This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചേംബേഴ്സ്, എഫ്റെയിം (1680 - 1740)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ചേംബേഴ്സ്, എഫ്റെയിം (1680 - 1740)== ഇംഗ്ലീഷ് ഗ്രന്ഥകാരനും വിജ്ഞാനകോ...)
അടുത്ത വ്യത്യാസം →
Current revision as of 04:38, 1 ഫെബ്രുവരി 2016
ചേംബേഴ്സ്, എഫ്റെയിം (1680 - 1740)
ഇംഗ്ലീഷ് ഗ്രന്ഥകാരനും വിജ്ഞാനകോശകാരനും. വെസ്റ്റ്മോര്‍ ലന്‍ഡിലെ കെന്‍ഡലില്‍ 1680-ല്‍ ജനിച്ചു. ഭൂപടങ്ങളും ഭൂഗോളമാതൃകകളും തയ്യാറാക്കുന്ന ജോലിയിലായിരുന്നു ആദ്യം ഇദ്ദേഹം പരിശീലനം നേടിയത്. അതു നിര്വഹിച്ചുവരവെ വിജ്ഞാനകോശനിര്മാണത്തില് ആകൃഷ്ടനായി. ഇംഗ്ലീഷ് ഭാഷയില്‍ അപ്പോഴേക്കും ഹാരിസ്സിന്റെ ലെക്സിക്കന്‍ ടെക്നിക്ക എന്ന വിജ്ഞാനകോശം നിലവില്‍ വന്നുകഴിഞ്ഞിരുന്നു. കുറേക്കൂടി സമഗ്രമായൊരു വിജ്ഞാനകോശമാണ് ചേംബേഴ്സ് വിഭാവനം ചെയ്തത്. 1728-ല്‍ ഇദ്ദേഹം അതിനു സാക്ഷാത്കാരം നല്കി. സൈക്ലോപീഡിയ ഓര് യൂണിവേഴ്സല്‍ ഡിക്ഷ്ണറി ഒഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് എന്നായിരുന്നു അതിന്റെ പേര്. അതിന് എന്ഗ്രേവ് ചെയ്ത പേജുകളുള്ള രണ്ടു ഫോളിയോ വാല്യങ്ങളുണ്ടായിരുന്നു. സപ്ലിമെന്റുകള്‍ തയ്യാറാക്കി എന്‍സൈക്ലോപീഡിയ പരിഷ്കരിക്കുന്ന സമ്പ്രദായം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഈ വിജ്ഞാനകോശത്തിലാണ്. ഇതിന്റെ നിര്‍മാണത്തോടെ ചേംബേഴ്സ് വളരെ പ്രസിദ്ധനായി. വൈകാതെ റോയല്‍ സൊസൈറ്റിയില്‍ ഇദ്ദേഹത്തിന് അംഗത്വം ലഭിക്കുകയും ചെയ്തു. ഈ സൈക്ലോപീഡിയയുടെ ഫ്രഞ്ച് പരിഭാഷയാണ് ദെനി ദിദറോയും ദാലെംബറും ചേര്‍ന്ന് സമ്പാദനം ചെയ്ത 35 വാല്യങ്ങളുള്ള എന്‍സൈക്ലോപീഡിയ(1951-80)യ്ക്ക് അടിസ്ഥാനം.
വിജ്ഞാനകോശകാരന് എന്നതിനുപരി ചേംബേഴ്സ് മികച്ചൊരു എഴുത്തുകാരനും വിവര്‍ത്തകനുമായിരുന്നു. ലിറ്റററി മാഗസിനി(1735-37)ലാണ് ഇദ്ദേഹത്തിന്റെ രചനകളേറെയും പ്രത്യക്ഷപ്പെട്ടത്. വിവര്‍ത്തനങ്ങളില്‍ മുഖ്യമായവ പ്രാക്ടീസ് ഒഫ് പെര്‍സ്പെക്ടീവ്, ഹിസ്റ്ററി ആന്‍ഡ് മെമ്മയേഴ്സ് ഒഫ് എ റോയല്‍ അക്കാഡമി ഒഫ് സയന്‍സസ് അറ്റ് പാരിസ് എന്നിവയാണ്. 1740 മേയ് 15-ന് ചേംബേഴ്സ് അന്തരിച്ചു.