This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിഷേകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഭിഷേകം = സ്നാനം എന്നാണ് പദത്തിന്റെ അര്‍ഥം. അഥര്‍വവേദത്തില്‍ ഈ വാക്ക...)
 
വരി 21: വരി 21:
(ഡോ. ജെ. കട്ടയ്ക്കല്‍, സ.പ.)
(ഡോ. ജെ. കട്ടയ്ക്കല്‍, സ.പ.)
 +
 +
[[Category:ആചാരം]]

Current revision as of 06:19, 8 ഏപ്രില്‍ 2008

അഭിഷേകം

സ്നാനം എന്നാണ് പദത്തിന്റെ അര്‍ഥം. അഥര്‍വവേദത്തില്‍ ഈ വാക്ക് പലേടത്തും പ്രയോഗിച്ചുകാണുന്നുണ്ടെങ്കിലും മറ്റു വേദങ്ങളില്‍ പ്രധാനമായ ഒരു അനുഷ്ഠാനമായിട്ടാണ് ഇതു പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. ഐതരേയ ബ്രാഹ്മണത്തില്‍ അഭിഷേകം എന്നത് ഒരു പ്രത്യേക ശീര്‍ഷകമായിത്തന്നെ പ്രതിപാദിക്കപ്പെടുന്നുണ്ട്. പ്രോക്ഷണം, ലേപനം, ജ്ഞാനസ്നാനം എന്നീ കര്‍മങ്ങള്‍കൊണ്ട് ആളുകളെയും വസ്തുക്കളെയും സംസ്കരിക്കുക എന്നത് വളരെ പഴക്കംചെന്ന സാര്‍വത്രികമായ ഒരു ആചാരമാണ്. ബ്രാഹ്മണങ്ങള്‍, പുരാണങ്ങള്‍ എന്നീ ആധികാരിക ഗ്രന്ഥങ്ങളില്‍ അഭിഷേകത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.

അഭിഷേകത്തിന് അര്‍ഹരായവര്‍ ചക്രവര്‍ത്തിമാരാണ്. സര്‍വാധിപത്യം ലഭിച്ചതിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നതിനാണ് ഈ ചടങ്ങ് നിര്‍വഹിക്കപ്പെടുന്നത്. ഐതരേയത്തില്‍ അഭിഷിക്തന്മാരായ പൂര്‍വചക്രവര്‍ത്തിമാരുടെ ഒരു പട്ടികതന്നെ കൊടുത്തിട്ടുണ്ട്. രഘുവംശം രണ്ടാംസര്‍ഗത്തില്‍ ഒരു അഭിഷേകം കാളിദാസന്‍ വര്‍ണിക്കുന്നുണ്ട്. ബൃഹത്കഥയില്‍ നരവാഹനദത്തന്റെ അഭിഷേകം നടന്നതായി പ്രസ്താവിച്ചുകാണുന്നു. രാജാക്കന്മാരെ എല്ലാം കീഴടക്കിയശേഷവും നാലു കൊല്ലത്തേക്ക് അശോകചക്രവര്‍ത്തിയുടെ അഭിഷേകം നടന്നില്ലെന്നു ചരിത്രരേഖകളില്‍ നിന്നു മനസ്സിലാക്കാം. രാജാക്കന്മാര്‍ക്ക് അഭിഷേകം ആവശ്യമാണെന്നു മഹാഭാരതത്തില്‍ പറയുന്നുണ്ട്. കൂടാതെ അച്ഛന്‍ അനന്തരാവകാശിയായ മകനെ യുവരാജാവായിട്ടഭിഷേകം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു.

മന്ത്രിമാര്‍, പുരോഹിതന്മാര്‍, സേനാപതികള്‍ എന്നിവരുടെ വിഷയത്തിലും അവസ്ഥാനുസൃതമായി അഭിഷേകം വിധിക്കപ്പെട്ടിട്ടുണ്ടെന്ന് ബ്രാഹ്മണങ്ങള്‍ മഹാഭാരതം, ഹര്‍ഷചരിതം മുതലായ കാവ്യങ്ങളില്‍ നിന്നു മനസ്സിലാകുന്നു.

രാജാഭിഷേക ചടങ്ങിന്റെ ഒരു ലഘുവിവരണം താഴെ കൊടുക്കുന്നു. തലേദിവസംതന്നെ പുരോഹിതന്‍ ഗണപതി പൂജാദികള്‍ പൂര്‍വാംഗമായി ചെയ്തുതീര്‍ക്കുന്നു. രാജാവും രാജ്ഞിയും അന്ന് ഉപവസിക്കണം. അഭിഷേകദിവസം മംഗളസ്നാനം ചെയ്ത രാജാവിനേയും രാജ്ഞിയേയും മണി-കാഞ്ചന-പൃഥിവീ-പുഷ്പാദികളെ സ്പര്‍ശനം ചെയ്യിച്ചശേഷം പ്രത്യേകം അലങ്കരിച്ച മണ്ഡപത്തില്‍ വ്യാഘ്രചര്‍മ്മാച്ഛാദിതമായ ആസനത്തില്‍ പുരോഹിത-അമാത്യ-സാമന്താദികള്‍ ചേര്‍ന്ന് ഇരുത്തുന്നു. അനന്തരം തെക്കുനിന്നു വടക്കോട്ട് ചരിവുള്ള വേദിയില്‍ ഗൃഹ്യപ്രോക്തവിധിക്കനുസരിച്ച് അഗ്നിയുണ്ടാക്കി നെയ്യില്‍ മുക്കിയ ആല്, പ്ളാശ്, ശമി എന്നിവയുടെ ചമതകള്‍ മന്ത്രപുരസ്സരം ഹോമിക്കുന്നു. പിന്നീട് ഘൃതാഹുതിയും നടത്തിയശേഷം വേദോക്തമന്ത്രങ്ങള്‍, വാദ്യങ്ങള്‍, സ്തുതിഗീതങ്ങള്‍ എന്നിവയുടെ ഘോഷങ്ങള്‍ക്കിടയില്‍ ഋത്വിക്കുകള്‍ സര്‍വതോ ഭദ്രമണ്ഡപത്തില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്വര്‍ണ-രജത-താമ്രമൃത്തികാകുംഭങ്ങളില്‍ നിന്നു സ്വര്‍ണംകെട്ടിയ ശംഖുകളില്‍ ജലമെടുത്തു രാജാവിന്റെയും രാജ്ഞിയുടെയും ശിരസ്സില്‍ ഒഴിക്കുന്നു. അപ്പോള്‍ അവര്‍ ഇരിക്കേണ്ടത് കിഴക്കോട്ടു തിരിഞ്ഞാണ്. ഋത്വിക്കുകള്‍ക്കുശേഷം മന്ത്രിമാരും രാജദമ്പതികളെ അപ്രകാരം അഭിഷേകം ചെയ്യുന്നു. അനന്തരം കുങ്കുമം, അകില്, കസ്തൂരി മുതലായ സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് പുരോഹിതാദികള്‍ അവര്‍ക്ക് തിലകം ചാര്‍ത്തണം. കന്യകമാരും ഈ ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. അതിനുശേഷമാണ് രാജാവിന്റെ ശിരസ്സില്‍ കിരീടമണിയിക്കുന്നതും ഛത്രചാമരാദിചിഹ്നങ്ങള്‍ ഏര്‍പ്പെടുത്തുന്നതും. വേദം, വാദ്യം, സ്തുതി, പുണ്യാഹം എന്നിങ്ങനെ പലതിന്റെയും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ കുലക്രമാഗതമായ പേര്‍ വിളിച്ച് 'അങ്ങു രാജാവായി വാഴുക' എന്നു പറഞ്ഞ് രാജദമ്പതികളുടെമേല്‍ മലര്, വെളുത്ത പുഷ്പങ്ങള്‍, അരി മുതലായവ വിതറുന്നു. അനന്തരം സ്തുതിപാഠകന്മാര്‍ അവരുടെ കൃത്യം നിര്‍വഹിക്കുന്നു. ബ്രാഹ്മണര്‍ ആശീര്‍വദിക്കുന്നു. അമാത്യാദികള്‍ രാജാവിന് ഉപഹാരങ്ങള്‍ നല്കി നമസ്കരിക്കുന്നു.


രാജസൂയം, വാജപേയം, അശ്വമേധം മുതലായ യാഗങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഇന്നവിധം അഭിഷേകകര്‍മം നിര്‍വഹിക്കണമെന്നു വിധിച്ചിട്ടുണ്ട്. രാജസൂയത്തിന്റെയും അശ്വമേധത്തിന്റെയും ഉദ്ദേശ്യം ചക്രവര്‍ത്തിപദത്തിന്റെ ഉദ്ഘോഷണമാണ്. വാജപേയത്തിന്നു അന്നസമൃദ്ധിയും ഒരു ലക്ഷ്യമാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു.

പ്രതിഷ്ഠാകാലം, ഉത്സവകാലം, ആപത്കാലം എന്നീ പ്രത്യേകാവസരങ്ങളിലും നിത്യമെന്നോണവും ദേവതകള്‍ക്ക് ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താറുണ്ട്. അഭിഷേകസാമഗ്രികള്‍ ദേവതാഭേദം, സന്ദര്‍ഭഭേദം എന്നിവയനുസരിച്ച് വിധിക്കപ്പെട്ടിരിക്കുന്നു. ക്രമങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി ദുര്‍ഗാപൂജാഭിഷേകദ്രവ്യങ്ങള്‍ താഴെപറയുന്നവയാണ്. (1) നെല്ലിക്കയും മഞ്ഞളും ചേര്‍ത്ത് അരച്ചുണ്ടാക്കിയത് (2) ശുദ്ധജലം (3) ശംഖജലം (4) ഗന്ധോദകം (5) ഗോമൂത്രം, ഗോമയം, ദുഗ്ദ്ധം, ദധി, ഘൃതം എന്നിങ്ങനെ പഞ്ചഗവ്യം (6) കുശോദകം (7) പഞ്ചാമൃതം (8) ശിശിരോദകം (9) മധു (10) പുഷ്പോദകം (11) ഇക്ഷുരസം (12) സാഗരോദകം (13) സര്‍വൌഷധി മഹൌഷധിജലം (14) പഞ്ചക്ഷായോദകം (15) അഷ്ടമൃത്തികകള്‍ (16) ഫലോദകം (17) ഉഷ്ണോദകം (18) സഹസ്രധാരാജലം (19) അഷ്ടകലശോദകം. ഈ ഓരോന്നിനെയുംപറ്റിയുള്ള വിവരണം പൂജാവിധി ഗ്രന്ഥങ്ങളില്‍ കാണാം.

ബുദ്ധമതഗ്രന്ഥങ്ങളില്‍ പത്ത് 'അഭിഷേക ഭൂമികള്‍' പ്രതിപാദിക്കപ്പെടുന്നുണ്ട്. ഹിന്ദുക്കള്‍ക്കിടയില്‍ അഭിഷേകം എന്നത് ഏതു പുണ്യസ്നാനത്തെ കുറിക്കുവാനും ഉപയോഗിക്കുന്ന ഒരു വാക്കുകൂടിയാണ്.

ക്രിസ്തുമതാനുയായികള്‍ക്കിടയിലും അഭിഷേകം എന്നത് അത്യന്തം വിശുദ്ധമായ ഒരു കര്‍മമാണ്. ശീമോന്റെ പൂമേടയില്‍ അതിഥിയായി ചെന്ന യേശുദേവനെ മഗ്ദലനമറിയം പാദങ്ങളില്‍ സുഗന്ധതൈലംകൊണ്ട് അഭിഷേകം ചെയ്തതായി ബൈബിളില്‍ കാണുന്നു. അതിഥികളെ തൈലം പൂശിയാദരിക്കുന്ന സമ്പ്രദായം പൌരാണികകാലത്ത് മധ്യപൂര്‍വദേശങ്ങളില്‍ പ്രചരിച്ചിരുന്നു എന്നതിന് ഒരു തെളിവാണിത്. ക്രിസ്തുമതസ്ഥര്‍ സംസ്കാരകര്‍മങ്ങളില്‍ ലേപനം നടത്താറുണ്ട്. ജ്ഞാനസ്നാനം, തൈലലേപനം മുതലായ സംസ്കാരകര്‍മങ്ങളില്‍ സുഗന്ധതൈലാഭിഷേകം സുപ്രധാനമായ ഒരു ചടങ്ങാണ്. പുരോഹിതനായി അവരോധിക്കപ്പെടുന്ന ആള്‍ക്കും തൈലാഭിഷേകം വേണം. ബലിപീഠം മുതലായവയെ ശുദ്ധീകരിക്കുന്നതിനും തൈലലേപനം നിര്‍വഹിക്കപ്പെടുന്നു. ശവസംസ്കാരത്തിനു മുമ്പായി മൃതശരീരങ്ങളില്‍ തൈലലേപനം ചെയ്യുന്ന ആചാരം ചിലേടങ്ങളില്‍ ഇന്നും നിലവിലുണ്ട്.

പണ്ടുകാലത്ത് പലസ്തീന്‍ മുതലായ മധ്യപൂര്‍വദേശങ്ങളില്‍ സുഗന്ധക്കൂട്ടു ചേര്‍ന്ന ഒലീവ് (സൈത്ത്) എണ്ണ ശരീരത്തില്‍ തേയ്ക്കുന്ന പതിവുണ്ടായിരുന്നു. തൈലലേപനത്തിനുശേഷം ജലധാവനം ചെയ്യാറുണ്ട്. എങ്കിലും കുളികഴിഞ്ഞശേഷം തൈലം പൂശുന്നതും ഒട്ടും അസാധാരണമല്ല. എണ്ണ തേക്കുന്നത് ഒരു സന്തോഷചിഹ്നം കൂടിയായിരുന്നതിനാല്‍ വിരഹദുഃഖം അനുഭവിക്കുന്നവര്‍ എണ്ണ തേക്കുന്നതില്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുന്നു. എണ്ണ, ഭസ്മം, കുഴമ്പ് മുതലായ ലേപനദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതു ശരീരത്തില്‍ സുഖപ്രദമായ ഒരു കൃത്യമാകയാല്‍ അതിനു ലോകത്തില്‍ അതിദീര്‍ഘമായ ഒരു ചരിത്രം തന്നെയുണ്ടെന്നു സമ്മതിക്കണം.

(ഡോ. ജെ. കട്ടയ്ക്കല്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B7%E0%B5%87%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍