This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടുക്കളത്തോട്ടം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 20: | വരി 20: | ||
നല്ലയിനം വിത്തുകള്‍ തിരഞ്ഞെടുക്കുക, യഥാകാലം വേണ്ടത്ര വളം ചേര്‍ക്കുക, കീടനാശിനികള്‍ പ്രയോഗിക്കുക എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുടെ ഒഴിവുവേളകള്‍ ആദായകരമാക്കുന്നതിന് പറ്റിയ ഏര്‍പ്പാടാണ് അടുക്കളത്തോട്ടക്കൃഷി. അഭിരുചിയും ആവശ്യവും അനുസരിച്ചുള്ള പച്ചക്കറികള്‍, വിപണിയില്‍ ലഭ്യമല്ലാത്ത കാലത്തുപോലും, ഉത്പാദിപ്പിച്ചെടുക്കാമെന്നതും അടുക്കളത്തോട്ടത്തിന്റെ മേന്‍മതന്നെ. | നല്ലയിനം വിത്തുകള്‍ തിരഞ്ഞെടുക്കുക, യഥാകാലം വേണ്ടത്ര വളം ചേര്‍ക്കുക, കീടനാശിനികള്‍ പ്രയോഗിക്കുക എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുടെ ഒഴിവുവേളകള്‍ ആദായകരമാക്കുന്നതിന് പറ്റിയ ഏര്‍പ്പാടാണ് അടുക്കളത്തോട്ടക്കൃഷി. അഭിരുചിയും ആവശ്യവും അനുസരിച്ചുള്ള പച്ചക്കറികള്‍, വിപണിയില്‍ ലഭ്യമല്ലാത്ത കാലത്തുപോലും, ഉത്പാദിപ്പിച്ചെടുക്കാമെന്നതും അടുക്കളത്തോട്ടത്തിന്റെ മേന്‍മതന്നെ. | ||
- | [[Category: | + | [[Category:കൃഷി]] |
Current revision as of 11:31, 18 ഏപ്രില്‍ 2008
അടുക്കളത്തോട്ടം
അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ കൃഷിചെയ്തുണ്ടാക്കുന്നതിന് വീട്ടുവളപ്പില്‍ തയ്യാറാക്കുന്ന തോട്ടം. ഓരോ വീടിനോടും ചേര്‍ന്നു വിശാലമായ പറമ്പുകളുള്ള നാട്ടിന്‍പുറങ്ങളില്‍ അടുക്കളത്തോട്ടക്കൃഷിക്ക് വളരെ സൌകര്യമുണ്ട്. ശാസ്ത്രീയമായ രീതിയിലല്ലെങ്കില്‍ തന്നെയും അത്യാവശ്യമുള്ള പച്ചക്കറികള്‍ അതതുകാലങ്ങളില്‍ കൃഷി ചെയ്യുന്ന സമ്പ്രദായം സര്‍വസാധാരണമാണ്. ജനസാന്ദ്രതയുള്ള പട്ടണങ്ങളിലെ സ്ഥലപരിമിതി കാരണം അടുക്കളത്തോട്ടത്തിന് അവിടെ സ്ഥലം ഒഴിച്ചിടുക അസാധ്യമാണ്. അത്തരം സാഹചര്യങ്ങളില്‍ മട്ടുപ്പാവില്‍ മണ്ണുനിറച്ചും ചെടിച്ചട്ടികളുപയോഗിച്ചും ഈ കുറവ് പരിഹരിച്ചുവരുന്നു.
പ്രായപൂര്‍ത്തിവന്ന ഒരാളുടെ ഒരു ദിവസത്തെ ആഹാരത്തില്‍ 200-300 ഗ്രാം പച്ചക്കറികളെങ്കിലും അടങ്ങിയിരിക്കണം. അന്നജപ്രധാനമായ ആഹാരരീതിയില്‍ ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കുറവു പരിഹരിക്കേണ്ടത് മലക്കറികളും പഴവര്‍ഗങ്ങളും കൊണ്ടാണ്. പച്ചക്കറികള്‍ ദിവസം പ്രതി വിലകൊടുത്തു വാങ്ങുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. ഈ പ്രശ്നം കണക്കിലെടുത്തുകൊണ്ട് ഇവയുടെ ഉത്പാദനം കഴിയുന്നതും വര്‍ധിപ്പിക്കുന്നതിന് സാമൂഹികസംഘടനകള്‍ മുഖേന ഗവണ്‍മെന്റ് യത്നിക്കുന്നുണ്ട്. നല്ലയിനം തോട്ടങ്ങള്‍ക്കു സഹായധനം നല്കുക, സമ്മാനങ്ങള്‍ കൊടുക്കുക, നല്ലതരം വിത്തുകള്‍, വളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവ സൌജന്യനിരക്കില്‍ വിതരണംചെയ്യുക മുതലായവ ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു.
അടുക്കളത്തോട്ടത്തിന് സ്ഥലം തിരഞ്ഞെടുക്കുന്നത് പല വസ്തുതകള്‍ പരിഗണിച്ചുകൊണ്ടായിരിക്കണം. കുടുംബത്തിന്റെ വലുപ്പം അനുസരിച്ച് ആവശ്യമായ പച്ചക്കറികള്‍ അവിടെ ഉത്പാദിപ്പിക്കാന്‍ സാധിക്കണം. ജലസേചനസൌകര്യവും സൂര്യപ്രകാശലഭ്യതയും കൃഷിക്കാവശ്യമുള്ള പ്രധാന ഘടകങ്ങള്‍ ആണ്. നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് മലക്കറിക്കൃഷിക്ക് ഏറ്റവും അനുയോജ്യം. ചൊരിമണലുള്ള സ്ഥലമാണെങ്കില്‍ ചെളിയും ജൈവവളങ്ങളും ചേര്‍ത്തും, ചെളിമണ്ണാണെങ്കില്‍ ചൊരിമണലും ജൈവവളങ്ങളും ചേര്‍ത്തും മണ്ണു പാകപ്പെടുത്തണം. പിന്നീട് ചാണകം, കമ്പോസ്റ്റ് എന്നീ അടിസ്ഥാനവളങ്ങള്‍ ചേര്‍ത്ത് സ്ഥലം ഉഴുതശേഷം പ്ളാന്‍ അനുസരിച്ച് പ്ളോട്ടുകളായി തിരിക്കാം. ജൈവവളം ഒരു സെന്റിന് 125 കി.ഗ്രാം എന്ന തോതിലാണ് ചേര്‍ക്കേണ്ടത്. അടുക്കളത്തോട്ടത്തില്‍ നടുവാന്‍ ഉദ്ദേശിക്കുന്ന സസ്യങ്ങളുടെ ആയുസ്സ് അനുസരിച്ച് ഹ്രസ്വകാലസസ്യവര്‍ഗങ്ങള്‍ക്കും ദീര്‍ഘകാലസസ്യവര്‍ഗങ്ങള്‍ക്കും പ്രത്യേക സ്ഥാനങ്ങളില്‍ വിത്തുതടങ്ങള്‍ (തവാരണ) സജ്ജമാക്കണം. നടപ്പാത, ജലസേചനത്തിനുള്ള ചാലുകള്‍ എന്നിവയും ഉണ്ടാക്കണം. ഓരോ മലക്കറിയും കൃഷിചെയ്യേണ്ട കാലവും സ്ഥലവും സൂചിപ്പിക്കുന്ന ഒരു രൂപരേഖ അടുക്കളത്തോട്ടത്തിന്റെ സംവിധാനത്തിനു സഹായകമായിരിക്കും.
കൃഷിപ്പണിയുടെ വ്യത്യസ്ത സ്വഭാവത്തെ ആസ്പദമാക്കി കേരളത്തില്‍ കൃഷിചെയ്തുവരുന്ന പച്ചക്കറിവര്‍ഗങ്ങളെ അഞ്ചായി തരംതിരിക്കാം.
(1) ഇലവര്‍ഗങ്ങള്‍. ചീര, മധുരച്ചീര, ചെക്കൂര്‍മാനിസ്, അറക്കീര, അകത്തിക്കീര, വള്ളിച്ചീര തുടങ്ങി ഏകദേശം 20 ഇനം ഇലവര്‍ഗങ്ങള്‍. വള്ളിച്ചീര, ചെക്കൂര്‍മാനിസ്, അലങ്കാരച്ചീര എന്നിവ തണ്ടു മുറിച്ചുനട്ടാണ് തോട്ടങ്ങളില്‍ പിടിപ്പിക്കുന്നത്. സാധാരണചീര അരിപാകി, തൈകള്‍ പറിച്ചു നട്ടാണ് വളര്‍ത്തേണ്ടത്. ജലസേചന സൌകര്യമുണ്ടെങ്കില്‍ വേനല്ക്കാലത്തും ചീരകൃഷി ചെയ്യാവുന്നതാണ്.
(2) പയറുവര്‍ഗങ്ങള്‍. ഫ്രഞ്ച്ബീന്‍സ്, ചീനഅമര, പതിനെട്ടുമണിയന്‍ പയര്‍ (Vigna sesquipedalis), റണ്ണര്‍ബീന്‍സ് എന്നീ ഇനങ്ങള്‍. തടങ്ങളില്‍ വിത്തു പാകിയാണ് ഇവ കൃഷിചെയ്യുന്നത്.
(3) ഫലവര്‍ഗങ്ങള്‍. ഏറ്റവും മുഖ്യമായ ഈ ഇനത്തെ പടര്‍ന്നു വളരുന്നവയെന്നും അല്ലാത്തവയെന്നും രണ്ടായി തിരിക്കാം. പടവലം, പാവല്‍, വെള്ളരി, മത്തന്‍, കുമ്പളം, ചുര, തക്കാളി എന്നിവ ആദ്യത്തെ ഇനത്തിലും വെണ്ട, വഴുതിന, മുളക് എന്നിവ രണ്ടാമത്തെ ഇനത്തിലും പെടുന്നു. തടങ്ങളില്‍ വിത്തു പാകി മുളപ്പിച്ച് തൈകള്‍ പറിച്ചുനട്ടാണ് ഇവ കൃഷിചെയ്യുന്നത്. പടര്‍ന്നു വളരുന്ന ഇനങ്ങള്‍ പൊതുവേ ഏ.-മേയ് മാസങ്ങളിലാണ് കൃഷിചെയ്തുവരുന്നത്.
(4) കിഴങ്ങുവര്‍ഗങ്ങള്‍. മധുരക്കിഴങ്ങ്, ചേമ്പ്, കാച്ചില്‍, ചേന തുടങ്ങിയവ. വളം ചേര്‍ത്ത് മുന്‍കൂട്ടി തയ്യാറാക്കിയ തടങ്ങളില്‍ കിഴങ്ങുകള്‍ മുഴുവനായോ മുളയ്ക്കുന്ന ഭാഗം നോക്കി മുറിച്ചോ നടുന്നു.
(5) പഴവര്‍ഗങ്ങള്‍. പപ്പയ്ക്ക (ഓമയ്ക്ക), പേര, വാഴ, നാരകം, ആത്ത, സപ്പോട്ട മുതലായവ. അടുക്കളത്തോട്ടത്തിനു കൂടുതല്‍ സ്ഥലസൌകര്യമുണ്ടെങ്കില്‍ മാത്രമേ ഇവ നടുവാന്‍ സാധിക്കുകയുള്ളു. സാധാരണ അടുക്കളത്തോട്ടങ്ങളില്‍ ഇവ ഉണ്ടായിരിക്കണമെന്നില്ല. തൈകള്‍ പറിച്ചുനട്ടാണ് ഇവ കൃഷിചെയ്യുന്നത്. ഇവയില്‍ പെടാത്തതും എന്നാല്‍ എല്ലാ അടുക്കളത്തോട്ടങ്ങളിലും അവശ്യം ഉണ്ടായിരിക്കേണ്ടതുമായ ഒരു ചെടിയാണ് കറിവേപ്പ്.
നല്ലയിനം വിത്തുകള്‍ തിരഞ്ഞെടുക്കുക, യഥാകാലം വേണ്ടത്ര വളം ചേര്‍ക്കുക, കീടനാശിനികള്‍ പ്രയോഗിക്കുക എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുടെ ഒഴിവുവേളകള്‍ ആദായകരമാക്കുന്നതിന് പറ്റിയ ഏര്‍പ്പാടാണ് അടുക്കളത്തോട്ടക്കൃഷി. അഭിരുചിയും ആവശ്യവും അനുസരിച്ചുള്ള പച്ചക്കറികള്‍, വിപണിയില്‍ ലഭ്യമല്ലാത്ത കാലത്തുപോലും, ഉത്പാദിപ്പിച്ചെടുക്കാമെന്നതും അടുക്കളത്തോട്ടത്തിന്റെ മേന്‍മതന്നെ.