This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തപസ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തപസ്സ് = ഒരു ഉപാസനാരീതി. ആത്മസാക്ഷാത്കാരത്തിനോ ഇഷ്ടദേവതാ പ്രീതിക്കോ ...)
അടുത്ത വ്യത്യാസം →

09:16, 30 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

തപസ്സ്

ഒരു ഉപാസനാരീതി. ആത്മസാക്ഷാത്കാരത്തിനോ ഇഷ്ടദേവതാ പ്രീതിക്കോ വേണ്ടി മനസ്സിനെ ലൌകികകാര്യങ്ങളില്‍ നിന്ന് നിവര്‍ ത്തിപ്പിക്കുന്ന നിയമം, ഉപവാസം, മനനം, ധ്യാനം തുടങ്ങിയവയാണ് തപസ്സ്. ശരീരത്തെ തപിപ്പിക്കുന്നത് എന്ന അര്‍ഥത്തിലാണ് ഈ പേരു കൈവന്നിട്ടുള്ളത്.

ഉപാസനാമൂര്‍ത്തിയിലേക്കു മനസ്സിനെ ഏകീകരിക്കുകയും കേശാദിപാദരൂപം ചിത്തത്തില്‍ ആവാഹിച്ചു ധ്യാനിക്കുകയും ജപിക്കുകയും ചെയ്ത് പ്രസ്തുത ദേവതയെ പ്രത്യക്ഷപ്പെടുത്തുംവരെ തപസ്സനുഷ്ഠിക്കുകയാണ് പതിവ്. ഏകാന്തമായ സ്ഥലങ്ങളിലായിരിക്കും ഇതു നടത്തുക. പുരാണത്തില്‍ നിരവധി കൊടും തപസ്സുകളുടെ കഥകളുണ്ട്. അന്നപാനീയങ്ങള്‍ വര്‍ജിച്ചു മാത്രമല്ല, പഞ്ചാഗ്നിമധ്യത്തില്‍ നിന്നുവരെ തപസ്സു ചെയ്തിട്ടുള്ളവര്‍ ഉണ്ടായിരുന്നുവത്രേ. രാവണാദികളെപ്പോലെ ലൌകികാധിപത്യത്തിനും ശത്രുക്കളെ നിഗ്രഹിക്കുന്നതിനുമായി നടത്തിയിട്ടുള്ള തപസ്സുകള്‍ രാജതപസ്സ് എന്നാണ് അറിയപ്പെടുന്നത്. പരമാത്മ സാക്ഷാത്ക്കാരത്തിനും ലോകനന്മയ്ക്കും വേണ്ടി നരനാരായണന്മാര്‍ തുടങ്ങിയവര്‍ നടത്തിയിട്ടുള്ള തപസ്സ് സാത്വികതപസ്സാണ്.

യോഗസങ്കല്പമനുസരിച്ച് യോഗി ഉദ്ദിഷ്ടസിദ്ധിക്കായി ശാരീ രികവും മാനസികവുമായി സ്വന്തം ശക്തികളെ വിനിയോഗിക്കുന്ന തിലുള്ള പ്രയത്നമാണ് തപസ്സ്.

പതഞ്ജലി യോഗസൂത്രത്തില്‍ തപസ്സിന്റെ പ്രാരംഭപടികളായ യമനിയമാദികളെ വിവരിക്കുന്നുണ്ട്. അഷ്ടാംഗയോഗം എന്നു വിശേഷിപ്പിക്കുന്ന ഇവ യമം, നിയമം, യോഗാസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്. 'അഹിംസാ സത്യാസ്തേയ ബ്രഹ്മചര്യാപരിഗ്രഹാഃയമാഃ' (അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമങ്ങള്‍), 'ശൌച സന്തോഷതപസ്സ്വാധ്യായേശ്വരപ്രണിധാനാനി നിയമാഃ' എന്നു തുടങ്ങി ഈ എട്ട് ഘടകങ്ങളേയും തുടര്‍ന്ന് തപസ്സിനാധാരമായ യോഗസാധനയുടെ ക്രമങ്ങളേയും വിശദീകരിക്കുന്നു. ഇവയെല്ലാം സാത്വിക തപസ്സിനുള്ള അനുഷ്ഠാനങ്ങളാണ്.

ഭഗവദ്ഗീതയില്‍ ശാരീരം, വാചികം, മാനസം എന്നിങ്ങനെ മൂന്ന് രീതിയിലുള്ള തപസ്സിനെക്കുറിച്ചും ഇവതന്നെ സാത്വികം, രാജസം, താമസം എന്ന മൂന്നു രീതിയിലുണ്ടെന്നും പ്രതിപാദി ച്ചിട്ടുണ്ട്.

ദേവന്മാര്‍, ദ്വിജന്മാര്‍, ഗുരുക്കന്മാര്‍, അറിവുള്ളവര്‍ ഇവരെ പൂജി ക്കുക; ശുചിത്വം പാലിക്കുക; ദയയും പരിഗണനയും വേണ്ടിടത്ത് അതു പ്രകടിപ്പിക്കുക; ബ്രഹ്മചര്യവും അഹിംസയും അനുഷ്ഠിക്കുക എന്നിവ ശരീരപരമായ തപസ്സാണ്. സമാധാനപരമായ സംഭാഷണം, സത്യവും പ്രിയമായതും ഹിതമായതും പറയുന്നതില്‍ നിഷ്കര്‍ഷ, വേദാദികള്‍ അഭ്യസിക്കുക, അത് അനുശീലനം ചെയ്തുകൊണ്ടിരിക്കുക എന്നിവ വാചികമായ തപസ്സാണ്. മനഃശാന്തി, മനനശീലം, സൌമനത്വം, ഇന്ദ്രിയനിഗ്രഹം, നിഷ്കാപട്യം ഇവ മാനസമായ തപസ്സുമാണ്.

'ദേവദ്വിജഗുരുപ്രാജ്ഞപൂജനം ശൌചമാര്‍ജവം

ബ്രഹ്മചര്യമഹിംസാ ച ശാരീരംതപഉച്യതേ

അനുദ്വേഗകരം വാക്യം സത്യം പ്രിയഹിതംചയത്

സ്വാധ്യായാഭ്യസനം ചൈവ വാങ്മയം തപ ഉച്യതേ

മനഃപ്രസാദഃ സൌമ്യത്വം മൌനമാത്മവിനിഗ്രഹഃ

ഭാവസംശുദ്ധിരിത്യേതത്തപോ മാനസമുച്യതേ'

(ഭഗവദ്ഗീത, 17-14-16)

ഈ തപസ്സിന്റെ ഫലാകാംക്ഷ അനുസരിച്ചാണ് ഇതിനെ സാത്വികം, രാജസം, താമസം എന്നു വിഭജിച്ചിരിക്കുന്നത്. ഇതില്‍ ലൌകിക ഫലാകാംക്ഷ കൂടാതെ ചെയ്യുന്ന തപസ്സ് ആത്മോത്കര്‍ ഷമുണ്ടാക്കുന്നതും ആത്മസാക്ഷാത്കാരത്തിലേക്കു നയിക്കുന്ന തുമാണ്. മഹര്‍ഷിമാരുടെ തപസ്സിതിനുദാഹരണമാണ്. ലൌകികാഭിവൃദ്ധിക്കും അധികാരലബ്ധിക്കും ഉദ്ദിഷ്ട കാര്യപ്രാപ്തിക്കും വേണ്ടി ഇഷ്ടദേവതയെ തപസ്സിലൂടെ പ്രത്യക്ഷമാക്കി വരപ്രാപ്തി നേടുന്നത് രാജസതപസ്സാണ്. രാവണന്‍, ഹിരണ്യകശിപു തുടങ്ങിയവര്‍ ഇങ്ങനെയാണ് ത്രിഭുവനജേതാക്കളായത്. സ്വന്തം അഭിവൃദ്ധി എന്നതിലുപരി മറ്റാരെയെങ്കിലും നശിപ്പിക്കുന്നതിനും, മൂഢമായ ആഗ്രഹപൂര്‍ത്തിക്കും വേണ്ടി തപസ്സനുഷ്ഠിക്കുന്നതിനെയാകട്ടെ താമ സമായ തപസ്സെന്നും പറയുന്നു.

'ശ്രദ്ധയാപരയാതപ്തം തപസ്തത്ത്രിവിധംനരൈഃ

അഫലാകാങ്ക്ഷിഭിര്‍യുക്തൈഃസാത്വികം പരിചക്ഷതേ

സത്കാരമാനപൂജാര്‍ഥം തപോദംഭേനചൈവയത്

ക്രിയതേ തദിഹ പ്രോക്തം രാജസംചലമധ്രുവം

മൂഢഗ്രാഹേണാത്മനോ യത് പീഡയാക്രിയതേ തപഃ

പരസ്യോത്സാദനാര്‍ഥം വാ തത്താമസമുദാഹൃതം'

(ഭഗവദ്ഗീത, 17-17-19)

ജൈനദര്‍ശനത്തില്‍ ആറുതരം ബാഹ്യതപസ്സിനേയും (അനശനം, അവമൌദര്യം, വൃത്തിപരിസംഖ്യാനം, രസപരിത്യാഗം, വിവിക്തശയ്യാസനം, കായക്ളേശം) ആറുതരത്തിലുള്ള ആഭ്യന്തര തപ സ്സിനേയും (പ്രായശ്ചിത്തം, വിനയം, വൈയാവൃത്യം, സ്വാധ്യായം, വ്യുത്സര്‍ഗം, ധ്യാനം) കുറിച്ചു പരാമര്‍ശമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%AA%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍