This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുരാധപുരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അനുരാധപുരം) |
|||
വരി 21: | വരി 21: | ||
(വി.എന്‍. ശ്രീനിവാസദേശികന്‍) | (വി.എന്‍. ശ്രീനിവാസദേശികന്‍) | ||
+ | [[Category:സ്ഥലം]] |
Current revision as of 10:02, 8 ഏപ്രില്‍ 2008
അനുരാധപുരം
ശ്രീലങ്കയിലെ പ്രസിദ്ധ ബുദ്ധമതതീര്ഥാടന കേന്ദ്രം. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് ഏതാണ്ട് 200 കി.മീ., വ.കി. സ്ഥിതിചെയ്യുന്ന ഈ നഗരം, എ.ഡി. 11-ാം ശ.-വരെ സിംഹളരാജാക്കന്മാരുടെ രാജധാനി ആയിരുന്നു.
ബി.സി. 5-ാം ശ.-ത്തില്‍ സിംഹളത്തിലെ ഒരു മന്ത്രിയായിരുന്ന അനുരാധനാണ് ഈ പ്രദേശം രാജകീയാസ്ഥാനമായി വികസിപ്പിച്ചെടുക്കാനുള്ള അടിത്തറ പാകിയതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പാണ്ഡ്യകാഭയന് എന്ന രാജാവ് (ബി.സി. 377-307) നഗരത്തെ പരിഷ്കരിക്കാന്‍ പല പദ്ധതികളും ആസൂത്രണം ചെയ്തു. ഇദ്ദേഹമാണ് നഗരത്തിലെ 'അഭയവാപി'-ആധുനികകാലത്ത് ഇത് 'ബാസവക്കുളം' എന്ന പേരില്‍ അറിയപ്പെടുന്നു-എന്ന ജലാശയം കുഴിപ്പിച്ചത്. ദേവനാംപ്രിയതിസ്സ എന്ന രാജാവിന്റെ കാലത്ത് (ബി.സി. 307-267) അശോകചക്രവര്‍ത്തി തന്റെ മഹീന്ദ്രന് എന്ന പുത്രനേയും സംഗമിത്ര എന്ന പുത്രിയേയും ബുദ്ധമതപ്രചരണാര്‍ഥം അനുരാധപുരത്തേക്ക് നിയോഗിക്കുകയുണ്ടായി. ഗൌതമബുദ്ധന് ഉദ്ബുദ്ധത പ്രാപിച്ച സംഭവവുമായി ബന്ധപ്പെട്ട ബോധിവൃക്ഷത്തിന്റെ ഒരു ശാഖ ഈ രാജപ്രതിനിധികള്‍ അന്ന് ഇവിടെ നടുകയുണ്ടായി. സിംഹളചരിത്രരേഖകളില് പരാമൃഷ്ടമായിട്ടുള്ള വൃക്ഷങ്ങളില്‍ ഏറ്റവും പഴക്കംചെന്ന വൃക്ഷം ഇതാണെന്ന് കരുതപ്പെടുന്നു.
ദത്തഗാമനി എന്ന രാജാവ് (ബി.സി. 161-137) ഇവിടെ ഒരു ആശ്രമവും അതിന്റെ അടുത്ത് ഒരു 'മഹാസ്തൂപ'വും നിര്‍മിച്ചു. ഇതിനേക്കാള്‍ വലുതാണ് വത്തഗാമി അഭയന്റെ (ബി.സി. 104-77) 'അഭയഗിരി സ്തൂപം'. അനുരാധപുരത്തിലെ ചരിത്രാവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ചിത്രശില്പാലംകൃതമായിട്ടുള്ളത് മഹാസേനന്റെ (എ.ഡി. 274-301) 'ജേതാവനസ്തൂപം' ആണ്. മഹാസേനന്റെ കാലത്തിനുശേഷം ഈ പട്ടണത്തില്‍ പറയത്തക്ക ശില്പനിര്മാണ സംരംഭങ്ങളൊന്നും നടന്നതായി കാണുന്നില്ല. മനോഹരമായ നിരവധി ബുദ്ധവിഗ്രഹങ്ങളും ദ്വാരപാലക സാലഭഞ്ജികകളും സ്തംഭമണ്ഡപങ്ങളും ചന്ദ്രകാന്തശിലാനിര്മിതമെന്ന് വിശ്വസിക്കപ്പെടുന്ന അര്‍ധവൃത്താകാരമായ ശിലാതളിമങ്ങളും അനുരാധപുരത്ത് സുലഭമാണ്. ഇന്നിവിടെ അവശേഷിക്കുന്ന മറ്റൊരു പ്രസിദ്ധ സൌധമാണ് 'ഇസ്സാറ മുനിവിഹാരാ.'
തമിഴ്നാട്ടില്‍ നിന്നുണ്ടായ ആക്രമണങ്ങളുടെ ആരംഭകാലത്ത് അനുരാധപുരത്തിന് പല നാശനഷ്ടങ്ങളും നേരിട്ടു. എ.ഡി. 11-ാം ശ.-ത്തിന്റെ ആരംഭത്തില്‍ സിലോണ്‍, ചോള സാമ്രാജ്യത്തിന്റെ ഭാഗമായപ്പോള്‍ ഭരണകൂടത്തിന്റെ ആസ്ഥാനം അനുരാധപുരത്തു നിന്ന് പോളൊണ്ണരൂപയിലേക്ക് മാറ്റപ്പെട്ടു. പിന്നീട് വന്ന സിംഹളരാജാക്കന്മാരും പോളൊണ്ണരൂപയില് തന്നെ തുടര്‍ന്നു. 13-ാം ശ.-മായപ്പോഴേയ്ക്കും അനുരാധപുരം പരിത്യക്തമായ നിലയില്‍ കാടുപിടിച്ചു നശിക്കാന്‍ തുടങ്ങി. 19-ാം ശ.-ത്തില്‍ ബ്രിട്ടിഷ് ഭരണാധികാരികളാണ് അനുരാധപുരത്തിന്റെ പൂര്‍വകാല മാഹാത്മ്യം കണ്ടെത്തിയത്. അവര്‍ തുടങ്ങിയ ഉത്ഖനന പരിപാടികള്‍ ശ്രീലങ്കയിലെ പുരാവസ്തുവകുപ്പ് തുടര്‍ന്നു നടത്തി അമൂല്യമായ പല ചരിത്രവസ്തുതകളും പുറത്തു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.
ആധുനിക ശ്രീലങ്കയിലെ ഒരു ജില്ലയുടേയും അതിന്റെ ആസ്ഥാനനഗരത്തിന്റേയും പേരാണ് അനുരാധപുരം. കൊളംബില്‍നിന്ന് വടക്കോട്ടുള്ള പ്രധാന തീവണ്ടിപ്പാതയിലെ ഒരു മുഖ്യ കേന്ദ്രവും അനുരാധപുരത്തിലാണ്. 20-ാം ശ.-ത്തിന്റെ മധ്യകാലത്ത് ഭരണപരവും വ്യാവസായികവുമായ കേന്ദ്രസ്ഥാപനങ്ങള്‍ നഗരസമീപത്തുള്ള ഒരു പുതിയ സ്ഥലത്തേക്ക് മാറ്റി. മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ള എടുപ്പുകള്‍ നിറഞ്ഞ പ്രദേശങ്ങള്‍ ഒരു തീര്‍ഥാടന കേന്ദ്രമായി സംരക്ഷിച്ചുവരുന്നു. പ്രാചീനകാലത്ത് ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുള്ള ജലാശയങ്ങള്‍ ('തിസ്സവാപി', 'നുവരവാപി') അന്നു മുതല്‍ ഇന്നുവരെ കാര്ഷികജലസേചനാവശ്യങ്ങള് നിറവേറ്റുന്നു. അനുരാധപുരത്ത് നിന്ന് 12 കി.മീ. കിഴക്കുള്ള മിഹിന്ദളത്തിലും പ്രധാനപ്പെട്ട ചില ചരിത്രാവശിഷ്ടങ്ങള്‍ കാണാം.
(വി.എന്‍. ശ്രീനിവാസദേശികന്‍)