This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സ്, ഏണസ്റ്റ് (1879 - 1958)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജോണ്‍സ്, ഏണസ്റ്റ് (1879 - 1958)== ബ്രിട്ടിഷ് മനോരോഗ ചികിത്സകന്‍. സിഗ...)
അടുത്ത വ്യത്യാസം →

Current revision as of 13:40, 21 ഫെബ്രുവരി 2016

ജോണ്‍സ്, ഏണസ്റ്റ് (1879 - 1958)

ബ്രിട്ടിഷ് മനോരോഗ ചികിത്സകന്‍. സിഗ്മണ്ട് ഫ്രോയിഡിന്റെ മാനസികാപഗ്രഥന സിദ്ധാന്തം പ്രചരിപ്പിക്കുവാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തിരുന്നു. 1879-ല്‍ ദക്ഷിണ വെയ്ല്‍സിലെ റോസ് ഫെലിന്‍ എന്ന സ്ഥലത്തു ജനിച്ചു. ഗ്ളാമോര്‍ഗനിലെ സ്കൂള്‍, സ്വാന്‍സീ ഗ്രാമര്‍ സ്കൂള്‍, കാര്‍ഡിഫിലെ യൂണിവേഴ്സിറ്റി കോളജ്, ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിച്ചു. 1901-ല്‍ 21-ാമത്തെ വയസ്സില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും എം.ബി.ആന്‍ഡ് ബി.എസ്. ബിരുദവും മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം മെഡിക്കല്‍ ബിരുദവും നേടി.

ഒഫ്താല്‍മിക് ഹോസ്പിറ്റല്‍, നാഷണല്‍ ഹോസ്പിറ്റല്‍ ഫോര്‍ നെര്‍വസ് ഡിസീസസ് എന്നീ സ്ഥാപനങ്ങളില്‍ ക്ലിനിക്കല്‍ അസിസ്റ്റന്റ്, വെസ്റ്റെന്‍ഡ് ഹോസ്പിറ്റല്‍ ഫോര്‍ നെര്‍വസ് ഡിസീസസി (Westend Hospital for Nervous Diseases)ല്‍ രജിസ്റ്റ്രാര്‍, പത്തോളജിസ്റ്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്നു ലണ്ടന്‍ സ്കൂള്‍ ഒഫ് ക്ലിനിക്കല്‍ മെഡിസിനില്‍ പ്രാക്ടിക്കല്‍ ന്യൂറോളജി അധ്യാപകനായി. 1908-ല്‍ ഏണസ്റ്റ് ജോണ്‍സ് കാനഡയിലേക്ക് താമസം മാറ്റി. ഈ കാലത്ത് ഇദ്ദേഹം മാനസികാപഗ്രഥന രീതികള്‍ പരീക്ഷിക്കുവാന്‍ തുടങ്ങിയിരുന്നു. 1909-ല്‍ ക്ലാര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സിഗ്മണ്ട് ഫ്രോയിഡുമായി ബന്ധപ്പെടുന്നതിന് അവസരം സിദ്ധിച്ചു. ഫ്രോയിഡിന്റെ മാനസികാപഗ്രഥന സിദ്ധാന്തം ഇദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. പിന്നീടുള്ള ജീവിതകാലം മാനസികാപഗ്രഥന സിദ്ധാന്തത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുവേണ്ടിയാണ് ഇദ്ദേഹം വിനിയോഗിച്ചത്. സിദ്ധാന്തത്തിന്റെ പ്രചാരണത്തിനായി അമേരിക്കയിലും ഇംഗ്ലണ്ടിലും ഇദ്ദേഹം നിരവധി സംഘടനകള്‍ക്കു ജന്മം നല്കി. ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സൈക്കോ അനാലിസിസ്, ലണ്ടന്‍ ക്ലിനിക് ഒഫ് സൈക്കോ അനാലിസിസ് എന്നിവ ഇങ്ങനെ രൂപം കൊണ്ടവയാണ്. മാനസികാപഗ്രഥന സിദ്ധാന്തത്തെ അംഗീകരിക്കാന്‍ ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ തയ്യാറായത് (1928) ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് സൈക്കോ അനാലിസിസ് ആരംഭിച്ചതും എഡിറ്റു ചെയ്തതും ഇദ്ദേഹമാണ്. മതവിശ്വാസവും ആചാരങ്ങളും പുരാതനാചാരങ്ങളും ഐതിഹ്യവും ഭാഷാശാസ്ത്രം എന്നിങ്ങനെ വിവിധ സാമൂഹ്യ-സാംസ്കാരിക വിഷയങ്ങളുടെ പഠനത്തിന് ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ സഹായകമായിട്ടുണ്ട്. 1958 ഫെ. 11-നു ലണ്ടനില്‍ അന്തരിച്ചു.

പ്രധാന കൃതികള്‍: പേപ്പേര്‍സ് ഓണ്‍ സൈക്കോ അനാലിസിസ്, എസ്സേസ് ഇന്‍ അപ്ളൈഡ് സൈക്കോ അനാലിസിസ്, ഹാംലെറ്റ് ആന്‍ഡ് ഈഡിപ്പസ്, ദ ലൈഫ് ആന്‍ഡ് വര്‍ക്ക് ഒഫ് സിഗ്മണ്ട് ഫ്രോയിഡ്, ഫ്രീ അസോസിയേഷന്‍സ്, മെമ്മറീസ് ഒഫ് എ സൈക്കോഅനലിസ്റ്റ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍