This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോട്ടയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→വിദ്യാഭ്യാസം, സംസ്‌കാരം) |
(→നദീവ്യൂഹവും ജലസമ്പത്തും) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 54: | വരി 54: | ||
കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ താലൂക്കുകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലേക്കു കടക്കുന്ന നദിയാണ് മണിമലയാറ്. പീരുമേട് താലൂക്കിലെ (ഇടുക്കി ജില്ല) മുതവരക്കുന്നില്‍ (1,280 മീ.) ഉദ്‌ഭവിച്ച് ഒഴുകിയെത്തുന്ന മണിമലയാറില്‍ കാഞ്ഞിരപ്പള്ളിത്താലൂക്കിലെ മുണ്ടക്കയത്തുവച്ച് തെക്കുനിന്നുള്ള ഒരു പോഷകനദിയും ചേനപ്പാടിയില്‍ വച്ച് ചിറ്റാര്‍ എന്ന മറ്റൊരു ശാഖാനദിയും ലയിക്കുന്നു. മണിമലയില്‍ നിന്ന് തെക്കോട്ടു തിരിഞ്ഞൊഴുകുന്ന ഈ നദി മാവേലിദേശം എന്ന സ്ഥലത്തുവച്ച് പടിഞ്ഞാറോട്ടു തിരിഞ്ഞ് ചങ്ങനാശ്ശേരി താലൂക്കിലെ വെള്ളാവൂരില്‍ എത്തി, തുടര്‍ന്ന് തെക്കോട്ടൊഴുകുകയും കോട്ടാങ്ങലില്‍വച്ച് ആലപ്പുഴ ജില്ലയിലേക്കു കടക്കുകയും ചെയ്യുന്നു. മുണ്ടക്കയം, എരുമക്കുഴി, മണിമല എന്നിവയാണ് മണിമലയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങള്‍. | കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ താലൂക്കുകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലേക്കു കടക്കുന്ന നദിയാണ് മണിമലയാറ്. പീരുമേട് താലൂക്കിലെ (ഇടുക്കി ജില്ല) മുതവരക്കുന്നില്‍ (1,280 മീ.) ഉദ്‌ഭവിച്ച് ഒഴുകിയെത്തുന്ന മണിമലയാറില്‍ കാഞ്ഞിരപ്പള്ളിത്താലൂക്കിലെ മുണ്ടക്കയത്തുവച്ച് തെക്കുനിന്നുള്ള ഒരു പോഷകനദിയും ചേനപ്പാടിയില്‍ വച്ച് ചിറ്റാര്‍ എന്ന മറ്റൊരു ശാഖാനദിയും ലയിക്കുന്നു. മണിമലയില്‍ നിന്ന് തെക്കോട്ടു തിരിഞ്ഞൊഴുകുന്ന ഈ നദി മാവേലിദേശം എന്ന സ്ഥലത്തുവച്ച് പടിഞ്ഞാറോട്ടു തിരിഞ്ഞ് ചങ്ങനാശ്ശേരി താലൂക്കിലെ വെള്ളാവൂരില്‍ എത്തി, തുടര്‍ന്ന് തെക്കോട്ടൊഴുകുകയും കോട്ടാങ്ങലില്‍വച്ച് ആലപ്പുഴ ജില്ലയിലേക്കു കടക്കുകയും ചെയ്യുന്നു. മുണ്ടക്കയം, എരുമക്കുഴി, മണിമല എന്നിവയാണ് മണിമലയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങള്‍. | ||
- | ജലാശയങ്ങള്‍ | + | ====ജലാശയങ്ങള്‍==== |
+ | |||
+ | കേരളത്തിലെ സമുദ്രസാമീപ്യമില്ലാത്ത അഞ്ച് ജില്ലകളിലൊന്നാണ് കോട്ടയം. സംസ്ഥാനത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലാണ് കോട്ടയം ജില്ലയുടെ പടിഞ്ഞാറേ അതിര്. മത്സ്യബന്ധനം, ഉള്‍നാടന്‍ ഗതാഗതം, നീറ്റുകക്കശേഖരണം എന്നിവയ്‌ക്കു യോജിച്ച പരിതഃസ്ഥിതിയാണ് ഈ ജലാശയത്തിലുള്ളത്. പുണ്യസ്ഥലമായ വൈക്കം പട്ടണം ഈ കായല്‍ക്കരയിലാണ്. കോട്ടയം ജില്ലയുടെ ഹൈറേഞ്ച് പ്രദേശങ്ങളില്‍ നിന്നുള്ള ധാരാളം അരുവികള്‍ ഇവിടെയുണ്ട്. ഈ നീരൊഴുക്കുകളിലെ വെള്ളം ചെറുനദികളിലും തോടുകളിലുമെത്തിച്ചേര്‍ന്ന്, അവയിലെ ജലശേഖരത്തെ വര്‍ധിപ്പിക്കുകയും അത് ചെറുകിട ജലസേചനപദ്ധതികള്‍ക്ക് താങ്ങായിത്തീരുകയും ചെയ്യുന്നു. | ||
===കാലാവസ്ഥ === | ===കാലാവസ്ഥ === | ||
വരി 182: | വരി 184: | ||
=== സ്ഥാപനങ്ങള്‍=== | === സ്ഥാപനങ്ങള്‍=== | ||
- | + | ||
റബ്ബര്‍ബോര്‍ഡ്, റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓയില്‍പാം (ഇന്ത്യ) ലിമിറ്റഡ്, കേരള വനംവികസന കോര്‍പ്പറേഷന്‍, കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ഫാക്‌ടറി, മദ്രാസ് റബ്ബര്‍ഫാക്‌ടറി (വടവാതൂര്‍), ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് (നാട്ടകം), ഇലക്‌ട്രാ-കെമിക്കല്‍സ് ഇന്‍ഡസ്റ്റ്രീസ് (ചിങ്ങവനം), റൂബി റബ്ബര്‍ വര്‍ക്‌സ് ലിമിറ്റഡ് (ചങ്ങനാശ്ശേരി), നാഷണല്‍ ടയര്‍ റബ്ബര്‍ കമ്പനി ലിമിറ്റഡ് (കോട്ടയം), സ്റ്റേന്‍സ്& കമ്പനി ലിമിറ്റഡ് (ഏറ്റുമാനൂര്‍), അലൈഡ് റബ്ബര്‍ വര്‍ക്‌സ്(കാരാപ്പുഴ) എന്നിവ ജില്ലയിലെ വന്‍കിട വ്യവസായങ്ങളാണ്. കയര്‍ വ്യവസായവും ഇവിടെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. വൈക്കം നേരിയത് എന്നറിയപ്പെടുന്ന മേല്‍ത്തരം ചകിരിനാര് ഇവിടെ ഉത്‌പാദിപ്പിക്കപ്പെടുന്നു. കുമരകം കേന്ദ്രമായി നീറ്റുകക്ക വ്യവസായം അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. കൈത്തറിത്തുണി, തടി ഉരുപ്പടികള്‍, പ്ലൈവുഡ്, കളിപ്പാട്ടങ്ങള്‍, തീപ്പെട്ടി എന്നിവയുടെ നിര്‍മാണ കേന്ദ്രങ്ങളും ജില്ലയിലുണ്ട്. വൈക്കം-വെച്ചൂര്‍ മേഖലയിലെ തഴപ്പായ് നിര്‍മാണവും ശ്രദ്ധേയമായ മറ്റൊരു വ്യവസായ സംരംഭമാണ്. | റബ്ബര്‍ബോര്‍ഡ്, റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓയില്‍പാം (ഇന്ത്യ) ലിമിറ്റഡ്, കേരള വനംവികസന കോര്‍പ്പറേഷന്‍, കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ഫാക്‌ടറി, മദ്രാസ് റബ്ബര്‍ഫാക്‌ടറി (വടവാതൂര്‍), ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് (നാട്ടകം), ഇലക്‌ട്രാ-കെമിക്കല്‍സ് ഇന്‍ഡസ്റ്റ്രീസ് (ചിങ്ങവനം), റൂബി റബ്ബര്‍ വര്‍ക്‌സ് ലിമിറ്റഡ് (ചങ്ങനാശ്ശേരി), നാഷണല്‍ ടയര്‍ റബ്ബര്‍ കമ്പനി ലിമിറ്റഡ് (കോട്ടയം), സ്റ്റേന്‍സ്& കമ്പനി ലിമിറ്റഡ് (ഏറ്റുമാനൂര്‍), അലൈഡ് റബ്ബര്‍ വര്‍ക്‌സ്(കാരാപ്പുഴ) എന്നിവ ജില്ലയിലെ വന്‍കിട വ്യവസായങ്ങളാണ്. കയര്‍ വ്യവസായവും ഇവിടെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. വൈക്കം നേരിയത് എന്നറിയപ്പെടുന്ന മേല്‍ത്തരം ചകിരിനാര് ഇവിടെ ഉത്‌പാദിപ്പിക്കപ്പെടുന്നു. കുമരകം കേന്ദ്രമായി നീറ്റുകക്ക വ്യവസായം അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. കൈത്തറിത്തുണി, തടി ഉരുപ്പടികള്‍, പ്ലൈവുഡ്, കളിപ്പാട്ടങ്ങള്‍, തീപ്പെട്ടി എന്നിവയുടെ നിര്‍മാണ കേന്ദ്രങ്ങളും ജില്ലയിലുണ്ട്. വൈക്കം-വെച്ചൂര്‍ മേഖലയിലെ തഴപ്പായ് നിര്‍മാണവും ശ്രദ്ധേയമായ മറ്റൊരു വ്യവസായ സംരംഭമാണ്. | ||
Current revision as of 08:00, 31 മാര്‍ച്ച് 2016
ഉള്ളടക്കം |
കോട്ടയം
Kottayam
1. കേരളസംസ്ഥാനത്തിലെ 14 ജില്ലകളിലൊന്ന്. 1949 ജൂല. 1-ന് ഔദ്യോഗികമായി നിലവില്‍വന്ന കോട്ടയം ജില്ല, മധ്യകേരളത്തിന്റെ ഏതാണ്ട് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ജില്ലാ തലസ്ഥാനമായ മുനിസിപ്പല്‍പ്പട്ടണവും പട്ടണമുള്‍ക്കൊള്ളുന്ന താലൂക്കും കോട്ടയം എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്നു. കോട്ടയുടെ അകം എന്നര്‍ഥംവരുന്ന "കോട്ടയകം' എന്ന പദത്തില്‍ നിന്നാണ് "കോട്ടയ'ത്തിന്റെ സ്ഥലനാമ നിഷ്‌പത്തി. വടക്ക് അക്ഷാംശം 9º15' മുതല്‍ 10º21' വരെയും കിഴക്ക് രേഖാംശം 76º22' മുതല്‍ 77º25' വരെയും ഈ ജില്ല വ്യാപിച്ചുകിടക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നും 150 കി.മീ. അകലെയാണ് കോട്ടയം ജില്ല.
അതിരുകള്‍. വടക്ക് എറണാകുളം, കിഴക്ക് ഇടുക്കി, തെക്ക് പത്തനംതിട്ട, പടിഞ്ഞാറ് ആലപ്പുഴ എന്നിവയാണ് അതിര്‍ത്തിജില്ലകള്‍. വേമ്പനാട്ടുകായല്‍ പടിഞ്ഞാറേ അതിര്‍ത്തിയാണ്. കടല്‍ത്തീരമില്ല. വിസ്‌തീര്‍ണം: 2,208 ച.കി.മീ.; ജനസംഖ്യ: 19,79,384 (2011). കേരളത്തിലെ ജില്ലകള്‍ക്കിടയില്‍ വിസ്‌തീര്‍ണത്തിലും ജനസംഖ്യയിലും കോട്ടയം 10-ാം സ്ഥാനത്താണ്.
കേരളത്തില്‍ സമ്പൂര്‍ണസാക്ഷരത നടപ്പിലാക്കിയ ആദ്യത്തെ നഗരം എന്ന നിലയില്‍ ജില്ലയുടെ ആസ്ഥാനമായ കോട്ടയം-"അക്ഷരനഗരി' എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ലയും (2008 സെപ്. 28) ഇന്ത്യയിലെ ഏറ്റവും ഗുണമേന്മയുള്ള റബ്ബര്‍ ഉത്‌പാദിപ്പിക്കുന്ന പ്രദേശവും കോട്ടയമാണ്. സംസ്ഥാനത്തെ ഏതാനും പ്രമുഖ പത്രമാധ്യമങ്ങളുടെ ആസ്ഥാനവും കോട്ടയമാണ്.
ഭൂപ്രകൃതി
ഭൂപ്രകൃതി അടിസ്ഥാനമാക്കി കോട്ടയം ജില്ലയെ മലനാട്, ഇടനാട്, തീരദേശം എന്നിങ്ങനെ മൂന്നായി തിരിക്കാം:
(a) വേമ്പനാട്ടുകായലിന്റെ തീരത്ത് ചതുപ്പുകളും നീര്‍ച്ചാലുകളും നിറഞ്ഞു കാണുന്ന തീരദേശം (b) കുന്നുകളും അവയുടെ താഴ്‌വരകളും ചേര്‍ന്നു നിമ്‌നോന്നതമായ ഇടനാട് (c) ജില്ലയുടെ കിഴക്കുഭാഗത്തുള്ള ഉയരംകൂടിയ കുന്നുകള്‍ ഹൈറേഞ്ചിലെ മലകളുമായി ചേര്‍ന്നുണ്ടാകുന്ന മലനാട്. പടിഞ്ഞാറുഭാഗത്തുള്ള താണനിലങ്ങള്‍ തൂക്കായ ചരിവുകളുള്ള കുന്നുകളുടെ ചുവട്ടില്‍ അവസാനിക്കുന്നു. സമതലപ്രദേശം താരതമ്യേന വളരെ കുറവാണ്.
മലനിരകള്‍
വലുപ്പത്തിന്റെയും വൈവിധ്യത്തിന്റെയും കാര്യത്തില്‍ ശ്രദ്ധേയമായ പ്രത്യേകതകളുള്ള മലനിരകള്‍ കോട്ടയം ജില്ലയില്‍ സമൃദ്ധമാണ്. വളരെ ഉയരംകൂടിയ ചില മലനിരകള്‍ ചുറ്റുപാടുമുള്ള കുന്നുകളില്‍നിന്ന് തികച്ചും വ്യതിരിക്തമായി നില്‍ക്കുന്നു. 1980 മീ. മുതല്‍ 2698 മീ. വരെ ഉയരമുള്ള കുന്നിന്‍പ്രദേശം ഇവിടെ ഏറെയുണ്ട്. തേവിമല, ചൊക്കന്‍മുടി, കാട്ടുമല, കുറുമ്പാറ, പാമ്പാടുംചോല, ചെമ്മണ്‍മുടി, ഇരവിമല, കരിന്നുളം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം കുന്നുകളും താഴ്‌വരകളും ചേര്‍ന്നതാണ് ഹൈറേഞ്ചുകള്‍. ഒരു ഉന്നതതടം എന്നാണ് ഹൈറേഞ്ച് സാധാരണയായി വിവക്ഷിക്കപ്പെടുന്നത് എന്നു വരികിലും യഥാര്‍ഥത്തില്‍ കുറെയേറെ കുന്നുകളും അവയ്‌ക്കിടയിലെ താഴ്‌വരകളും ചെറുതടങ്ങളും ചേര്‍ന്നു രൂപമെടുക്കുന്നതാണ് ഇവ.
മണ്ണിനങ്ങള്‍
തീരത്തോടടുത്ത ഭൂപ്രദേശങ്ങളില്‍ ചുവന്ന മണ്ണാണുള്ളത്. ജില്ലയുടെ അകത്തുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് കൂടുതല്‍ ചരല്‍ നിറഞ്ഞിരിക്കുന്നു. കൃഷിയിടങ്ങളായ താഴ്‌വരകളില്‍ തോട്ടമണ്ണ് സമൃദ്ധമാണ്. മലനിരകളോടടുക്കുമ്പോഴും കാട്ടിനുള്ളിലും കറുത്ത മണ്ണാണ് കാണപ്പെടുക.
കൂടിയ തോതിലുള്ള ചെന്നല്‍നിക്ഷേപങ്ങള്‍ ഉഷ്‌ണമേഖലയുടെ പ്രത്യേകത മൂലമാകാം കാലാവസ്ഥാജീര്‍ണതയുടെ ഫലമായി പാറകളിലും വൈവിധ്യം കാണാനാകും.
ശിലാപടലങ്ങള്‍
കോട്ടയം ജില്ലയിലെ ശിലാപടലങ്ങള്‍ മൂന്നു കാലഘട്ടത്തിലേതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അഭ്രപാളികളും (mica) കൃഷ്‌ണശിലാസ്‌തരങ്ങളും ഒന്നിടവിട്ടു കാണുന്ന നൈസുകള്‍ (gneiss), നോറൈറ്റുകള്‍ (norites), ഡോളറൈറ്റ് ഡൈക്കുകള്‍ എന്നിവയടങ്ങുന്ന പ്രാചീനസ്‌തരങ്ങള്‍; മയോസീന്‍ സ്‌തരങ്ങളിലെ വാര്‍ക്കോളി ബെഡ്ഡുകള്‍; അവശിഷ്‌ടമായുണ്ടായ ചെങ്കല്ലും താരതമ്യേന അടുത്ത കാലത്തെ ഊറലുകളും ചേര്‍ന്നുണ്ടായ ആധുനികസ്‌തരങ്ങള്‍ എന്നിവ.
കോട്ടയത്തിന്റെ തെക്കുഭാഗത്ത്, കായല്‍പ്രദേശത്തിനും കായാന്തരിതശിലാസമൂഹത്തിനുമിടയില്‍ ഒരു "തൊങ്ങല്‍' വച്ചതുപോലെയാണ് വാര്‍ക്കോളി സ്‌തരങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഡോളറൈറ്റ് ഡൈക്കുകള്‍ ജില്ലയുടെ വടക്കുപടിഞ്ഞാറ്-തെക്കുകിഴക്കു ദിശകളില്‍ കുറുകെ കിടക്കുന്നു. മീനച്ചിലിനു കിഴക്കുഭാഗത്തും, ചങ്ങനാശ്ശേരിക്കു വടക്കുപടിഞ്ഞാറുമാണ് ഇതു കണ്ടെത്തിയിട്ടുള്ളത്.
ഏറ്റുമാനൂരിനടുത്ത പ്രദേശങ്ങളില്‍ സമൃദ്ധമായ ചാര്‍ണക്കൈറ്റ് നിക്ഷേപങ്ങളും കോട്ടയത്ത് മാര്‍ത്തോമാ സെമിനാരിയുടെ കിഴക്കുവശത്തായി ഒരു ഗാര്‍ണറ്റ് (ഒരിനം മാണിക്യക്കല്ല്) ശേഖരവും കണ്ടെത്തിയിട്ടുണ്ട്. ലെപ്‌റ്റിനൈറ്റ്, ചാര്‍ണക്കൈറ്റ് എന്നിവയ്‌ക്കിടയിലായി കോര്‍ഡിയറൈറ്റ് സ്‌തരങ്ങളും സമൃദ്ധമായി കാണപ്പെടുന്നു.
സമ്പദ് ധാതുക്കള്‍
ഓതറയില്‍ കണ്ടെത്തിയിട്ടുള്ള പെഗ്മറ്റൈറ്റ് നിക്ഷേപങ്ങളില്‍ അക്വാമറീന്‍ കോളംബൈറ്റ്, ബെറിന്‍ തുടങ്ങിയ അമൂല്യരത്‌നങ്ങളുള്ളതായും കോട്ടയത്തുനിന്ന് 5 കി.മീ. കിഴക്കുള്ള വടവാതൂരില്‍ ഒരു ചാല്‍കോപൈറൈറ്റ് (ചെമ്പയിര്) നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമാനൂരിനും കിടങ്ങൂരിനുമിടയ്‌ക്കുള്ള പുന്നത്തുറയില്‍ എക്കല്‍ച്ചേറിന്റെ ഒരു വന്‍ശേഖരം തന്നെയുണ്ട്. വേമ്പനാട്ടുകായലിലെ വന്‍തോതിലുള്ള കക്കശേഖരം, സിമന്റ് നിര്‍മാണത്തിനാവശ്യമായ ചുണ്ണാമ്പിന്റെ വറ്റാത്ത സ്രോതസ്സാണ്.
നദീവ്യൂഹവും ജലസമ്പത്തും
മൂവാറ്റുപുഴ, മീനച്ചില്‍, മണിമല എന്നിവയാണ് ജില്ലയിലെ പ്രധാനനദികള്‍. ഇതില്‍ മീനച്ചിലാറ് പൂര്‍ണമായും കോട്ടയം ജില്ലയ്‌ക്കുള്ളിലായി ഒതുങ്ങി നില്‍ക്കുന്നു. മറ്റു രണ്ടെണ്ണം ജില്ലാന്തര നദികളാണ്.
മീനച്ചില്‍, വൈക്കം, കോട്ടയം എന്നീ താലൂക്കുകളിലൂടെ ഒഴുകി വേമ്പനാട്ടുകായലില്‍ പതിക്കുന്ന നദിയാണ് 78 കി.മീ. നീളമുള്ള മീനച്ചിലാറ്. അനേകം ശാഖാനദികളാല്‍ പരിപോഷിപ്പിക്കപ്പെട്ടും ചരിവുതലങ്ങളിലൂടെയുള്ള ഗതിമൂലം ഒഴുക്കുകൂടിയും എത്തുന്ന മീനച്ചിലാറിന്റെ ചാല് കോട്ടയം ജില്ലയില്‍ പ്രവേശിച്ച് വിവിധ കൈവഴികളിലൂടെ ഒഴുകുന്നു. ആദ്യത്തെ 8.3 കി.മീ. ഗതിക്കിടയില്‍ 76.19 മീ. താഴ്‌ചയില്‍ എത്തിച്ചേരുന്ന മീനച്ചിലാറ് ചേരിപ്പാടെന്ന സ്ഥലത്ത് എത്തുമ്പോഴേക്കും നദീതടം സമുദ്രനിരപ്പില്‍നിന്ന് കേവലം 15 മീ. മാത്രം ഉയരത്തിലായിത്തീരുന്നു. തുടര്‍ന്നുള്ള 59.6 കി.മീ. ദുരം പിന്നിടുന്നത് നന്നേ ചരിവുകുറഞ്ഞ പ്രദേശങ്ങളിലൂടെയാണ്. 1,081 ച.കി.മീ. ആണ് മീനച്ചില്‍ത്തടത്തിന്റെ മൊത്തം വിസ്‌തൃതി. പാലാ, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കോട്ടയം എന്നീ അധിവാസകേന്ദ്രങ്ങള്‍ ഈ നദീതീരത്താണ് സ്ഥിതിചെയ്യുന്നത്.
മണിമലയാറും മൂവാറ്റുപുഴയാറും ഈ ജില്ലയിലൂടെ ഭാഗികമായി കടന്നുപോകുന്നു. തൊടുപുഴയാറ്, കാളിയാറ്, കോതമംഗലത്താറ് എന്നീ മൂന്നു ജലധാരകള്‍ സംഗമിച്ചുണ്ടാകുന്ന മൂവാറ്റുപുഴയാറ് ഗതിമാര്‍ഗത്തിലെ അവസാനഘട്ടം താണ്ടുന്നത് കോട്ടയം ജില്ലയിലൂടെയാണ്. പിറവം കഴിഞ്ഞ് ഈ ജില്ലയില്‍പ്പെട്ട ചതുപ്പുനിലങ്ങളിലേക്കു കടക്കുന്നതോടെ മുവാറ്റുപുഴയാറ് ഇത്തിപ്പുഴ, മുറിഞ്ഞപുഴ എന്നീ കൈവഴികളിലൂടെ യഥാക്രമം വടക്കേമുറി, ചെമ്പ് എന്നിവിടങ്ങളിലെത്തിയശേഷം വേമ്പനാട്ടു കായലുമായി ലയിക്കുന്നു. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ താലൂക്കുകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലേക്കു കടക്കുന്ന നദിയാണ് മണിമലയാറ്. പീരുമേട് താലൂക്കിലെ (ഇടുക്കി ജില്ല) മുതവരക്കുന്നില്‍ (1,280 മീ.) ഉദ്‌ഭവിച്ച് ഒഴുകിയെത്തുന്ന മണിമലയാറില്‍ കാഞ്ഞിരപ്പള്ളിത്താലൂക്കിലെ മുണ്ടക്കയത്തുവച്ച് തെക്കുനിന്നുള്ള ഒരു പോഷകനദിയും ചേനപ്പാടിയില്‍ വച്ച് ചിറ്റാര്‍ എന്ന മറ്റൊരു ശാഖാനദിയും ലയിക്കുന്നു. മണിമലയില്‍ നിന്ന് തെക്കോട്ടു തിരിഞ്ഞൊഴുകുന്ന ഈ നദി മാവേലിദേശം എന്ന സ്ഥലത്തുവച്ച് പടിഞ്ഞാറോട്ടു തിരിഞ്ഞ് ചങ്ങനാശ്ശേരി താലൂക്കിലെ വെള്ളാവൂരില്‍ എത്തി, തുടര്‍ന്ന് തെക്കോട്ടൊഴുകുകയും കോട്ടാങ്ങലില്‍വച്ച് ആലപ്പുഴ ജില്ലയിലേക്കു കടക്കുകയും ചെയ്യുന്നു. മുണ്ടക്കയം, എരുമക്കുഴി, മണിമല എന്നിവയാണ് മണിമലയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങള്‍.
ജലാശയങ്ങള്‍
കേരളത്തിലെ സമുദ്രസാമീപ്യമില്ലാത്ത അഞ്ച് ജില്ലകളിലൊന്നാണ് കോട്ടയം. സംസ്ഥാനത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലാണ് കോട്ടയം ജില്ലയുടെ പടിഞ്ഞാറേ അതിര്. മത്സ്യബന്ധനം, ഉള്‍നാടന്‍ ഗതാഗതം, നീറ്റുകക്കശേഖരണം എന്നിവയ്‌ക്കു യോജിച്ച പരിതഃസ്ഥിതിയാണ് ഈ ജലാശയത്തിലുള്ളത്. പുണ്യസ്ഥലമായ വൈക്കം പട്ടണം ഈ കായല്‍ക്കരയിലാണ്. കോട്ടയം ജില്ലയുടെ ഹൈറേഞ്ച് പ്രദേശങ്ങളില്‍ നിന്നുള്ള ധാരാളം അരുവികള്‍ ഇവിടെയുണ്ട്. ഈ നീരൊഴുക്കുകളിലെ വെള്ളം ചെറുനദികളിലും തോടുകളിലുമെത്തിച്ചേര്‍ന്ന്, അവയിലെ ജലശേഖരത്തെ വര്‍ധിപ്പിക്കുകയും അത് ചെറുകിട ജലസേചനപദ്ധതികള്‍ക്ക് താങ്ങായിത്തീരുകയും ചെയ്യുന്നു.
കാലാവസ്ഥ
ഉയര്‍ന്ന താപനിലയും ധാരാളം മഴയുമുള്ള ആര്‍ദ്രാഷ്‌ണ കാലാവസ്ഥയാണ് ജില്ലയൊട്ടാകെ അനുഭവപ്പെടുന്നത്. മാര്‍ച്ച്-മേയ് വേനല്‍ക്കാലം, ജൂണ്‍-സെപ്‌തംബര്‍ കാലവര്‍ഷം, ഒക്‌ടോബര്‍-നവംബര്‍ തുലാവര്‍ഷം, ഡിസംബര്‍- ഫെബ്രുവരി ശിശിരകാലം എന്നിങ്ങനെയാണ് വാര്‍ഷിക ഋതുവ്യവസ്ഥ. ഡിസംബര്‍-ജനുവരി മാസങ്ങളില്‍പ്പോലും ഇടവിട്ടുള്ള മഴയുണ്ടാകാറുണ്ട്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടു കടക്കുന്തോറും വര്‍ഷപാതത്തിന്റെ തോത് ക്രമേണ ഏറിവരുന്നു. മൊത്തം മഴയുടെ 62 ശതമാനവും കാലവര്‍ഷത്തിലൂടെയാണ് ലഭിക്കുന്നത്. മാര്‍ച്ച് മുതല്‍ മേയ് വരെയും സെപ്‌തംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലും ഇടമഴയുണ്ടാകുന്നതു സാധാരണമാണ്. ശരാശരിവാര്‍ഷികവര്‍ഷപാതം 3600 മില്ലിമീറ്റര്‍ ആണ്. വര്‍ഷത്തില്‍ ശരാശരി 130 ദിവസം മഴ ലഭിക്കുന്നു. അന്തരീക്ഷം മിക്കവാറും എല്ലാ മാസവും നന്നേ ആര്‍ദ്രമാണ്. കാലവര്‍ഷമാസങ്ങളില്‍ ആകാശം മിക്കപ്പോഴും മേഘാവൃതമായിരിക്കും. എന്നാല്‍ കാലവര്‍ഷം തീരുന്നതോടെ അതു തെളിയാനാരംഭിക്കുന്നു. മേയ്, ഡിസംബര്‍ എന്നീ മാസങ്ങളില്‍ കുറച്ചു മേഘങ്ങളുണ്ടാകും; അപൂര്‍വമായി മേഘം മൂടിയുമിരിക്കാറുണ്ട്. എന്നാല്‍ മറ്റു മാസങ്ങളില്‍ പൊതുവേ തെളിഞ്ഞ ആകാശമാണ് കാണാന്‍ കഴിയുക.
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്നത്. പകല്‍ താപനില 35°C വരെ ഉയരുന്നു. എന്നാല്‍ മധ്യാഹ്നത്തിനു ശേഷമുണ്ടാകുന്ന ഇടിമഴയിലൂടെ താപനിലയില്‍ അയവുവരിക പതിവാണ്. കാലവര്‍ഷം ആരംഭിക്കുന്നതോടെ താപനില ക്രമേണ 20°C വരെ കുറയുന്നു. സെപ്‌തംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ ഇതുവീണ്ടും വര്‍ധിച്ച് ഏതാണ്ട് ദുസ്സഹമായ അവസ്ഥയിലെത്തുന്നതും അസാധാരണമല്ല.
വേനല്‍ക്കാലത്തിന്റെ അവസാനമാകുന്നതോടെ കാറ്റിന്റെ ശക്തി വര്‍ധിക്കുന്നു. കാലവര്‍ഷത്തോടൊപ്പം അതിശക്തമായ പടിഞ്ഞാറന്‍ കാറ്റ് (ചിലപ്പോള്‍ വടക്കു പടിഞ്ഞാറും) പതിവാണ്. വര്‍ഷത്തിന്റെ ബാക്കി സമയങ്ങളില്‍ രാവിലെ കിഴക്കുനിന്നോ വടക്കുകിഴക്കുനിന്നോ ആണ് കാറ്റടിക്കുക. ഉച്ചയാകുന്നതോടെ തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ കാറ്റുവീശുന്നു. ജില്ലയുടെ പടിഞ്ഞാറുഭാഗങ്ങളിലാണ് ഇത് പ്രത്യേകമായനുഭവപ്പെടുക.
വേനല്‍ക്കാല മാസങ്ങളിലും മഴക്കാലം കഴിഞ്ഞയുടനെയും, തുലാവര്‍ഷം തുടങ്ങുന്നതിനു തൊട്ടുമുമ്പും ഇടിയും മിന്നലും ചേര്‍ന്ന കൊടുന്നാറ്റ് വീശുക ഈ ജില്ലയുടെ പ്രത്യേകതയാണ്. പശ്ചിമഘട്ടത്തോടടുക്കുന്തോറും ഇതു വളരെക്കൂടുതലാവുകയും ചെയ്യും. പശ്ചിമഘട്ടനിരകളുടെ പടിഞ്ഞാറുവശത്ത് സമൃദ്ധമായ മഴ ലഭിക്കുന്നതിനാല്‍ ഇടതിങ്ങിയ മഴക്കാടുകള്‍ ഇവിടെ കാണാം. ഏലക്കാടുകളില്‍ പ്രത്യേകിച്ച് മഴ കൂടുതലാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പം എപ്പോഴും കൂടുതലായിരിക്കും.
സസ്യജന്തുജാലം
സസ്യങ്ങള്‍
മനുഷ്യോപഭോഗത്തിന്റെ ഫലമായി നൈസര്‍ഗികസസ്യജാലം ഏറെക്കുറെ ഇവിടെ നാമാവശേഷമായിട്ടുണ്ട്. എങ്കിലും, ഇതര ജില്ലകളെ അപേക്ഷിച്ച് സസ്യസമൃദ്ധവും ഹരിതാഭവുമാണ് കോട്ടയം. മുട്ടുകളിലും പോടുകളിലും നിന്ന് പുഷ്‌ടിയോടെ വളരുന്ന വിവിധയിനം പന്നല്‍ച്ചെടികളുള്ള തുലോം കാലപ്പഴക്കമുള്ള വന്‍വൃക്ഷങ്ങളും, ഇവയില്‍ പടര്‍ന്നുകയറി കെട്ടുപിണഞ്ഞുകിടക്കുന്ന വള്ളികളും ഇവിടത്തെ സാധാരണ കാഴ്‌ചയാണ്. ജില്ലയില്‍ മിക്കയിടത്തും സമൃദ്ധമായി കണ്ടിരുന്ന നിരവധിയിനം ചെടികളും വൃക്ഷങ്ങളും കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായിട്ടുണ്ട്. മുള, കല്ലന്മുള, സ്വര്‍ണമുള എന്നിവ ചേര്‍ന്നുള്ള മുളന്നൂട്ടങ്ങള്‍ ഇവിടെ സര്‍വസാധാരണമായിരുന്നത് ഇന്ന് അപൂര്‍വമായിട്ടുണ്ട്. ഈറ്റക്കാടുകളുടെ വ്യാപ്‌തിയും ഗണ്യമായി കുറഞ്ഞിരിക്കുന്നു. തേക്ക്, ഈട്ടി, ആഞ്ഞിലി, കരിന്താളി, മഞ്ഞക്കടമ്പ്, വെണ്‍തേക്ക്, കരിമരുത്, വേങ്ങ, അകില്‍, നീര്‍മരുത്, മുള്ളിലവ്, ഇരുള്‍, പ്ലാവ്, മാവ്, പുന്ന, വാക, പേരാല്‍, അരയാല്‍, പുളി, ഞാറ, കരിന്തകര, വേപ്പ് എന്നീ വൃക്ഷങ്ങള്‍ ഇവിടത്തെ കാടുകളില്‍ പണ്ട് സമൃദ്ധമായിരുന്നു. 16-32 മീ. ഉയരമുള്ള വന്‍വൃക്ഷങ്ങള്‍ ഈ പ്രദേശത്ത് സുലഭമായി കാണാന്‍ കഴിയും. ഇവയില്‍നിന്നു വീണഴുകുന്ന ഇലകളും മറ്റു ജൈവപദാര്‍ഥങ്ങളും ഓര്‍ക്കിഡുകള്‍ പോലെയുള്ള ചെറുചെടികള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.
തെങ്ങ്, കമുക് എന്നിവയ്‌ക്കൊപ്പം ചൂണ്ടപ്പനയും കുടപ്പനയും ഇവിടെ ധാരാളമായുണ്ടായിരുന്നു. എന്നാല്‍ റബ്ബര്‍കൃഷിയുടെ ആവിര്‍ഭാവത്തോടെ വിളകളുടെ രീതി വ്യത്യസ്‌തമായിത്തീര്‍ന്നു. തെങ്ങിന്‍തോപ്പുകള്‍ക്കും വാഴത്തോട്ടങ്ങള്‍ക്കും റബ്ബര്‍ എസ്റ്റേറ്റുകള്‍ക്കുംവേണ്ടി വനങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പുരയിടത്തിന്റെ അതിരുകളിലും വഴിയോരങ്ങളിലും സമൃദ്ധമായിരുന്ന കൈതവര്‍ഗങ്ങളും കള്ളിമുള്ളുകളും ഉള്‍നാടുകളിലെ വേലികളിലേക്ക് മാത്രമായി ഒതുങ്ങിയിട്ടുണ്ട്. എണ്ണക്കുരുക്കള്‍ക്കായി സംരക്ഷിച്ചിരുന്ന മരോട്ടി, പുന്ന എന്നിവ വൈദ്യുതിയുടെ സാര്‍വത്രികമായ ഉപയോഗത്തോടെ അവഗണിക്കപ്പെട്ട് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. കുറുന്തോട്ടി, കടലാടി, തുളസി, ആടലോടകം, ആവണക്ക്, അമൃത്, മാതളം, കൂവളം, കരിനൊച്ചി, കൊടുവേലി, കയ്യോന്നി തുടങ്ങിയ ഓഷധികള്‍ ഓരോ പറമ്പിലും ശ്രദ്ധാപൂര്‍വം സംരക്ഷിക്കപ്പെട്ടിരുന്നത് നിലവില്‍ വിരളമാണ്. ജില്ലയുടെ മിക്കവാറും എല്ലായിടത്തും നൈസര്‍ഗികമായി കാണപ്പെട്ടിരുന്ന തെച്ചി, ചെമ്പകം, നന്ത്യാര്‍വട്ടം, രാജമല്ലി, ഈഴചെമ്പകം, അശോകം, കണിക്കൊന്ന, ചെമ്പരുത്തി, പവിഴമല്ലി, ശംഖുപുഷ്‌പം, മന്ദാരം തുടങ്ങിയ പൂച്ചെടികള്‍ ഇന്ന് അപൂര്‍വമാണ്. നാരിനങ്ങള്‍ ലഭിക്കുന്ന സസ്യങ്ങളില്‍ തെങ്ങും വാഴയുമൊഴികെയുള്ളതെല്ലാം (ഉദാ. കൈത, ചൂണ്ടപ്പന തുടങ്ങിയവ) ഗണ്യമായ തോതില്‍ കുറഞ്ഞു. ഏലം, കുരുമുളക്, തിപ്പലി, വെറ്റില, ഇഞ്ചി, മഞ്ഞള്‍, കൊക്കോ, ജാതിക്ക തുടങ്ങിയ സുഗന്ധ-വ്യഞ്‌ജന-വസ്‌തുക്കള്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ സമൃദ്ധമായി കൃഷിചെയ്യപ്പെടുന്നു. കൃത്യമായ തോതില്‍ മഴ ലഭിക്കുന്ന കാടിനോടടുത്തപ്രദേശങ്ങളില്‍ റബ്ബര്‍ത്തോട്ടങ്ങള്‍ ധാരാളമുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല റബ്ബര്‍ ലഭിക്കുന്ന മൂന്നു പ്രദേശങ്ങളില്‍ ഒന്നായ മുണ്ടക്കയം കോട്ടയം ജില്ലയിലാണ്.
ജന്തുക്കള്‍
കടല്‍ത്തീരമില്ലാത്തതിനാല്‍ കോട്ടയം ജില്ലയിലെ ജന്തുജാലം ചില സവിശേഷതകള്‍ക്കു വിധേയമാണ്. പടിഞ്ഞാറുഭാഗത്തായി നീണ്ടുകിടക്കുന്ന അതിവിസ്‌തൃതമായ വേമ്പനാട്ടുകായലിന്റെ സാന്നിധ്യം ഈ പ്രത്യേകതകള്‍ക്ക് ആക്കം കുട്ടുന്നു. പലയിനം കടല്‍പ്പക്ഷികളെ ആകര്‍ഷിക്കുന്ന കായല്‍, സമൃദ്ധമായ മത്സ്യശേഖരത്തിന്റെയും ഇരിപ്പിടമാണ്. കേരളത്തില്‍ സാമാന്യമായി കാണപ്പെടുന്ന എല്ലായിനം ജന്തുക്കളും ഈ ജില്ലയിലുമുണ്ട്. എന്നാല്‍ റബ്ബര്‍, കാപ്പി, തേയില എന്നീ വന്‍തോട്ടങ്ങളുടെ ആവിര്‍ഭാവത്തോടെ, നൈസര്‍ഗികമായി കണ്ടിരുന്ന പല ജീവികളുടെയും ആവാസകേന്ദ്രം കാടുകളായി മാറിയിട്ടുണ്ട്.
മാര്‍ജാരവര്‍ഗത്തില്‍പ്പെട്ട പുലി, പുള്ളിപ്പുലി, കരിമ്പുലി, കഴുതപ്പുലി, കുറുനരി എന്നിവ കോട്ടയം കാടുകളില്‍ മുമ്പ് സാധാരണമായിരുന്നു. എന്നാല്‍ മനുഷ്യന്‍ കാടുവെട്ടിത്തെളിച്ച് കുടിയേറ്റമാരംഭിച്ചതോടെ ഇവയുടെ എണ്ണവും നാമമാത്രമായി. വനങ്ങളില്‍ കാണുന്ന ഒരിനം കരടിയും(Sloth bear), ജലാശയങ്ങളില്‍ ജീവിക്കുന്ന ഒരിനം നീര്‍നായും ജില്ലയില്‍ മാത്രം കാണപ്പെടുന്നവയാണ്. കാട്ടുകാളകള്‍, ആനകള്‍, കലമാന്‍, പുള്ളിമാന്‍ തുടങ്ങിയവ ജില്ലയിലെ കാടുകളില്‍ സ്വൈരവിഹാരം നടത്തുന്നു.
കുന്നിന്‍ചരിവുകള്‍ മുതല്‍ കാടിന്റെ അതിരുവരെയുള്ള ഭാഗങ്ങളില്‍ കാണപ്പെടുന്ന പന്തെലി, ഉറുമ്പുതീനികള്‍, "പാറാന്‍' എന്നുപേരുള്ള പറക്കും അണ്ണാന്‍ എന്നിവ ഇവിടെ സാധാരണമാണ്. മുള്ളന്‍പന്നി, പലതരം മുയലുകള്‍, വിവിധയിനം എലികള്‍, കാട്ടുപന്നി, കാട്ടുപൂച്ച, സിംഹവാലന്‍കുരങ്ങ്, വാലില്ലാക്കുരങ്ങ്. കരിന്നുരങ്ങ് എന്നിവ ഉള്‍പ്പെടെ വിവിധയിനം കുരങ്ങുകളും ഇവിടെ യഥേഷ്‌ടം കാണപ്പെടുന്നു.
അസാധാരണ വലുപ്പമുള്ള വെരുക്, വേഴാമ്പല്‍, കഴുകന്‍, മൂങ്ങ, പരുന്ത് തുടങ്ങി കേരളത്തില്‍ സാധാരണയായി കാണപ്പെടുന്ന പക്ഷികളും കാട്ടില്‍ നിന്ന് തീരപ്രദേശം വരെ പറന്നുവരുന്ന പക്ഷികളും ഇവിടെ ധാരാളമുണ്ട്. ചതുപ്പുകളില്‍ കഴിയുന്നതും അല്ലാത്തതുമായ നീര്‍പ്പക്ഷികളും വേമ്പനാട്ടുകായലിന്റെ കിഴക്കേക്കരയില്‍ കാണപ്പെടുന്നു. കടല്‍ക്കാക്ക, എരണ്ടകള്‍ എന്നീ ദേശാടനക്കിളികളും കോട്ടയത്തെ വയലുകളില്‍ ധാരാളമായി എത്തിച്ചേരാറുണ്ട്.
വിഷപ്പാമ്പുകള്‍ ഉള്‍പ്പെടുയുള്ള വിവിധയിനം പാമ്പുകള്‍, ചീങ്കണ്ണി, മുതല, വിവിധയിനം ആമകള്‍ (turtles and tortoises) മുതലായ എല്ലാത്തരം "ഇഴജന്തു'ക്കളുടെയും സാന്നിധ്യം ഈ ജില്ലയിലുണ്ട്. ഡ്രാകോ എന്നറിയപ്പെടുന്ന ഒരിനം "പറക്കുന്ന പല്ലി' വൈക്കത്തും തലയോലപ്പറമ്പിലും ഇന്ന് വിരളമായെങ്കിലും ശേഷിക്കുന്നുണ്ട്.
തവളകള്‍, മരത്തവളകള്‍ തുടങ്ങി കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ കാണപ്പെടുന്ന എല്ലായിനം ഉഭയജീവികളും കോട്ടയത്തുണ്ട്. ജില്ലയിലെ കായലുകള്‍, അരുവികള്‍, തടാകങ്ങള്‍, ആറുകള്‍ എന്നിവ വിവിധയിനം മത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങളാണ്. ഉയരക്കുറവ്, കാലാവസ്ഥവ്യതിയാനത്തെ ചെറുക്കുവാനുള്ള കഴിവ്, രോഗപ്രതിരോധശേഷി, പാലിലെ ഔഷധഗുണം തുടങ്ങിയ പ്രത്യേകതകളാല്‍ ലോകപ്രശസ്‌തിയാര്‍ജിച്ച ജന്തുയിനമാണ് വെച്ചൂര്‍പശു. കോട്ടയം ജില്ലയിലെ വെച്ചൂര്‍ പ്രദേശത്തിന്റെ സവിശേഷ കാലാവസ്ഥയാല്‍ ഉണ്ടായ അപൂര്‍വയിനം ജനുസ്സാണിത്.
ജനവിതരണം
സംസ്ഥാനത്തെ ശരാശരി ജനസാന്ദ്രതയേക്കാള്‍ വളരെക്കൂടുതലാണ് കോട്ടയം ജില്ലയിലേത്. എന്നാല്‍ ദശാബ്‌ദത്തിലെ ജനസംഖ്യാ വളര്‍ച്ചാനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിലെ മൊത്തം ജനസംഖ്യാ വളര്‍ച്ചാനിരക്കായ 9.42 ശതമാനത്തേക്കാള്‍ കുറവാണ് കോട്ടയം (6.76 ശ.മാ.) ജില്ലയിലേത്. 1971-ല്‍ ജില്ലയിലെ മൊത്ത കുടിപാര്‍പ്പുകളുടെ എണ്ണം 2,47,713 ആയിരുന്നത് 2001-ല്‍ 4,34,520 ആയി വര്‍ധിച്ചിട്ടുണ്ട്. 1981 കാലഘട്ടത്തില്‍ ജില്ലയിലെ ജനസാന്ദ്രത ച.കി.മീറ്ററിന് 763 ആയിരുന്നത് 2011-ല്‍ 896 ആയി വര്‍ധിച്ചിട്ടുണ്ട്. ജില്ലയിലെ സ്‌ത്രീ-പുരുഷ അനുപാതം 1025:1000 ആണ്.
കേരളത്തില്‍ സ്‌ത്രീവിദ്യാഭ്യാസത്തില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന മൂന്നു താലൂക്കുകളില്‍ കോട്ടയവും ഉള്‍പ്പെടുന്നു. മൊത്തം ജനസംഖ്യയില്‍ 10,09,240 സ്‌ത്രീകളും 9,70,140 പേര്‍ പുരുഷന്മാരുമാണ്. നഗരത്തിലെ ജനസംഖ്യ 1,72,878 ആണ്. ജില്ലയില്‍ ഏറിയകൂറും ഹിന്ദു-ക്രിസ്‌ത്യന്‍-മുസ്‌ലിം വിഭാഗങ്ങളില്‍പ്പെട്ടവരാണ്. കോട്ടയം നഗരത്തില്‍ നായര്‍സമുദായത്തിനാണ് മുന്‍തൂക്കമെങ്കിലും ജില്ലയില്‍ മൊത്തത്തില്‍ ക്രൈസ്‌തവരാണ് ഭൂരിഭാഗവും. ഓരോ മതവിഭാഗത്തിലുംപെട്ട വിവിധജാതിക്കാര്‍ ഈ ജില്ലയിലുണ്ട്. സംസ്ഥാനത്തെ സാക്ഷരതാ നിരക്കിനേക്കാള്‍ (93.91 ശ.മാ.) ഉയര്‍ന്ന സാക്ഷരതാശതമാനം (96.40 ശ.മാ.) കോട്ടയത്തിനുണ്ട്.
ജില്ലയിലെ മുഴുവന്‍സമയ തൊഴിലാളികളുടെ എണ്ണം 5,39,609 ആണ്. 1,02,548 പേര്‍ക്ക് ഭാഗികമായും തൊഴില്‍ ലഭിച്ചുപോരുന്നു. ഇതില്‍ 52.24 ശതമാനം പുരുഷന്മാരും 13.97 ശതമാനം സ്‌ത്രീകളുമാണ്. തൊഴില്‍മേഖലയിലെ 7.82 ശതമാനം പേര്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 84,907 പേര്‍ കര്‍ഷകത്തൊഴിലാളികളും 21,383 പേര്‍ ഗാര്‍ഹിക തൊഴിലാളികളും 4,85,666 പേര്‍ ഇതരമേഖലകളിലും ജോലി ചെയ്‌തുവരുന്നു.
ചരിത്രം
പുരാതനചരിത്രം
വേമ്പനാട്ടുകായലിന്റെ കിഴക്കേ തീരത്തുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഒരുകാലത്ത് ജലത്തിനടിയിലായിരുന്നുവെന്ന് അനുമാനിക്കാന്‍ പോന്ന തെളിവുകള്‍ ഭൂവിജ്ഞാനികള്‍ കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് നന്നേ ഉള്ളിലേക്കു കയറിക്കിടന്നിരുന്ന സമുദ്രം പിന്‍വാങ്ങിയതിനെത്തുടര്‍ന്നാകണം ഇന്നത്തെ വേമ്പനാട്ടു കായല്‍ രൂപംകൊണ്ടത്. ഇപ്പോള്‍ ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം എന്നീ താലൂക്കുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറെയേറെ പ്രദേശങ്ങള്‍ പണ്ടു വെള്ളത്തിനടിയിലോ, അല്ലെങ്കില്‍ ചതുപ്പു നിലങ്ങളോ ആയിരുന്നു. വാഴപ്പള്ളിയില്‍ നിന്നു കണ്ടെടുത്ത പവിഴപ്പുറ്റുകളും പ്രാചീനശിലകളും ഇതിനു തെളിവാണ്. വൈക്കം (വൈയകം-പുതിയ ഭൂമി), കടുത്തുരുത്തി (കടല്‍ത്തുരുത്തി) തുടങ്ങിയ സ്ഥലനാമങ്ങള്‍ പൗരാണികാവസ്ഥയെ സൂചിപ്പിക്കുന്നു. മൂവാറ്റുപുഴയാറ്, മീനച്ചിലാറ് എന്നിവയുടെ പതനസ്ഥാനത്ത് ഈ നദികളുടെ കൈവഴികളാല്‍ നിര്‍മിതമായ ത്രികോണാകൃതിയിലുള്ള എക്കല്‍ ഭൂരൂപങ്ങളും അന്ന് കടല്‍ത്തീരം നന്നേ ഉള്ളിലായിരുന്നുവെന്ന് സൂചന നല്‍കുന്നു. സമീപകാലംവരെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഏറെക്കുറെ ചതുപ്പുകളോ വെള്ളക്കെട്ടുകളോ നിറഞ്ഞ് പാഴ്‌ഭൂമിയായിക്കിടന്നിരുന്നു. സഹ്യസാനുക്കളില്‍ ഉദ്‌ഭവിച്ച് ജലസമൃദ്ധമായ നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും മണലും അടിഞ്ഞ് ഈ ഭാഗങ്ങള്‍ ക്രമേണ ഉയര്‍ന്നുവരികയാണുണ്ടായത്. കാര്‍ഷികാവശ്യങ്ങള്‍ക്കും പാര്‍പ്പിടസൗകര്യങ്ങള്‍ക്കുമായി ഭൂമി നികത്തിയെടുക്കുന്നതിനുള്ള വ്യാപകമായ ശ്രമമാണ് ഈ ഭൂഭാഗങ്ങളെ ഇന്നത്തെ നിലയില്‍ എത്തിച്ചത്.
കോട്ടയം ജില്ലയുടെ ഭൂപ്രകൃതി സംബന്ധിച്ച പല പരാമര്‍ശങ്ങളും പ്രാചീനഗ്രന്ഥങ്ങളില്‍ കാണാം. കേരളക്കരയിലെ ഇതരഭാഗങ്ങളെപ്പോലെ കോട്ടയം പ്രദേശവും ഗണ്യമായ അഭിവൃദ്ധി നേടിയിരുന്നു. വിദേശരാജ്യങ്ങളുമായി വാണിജ്യപരവും സാംസ്‌കാരികവുമായ ബന്ധം പുലര്‍ത്തുന്നതില്‍ കോട്ടയവും പരിസരപ്രദേശങ്ങളും പിന്നിലായിരുന്നില്ല. കടല്‍ ഉള്ളിലേക്കു കയറിക്കിടന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഇന്നത്തെ വൈക്കം പേരുകേട്ട ഒരു തുറമുഖമായിരുന്നുവെന്നും പ്രാചീന തമിഴ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പെരുന്തുറൈയാണ് വൈക്കം എന്നും കരുതപ്പെടുന്നു. പ്ലിനി, ടോളമി തുടങ്ങിയ പ്രാചീന ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുള്ള വാണിജ്യകേന്ദ്രങ്ങളില്‍ ചിലത് ഈ മേഖലയില്‍ ആയിരുന്നിരിക്കാം. ചരിത്രഗ്രന്ഥങ്ങളില്‍ "ബക്കരേ' (Bacare) എന്ന പേരില്‍ സൂചിപ്പിച്ചുകാണുന്ന പ്രാചീനതുറമുഖത്തിന്റെ ആസ്ഥാനം വൈക്കമോ വയസ്‌കരയോ ആയിരിക്കാമെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ടോളമിയുടെ വിവരണങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ള അദരിമ (Adarima) ഇന്നത്തെ അതിരമ്പുഴ ആയിരിക്കാന്‍ സാധ്യതയുണ്ട്. തക്കതായ തെളിവുകളോടെ സ്ഥാനനിര്‍ണയം നടന്നിട്ടില്ലെന്നിരിക്കിലും, കോട്ടയംമേഖല പ്രാചീനകാലത്ത് മലയാളക്കരയുടെ വിദേശവാണിജ്യബന്ധങ്ങളില്‍ ഗണ്യമായ പങ്ക് വഹിച്ചുപോന്നിരുന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നു. ഈ മേഖലയ്‌ക്കു കിഴക്കുളള ഹൈറേഞ്ച് പ്രദേശത്ത് തേക്ക്, ചന്ദനം, ഏലം തുടങ്ങിയവയും ആനക്കൊമ്പും സുലഭമായി ലഭിച്ചിരുന്നതിനാല്‍ ഇതിനുണ്ടായിരുന്ന വാണിജ്യപ്രാധാന്യവും വ്യക്തമാണ്.
സംഘകാലം
കോട്ടയത്തിന്റെ ചരിത്രത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായം നിലനില്‌ക്കുന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനവും ചേരസാമ്രാജ്യസ്ഥാപകനായ ഉതിയന്‍ ചേരലാതന്റെ തലസ്ഥാനവുമായ "കുഴുമൂര്‍' കോട്ടയം ജില്ലയിലെ വെച്ചൂര്‍ ആണെന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട്. കുഴുമൂറിന്റെ പ്രത്യേകത അവിടത്തെ കുന്നുകളും ഇടതൂര്‍ന്ന പുല്ലും കൂട്ടമായി മേയുന്ന നല്ല ഇനം പശുക്കളുമായിരുന്നുവെന്നും സംഘകാലകൃതികള്‍ പറയുന്നു. അന്നത്തെ കുട്ടനാട് ഏറെ ഭൂവിസ്‌തൃതിയുള്ള നാടായിരുന്നുവെന്നതിനാല്‍ ആലപ്പുഴ ജില്ലയോടു ചേര്‍ന്നുകിടക്കുന്ന വെച്ചൂര്‍, അന്ന് കുട്ടനാട് എന്ന പ്രദേശത്തത്തുള്‍പ്പെട്ടിരിക്കാം എന്നും കരുതപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിലും വെച്ചൂരിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
കുലശേഖരവാഴ്‌ചയും ഭരണസംവിധാനവും
രാജശേഖര(820-844)ന്റെ വാഴപ്പള്ളി ശാസനം അനുസരിച്ച് ഇന്നത്തെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ എ.ഡി. 800 മുതല്‍ 1102 വരെയുള്ള കാലത്ത് കുലശേഖരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. നന്റുഴൈനാട്, മഞ്ചുനാട്, വേമ്പൊലിനാട് എന്നിവ അന്നത്തെ ഭരണപ്രദേശങ്ങളായിരുന്നു. ഇന്നത്തെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളും മീനച്ചില്‍ താലൂക്കിന്റെ ഏതാനും ഭാഗവും ഉള്‍പ്പെടുന്നതായിരുന്നു നന്റുഴൈനാട്. കോട്ടയം, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങള്‍ മഞ്ചുനാട്ടിലും, വൈക്കവും മീനച്ചിലിന്റെ ബാക്കി ഭാഗങ്ങളും വേമ്പൊലിനാട്ടിലും ഉള്‍പ്പെട്ടിരുന്നു. സംസ്‌കൃതഗ്രന്ഥങ്ങളില്‍ വേമ്പൊലിനാടിന് ബിംബലിദേശം എന്ന സംജ്ഞയാണ് നല്‌കിയിട്ടുള്ളത്. മഹോദയപുരം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരചക്രവര്‍ത്തിമാരുടെ കീഴിലായിരുന്നു ഈ നാടുകളിലെ അധിപന്മാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭാസ്‌കര രവിവര്‍മ(962-1019)ന്റെ തൃക്കൊടിത്താനം ശാസന(976)ത്തില്‍ വേണാട്ടരചനായ ഗോവര്‍ധന മാര്‍ത്താണ്ഡന് നന്റുഴൈനാടിന്റെ അധികാരംകൂടി നല്‌കിയിരുന്നതായി രേഖകളുണ്ട്. ഭാസ്‌കരരവിവര്‍മന്റെ ജൂതശാസനത്തില്‍ (1000 എ.ഡി.) ഒപ്പുവച്ചിട്ടുള്ള പ്രമാണിമാരിലൊരാള്‍ വേമ്പൊലിനാടിന്റെ ഭരണാധിപനായിരുന്ന കോതശ്രീകണ്‌ഠന്‍ ആണ്. സംസ്‌കൃതത്തിലുള്ള രേഖകളില്‍ വേമ്പൊലിനാട്ടിലെ നാടുവാഴികളെ ബിംബലീശന്‍ എന്നു പ്രതിപാദിച്ചുകാണുന്നു. വേമ്പനാട്ടുകായലിന്റെ പേര് വേമ്പൊലിനാട്ടില്‍നിന്നു നിഷ്‌പന്നമായതാവാം.
തെക്കുംകൂറും വടക്കുംകൂറും
വേമ്പൊലി രാജവംശമാണ് രണ്ടുതായ്‌വഴികളായിപ്പിരിഞ്ഞ് തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീരാജ്യങ്ങളായത് (1110). ഇവര്‍ ഇരുകൂട്ടരും ബിംബലീശന്‍ എന്നും മണികണ്‌ഠന്‍ എന്നുമുള്ള സ്ഥാനപേരുകള്‍ സ്വീകരിച്ചിരുന്നു. ശ്രീവല്ലഭക്ഷേത്രത്തിനു ഭൂമി ദാനം ചെയ്‌തവരില്‍ വടക്കുംകൂറിലെയും തെക്കുംകൂറിലെയും രാജാക്കന്മാര്‍ ഉള്‍പ്പെട്ടിരുന്നതായി തിരുവല്ലാ ചെപ്പേടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 12-ാം ശതകത്തിന്റെ തുടക്കത്തില്‍ത്തന്നെ വേമ്പൊലിനാട് വടക്കും തെക്കും കൂറുകളായി വിഭജിക്കപ്പെട്ടിരുന്നുവെന്ന് ഈ ചെപ്പേടുകള്‍ വെളിവാക്കുന്നു.
14-ാം ശതകത്തില്‍ രചിക്കപ്പെട്ട ശുകസന്ദേശം, ഉണ്ണുനീലി സന്ദേശം എന്നീ കൃതികളില്‍ വടക്കുംകൂര്‍ രാജാക്കന്മാരേയും അവരുടെ തലസ്ഥാനമായിരുന്ന കടുത്തുരുത്തിയെയും കുറിച്ച് പ്രകീര്‍ത്തിക്കുന്നുണ്ട്. പോര്‍ച്ചുഗീസുകാരുടെ ആഗമനകാലത്ത് ശക്തരായിരുന്ന തെക്കുംകൂറും വടക്കുംകൂറും പെരുമ്പടപ്പുസ്വരൂപ(കൊച്ചിരാജവംശം)വുമായി സഖ്യം പുലര്‍ത്തുകയും ക്രമേണ ഇവ രണ്ടും കൊച്ചിയുടെ സാമന്തരാജ്യങ്ങളായി മാറുകയും ചെയ്‌തു.
കിഴക്ക് ഇല്ലിക്കല്‍മല മുതല്‍ പടിഞ്ഞാറ് വേമ്പനാട്ടു കായല്‍വരെയും തെക്ക് കൈപ്പട്ടൂര്‍ കടവു തുടങ്ങി വടക്ക് കാണക്കാരിക്കുന്നുവരെയും വ്യാപിച്ചുകിടന്നിരുന്ന വിസ്‌തൃതമേഖലയായിരുന്നു തെക്കുംകൂര്‍ രാജാവിന്റെ അധീനപ്രദേശങ്ങള്‍. ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി താലൂക്കുകളും ഇടുക്കി ജില്ലയും മീനച്ചില്‍ താലൂക്കിന്റെ ഏതാനും ഭാഗങ്ങളും ചെങ്ങന്നൂര്‍, തിരുവല്ല എന്നീ താലൂക്കുകളും അക്കാലത്ത് തെക്കുംകൂറിന്റെ ഭാഗങ്ങളായിരുന്നു. തെക്കുംകൂര്‍ രാജവംശത്തിന് കൊച്ചിയുടെ മേല്‍ക്കോയ്‌മക്കെതിരെയും വടക്കുംകൂറിനെതിരെയും നിരന്തരം പോരാടേണ്ടിവന്നിരുന്നു. സ്ഥാനഭ്രഷ്‌ടരായ ചെമ്പകശ്ശേരി രാജവംശത്തെ സംരക്ഷിക്കുകയും പിന്നീട് കുടമാളൂരില്‍ അഭയം നല്‍കുകയും ചെയ്‌തത് വേണാട്ടുരാജാവായ മാര്‍ത്താണ്ഡവര്‍മയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഇദ്ദേഹം തെക്കുംകൂര്‍ ആക്രമിച്ചു കീഴടക്കി.
1749-ഓടെ ചങ്ങനാശ്ശേരിവരെയുള്ള പ്രദേശങ്ങളും കോട്ടയവും മാര്‍ത്താണ്ഡവര്‍മയുടെ ഡച്ച് സൈനികനായിരുന്ന ക്യാപ്‌റ്റന്‍ ഡിലനോയി അധീനതയിലാക്കി. 1749 അവസാനത്തില്‍ തെക്കുംകൂര്‍ പൂര്‍ണമായും തിരുവിതാംകൂറിനോടു ചേര്‍ക്കപ്പെട്ടു. അതേസമയം, വടക്കുംകൂര്‍ തിരുവിതാംകൂറിന്റെ അധീനതയിലായിരുന്നില്ലെന്ന് "തൃപ്പടിദാന'ത്തിലെ വിവരണങ്ങള്‍ സൂചിപ്പിക്കുന്നു. തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിവയുടെ ലയനത്തെത്തുടര്‍ന്ന് രാമയ്യന്‍ ദളവ, ചെങ്ങന്നൂര്‍, കോട്ടയം, ഏറ്റുമാനൂര്‍, കുമരകം, കൊണ്ടൂര്‍ എന്നിവിടങ്ങളില്‍ കോട്ടകൊത്തളങ്ങള്‍ നിര്‍മിക്കുകയും തിരുവിതാംകൂറിന്റെ സേനാബലം വര്‍ധിപ്പിക്കുകയും ചെയ്‌തു.
ഇപ്പോള്‍ കോട്ടയം ജില്ലയുടെ ഭാഗമായ പൂഞ്ഞാര്‍, മീനച്ചില്‍ എന്നീ പ്രദേശങ്ങള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തിരുവിതാംകൂറിനോടു ചേര്‍ന്നതാണ്. അന്യം നിന്നുപോയ പൂഞ്ഞാര്‍രാജവംശം ദത്തെടുക്കല്‍പ്രകാരം പുതിയ നാടുവാഴിയെ കണ്ടെത്തി. വിദേശീയര്‍ ഈ നാടിവാഴിയില്‍നിന്ന് തേയിലത്തോട്ടങ്ങള്‍ക്കുവേണ്ടി ഭൂമി പാട്ടത്തിനെടുക്കുകയുണ്ടായി. ജോണ്‍ ഡാനിയല്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരന്‍ പൂഞ്ഞാറിലെ കേരളവര്‍മ വലിയരാജാവുമായുണ്ടാക്കിയ കരാറിലൂടെയാണ് പ്രശസ്‌തമായ കണ്ണന്‍ദേവന്‍ തേയിലത്തോട്ടം രൂപംകൊണ്ടത് (1877 ജൂല. 11).
പോര്‍ച്ചുഗീസ്-ഡച്ച് സ്വാധീനം
ജന്മിത്ത വ്യവസ്ഥിതിയില്‍ അധിഷ്‌ഠിതമായ ഒരു സാമൂഹികക്രമമാണ് പരമ്പരാഗതമായി കോട്ടയം മേഖലയില്‍ ഉണ്ടായിരുന്നത്. പോര്‍ച്ചുഗീസ്-ഡച്ച് പ്രാബല്യകാലത്ത് ക്രിസ്‌തുമതം സാമാന്യം പ്രചാരം നേടി. നാനാജാതിമതസ്ഥരായ ജനങ്ങള്‍ സഹിഷ്‌ണുതയോടെ പരസ്‌പരം സഹകരിച്ചു കഴിഞ്ഞുപോന്നിരുന്നെങ്കിലും സവര്‍ണാവര്‍ണഭേദവും ഉച്ചനീചത്വവും ഇവിടെയും നിലനിന്നിരുന്നു.
ഇക്കാലത്ത് സാമൂഹികരംഗത്തു മാന്യപദവി നേടിയെടുത്ത മറ്റൊരു സമുദായമാണ് സുറിയാനിക്രിസ്‌ത്യാനികള്‍. നായര്‍സമുദായക്കാരുടെ വേഷാലങ്കരമായ കുടുമി, കടുക്കന്‍ തുടങ്ങിയവ ഇവരും പിന്‍തുടര്‍ന്നിരുന്നു. എന്നാല്‍ സ്‌ത്രീകള്‍, നായര്‍ സ്‌ത്രീകളില്‍ നിന്നു ഭിന്നമായി, മാറു മറയ്‌ക്കുന്നതിനു മുന്‍കൈയെടുത്തു. പുരുഷന്മാര്‍ മതസ്വാധീനത്തിനടിപ്പെട്ട് ലന്തക്കാര്‍ക്കും പറങ്കികള്‍ക്കുംവേണ്ടി ആയുധമെടുത്തിട്ടുണ്ട്. ചെറിയ വഴക്കുകളും തര്‍ക്കങ്ങളും പള്ളിയുടെ മധ്യസ്ഥതയില്‍ ഒതുങ്ങിത്തീര്‍ന്നിരുന്നെങ്കിലും സാരമായ കുറ്റകൃത്യങ്ങള്‍ക്ക് തീര്‍പ്പുകല്‌പിച്ചിരുന്നത് രാജാവാണ്.
ധര്‍മരാജാവിന്റെ ഭരണകാലത്ത് കോട്ടയംമേഖലയ്‌ക്ക് തന്ത്രപ്രധാനമായ സ്ഥാനമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ആസ്ഥാനകലാകാരന്മാരില്‍ കോട്ടയംമേഖലയിലെ പലരും ഉള്‍പ്പെട്ടിരുന്നു.
നവോത്ഥാനം
സര്‍ക്കാര്‍ നിയമനങ്ങളില്‍ തിരൂവിതാകൂറുകാര്‍ക്ക് മുന്‍ഗണന നല്‌കണമെന്നാവശ്യപ്പെട്ട് 1891-ല്‍ കെ.പി. ശങ്കരമേനോന്റെ നേതൃത്വത്തില്‍ മലയാളി മെമ്മോറിയല്‍ കോട്ടയത്തു രൂപമെടുത്തു. കെ.പി. പദ്‌മനാഭമേനോന്‍, എം.കെ. പദ്‌മനാഭപിള്ള, സിറിയക് നിധീരി, കാവാലം നീലകണ്‌ഠപ്പിള്ള, ശിവന്‍പിള്ള എന്നിവരാണ് ഈ പ്രസ്ഥാനത്തിന് രൂപംനല്‍കിയത്. ശങ്കരമേനോന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ രാജാവിനു സമര്‍പ്പിച്ച പൊതുനിവേദനപ്പത്രിക തയ്യാറാക്കുന്നതിന് വേദിയായത് കോട്ടയം പബ്ലിക്‌ലൈബ്രറിയാണ്. അവശഹിന്ദുക്കളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ക്രൈസ്‌തവ-മുസ്‌ലിം സമുദായങ്ങളുടെ പിന്തുണയോടെ ഇ.ജെ. ജോണ്‍, ടി.കെ. മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മതപ്രക്ഷോഭണത്തിനു തുടക്കം കുറിച്ചതും അയിത്തത്തിനെതിരായ ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് വേദിയായതും കോട്ടയം ജില്ലയാണ്. ഈ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതിനായി ഗാന്ധിജി 1925-ല്‍ വൈക്കം സന്ദര്‍ശിച്ചിരുന്നു. കോട്ടയത്തിനടുത്തുള്ള തിരുവാര്‍പ്പില്‍ വൈക്കം സത്യാഗ്രഹത്തിനു സദൃശമായ മറ്റൊരു സമരം പൊട്ടിപ്പുറപ്പെട്ടത് തിരുവാര്‍പ്പ് സത്യാഗ്രഹം എന്നറിയപ്പെടുന്നു. 1933-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ഉത്തരവാദിത്വഭരണം നേടുന്നതിനായി നയിച്ച ഐതിഹാസിക സമരങ്ങളില്‍ പലതിനും കോട്ടയം ജില്ലയാണ് വേദിയായത്. കേരളരാഷ്‌ട്രീയത്തില്‍, കേരളാ കോണ്‍ഗ്രസ്സിനു രൂപം നല്‍കിയതും മുഖ്യമായും കോട്ടയം ജില്ലയില്‍ നിന്നുള്ള നേതാക്കളാണ്.
ആധുനിക ചരിത്രം
1860-ലാണ് കോട്ടയം എന്ന പേരില്‍ ഒരു ഭരണവിഭാഗം നിലവില്‍വന്നത്. ഇക്കാലത്ത് തിരുവിതാംകൂറിനെ പദ്‌മനാഭപുരം, തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ നാലു ഭരണവിഭാഗങ്ങളായി വിഭജിച്ചിരുന്നു: ഇതില്‍ കോട്ടയമായിരുന്നു വിസ്‌തൃതിയില്‍ മുന്നില്‍ (8518 ച.കി.മീ.). ഇവിടത്തെ ഏലമലപ്രദേശ(2,519 ച.കി.മീ.)ത്തിലെ നാണ്യവിളകളുടെ പ്രാത്സാഹനാര്‍ഥം പ്രത്യേക നീതിന്യായഭരണത്തിനു വ്യവസ്ഥയുണ്ടാക്കിയിരുന്നു. 1909-ല്‍ ഏലമലയും സമീപപ്രദേശങ്ങളും ചേര്‍ത്ത് അഞ്ചാമതൊരു വിഭാഗം (ദേവികുളം) രൂപവത്‌കരിച്ചു. തിരുവിതാംകൂറിന്റെ ആറിലൊന്നു വലുപ്പമാണിതിനുണ്ടായിരുന്നത് (3,249 ച.കി.മീ.). നാണ്യവിളകളുടെയും വനവിഭവങ്ങളുടെയും കേന്ദ്രമായിരുന്നു ഇവിടം. 1911-ലെ സെന്‍സസ് റിപ്പോര്‍ട്ടുപ്രകാരം വിസ്‌തീര്‍ണത്തില്‍ കൊല്ലം ഒന്നാമതും കോട്ടയം രണ്ടാമതുമായിരുന്നു. അന്ന് അഞ്ച് ഭരണവിഭാഗങ്ങളിലായി 33 താലൂക്കുകളാണുണ്ടായിരുന്നത്. 1911-21 കാലയളവില്‍ തിരുവിതാംകൂറിനെ 30 താലൂക്കുകളുള്ള നാല് ഭരണവിഭാഗങ്ങളായി പുനര്‍നിര്‍ണയം ചെയ്‌തു. ഇതനുസരിച്ച് പദ്‌മനാഭപുരവും തിരുവനന്തപുരവും ഒന്നിച്ചുചേര്‍ത്തതോടൊപ്പം കോട്ടയം ഭരണവിഭാഗത്തില്‍നിന്ന് മൂന്ന് വില്ലേജു(പകുതി)കളെ കൊല്ലത്തിനു വിട്ടുകൊടുക്കുകയും ദേവികുളം വിഭാഗത്തിലെ ആറ് വില്ലേജുകള്‍ കോട്ടയത്തോട് ചേര്‍ക്കുകയും ചെയ്‌തു.
തിരു-കൊച്ചി സംസ്ഥാന രൂപവത്‌കരണത്തോടെ (1949 ജൂല.1) കോട്ടയം ഡിവിഷന്റെ ഭാഗമായിരുന്ന കുന്നത്തുനാട്, പറവൂര്‍ എന്നീ താലൂക്കുകള്‍ മുന്‍കൊച്ചി രാജ്യത്തിലെ കൊച്ചി-കണയന്നൂര്‍, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, തൃശൂര്‍, തലപ്പിള്ളി, ചിറ്റൂര്‍ എന്നീ താലൂക്കുകളോടുചേര്‍ത്ത് തൃശൂര്‍ ജില്ലയ്‌ക്കു രൂപംനല്‍കി. ഒപ്പം കോട്ടയം ഭരണവിഭാഗത്തിന് ജില്ലാപദവിയും ലഭിച്ചു. തിരു-കൊച്ചിയില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍ എന്നീ നാലു ജില്ലകളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. കേരളപ്പിറവിയോടെ (1956) മലബാര്‍ പ്രദേശത്തെ കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവ ചേര്‍ന്ന് മൊത്തം ഏഴ് ജില്ലകള്‍ നിലവില്‍വന്നു. ആലപ്പുഴ ജില്ലയുടെ രൂപവത്‌കരണത്തോടെ (1957 ആഗ. 7) കേരളത്തിന്റെ നെല്ലറയായിരുന്ന കുട്ടനാടിനെ കോട്ടയം ജില്ലയില്‍നിന്നും വേര്‍പെടുത്തി. എറണാകുളം ജില്ല രൂപീകരിച്ചപ്പോള്‍ (1958 ആഗ. 1) മൂവാറ്റുപുഴ, തൊടുപുഴ എന്നീ താലൂക്കുകളും കോട്ടയത്തിനു നഷ്‌ടമായി. 1972 ജനു. 26-നു നിലവില്‍വന്ന ഇടുക്കിജില്ല കോട്ടയം ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നീ താലൂക്കുകള്‍ സ്വന്തമാക്കി. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം എന്നീ അഞ്ച് താലൂക്കുകളിലായി 95 റവന്യൂവില്ലേജുകളും 11 ബ്ലോക്കുകളും 73 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലവിലെ (2012) കോട്ടയം ജില്ല.
ജില്ലയിലെ താലൂക്കുകളും അവയ്‌ക്കു കീഴിലെ വില്ലേജുകളുടെ എണ്ണവും (ബ്രാക്കറ്റില്‍): ചങ്ങനാശ്ശേരി (15), കാഞ്ഞിരപ്പള്ളി (12), കോട്ടയം (26), മീനച്ചില്‍ (26), വൈക്കം (16).
ബ്ലോക്കുകളും പഞ്ചായത്തുകളുടെ എണ്ണവും (ബ്രായ്‌ക്കറ്റില്‍): ഈരാറ്റുപേട്ട (9), ഏറ്റുമാനൂര്‍ (6), കടുത്തുരുത്തി (7), കാഞ്ഞിരപ്പള്ളി (7), ലാലം (6), മടപ്പള്ളി (7), പള്ളം (8), പാമ്പാടി (6), ഉഴവൂര്‍ (8), വൈക്കം (6), വാഴൂര്‍ (5).
വിദ്യാഭ്യാസം, സംസ്‌കാരം
സമ്പന്നമായ ഒരു സാംസ്‌കാരികപൈതൃകമാണ് കോട്ടയത്തിനുള്ളത്. മലയാളത്തിലെ ആദ്യ യാത്രാവിവരണഗ്രന്ഥമായ വര്‍ത്തമാനപുസ്‌തക (1778)ത്തിന്റെ രചയിതാവായ പാറമ്മേക്കല്‍ തോമ്മാക്കത്തനാര്‍ ജനിച്ചത് ഈ ജില്ലയിലാണ്. കേരളത്തിലെ ആദ്യത്തെ മുദ്രണാലയമാണ് കോട്ടയം സി.എം.എസ്.പ്രസ്. റവ. ബെഞ്ചമിന്‍ ബെയ്‌ലി എന്ന മിഷനറി സ്ഥാപിച്ച (1821) ഈ പ്രസ്സിലാണ് ആദ്യത്തെ മലയാളം-ഇംഗ്ലീഷ്‌നിഘണ്ടുവിന്റെയും (1846) ആദ്യത്തെ ഇംഗ്ലീഷ്-മലയാളനിഘണ്ടുവിന്റെയും (1947) മുദ്രണം നടന്നത്. കോട്ടയം സി.എം.എസ്. കോളജ് പ്രിന്‍സിപ്പലായിരുന്ന റിച്ചാര്‍ഡ് കോളിന്‍സ് രചിച്ച (1865) ആദ്യ മലയാളനിഘണ്ടുവും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും പ്രസിദ്ധീകരിച്ചത് കോട്ടയം ജില്ലയില്‍നിന്നാണ്. കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെയും മറ്റും നേതൃത്വത്തില്‍ 1896-ല്‍ ആരംഭിച്ച കവിസമാജം പില്‍ക്കാലത്ത് ഭാഷാപോഷിണി സഭ ആയിത്തീര്‍ന്നു. മലയാളത്തില്‍ ആദ്യമായി ബൈബിള്‍ പ്രസിദ്ധീകരിച്ചതും (1829) കോട്ടയത്തു നിന്നാണ്.
1882-ല്‍ സ്ഥാപിതമായ കോട്ടയം പബ്ലിക് ലൈബ്രറി കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ലൈബ്രറികളില്‍ ഒന്നാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെയും ഡി.സി.ബുക്‌സിന്റെയും ആസ്ഥാനം, ആയുര്‍വേദ ചികിത്സാരംഗത്ത് സുപ്രസിദ്ധമായ വയസ്‌കര ഇല്ലം, ഒളശ്ശ ഇല്ലം, കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ജന്മഗൃഹമായ ലക്ഷ്‌മീപുരം കൊട്ടാരം, കണ്ടത്തില്‍ വറുഗീസ് മാപ്പിള സ്‌മാരകം, നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആസ്ഥാനം (പെരുന്ന) എന്നിവയും ഈ ജില്ലയിലാണ്. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ പ്രചാരമുള്ള ഭാഷാദിനപത്രമായി കണക്കാക്കപ്പെടുന്ന മലയാള മനോരമ(1888-ല്‍ സ്ഥാപിതം), കേരളത്തില്‍ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക (നസ്രാണിദീപിക-1887), എന്നീ ദിനപത്രങ്ങളുടെ കേന്ദ്രം കോട്ടയമാണ്. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഭാഷാപോഷിണി, ദ വീക്ക്, മലയാളമനോരമ, മനോരാജ്യം, വനിത, ബാലരമ, ദീപിക, കന്യക, മംഗളം എന്നിവയുടെ കേന്ദ്രവുമാണ് കോട്ടയം.
പാറമ്മേക്കല്‍ തോമ്മാക്കത്തനാര്‍, പി.എന്‍.പണിക്കര്‍, അക്കാമ്മചെറിയാന്‍, അഭയദേവ്, പി.ടി.ചാക്കോ, രാമപുരത്തുവാര്യര്‍, സിസ്റ്റര്‍ അല്‍ഫോണ്‍സ, വൈക്കം പാച്ചുമൂത്തത്, കൊട്ടാരത്തില്‍ ശങ്കുണ്ണി, കട്ടക്കയം ചെറിയാന്‍ മാപ്പിള, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, വടക്കുംകൂര്‍ രാജരാജവര്‍മ, വൈക്കം മുഹമ്മദ് ബഷീര്‍, കൈനിക്കര സഹോദരന്മാര്‍, ലളിതാംബിക അന്തര്‍ജനം, പൊന്‍കുന്നം വര്‍ക്കി, എം.പി.പോള്‍, മന്നത്ത് പദ്‌മനാഭന്‍, കാരൂര്‍ നീലകണ്‌ഠപ്പിള്ള, ഡി.സി. കിഴക്കേമുറി, മുട്ടത്തുവര്‍ക്കി, പാലാ നാരായണന്‍ നായര്‍, എ.ജെ. ജോണ്‍, പി.വി. ചെറിയാന്‍, കെ.പി.എസ്. മേനോന്‍, മേരി റോയി, സി.ആര്‍. ഓമനക്കുട്ടന്‍, ജോണ്‍ എബ്രഹാം, ജി. അരവിന്ദന്‍, നാലാങ്കല്‍ കൃഷ്‌ണപിള്ള, കെ.സി. മാമ്മന്‍മാപ്പിള, വൈക്കംവിശ്വന്‍, ഛായാഗ്രാഹകന്‍ വേണു, ചലച്ചിത്രകാരന്‍ ജയരാജ്, സംഗീതജ്ഞനായ ജയവിജയന്മാര്‍, മനോജ്.കെ.ജയന്‍, കേണല്‍ ഗോദവര്‍മരാജ തുടങ്ങിയ പ്രശസ്‌തര്‍ക്കു ജന്മസ്ഥലമായത് കോട്ടയം ജില്ലയാണ്. മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്റെയും കേരള രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയരായ ഉമ്മന്‍ചാണ്ടിയുടെയും കെ.എം. മാണിയുടെയും ജന്മനാട് കോട്ടയം ജില്ലയിലാണ്. സാഹിത്യകാരി അരുന്ധതിറോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എന്ന നോവലിന്റെ പശ്ചാത്തലം മീനച്ചിലാറിന്റെ തീരമാണ്.
ഒരു മെഡിക്കല്‍ കോളജും ഒരു ഹോമിയോ കോളജും (കുറിച്ചി), 16 പ്രൊഫഷണല്‍ കോളജുകളും, 21 ആര്‍ട്‌സ് കോളജുകളും, നിരവധി സ്വാശ്രയ കോളജും ജില്ലയിലുണ്ട്. 936 സ്‌കൂളുകളിലായി 2,29,949 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു (2012). ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായാണ് കോട്ടയത്തെ കരുതിപ്പോരുന്നത്. കേരളത്തില്‍ വൈദികപഠനത്തിനുള്ള അഞ്ചുകേന്ദ്രങ്ങളില്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി (1815), ബംഗാളിലെ സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള മാര്‍തോമാ സിറിയന്‍ തിയോളജിക്കല്‍ സെമിനാരി (1926), സെന്റ് തോമസ് അപ്പോസ്‌തലിക് സെമിനാരി (1962) എന്നിവ കോട്ടയത്താണ് സ്ഥിതിചെയ്യുന്നത്. 1983 ഒ. 2-ന് ജില്ലയിലെ അതിരമ്പുഴ കേന്ദ്രമാക്കി മഹാത്മാഗാന്ധി സര്‍വകലാശാലയും സ്ഥാപിതമായി.
കോട്ടയം പട്ടണത്തില്‍നിന്ന് ഉദ്ദേശം 60 കി.മീ. ദൂരെ സ്ഥിതിചെയ്യുന്ന എരുമേലി ഈ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രമാണ്.
1986-ല്‍ കോട്ടയത്തുവച്ച് പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും ഭാരതത്തില്‍നിന്ന് ആദ്യമായി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട (2008 ഒ. 12) സിസ്റ്റര്‍ അല്‍ഫോണ്‍സയുടെയും ഭൗതികാവശിഷ്‌ടങ്ങള്‍ യഥാക്രമം ജില്ലയിലെ മാന്നാനത്തും ഭരണങ്ങാനത്തും സൂക്ഷിച്ചിരിക്കുന്നു. രാമപുരം പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള പാറമ്മേക്കല്‍ തോമ്മാ കത്തനാരുടെ ഭൗതികാവശിഷ്‌ടവും കോട്ടയം വലിയപള്ളിയിലെ പേര്‍ഷ്യന്‍ കുരിശും പ്രസിദ്ധമാണ്. തീര്‍ഥാടകരും വിനോദസഞ്ചാരികളും സന്ദര്‍ശിക്കാറുള്ള കുരിശുമലയും സെന്റ് തോമസ്‌മൗണ്ടും ഈ ജില്ലയില്‍ സ്ഥിതിചെയ്യുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാബാവയുടെ ആസ്ഥാനം കോട്ടയം നഗരത്തിലുള്ള ദേവലോകമാണ്. കത്തോലിക്കര്‍ക്ക് രണ്ടും ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമാ, സി.എസ്.ഐ. എന്നീ വിഭാഗങ്ങള്‍ക്ക് ഓരോന്നുവീതവും മെത്രാന്മാര്‍ കോട്ടയത്തുണ്ട്. വൈക്കം, ഏറ്റുമാനൂര്‍, കുമാരനല്ലൂര്‍, തിരുവാര്‍പ്പ്, തിരുനക്കര, തളിയില്‍, നാഗമ്പടം എന്നിവ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളാണ്. കൂടാതെ കുമ്മനത്തെ മീനച്ചിലാറിന്റെ തീരത്തുസ്ഥിതിചെയ്യുന്ന താഴത്തങ്ങാടി ജുമാ-മസ്‌ജിദ് ഇന്ത്യയിലെ തന്നെ അതിപുരാതനമായ ഒരു മുസ്‌ലിം ആരാധനാലയമാണ്. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ജുമാ-മസ്‌ജിദിലെ കൊത്തുപണികള്‍ പുരാതന വാസ്‌തുവിദ്യയുടെ മനോഹാരിത പ്രതിഫലിപ്പിക്കുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപൊന്നാന എഴുന്നള്ളിപ്പും ക്ഷേത്രചുവരുകളിലെ മ്യൂറല്‍ ചിത്രകലയും പ്രശസ്‌തമാണ്.
സ്ഥാപനങ്ങള്‍
റബ്ബര്‍ബോര്‍ഡ്, റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓയില്‍പാം (ഇന്ത്യ) ലിമിറ്റഡ്, കേരള വനംവികസന കോര്‍പ്പറേഷന്‍, കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ഫാക്‌ടറി, മദ്രാസ് റബ്ബര്‍ഫാക്‌ടറി (വടവാതൂര്‍), ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് (നാട്ടകം), ഇലക്‌ട്രാ-കെമിക്കല്‍സ് ഇന്‍ഡസ്റ്റ്രീസ് (ചിങ്ങവനം), റൂബി റബ്ബര്‍ വര്‍ക്‌സ് ലിമിറ്റഡ് (ചങ്ങനാശ്ശേരി), നാഷണല്‍ ടയര്‍ റബ്ബര്‍ കമ്പനി ലിമിറ്റഡ് (കോട്ടയം), സ്റ്റേന്‍സ്& കമ്പനി ലിമിറ്റഡ് (ഏറ്റുമാനൂര്‍), അലൈഡ് റബ്ബര്‍ വര്‍ക്‌സ്(കാരാപ്പുഴ) എന്നിവ ജില്ലയിലെ വന്‍കിട വ്യവസായങ്ങളാണ്. കയര്‍ വ്യവസായവും ഇവിടെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. വൈക്കം നേരിയത് എന്നറിയപ്പെടുന്ന മേല്‍ത്തരം ചകിരിനാര് ഇവിടെ ഉത്‌പാദിപ്പിക്കപ്പെടുന്നു. കുമരകം കേന്ദ്രമായി നീറ്റുകക്ക വ്യവസായം അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. കൈത്തറിത്തുണി, തടി ഉരുപ്പടികള്‍, പ്ലൈവുഡ്, കളിപ്പാട്ടങ്ങള്‍, തീപ്പെട്ടി എന്നിവയുടെ നിര്‍മാണ കേന്ദ്രങ്ങളും ജില്ലയിലുണ്ട്. വൈക്കം-വെച്ചൂര്‍ മേഖലയിലെ തഴപ്പായ് നിര്‍മാണവും ശ്രദ്ധേയമായ മറ്റൊരു വ്യവസായ സംരംഭമാണ്.
റബ്ബറിന്റെയും മറ്റു മലഞ്ചരക്കുകളുടെയും പ്രധാന വിപണനകേന്ദ്രങ്ങളായ കോട്ടയം, പൊന്‍കുന്നം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങള്‍ ഈ ജില്ലയിലാണ്. കയര്‍ ഉത്‌പന്നങ്ങളുടെ പ്രധാനവിപണന കേന്ദ്രമാണ് വൈക്കം.
ഗതാഗതം
കെ.കെ. റോഡ്, എം.സി. റോഡ് എന്നിവയാണ് ജില്ലയിലെ പ്രധാന ദേശീയപാതകള്‍. റെയില്‍-റോഡ് ഗതാഗതം വളരെ വികസിച്ചിട്ടുള്ള കോട്ടയം ജില്ലയില്‍ വിമാനത്താവളമില്ല. സമീപത്തുള്ള കൊച്ചി അന്താരാഷ്‌ട്രവിമാനത്താവളം 90 കി.മീ. അകലെയും തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം 170 കി.മീ. അകലെയും സ്ഥിതിചെയ്യുന്നു. കായലിന്റെ സാന്നിധ്യത്താല്‍ ജല-ഗതാഗതം വികസിതമായിരിക്കുന്നു. ഈ ജില്ലയിലെ ഒരു പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രവും പക്ഷിസന്നേതകവുമായ കുമരകം, കോട്ടയം പട്ടണത്തില്‍നിന്ന് 12 കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. അനേകം ചെറുദ്വീപുകള്‍ നിറഞ്ഞ കായലായ കുമരകത്തിന്റെ വികസനത്തിനായി കേരള സംസ്ഥാന വിനോദസഞ്ചാരവകുപ്പ് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചുവരുന്നു.
കോട്ടയം നഗരം
ജില്ലയുടെ ആസ്ഥാനമായ മുനിസിപ്പല്‍ പട്ടണം. പണ്ടത്തെ വടക്കന്‍ ഡിവിഷന്റെ ദിവാന്‍ പേഷ്‌കാരായിരുന്ന ടി. രാമറാവുവാണ് കോട്ടയം പട്ടണത്തിന്റെ സ്ഥാപകന്‍ (1878). കോട്ടയം പട്ടണത്തിലെ പഴയ ജനപഥങ്ങളിലൊന്നായ താഴത്തങ്ങാടി പണ്ട് മഞ്ചുനാട്, തെക്കൂംകൂര്‍ എന്നീ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നതായി ചരിത്ര രേഖകള്‍ സൂചിപ്പക്കുന്നു. പുരാതന കോട്ടകൊത്തളങ്ങളുടെയും കൊട്ടരങ്ങളുടെയും ജീര്‍ണാവശിഷ്‌ടങ്ങള്‍ കാണുന്ന "കോട്ടവാതില്‍' എന്ന സ്ഥലം ഇന്നത്തെ പട്ടണത്തിലാണെന്നത് ഈ സൂചനകളെ സാധൂകരിക്കുന്നു. കോട്ടയം പട്ടണത്തിലെ ആദ്യത്തെ ക്രിസ്‌ത്യന്‍ ദേവാലയമാണ് സെന്റ്‌മേരീസ് വലിയപള്ളി. പശ്ചിമേഷ്യയില്‍നിന്ന് വന്നെത്തിയ സിറിയന്‍ വിഭാഗമായ ക്‌നാനായ സമുദായക്കാരാണ് ഈ ദേവാലയം നിര്‍മിച്ചത് (1550). പട്ടണത്തിന്റെ ഹൃദയഭാഗത്താണ് പ്രശസ്‌തമായ തിരുനക്കര മഹാദേവക്ഷേത്രവും മൈതാനവും സ്ഥിതിചെയ്യുന്നത്.
കോട്ടയം പട്ടണത്തില്‍ 32 മുനിസിപ്പല്‍ വാര്‍ഡുകളുണ്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ കേരളത്തിലെ പട്ടണങ്ങളില്‍ 11-ാം സ്ഥാനമാണ് നഗരത്തിന്റേത് (2011). വിസ്‌തീര്‍ണം: 15.5 ച.കി.മീ.; ജനസംഖ്യ: 3,57,533 (2011).
2. മലബാറില്‍ കോലത്തുനാടിന്റെ അധീനതയിലായിരുന്ന ഒരു പ്രദേശം. കോട്ടയം രാജവംശത്തില്‍പ്പെട്ട രാജാക്കന്മാരായിരുന്നു ഇവിടം ഭരിച്ചിരുന്നത്. ഒരുകാലത്ത് കുടകുവരെ ഈ പ്രദേശം വിസ്‌തൃതമായിരുന്നതായി കരുതപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പടവെട്ടിയ കേരളവര്‍മ പഴശ്ശിരാജാവ്, വാല്‌മീകിരാമായണംകിളിപ്പാട്ടിന്റെ രചയിതാവായ കേരളവര്‍മത്തമ്പുരാന്‍, ആട്ടക്കഥാകൃത്തായ കോട്ടയത്തു തമ്പുരാന്‍ എന്നിവര്‍ ഈ രാജവംശത്തിലെ അംഗങ്ങളായിരുന്നു. നോ. കോട്ടയത്തുതമ്പുരാന്‍; കോട്ടയം രാജവംശം
(എന്‍.ജെ.കെ. നായര്‍; സ.പ.)