This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുരിശുയുദ്ധങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Crusades) |
Mksol (സംവാദം | സംഭാവനകള്‍) (→Crusades) |
||
വരി 57: | വരി 57: | ||
സാംസ്‌കാരികം. കുരിശുയുദ്ധങ്ങള്‍ക്ക് മുമ്പുതന്നെ സ്‌പെയിന്‍, സിസിലി മുതലായ കേന്ദ്രങ്ങളില്‍ ക്കൂടി ഇസ്‌ലാമിക സംസ്‌കാരം യൂറോപ്പിലേക്ക് പ്രവേശിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ഈ യുദ്ധങ്ങളാണ് ഈ പ്രസരണത്തെ ശക്തിപ്പെടുത്തിയതെന്നു പറയാം. പല അറബിപദങ്ങളും യൂറോപ്പില്‍ പ്രചരിച്ചു. കണ്ണാടി, വടക്കുനോക്കി, വെടിമരുന്ന്, കടലാസ്, അച്ചടി എന്നിവ ഈ കാലങ്ങളിലാണ് യൂറോപ്പില്‍ പ്രചരിച്ചതെന്നു കരുതപ്പെടുന്നു. ഭൂമിശാസ്‌ത്രപരമായ അറിവും വര്‍ധിച്ചു. വൈദ്യശാസ്‌ത്രങ്ങളും ചികിത്സാസമ്പ്രദായങ്ങളും കിഴക്കന്‍ നാടുകളില്‍ നിന്ന് ഇക്കാലത്താണ് യൂറോപ്പില്‍ പ്രചരിച്ചത്. | സാംസ്‌കാരികം. കുരിശുയുദ്ധങ്ങള്‍ക്ക് മുമ്പുതന്നെ സ്‌പെയിന്‍, സിസിലി മുതലായ കേന്ദ്രങ്ങളില്‍ ക്കൂടി ഇസ്‌ലാമിക സംസ്‌കാരം യൂറോപ്പിലേക്ക് പ്രവേശിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ഈ യുദ്ധങ്ങളാണ് ഈ പ്രസരണത്തെ ശക്തിപ്പെടുത്തിയതെന്നു പറയാം. പല അറബിപദങ്ങളും യൂറോപ്പില്‍ പ്രചരിച്ചു. കണ്ണാടി, വടക്കുനോക്കി, വെടിമരുന്ന്, കടലാസ്, അച്ചടി എന്നിവ ഈ കാലങ്ങളിലാണ് യൂറോപ്പില്‍ പ്രചരിച്ചതെന്നു കരുതപ്പെടുന്നു. ഭൂമിശാസ്‌ത്രപരമായ അറിവും വര്‍ധിച്ചു. വൈദ്യശാസ്‌ത്രങ്ങളും ചികിത്സാസമ്പ്രദായങ്ങളും കിഴക്കന്‍ നാടുകളില്‍ നിന്ന് ഇക്കാലത്താണ് യൂറോപ്പില്‍ പ്രചരിച്ചത്. | ||
- | ( | + | (പ്രൊഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ) |
Current revision as of 10:55, 24 നവംബര്‍ 2014
കുരിശുയുദ്ധങ്ങള്‍
Crusades
പതിനൊന്നാം ശതകത്തിന്റെ അന്ത്യഘട്ടത്തില്‍ (1095) പോപ്പിന്റെ പ്രരണയനുസരിച്ച് പശ്ചിമയൂറോപ്പിലെ ക്രസ്‌തവജനങ്ങളും പ്രഭുക്കന്മാരും നേതാക്കന്മാരും രാജാക്കന്മാരും ജെറുസലേം തുര്‍ക്കികളുടെ പക്കല്‍ നിന്നു വീണ്ടെടുക്കുന്നതിനുവേണ്ടി കുരിശിനെ സാക്ഷ്യപ്പെടുത്തി നടത്തിയ യുദ്ധങ്ങള്‍. 15-ാം ശതകത്തിന്റെ മധ്യംവരെ ഇതു നീണ്ടുനിന്നു. മതപരമായ കാരണങ്ങള്‍ക്കു പുറമേ ഫ്യൂഡല്‍ -വാണിജ്യതാത്‌പര്യങ്ങളും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഖലീഫ ഉമറിന്റെ കാലത്ത് (634-644) ജെറുസലേം മുസ്‌ലിങ്ങളുടെ കൈവശമായി. അന്നും അതിനു മുമ്പും ക്രിസ്‌ത്യാനികളും യഹൂദരും അവിടെ താമസിച്ചിരുന്നു. യേശുക്രിസ്‌തുവിന്റെ ജന്മസ്ഥലമായ നസ്രത്തിലേക്കുള്ള ക്രസ്‌തവരുടെ തീര്‍ഥാടനം റോമിലെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‌ക്കാണ് ആരംഭിച്ചത്. 11-ാം ശതകത്തില്‍ സെല്‍ ജൂക് തുര്‍ക്കികള്‍ അവരുടെ സ്വദേശമായ തുര്‍ക്കിസ്‌താനില്‍ നിന്ന് ആക്രമണലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചു. പേഴ്‌സ്യ കീഴടക്കിയ അവര്‍ പിന്നീട് സിറിയയിലും പലസ്‌തീനിലും ആധിപത്യമുറപ്പിച്ചു. 1071-ല്‍ ബൈസാന്തിയന്‍ സൈന്യത്തെ തോല്‍ പ്പിച്ചുകൊണ്ട് ഏഷ്യാമൈനറിലും തുര്‍ക്കികള്‍ തങ്ങളുടെ അധികാരം സ്ഥാപിച്ചു. അതോടെ ജെറുസലേമിലേക്ക് സ്വതന്ത്രമായി തീര്‍ഥാടനം ചെയ്‌തുപോന്നിരുന്ന ക്രിസ്‌ത്യന്‍ ജനതയ്‌ക്ക് ആ സ്വാതന്ത്യ്രം നഷ്‌ടപ്പെട്ടു. പല തീര്‍ഥാടകരെയും തുര്‍ക്കികള്‍ പീഡിപ്പിച്ചു. നഷ്‌ടപ്പെട്ട ഈ ആരാധനാസ്വാതന്ത്യ്രം വീണ്ടെടുക്കുവാനുള്ള പശ്ചിമയൂറോപ്പിലെ ക്രസ്‌തവ ജനതയുടെ ദൃഢനിശ്ചയമാണ് കുരിശുയുദ്ധങ്ങളുടെ പ്രാരംഭം കുറിച്ച പ്രധാന കാരണങ്ങളില്‍ ഒന്ന് എന്നു പറയപ്പെടുന്നു.
1095 നവംബറില്‍ പോപ്പ് അര്‍ബന്‍ കക ഫ്രാന്‍സിലെ ക്ലെര്‍മോണ്ടില്‍ വച്ച് ഒരു ചര്‍ച്ച് കൗണ്‍സിലില്‍ ചെയ്‌ത പ്രഭാഷണമാണ് ഒന്നാം കുരിശുയുദ്ധം തുടങ്ങുവാന്‍ ക്രിസ്‌ത്യാനികളെ പെട്ടെന്ന് പ്രരിപ്പിച്ചത്. എന്നാല്‍ ഇതിനു മുമ്പുതന്നെ പ്യാസെന്‍സ (Piacenza)യില്‍ വച്ച് ഇക്കാര്യം അദ്ദേഹം ചര്‍ച്ച ചെയ്‌തിരുന്നു. ആക്രമണകാരികളായ തുര്‍ക്കികള്‍ക്കെതിരായി ആയുധമെടുക്കുവാന്‍ അദ്ദേഹം ക്രസ്‌തവരോടാവശ്യപ്പെട്ടു. യുദ്ധം ചെയ്യുന്നവര്‍ക്ക് പാപമോചനവും മരണം പ്രാപിക്കുന്നവര്‍ക്ക് സ്വര്‍ഗവും വാഗ്‌ദാനം ചെയ്‌തു. "കുരിശു ചുമന്ന് എന്നെ പിന്തുടരാത്തവന്‍ എന്റെ ശിഷ്യനല്ല' എന്ന് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കടബാധ്യതകളില്‍ നിന്നും കേസുകളില്‍ നിന്നും നികുതികളില്‍ നിന്നും മോചനം വാഗ്‌ദാനം ചെയ്യപ്പെട്ടു.
കുരിശുയുദ്ധങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യത്തെ സൈനികസംഘത്തെ നയിച്ചത് ഒരു മതപ്രചാരകനായിരുന്ന പീറ്റര്‍ സന്ന്യാസി (Peter the Hermit)ആയിരുന്നു. ഈ സേനാദളം അസംഘടിതമായിരുന്നു. കൂടുതല്‍ സുസംഘടിതമായിരുന്ന മറ്റൊരു സംഘത്തെ "ദരിദ്രനായ വാള്‍ട്ടര്‍' (Walter the Penniless)എന്ന മതഭ്രാന്തന്‍ നയിച്ചു. ഈ രണ്ടു സംഘങ്ങള്‍ക്കും കാര്യമായ ഒരു സൈനികവിജയവും നേടാന്‍ കഴിഞ്ഞില്ല. നാല്‌പതിനായിരം വരുന്ന, സ്‌ത്രീകളും കുട്ടികളുമടങ്ങിയ ഒരു സൈന്യവുമായിട്ടാണ് പീറ്റര്‍ സന്ന്യാസി പുറപ്പെട്ടത്. കുരിശുയുദ്ധത്തിനു പുറപ്പെട്ട ഈ രണ്ടു സേനാവ്യൂഹങ്ങളെയും ഏഷ്യാമൈനറില്‍ വച്ച് തുര്‍ക്കികള്‍ നശിപ്പിച്ചു.
1096-ല്‍ ഗോഡ്‌സ്‌ക്കല്‍ എന്നൊരു ജര്‍മന്‍ സന്ന്യാസി ഇതുപോലൊരു സൈന്യത്തെ ശേഖരിച്ചു കൊള്ളയും കൊലയും സമരതന്ത്രങ്ങളാക്കി പുറപ്പെട്ടു. ഹംഗറിക്കാര്‍ അവരെ ചെറുത്തു നശിപ്പിച്ചു. നാലാമതു പുറപ്പെട്ടത് ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു സംഘമായിരുന്നു. തുര്‍ക്കികള്‍ വളരെ ദൂരെ ആയിരുന്നതുകൊണ്ട് അവര്‍ യഹൂദരെയാണ് എതിരിട്ടത്. ആയിരക്കണക്കിനു യഹൂദന്മാര്‍ വധിക്കപ്പെട്ടു. ഈ സംരംഭങ്ങള്‍ ആസൂത്രിതമായിരുന്നില്ല; മതപരമായ ആവേശമായിരുന്നു അവരെ പ്രധാനമായും നയിച്ചിരുന്നത്.
1097-ലാണ് ശരിയായ സജ്ജീകരണങ്ങളോടുകൂടിയ ഒരു സൈനിക സമാരംഭമുണ്ടായത്. യൂറോപ്പിലെ ഫ്യൂഡല്‍ രാജാക്കന്മാര്‍ സംഘടിപ്പിച്ച ഈ സൈന്യം ബ്യൂയോണിലെ ഗോഡ്‌ഫ്രയുടെ നേതൃത്വത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പുറപ്പെട്ടു. നൈസില്‍ എത്തിയ സൈന്യം പുതുതായി ഭടന്മാരെ ചേര്‍ത്ത് ഏഴുലക്ഷം വരുന്ന ശക്തമായ ഒരു സൈന്യത്തെ സജ്ജീകരിച്ചു. സൈന്യം നൈസും അന്തിയോഖും പിടിച്ചടക്കി. അന്തിയോഖിന്റെ ഉപരോധം ഒമ്പതുമാസക്കാലം നീണ്ടുനിന്നു. പിന്നീട് "മര്‍ അത്തു' നഗരവും പല കൊടുംക്രൂരതകള്‍ക്കിരയായി. ഒടുവില്‍ ഒരു മിന്നലാക്രമണം കൊണ്ട് അവര്‍ ജെറുസലേമും പിടിച്ചടക്കി; ക്രിസ്‌ത്യാനികളല്ലാത്ത എല്ലാവരെയും കൊന്നൊടുക്കി. അതോടുകൂടി 1099-ല്‍ ജെറൂസലേമില്‍ ഒരു ലത്തീന്‍ രാഷ്‌ട്രം സ്ഥാപിതമാകുകയും ബൂയോണിലെ ഗോഡ്‌ഫ്ര രാജാവായി വാഴിക്കപ്പെടുകയും ചെയ്‌തു. ജെറുസലേം കൂടാതെ, വടക്കുഭാഗത്ത് ട്രിപ്പൊളി, അന്തിയോഖ്, എഡേസ എന്നീ ഉപരാജ്യങ്ങളും അവര്‍ക്കധീനമായി. ഈ രാഷ്‌ട്രം ഏതാണ്ട് നൂറു സംവത്സരം നിലനിന്നു. ഇതോടുകൂടി ഒന്നാം കുരിശുയുദ്ധം അവസാനിച്ചു.
ഒരു വര്‍ഷത്തിനുശേഷം ഗോഡ്‌ഫ്രയുടെ പിന്‍ഗാമിയായി വന്ന ബാള്‍ഡ്വിന്‍ ക സീസറിയ ഉപരോധിച്ചു കീഴ്‌പ്പെടുത്തി. പിന്നീട് ട്രിപ്പൊളി, ടൈര്‍, സിഡോണ്‍ എന്നീ പട്ടണങ്ങളും പിടിച്ചടക്കി. സര്‍വത്ര കൂട്ടക്കൊലയ്‌ക്കായിരുന്നു ജേതാക്കള്‍ മുന്‍ഗണന നല്‌കിയിരുന്നത്. ട്രിപ്പൊളിയിലെ ലൈബ്രറിയും കോളജും വ്യവസായശാലകളുമെല്ലാം ഇവര്‍ അഗ്നിക്കിരയാക്കി.
1113-ല്‍ ബാള്‍ഡ്വിന്‍ ദമാസ്‌കസ് ആക്രമിച്ചു. ടൈബേറിയസ് യുദ്ധത്തില്‍ മുസ്‌ലിം സൈന്യങ്ങള്‍ ബാള്‍ഡ്വിന്റെ സേനയെ തോല്‌പിച്ചുവെങ്കിലും യൂറോപ്പില്‍ നിന്നു തുരുതുരെ വന്ന പോഷകസൈന്യങ്ങള്‍ ക്രിസ്‌ത്യാനികളുടെ നില വീണ്ടെടുത്തു. പട്ടണങ്ങള്‍ ഓരോന്നായി അവര്‍ക്ക് കീഴടങ്ങി. അവര്‍ പിന്നെയും മുന്നേറാന്‍ തുടങ്ങി. 1138-ല്‍ ക്രിസ്‌ത്യന്‍ യോദ്ധാക്കള്‍ സീസറിയയിലേക്ക് മാര്‍ച്ച് ചെയ്‌തു. സീസറിയയില്‍ അത്താനെബക് സങ്കി (zanki) അവരെ ചെറുത്തു. സങ്കി, ശക്തമായ ബാറിന്‍ കോട്ട തിരികെപ്പിടിക്കുകയും കുരിശുയുദ്ധക്കാരെ തോല്‌പിക്കുകയും ചെയ്‌ത സങ്കിക്ക് 1144-ല്‍ എഡേസയില്‍ അതിമഹത്തായ ഒരു വിജയം നേടിയെടുക്കുവാന്‍ കഴിഞ്ഞു. ശത്രുക്കളോടു പകപോക്കുന്നതിനു പകരം അവരെ സ്വതന്ത്രരാക്കുകയാണ് ഇദ്ദേഹം ചെയ്‌തത്. താമസിയാതെ സങ്കി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ നൂറുദ്ദീന്‍ മഹമ്മൂദ് അലിക്വോയിന്‍ സ്ഥാനാരോഹണം ചെയ്‌തു. ഈ സമയത്ത് ഓര്‍ക്കാപ്പുറത്തുണ്ടായ ഒരു ആക്രമണത്തെ നൂറുദ്ദീന്‍ മഹമ്മൂദ് സുധീരം നേരിട്ടു തോല്‌പിച്ചു.
ക്ലെര്‍വോയിലെ സെന്റ് ബെര്‍നാഡിന്റെ ആഹ്വാനമനുസരിച്ച് യൂറോപ്പില്‍ വീണ്ടും കുരിശുയുദ്ധസന്നാഹമാരംഭിച്ചു. 1147-ല്‍ ജര്‍മന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍റാഡ് III-ം ഫ്രാന്‍സിലെ ലൂയി VII-ം ചേര്‍ന്ന് ഒമ്പത് ലക്ഷം വരുന്ന ഒരു സൈന്യത്തെ സജ്ജമാക്കി. പക്ഷേ, സിറിയയിലേക്കുള്ള യാത്രയില്‍ ഈ രണ്ടു സൈന്യങ്ങളുമനുഭവിച്ച ദുരിതങ്ങളും പരാജയങ്ങളും അതിഭീകരമായിരുന്നു. കോണ്‍റാഡിന്റെ സൈന്യത്തില്‍ മിക്കവാറും ലൊഡീഷ്യായില്‍ വച്ചും കടലോരപ്രദേശങ്ങള്‍വഴി യാത്രചെയ്‌തിരുന്ന ലൂയിയുടെ സൈന്യം ഖദ്‌മൂസില്‍ വച്ചും മിക്കവാറും നശിപ്പിക്കപ്പെട്ടു. ലൂയി അന്തിയോഖിലെത്തിയപ്പോള്‍ സൈന്യത്തിലെ മുക്കാല്‍ ഭാഗവും നശിച്ചുകഴിഞ്ഞിരുന്നു. അന്തിയോഖില്‍ വിശ്രമിച്ചുകൊണ്ട് വീണ്ടും സൈന്യസജ്ജീകരണം നടത്തി; തുടര്‍ന്ന് ദമാസ്‌കസിലെത്തി ഉപരോധം ഏര്‍പ്പെടുത്തി. ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സെയിഫുദ്ദീന്‍ ഗാസി, നൂറുദ്ദീന്‍ മഹമ്മൂദ് എന്നിവരുടെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം അവരെ പിന്തിരിപ്പിച്ചു. കോണ്‍റാഡും ലൂയിയും യൂറോപ്പിലേക്ക് മടങ്ങിപ്പോയതോടെ ആ യുദ്ധം തത്‌കാലം അവസാനിച്ചു.
നൂറുദ്ദീന്‍ മഹമ്മൂദ് സങ്കി ഫ്രഞ്ചുകാര്‍ക്കെതിരായുള്ള തന്റെ സമരങ്ങള്‍ തുടര്‍ന്നു. സിറിയന്‍ അതിര്‍ത്തിയിലുള്ള "അല്‍ അറൈമ' എന്ന കോട്ട തിരികെപ്പിടിച്ചു. അധികം താമസിയാതെ അന്തിയോഖിനടുത്തു സഗറായില്‍ വച്ച് ശത്രുക്കള്‍ക്ക് കനത്ത നാശനഷ്‌ടമുണ്ടാക്കി അവരെ പരാജയപ്പെടുത്തുകയും ചെയ്‌തു. "അന്നെബ്' എന്ന സ്ഥലത്തുവച്ചുണ്ടായ യുദ്ധത്തില്‍ അന്തിയോഖിലെ രാജാവായിരുന്ന റെയിമണ്ടിനെ തോല്‌പിക്കുകയും വധിക്കുകയും ചെയ്‌തു. നൂറുദ്ദീന്‍ സങ്കി തന്റെ ജൈത്രയാത്ര തുടര്‍ന്നു. ജോസ്‌ലിന്‍ III-മായി ഏറ്റുമുട്ടി ഒരിക്കല്‍ പരാജയപ്പെട്ടെങ്കിലും താമസിയാതെ ജോസ്‌ലിനെ തോല്‌പിച്ചു തടവിലാക്കി. പട്ടണങ്ങള്‍ ഒന്നൊന്നായി ഇദ്ദേഹം പിടിച്ചെടുത്തു. ദുലൂക്കില്‍ വച്ചു ഫ്രഞ്ചുകാരെ തോല്‌പിച്ച് അന്തിയോഖിന്റെ വലിയൊരു ഭാഗം കീഴടക്കുകയും ചെയ്‌തു.
ജനങ്ങളുടെ അഭ്യര്‍ഥനയനുസരിച്ച് നൂറുദ്ദീന്‍ മഹമ്മൂദ് സങ്കി ദമാസ്‌കസിലെ സുല്‍ ത്താനായി; കുരിശുയുദ്ധക്കാരോട് ഇദ്ദേഹം തത്‌കാല സന്ധിയിലേര്‍പ്പെട്ടു. 1164-ല്‍ "ഹാരിമീ'ല്‍ വച്ചുണ്ടായ യുദ്ധത്തില്‍ ഫ്രഞ്ചുകാര്‍ പരാജിതരാവുകയും അവരില്‍ പ്രമുഖരായ പലരും തടവുകാരാക്കപ്പെടുകയും ചെയ്‌തു. 1164-ല്‍ ഷര്‍ക്കു എന്നൊരു സേനാധിപന്റെ നേതൃത്വത്തില്‍ അന്ന് ഈജിപ്‌തിലുണ്ടായിരുന്ന ഫ്രഞ്ചുസേനയെ തുരത്തി സങ്കി ഈജിപ്‌ത് സുരക്ഷിതമാക്കി.
1169-ല്‍ നൂറുദ്ദീന്‍ മഹമ്മൂദ് സങ്കിയുടെ ദേഹവിയോഗത്തെത്തുടര്‍ന്ന് വിശ്വസ്‌ത സേനാനായകനായിരുന്ന സാലഡിന്‍ എന്ന പ്രസിദ്ധനായ സലാഹുദ്ദീന്‍ അയൂബ് ഇക്കാലത്ത് ഈജിപ്‌തിലെ സുല്‍ ത്താനായിത്തീര്‍ന്നു. യൂറോപ്പില്‍ , അദ്ദേഹത്തിന്റെ ധീരസാഹസികതയ്‌ക്കും ധനലാഭത്തിനും പാപമോചനത്തിനും "അവിശ്വാസികളെ' തുരത്തുന്നതിനും വീണ്ടും സൈനികസന്നാഹങ്ങള്‍ നടന്നു. ജെറുസലേമിലെ ബാള്‍ഡ്‌വിന്‍ കഢ-മായി സാലഡിന്‍ ചെയ്‌തിരുന്ന സമാധാനസന്ധി നിലവിലുണ്ടായിരുന്ന ആ ഘട്ടത്തില്‍ , മോണ്ട്‌റീല്‍ , കരാക്ക് എന്നീ പ്രദേശങ്ങളുടെ ഭരണാധികാരിയായിരുന്ന റജിനോള്‍ഡ് സന്ധിവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് മുസ്‌ലിങ്ങളുടെ ഒരു കാരവാനെ ആക്രമിച്ചു സാധനങ്ങളെല്ലാം കൊള്ളചെയ്യുകയുണ്ടായി. സാലഡിന്‍ ഇതിനു നഷ്‌ടപരിഹാരം ചോദിച്ചിട്ടു ഫലമില്ലാതായപ്പോള്‍ ടൈബേറിയന്‍ തടാകതീരത്തുവച്ചു ക്രിസ്‌ത്യന്‍ സൈന്യങ്ങളെ തോല്‌പിച്ച് ടൈബേറിയസ് കോട്ട പിടിച്ചടക്കി. തുടര്‍ന്ന് കുരിശുയുദ്ധക്കാരുടെ നിയന്ത്രണത്തിലായിരുന്ന അനേകം പട്ടണങ്ങള്‍ തിരിച്ചുപിടിച്ച സാലഡിന്‍ പിന്നീട് ജെറുസലേമിലേക്കു തിരിഞ്ഞു (1187). ജെറുസലേമിലെ കോട്ടയ്‌ക്ക് മുന്‍പില്‍ നിലയുറപ്പിച്ചുകൊണ്ട് മാനമായി കീഴടങ്ങാനും രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കാനും അഭ്യര്‍ഥിച്ചു. പക്ഷേ കുരിശുയുദ്ധക്കാര്‍ കൂട്ടാക്കിയില്ല. ഇദ്ദേഹം നഗരം ഉപരോധിച്ചു. ചില ദിവസങ്ങള്‍ക്കുശേഷം ജെറുസലേം കീഴടങ്ങി. ബൂയോണിലെ ഗോഡ്‌ഫ്ര ഒഴുക്കിയ രക്തപ്പുഴയ്‌ക്ക് പകരം വീട്ടാന്‍ കിട്ടിയ ഈ അവസരം സാലഡിന്‍ ഉപയോഗിച്ചത് അവര്‍ക്കു സമാധാനത്തോടുകൂടി നാട്ടിലേക്ക് തിരിച്ചുപോകാനുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുത്തുകൊണ്ടായിരുന്നു.
ജെറുസലേമിന്റെ പതനം യൂറോപ്പില്‍ സൃഷ്‌ടിച്ച കോളിളക്കമാണ് മൂന്നാം കുരിശുയുദ്ധത്തിനു വഴി തെളിച്ചത്. ക്രിസ്‌തീയലോകത്തെ ഏറ്റവും വലിയ മൂന്നു ശക്തികളായ ജര്‍മന്‍ ചക്രവര്‍ത്തി ഫ്രഡറിക് ബാര്‍ബറോസ, ഫ്രാന്‍സിലെ രാജാവ് ഫിലിപ്പ് കക അഗസ്റ്റസ്, ഇംഗ്ലണ്ടിലെ രാജാവ് റിച്ചാര്‍ഡ് (ദ് ലയണ്‍ ഹാര്‍ട്ട്) എന്നീ മൂവരും ചേര്‍ന്നാണ് പുതിയ ആക്രമണത്തിന് ഒരുക്കം കൂട്ടിയത്. ടൈറ്റിലേക്കും ആക്രയി(acre)ലേക്കും കുരിശുയോദ്ധാക്കള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. കടല്‍ വഴിയാണ് ഭക്ഷണസാധനങ്ങളും യുദ്ധസാമഗ്രികളും എത്തിച്ചുകൊടുത്തിരുന്നത്. 1189 സെപ്. 14-നു സാലഡിന്റെ സേന ആക്രയില്‍ വച്ച് ഉപരോധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സൈനികശക്തി കുരിശുയുദ്ധക്കാരുടേതിനെ അപേക്ഷിച്ചു കുറവായിരുന്നു. ഈ സമയത്താണ്, യുദ്ധത്തിനായി പുറപ്പെട്ട ബാര്‍ബറോസ ചക്രവര്‍ത്തി വഴിക്കുവച്ചു മുങ്ങി മരിച്ചത്. അതോടുകൂടി അദ്ദേഹത്തിന്റെ സൈന്യത്തില്‍ ഭിന്നിപ്പു തുടങ്ങുകയും ഒട്ടുവളരെപ്പേര്‍ നാട്ടിലേക്കു തിരിച്ചുപോവുകയും ചെയ്‌തു. അവശേഷിച്ച സൈന്യവിഭാഗം ചക്രവര്‍ത്തിയുടെ പുത്രനായ ഡ്യൂക്ക് ഒഫ് സ്വാബീയയുടെ നേതൃത്വത്തില്‍ പലസ്‌തീനിലെത്തിയെങ്കിലും വേഗം നാട്ടിലേക്കു തന്നെ തിരിച്ചു പോവുകയാണുണ്ടായത്.
കുരിശുയുദ്ധക്കാര്‍ക്ക് പുതിയ പോഷകസൈന്യങ്ങള്‍ വന്നുകൊണ്ടിരുന്നു. ജയപരാജയങ്ങള്‍ മാറിമാറി ഇരുഭാഗത്തുമുണ്ടായി. വിജയം ആസന്നമായി എന്ന ഘട്ടത്തില്‍ സാലഡിന്‍ രോഗഗ്രസ്‌തനായി. ശൈത്യകാലമാരംഭിച്ചതിനാല്‍ മറുവശത്തു ഫ്രഞ്ച്‌സേനകള്‍ വിഷമിച്ചുകൊണ്ടിരുന്നു. ഫിലിപ്പ് അഗസ്റ്റസും റിച്ചാര്‍ഡും രോഗാതുരരായി. രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന ഉപരോധം ഒടുവില്‍ , ചില നിബന്ധനകളനുസരിച്ച് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ ഈ നിബന്ധനകളെ ഒട്ടും മാനിക്കാതെ റിച്ചാര്‍ഡിന്റെ പട്ടാളക്കാര്‍ മുസ്‌ലിം ഭടന്മാരെ കടന്നാക്രമിച്ചു. ഒടുവില്‍ സന്ധിനിര്‍ദേശങ്ങള്‍ ഉന്നയിക്കപ്പെട്ടു. റിച്ചാര്‍ഡിന്റെ വിധവയായ സഹോദരിയെ സുല്‍ ത്താന്റെ സഹോദരന്‍ മാലിക് അല്‍ അദാലിന്നു വിവാഹം ചെയ്‌തുകൊടുക്കാമെന്നും റിച്ചാര്‍ഡും സാലഡിനും പിടിച്ചെടുത്ത ചില നഗരങ്ങള്‍ അവര്‍ക്ക് വിവാഹസമ്മാനമായി കൊടുക്കാമെന്നുമായിരുന്നു വ്യവസ്ഥകള്‍. പക്ഷേ റിച്ചാര്‍ഡിന്റെ വൈദികര്‍ അതിനു സമ്മതിച്ചില്ല. ഒടുവില്‍ താന്താങ്ങള്‍ കൈവശം വച്ചിരുന്ന രാജ്യങ്ങള്‍ അതേപടിയിരുന്നുകൊള്ളട്ടെ എന്ന അടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കപ്പെട്ടു; യുദ്ധവിരാമം പ്രഖ്യാപിക്കപ്പെട്ടു; റിച്ചാര്‍ഡ് തിരികെ പോവുകയും ചെയ്‌തു. കുരിശുയുദ്ധക്കാര്‍ക്ക് ഈ യുദ്ധത്തിലുണ്ടായ നേട്ടം ആക്ര പിടിച്ചെടുത്തതാണെന്നു പറയാം. അങ്ങനെ മൂന്നാം കുരിശുയുദ്ധം അവസാനിച്ചു.
പോപ്പ് ഇന്നസെന്റി(ഭ.കാ. 1198-1216)ന്റെ കാലത്താണ് കുരിശുയുദ്ധം നാടകീയമായ മാറ്റങ്ങള്‍ക്ക് വിധേയമായത്. മുസ്‌ലിം അധികാരത്തിന്റെ കേന്ദ്രമായി മാറിയ ഈജിപ്‌ത് ആക്രമിക്കാന്‍ പോപ്പ് പദ്ധതിയിട്ടുവെങ്കിലും വെനീസുകാര്‍ തന്ത്രപരമായി ഇത് ബസാന്തിയയ്‌ക്കെതിരായ ഒരു യുദ്ധമാക്കി മാറ്റുകയും 1204-ല്‍ പശ്ചിമസേന കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരം പിടിച്ചടക്കി നശിപ്പിക്കുകയും ചെയ്‌തു. ക്രിസ്‌തീയ ഭരണത്തിന്‍കീഴിലായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിനെതിരായി നടന്ന യുദ്ധം പോപ്പിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചെങ്കിലും അദ്ദേഹത്തിന് അത് നിയന്ത്രിക്കാനായില്ല.
പോപ്പിന്റെ അധികാരത്തിന്‍ കീഴില്‍ നടന്ന അവസാനത്തെ കുരിശുയുദ്ധത്തിന് (അഞ്ചാം കുരിശുയുദ്ധം) 1215-ലെ ലാറ്റെറന്‍ കൗണ്‍സിലാണ് (Lateran Council) തുടക്കം കുറിച്ചത്. ഈ യുദ്ധവും ലക്ഷ്യം വച്ചത് ഈജിപ്‌തിലായിരുന്നുവെങ്കിലും നൈല്‍ നദിയിലുണ്ടായ വെള്ളപ്പൊക്കം പടയാളികള്‍ കെയ്‌റോ(cairo)യിലെത്തുന്നതിന് വിഘാതം സൃഷ്‌ടിക്കുകയും 1221-ല്‍ കുരിശുയുദ്ധക്കാര്‍ ഇവിടം വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്‌തു. സുല്‍ ത്താന്‍ കാമിലി(Sultan Kamil)നും ഫ്രാന്‍സിസ് അസീസി(Francis Assisi)യ്‌ക്കുമിടയില്‍ നടന്ന ചര്‍ച്ചയാണ് അഞ്ചാം കുരിശുയുദ്ധത്തിലെ ഒരു സവിശേഷസംഭവമായി ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
യുദ്ധമൊഴിവാക്കി നയതന്ത്രജ്ഞതയിലൂന്നിക്കൊണ്ട് നടത്തിയ ആറാം കുരിശുയുദ്ധം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. പോപ്പിന്റെ പരമാധികാരത്തിനെതിരായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രാജ്യഭ്രഷ്‌ടനാക്കപ്പെട്ട ഫ്രഡറിക് II (Frederick II)1228-ല്‍ സുല്‍ ത്താന്‍ കാമിലുമായി നടത്തിയ നയതന്ത്രചര്‍ച്ചയ്‌ക്കൊടുവില്‍ 1229-ല്‍ ഒരു ഉടമ്പടിയിലെത്തുകയും ഉടമ്പടിപ്രകാരം ക്രിസ്‌ത്യാനികള്‍ക്ക് ജെറുസലേമിന്റെ അധികാരം 10 വര്‍ഷത്തേക്ക് പുനഃസ്ഥാപിച്ചുകിട്ടുകയും ചെയ്‌തു.
ഏഷ്യയില്‍ മംഗോള്‍ ആധിപത്യം സ്ഥാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജെങ്കിസ് ഖാനുമായി ചേര്‍ന്ന് അടുത്ത യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ പോപ്പ് നടത്തുകയും (1245) ഫ്രാന്‍സിലെ ലൂയി കത 1249-ല്‍ ഈജിപ്‌തിലേക്ക് കുരിശുയുദ്ധം നടത്തുകയും ചെയ്‌തെങ്കിലും മുന്‍ശ്രമങ്ങളെപ്പോലെ ഇതും വിഫലമാവുകയാണുണ്ടായത്. 1250-ല്‍ ഈജിപ്‌തിലുണ്ടായ ആഭ്യന്തര കലാപങ്ങള്‍ സലാഡിന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്നും പുറന്തള്ളുകയും മാംലൂക്കു(Mamluks)കളുടെ ഭരണം സ്ഥാപിക്കപ്പെടുവാന്‍ കാരണമാവുകയും ചെയ്‌തു. 1260-ല്‍ മാംലൂക്കുകളുടെ സൈന്യം നസ്രത്തിനു സമീപത്തുവച്ച് മംഗോളുകളെ പരാജയപ്പെടുത്തിയതോടെ മംഗോളുകളുടെ ഭീഷണിയും അവസാനിച്ചു. 1291-ല്‍ കുരിശുയുദ്ധക്കാര്‍ക്ക് അവസാനതാവളമായ ആക്രയും(Acri) നഷ്‌ടപ്പെട്ടത് കുരിശുയുദ്ധപരമ്പരയുടെ പരിസമാപ്‌തിയായാണ് പല ചരിത്രകാരന്മാരും വിലയിരുത്തുന്നത്.
മധ്യകാലഘട്ടചരിത്രത്തില്‍ സുപ്രധാനസ്ഥാനമാണ് കുരിശുയുദ്ധങ്ങള്‍ക്കുള്ളത്. പൂര്‍വദേശങ്ങളില്‍ നിന്നും ക്രിസ്‌തുമതസേനകള്‍ തുരത്തിയോടിക്കപ്പെട്ടതിനാല്‍ കുരിശുയുദ്ധങ്ങള്‍ യുദ്ധപരമായി പരാജയമായിരുന്നു. യൂറോപ്പിന്റെ കടല്‍ കടന്നുള്ള ആദ്യകോളനിവത്‌കരണം എന്ന നിലയിലും ഇവ വിജയം കണ്ടില്ല. എന്നാല്‍ ഒരു പൊതുലക്ഷ്യത്തിനുവേണ്ടി പശ്ചാത്യരാജ്യങ്ങളെ ഒന്നിപ്പിക്കാനും അവര്‍ക്കിടയില്‍ ഐക്യത്തിന്റെ അവബോധം സൃഷ്‌ടിക്കാനും കുരിശുയുദ്ധങ്ങള്‍ക്കു കഴിഞ്ഞു എന്നത് തര്‍ക്കമില്ലാത്ത വസ്‌തുതയാണ്.
കുരിശുയുദ്ധങ്ങളുടെ ഫലങ്ങള്‍. കുരിശുയുദ്ധങ്ങളുടെ പ്രഖ്യാപിതോദ്ദേശ്യങ്ങളെ സംബന്ധിച്ചിടത്തോളം അവ പരാജയങ്ങളായിരുന്നു. ക്രിസ്‌തുമത താത്‌പര്യങ്ങളൊന്നും സംരക്ഷിക്കുവാന്‍ ഈ യുദ്ധങ്ങള്‍കൊണ്ടു സാധിച്ചിട്ടില്ല; നേരെ വിരുദ്ധങ്ങളായ ഫലങ്ങളുണ്ടാകുകയും ചെയ്‌തു. നാലാം കുരിശുയുദ്ധത്തില്‍ ക്രിസ്‌ത്യാനികള്‍ കോണ്‍സ്റ്റാന്റിനോപ്പിളിനെ ആക്രമിച്ചു കൊള്ളചെയ്‌ത് അതിന്റെ ശക്തി കുറച്ചത് ഇസ്‌ലാമിന്റെ കിഴക്കന്‍ യൂറോപ്പിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കി.
ആദ്യത്തെ കുരിശുയുദ്ധം മാര്‍പ്പാപ്പയുടെ ശക്തിയും പ്രതാപവും വര്‍ധിപ്പിക്കാന്‍ സഹായിച്ചുവെങ്കിലും, പിന്നീടുണ്ടായ യുദ്ധങ്ങള്‍ അവയെ കൂടുതല്‍ കൂടുതല്‍ തകര്‍ക്കുകയാണു ചെയ്‌തത്. ഒന്നാം കുരിശുയുദ്ധക്കാലത്തു തന്നെ അര്‍ധമതാധിഷ്‌ഠിതങ്ങളും അര്‍ധസൈനികങ്ങളുമായ പുതിയ മതവിഭാഗങ്ങള്‍ ആവിര്‍ഭവിച്ചു. അവയില്‍ മുഖ്യമായവ കാവല്‍ ഭടന്മാര്‍ (The Knights Templars), സേവകസേന (Knights Hospitallers)എന്നിവയായിരുന്നു. ആദ്യത്തെ കൂട്ടര്‍ സാധുക്കളായ തീര്‍ഥയാത്രക്കാരെ രക്ഷിക്കാനും രണ്ടാമത്തെ സംഘം ആതുരരെ ശുശ്രൂഷിക്കാനും നിയോഗിക്കപ്പെട്ടവരാണ്. പക്ഷേ ഇവര്‍ ജനങ്ങളില്‍ മതഭ്രാന്തുകളിളക്കിവിട്ടു. യഹൂദഹിംസയ്‌ക്കും "ഇന്‍ക്വിസിഷന്‍' (Inquisition)എന്ന കുപ്രസിദ്ധമായ "വിചാരണ' പ്രസ്ഥാനം ശക്തിപ്രാപിക്കാനും ഈ അന്ധമായ മതഭ്രാന്ത് വളരെ സ്വാധീനിച്ചിട്ടുണ്ട്.
രാഷ്‌ട്രീയഫലങ്ങള്‍. രാഷ്‌ട്രീയമായും ഈ യുദ്ധങ്ങള്‍ പരാജയമായിരുന്നു. ക്രിസ്‌ത്യാനികള്‍ക്ക് ജെറുസലേമിനെ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഈ യുദ്ധങ്ങള്‍ കൊണ്ടുണ്ടായ ക്ഷീണം, മംഗോള്‍ ആക്രമണങ്ങളെ ചെറുക്കാന്‍ മുസ്‌ലിം രാഷ്‌ട്രങ്ങളെ ശക്തരല്ലാതാക്കി.
ഫ്യൂഡല്‍ വ്യവസ്ഥിതി ഇല്ലാതാക്കാന്‍ കുരിശുയുദ്ധങ്ങള്‍ സഹായിച്ചു. ദേശീയബോധം വളര്‍ത്താനും ഈ യുദ്ധങ്ങള്‍ സഹായിച്ചിട്ടുണ്ട്. വിവിധ രാഷ്‌ട്രങ്ങളില്‍ നിന്നെത്തിയ ജനങ്ങള്‍ ഒന്നിച്ചുകൂടിയപ്പോള്‍ രാഷ്‌ട്രീയ താത്‌പര്യങ്ങളെക്കുറിച്ചും പരസ്‌പരവ്യത്യാസങ്ങളെക്കുറിച്ചും അവര്‍ ബോധവാന്മാരായി. നഗരങ്ങളുടെ ആവിര്‍ഭാവത്തിനും ഈ യുദ്ധങ്ങള്‍ സഹായിച്ചു. ഇറ്റാലിയന്‍ നഗരങ്ങള്‍ ഇക്കാലത്ത് വാണിജ്യപരമായി വളരെയധികം പുരോഗതി പ്രാപിച്ചു.
സാമ്പത്തികം. പാശ്ചാത്യ പൗരസ്‌ത്യനാടുകള്‍ തമ്മില്‍ വാണിജ്യബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ കുരിശുയുദ്ധങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ വ്യാപാരികള്‍ മെഡിറ്ററേനിയന്‍ ആധിപത്യം സ്ഥാപിച്ചു. കപ്പല്‍ ഗതാഗതം വര്‍ധിച്ചു. പൗരസ്‌ത്യദേശങ്ങളിലെ ഉത്‌പന്നങ്ങളായ പട്ട്, പഞ്ചസാര, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്‌ക്ക് യൂറോപ്പില്‍ വിപണനരംഗങ്ങള്‍ വര്‍ധിച്ചു. ബാങ്കിങ് വ്യവസായം പുതിയ വികസനമാര്‍ഗങ്ങള്‍ കണ്ടുപിടിച്ചു.
സാമൂഹികം. ഫ്യൂഡല്‍ ജന്മിമാരുടെ കീഴില്‍ നിന്നു കുടിയാന്മാര്‍ വിമോചിതരായി എന്നതാണ് ഈ യുദ്ധങ്ങള്‍കൊണ്ടുണ്ടായ ഏറ്റവും വലിയ സാമൂഹികപരിവര്‍ത്തനം.
സാംസ്‌കാരികം. കുരിശുയുദ്ധങ്ങള്‍ക്ക് മുമ്പുതന്നെ സ്‌പെയിന്‍, സിസിലി മുതലായ കേന്ദ്രങ്ങളില്‍ ക്കൂടി ഇസ്‌ലാമിക സംസ്‌കാരം യൂറോപ്പിലേക്ക് പ്രവേശിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ഈ യുദ്ധങ്ങളാണ് ഈ പ്രസരണത്തെ ശക്തിപ്പെടുത്തിയതെന്നു പറയാം. പല അറബിപദങ്ങളും യൂറോപ്പില്‍ പ്രചരിച്ചു. കണ്ണാടി, വടക്കുനോക്കി, വെടിമരുന്ന്, കടലാസ്, അച്ചടി എന്നിവ ഈ കാലങ്ങളിലാണ് യൂറോപ്പില്‍ പ്രചരിച്ചതെന്നു കരുതപ്പെടുന്നു. ഭൂമിശാസ്‌ത്രപരമായ അറിവും വര്‍ധിച്ചു. വൈദ്യശാസ്‌ത്രങ്ങളും ചികിത്സാസമ്പ്രദായങ്ങളും കിഴക്കന്‍ നാടുകളില്‍ നിന്ന് ഇക്കാലത്താണ് യൂറോപ്പില്‍ പ്രചരിച്ചത്.
(പ്രൊഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ)