This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറബി ജ്യോതിശ്ശാസ്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =അറബി ജ്യോതിശ്ശാസ്ത്രം= Arabic Astronomy എ.ഡി. 8-ാം ശ. മുതല്‍ 18-ാം ശ. വരെ മധ്യ...) |
(→അറബി ജ്യോതിശ്ശാസ്ത്രം) |
||
വരി 33: | വരി 33: | ||
പിന്നീട് സ്പെയ്ന്‍ കേന്ദ്രീകരിച്ച് ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും, പില്ക്കാലത്ത് അതെല്ലാം യൂറോപ്പിന്റെ സംഭാവനയായിട്ടാണ് അറിയപ്പെട്ടത്. നോ: അല്‍ തൂസി, അല്‍ ബത്താനി, അല്‍ സൂഫി, അല്‍ ഹസന്, ഉലൂഗ് ബേഗ് | പിന്നീട് സ്പെയ്ന്‍ കേന്ദ്രീകരിച്ച് ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും, പില്ക്കാലത്ത് അതെല്ലാം യൂറോപ്പിന്റെ സംഭാവനയായിട്ടാണ് അറിയപ്പെട്ടത്. നോ: അല്‍ തൂസി, അല്‍ ബത്താനി, അല്‍ സൂഫി, അല്‍ ഹസന്, ഉലൂഗ് ബേഗ് | ||
+ | |||
+ | [[Category:ജ്യോതി:ശാസ്ത്രം]] |
Current revision as of 08:22, 17 ജൂണ്‍ 2011
അറബി ജ്യോതിശ്ശാസ്ത്രം
Arabic Astronomy
എ.ഡി. 8-ാം ശ. മുതല്‍ 18-ാം ശ. വരെ മധ്യേഷയിലും ഇതര അറേബ്യന്‍ നാടുകളിലും പ്രചാരത്തിലിരുന്ന ജ്യോതിശ്ശാസ്ത്ര സംസ്കൃതിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പൊതുസംജ്ഞ. ഈ മേഖലയില്‍ ജ്യോതിശ്ശാസ്ത്രത്തിനുണ്ടായ വളര്‍ച്ചയെയും വികാസത്തെയും സൂചിപ്പിക്കാനും ഈ സംജ്ഞ ഉപയോഗിക്കുന്നുണ്ട്. മധ്യേഷ്യ മുതല്‍ സ്പെയിന് വരെ നീണ്ടുകിടക്കുന്ന വിശാലമായ ഒരു ഭൂപ്രദേശത്തായിരുന്നു അറബി ജ്യോതിശ്ശാസ്ത്രം പ്രചാരത്തിലുണ്ടായിരുന്നത്. വിവിധ ദേശീയ-ഭാഷാ വിഭാഗങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ആ സമൂഹത്തെ പൊതുവില്‍ ഏകീകരിച്ചിരുന്ന കണ്ണി ഇസ്ലാം മതമായിരുന്നതിനാല്‍ ഇത് ഇസ്ലാമിക ജ്യോതിശ്ശാസ്ത്രം എന്ന പേരിലും അറിയപ്പെടുന്നു.
മുഹമ്മദ് നബിക്ക് മുന്‍പുള്ള കാലഘട്ടത്തെ ജാഹിലിയ്യായുഗം (ഇരുണ്ടയുഗം) എന്നാണ് ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത്. ഇക്കാലത്ത് അവിടെ ഗ്രീക് ജ്യോതിശ്ശാസ്ത്രത്തില്‍ നിന്നും, പ്രത്യേകിച്ച് ടോളമിയുടെ പ്രപഞ്ചസിദ്ധാന്തത്തില് നിന്നും മറ്റും സ്വീകരിച്ച ഒരു ജ്യോതിശ്ശാസ്ത്ര പാരമ്പര്യമാണ് നിലവിലുണ്ടായിരുന്നത്. ഇതിനെ പൂര്‍ണമായും നിരാകരിക്കാതെയുള്ള ഒരു ജ്യോതിശ്ശാസ്ത്രപാരമ്പര്യമാണ് മുഹമ്മദ് നബിയുടെ കാലത്തും പിന്തുടര്ന്നത്. ഉദാഹരണമായി, നിലവിലുണ്ടായിരുന്ന കലണ്ടറിനെ പരിഷ്കരിക്കാന്‍ അറബികള്‍ തയ്യാറായില്ല. 291/2 ദിവസമുള്ള ചാന്ദ്രമാസവും 12 ചാന്ദ്രമാസങ്ങള്‍ ചേര്‍ന്ന വര്‍ഷവുമുള്ള കലണ്ടറാണ് അവര്‍ ഉപയോഗിച്ചത്. ഈ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം 354 ദിവസമായിരിക്കും. ഇതുമൂലം, എല്ലാ അറബിമാസങ്ങളും എല്ലാ ഋതുക്കളിലൂടെയും സഞ്ചരിക്കും. 33 വര്‍ഷം കൊണ്ടായിരിക്കും ഈ കലണ്ടര്‍ പ്രകാരം ഒരു ചക്രം പൂര്‍ത്തിയാവുക.
ഇക്കാലത്ത്, അറബികള്‍ ജ്യോതിശ്ശാസ്ത്രത്തെ മുഖ്യമായും ആശ്രയിച്ചിരുന്നത് നക്ഷത്രങ്ങളെ അവലംബിച്ച് ദിശ നിര്‍ണയിക്കാനും ഓരോ സ്ഥലത്തുമുള്ള അക്ഷാംശ രേഖാംശങ്ങളെ അറിയാനുമായിരുന്നു. ഇതിനു പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുണ്ടായിരുന്നത്. മരുഭൂപ്രദേശമായ അറേബ്യയില്‍ ദീര്ഘയാത്രകള് ഏറെയും രാത്രികാലത്തായിരുന്നതുകൊണ്ട് ദിശയറിയാന്‍ നക്ഷത്രങ്ങളുടെ സഹായം വേണ്ടിയിരുന്നു. വ്യാപാരാര്‍ഥം കപ്പലില്‍ യാത്രചെയ്യുന്നവര്‍ക്കും അതു വേണ്ടിവന്നു. മതപരമായ കാരണങ്ങളായിരുന്നു രണ്ടാമത്തേത്. മുസ്ലിങ്ങള്‍ ദിവസവും അഞ്ചുനേരം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട നമസ്കാരം മക്കയിലെ കഅ്ബയ്ക്ക് (ഖിബ് ല) അഭിമുഖമായി വേണം നിര്‍വഹിക്കാന്‍. ഇതിന് ദിശ അറിയേണ്ടതുണ്ട്. ഘടികാര നിര്‍മാണത്തിലും അറബികള്‍ അതീവ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. കൃത്യമായി സമയം കണക്കാക്കുന്നതിന്റെ പിന്നിലും ഇതുപോലുള്ള താത്പര്യങ്ങളാണ് മുഖ്യമായും വര്‍ത്തിച്ചത്. ഇത്തരത്തില്‍, ദൈനംദിന ജീവിതത്തിലെ ചില ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു അവര്‍ ജ്യോതിശ്ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ, ജ്യോതിശ്ശാസ്ത്രത്തിലെ ചില അളവുകളും സമയങ്ങളും മുന്‍കാലത്തെക്കാള്‍ കൃത്യമായി കണക്കാക്കി എന്നല്ലാതെ, ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഒരു പ്രപഞ്ച മാതൃക തയ്യാറാക്കാന്‍ അറബികള്‍ക്കായില്ല.
എന്നാല്‍, മുഹമ്മദ് നബിക്ക് ശേഷം നിലവില്‍ വന്ന വിവിധ ഇസ്ലാമിക ഭരണകൂടങ്ങളുടെ കാലത്ത് അറബി ജ്യോതിശ്ശാസ്ത്രത്തിന് ഗണനീയമായ വളര്‍ച്ചയുണ്ടായി. ഈ ഭരണകൂടങ്ങളൊക്കെയും വിജ്ഞാനസമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു. അറബികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അവിടങ്ങളിലെ വിജ്ഞാനം ശേഖരിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുകയുണ്ടായി. തത്ഫലമായി അറേബ്യയില്‍ എല്ലാ വൈജ്ഞാനിക മേഖലകള്‍ക്കുമൊപ്പം ജ്യോതിശ്ശാസ്ത്രവും വളര്‍ന്നു. നക്ഷത്രങ്ങളുടെ ഉന്നതി അളക്കാന്‍ ക്വാഡ്രന്റ് ഉപയോഗിച്ചതും അസ്ട്രോലേബ് നിര്‍മിച്ചതും ഇക്കാലത്തായിരുന്നു. അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും പ്രപഞ്ചവീക്ഷണത്തിലധിഷ്ഠിതമായ ജ്യോതിശ്ശാസ്ത്രമാണ് ആദ്യകാലത്ത് അറബിനാടുകളില്‍ പ്രചാരത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട്, അവരെപ്പോലും തിരുത്തിക്കുറിക്കുംവിധം അറബി ജ്യോതിശ്ശാസ്ത്രം വളര്‍ന്നുവികസിച്ചു.
മുഹമ്മദ് നബിയുടെ മരണസമയത്ത് (എ.ഡി. 632) ഇസ്ലാമിക ഭരണത്തിന് കീഴില്‍ സൗദിഅറേബ്യയും യമനും മാത്രമാണുണ്ടായിരുന്നത്. പിന്നിട്, 670 ആയപ്പോഴേക്കും അത് തുര്‍ക്കിയുടെ ആസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ വ്യാപിച്ചു. സ്പെയിന്, മൊറോക്കോ, ഇന്ത്യ, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇസ്ലാമിന്റെ സ്വാധീനം വര്‍ധിച്ചു. ഖിലാഫത്ത് ഭരണത്തിന് ശേഷംവന്ന ഉമവിയ്യ (അമവിയ്യ) ഭരണകൂടത്തിന്റെ ആസ്ഥാനം സിറിയയിലെ ദമസ്ക്കസ് ആയിരുന്നു. ഇക്കാലത്ത് റോം, ഗ്രീക്, ഈജിപ്ത് തുടങ്ങിയ ദേശങ്ങളില്‍ നിന്നു ലഭ്യമായ വിജ്ഞാനം ശേഖരിക്കാനും അതിനെ വിവര്‍ത്തനം ചെയ്യാനുമെല്ലാം ഭരണകൂടംതന്നെ നേതൃത്വം നല്കി. ഇതിനായി ദമസ്ക്കസില്‍ വിവിധ മേഖലകളിലെ വിദഗ്ധരെ ഏര്‍പ്പാട് ചെയ്തു.
ഉമവിയ്യ ഭരണത്തിനുശേഷം, 755-ഓടെ നിലവില്‍വന്ന അബ്ബാസിയ്യാ ഭരണകൂടം വിജ്ഞാന സമാഹരണത്തെ കൂടുതല്‍ വ്യാപകമാക്കി. അവരുടെ ഭരണകൂടത്തിന്റെ ആസ്ഥാനം ബാഗ്ദാദായിരുന്നു. സിറിയ, ഈജിപ്ത്, ഗ്രീസ്, പേര്‍ഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാനപതികള്‍ അവരുടെ കൊട്ടാരങ്ങളില്‍ സ്ഥാനം പിടിച്ചു. 773-ല്‍ മങ്ക എന്നു പേരുള്ള ഒരു ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞന് അല്‍ മന്‍സൂര്‍ എന്ന ഖലീഫയ്ക്ക് ഭാസ്കരാചാര്യരുടെ സിദ്ധാന്ത ജ്യോതിശ്ശാസ്ത്രത്തിന്റെ ഒരു പ്രതിസമ്മാനിച്ചതും അല്‍ ഫസീരി എന്ന പേര്‍ഷ്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനെ അത് പരിഭാഷപ്പെടുത്താന്‍ നിയോഗിച്ചതും ചരിത്രത്തില്‍ കാണാം. ഇത്തരത്തില്‍ നിരവധി ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംസ്കൃതത്തില്‍ നിന്നും ആദ്യമായി വിവര്‍ത്തനം ചെയ്ത ഗ്രന്ഥം അഹര്ഗണമാണ്. ഇത് അറബി ഭാഷയില്‍ സിജ് അല്അര്ഖണ്ഡ് എന്ന പേരിലറിയപ്പെടുന്നു. ഇത്തരത്തില്‍ ഖണ്ഡകാധ്യായം (സിജ്-അല്‍-ഷാ), ബ്രഹ്മസിദ്ധാന്തം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അല്‍ മന്‍സൂറിന്റെ പുത്രനായ ഹാറൂണ്‍അല്‍ റഷീദിന്റെ ഭരണകാലത്ത് പ്രസിദ്ധമായ രണ്ട് കൃതികള്‍കൂടി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. യൂക്ളിഡിന്റെ എലമെന്റ്സും ടോളമിയുടെ സിന്ടാക്സുമായിരുന്നു അവ. ഇവയില്‍ സിന്ടാക്സ് അല്‍ മജെസ്റ്റ് (മഹത്തരം) എന്നപേരില്‍ അറേബ്യയില്‍ വന്‍പ്രചാരം നേടി.
ഏഴാമത്തെ അബ്ബാസിയ്യാ ഖലീഫ അല്‍മഅ്മൂന്റെ ഭരണകാലത്ത് (813-33) വൈജ്ഞാനികരംഗം കൂടുതല്‍ വിപുലമായ തോതില്‍ പരിപോഷിപ്പിക്കപ്പെട്ടു. ഇദ്ദേഹമാണ് പ്രശസ്തനായ ബൈത്ത്-അല്‍-ഹിക്മ (വിവേകസൗധം) സ്ഥാപിച്ചത്. ബൈസാന്തിയയിലെ ലിയോ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേക്ക് ഇദ്ദേഹം ഒരു ദൌത്യസംഘത്തെ അയച്ച് പ്രാചീന ഗ്രീക് ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയുണ്ടായി. ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട ആയിരക്കണക്കിന് പുസ്തകങ്ങളടങ്ങുന്ന വിശാലമായ ഒരു ഗ്രന്ഥപ്പുരയായിരുന്നു ബൈത്ത്-അല്‍-ഹിക്മ. 829-ല്‍ ഇതിനോട് ചേര്‍ന്ന് ഒരു വാനനിരീക്ഷണകേന്ദ്രവും സ്ഥാപിക്കപ്പെട്ടു. വിഖ്യാത ഗണിതജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ അല്‍ ഖവാരിസ്മിക്കായിരുന്നു ഈ വാനനിരീക്ഷണാലയത്തിന്റെ ചുമതല. വിജ്ഞാന സമ്പാദനാര്‍ഥം പേര്‍ഷ്യ, അഫ്ഗാനിസ്താന്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഖവാരിസ്മി ഭാരതീയ സിദ്ധാന്തങ്ങള്‍ പഠിക്കുകയും ജ്യോതിശ്ശാസ്ത്രത്തിലും ത്രികോണമിതിയിലും അവഗാഹം നേടുകയും ചെയ്തു. അല്‍ജിബ്ര എന്ന ഗണിത ശാസ്ത്രശാഖയ്ക്ക് രൂപം കൊടുത്തത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭൂപടം നിര്‍മിക്കാനുള്ള ശ്രമങ്ങളും നടക്കുകയുണ്ടായി. ഭാരതീയ ജ്യോതിശ്ശാസ്ത്രം ഇദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചതായി കാണാം. ഇദ്ദേഹം നിര്‍മിച്ച ജ്യോതിശ്ശാസ്ത്ര പട്ടികകള്‍ എല്ലാം ഉജ്ജയിനിയിലെ രേഖാംശം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 365 ദിവസം ദൈര്‍ഘ്യമുള്ള ഒരു വാര്‍ഷിക കലണ്ടര്‍ നിര്‍മിക്കാനും വര്‍ഷാരംഭ ദിവസമായി വസന്ത-വിഷുവം സ്വീകരിക്കാനും ഇദ്ദേഹം ശ്രമിച്ചു. പക്ഷേ, അതിന് അറേബ്യന്‍ നാടുകളില്‍ സ്വീകാര്യത കിട്ടാതെ പോയി.
ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റൊരു ജ്യോതിശ്ശാസ്ത്രജ്ഞന് ആയിരുന്നു അബുല്‍ ഹസന് സാബിത് ഇബ്നു ഖുറാ (835-901). അല്‍ മജെസ്റ്റിന് ഒരു അനുബന്ധം ഉള്‍പ്പെടെ നൂറുകണക്കിന് ശാസ്ത്രഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചു. ഒന്‍പതാം ശതകത്തില്‍ ജീവിച്ചിരുന്ന വിഖ്യാതനായ മറ്റൊരു അറബി ജ്യോതിശ്ശാസ്ത്രജ്ഞന് അല്‍ ഫര്‍ഗാനി ആണ്.
മധ്യകാല അറേബ്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞരിലധികവും, നേരത്തെ സൂചിപ്പിച്ചത് പോലെ, ടോളമിയുടെ പ്രപഞ്ചവീക്ഷണത്തിലൊതുങ്ങിയുള്ള നിരീക്ഷണങ്ങളും പഠനങ്ങളുമാണ് നടത്തിയത്. ഇതിന് ഒരു മാറ്റം വരുത്തിയത് അല്‍ ബത്താനിയാണ്. സിറിയന്‍ രാജകുമാരനായിരുന്ന അല്‍-ബത്താനി തന്റെ നക്ഷത്രശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്ത പട്ടികയില്‍ ടോളമിയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന പല പിശകുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ടോളമിയുടെ കാലത്തെ നിരീക്ഷണങ്ങളും 880-ല്‍ ഇദ്ദേഹം തന്നെ നടത്തിയ നിരീക്ഷണങ്ങളും താരതമ്യം ചെയ്ത് ഒരു വര്‍ഷം എന്നത്, 365 ദിവസം 5 മണിക്കൂര്‍ 24 സെക്കണ്ട് എന്ന് അല്‍ ബത്താനി കണക്കാക്കി. ക്രാന്തിവൃത്തത്തിന്റെ ഉത്കേന്ദ്രത (Eccentricity) 0.0346 എന്ന് കൃത്യമായി കണക്കാക്കാനും ഇദ്ദേഹത്തിനായി.
അല്‍ ബത്താനിയുടെ ജീവിതകാലത്തുതന്നെ മറ്റു രണ്ട് പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞര്കൂടി ജീവിച്ചിരുന്നു. അലി ഇബ്നു അബ്ദുറഹ്മാന് ഇബ്നു യൂനുസും അല്‍-സൂഫിയുമായിരുന്നു അവര്‍. 1800-വരെ യൂറോപ്പിന് അജ്ഞാതമായിരുന്നു ഇബ്നു യൂനുസ് എന്ന നാമധേയം. നിരവധി ഗ്രഹണങ്ങളും നക്ഷത്രമണ്ഡലവും നിരന്തരം നിരീക്ഷിച്ച് ഇദ്ദേഹം തയ്യാറാക്കിയ നക്ഷത്രപ്പട്ടിക 1800-കളിലാണ് പുറംലോകം കാണുന്നത്. ഹാകിമി-സിജ് എന്നാണ് ഈ നക്ഷത്രപ്പട്ടിക അറിയപ്പെടുന്നത്. ടോളമിയുടെ നക്ഷത്രക്കാറ്റലോഗിനെ അടിസ്ഥാനപ്പെടുത്തി അല്‍ സൂഫി കൂടുതല്‍ കൃത്യതയോടെ മറ്റൊരു നക്ഷത്രക്കാറ്റലോഗ് തയ്യാറാക്കി. കിതാബ് സുവര് അല്‍ കവാഖിബ് അല്‍ സാബിത (Book on the Constellations of the fixed stars) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ കാറ്റലോഗില്‍ ടോളമി ഉള്‍പ്പെടുത്താത്ത നിരവധി നക്ഷത്രങ്ങളെ ഇദ്ദേഹം ഉള്‍പ്പെടുത്തി. ആന്‍ഡ്രോമിഡ ഗാലക്സിയെക്കുറിച്ച് ആദ്യമായി സൂചന നല്‍കിയത് ഇദ്ദേഹമാണ് (പിന്നീട് 1924-ലാണ് ഇതൊരു സര്‍പ്പിളാകാര ഗാലക്സിയാണെന്ന് തിരിച്ചറിയുന്നത്).
അബ്ബാസിയ്യാ ഖിലാഫത്തിനു ശേഷം അധികാരത്തില്‍ വന്ന സുല്‍ത്താന്‍ ഭരണകൂടത്തിന്റെ കാലത്തും അറബി ജ്യോതിശ്ശാസ്ത്രം വളരുകയായിരുന്നു. ഇക്കാലത്താണ് ബുഖാറ, സമര്‍ഖണ്ഡ്, ഖിവാന എന്നിവിടങ്ങളില്‍ വാനനിരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്. ഈ കാലത്തുതന്നെയാണ് അറബി ജ്യോതിശ്ശാസ്ത്രവുമായി ഇന്ത്യ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയതും. ഇതിന് വഴിവച്ചത് അല്‍ ബിറൂണിയായിരുന്നു. ഇക്കാലത്തുതന്നെയാണ് ഉമര്‍ ഖയാം എന്ന ജ്യോതിശ്ശാസ്ത്രജ്ഞനും ജീവിച്ചിരുന്നത്. ലോകം മുഴുവന്‍ അറിയപ്പെട്ട ഒരു കവികൂടിയായിരുന്ന ഇദ്ദേഹം നിര്‍മിച്ച കലണ്ടര്‍, പിന്നീട് അഞ്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം നിര്‍മിക്കപ്പെട്ട ഗ്രിഗോറിയന്‍ കലണ്ടറിനോളം മെച്ചമായിരുന്നു. പക്ഷേ ഇസ്ലാമിക സമൂഹം അതും സ്വീകരിക്കാന്‍ തയ്യാറായില്ല.
ഫാത്തിമിയ്യാ ഭരണകാലത്തും ജ്യോതിശ്ശാസ്ത്രത്തിന് വലിയ വളര്‍ച്ചയുണ്ടായി. ഈ ഭരണകാലത്താണ് കെയ്റോയില്‍ 'ശാസ്ത്രഭവനം' എന്ന സ്ഥാപനം ജന്മമെടുത്തത്. അക്കാലത്താണ് അല്‍ ഹസന് എന്ന ജ്യോതിശ്ശാസ്ത്രജ്ഞന് ഇവിടെ പ്രവര്‍ത്തിച്ചത്. പ്രാകാശികത്തില്‍ നല്ല അവഗാഹമുണ്ടായിരുന്ന അല്‍ ഹസന്, അത് ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളില്‍ പ്രയോജനപ്പെടുത്തി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിനുണ്ടാകുന്ന അപവര്‍ത്തനം മൂലം അസ്തമയ സൂര്യന്റെ രൂപം എങ്ങനെ ദീര്‍ഘവൃത്തമായി മാറുന്നുവെന്നും, ചക്രവാളത്തോട് ചേര്‍ന്നുള്ള നക്ഷത്രങ്ങള്‍ യഥാര്‍ഥ സ്ഥാനങ്ങളില്‍ നിന്നും എത്രമാത്രം മാറിയാണ് കാണുന്നതെന്നും ഇദ്ദേഹം കണക്കാക്കി.
13-ാം നൂറ്റാണ്ടോടെ തന്നെ അറബി ജ്യോതിശ്ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ മുരടിപ്പ് സംഭവിച്ചതായി കാണാം. മംഗോളിയന്‍ രാജാവായിരുന്ന ചെങ്കിസ്ഖാന് ഖുറാസാന്‍ കീഴടക്കുകയും അല്‍ സൂഫിയുടെ ജന്മനാടായ റായ് നഗരം നശിപ്പിക്കുകയും ചെയ്തു. പിന്നീട് നടന്ന രക്തരൂഷിത പോരാട്ടത്തില്‍ ബാഗ്ദാദിലെ ഖലീഫയുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പ്രശസ്തമായ മുസ്താസിറിയ സര്‍വകലാശാലയുള്‍പ്പെടെ പല സാംസ്കാരിക സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. അധിനിവേശകരില്‍ ഒരാളായിരുന്നു നസിറുദ്ദീന്‍ അല്‍-തൂസി എന്ന ജ്യോതിശ്ശാസ്ത്രജ്ഞന്. ഇദ്ദേഹം ബൈത്തുല്‍ ഹിക്മയിലെ അരലക്ഷത്തോളം വരുന്ന ഗ്രന്ഥങ്ങള്‍ ശേഖരിച്ച് മറാഗയില്‍ ഒരു ഗ്രന്ഥാലയം സ്ഥാപിച്ചു. പിന്നീട് ഈ ശേഖരത്തിലെ കയ്യെഴുത്തുപ്രതികളുടെ എണ്ണം നാലു ലക്ഷത്തോളമായി. പില്ക്കാലത്ത് അതൊരു വാനനിരീക്ഷണാലയമായി പരിവര്‍ത്തിപ്പിച്ചു. ഇന്ന് മറാഗാ ഒബ്സര്‍വേറ്ററി (ഇറാന്) എന്ന പേരിലറിയപ്പെടുന്ന വാനനിരീക്ഷണാലയമാണിത്. ക്വാഡ്രന്റ് ഉള്‍പ്പെടെയുള്ള അളവുപകരണങ്ങള്‍ ഈ വാനനിരീക്ഷണാലയത്തില്‍ ഉപയോഗിച്ചിരുന്നു. ഇവിടെ നടന്ന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ നക്ഷത്രപ്പട്ടിക തയ്യാറാക്കപ്പെട്ടു. ഇത് സിജ്-ഇ-ഇല്‍ഖാനിക്ക് എന്ന പേരില്‍ അറിയപ്പെടുന്നു. ടോളമിയുടെ ഭൌമകേന്ദ്ര പ്രപഞ്ചസങ്കല്പം തെറ്റാണെന്ന് അല്‍തൂസി തെളിയിച്ചു. ഒരു പക്ഷേ, കോപ്പര്നിക്കസ്സിനെപ്പോലുള്ള പില്ക്കാല ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങളായിരിക്കാം പ്രചോദനമായിട്ടുണ്ടാവുക.
മംഗോളിയരുടെ അധിനിവേശത്തിന് ശേഷം, അറബി ജ്യോതിശ്ശാസ്ത്രം പേര്‍ഷ്യയിലെ സമര്‍ഖണ്ഡില്‍ ഒതുങ്ങി. ലെമര്ലെയ്ന് എന്ന മംഗോളിയന്‍ ചക്രവര്‍ത്തിക്കു കീഴില്‍ ഇവിടെ ജ്യോതിശ്ശാസ്ത്രം വലിയ അഭിവൃദ്ധി പ്രാപിച്ചു. ഇദ്ദേഹത്തിന്റെ പൌത്രനായിരുന്നു ഉലൂഗ് ബേഗ് (മുഹമ്മദ് താരാഗി). ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സമര്‍ഖണ്ഡ് വാനനിരീക്ഷണാലയത്തില്‍ ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും നടന്നത്. 1437-ല്‍ ഇദ്ദേഹം നിര്‍മിച്ച നക്ഷത്രപ്പട്ടികയാണ് 17-ാം ശ.-വരെ യൂറോപ്പില്‍ വ്യാപകമായി ഉപയോഗിച്ചത്. ടോളമിയെ അവലംബിക്കാതെ വാനനിരീക്ഷണം നടത്തിയ ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഉലൂഗ് ബേഗ്. ഇദ്ദേഹം സ്വന്തം മകനാല്‍ കൊല്ലപ്പെടുകയായിരുന്നു.
പിന്നീട് സ്പെയ്ന്‍ കേന്ദ്രീകരിച്ച് ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും, പില്ക്കാലത്ത് അതെല്ലാം യൂറോപ്പിന്റെ സംഭാവനയായിട്ടാണ് അറിയപ്പെട്ടത്. നോ: അല്‍ തൂസി, അല്‍ ബത്താനി, അല്‍ സൂഫി, അല്‍ ഹസന്, ഉലൂഗ് ബേഗ്