This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടിയോടി, കെ.ജി.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) |
Current revision as of 06:42, 31 ജനുവരി 2008
അടിയോടി, കെ.ജി. (1937 - 2001)
കേരളീയ ജന്തുശാസ്ത്രജ്ഞന്‍. കേണോത്ത് ഗോവിന്ദന്‍ അടിയോടി 1937 ഫെ. 18-ന് കണ്ണൂര്‍ ജില്ലയിലെ പെരളത്ത് ജനിച്ചു. അച്ഛന്‍ തൃക്കരിപ്പൂരില്‍ കാവില്‍ കാമ്പ്രത്ത് ഗോവിന്ദ പൊതുവാള്‍. മാതാവ് കേണോത്ത് ലക്ഷ്മി പിള്ളയാതിരി അമ്മ. മംഗലാപുരം സെന്റ് ആഗ്നസ് കോളജ്, കോഴിക്കോടു ദേവഗിരി സെന്റ് ജോസഫ്സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. 1964-70 വരെ കേരള സര്‍വകലാശാലാ ജന്തുശാസ്ത്രവകുപ്പില്‍ ഫോര്‍ഡ് ഫൌണ്ടേഷന്റെ ഗവേഷണ പ്രോജക്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു. കീടങ്ങളുടെ ന്യൂറോ എന്‍ഡോക്രൈനോളജിയില്‍ ഇദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ക്ക് 1970-ല്‍ പി.എച്ച്.ഡി. ബിരുദം ലഭിച്ചു. ഇതിനുശേഷം മലയാളം എന്‍സൈക്ളോപീഡിയയില്‍ ആറുമാസക്കാലം ശാസ്ത്രവിഭാഗം എഡിറ്ററായിരുന്നു. തുടര്‍ന്ന് കോഴിക്കോടു സര്‍വകലാശാലാജന്തുശാസ്ത്ര വിഭാഗത്തില്‍ റീഡറായി ചേര്‍ന്ന അടിയോടി 1977-ല്‍ പ്രൊഫസറും പിന്നീട് ജന്തുശാസ്ത്രവകുപ്പു മേധാവിയും സയന്‍സ്ഫാക്കല്‍റ്റിഡീനും ആയി.
1977-78-ല്‍ ബ്രിട്ടനിലും പിന്നീട് ജര്‍മനിയിലെ കോണ്‍(ഗീവി) സര്‍വകലാശാലയിലും ഫ്രാന്‍സിലെ പാരീസ് സര്‍വകലാശാലയിലും അടിയോടി ഗവേഷണം നടത്തി. ക്രസ്റ്റേഷ്യന്‍ പ്രത്യുത്പാദന ഫിസിയോളജിയിലാണ് പിന്നീട് ഇദ്ദേഹം ഗവേഷണം തുടര്‍ന്നത്.
ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇംഗ്ളീഷിലും മലയാളത്തിലും 300-ല്‍ അധികം ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെയ്യവും തിറയും, 1965-ലെ എം.പി.പോള്‍ പുരസ്കാരം ലഭിച്ച ജീവന്റെ ഉദ്ഭവവും ഭാവിയും, കേരളത്തിലെ വിഷപ്പാമ്പുകള്‍, പ്രാഥമിക ജന്തുശാസ്ത്രം എന്നിവയാണ് പ്രധാന കൃതികള്‍.
ഇദ്ദേഹത്തിന്റെ നിരവധി ഗവേഷണങ്ങളില്‍ ഭാര്യ ഡോ. റീത്തയും പങ്കാളിയായിരുന്നു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഒഫ് ഇന്‍വെര്‍ട്ടിബ്രേറ്റ് റിപ്രൊഡക്ഷന്‍ (കടകഞ) എന്ന സംഘടന രൂപീകരിച്ച അടിയോടിതന്നെയായിരുന്നു 1986 വരെ അതിന്റെ സെക്രട്ടറി ജനറല്‍. വിക്രം സാരഭായ് മെമ്മോറിയല്‍ അവാര്‍ഡ് (1980), വൃക്ഷമിത്ര അവാര്‍ഡ് (1986), ഇന്ദിരാഗാന്ധി പര്യവരണ്‍ അവാര്‍ഡ് (1989) എന്നീ ദേശീയ പുരസ്കാരങ്ങളും 1990-ല്‍ ഗ്ളോബല്‍ 500 അവാര്‍ഡ്, യുനെസ്ക്കോ സമ്മാനം (1989), റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് എന്നീ അന്തര്‍ദേശീയ പുരസ്കാരങ്ങളും അടിയോടിക്ക് ലഭിച്ചിട്ടുണ്ട്.
1994-96-ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ അടിയോടി ദേശീയ ശാസ്ത്രവേദിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു. യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗമായിരിക്കെ 2001 മേയ് 28-ന് ന്യൂഡല്‍ഹിയില്‍ അടിയോടി അന്തരിച്ചു.