്വന്തമായൊരു വ്യക്തിത്വമുള്ള ചിത്രകാരന്മാരാണ്. ജയപാലപ്പണിക്കര്‍, ജി. രാജേന്ദ്രന്‍, വി. വിശ്വനാഥന്‍ (പാരിസ്), ബി.ഡി. ദത്തന്‍, നേമം പുഷ്പരാജ്, കെ. ജനാര്‍ദനന്‍, ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍, കെ. ബര്‍നാര്‍ഡ്, ധര്‍മരത്നം, പുണിച്ചിത്തായ, കെ. ബാലകൃഷ്ണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ചിത്രകാരന്മാരാണ്. വിദ്യാര്‍ഥികളെ കലയുടെ മര്‍മങ്ങള്‍ പഠിപ്പിക്കുന്നതിനിടയിലും സര്‍ഗാത്മക രചനാസിദ്ധിയെ മങ്ങാതെ സൂക്ഷിക്കുന്ന ശ്രദ്ധേയരായ ചിത്രകാരന്മാരാണ് എം. സനാതനനും കാട്ടൂര്‍ നാരായണപിള്ളയും, കെ.കെ. രാജപ്പനും, വി.എം. ബാലനും മികച്ച കാര്‍ട്ടൂണിസ്റ്റുകളായ അബു എബ്രഹാമും കുട്ടിയും ടോംസും യേശുദാസനും അരവിന്ദനും ഒ.വി. വിജയനും രേഖാചിത്രകാരന്മാരായ ശങ്കരന്‍കുട്ടിയും ഇലസ്ട്രേഷന്‍ നടത്തുന്നവരില്‍ പ്രമുഖനായ നമ്പൂതിരിയും ശ്രദ്ധേയരായ ചിത്രകാരന്മാരാണ്.
വരി 691: വരി 694:
    
    
ചിത്രകലാധ്യാപകരായ സനാതനന്‍, കെ.കെ. രാജപ്പന്‍ എന്നിവരുടെ രചനകള്‍ ആധുനികതയുടെ മൂര്‍ത്ത ബിംബങ്ങളെ പേറുന്നു. കൂടാതെ, താന്ത്രിക് ശൈലിയിലെ ചിത്രണത്തിലൂടെ ശ്രദ്ധേയനാണ് കെ.വി. ഹരിദാസ്. ബാംഗ്ലൂര്‍ കേന്ദ്രമാക്കി ചിത്രരചന നിര്‍വഹിച്ചുവരുന്ന യൂസഫ് അറയ്ക്കലിന്റെ എക്സ്പ്രഷനിസ്റ്റ് ചിത്രങ്ങള്‍ നിരവധി അന്താരാഷ്ട്ര ഗ്യാലറികളില്‍ ശ്രദ്ധേയങ്ങളായിട്ടുണ്ട്. കൂടാതെ, നന്ദഗോപാല്‍, ചോളമണ്ഡലത്തിലെ ചിത്രകാരന്മാരായ പി. ഗോപിനാഥ്, സി. ഡഗ്ളസ്സ്, മുഖ്യധാരാ അമൂര്‍ത്ത ചിത്രകാരന്മാരില്‍ വിഖ്യാതനായ അച്യുതന്‍ കൂടല്ലൂര്‍, വിദേശരാജ്യങ്ങളില്‍ അംഗീകാരം നേടിയ സുരേന്ദ്രന്‍ നായര്‍, ജ്യോതിബസു, ബൈജുപാര്‍ഥന്‍ തുടങ്ങിയവര്‍ ആധുനിക ശൈലിയിലെ ശ്രദ്ധേയരായ ചിത്രകാരന്മാരാണ്. പ്രഭാകരന്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പുഷ്കിന്‍ ഇ.എച്ച്. തുടങ്ങിയവരും ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ്.
ചിത്രകലാധ്യാപകരായ സനാതനന്‍, കെ.കെ. രാജപ്പന്‍ എന്നിവരുടെ രചനകള്‍ ആധുനികതയുടെ മൂര്‍ത്ത ബിംബങ്ങളെ പേറുന്നു. കൂടാതെ, താന്ത്രിക് ശൈലിയിലെ ചിത്രണത്തിലൂടെ ശ്രദ്ധേയനാണ് കെ.വി. ഹരിദാസ്. ബാംഗ്ലൂര്‍ കേന്ദ്രമാക്കി ചിത്രരചന നിര്‍വഹിച്ചുവരുന്ന യൂസഫ് അറയ്ക്കലിന്റെ എക്സ്പ്രഷനിസ്റ്റ് ചിത്രങ്ങള്‍ നിരവധി അന്താരാഷ്ട്ര ഗ്യാലറികളില്‍ ശ്രദ്ധേയങ്ങളായിട്ടുണ്ട്. കൂടാതെ, നന്ദഗോപാല്‍, ചോളമണ്ഡലത്തിലെ ചിത്രകാരന്മാരായ പി. ഗോപിനാഥ്, സി. ഡഗ്ളസ്സ്, മുഖ്യധാരാ അമൂര്‍ത്ത ചിത്രകാരന്മാരില്‍ വിഖ്യാതനായ അച്യുതന്‍ കൂടല്ലൂര്‍, വിദേശരാജ്യങ്ങളില്‍ അംഗീകാരം നേടിയ സുരേന്ദ്രന്‍ നായര്‍, ജ്യോതിബസു, ബൈജുപാര്‍ഥന്‍ തുടങ്ങിയവര്‍ ആധുനിക ശൈലിയിലെ ശ്രദ്ധേയരായ ചിത്രകാരന്മാരാണ്. പ്രഭാകരന്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പുഷ്കിന്‍ ഇ.എച്ച്. തുടങ്ങിയവരും ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ്.
 +
 +
[[ചിത്രം:Chitrakala2.png|400px]]
    
    
കേരളീയരായ പലരും വളരെ പ്രഗല്ഭരും പ്രശസ്തരുമായിട്ടുണ്ട്. എന്‍.എന്‍. റിംസന്‍, അലക്സ് മാത്യു, സോമന്‍, നന്ദഗോപാല്‍, പി. ഗോപിനാഥ്, സുരേന്ദ്രന്‍ നായര്‍, ബോസ് കൃഷ്ണനാചാരി, ടി. കലാധരന്‍, രാജന്‍, എം. കൃഷ്ണന്‍, റിയാസ് കോമു, ഷിബു നടേശന്‍, ജ്യോതിബസു, ടി.വി. സന്തോഷ്, പണിക്കര്‍, സജിത ശങ്കര്‍, അനുരാധ നാലപ്പാട്, അജയകുമാര്‍, രതീദേവി, വി.ബി. വേണു, പി.വി. നന്ദന്‍, അശാന്തന്‍, രാഘവന്‍ അത്തോളി, മുരളി നാഗപ്പുഴ, ഗോപികൃഷ്ണ, അജി വി.എന്‍, സക്കീര്‍ ഹുസൈന്‍, ബോസ് കൃഷ്ണമാചാരി, മാര്‍ട്ടിന്‍ ഒ.സി., സുനില്‍ വല്ലാര്‍പാടം, സജിത് ഷാജഹാന്‍, റോബര്‍ട്ട് ലോപ്പസ്, പ്രദീപ് പുത്തൂര്‍, ബാബു സേവ്യര്‍, മുരളി നാഗപ്പുഴ, സോസ ജോസഫ്, ദീപ്തി പി. വാസു, ശ്രീജ എന്നിങ്ങനെ നിരവധി വ്യക്തിമുദ്രയുള്ള കേരളീയ കലാകാരന്മാരുടെ നിരവധി രചനകള്‍ വളരെ ശ്രദ്ധേയമായിത്തീര്‍ന്നിട്ടുണ്ട്.   
കേരളീയരായ പലരും വളരെ പ്രഗല്ഭരും പ്രശസ്തരുമായിട്ടുണ്ട്. എന്‍.എന്‍. റിംസന്‍, അലക്സ് മാത്യു, സോമന്‍, നന്ദഗോപാല്‍, പി. ഗോപിനാഥ്, സുരേന്ദ്രന്‍ നായര്‍, ബോസ് കൃഷ്ണനാചാരി, ടി. കലാധരന്‍, രാജന്‍, എം. കൃഷ്ണന്‍, റിയാസ് കോമു, ഷിബു നടേശന്‍, ജ്യോതിബസു, ടി.വി. സന്തോഷ്, പണിക്കര്‍, സജിത ശങ്കര്‍, അനുരാധ നാലപ്പാട്, അജയകുമാര്‍, രതീദേവി, വി.ബി. വേണു, പി.വി. നന്ദന്‍, അശാന്തന്‍, രാഘവന്‍ അത്തോളി, മുരളി നാഗപ്പുഴ, ഗോപികൃഷ്ണ, അജി വി.എന്‍, സക്കീര്‍ ഹുസൈന്‍, ബോസ് കൃഷ്ണമാചാരി, മാര്‍ട്ടിന്‍ ഒ.സി., സുനില്‍ വല്ലാര്‍പാടം, സജിത് ഷാജഹാന്‍, റോബര്‍ട്ട് ലോപ്പസ്, പ്രദീപ് പുത്തൂര്‍, ബാബു സേവ്യര്‍, മുരളി നാഗപ്പുഴ, സോസ ജോസഫ്, ദീപ്തി പി. വാസു, ശ്രീജ എന്നിങ്ങനെ നിരവധി വ്യക്തിമുദ്രയുള്ള കേരളീയ കലാകാരന്മാരുടെ നിരവധി രചനകള്‍ വളരെ ശ്രദ്ധേയമായിത്തീര്‍ന്നിട്ടുണ്ട്.   
(പ്രൊഫ. എം. ഭാസ്കരപ്രസാദ്; സ.പ.)
(പ്രൊഫ. എം. ഭാസ്കരപ്രസാദ്; സ.പ.)

Current revision as of 09:10, 30 മാര്‍ച്ച് 2016

ഉള്ളടക്കം

ചിത്രകല

Painting

രേഖകളും വര്‍ണങ്ങളും ഉപയോഗിച്ച് ആശയാവിഷ്കരണം നടത്തുന്ന കല. യഥാര്‍ഥ രൂപങ്ങളോ പ്രതീകങ്ങളോ സൃഷ്ടിച്ച് സംവേദനം നിര്‍വഹിക്കുന്ന ചിത്രകലയില്‍ ആകൃതി, രേഖ, വര്‍ണം, വ്യാപ്തി, ഇടം, ദൂരം, ദിക്ക്, പ്രകാശം, കാലം, ചലനം പ്രതിബിംബം, വിഷയം, ദര്‍ശനം മുതലായ നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ആശയാഭിലാഷങ്ങള്‍ പ്രകടിപ്പിക്കാന്‍ ഭാഷയും ലിപിയും ഉണ്ടാകുന്നതിനുമുന്‍പുതന്നെ ആദിമമനുഷ്യന്‍ ഗുഹാഭിത്തികളിലും മറ്റും ചിത്രങ്ങള്‍ വരച്ചിരുന്നു.

രേഖകള്‍, വര്‍ണങ്ങള്‍

രചനാഘടകങ്ങള്‍

ചിത്രരചനയിലെ മൗലികമായ ഘടകം രേഖ (line) ആണ്. വാസ്തവത്തില്‍ ഈ അടിസ്ഥാന ഘടകം വാസനാപരമായി, സഹജബോധപരമായിത്തന്നെ ചിത്രകാരനു ലഭ്യമാകുന്ന ഒരു ഉപാധിയാണ്. അടിസ്ഥാനപരമായ ഈ സമ്പ്രദായം ഉപയോഗിച്ച് രൂപകല്പനയെ സഫലമാക്കിയപ്പോള്‍ വരകളുടെ ദൈര്‍ഘ്യം, ഋജുത്വം, വക്രത, കനം എന്നിവയുടെ പ്രയോജനവും മനസ്സിലാക്കി. വരകളെ രൂപസാദൃശ്യം, വ്യാപ്തി, ഭാരം, ദൂരം, വസ്തുക്കളുടെ ചിത്രത്തിലെ സ്ഥാനം, അവയുടെ പ്രതലസ്വഭാവം എന്നിവയെ വ്യഞ്ജിപ്പിക്കാനെങ്ങനെ വിനിയോഗിക്കാമെന്നും ചിത്രകാരന്‍ മനസ്സിലാക്കി. അങ്ങനെ ചിത്രകല അക്ഷരവും ലിപിയുമുണ്ടാകും മുന്‍പുണ്ടായി എന്നാണ് ചരിത്രാതീതകാല ഗുഹാചിത്രങ്ങള്‍ കാണിക്കുന്നത്. പദാര്‍ഥ പ്രതിഭാസങ്ങളുടെ ആകൃതി, വലുപ്പം, പ്രതിസൂക്ഷ്മ പ്രകൃതി, സ്വഭാവം എന്നിവ ആവിഷ്കരിക്കാന്‍ വരയോടൊപ്പം ആവശ്യമായി വരുന്ന രചനാഘടകമാണ് വര്‍ണം (colour). മൂന്നു പ്രാഥമികവര്‍ണങ്ങളില്‍(ചുവപ്പ്, മഞ്ഞ, നീല)നിന്നും ഒരു വര്‍ണപ്രപഞ്ചം തന്നെ സൃഷ്ടിക്കാനാവും. ഏകവര്‍ണ (monochromatic) ചിത്രങ്ങള്‍ നോക്കിയാല്‍ ഒരു നിറത്തിന്റെ വിവിധ ഛവികള്‍ എങ്ങനെ ആവശ്യാനുസരണം വിനിയോഗിക്കുന്നു എന്നു കാണാം. റെംബ്രാണ്ടും മോനെയും വര്‍ണരാജിയിലെ വിവിധ ഛവികളെ (tones) വിവിധോദ്ദേശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതില്‍ വിരുത് കാട്ടിയവരാണ്. അനന്തമായ വൈവിധ്യസാധ്യതകളെ അതീവ ഹൃദ്യമായി ചിത്രങ്ങളില്‍ സന്നിവേശിപ്പിച്ച് ചിത്രകലയെ അഭൌമമായ ഒരു ലോകത്തിലേക്കുയര്‍ത്തിയവരാണ് നവോത്ഥാനകാലത്തെ ടിഷ്യാനും എല്‍ ഗ്രെക്കോയും ഡാവിഞ്ചിയും മൈക്കലാഞ്ചലോയും റാഫേലും. നിയോക്ലാസ്സിസിസവും വര്‍ണങ്ങളുടെ ടോണല്‍ ധര്‍മങ്ങളെയും കഴിവുകളെയും ചൂഷണം ചെയ്തിട്ടുണ്ട്.

ചിത്രത്തില്‍ വ്യാപ്തി, ദൂരം എന്നിവ വിന്യസിക്കുന്നതിലൂടെയാണ് ചിത്രകാരന്‍ ആഖ്യാനം നടത്തുന്നത്. ദൂരം, ഇടം എന്നൊക്കെ പറയാവുന്ന 'സ്പേസി'നു രണ്ടു നിലവാരമുണ്ട്. ഒന്നു നാം കാണുന്ന പെര്‍സെപ്ച്വല്‍ സ്പേസും, രണ്ടാമത്തേത് ചിത്രീകരണത്തില്‍ ആവിഷ്കരിക്കപ്പെടുന്ന കണ്‍സെപ്ച്വല്‍ സ്പേസും ആണ്. പ്രതിരൂപങ്ങളുടെ വപുസ്സും ചാരുതയും അര്‍ഥവും നമ്മെ ആകര്‍ഷിക്കത്തക്കതാവണമെങ്കില്‍ രചനാനിയമങ്ങള്‍ അറിഞ്ഞിരിക്കണം. കൃത്യമായി രേഖാവര്‍ണങ്ങള്‍ വിനിയോഗിക്കുമ്പോള്‍ പരന്ന പ്രതലത്തില്‍ ചിത്രം ഒരു ദൃശ്യയാഥാര്‍ഥ്യമായി മാറുന്നു. ചിത്രത്തില്‍ കാലത്തെയും ചലനത്തെയും സന്നിവേശിപ്പിക്കാം.

രചനാനിയമങ്ങള്‍

ഒരു ഫ്രെയിമിനുള്ളില്‍ ചിത്രകാരന്‍ വരയ്ക്കുന്നതെല്ലാം ഡിസൈനില്‍പ്പെടുന്നു. ഡിസൈനിലെ വിവിധ ഘടകങ്ങളെ യുക്തിസഹമായി വിതരണം ചെയ്യുന്നതിനെയാണ് കോമ്പസിഷന്‍ എന്നു പറയുന്നത്. ഡിസൈനും കോമ്പസിഷനും രചനയില്‍ പരസ്പരം ബന്ധപ്പെട്ടതാണ്. രചന നടത്തുന്ന ക്യാന്‍വാസിനു നീളവും വീതിയുമേയുള്ളൂ. അതിനുമേല്‍ ത്രിമാനരൂപമുള്ള ബാഹ്യലോകത്തിന്റെ യഥാര്‍ഥപ്രതീതി ജനിപ്പിക്കാനാവശ്യമായ സാമര്‍ഥ്യം ചിത്രകാരനുണ്ടാവണം. ഓരോ വരയും വസ്തുക്കളുടെ ആകൃതിയും ചിത്രത്തിലെ സ്പേസില്‍ എന്തെങ്കിലും ധര്‍മം നിര്‍വഹിക്കുന്നതാവണം. വസ്തുക്കളുടെ ആകൃതികള്‍ തമ്മില്‍ ഒരു സന്തുലനം (balance) ഉണ്ടാവണം. ചിത്രത്തില്‍ ഓരോ വസ്തുവിന്റെ ആകൃതിക്കും നിയതമായൊരു സ്ഥാനമാണുള്ളത്. വര്‍ണങ്ങള്‍ ഉപയോഗിച്ചുള്ള രചനയിലാണെങ്കില്‍, വര്‍ണങ്ങളുടെ മാസ്സും വിവിധടോണുകളും വിതരണം ചെയ്യുന്നതിലും ഈ സന്തുലനമുണ്ടാവണം. രചനാപരമായ സന്തുലനമുണ്ടായാല്‍, ചിത്രത്തിന് വ്യക്തവും വാസ്തവികവും പൂര്‍ണവുമായ 'മോണുമെന്റല്‍' ഡിസൈന്‍ കൈവരുന്നു. ഘടകങ്ങളെ പരസ്പര പൊരുത്തമില്ലാത്ത അസന്തുലനതയില്‍ പ്രത്യേക ലക്ഷ്യത്തോടെ അവതരിപ്പിച്ചാല്‍ ചലനാത്മകത ഉളവാക്കാന്‍ കഴിയും. ഒരു ചിത്രം ബൈസാന്തിയന്‍, ഇസ്ലാമിക് രചനകളിലെ പരന്ന മാതൃകയിലായാലും, ബറോക്ക് നിയോക്ലാസ്സിക് ഫിഗറേറ്റീവ് രചനകളിലെ ത്രിമാന പരിപ്രേക്ഷ്യ മാതൃകയിലായാലും, ജ്യാമിതീയമായ ആകൃതികളും മാസ്സുകളുമായിരിക്കും ചിത്രത്തിലെ അടിസ്ഥാനഘടകങ്ങള്‍. ഈ ഘടകങ്ങള്‍ ദ്വിമാനചിത്രങ്ങളില്‍ പരസ്പരം കൂട്ടുപിണയുന്ന ചതുരങ്ങള്‍, വൃത്തങ്ങള്‍, ത്രികോണങ്ങള്‍ എന്നിവ ആയിരിക്കുമ്പോള്‍, ത്രിമാന, പരിപ്രേക്ഷ്യ രചനകളില്‍ പരസ്പരം കൂട്ടുപിണയുന്ന ക്യൂബുകള്‍, ഗോളങ്ങള്‍, പിരമിഡുകള്‍ എന്നിവയായി രൂപാന്തരപ്പെടുന്നു.

ദിവ്യമായ അനുപാതം

നവോത്ഥാന കാലത്തെ ഗണിതശാസ്ത്രകാരനായ ലൂക്കസ് പച്ചോളി ഗോള്‍ഡന്‍ മീന്‍ അഥവാ സെക്ഷന്‍ എന്ന തന്റെ അനുപാതസിദ്ധാന്തത്തെ ദിവ്യമായ അനുപാതം (divine proportion)എന്നു വിളിച്ചു. ദിവ്യമായ അനുപാതം എന്ന പച്ചോളിയുടെ ഗ്രന്ഥം ഡാവിഞ്ചിയെയും ഡ്യൂററേയും ശക്തമായി സ്വാധീനിച്ചു. നിയോ-ഇംപ്രഷനിസ്റ്റുകളായ ജോര്‍ജ് സ്യൂറാ, പോള്‍ സിഗ്നാക് എന്നിവരുടെ ചിത്രങ്ങളില്‍ ലീനിയര്‍ മാതൃക ഈ അനുപാതസിദ്ധാന്തമനുസരിച്ചാണ് ചെയ്തിട്ടുള്ളത്.

ഒരു സംഭവം പ്രതീക്ഷിച്ചിരിക്കുമ്പോഴോ, അവിചാരിതമായൊരു സംഭവം ഉണ്ടാകുമ്പോഴോ, നിത്യജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാവാറുള്ളതുപോലെ ഒരു ചിത്രത്തിന്റെ ഡിസൈനിന്റെ ഗതിയിലും പിരിമുറുക്കം സൃഷ്ടിക്കാനാവും. ഈ രൂപവര്‍ണ ഐക്യത്തിന്റെ വിഘടനംകൊണ്ട് ചിത്രകാരന്‍ ഭാവോന്മീലനലക്ഷ്യം സാധിക്കാനാവശ്യമായ പിരിമുറുക്കം സൃഷ്ടിക്കുന്നു. രേഖ, ആകൃതി, ടോണ്‍ എന്നിവയെ വിന്യസിച്ചു വസ്തുക്കളുടെ വ്യത്യാസം, സാദൃശ്യം എന്നിവ പ്രകടിപ്പിക്കുമ്പോള്‍ ചിത്രത്തിന് ഓജസ്സും ശക്തിയുമുണ്ടാവുന്നു. വിപുലമായ രേഖാവൈചിത്യ്രംകൊണ്ടും വൈവിധ്യമുള്ള വര്‍ണപദ്ധതികൊണ്ടും വസ്തുക്കളെ ഒന്നിനുമേല്‍ ഒന്നായി സൂപ്പര്‍ഇമ്പോസുചെയ്തും പ്രത്യേകലക്ഷ്യം കൈവരിക്കാവുന്നതാണ്.

ത്രിമാന പരിപ്രേക്ഷ്യം

ത്രിമാനലോകത്തെ ദ്വിമാനപ്രതലത്തിലാവിഷ്കരിക്കണമെങ്കില്‍ മാനമിതി, ജ്യാമിതി, ഓപ്ടിക്സ്, ഗണിതശാസ്ത്രം, വര്‍ണരസതന്ത്രം എന്നീ വിഷയങ്ങളില്‍ പരിജ്ഞാനമുണ്ടായിരിക്കണം. വരയ്ക്കേണ്ട വസ്തുക്കളെ ഒരു പ്രത്യേക വെളിച്ചത്തില്‍ ഒരു നിശ്ചിത അകലത്തില്‍നിന്നും കാണുന്ന ചിത്രകാരന്‍ അവയെ തന്റെ ചിത്രത്തില്‍ യഥാതഥമായി ആവിഷ്കരിക്കണമെങ്കില്‍ അതിനാവശ്യമായ പരിപ്രേക്ഷ്യ നിയമങ്ങള്‍ പഠിച്ചേ മതിയാവൂ.

രചനാമാധ്യമങ്ങള്‍

ടെമ്പറ

ഉണങ്ങിയ ചായങ്ങളെ ഏതെങ്കിലും കുഴമ്പുമാധ്യമത്തില്‍ ചാലിച്ച് പിന്നീട് വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിക്കുന്ന സമ്പ്രദായം. ഇത് എല്ലാ സംസ്കാരങ്ങളിലും നിലവിലിരുന്നു. നവോത്ഥാനകാലത്തു ടെമ്പറയ്ക്കു പകരം എണ്ണച്ചായങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പ്രാചീന ഈജിപ്ത്, ബാബിലോണിയ, ഗ്രീസ്, ചൈന എന്നിവിടങ്ങളിലും ആദ്യകാല ക്രിസ്ത്യന്‍ രാജ്യങ്ങളിലും ചുവര്‍ച്ചിത്രങ്ങള്‍ക്കു ടെമ്പറയായിരുന്നു ഉപയോഗിച്ചിരുന്നത്.

ഫ്രെസ്കോ

ഇറ്റാലിയന്‍ ഭാഷയില്‍ 'ഫ്രെഷ്' എന്നര്‍ഥമുള്ള ഫ്രെസ്കോ, ചായങ്ങള്‍ നേരിട്ട് പ്രയോഗിച്ച് ചുവരില്‍ ചിത്രം വരയ്ക്കുവാന്‍ ഉപയോഗിക്കുന്ന മാധ്യമമാണ്. ചരിത്രാതീതകാലത്തെ മ്യൂറല്‍ ചിത്രങ്ങള്‍ക്കു ഫ്രെസ്കോ ചായമാണുപയോഗിച്ചിരുന്നത്. ഗുഹാചിത്രകാരനുപയോഗിച്ച ഫ്രെസ്കോ ചായങ്ങളെ 16-ാം ശ.-ത്തില്‍ ഇറ്റലിക്കാര്‍ പരിഷ്കരിച്ചു. ബി.സി. 10,000-ല്‍ മാഗ്ദലേനിയന്‍ കാലഘട്ടത്തില്‍ ഫ്രെസ്കോ കലക്കിയ ചായത്തില്‍ വിരല്‍മുക്കി വരച്ചിട്ടുള്ളതായും കാണാം.

എണ്ണച്ചായം (Oil)

ഉണങ്ങിയ ചായപ്പൊടി, സംസ്കരിച്ച ചെറുചണ (ലിന്‍സീഡ്) എണ്ണയില്‍ ചേര്‍ത്ത് പശരൂപത്തിലാക്കുന്നതാണ് എണ്ണച്ചായം. ടെമ്പറാ ചായങ്ങളുടെ മേല്‍ എണ്ണച്ചായം കൊണ്ട് വരയ്ക്കുന്ന സമ്പ്രദായം (ടെമ്പറാ അണ്ടര്‍ പെയിന്റിങ് ഓയില്‍ ഗ്ലെയിസ് ടെക്നിക്) 17-ാം ശ. വരെ നിലവിലിരുന്നു. 15-ാം ശ.-ലാണ് എണ്ണച്ചായ ചിത്രരചന നിലവില്‍ വന്നത്. ലിനന്‍, പരുത്തിത്തുണി, പാറ, തടി, കോണ്‍ക്രീറ്റ്, പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, അലുമിനിയം, ചെമ്പ്, പ്ലൈവുഡ് എന്നിവയുടെ മേല്‍ എണ്ണച്ചായം കൊണ്ട് വരയ്ക്കാറുണ്ട്. ചുവരില്‍ എണ്ണച്ചായം കൊണ്ട് ചിത്രമെഴുതിയാല്‍ ഈട് നില്‍ക്കില്ല. ഡാവിഞ്ചിയുടെ 'അന്ത്യതിരുവത്താഴ' (ലാസ്റ്റ് സപ്പര്‍)ത്തിനു കേടുപാടുകള്‍ വരാന്‍ കാരണം അത് എണ്ണച്ചായത്തില്‍ ചുവരിന്മേല്‍ വരച്ചതാണ്.

ജലച്ചായം (Water Colour)

നന്നായി പൊടിച്ച പിഗ്മെന്റ് (ചായപ്പൊടി) അറബിക് പശയിലോ ഗാളിലോ ചേര്‍ത്തു കുഴച്ചുണക്കിയ ശേഷം വെള്ളത്തില്‍ ചാലിച്ച് ചിത്രം വരയ്ക്കുന്നു. 18-ാം ശ.-ത്തില്‍ ഇംഗ്ളീഷ് ചിത്രകാരന്മാരാണ് ജലച്ചായം കൊണ്ടുള്ള ചിത്രരചനയില്‍ വൈദഗ്ധ്യം കാണിച്ചത്.


മഷി (Ink)

ചൈനയിലും ജപ്പാനിലും പരമ്പരാഗതമായി ചിത്രരചനയ്ക്കു മഷിയാണുപയോഗിക്കുന്നത്. ചെന്നായ്, ആട് എന്നിവയുടെ രോമങ്ങള്‍ കൊണ്ടുള്ള നീണ്ട ബ്രഷുകള്‍ കൊണ്ട് പട്ട്, തുണി, ഈര്‍പ്പം വലിക്കുന്നതും മഷി പടരാത്തതുമായ കടലാസ് എന്നിവയില്‍ വരച്ചിരുന്നു. എണ്ണച്ചായത്തോടൊപ്പം ചില പ്രത്യേക ഫലം ലഭിക്കാനായി റെംബ്രാണ്ട്, പൂസാന്‍, പാള്‍മെര്‍, കോണ്‍സ്റ്റബിള്‍, മാനെ, ബ്രാക്ക്, പിക്കാസോ, മാര്‍ഷ് എന്നിവരും മഷി ഉപയോഗിച്ചിട്ടുണ്ട്.

ഗുവാഷ് (Gouache)

സുതാര്യമായ ഒരുതരം ജലച്ചായമാണിത്. പോസ്റ്റര്‍ചായമെന്നും 'ഡിസൈനറുടെ ചായ'മെന്നും പറയുന്ന ഇത് വെള്ളത്തില്‍ ചാലിച്ച് സേബിള്‍, ഹോഗ് ഹെയര്‍ ബ്രഷുകള്‍ കൊണ്ട് പരുപരുത്ത വെള്ളകടലാസ്, കാര്‍ഡ്, സില്‍ക്ക് എന്നിവയില്‍ വരയ്ക്കുന്നു. സ്റ്റാര്‍ച്ചും തേനുംകൂടി ചേര്‍ത്താല്‍ പെട്ടെന്നുണങ്ങിപ്പോകാതിരിക്കും.

എന്‍കാസ്റ്റിക്

എന്‍കാസ്റ്റിക് (Encaustic) : പ്ലിനി എന്ന റോമന്‍ ചരിത്രകാരന്‍ ഈ ചായത്തെക്കുറിച്ചു പറയുന്നുണ്ട്. ചായങ്ങളെ ചൂടാക്കിയ മെഴുകുകൊണ്ട് ചിത്രത്തില്‍ പിടിപ്പിക്കുന്ന ഒരു പ്രാചീനസമ്പ്രദായമാണിത്.

കാസെയിന്‍

കാസെയിന്‍ (Casein): ചായങ്ങളെ പിരിഞ്ഞ പാലിലോ, പശയാക്കിയ തൈരിലോ ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തില്‍ ചുണ്ണാമ്പുകലര്‍ത്തി പിന്നീട് വെള്ളത്തില്‍ ചാലിച്ചുപയോഗിക്കുന്ന ഈ സമ്പ്രദായം പ്രാചീന റോമില്‍ നിലവിലിരുന്നു. ഇതുകൂടാതെ സിന്തറ്റിക് മാധ്യമങ്ങള്‍-തുണിയില്‍ ചിത്രമെഴുതുന്നവയുള്‍പ്പെടെ നിരവധി ചായങ്ങള്‍-ഇന്നു ലഭ്യമാണ്. അക്രിലിക്, റെസിന്‍, എമള്‍ഷന്‍ എന്നിവ വെള്ളത്തില്‍ ചാലിച്ച് ചിത്രം വരയ്ക്കുന്നു.

വിവിധതരം ചിത്രങ്ങള്‍

പോര്‍ട്രേറ്റ് (ഛായാചിത്രരചന)

വ്യക്തികളുടെ ഓര്‍മ നില നിര്‍ത്താന്‍ ചിത്രകാരന്മാരെക്കൊണ്ട് ഛായാചിത്രങ്ങള്‍ വരപ്പിക്കുന്ന ഏര്‍പ്പാട് പണ്ടുമുതല്ക്കേ നിലവിലിരുന്നു. ജോഷ്വോ റെയ്നോള്‍ഡ്സ്, റാഫേല്‍, റൂബെന്‍സ്, സര്‍ തോമസ് ലോറന്‍സ് എന്നിവര്‍ ഈ രംഗത്ത് പ്രസിദ്ധരാണ്.

പ്രകൃതിദൃശ്യങ്ങള്‍

പ്രകൃതിദൃശ്യങ്ങള്‍ (Landscapes): പ്രകൃതിയെ അതിന്റെ നാനാവിധമായ ഭാവങ്ങളിലും രൂപങ്ങളിലും സ്വാഭാവികതയോടെ വരച്ചവരാണ് ഡ്യൂററും ബ്രൂഗെലും. ഫ്ളെമിഷ് ചിത്രകാരന്മാരായ റെംബ്രാണ്ട്, കുയ്പ് (Cuyp), റൂബെന്‍സ് എന്നിവരും ബ്രിട്ടീഷ് ചിത്രകാരന്മാരായ കോണ്‍സ്റ്റബിളും ടേണറും പ്രകൃതിദൃശ്യ ചിത്രരചനയില്‍ വിശ്വവിഖ്യാതരാണ്.

നിശ്ചലദൃശ്യങ്ങള്‍
പോട്രേറ്റ് - വാന്‍ഗോഗ്

നിശ്ചലദൃശ്യങ്ങള്‍ (Still life): യൂറോപ്പിലെ ആദ്യത്തെ സ്റ്റില്‍ ലൈഫ് ചിത്രം ജേക്കപോ ഡി ബാര്‍ബറി എന്ന ചിത്രകാരന്റെ 'ദ ഡെഡ് ബേഡ്' (1504) ആണ്. ആരാധനാപരവും മതപരവുമായ വിഷയങ്ങള്‍ക്കാണ് ഈ രീതിയില്‍ പ്രാമാണികത നല്കപ്പെട്ടിട്ടുള്ളത്. ബുദ്ധന്‍, ക്രിസ്തു എന്നിവരുടെ ജീവിതത്തിലെ വിവിധഘട്ടങ്ങള്‍, മതഗ്രന്ഥങ്ങളിലെയും പുരാണേതിഹാസങ്ങളിലെയും രംഗങ്ങള്‍ എന്നിവയാണ് ചിത്രകാരന്മാര്‍ കൂടുതലും അടുത്തകാലംവരെ രചിച്ചത്. കാല്പനികകഥകളും അന്യാപദേശകഥകളും ചിത്രകാരന് വിഷയമായിട്ടുണ്ട്.

ഷാനര്‍ ചിത്രങ്ങള്‍

ഷാനര്‍ ചിത്രങ്ങള്‍ (Genre paintings): നിത്യജീവിതത്തിലെ സംഭവങ്ങള്‍, അനുഭവങ്ങള്‍ എന്നിവ ചിത്രകാരന്മാരുടെ ഭാവനയെ എക്കാലവും ഉണര്‍ത്തിയിട്ടുണ്ട്. ഗാര്‍ഹിക രംഗങ്ങള്‍, നൃത്തസംഗീതരംഗങ്ങള്‍ തുടങ്ങിയവ ചിത്രീകരിക്കുന്നവരാണ് ചിത്രകാരന്മാരിലധികവും.

മറ്റു വിഷയങ്ങള്‍

പണ്ടുമുതല്ക്കുതന്നെ പക്ഷിമൃഗാദികളും ചിത്രകാരന്റെ ആവിഷ്കരണപഥത്തിലെത്തിയിട്ടുണ്ട്. സാഹിത്യസൃഷ്ടികളില്‍ നിന്നും ജീവിതഗന്ധിയായ വിഷയങ്ങള്‍ സ്വീകരിച്ച് ചിത്രരചന നടത്തിയിട്ടുള്ള ചിത്രകാരന്മാരും നിരവധിയാണ്.

വിവിധ രൂപങ്ങളിലുള്ള ചിത്രങ്ങള്‍

മ്യൂറല്‍

പ്രാചീനകാലത്തെ ഗുഹാഭിത്തികളിലും തട്ടുകളിലും ശവകുടീരം, ക്ഷേത്രത്തിന്റെ വിവിധഭാഗങ്ങള്‍, ആരാധനാസ്ഥലം എന്നിവിടങ്ങളിലും എഴുതപ്പെട്ടിട്ടുള്ള ചുവര്‍ചിത്രങ്ങളെ മ്യൂറല്‍സ് എന്നു പറയുന്നു. സ്പെയിന്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, മെക്സിക്കോ, ഈജിപ്ത്, ക്രീറ്റ് എന്നീ രാജ്യങ്ങളിലെ നിരവധി പ്രാചീന മ്യൂറല്‍ ചിത്രങ്ങള്‍ ഇന്നു ചിത്രകലാചരിത്രവിദ്യാര്‍ഥികള്‍ക്കു സുപരിചിതമാണ്.

ഈസല്‍

ക്യാന്‍വാസ് ഉറപ്പിച്ചുവയ്ക്കുന്ന സ്റ്റാന്‍ഡിനെയാണ് ഈസല്‍ എന്നുപറയുന്നത്. ചിത്രകാരന്റെ പണിപ്പുരയില്‍ വച്ച് വരയ്ക്കപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ നവോത്ഥാനകാലത്തോടു കൂടിയാണ് സാര്‍വത്രികമായത്.

പാനല്‍ ചിത്രങ്ങള്‍

പ്രത്യേക ആവശ്യാനുസരണം തടിയില്‍ വരയ്ക്കപ്പെടുന്ന ചെറിയ ചിത്രങ്ങളാണിവ. ആരാധനാലയങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കാനായി പാനല്‍ ചിത്രങ്ങള്‍ വരപ്പിക്കാറുണ്ട്.

മിനിയേച്ചര്‍

ചെറിയ ചിത്രങ്ങളാണ് മിനിയേച്ചറുകള്‍. പാശ്ചാത്യനാടുകളില്‍ പ്രമുഖവ്യക്തികള്‍ തങ്ങളുടെ ഛായാചിത്രങ്ങള്‍ ചെറിയ അളവില്‍ വരപ്പിക്കുമായിരുന്നു. മാലയുടെ ലോക്കറ്റിനുള്ളില്‍ വയ്ക്കാവുന്നത്ര ചെറിയ ചിത്രങ്ങള്‍ വരെ കാണാം. ഇന്ത്യയിലും ചൈനയിലും ഇസ്ലാമിക രാജ്യങ്ങളിലും മതഗ്രന്ഥങ്ങളെയും മറ്റും ആധാരമാക്കി ചെറിയ ചിത്രങ്ങള്‍ വരയ്ക്കുവാന്‍ ചിത്രകാരന്മാരെ നിയോഗിച്ചിരുന്നു.

മാനുസ്ക്രിപ്റ്റ് ഇല്യൂമിനേഷനും ചുരുള്‍ച്ചിത്രങ്ങളും

ഈജിപ്തിലെ 'ബുക്ക് ഒഫ് ദ ഡെഡ്' ഏറ്റവും പുരാതനമായ മാനുസ്ക്രിപ്റ്റ് ഇല്യൂമിനേഷനുദാഹരണമാണ്. ക്ലാസ്സിക്കല്‍ ഗ്രീസിലും റോമിലും ഗ്രന്ഥങ്ങളും, അസ്ടെക്കുകള്‍ ഭൂപടങ്ങളും മായന്മാരും ചൈനക്കാരും തങ്ങളുടെ കൈയെഴുത്തുപ്രതികളും ചിത്രപ്പണികള്‍കൊണ്ട് മോടിപിടിപ്പിക്കുമായിരുന്നു. ചൈനയിലും ജപ്പാനിലും മഷിയിലും ചായത്തിലും ചിത്രങ്ങള്‍ വരച്ച് ചുരുളുകളിലാക്കി സൂക്ഷിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. കൂ കൈ-ചിയുടെ 'അഡ്മോണിഷന്‍സ് ഒഫ് ദ ഇമ്പീരിയല്‍ പെര്‍സെപ്ഷന്‍സ്' എന്ന എ.ഡി. 4-ാം ശ.-ത്തിലെ ചുരുള്‍ച്ചിത്രങ്ങള്‍ക്ക് ഇന്നും കേടുവന്നിട്ടില്ലത്രെ. ഇന്ത്യയില്‍ വിഷ്ണുപുരാണകഥകള്‍ ചുരുള്‍ച്ചിത്രാഖ്യാനം ചെയ്തിട്ടുണ്ട്.

പ്രാചീന(ശിലാ-ഗുഹാ)ചിത്രങ്ങള്‍

അള്‍ടാമിറ

പാനല്‍ പെയിന്റിങ്

പ്രാചീന ശിലായുഗകാലത്തെ ഗുഹാചിത്രങ്ങളുടെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ യൂറോപ്പിലെ തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലും വടക്കേ സ്പെയിനിലും കാണാം. 1879-ല്‍ ആണ് ചരിത്രാതീതകാല ഗുഹാചുവര്‍ ചിത്രങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്. വേട്ടയാടിനടന്ന പ്രാകൃതജനതയുടെ സൃഷ്ടിയാണെങ്കിലും അതിന്റെ കലാപരമായ നിലവാരം ഉയര്‍ന്നതാണ്. വടക്കേ സ്പെയിനിലെ അള്‍ടാമിറയില്‍ കണ്ടെത്തിയ ഗുഹാചിത്രങ്ങളിലെ കാളകളുടെ തലയും രൂപങ്ങളുടെ അനുപാതം, ത്രിമാന സ്വഭാവം, വിശദാംശങ്ങള്‍ എന്നീ കാര്യങ്ങളും എല്ലാ ആധുനിക മാനദണ്ഡങ്ങളെയും തൃപ്തിപ്പെടുത്തുന്നവയാണ്. ഫ്രാന്‍സിലെ ലാസ്കോക്സില്‍ നിന്നും പൈറനീസ് പര്‍വതത്തിന്റെ താഴ്വാരത്തില്‍ നിന്നും കണ്ടെത്തിയ ചിത്രങ്ങളും ശ്രദ്ധേയമാണ്.

ബുഷ്മെന്‍ കല

പുരാതന ആഫ്രിക്കന്‍ ബുഷ്മെന്‍ ചിത്രങ്ങള്‍ കലഹാരി മരുഭൂമിയില്‍ വേട്ടയാടി ഉപജീവനം നടത്തിയിരുന്ന ജനങ്ങളുടേതാണ്. ഉപജീവനത്തിനവര്‍ കൂടുതല്‍ ആശ്രയിച്ചത് മൃഗങ്ങളെ ആയതിനാലാവാം മൃഗങ്ങളുടെ ചിത്രങ്ങള്‍ വ്യക്തവും മൂര്‍ത്തവും മനുഷ്യരൂപങ്ങള്‍ അമൂര്‍ത്തവും ആയത്. ഇവരുടെ ഗുഹാചിത്രങ്ങളില്‍ (നില, ചലനം എന്നിവയില്‍) പ്രകടമാകുന്ന യാഥാര്‍ഥ്യബോധം വളരെ പ്രശംസനീയമാണ്. ആസ്റ്റ്രേലിയയിലെ പ്രാകൃത ചിത്രകലയില്‍ കാണുന്ന പല രൂപങ്ങളും ജനഗോത്ര-ഗണചിഹ്നങ്ങളാണ്.

പ്രീ-കൊളംബിയന്‍ കല

പ്രാകൃത അമേരിക്കന്‍ ജനതയുടെ കലാരൂപങ്ങള്‍ പലതും യൂറോപ്യന്‍ കുടിയേറ്റക്കാലത്തിനു മുന്‍പുതന്നെ നശിച്ചുപോയിരുന്നു. സ്പാനിഷ് അധിനിവേശ-അമേരിക്കയിലെ പ്രാചീന ചിത്രകല അമൂര്‍ത്തവും മതവിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയെ ആശ്രയിച്ച് വളര്‍ന്നവയും ആയിരുന്നു. പ്രീ-കൊളംബിയന്‍ എന്നറിയപ്പെടുന്ന ഈ ജനസംസ്കൃതിയില്‍പ്പെട്ട മധ്യഅമേരിക്കന്‍ ജനങ്ങള്‍-ഗ്വാട്ടിമാല, ഹോണ്ടുറാസ്, യുക്കാറ്റന്‍, മെക്സിക്കോ എന്നിവിടങ്ങളിലെ മായന്മാരും, തെക്കേ അമേരിക്കയിലെ പെറുവിലെ ഇങ്കാകളും വളരെ പ്രാകൃതവും പ്രതീകാത്മവുമായ ചിത്രങ്ങള്‍ വരച്ചിരുന്നു. ഇവരുടെ മ്യൂറല്‍ ചിത്രങ്ങള്‍ ഓല്‍മെക്കിലെ ഗുഹകളില്‍ കാണാം. മായന്‍ താഴ്വാരത്തിലെ ബൊണാംപാകിലും മെക്സിക്കോയിലെ ടിയോതിഹുവാകാനിലും കണ്ടെടുത്തിട്ടുള്ള ഗുഹാക്ഷേത്ര ചിത്രങ്ങളില്‍ അനുഷ്ഠാനരംഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

പ്രാചീന ഈജിപ്ത്

പ്രാചീന ഈജിപ്തുകാര്‍ മനുഷ്യരൂപം ചിത്രീകരിക്കുന്നതിനും ഒരു നിര്‍ദിഷ്ട അനുപാതം അനുശാസിച്ചിരുന്നു. ചിത്രകലയില്‍ ആദ്യമായി ആക്ഷേപഹാസ്യം പ്രയോഗിച്ചത് ഈജിപ്തുകാരാണെന്നു കരുതുന്നു. 'പാപിറി' എന്ന ഒരിനം ചിത്രത്തില്‍ മനുഷ്യരും ജന്തുക്കളും പരസ്പരം സ്ഥാനം മാറുന്നു. ശവകുടീരങ്ങളിലെ ചിത്രങ്ങളില്‍നിന്നും ഇവരുടെ പഴയ ജീവിതരീതിയെക്കുറിച്ചറിയാന്‍ കഴിയും.

പ്രാചീന യവനകല

യവനര്‍ ആദ്യമായി ചിത്രം വരച്ചത് മണ്‍പാത്രങ്ങളുടെ പുറത്താണ്. പൂപ്പാത്രങ്ങളുടെ പുറത്ത് വരയ്ക്കുന്ന സമ്പ്രദായം ഒരു കലാസങ്കേതമായി അവിടെ പുരോഗമിച്ചു. ക്രീറ്റന്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ വര്‍ണശബളമായ ഫ്രെസ്കോകള്‍ കൊണ്ടു നിറഞ്ഞിരുന്നു. ഇവരും മണ്‍പാത്രത്തിന്റെ പുറത്ത് ചെടികള്‍, പക്ഷികള്‍, ജലനിരപ്പില്‍നിന്നും ചാടുന്ന ഡോള്‍ഫിന്‍ എന്നിവയെ കമനീയമായി ചിത്രീകരിച്ചിട്ടുണ്ട്. ബി.സി. 1450 കാലഘട്ടത്തിലെ നോസ്സസിന്റെ കൊട്ടാരത്തിലെ ഡോള്‍ഫിന്‍ ഫ്രെസ്കോ പ്രസിദ്ധമാണ്.

ചൈന

ചൈനയിലും കളിമണ്‍പാത്ര ചിത്രകലയുണ്ടായിരുന്നു. എന്നാല്‍ രൂപങ്ങള്‍ക്കു സ്വാഭാവികതയുണ്ടായിരുന്നില്ല. അമൂര്‍ത്ത രൂപങ്ങളും ശൈലീകരിക്കപ്പെട്ട മൃഗരൂപങ്ങളും പ്രേതതുല്യരായ മനുഷ്യരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ ഗുഹാക്ഷേത്രചുവര്‍ചിത്രങ്ങളെപ്പോലുള്ള ബുദ്ധമത പ്രചോദിതമായ ചിത്രങ്ങള്‍ ചീനക്കാരും ഗുഹാഭിത്തികളില്‍ രചിച്ചു. ബുദ്ധന്മാരുടെയും ബോധിസത്വന്മാരുടെയും ലോഹന്മാരുടെയും വജ്രപാണിമാര്‍, അപ്സരസ്സുകള്‍, മാന്ത്രികന്മാര്‍, ജലദേവതമാര്‍ എന്നിവരുടെയും രൂപങ്ങള്‍ ഇവര്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

ജപ്പാന്‍

ജപ്പാനില്‍ ചിത്രകലയുടെ ആരംഭവും വികാസവും ബുദ്ധമതത്തിന്റെ പ്രാദുര്‍ഭാവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എ.ഡി. 6-ാം ശ. ത്തോടെ ബുദ്ധസന്ന്യാസിമാര്‍ ജപ്പാനില്‍ ചിത്രരചന പഠിപ്പിക്കാനും ചിത്രങ്ങള്‍ രചിക്കാനും തുടങ്ങി. ഹോര്‍യൂജി ക്ഷേത്ര(നാറാ)ത്തിലെ സ്വര്‍ണഹാളിലെ ഫ്രെസ്കോ സുപ്രസിദ്ധമാണ്.

ഇന്ത്യ

അജന്താഗുഹകളിലെ മ്യൂറല്‍ ചിത്രങ്ങളാണ് ലഭ്യമായ ആദ്യകാല മാതൃകകള്‍. ബി.സി. 3-ാം ശ. മുതല്‍ എ.ഡി. 7-ാം ശ. വരെയുള്ള കാലഘട്ടത്തിനിടയിലാണ് അജന്താ മ്യൂറലുകള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഗുഹാഭിത്തികളില്‍ ബുദ്ധദേവന്മാര്‍, ദേവതമാര്‍, മനുഷ്യര്‍, ആനകള്‍, രാജസദസ്യര്‍, യാചകര്‍, പക്ഷികള്‍, മേഘദേവതമാര്‍ എന്നിവരുടെ രൂപങ്ങള്‍ സ്ഥാനം പിടിക്കുന്നു. ബുദ്ധ-ജൈന മതകേന്ദ്രങ്ങളായിരുന്ന അജന്ത, ബാഘ്, ബാദാമി, എല്ലോറ എന്നിവിടങ്ങളില്‍നിന്നും ഈ രചനാരീതി സിലോണ്‍, അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍ (ബര്‍മ), തിബറ്റ്, ഇന്തോ-ചൈന, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലേക്കു കടന്നുചെന്ന് ആ നാടുകളിലെ ചിത്രകലയെ സ്വാധീനിച്ചു.

എഷ്യന്‍ പാരമ്പര്യം

ജാപ്പനീസ് ചിത്രകല

പെയിന്റിങ് -കാനെ നെസേന്‍ (16-ാം നൂറ്റാണ്ട്)

എ.ഡി. 6-ാം ശ.-ത്തില്‍ ബുദ്ധമതം ജപ്പാനിലെത്തിയതോടെ ഏഷ്യന്‍ കലാരൂപങ്ങള്‍ പ്രചാരത്തിലാവുകയും 8-ാം ശ. ത്തോടെ ശക്തമായൊരു ചിത്രകലാ പാരമ്പര്യം അവിടെ ഉടലെടുക്കുകയും ചെയ്തു. ബുദ്ധദേവ രൂപകല്പന ഇന്ത്യയില്‍ നിന്നും, രചനാശൈലികള്‍ ചൈനയില്‍ നിന്നും സ്വീകരിച്ച ജപ്പാനില്‍ ഏഴ് ചിത്രകലാകാലഘട്ടങ്ങള്‍ കാണാം. ആദ്യഘട്ടം-ഹെയ്യാന്‍ (794-1185) കാലഘട്ടമാണ്. മിറ്റ്സുനാഗ എന്ന ചിത്രകാരന്‍ ബുദ്ധമതാശയങ്ങള്‍, ദുര്‍ഭൂതങ്ങള്‍, നരകം, രോഗം എന്നിവ ചിത്രീകരിച്ചു. അനേക ബുദ്ധമതസന്ന്യാസിമാരും കവിയായ താകനൊബു(1142-1205)വും ഈ കാലഘട്ടത്തില്‍ ചിത്രങ്ങള്‍ രചിച്ചു. കാമകുറാ (1185-1333) ഘട്ടത്തില്‍ മുറാസാകി ഷികിബുവിന്റെ 'ഗെഞ്ചിയുടെ കഥകളു'ടെ ചിത്രീകരണം താകയോഷി നിര്‍വഹിച്ചു. 'യമാറ്റോ ഈ' എന്ന തനി ജാപ്പനീസ് ശൈലിയായിരുന്നു താകയോഷി ചിത്രങ്ങള്‍ക്ക്. പുരോഹിതനായ നാഗതാകയും ഇക്കാലത്തെ ചിത്രകാരനാണ്. മുറോമാച്ചി (1333-1573) ഘട്ടത്തില്‍ സെന്‍ ബുദ്ധനേതാവായ ബോമ്പോ (1344-1420), ബുന്‍സെയി, സോഗാ സ്കൂള്‍ സ്ഥാപകന്‍ ദസൊകു, സെഷു, സെസ്സന്‍ എന്നീ അനുഗൃഹീത ചിത്രകാരന്മാരുണ്ടായി. മൊമോയാമ (1573-1614) ഘട്ടത്തിലാണ് എയ്ടൊകു (1543-90) മനോഹരമായ ക്ഷേത്രഫ്രെസ്കോകള്‍ നിര്‍മിച്ചത്. ഇക്കാലത്താണ് ഏകവര്‍ണരചനയില്‍ നിന്നും ബഹുവര്‍ണ രചനയിലേക്കും അമൂര്‍ത്തതയിലേക്കും ജപ്പാന്‍ ചിത്രകല വികസിക്കുന്നത്. മനുഷ്യരുടെ ജീവിതകഥ പറയുന്ന ഹിഡെയോരിയുടെ ചുരുള്‍ച്ചിത്രങ്ങളും, കൊയെറ്റ്സുവിന്റെ പ്രകൃതിദൃശ്യരചനകളും സമുറായ് കുടുംബക്കാരനായ നിതെന്‍, തൊഹാകു തുടങ്ങിയവര്‍ ഈ കാലത്തെ സമൃദ്ധമാക്കി.

സുദീര്‍ഘമായ തൊകുഗാവ (1614-1868) ഘട്ടത്തില്‍ പണ്ഡിതന്മാരും ഭരണാധികാരികളും ദാര്‍ശിനകരുമായ നിരവധി ചിത്രകാരന്മാര്‍ ചിത്രകലയില്‍ ഒരു വസന്തംതന്നെ വിടര്‍ത്തുകയുണ്ടായി. മരുയാമ ഒക്കിയോ, അയോക്കി മൊകുബെയ്, ബുഞ്ചോ, ബുസൊന്‍, ഹിരോഷിഗെ മുതലായവര്‍ ശ്രദ്ധേയരാണ്. പ്രകൃതിദൃശ്യരചനകള്‍കൊണ്ട് ചിത്രകലയില്‍ കവിത വിരിയിച്ച ഹൊകുസായ് (1760-1849) അവിസ്മരണീയനാണ്. ഛായാചിത്രരചനാവല്ലഭനായിരുന്ന കസാന്‍ (1793-1841) ഇക്കാലത്താണ് 'നംഗാ' എന്ന സ്കൂള്‍ രൂപീകരിച്ചത്. മെയ്ജി (1868-1919) ഘട്ടത്തില്‍ ടോക്യോ സ്കൂള്‍ പ്രൊഫസര്‍ന്മാരായിരുന്ന ഗാഹോ (1835-1908), കോജ്യോ (1806-1919) എന്നിവര്‍ നിരന്തരമായ ചൈനീസ് സമ്പര്‍ക്കംകൊണ്ട് പുതിയ സങ്കേതങ്ങള്‍ വികസിപ്പിക്കുകയും നിരവധി ചിത്രപ്രദര്‍ശനങ്ങളില്‍ക്കൂടി ആധുനിക ജാപ്പനീസ് ചിത്രകലയെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. യൂറോപ്യന്‍ കാല്പനിക പ്രസ്ഥാനത്തെ ജപ്പാനിലെത്തിച്ചത് സെയ്ഹോ (1864-1942) ആണ്. യൂറോപ്യന്‍ പ്രവണതകളും പൗരസ്ത്യ ഏകവര്‍ണശൈലിയും ചേര്‍ന്ന ഒരു നൂതനശൈലി കാഴ്ചവച്ചത് ഇദ്ദേഹമാണ്. യൂറോപ്യന്‍ സങ്കേതങ്ങളെ ജാപ്പനീസ് രീതികളുമായി സമന്വയിപ്പിച്ചത് തെയ്കാന്‍ (1868-1958) ആണ്. പ്രകൃതിദൃശ്യചിത്രങ്ങള്‍ക്ക് ഘടനാപരമായ രൂപപൂര്‍ണിമയും വിവിധ ഛവികളുടെ വിന്യാസ വൈവിധ്യത്തിലൂടെ അനുനിമിഷം മാറിമാറിവരുന്ന അന്തരീക്ഷത്തിന്റെ സാന്നിധ്യവും നല്കാന്‍ കഴിഞ്ഞു തെയ്കാന്. ഫ്യൂജി പര്‍വതത്തിന്റെ ചിത്രീകരണത്തില്‍ ഇദ്ദേഹം ഭൂമിയും ജലവും ആകാശവും അനന്തമായ കാലത്തിന്റെ സാര്‍വജനീനതയില്‍ മുങ്ങിമയങ്ങി നില്‍ക്കുന്നതായി നമ്മെ അനുഭവപ്പെടുത്തുന്നു.

ചൈനീസ് ചിത്രകല

താങ് യെന്‍ - ചൈനീസ് പെയിന്റിങ് (1523)

ചരിത്രാതീതകാലത്തെ ചൈനീസ് കളിമണ്‍പാത്രങ്ങള്‍ പരിശോധിക്കുന്ന ഒരാളിനു ചൈനീസ് ചിത്രകല ഏതുവഴിക്കാണു പോകുന്നതെന്നറിയാന്‍ കഴിയും. കളിമണ്‍പാത്രങ്ങളില്‍ അവര്‍ ചെയ്തിട്ടുള്ള ചിത്രപ്പണികള്‍ രേഖാപരമായ രൂപമാതൃകകളിലേക്കാണ് ചായുന്നത്. രേഖകളാണ് രൂപനിര്‍മിതിക്കുള്ള പ്രധാന മാര്‍ഗമെന്നും, ബാഹ്യലോകയാഥാര്‍ഥ്യം പകര്‍ത്തലല്ല അന്തഃസത്തയാണ് ചിത്രകലയില്‍ പ്രധാനമെന്നും കരുതിയ ചൈനീസ് ചിത്രകാരന്മാര്‍ കണ്‍ഫ്യൂഷ്യന്‍ ധര്‍മചിന്തയില്‍നിന്നും ബുദ്ധമതാശയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രം രചിച്ചു.

എ.ഡി. 4-ാം ശ. ത്തോടെ ബുദ്ധമതസ്വാധീനം പ്രബലമാവുകയും ബുദ്ധസന്ന്യാസിമാര്‍ രചനയാരംഭിക്കുകയും ചെയ്തു. ഇന്ത്യയിലെപ്പോലെ ഗുഹാചുവര്‍ചിത്രങ്ങള്‍ ഇവിടെയും ഉണ്ടായി. ചൈനയില്‍ ആറുരാജവംശങ്ങളുടെ കാലം മുതല്‍ റിപ്പബ്ലിക് കാലം വരെ നിരവധി പ്രധാന ഘട്ടങ്ങളാണ് ചിത്രകലയിലുള്ളത്.

ആറു രാജവംശ(എ.ഡി. 386-581)ങ്ങളുടെ കാലത്ത് ചാങ്സെങ്യൂ, കൂകൈചി, ലൂതാന്‍വെയ് എന്നിവരും സൂയിവംശ (581-618) കാലത്ത് ചാന്‍ തുചിയാന്‍, വേയ് ചി പോചിഹ്ന, എന്നിവരും ടാങ് (618-917) കാലത്ത് ചാങ് ഹ്സുവാന്‍, ചാങ് നാന്‍ പെന്‍ തുടങ്ങി 20-ഓളം വിശ്രുതന്മാരും അസംഖ്യം ഫ്രെസ്കോകളും ഛായാചിത്രങ്ങളും രചിക്കപ്പെട്ടു. അഞ്ചു രാജവംശ (907-960) കാലത്ത് പത്തോളം പ്രമുഖ ചിത്രകാരന്മാര്‍ പ്രകൃതി ദൃശ്യരംഗങ്ങളും ജീവജാല ചിത്രീകരണങ്ങളും നിര്‍വഹിച്ചു.

സുദീര്‍ഘമായ സുങ് വംശ (960-1279) കാലത്താണ് ചൈനീസ് സര്‍ഗവൈഭവം വികസ്വരമായത്. അമ്പതിലേറെ അനുഗ്രഹീത ചിത്രകാരന്മാര്‍ മൂന്നു നൂറ്റാണ്ടുകാലം ചൈനീസ് ചിത്രകലയെ പരിപുഷ്ടമാക്കി. താവോയിസ്റ്റ് രൂപങ്ങള്‍, പക്ഷിമൃഗാദികള്‍, വൃക്ഷലതാദികള്‍, പുഷ്പങ്ങള്‍ മുതലായവ വൈവിധ്യങ്ങളോടെ ഇക്കാലത്ത് ചിത്രീകൃതമായി. ചെന്‍-യുങ്ങിന്റെ ഗഗനചാരികളായ അദ്ഭുതജീവികള്‍-'ദ നയന്‍ ഡ്രാഗണ്‍സ്'-വിശ്രുതമാണ്. ലിയാങ് കൈ, ലിഷാന്‍, ലിതി, മാഓ ഈ, വുയുവാന്‍യൂ എന്നിവരുടെ രചനകള്‍ അമൂല്യ സമ്പത്തായി ചീനക്കാര്‍ കരുതുന്നു. യുവാന്‍ (1279-1368) കാലഘട്ടത്തിലെ സര്‍ഗധനരായ 20-ല്‍പ്പരം ചിത്രകാരന്മാരും, മിങ് വംശ (1368-1644) കാലത്തെ 30-ഓളം പ്രതിഭാശാലികളും, ചൈനീസ് സംസ്കാരത്തിന്റെ നാനാവശങ്ങളെയും ചൈനയുടെ പ്രകൃതി ദൃശ്യവൈവിധ്യത്തെയും ക്യാന്‍വാസുകളില്‍ പകര്‍ത്തി.

സമ്പന്നമായ ചിങ് വംശ(1644-1912)കാലത്തും കവിതയും ദര്‍ശനവും ചിത്രകലയിലൂടെ പകര്‍ന്ന അനേകം ചിത്രകാരന്മാരുണ്ട്. ബുദ്ധസന്ന്യാസിയും ഏകാന്തവാസിയും അദ്ഭുതസിദ്ധികളുള്ളവനുമായിരുന്ന ചൂതായും, ഹുവായെന്‍, ഹുങ് ജെന്‍, ലാങ് ഷിഹ്നിങ് താവോചി എന്നിവരും പ്രസിദ്ധരാണ്. ഉദ്യോഗസ്ഥന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ നിരവധി ചിത്രങ്ങള്‍ രചിച്ച വാങ് യുവാന്‍ ചി (1642-1715) വരയ്ക്കുമ്പോള്‍ അന്നത്തെ ചൈനീസ് സാര്‍വഭൌമന്‍ അദ്ഭുതം വിരിയുന്ന മിഴികളോടെ ക്യാന്‍വാസില്‍ നോക്കിനില്‍ക്കുമായിരുന്നത്രെ. ഇദ്ദേഹം ഒരു കലാസൈദ്ധാന്തികന്‍ കൂടിയായിരുന്നു. വു ലി, യുന്‍ഷൌപിങ്, യൂചീതിങ് എന്നിവരും ഇക്കാലത്തെ പ്രശസ്തന്മാരാണ്. കുങ് ഹ്സീനിന്റെ മനോഹരമായ ലാന്‍ഡ്സ്കേപ്പുകള്‍, കുന്റ്സാനിന്റെ പ്രതീകാത്മക ചിത്രങ്ങള്‍, ദാരുണമായ മനുഷ്യാവസ്ഥയുടെ വ്യാഖ്യാനങ്ങള്‍ എന്നിവ നിത്യസ്മരണീയങ്ങളാണ്. പ്രേമകവി കൂടിയായിരുന്ന താവോചി മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഷാനര്‍ചിത്രങ്ങളും വരച്ചതുകൂടാതെ 'ഹുവായുലൂ' എന്ന ചിത്രരചനാസിദ്ധാന്തങ്ങള്‍ അടങ്ങിയ ഒരു ഗ്രന്ഥവും രചിച്ചു. പിന്നീട് വാങ് എന്ന പേരില്‍ 4 പ്രസിദ്ധ ചിത്രകാരന്മാരുണ്ടായി ചൈനയില്‍. അവരിലൊന്നാമനായിരുന്നു വാങ് ഷിമിന്‍ (1592-1680). ഒരു പുല്ലാങ്കുഴല്‍ വായനക്കാരനുംകൂടിയായിരുന്നു വു-ലി (1632-1718). ഭൂഗര്‍ഭശാസ്ത്രജ്ഞനായിരുന്ന വുതാ ചെങ് (1835-1902) നിരവധി മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ രചിച്ചു. റിപ്പബ്ലിക് കാലവും (1912-നു ശേഷം) വളരെ സജീവമായിരുന്നു. ചൈനീസ് ചിത്രകലയിലെ 'പടുവൃദ്ധന്‍' എന്നറിയപ്പെടുന്ന ചി പൈ ഷിഹ് (1863-1957) ചിങ് വംശകാലത്തെ 'ചുതാ' എന്ന ചിത്രകലാപാരമ്പര്യമാണ് പിന്തുടര്‍ന്നത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളെ ലോകമെമ്പാടുമുള്ള ചിത്രകാരന്മാരും കലാസ്വാദകരും പ്രശംസിക്കുന്നുണ്ട്.

പേര്‍ഷ്യന്‍ ചിത്രകല

ഒരു പേര്‍ഷ്യന്‍ ചിത്രം

എ.ഡി. 7-ാം ശ. ത്തോടെ ഇസ്ലാംമതം പേര്‍ഷ്യയില്‍ കടന്നുവന്നു. ഖുര്‍-ആനോടും മറ്റുമതഗ്രന്ഥങ്ങളോടും ഉള്ള ആദരവില്‍ നിന്നാണ് കാലിഗ്രാഫിയും ഗ്രന്ഥങ്ങളെ മോടി പിടിപ്പിക്കുന്ന ചിത്രപ്പണികളും പേര്‍ഷ്യയിലാവിര്‍ഭവിക്കുന്നത്. 13-ാം ശ.-ത്തില്‍ കാലിഫുകളുടെ കാലത്ത് വിപുലമായ തോതില്‍ മാനുസ്ക്രിപ്റ്റ് ഇല്യൂമിനേഷനും ബാഗ്ദാദ് സ്കൂളിന്റെ ചുവട് പിടിച്ചുള്ള നിരവധി രചനകളുമുണ്ടായി. ഇക്കാലത്താണ് വിശ്രുതമായ മെറ്റീരിയാ മെഡിക്കാ എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന് ചിത്രീകരണമുണ്ടായതും ചൈനയില്‍ നിന്നും ചിത്രകാരന്മാരെ പേര്‍ഷ്യയില്‍ വരുത്തി ചിത്രരചനകള്‍ നടത്തിച്ചതും.

ആറു ചരിത്രഘട്ടങ്ങള്‍ പേര്‍ഷ്യന്‍ ചിത്രകലാ ചരിത്രത്തില്‍ കാണാം. ആദ്യകാല സസാനിയന്‍ (226-652) ഘട്ടത്തില്‍ മനീച്ചിയിസത്തിന്റെ സ്ഥാപകനായ മനിയുടെ നേതൃത്വത്തിലാവിഷ്കൃതമായ രചനാശൈലിയാണ് പേര്‍ഷ്യന്‍ ചിത്രകലയ്ക്ക് തുടക്കം കുറിക്കുന്നത്. 12-ഉം 13-ഉം ശ. ങ്ങളിലെ അബ്ബാസിഡ് കാലത്തു മെസപ്പൊട്ടേമിയനായ അബ്ദ് അള്ളാ ഇബ്ന്‍ അല്‍ ഫസല്‍ മെറ്റീരിയാ മെഡിക്കയ്ക്കു സസാനിയന്‍-ക്രൈസ്തവശൈലിയില്‍ ചിത്രീകരണം നല്‍കി. അല്‍ വാസിടി എന്ന ബാബിലോണിയന്‍ 96 മിനിയേച്ചറുകള്‍ വരച്ചു. ആഡംബരപൂര്‍ണമായ അല്‍ വാസിടി ശൈലിയില്‍ നിന്നാണ് ബാഗ്ദാദ് ശൈലിയും, മംഗോള്‍, ടൈമൂറിഡ് കാലഘട്ടങ്ങളിലെ ഇറാനിയന്‍ ചിത്രരചനാ പാരമ്പര്യവും ഉടലെടുക്കുന്നത്. ഇസ്ഫഹാനിലെ ജമാല്‍ ഇറാനിലെ ആദ്യകാലത്തെ ഏറ്റവും പ്രശസ്ത ചിത്രകാരനായിരുന്നു. മംഗോള്‍ (1256-1353) കാലഘട്ടത്തില്‍ മുഹമ്മദ് ബിന്‍-ഇ-മഹ്മൂവ് എല്‍ ബാഗ്ദാദി എന്ന മിനിയേച്ചറിസ്റ്റും ലോകചരിത്രത്തിനു സചിത്രവ്യാഖ്യാനം രചിച്ച കലാകാരനാണ്. ടൈമൂറിഡ് (1370-1500) കാലത്ത് അബ്ദുള്ള ബാഗ്ദാദിലെ ചക്രവര്‍ത്തിമാരുടെയും ജനറല്‍മാരുടെയും ഛായാചിത്രങ്ങളും ടൈമൂറിന്റെ യുദ്ധരംഗങ്ങളും വരച്ചു. ഹേരറ്റിലെ ഷാരൂഖിന്റെ കൊട്ടാരചിത്രകാരന്‍ അമീര്‍ ഖലീല്‍ വലിയൊരു പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റേതാണ് 'കലില വാഡിമ്നാ'. ബിഹ്സാദ് (കെമാല്‍) സുല്‍ത്താന്‍ ഹുസൈന്‍ മിര്‍സയുടെ കൊട്ടാരചിത്രകാരനായിരുന്നു. സാഫര്‍നാമാ, കമ്സാ ഒഫ് നിസാമി എന്നിവയുടെ ചിത്രീകരണം നിര്‍വഹിച്ച ബിഹ്സാദിന്റെ മിനിയേച്ചറുകള്‍ പ്രശംസനീയങ്ങളാണ്.

സഫാവിദ് (1502-1736) കാലഘട്ടത്തില്‍ ഇസ്ഫഹാന്‍കാരനായ അബ്ദുല്‍ സമദ്-ബുക്കാറ, ചിത്രകലാപ്രസ്ഥാന സ്ഥാപകനായി. യൂറോപ്യന്‍ രചനാരീതി പേര്‍ഷ്യയിലെത്തിച്ച മൗലാനാ ഷെയ്ക് മുഹമ്മദ് ഷിരാസി, ഹുമയൂണിന്റെ രാജസദസ്സിലെ മിര്‍ സയിദ് അലി, മിര്‍സാ അലി തുടങ്ങിയവര്‍ ശ്രദ്ധേയരായ ചിത്രകാരന്മാരാണ്. മുഹമ്മദ് ആഗാ സാദിക് ഇസ്ഫഹാനിലെ നാല്പത് തൂണുകളുള്ള മണ്ഡപത്തില്‍ പേര്‍ഷ്യന്‍-യൂറോപ്യന്‍ ശൈലികള്‍ സമന്വയിപ്പിച്ച് ഫ്രെസ്കോ നിര്‍മിച്ചു. യൂറോപ്യന്‍ സങ്കേതങ്ങളില്‍ പരീക്ഷണം നടത്തിയ മുഹമ്മദ് യൂസുഫ്, ഇറ്റാലിയന്‍ ശൈലികള്‍ സ്വാംശീകരിച്ച് രചന നടത്തിയ മുഹമ്മദ് സമന്‍ ബിന്‍ ഇ ഹാജി യൂസുഫ്, തുര്‍ക്കികള്‍ക്കു പ്രിയങ്കരനായ മുഹമ്മദ് റിസ, സുല്‍ത്താന്‍ ഇബ്രഹാം മിര്‍സായുടെയും ഉസ്താദ് വാലി ജാനിന്റെയും ഗുരുവായിരുന്ന സിയാവുഷ്, മിനിയേച്ചര്‍ ചിത്രകാരനും കാല്പനിക ശൈലിയില്‍ പ്രേമം, പ്രകൃതി എന്നിവ ചിത്രീകരിച്ച സുല്‍ത്താന്‍ മുഹമ്മദ് എന്നിവര്‍ പേര്‍ഷ്യന്‍ ചിത്രകലയ്ക്ക് അവിസ്മരണീയമായ സംഭാവനകള്‍ നല്കിയവരാണ്. ഉസ്താദ് മുഹമ്മദി ഹെരവി, നര്‍മരസാവിഷ്കാരത്തിന് പ്രസിദ്ധനായിരുന്നു. 'ദ ഹണ്ട്സ്മെന്‍ ഇന്‍ എ ലാന്‍ഡ്സ്കേപ്' എന്ന ചിത്രം സഫാവിദ് കാലഘട്ടകലയുടെ നല്ലൊരുദാഹരണമാണ്. സമകാലീന പേര്‍ഷ്യന്‍ ചിത്രകലയില്‍ ഹാജി മുസാവിര്‍ എല്‍മുല്കും മറ്റനേകം ചിത്രകാരന്മാരും കര്‍മനിരതരായിരുന്നു.

ഈജിപ്ഷ്യന്‍ ചിത്രകല

ഒരു ഈജിപ്ഷ്യന്‍ ചിത്രം

പ്രാചീന ഈജിപ്ഷ്യന്‍ ശില്പവേലയും ചിത്രരചനയും ഒരേപോലെ തന്നെയാണെന്നു അനഭിജ്ഞന്മാര്‍ക്കു തോന്നാമെങ്കിലും, രണ്ടിനും പ്രത്യേക നിയമവ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ആദ്യക്കാലത്തു വെറും രൂപരേഖകളും കാരിക്കേച്ചറുകളും മാത്രമായിരുന്നു. അവ ഒട്രാക എന്ന ഒരിനം ചുണ്ണാമ്പുകല്ല് പാളികളിന്മേലാണ് വരയ്ക്കപ്പെട്ടത്. ഈജിപ്ഷ്യന്‍ ശവകുടീരങ്ങളില്‍ വരയ്ക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളിലെ വര്‍ണങ്ങള്‍ ഇന്നും തെളിഞ്ഞു വിരാജിക്കുന്നു. പഴയ രാജകുടുംബാംഗങ്ങളുടെ ശവകുടീരങ്ങളില്‍ സ്മാരക ചുവര്‍ച്ചിത്രങ്ങള്‍ കാണാം. തീബ്സിലെ നെബാമണ്ണിന്റെ ശവകുടീരത്തിലെ ചിത്രം ബ്രിട്ടീഷ് മ്യൂസിയത്തില്‍ കാണാം. പരിപ്രേക്ഷ്യ ചിത്രീകരണനിയമങ്ങള്‍ ഈജിപ്തില്‍ വളരെ വൈകിയാണ് വന്നുചേര്‍ന്നത്. മധ്യകാല സാമ്രാജ്യങ്ങളുടെ കാലത്ത് ഭരണാധികാരികളുടെ ഛായാചിത്രങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.

ഈജിയന്‍ കല

മെഡിറ്ററേനിയന്‍ കടലിന്റെ ഓരം പറ്റിക്കിടക്കുന്ന ക്രീറ്റ് ദ്വീപിലെയും ഈജിയന്‍ കടലിലെ മറ്റു ദ്വീപുകളിലെയും കടലോട്ടക്കാരായ ജനതകളുടെ സ്വതന്ത്രജീവിത വീക്ഷണവും ആത്മവിശ്വാസവും അവരുടെ കലാസൃഷ്ടികളില്‍ കാണാം. 1899-ല്‍ ആര്‍തര്‍ ഇവാന്‍സ് ആരംഭിച്ച ഭൂഗര്‍ഭ ഗവേഷണങ്ങള്‍ ക്രീറ്റിന്റെ (മിനോവന്‍ ജനതയുടെ) പൂര്‍വകാല ചരിത്രം പുറത്തുകൊണ്ടുവന്നു. ബി.സി. 700-ല്‍ ഉണ്ടായ ഒരു ഭൂകമ്പത്തില്‍ നശിച്ച ഒരു വന്‍കൊട്ടാരവും മറ്റു ചെറിയ കൊട്ടാരങ്ങളും കണ്ടെടുക്കപ്പെട്ടപ്പോള്‍ ഗ്രീക് ഇതിഹാസകഥകളില്‍ പലതും കടങ്കഥയല്ലെന്നു വന്നു. ഈ കൊട്ടാരത്തിന്റെ അകച്ചുവരുകള്‍ നിറയെ ഫ്രെസ്കോ ചിത്രങ്ങളാല്‍ അലങ്കൃതമായിക്കണ്ടു. മിനോവന്‍ ജനതയുടെ പ്രകൃതിസ്നേഹവും ദീനകാരുണ്യവും കാണിക്കുന്ന അവയില്‍ ചിലത് നൈസര്‍ഗിക ശൈലിയില്‍ വരയ്ക്കപ്പെട്ടവയാണ്. ജലാശയത്തില്‍ നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ചിത്രം മനോഹരമാണ്. കായികാഭ്യാസികളുടെയും രഥയാത്രചെയ്യുന്നവരുടെയും രൂപങ്ങള്‍ക്ക് 2500 വര്‍ഷത്തെ പഴക്കമുണ്ട്. വളരെ ലളിതമായ ഈ ചിത്രണരീതി ആധുനികാഭിരുചിക്ക് ആസ്വാദ്യകരമായി തോന്നുന്നതാണ്.

ക്രൈസ്തവ ചിത്രകല

ആദ്യകാല മാതൃകകള്‍

ആദ്യകാല ക്രൈസ്തവ ചിത്രകലയ്ക്കു പ്രചോദനം നല്കിയ റോമന്‍ ചിത്രകലയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോഴും വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. എ.ഡി. 1-ാം ശ.-ത്തിലുള്ള ക്രിസ്ത്യന്‍ ചിത്രകലാമാതൃകകള്‍ വളരെ ചെറിയ തോതില്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ കാലഘട്ടത്തിലെ ചുവര്‍ച്ചിത്രങ്ങള്‍, മൊസൈക്കുകള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എ.ഡി. 410-നുശേഷം ശവകുടീരങ്ങള്‍ ചിത്രമെഴുതി മോടിപിടിപ്പിക്കുന്ന പണി അവസാനിച്ച് പകരം, വലിയ ചിത്രങ്ങള്‍ രചിക്കപ്പെടുവാന്‍ തുടങ്ങി. ഇതിനു നേതൃത്വം നല്കിയത് ക്രിസ്തീയ ദേവാലയങ്ങളായിരുന്നു. ചുവരിലെ പാനലുകള്‍ ചിത്രീകൃതമാക്കിയും ക്രിസ്തീയദേവാലയച്ചുവരുകളില്‍ ചിത്രമെഴുതിയും കല മുമ്പോട്ടുപോയി. എങ്കിലും വ്യക്തമായ ക്രിസ്തീയ ഉള്ളടക്കമുള്ള മൊസൈക് ചിത്രമുണ്ടാകുന്നത് റോമില്‍ ആണ്. ഏതാണ്ട് എ.ഡി. 400-ല്‍ രചിക്കപ്പെട്ട ഇതില്‍ പ്രതീകാത്മകരൂപങ്ങള്‍ കാണാം. റാവെന്നയിലുള്ള ഒരുകൂട്ടം പള്ളികളില്‍ (ഒസ്ട്രോഗോത്തുകളുടെയും, എക്സാര്‍ച്ചേറ്റുകളുടെയും) 5-ാം ശ. ത്തിനും 7-ാം ശ. ത്തിനുമിടയില്‍ നിര്‍മിച്ച നിരവധി മനോഹരമായ മൊസൈക് ദ്വിമാന ക്രിസ്ത്യന്‍ ചിത്രങ്ങള്‍ കാണുന്നു. 7-ഉം 8-ഉം ശ. ങ്ങളിലെ ഫ്രെസ്കോകളും മൊസൈക്കുകളും പരന്നവയും കോണങ്ങളായി തിരിഞ്ഞ് രൂപങ്ങള്‍ വേറിട്ടു നില്‍ക്കുന്ന തരത്തിലുള്ളവയുമാണ്. ഉദാഹരണം 'സാന്‍പിയട്രോ' (വിന്‍കൊളി റോം). മരിയ അന്റിക്വാ (റോം)യിലെ ചിത്രങ്ങളും മിലാനിന് സമീപമുള്ള കാസ്റ്റല്‍ സെപ്രിയോയിലെ ഫ്രെസ്കോകളും ക്ലാസ്സിക്കല്‍ പ്രവണതയുള്ളതായ മനോഹരമായ സൃഷ്ടികളാണ്. ആദ്യകാല ക്രൈസ്തവകല ഏറ്റവും വ്യക്തമായി പ്രകടിതമായിട്ടുള്ളത് കൈയെഴുത്തുപ്രതികളില്‍ കാണുന്ന ചിത്രീകരണ വൈവിധ്യത്തിലാണ്.

ബൈസാന്തിയന്‍ ചിത്രകല

'ബൈസാന്തിയന്‍' എന്ന പദം കൊണ്ട് ചിത്രകലയില്‍, മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ ആദ്യകാല ക്രൈസ്തവ ജനതകളുടെ രചനകളെയാണുദ്ദേശിക്കുന്നത്. ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഇറ്റലിയിലെ റാവെന്നയില്‍ കാണുന്ന എ.ഡി. 5-ാം ശ.-ത്തിലെ 'ഗുഡ് ഷെപ്പേര്‍ഡും' 6-ാം ശ.-ത്തിലെ 'ജസ്റ്റിനിയന്‍ ആന്‍ഡ് ഹിസ് കോര്‍ട്ടും' ആദ്യകാല ബൈസാന്തിയന്‍ ചിത്രകലയ്ക്കുദാഹരണമാണ്. മതപരമായ വികാരങ്ങള്‍ ദ്വിമാനദൃശ്യങ്ങളാക്കി വര്‍ണശബളിമയോടെ ആവിഷ്കരിക്കുകയായിരുന്നു ബൈസാന്തിയന്‍ കലാകാരന്‍. വിഗ്രഹാരാധനാ വിലക്കുകള്‍ 9-ാം ശ.-ത്തില്‍ നിലവിലിരുന്നപ്പോള്‍പ്പോലും ചിത്രങ്ങളിലൂടെ മതാദര്‍ശങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിരുന്നു. ഈ ശൈലിയില്‍ കൂടുതലും മൊസൈക് രചനകളാണുള്ളത്. ക്രൂശിതനായ ക്രിസ്തുവിന്റെ മൊസൈക് ചിത്രങ്ങള്‍ നിരവധിയാണ്. ഭാവാവിഷ്കരണവൈഭവമാണ് ബൈസാന്തിയന്‍ മൊസൈക് ചിത്രങ്ങളെ അവിസ്മരണീയമാക്കുന്നത്.

മാസിഡോണിയന്‍ കാലം (869-1081) ആണ് ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണകാലം. അക്കാലത്ത് അനേകം മൊസൈക് ചിത്രങ്ങള്‍ ഉണ്ടായി. ക്രിസ്തീയ മതാദര്‍ശങ്ങളുടെ മൂര്‍ത്തീഭാവമായ ബൈസാന്തിയന്‍ ചിത്രകല പില്ക്കാലത്ത് നിരവധി കലാസാംസ്കാരിക പ്രസ്ഥാനങ്ങളെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്.

റോമനെസ്ക് ചിത്രകല

11-ഉം 12-ഉം ശ.-ങ്ങളില്‍ യൂറോപ്പില്‍ പലഭാഗത്തും നിലവില്‍വന്ന മ്യൂറല്‍, മൊസൈക് ചുവര്‍ച്ചിത്രകലയെയാണ് 'റോമനെസ്ക്' എന്നു വിളിക്കുന്നത്. കഴിഞ്ഞകാല ക്ലാസ്സിക് പൈതൃകത്തിന്റെയും ജര്‍മന്‍-കെല്‍ടിക്-പൗരസ്ത്യപാരമ്പര്യങ്ങളുടെയും ഒരു സമന്വയമാണ് റോമനെസ്ക് കല. ലത്തീന്‍ഭാഷയും ക്രിസ്ത്യന്‍ സാഹിത്യവും ആണ് ഇതിനു പ്രചോദനം നല്കിയ ഘടകങ്ങള്‍. റോമനെസ്ക് മ്യൂറല്‍ ചിത്രകലയെ ബൈസാന്തിയന്‍ മാതൃകകള്‍ സ്വാധീനിച്ചു.

മധ്യകാല ഇറ്റാലിയന്‍ കല

13-ാം ശ.-ത്തില്‍ പ്രാദേശിക ഫ്രെസ്കോ രചനാ പ്രസ്ഥാനങ്ങള്‍ ഇറ്റലിയിലെവിടെയും പ്രത്യക്ഷമായി. മിക്ക ചിത്രകാരന്മാരും മാതൃകയാക്കിയത് ബൈസാന്തിയന്‍-മൊസൈക് ചിത്രങ്ങളെയായിരുന്നു. എന്നാല്‍ ഫ്രെസ്കോ രചന നിരവധി വ്യക്തിഗത ശൈലികളിലൂടെ വളര്‍ന്ന് 14-ാം ശ.-ത്തില്‍ മുഖ്യമാധ്യമമായി മാറി. പള്ളി തന്നെയാണ് പ്രോത്സാഹനം നല്കിയത്. അസ്സീസ്സി പട്ടണം മധ്യകാല ഇറ്റാലിയന്‍ ക്രൈസ്തവകലയുടെ ഒരു സംഗമകേന്ദ്രമായി. ഇക്കാലത്തെ പ്രശസ്ത ചിത്രകാരനായ ഗിയൊവന്നി സിമാബു (1240-1302)വിനെക്കുറിച്ച് ദാന്തെയും ജോര്‍ജ് വസാറിയും പ്രസ്താവിക്കുന്നുണ്ട്. വസാറിയുടെ അഭിപ്രായത്തില്‍ പിസാ കത്തീഡ്രലിലെ മൊസൈക്, ഉഫീസിയിലെ 'മഡോണയും മാലാഖമാരും' എന്ന പാനല്‍ ചിത്രം, സാന്‍ഫ്രാന്‍സിസ്കോ (അസ്സീസ്സി) യിലെ സെന്റ് ഫ്രാന്‍സിസ് തുടങ്ങിയവ സിമാബുവിന്റേതാണ്. എന്നാല്‍ അതികായനായ ഗിയോട്ടോ (1266-1337) സിമാബുവിന്റെ പാരമ്പര്യം തുടര്‍ന്നുകൊണ്ട് 'ഫ്ളൈറ്റ് ഇന്റു ഈജിപ്ത്', 'അന്ത്യവിധി', പാദുവയിലെ 'ക്രൂസിഫിക്ഷന്‍' എന്നിങ്ങനെ നിരവധി പ്രസിദ്ധമായ ഫ്രെസ്കോ ചിത്രങ്ങള്‍ രചിച്ച് വസാറിയുടെ മുക്തകണ്ഠമായ പ്രശംസ നേടി. മറ്റു ചിത്രകാരന്മാരുടെ രചനാശൈലി കടമെടുക്കുന്ന സമ്പ്രദായം ഗിയോട്ടോയോടുകൂടി അസ്തമിച്ചു. തുടര്‍ന്നുവന്ന മസാച്ചിയോ (1401-28) ഇറ്റാലിയന്‍ ചിത്രകല, നവോത്ഥാനകലയിലേക്കു വികസ്വരമാകുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ്.

ഗിയോട്ടോയുടെ സമകാലികനായ ഡൂച്ചിയോ ദി ബുവോനിന്‍ സെനാ (1255-1318) യുടെ ദുസെല്ലായിലെ മഡോണ വിശ്രുതമാണ്. സിയന്നീസ് ചിത്രകലാപ്രസ്ഥാനത്തിന്റെ ജനയിതാവായ ഡ്യൂച്ചിയോ പലാസോ പബ്ലിക്കോയിലെ ചാപ്പലിലേക്കുള്ള മാജെസ്റ്റാസ് പാനല്‍ വരച്ചു പൂര്‍ത്തിയാക്കിയപ്പോള്‍ (1311) പ്രഭുക്കന്മാരും വൈദികരും ജനങ്ങളും ഒരു ഗംഭീര പ്രകടനത്തോടെയാണ് അതിനെ കത്തീഡ്രലിലേക്ക് കൊണ്ടുപോയത്. ഡൂച്ചിയോയുടെ അനുകരണീയമായ ശൈലിയെ അനുധാവനം ചെയ്ത മധ്യകാല ക്രൈസ്തവ ചിത്രകാരന്മാരില്‍ പ്രധാനിയാണ് സീമോണ്‍ മാര്‍ട്ടിനി (1284-1344). അദ്ദേഹം 'റോബര്‍ട്ട് ഒഫ് അഞ്ചൌവിന്റെ കിരീടധാരണം', 'സാന്ത് അന്‍സാനോ അനണ്‍സിയേഷന്‍', 'ക്രൈസ്റ്റ് റിടേണിങ് ഫ്രം ദ ടെമ്പിള്‍' എന്നിങ്ങനെ നിരവധി പ്രസിദ്ധ ചിത്രങ്ങളിലൂടെ അനശ്വരനായി; ഗോഥിക് വര്‍ണപ്പൊലിമയും വികാരപാരവശ്യവും ഈ രചനകളില്‍ പ്രകടമാണ്. സീമോണിനെപ്പോലെ വികാരതീവ്രത ചിത്രങ്ങളില്‍ പ്രകാശിപ്പിച്ച ചിത്രകാരനാണ് ലോറന്‍സെറ്റി സഹോദരന്മാരിലെ പീട്രോ. അദ്ദേഹം പീഡിതനായ ക്രിസ്തുവിന്റെ യാതനാനിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ നിയുക്തനായി. 'സെന്റ് കാതെറൈന്‍' വിശ്രുതമായ ചിത്രമാണ്. പീട്രോയുടെ രൂപങ്ങള്‍ക്ക് പ്രതിമാശില്പങ്ങളുടെ സ്വഭാവമുണ്ട്. പീട്രോയുടെ സഹോദരനായ അംബ്രോജിയോ രക്തസാക്ഷിയായ ഒരു ഫ്രാന്‍സിസ്കന്‍ സന്ന്യാസിയുടെ ചിത്രം വരച്ച് പ്രസിദ്ധനായി. 'നല്ലതും ചീത്തയുമായ ഭരണകൂടങ്ങള്‍' എന്ന അന്യാപദേശരീതിയിലുള്ള സന്മാര്‍ഗപ്രേരകമായ ഫ്രെസ്കോ പാനലിലൂടെയാണ് ഇദ്ദേഹം അനശ്വരനായത്. 1384-ലുണ്ടായ പ്ലേഗില്‍ അന്തരിച്ച ഈ ചിത്രകാരന്മാര്‍ നമ്മെ നവോത്ഥാനകലയുടെ വാതില്‍ക്കല്‍ എത്തിക്കുന്നു.

നവോത്ഥാന ചിത്രകല

ഫ്ലോറന്‍സിന്റെ സംഭാവന

വിശ്വചിത്രകലയിലെ അനശ്വരവും ഏറ്റവും സമൃദ്ധവുമായ കാലഘട്ടം-നവോത്ഥാനം-ഇറ്റലിയിലെ ഫ്ലോറന്‍സിലാണ് ആവിര്‍ഭവിക്കുന്നതും അത്യുന്നതങ്ങളില്‍ എത്തുന്നതും. യൂറോപ്യന്‍ നവോത്ഥാന സംസ്കൃതിയുടെ അനശ്വരമായ സ്മാരകങ്ങള്‍ സൃഷ്ടിക്കാന്‍ ദിവ്യമായൊരു പ്രചോദനത്താല്‍ നിയുക്തരായവരില്‍ ഒന്നാമന്‍ വിശ്രുതമായ 'ട്രിബൂട്ട് മണി' രചിച്ച മസാച്ചിയോ (1401-28) ആയിരുന്നു. ഗിയോട്ടോ നിര്‍ത്തിയിടത്തുനിന്ന് തുടങ്ങുന്ന മസാച്ചിയോ ക്ലാസ്സിസിസത്തെ 15-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ഒരുപടി മുന്നോട്ടുകൊണ്ടുപോയി. രൂപവിധാനത്തിലും പരിപ്രേക്ഷ്യത്തിലും ചിത്രത്തിലെ സ്പേസിന്റെ ബോധപൂര്‍വവും കലാപരവുമായ വിനിയോഗത്തിലും ശ്രദ്ധവച്ച മസാച്ചിയോയുടെ പ്രശസ്തരചനകള്‍ 'മഡോണ ആന്‍ഡ് ചൈല്‍ഡ്', 'സെന്റ് പീറ്റര്‍ ബാപ്ടൈസിങ്' എന്നിവയാണ്.

മൊണാലിസ - ദാവിഞ്ചി

പൗളോ ഉച്ചെല്ലോ (1397-1475) എന്ന ഫ്ലോറന്റയിന്‍ ചിത്രകാരന്‍ നവോത്ഥാന ചിത്രകലാശൈലിയെ കരുപ്പിടിപ്പിക്കാന്‍ തന്റെ വ്യക്തമായ പങ്കു വഹിച്ചു. ബൈബിള്‍ വിഷയമാക്കിയുള്ള രചനകളും ഫ്രെസ്കോ സൈക്കിള്‍ കൂടാതെ, പ്രളയം, നോവയുടെ ത്യാഗം, ലഹരിയില്‍പ്പെട്ട നോവ എന്നിവയുംകൊണ്ട് ഇദ്ദേഹം നവോത്ഥാന ചിത്രകലയെ സമ്പന്നമാക്കി. ഒരു കാര്‍മലൈറ്റ് സന്ന്യാസികൂടിയായിരുന്ന ഫ്രാ ഫിലിപ്പോ ലിപ്പി (1406-69) പ്രാറ്റോ കത്തീഡ്രലിലെ ഫ്രെസ്കോകള്‍ രചിച്ച വിശ്രുതനാണ്. ചിത്രകലയെ ശാസ്ത്രീയ അടിത്തറയില്‍ പ്രതിഷ്ഠിച്ചവരില്‍ പ്രമുഖനായിരുന്ന ആന്‍ഡ്രിയാഡെല്‍ കാസ്റ്റാനോ (1421-57) രചിച്ച മൂന്ന് പ്രസിദ്ധ ഫ്രെസ്കോകളും 'ലാസ്റ്റ് സപ്പര്‍', 'എന്റോംബ്മെന്റ് ആന്‍ഡ് റിസറക്ഷന്‍' എന്നീ ചിത്രങ്ങളും വളരെ ശ്രദ്ധേയമാണ്. രൂപങ്ങള്‍ക്ക് ദിവ്യതയുടെ പരിവേഷം ചാര്‍ത്താന്‍ തലയ്ക്കു ചുറ്റും പ്രകാശവലയം (halo) ആദ്യമായി അവതരിപ്പിച്ച കാസ്റ്റാനോ, അനാട്ടമി, പ്രകാശം, നിഴല്‍ എന്നിവയുടെ പരിപ്രേക്ഷ്യപരമായ പ്രാധാന്യം മനസ്സിലാക്കി പ്രയോഗത്തില്‍ വരുത്തുകയും നവേത്ഥാന ചിത്രകലയ്ക്കു പുതിയൊരു മാനം നല്കുകയും ചെയ്തു.

ടസ്കനിക്കാരനായ പിയറോ ഡെല്ലാ ഫ്രാന്‍സെസ്കാ (1416?-92) 'ദ ലജന്റ് ഒഫ് ഫൈന്‍ഡിങ് ഒഫ് ദ ട്രൂ ക്രോസ്' എന്ന വിഖ്യാതമായ ഫ്രെസ്കോ സൈക്കിള്‍ രചിച്ചു. കൂടാതെ 'ക്രിസ്തുവിന്റെ ജ്ഞാനസ്നാന'ത്തില്‍ തനതായൊരു ശൈലി കാഴ്ചവച്ചു. ഫ്ലോറന്‍സിലെ സ്വര്‍ണപ്പണിക്കാരനായ ആന്‍ഡ്രിയാ ഡെല്‍ വെറോച്ചിയോ (1435-88) ഡാവിഞ്ചിയുടെയും ലോറന്‍സോഡി ക്രെഡിയുടെയും ഗുരുനാഥനായിരുന്നു. ഇദ്ദേഹത്തിന്റെ അത്യുത്തമരചനയാണ് ഉഫീസി ഗ്യാലറിയിലെ 'ക്രിസ്തുവിന്റെ ജ്ഞാനസ്നാനം'. ഇദ്ദേഹം ഡാവിഞ്ചിയെയും ബോട്ടിസെല്ലിയെയും ശക്തമായി സ്വാധീനിച്ചു. നവോത്ഥാനചിത്രകലയെ ഔന്നത്യത്തിലേക്കുയര്‍ത്തിയ അസാമാന്യ പ്രതിഭാശാലിയായ സാന്‍ട്രോ ബോട്ടിസെല്ലി (1445-1510) യുടെ മാസ്റ്റര്‍പീസുകള്‍ 'അഡൊറേഷന്‍ ഒഫ് ദ മാജൈ', 'ബര്‍ത്ത് ഒഫ് വീനസ്', 'സ്ഫിങ്ക്സ്' എന്നിവയാണ്. ദാന്തെയുടെ 'ഡിവൈന്‍ കോമഡിയ്ക്ക്' ഇദ്ദേഹം ചിത്രവ്യാഖ്യാനങ്ങള്‍ രചിച്ചു.

മഹാനായ ലിയൊനാര്‍ഡോ ഡാവിഞ്ചിക്ക് (1452-1519) സമശീര്‍ഷനായി മൈക്കലാഞ്ചലോയും റാഫേലും മാത്രമേയുള്ളൂ. സംഗീതം, എന്‍ജിനീയറിങ്, രാജ്യതന്ത്രജ്ഞത, ശില്പകല എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ രണ്ടു ചിത്രങ്ങളാണ് 'അന്ത്യതിരുവത്താഴവും' (ലാസ്റ്റ് സപ്പര്‍), 'മോണാലിസ'യും. 'മഡോണ ഒഫ് ദ റോക്സ്' എന്ന ആദ്യ ചിത്രം തന്നെ ഡാവിഞ്ചിയുടെ അസാധാരണമായ പ്രതിഭയ്ക്ക് സാര്‍വത്രികമായ അംഗീകാരം നേടിക്കൊടുത്തു.

ആദമിന്റെ സൃഷ്ടി - മൈക്കലാഞ്ചലോ

അനശ്വരനായ മൈക്കലാഞ്ചലോ (1475-1564) ഡാവിഞ്ചിയുടെ സമകാലികനായിരുന്നു. ചിത്രകലയുടെ മാത്രമല്ല, എല്ലാ സുന്ദരകലകളുടെയും ഒരു വിശ്വപ്രതിനിധിയായി ലോകം കാണുന്ന മൈക്കലാഞ്ചലോ നവോത്ഥാന ചിത്രകലയെ അതിന്റെ അത്യുന്നത ശൃംഗത്തിലെത്തിച്ചു. റോമന്‍ ശില്പവിദ്യയുടെ പൊരുള്‍ ഗ്രഹിക്കാന്‍ മൈക്കലാഞ്ചലോ ഫ്ലോറന്‍സില്‍നിന്നും റോമിലെത്തി. ഇദ്ദേഹം രചിച്ച ആദ്യത്തെ പ്രസിദ്ധചിത്രമാണ് ഉഫീസിയിലിരിക്കുന്ന 'ദിവ്യകുടുംബം'. മൈക്കലാഞ്ചലോയുടെ മഹാപ്രതിഭ കണ്ട പോപ്പ് സിസ്റ്റൈന്‍ ചാപ്പലിന്റെ കുംഭഗോപുരത്തിന്റെ ഉള്‍ഭാഗത്തെ വിശാലമായ മച്ചില്‍ ഫ്രെസ്കോ ചിത്രങ്ങള്‍ രചിക്കാന്‍ ഇദ്ദേഹത്തെ നിയോഗിച്ചു. നാലുവര്‍ഷം കൊണ്ട് ആ മഹത്യജ്ഞം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇദ്ദേഹത്തിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. മൈക്കലാഞ്ചലോയുടെ വിഖ്യാതസൃഷ്ടികള്‍ 'ഈശ്വരന്‍ ആദാമിനെ സൃഷ്ടി' ക്കുന്നിടം മുതല്‍ നീണ്ടുപോകുന്നു. അന്തിമവിധി (സിസ്റ്റൈന്‍ ചാപ്പലിലെ അള്‍ത്താര ചുവരില്‍ വച്ചിട്ടുള്ളത്) പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ശില്പങ്ങളായ ല പിയാത്തയും, ഡേവിഡും മറ്റും ചിത്രങ്ങളെപ്പോലെ അനശ്വരങ്ങളാണ്.

റാഫേല്‍ സാന്തി (1430-1520) നവോത്ഥാന ചിത്രകലാനഭസ്സിലെ ശുക്രനക്ഷത്രമാണ്. 37-ാം വയസ്സില്‍ അന്തരിച്ച റാഫേലിന്റെ സര്‍ഗരചനാജീവിതം മൂന്നു പ്രധാനഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഡൊണാറ്റെല്ലോ, ഡാവിഞ്ചി, മൈക്കലാഞ്ചലോ എന്നീ അതികായന്മാരുടെ എല്ലാ ചിത്രങ്ങളും സശ്രദ്ധം പഠിച്ചുകൊണ്ട് പെറുഗിനോയുടെ മധുരവും വികാരചപലവുമായ ശൈലിയില്‍ത്തുടങ്ങി തന്റെ 'സ്പോസാലിസിയോ' യിലൂടെ മോര്‍ഗണ്‍ അള്‍ത്താരചിത്രത്തില്‍ എത്തുമ്പോഴേക്കും ശുദ്ധ ഫ്ലോറന്റയിന്‍ നവോത്ഥാന ക്ലാസ്സിക്, റിയലിസ്റ്റ് പ്രൌഢശൈലിയിലെത്തിച്ചേരുന്നു. തുടര്‍ന്ന് ഇദ്ദേഹം നിരവധി അര്‍ധകായ മഡോണകള്‍ രചിച്ചു. അവസാനത്തെ റോമന്‍ ഘട്ടത്തില്‍ വത്തിക്കാനില്‍ വരച്ചുതീര്‍ത്ത ചിത്രങ്ങളില്‍ മൈക്കലാഞ്ചലോയുടെ സ്വാധീനമുണ്ടെങ്കിലും അവയില്‍ നവീനമായൊരു ശാന്തതയും ഗാംഭീര്യവും പകരുകയുണ്ടായി. 'ഡീസ്പ്യൂടാ', 'സ്കൂള്‍ ഒഫ് ആഥന്‍സ്', 'പാര്‍നാസസ്', 'ജൂറിസ്പ്രൂഡന്‍സ്' എന്നിവ രചിക്കുമ്പോള്‍ 28 കാരനായ റാഫേല്‍ മഹാന്മാരായ സമകാലികന്മാര്‍ക്ക് അജയ്യനായൊരു പ്രതിയോഗിയായി. വിശ്രുതമായ 'സ്കൂള്‍ ഒഫ് ആഥന്‍സ്' എന്ന മാസ്റ്റര്‍പീസ് ത്രിമാന പരിപ്രേക്ഷ്യത്തിന്റെ വിജയം മാത്രമല്ല, വിഷയത്തിനനുയോജ്യമായ വിധത്തില്‍ എങ്ങനെ ഓരോ വ്യക്തിയെയും ആവിഷ്കരിക്കണമെന്നു കാണിക്കുകയും ചെയ്യുന്നു. ഈ ബൃഹത്ഫ്രെസ്കോ ചിത്രമധ്യത്തില്‍ സംസാരിച്ച് നടന്നുവരുന്ന വന്ദ്യവയോധികന്മാരായ പ്ലേറ്റോയെയും അരിസ്റ്റോട്ടലിനെയും അവതരിപ്പിച്ചുകൊണ്ട് പ്രാചീനയവനചിന്തകന്മാരുടെ വിവിധ വിഷയങ്ങളില്‍ വിവാദം നടത്തുന്ന ഗ്രൂപ്പുകളെയും കാഴ്ച വയ്ക്കുന്നു. അവര്‍ പ്രത്യക്ഷപ്പെടുന്ന പടുകൂറ്റന്‍ ഹാളാകട്ടെ ക്ലാസ്സിക്കല്‍ വാസ്തുശില്പമാതൃകയിലുള്ള ഒരു സാങ്കല്പിക കെട്ടിടത്തിന്റെ ഭാഗമാണ്. റാഫേലിന്റെ 'നീണ്ടകഴുത്തുള്ള മഡോണ'യും 'ദ ട്രയംഫ്' എന്ന ചിത്രവും ഒട്ടനവധി ക്ലാസ്സിക്കുകളും കൂട്ടിവച്ച് ചിന്തിക്കുമ്പോള്‍ റാഫേലിനെ ഇറ്റാലിയന്‍ നവോത്ഥാന ചിത്രകലയിലെ ഉത്തുംഗകാലത്തിന്റെ വിജയകരമായ പരിസമാപ്തിയായി ചിത്രീകരിക്കാം.

ഒരു മാനറിസ്റ്റ് ചിത്രകാരനായ ആന്‍ഡ്രിയാ ഡെല്‍ സാര്‍ടോ (1486-1531) യുടെ പ്രസിദ്ധ രചനകളിലൊന്നാണ് മഡോണ ഒഫ് ദ് ഹാര്‍പീസ്. ഈ രചനയില്‍ ത്രിമാന പരിപ്രേക്ഷ്യത്തില്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന പിരമിഡല്‍ ഘടനാരീതിയാണ് പ്രയോഗിച്ചിട്ടുള്ളത്. മറ്റൊരു വിശ്രുതനായ ചിത്രകാരനും കലാചരിത്രകാരനുമായ വസാറിയുടെ ചിത്രങ്ങള്‍ മാനറിസ്റ്റു പ്രസ്ഥാനത്തിലാണുള്‍പ്പെടുത്തുന്നത്.

വെനീസിന്റെ സംഭാവന

നവോത്ഥാന ചിത്രകലയ്ക്ക് മികച്ച സംഭാവന നല്കിയ വെനീഷ്യന്‍ ചിത്രകാരന്മാരില്‍ പ്രധാനിയാണ് ബെല്ലിനി സഹോദരന്മാരില്‍ ഒരാളായ ഗിയോവന്നി ബെല്ലിനി (1430-1516). ഇദ്ദേഹത്തിന്റെ രചനകളില്‍ പ്രസിദ്ധമായ ഒന്നാണ് 'അഗണി ഇന്‍ ദ് ഗാര്‍ഡന്‍'. പ്രസിദ്ധ ജര്‍മന്‍ ചിത്രകാരനായ ഡ്യൂറര്‍ റോമിലെത്തിയപ്പോള്‍ അക്കാലത്തെ ഏറ്റവും വലിയ ഇറ്റാലിയന്‍ ചിത്രകാരനായി ഗിയോവന്നിയെ വിശേഷിപ്പിച്ചു. നിറത്തെയും പ്രകാശത്തെയും അതിവിദഗ്ധമായി കൈകാര്യം ചെയ്യുവാന്‍ കഴിയുമെന്ന് തെളിയിച്ച നിരവധി ചിത്രങ്ങളിലൊന്നാണ് 'ദ് ഫീസ്റ്റ് ഒഫ് ദ് ഗോഡ്സ്'.

ആന്‍ഡ്രിയാ മാന്റെഗ്നാ (1431-1506) യുടെ ചിത്രങ്ങളില്‍ ഫ്ലോറന്‍സിന്റെ സ്വാധീനമുണ്ടായിരുന്നു. പാദുവയിലെ പ്രസിദ്ധ എറിമിറ്റാനി ദേവാലയത്തിലെ ഫ്രെസ്കോ, ബന്ധനസ്ഥനായി ശരമേറ്റ് നില്‍ക്കുന്ന സെന്റ് സെബാസ്റ്റ്യന്റെ ചിത്രം, സെന്റ് ജെയിംസിന്റെയും സെന്റ് ക്രിസ്റ്റഫറിന്റെയും ജീവിതത്തെ അധികരിച്ച് വരച്ച ചിത്രങ്ങള്‍ എന്നിവയില്‍ പരിപ്രേക്ഷ്യ പദ്ധതിയുടെ വിപുലവും ശക്തവുമായ പ്രയോഗം കാണാം. നാടകീയത ജനിപ്പിക്കാന്‍ രൂപങ്ങളെ ഒട്ടൊന്ന് ചെറുതാക്കിക്കാണിക്കുന്ന ഫോര്‍ഷോര്‍ട്ടെനിങ് സമ്പ്രദായവും അദ്ദേഹം അവതരിപ്പിക്കുന്നു. പരിപ്രേക്ഷ്യ സിദ്ധാന്തത്തിന്റെ പ്രയോഗത്തില്‍ ഒരു പടികൂടി കടന്ന് ഈ ചിത്രകാരന്‍ ബറോക്കില്‍ ചെന്നെത്തുന്നു.

വെനീഷ്യന്‍ ചിത്രകാരന്മാരില്‍ ഏറ്റവും മഹാന്‍ ടിഷ്യാന്‍ (1487-1576) ആണ്. 'പിസാറോ മഡോണ', 'ദി ആന്‍ഡ്രിയന്‍സ്', 'ദി എന്റോംബ്മെന്റ്', 'മേരി മഗ്ദലൈന്‍', 'ടാര്‍ക്വിന്‍ ആന്‍ഡ് ലൂക്രീഷ്യാ' എന്നിവയിലൂടെ ടിഷ്യാന്‍ വെനീഷ്യന്‍ നവോത്ഥാന ചിത്രകലയെ അതിന്റെ ഉച്ചകോടിയിലെത്തിച്ചു. ടിഷ്യാനോട് ഏറെ കടപ്പാടുണ്ടായിരുന്ന ചിത്രകാരനാണ് പാലോ വെറോനീസ് (1528-88). ദേവാലയങ്ങളുടെയും കൊട്ടാരങ്ങളുടെയും ചുവരുകളില്‍ മനോഹരമായ നിരവധി ഫ്രെസ്കോകള്‍ രചിച്ച അദ്ദേഹം ഭക്തിവിഷയങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഇന്ദ്രീയാകര്‍ഷണപരവും ലൈംഗികവും ആയ ഘടകങ്ങള്‍ ചിത്രത്തില്‍ സന്നിവേശിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടു. മൗലികമായ പ്രതിഭയില്‍ ടിഷ്യാനോടും മറ്റേതൊരു നവോത്ഥാനകാല ചിത്രകാരനോടും കിടപിടിക്കാന്‍ കഴിവുള്ള ടിന്റോറെറ്റോ (1518-94) യുടെ സവിശേഷതകള്‍ നാടകീയതയും ഭാവനാപൂര്‍ണമായ കോമ്പസിഷനും വൈകാരികതയുമാണ്. തന്റെ സ്റ്റുഡിയോയുടെ കവാടത്തില്‍ 'മൈക്കാലാഞ്ചലോയുടെ രചനാപാടവും, ടിഷ്യാന്റെ വര്‍ണവും' എന്നെഴുതിവച്ചിരുന്നു. പ്രസിദ്ധ ചിത്രങ്ങള്‍ 'ദ് വര്‍ഷിപ് ഒഫ് ദ് ഗോള്‍ഡന്‍ കാഫ്', 'അന്തിമവിധി', 'കാനായിലെ വിവാഹം' എന്നിവയാണ്. ടിന്റോറെറ്റോയുടെ രചനകളില്‍ ഫ്ലോറന്‍സ്, റോം, വെനീസ് എന്നീ മൂന്നു രചനാശൈലികളുടെയും സമന്വയം കാണാം.

ഫ്ളെമിഷ് ചിത്രകല

പട്ടണങ്ങളുടെ വര്‍ധിച്ചുവന്ന സമ്പദ്സമൃദ്ധി തെക്കന്‍ നെതര്‍ലന്‍ഡില്‍ 15-ാം ശ.-ത്തിന്റെ ആദ്യം മുതല്‍ കലകള്‍ക്കു പ്രോത്സാഹജനകമായി. നവോത്ഥാന ആശയങ്ങളാണ് ഫ്ളെമിഷ് ചിത്രകാരന്മാര്‍ക്ക് ആവേശം നല്കിയത്. റോബര്‍ട്ട് കാംപിനില്‍ തുടങ്ങുന്ന ഫ്ളെമിഷ് ചിത്രകല ഷാന്‍ വാന്‍ ഐക്കി (1390-1441) ലെത്തുമ്പോള്‍ ശക്തമായ പ്രസ്ഥാനമായിത്തീരുന്നു. ആദ്യകാല ഫ്ളെമിഷ് കലയിലെ ഏറ്റവും പ്രതിഭാധനനായ ഐക്ക് അതുല്യമായ നിരവധി ചിത്രങ്ങള്‍ രചിച്ചു. അവയില്‍ പ്രധാനപ്പെട്ടവ 'ദ അനണ്‍സിയേഷന്‍', 'മഡോണ ഇന്‍ ദ് ചര്‍ച്ച്', 'ജോണ്‍ അര്‍നോള്‍ ഫിനിയും ഭാര്യ'യും എന്നിവയാണ്. സൂക്ഷ്മമായ രചനയും വൈയക്തിയമായ തനിമയും ഉള്ള ഐക്ക് ചിത്രങ്ങള്‍ നിരവധി ചിത്രകാരന്മാരെ സ്വാധീനിച്ചു.

അഗാധമായ മനഃശാസ്ത്രജ്ഞാനവും സൌന്ദര്യാവബോധവും കാവ്യസൗന്ദര്യവും പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ രചിച്ച റോജിയര്‍ വാന്‍ഡേര്‍ വെയ്ഡന്‍ (1399-1464) ഫ്ളെമിഷ് ചിത്രകലയ്ക്ക് അടിത്തറയിടുകയുണ്ടായി. വെയ്ഡന്റെ വിദഗ്ധമായ രചനാരീതി ഫ്ളെമിഷ് ചിത്രകലയുടെ അടിസ്ഥാനഭാഷയായി മാറി. പ്രശസ്ത രചനകളില്‍ പ്രധാനപ്പെട്ടവ 'സെന്റ് ലൂക്ക് ഡ്രായിങ് ദ് വെര്‍ജിന്‍', 'ദ് ലാസ്റ്റ് ജഡ്ജ്മെന്റ്', 'വെര്‍ജിന്‍ ആന്‍ഡ് മൈന്‍ഡ്' എന്നിവയാണ്. 1481-ല്‍ അന്തരിച്ച ഹ്യൂഗോ വാന്‍ ഡേര്‍ ഗോയസിന്റെ വിശ്രുതമായ അള്‍ത്താരചിത്രം 'അഡൊറേഷന്‍ ഒഫ് ദ് ഷെപ്പേഡ്സ്' ഭയഭക്ത്യാദിവികാരങ്ങള്‍ ജനിപ്പിക്കുന്ന വിശ്രുതമായ ചിത്രമാണ്. ജര്‍മന്‍കാരനായിരുന്ന, 1494-ല്‍ അന്തരിച്ച ഹന്‍സ് മെംലിങ് തന്റെ 'മഡോണയും ശിശുവും മാലാഖമാരും' തുടങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ഫ്ളെമിഷ് ചിത്രകലയെ സമ്പന്നമാക്കി. അത്യന്തം രസാവഹമായ ഒരു വ്യക്തിത്വമാണ് ജെറോം ബോഷി (1450-1516) ന്റേത്. മനുഷ്യാവസ്ഥയെ ആക്ഷേപഹാസ്യത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കണ്ട ബോഷിന്റെ ചിത്രങ്ങള്‍ സര്‍റിയലിസ്റ്റ് ചിത്രങ്ങളെ ഓര്‍മപ്പെടുത്തുന്നു. മതപരമായ വിഷയങ്ങളാണ് 'അഡൊറേഷന്‍ ഒഫ് ദ് മാജൈ', 'പാഷന്‍ ഒഫ് ക്രൈസ്റ്റ്', 'സൃഷ്ടിയും നരകവും' എന്നീ ചിത്രങ്ങളില്‍. തന്റെ മാസ്റ്റര്‍പീസായ 'ഗാര്‍ഡന്‍ ഒഫ് എര്‍ത്ലി ഡിലൈറ്റ്സി'ല്‍ അദ്ദേഹം വിസ്മയകരങ്ങളായ രൂപങ്ങളാണവതരിപ്പിക്കുന്നത്.

ചിത്രകാരന്മാരടങ്ങിയ ബ്രൂഗെല്‍ കുടുംബത്തിലെ കാരണവരും ഫ്ളെമിഷ് കലയിലെ ശ്രദ്ധേയനായ ചിത്രകാരനുമാണ് ബ്രൂഗെല്‍ ദി എല്‍ഡര്‍ എന്നറിയപ്പെടുന്ന പീറ്റര്‍ ബ്രൂഗെല്‍ (1525-69). ഇദ്ദേഹം പ്രകൃതിയെ അതിന്റെ ബൃഹത്തായ വ്യാപ്തിയിലും ഗഹനതയിലും ആവിഷ്കരിക്കാന്‍ തുടങ്ങിയതോടെ ഫ്ളെമിഷ് കലയ്ക്ക് നൂതനമായ ഒരു മാനം വന്നുചേര്‍ന്നു. അതോടൊപ്പം ലാന്‍ഡ്സ്കേപ് രചനയിലും ഇദ്ദേഹം പുതിയ ഭാവം പകര്‍ന്നു. 'വെഡ്ഡിങ് ഡാന്‍സ്', 'ലാന്‍ഡ്സ്കേപ് വിത്ത് ദ ടെംപ്റ്റേഷന്‍ ഒഫ് സെന്റ് ആന്റണി' എന്നിവ ബ്രൂഗെലിന്റെ പ്രസിദ്ധചിത്രങ്ങളാണ്. ബ്രൂഗെല്‍ ദ എല്‍ഡറിനുശേഷം ഫ്ളെമിഷ് ചിത്രകല 17-ാം ശ.-ല്‍ കാഴ്ചവച്ച പ്രതിഭയാണ് പീറ്റര്‍ പോള്‍ റൂബെന്‍സ് (1577-1640). ബഹുമുഖ പ്രതിഭയായ റൂബെന്‍സ്, പുരാവസ്തുവിജ്ഞാനിയും പണ്ഡിതനും രാജ്യതന്ത്രജ്ഞനും മതഭക്തനുമായിരുന്നു. പ്രസിദ്ധചിത്രങ്ങളില്‍ ചിലത് - 'ദ അറൈവല്‍ ഒഫ് മേരി ദ മെഡിച്ചി', 'റേപ്പ് ഒഫ് ഡോട്ടേര്‍ഴ്സ് ഒഫ് ലിയൂസിപ്പസ'്, 'പെസന്റ്സ് ഇന്‍ ദ് കണ്‍ട്രി' എന്നിവയാണ്. ബറോക്ക് ശൈലിയുടെ ശക്തനായ വക്താവുകൂടിയായ റൂബെന്‍സിന് വലിയ നാടകീയതയും തനതായൊരു വര്‍ണവിനിയോഗ ശൈലിയുമുണ്ട്. ബറോക്ക് ചിത്രരചനാശൈലിയുടെ സവിശേഷതകളായ അമിതമായ ധാരാളിത്തം, വര്‍ണശബളിമ, വന്യവും മൃഗീയവുമായ ശക്തി, എല്ലാം റൂബെന്‍സില്‍ കാണാം. 'വീനസ് ഫെസ്റ്റിവല്‍', 'ഗാര്‍ഡന്‍ ഒഫ് ലവ്' എന്നിവയിലും മറ്റും മദാലസഭാവങ്ങള്‍, മാംസളമായ നഗ്നശരീരങ്ങള്‍, നാടകീയമായ ചടുലചാപല്യങ്ങള്‍ എന്നിവ കാണാം. തന്റെ വാര്‍ധക്യകാല സഖിയായ ഭാര്യയുടെ സൗന്ദര്യം നിരവധി ചിത്രങ്ങളില്‍ റൂബെന്‍സ് പകര്‍ത്തിവച്ചു.

ഫ്ളെമിഷ് ചിത്രകലയിലെ ഏറ്റവും കരുത്തനായ ഛായാചിത്രകാരനാണ് ഫ്രന്‍സ് ഹള്‍സ് (1581-1666). അസാധാരണമായ ഊര്‍ജസ്വലതയും ഒറിജിനലിന്റെ സ്വഭാവം അപ്പടി ഛായാചിത്രത്തില്‍ ഒപ്പിയെടുക്കാനുള്ള സിദ്ധിയും ആണ് ഹള്‍സിന്റെ പ്രത്യേകത. അവസാനകാലത്തെ ഛായാചിത്രങ്ങള്‍ മനുഷ്യസ്വഭാവ പഠനങ്ങളാണ്. 'ദ് ലാഫിങ് കാവലിയര്‍', 'മെറി ഡ്രിങ്കര്‍', 'ബോയ് വിത്ത് ഫ്ളൂട്ട്', 'ജിപ്സി ഗേള്‍' എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

ഡച്ച് ചിത്രകല

ഫ്രന്‍സ് ഹള്‍സ് ഒരു ഡച്ചുചിത്രകാരനാണെന്ന് പറയുന്നതാവും ശരി. വടക്കേ നെതര്‍ലന്‍ഡ് പുതിയ ഡച്ച് റിപ്പബ്ലിക്കായി മാറിയ കാലത്താണ് ഹള്‍സ് രചനയില്‍ മുഴുകുന്നത്. ഫ്ളെമിഷ് ചിത്രകാരന്മാരെയും ഡച്ച് ചിത്രകാരന്മാരെയും വേര്‍തിരിച്ചു കാണുന്നത് പ്രയാസമാണ്. എന്നാല്‍ ഡച്ചു ചിത്രകലയെ പ്രത്യേകം എടുത്ത് പരാമര്‍ശിക്കാനിടയാക്കുന്ന ഒരു ചിത്രകാരനാണ് റെംബ്രാണ്ട് (1606-69). റെംബ്രാണ്ട് രചനയാരംഭിക്കുന്ന കാലത്ത് നവോത്ഥാന കാലത്തെ അതുല്യമായ രചനകളെക്കുറിച്ച് ഡച്ചുകാര്‍ക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഡച്ച് റിപ്പബ്ലിക്കില്‍ തനിക്കൊരു പ്രോത്സാഹനവും ലഭിക്കില്ല എന്നറിയാമായിരുന്നിട്ടും കൗമാരം മുതല്‍ കലാരംഗത്തേക്ക് അര്‍പ്പണബോധത്തോടെ കടന്നുവന്ന അദ്ദേഹം ചരിത്രസംഭവങ്ങള്‍, ബൈബിള്‍രംഗങ്ങള്‍ എന്നിവ രചിക്കാന്‍ തുടങ്ങി. കറാവാഗ്ഗിയോയുടെ പ്രകാശത്തിന്റെയും നിഴലിന്റെയും നാടകീയമായ വിന്യാസരീതികള്‍ മനസ്സിലാക്കി ശക്തമായ റിയലിസ്റ്റ് രചനയിലൂടെ ഇദ്ദേഹം മുമ്പോട്ടുപോയി. വിശ്രുതമായ റെംബ്രാണ്ട് ചിത്രങ്ങളില്‍ ചിലതാണ് 'നൈറ്റ് വാച്ച്', 'സിന്‍ഡിക്സ്', 'വുമണ്‍ ബാത്തിങ്', 'ക്രൈസ്റ്റ് ഹീലിങ് ദ് സിക്ക്', 'അഡൊറേഷന്‍ ഒഫ് ദ് ഷെപ്പേഡ്സ്', 'അരിസ്റ്റോട്ടല്‍ കണ്ടംപ്ലേറ്റിങ് ദ് ബെസ്റ്റ് ഒഫ് ഹോമര്‍', 'അലക്സാണ്ടര്‍ ദ് ഗ്രേറ്റ്', 'ഹോമര്‍ ഡിക്റ്റേറ്റിങ് ടു എസ്ക്രൈബ്' എന്നിവ. വര്‍ണവിനിയോഗ സാധ്യതകള്‍ അന്വേഷിച്ച ചിത്രകാരന്‍ എന്നതിലുപരി നിഴലിന്റെയും വെളിച്ചത്തിന്റെയും അര്‍ഥവത്തായ പ്രയോഗത്തിലൂടെ ലോകത്തിന്റെ മനം കവര്‍ന്ന ചിത്രകാരനാണ് റെംബ്രാണ്ട്. തന്റെ തന്നെ ഓരോ കാലത്തെയും മുഖഛായാചിത്രങ്ങള്‍ ശ്രദ്ധാപൂര്‍വവും സത്യസന്ധവുമായി വരച്ചുവച്ച റെംബ്രാണ്ടിന് മനുഷ്യമഹത്ത്വം തേടിയുള്ള മനസ്സിന്റെ പ്രയാണമായിരുന്നു ചിത്രകല.

പില്ക്കാലത്ത് ഡച്ച് ജീവിതത്തിന്റെ സമൃദ്ധിയും വൈവിധ്യവും ചിത്രീകരിച്ച ടെര്‍ബോര്‍ക്, റെംബ്രാണ്ടിന്റെ ശിഷ്യരായ ഫബ്രീഷ്യസ്, പീറ്റര്‍ ഡി ഹൂച് തുടങ്ങിയവരില്‍ ഏറ്റവും ശ്രദ്ധേയനായത് യൊഹാന്നെസ് ഫെര്‍മീര്‍ (1632-75) ആണ്. ഹൂചിനെപ്പോലെ ത്രിമാന പരിപ്രേക്ഷ്യത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ഗൃഹാന്തര്‍ഭാഗങ്ങള്‍ ചിത്രീകരിച്ച ഫെര്‍മീറുടെ ചിത്രങ്ങള്‍ വളരെക്കാലം വിസ്മൃതമായിപ്പോയി. കലാനിരൂപകനായ തോറെ ബ്യൂര്‍ഗെര്‍ 1866-ല്‍ ഫെര്‍മീറുടെ രചനകളെപ്പറ്റി ഒരുപന്യാസം രചിക്കുകയും 66 ചിത്രങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. സ്പേയ്സിന്റെ ഓരോ ഭാഗവും കലാപരമായി വിനിയോഗിച്ചുകൊണ്ട് വര്‍ണം, ടോണുകള്‍ എന്നിവയെ സ്തുത്യര്‍ഹമായി പ്രയോഗിച്ച് പരിപ്രേക്ഷ്യത്തിലുള്ള തന്റെ അസാമാന്യവൈഭവം പ്രകടിപ്പിച്ച ഇദ്ദേഹത്തിന്റെ 'ദ് വ്യൂ ഒഫ് ഡെല്‍ഫ്റ്റ്', 'ലേഡി സ്റ്റാന്‍ഡിങ് അറ്റ് ദ് വേര്‍ജിനല്‍സ്' എന്നീ രചനകള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. മറ്റു ഡച്ച് ചിത്രകാരന്മാരുടെ പ്രസിദ്ധചിത്രങ്ങള്‍-ഷാന്‍ ലോര്‍സെല്ലിസിന്റെ 'ഡച്ച് ഷിപ്സ് ഇന്‍ സ്റ്റോം', ആല്‍ബര്‍ട്ട് കുയ്പിന്റെ 'ഡിസ്റ്റന്റ് വ്യൂ ഒഫ് ഡോര്‍ഡ്രെച്റ്റ്', വാന്‍ റൂയിസ് ഡേളിന്റെ 'ദ് സിമിത്തേരി' - റെംബ്രാണ്ടിന്റെ സ്വാധീനത്തിനുദാഹരണങ്ങളാണ്.

സ്പാനിഷ് ചിത്രകല

സ്പെയിനിലെ ഫിലിപ്പ് II ഛായാചിത്രശാഖയില്‍ അമിത തത്പരനായി നിരവധി സ്പാനിഷ് ചിത്രകാരന്മാരെക്കൊണ്ട് തന്റെയും മറ്റു ചരിത്ര പുരുഷന്മാരുടെയും ഛായാചിത്രങ്ങള്‍ രചിപ്പിച്ചു. ഫിലിപ്പ്, ടിഷ്യാന്‍, മോറോ, സാഞ്ചസ് കൊയെല്ലോ എന്നിവര്‍ രചിച്ച ഛായാചിത്രങ്ങളെ അത്യധികം ഇഷ്ടപ്പെട്ടിരുന്നു. സ്പെയിനിനെ ചിത്രകലയുടെ കേന്ദ്രമാക്കി മാറ്റിയത് എല്‍ ഗ്രെക്കോ (1541-1614) യാണ്. ക്രീറ്റ് ദ്വീപില്‍ ജനിച്ച എല്‍ഗ്രെക്കോ പ്രാഥമിക പഠനത്തിനുശേഷം സ്പെയിനില്‍ വന്ന് ക്രൈസ്തവ ചിത്രകലയുടെ നടുനായകനായി. വിവിധരീതിലുള്ള ബൈസാന്തിയന്‍ ഐക്കോണ്‍ രചനകളും വെനീസ് ശൈലിയുടെ വര്‍ണസൌകുമാര്യത്തെയും സ്പാനിഷ് മാതൃകകളെയും അസാധാരണമായ തന്റെ മൗലികപ്രതിഭയില്‍ ലയിപ്പിച്ച് ഗ്രെക്കോ രചന നടത്തി. ബറോക്ക് ശൈലിയോട് ഗ്രെക്കോയ്ക്ക് അടുപ്പമുണ്ട്. 20-ാം ശ.-ത്തില്‍ ഫ്രാന്‍സിലും ജര്‍മനിയിലും ഉയര്‍ന്നുവന്ന വാന്‍ഗോഗ്, ജെയിംസ് എന്‍സോര്‍, എഡ്വേഡ് മഞ്ച് എന്നിവര്‍ വികസിപ്പിച്ചുകൊണ്ടുവന്ന എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവ് എല്‍ ഗ്രെക്കോ തന്നെ. ഗ്രെക്കോയുടെ 'ട്രിനിറ്റി'യില്‍ ഡ്യൂററുടെയും മൈക്കലാഞ്ചലോയുടെയും സ്വാധീനമുണ്ട്. 'അസംപ്ഷന്‍' എന്ന ചിത്രത്തില്‍ ടിഷ്യാന്റെ സ്വാധീനം പ്രകടമാക്കുന്ന ഗ്രെക്കോ, പിന്നീട് ത്രിമാന പരിപ്രേക്ഷ്യത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് തന്റെ ചിത്രങ്ങളില്‍ നേരിട്ട് ഭാവസംക്രമണം നടത്താന്‍ ശ്രമിച്ചു. ജീവിതത്തിന്റെ ഏറിയഭാഗവും താന്‍ ചെലവഴിച്ച ടൊലിഡോ നഗരത്തിന്റെ ഗംഭീരമായ ഒരു ദൃശ്യം രചിച്ചത് അവിസ്മരണീയമായി നിലകൊള്ളുന്നു. ശക്തമായ സ്പാനിഷ് കത്തോലിക്കാസഭയുടെ പിന്തുണയോടെ അദ്ദേഹം മൗലികമായ പല രചനകളും നടത്തി. പീഡിതമായൊരന്തരാത്മാവിന്റെ ദീനമായ വിലാപമാണ് 'സെന്റ് പീറ്റര്‍ ഇന്‍ ടിയേഴ്സ്', 'ലാക്കൂണ്‍' എന്നിങ്ങനെയുള്ള വിശ്രുത ചിത്രങ്ങളില്‍ വിരചിച്ചത്. സ്പെയിനിലെ കൗണ്ടര്‍ റഫര്‍മേഷന്റെ ശക്തനായ പ്രതിപുരുഷനായി ഗ്രെക്കോ മാറുകയുണ്ടായി.

റേപ് ഒഫ് യൂറേപ്പാ - റൂബെന്‍സ് (1562)

തികച്ചും യഥാതഥമായ ശൈലിയില്‍, ക്ലാസ്സിസിസത്തോടടുക്കുന്ന രീതിയില്‍ നിരവധി ഷാനര്‍ ചിത്രങ്ങള്‍ വരച്ച് സ്പാനിഷ് ചിത്രകലയെ ഉദാത്തമാക്കിയ ഉന്നതനായ ചിത്രകാരന്‍ വിലാസ്ക്വിസ് (1599-1660) ബാഹ്യപ്രേരണകളൊന്നും കൂടാതെ പെട്ടെന്നുണ്ടാകുന്ന ഒരുള്‍വിളിയോടെ രചന നടത്തിയ പ്രതിഭാശാലിയായിരുന്നു. അജ്ഞാതമായ പ്രചോദനത്താല്‍ വിലാസ്ക്വിസ് അനേകം ചിത്രങ്ങള്‍ വരച്ചു. ഫിലിപ്പ് IV-ന്റെ കൊട്ടാരചിത്രകാരനായ ഇദ്ദേഹത്തെ രാജാവ് അത്യധികം ആദരിക്കുകയും നിരവധി ഛായാചിത്രങ്ങള്‍ വരയ്ക്കാന്‍ നിയോഗിക്കുകയും ചെയ്തു. നിരവധി ചരിത്രവിഷയാഖ്യാനങ്ങള്‍, ഛായാചിത്രങ്ങള്‍, ന്യൂഡുകള്‍, ഷാനര്‍ചിത്രങ്ങള്‍ മുതലായവ ഇദ്ദേഹം രചിക്കുകയുണ്ടായി. 'സ്പിന്നേഴ്സ്', 'ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍', 'വാട്ടര്‍ സെല്ലര്‍', 'സറണ്ടര്‍ ഒഫ് ബ്രെഡാ', 'കോര്‍ട്ട് ഫുള്‍ സെബാസ്റ്റ്യന്‍' മുതലായ ചിത്രങ്ങള്‍ ഇതില്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ 'റോക്ക്ബി വീനസ്' എന്ന ഒരു ന്യൂഡ് ചിത്രമേ ഇന്നു ലഭ്യമായുള്ളൂ. തന്റെ ചിത്രങ്ങളിലെല്ലാം അസാധാരണ വൈഭവത്തോടെ സ്പേസിനെ സൃഷ്ടിക്കുവാനും, അവയെ പരിപ്രേക്ഷ്യ രചനാസിദ്ധാന്തപ്രകാരം അളന്ന് ക്രമപ്പെടുത്തി വിനിയോഗിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

അസംഖ്യം ചിത്രങ്ങള്‍ വിജയകരമായി വിരചിച്ച് സ്പാനിഷ് ചിത്രകലയെ സമ്പന്നമാക്കിയ മറ്റൊരു മഹാനായ ചിത്രകാരനായ ബര്‍തലോമി എസ്തെബാന്‍ മ്യൂറില്ലോ(1612-82)യെ 'സ്പാനിഷ് റാഫേല്‍' എന്നാണ് വിളിച്ചിരുന്നത്. സ്പാനിഷ് ബറോക്ക് ശൈലിയുടെ സ്വാഭാവികമായ പ്രവണതകള്‍ എല്ലാം മ്യൂറില്ലോയില്‍ നിറഞ്ഞു നില്‍ക്കുന്നു. പരിപ്രേക്ഷ്യത്തില്‍ ശാസ്ത്രീയത പുലര്‍ത്തിയ മ്യൂറില്ലോ, ചിത്രങ്ങളില്‍ വര്‍ണങ്ങളുടെ വിവിധ ടോണുകള്‍ വിന്യസിക്കുന്നതില്‍ പ്രത്യേക ചാതുരി പ്രകടമാക്കിയിരുന്നു. അതീവ സുന്ദരിയായ തന്റെ ഭാര്യയായിരുന്നു മഡോണ ചിത്രങ്ങളുടെ മോഡല്‍. 'സെന്റ് ആന്റണി', 'സെന്റ് ഇസബെല്‍, ക്യൂന്‍ ഒഫ് ഹംഗറി', 'ക്യൂയറിങ് ദ് സിക്ക്', 'പ്യൂരിസിമാ ഒഫ് ദ് കപൂചിന്‍സ്' എന്നിങ്ങനെ അനവധി ചിത്രങ്ങള്‍ ഇദ്ദേഹം രചിച്ചു. പ്രകാശം ഇത്രയും പ്രസന്നതയോടെ പ്രയോഗിച്ചിട്ടുള്ള ചിത്രകാരന്മാര്‍ വിരളമാണ്. റിയലിസ്റ്റു ചിത്രങ്ങളായ 'ഗേള്‍ ആന്‍ഡ് ഹെര്‍ ഡ്യൂറയെനാ', 'പെസന്റ് ബോയ്സ്' എന്നിവ തന്നെയാണിതിനുദാഹരണം.

ജര്‍മന്‍ ഹ്യൂമനിസ്റ്റ് ചിത്രകല

ഇറ്റാലിയന്‍ നവോത്ഥാന ചിത്രകാരന്മാരിലെ അദ്ഭുത പ്രതിഭകളോട് അടുത്തു നില്‍ക്കാന്‍ കഴിവുള്ള ഒരൊറ്റ ജര്‍മന്‍ ചിത്രകാരനെ മാത്രമേ കാണാന്‍ കഴിയൂ. അസാധാരണമായ ബുദ്ധിയും സംസ്കാരസമ്പന്നതയും നിരീക്ഷണപാടവവും പ്രകടിപ്പിച്ച ആല്‍ബ്രെഷ്ട് ഡ്യൂറര്‍ (1471-1528) ഏറ്റവും വലിയ ജര്‍മന്‍ ചിത്രകാരനും നവോത്ഥാന പരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രധാന പ്രതിനിധിയുമായിരുന്നു. ഇദ്ദേഹത്തിന്റെ 'ദ് ലമന്റേഷന്‍', 'അഡൊറേഷന്‍ ഒഫ് ദ് ട്രിനിറ്റി', 'സെന്റ് പോളും സെന്റ് മാര്‍ക്കും', 'നാലു അപ്പോസ്തലന്മാര്‍' എന്നിവ അവിസ്മരണീയമായ ചിത്രങ്ങളാണ്. ജര്‍മന്‍ ചിത്രകലയില്‍ ന്യൂഡ് ഫിഗര്‍ രചനയെ പ്രോത്സാഹിപ്പിച്ചത് ഇദ്ദേഹമാണ്. മത്യാസ് ഗ്രൂനെവല്‍ഡ് (1470-1528) മധ്യകാല നിഗൂഢവാദവും മിസ്റ്റിസിസവും തന്റെ ആത്മീയതയില്‍ സ്വാംശീകരിച്ച ചിത്രകാരനാണ്. ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് ലൂഥറന്‍ ആശയങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട ഗ്രൂനെവല്‍ഡിന്റെ അത്യുത്തമ രചനകള്‍ ഐസെന്‍ഹൈമിലെ സെന്റ് ആന്റണി മൊണാസ്ടറിയിലുള്ള അള്‍ട്ടര്‍ പീസും, 'അനന്‍സിയേഷന്‍', 'റിസ്സറക്ഷന്‍', 'വെര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്' എന്നിവയുമാണ്. ഹന്‍സ് ബര്‍ക്ക്നെയര്‍, ലൂകസ് ക്രാതാ, ആല്‍ബ്രെഹെറ്റ് അള്‍ട്ട്ഡോര്‍ ഫെര്‍ എന്നിവരും ജര്‍മന്‍ ചിത്രകലയ്ക്ക് തനതായ അസ്തിത്വം നല്കാന്‍ ശ്രമിച്ചവരാണ്.

ഫ്രഞ്ച് ചിത്രകല

ഇറ്റാലിയന്‍ നവോത്ഥാനകലയെ ഫ്രാന്‍സിലെത്തിച്ചത്, ഫോക്വായാണ്. നിരവധി പോര്‍ട്രേറ്റുകള്‍, ഛായാചിത്രങ്ങള്‍, മിനിയേച്ചറുകള്‍ എന്നിവ രചിച്ച 15-ാം ശ.-ത്തിലെ ഏറ്റവും വലിയ ചിത്രകാരനായ ഇദ്ദേഹം ചാള്‍സ് VII -ന്റെ കൊട്ടാര ചിത്രകാരനായി, ചരിത്ര-മതവിഷയങ്ങളില്‍ രചന നിര്‍വഹിച്ചു. 'വെര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്' (1450), 'മിലാന്‍ ഡിപ്റ്റിച്ച്' എന്നിവ പ്രസിദ്ധമാണ്. 1541-ല്‍ അന്തരിച്ച ജാന്‍ ക്ലൗറ്റ് ഏതാനും ഛായാചിത്രങ്ങള്‍ മാത്രമേ രചിച്ചിട്ടുള്ളൂ. ഫോണ്ടന്‍ ബ്ലോ എന്ന വടക്കന്‍ ഫ്രാന്‍സിലെ നഗരം കേന്ദ്രമാക്കി 16-ാം ശ.-ത്തില്‍ ഒരു ഫ്രഞ്ച് ചിത്രകലാപ്രസ്ഥാനം ജന്മമെടുത്തു. അവിടെ ഇറ്റാലിയന്‍, ഫ്ളെമിഷ് ചിത്രകാരന്മാര്‍ കൂടുകയും ഫ്രഞ്ച് ചിത്രകാരന്മാര്‍ക്ക് പരിശീലനം കൊടുക്കുകയും ചെയ്തു. ഫ്രാന്‍സിസ് I ലിയൊനാര്‍ഡോ ഡാവിഞ്ചിയെ ഫ്രാന്‍സില്‍ കൊണ്ടുവന്നു.

അക്കാലത്ത് പ്രകൃതിദൃശ്യരചനയില്‍ മുഴുകിയിരുന്ന ഫ്രഞ്ച് ചിത്രകാരനാണ് ക്ളോഡ് ലൊറൈന്‍ (1600-82). ചിത്രത്തിലെ ഇട (space)ത്തെപ്പറ്റിയും രചനയെപ്പറ്റിയുമുള്ള ലൊറൈന്റെ സങ്കല്പങ്ങള്‍ തികച്ചും ക്ലാസ്സിക്കല്‍ തന്നെ. എങ്കിലും സ്വന്തമായ ഒരു സങ്കേതത്തില്‍ പരിപ്രേക്ഷ്യം കൈകാര്യം ചെയ്തുകൊണ്ട് 'ദ് മാര്യേജ് ഒഫ് ഐസക്ക് ആന്‍ഡ് റെബേക്ക', 'ലാന്‍ഡ്സ്കേപ് വിത് നിംഫ്സ് ആന്‍ഡ് സാറ്റയര്‍സ് ഡാന്‍സിങ്' എന്നീ രചനകളിലൂടെ റൊമാന്റിക്കും പിക്ചറസ്കും ആയ ഒരു പാരമ്പര്യം ഫ്രഞ്ചു പ്രകൃതിദൃശ്യ ചിത്രരചനയില്‍ അവതരിപ്പിക്കാന്‍ ലൊറൈനു കഴിഞ്ഞു. ലൊറൈന്റെ മനോഹരമായ പ്രകൃതിരചനകള്‍ യൂറോപ്യന്‍ അജപാലകവിത (Pastoral Poetry) യെ അനുസ്മരിപ്പിക്കുന്നതാണ്. ക്ലാസ്സിക്കല്‍ ചിത്രകലയില്‍ റാഫേലിനുശേഷം ലോകംകണ്ട അതികായനും ഫ്രഞ്ച് ചിത്രകലയുടെ പിതാവുമായ നിക്കൊളാസ് പൂസാന്‍ (1594-1665) നല്ലകാലം മുഴുവന്‍ ഇറ്റലിയിലായിരുന്നെങ്കിലും ഫ്രഞ്ച് ചിത്രകലയെ വളരെയധികം പരിപോഷിപ്പിക്കുകയുണ്ടായി. ബൈബിളില്‍ നിന്നും ക്ലാസ്സിക് സാഹിത്യകൃതികളില്‍ നിന്നും അനായാസം ഉദ്ധരിക്കാന്‍ കഴിയുന്ന ഈ ചിത്രകാരന്‍ ചിട്ടയായും ക്രമമായും പ്രതിഭാസങ്ങളെ പഠിച്ച് ബോധപൂര്‍വം ഫ്രെയിമില്‍ രൂപസംവിധാനം ചെയ്യാന്‍ ശ്രമിച്ചു. 'ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്' എന്നതായിരുന്നു. ഇദ്ദേഹത്തിന്റെ ആദര്‍ശം. 'സൌന്ദര്യമെന്നാല്‍ കൃത്യമായ അളവ്; നിറം ആവശ്യത്തിനു മാത്രം വിനിയോഗിക്കുക; സ്പേസ് ചിത്രകാരന്റെ ഭാവനയ്ക്കനുരൂപമായി പ്രയോഗക്ഷമമാക്കുക; രൂപങ്ങളില്‍ ഗ്രീക്കുകാര്‍ നിര്‍വചിച്ച അനുപാതം പാലിക്കുക; രചനാഘട്ടങ്ങളില്‍ ജ്യാമിതീയമായ സ്ഥിരത അവലംബിക്കുക', മുതലായവയാണ് പൂസാന്റെ സൌന്ദര്യസിദ്ധാന്തങ്ങള്‍.

പൂസാന്റെ പ്രസിദ്ധ ചിത്രങ്ങളാണ് 'ബാക്കസ് അപ്പോളൊ', 'ഹോളി ഫാമിലി ഒഫ് ദ് സ്റ്റെപ്സ്', 'ബാക്കനേലിയന്‍ റെവല്‍', 'ദ് ട്രയംഫ് ഒഫ് പാന്‍', 'അഡോറേഷന്‍ ഒഫ് ദ് ഗോള്‍ഡന്‍ കാഫ്', 'കണ്‍ഫര്‍മേഷന്‍', 'എക്സ്ട്രീം', 'അങ്ക്ഷന്‍' (1674) 'ബ്ളൈന്‍ഡ് ഓറിയോണ്‍ സര്‍ച്ചിങ് ഫോര്‍ ദ് റൈസിങ് സണ്‍', 'ദ് ഫോര്‍ സീസണ്‍സ്', 'ദ് ഫ്യൂറണറല്‍ ഒഫ് ഫെവൂഷ്യന്‍' എന്നിവ.

യൂറോപ്പിലെ വിവിധ പ്രസ്ഥാനങ്ങള്‍ (18-ാം ശ.)

റൊക്കോക്കൊ

റൊക്കോക്കൊ (Rococo): 18-ാം ശ.-ത്തിന്റെ ആദ്യകാലത്ത് യൂറോപ്പിന്റെയാകെ മനംകവര്‍ന്ന ഒരു ചിത്രകലാ-വാസ്തുശില്പ കലാപ്രസ്ഥാനമായ റൊക്കോക്കൊയുടെ തുടക്കം ഫ്രാന്‍സിലാണ്. റൊക്കോക്കൊ എന്നാല്‍ ഉദ്യാനങ്ങളിലും മറ്റും കാഴ്ചയ്ക്കായി നിര്‍മിച്ചു വയ്ക്കുന്ന റോക്ക് വര്‍ക്ക് എന്നാണര്‍ഥം. ലാഘവമുള്ളതും ഉന്മേഷമുണര്‍ത്തുന്നതും നര്‍മം കലര്‍ന്നതുമായ ഏതുരംഗവും, ദൃശ്യവും കാഴ്ചക്കാരനെ വിശ്വസിപ്പിച്ചുകൊണ്ട് അവനെ രസിപ്പിക്കുന്നതിനായി ചെയ്യുന്ന എന്തും റൊക്കോക്കൊയില്‍പ്പെടുന്നു. പ്രധാന ഇതിവൃത്തം സ്ത്രീപുരുഷപ്രേമവും ആകര്‍ഷകമായ സാഹചര്യങ്ങളും ആയിരിക്കും. പ്രേക്ഷകന്‍ പെട്ടെന്ന് പ്രതികരിക്കുന്നതിനുതകുന്ന കാവ്യബിംബങ്ങളും, വിനോദകരമായ നാടകീയതയും ചിത്രീകരിക്കുന്ന രചനകളാണ് ആദ്യമുണ്ടായത്. റൊക്കോക്കൊ ക്രമേണ ബോഷെയിലെത്തുമ്പോഴേക്കും താണതരം, മാംസളമായ നഗ്നരൂപങ്ങള്‍ നിറഞ്ഞ രചനകളായും, ഫ്രാഗൊണാര്‍ഡില്‍ എത്തുമ്പോള്‍ മിഡില്‍ ക്ലാസ് രൂപങ്ങളിലും ഭാഗികമായ ആഭിജാത്യത്തിലും എത്തിച്ചേരുന്നു. വോട്യൂ (1684-1721) തന്റെ പ്രേക്ഷകരുമായി ഒരു പ്രത്യേക ചിത്രഭാഷയിലൂടെയാണ് സംവേദനം നടത്തിയത്. സ്ത്രീപുരുഷന്മാരുടെ സംതൃപ്തമായ പ്രണയജീവിതവും അവര്‍ക്കുല്ലസിക്കാനുള്ള ഭൂമിയിലെ സ്വര്‍ഗവും വോട്യൂവിന്റെ വിഷയങ്ങളാണ്. 'ജഡ്ജ്മെന്റ് ഒഫ് പാരിസ്', 'ദി ഐലന്‍ഡ് ഒഫ് സിത്തൊ', 'ഇറ്റാലിയന്‍ കൊമേഡിയന്‍സ്' എന്നിവ മനുഷ്യചാപല്യത്തിന്റെ നാടകീയ ചിത്രീകരണങ്ങളാണ്. 'ഫെറ്റെഗലാതെ' എന്നൊരു വിഭാഗം കലാകാരന്മാര്‍ ഫ്രഞ്ച് അക്കാദമിയിലുണ്ടാവുകയും അതില്‍ വോട്യൂവിന് പ്രാതിനിധ്യം കിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹം കൊട്ടാരജീവിതത്തിന്റെ ഒരു സവിശേഷതയായ, സ്ത്രീപുരുഷന്മാരുടെ അനുരാഗവും ലൈംഗികതയും ഭോഗലാലസതയും ആദര്‍ശവത്കൃതമായ ഭാഷയില്‍ ചിത്രീകരിച്ചു.

ഒരു റൊക്കോക്കോ ചിത്രം

ഫ്രാന്‍സ്വാ ബുച്ചറും ബോഷ്യോയുമാണ് മറ്റു പ്രസിദ്ധ റൊക്കോക്കൊ ചിത്രകാരന്മാര്‍. മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള വോട്യൂവിന്റെ മനഃശാസ്ത്രജ്ഞാനമോ നര്‍മപാടവമോ ഇല്ലാതെ, വെറും വര്‍ണശബളിമയും മോടിയും ആര്‍ഭാടവും കാട്ടി, കുറഞ്ഞതോതില്‍ മാത്രം ഉടുവസ്ത്രങ്ങളണിഞ്ഞ ചപലചിത്തരായ കാമുകീകാമുകന്മാരെ വരച്ചുവച്ച്, പ്രേക്ഷകന്റെ കണ്ണുകവരുന്ന ഒരുതരം ചിത്രങ്ങളാണ് ബൊഷ്യോ രചിച്ചത്. 'ദ് റൈസിങ് ഒഫ് ദ് സണ്‍', 'ഡയനാ ആന്‍ഡ് കാലിസ്റ്റോ' എന്നിവ ഫ്രഞ്ച് അരിസ്റ്റോക്രസിയുടെയും പുത്തന്‍ സമ്പന്നമധ്യവര്‍ത്തിസമൂഹത്തിന്റെയും അഭിരുചിയുടെയും വ്രീളാവിഹീനമായ വീക്ഷണത്തിന്റെയും പ്രതിച്ഛായകളാണ്. ഫ്രഞ്ച് ചിന്തകനായ ദീദറോ ബോഷ്യോചിത്രങ്ങളില്‍ ജനങ്ങള്‍ അനുരക്തരായി കണ്ടപ്പോള്‍ പറഞ്ഞത്, "ഇയാള്‍ക്ക് എല്ലാ ചന്തങ്ങളും ചമയങ്ങളും ഉണ്ട്; സത്യം മാത്രമില്ല, എന്നാണ്. എന്നാല്‍ ഫ്രാഗൊണാര്‍ഡ് എന്ന റൊക്കോക്കൊ ചിത്രകാരന്റെ 'മാദം ദ് പൊംപെഡോ'. 'ദ് സ്വിങ്' എന്നിവയില്‍ കുറേക്കൂടി സൗന്ദര്യവും സഭ്യതയും ദൃശ്യമാണ്.

ഇംഗ്ലീഷ് ചിത്രകല

യൂറോപ്പിലെ 18-ാം ശ. യുക്തിയുടെയും ശാസ്ത്രീയവീക്ഷണത്തിന്റെയും കാലമായിരുന്നു. ഇറ്റാലിയന്‍ നവോത്ഥാനകാലത്ത് ഇംഗ്ളണ്ടില്‍ ഛായാചിത്രരചനകളല്ലാതെ പറയത്തക്ക കലാപ്രവര്‍ത്തനങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, യൂറോപ്പുമായുള്ള നിരന്തരസമ്പര്‍ക്കംമൂലം ബ്രിട്ടീഷ് ബുദ്ധിജീവികളും പ്രഭുക്കന്മാരും റോയല്‍ അക്കാദമി (1768) സ്ഥാപിച്ചപ്പോള്‍ അതിന്റെ ആദ്യ അധ്യക്ഷനായി നിയോഗിച്ചത് പ്രസിദ്ധ ചിത്രകാരനായ ജ്വോഷ്വാ റെയ്നോള്‍ഡ്സിനെ (1723-92) ആയിരുന്നു. ഛായാചിത്രങ്ങള്‍, ഗ്രൂപ്പ് ചിത്രങ്ങള്‍, ചരിത്രവിഷയങ്ങളെ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ മുതലായവ രചിച്ചിരുന്ന ഇദ്ദേഹം റെംബ്രാണ്ട്, ടിഷ്യാന്‍, കൊറേഗിയോ എന്നിവരുടെ ചിത്രങ്ങള്‍ പഠിക്കുകയും, സാഹിത്യകാരന്മാര്‍, പണ്ഡിതന്മാര്‍ എന്നിവരുമായി സൌഹൃദം സ്ഥാപിക്കുകയും ചെയ്തു. തന്റെ മോഡലിന്റെ തനിച്ഛായ പകര്‍ത്തുന്നതില്‍ മാത്രമല്ല. അവരുടെ സ്വഭാവം കൂടി ചിത്രത്തില്‍ പകര്‍ത്താന്‍ റെയ്നോള്‍ഡ്സിനു കഴിഞ്ഞു. ആംഗ്ളോ-സ്വിസ്സ് ചിത്രകാരനായ ഹെന്റി ഫുസെലി (1741-1825) യുടെ ചിത്രങ്ങള്‍ മറ്റൊരു വഴിക്കാണ് ജീവിതത്തെ നോക്കിയത്. റോയല്‍ അക്കാദമിയില്‍ ചിത്രകലാ പ്രൊഫസറായ അദ്ദേഹം, ആരും ഇന്നോളം ശ്രദ്ധിക്കാത്ത ഒരു മേഖലയാണ് 'സ്വപ്നം' എന്നു പറഞ്ഞുകൊണ്ട് സാഡിസവും, വിക്ഷോഭകരമായ ഒരു ലോകവും വരച്ചുകാട്ടി; ലൈംഗികത, മരണം, പ്രേതം, കുട്ടിച്ചാത്തന്മാര്‍ എന്നിവയുടെ അരങ്ങേറ്റത്തോടെ അദ്ദേഹം കൗതുകകരമായ പുതിയൊരു കാല്പനികത ചിത്രകലയില്‍ കടത്തിവിട്ടതിനുദാഹരണമാണ് 'നൈറ്റ്മെയര്‍' എന്ന ചിത്രം. കവി കൂടിയായ വില്യം ബ്ലേക് (1757-1827) നവോത്ഥാനകലയില്‍ നിന്നും ചില പാഠങ്ങള്‍ പഠിച്ചു കൊണ്ട് രചന നടത്തി. ദാന്തെയുടെ 'ഡിവൈന്‍ കോമഡി'ക്ക് ഇല്ലസ്ട്രേഷന്‍ രചിച്ച ഇദ്ദേഹം തന്റെ ചിത്രങ്ങളില്‍ രൂപങ്ങളെയും ഈശ്വരനെത്തന്നെയും ജ്യാമിതീയരൂപങ്ങളില്‍ തളച്ചിടാതെ തികച്ചും നൂതനമായ ശൈലിയില്‍ ആവിഷ്കരിച്ചു. ബ്ലേക്കിന്റെ മിസ്റ്റിക് അന്തര്‍ദര്‍ശനത്തിന് ആവിഷ്കാരം നല്കാന്‍ ഇദ്ദേഹം ശ്രമിച്ചപ്പോള്‍ കവിതയോടൊപ്പം ചിത്രകലയെയും കൂട്ടുപിടിച്ചു എന്നാണ് നിരൂപകര്‍ കരുതിയത്.

ചിത്രകലയില്‍ വിരളമായുണ്ടാകുന്ന ഒരു പ്രതിഭയായിരുന്നു ജന്തുജാലങ്ങളുടെ ചിത്രകാരനായ ജോര്‍ജ് സ്റ്റബ്സ് (1724-1806). മൃഗങ്ങളുടെ അനാറ്റമി പഠിച്ച അദ്ദേഹത്തിന്റെ പ്രിയമൃഗം കുതിരയായിരുന്നു. പ്രകൃതിയാണ് കലയെക്കാള്‍ മഹത്തരമെന്ന് കരുതിയ സ്റ്റബ്സ് ദ് അനാറ്റമി ഒഫ് ദ് ഹോഴ്സ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അനാറ്റമിക്കല്‍ റിയലിസം' എന്നു പറയാവുന്ന ശാഖയില്‍ ഇദ്ദേഹം രചിച്ച ചിത്രങ്ങളാണ് 'ഭീതിദനായ കുതിര', 'സിംഹത്താല്‍ ആക്രമിക്കപ്പെടുന്ന കുതിര' എന്നിവ. മനുഷ്യരും മൃഗങ്ങളും ഒന്നിച്ച് അണിനിരക്കുന്നവയാണ് 'ചീറ്റ', 'സ്റ്റാഗ് ആന്‍ഡ് ഇന്ത്യന്‍സ്', 'ഹണ്ട്സ്മെന്‍ സെറ്റിങ് ഔട്ട് ഫോര്‍ സൌത്ത് ഹില്‍', 'മില്‍ ബാങ്ക്', 'ഹേമേക്കേഴ്സ്', 'കൊയ്ത്തുകാര്‍' എന്നീ ചിത്രങ്ങള്‍. 18-ാം ശ.-ത്തിലെ ഇംഗ്ളീഷ് മനസ്സ് ചിത്രകലയെ കണ്ടത് മനുഷ്യന്റെ ഛായാചിത്രങ്ങളിലൂടെയായിരുന്നു. എന്നാല്‍ തോമസ് ഗെയ്ന്‍സ്ബറോ(1727-88)യുടെ ആദ്യപ്രേമം പ്രകൃതിയെന്ന കാമുകിയോടായിരുന്നു. ഛായാചിത്രങ്ങള്‍ക്ക് രണ്ടാംസ്ഥാനം മാത്രം. റൂബെന്‍സില്‍ തുടങ്ങി വാന്‍ ഡൈക്കിന്റെ വര്‍ണങ്ങളിലും, ശീതളമായ പ്രകാശം തിളങ്ങുന്ന നിഴലുകളിലും, അഭിജാതമോഡലുകളുടെ വെട്ടിത്തിളങ്ങുന്ന പട്ടുടയാടകളിലും ആകൃഷ്ടനായ ഇദ്ദേഹം നിരവധി ഛായാചിത്രങ്ങള്‍ രചിച്ച് റെയ്നോള്‍ഡ്സിന് ഒരു പ്രതിയോഗിയായി. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെ വര്‍ണവൈജാത്യങ്ങളുടെ ആകര്‍ഷകമായ പൊരുത്തം റെന്വായുടെ നിറങ്ങളെ ഓര്‍മിപ്പിക്കുന്നു. ബ്രിട്ടീഷ് ചിത്രകലയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന വില്യം ഹോഗര്‍ത്തിന്റെ (1697-1764) ചിത്രങ്ങളില്‍ മുന്തിനില്ക്കുന്നത് ആക്ഷേപഹാസ്യവും ജീവിതത്തിന്റെ സത്യസന്ധമായ ചിത്രീകരണവുമാണ്. സമകാലികജീവിതത്തിന്റെ സത്യസന്ധമായ രേഖകളാണ്. 'വിവാഹത്തിനുശേഷം', 'ദ് റേക്സ് പ്രോഗ്രസ്', 'സെല്‍ഫ്', 'സെല്‍ഫ് പോര്‍ട്രേറ്റ് വിത്ത് പഗ്', 'ഹാര്‍ലറ്റ്സ് പ്രോഗ്രസ്' എന്നിവ. ഹോഗര്‍ത്തിന്റെ കലാപരമായ ആശയങ്ങള്‍ അനാലിസിസ് ഒഫ് ബ്യൂട്ടി എന്ന കൃതിയില്‍ കാണാം.

നിയോക്ലാസ്സിസിസം

ദി ഓത്ത് ഓഫ് ഹൊറാത്തെ (1784)

നവോത്ഥാന ക്ലാസ്സിക്കല്‍ ആശയങ്ങളെ വികലമാക്കിയ മാനറിസവും, പൊള്ളയായ റൊക്കോക്കൊയും തിരസ്കരിച്ചുകൊണ്ട് ക്ലാസ്സിക് കലാസിദ്ധാന്തത്തിലേക്കും രചനാശൈലിയിലേക്കും ഗൃഹാതുരത്വത്തോടെ ചിത്രകാരന്‍ പോകാനും നിയോക്ലാസ്സിസിസമെന്ന പ്രസ്ഥാനമാരംഭിക്കാനും അനേകം കാരണങ്ങള്‍ ഉണ്ട്. നിയോക്ലാസ്സിക് ചിത്രകലയ്ക്ക് പ്രചോദനം നല്കിയത് ഭൂഗര്‍ഭ ശാസ്ത്രജ്ഞനും കലാസൈദ്ധാന്തികനുമായ വിങ്കിള്‍മാനും, ജര്‍മന്‍ ചിത്രകാരനായ മങ്കും, ജര്‍മന്‍ കലാനിരൂപകനും നാടകകൃത്തുമായ ലെസിങ്ങും ആയിരുന്നു. റോമന്‍, എട്രൂസ്കന്‍, ഈജിപ്ഷ്യന്‍, ഗ്രീക്കു കലാപാരമ്പര്യത്തെ ആദരിച്ച വിങ്കിള്‍മാന്റെ സിദ്ധാന്തത്തെ മങ്കും, ലെസിങ്ങും പിന്തുണച്ചു. ഫ്രാന്‍സില്‍ നിയോക്ലാസ്സിസിസത്തിന്റെ ശക്തമായ തരംഗമിളക്കിവിട്ടത് ജാക്വസ് ലൂയി ഡേവിഡ് (1745-1825) ആയിരുന്നു. നെപ്പോളിയന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തിനു നിയോക്ലാസ്സിക് രചനാശൈലി ആസ്വാദ്യകരമായിത്തീര്‍ന്നു. 'ഡേവിഡിന്റെ ദി ഓത്ത് ഒഫ് ദ് ഹൊറത്തൈ', 'ദ് ഡെത്ത് ഒഫ് മറാത്ത്' എന്നിവ വിശ്രുതമാണ്. നിയോക്ലാസ്സിക് ശില്പകലയില്‍ കനോവ, ഫ്ളാങ്ക്സ്മാന്‍, ഹൊദോങ് എന്നിവരും വാസ്തുശില്പത്തില്‍ ലെഡോ, ജോസഫ് പെയറൊ, വിക്ടര്‍ ലൂയിസ് എന്നിവരും യൂറോപ്പില്‍ ഒരു നിയോക്ലാസ്സിക് ഭാവുകത്വം വികസിപ്പിച്ചപ്പോള്‍ സ്പാനിഷ് ചിത്രകലയില്‍ അതികായനായ ഗോയ രംഗപ്രവേശം ചെയ്യുകയായിരുന്നു.

ഫ്രാന്‍സിസ്കോ ഡി ഗോയ (1746-1828)

പലതുകൊണ്ടും യൂറോപ്യന്‍ ചിത്രകലാചരിത്രത്തിന്റെ വഴിത്തിരിവില്‍ നില്‍ക്കുന്ന വലിയ ചിത്രകാരനാണ് ഗോയ. ഇറ്റാലിയന്‍ മാസ്റ്ററായ ടിഷ്യാന്റെയും ഫ്ളെമിഷ് ചിത്രകാരനായ റൂബെന്‍സിന്റെയും സ്പാനിഷ് ചിത്രകാരന്‍ വിലാസ്ക്വിസിന്റെയും പ്രവണതകള്‍ ഉള്‍ക്കൊണ്ട ഗോയയ്ക്ക്, റ്റീപ്പോളോയുടെ ഇറ്റാലിയന്‍ റൊക്കോക്കൊയും, മങ്കിന്റെ ജര്‍മന്‍ നിയോക്ലാസ്സിസിസവും, 18-ാം ശ.-ത്തിലെ ആക്ഷേപഹാസ്യവും അന്യമായി തോന്നിയില്ല. റോമില്‍ നിന്നും മടങ്ങിവന്ന് ഇദ്ദേഹം മാഡ്രിഡ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായി; ആദ്യകാലരചനകളില്‍ തിളങ്ങുന്ന വര്‍ണങ്ങളും ഭൂമിയിലെ സ്വര്‍ഗത്തിന്റെ ആഹ്ളാദവും പകര്‍ത്തുന്ന റൊക്കോക്കൊയില്‍ നിന്നും നാച്വറലിസ്റ്റ് സ്വാഭാവികതയിലേക്കും, തുടര്‍ന്നു നിഴലും വെളിച്ചവും സമന്വയിക്കുന്ന മനോഹരശൈലിയിലേക്കും നീങ്ങിയപ്പോള്‍, എക്സ്പ്രഷനിസ്റ്റുകളോട് അടുക്കുകയായിരുന്നു ഗോയ ഗോയയുടെ സവിശേഷ രചനാശൈലി യൂറോപ്പില്‍ റൊമാന്റിസിസത്തിന് പ്രചോദകമായി. വോള്‍ട്ടയറിന്റെ ആരാധകനായ ഗോയയില്‍ സന്മാര്‍ഗിയും സ്വപ്നാടകനും പൗരാണികതയുടെ ആരാധകനും പ്രകൃതിയുടെ പ്രവാചകനും സമ്മേളിക്കുന്നു. മനുഷ്യന്‍ സര്‍വതിന്റെയും സങ്കീര്‍ണമായ ഒരു സമാഹാരമാണെന്നു കരുതിയ ഗോയ തികഞ്ഞ സത്യസന്ധതയോടെ, സാങ്കേതികത്തികവോടെ യാഥാര്‍ഥ്യങ്ങള്‍ക്കു സ്വന്തമായൊരു മാനം നല്കി ചിത്രീകരിച്ചു. ഗോയയുടെ അവിസ്മരീണയമായ ചിത്രങ്ങളാണ് 'ചാള്‍സ് നാലാമന്റെ കുടുംബം', 'ദി എക്സിക്യൂഷന്‍ ഒഫ് മേയ് 3, 1808', 'ദ് സ്ളീപ് ഒഫ് റീസണ്‍ ബ്രിങ്സ് ഫോര്‍ത്ത് മോണ്‍സ്റ്റേഴ്സ്', 'വാട്ട് മോര്‍ ക്യാന്‍ വീ ഡൂ', 'ഹണ്ടിങ് ഫോര്‍ റ്റീത്ത്', 'സാറ്റേണ്‍ ഡിവൌറിങ് ഹിസ് ചില്‍ഡ്രന്‍' എന്നിവ.

19-ാം ശതകം

റൊമാന്റിസിസം

ഒഥല്ലോ ആന്‍ഡ് ദെസ്റ്റിമോണ (1850)

കലാകാരനായ വ്യക്തിക്കു ചിലപ്പോള്‍ സമൂഹവുമായും ചില പ്രസ്ഥാനങ്ങളുമായും ശക്തിയായി പോരാടുകയും തന്റെ വ്യക്തിസത്തയെ കലാമാധ്യമത്തിലൂടെ ആവിഷ്കരിക്കാന്‍ കഠിനമായി പ്രയത്നിക്കുകയും ചെയ്യേണ്ടിവരും. അംഗീകൃതമാനദണ്ഡങ്ങളെ നിരസിക്കുവാനും, മുന്‍തലമുറയുടെ വീക്ഷണങ്ങളെ തിരസ്കരിക്കുവാനും ചിലതിനെ സ്വാഗതം ചെയ്യുവാനും അയാള്‍ നിര്‍ബന്ധിതനാകുന്നു. ഫ്രാന്‍സിലും യൂറോപ്പില്‍ പലയിടത്തും 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍, ചിത്രകലയില്‍ അത്തരമൊരു സാഹചര്യം നിലനിന്ന കാലത്താണ് ഫ്രഞ്ച് ബാര്‍ബിസോണ്‍ സ്കൂളിലെ പാവപ്പെട്ടവരുടെ ചിത്രകാരനായ തിയൊഡോര്‍ റൂസ്സോ (1812-67), പ്രകൃതിദൃശ്യ ചിത്രരചന തന്റെ വിഹ്വലമായ വികാരങ്ങളാവിഷ്കരിക്കാനുള്ള ഒരു പാധിയാക്കി മാറ്റിയത്. ഫ്രഞ്ച് ചിത്രകാരന്‍ ജറിക്കോളും ഇതുതന്നെയാണ് ചെയ്തത്. കഷ്ടപ്പെടുന്നവരോട് കരുണ കാണിക്കണ്ടേ എന്ന് കാണികളോട് കേഴുന്ന ചിത്രങ്ങളാണവരുടേതെന്നു പറയാം. ജറിക്കോളിന്റെ 'ദ് റാഫ്റ്റ് ഒഫ് ദ് മെഡൂസ'യും ഗ്രോസിന്റെ 'ദ് പ്ലേഗ് സ്ട്രിക്കണ്‍ അറ്റ് ജാഫാ'യും പ്രതിഷേധത്തിന്റെ പ്രകടനമാണ്. 'റൊമാന്റിക് ഇന്‍ഡിവിജ്വലിസം' എന്നു വിമര്‍ശകര്‍ വിളിക്കുന്ന ഈ ഒരുകൂട്ടം യൂറോപ്യന്‍ ചിത്രകാരന്മാരുടെ രചനകളിലൂടെയാണ് റൊമാന്റിസിസം രൂപം കൊള്ളുന്നത്. യൂജിന്‍ ദെലാക്രൊ (1798-1863)യുടെ 1824-ലെ പ്രദര്‍ശന ചിത്രമായ 'ദ് മാസക്കര്‍ അറ്റ് സിയോ' എന്ന ചിത്രം ഇദ്ദേഹത്തെ ഈ പ്രസ്ഥാനത്തിന്റെ നായകനാക്കുന്നു. ദെലാക്രൊ തന്റെ റൊമാന്റിക് ശൈലിയില്‍ ഉറച്ചുനിന്നു വരച്ചവയാണ് 'ഡെത്ത് ഒഫ് സര്‍ദാനപാലസ്' തുടങ്ങിയ ചിത്രങ്ങള്‍. നിരൂപകരുടെ ആക്രമണം സഹിക്കാനാവാതെ വന്നപ്പോള്‍ അവരെ മെരുക്കാനായിട്ടാണ് പരമ്പാരാഗത ശൈലിയോടടുത്തു നില്‍ക്കുന്ന രീതിയില്‍ 'ദ് റ്റേക്കിങ് ഒഫ് കോണ്‍സ്റ്റാന്റിനോപ്പിള്‍ ബൈ ദ് ക്രൂസൈഡേഴ്സ്' എന്ന ചിത്രം വരച്ചത്. ചിത്രം വിജയിച്ചു എങ്കിലും ദെലാക്രൊയുടെ മനസ്സില്‍ വിക്ഷോഭം നിറഞ്ഞുനിന്നു. ഒടുവില്‍ അദ്ദേഹം പ്രതിഷേധത്തിന്റെ ശക്തി കുറച്ച് മതപരമായ വിഷയങ്ങളെ പാരമ്പര്യശൈലിയില്‍ രചിക്കുകയും പിന്നീട് അമേരിക്കയിലെ ഹഡ്സണ്‍ റിവര്‍ സ്കൂള്‍ ചിത്രകാരന്മാരുടെ സങ്കേതത്തിലെത്തുകയും ചെയ്തു.

വര്‍ണങ്ങളെ ബോധപൂര്‍വം, വ്യക്തിഗതമായ രീതിയില്‍ ചിത്രത്തില്‍ വിനിയോഗിക്കുകവഴി കാല്പനിക ധീരതയുമായി മുന്നേറിയ ദെലാക്രൊയ്ക്ക് ഒരു കൂട്ടുകാരനുണ്ടായി. ആക്ഷേപഹാസ്യത്തിന്റെ അസുരവിത്തുമായാണ് ദാമിയേ (1808-79) കടന്നുവന്നത്. 'ദി അപ്റൈസിങ്' ദാമിയേയുടെ മികച്ച സംഭാവനയാണ്. റൊമാന്റിസിസത്തിനു ശക്തനായ പ്രതിയോഗിയായി നിയോക്ലാസ്സിസിസ്റ്റ് എന്ന് വിളിക്കാവുന്ന ഇങ്ഗ്ര് കടന്നുവന്നു. തന്റെ ഗുരുനാഥനായ ഡേവിഡിന്റെ ക്ലാസ്സിസത്തില്‍ നിന്നും സ്വന്തമായൊരു ശൈലി വാര്‍ത്തെടുത്ത ചിത്രകാരനാണ് ഇങ്ഗ്ര്.

അമേരിക്കന്‍ ചിത്രകല

അമേരിക്കന്‍ ഐക്യനാടുകളില്‍ രണ്ടു ചിത്രകലാപ്രസ്ഥാനങ്ങള്‍ 19-ാം ശ.-ത്തിലുണ്ടായി. അമേരിക്കയുടെ വന്യമായ പ്രകൃതിദൃശ്യങ്ങള്‍ വരയ്ക്കുന്നവരും, സാമൂഹികസത്യങ്ങള്‍ വരയ്ക്കുന്നവരും. ഇക്കാലത്തെ 'ഹഡ്സണ്‍ റിവര്‍ സ്കൂള്‍' എന്ന വിഭാഗത്തില്‍പ്പെട്ട തോമസ് കോളും, ഡുറാന്റും, ഫ്രെഡറിക് ചര്‍ച്ചും നല്ല ചിത്രകാരന്മാരായിരുന്നു. പ്രകൃതിയോടുള്ള ഇവരുടെ സമീപനത്തില്‍ വെറും വിനോദകരമായ പ്രകൃതിസ്നേഹം മുതല്‍ ഉദാത്തമായ പ്രകൃത്യാരാധന വരെ കാണാം. റൊമാന്റിക്കായ വാഷിങ്ടണ്‍ ആള്‍സ്റ്റന്‍ (1779-1843) അന്തരീക്ഷത്തിന്റെ അവസ്ഥാന്തരങ്ങള്‍ ആവിഷ്കരിച്ചു. 'എലിജാ ഫെഡ് ബൈ ദ റാവന്‍സ്' നല്ല ചിത്രമാണ്. തോമസ് കോള്‍ (1801-43) ഭൂമികന്യകയെ ഉദാത്തവത്കരിക്കാന്‍ ശ്രമിച്ചു. 'ദി ഓക്സസ്' അത്തരമൊരു പ്രസിദ്ധ ചിത്രമാണ്. അമേരിക്കയിലെ ജന്തുസസ്യപുഷ്പഫലജാലങ്ങളുടെ സവിശേഷസൌകുമാര്യമാണ് ജെയിംസ് ആഡുബോണ്‍ ആവിഷ്കരിച്ചത്. ഹിക്സി (1780-1845)ന്റെ ഫാന്റസി നിറഞ്ഞ പ്രകൃതിദൃശ്യമാണ് 'ദ് പീസ്ഫുള്‍ കിങ്ഡം'. വില്യം സിഡ്നി മൗണ്ടിന്റെ സാമൂഹ്യജീവിതചിത്രങ്ങളില്‍ ഡച്ചു സ്വാധീനം കാണാം. അമേരിക്കയിലെ ആദ്യകാലസംസ്കാരം പകര്‍ത്താന്‍ ശ്രമിച്ചവരാണ് ജോര്‍ജ് കാറ്റ്ലിനും, സേത് ഈസ്റ്റുമാനും. ബീര്‍സ്റ്റാഡ്റ്റിനെ ആകര്‍ഷിച്ചത് റോക്കി പര്‍വതത്തിന്റെ അത്യുംഗശൃംഗങ്ങളാണ്. റെമിങ്ടണാവട്ടെ കാലിമേയ്ക്കുന്നവരുടെ ജീവിതവും ചിത്രീകരിച്ചു.

ഹഡ്സണ്‍ റിവര്‍ സ്കൂള്‍ ചിത്രശൈലിയും സങ്കേതങ്ങളും 19-ാം ശതകമധ്യം വരെ തുടര്‍ന്നു; കെന്‍സെറ്റും, ഹഫ്ലെയിനും, ഹീഡും അമേരിക്കയുടെ വന്യഭംഗിയെ ഓരോരോ വ്യക്തിഗത ശൈലിയില്‍ ചിത്രീകരിച്ചു. പല പരീക്ഷണങ്ങളും അവര്‍ നടത്തി. സാര്‍ജന്റും വിസ്ലറും മുന്തിയ ചിത്രകാരന്മാരായ ജോണ്‍സണും വിന്‍സ്ളോ ഹോമറും തോമസ് ഈകിന്‍സും യൂറോപ്യന്‍ പ്രവണതകളും സങ്കേതങ്ങളും സ്വാംശീകരിച്ചവരാണ്. ജോണ്‍സണിന്റെ 'നോട്ട് അറ്റ് ഹോം', അമേരിക്കന്‍ ആഭ്യന്തര യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ച ഹോമറിന്റെ (1836-1910) 'ദ കണ്‍ട്രി സ്കൂള്‍', 'ദ് ബെറി പിക്കേഴ്സ്' എന്നിവ പ്രസിദ്ധമാണ്. നിലനില്പിനുവേണ്ടി പ്രകൃതിയുമായി പൊരുതുന്ന മനുഷ്യരാണ് ഹോമറുടേത്. ഹോമറിന്റെ 'ദ് ഫോക്സ് ഹണ്ട്', 'ദ് ഗള്‍ഫ് സ്ട്രീം' എന്നിവയില്‍ പ്രകൃതിയുടെ വെറും ബാഹ്യരൂപമല്ല, അന്തച്ഛക്തിയെയാണ് ആവിഷ്കരിച്ചത്. അമേരിക്കന്‍ ഷാനര്‍ ചിത്രരചനയില്‍ പ്രസിദ്ധനായ ഈകിന്‍സ് (1844-1916) മനുഷ്യരേയും ജന്തുക്കളെയും ഒരു പ്രത്യേക ശൈലിയില്‍ രചിച്ചതിനുദാഹരണമാണ് 'ദ് ഗ്രേറ്റ് ക്ളിനിക്'.

നാച്വറലിസം

റിയലിസത്തില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് നാച്വറലിസം. പ്രകൃതിദൃശ്യങ്ങളുടെ തികച്ചും സത്യസന്ധമെന്നു പറയാവുന്നതരം രചനകളെയാണ് നാച്വറലിസ്റ്റ് എന്നു പറയുന്നത്. കാമിലി കോറോ (1796-1875) എന്ന ഫ്രഞ്ചുചിത്രകാരന്‍ ആര്‍ക്കേഡിയന്‍ കര്‍ഷകരെയും പ്രകൃതിയെയും ക്ലാസ്സിക്കല്‍ ലാന്‍ഡ്സ്കേപ്പിസ്റ്റുകളായ ക്ളോഡ്, പൂസാന്‍ എന്നിവരുടെ ചുവടുപിടിച്ച് രചിച്ച ചിത്രങ്ങളാണ്. 'ദ് ഫോറം', 'വ്യൂ ഒഫ് നാര്‍ണി', 'വ്യൂ ഒഫ് ചാര്‍ട്രസ്', 'ഇറ്റാലിയന്‍ വില്ലാ ഇന്‍ ദ് പൈന്‍സ്' എന്നിവ.

ഒരു നാച്വറലിസ്റ്റിക് പെയിന്റങ് - വില്യം ബ്ലിസ് ബേക്കര്‍

ഡച്ച് ലാന്‍ഡ്സ്കേപ് ചിത്രകാരന്മാരുടെ പാത പിന്തുടര്‍ന്ന തിയൊഡോര്‍ റൂസ്സോ (1812-67) പ്രകൃതി എല്ലാ മനുഷ്യവിജ്ഞാനീയത്തിന്റെയും സന്മാര്‍ഗചിന്തകളുടെയും ഉറവിടമാണെന്നു വിശ്വസിച്ച്, ഫ്രാന്‍സിലെ ഫോണ്ടന്‍ ബ്ളോ വനാന്തരങ്ങളില്‍പ്പോയി ഒരു യതിയെപ്പോലെ പ്രകൃതിയുടെ വിവിധ രൂപഭാവഭേദങ്ങള്‍ പഠിച്ച് രചന നടത്തിയ ചിത്രകാരനാണ്. പുതിയ ഫ്രഞ്ച് റിപ്പബ്ലിക് ഭരണാധികാരികള്‍ വൈകിയാണെങ്കിലും റൂസ്സോയെ ചിത്രരചനയ്ക്ക് നിയോഗിച്ചപ്പോള്‍ വരച്ച ചിത്രങ്ങളാണ് 'സണ്‍സെറ്റ്', 'എഡ്ജ് ഒഫ് ദ് ഫോറസ്റ്റ് ഒഫ് ഫോണ്ടന്‍ ബ്ലോ', 'ഔട്ട്സ്കേട്ട്സ് ഒഫ് എ വില്ലേജ്' എന്നിവ.

റൂസ്സോയുടെ നാച്വറലിസ്റ്റ് സഹയാത്രികനായ ഷാന്‍ ഫ്രാന്‍സൊ മില്ലെ (1814-75) പാവം കര്‍ഷകരെപ്പോലും ക്ലാസ്സിക് ശൈലിയില്‍ രചിച്ച് അവരുടെ സാമൂഹികപദവി ഉയര്‍ത്തുവാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വിപ്ളവത്തിന്റെ വിത്തുകള്‍ വിതയ്ക്കുമെന്ന് ഭയന്ന ഭരണാധികാരികള്‍ക്ക് ഒരു വെല്ലുവിളിപോലെ വരച്ചതാണ് 'ദ് ഗ്ളീനേഴ്സ്' എന്ന ചിത്രം.

റിയലിസവും സാമൂഹികവിമര്‍ശനവും

'ചിത്രകലയില്‍ അവതരിപ്പിക്കേണ്ടത് കാണുവാനും അനുഭവിക്കുവാനും കഴിയുന്ന കാര്യങ്ങള്‍ മാത്രമാണ്' എന്നു വിശ്വസിച്ച് രചന നടത്തിയ ഫ്രഞ്ച് ചിത്രകാരനായ ഗുസ്താവ് കോബേ (1819-77) ആണ് റിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകന്‍. പരമ്പരാഗത ഫ്രഞ്ച് രചനാരീതികള്‍ തിരസ്കരിച്ച്, പാരിസില്‍ നിന്നും അകന്ന ഒരിടത്തിരുന്ന് റിയലിസ്റ്റ് രീതിയില്‍ ജീവിതയാഥാര്‍ഥ്യങ്ങള്‍ പകര്‍ത്താനാണ് സ്വയം ശിക്ഷിതനായ ഈ കലാകാരന്‍ ശ്രമിച്ചത്. 'ബെറിയല്‍ അറ്റ് ഓര്‍നാനി' എന്ന ചിത്രത്തിലൂടെ തന്റെ ജന്മസ്ഥലമായ ഓര്‍നാനെ അനശ്വരമാക്കുകയും സമകാലിക അക്കാദമിക് ശൈലിയുടെ ഊഷരതയെയും റൊമാന്റിസത്തിന്റെയും വന്യവും വികലവുമായ കല്പനകളെ വെല്ലുവിളിക്കുകയായിരുന്നു ഇദ്ദേഹം. തന്റെ ചിത്രങ്ങള്‍ തരംതാണവയാണെന്ന് നിരൂപകര്‍ ആരോപിപ്പിച്ചപ്പോള്‍ പ്രൂഥോണ്‍ എന്ന ഫ്രഞ്ച് ചിന്തകന്‍ കോബേക്ക് പിന്തുണ നല്കി. 'ദ് ലവേഴ്സ് ഇന്‍ ദ് കണ്‍ട്രി', 'മാന്‍വിത്ത് ദ ലെതര്‍ ബെല്‍റ്റ്' എന്നിവ കോബേക്കിന് സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനമായിരുന്നു. എന്നാല്‍ കോബേയുടെ സമകാലികനും പ്രശസ്തനുമായ ദാമിയേ(1808-79)യുടെ ചിത്രങ്ങളിലെ റിയലിസ്റ്റ് ആഖ്യാനശൈലിയില്‍ കുറേക്കൂടി ആഴമുള്ള ജീവിതവിമര്‍ശനം കാണാം. പാരിസ് സമൂഹത്തെയാകെ സൂക്ഷിച്ച് നിരീക്ഷണം ചെയ്ത ദാമിയേ, സര്‍ക്കാരിന്റെ അഴിമതിയെ രൂക്ഷമായി വിമര്‍ശിച്ചു. ഫ്രഞ്ച് ബൂര്‍ഷ്വാസിയുടെ പൊള്ളത്തരത്തെയും പൊങ്ങച്ചത്തെയും കളിയാക്കുന്ന ഇദ്ദേഹത്തിന്റെ റിയലിസ്റ്റ് ചിത്രം 'തേഡ് ക്ലാസ് കാര്യേജ്' വളരെ ശ്രദ്ധേയമാണ്.

ടേണറും കോണ്‍സ്റ്റബിളും

പ്രകൃതിസൗന്ദര്യം പകര്‍ത്തുന്നതില്‍ സദാ ജാഗരൂകനായ ടേണര്‍ (1775-1851) ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദൃശ്യചിത്രരചയിതാവായ ബ്രിട്ടീഷ് കലാകാരനുമാണ്. ഫ്രഞ്ച് ഇംപ്രഷനിസ്റ്റുകളെ ഇദ്ദേഹം സ്വാധീനിച്ചു. 15-ാം വയസ്സുമുതല്‍ ചിത്രപ്രദര്‍ശനം തുടങ്ങിയ ടേണര്‍ 28-ാമത്തെ വയസ്സില്‍ റോയല്‍ അക്കാദമിയില്‍ പരിപ്രേക്ഷ്യം പഠിപ്പിക്കുന്ന പ്രൊഫസറായി. 'റെയിന്‍', 'സ്റ്റീം ആന്‍ഡ് സ്പീഡ്', 'സ്നോ സ്റ്റോം', 'സ്ലേവ് ഷിപ്പ്' തുടങ്ങിയവ പ്രസിദ്ധ രചനകളാണ്.

ജോണ്‍ കോണ്‍സ്റ്റബിള്‍ (1776-1837). ചിത്രകലയിലൂടെ പ്രകൃതിക്ക് മനുഷ്യന്റെ മേലുള്ള സ്വാധീനം ചിത്രീകരിച്ച പ്രതിഭാശാലിയാണ് കോണ്‍സ്റ്റബിള്‍. കിഴക്കേ ഇംഗ്ലണ്ടിലെ പച്ചപുതച്ച പുല്‍ത്തകിടികളും വിദൂരചക്രവാളവും ചിത്രസദൃശ്യമായ ഗ്രാമീണ ശാന്തതയുമാണ് കോണ്‍സ്റ്റബിളിനെ ചിത്രകാരനാക്കിയത്. ടേണറെപ്പോലെ ഇദ്ദേഹവും ഇംപ്രഷനിസ്റ്റുകളെ സ്വാധീനിച്ചു. 'ദ് ഹേവെയ്ന്‍', 'സീ ഒഫ് ബ്രൈറ്റണ്‍' എന്നിവ മനോഹരങ്ങളായ പ്രകൃതിപഠനങ്ങളാണ്.

ഇംപ്രഷനിസ്റ്റ് പ്രസ്ഥാനം

ഇംപ്രഷനിസ്റ്റ് പ്രവണതകള്‍ ചിത്രകലയില്‍ വളരെ മുന്‍പുതന്നെ ദൃശ്യമാണെങ്കിലും സമകാലിക രചനാസങ്കേതങ്ങളെ ശക്തിയായി എതിര്‍ത്തുകൊണ്ട് 19-ാം ശതകാവസാനം പാരിസിലും മറ്റും രചന നടത്തിയിരുന്ന ചിത്രകാരന്മാര്‍ തുടങ്ങിയ ഒരു പ്രതിഷേധ പ്രസ്ഥാനമാണിത്. രൂപങ്ങളെ, വിശേഷിച്ചും മനുഷ്യരൂപങ്ങളെ (ന്യൂഡ് ഉള്‍പ്പെടെ) രേഖകളുടെ മൂര്‍ച്ചയുള്ള അതിര്‍ത്തിവരമ്പുകളില്‍ തളച്ചിടാതെ വെറുംസാങ്കേതികത്തികവിന് പ്രാധാന്യം കൊടുക്കാതെ, തുറന്ന സ്ഥലത്തിരുന്ന് പ്രകൃതിയെയും മനുഷ്യനെയും പകര്‍ത്തുന്ന രീതിയാണിവരുടേത്. ചായങ്ങളെ നേരിട്ട് ക്യാന്‍വാസില്‍ തൊട്ടുവച്ച്, വസ്തുവിന്റെ രൂപത്തിന്റെയും ആകൃതിയുടെയും ത്രിമാന പരിപ്രേക്ഷ്യത്തിന്റെയും പ്രതീതിയുളവാക്കി കണ്ണിന് ദൃശ്യസുഖം തരുന്ന അസാമാന്യമായ രചനാശൈലി ഇംപ്രഷനിസത്തിന്റെ പ്രത്യേകതയാണ്. ഈ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തികനായ നേതാവ് പിസാറോയായിരുന്നെങ്കിലും മികച്ച ഇംപ്രഷനിസ്റ്റ് രചയിതാവ് ക്ളോഡ് മോനെ (1840-1926) ആയിരുന്നു. മോനെയുടെ 'ഇംപ്രഷന്‍-സണ്‍സെറ്റ്' മുതല്‍ 'കോര്‍ണര്‍ ഒഫ് ദ് സ്റ്റുഡിയോ', 'സ്പ്രിങ് ഫ്ളവേഴ്സ്', 'എ മജസ്റ്റിക് വ്യൂ ഒഫ് പാരിസ്', 'ഫോണ്ടന്‍ ബ്ളോ ഫോറസ്റ്റ്' വരെയുള്ള എല്ലാചിത്രങ്ങളും അതിമനോഹരമായ ഇംപ്രഷനിസ്റ്റ് രചനകളാണ്. പിസാറോ (1830-1903) പ്രതിദൃശ്യചിത്രങ്ങളാണ് ഇംപ്രഷനിസ്റ്റ് ശൈലിയില്‍ രചിച്ചത്. 'എന്‍ട്രന്‍സ് ടു ദ് വില്ലേജ് ഒഫ് വോയിസിന്‍സ്' ഇദ്ദേഹത്തിന്റെ അവിസ്മരണീയമായ ഒരു രചനയാണ്. എഡ്വേര്‍ഡ് മാനെ (1832-83) 'ലഞ്ചന്‍ ഓണ്‍ ദ് ഗ്രാസ്ഗിത്താര്‍ പ്ലേയര്‍', 'ഇന്‍ ദ് ബോട്ട്' എന്നീ ചിത്രങ്ങളും രചിച്ചു. പില്ക്കാലത്ത് ഈ പ്രസ്ഥാനത്തില്‍ തന്നെ നില്ക്കാതെ പല പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയവര്‍ ഒന്നായിട്ടാണ് ആദ്യപ്രദര്‍ശനങ്ങള്‍ നടത്തിയത്. വിശ്രുതരായ നിരവധി ചിത്രകാരന്മാര്‍ ഒരു കാലത്ത് ഒരു കുടക്കീഴില്‍ നിന്നിരുന്നു. ബാസില്‍, റെന്വാ, സിസ്ളി, ഫ്രഞ്ച് അക്കാദമിയുടെ നീരസത്തിന് വിധേയരായ പിസാറോ, ജോങ്കിന്‍ഡ്, ഗ്വിലാമിന്‍, വിസ്ലര്‍, ഫാന്റിന്‍ലാതോര്‍, സെസാന്‍ എന്നിവര്‍ ശക്തരായ ഇംപ്രഷനിസ്റ്റുകളായിരുന്നു. ഒരു പ്രബല ഇംപ്രഷനിസ്റ്റായിരുന്ന റെന്വാ (1841-1919) ദീര്‍ഘകാലം ഫ്രഞ്ച് കലയുടെ സുദീര്‍ഘമായ പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് ഇംപ്രഷനിസ്റ്റുകളുമായി സഹകരിച്ചത്. റെന്വായുടെ മനോഹരങ്ങളായ രചനകളാണ് 'ഡയാന ദ് ഹണ്ട്രസ്', 'ദ് ബാത്തേഴ്സ്' എന്നിവ. യൂറോപ്പിലെ ഏറ്റവും പ്രശസ്ത കളറിസ്റ്റുകളായ വോട്യു, ബോഷ്യോ, ഫ്രാഗൊണാര്‍ഡ് എന്നിവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട റെന്വാ, പിന്നീട് ക്ലാസ്സിക് ശൈലിയിലേക്ക് കൂറുമാറി. ഇംപ്രഷനിസ്റ്റ് ശൈലിയില്‍ ഉറച്ച് നിന്നത് ക്ളോഡ് മോനെ എന്ന അതുല്യപ്രതിഭ മാത്രമായിരുന്നു.

പോസ്റ്റ്-ഇംപ്രഷനിസം

യെല്ലോ ക്രൈസ്റ്റ് (1889)

ഇംപ്രഷനിസ്റ്റ് പ്രസ്ഥാനത്തില്‍പ്പെട്ട പലരും പല പന്ഥാവുകളിലൂടെ കടന്നുപോയപ്പോള്‍ ഇംപ്രഷനിസ്റ്റ് സ്വാധീനത്തില്‍പ്പെട്ട മറ്റൊരു കൂട്ടം ചിത്രകാരന്മാര്‍, അതിന്റെ നേട്ടങ്ങളില്‍ പിടിച്ചുനിന്നുകൊണ്ട് തങ്ങളുടെ സ്വന്തം ശൈലികളില്‍ രചന നടത്തി. ഇംപ്രഷനിസത്തിന്റെ അടിസ്ഥാനധാരണകളെ വ്യക്തിവ്യത്യാസങ്ങളോടെ അനുധാവനം ചെയ്ത ഈ കൂട്ടത്തില്‍ അസാമാന്യ വ്യക്തിത്വമുള്ള ചിത്രകാരന്മാരുണ്ടായിരുന്നു. ആധുനിക ഫ്രഞ്ച് ചിത്രകലയിലെ അവിസ്മരണീയനായ പ്രതിഭ-പോള്‍ സെസാന്‍ (1839-1906)-എല്‍ ഗ്രെക്കോയെപ്പോലെ പ്രസ്ഥാന ബഹുലതകള്‍ക്കിടയില്‍ നിന്ന വ്യക്തിത്വമുള്ള കലാകാരനാണ്. സെസാന്‍ ഇംപ്രഷനിസത്തിന്റെ അന്ത്യത്തിലും, ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം രൂപംകൊണ്ട ക്യൂബിസ്റ്റ്, ഫാവിസ്റ്റ്, എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുമുന്‍പിലും നിലകൊണ്ടു. പില്ക്കാല പ്രസ്ഥാനത്തിലെ പ്രസിദ്ധരായ ചിത്രകാരന്മാര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുതന്നെയും പ്രചോദനം നല്കിയ സെസാന്റെ 'സ്റ്റില്‍ ലൈഫും', 'ബാത്തേഴ്സും' കൊടുങ്കാറ്റിളക്കിവിട്ടു. എന്നാല്‍ സെസാന്റെ സ്റ്റില്‍ ലൈഫ് ചിത്രമായ 'ദ ബാസ്കറ്റ് ഒഫ് ആപ്പിളി'ല്‍ വസ്തുക്കളുടെ തലങ്ങളും രൂപങ്ങളും കാഴ്ചക്കാരന്റെ നേരെ ഒന്നിലധികം പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന സുപ്രധാനമായൊരു ആവിഷ്കാരശൈലിയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നറിയാന്‍ വിമര്‍ശകര്‍ കുറച്ചുസമയമെടുത്തു. സെസാന്‍ പിന്നീട് പൂസാന്റെ ക്ലാസ്സിസത്തിലേക്ക് പോയി. പോള്‍ ഗോഗിന്‍ (1848-1903) എന്ന ഫ്രഞ്ച് പോസ്റ്റ്- ഇംപ്രഷനിസ്റ്റ് പുതിയ പ്രസ്ഥാനങ്ങളായ ഫ്രഞ്ച് ഫാവിസത്തിനും ജര്‍മനിയിലെ 'ബ്ളൂ റൈഡര്‍' ഗ്രൂപ്പിനും ജന്മം നല്കിയ ചിത്രകാരനാണ്. ഗോഗിന്‍ പോസ്റ്റ്-ഇംപ്രഷനിസത്തിന്റെ കാതലായ-ഉള്‍ക്കാഴ്ചയുള്ള-ഭാഗം സ്വീകരിച്ച് സ്വന്തം ശൈലിയില്‍ ചിത്രങ്ങള്‍ രചിച്ചപ്പോള്‍, പില്ക്കാലത്തെ നാബികള്‍ അദ്ദേഹത്തില്‍നിന്നും ആവേശമുള്‍ക്കൊണ്ടു. സ്വജീവിതത്തെ ഒരിതിഹാസമാക്കിയ ഗോഗിന്റെ വിശ്രുതമായ ചിത്രങ്ങളില്‍ ചിലതാണ് 'അണ്ടര്‍ ദ് പണ്ടാമസ്'. 'ദ് സ്പിരിറ്റ് ഒഫ് ദ് ഡെഡ് വാച്ചിങ്' എന്നിവ. ഡച്ചുകാരനായിരുന്നെങ്കിലും ഫ്രഞ്ച് പോസ്റ്റ്-ഇംപ്രഷനിസത്തിന്റെ ഏറ്റവും നല്ല പ്രതിനിധിയായിരുന്നു പ്രസിദ്ധനായ വാന്‍ ഗോഗ് (1853-90). പോസ്റ്റ്-ഇംപ്രഷനിസത്തിന്റെ വൈകാരികമായ അന്തഃസത്ത ഗോഗിന്റെ ചിത്രങ്ങളില്‍ കാണാം. സഹയാത്രികരെപ്പോലെ പല നൂതന പ്രസ്ഥാനങ്ങള്‍ക്കും വഴിയൊരുക്കിയ വാന്‍ഗോഗിന്റെ 'ബോട്ട് അറ്റ് സെന്റ് മേരീസ്', 'കെഫെ അറ്റ് നൈറ്റ്', 'സണ്‍ഫ്ളവര്‍', 'വീറ്റ് ഫീല്‍ഡ് വിത്ത് ക്രോവ്സ്', 'കോണ്‍ ഫീല്‍ഡ് വിത്ത് സൈപ്രസ്' എന്നിവ അതിപ്രശസ്തമായ ചിത്രങ്ങളാണ്.

സിംബലിസവും നാബികളും

പ്രൊമിത്യൂസ് - ഗുസ്താവ് മൊറെ

സിംബലിസം. ഫ്രഞ്ച് സാഹിത്യനായകന്മാരായ ബോദ് ലെയര്‍, മലാര്‍മെ, റിംബാഡ്, വേര്‍ലേന്‍ എന്നിവരും 'ഡെക്കാഡന്റു'കള്‍ എന്നറിയപ്പെടുന്ന സിംബലിസ്റ്റുകളും സാഹിത്യത്തില്‍ പുതിയൊരു സംവേദനവും അവബോധവും പ്രകടിപ്പിച്ച കാലത്ത് അവരുടെ സുഹൃത്തായ ഫ്രഞ്ച് ചിത്രകാരന്‍ ഗസ്താവ് മോറിയോ (1826-98) വളരെ വിചിത്രവും രൂപവര്‍ണസമൃദ്ധവുമായ ചിത്രശൈലിയില്‍ 'ദി അപ്പാരിഷന്‍', 'ഈഡിപ്പസ് ആന്‍ഡ് ദ് സ്പിങ്ക്സ്' എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ വരച്ച് ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിംബലിസ്റ്റ് സാഹിത്യകാരന്മാര്‍ക്ക് പ്രിയങ്കരനായ മോറിയോ ഫാവിസ്റ്റുകളായ മാതിസ്, റൂവാള്‍ട് (Roualt) എന്നിവരുടെ ഗുരുവായിരുന്നു എന്നത് ശ്രദ്ധേയമാണ്. മറ്റൊരു സിംബലിസ്റ്റായ റെഡോങ് (1840-1916) സാഹിത്യകാരനുമായിരുന്നു. 'ഐ ഫ്ലോട്ടിങ് റ്റുവേര്‍ഡ്സ് ഇന്‍ഫിനിറ്റി ലൈക് സം വിയേര്‍ഡ് ബലൂണ്‍' ഇദ്ദേഹത്തിന്റെ ഒരു പ്രധാന ചിത്രമാണ്.

നാബികള്‍. ഫ്രഞ്ച് ചിത്രകാരന്‍ മോറീസ് ഡെനീസും (1870-1943) അദ്ദേഹത്തെ മാതൃകയാക്കിയ റാന്‍സണ്‍, റൂസല്‍, മെയ്ലോര്‍, ബോണാര്‍ഡ്, വില്ലാര്‍ഡ് എന്നിവരും ജാപ്പനീസ് പ്രിന്റുകളിലാകൃഷ്ടരായ കുറച്ച് കലാകാരന്മാരും ചേര്‍ന്ന് തുടങ്ങിയ പ്രസ്ഥാനമാണിത്. നാബി എന്നാല്‍ ഹീബ്രുഭാഷയില്‍ പ്രവാചകന്‍ എന്നാണ് അര്‍ഥം. ഡെനീസ്, ഗോഗിനെ ആരാധിച്ചുവെങ്കിലും, രൂപപരമായ കാര്യത്തില്‍ ശ്രദ്ധവച്ച് വരച്ച ചിത്രങ്ങള്‍ക്ക് പ്രതീകാത്മകത നല്കി. സെസാനെയും ഡെനീസ് ഇഷ്ടപ്പെട്ടു. മതപരമായ സ്വാധീനത്തില്‍ അദ്ദേഹമൊരു മിസ്റ്റിക്കായി രൂപാന്തരപ്പെട്ടപ്പോഴാണ് 'ടാലിസ്മാന്‍', 'ആഫ്റ്റര്‍നൂണ്‍ ഇന്‍ ദ വുഡ്', 'ഏപ്രില്‍' എന്നിവ രചിച്ചത്. നാബികളെ ജാപ്പനീസ് ചിത്രകല നന്നേ സ്വാധീനിച്ചിരുന്നു.

ആര്‍ട്ട് നുവോ (Art Nouveau)

കലയുടെ ധര്‍മത്തെക്കുറിച്ച് ഒരു നൂതനസങ്കല്പം വാര്‍ത്തെടുക്കാന്‍ ശ്രമിച്ച ആര്‍ട്ട് നുവോ പ്രസ്ഥാനത്തിന്റെ പിന്നിലെ കഥ സങ്കീര്‍ണമാണെങ്കിലും, തുടക്കം മക്മുര്‍ഡോ എന്ന വാസ്തുശില്പിയുടെ ആശയങ്ങളില്‍ നിന്നാണ്. ഭൂതകാലത്തെപ്പറ്റി അമിതമായി അഭിമാനം കൊള്ളുകയും ഭൂതകാലനേട്ടങ്ങളെ ഗൃഹാതുരത്വത്തോടെ നോക്കി അതിശയോക്തികരമായ വികലധാരണകള്‍ പുലര്‍ത്തുകയും ചെയ്യുന്നതിനെ ആര്‍ട്ട് നുവോസൈദ്ധാന്തികര്‍ ചോദ്യം ചെയ്തു. ചരിത്രപരതയുടെ അതിരുകളെ മറികടന്ന് പുതിയൊരു വര്‍ത്തമാനത്തിന്-കലാസൌന്ദര്യസമീപനത്തിന്-ആയിരുന്നു അവരുടെ ശ്രമം. പ്രകൃതിയിലെ ജൈവ-ജഡവസ്തുക്കളുടെ ആന്തരികവും ബാഹ്യവുമായ ഘടനാവിശേഷം ഇവരെയാകര്‍ഷിച്ചു. ഈ 'നവകലാ' പ്രസ്ഥാനം യൂറോപ്പില്‍ പലയിടത്തും പരന്നു. ഇംഗ്ളണ്ടിലും മറ്റും ഭൌതികവാദത്തിന്റെയും വെറും ഭൌതികസംസ്കാരത്തിന്റെയും അമിതസ്വാധീനത്തിനെതിരെയുള്ള ഒരു പ്രതിഷേധമായിരുന്നു ഈ പ്രസ്ഥാനം. നോര്‍വേക്കാരനായ എഡ്വേര്‍ഡ് മഞ്ചിന്റെ എക്സ്പ്രഷനിസ്റ്റ് ചിത്രങ്ങളാണ് ഈ പ്രസ്ഥാനത്തെ ശ്രദ്ധേയമാക്കിയത്. മഞ്ചിന്റെ 'ദ് ബ്രിഡ്ജ്', 'ദ് ക്രൈ' എന്നിവയില്‍ ഗോഗിന്റെയും വാന്‍ഗോഗിന്റെയും സ്വാധീനവും ഭൌതികസംസ്കൃതിയോടുള്ള വെറുപ്പും പ്രകടമാണ്.

20-ാം ശതകം

ഫാവിസം

അസാധാരണമായ വൈവിധ്യം, അമ്പരപ്പിക്കുന്നവേഗതയില്‍ ഉണ്ടാകുന്ന പ്രസ്ഥാനങ്ങള്‍, വിപ്ളവ-പ്രതിവിപ്ളവ പ്രവണതകള്‍ മുതലായവ കൊണ്ട് ഈ നൂറ്റാണ്ടിലെ ചിത്രകലാരംഗം സംഭവബഹുലമാണ്. ആദ്യമായി ആവിര്‍ഭവിച്ച ഒരു പ്രസ്ഥാനമാണ് ഫ്രാന്‍സില്‍ അരങ്ങേറിയ ഫാവിസം. മാതിസ്, ബ്രാക്ക്, റുവാള്‍ട്, വ്ളാമിങ്ക്, ഡുഫി എന്നിവര്‍ ചിത്രങ്ങളില്‍ വര്‍ണങ്ങളെ തികച്ചും വന്യമായ രീതിയില്‍ പ്രയോഗിക്കുകയും വരകളെ അസാധാരണമായ താളങ്ങളില്‍ വിന്യസിക്കുകയും ചെയ്തപ്പോള്‍, തങ്ങളുടെ ആസ്വാദനക്ഷമതയ്ക്ക് അന്യമായ ഈ ചിത്രകാരന്മാരെ 'ഫാവിസ്റ്റുകള്‍' (വന്യമൃഗങ്ങള്‍) എന്ന് ആസ്വാദകലോകം വിളിച്ചുതുടങ്ങി. പ്രസിദ്ധഫാവിസ്റ്റ് രചനകള്‍ മാതാസ്സിന്റെ 'ദ് ഗ്രീന്‍ സ്ട്രൈപ്പ്', 'മാദം മാതിസ്സിന്റെ ഛായാപടം' ആന്‍ദ്രേ ദെറെയ്ന്റെ 'ഹൌസസ് ഒഫ് പാര്‍ലമെന്റ്', റുവാള്‍ട്ടിന്റെ 'ക്രൈസ്റ്റ് മോക്ക്ഡ് ബൈ ദ് സോള്‍ജിയേഴ്സ്' വ്ളാമിങ്കിന്റെ 'ഹൌസസ് അറ്റ് ചാറ്റോ' എന്നിവയാണ്.

ക്യൂബിസം

ചിത്രകലയിലെ രൂപപരവും ഭാവപരവുമായ പ്രശ്നങ്ങളെക്കുറിച്ച് അമിതമായ ഔത്സുക്യം പ്രകടിപ്പിച്ച മഹാപ്രതിഭകളായ പിക്കാസോയും ജോര്‍ജ് ബ്രാക്കും ഒടുവില്‍ യാഥാര്‍ഥ്യത്തെ നേരിടാന്‍തന്നെ തീരുമാനിച്ചു. പരിപ്രേക്ഷ്യസിദ്ധാന്തം സമ്പൂര്‍ണമാണോ? ആണെങ്കിലും അല്ലെങ്കിലും ഭൂതകാലത്തിന്റെ ആ ഒസ്യത്തില്‍നിന്നും മാറി ത്രിമാന പരിപ്രേക്ഷ്യത്തില്‍ ജഗദീശ്വരന്‍ സൃഷ്ടിച്ചു പരിരക്ഷിച്ചുവരുന്ന വസ്തുനിഷ്ഠലോകവും മനുഷ്യന്റെ ആശയപ്രപഞ്ചവും ദ്വിമാനപ്രതലമായ കാന്‍വാസില്‍ നിസ്സഹായനായ ചിത്രകാരന്‍ എങ്ങനെ ആവിഷ്കരിക്കും? കാന്‍വാസെന്ന യാഥാര്‍ഥ്യത്തിന്റെ ദ്വിമാന പരിമിതിയില്‍നിന്ന്, വര്‍ണങ്ങളുടെയും ചിത്രത്തിനുള്ളിലെ സ്പേസിന്റെയും സഹായത്താല്‍ എങ്ങനെ ആശയങ്ങള്‍ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ അസ്തിത്വം നല്കാം? ഒരിടത്തു നിന്നുകൊണ്ട് ഒരു ദൃശ്യപഥത്തിലൂടെ വാസ്തവികതയുടെ അനുഭവം എങ്ങനെ ഒന്നലധികം സാങ്കല്പിക പരിപ്രേക്ഷ്യത്തില്‍ ചിത്രീകരിക്കാമെന്ന് അവര്‍ പരീക്ഷിച്ചുനോക്കി. ആദ്യകാലസൃഷ്ടികളെ അനലിറ്റിക്കല്‍ ക്യൂബിസം എന്നുവിളിക്കുന്നു. എന്നാല്‍ 'അവിഞ്ഞോണിലെ സ്ത്രീകളി'ല്‍ എത്തുമ്പോള്‍ പിക്കാസോയും, 'ദ് പോര്‍ച്ചുഗീസ്' രചിക്കുമ്പോള്‍ ബ്രാക്കും രൂപങ്ങളെ ലളിതവത്കരിച്ച്, ജ്യാമിതീയ രൂപങ്ങളാക്കി ചിത്രകലയിലെ പുതിയൊരു ചുരുക്കെഴുത്തുപോലെ, ആവിഷ്കരിക്കുന്നതില്‍ അനന്തമായ സാധ്യതകള്‍ അടങ്ങിയിരിക്കുന്നതായി കണ്ടു. ഇതോടൊപ്പം ആഫ്രിക്കന്‍ ശില്പവേലകളുടെ രൂപപരമായ അസാധാരണത്വവും അവരെ ആകര്‍ഷിച്ചു. അടുത്തടുത്ത സ്റ്റുഡിയോകളില്‍, നിരന്തരസമ്പര്‍ക്കത്തിലൂടെ വരച്ചുകൊണ്ടിരുന്ന പിക്കാസോയും ബ്രാക്കും പിന്നീട് രൂപങ്ങളെ പലപല ഭാഗങ്ങളായി വിഭജിച്ച്, കോണുകള്‍ക്ക് പകരം ക്യൂബുകള്‍, വട്ടങ്ങള്‍ക്കു പകരം ഗോളങ്ങള്‍, മുറിഞ്ഞ പിരമിഡുകള്‍ എന്നിവകൊണ്ട് ആവിഷ്കരിക്കാന്‍ ശ്രമിച്ചു. വസ്തുക്കളുടെ ചുറ്റും നടന്ന് ഏതംശത്തിനാണ് രചനയുടെ വിധാനത്തില്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് കണ്ടുപിടിച്ച്, അതില്‍ കേന്ദ്രീകരിച്ച് വര്‍ണങ്ങളെയും ടോണുകളെയും വിനിയോഗിച്ചുതുടങ്ങി. അങ്ങനെ സിന്തറ്റിക് ക്യൂബിസമെന്ന അടുത്തഘട്ടത്തില്‍ അവരെത്തി. വിശിഷ്ടങ്ങളായ രചനകളാണ് പിക്കാസോയുടെ 'ഗിത്താര്‍', 'ഗ്ളാസ് ആന്‍ഡ് ബോട്ടില്‍', ജൂവാന്‍ ഗ്രീസിന്റെ 'ദ് ചെക്ക്ബോര്‍ഡ്', റോബര്‍ട്ട് ദിലൌനെയുടെ 'സര്‍ക്കുലര്‍ ഫോര്‍സ്', 'ഏരിയാ ദ് ബാക്ക്', 'സ്റ്റില്‍ ലൈഫ് വിത്ത് ഗ്രെയ്പ്സ്' മുതലായവ. ഈ നൂറ്റാണ്ടിലെ ചിത്രകാരന്മാരെ ഏറ്റവും ശക്തിയായി സ്വാധീനിച്ച പ്രസ്ഥാനമാണ് ക്യൂബിസം.

പാബ്ലോ പിക്കാസോ (1881-1973)

യുഗപ്രഭാവനായ ഈ ചിത്രകാരന്റെ പ്രയാണം ആരും നടക്കാത്ത പാതയിലുടെയായിരുന്നു. തന്റെ സ്വകാര്യജീവിതത്തിലെ സംതൃപ്തിയും നിരാശയും എല്ലാം പിക്കാസോ വിഷയമാക്കി. വൈവാഹിക ജീവിതത്തിന്റെ വസന്തകാലത്ത് വരച്ച 'വുമണ്‍ വിത്ത് ഹാറ്റും' ഭാര്യയുമായി വിടപറയുന്ന കാലത്തെ വിഹ്വലതയുടെ രേഖകളായ 'വീപ്പീങ് വുമണും', 'ത്രീ ഡാന്‍സേഴ്സും' സ്ത്രീസ്വഭാവത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ ദ്വന്ദ്വാത്മകതയെയാണ് കാണിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ ദുഷ്ടതയ്ക്കെതിരെയുള്ള പ്രതിഷേധമാണ് വിശ്വവിഖ്യാതമായ 'ഗൂര്‍ണിക്ക' എന്ന ചിത്രം. അദ്ദേഹത്തിന്റെ സംഭവബഹുലമായ സര്‍ഗാത്മത ജീവിതത്തെ പല ഘട്ടങ്ങളായി തിരിച്ചാണ് ചിത്രകലാവിദ്യാര്‍ഥികള്‍ പഠിക്കുന്നത്. നിറങ്ങളോടുള്ള ആഭിമുഖ്യവും അവയില്‍ നടത്തിയ പരീക്ഷണങ്ങളും വച്ച് 'പിങ്ക്', 'ബ്ളൂ' എന്നിങ്ങനെ തിരിക്കാറുണ്ട്. പ്രസിദ്ധ ശില്പി കൂടിയായ പിക്കാസോ ആധുനിക കലയുടെ പിതാവായി അറിയപ്പെടുന്നു. (നോ: ഗൂര്‍ണിക്ക)

ദ് ബ്രിഡ്ജും ബ്ലൂ റൈഡറും

പേര് സൂചിപ്പിക്കുന്നതുപോലെ ദ് ബ്രിഡ്ജ് (ദ് ബ്രൂക്കെ) അക്കാദമിക് കലയ്ക്കും ആധുനിക കലയ്ക്കും ഇടയില്‍ പരസ്പരധാരണയുടെ ഒരു പാലം പണിയുകയെന്നതായിരുന്നു ഡ്രെസ്ഡണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച മാനിഫെസ്റ്റോയൊന്നുമില്ലാത്ത ഒരുകൂട്ടം ചിത്രകാരന്മാരുടെ ലക്ഷ്യം. ലുഡ്വിഗ് കിര്‍ച്ച്നെര്‍, മാക്സ് പെച്ച്സ്റ്റീന്‍, എമില്‍ നോള്‍ഡെ എന്നിവരായിരുന്നു പ്രമുഖന്മാര്‍. ജര്‍മനിയിലെ മ്യൂണിച്ച് കേന്ദ്രമാക്കി, വാസിലി കാന്‍ഡിന്‍സ്കിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ബ്ളൂ റൈഡറുകള്‍ ആത്മീയമായ അന്തഃസത്തയെ ചിത്രരചനയിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിച്ചവരാണ്. കാന്‍ഡിന്‍സ്കി, ഫ്രന്‍സ് മാര്‍ക്ക് എന്നിവരുടെ രചനകള്‍ ആദ്യകാലത്ത് കാവ്യമയവും സംഗീതത്തോടടുത്തു നില്‍ക്കുന്നവയുമായിരുന്നെങ്കിലും പിന്നീട് അവ ജ്യാമിതീയവും കണ്‍സ്ട്രക്ടിവിസ്റ്റുമായി രൂപാന്തരപ്പെടുകയും ചെയ്തു.

ബെക്മാന്‍, ഗ്രോസ്സ്, പോള്‍ ക്ലീ

ജര്‍മന്‍ എക്സ് പ്രഷനിസ്റ്റായ മാക്സ് ബെക്മാന്‍ (1884-1950) ബാര്‍ലിനിലെ ഇംപ്രഷനിസ്റ്റ് പോസ്റ്റ്-ഇംപ്രഷനിസ്റ്റ് പ്രദര്‍ശനങ്ങളില്‍ പങ്കെടുത്ത ചിത്രകാരനാണ്. പിന്നീട് റിയലിസ്റ്റും, റിയലിസ്റ്റ്-ഇംപ്രഷനിസ്റ്റുമായ അദ്ദേഹം ഒന്നാം ലോകയുദ്ധകാലത്തെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ക്കുശേഷം ആത്മീയതയിലേക്ക് നീങ്ങുകയും 'ദ് നൈറ്റും', 'വിമണ്‍ ടേക്കണ്‍ ടു അഡള്‍ട്ടറി'യും രചിച്ചു. കടുത്ത മൂര്‍ച്ചയുള്ള വരകളും, കടുംചായങ്ങളുംകൊണ്ട് പരിമിതമായ സ്പേസില്‍ രൂപങ്ങളെ നിറയ്ക്കുന്ന ശൈലിയില്‍ വരച്ച ബെക്മാന്‍, പിന്നീട് ന്യൂ ഒബ്ജക്റ്റിവിറ്റിയിലേക്ക് നീങ്ങി. ജോര്‍ജ് ഗ്രോസ്സ് (1893-1959) ആദ്യം ദാദായിസമായും പിന്നീട് ജര്‍മന്‍ ന്യൂ ഒബ്ജക്റ്റിവിറ്റിയുമായി സല്ലപിച്ച ചിത്രകാരനാണ്. ഒന്നാം ലോകയുദ്ധത്തിന്ശേഷം ഒരു ഫ്യൂച്ചറിസ്റ്റായി മാറിയ ഗ്രോസ്സിന്റെ ചിത്രങ്ങളില്‍ ആധുനിക ജീവിതത്തിന്റെ വിക്ഷോഭങ്ങള്‍ പ്രകടമാകുന്നു. ദാദായിസത്തിന്റെ എല്ലാ അരാജകത്വത്തിനും നശീകരണ പ്രവണതയ്ക്കും കൂട്ടുനിന്ന ഈ ധിക്കാരി പിന്നീട് കൂടുതല്‍ അര്‍ഥ പൂര്‍ണമായ രചനകളില്‍ മുഴുകിയതിനുദാഹരണമാണ് 'റിപ്പബ്ലിക്കന്‍ ആട്ടോമാറ്റന്‍സ്' എന്ന ചിത്രം. രണ്ടാം ലോകയുദ്ധത്തിന്റെ അവര്‍ണനീയമായ ഭീകരതകള്‍ ചിത്രീകരിക്കുന്ന രചനകള്‍ പിന്നീടുണ്ടായി. ലോകസാമ്രാജ്യത്വത്തിന്റെ സൈനികശക്തിയെയും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും അപലപിച്ച് രചനകള്‍ നടത്തിയ ഗ്രോസ്സ്, ഹിറ്റ്ലറുടെ കണ്ണില്‍പ്പെടാതെ അമേരിക്കയില്‍ അഭയം തേടി. എക്സ്പ്രഷനിസവും, മാജിക്-റിയലിസവുമായി അദ്ദേഹം മുന്നോട്ടു പോയി. പോള്‍ ക്ളീ (1879-1940) തന്റെ ചിത്രങ്ങളില്‍ വിരൂപവും ബീഭത്സവുമായ രൂപങ്ങള്‍ നിറച്ച് ആക്ഷേപഹാസ്യരചനകള്‍ നടത്തി. പിന്നീട് ഗൂഢാര്‍ഥവും ഐറണിയും ക്ളീയുടെ രചനകളില്‍ കടന്നുവന്നു. പിക്കാസോ, ലാഫോക്കോണിയര്‍ എന്നിവരുടെ സമ്പര്‍ക്കംമൂലം ക്യൂബിസ്റ്റ് പ്രവണതകളും പ്രകടിപ്പിക്കുകയുണ്ടായെങ്കിലും ഫാന്റസിയായിരുന്നു ക്ളീയുടെ ഇഷ്ടതട്ടകം. കുഞ്ഞുങ്ങളുടെയും ചിത്തരോഗികളുടെയും മാനസികഭാവങ്ങളിലെ നിരപരാധിത്വം ഇഷ്ടപ്പെട്ട ക്ളീയുടെ ശിക്ഷണമുള്ള വ്യക്തിഗത ശൈലിക്കുദാഹരണമാണ്, 'ഗേ റീപാസ്റ്റ്', 'ഡാന്‍സ് മോണ്‍സ്റ്റര്‍ ടു മൈ സോഫ്ട് സോങ്' എന്നീ രചനകള്‍.

നൂതന പ്രവണതകള്‍ (ബ്രിട്ടന്‍)

സാഹിത്യകാരന്മാരായ ഫോസ്റ്ററും വെര്‍ജിനിയാ വൂള്‍ഫും സ്ട്രാച്ചിയും ഒരുമിച്ചുകൂടുന്ന 'ബ്ളൂമ്സ്ബറി' ഗ്രൂപ്പിലെ ചിത്രകാരനായ റോഗര്‍ ഫ്രൈ (1866-1934) ചിത്രകാരനും നിരൂപകനുമായിരുന്നു. യൂറോപ്പിലെ നൂതനചിത്രകലാപ്രസ്ഥാനങ്ങളെ ബ്രിട്ടീഷ് ജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് അദ്ദേഹമാണ്. ഫ്രൈയുടെ കൃതികള്‍ കലാചിന്തകള്‍ കൈകാര്യം ചെയ്യുന്നവയാണ്. അദ്ദേഹം നിരവധി ആധുനിക ചിത്രകലാപ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു. 1912-ല്‍ നടത്തപ്പെട്ട ഫാവിസ്റ്റ്, ക്യൂബിസ്റ്റ് ചിത്രപ്രദര്‍ശനം ബ്രിട്ടീഷ് ജീവിതത്തിലെ നാഴികക്കല്ലായിരുന്നു എന്ന് വെര്‍ജീനിയാ വുള്‍ഫ് രേഖപ്പെടുത്തുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ക്കേ ഇംഗ്ളീഷ് ചിത്രകാരന്മാരില്‍ ക്യൂബിസ്റ്റ് സ്വാധീനം കണ്ടുതുടങ്ങിയിരുന്നു. ബെന്‍ നിക്കള്‍സണും ബാര്‍ബറാ ഹെപ്വേര്‍ത്തും പാരിസില്‍വച്ച് പിക്കാസോയെയും, ഡച്ചു ചിത്രകാരന്‍ മോന്‍ഡ്രിയനെയും പ്രസിദ്ധശില്പി ബ്രാങ്കുസിയെയും കണ്ടുമുട്ടി. 1932-ല്‍ ഇവര്‍ 'അബ്സ്ട്രാക്ഷന്‍-ക്രിയേഷന്‍' എന്ന ഗ്രൂപ്പില്‍ ചേര്‍ന്നു, അന്ന് പോള്‍ നാഷ് (1889-1946) വെറും പ്രകൃതി ദൃശ്യരചനയില്‍ മുഴുകിക്കഴിയുകയായിരുന്നു. ആധുനിക ചിത്രകാരന്മാരുമായി ബന്ധപ്പെട്ട നാഷ് പിന്നീട് സര്‍റിയലിസ്റ്റായി മാറി. 'ലാന്‍ഡ്സ്കേപ് ഇന്‍ എ ഡ്രീം' ആധുനിക ബ്രിട്ടീഷ് ഭാവുകത്വത്തിനുദാഹരണമാണ്. സതര്‍ലാന്‍ഡും (1903-) സ്റ്റാന്‍ലി സ്പെന്‍സറും യുദ്ധകാലാനുഭവങ്ങള്‍ ആധുനികരീതിയില്‍ ചിത്രീകരിച്ചു എങ്കിലും, ഫ്രാന്‍സിസ് ബേക്കണ്‍ (1910-) ആണ് ഏറ്റവും ശ്രദ്ധേയനായത്. തീക്ഷ്ണമായ യാതനയനുഭവിക്കുന്ന മനുഷ്യര്‍, ജഡങ്ങള്‍, പ്രേതങ്ങള്‍ എന്നിവയെ ഹൃദയസ്പൃക്കായ രീതിയില്‍ ചിത്രീകരിച്ച ബേക്കണ്‍ രണ്ടുതരം ചിത്രങ്ങളാണ് രചിച്ചത്. ഒന്ന് ബൗദ്ധികമായി പ്രേക്ഷകനോട് സംവദിക്കുന്നവ; മറ്റൊന്ന് ചിത്രകാരന്റെ വലിഞ്ഞു മുറുകിയ നാഡികള്‍ വരയ്ക്കുന്ന പ്രതീകാത്മകവും വികാരതീവ്രവുമായവ. റൊമാന്റിക് ഭാവങ്ങളും നാടകീയതയും പ്രതീകാത്മകതയും നിറഞ്ഞവയായിരുന്നു ബേക്കണിന്റെ രചനകള്‍. ഇദ്ദേഹത്തിന്റെ 'സ്റ്റഡി ഫോര്‍ എ പോപ്പ്' (1955) വളരെ പ്രസിദ്ധമാണ്.

ആധുനിക ഫ്രഞ്ച് അമൂര്‍ത്തകല

യൂറോപ്പില്‍ ചിത്രകല കൂടുതല്‍ അമൂര്‍ത്തമാവുകയായിരുന്നു 40-കളിലും 50-കളിലും. ഫ്രഞ്ച് ചിത്രകാരന്‍ ദിലൌനെ (1885-1941) ക്യൂബിസ്റ്റുകളെയും ബ്ളൂ റൈഡര്‍ ഗ്രൂപ്പുകാരെയും എതിര്‍ത്തുകൊണ്ട് വര്‍ണങ്ങളുടെ മാസ്മരവിദ്യ എന്തെന്ന് അവര്‍ക്ക് കാണിച്ചുകൊടുത്തു. വിഷയവും രൂപവും വിസ്മരിച്ച്, വര്‍ണങ്ങളുടെ ലോകത്തേക്കു കടന്ന ദിലൌനെയുടെ വിറയാര്‍ന്ന അബ്സ്ട്രാക്ട് ക്യൂബിസ്റ്റ് രൂപങ്ങള്‍ പിന്നീട് ഓര്‍ഫിസ്റ്റ് ശൈലിക്ക് വഴിമാറിക്കൊടുത്തു. എന്നാല്‍ തുറന്ന ജാലകങ്ങള്‍, നിശ്ചലദൃശ്യം, സ്ത്രീയുടെ നഗ്നരൂപലാവണ്യം ഇവയായിരുന്ന മത്തീസ്സിന്റെ ഇഷ്ടവിഷയങ്ങള്‍. നിറങ്ങളും രേഖകളും ശില്പവും തമ്മിലുള്ള ഒരു നൂതനബന്ധം സ്ഥാപിക്കാന്‍ മത്തീസ്സിന്റെ അമൂര്‍ത്തകലയ്ക്ക് കഴിയുന്നുണ്ട് എന്ന് നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. മത്തീസ്സിന്റെ 'ല എസ് കാര്‍ഗോട്ട്' വിവാദമുയര്‍ത്തിയ ചിത്രമാണ്. ജോര്‍ജ് ബ്രാക്കും ഫെര്‍നാന്റ് ലെഗറും, പിയര്‍ ബോനാര്‍ഡും മാര്‍ക്ക് ചഗലും മോന്‍ഡ്രിയാനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ആധുനിക അമൂര്‍ത്തചിത്രകാരന്മാരാണ്. സാധാരണക്കാരനുമായി അമൂര്‍ത്തകലയിലൂടെ ആശയവിനിമയം നടത്താന്‍ കഴിഞ്ഞ ലെഗറിന്റെ 'കോമ്പസിഷന്‍ വിത്ത് ടൂ പാരറ്റ്സും', തന്റെ സുന്ദരിയായ ഭാര്യയെ മോഡലാക്കി ന്യൂഡുകള്‍ വരച്ച ബോണാര്‍ഡിന്റെ 'ദ് വിന്‍ ഡോ'യും 'ദ് റ്റേബിള്‍ ക്ളോത്തും' പ്രസിദ്ധമാണ്. റഷ്യന്‍ ഐക്കോണ്‍, കര്‍ഷകരുടെ കല, ഫെയറി ടെയില്‍ എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചഗല്‍ നടത്തിയ രചനകളില്‍ ഫാവിസ്റ്റ് നിറപ്പൊലിമയും ക്യൂബിസ്റ്റ് ജ്യാമിതിയും കാണാം. 'സ്നോയിങ്', 'ദ് ലവേഴ്സ്', 'ദ് ബ്ളൂ സര്‍ക്കസ്' എന്നിവ ചഗലിന്റെ ചിത്രങ്ങളാണ്.

അബ്സ്ട്രാക്ട് എക്സ്പ്രഷനിസം

അന്‍പതുകളുടെ ആദ്യം തന്നെ പാശ്ചാത്യചിത്രകലയുടെ കേന്ദ്രം പാരിസില്‍നിന്നും ന്യൂയോര്‍ക്കിലേക്കു മാറി. പീഡിതമായ യൂറോപ്പിലെ യുദ്ധാനന്തരക്കെടുതികളില്‍നിന്നും അഭയംതേടി അമേരിക്കയില്‍വന്ന കലാകാരന്മാരില്‍ ഒരു വിഭാഗം 'ന്യൂയോര്‍ക്ക് സ്കൂള്‍' സ്ഥാപിച്ചു. അവരുടെ ചിത്രകലാപ്രസ്ഥാനമായ അബ്സ്ട്രാക്ട് എക്സ്പ്രഷനിസത്തില്‍ അഞ്ചു ചിത്രകാരന്മാരുണ്ടായിരുന്നു. 1929 ആയപ്പോഴേക്കും ന്യൂയോര്‍ക്കിലെ കാഴ്ചബംഗ്ളാവ് എല്ലാ യൂറോപ്യന്‍ ചിത്രകാരന്മാരുടെയും രചനകള്‍ ശേഖരിച്ചുകഴിഞ്ഞിരുന്നു. അമേരിക്കന്‍ അബ്സ്ട്രാക്ടുകള്‍ക്ക് പ്രത്യേകിച്ച് മറ്റൊരു ചിത്രഗ്യാലറിയും 1939-ല്‍ തുറക്കപ്പെട്ടു. അമേരിക്കന്‍ ചിത്രകാരന്മാരില്‍ പ്രധാനപ്പെട്ടവരായ പൊള്ളോക്ക്, ഹാന്‍സ്, ഹോഫ്മാന്‍ എന്നിവരും അതിനുശേഷം അര്‍ഷൈല്‍ ഗോര്‍ക്കി, ക്ളീഫോര്‍ഡ് സ്റ്റില്‍, മാര്‍ക്ക് റോത്കോ എന്നിവരും അമേരിക്കന്‍ അബ്സ്ട്രാക്ട് ചിത്രകലയുടെ വിചിത്രവും വൈവിധ്യവുമാര്‍ന്ന മുഖങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.

പോപ്പ്-ഓപ് ആര്‍ട്ടുകള്‍

ആധുനിക വ്യവസായയുഗത്തിന്റെ സവിശേഷതകളായ വേഗത, വാണിഭപ്രചാരം, വിനോദവാര്‍ത്താമാധ്യമങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ മാത്രമേ പോപ്പ് കലയെയും ഓപ് കലയെയും മനസ്സിലാക്കാനാകൂ. പോപ്പ് ചിത്രകലയുടെ ഉപജ്ഞാതാവ് റിച്ചാര്‍ഡ് ഹാമില്‍ട്ടനാണ്. ഡേവിഡ് ഹോക്നി, ആന്‍ഡി വാര്‍ഹോള്‍, പീറ്റര്‍ ബ്ളോക്ക് എന്നിവര്‍ പോപ്പ് ചിത്രകാരന്മാരാണ്. ബ്ളോക്കിന്റെ 'റ്റോയ് ഷോപ്' പോപ്പിനെ പ്രതിനിധാനം ചെയ്യുന്നു. കാഴ്ചക്കാരനില്‍ ഉടനടി ദൃശ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ എന്തെല്ലാം ചെയ്യണമെന്നാലോചിച്ച് ചിത്രങ്ങള്‍ ചമച്ചവരാണ് മോറിസ് ലൂയിസും (1912-62), ബ്രിജറ്റ് റിലിയും. ലൂയിസിന്റെ കണ്ണിന്റെ റെറ്റിനയെ കടന്നാക്രമിക്കുന്ന 'ആല്‍ഫാഫി'യും ബ്രിജറ്റ് എന്ന ബ്രിട്ടീഷ് ചിത്രകാരിയും ഇല്ലാത്തവസ്തുക്കളെ ഉണ്ടെന്ന് സൂചിപ്പിക്കുന്ന സങ്കേതത്തില്‍ പരീക്ഷണപരമായ രചനയില്‍ ഏര്‍പ്പെട്ടവരാണ്.

എക്സ് പ്രഷനിസം

ഒരു എക്സ്പ്രഷനിസ്റ്റ് ചിത്രം - ഒട്ടോ ഡിക്സ് (1924)
ഒട്ടോ ഡിക്സ്

രേഖ, വര്‍ണം, സ്പേസ് എന്നിവ ഒരു പ്രത്യേക ലക്ഷണത്തോടെ വികലമോ, അസാധാരണമായ രീതിയിലോ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുകയും, അതിലൂടെ വസ്തുക്കളുടെ ഉണ്മയിലേക്കും കലാകാരന്റെ വൈയക്തിക വികാരസത്തയിലേക്കും കടക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് എക്സ്പ്രഷനിസം സൃഷ്ടിപരമായ യാഥാര്‍ഥ്യം ആകുന്നത്. കലാകാരന്‍ താന്‍ ആവിഷ്കരിക്കാനുദ്ദേശിക്കുന്ന വസ്തുവുമായി താദാത്മ്യം പ്രാപിക്കുവാന്‍ ശ്രമിക്കും. ഭാവാവിഷ്കരണോപാധികളെ ഇപ്രകാരം തന്റെ ഇച്ഛപോലെ വിനിയോഗിക്കുന്ന എക്സ് പ്രഷനിസം വൈകാരികവും ആത്മാന്വേഷണപരവുമാകുന്നു. എന്നാല്‍ ഇംപ്രഷനിസവും ക്യൂബിസവും വര്‍ണനാപരവും, അപ്രഗ്രഥനാപരവുമാണ്. മുഖ്യമായും ഒരു ജര്‍മന്‍ ചിത്രകലാപ്രസ്ഥാനമായ എക്സ് പ്രഷനിസത്തില്‍ മൂന്നു വിഭാഗങ്ങള്‍ കാണാം: (I) ദ് ബ്രിഡ്ജ് ഗ്രൂപ്പ്, ആഫ്രിക്കന്‍ ശില്പകല, ഫാവിസം എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നവര്‍; (II) ബ്ളൂ റൈഡര്‍ ഗ്രൂപ്പിലെ അമൂര്‍ത്തവിഭാഗമായ ഗോഗിന്‍, ദിലൗനെ, നാടോടിക്കലയെ അധികരിച്ച്, ചിത്രകലയെ സംഗീതവുവുമായി അടുപ്പിച്ച കൂട്ടര്‍. ഈ രണ്ടാമത്തെ വിഭാഗം എക്സ് പ്രഷനിസ്റ്റുകള്‍ രൂപത്തെ രൂപത്തോടു തന്നെയും, വര്‍ണങ്ങളെ തമ്മില്‍ തമ്മിലും പരസ്പരം കെട്ടുപിണച്ച് പുതിയ ആവിഷ്കരണരീതി തേടുന്നവരാണ്. (III) മൂന്നാമത്തെ കൂട്ടര്‍ രൂപത്തെ കര്‍ക്കശമായി നിലനിര്‍ത്തുന്ന ഫിഗററ്റീവ് കലാകാരന്മാരും വിശദാംശങ്ങള്‍ നല്കുന്നവരുമായ 'ന്യൂ ഒബ്ജക്റ്റിവിറ്റി' എന്ന പേരില്‍ അറിയപ്പെടുന്നവരാണ്.

ഒന്നാമത്തെ വിഭാഗത്തില്‍ കിര്‍ച്ച്നെര്‍, നോള്‍ഡ്, പെച്ച്സ്റ്റീന്‍, 'ദ് ബാത്തേഴ്സ്' രചിച്ച മ്യൂള്ളര്‍, 'റയിന്‍ ക്ലൗഡ്സ്' രചിച്ച ഷ്മിറ്റ്-റോട്ട്ലഫ് എന്നിവര്‍ ഉള്‍പ്പെടുന്നു. മാര്‍ക്ക്, കാന്‍ഡിന്‍സ്കി, പോള്‍ ക്ലീ, കാംപെന്‍ഡോങ്ക്, ജാലെന്‍സ്കി എന്നിവര്‍ ബ്ലൂ റൈഡര്‍ വിഭാഗത്തില്‍പ്പെടുന്നു. ഓട്ടോ ഡിക്സ്, ഗ്രോസ്സ്, മാക്സ് ബെക്മാന്‍ മുതലായവര്‍ ന്യൂ ഒബ്ജക്റ്റിവിറ്റിയില്‍പ്പെടുന്നു. എക്സ്പ്രഷനിസ്റ്റുകള്‍ ആസ്റ്റ്രിയ, നോര്‍വേ എന്നിവിടങ്ങളിലും ഉണ്ടായിരുന്നു.

സര്‍റിയലിസം

പെര്‍സിസ്റ്റന്റ് ഒഫ് മെമ്മറി-ദാലി(1931)

യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപബോധമനസ്സിന്റെ കയറൂരിവിടുന്ന ദാദായിസത്തിന്റെ അരാജകത്വത്തിനും മറ്റു ചിത്രകലാപ്രസ്ഥാനങ്ങളുടെ അപര്യാപ്തകള്‍ക്കും എതിരേയുള്ള ആത്മാന്വേഷണപരമായ ഒരു ചിത്രകലാപ്രസ്ഥാനമാണ് സര്‍റിയലിസം. 1924-ല്‍ ആന്ദ്രേ ബ്രിട്ടണ്‍ എന്ന ഫ്രഞ്ച് സാഹിത്യകാരന്റെ നേതൃത്വത്തില്‍ സര്‍റിയലിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങി. ദൃശ്യത്തിനപ്പുറമൊരു കാഴ്ചയുണ്ടെന്നും, രചനയില്‍ അതിനെ ആവാഹിക്കണമെന്നും, പദാര്‍ഥങ്ങളുടെ പ്രാതിഭാസിക ലോകത്തിലെ അസ്തിത്വത്തിന് ഉണ്മ ഇല്ലെന്നും, അതിന് ചിത്രകാരന്‍ അന്തരാത്മാവിന്റെ അഗാധതലങ്ങളില്‍ പര്യവേക്ഷണം ചെയ്യണമെന്നും മാനിഫെസ്റ്റോ വാദിച്ചു. അത്തരമൊരു അന്വേഷണത്തിലൂടെ ചിത്രകാരന്‍ കണ്ടെത്തുന്ന യാഥാര്‍ഥ്യമാണ് സൂപ്പര്‍റിയലിസം അഥവാ സര്‍റിയലിസം. രണ്ടു വ്യത്യസ്ത ഗ്രൂപ്പുകള്‍ സര്‍റിയലിസ്റ്റുകളായി പ്രവര്‍ത്തിച്ചു. ഒരു വിഭാഗത്തെ വേറിസ്റ്റിക് അഥവാ ഒബ്ജക്റ്റിവ് സര്‍റിയലിസ്റ്റുകള്‍ എന്നു പറയുന്നു. സാല്‍വദോര്‍ ദാലിയും റ്റാന്‍ഗ്വിയും മറ്റുമുള്‍പ്പെടുന്നു ഈ വിഭാഗത്തില്‍. ഇവര്‍ ത്രിമാന പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടാണ് രചന നിര്‍വഹിക്കുന്നത്. എന്നാല്‍ രൂപങ്ങള്‍ക്ക് ആകൃതി മാറ്റവും വ്യതിയാനവും അസാധാരണത്വവും നല്കുന്നു. രണ്ടാമത്തെ വിഭാഗക്കാര്‍ രൂപങ്ങളെ തികച്ചും വ്യക്തമായി ചിത്രത്തില്‍ പ്രതിഫലിപ്പിക്കാതെ പദാര്‍ഥേതര (non-objective) ആവിഷ്കരണപദ്ധതി സ്വീകരിച്ചു. ആന്ദ്രേ മാസ്റ്റണ്‍, ആര്‍പ് എന്നിവരാണ് നോണ്‍ ഒബ്ജക്റ്റിവ് സര്‍റിയലിസ്റ്റുകള്‍.

സാല്‍വദോര്‍ ദാലി(1904-94)

സാല്‍വദോര്‍ ദാലി

സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തിലെ ഫിഗററ്റീവ് വിഭാഗത്തിന്റെ ഏറ്റവും ശക്തനായ വക്താവും, സര്‍റിയലിസത്തെ ഒരു സാര്‍വദേശീയ കലാപ്രസ്ഥാനമാക്കി മാറ്റുകയും ചെയ്ത സ്പാനിഷ് ചിത്രകാരനാണ് ദാലി. അദ്ദേഹത്തിന്റെ അസാധാരണമായ വ്യക്തിത്വം നമ്മെ അമ്പരപ്പിക്കുന്നു. ചിത്രകാരന്മാരുടെയിടയിലെ ഏറ്റവും വലിയ കിറുക്കന്‍ എന്ന് ദാലിയെ പലരും വിളിച്ചു. ഫ്രോയിഡിന്റെ മാനസികാപഗ്രഥന മനഃശാസ്ത്രവും പദാര്‍ഥ വിജ്ഞാനീയത്തിന്റെ പരിമിതിയെക്കുറിച്ചുള്ള ബോധവും ദാലിക്ക് പ്രചോദനം നല്കി. ആന്ദ്രേ ബ്രിട്ടന്റെ ആശയങ്ങളുമായി ദാലി യോജിച്ച് പ്രദര്‍ശനത്തിനു തയ്യാറായി. മറ്റു സര്‍റിയലിസ്റ്റുകളെപ്പോലെ ദാലി ചിലപ്പോഴെല്ലാം പൂര്‍ണമായും അബോധപൂര്‍വം തന്റെ ഉപബോധമനസ്സിനെ ക്യാന്‍വാസില്‍ പകര്‍ത്തി. എന്നാല്‍ അദ്ദേഹം പരിപ്രേക്ഷ്യത്തെ സമ്പൂര്‍ണമായും കൈവിട്ടില്ല. ഒരു അസാധാരണ ദൃശ്യപഥത്തിലൂടെ, കോണിലൂടെ അദ്ദേഹം ക്രിസ്തുവിനെ വരച്ചു 'പെര്‍സിസ്റ്റന്‍സ് ഒഫ് മെമ്മറി' ഇദ്ദേഹത്തിന്റെ പ്രശസ്ത രചനകളാണ്-'മെറ്റമോര്‍ഫോസിസ് ഒഫ് നാര്‍സിസസ്സ്' (1937), 'ടെംപ്റ്റേഷന്‍ ഒഫ് സെന്റ് ആന്റണി', 'അപോതിയോസിസ് ഒഫ് ഹോമര്‍' (1945), 'ആനിമേറ്റഡ് സ്റ്റില്‍ ലൈഫ്' (1958) തുടങ്ങിയവ.

ദാദായിസം

യുദ്ധത്തിന്റെ കെടുതികള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യുദ്ധവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഒരുകൂട്ടം യുവകലാകാരന്മാരുടെ പ്രസ്ഥാനമായിരുന്നു ദാദായിസം. എല്ലാ വ്യവസ്ഥാപിതകലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും യുക്തിയെത്തന്നെയും അവര്‍ വിക്ഷോഭത്തോടെ ചോദ്യം ചെയ്തു. ക്ഷുഭിതരായ ഈ ചിത്രകാരന്മാര്‍ രചനാത്മകമായി എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് ആശയക്കുഴപ്പവും അസ്ഥിരതയും അവരെ പരസ്പരം അകറ്റി. പ്രസിദ്ധമായ പല പ്രശ്നങ്ങള്‍ക്കും ദാദായിസ്റ്റുകള്‍ നല്കിയ ചിത്രങ്ങളും ശില്പങ്ങളും ഏവരെയും അമ്പരപ്പിക്കുക മാത്രമല്ല, അവരുടെ ശത്രുക്കളുമാക്കി. ഷീന്‍ ആര്‍പ് എന്ന അബ്സ്ട്രാക്ട് ചിത്രകാരനും സൂറിച്ചിലെ ചിലആധുനിക ചിത്രകാരന്മാരുമായിരുന്നു, ഇതിന്റെ മുഖ്യവക്താക്കള്‍.

ഫ്യൂച്ചറിസം

ദാദായിസത്തിനു കുറച്ചുമുമ്പ്, 1906-ല്‍ ഉണ്ടായ സാഹിത്യ-കലാപ്രസ്ഥാനമാണ് ഫ്യൂച്ചറിസം. യന്ത്രവത്കൃത സംസ്കാരത്തെ മാത്രമല്ല, ശക്തിയുടെ ബാഹ്യപ്രകടനമായ യുദ്ധത്തെപ്പോലും ഉദാത്തവത്കരിച്ചുകൊണ്ട് വര്‍ത്തമാനകാലത്തെ ശാസ്ത്രീയ നേട്ടങ്ങളില്‍ ഇക്കൂട്ടര്‍ അഭിമാനം കൊള്ളുകയുണ്ടായി.

ഇവരുടെ ആരാധനാപാത്രം അതിവേഗം പായുന്ന വാഹനങ്ങള്‍ ആയിരുന്നു. വേഗത നല്കുന്ന ലഹരിമൂലം ചിത്രങ്ങളില്‍ രൂപങ്ങളെ മുറിക്കുവാനും വികലപ്പെടുത്തുവാനും ഇവര്‍ മടിച്ചില്ല. പ്രേക്ഷകരില്‍ വേഗതയുടെ, ശക്തമായ ചലനത്തിന്റെ പ്രതീതി ജനിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇവര്‍ ആധുനികതയുടെ അന്ധരായ ആരാധകരെ ആകര്‍ഷിക്കുകയും അവരുടെ സിരകളില്‍ ഉന്മാദം പകരുകയും ചെയ്തു. മുഖ്യമായും ഇറ്റാലിയന്‍ കവിതയിലും ചിത്രകലയിലുമാണിത് പ്രതിഫലിപ്പിച്ചത്. ദാദായിസ്റ്റായിരുന്ന ഡുചാമ്പിന്റെയും, ഇറ്റാലിയന്‍ ചിത്രകാരന്മാരായ കാര്‍ലോ കാറയുടെയും, ജിനോസെവറിനിയുടെയും ചിത്രങ്ങളില്‍ ഫ്യൂച്ചറിസ്റ്റ് പ്രവണതകള്‍ പ്രകടമായി കാണാവുന്നതാണ്.

കണ്‍സ്ട്രക്ടിവിസം

യൂറോപ്പില്‍ കലാസാംസ്കാരിക രംഗത്ത് നിരവധി പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുള്ളവയില്‍ ഒന്നായ കണ്‍സ്ട്രക്ടിവിസം റഷ്യയിലാണാവിര്‍ഭവിക്കുന്നത്. പിക്കാസോയുടെ റിലീഫ് രൂപങ്ങള്‍ക്ക് അദ്ദേഹം കണ്ണാടിച്ചില്ലുകള്‍, മരക്കഷ്ണങ്ങള്‍, കമ്പികള്‍ എന്നിവയുപയോഗിച്ചു. അദ്ദേഹത്തിന്റെ 'കണ്‍സ്ട്രക്ഷന്‍സി'ല്‍ നിന്നാണ് റഷ്യന്‍ കലാകാരന്മാര്‍ക്ക് പ്രചോദനം കിട്ടിയത്. അവര്‍ ശില്പനിര്‍മാണത്തില്‍ ത്രിമാനപ്രതീതിക്ക് പിക്കാസോയുടെ സങ്കേതങ്ങളില്‍ പലതും പ്രയോഗിച്ചു. എല്‍ലിസ്റ്റിറ്റ്സ്കിയുടെ ശില്പങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കണ്‍സ്ട്രക്ടിവിസ്റ്റ് സ്വഭാവം ഇങ്ങനെയാണ് വന്നത്. വാസ്തവത്തില്‍ ഇതൊരു 1ത്രിമാനപരമായ പദാര്‍ഥേതര അമൂര്‍ത്ത ശില്പ-ചിത്രകലാ പ്രസ്ഥാനമാണെന്നു പറയാം. പല ചിത്രകാരന്മാരെയും കണ്‍സ്ട്രക്ടിവിസ്റ്റുകളുടെ പരീക്ഷണം സ്വാധീനിച്ചു.

ചിത്രകല ഇന്ത്യയില്‍

പ്രാചീനകാലം

ബോധിസത്വന്‍ - അജന്തയിലെ ഗുഹാചിത്രം

പ്രാചീനഭാരതീയ ചിത്രകല സിന്ധു-ഗംഗാ നദീതട ജനതയുടെ മണ്‍പാത്രചിത്രപ്പണികള്‍ മുതലാരംഭിക്കുന്നു. ഈ മണ്‍പാത്ര ചിത്രരചനയുടെ കാലം ബി.സി. 3000-നും 2500-നുമിടയിലാണ്. രൂപരചന, വിവിധ വസ്തുക്കളുടെ രേഖാരചന, തുടര്‍ന്ന് മാന്‍, ആട്, നരി, സിംഹങ്ങള്‍ എന്നിവയുടെ പ്രാകൃതരൂപങ്ങള്‍, ഇല, മരം, പക്ഷികള്‍ എന്നിവയുടെ ചിത്രീകരണം മുതലായവ ഇതിന്റെ വിവിധ ഘട്ടങ്ങളെ കുറിക്കുന്നു. വൈകിയാണ് നരരൂപം വരയ്ക്കാന്‍ തുടങ്ങിയത്; അതു തന്നെ സാധാരണീകരിച്ച രൂപത്തിലും, മോഹന്‍ജൊദരോ മണ്‍പാത്രകലയില്‍ നിന്നും അജന്താഗുഹാചിത്രങ്ങളിലേക്ക് വലിയൊരു ദൂരമുണ്ട്. അജന്ത, എല്ലോറ, ബാഘ്, ഭാജ, കല്‍ഹേരി, വേദ്സ, ബാദാമി, ജുന്നാര്‍, എലിഫന്റ എന്നിവിടങ്ങളിലെ ബുദ്ധ-ജൈന-ഗുഹാഭിത്തികളിലെയും മറ്റും ചിത്രങ്ങള്‍ ബി.സി. 3-ാം ശ.-ത്തിനും എ.ഡി 7-ാം ശ.-ത്തിനും ഇടയില്‍ വിവിധ ഘട്ടങ്ങളിലായി നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്. അജന്തയില്‍ ഒന്നാമത്തെ ഗുഹയിലെ മഹാജനകജാതകയിലെ ചിത്രീകരണത്തില്‍ അതിമനോഹരമായ പദ്മപാണിബുദ്ധന്റെ ചിത്രം കാണാം. ഈ ഗുഹാചിത്രങ്ങള്‍ വേദിക് ചിന്തകളുടെ ചിത്രാഖ്യാനമാണെന്ന് ആനന്ദകുമാരസ്വാമി അഭിപ്രായപ്പെടുന്നു. അജന്തയുടെ കാലത്ത് ഭാരതത്തില്‍ നാലുതരം ചിത്രരചനകള്‍ ഉരുത്തിരിഞ്ഞിരുന്നു: 'സത്യം'-ഗൗരവമുള്ള ആത്മീയകാര്യങ്ങള്‍ ചിത്രീകരിക്കുന്നവ, 'വൈണികം'-ഭാവഗീതാത്മകമായ ചിത്രങ്ങള്‍, 'നഗര'-പരിഷ്കൃത ലൗകിക സുഖഭോഗ വിഷയാനുസാരിയായവ ചിത്രീകരിക്കുന്നവ, 'മിശ്രം'-എല്ലാത്തരം വിഷയങ്ങളും കൈകാര്യം ചെയ്യുന്നവ.

ബോധിസത്വന്‍ - അജന്തയിലെ ഗുഹാചിത്രം

അജന്തയിലെ 9-ഉം 10-ഉം ഗുഹകളിലാണ് ചിത്രങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ചുവരുകള്‍, മച്ചുകള്‍, തൂണുകള്‍ എന്നിവയില്‍ കാണുന്ന ചിത്രങ്ങള്‍ക്ക് പടിഞ്ഞാറേ ഇന്ത്യയിലെ ബി.സി. 2-ാം ശ.-ത്തിലെ ശതവാഹനഘട്ടത്തിലെ ഗുഹാചിത്രങ്ങളോട് സാദ്യശ്യമുണ്ട്. നാസിക്, ബെഡ്നാ ഭാജ, അമരാവതിചിത്രങ്ങളും അജന്താചിത്രങ്ങളും ഓരോ പാരമ്പര്യത്തില്‍പ്പെട്ടവ തന്നെ, ഗുഹാചിത്രങ്ങള്‍ വടക്ക് സുങ്കാരുടെയും കുഷാനന്മാരുടെയും, കിഴക്ക് കലിംഗരുടെയും കാലഘട്ടത്തിലുള്ളവയാണ്. അജന്തയിലെ 9-ാമത്തെ ഗുഹയില്‍ രണ്ടു തട്ടുകളില്‍ ചിത്രരചനകളുണ്ട്. 10-ാമത്തെ ഗുഹയില്‍ ബോധിവൃക്ഷത്തെ ആരാധിക്കുന്ന ചിത്രവും സാമജാതകചിത്രത്തില്‍ നായാട്ടുകാരനായ രാജാവിനെയും അമ്പേറ്റുകിടക്കുന്ന സാമനെയും വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ഛഢാന്തജാതകചിത്രങ്ങളില്‍ ബോധിസത്വന്റെ ചരിത്രം ആവിഷ്കരിച്ചിരിക്കുന്നു. ബെഡ്നയില്‍ പ്രൊഫ. ഡൂബ്രിയേല്‍ കണ്ടെടുത്ത യുവതിയുടെ ചിത്രം അതിമനോഹരമാണ്. എ.ഡി. 1-ാം ശ.-ത്തിലെ കുഷാനരുടെ കാലത്ത് ഉത്തരമധുരയിലും വടക്കു പടിഞ്ഞാറെ ഇന്ത്യയിലും ഇന്ത്യന്‍-ഗ്രീക്-റോമന്‍ പാരമ്പര്യങ്ങളെ സമന്വയിപ്പിച്ച ചിത്രരചനാ പ്രസ്ഥാനങ്ങള്‍ നിലവിലിരുന്നതായി കരുതുന്നു. അക്കാലത്തെ മൂന്ന് തലയുള്ള ശിവന്റെ ചിത്രവും, ബലവസ്തേയില്‍ നിന്നു ലഭിച്ച ബുദ്ധചിത്രവും ഡല്‍ഹി നാഷണല്‍ മ്യൂസിയത്തില്‍ കാണാം. നെഞ്ചില്‍ ശ്രീവത്സമണിയിച്ച ബുദ്ധചിത്രം അപൂര്‍വമായ ഒന്നാണ്. വിരാട്പുരുഷനായ ബുദ്ധന്റെ വിശ്വരൂപമാണിത്.

ഗുപ്തകാലഘട്ടത്തിലെ ചിത്രങ്ങളാണ് ഗ്വാളിയറിലെ ബാഘ്ഗ്രാമത്തിലെ 9 ഗുഹകളിലും കാണുന്നത്. 2-ഉം, 4-ഉം ഗുഹകളിലാണേറ്റവും കൂടുതല്‍ ചിത്രങ്ങള്‍. ബുദ്ധജാതകകഥകളാണ് ഇതിവൃത്തം. ദുഃഖിതനായ രാജകുമാരിയും സാന്ത്വനിപ്പിക്കുന്ന തോഴിയും മുതല്‍ ഹലിസാലയനൃത്തം വരെയുള്ള ചിത്രങ്ങളിലെല്ലാം ഗുപ്തകാലത്തെ അഭിരുചികളും അടങ്ങിയിരിക്കുന്നു. ഒരു ചിത്രത്തിലെ രാജകീയ ഘോഷയാത്രയില്‍ കാണുന്ന ആനയുടെ രൂപം മനോഹരമാണ്.

അജന്തയില്‍ അഞ്ചുനിറങ്ങളിലുള്ള ടെമ്പറാചായങ്ങളാണുപയോഗിച്ചു കാണുന്നത്-ചുവന്ന ഓക്കര്‍, മഞ്ഞ ഓക്കര്‍, ലാമ്പ്ബ്ലാക്ക്, ലാപിസ് ലാസുളി നീലം, വെള്ള. ചുവരിന്റെ ശിലാപ്രതലത്തിന്മേല്‍ തവിടും പശയും ചെളിയും കുഴച്ച്തേച്ച്, കുമ്മായംപൂശി ശ്രദ്ധാപൂര്‍വം പ്രതലം മിനുസമാക്കിയശേഷമാണ് ചിത്രമെഴുതിയിട്ടുള്ളത്. മനുഷ്യശരീരത്തെ കൂടുതല്‍ ലാവണ്യമുള്ളതാക്കാന്‍ ശ്രമിച്ച അജന്താചിത്രകാരന്മാര്‍ അവരുടെ ആന്തരികസൌന്ദര്യത്തെയാണ് പ്രതിഫലിപ്പിച്ചത്. മനോഹരമായ രാജകൊട്ടാരം, ഭുവനമോഹിനിയും ശാലീനയുമായ രാജകുമാരി, സൗമ്യനായ സന്ന്യാസി, യാചകന്‍ എന്നീ രൂപങ്ങള്‍ കാണാം. ആലിംഗനബദ്ധരായ രാജദമ്പതിമാരും, രാജാവിന്റെ ഹാരവും ചിത്രകാരന്‍ അവതരിപ്പിക്കുന്നു. 17-ാമത്തെ ഗുഹയില്‍ ആസനസ്ഥരായ ഗാഢാലിംഗനത്തിലമര്‍ന്ന എത്രയോ ദമ്പതിമാരുടെ ചിത്രങ്ങള്‍ ഉണ്ട്. ഒന്നാമത്തെ ഗുഹയില്‍ സിദ്ധാര്‍ഥന്റെയും യശോധരയുടെയും ചിത്രവും, ബുദ്ധന്റെ മറ്റു ചിത്രങ്ങളും ശതവാഹനശൈലിയുടെ തുടര്‍ച്ചയായ വാകടകശൈലിയാണെന്നു പറയാം, രൂപഭേദം, പ്രമാണം, ഭാവം, ലാവണ്യയോജനം, സാദൃശ്യം, വര്‍ണഭംഗി എന്നിവയാണ് നല്ല ഒരു ചിത്രത്തിനുണ്ടാവേണ്ടത് എന്ന് വിഷ്ണുധര്‍മോത്തരപുരാണത്തിലെ വിശ്രുതമായ ചിത്രസൂത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വിഷ്ണുധര്‍മോത്തരം കൂടാതെ, മധ്യകാലഘട്ടത്തില്‍ തെക്കേ ഇന്ത്യയില്‍ രചിക്കപ്പെട്ട അഭിലാഷിതാര്‍ഥ ചിന്താമണി, ശിവതത്ത്വരത്നാകരം, ശില്പരത്ന, നാരദശില്പ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ചിത്രരചനാനിയമങ്ങളും സങ്കേതങ്ങളും പറയുന്നുണ്ട്.

ചാലൂക്യരുടെ കാലത്ത് (5-8 ശ.) രചിക്കപ്പെട്ടവയാണ് മഹാബലിപുരത്തെ ധര്‍മരാജരഥത്തിലെയും കാഞ്ചീപുരം കൈലാസനാഥ ക്ഷേത്രത്തിലെയും മറ്റു പല്ലവ ഗുഹാക്ഷേത്രങ്ങളിലെയും ചിത്രശകലങ്ങള്‍. ഇക്കാലത്തുള്ള ബദാമിയിലെ ഒരു പാനലില്‍ വായുവില്‍ സഞ്ചരിക്കുന്ന വിദ്യാധരന്മാരുടെ ചിത്രം ഭജ്ഞരാജാക്കന്മാരുടെ കാലത്തുള്ളവയാണ്. സ്ത്രീസൗന്ദര്യത്തിന്റെ മകുടോദാഹരണമാണ് പാര്‍വതിയുടെ ചിത്രം. സിത്താനവാസല്‍ ഗുഹയിലെ ഒരു ചിത്രത്തില്‍ രാജാവും രാജ്ഞിയും രണ്ടു നര്‍ത്തകികളും ചേര്‍ന്ന ഒരു മനോഹരമായ ആലേഖനമുണ്ട്.

8-ഉം 9-ഉം ശ.-ങ്ങളില്‍ കേരളത്തില്‍ ചിത്രരചന നടന്നിരുന്നു എന്നതിനുദാഹരണമാണ് കവിയൂരും തിരുവല്ലയിലും ഉള്ള ക്ഷേത്രങ്ങളില്‍ക്കാണുന്ന ചിത്രങ്ങള്‍. ക്ലാസ്സിക്കല്‍ ശൈലിയിലുള്ള മനോഹരമായ ഒരു മുഖത്തിന്റെ മങ്ങിയരൂപമേ തെക്കന്‍ കേരളത്തിലെ തിരുനന്തിക്കരയില്‍ അവശേഷിക്കുന്നുള്ളൂ. ചോളരുടെ ചിത്രകല 9-ഉം 13-ഉം ശ.-ങ്ങള്‍ക്കിടയിലാണ് വികസിക്കുന്നത്. തഞ്ചാവൂര്‍ ബൃഹദേശ്വരക്ഷേത്രത്തില്‍ നിന്നും ചില ചിത്രങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 11-ഉം 13-ഉം ശ.-ങ്ങളിലെ ഹൊയ്സാല കലാശൈലിയുടെ ഉദാഹരണമാണ് ബേലൂര്‍ ക്ഷേത്രചിത്രങ്ങള്‍. ഇതേ കാലഘട്ടത്തില്‍ത്തന്നെ കാകിടേയരുടെ ചിത്രകലയും വളര്‍ന്നു വന്നതായി വാറങ്ങല്‍, പലാംപെട്ട്, അതംകൊണ്ട എന്നിവിടങ്ങളിലെ ക്ഷേത്രചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. 14-ഉം 17-ഉം ശ.-ങ്ങളില്‍ വിജയനഗരകല പുഷ്ടിപ്രാപിച്ചു എന്നാണ് വിരൂപാക്ഷക്ഷേത്രത്തിലെ വലിയമണ്ഡപത്തിന്റെ തട്ടിനടിയില്‍ കാണുന്ന മനോഹരചിത്രങ്ങള്‍ തെളിയിക്കുന്നത്. ഹംപിയിലും, തടപത്രി, കാഞ്ചീപുരം, കലഹസ്തി, തിരുപ്പതി, തിരുവണ്ണാമല, ചിദംബരം, ഗുരുവായൂര്‍, കുംഭകോണം, ശ്രീരംഗം എന്നിവിടങ്ങളിലും വെറും ചിത്രശകലങ്ങള്‍ മാത്രമാണ് കാണുന്നത്. 16-ഉം 17-ഉം 18-ഉം ശ.-ങ്ങളിലാണ് ശുചീന്ദ്രം, തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രം, പദ്മനാഭപുരം, കൃഷ്ണപുരം കൊട്ടാരങ്ങള്‍ എന്നിവിടങ്ങളിലെ ചിത്രങ്ങള്‍ രചിക്കപ്പെട്ടത്.

മുഗള്‍ ചിത്രകല

മുഗള്‍ ഭരണകാലത്തെ ഒരു പെയിന്റിങ്

മുഗള്‍ചിത്രകലയുടെ വേരുകള്‍ പേര്‍ഷ്യന്‍ കലയിലാണ് കിടക്കുന്നതെങ്കിലും ചൈനീസ്, ടര്‍ക്കിസ്താന്‍ സ്വാധീനവും കാണാം. എന്നിരുന്നാലും ഭാരതീയമായ ഈ ചിത്രകല മുഗള്‍ രാജാക്കന്മാരുടെ രക്ഷാധികാരത്തില്‍ ഹിന്ദുചിത്രകാരന്മാര്‍ രചിച്ചവയാണ്. പില്ക്കാലത്ത് മുസ്ലിം ചിത്രകാരന്മാരും ചിത്രരചനയില്‍ ഏര്‍പ്പെട്ടു. അക്ബറിന്റെ കാലത്തെ ചിത്രകാരന്മാരില്‍ മുകുന്ദ്, മധു, ഖെംകരന്‍, ഹര്‍ബന്‍സ്, കേശവലാല്‍ എന്നിവരുടെ പേരുകള്‍ കാണാം. ഹംസനാമ എന്ന നബിയുടെ മാതുലന്റെ കൃതിക്ക് ഈ ചിത്രകാരന്മാര്‍ വിശദീകരണ ചിത്രങ്ങള്‍ വരച്ചതില്‍ 200 എണ്ണം ഇന്നു ലഭ്യമാണ്. പേര്‍ഷ്യന്‍, കശ്മീരി, ഇസ്ലാമിക് ശൈലികളെ ഭാരതീയമാക്കി ചിത്രീകരിക്കുകയാണ് മുഗള്‍ ചിത്രകാരന്മാര്‍ ചെയ്തത്. മുഗള്‍ മിനിയേച്ചറുകള്‍ മനോഹരമായ കലാസൃഷ്ടികളാണ്. ജഹാംഗീറിന്റെ കാലത്ത് ജന്തുചിത്രകാരനായ ഉസ്താദ് മന്‍സൂര്‍ നിരവധി ചിത്രങ്ങള്‍ വരച്ചു. ഷാജഹാന്‍ കലയെയും കലാകാരന്മാരെയും ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഔറംഗസേബ് എല്ലാത്തരം കലാപ്രവര്‍ത്തനങ്ങളെയും നിരുത്സാഹപ്പെടുത്തി. 18-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിന്‍ മുഹമ്മദ് ഷാ ചിത്രരചനയെ പ്രോത്സാഹിപ്പിച്ചു. എങ്കിലും നിര്‍ജീവമായ മിനിയേച്ചറുകള്‍ മാത്രമാണുണ്ടായത്. അങ്ങനെ ശക്തമായി വളര്‍ന്നുവന്ന തനിമയുള്ള ഒരു ചിത്രകലാപ്രസ്ഥാനത്തിന് തിരശ്ശീല വീണു.

രാജസ്ഥാനി-പഹാരി പ്രസ്ഥാനങ്ങള്‍

16-ാം ശ.-ത്തിനും 19-ാം ശ.-ത്തിനുമിടയില്‍ വൈദേശികമായ സ്വാധീനമൊന്നും കൂടാതെ പഴയ ഭാരതീയ ചുവര്‍ ചിത്രശൈലിയുടെ പാരമ്പര്യം വികസിച്ച് രൂപാന്തരപ്പെട്ടതാണ് രാജസ്ഥാനി അഥവാ 'രജപുത്ര'കലയും പഹാരിയും. ഹൈന്ദവ പുരാണേതിഹാസകഥകള്‍, ഐഹിക വിഷയങ്ങള്‍ എന്നിവയാണ് രാജസ്ഥാനി ചിത്രങ്ങളുടെ വിഷയങ്ങള്‍. കൊട്ടാരപ്രണയം, നായാട്ട്, യുദ്ധരംഗം എന്നിവ ചിത്രീകരിക്കുന്ന ഒരുതരം ദ്വിമാന ചിത്രരചനാസമ്പ്രദായമാണ് അസം, ബംഗാള്‍, ഒഡീഷ, പടിഞ്ഞാറെ ഗുജറാത്ത്, സൌരാഷ്ട്ര എന്നിവിടങ്ങളില്‍ നിലനിന്നത്. വടക്ക് പഞ്ചാബ് മുതല്‍ ഹിമാലയം വരെയും, തെക്ക് ഡെക്കാന്‍ വരെയും, ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ രാജസ്ഥാനി-പഹാരി പ്രസ്ഥാനങ്ങള്‍ നിലവിലിരുന്നു. ഉദയപൂര്‍, ചിറ്റോര്‍, മേവാര്‍, ബിക്കാനിര്‍, ജയ്പൂര്‍, ജോഡ്പൂര്‍ എന്നിവിടങ്ങളിലെ ധനികപ്രഭുകുടുംബങ്ങളാണ് ഇതിനെ പോഷിപ്പിച്ചത്. ഈ പ്രദേശങ്ങളിലോരോയിടത്തും രാജസ്ഥാനിക്ക് പ്രാദേശികശൈലീഭേദങ്ങളുമുണ്ടായി. ഗ്രാമങ്ങളിലെ ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും മറ്റും കാണുന്ന, കൂടുതല്‍ ജീവിതയാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് പഹാരി പ്രസ്ഥാനത്തിലുള്ളത്.

പഹാഡി ചിത്രകല

പ്രകൃതിയെയും മനുഷ്യനെയും പ്രേമപൂര്‍വം കാണുന്ന ഈ ചിത്രകലയില്‍ മൃഗങ്ങളും പക്ഷികളും വൃക്ഷലതാദികളും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പഹാരിപ്രസ്ഥാനത്തിലെ കംഗ്രാ രചനാശൈലി വളരെ ഹൃദ്യമാണ്. രാജസ്ഥാനി പ്രസ്ഥാനത്തിലെ ഓരോ ശൈലീഭേദത്തെയും പ്രത്യേകം പ്രത്യേകം എടുത്തു പഠിക്കുന്നത് കൗതുകകരമാണ്. മേവാര്‍ശൈലിയില്‍ യാതൊരു മുഗള്‍ സ്വാധീനവുമില്ല. ഗുജറാത്തിലെ ജൈനശൈലിയോടാണതിനടുപ്പം. എന്നാല്‍ ബിക്കാനിര്‍, ബുണ്ടി ശൈലികളില്‍ മുഗള്‍ അംശങ്ങള്‍ കാണാം. മേവാര്‍ ശൈലിയിലെ രൂപങ്ങളുടെ നീണ്ടുകൂര്‍ത്ത മൂക്കും വലിയ കണ്ണുകളും കോണാകൃതിയിലുള്ള ശരീരഭാഗങ്ങളും ഗുജറാത്തിലെ പഴയകൈയെഴുത്തു പ്രതികളിലെ ചിത്രങ്ങളുടെ പാരമ്പര്യമാണ് കാണിക്കുന്നത്. രാജസ്ഥാനി പ്രസ്ഥാനത്തില്‍ 'ബാറാമാസ'-പന്ത്രണ്ടു മാസങ്ങളിലൂടെ കടന്നുപോകുന്ന ഋതുഭേദങ്ങളുടെ ഹൃദയഹാരിയായ ചിത്രീകരണം പ്രസിദ്ധമാണ്. പരിമിതമായ വരകള്‍ കൊണ്ടും പൊട്ടുകള്‍, കുത്തുകള്‍ എന്നിവകൊണ്ടും മനുഷ്യനില്‍ ഋതുക്കള്‍ ഉളവാക്കുന്ന മാറ്റങ്ങളുടെ ചിത്രീകരണം പ്രത്യേകശൈലിയിലാണ് നിര്‍വഹിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന വസ്തുത രാജസ്ഥാനി ചിത്രങ്ങളിലുള്ള ഭാവോന്മീലനമാണ്. എല്ലാ രസങ്ങളുമുണ്ടാക്കുന്ന ഭാവങ്ങള്‍ അവയില്‍ കാണാം. ഒരുമിച്ചിരിക്കുന്ന രാഗാതുരരായ കമിതാക്കള്‍, വിരഹിണികളായ നായികമാര്‍, സംഗീതത്തില്‍ ലയിച്ചിരിക്കുന്ന തിര്യക്കുകള്‍ എല്ലാം ഇവയില്‍ കാണാം. രാജസ്ഥാനി പഹാരി മിനിയേച്ചറുകളില്‍ ശ്രീകൃഷ്ണന്റെ ബാലലീലകള്‍, കൃഷ്ണനും ഗോപികമാരും, കൃഷ്ണനും രാധയും, നളദമയന്തീമാരുടെ വേര്‍പാടും സംഗമവും മുതലായ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീരൂപങ്ങള്‍ കാളിദാസനായികമാരെ അനുസ്മരിപ്പിക്കുന്നു. എന്നാല്‍ തനിമയും മൗലികതയും ഉള്ള ഈ ചിത്രകലാപാരമ്പര്യം പിന്നീട് വിസ്മൃതമായി. ഒരു പക്ഷേ, രാജസ്ഥാനി, പഹാരി, മേവാര്‍, ജോഡ്പൂര്‍, കംഗ്രാ ചിത്രങ്ങള്‍ക്ക് പ്രചോദനം നല്കിയ ഒരു സാഹിത്യസംസ്കാരം യൂറോപ്യന്‍ സമ്പര്‍ക്കത്തിനുശേഷം തുടര്‍ന്ന് ഉണ്ടാവാതിരുന്നതാവാം ഇതിന് ഒരു കാരണം. കബീര്‍, വിദ്യാപതി, ഉമാപതി, തുളസീദാസ് എന്നിവരുടെ കൃതികളായിരുന്നു പ്രാദേശിക ചിത്രകാരന്മാരുടെ ഭാവനയ്ക്ക് ചിറകുകള്‍ നല്കിയത്.

രാജസ്ഥാനി, പഹാരി പ്രസ്ഥാനത്തിന് സമാന്തരമായി ഡെക്കാണില്‍ ഒരു ചിത്രകലാപ്രസ്ഥാനം ഉണ്ടായിരുന്നു. സുല്‍ത്താന്മാരുടെ ഭരണകാലത്ത് ആ പ്രസ്ഥാനത്തില്‍ പേര്‍ഷ്യന്‍ സ്വാധീനം ലയിച്ചു ചേര്‍ന്നു. എന്നാല്‍ 18-ാം ശ.-ത്തിന്റെ അവസാനം യൂറോപ്യന്‍ സ്വാധീനം വര്‍ധിക്കുകയും പ്രാദേശിക ദേശീയ ചിത്രരചനകള്‍ ക്ഷയിക്കുകയും ചെയ്തു.

ആധുനിക ഇന്ത്യന്‍ ചിത്രകല

ബ്രിട്ടീഷ്-കോളനി വാഴ്ചക്കാലത്ത് ഇന്ത്യയില്‍ ചിത്രകലയ്ക്കു മാത്രമല്ല, എല്ലാ കലാസാംസ്കാരിക രംഗങ്ങള്‍ക്കും തളര്‍ച്ചയും തകര്‍ച്ചയും ഉണ്ടായി. കരകൗശലപ്പണി, മിനിയേച്ചര്‍ ചിത്രരചന എന്നിവ നിലച്ചു. അവശേഷിച്ച കലകള്‍ പ്രോത്സാഹനമില്ലാതെ അധഃപതിച്ചു. കലയിലെ നാടോടി പ്രവണതകള്‍ മാത്രം നശിക്കാതിരുന്നു. 19-ാം ശ.-ത്തില്‍ ഇവിടെയുണ്ടായ ശൂന്യതയിലൂടെ യൂറോപ്യന്‍ ചിന്താഗതികളും കലാശൈലികളും ഇന്ത്യയിലേക്ക് കടന്നുവന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പലനഗരങ്ങളിലും കലാസ്കൂളുകള്‍ സ്ഥാപിച്ച് യൂറോപ്യന്‍ ജലച്ചായവും എണ്ണച്ചായവും ഉപയോഗിച്ചു ചിത്രരചന അഭ്യസിപ്പിക്കുവാന്‍ തുടങ്ങി. കേരളത്തില്‍ രാജാരവിവര്‍മ (1848-1906), 'ശകുന്തള' (1898), 'കണ്ണാടിയില്‍ നോക്കുന്ന സ്ത്രീ', 'ദമയന്തിയും ഹംസവും', 'യശോദയും കൃഷ്ണനും' എന്നിങ്ങനെ നിരവധി സുന്ദരമായ ചിത്രങ്ങള്‍ രചിച്ച് യശസ്സു നേടി. ഇദ്ദേഹത്തിന്റെ ശൈലി നാച്വറലിസ്റ്റിക്കാണ്; ഭാരതീയ സാഹിത്യത്തില്‍ നിന്നാണ് ആശയങ്ങള്‍ എടുത്തിട്ടുള്ളത്. ആദ്യത്തെ മികച്ച ഇന്ത്യന്‍ ചിത്രകാരന്‍ എന്ന നിലയില്‍ രവിവര്‍മ അവിസ്മരണീയനാണ്. തീമില്‍ മാത്രം ഇന്ത്യനും ശൈലിയില്‍ യൂറോപ്യനുമായ അദ്ദേഹത്തില്‍ ഇന്ത്യന്‍ രചനകളുടെ ലയവും താളാത്മകതയും ഇല്ലാതെ പോയി.

ഇക്കാലത്ത് ഇന്ത്യന്‍ കലയുടെ മാഹാത്മ്യം അറിയാന്‍ കഴിഞ്ഞ ഏതാനും വിദേശിയരായ നിരൂപകര്‍, കണ്ണിഹാം, കല്‍ക്കട്ടാ ആര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പില്‍ ആയിരുന്ന ഇ.ബി. ഹാവെല്‍, ഫെര്‍ഗുസ്സണ്‍, കസിന്‍സ്, പേഴ്സി ബ്രൗണ്‍ എന്നിവര്‍ ഇന്ത്യന്‍ കലകളെക്കുറിച്ച് ആസ്വാദനപരമായി വളരെയേറെ എഴുതുകയുണ്ടായി. അപ്പോഴാണ് ജീവനില്ലാത്ത യൂറോപ്യന്‍ രീതിയിലുള്ള രചനകളെ വിഗണിച്ചുകൊണ്ട് ദേശീയമായ ഒരു നവോത്ഥാനത്തിന് മുതിര്‍ന്ന ബംഗാള്‍ സ്കൂളിന്റെ ആവിര്‍ഭാവം. അബനീന്ദ്രനാഥടാഗൂറും അദ്ദേഹത്തിന്റെ ശിഷ്യന്മാരും, ശാന്തിനികേതനിലെ ചിത്രകാരന്മാരും മുഖ്യമായ പങ്കുവഹിച്ചതിനാലാണിതിനെ ബംഗാള്‍ സ്കൂള്‍ എന്നുവിളിക്കുന്നത്. പേര്‍ഷ്യന്‍, ചൈനീസ്, ജാപ്പനീസ് മാതൃകകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവര്‍ മിനിയേച്ചറുകളും ഫ്രെസ്കോകളും വരയ്ക്കാന്‍ തുടങ്ങി. നന്ദലാല്‍ ബോസും ഹല്‍ദാറും എസ്.എന്‍. ഗുപ്തയും ഗഗനേന്ദ്രനാഥടാഗൂറും ഈ സ്കൂളിലെ മികച്ച ചിത്രകാരന്മാരാണ്. അബനീന്ദ്രന്റെ ചിത്രങ്ങള്‍ ചെറിയവയായിരുന്നു. 'അഭിസാരിക' ഉദാഹരണം. നന്ദലാല്‍ ബോസിന്റെ 'ഡാന്‍സിങ് ഗേള്‍സ് വര്‍ഷിപ്പും' 'മധ്യാഹ്നപ്രതീക്ഷയും', ജാമിനി റോയിയുടെ 'ക്രൂസിഫിക്ഷനും', വിജയ-ഭാഗ്യയുടെ'പാല്‍ക്കാരികള്‍-ജയ്പൂര്‍', 'രാജപുട്ടാണ'യും പി.കെ. ചാറ്റര്‍ജിയുടെ 'കൃഷ്ണനും വിദുരരും', ബീരേന്ദ്രസിങ്ങിന്റെ 'മുള്ളും' എം.ബി ഗുപ്തയുടെ 'യേശുക്രിസ്തുവും', പ്രൊഫ. സുനില്‍കുമാര്‍ ചാറ്റര്‍ജിയുടെ 'രജപുത്രസ്ത്രീ'യും പി.ബി ചാറ്റര്‍ജിയുടെ 'രണ്ട് അശ്വനിമാരും' കാസ്തഗിറിന്റെ 'ഭൂതവും ഭാവിയും' മറ്റും തനി ഇന്ത്യന്‍ രചനകളാണ്. എന്‍.എസ്. ബേന്ദ്രേ, രസിക്രവാല്‍, കെ.കെ ഹെബ്ബാര്‍, ചാവ്ദ തുടങ്ങിയവരുടെ ചിത്രങ്ങളിലും ഇന്ത്യന്‍ പാരമ്പര്യം കാണാം.

ഭാരതീയതയും യൂറോപ്യന്‍ രീതിയും സമന്വയിപ്പിച്ച് വ്യക്തിത്വമുള്ള രചനകള്‍ നടത്തിയ ചിത്രകാരിയാണ് അമൃതാ ഷെര്‍ഗില്‍. അവരുടെ 'സ്റ്റോറിടെല്ലര്‍', ഗ്രൂപ്പ് ഒഫ് ഗേള്‍സ്' എന്നീ ചിത്രങ്ങള്‍ പ്രസിദ്ധമാണ്. പോസ്റ്റ് ഇംപ്രഷനിസ്റ്റ് സ്വഭാവമുള്ള ഇവരുടെ ശൈലി അജന്ത മ്യൂറലുകളിലെ ലയം ഉള്‍ക്കൊള്ളുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജനജീവിതം പകര്‍ത്താനായിരുന്നു അവരിഷ്ടപ്പെട്ടത്. ബംഗാള്‍ സ്കൂളില്‍ മൗലികതയും ശക്തമായ പ്രതിഭയും ഉള്ളവര്‍ കുറവായിരുന്നു. അബനീന്ദ്രന്റെ തന്നെ കൃതികളില്‍ വര്‍ണപ്പൊലിമയോ ശക്തിയായ രേഖാവിന്യാസമോ വൈകാരിക വ്യക്തിസത്തയോ കാണാനില്ല. വ്യക്തിത്വവും മൗലികതയും കുറച്ചെങ്കിലും ഉണ്ടായിരുന്നത് ജാമിനി റോയിക്കായിരുന്നു. അദ്ദേഹം അമൂര്‍ത്തതയില്‍ അനുരക്തനായി. ഗഗനേന്ദ്ര ടാഗൂറിന്റെ രചനകളിലും ശക്തിയുള്ള വ്യക്തിസത്ത പ്രകടമല്ല. ജീവിതത്തിന്റെ സായംവേളയില്‍ ചിത്രകലയെ ആശ്ളേഷിച്ച രബീന്ദ്രനാഥടാഗൂര്‍ ആ രംഗത്തും തന്റെ മൗലികത പ്രദര്‍ശിപ്പിച്ചു. ഒരുതരം സര്‍റിയലിസ്റ്റ് രചനകളിലൂടെ ടാഗൂര്‍ ദേശീയ വിദേശീയമാമൂല്‍ധാരണകളെ തകര്‍ത്തെറിഞ്ഞു. ടാഗൂര്‍ ചിത്രകലയില്‍ എകാന്തപഥികനായിരുന്നു. ടാഗൂര്‍ ചിത്രങ്ങളിലെ അസ്വാരസ്യവും വൈരൂപ്യവും വിഭ്രമാത്മകതയും അക്കാലത്ത് ആര്‍ക്കും മനസ്സിലായില്ല. ഷെര്‍ഗിലും ജാമിനി റോയിയും, ടാഗൂറും തുടങ്ങിവച്ച ആധുനിക ഇന്ത്യന്‍ ചിത്രരചനാപാരമ്പര്യം പിന്തുടര്‍ന്നു വരയ്ക്കുന്നവരായ നിരവധി ചിത്രകാരന്മാരുണ്ട്. സതീഷ് ഗുജ്റാള്‍, ബേന്ദ്രേ, എം.എഫ്. ഹുസൈന്‍, കെ.സി.എസ് പണിക്കര്‍, ഗോപാല്‍ ഘോഷ്, ഹെബ്ബാര്‍, ഹാരീഷ് റൗട്ട്, ലക്ഷ്മണ്‍ പൈ, കെ.എച്ച്. ആര, നരേന്‍ പഞ്ചല്‍, ആചാരേക്കര്‍, സാരംഗന്‍, വിത്താല്‍, ജതീന്‍ദാസ്, ധൂലിയ, ബിഷ്ട്, സുല്‍ത്താന്‍ അലി, കുല്‍ക്കര്‍ണി, പിരാജിസാഗര, എച്ച്.എച്ച്. ആര, മാധവമേനോന്‍, പ്രേം ജയിന്‍, അര്‍പ്പണ കൗര്‍, മനു പരേഖ് എന്നിവര്‍ ശ്രദ്ധേയരാണ്. സതീഷ് ഗുജ്റാളിന്റെ രൂപബോധവും പ്രതീകാത്മകതയും ഹുസൈന്റെ നിയന്ത്രണാധീനമായ പിരിമുറുക്കവും, പരീക്ഷണാത്മകതയും ശക്തിയും ഹെബ്ബാറിന്റെ വര്‍ണബോധവും കരുത്തും പണിക്കരുടെ സാര്‍വജനീനതയും സ്വാഭാവികമായ പരിണാമവും ആള്‍ക്കൂട്ടത്തിലിവരെ മാറ്റിനിര്‍ത്തുന്നു. ഗെയ്തൊണ്ടേയുടെ സൂക്ഷ്മമായ അമൂര്‍ത്ത ബിംബങ്ങളും ഒ.പി. ശര്‍മയുടെ ജ്യാമിതീയ രൂപങ്ങളും എസ്.എച്ച്. ക്വാസിയുടെ ദൃശ്യാനുഭവങ്ങള്‍ വിഭ്രാന്തിയുടെ പോറലുണ്ടാക്കുന്ന ചിത്രങ്ങളും ബി.ഡി. ഗുപ്തയുടെയും മനുപരേഖിന്റെയും പ്രകൃതിരചനകളും ബോംബെ സ്കൂളിലെ ആരായുടെ ന്യൂഡുകളും, നരേന്‍ പഞ്ചലിന്റെ പ്രതിബിംബാത്മക ജ്യാമീതീയരൂപങ്ങളും ലക്ഷ്മണ്‍ പൈയുടെ വര്‍ണധാവള്യത്തില്‍ കുളിച്ചുനില്ക്കുന്ന മയില്‍പ്പീലിക്കണ്ണുള്ള സുന്ദരിമാരും, വിത്താലിന്റെ 'ഡയനമിക്കു'കുതിരകളുടെ ചടുല ചലനങ്ങളും, ഷെര്‍ഗിലിനെ ഓര്‍മപ്പെടുത്തുന്ന എസ്. പ്രഭയുടെ ഷാനറുകളും ധൂലിയയുടെ ഗ്രാമീണരും ബിഷ്ടിന്റെ സര്‍റിയലിസ്റ്റു രൂപങ്ങളുടെ നിഗൂഢതയും, സെസാന്റെ സ്വാധീനം തോന്നിപ്പിക്കുന്ന പ്രേംചന്ദ്ര ജെയിനിന്റെ രചനകളും, ബറോഡയില്‍ നിന്നു പഠിച്ചിറങ്ങിയ നെയ്നാ ദലാലെന്ന ചിത്രകാരിയുടെ സ്ത്രീ ന്യൂഡുകളും ഇമേജറിയും, ശക്തിമെയ്രയുടെ അന്വേഷണ കൗതുകവും എല്ലാം ചേര്‍ന്ന് വിപുലമായൊരു നവീന ചിത്രകലാദൃശ്യാനുഭവം നമുക്കു ലഭ്യമാകുന്നു. ഡല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഒഫ് മോഡേണ്‍ ആര്‍ട്സില്‍ പ്രാതിനിധ്യം നേടിയ ചിത്രകാരന്മാര്‍ കലയില്‍ ആധുനികലോകത്ത് സാര്‍വജനീനമായൊരു ഭാവുകത്വം വേണമെന്നും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ ചക്രവാളത്തിലലിഞ്ഞുപോകുന്നു എന്നും ഓര്‍മപ്പെടുത്തുന്നു. മേല്പറഞ്ഞവര്‍ കൂടാതെ മാധവീ പരേഖ്, അമിതാബ് ദാസ്, പി.ഡി. ഗുപ്ത, ജസ്വന്ത് സിങ്, ആര്‍.എസ്. ഗില്‍, പ്രൊഫുല്ല മൊഹന്തി, വിശ്വനാഥന്‍, നമ്പൂതിരി, ബാലന്‍ നമ്പ്യാര്‍, ബിരന്‍ ഡേ, ജി.ആര്‍. സന്തോഷ്, പദംശ്രീ, മേത്ത, സൂസാ, വിവാന്‍സുന്ദരം, വീണാ ഭര്‍ഗവ, ദൊരൈസ്വാമി, ത്യേബ് മേത്ത, സ്വാമിനാഥന്‍, സിങ്ഭോഗല്‍ എന്നിവരും ചിത്രരചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.


കെ.ജി. സുബ്രഹ്മണ്യം

1980-കളുടെ അവസാനം ഭാരതീയ കലാമേഖലയില്‍ ഗണ്യമായ മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. അക്കാലത്ത് ആരംഭിച്ച കലാവിപണി 90-കളില്‍ ക്രമേണ ശക്തി പ്രാപിച്ചു. ബൗദ്ധികത, സര്‍ഗാത്മകത എന്നിവയും വിപണിയും തമ്മിലുള്ള ബന്ധം യോജിച്ചും വിയോജിച്ചും നിലകൊണ്ടു. ചൈനയിലെ വിദ്യാര്‍ഥി പ്രക്ഷോഭം, സോവിയറ്റ് റഷ്യയുടെ പതനം, പരിസ്ഥിതിവാദം, ദളിത്വീക്ഷണം, നാടന്‍കലയെക്കുറിച്ചുള്ള പുതിയ വീക്ഷണം, സ്ത്രീവീക്ഷണം തുടങ്ങിയവയെല്ലാം കലയെയും ബാധിച്ചു. 1980-90-കളോടെ ഭാരതത്തില്‍ എവിടെയും ടെലിവിഷന്‍ എത്തിയതോടെ ദൃശ്യസംസ്കാരവും മാറി. കല വെറും ഒരു അലങ്കാരവസ്തുവാണെന്ന ചിന്ത, കല ഒരു വീക്ഷണത്തിന്റെയും അവസ്ഥയുടെയും ചിഹ്നമാണ് എന്ന ആശയം, വില്പനച്ചരക്കാണ് എന്ന കച്ചവടബോധം എന്നിങ്ങനെ നിരവധി വീക്ഷണങ്ങള്‍ ഇക്കാലത്ത് പ്രധാനമായി. കംപ്യൂട്ടര്‍ കലയുടെ ആവിര്‍ഭാവം ചിത്ര-ശില്പകലകളെയും ബാധിച്ചു. നിരവധി യുവാക്കള്‍ ഫൈന്‍ ആര്‍ട്സ് കോളജ് വിദ്യാഭ്യാസത്തിനുശേഷം വിവിധ മേഖലകളിലെ 'അപ്ലൈഡ് ആര്‍ട്ട്' വിഭാഗത്തില്‍ ജോലിക്കാരായി. ചിത്ര-ശില്പ രചന വെറും ഒരു റൊമാന്റിക് ചിന്തയോ പ്രവൃത്തിയോ അല്ല എന്ന വീക്ഷണം ശക്തമായപോലെ അതിനു സമാന്തരമായി കലയുടെ വിപണിയെക്കുറിച്ചുള്ള പുതിയ ചിന്തയും വളര്‍ന്നു.

ഗജേന്ദ്രമോക്ഷം - കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ ചുവര്‍ചിത്രം

കലാവിപണിയുടെ തന്ത്രങ്ങള്‍ക്കെതിരെ വന്ന ഒരു ബൗദ്ധിക/സാംസ്കാരിക വീക്ഷണവും പ്രവൃത്തിയുമാണ് പ്രതിഷ്ഠാപനകല (installation art). ശില്പഭാഷയിലാണ് ഇത് എല്ലായിടത്തും കൂടുതല്‍ പ്രയോഗത്തിലായത്. വിപണിക്കു സാധ്യതയില്ലാത്തവിധം വിവിധ സാധനങ്ങള്‍ വിവിധ തരത്തില്‍ ഒരുക്കി ആശയം പ്രകാശനം ചെയ്യുക എന്നതാണ് പ്രതിഷ്ഠാപനകലയുടെ ഒരു വീക്ഷണം. ആശയപ്രകാശനത്തിനു പ്രാമുഖ്യമുള്ള ഇത് ആശയകലയുമാണ് (conseptual art). എവിടെ വേണമെങ്കിലും കൊണ്ടുപോയി കൂട്ടിച്ചേര്‍ക്കാവുന്ന കല(assemblage)യാണിത്. അതുകൊണ്ടുതന്നെ ആര്‍ക്കും മേടിച്ചു സ്വന്തമാക്കാന്‍ പറ്റാത്തതോ ഒരു നിക്ഷേപമെന്ന നിലയ്ക്ക് വിപണിസാധ്യത ഇല്ലാത്തതോടെ ആണിത്. മറ്റൊരു പ്രധാന പ്രവണത നാടന്‍കലകളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട വീക്ഷണമാണ്. വിവിധ വീക്ഷണങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രസക്തിയുളള്ളതാണ്, ബഹുസ്വരവും ബഹുവര്‍ണവും ഉള്ളതാണ്, ഇപ്പോഴത്തെ ചിന്താമേഖല. ഇത്തരത്തില്‍ ആധുനികതയിലേക്കും ആധുനികോത്തരതയിലേക്കും നീങ്ങിയ കല മറ്റെന്നത്തെക്കാള്‍ കൂടുതല്‍ ശക്തമായി.

വിവാന്‍ സുന്ദരം, ഗുലാം മുഹമ്മദ് ഷേഖ്, കെ.ജി. സുബ്രഹ്മണ്യം, എ. രാമചന്ദ്രന്‍, ഭൂപന്‍ ഖാക്കര്‍, സുധീര്‍ പട്വര്‍ധന്‍, ഗണേശ് പൈന്‍, ജോഗന്‍ ചൗധരി, സോമനാഥ ഹോര്‍, ബികാഷ് ഭട്ടാചിര്‍ജി, നീലിമഷേഖ്, നളിനി മലാനി, മീരാ മുഖര്‍ജി, മൃണാളിനി മുഖര്‍ജി, അര്‍പ്പിതസിങ്, അര്‍പ്പണ കൗര്‍ എന്നിങ്ങനെ നിരവധി കലാകാരന്മാരും കലാകാരികളും ഇന്ന് കലാലോകത്ത് വളരെ പ്രസക്തമായ സംഭാവനകള്‍ നല്കുന്നു.

ചിത്രകല കേരളത്തില്‍

രണ്ടാംമൂഴം എന്ന നോവലിനായി ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച രേഖാചിത്രം

പ്രാചീനകാലം മുതല്‍ ചിത്രകല കേരളത്തില്‍ നിലവിലിരുന്നു എന്നു പറയാം. എടയ്ക്കല്‍, തെന്മല, പെരുങ്കടവിള എന്നിവിടങ്ങളിലെ ഗുഹകളില്‍ കണ്ടെത്തിയിട്ടുള്ള മ്യൂറല്‍ചിത്രങ്ങള്‍ ഇതിനു തെളിവാണ്. മറയൂരില്‍ എഴുത്തുലൈയിലെ മൂന്ന് മനുഷ്യരൂപങ്ങളുടെ ശിലാചിത്രങ്ങളും (പ്രാകൃതശൈലിയിലുള്ളത്) അവയോടൊപ്പമുള്ള ആന, കുതിര, കാള, കാട്ടുപോത്ത്, മാന്‍ എന്നീ രൂപങ്ങളും കേരളത്തിലെ നവീനശിലായുഗമനുഷ്യരുടേതാണ്. വിവിധ വര്‍ണപ്പൊടികള്‍ കൊണ്ട് എഴുതപ്പെടുന്ന കളമെഴുത്ത് തികച്ചും കേരളീയമായ കലാവിഷ്കരണമാണ്. അനുഷ്ഠാനപരമായി ദേവതാരൂപങ്ങള്‍ രചിക്കുന്നത് ദൈവപ്രീതിക്കുവേണ്ടിയാണ്. ഇത്തരം കളമെഴുത്തിന് കേരളീയക്ഷേത്രങ്ങളിലെ മ്യൂറല്‍ ചിത്രങ്ങളുമായി ജൈവബന്ധമുണ്ട്. ഭാവാവിഷ്കരണക്ഷമമായ ദേവതാകളമെഴുത്തുകൂടാതെ വിവിധ പാറ്റേണുകളില്‍ വര്‍ണപ്പൊടികൊണ്ട് ചിത്രമെഴുതുന്ന എര്‍പ്പാട് ഗതകാലത്തിലെന്നോ തുടങ്ങിയതാവണം. തെയ്യത്തിനും പടയണിക്കോലങ്ങള്‍ക്കും കഥകളി വേഷങ്ങള്‍ക്കും ചായം തേയ്ക്കലിനും കേരള ചിത്രകലാപാരമ്പര്യത്തില്‍ ഒരു സ്ഥാനമുണ്ട്. ക്ഷേത്രാങ്കണങ്ങളിലെ അനുഷ്ഠാനപരമായ സര്‍പ്പക്കളങ്ങള്‍ ചിത്രമെഴുത്തിലുള്ള കേരളീയരുടെ പാടവം വ്യക്തമാക്കുന്നു.

രാജസ്ഥാന്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, പ്രസിദ്ധമായ അജന്ത, ബാഘ് എന്നിവിടങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ മ്യൂറല്‍ ചിത്രങ്ങള്‍ കാണുന്നത് കേരളത്തിലാണ്. കൊട്ടാരങ്ങളിലും, ക്ഷേത്രങ്ങളിലും, പള്ളികളിലും കാണുന്ന ചുവര്‍ച്ചിത്രങ്ങള്‍ ചരിത്രപരമായും കലാപരമായും വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. തിരുനന്തിക്കര, തിരുവട്ടാര്‍, ശുചീന്ദ്രം, തിരുവനന്തപുരം, വൈക്കം, ഏറ്റുമാനൂര്‍, ആറന്മുള, പഴത്താര്‍ക്കാവ്, തൃക്കൊടിത്താനം, തൃപ്രയാര്‍ എന്നിവിടങ്ങളിലെ മ്യൂറലുകള്‍ പ്രസിദ്ധങ്ങളാണ്. പദ്മനാഭപുരം കൊട്ടാരത്തിലും കാഞ്ഞൂരിലെ റോമന്‍ കത്തോലിക്കാ പള്ളിയിലും വടക്കന്‍ പറവൂരിലെ ജാക്കബൈറ്റ് പള്ളിയിലും കാണുന്ന ചുവര്‍ച്ചിത്രങ്ങള്‍ ചിത്രകലാവിമര്‍ശകരും ഗവേഷകരും കൗതുകപൂര്‍വം പഠിക്കുന്നവയാണ്. തിരുനന്തിക്കര ഗുഹാക്ഷേത്രത്തിലെ മ്യൂറല്‍ ഏറ്റവും പഴക്കമുള്ളതാണ്. 8-ാം ശ.-ത്തിലായിരുന്നു ഇത് രചിക്കപ്പെട്ടത്. 15-ഉം 18-ഉം ശ.-ങ്ങളില്‍ രചിക്കപ്പെട്ടവയാണ് ഏറ്റുമാനൂരിലെ നടരാജന്റെ ചിത്രം, കൃഷ്ണപുരം (കായംകുളം)കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം, വൈക്കം ക്ഷേത്രത്തിലെ പാര്‍വതി ഗണേശനെ മടിയിലിരുത്തിയിരിക്കുന്ന ചിത്രം എന്നിവ. കേരളാമ്യൂറലിന്റെ മനോഹരമായ ഉദാഹരണങ്ങളാണ് ഇവ. അതുപോലെ, മട്ടാഞ്ചേരി കൊട്ടാരത്തിലെ ദശരഥന്റെ പുത്രന്മാരുടെ ജനനരംഗം ചിത്രീകരിക്കുന്ന മ്യൂറല്‍ ഒരു അസാധാരണ ചിത്രമാണ്. അതേ കൊട്ടാരത്തിലെ തന്നെ രാവണന്‍ സീതയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന രംഗവും, രാമ-താടകായുദ്ധ രംഗവും, രാമ-രാവണയുദ്ധരംഗവും (ഇതില്‍ ഹനുമാനും പ്രാതിനിധ്യമുണ്ട്) വലിയൊരു ചുവര്‍ച്ചിത്ര പൈതൃകത്തിന്റെ ഭാഗമാണ്. തിരുവട്ടാര്‍ ഗണപതി അതുല്യമായ ചിത്രമാണ്. ഇത് പിക്കാസോയെ അനുസ്മരിപ്പിക്കുന്നു. വൈക്കം ക്ഷേത്രത്തില്‍ കൃഷ്ണന്‍ ഗോപികമാരുടെ ഉടയാട കവര്‍ന്നരംഗം ചിത്രീകരിച്ചിരിക്കുന്നു. തൃക്കൊടിത്താനത്തെ ചുവര്‍ച്ചിത്രത്തില്‍ പക്ഷികളും സിംഹവും മനുഷ്യരെക്കാള്‍ പ്രാമാണികതയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും മനോഹരവും ഗംഭീരവുമായ മ്യൂറല്‍ ചിത്രമാണ് ഏറ്റുമാനൂര്‍ക്ഷേത്രത്തിലെ നടരാജശിവന്റേത്. ദുഷ്ടസംഹാരിയായ ശിവന്റെ വിശ്വനൃത്തത്തിന് മറ്റു ദേവീദേവന്മാരും മര്‍ത്ത്യരും മുനിമാരും പ്രേക്ഷകരായിരിക്കുന്നു. രൂപങ്ങളെക്കൊണ്ട് നിബിഡമായ ഈ ചിത്രം വളരെ ശാസ്ത്രീയമായി രൂപകല്പന ചെയ്ത ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. ഭക്തിസാന്ദ്രമായ ചിത്രങ്ങളാണ് ചെറിയപള്ളി ഓര്‍ത്തഡോക്സ് പള്ളിയുടെ അള്‍ത്താരയ്ക്കു ചുറ്റും കാണുന്നത്. ഇവ ബൈസാന്തിയന്‍ മൊസൈക്കുകളെ അനുസ്മരിപ്പിക്കുന്നു. പദ്മനാഭപുരം കൊട്ടാരത്തിലെ ഒരു മ്യൂറലില്‍ ചിത്രീകരിച്ചിരിക്കുന്ന കറുത്തതും വെളുത്തതുമായ രാജകുമാരിമാരുടെ രൂപങ്ങളും മറ്റൊന്നിലെ ഋഷിമാരുടെ റിയലിസ്റ്റ് എന്നു പറയാവുന്ന രൂപങ്ങളും അത്യന്തം ശ്രദ്ധേയമാണ്. ഈയടുത്ത കാലത്ത് ശ്രീചിത്രാ എന്‍ക്ളേവില്‍ (തിരുവനന്തപുരം മ്യൂസിയത്തിലെ) മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരും ശിഷ്യന്മാരും രചിച്ച ബൃഹത്തായ ചുവര്‍ച്ചിത്രവും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഭാരതീയ ചിത്രകലയുടെ അവിച്ഛിന്ന പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരാളിനെ ദുഃഖിപ്പിക്കുന്ന ഒരു സത്യമാണ്, പ്രാചീനമായ, 8-ാം ശ.-ത്തിലെ തിരുനന്തിക്കര മ്യൂറലിനും 16-ാം ശ.-ത്തിലെ ക്ഷേത്രമ്യൂറലുകള്‍ക്കുമിടയിലുള്ള 8 ശ.-ങ്ങളിലെ കേരള ചിത്രകലയുടെ ദീര്‍ഘനിദ്ര.

ആധുനിക ചിത്രകാരന്മാര്‍. പ്രാചീന ശിലാചിത്രങ്ങളും, മതപരവും അനുഷ്ഠാനപരവും വിനോദപരവുമായ ചിത്രകലാവിദ്യകളും പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കഴിഞ്ഞ ഒരു ശതാബ്ദത്തിലേറെക്കാലത്തെ ചിത്രകാരന്മാരും രചനകളും. ചുവര്‍ച്ചിത്രരചനയില്‍ നിന്ന് ഈസല്‍ ചിത്രരചനയിലേക്കു കടന്നതില്‍പ്പിന്നെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രകാരന്‍ രാജാരവിവര്‍മയാണ്. അദ്ദേഹമാണ് ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് തിരിച്ചുവിട്ടത്. കേരളത്തിന്റെ സീമ കടന്ന് യശസ്സ് നേടിയതും രവിവര്‍മ തന്നെ. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കേരളീയര്‍ക്കു സുപരിചിതമാണ്. 'രവിവര്‍മചിത്ര'മെന്നു പറഞ്ഞാല്‍ ക്ലാസ്സിക് റിയലിസ്റ്റിക് നാച്വറലിസ്റ്റിക് എന്നാണര്‍ഥം. അതിനുശേഷം വിവിധ ചിത്രകലാ സ്കൂളുകളില്‍ പഠിച്ചിറങ്ങിയവരും സ്വയം ശിക്ഷിതരും, ചിത്രകലാസ്കൂളുകളിലും വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും അധ്യാപകരായും, ചിത്രകാരന്മാരായും, കാര്‍ട്ടൂണിസ്റ്റുകളായും ഫ്രീ ലാന്‍സറന്മാരായും പോര്‍ട്രേറ്റിസ്റ്റുകളായും മറ്റും പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരുമായ നിരവധി കലാകാരന്മാരുണ്ട്. കെ.സി.എസ്. പണിക്കര്‍ ഒരു വലിയ ചിത്രകാരനായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തിരുവനന്തപുരം ശ്രീചിത്രാ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മനോഹരമായ ഏതാനും വാട്ടര്‍ക്കളറുകളും, ആദ്യകാല മിസ്റ്റിക് എണ്ണച്ചായാചിത്രങ്ങളും കഴിഞ്ഞ് അദ്ദേഹം സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. ശൈലീപരമായും ആശയപരമായും അദ്ദേഹത്തിന്റെ കല സദാ പരിണാമവിധേയമായിക്കൊണ്ടിരുന്നു. യൂറോപ്പിലെയും ഇന്ത്യയിലെയും ചിത്രകലാസ്വാദകര്‍ക്കും നിരൂപകര്‍ക്കും പണിക്കരുടെ ചിത്രങ്ങളെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോ പ്രവണതയുടെയോ നാലതിര്‍ത്തിക്കുള്ളില്‍ തളച്ചിടാന്‍ ആകുമായിരുന്നില്ല. മിത്തുകള്‍, ഗ്രാമീണജീവിതം, ബൈബിള്‍, പുരാണം, നാടോടിജീവിതം, താന്ത്രിക്, കാലിഗ്രാഫി എല്ലാം പണിക്കരുടെ ചിത്രങ്ങളിലുണ്ട്.

വ്യവസ്ഥാപിത അക്കാദമിക് ശൈലിയില്‍, അതിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചിത്രങ്ങള്‍ വരച്ച ചിത്രകാരനാണ് മാധവമേനോന്‍. അദ്ദേഹത്തിന്റെ 'മയിലും' 'മുളങ്കാടും' മതിയാവും ആ രചനാപാടവത്തിന്റെ പരിപൂര്‍ണതയെന്തെന്നറിയാന്‍. മറ്റൊരു ശ്രദ്ധേയനായ ചിത്രകാരനായിരുന്നു ത്രിവിക്രമന്‍ തമ്പി. നാട്ടിലെ പഠനത്തിനുശേഷം ഇന്ത്യ മുഴുവന്‍ ചുറ്റിനടന്ന് ചിത്രലോകത്തിന്റെ വൈവിധ്യം കണ്ട്, ശാന്തിനികേതനില്‍ പഠിച്ച് രചന നടത്തിയ ഒരേകാന്തപഥികനായിരുന്നു സി.കെ.രാ. അന്തര്‍മുഖനായിരുന്ന രാ. കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ ഉറവതേടിയത് നാടന്‍ കലകളില്‍ അല്ല, മറിച്ച് നമ്മുടെ ക്ഷേത്രകൊട്ടാരച്ചുവര്‍ ചിത്രങ്ങളിലും, കേരള ദാരുശില്പങ്ങളിലുമായിരുന്നു. സമകാലിക യൂറോപ്യന്‍ ചിത്രകലയും ഭാരതീയചിത്രകാരന്മാരുടെ ചിത്രങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു.

ബേന്ദ്രേയുടെയും യൂറോപ്യന്‍ അധ്യാപകരുടെയും ശിഷ്യനായ മഹേന്ദ്ര തന്റെ ക്ലാസ്സിക് റിയലിസ്റ്റിക് 'മൂറിങ്സി'ല്‍ ഉറച്ചു നിന്നു രചന നടത്തുന്ന ചിത്രകാരനാണ്. എം.വി. ദേവന്‍ ചിത്രകാരനും ആധുനികതയുടെ വക്താവും കലാനിരൂപകനും വലിയൊരു പ്രസ്ഥാനവുമാണ്. മാനോഹരമായ താന്ത്രിക് ബിംബങ്ങള്‍ രചിക്കുന്ന കെ. ഹരിദാസും, വിവിധ ആധുനിക പ്രവണതകള്‍ പ്രദര്‍ശിപ്പിച്ച് രചന നടത്തുന്ന സി. എന്‍. പൊറിഞ്ചുക്കുട്ടിയും ഔദ്യോഗിക പദവിയില്‍നിന്നും വിരമിച്ച ചിത്രകാരന്മാരാണ്. കെ.ജി. സുബ്രമണ്യം, എ. രാമചന്ദ്രന്‍, അക്കിത്തം നാരായണന്‍, കലാധരന്‍, എന്നിവര്‍ സ്വന്തമായൊരു വ്യക്തിത്വമുള്ള ചിത്രകാരന്മാരാണ്. ജയപാലപ്പണിക്കര്‍, ജി. രാജേന്ദ്രന്‍, വി. വിശ്വനാഥന്‍ (പാരിസ്), ബി.ഡി. ദത്തന്‍, നേമം പുഷ്പരാജ്, കെ. ജനാര്‍ദനന്‍, ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍, കെ. ബര്‍നാര്‍ഡ്, ധര്‍മരത്നം, പുണിച്ചിത്തായ, കെ. ബാലകൃഷ്ണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ചിത്രകാരന്മാരാണ്. വിദ്യാര്‍ഥികളെ കലയുടെ മര്‍മങ്ങള്‍ പഠിപ്പിക്കുന്നതിനിടയിലും സര്‍ഗാത്മക രചനാസിദ്ധിയെ മങ്ങാതെ സൂക്ഷിക്കുന്ന ശ്രദ്ധേയരായ ചിത്രകാരന്മാരാണ് എം. സനാതനനും കാട്ടൂര്‍ നാരായണപിള്ളയും, കെ.കെ. രാജപ്പനും, വി.എം. ബാലനും മികച്ച കാര്‍ട്ടൂണിസ്റ്റുകളായ അബു എബ്രഹാമും കുട്ടിയും ടോംസും യേശുദാസനും അരവിന്ദനും ഒ.വി. വിജയനും രേഖാചിത്രകാരന്മാരായ ശങ്കരന്‍കുട്ടിയും ഇലസ്ട്രേഷന്‍ നടത്തുന്നവരില്‍ പ്രമുഖനായ നമ്പൂതിരിയും ശ്രദ്ധേയരായ ചിത്രകാരന്മാരാണ്.

പ്രശസ്തി ശില്പിയായ കാനായി കുഞ്ഞിരാമന്‍ മദ്രാസ് സ്കൂള്‍ ഒഫ് ആര്‍ട്ട്സില്‍ പ്രസിദ്ധ ശില്പി ദേബീപ്രസാദ് ചൌെധുരിയുടെയും കെ.സി. എസ്സിന്റെയും ശിഷ്യവൃന്ദത്തില്‍പ്പെടുന്ന ചിത്രകാരന്‍കൂടിയാണ്, ലണ്ടനില്‍ (സ്ലേഡ് സ്കൂളില്‍) ഉപരിപഠനം നടത്തിയ കാനായി ശില്പകലയെ തന്റെ തട്ടകമാക്കി ആധുനിക കലാപ്രവണതകളിലെ നവീനഭാവുകത്വത്തെ കേരളീയര്‍ സഹൃദയക്ക് പരിചയപ്പെടുത്തിയവരില്‍ പ്രമുഖനാണ്. ചിത്രകലയ്ക്കുള്ള അക്കാദമി പുരസ്കാരവും 2005-ലെ രാജാരവിവര്‍മ പുരസ്കാരവും നേടിയിട്ടുണ്ട്. രണ്ടു തവണ ലളിതകലാ അക്കാദമി ചെയര്‍മാനും ആയിരുന്നു.

മദ്രാസ് സ്കൂള്‍ ഒഫ് ആര്‍ട്ടില്‍ ചിത്രകല അഭ്യസിച്ച സി.എന്‍. കരുണാകരന്‍, കേരള ലളിതകലാഅക്കാദമിയുടെ ചെയര്‍മാനായിരുന്നു. നിരവധി തവണ സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാവഗീതപരതയും ശൈലീകൃത ഭാഷയിലുള്ള അവയുടെ ഭാവതലവുംകൊണ്ട് സി.എന്‍. ചിത്രങ്ങള്‍ എവിടേയും വേറിട്ടുനില്ക്കുന്നു. ഇന്ത്യയ്ക്കത്തും പുറത്തുമുള്ള ചിത്രപ്രദര്‍ശനങ്ങളില്‍ തന്റേതായ ഇടംനേടിയെടുത്ത ചിത്രകാരന്മാരാണ് ജി. രാജേന്ദ്രനും സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ആര്‍ട്ട് എഡിറ്റര്‍ ബി.ഡി. ദത്തനും ഇതേ തലമുറയിലെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രകാരനാണ്.

ചിത്രകലയില്‍ നിന്നു ചലച്ചിത്ര ലോകത്തേക്ക് വ്യാപരിച്ച നിരവധി കലാകാരന്മാര്‍ കേരളീയ കലാരംഗത്തെ പ്രത്യേകതയാണ്. ജി. അരവിന്ദന്‍, ഭരതന്‍, നേമം പുഷ്പരാജ് എന്നിവര്‍ ഇക്കൂടട്ടത്തില്‍ ശ്രദ്ധേയരാണ്. സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്‍ട്ട് എഡിറ്ററായ നേമം പുഷ്പരാജ്, ചിത്രകലയിലും സിനിമയിലെ കലാസംവിധാനത്തിനും നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. താത്വികതലത്തോട് അടുത്തുനില്ക്കുന്നതും സാമൂഹികപ്രതിബദ്ധതയുള്ളവയുമാണ് നേമം പുഷ്പരാജിന്റെ ചിത്രങ്ങള്‍. അരവിന്ദന്റെയും ഭരതന്റെയും പുഷ്പരാജിന്റേയും സിനിമകളുടെ ഫ്രെയ്മുകള്‍ ക്യാന്‍വാസുമായുള്ള ഇവരുടെ അണമുറിയാത്ത ബന്ധത്തിന്റെ ദൃഷ്ടാന്തങ്ങളാണ്.

ഭൂതകാലത്തില്‍ നിന്നൊരു തീവണ്ടി - കെ.വി. സൂധീഷ്കുമാര്‍

ചിത്രകലാധ്യാപകരായ സനാതനന്‍, കെ.കെ. രാജപ്പന്‍ എന്നിവരുടെ രചനകള്‍ ആധുനികതയുടെ മൂര്‍ത്ത ബിംബങ്ങളെ പേറുന്നു. കൂടാതെ, താന്ത്രിക് ശൈലിയിലെ ചിത്രണത്തിലൂടെ ശ്രദ്ധേയനാണ് കെ.വി. ഹരിദാസ്. ബാംഗ്ലൂര്‍ കേന്ദ്രമാക്കി ചിത്രരചന നിര്‍വഹിച്ചുവരുന്ന യൂസഫ് അറയ്ക്കലിന്റെ എക്സ്പ്രഷനിസ്റ്റ് ചിത്രങ്ങള്‍ നിരവധി അന്താരാഷ്ട്ര ഗ്യാലറികളില്‍ ശ്രദ്ധേയങ്ങളായിട്ടുണ്ട്. കൂടാതെ, നന്ദഗോപാല്‍, ചോളമണ്ഡലത്തിലെ ചിത്രകാരന്മാരായ പി. ഗോപിനാഥ്, സി. ഡഗ്ളസ്സ്, മുഖ്യധാരാ അമൂര്‍ത്ത ചിത്രകാരന്മാരില്‍ വിഖ്യാതനായ അച്യുതന്‍ കൂടല്ലൂര്‍, വിദേശരാജ്യങ്ങളില്‍ അംഗീകാരം നേടിയ സുരേന്ദ്രന്‍ നായര്‍, ജ്യോതിബസു, ബൈജുപാര്‍ഥന്‍ തുടങ്ങിയവര്‍ ആധുനിക ശൈലിയിലെ ശ്രദ്ധേയരായ ചിത്രകാരന്മാരാണ്. പ്രഭാകരന്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പുഷ്കിന്‍ ഇ.എച്ച്. തുടങ്ങിയവരും ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ്.

കേരളീയരായ പലരും വളരെ പ്രഗല്ഭരും പ്രശസ്തരുമായിട്ടുണ്ട്. എന്‍.എന്‍. റിംസന്‍, അലക്സ് മാത്യു, സോമന്‍, നന്ദഗോപാല്‍, പി. ഗോപിനാഥ്, സുരേന്ദ്രന്‍ നായര്‍, ബോസ് കൃഷ്ണനാചാരി, ടി. കലാധരന്‍, രാജന്‍, എം. കൃഷ്ണന്‍, റിയാസ് കോമു, ഷിബു നടേശന്‍, ജ്യോതിബസു, ടി.വി. സന്തോഷ്, പണിക്കര്‍, സജിത ശങ്കര്‍, അനുരാധ നാലപ്പാട്, അജയകുമാര്‍, രതീദേവി, വി.ബി. വേണു, പി.വി. നന്ദന്‍, അശാന്തന്‍, രാഘവന്‍ അത്തോളി, മുരളി നാഗപ്പുഴ, ഗോപികൃഷ്ണ, അജി വി.എന്‍, സക്കീര്‍ ഹുസൈന്‍, ബോസ് കൃഷ്ണമാചാരി, മാര്‍ട്ടിന്‍ ഒ.സി., സുനില്‍ വല്ലാര്‍പാടം, സജിത് ഷാജഹാന്‍, റോബര്‍ട്ട് ലോപ്പസ്, പ്രദീപ് പുത്തൂര്‍, ബാബു സേവ്യര്‍, മുരളി നാഗപ്പുഴ, സോസ ജോസഫ്, ദീപ്തി പി. വാസു, ശ്രീജ എന്നിങ്ങനെ നിരവധി വ്യക്തിമുദ്രയുള്ള കേരളീയ കലാകാരന്മാരുടെ നിരവധി രചനകള്‍ വളരെ ശ്രദ്ധേയമായിത്തീര്‍ന്നിട്ടുണ്ട്.

(പ്രൊഫ. എം. ഭാസ്കരപ്രസാദ്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍