This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറംഗസീബ് (1618 - 1707)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(മതനയം)
(അന്ത്യകാലം)
 
വരി 36: വരി 36:
==അന്ത്യകാലം==  
==അന്ത്യകാലം==  
-
അറംഗസീബിന്റെ അന്ത്യദിനങ്ങള്‍ ശോകഭരിതമായിരുന്നു. അറംഗസീബിന്റെ മൂത്ത പുത്രി 1702-ലും ഇളയ പുത്രിയും സഹോദരിയും 1706-ലും നിര്യാതരായി. സിംഹാസനത്തിനുവേണ്ടി പടപൊരുതുന്ന പുത്രന്മാരെ സമാധാനിപ്പിക്കുവാന്‍ അറംഗസീബിനു കഴിഞ്ഞില്ല. മൂത്ത പുത്രനായ അക്ബര്‍ രാജകുമാരന്‍ 1704-ല്‍ ശത്രുപക്ഷത്തു ചേര്‍ന്നു പിതാവിനെതിരായി ഗൂഢോലോചന നടത്തി. സിംഹാസനത്തിനുവേണ്ടി തന്റെ സന്താനങ്ങള്‍ തമ്മില്‍ സമരം ചെയ്യരുതെന്ന ആഗ്രഹത്തോടുകൂടി തന്റെ സാമ്രാജ്യം മക്കള്‍ക്കായി വിഭജിച്ചുകൊണ്ട് ഒരു മരണപത്രം അദ്ദേഹം തയ്യാറാക്കിയിരുന്നു.  
+
അറംഗസീബിന്റെ അന്ത്യദിനങ്ങള്‍ ശോകഭരിതമായിരുന്നു. അറംഗസീബിന്റെ മൂത്ത പുത്രി 1702-ലും ഇളയ പുത്രിയും സഹോദരിയും 1706-ലും നിര്യാതരായി. സിംഹാസനത്തിനുവേണ്ടി പടപൊരുതുന്ന പുത്രന്മാരെ സമാധാനിപ്പിക്കുവാന്‍ അറംഗസീബിനു കഴിഞ്ഞില്ല. മൂത്ത പുത്രനായ അക്ബര്‍ രാജകുമാരന്‍ 1704-ല്‍ ശത്രുപക്ഷത്തു ചേര്‍ന്നു പിതാവിനെതിരായി ഗൂഢാലോചന നടത്തി. സിംഹാസനത്തിനുവേണ്ടി തന്റെ സന്താനങ്ങള്‍ തമ്മില്‍ സമരം ചെയ്യരുതെന്ന ആഗ്രഹത്തോടുകൂടി തന്റെ സാമ്രാജ്യം മക്കള്‍ക്കായി വിഭജിച്ചുകൊണ്ട് ഒരു മരണപത്രം അദ്ദേഹം തയ്യാറാക്കിയിരുന്നു.  
അറംഗസീബ് 1706-ല്‍ രോഗബാധിതനായി. കാബൂള്‍ മുതല്‍ ചിറ്റഗോങ് വരെയും കാശ്മീര്‍ മുതല്‍ കാവേരി വരെയും വ്യാപിച്ചുകിടന്ന വിസ്തൃതമായ മുഗള്‍സാമ്രാജ്യം കെട്ടിപ്പടുത്ത അറംഗസീബ് 1707 മാ. 3-ന് അന്തരിച്ചു. ദൌലത്താബാദില്‍ ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം കബറടക്കി. അറംഗസീബ് പ്രോത്സാഹനം നല്കി പ്രസിദ്ധീകരിച്ച ഫത്ത്വ-എ-ആലംഗിരി (Fatwai-Alamgiri) ഇന്ത്യയില്‍ വിരചിതമായ ഏറ്റവും ആധികാരിക മുസ് ലീം നിയമഗ്രന്ഥമാണ്. നോ: അക്ബര്‍; മുഗള്‍വംശം; മുഗള്‍സാമ്രാജ്യം; ശിവാജി
അറംഗസീബ് 1706-ല്‍ രോഗബാധിതനായി. കാബൂള്‍ മുതല്‍ ചിറ്റഗോങ് വരെയും കാശ്മീര്‍ മുതല്‍ കാവേരി വരെയും വ്യാപിച്ചുകിടന്ന വിസ്തൃതമായ മുഗള്‍സാമ്രാജ്യം കെട്ടിപ്പടുത്ത അറംഗസീബ് 1707 മാ. 3-ന് അന്തരിച്ചു. ദൌലത്താബാദില്‍ ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം കബറടക്കി. അറംഗസീബ് പ്രോത്സാഹനം നല്കി പ്രസിദ്ധീകരിച്ച ഫത്ത്വ-എ-ആലംഗിരി (Fatwai-Alamgiri) ഇന്ത്യയില്‍ വിരചിതമായ ഏറ്റവും ആധികാരിക മുസ് ലീം നിയമഗ്രന്ഥമാണ്. നോ: അക്ബര്‍; മുഗള്‍വംശം; മുഗള്‍സാമ്രാജ്യം; ശിവാജി
(എ.ജി. മേനോന്‍)
(എ.ജി. മേനോന്‍)

Current revision as of 12:21, 17 നവംബര്‍ 2014

ഉള്ളടക്കം

അറംഗസീബ് (1618 - 1707)

അവസാനത്തെ മുഗള്‍ചക്രവര്‍ത്തി. അബുല്‍ മുസഫര്‍ മുഹമ്മദ് മുഹിയുദ്ദിന്‍ അറംഗസീബ് ബഹദൂര്‍ ആലംഗീര്‍ ബാദ്ഷാ ഘാസി എന്നായിരുന്നു പൂര്‍ണമായ പേര്.

ബാല്യകാലം

ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും (1592-1666) അദ്ദേഹത്തിന്റെ പത്നിയായ മുംതാസ് മഹലിന്റെയും മൂന്നാമത്തെ പുത്രനായി അറംഗസീബ് (സിംഹാസനാഭരണം) 1618 ഒ. 22-ന് മഹാരാഷ്ട്രയിലെ പഞ്ച്മഹല്‍ ജില്ലയിലെ ദൊഹാദില്‍ ജനിച്ചു. ബാല്യത്തില്‍ത്തന്നെ മാതൃഭാഷയായ ഹിന്ദുസ്ഥാനി കൂടാതെ അറബി, പേര്‍ഷ്യന്‍ ഭാഷകളിലും അവഗാഹം നേടി. ജഗ്തായി തുര്‍ക്കി, ഹിന്ദി എന്നീ ഭാഷകളിലും ഇദ്ദേഹം അറിവു സമ്പാദിച്ചു. ഒരു പേര്‍ഷ്യന്‍ രാജകുമാരിയായ ദില്‍റാസ്ബാനു ബീഗത്തെ 1637-ല്‍ ഇദ്ദേഹം വിവാഹം ചെയ്തു. ഖുര്‍ ആന്‍ അനുശാസിക്കുന്ന രീതിയില്‍ 4 ഭാര്യമാര്‍ മാത്രമേ ഇദ്ദേഹത്തിനു ഒരേ സമയത്തുണ്ടായിരുന്നുള്ളു. ഇത് അന്നത്തെ ചക്രവര്‍ത്തിമാരില്‍നിന്നും ഇദ്ദേഹത്തെ വേര്‍തിരിച്ചുനിര്‍ത്തുന്നു. ബുന്ദേല്‍ഖണ്ഡുമായുള്ള യുദ്ധത്തില്‍ ആദ്യമായി സൈനികരംഗത്തു പ്രവേശിച്ച (1635) അറംഗസീബ് 1636-ല്‍ ഡക്കാനിലെ വൈസ്രോയിയായി. ഗുജറാത്ത്, ബാല്‍ഖ്, സിന്ധ്, മുള്‍താന്‍ എന്നിവിടങ്ങളില്‍ സുബേദാര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അഫ്ഗാനിസ്താന്റെ ഒരു ഭാഗമായ കാന്തഹാര്‍ ആക്രമിച്ചു. ഈ ആക്രമണത്തില്‍ പരാജയപ്പെട്ടു. ഡക്കാനില്‍ രണ്ടാംപ്രാവശ്യവും വൈസ്രോയിയായി (1653-58) നിയമിതനായ അറംഗസീബ് അവിടത്തെ മുസ്ലിം ഭരണാധിപന്മാരെ തോല്പിച്ച് ആ രാജ്യങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ പിതാവായ ഷാജഹാന്‍ ചക്രവര്‍ത്തി വിലക്കിയതുമൂലം ഇദ്ദേഹത്തിനു ആ ഉദ്യമത്തില്‍നിന്നു പിന്തിരിയേണ്ടിവന്നു.

അധികാരമത്സരവും സിംഹാസനാരോഹണവും

ഷാജഹാന്‍ ചക്രവര്‍ത്തി രോഗബാധിതനായി കിടപ്പിലായപ്പോള്‍ (1657) പുത്രന്മാരായ ദാരാ, ഷൂജ, അറംഗസീബ്, മുറാദ് എന്നിവര്‍ സിംഹാസനത്തിനുവേണ്ടി അവകാശത്തര്‍ക്കമാരംഭിച്ചു. ചക്രവര്‍ത്തി ചരമം പ്രാപിച്ചുവെന്ന കിംവദന്തി പ്രചരിച്ചതോടെ അറംഗസീബ് അനുജനായ മുറാദുമായി സാമ്രാജ്യം പങ്കിട്ടെടുക്കുവാന്‍ വ്യവസ്ഥ ഉണ്ടാക്കി. ജ്യേഷ്ഠസഹോദരന്മാരെ പരാജയപ്പെടുത്തുവാന്‍ യുദ്ധസന്നാഹങ്ങള്‍ നടത്തി. പഞ്ചാബിന്റെയും വ. പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളുടെയും വൈസ്രോയിയായ ദാരാ പിതാവുമൊത്ത് ഡല്‍ഹിയില്‍ തന്നെ കഴിഞ്ഞിരുന്നതുകൊണ്ട്, അദ്ദേഹത്തിനു അനുജന്‍മാരുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല. ബംഗാളില്‍വച്ച് സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചശേഷം ആഗ്രയിലേക്കു നീങ്ങിയ ഷൂജയെ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ സേന കനൌജില്‍ വച്ച് പരാജയപ്പെടുത്തി (1658). ഇതിനിടയ്ക്ക് അഹമ്മദാബാദില്‍വച്ച് മുഗള്‍ചക്രവര്‍ത്തിയായി കിരീടധാരണം നടത്തിയ മുറാദിനെ ശിക്ഷിക്കുവാന്‍ പാഞ്ഞെത്തിയ മുഗള്‍സൈന്യത്തെ മുറാദും അറംഗസീബും കൂടി ധര്‍മാത്യുദ്ധത്തില്‍ (1658) പരാജയപ്പെടുത്തി. തുടര്‍ന്നു മുന്നോട്ടു നീങ്ങിയ ഈ സഹോദരന്മാര്‍ ദാരായുടെ സൈന്യത്തെ സമൂഗറില്‍വച്ച് നശിപ്പിക്കുകയും ആഗ്ര കീഴടക്കുകയും ചെയ്തു. രാജഭണ്ഡാരം പിടിച്ചെടുത്ത അറംഗസീബ് ഷാജഹാന്‍ ചക്രവര്‍ത്തിയെ തടവുകാരനാക്കി. 1658 ജൂല. 21-ന് അറംഗസീബ് ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്തു. അനന്തരം ഇദ്ദേഹം ഡല്‍ഹിയും കീഴടക്കി. വഴിക്ക് സലീംഗറില്‍വച്ച് അറംഗസീബ് മുറാദിനെ തടവുകാരനാക്കി. പിന്നീട് ഗ്വാളിയറില്‍വച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു (1661). ഖജ്വാ യുദ്ധത്തില്‍ പരാജിതനായ ഷൂജ അസമിലേക്ക് പലായനം ചെയ്തു. ഇതിനിടയ്ക്ക് ഭയവിഹ്വലനായി സ്ഥലം വിട്ടിരുന്ന ദാരായുടെ പുത്രന്‍ സുലൈമാന്‍ ഷുക്കോ അറംഗസീബിനു കീഴടങ്ങി. സുലൈമാന്‍ ഷുക്കോ 1662-ല്‍ വധിക്കപ്പെട്ടു. അറംഗസീബ് 1659-ല്‍ ത്തന്നെ ദാരായെ ദേവറോയ് യുദ്ധത്തില്‍ തോല്പിച്ചിരുന്നു. അവിടെനിന്നു രക്ഷപ്പെട്ട് അഭയം തേടി നടന്ന ദാരായെ, ദാദറിലെ നാടുവാഴി പിടിച്ച് അറംഗസീബിനെ ഏല്പിച്ചു. 1659 ആഗ.-ല്‍ ദാരായും വധിക്കപ്പെട്ടു. അതോടെ അറംഗസീബ് മുഗള്‍സാമ്രാജ്യത്തിന്റെ ഏക അവകാശിയും അധിപനുമായി. കഷ്ടിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ണായകമായ നാലു യുദ്ധങ്ങളിലൂടെ സിംഹാസനം പിടിച്ചെടുത്ത അറംഗസീബിന്റെ യുദ്ധനിപുണതയും തന്ത്രജ്ഞതയും മറ്റേതൊരു ഇന്ത്യന്‍ രാജാവിനെക്കാളും മേലേക്കിടയിലുള്ളതായിരുന്നു. ഷാജഹാന്‍ ചക്രവര്‍ത്തി നിര്യാതനാകുന്നതുവരെ (1666) ആഗ്രാകോട്ടയില്‍ തടവുകാരനായി കാലം കഴിച്ചു. എങ്കിലും ഇദ്ദേഹം ആവശ്യപ്പെട്ട എല്ലാ വസ്തുക്കളും അറംഗസീബ് ഇദ്ദേഹത്തിനു നല്കിവന്നു. 1659 ജൂണ്‍ 5-ന് വീണ്ടും അദ്ദേഹം ആര്‍ഭാടപൂര്‍വം സ്ഥാനാരോഹണം നടത്തി. ഔദ്യോഗികമായി അദ്ദേഹം സ്വീകരിച്ച ബിരുദം ആലംഗീര്‍ (ലോകജേതാവ്) ബാദ്ഷാ (ചക്രവര്‍ത്തി) ഘാസി (ധര്‍മയോദ്ധാവ്) എന്നായിരുന്നു. തന്നെ സഹായിച്ച സകല പ്രഭുക്കന്മാര്‍ക്കും പാരിതോഷികങ്ങള്‍ നല്കി അദ്ദേഹം പ്രീതിപ്പെടുത്തി.

അറംഗസീബ്

പിന്തുടര്‍ച്ചാവകാശത്തര്‍ക്കംമൂലം നാട്ടില്‍ ഉടനീളം വ്യാപിച്ചിരുന്ന ഛിദ്രവാസനകളെ ഉന്മൂലനം ചെയ്യാനായിരുന്നു അറംഗസീബ് ആദ്യമായി ശ്രമിച്ചത്. കൃഷി ജനക്ഷേമത്തിന്റെ ആണിക്കല്ലാണെന്നു മനസ്സിലാക്കിയിരുന്ന ചക്രവര്‍ത്തി കൃഷിക്കാര്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്കുവാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്കിയിരുന്നു. ഭരണരംഗത്തെ കുഴപ്പങ്ങളിലും ഇടയ്ക്കിടെ ഉണ്ടായിരുന്ന ക്ഷാമത്തിലുംപെട്ട് വിഷമിച്ചിരുന്ന പ്രജകളെ സംരക്ഷിക്കുവാന്‍ അറംഗസീബ് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. പക്ഷേ, ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥകൊണ്ടും മറ്റും ചക്രവര്‍ത്തിയുടെ പല പദ്ധതികളും പൂര്‍ണമായി വിജയിച്ചില്ല. മക്ക, പേര്‍ഷ്യ, ബാല്‍ഖ്, ബുഖാറ, കാഷ്ഗര്‍, ഖിവാ, കോണ്‍സ്റ്റാന്റിനോപ്പിള്‍, ബാര്‍ബറി, അബിസീനിയ, യെമെന്‍ എന്നിവിടങ്ങളില്‍നിന്ന് അറംഗസീബ് പ്രതിപുരുഷന്മാരെ സ്വീകരിക്കുകയും അളവറ്റ സമ്മാനങ്ങള്‍ അവിടങ്ങളിലെ ഭരണാധിപന്മാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ലോകത്തിലെ ഇതര മുസ്ലിം രാജ്യങ്ങളില്‍ തന്നെപ്പറ്റി മതിപ്പു വര്‍ധിപ്പിക്കുവാനും, പിതാവിനോടും സഹോദരന്മാരോടും താന്‍ കാണിച്ച നിഷ്ഠൂരത മറച്ചുവയ്ക്കുവാനും ആയിരുന്നു ഇത്തരം സമ്മാനങ്ങള്‍ അയച്ചുകൊടുത്തതെന്നു ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

യുദ്ധങ്ങളും സാമ്രാജ്യവികസനവും

സാമ്രാജ്യം വിപുലീകരിക്കുന്നതില്‍ ബദ്ധശ്രദ്ധനായ അറംഗസീബിന് മുഗള്‍ സൈന്യത്തിന്റെ സഹകരണം നിര്‍ലോഭം ലഭിച്ചിരുന്നു. പാറ്റ്നയിലെ സുബേദാര്‍ ദാവൂദ്ഖാന്‍ 1661-ല്‍ ദക്ഷിണബിഹാറിലെ പലാമോ പ്രദേശം മുഗള്‍ സാമ്രാജ്യത്തോടു കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ ഗവര്‍ണര്‍ മീര്‍ജുംല കൂച്ച് ബിഹാറില്‍പ്പെട്ട കാമരൂപം ചക്രവര്‍ത്തിക്കുവേണ്ടി പിടിച്ചെടുത്തു. പക്ഷേ, ഇത് അസമിലെ അഹോം വംശജരുമായി സംഘട്ടനത്തിനിടയാക്കി. മീര്‍ജുംല അഹോം വര്‍ഗക്കാരെ പരാജയപ്പെടുത്തി (1662); അവരുടെ തലസ്ഥാനം പിടിച്ചെടുത്തു. കീഴടങ്ങിയ അഹോം രാജാവ് ജയധ്വജന്‍ അതിര്‍ത്തിപ്രദേശങ്ങളും അളവറ്റ ദ്രവ്യവും മുഗള്‍ ഭരണാധികാരിക്കു നല്കി. മീര്‍ജുംലയെത്തുടര്‍ന്നു ബംഗാള്‍ ഗവര്‍ണറായത് ആസഫ്ഖാന്റെ പുത്രനായ ഷെയ്സ്താഖാനായിരുന്നു. 1666-ല്‍ ഇദ്ദേഹം ആരാക്കാന്‍ രാജാവില്‍ നിന്ന് ചിറ്റഗോങ് പ്രദേശവും ബംഗാള്‍ ഉള്‍ക്കടലിലെ കടല്‍ക്കൊള്ളക്കാരുടെ ആസ്ഥാനമായ സോന്‍ ദ്വീപും (Sondip) കൈവശപ്പെടുത്തി; മുപ്പതു വര്‍ഷത്തോളം ബംഗാള്‍ ഭരിച്ചത് ഗവര്‍ണറായ ഷെയ്സ്താഖാനായിരുന്നു. വ. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ചില അഫ്ഗാന്‍ ഗിരിവര്‍ഗക്കാര്‍ നിരന്തരമായി കൊള്ളയടിക്കുകയും പെഷാവര്‍, ഹസാറ തുടങ്ങിയ പ്രദേശങ്ങള്‍ ആക്രമിക്കുകയും ചെയ്യുക പതിവായിരുന്നു. 1667-ല്‍ ഭാഗുവിന്റെ നേതൃത്വത്തില്‍ യൂസുഫ്സയ് വര്‍ഗക്കാര്‍ ഹസാറജില്ലയും മറ്റൊരു വര്‍ഗം പെഷാവറും കൊള്ളയടിച്ചു. മാസങ്ങളോളം ശ്രമിച്ചതിനുശേഷമേ മുഗളന്മാര്‍ക്ക് അവരെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞുള്ളു. അഫ്രിദി വര്‍ഗത്തലവനായ അക്മല്‍ഖാന്‍ സ്വയം രാജാവായി പ്രഖ്യാപിക്കുകയും എല്ലാ പത്താന്‍കാരെയും ഒരു ദേശീയ സമരത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. അവര്‍ കാന്തഹാര്‍ മുതല്‍ അറ്റോക്കുവരെയുള്ള പ്രദേശങ്ങളില്‍ കൊള്ള നടത്തുകയും 1674-ല്‍ കരാപ്പച്ചുരത്തില്‍ വച്ചുണ്ടായ യുദ്ധത്തില്‍ മുഗള്‍സേനയെ തോല്പിക്കുകയും ചെയ്തു. അറംഗസീബിനു ഗണ്ഡമക് യുദ്ധത്തില്‍ (1676) ശത്രുക്കളെ തോല്പിക്കുവാന്‍ സാധിച്ചു. പക്ഷേ, സമാധാനം പുനഃസ്ഥാപിക്കുവാന്‍ സമ്മാനങ്ങള്‍, അടുത്തൂണ്‍, ജാഗിറുകള്‍, ഉദ്യോഗങ്ങള്‍ എന്നിവ നല്കി അവരെ പ്രീണിപ്പിക്കേണ്ടതായി വന്നു. ഗിരിവര്‍ഗക്കാരുടെ കലാപം അവരുടെ സൈനികസേവനം മുഗള്‍ഭരണാധികാരികള്‍ക്കു നഷ്ടപ്പെടുത്തുകയും ശിവാജിക്ക് ഡക്കാനില്‍ ശക്തിയാര്‍ജിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

മതനയം

ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന അറംഗസീബ് അന്യമതസ്ഥരോട് നയപരമായി പെരുമാറാന്‍ തയ്യാറായില്ല. രാജ്യഭരണവും രാഷ്ട്രീയാധികാരവും ദൈവദത്താവകാശമായി സങ്കല്പിച്ച ആ മതഭക്തന്‍ ഓരോ മുസ്ലിം പൌരന്റെയും ചുമതല ഇസ്ലാംമതം പ്രചരിപ്പിക്കുകയാണെന്നു വിശ്വസിച്ചു. തന്മൂലം പരമ്പരാഗതമായി നടന്നുവന്ന ദര്‍ബാര്‍ ആചാരങ്ങളും ആര്‍ഭാടങ്ങളും ക്രമേണ അപ്രത്യക്ഷമാകാന്‍ തുടങ്ങി. മുഗള്‍ ചക്രവര്‍ത്തിമാര്‍ പ്രജകള്‍ക്ക് അനുവദിച്ചിരുന്ന ദര്‍ശനവും ചക്രവര്‍ത്തി നിര്‍ത്തലാക്കി. രാജകൊട്ടാരത്തില്‍ വമ്പിച്ച സ്വാധീനമുണ്ടായിരുന്ന ജോത്സ്യന്മാര്‍, ഗായകര്‍, നര്‍ത്തകര്‍ ആദിയായവരെ കൊട്ടാരത്തില്‍നിന്നു പുറത്താക്കി (1668). ജനങ്ങളുടെ ജീവിതരീതി പരിശോധിക്കുവാന്‍ പ്രത്യേകം ഉദ്യോഗസ്ഥര്‍ (മുഹ്ത്തസീബ്)നിയമിതരായി. ലഹരിപദാര്‍ഥങ്ങള്‍ രാജ്യത്തുടനീളം നിരോധിക്കുകയും ഗണികകളെ നിഷ്കാസനം ചെയ്യുകയും ചെയ്തു. സംഗീതം, നൃത്തനൃത്ത്യങ്ങള്‍, ഘോഷയാത്ര, സതി എന്നിവ ചക്രവര്‍ത്തിക്കു ഹിതകരമായിരുന്നില്ല. വിശ്വസിച്ചത് തികച്ചും പാലിച്ചിരുന്ന ചക്രവര്‍ത്തിയെ മുസ്ലിങ്ങള്‍ വിശേഷിപ്പിച്ചിരുന്നത് 'സിന്താപീര്‍' (ജീവിച്ചിരിക്കുന്ന വിശുദ്ധന്‍) എന്നായിരുന്നു. എന്നാല്‍ മതഭക്തിയോടൊപ്പംതന്നെ മറ്റു മതങ്ങളോട് അസഹിഷ്ണുതയും ചക്രവര്‍ത്തി പ്രദര്‍ശിപ്പിച്ചിരുന്നതായി കരുതുന്നവരുണ്ട്. സിക്ക്, സത്നാമി, മറാഠാസമുദായങ്ങളുടെ വര്‍ധമാനമായ എതിര്‍പ്പ് സ്വാതന്ത്ര്യസമരമായി വളരാതിരിക്കുവാന്‍ അറംഗസീബ് പല പരിപാടികളും ആസൂത്രണം ചെയ്തു. അവയില്‍ പ്രധാനമായത് ഹിന്ദുദേവാലയങ്ങളുടെ പുനര്‍നിര്‍മാണം നിരോധിക്കുകയായിരുന്നു. ബനാറസിലെ ക്ഷേത്രംപോലെ ചില ക്ഷേത്രങ്ങള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ നശിപ്പിച്ചതൊഴിച്ചാല്‍ ക്ഷേത്രധ്വംസനം അറംഗസീബ് ഒരു പരിപാടിയായി അംഗീകരിച്ചിരുന്നതായി വിശ്വസിക്കാത്തവരുണ്ട്. 1679-ല്‍ വീണ്ടും ജിസ്യ ചുമത്തപ്പെട്ടു. ചക്രവര്‍ത്തി, ഉദ്യോഗങ്ങളില്‍ മുസ്ലിങ്ങളെ മാത്രം നിയമിച്ചിരുന്നുവെന്ന ഒരു അഭിപ്രായഗതിയും ഉണ്ട്. ചക്രവര്‍ത്തിയുടെ ഭരണാവസാനകാലത്ത് മുഗള്‍സാമ്രാജ്യസേവനത്തില്‍ അക്ബര്‍ചക്രവര്‍ത്തിയുടെ കാലത്തുള്ളതിനെക്കാള്‍ കൂടുതല്‍ ഹിന്ദു ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്. അക്ബറുടെ കാലത്ത് 41 ഹിന്ദു മന്‍സബ്ദാറന്‍മാരാണുണ്ടായിരുന്നതെങ്കില്‍ അറംഗസീബിന്റെ കാലത്ത് 104 പേര്‍ ഉണ്ടായിരുന്നു. രാജാ ജെയ്സിംഗ്, രാജാ മാന്‍സിംഗ്, രാജാ ജസ്വന്ത്സിംഗ് ആദിയായവര്‍ അറംഗസീബിന്റെ സൈനികമേധാവികളും പ്രവിശ്യാഗവര്‍ണര്‍മാരുമായിരുന്നു. എന്നാല്‍ വര്‍ധിച്ചുവന്ന ഹിന്ദുകലാപങ്ങളുടെ പശ്ചാത്തലത്തില്‍ ചക്രവര്‍ത്തിക്ക് ഹിന്ദുക്കളിലുണ്ടായിരുന്ന വിശ്വാസത്തിനു കോട്ടം തട്ടിയിരുന്നു.

ആഭ്യന്തരക്കുഴപ്പങ്ങള്‍

അറംഗസീബിന്റെ മതവീക്ഷണവും നയവും മുഗള്‍സാമ്രാജ്യത്തിന്റെ പതനത്തിന് ഒരതിരുവരെ കാരണമായിട്ടുണ്ടെന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു. സാമ്രാജ്യത്തിന്റെ നാനാഭാഗങ്ങളിലും പല കാരണങ്ങളാലും കലാപങ്ങള്‍ ഉണ്ടായി. മഥുരയിലെ കലാപത്തിന്റെ കാരണം മുഗള്‍ഫൌജ്ദാറായ അബ്ദുന്‍-നബിയുടെ തെറ്റായ നയമായിരുന്നു.

ജാട്ടുകളുമായുള്ള സംഘട്ടനം

നാട്ടുകാരായ ജാട്ടുകള്‍ തില്‍പ്പത്തിലെ ജമീന്ദാരായ ഗോക്ലയുടെ നേതൃത്വത്തില്‍ 1669-ല്‍ അവിടത്തെ ഫൌജ്ദാറെ വധിക്കുകയും ചക്രവര്‍ത്തിയുടെ അധികാരത്തെ വെല്ലുവിളിക്കുകയും ചെയ്തു. അവരെ കീഴടക്കിയത് മഥുരയിലെ പുതിയ ഫൌജ്ദാരായ ഹസന്‍ അലിഖാനായിരുന്നു. 1685-ല്‍ ജാട്ടുകള്‍ വീണ്ടും രാജാറാമിന്റെ നേതൃത്വത്തില്‍ അക്ബറുടെ സിക്കന്തറയിലെ ശവകുടീരം കൊള്ളയടിച്ചു. 1691-ല്‍ മുഗള്‍ സൈന്യം അവരെ തോല്പിച്ച് രാജാറാമിനെ വധിച്ചെങ്കിലും അറംഗസീബിന്റെ നിര്യാണാനന്തരം ജാട്ടുകള്‍ ഒരു പ്രബലശക്തിയായി വളര്‍ന്നു. ബുന്ദേല്‍ഖണ്ഡിലെ രാജാവായ ഛത്രസാല്‍, മുഗള്‍സേനയെ പരാജയപ്പെടുത്തി കിഴക്കന്‍ മാള്‍വയില്‍ പന്ന തലസ്ഥാനമാക്കി ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു (1671). നാര്‍നോള്‍ (പാട്യാല), മേവാഡ് ദേശങ്ങളിലെ ഹിന്ദുഭക്തരായ സത്നാമികളില്‍ ഒരുവനെ ഒരു മുഗള്‍ കാവല്‍ഭടന്‍ വധിച്ചതിനെത്തുടര്‍ന്ന് അവര്‍ ഇളകി. സത്നാമികളെ മുഗള്‍സൈന്യം പരാജിതരാക്കി.

സിക്കുകാരുമായുള്ള സംഘര്‍ഷം

സിക്കുകാര്‍ ഒരു അര്‍ധസൈനികസംഘടനയായി അറംഗസീബ് ചക്രവര്‍ത്തിയുടെ കാലത്ത് ഉയര്‍ന്നുവന്നു. സിക്കുകാരുടെ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ അമര്‍ഷം പൂണ്ട അറംഗസീബ് അവരെ ശത്രുക്കളായി കണക്കാക്കി. ഇദ്ദേഹം സിക്കു ഗുരു തേജ് ബഹദൂറിനെ വധിക്കുകയും ചക്രവര്‍ത്തിക്കെതിരായി കലാപങ്ങള്‍ സൃഷ്ടിക്കുന്ന കേന്ദ്രങ്ങള്‍ എന്ന നിലയ്ക്ക് സിക്ക് ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അതുവരെ സാമ്രാജ്യത്തിന്റെ നെടുംതൂണുകളായി വര്‍ത്തിച്ചിരുന്ന രജപുത്രരും അറംഗസീബിനെ എതിര്‍ക്കാന്‍ തുടങ്ങി. രാജാ ജസ്വന്ത്സിംഗ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പുത്രനുവേണ്ടി റീജന്റിനെ നിയമിച്ചത് രജപുത്രര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാകാന്‍ കാരണമായി. മുഗള്‍ ആധിപത്യം അവസാനിച്ചാല്‍ രാജസ്ഥാനിലെ ദുര്‍ഗാദാസിന്റെ നേതൃത്വത്തില്‍ രജപുത്രസാമ്രാജ്യം കെട്ടിപ്പടുക്കാമെന്ന മോഹം അവര്‍ക്കിടയില്‍ വേരൂന്നിക്കഴിഞ്ഞിരുന്നു. അംബര്‍ ഒഴികെ എല്ലാ രജപുത്രരാജ്യങ്ങളും യോജിച്ച് മുഗള്‍സൈന്യങ്ങളെ പലവട്ടം പരാജയപ്പെടുത്തി. രജപുത്രര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം പ്രാപിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുഗള്‍ സാമ്രാജ്യത്തിനു ബലക്ഷയം ഉണ്ടാക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു.

മഹാരാഷ്ട്രത്തിന്റെ വെല്ലുവിളി

മഹാരാഷ്ട്ര പ്രഭുക്കന്മാര്‍ ഇതിനകംതന്നെ മഹാരാഷ്ട്രത്തില്‍ പലയിടത്തും സ്വതന്ത്രഭരണം സംഘടിപ്പിച്ചിരുന്നു. അവരുടെ നേതാവായ ശിവാജിയെ (1627-80) പരാജയപ്പെടുത്തുന്നതിനു നിയുക്തനായ ഷെയ്സ്താഖാന്‍ 1663-ല്‍ പൂണെ പിടിച്ചെടുത്തു. പക്ഷേ, മുഗള്‍ പാളയത്തില്‍ തന്ത്രത്തില്‍ കടന്നു കൂടിയ ശിവാജി ഷെയ്സ്താഖാനെ മുറിവേല്പിച്ചു രക്ഷപ്പെടുകയാണുണ്ടായത്. ഈ പരാജയത്തിനു പകരം വീട്ടാന്‍ എത്തിയ മുഗള്‍ സൈന്യാധിപനായ രാജാ ജെയ്സിംഗ് ശിവാജിയെ വളഞ്ഞ് 1665-ല്‍ പുരന്തര്‍ സന്ധിയില്‍ ഒപ്പു വയ്പ്പിച്ചു. ഈ സന്ധിപ്രകാരം ശിവാജിക്കു തന്റെ കോട്ടകളില്‍ മിക്കതും മുഗളര്‍ക്കു വിട്ടുകൊടുക്കേണ്ടി വരികയും ബീജപ്പൂര്‍ രാജാവുമായുള്ള യുദ്ധത്തില്‍ അറംഗസീബിനെ സഹായിക്കുവാന്‍ സമ്മതിക്കേണ്ടി വരികയും ചെയ്തു. സന്ധിയിലെ മറ്റൊരു വ്യവസ്ഥയനുസരിച്ചു ചക്രവര്‍ത്തിയെ സന്ദര്‍ശിക്കുവാന്‍ ശിവാജി ആഗ്രയിലെത്തി. ഡര്‍ബാറില്‍ അപമര്യാദയായി പെരുമാറിയതിനു ചക്രവര്‍ത്തി ശിവാജിയെ വീട്ടുതടങ്കലില്‍ വച്ചുവെങ്കിലും അദ്ദേഹം തടവുചാടി രക്ഷപ്പെട്ടു. ബന്ധനമുക്തനായ ശിവാജി സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പിടിച്ചടക്കി അറംഗസീബിനു തുടര്‍ച്ചയായ അസ്വസ്ഥതയുണ്ടാക്കി. 1674-ല്‍ ശിവാജി മഹാരാഷ്ട്രത്തിലെ ഛത്രപതിയായി സ്ഥാനാരോഹണം ചെയ്തു. ശിവാജിയുടെ നിര്യാണം (1680) വരെ അറംഗസീബിനു മഹാരാഷ്ട്രന്മാരുടെ കഠിനമായ എതിര്‍പ്പു നേരിടേണ്ടി വന്നു.

ശിവാജിയുടെ ചരമത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രനും മഹാരാഷ്ട്രത്തിലെ ഛത്രപതിയുമായ ശംഭുജി 1683-ല്‍ പോര്‍ച്ചുഗീസുകാരുമായി യുദ്ധത്തിലേര്‍പ്പെട്ടു. ഈ തക്കം നോക്കി ചക്രവര്‍ത്തി മഹാരാഷ്ട്രം ആക്രമിച്ചു. കൈക്കൂലികൊണ്ടും പ്രലോഭനങ്ങള്‍കൊണ്ടും മഹാരാഷ്ട്രന്മാരുടെ ഇടയില്‍ അന്തഃഛിദ്രം വളര്‍ത്താന്‍ അറംഗസീബിനു കഴിഞ്ഞിരുന്നു. സംഗമേശ്വരത്തുവച്ചുണ്ടായ (1689) യുദ്ധത്തില്‍ മഹാരാഷ്ട്രര്‍ തോല്ക്കുകയും ശംഭുജിയെ മുഗളന്മാര്‍ തടവുകാരനായി പിടിക്കുകയും ചെയ്തു.

മഹാരാഷ്ട്രപ്രഭുക്കന്മാരുടെ ശക്തിവര്‍ധനയ്ക്കു കാരണം അശക്തരായ ഡക്കാനിലെ സുല്‍ത്താന്‍മാരാണെന്നു മനസ്സിലാക്കിയ അറംഗസീബ് അവരെ കൊന്നൊടുക്കുവാന്‍ തന്നെ തീരുമാനിച്ചു. ഡക്കാന്‍ ഗവര്‍ണര്‍ ആയിരിക്കുമ്പോഴും ഈ രാജ്യങ്ങള്‍ മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിക്കണമെന്നു ഷാജഹാന്‍ ചക്രവര്‍ത്തിക്ക് ഒന്നിലധികം പ്രാവശ്യം അദ്ദേഹം എഴുതിരുന്നു. 1686-ല്‍ ചക്രവര്‍ത്തി നേരിട്ടുതന്നെ സൈന്യത്തെ നയിച്ച് ബിജപ്പൂരിലെ ആദില്‍ ഷാഹി വംശത്തിലെ അവസാനത്തെ സുല്‍ത്താനായ സിക്കന്ദറെ തോല്പിച്ചു. 1687 സെപ്.-ല്‍ കുത്തബ് ഷാഹിവംശം ഭരിച്ചിരുന്ന ഗോല്‍ക്കൊണ്ടയും ആക്രമിച്ച് സാമ്രാജ്യത്തോടു ചേര്‍ത്തു. ഔറംഗബാദ് നഗരം (ഖിര്‍ക്കി) പുതുക്കി അവിടെ താജ്മഹലിനു സമാനമായ വേറൊരു ശവകുടീരം, തന്റെ പത്നിയുടെ സ്മാരകമായി നിര്‍മിക്കുകയും ചെയ്തു. തുടര്‍ന്ന് മഹാരാഷ്ട്ര തലസ്ഥാനമായ റെയ്ഗഢ് കീഴടക്കി. ശംഭുജിയുടെ പുത്രനായ സാഹുവിനെ ഡല്‍ഹിയിലേക്കു കൊണ്ടുപോയി. മഹാരാഷ്ട്രത്തില്‍ നേടിയ വിജയം ചക്രവര്‍ത്തിക്കു താത്കാലിക പ്രസിദ്ധി നേടിക്കൊടുത്തു.

ശംഭുജി വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായ രാജാറാം രാജ്യഭാരമേറ്റെടുത്തു. ജിഞ്ചി തലസ്ഥാനമാക്കി മഹാരാഷ്ട്രര്‍ വിമോചനസമരം ആരംഭിച്ചു. പക്ഷേ, മുഗള്‍സേന ജിഞ്ചി വളഞ്ഞു. സത്താറയില്‍വച്ച് മുഗള്‍സേന 1690-ല്‍ പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് അനേകം കോട്ടകള്‍ മഹാരാഷ്ട്രത്തില്‍നിന്നു വീണ്ടെടുക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. ജിഞ്ചി 1698-ല്‍ മഹാരാഷ്ട്രയ്ക്കു നഷ്ടപ്പെട്ടു. ഖാന്ദേഷിലും ബീറാറിലും വടക്കന്‍ കൊങ്കണത്തിലും മുഗള്‍സേന വിജയം നേടി. രാജാറാം നിര്യാതനായെങ്കിലും (1700) അദ്ദേഹത്തിന്റെ പത്നിയായ താരാബായി മഹാരാഷ്ട്രരെ ചക്രവര്‍ത്തിക്കെതിരെ അണിനിരത്തുകയും 1706-ല്‍ പല കോട്ടകള്‍ മുഗളന്മാരില്‍നിന്നും തിരിച്ചുപിടിക്കുകയും ചെയ്തു. അറംഗസീബിന്റെ പാളയം പലവട്ടം മഹാരാഷ്ട്രഭീഷണിക്കിരയായി. മഹാരാഷ്ട്രരെ ഭയന്ന് രക്ഷ തേടി പാളയം മാറ്റേണ്ട സന്ദര്‍ഭങ്ങളും വിരളമായിരുന്നില്ല. ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടിയതെല്ലാം അറംഗസീബിനു നഷ്ടപ്പെട്ടു.

അന്ത്യകാലം

അറംഗസീബിന്റെ അന്ത്യദിനങ്ങള്‍ ശോകഭരിതമായിരുന്നു. അറംഗസീബിന്റെ മൂത്ത പുത്രി 1702-ലും ഇളയ പുത്രിയും സഹോദരിയും 1706-ലും നിര്യാതരായി. സിംഹാസനത്തിനുവേണ്ടി പടപൊരുതുന്ന പുത്രന്മാരെ സമാധാനിപ്പിക്കുവാന്‍ അറംഗസീബിനു കഴിഞ്ഞില്ല. മൂത്ത പുത്രനായ അക്ബര്‍ രാജകുമാരന്‍ 1704-ല്‍ ശത്രുപക്ഷത്തു ചേര്‍ന്നു പിതാവിനെതിരായി ഗൂഢാലോചന നടത്തി. സിംഹാസനത്തിനുവേണ്ടി തന്റെ സന്താനങ്ങള്‍ തമ്മില്‍ സമരം ചെയ്യരുതെന്ന ആഗ്രഹത്തോടുകൂടി തന്റെ സാമ്രാജ്യം മക്കള്‍ക്കായി വിഭജിച്ചുകൊണ്ട് ഒരു മരണപത്രം അദ്ദേഹം തയ്യാറാക്കിയിരുന്നു.

അറംഗസീബ് 1706-ല്‍ രോഗബാധിതനായി. കാബൂള്‍ മുതല്‍ ചിറ്റഗോങ് വരെയും കാശ്മീര്‍ മുതല്‍ കാവേരി വരെയും വ്യാപിച്ചുകിടന്ന വിസ്തൃതമായ മുഗള്‍സാമ്രാജ്യം കെട്ടിപ്പടുത്ത അറംഗസീബ് 1707 മാ. 3-ന് അന്തരിച്ചു. ദൌലത്താബാദില്‍ ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം കബറടക്കി. അറംഗസീബ് പ്രോത്സാഹനം നല്കി പ്രസിദ്ധീകരിച്ച ഫത്ത്വ-എ-ആലംഗിരി (Fatwai-Alamgiri) ഇന്ത്യയില്‍ വിരചിതമായ ഏറ്റവും ആധികാരിക മുസ് ലീം നിയമഗ്രന്ഥമാണ്. നോ: അക്ബര്‍; മുഗള്‍വംശം; മുഗള്‍സാമ്രാജ്യം; ശിവാജി

(എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍