This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷേത്ര വാസ്തുവിദ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ക്ഷേത്ര വാസ്തുവിദ്യ== ക്ഷേത്രനിര്‍മാണത്തെ സംബന്ധിച്ച വാസ്ത...) |
(→ആമുഖം) |
||
വരി 5: | വരി 5: | ||
===ആമുഖം=== | ===ആമുഖം=== | ||
+ | |||
+ | [[ചിത്രം:Egyptian_temple.png|200px|right|thumb|ഈജിപ്തിലെ ഒരു ക്ഷേത്രം]] | ||
വാസ്തുവിദ്യയെ ലൗകികം, മതപരം എന്നിങ്ങനെ വേര്‍തിരിക്കുന്നത് അതിനെപ്പറ്റിയുള്ള പഠനങ്ങള്‍ക്കു സഹായകമാണ്. വ്യക്തമായി നിര്‍വചിക്കാവുന്ന ധര്‍മങ്ങള്‍ക്കായുള്ള സ്ഥലവിന്യാസം, അവശ്യാധിഷ്ഠിതമായ രൂപകല്പന, സ്ഥലകാലങ്ങള്‍ക്കനുസരിച്ച് പ്രായേണ വേഗത്തില്‍ മാറ്റം വരുന്ന ശൈലി എന്നിവയാണ് ലൗകികവാസ്തുവിദ്യയുടെ പൊതുസ്വഭാവങ്ങള്‍. എന്നാല്‍, നിഗൂഢവും പ്രതീകാത്മകവുമായ സ്വഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്ഥലവിന്യാസം, നിര്‍വചനാതീതമായ അനുഭൂതികള്‍ ഉണര്‍ത്താനുപകരിക്കുന്ന രൂപകല്പന, താരതമ്യേന അനശ്വരവും സാര്‍വലൗകികവുമായ ശൈലി എന്നിവയാണ് മതപരവാസ്തുവിദ്യയുടെ സാമാന്യസവിശേഷതകള്‍. പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള സ്മാരകങ്ങള്‍, മനുഷ്യനു വഴങ്ങാത്ത പ്രപഞ്ചശക്തികളെ ദൈവികപരിവേഷത്തില്‍ സങ്കല്പിച്ചു നിര്‍മിതമായിട്ടുള്ള ആരാധനാലയങ്ങള്‍, ദാര്‍ശനികചിന്തകളുടെ അടിസ്ഥാനത്തില്‍ അമൂര്‍ത്തമായ ദൈവികശക്തിയോടുള്ള വിധേയത്വം സ്ഫുരിപ്പിക്കുന്ന ആരാധനാലയങ്ങള്‍ എന്നിവയാണ് മതപര വാസ്തുവിദ്യയുടെ പരിണാമഘട്ടങ്ങള്‍. | വാസ്തുവിദ്യയെ ലൗകികം, മതപരം എന്നിങ്ങനെ വേര്‍തിരിക്കുന്നത് അതിനെപ്പറ്റിയുള്ള പഠനങ്ങള്‍ക്കു സഹായകമാണ്. വ്യക്തമായി നിര്‍വചിക്കാവുന്ന ധര്‍മങ്ങള്‍ക്കായുള്ള സ്ഥലവിന്യാസം, അവശ്യാധിഷ്ഠിതമായ രൂപകല്പന, സ്ഥലകാലങ്ങള്‍ക്കനുസരിച്ച് പ്രായേണ വേഗത്തില്‍ മാറ്റം വരുന്ന ശൈലി എന്നിവയാണ് ലൗകികവാസ്തുവിദ്യയുടെ പൊതുസ്വഭാവങ്ങള്‍. എന്നാല്‍, നിഗൂഢവും പ്രതീകാത്മകവുമായ സ്വഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്ഥലവിന്യാസം, നിര്‍വചനാതീതമായ അനുഭൂതികള്‍ ഉണര്‍ത്താനുപകരിക്കുന്ന രൂപകല്പന, താരതമ്യേന അനശ്വരവും സാര്‍വലൗകികവുമായ ശൈലി എന്നിവയാണ് മതപരവാസ്തുവിദ്യയുടെ സാമാന്യസവിശേഷതകള്‍. പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള സ്മാരകങ്ങള്‍, മനുഷ്യനു വഴങ്ങാത്ത പ്രപഞ്ചശക്തികളെ ദൈവികപരിവേഷത്തില്‍ സങ്കല്പിച്ചു നിര്‍മിതമായിട്ടുള്ള ആരാധനാലയങ്ങള്‍, ദാര്‍ശനികചിന്തകളുടെ അടിസ്ഥാനത്തില്‍ അമൂര്‍ത്തമായ ദൈവികശക്തിയോടുള്ള വിധേയത്വം സ്ഫുരിപ്പിക്കുന്ന ആരാധനാലയങ്ങള്‍ എന്നിവയാണ് മതപര വാസ്തുവിദ്യയുടെ പരിണാമഘട്ടങ്ങള്‍. | ||
- | + | [[ചിത്രം:Abu-simbel_temple.png |200px|right|thumb|അബുസിംബല്‍ ക്ഷേത്രത്തിലെ കൂറ്റന്‍ പ്രതിമകള്‍]] | |
ഉപയോഗത്തിനനുസരിച്ചുള്ള സ്ഥലവിന്യാസവും ധര്‍മത്തിനനുസൃതമായ രൂപകല്പനയും വൈകാരിക സംതൃപ്തി നല്കുന്ന സൗന്ദര്യവും മിക്കവാറും ക്ഷേത്രങ്ങളുടെ പ്രത്യേകതകളാണ്. ക്ഷേത്രസംരചനകളിലെല്ലാം ബിംബങ്ങള്‍ക്കോ പ്രതീകങ്ങള്‍ക്കോ അതിപ്രധാനമായ സ്ഥലം നീക്കിവച്ചിരിക്കും. തൊട്ടടുത്തായി ആരാധന നയിക്കുന്നവര്‍ക്ക് ആരാധനാ സമ്പ്രദായത്തിനനുസരിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കും. ഇതിനു പുറമേ, ആരാധകര്‍ക്ക് ആരാധന നിര്‍വഹിക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. സമൂഹപ്രാര്‍ഥനകള്‍ നിലവിലുള്ള വിഭാഗങ്ങളില്‍ ആരാധകര്‍ക്ക് ഒന്നിച്ച് പ്രാര്‍ഥനകളില്‍ പങ്കെടുക്കുവാന്‍ വിസ്തൃതമായ ഇടം ആവശ്യമാണ്. ഇത്തരം ക്ഷേത്രങ്ങളില്‍ ഇതിനാവശ്യമായ വിസ്തൃതമായ ഇടം സംരചനയുടെ അവശ്യഘടകമായി തീരുന്നു. വ്യക്തിഗത പ്രാര്‍ഥനയ്ക്കാവുമ്പോള്‍, പ്രതീകം ഉള്‍ക്കൊള്ളുന്ന കോവില്‍ മാത്രമായി ക്ഷേത്രം ഒതുങ്ങുന്നു. തന്മൂലം എല്ലാ ശ്രദ്ധയും അലങ്കാരങ്ങളും കോവിലിന്റെ നിര്‍മാണത്തില്‍ കേന്ദ്രീകരിച്ചിരിക്കും. | ഉപയോഗത്തിനനുസരിച്ചുള്ള സ്ഥലവിന്യാസവും ധര്‍മത്തിനനുസൃതമായ രൂപകല്പനയും വൈകാരിക സംതൃപ്തി നല്കുന്ന സൗന്ദര്യവും മിക്കവാറും ക്ഷേത്രങ്ങളുടെ പ്രത്യേകതകളാണ്. ക്ഷേത്രസംരചനകളിലെല്ലാം ബിംബങ്ങള്‍ക്കോ പ്രതീകങ്ങള്‍ക്കോ അതിപ്രധാനമായ സ്ഥലം നീക്കിവച്ചിരിക്കും. തൊട്ടടുത്തായി ആരാധന നയിക്കുന്നവര്‍ക്ക് ആരാധനാ സമ്പ്രദായത്തിനനുസരിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കും. ഇതിനു പുറമേ, ആരാധകര്‍ക്ക് ആരാധന നിര്‍വഹിക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. സമൂഹപ്രാര്‍ഥനകള്‍ നിലവിലുള്ള വിഭാഗങ്ങളില്‍ ആരാധകര്‍ക്ക് ഒന്നിച്ച് പ്രാര്‍ഥനകളില്‍ പങ്കെടുക്കുവാന്‍ വിസ്തൃതമായ ഇടം ആവശ്യമാണ്. ഇത്തരം ക്ഷേത്രങ്ങളില്‍ ഇതിനാവശ്യമായ വിസ്തൃതമായ ഇടം സംരചനയുടെ അവശ്യഘടകമായി തീരുന്നു. വ്യക്തിഗത പ്രാര്‍ഥനയ്ക്കാവുമ്പോള്‍, പ്രതീകം ഉള്‍ക്കൊള്ളുന്ന കോവില്‍ മാത്രമായി ക്ഷേത്രം ഒതുങ്ങുന്നു. തന്മൂലം എല്ലാ ശ്രദ്ധയും അലങ്കാരങ്ങളും കോവിലിന്റെ നിര്‍മാണത്തില്‍ കേന്ദ്രീകരിച്ചിരിക്കും. | ||
16:45, 23 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
ക്ഷേത്ര വാസ്തുവിദ്യ
ക്ഷേത്രനിര്‍മാണത്തെ സംബന്ധിച്ച വാസ്തുവിദ്യ. വിശാലമായ അര്‍ഥത്തില്‍ ഈശ്വരാരാധനയ്ക്കുള്ള ഇടങ്ങളാണ് ക്ഷേത്രങ്ങള്‍ എങ്കിലും, ബിംബാരാധനയുമായി ബന്ധപ്പെട്ട ആരാധനാലയങ്ങള്‍ മാത്രമാണ് ഇവിടെ ക്ഷേത്രങ്ങള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
ആമുഖം
വാസ്തുവിദ്യയെ ലൗകികം, മതപരം എന്നിങ്ങനെ വേര്‍തിരിക്കുന്നത് അതിനെപ്പറ്റിയുള്ള പഠനങ്ങള്‍ക്കു സഹായകമാണ്. വ്യക്തമായി നിര്‍വചിക്കാവുന്ന ധര്‍മങ്ങള്‍ക്കായുള്ള സ്ഥലവിന്യാസം, അവശ്യാധിഷ്ഠിതമായ രൂപകല്പന, സ്ഥലകാലങ്ങള്‍ക്കനുസരിച്ച് പ്രായേണ വേഗത്തില്‍ മാറ്റം വരുന്ന ശൈലി എന്നിവയാണ് ലൗകികവാസ്തുവിദ്യയുടെ പൊതുസ്വഭാവങ്ങള്‍. എന്നാല്‍, നിഗൂഢവും പ്രതീകാത്മകവുമായ സ്വഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്ഥലവിന്യാസം, നിര്‍വചനാതീതമായ അനുഭൂതികള്‍ ഉണര്‍ത്താനുപകരിക്കുന്ന രൂപകല്പന, താരതമ്യേന അനശ്വരവും സാര്‍വലൗകികവുമായ ശൈലി എന്നിവയാണ് മതപരവാസ്തുവിദ്യയുടെ സാമാന്യസവിശേഷതകള്‍. പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള സ്മാരകങ്ങള്‍, മനുഷ്യനു വഴങ്ങാത്ത പ്രപഞ്ചശക്തികളെ ദൈവികപരിവേഷത്തില്‍ സങ്കല്പിച്ചു നിര്‍മിതമായിട്ടുള്ള ആരാധനാലയങ്ങള്‍, ദാര്‍ശനികചിന്തകളുടെ അടിസ്ഥാനത്തില്‍ അമൂര്‍ത്തമായ ദൈവികശക്തിയോടുള്ള വിധേയത്വം സ്ഫുരിപ്പിക്കുന്ന ആരാധനാലയങ്ങള്‍ എന്നിവയാണ് മതപര വാസ്തുവിദ്യയുടെ പരിണാമഘട്ടങ്ങള്‍.
ഉപയോഗത്തിനനുസരിച്ചുള്ള സ്ഥലവിന്യാസവും ധര്‍മത്തിനനുസൃതമായ രൂപകല്പനയും വൈകാരിക സംതൃപ്തി നല്കുന്ന സൗന്ദര്യവും മിക്കവാറും ക്ഷേത്രങ്ങളുടെ പ്രത്യേകതകളാണ്. ക്ഷേത്രസംരചനകളിലെല്ലാം ബിംബങ്ങള്‍ക്കോ പ്രതീകങ്ങള്‍ക്കോ അതിപ്രധാനമായ സ്ഥലം നീക്കിവച്ചിരിക്കും. തൊട്ടടുത്തായി ആരാധന നയിക്കുന്നവര്‍ക്ക് ആരാധനാ സമ്പ്രദായത്തിനനുസരിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കും. ഇതിനു പുറമേ, ആരാധകര്‍ക്ക് ആരാധന നിര്‍വഹിക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. സമൂഹപ്രാര്‍ഥനകള്‍ നിലവിലുള്ള വിഭാഗങ്ങളില്‍ ആരാധകര്‍ക്ക് ഒന്നിച്ച് പ്രാര്‍ഥനകളില്‍ പങ്കെടുക്കുവാന്‍ വിസ്തൃതമായ ഇടം ആവശ്യമാണ്. ഇത്തരം ക്ഷേത്രങ്ങളില്‍ ഇതിനാവശ്യമായ വിസ്തൃതമായ ഇടം സംരചനയുടെ അവശ്യഘടകമായി തീരുന്നു. വ്യക്തിഗത പ്രാര്‍ഥനയ്ക്കാവുമ്പോള്‍, പ്രതീകം ഉള്‍ക്കൊള്ളുന്ന കോവില്‍ മാത്രമായി ക്ഷേത്രം ഒതുങ്ങുന്നു. തന്മൂലം എല്ലാ ശ്രദ്ധയും അലങ്കാരങ്ങളും കോവിലിന്റെ നിര്‍മാണത്തില്‍ കേന്ദ്രീകരിച്ചിരിക്കും.
എക്കാലത്തും സമൂഹത്തെ ഒന്നിപ്പിക്കുന്ന ഒരു പ്രധാന ഘടകമായിരുന്നു ക്ഷേത്രം. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ എല്ലാ പ്രവര്‍ത്തനങ്ങളും ക്ഷേത്രങ്ങളെ കേന്ദ്രമാക്കിയാണു നടന്നു വന്നത്. തന്മൂലം സാമൂഹികാവശ്യങ്ങള്‍ക്കു കൂടിയുള്ള ഇടങ്ങള്‍ ക്ഷേത്രത്തിന്റെ അനുബന്ധങ്ങളായി വളരുവാന്‍ തുടങ്ങി. പാഠശാലകള്‍, മഠങ്ങള്‍, നാട്യശാലകള്‍, ഊട്ടുപുരകള്‍, ധാന്യപ്പുരകള്‍ എന്നിങ്ങനെ പ്രത്യക്ഷത്തില്‍ ആവശ്യമായ നിര്‍മിതികളും അവയുടെ അനുപൂരകങ്ങളായ കുളങ്ങള്‍, കിണറുകള്‍, നടപ്പാതകള്‍, ഗൃഹങ്ങള്‍, ധര്‍മശാലകള്‍, വിവാഹമണ്ഡപങ്ങള്‍, പൂജാദ്രവ്യങ്ങള്‍ ശേഖരിക്കാനുള്ള കലവറകള്‍, പാചകശാലകള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതായി ക്ഷേത്രസഞ്ചയങ്ങള്‍. തീര്‍ഥാടകരുടെ ആധിക്യത്തിനനുരൂപമായ സൗകര്യങ്ങള്‍, വിഷമസാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കാവശ്യമായ അഭയസ്ഥാനം, ശത്രുക്കള്‍ക്കെതിരായുള്ള പ്രതിരോധം, രാജാവിന്റെ രക്ഷാധികാരത്വം, മറ്റു സമൂഹങ്ങളുമായുള്ള സമ്പര്‍ക്കത്താലുണ്ടാകുന്ന വാണിജ്യവികസനം എന്നീ ഘടകങ്ങള്‍ കൂടി ഉള്‍ക്കൊള്ളേണ്ടിവന്നപ്പോള്‍ ക്ഷേത്രം എന്ന പദം ദേവാലയമെന്ന ഭ്രൂണത്തില്‍നിന്നും വളര്‍ന്ന് ക്ഷേത്രനഗരം എന്ന വിശാലമായ അര്‍ഥത്തിലേക്കു വ്യാപിച്ചു.
മനുഷ്യചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍ രൂപംകൊണ്ട ക്ഷേത്രങ്ങള്‍ മിക്കവാറും എല്ലാംതന്നെ നശിച്ചുപോയി. പുരാവസ്തുഖനനങ്ങളിലൂടെ അവയുടെ അവശിഷ്ടങ്ങള്‍ ഇന്നും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. പുരാണങ്ങളില്‍ നിന്നും നാടന്‍പാട്ടുകളില്‍നിന്നും മറ്റും പലതരം ക്ഷേത്രങ്ങളെപ്പറ്റിയുള്ള സൂചനകളോ വിവരണങ്ങളോ ലഭ്യമാണ്. ക്ഷേത്രനിര്‍മിതിയെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥഭാഗങ്ങളും കുറവല്ല. ചരിത്രകാലം മുതല്‍ നിര്‍മിക്കപ്പെട്ട ഒട്ടനേകം ക്ഷേത്രശില്പങ്ങള്‍ ജീര്‍ണാവസ്ഥയുടെ വിവിധഘട്ടങ്ങളിലായി ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാം. ഇന്നും ഉപയോഗത്തിലിരിക്കുന്ന പുരാതന ക്ഷേത്രങ്ങള്‍ക്കു പുറമേ, ഇക്കഴിഞ്ഞ ശതാബ്ദങ്ങളില്‍ നിര്‍മിക്കപ്പെട്ട ആരാധനാസ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയെയെല്ലാം ആധാരമാക്കി ക്ഷേത്രശില്പവിജ്ഞാനത്തിന്റെ വികാസം, ഓരോ ഘട്ടത്തിലും പൂര്‍ണതനേടിയ ക്ഷേത്രശില്പശൈലീമാതൃകകള്‍ എന്നിവയെപ്പറ്റി ഒരു സംക്ഷിപ്ത വിവരണമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.
പുരാതന കാലഘട്ടം
പുരാതന കാലഘട്ടം (ബി.സി. 2000 - 600). മനുഷ്യചരിത്രാരംഭകാലത്തെ ആദ്യനിര്‍മിതികളെല്ലാം സ്വാഭാവികമായും സുരക്ഷിതത്വത്തിനുള്ള സങ്കേതങ്ങളുടെ രൂപത്തിലാണ്. ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുമ്പുമാത്രമാണ് പാര്‍പ്പിടങ്ങള്‍ക്കു വ്യക്തമായ ഒരു ആകാരം കൈവന്നത്. ഇക്കാലമത്രയും മനുഷ്യന്‍ പരിസരങ്ങളില്‍നിന്നു ശേഖരിച്ച വസ്തുക്കള്‍കൊണ്ട് പ്രാകൃതശൈലിയില്‍ മെനഞ്ഞെടുത്ത സങ്കേതങ്ങളുടെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ വിഭവങ്ങള്‍ ലഭ്യമായ രൂപത്തില്‍ത്തന്നെ ഉപയോഗിക്കുകയും പിന്നീട് വിഭവങ്ങളില്‍നിന്നു നിര്‍മാണത്തിനുവേണ്ട അടിസ്ഥാനഘടകങ്ങള്‍ രൂപപ്പെടുത്തി, അവയെ ഇണക്കി, സങ്കേതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരിക്കാം. മണ്‍ചുവരുകളില്‍നിന്ന് ഇഷ്ടികകള്‍ കൊണ്ടുള്ള ചുവരുകളിലേക്കുള്ള മാറ്റം പോലെ, മരക്കൊമ്പുകള്‍ വളച്ചു കൂട്ടിക്കെട്ടിയുണ്ടാക്കുന്ന മേല്‍പ്പുരയില്‍നിന്ന് മരക്കഷണങ്ങള്‍ പാകി അവയ്ക്കു മുകളില്‍ ഇലകളോ ഉണങ്ങിയ പുല്ലോ നിരത്തിയുണ്ടാക്കുന്ന മാറ്റംപോലെ, താത്കാലിക നിര്‍മിതിക്ക് ഒരു സ്ഥിരരൂപം ലഭിക്കുന്ന ഈ മാറ്റത്തോടൊപ്പം അമൂര്‍ത്തമായ ഉദ്ദേശ്യങ്ങള്‍ ദ്യോതിപ്പിക്കുന്ന ചില പ്രതീകങ്ങളും മനുഷ്യന്‍ നിര്‍മിക്കുകയുണ്ടായി. ഒറ്റക്കല്‍ തൂണുകള്‍, കുടക്കല്ലുകള്‍, സ്മാരകശിലകള്‍, ചതുരസ്തൂപികകള്‍, കല്‍നിരകള്‍, പ്രത്യേക മരങ്ങള്‍ക്കു ചുറ്റും നിര്‍മിച്ച കല്‍ത്തറകള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ആധ്യാത്മികാവശ്യങ്ങള്‍ക്കു വേണ്ടിയുണ്ടാക്കപ്പെട്ട ശില്പങ്ങളുടെ ആദ്യപടിയായി ഇവയെ കണക്കാക്കാവുന്നതാണ്. ഇവയില്‍നിന്നു ക്ഷേത്രരൂപത്തിലേക്കുള്ള മാറ്റം സൂചിപ്പിക്കുന്ന നിര്‍മിതികള്‍ ബി.സി. 2000-ത്തോടെ എല്ലാ സംസ്കാരങ്ങളിലും വേരുറപ്പിച്ചതായി കാണുന്നു.
ബ്രിട്ടനിലെ വെങ്കലയുഗ കല്‍വരികള്‍ (Stone henges) ഇത്തരം ശില്പങ്ങള്‍ക്ക് ഉദാഹരണമാണ്. ഇവിടെ നടുവില്‍ ഒരു ബലിക്കല്ലും അതിനുചുറ്റും ഏകകേന്ദ്രികമായി നാലു നിരകളിലായി കുത്തനെ നാട്ടിയ കല്ലുകളും കാണുന്നു. ആധ്യാത്മികചര്യകള്‍ക്കുള്ള സ്ഥലം വ്യക്തമായി നിര്‍വചിക്കുന്നതിനുള്ള ഒരു ശ്രമമാണ് ഇതില്‍ കാണുന്നത്.
പുരാതന ഈജിപ്തുകാര്‍ പ്രകൃതിശക്തികളെ പ്രതീകരൂപത്തില്‍ ആരാധിച്ചിരുന്നു. രാജാക്കന്മാരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായിക്കണ്ട അവര്‍, രാജാക്കന്മാരുടെ ശവക്കല്ലറകള്‍ക്ക് ആധ്യാത്മിക പരിവേഷം നല്കി. ഈ രണ്ടു രൂപങ്ങളില്‍നിന്നാണ് ഈജിപ്തിലെ ക്ഷേത്രങ്ങളുടെ ആവിര്‍ഭാവം. ദീര്‍ഘചതുരാകൃതിയിലുള്ള ചെറിയ ഒരു സ്ഥലവും അതിന്റെ കേന്ദ്രത്തില്‍ ഒരു പ്രതീകവും അടങ്ങുന്നതാണ് ഇവിടത്തെ പുരാതന ക്ഷേത്രത്തിന്റെ ഏറ്റവും ലളിതമായ രൂപം. അതിന്റെ പൂര്‍ണരൂപത്തില്‍ (ഉദാ. കാര്‍നാക്കിലെ ഖോണ്‍സ് ക്ഷേത്രം) ക്ഷേത്രവീഥികള്‍, ആരാധകര്‍ക്കുവേണ്ടി വേര്‍തിരിച്ച സ്ഥലങ്ങള്‍, ആരാധനാചടങ്ങുകള്‍ക്കുള്ള ഇടം, ഭണ്ഡാരമുറികള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലസങ്കീര്‍ണമായ നിര്‍മിതിയായി മാറി ക്ഷേത്രസങ്കല്പം. ക്ഷേത്രരൂപം സുവ്യക്തമായി നിര്‍വചിക്കപ്പെട്ടതോടെ ഇത്തരം രൂപം പാറക്കെട്ടുകളില്‍ കൊത്തിയെടുക്കുന്ന ഒരു നിര്‍മാണരീതിയും പരീക്ഷിക്കപ്പെട്ടു. ബി.സി. 1300-ല്‍ പണിയപ്പെട്ട അബുസിംബല്‍ ക്ഷേത്രം ഇത്തരത്തില്‍പ്പെടുന്ന ഒന്നാണ്.
ബാബിലോണിയന്‍ സംസ്കാരത്തില്‍ ക്ഷേത്രത്തിന്റെ അടിസ്ഥാനമായി രൂപംകൊണ്ടത് സിഗൂററ്റുകളാണ്. യൂഫ്രട്ടിസ്, ടൈഗ്രീസ് നദികളുടെ ഗതിവിഗതികള്‍ക്കും കാലാവസ്ഥയുടെ അസ്ഥിരതയ്ക്കുമിടയ്ക്ക്, കൃഷി അടിസ്ഥാനമാക്കി ജീവിതം നയിച്ചിരുന്ന ഒരു ജനത കാലാവസ്ഥാ പ്രവചനത്തില്‍ വിദഗ്ധരായിരുന്ന പുരോഹിതര്‍ക്ക് ദൈവികപരിവേഷം നല്കി. വാനനിരീക്ഷണത്തിനു സൗകര്യപ്പെടുന്ന വിധത്തില്‍ കെട്ടിപ്പടുത്ത പീഠങ്ങളാണ് സിഗൂററ്റുകള്‍. ഈ പീഠങ്ങള്‍ക്കു മുകളിലാണ് പിന്നീട് ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്. ഈ ക്ഷേത്രങ്ങള്‍ക്കും ഈജിപ്തിലെ ക്ഷേത്രങ്ങളെപ്പോലെ ചതുരാകൃതിയിലുള്ള സംവിധാനമാണുള്ളത്. ബാബിലോണിയയിലെ ക്ഷേത്രങ്ങള്‍ക്കു സദൃശമായ ചില നിര്‍മിതികളുടെ അവശിഷ്ടങ്ങള്‍ മെക്സിക്കോവിലെ അസ്റ്റക് സംസ്കാരത്തിലും ദക്ഷിണ അമേരിക്കയിലെ ഇന്‍കാ സംസ്കാരത്തിലും കാണപ്പെടുന്നുണ്ട്.
ക്ഷേത്രരൂപം വ്യക്തമായും ഉടലെടുത്ത ഈജിപ്തിലെയും മെസോപ്പൊട്ടേമിയയിലെയും സംസ്കാരങ്ങളില്‍ പൊതുവായിക്കാണുന്ന ഒരു ഘടകം സര്‍വ അധികാരവും കൈയടക്കിയ രാജത്വവും അതിന്റെ അനുപൂരകമായ പൗരോഹിത്യവുമാണ്. ഇതില്‍നിന്നു വിഭിന്നമായ സാമൂഹ്യഘടനകളായിരിക്കണം ഇന്ത്യയിലെ പുരാതന സിന്ധുനദീതട സംസ്കാരത്തിലും ചൈനയിലെ ഹൊയാങ്ഹോ നദീതട സംസ്കാരത്തിലും ഉണ്ടായിരുന്നത്. മൊഹന്‍ജൊദാരോ ഉത്ഖനനത്തില്‍ ക്ഷേത്രസദൃശമായ നിര്‍മിതികളൊന്നും വിവേചിക്കപ്പെട്ടിട്ടില്ല. ബി.സി. 1500-ന് അടുത്ത് ഇന്ത്യയിലെത്തി എമ്പാടും പരന്ന ആര്യവംശജരുടെ സംസ്കാരത്തിലും ക്ഷേത്രാരാധനയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. അഗ്നിഹോമങ്ങളിലധിഷ്ഠിതമായിരുന്നു അവരുടെ ആധ്യാത്മികചര്യകള്‍. ബി.സി. 6-ാം ശതകത്തിലാണ് ഇന്ത്യയില്‍ ക്ഷേത്ര രൂപങ്ങള്‍ ആദ്യമായി ഉടലെടുത്തതായി കാണുന്നത്. ഗ്രീക്കു സംസ്കാരവുമായുണ്ടായ സമ്പര്‍ക്കത്തില്‍ നിന്നാവണം ഇതു സംഭവിച്ചത്.
ക്ലാസ്സിക്കല്‍ കാലഘട്ടം
ക്ലാസ്സിക്കല്‍ കാലഘട്ടം (ബി.സി. 600 - എ.ഡി. 400). ആഗോളാടിസ്ഥാനത്തില്‍ ക്ഷേത്രവാസ്തുവിദ്യയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത് ഗ്രീസില്‍ നിന്നാണ്. ഭൂമിശാസ്ത്രപരമായി ഗ്രീസിനുണ്ടായിരുന്ന സ്ഥാനമഹിമയും ജലഗതാഗത പ്രാധാന്യത്തിലൂടെ നേടിയ സംസ്കാര സമ്പര്‍ക്കവും ഗ്രീസിനെ അന്നു നിലവിലുണ്ടായിരുന്ന നിര്‍മാണശൈലികളുടെ സംഗമസ്ഥലമാക്കി മാറ്റി. പല ചെറിയ രാജ്യങ്ങളുടെയും ഫെഡറേഷനായിരുന്നു പുരാതന ഗ്രീസ്. പൗരോഹിത്യത്തിന് അവിടെ വലിയ സ്ഥാനമുണ്ടായിരുന്നില്ല. തന്മൂലം അതിവിപുലങ്ങളായ ശില്പങ്ങള്‍ ഗ്രീസില്‍ ഉണ്ടായില്ല. അക്കാരണം കൊണ്ടുതന്നെ സ്ഥൂലത എന്നതിനെക്കാള്‍ സൂക്ഷ്മാംശങ്ങളുടെ പരിചരണത്തിലെ ശ്രദ്ധകൊണ്ടാണ് ഗ്രീക്കുശൈലി പൂര്‍ണതയിലെത്തിയത്. പൂര്‍ണത കൈവരുത്തുന്നതിനുള്ള മാധ്യമമായി ക്ഷേത്രങ്ങള്‍ സ്വീകരിക്കപ്പെട്ടതോടെ ആരാധനാകേന്ദ്രങ്ങള്‍ എന്നതിനെക്കാളുപരി, അവ മനോഹരങ്ങളായ സാമൂഹികകേന്ദ്രങ്ങളായി രൂപപ്പെട്ടുവന്നു.
ഗ്രീക്കുശൈലിയില്‍ രൂപപ്പെട്ട ക്ഷേത്രങ്ങളില്‍ ഏറ്റവും മൗലികമായത് ദീര്‍ഘ ചതുരാകൃതിയുള്ള ഒറ്റമുറി ക്ഷേത്രങ്ങളാണ്. മൂന്നോ നാലോ പടികള്‍ കയറിയെത്താവുന്ന ഒരു പൂമുഖം, അവിടെ നിന്നു പ്രവേശിക്കാവുന്ന ഒരു മുറിയും മാത്രം ഉള്ള ഇത്തരം ക്ഷേത്രത്തിന്റെ അലങ്കരണം പോര്‍ട്ടിക്കോവിന്റെ തൂണുകളുടെയും മുഖപ്പിന്റെയും സംസ്കരണത്തില്‍ ഒതുങ്ങി നിന്നു. ഈ ലഘുരൂപം പിന്നീടുണ്ടായ വികാസഘട്ടങ്ങളില്‍ രണ്ടുവശത്തും പൂമുഖങ്ങള്‍ നിര്‍മിച്ചും മുറിക്കുചുറ്റും തൂണുകളില്‍ താങ്ങിനിര്‍ത്തിയ വരാന്തകള്‍ ഉള്‍പ്പെടുത്തിയും ഒറ്റ മുറിയില്‍ നിന്നു ഭണ്ഡാരമുറികൂടി കൂട്ടിച്ചേര്‍ത്തും രൂപാന്തരം പ്രാപിച്ചു. ക്ഷേത്രത്തിന്റെ വിസ്താരം വര്‍ധിച്ചപ്പോള്‍ സാങ്കേതികവിദ്യയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തേണ്ടിവന്നു. വീതികൂടിയ മുറികള്‍ നിര്‍മിക്കാന്‍ അകത്തും വരാന്തകളിലും കൂടുതല്‍ വരികളിലും നിരകളിലും തൂണുകള്‍ ആവശ്യമായി. ഗ്രീക്കുക്ഷേത്രങ്ങളുടെ വര്‍ഗീകരണംതന്നെ, തൂണുകളുടെ എണ്ണവും അവയുടെ വിന്യാസവും, തൂണുകളുടെ പ്രതലസംസ്കരണവും അവയുടെ ശിരോഭാഗങ്ങളിലെ അലങ്കാരരീതികളും മറ്റും ആധാരമാക്കിയാണ്.
ഗ്രീക്കു ക്ഷേത്രങ്ങളുടെ സംരചന, തൂണുകളില്‍ വിശ്രമിക്കുന്ന തുലാമുകളും കഴുക്കോലുകളും അടങ്ങിയ ചട്ടക്കൂടും, അതിനുപറ്റിയ മേച്ചിലും അടങ്ങിയതാണ്. മേല്‍പ്പുരകള്‍ക്ക് മരപ്പലകകള്‍ പാകി അവയ്ക്കുമീതെ മാര്‍ബിള്‍ പലകകളോ മണ്ണിഷ്ടികയോ ഉപയോഗിക്കപ്പെട്ടു.
ഗ്രീക്കു ക്ഷേത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായി കരുതപ്പെടുന്നത് ആഥന്‍സിലെ പാര്‍ത്തിനോണ്‍ ക്ഷേത്രമാണ്. ദീര്‍ഘചതുരാകൃതിയിലുള്ള ഇത്തരം ക്ഷേത്രങ്ങള്‍ക്കു പുറമേ, വൃത്താകൃതിയിലുള്ള ഏതാനും ക്ഷേത്രങ്ങളും ഗ്രീസില്‍ നിര്‍മിക്കപ്പെടുകയുണ്ടായി. ഒരു പൂര്‍ണ ജ്യാമിതീരൂപമെന്ന നിലയില്‍ വൃത്തത്തിനു ഗ്രീക്കുചിന്തയിലുണ്ടായിരുന്ന പ്രാധാന്യത്തിന്റെ ബഹിര്‍ സ്ഫുരണമായി ഇതിനെ കാണാം. പക്ഷേ ഇവിടെയും ആകൃതിയിലൊഴികെ മറ്റു ഘടകങ്ങളുടെ പരിചരണത്തില്‍ മാറ്റം കാണുന്നില്ല. വൃത്താകൃതിയുള്ള ഒരു മുറിക്കുചുറ്റും തൂണുകളിലുള്ള വരാന്തയും അതിനു ചുറ്റുമായി പടികളും ഉയര്‍ന്ന തറയും ക്ഷേത്രത്തിന്റെ പൊതുസ്വഭാവമായി നിലകൊള്ളുന്നു. വൃത്താകൃതിയിലുള്ള ക്ഷേത്രശൈലി പിന്നീട് റോമില്‍ സാങ്കേതിക പൂര്‍ണതയിലെത്തുന്നതായി കാണാം.
ക്ലാസ്സിക്കല്‍ കാലഘട്ടത്തിലെ മറ്റൊരു പ്രധാനശൈലി റോമാക്കാരുടേതാണ്. ഇറ്റലിയിലുണ്ടായിരുന്ന അനേകം വംശങ്ങളെ ഏകോപിപ്പിച്ച് ചരിത്രത്തിലെ ഒരജയ്യശക്തിയാക്കി മാറ്റിയത് ഇറ്റ് റസ്കന്‍ വംശജരാണ്. നിര്‍മാണപാടവവും സാഹസികതയും സംഘടനാവൈദഗ്ധ്യവും അവരുടെ സഹജഗുണങ്ങളായിരുന്നു. ഇവയായിരുന്നു റോമന്‍സാമ്രാജ്യം ഉയര്‍ന്നുവരാന്‍ ആവശ്യമായിരുന്ന ഘടകങ്ങളും. തെരഞ്ഞെടുക്കപ്പെട്ട രാജഭരണത്തില്‍ നിന്ന്, ജനസഭകളുടെ ഭരണത്തിലൂടെ ചക്രവര്‍ത്തിമാരുടെ ഏകാധിപത്യത്തിലേക്കു വ്യാപിച്ചുകിടക്കുന്നു റോമാസാമ്രാജ്യത്തിന്റെ ചരിത്രം. ഇറ്റ്റസ്കന്‍ വംശജരുടെ സാങ്കേതികാഭിരുചി, അവര്‍ കീഴടക്കിയ ഗ്രീക്കുരാജ്യത്തില്‍ നിന്നു കടംകൊണ്ട വാസ്തുവിദ്യാശയങ്ങള്‍, റോമാസാമ്രാജ്യം ഉള്‍ക്കൊണ്ട നിരവധി സംസ്കാരങ്ങളിലെ വിശ്വാസങ്ങള്‍, വന്‍ശക്തി എന്ന നിലയില്‍ റോമിനുണ്ടായിരുന്ന പ്രൌഢി എന്നിവയെല്ലാം സമ്മേളിച്ചപ്പോള്‍ ക്ഷേത്രവാസ്തുവിദ്യയുടെ ക്ലാസ്സിക് കാലഘട്ടം റോമില്‍ പൂര്‍ണതയിലെത്തുകയായിരുന്നു.
അടിസ്ഥാനപരമായി ഗ്രീക്കുക്ഷേത്രങ്ങളുടെ ആകൃതി റോമാക്കാര്‍ നിലനിര്‍ത്തി. അതേസമയം ലാളിത്യം ആഡംബരത്തിനും വൈവിധ്യം പ്രമാണീകരണത്തിനും വഴിമാറിക്കൊടുത്തു. മാത്രവുമല്ല, ഒറ്റപ്പെട്ടു നിന്നിരുന്ന ക്ഷേത്രങ്ങള്‍ റോമില്‍ നിര്‍മാണസമുച്ചയത്തിന്റെ ഒരു ഘടകം മാത്രമായിത്തീര്‍ന്നു. വിജയകമാനങ്ങള്‍, കൊട്ടാരങ്ങള്‍, ന്യായക്കോടതികള്‍ (ബാസിലിക്ക), കായിക വിനോദവേദികള്‍ (കൊളോസിയം), ക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഓരോ നിര്‍മാണസമുച്ചയത്തിലെയും ഘടകങ്ങള്‍.
സാങ്കേതികമായ നൂതനാശയങ്ങള്‍ ഉള്‍പ്പെടുത്തിയതാണു ക്ഷേത്രവാസ്തുവിദ്യയ്ക്ക് റോം നല്കിയ സംഭാവന. കമാനസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന വോള്‍ട്ട് (Vault), കുംഭകം എന്നിവ മേല്‍പ്പുരയുടെ നിര്‍മാണത്തിനുപയോഗിക്കപ്പെട്ടു. കോണ്‍ക്രീറ്റിന്റെ ആവിഷ്കാരം ഇത്തരം നിര്‍മിതികള്‍ സുസാധ്യമാക്കിത്തീര്‍ത്തു. ദീര്‍ഘചതുരാകൃതിയിലുള്ള ക്ഷേത്രങ്ങള്‍ക്ക് ഗ്രീക്കുനിര്‍മിതികളിലെന്നപോലെ ചരിഞ്ഞ മേല്‍പ്പുര ബാഹ്യാകാരത്തില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവയുടെ താങ്ങുകളായി കമാനങ്ങള്‍ ഉപയോഗപ്പെടുത്തി. വൃത്താകൃതിയിലുള്ള ക്ഷേത്രങ്ങള്‍ക്കു കുംഭകം ഏറ്റവും അനുയോജ്യമായിക്കണ്ട റോമന്‍ ശില്പികള്‍ അതിന്റെ പ്രചാരകരായി. റോമന്‍ ക്ഷേത്രങ്ങളില്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നത് കുംഭകമേല്‍പ്പുരയുള്ള പാന്‍തിയോണ്‍ ആണ്.
നാല്‍പതു മീറ്ററോളം വ്യാസവും അത്രതന്നെ ഉയരവുമുള്ളതാണ് പാര്‍ത്തിയോണ്‍ ക്ഷേത്രം. ഗ്രീക്കു ക്ഷേത്രങ്ങളിലെപ്പോലെ എട്ടുതൂണുകളുള്ള ഒരു മുഖമണ്ഡപത്തിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം.
ക്ഷേത്രത്തിനുള്ളിലെ ചുവര്‍പ്പൊത്തുകളില്‍ റോമന്‍ദൈവങ്ങളുടെ പ്രതിഷ്ഠ കാണാം. ക്ഷേത്രത്തിന്റെ അര്‍ധകുംഭക മേല്‍പ്പുര ഇഷ്ടികയും കുമ്മായവും പൊസോലന ചാരവും ചേര്‍ത്തുണ്ടാക്കിയ റോമന്‍ കോണ്‍ക്രീറ്റില്‍ വാര്‍ത്തുണ്ടാക്കിയതാണ്. കുംഭകത്തിന്റെ ശീര്‍ഷഭാഗത്ത് എട്ട് മീ. വ്യാസമുള്ള തുറപ്പ് ആണ്; ഇതുവഴിയാണ് ക്ഷേത്രത്തിനകം പ്രകാശമാനമാകുന്നത്.
ഭാരതത്തില്‍
ഇസ്ലാംമതവും ക്രിസ്തുമതവും ഇന്ത്യയില്‍ പ്രചരിച്ചപ്പോള്‍ അവയുടെ കൂടെ പ്രാര്‍ഥനാലയങ്ങളും നിര്‍മിക്കപ്പെട്ടു. ഈ വാസ്തുവിദ്യാശില്പങ്ങള്‍ അടിസ്ഥാനപരമായി പറിച്ചു നടപ്പെട്ടവയാണ്. അതതു കാലഘട്ടത്തില്‍ ഇന്ത്യയില്‍ ലഭ്യമായിരുന്ന നിര്‍മാണകൗശലം ഉപയോഗപ്പെടുത്തേണ്ടി വന്നതുകൊണ്ട് അവയില്‍ ഭാരതീയാംശങ്ങളുടെ സ്ഫുരണങ്ങള്‍ കാണാം. എന്നാല്‍ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി വളര്‍ന്നുപുഷ്ടിപ്പെട്ട തനതായ ക്ഷേത്രവാസ്തുവിദ്യാശൈലികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അവയെ മൂന്നു വിഭാഗങ്ങളായി തിരിക്കാം.
ആദ്യകാല ശൈലി
ആദ്യകാല ശൈലി (ബി.സി. 2000-300). പ്രാചീന സിന്ധു നദീതട സംസ്കാരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതായി ഉത്ഖനനങ്ങള്‍ കാണിക്കുന്നില്ല. എന്നാലും പില്ക്കാലത്തെ ക്ഷേത്രഅലങ്കരണങ്ങള്‍, നാടന്‍പാട്ടുകള്‍, പുരാണകാവ്യങ്ങള്‍ എന്നിവയെല്ലാം വൃക്ഷക്ഷേത്രങ്ങള്‍, നാഗക്ഷേത്രങ്ങള്‍, കുലദേവതാഗൃഹങ്ങള്‍, ഗ്രാമദൈവക്ഷേത്രങ്ങള്‍ എന്നിങ്ങനെയുള്ള ആദിമക്ഷേത്രരൂപങ്ങളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, ഇത്തരം ലഘുനിര്‍മിതികള്‍ പരമ്പരാഗതമായി സ്വീകരിക്കപ്പെട്ട് പിന്നീടുണ്ടായ മഹാക്ഷേത്രപ്രാകാരങ്ങള്‍ക്കുള്ളില്‍ സ്ഥാനം പിടിച്ചതായി കാണാം. ബി.സി. 1500-നടുത്ത് ആര്യവംശജര്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഇത്തരം ക്ഷേത്രങ്ങള്‍ക്ക് അവരുടെ മന്ത്രഹോമാധിഷ്ഠിതമായ മതചര്യകളില്‍ സ്ഥാനമുണ്ടായിരുന്നതിന് തെളിവുകളൊന്നുമില്ല. അതുകൊണ്ടായിരിക്കണം അക്കാലത്തെ ക്ഷേത്രാവശിഷ്ടങ്ങള്‍ ഇല്ലാതിരിക്കുന്നത്. വേദകാലഘട്ടത്തിലെ വാസ്തുവിദ്യാവശിഷ്ടങ്ങള്‍ തന്നെ തുലോ വിരളമാണ്. പത്തു ശതാബ്ദങ്ങളോളം നീണ്ടുനിന്ന വേദകാലഘട്ടത്തിലെ പ്രധാന നിര്‍മാണവസ്തു മരമായിരുന്നു. ദാരുശില്പങ്ങള്‍ നിര്‍മിക്കുന്നതില്‍ അസാമാന്യനിപുണത നേടിയ തച്ചന്മാരും അവ വിഭാവന ചെയ്യുന്നതില്‍ വിദഗ്ധരായ സ്ഥപതികളും അക്കാലത്തുണ്ടായിരുന്നു എന്ന് മെഗസ്തനീസിന്റെ വിവരണങ്ങളില്‍ കാണുന്നു. കാലത്തെ അതിജീവിക്കാന്‍ ദാരുശില്പങ്ങള്‍ക്കു കഴിഞ്ഞില്ല. നിര്‍മാണകുശലതയുടെ നൈരന്തര്യം ദാരുവില്‍ നിന്നു ശിലയിലേക്കു മാറിയപ്പോള്‍ അനശ്വരസൃഷ്ടികള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളായി അവശേഷിച്ചു. ബൗദ്ധശൈലി ഈ കാലഘട്ടത്തിലാണ് ഉടലെടുത്തത്. മഹാനായ അലക്സാണ്ടറുടെ ജൈത്രയാത്രയെ തുടര്‍ന്ന് യവനന്മാരുമായുണ്ടായ സമ്പര്‍ക്കവും ഗ്രീക്കു വാസ്തുവിദ്യയിലെ ശിലാമാധ്യമത്തെപ്പറ്റിയുള്ള അറിവും ഈ മാറ്റത്തിനു സഹായകമായി. ബുദ്ധമതസന്ന്യാസ സംഘടനകളുടെ ആവിര്‍ഭാവവും അവരുടെ സമൂഹപ്രാര്‍ഥനയ്ക്കു വേണ്ട ക്ഷേത്രങ്ങളുടെ ആവശ്യകതയും ഒന്നു ചേര്‍ന്നപ്പോള്‍ ബൗദ്ധക്ഷേത്രവാസ്തുവിദ്യാശൈലിയുടെ വികസനത്തിലുള്ള സാഹചര്യമായി.
ബൗദ്ധശൈലി
ബൗദ്ധശൈലി (ബി.സി. 300 - എ.ഡി. 400). ബൗദ്ധക്ഷേത്രങ്ങള്‍ അടിസ്ഥാനപരമായി രണ്ടുതരത്തില്‍പ്പെടുന്നവയാണ്. സാധാരണക്ഷേത്രങ്ങളും ഗുഹാക്ഷേത്രങ്ങളും. ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സ്മാരക നിര്‍മിതികളായി ആരംഭിക്കപ്പെട്ടവയാണ് സാധാരണ ബൗദ്ധക്ഷേത്രങ്ങള്‍. ഇവയുടെ പ്രാഗ്രൂപം സ്തൂപങ്ങളില്‍ കാണാം. ഒരു വിശുദ്ധ പ്രതീകം ഉള്‍ക്കൊള്ളുന്ന ചെറിയ ഒരു നിര്‍മിതിയില്‍നിന്നു പല ഘട്ടങ്ങളിലായി വിപുലപ്പെടുത്തി രൂപം കൊണ്ടവയാണ് സ്തൂപങ്ങള്‍. ആദ്യകാല സ്തൂപങ്ങള്‍ ആകൃതിയിലും വലുപ്പത്തിലും പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഈ ക്ഷേത്രങ്ങളുടെ അന്തിമ രൂപം നളന്ദയിലെയും തക്ഷശിലയിലെയും വിദ്യാപീഠങ്ങളിലെ ക്ഷേത്രങ്ങളില്‍ കാണാം. സാരനാഥ്, കാഠ്മണ്ഡു, അമരാവതി, അനുരാധപുരം, അംഗോര്‍വാട്ട് എന്നിങ്ങനെ ബൗദ്ധമത പ്രചാരമുണ്ടായിരുന്ന സ്ഥലങ്ങളില്‍ സ്തൂപരൂപങ്ങള്‍ വൈവിധ്യമാര്‍ന്നുകാണുന്നു. ഈ ഖരരൂപങ്ങളില്‍ നിന്നു വിഭിന്നമായി ഗയയിലെ ബൗദ്ധക്ഷേത്രം പോലെയുള്ള സാധാരണ ക്ഷേത്രങ്ങളും അപൂര്‍വമായിട്ടുണ്ട്.
ബൗദ്ധനിര്‍മിതികളില്‍ രണ്ടാമത്തെ വിഭാഗം ഗുഹാക്ഷേത്രങ്ങളാണ്. ഇവയെല്ലാംതന്നെ വിന്ധ്യപര്‍വതത്തിന്റെ പാര്‍ശ്വങ്ങളില്‍ (അജന്ത, എല്ലോറ, കാര്‍ലെ) ആണ് കാണപ്പെടുന്നത്. പാറ തുരന്നുണ്ടാക്കിയവയാണ് ഈ ക്ഷേത്രങ്ങള്‍. ദീര്‍ഘചതുരവും അര്‍ധവൃത്തവും ചേര്‍ന്നവയാണ് ഇതിന്റെ പ്ലാന്‍. ക്ഷേത്രത്തിന്റെ കേന്ദ്രബിന്ദു ഒരു ലഘുസ്തൂപമാണ്. ഈ സ്തൂപം ഉള്‍ക്കൊള്ളുന്ന പ്രധാന ഹാളും ചുറ്റുമുള്ള പ്രദക്ഷിണപഥവും വേര്‍തിരിക്കപ്പെടുന്നതു കല്‍ത്തൂണുകള്‍ കൊണ്ടാണ്. ഗജപൃഷ്ഠാകൃതിയിലുള്ള ക്ഷേത്രത്തിന്റെ തട്ട് മരപ്പാളികള്‍ കൊണ്ടുള്ള കമാനങ്ങള്‍ കൊണ്ടു അലങ്കരിച്ചിരുന്നു. ദാരുനിര്‍മിതിയെ അനുസ്മരിപ്പിക്കുന്ന സംസ്കരണം പാര്‍ശ്വങ്ങളിലെ സ്തംഭങ്ങളില്‍ കാണാം. പ്രധാനമണ്ഡപത്തിലേക്കും പാര്‍ശ്വത്തിലെ അന്തരാളത്തിലേക്കും കടക്കാനുള്ള മുന്നു വാതിലുകളും ക്ഷേത്രത്തിനകത്തേക്കു വെളിച്ചം നല്കുന്നതിനു ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ചൈത്യജാലകവും അടങ്ങിയതാണ് ക്ഷേത്രത്തിന്റെ മുഖപ്പ്. ഈ മുന്‍ഭാഗതലം മുഴുവന്‍ മനോഹരങ്ങളായ കൊത്തുപണികള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു.
ബൗദ്ധക്ഷേത്രവാസ്തുവിദ്യയില്‍ ഹീനയാനം, മഹായാനം എന്നീ രണ്ട് ഉപശൈലികള്‍ പിന്നീടുണ്ടായി. ബൗദ്ധരൂപം കേന്ദ്രബിന്ദുവാക്കി മഹായാനവും ബൗദ്ധപ്രതീകങ്ങള്‍ മാത്രം പ്രതിഷ്ഠിച്ച് ഹീനയാനവും സ്വയം വേര്‍തിരിച്ചു കാണിക്കുന്നു. ചൈന, ജപ്പാന്‍, പൂര്‍വേഷ്യ എന്നിവിടങ്ങളില്‍ പ്രചാരം നേടിയ മഹായാന ബുദ്ധമതം ശ്രീബുദ്ധന്റെ രൂപംതന്നെ ആരാധനാകേന്ദ്രമാക്കിയ ക്ഷേത്രങ്ങളുടെ വികാസത്തിനു കാരണമായി. ബുദ്ധഗയയില്‍ കാണപ്പെടുന്ന ക്ഷേത്രരൂപം വികസിച്ച് പ്രാര്‍ഥനാസ്ഥലം കൂടി ഉള്‍ക്കൊള്ളുന്നതായി മാറി. തായ്ലന്‍ഡ്, ബര്‍മ എന്നിവിടങ്ങളില്‍ ക്ഷേത്രരൂപത്തില്‍ മേല്‍പ്പുര പല അടുക്കുകളിലായി സജ്ജീകരിക്കപ്പെടുന്ന പോലെയും ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ ക്ഷേത്രം പഗോഡകളുടെ രൂപം സ്വീകരിക്കുന്നതുപോലെയും വികസിച്ചു.
ഹൈന്ദവശൈലി
ഹൈന്ദവശൈലി (എ.ഡി. 400-1750). ഹൈന്ദവക്ഷേത്രവാസ്തുവിദ്യയുടെ പ്രാഗ്രൂപമായി കണക്കാക്കപ്പെടുന്നത് എ.ഡി. 400-ന് അടുത്ത് സാഞ്ചിയില്‍ നിര്‍മിക്കപ്പെട്ട ഗുപ്തകാലത്തെ ഒരു കൊച്ചുക്ഷേത്രമാണ്. ഒരു ചെറിയ ഗര്‍ഭഗൃഹവും മുഖമണ്ഡപവും അടങ്ങിയതാണ് ഈ ശിലാക്ഷേത്രം. ഹോമകുണ്ഡത്തിന്റെ സമചതുരരൂപം നിലനിര്‍ത്തി അഗ്നിയുടെ സ്ഥാനത്ത് ദേവബിംബം സ്ഥാപിച്ച് സഗുണാരാധനയിലേക്കു മതചര്യ മാറിയത് ക്ഷേത്രവാസ്തുവിദ്യയുടെ ആരംഭം സൂചിപ്പിക്കുന്നു. ഈ വിഗ്രഹ പ്രതിഷ്ഠയെ കേന്ദ്രീകരിച്ച് ക്ഷേത്രരൂപത്തിലെ അനുബന്ധ നിര്‍മാണങ്ങളിലും അവയുടെ സംസ്കരണത്തിലും ക്ഷേത്രത്തിന്റെ ഒട്ടാകെയുള്ള ആകാരത്തിലും വന്ന മാറ്റങ്ങളാണ് ഹൈന്ദവശൈലിയെ വൈവിധ്യമുള്ളതും സമ്പുഷ്ടവും ആക്കുന്നത്.
ഹൈന്ദവാരാധന വ്യക്തിഗതമാണ്. ഭൗതികലോകത്തില്‍ നിന്നുമാറി, ആരാധകനും ആരാധനാമൂര്‍ത്തിയുമായുള്ള ഗാഢമായ ആത്മീയ ബന്ധത്തിനുതകുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതാണ് ക്ഷേത്രത്തിലെ മൂലസ്ഥലമായ ഗര്‍ഭഗൃഹത്തിന്റെ സങ്കല്പം. ക്ഷേത്രപ്രതിഷ്ഠയ്ക്കു സ്ഥാനബഹുമാനങ്ങള്‍ക്കും രാജകീയ പദവിക്കും അര്‍ഹതയുണ്ടെന്ന് ദ്യോതിപ്പിക്കുവാനായി ഗര്‍ഭഗൃഹം ഉള്‍ക്കൊള്ളുന്ന ക്ഷേത്രഭാഗം, വിമാനം എന്നിവ അതിശ്രദ്ധയോടെ പരിചരിക്കപ്പെട്ട് ഒരു ശ്രേഷ്ഠശില്പമാക്കി മാറ്റിയെടുക്കുന്നു. അതേസമയം ക്ഷേത്രം ഒരു കൊട്ടാരം (പ്രാസാദം) എന്ന സങ്കല്പത്തില്‍ സഭാമണ്ഡപം, കല്യാണമണ്ഡപം, നമസ്കാരമണ്ഡപം, നാട്യമണ്ഡപം, ഭോജനമണ്ഡപം, ദ്വാരമണ്ഡപം എന്നീ ഉപനിര്‍മിതികള്‍ കൂട്ടിച്ചേര്‍ത്ത് വിപുലപ്പെടുത്തുന്നു. വൈഷയികമായ കെട്ടുപാടുകളില്‍ നിന്ന് അഭൗമിക സാഹചര്യത്തിലേക്കുള്ള പ്രയാണത്തില്‍ കടക്കേണ്ട വിവിധ സീമകളുടെ പ്രതിരൂപങ്ങളാണ് ദ്വാരമണ്ഡപത്തില്‍ നിന്നു ഗര്‍ഭഗൃഹത്തിലേക്കുള്ള വിവിധ സോപാനങ്ങള്‍.
ശൈലീപരമായ വികാസത്തില്‍ ഹൈന്ദവക്ഷേത്രങ്ങളെ ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളെന്നും ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളെന്നും വേര്‍തിരിക്കാം. പ്രധാനമായും വിമാനത്തിന്റെ ആകാരത്തിലും സംസ്കരണത്തിലും ഉള്ള വ്യത്യാസങ്ങളെ ആധാരമാക്കിയാണ് ഈ വിഭജനം.
ഉത്തരേന്ത്യന്‍ ശൈലി
ഉത്തരേന്ത്യന്‍ ശൈലി. ഉത്തരേന്ത്യന്‍ ശൈലിയിലെ ക്ഷേത്രവിമാനങ്ങളുടെ ബാഹ്യാകാരം ഉത്തുംഗങ്ങളായ ശിഖരങ്ങളാണ്. മിക്കവാറും കുത്തനെയായി ഉയരുന്ന ഈ ശിഖരത്തിന്റെ മുകളിലായി ഒരു വൃത്തഫലകവും (അമലിക) കലശവും കാണാം. ക്ഷേത്രത്തിലെ ഉപനിര്‍മിതികള്‍ക്ക് പ്രായേണ സ്തൂപികാകൃതിയുള്ള മേല്‍പ്പുരകള്‍ തീര്‍ത്ത് മനുഷ്യദൃഷ്ടിയെ ഉന്നതങ്ങളിലേക്ക് നയിക്കുന്നു. ഒരു ദീര്‍ഘചതുരാകൃതിയിലുള്ള പ്രാകാരത്തിനുള്ളില്‍ എല്ലാ ഘടകങ്ങളും അഭികല്പന ചെയ്താണു ക്ഷേത്രരൂപം പൂര്‍ണമാക്കുന്നത്.
ഉത്തരേന്ത്യന്‍ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യാശൈലിക്ക് പൂര്‍വേന്ത്യ, മധ്യേന്ത്യ, പശ്ചിമേന്ത്യ എന്നിവിടങ്ങളിലായി മൂന്ന് ഉപശൈലികള്‍ പ്രകടമായി കാണുന്നു. പൂര്‍വേന്ത്യയില്‍ രൂപംകൊണ്ട ഉപശൈലിയുടെ ഉദാഹരണങ്ങളാണ് ഭുവനേശ്വറിലെ ലിംഗരാജക്ഷേത്രവും കൊണാരക്കിലെ സൂര്യക്ഷേത്രവും. ലളിതമായ അന്തര്‍ഭാഗവും അലങ്കൃതമായ ബാഹ്യഭാഗവുമാണ് ഈ ക്ഷേത്രങ്ങളുടെ പ്രത്യേകതകള്‍. പൊതുവേ ഈ ക്ഷേത്രങ്ങള്‍ വളരെ വലുതാണ്. അക്ഷീയമായി സംവിധാനം ചെയ്തിരിക്കുന്നു. ഭോഗ്മന്ദിര്‍, നാട്മന്ദിര്‍, ജഗ്മോഹന്‍, ശ്രീമന്ദിര്‍ (വിമാനം) എന്നീ നാലു നിര്‍മിതികള്‍ ഇവയില്‍ ഒന്നോടൊന്നായി ഘടിപ്പിച്ചിരിക്കുന്നു.
ഖജുരാഹോവിനു ചുറ്റുമുള്ള ക്ഷേത്രങ്ങള്‍ മധ്യേന്ത്യയില്‍ രൂപപ്പെട്ട ഉപശൈലിയുടെ പ്രത്യേകതകള്‍ പ്രകടിപ്പിക്കുന്നു. ഇവിടെ വന്ന പ്രധാനമാറ്റം വിമാനവും ഉപനിര്‍മിതികളും ഒന്നുചേര്‍ന്നിരിക്കുന്നു എന്നതാണ്. ഒരു പര്‍വതനിരയിലെ കൊടുമുടികളെ അനുസ്മരിപ്പിക്കുന്നവിധം ഉപശൃങ്ഗങ്ങള്‍ ചേര്‍ത്ത് വിമാനശിഖരത്തിന്റെ ഔന്നത്യത്തിന് ഊന്നല്‍ കൊടുക്കുന്നു. ക്ഷേത്രത്തിന്റെ അകവും പുറവും തൂണുകളും തട്ടും പ്രതിമാലങ്കരണംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.
ഗുജറാത്തിലെ മൗണ്ട് ആബു, രാജസ്ഥാനിലെ അംബര്‍ എന്നിവിടങ്ങളിലാണ് മൂന്നാമത്തെ വിഭാഗം-പശ്ചിമേന്ത്യന്‍ ഉപശൈലി-ക്ഷേത്രങ്ങള്‍ കാണപ്പെടുന്നത്. ഉയര്‍ത്തിയ പീഠങ്ങളിലാണ് ഈ ക്ഷേത്രങ്ങളും. ശൈലീവികാസം പൂര്‍ണതയിലെത്തി ക്രമേണ ക്ഷയോന്മുഖമാകുന്ന ഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രങ്ങളില്‍ ഇസ്ലാമിക ശൈലിയുടെ സ്വാധീനം പ്രകടമാകുന്നുണ്ട്. കമാനാകാരവും കുംഭകാകൃതിയില്‍ തീര്‍ത്ത് അലങ്കരിച്ച ഉള്‍ത്തട്ടും ഈ ഉപശൈലിയില്‍ പ്രത്യേകതയായി നിലകൊള്ളുന്നു. കൃഷ്ണശിലയില്‍നിന്ന് വെണ്ണക്കല്ലിലേക്കുള്ള മാറ്റം അലങ്കാരപ്പണികള്‍ സുഗമമാക്കി. തന്മൂലം കൊത്തുപണിയുടെ ആധിക്യം ഈ ശൈലീവിശേഷത്തില്‍ കാണപ്പെടുന്നു.
ജൈനമതത്തിന്റെ പ്രചാരവും ജൈനക്ഷേത്രങ്ങളുടെ നിര്‍മാണവും നടന്ന ഈ കാലഘട്ടത്തില്‍ (എ.ഡി. 1000-1300) സ്വാഭാവികമായും അന്നു പ്രചുരപ്രചാരം നേടിയ പശ്ചിമേന്ത്യയിലെ ഹൈന്ദവക്ഷേത്രശൈലിയാണു സ്വീകരിക്കപ്പെട്ടത്. ജൈനക്ഷേത്രങ്ങളുടെ ഉത്തമോദാഹരണങ്ങള്‍ സ്ഥലസംവിധാനത്തിലും ആകാരാലങ്കരണത്തിലുമെല്ലാം പ്രകടമായ സാമ്യങ്ങളോടെ കാണുന്നതും ഈ ഭാഗങ്ങളില്‍ത്തന്നെ.
ദക്ഷിണേന്ത്യന്‍ ശൈലി
ദക്ഷിണേന്ത്യന്‍ ശൈലി. ഉത്തരേന്ത്യയിലെ ഹൈന്ദവക്ഷേത്രങ്ങളിലധികവും പുറത്തുനിന്നുള്ള വിവിധ വര്‍ഗങ്ങളുടെ ആക്രമണംമൂലം നശിപ്പിക്കപ്പെട്ടുപോയതിനാല്‍ ശൈലീപരമായ വികാസഘട്ടങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തുക വിഷമമാണ്. 13-ാം ശതകത്തിനുശേഷം നിര്‍മിക്കപ്പെട്ട ഒറ്റപ്പെട്ട ക്ഷേത്രങ്ങളിലാകട്ടെ, ഇസ്ലാമിക ശൈലിയുടെ വ്യക്തമായ സ്വാധീനം പ്രകടവുമാണ്. മുഗളരുടെ വരവോടെ ഹൈന്ദവക്ഷേത്രനിര്‍മാണം നന്നേ കുറഞ്ഞുപോയി.
സിന്ധുനദീതടസംസ്കാരത്തിനു സമകാലികമായി ദക്ഷിണേന്ത്യയില്‍ സ്വതന്ത്രമായ ഒരു സംസ്കാരവും അതിലെ ക്ഷേത്രരൂപങ്ങളും ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ആദിദ്രാവിഡശൈലിയിലെ ക്ഷേത്രനിര്‍മാണരീതി അനുസ്യൂതം തുടര്‍ന്നു വരികയും ബാഹ്യ ഇടപെടലുകള്‍ കുറവായിരുന്നതുകൊണ്ട് അതിനു വ്യക്തമായ രൂപഭാവങ്ങളിലൂടെ വളരുവാന്‍ കഴിയുകയും ചെയ്തു. ഈ ദ്രാവിഡശൈലി ഉത്തരേന്ത്യന്‍ ക്ഷേത്രവാസ്തുവിദ്യയുമായി സമ്മേളിച്ചാണ് ഇന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ ക്ഷേത്രശൈലി ഉണ്ടായിവന്നത്. എ.ഡി. ആറാം ശ. മുതല്‍ 18-ാം ശ. വരെയുള്ള കാലഘട്ടത്തില്‍ ഈ ശൈലിയിലുണ്ടായ വികാസങ്ങളും വിശേഷതകളും ദക്ഷിണേന്ത്യയില്‍ പരക്കെ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രങ്ങളില്‍നിന്ന് മനസ്സിലാക്കാം.
ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലും ഏറ്റവും പ്രധാനമായ ഭാഗം ഗര്‍ഭഗൃഹം ഉള്‍ക്കൊള്ളുന്ന വിമാനമാണ്. പക്ഷേ ഉത്തരേന്ത്യന്‍ രീതിയില്‍നിന്ന് വിഭിന്നമായി ഇത് പ്രായേണ ചെറുതാണ്. തമിഴിലെ സംഘസാഹിത്യത്തില്‍ കോട്ടം, നഗരം, കോവില്‍, പള്ളി എന്നിങ്ങനെ വിവിധ നാമങ്ങളാല്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ വിമാനം ആകൃതിയിലും നിര്‍മാണരീതിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉത്തരേന്ത്യയില്‍ പരക്കെ സ്വീകൃതമായിരുന്ന ചതുരാകൃതിക്ക് പുറമേ ദീര്‍ഘചതുരം, വൃത്തം, ഗജപൃഷ്ഠം എന്നീ ബൗദ്ധകാലശൈലീരൂപങ്ങളും ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ സ്വീകരിക്കപ്പെട്ടു. വിമാനത്തിന്റെ മേല്‍പ്പുര എപ്പോഴും സ്തൂപികാകൃതിയില്‍ ആണ് കാണുന്നത്. ഭൂനിരപ്പില്‍നിന്ന് ലംബമായി ആരംഭിച്ച് ഉയരത്തില്‍ മാത്രം വക്രാകൃതിയിലായിത്തീരുന്ന ഉത്തരേന്ത്യന്‍ ക്ഷേത്രശിഖരങ്ങളുടെ സ്ഥാനത്ത്, സുവ്യക്തമായ തിരശ്ചീനവിതാനങ്ങള്‍ ഉയരം കൂടുന്തോറും ക്രമത്തില്‍ ചെറുതാക്കിയാണ് സ്തൂപികാകൃതി സൃഷ്ടിക്കുന്നത്. ഏറ്റവും മുകളിലായി ബൗദ്ധശൈലിയിലേതുപോലെയുള്ള ലഘുസ്തൂപവും കലശവും സ്ഥാപിക്കപ്പെട്ടുകാണുന്നു. മേല്‍പ്പുരയിലെ ഓരോ നിരയിലും പ്രതിമാരൂപങ്ങളും നിറംകൊടുത്ത തേപ്പുപണികളുംകൊണ്ടു മോടികൂട്ടി. അതിന്റെ നിര്‍മാണരീതി ദാരുശില്പങ്ങളെയും ബൗദ്ധകാലനിര്‍മിതിയിലെ ചൈത്യജാലകം, വളവുമച്ച് (Banel Vault) മുതലായ ഘടകരൂപങ്ങളെയും ഓര്‍മിപ്പിക്കുന്നു. പല ആകൃതികളില്‍ സ്ഥലസംവിധാനം ചെയ്ത വിമാനത്തിന്റെ ശിഖരത്തിനു വൃത്തസ്തൂപിക, ത്രികോണമുഖപ്പു കാണിക്കുന്ന മട്ടച്ചുമരുമേല്‍പ്പുര, കമാനമേല്‍പ്പുര എന്നിവയെല്ലാം യോജിച്ചവിധം ഉപയോഗിച്ചുകാണുന്നു.
ദക്ഷിണേന്ത്യന്‍ ക്ഷേത്രശൈലി ഉറവെടുത്തു വ്യക്തരൂപം കൈക്കൊണ്ടത് ആറ്, എട്ട് ശതകങ്ങളിലായിരിക്കണം. മഹാബലിപുരം, കാഞ്ചീപുരം എന്നിവിടങ്ങളിലെ പല്ലവനിര്‍മിതികളും ഹൈദരാബാദിനടുത്തുള്ള ബാദാമി, ഐഹോലെ എന്നിവിടങ്ങളിലെ ചാലൂക്യനിര്‍മിതികളും ഈ സൂചനയാണ് നല്കുന്നത്.
ചോളരാജാക്കന്മാരുടെ കാലത്തു പല്ലവരീതിക്ക് ഒരു പുതിയ മാനം കൈവന്നു. രാജരാജചോളന്‍ പണിയിച്ച തഞ്ചാവൂരിലെ ശിവക്ഷേത്രമാണ് ഇതിന്റെ ഉദാത്തമായ ഉദാഹരണം. ചോളനിര്‍മിതിയില്‍ വിമാനം 60 മീറ്ററോളം ഉയരത്തിലെത്തി നില്ക്കുന്ന ഒരു പ്രൌഢസ്തൂപികയായി മാറി. പില്ക്കാലത്തെ നിരവധി ക്ഷേത്രങ്ങള്‍ക്ക് ഇത് മാതൃകയായിത്തീര്‍ന്നു.
വലുപ്പത്തിന്റെ കാര്യത്തില്‍ വിമാനത്തെയപേക്ഷിച്ച് ദ്വാരമണ്ഡപത്തിനു കൈവന്ന പ്രാമുഖ്യമാണ് പാണ്ഡ്യ ഉപശൈലിയില്‍ കാണുന്നത്. ക്ഷേത്രത്തിനുചുറ്റും ഉറപ്പുള്ള പ്രാകാരങ്ങളും ഭീമാകാരമായ ഗോപുരങ്ങളും നിര്‍മിക്കുന്ന കീഴ്വഴക്കം 12-ാം ശതകത്തിലാണ് ആദ്യമായി ആരംഭിച്ചത്. ക്ഷേത്രങ്ങള്‍ സമ്പന്നങ്ങളായതോടെ അവയ്ക്കു കൂടുതല്‍ സംരക്ഷണം ആവശ്യമായി. ദ്വാരമണ്ഡപങ്ങള്‍ പല നിലകളുള്ള നിരീക്ഷണഗോപുരങ്ങളായിമാറി. ക്ഷേത്രത്തിനു ചുറ്റുമുള്ള ജനപദങ്ങളെ മേഖലകളായി വേര്‍തിരിക്കാന്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രാകാരവലയങ്ങള്‍ ഉപയോഗ്യമായി. ഏറ്റവും പുറമേയുള്ള പ്രാകാരത്തിനാണ് ഏറ്റവും ഉയരക്കൂടുതലുള്ള ഗോപുരങ്ങള്‍. സമൃദ്ധങ്ങളായ ക്ഷേത്രാലങ്കരണവും ഈ ഘട്ടത്തില്‍ സാധാരണയായി. മധുരയിലെയും ശ്രീരംഗത്തെയും ക്ഷേത്രങ്ങള്‍ ഈ പാണ്ഡ്യ ഉപശൈലിയിലെ പ്രധാന മാതൃകകളാണ്. ശ്രീരംഗത്തെ വിഷ്ണുക്ഷേത്രം വലുപ്പത്തിലും സൗന്ദര്യത്തിലും ഒന്നാംസ്ഥാനത്തുതന്നെ. 60 ഹെക്ടറോളം വിസ്തീര്‍ണമുള്ള ഈ ക്ഷേത്രനഗരത്തില്‍ വിമാനത്തിനു ചുറ്റുമായി ഗോപുരങ്ങളോടുകൂടിയ ആറു പ്രാകാരവലയങ്ങള്‍ ഉണ്ട്.
ദക്ഷിണഭാഗത്തെ ക്ഷേത്രങ്ങള്‍ ഈ പരിണാമഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നപ്പോള്‍ ഡക്കാനില്‍ മറ്റൊരു ഉപശൈലി രൂപംകൊണ്ടു. എട്ടാം ശതകത്തില്‍ ചാലൂക്യരാജാക്കന്മാരുടെ കീഴില്‍ ബാദാമിയിലും ഐഹോലെയിലും വ്യക്തത നേടിയ ഈ ശൈലിയില്‍ ഗുപ്തകാല നിര്‍മിതിയിലെ രൂപഭാവങ്ങള്‍ ദൃശ്യമാണ്. ചാലൂക്യശൈലി വികസിച്ച് പരിപൂര്‍ണത നേടിയത് 11-14 ശതകങ്ങളില്‍ ഹൊയ്സാല രാജാക്കന്മാരുടെ രക്ഷാധികാരത്വത്തിലാണ്. ക്ഷേത്രരൂപം ദീര്‍ഘചതുരാകൃതിയില്‍നിന്നു നക്ഷത്രാകൃതിയിലേക്കുമാറ്റി. അധിഷ്ഠാനം ഉയര്‍ന്നതായി. അലങ്കരണ സംസ്കരണം സമൃദ്ധമായി. ഹലേബീദിലും ബേലൂരിലും ഉള്ള ക്ഷേത്രനിര്‍മിതികള്‍ ഇവയില്‍പ്പെടുന്നു. ഇവയ്ക്കു ശിഖരങ്ങളില്ല; പൂര്‍ത്തീകരിക്കാത്തവയാണ് ഇവയെന്ന് കരുതുന്നവരുണ്ട്. ഹൊയ്സാല ശൈലിയിലെ ശിഖരങ്ങളുള്ള ക്ഷേത്രമാതൃകയും സോമനാഥ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാണുന്നുണ്ട്. ലോലങ്ങളും മനോഹരങ്ങളുമായ കൊത്തുപണികള്‍ക്ക് അവ പ്രസിദ്ധമാണ്.
ദക്ഷിണഭാരത ക്ഷേത്രശൈലിയുടെ സുവര്‍ണകാലഘട്ടമായ 16-ാം ശതകത്തില്‍ വിജയനഗരസാമ്രാജ്യത്തില്‍ തീര്‍ത്തക്ഷേത്രങ്ങള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ഹൊയ്സാല പാണ്ഡ്യശൈലികളുടെ സത്തായ ഗുണങ്ങള്‍ സമ്മേളിച്ചതാണ് വിജയനഗരശൈലി. കൊത്തുപണികളുടെ പരിപൂര്‍ണത; സ്തംഭമണ്ഡപങ്ങളുടെ നിര്‍മാണം; തൂണ്‍തോരണങ്ങളുടെ സംസ്കരണം; വ്യാളീമുഖമുദ്രകളുടെ ചിത്രീകരണം; അശ്വമുഖം, കീര്‍ത്തിമുഖം എന്നീ പ്രതീകങ്ങളുടെ ആവിഷ്കരണം ഇവയെല്ലാം ഈ നിര്‍മിതിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. ഹംപിയിലെ വിട്ടലക്ഷേത്രമാണ് ഈ ഗണത്തില്‍ ഏറ്റവും ലക്ഷണമൊത്തത്.
കേരളത്തില്‍
ഡക്കാണ്‍ പീഠഭൂമിയിലെ ക്ഷേത്രവികാസത്തോടൊപ്പം കേരളത്തില്‍ തനതായ ഒരു ശില്പശൈലി രൂപംകൊണ്ടു വികസിച്ചു. ഭൂമിശാസ്ത്രപരമായി വേറിട്ടുള്ള കിടപ്പ്, അതിവൃഷ്ടിയുള്ള കാലാവസ്ഥ, വെട്ടുകല്ല്, തടി എന്നീ നിര്‍മാണവസ്തുക്കളുടെ സുലഭത, നാടോടിക്കഥകളുടെയും ബൗദ്ധമതത്തിന്റെയും സ്വാധീനം എന്നിവയെല്ലാമാണ് ഈ ശൈലീവിശേഷമുണ്ടാക്കാന്‍ കാരണമായത്. ചരിത്രപരമായി ആദിമദ്രാവിഡരുടെ നാഗാരാധന, കുടക്കല്ല്, വൃക്ഷാരാധന, പിതൃആരാധന എന്നിവയെച്ചുറ്റിപ്പറ്റിയുള്ള അര്‍ധദേവസങ്കല്പങ്ങളും അതിനുവേണ്ടിയുള്ള തുറന്ന തറകളും കൂടിയതാണ് കേരള ക്ഷേത്രവാസ്തുവിദ്യയുടെ ആദ്യരൂപം. ഈ സ്ഥലങ്ങള്‍ എല്ലാത്തരം സാമൂഹികകലാപ്രകടനത്തിനുമുള്ള രംഗങ്ങളായി വളര്‍ന്നുവന്നു. ക്ഷേത്രരൂപം വിപുലമായപ്പോഴും ഈ പൈതൃകം കാത്തുസൂക്ഷിക്കപ്പെട്ടു. പില്ക്കാലത്തുണ്ടായ ഹൈന്ദവബൗദ്ധമതങ്ങളുടെ ഉപനിവേശം അവയിലെ ക്ഷേത്രകല്പനയെ ആദിമരൂപത്തോട് സമന്വയിപ്പിച്ചു, ഈ മൂന്നു വ്യത്യസ്തശൈലികളുടെയും സംയോജനത്തില്‍നിന്നാണ് ഇന്നറിയപ്പെടുന്ന കേരളക്ഷേത്രവാസ്തുവിദ്യാശൈലി ഉടലെടുത്തത്. പുരാതന ദക്ഷിണേന്ത്യന്‍ ഭാഗമായിരുന്നു കേരളം. തമിഴ് പുരാണകാവ്യങ്ങളില്‍ ഇവിടത്തെ ക്ഷേത്രങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്.
അറിയപ്പെട്ടിടത്തോളം കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രം വിഴിഞ്ഞത്തെ ഒറ്റമുറി ക്ഷേത്രമാണ്. എന്നാല്‍ ഇന്നു നിലവിലുള്ള ക്ഷേത്രങ്ങളില്‍ ബഹുഭൂരിഭാഗവും 12-ാം ശതകത്തിനുശേഷം നിര്‍മിക്കപ്പെട്ടവയോ പുനരുദ്ധാരണം ചെയ്യപ്പെട്ടവയോ ആണ്. ഈ ക്ഷേത്രങ്ങള്‍തന്നെ ആകൃതിയിലും നിര്‍മാണവസ്തുക്കളിലും സംസ്കരണത്തിലും വളരെ വൈവിധ്യമുള്ളതായി കാണാം. ക്ഷേത്രനിര്‍മാണത്തിന്റെ വാസ്തുവിദ്യാതത്ത്വങ്ങള്‍ ക്രോഡീകരിച്ചെഴുതപ്പെട്ട ശില്പരത്നം, തന്ത്രസമുച്ചയം എന്നീ ഗ്രന്ഥങ്ങളിലെ വിവരണങ്ങളില്‍നിന്ന് ക്ഷേത്രനിര്‍മാണവിദ്യയ്ക്കു കൈവന്നിരുന്ന വികാസം മനസ്സിലാക്കാം. ക്ഷേത്രത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നതുമുതല്‍ പ്രതിഷ്ഠവരെയുള്ള ഓരോ ഘടകങ്ങള്‍, നിര്‍മാണതത്ത്വങ്ങള്‍, അലാങ്കാരണരീതികള്‍, താന്ത്രികവിധികള്‍ എന്നിവയെല്ലാം ഇന്നും നിലനിന്നുവരുന്ന ഒരു വിജ്ഞാനശാഖയായി പരമ്പരാഗതമായി അഭ്യസിച്ചുവരുന്നു.
കേരളക്ഷേത്രത്തിന്റെയും അടിസ്ഥാനഘടകം ഗര്‍ഭഗൃഹം ഉള്‍ക്കൊള്ളുന്ന ശ്രീകോവിലാണ്. അതിന്റെ ബാഹ്യാകാരം ചതുരം, അഷ്ടഭുജം, വൃത്തം, ദീര്‍ഘചതുരം, ഗജപൃഷ്ഠം എന്നീ ആകൃതികളില്‍ കാണാം. വൃത്തം, ഗജപൃഷ്ഠം എന്നീ ആകൃതികള്‍ ബുദ്ധമതക്ഷേത്രങ്ങളില്‍നിന്നു സ്വീകരിച്ചവയായിരിക്കണം. ഉയരമുള്ള ഒരു അധിഷ്ഠാനത്തിലാണ് ശ്രീകോവിലിന്റെ നിര്‍മിതി. ഭിത്തികളില്‍ വിശ്രമിക്കുന്ന മേശപ്പുരയ്ക്ക് സ്തൂപികാരൂപമാണ്. തള്ളിനില്ക്കുന്ന ഇറയാണ് ഈ മേല്‍പ്പുരയുടെ സവിശേഷത. സ്തൂപികാഗ്രത്തിന്റെ കലശവുംകൂടിച്ചേര്‍ന്ന നാലുഭാഗങ്ങളും-അധിഷ്ഠാനം, ഭിത്തി, ശിഖരം, സ്തൂപി-കേരളക്ഷേത്രങ്ങളുടെ അടിസ്ഥാനഘടകങ്ങള്‍ ആകുന്നു.
പ്രധാന ക്ഷേത്രങ്ങളില്‍ ശ്രീകോവിലില്‍ത്തന്നെ ഗര്‍ഭഗൃഹത്തെ പ്രദക്ഷിണം ചെയ്യുവാന്‍ ഇടനാഴിയും, വീണ്ടുമൊരു പുറംഭിത്തിയും കാണാം. ഗര്‍ഭഗൃഹത്തിന്റെ ഭിത്തികള്‍ ഉയര്‍ത്തി ഏറ്റവും മുകളിലുള്ള മേല്‍പ്പുരയും രണ്ടാമത്തെ പുറംചുറ്റിലെ ഭിത്തികള്‍ ഉയര്‍ത്തി അതിനുതാഴെയുള്ള മേല്‍പ്പുരയും എന്ന ക്രമത്തില്‍ രണ്ടോ അതിലധികമോ നിലകളുള്ള ശ്രീകോവില്‍ നിര്‍മിതിയും പൊതുവേ സ്വീകരിച്ചിരുന്നു.
കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായിട്ടാണ് ശ്രീകോവിലിന്റെ നിര്‍മാണം. ചില ശിവക്ഷേത്രങ്ങളില്‍ ശ്രീകോവില്‍ രണ്ടായി വിഭജിച്ച് കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍നിന്ന് ദര്‍ശനം നടത്താവുന്നവിധം ശിവന്റെയും പാര്‍വതിയുടെയും പ്രതിഷ്ഠ നടത്തിയിരിക്കുന്നതായി കാണാം. ശ്രീകോവിലിനു മുമ്പിലായി, എന്നാല്‍ അതില്‍നിന്നു വേര്‍പെട്ടാണ് നമസ്കാരമണ്ഡപം. ഈ മണ്ഡപത്തിന്റെ രൂപം, ഒരു അധിഷ്ഠാനവും നാലു തൂണുകളില്‍ താങ്ങിയ സ്തൂപികാമേല്‍പ്പുരയും ചേര്‍ന്നതാണ്. ശ്രീകോവിലിനോട് ചേര്‍ന്ന അര്‍ധമണ്ഡപം ചിലയിടങ്ങളില്‍ നിര്‍മിതിമായും കാണാം. ശ്രീകോവിലിനുചുറ്റും പ്രദക്ഷിണപദമുണ്ട്. അതിനു പുറത്തുള്ള ചുറ്റമ്പലത്തില്‍ പൂജാദ്രവ്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കലവറ, ക്ഷേത്രാനുഷ്ഠാനങ്ങള്‍ക്കും പൂജകള്‍ക്കും ആവശ്യമായ സാമഗ്രികള്‍ സജ്ജീകരിക്കുന്നതിനുള്ള മുറി എന്നിവയുണ്ട്. ക്ഷേത്രകലകള്‍ക്കുള്ള (കൂത്ത്, പാഠകം മുതലായവ) ചെറിയ മണ്ഡപങ്ങളും ചുറ്റമ്പലത്തിന്റെ ഭാഗമായി പ്രവേശനദ്വാരത്തിന് ഇരുവശത്തും സജ്ജീകരിച്ചതായും കാണാം. ചുറ്റമ്പലത്തിന്റെയും പുറത്തായി അതിനോട് ചേര്‍ന്നോ, സ്വതന്ത്രമായോ വിളക്കുമാടം നിര്‍മിക്കുന്നു. ബൗദ്ധസ്തൂപങ്ങളിലെ അഴിക്കോട്ട(ജമഹശമെറല)യെ അനുസ്മരിപ്പിക്കുന്നതാണ് ഈ വിളക്കുമാടം. അതിനും പുറത്തായി ബലിപ്പുര, ബലിക്കല്ല്, ധ്വജസ്തംഭം, ആനപ്പന്തല്‍ എന്നീ ക്രമത്തിലുള്ള നിര്‍മിതികള്‍ ക്ഷേത്രപടിപ്പുരയിലേക്ക് നയിക്കുന്നു. ഏറ്റവും പുറത്തുള്ള പ്രാകാരത്തിന്റെ ഭാഗമാണ് ഈ പടിപ്പുര. പാണ്ഡ്യ ഉപശൈലിയിലെ ഗോപുരങ്ങള്‍ക്ക് സദൃശമായ ഈ നിര്‍മിതി വലുപ്പത്തില്‍ അവയ്ക്കൊപ്പമെത്തുന്നില്ല. രൂപകല്പനയില്‍ ശ്രീകോവിലിനോടു സദൃശമാണ് പടിപ്പുര. പ്രാകാരത്തിനുള്ളിലായി ഉപക്ഷേത്രങ്ങള്‍, പാഠശാലകള്‍, ക്ഷേത്രക്കുളം, ഗോശാല, സര്‍പ്പക്കാവുകള്‍, കൂത്തമ്പലം തുടങ്ങിയ ഉപനിര്‍മിതികളും സംവിധാനം ചെയ്യപ്പെട്ടിരിക്കും. ഒഡിഷയിലെ ക്ഷേത്രങ്ങളിലെ നാട്യമന്ദിരങ്ങളില്‍നിന്ന് സ്ഥാനത്തിലും സ്ഥലവിന്യാസത്തിലും വ്യത്യസ്തമാണ് കൂത്തമ്പലങ്ങള്‍. കേരളക്ഷേത്രങ്ങളിലെ നാട്യശാലകള്‍ ക്ഷേത്രത്തിന്റെ പ്രവേശന അക്ഷത്തിന്റെ ഇടതുവശത്തായിരിക്കും. ഒരു വേദിയും ചുറ്റും കാണികള്‍ക്കിരിക്കാനുള്ള സ്ഥലവും ചേര്‍ന്ന കൂത്തമ്പലത്തിന്റെ പ്ലാന്‍ ഗ്രീക്കുക്ഷേത്രങ്ങളുടെ പ്ലാനുമായി സാദൃശ്യമുള്ളതാണ്. പക്ഷേ, അതിന്റെ വ്യാപ്തം, തുറപ്പുകള്‍, ദിശാസമീകരണം എന്നിവ ഭരതമുനിയുടെ നാട്യശാസ്ത്രതത്ത്വങ്ങളില്‍ അധിഷ്ഠിതമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രകടമായി കാണുന്ന ഒരു ഗുണം അഭികല്പനയിലെ പ്രമാണീകരണമാണ്. ഗര്‍ഭഗൃഹത്തിന്റെ ചുറ്റളവ് അടിസ്ഥാനമാക്കിയാണ് ദീര്‍ഘവിസ്താരം, അധിഷ്ഠാന ഉയരം, ഭിത്തിഉയരം, മേല്‍പ്പുരയുടെ വിവിധ അളവുകള്‍ എന്നിവയെല്ലാം നിശ്ചയിക്കപ്പെടുന്നത്. ക്ഷേത്രവളപ്പിന്റെ ബ്രഹ്മസ്ഥാനത്ത് സ്ഥാപിക്കപ്പെടുന്ന ശ്രീകോവിലിന്റെ അളവുകള്‍ അടിസ്ഥാനമാക്കിയാണ് അതിനു ചുറ്റുമുള്ള വിവിധ വീഥികളുടെയും അവയിലെ ഉപനിര്‍മിതികളുടെയും അളവുകള്‍ തീരുമാനിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള അഭികല്പനാരീതികൊണ്ട് ക്ഷേത്രത്തിന്റെ രൂപാകാരം അതിന്റെ വലുപ്പച്ചെറുപ്പങ്ങളുടെ പരിധിയില്‍നിന്ന് സ്വതന്ത്രമായി ഒരു നിശ്ചിത അനുപാതത്തിലുള്ള മാതൃകയായിത്തീരുന്നു.
ക്ഷേത്രനിര്‍മാണവിദ്യ ഒരു വിശുദ്ധ കലാരൂപം എന്ന നിലയ്ക്കാണ് ഇന്നും നിലനില്‍ക്കുന്നത്. വിവിധ ശാസ്ത്രശാഖകളുടെ സംഗമമായ സ്ഥപത്യശാസ്ത്രത്തില്‍ ജ്യോതിഷം, ജ്യോതിശ്ശാസ്ത്രം, തന്ത്രമന്ത്രാദികള്‍ എന്നിവയെല്ലാം എകോപിപ്പിച്ചവയാണ് ക്ഷേത്രവാസ്തുവിദ്യയുടെ പ്രമാണീകരണ ഗ്രന്ഥങ്ങള്‍. ഈ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന കരകൗശലങ്ങള്‍ പരമ്പരാഗതമായി പ്രയോഗത്തിലൂടെ കാത്തുസൂക്ഷിച്ചുവരുന്നു.
നിര്‍മാണപദാര്‍ഥങ്ങള്‍
കേരളത്തിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ അതിവൃഷ്ടിയും ഉയര്‍ന്ന താപനിലയും ചെറുത്തുനില്‍ക്കുന്ന നിര്‍മാണരീതി ആവശ്യമായിരുന്നു. പ്രാദേശികമായി ലഭ്യമായ മരം, വെട്ടുകല്ല്, കരിങ്കല്ല് എന്നീ അടിസ്ഥാനനിര്‍മാണവസ്തുക്കള്‍ ഉപയോഗിക്കേണ്ട സാങ്കേതിക രീതിയായിരുന്നു വികസിപ്പിക്കേണ്ടിയിരുന്നത്. ക്ഷേത്ര വാസ്തുവിദ്യയില്‍ ഈ വസ്തുക്കള്‍ ഏറ്റവും ദക്ഷതയോടെതന്നെ ഉപയോഗിക്കപ്പെട്ടു.
ഉയരമുള്ള അധിഷ്ഠാനത്തിന് കരിങ്കല്ലും ഭിത്തികള്‍ക്ക് ചെങ്കല്ലും തൂണുകള്‍, തുലാമുകള്‍, തട്ട്, മേല്‍പ്പുര എന്നിവയ്ക്ക് മരവും സാമാന്യമായി ഉപയോഗത്തില്‍വന്നു. മരത്തിന്റെ ഉപയോഗത്തില്‍ കേരളത്തിലെ നിര്‍മാണശൈലി ഇന്ത്യയിലെ മറ്റുശൈലികളില്‍നിന്ന് വേര്‍തിരിഞ്ഞു നില്‍ക്കുന്നു. ലോഹത്തിന്റെ ആണി, ബന്ധകങ്ങള്‍ എന്നീ അന്യവസ്തുക്കളൊന്നും ഉപയോഗിക്കാതെ മരഖണ്ഡങ്ങള്‍ യോജിപ്പിച്ചും ഉത്തരങ്ങള്‍, തുലാമുകള്‍, കഴുക്കോലുകള്‍, വളബന്ധങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ഒരു ത്രിമാന സംരചനാരീതിയില്‍ കൂട്ടിച്ചേര്‍ത്തും കേരളത്തിലെ ദാരുനിര്‍മിതിയില്‍ പൂര്‍ണത കൈവരുത്തി.
പരമ്പരാഗതമായ മേച്ചില്‍വസ്തു മരപ്പലകകളില്‍ നിരത്തിയ ഓടുകളാണ്. കളിമണ്ണ് പ്രത്യേക കഷായങ്ങള്‍ ചേര്‍ത്ത് സംസ്കരിച്ച് ഓടു രൂപപ്പെടുത്തുന്ന വിധികള്‍ വാസ്തുവിദ്യാഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളുടെ മേല്‍പ്പുരയ്ക്ക്, തുരുമ്പിക്കാത്തതും മിനുക്കാവുന്നതുമായ ചെമ്പുതകിടുകള്‍ കൊണ്ട് മേച്ചില്‍ നടത്തുന്ന രീതി 15-ാം ശതകത്തില്‍ നിലവില്‍ വന്നതായി കാണുന്നു.
കേരളത്തില്‍ സുലഭമായ വെട്ടുകല്ലിന്റെ മൂന്നു പ്രത്യേകതകള്‍, അവ എളുപ്പത്തില്‍ വെട്ടിയെടുക്കാമെന്നതും നിഷ്പ്രയാസം പ്രസാധനം ചെയ്യാമെന്നതും പഴക്കത്തില്‍ വായുസമ്പര്‍ക്കംമൂലം കല്ലിന്റെ പുറംഭാഗം കടുപ്പമുള്ളതായിത്തീരുന്നു എന്നതും ആണ്. വെട്ടുകല്ലുകള്‍ പടുക്കുവാന്‍ ആവശ്യമായ ചാന്തുണ്ടാക്കുവാനുള്ള വിധികള്‍ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ക്ഷേത്രനിര്‍മാണത്തിന് ശില (stone), സുധ (mortar), ഇഷ്ടിക (brick), ദാരു (timber), മൃത്സന (soil), മൃല്ലോഷ്ടം (earthenware), ലോഹം (metal) എന്നീ വസ്തുക്കള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. കല്പാന്തകാലത്തോളം നിലനില്‍ക്കുന്നതിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ക്ഷേത്രഭാഗങ്ങള്‍ക്ക് ജീര്‍ണത സംഭവിച്ചാല്‍ അവയെ പുനരുദ്ധരിക്കുന്നതിന് ആവശ്യമായ ജീര്‍ണോദ്ധാരണ വിധിയും ഇവിടെ വിസ്തരിക്കപ്പെട്ടിട്ടുണ്ട്.
സംസ്കരണ രീതികള്‍
പൊതുവില്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് സൗന്ദര്യാത്മകതയ്ക്കു വേണ്ടിയുള്ള അലങ്കരണം കുറവാണ്. ക്ഷേത്രത്തിന്റെ പുറംപ്രാകാരവും ചുറ്റമ്പലവും പ്രായേണ നിരലങ്കൃതമാണ്. എല്ലാ അലങ്കരണശ്രമങ്ങളും മേളിക്കുന്നത് ശ്രീകോവിലിലാണ്. ഈ ക്ഷേത്ര സംസ്കരണത്തെ നാലായി തരംതിരിക്കാം: ക്ഷേത്രഭാഗങ്ങളുടെ അലങ്കരണങ്ങള്‍, നിര്‍മാണഭാഗങ്ങളുടെ സംസ്കരണം, ചിത്രാലങ്കരണങ്ങള്‍, പ്രതിമാരൂപങ്ങളും ബിംബവിധിയും.
ക്ഷേത്രത്തിലെ ബലിക്കല്ല്, ധ്വജസ്തംഭം എന്നീ പ്രതീകങ്ങള്‍ക്കും അധിഷ്ഠാനം, സോപാനം, വാതിലുകള്‍ എന്നിങ്ങനെയുള്ള ക്ഷേത്രഭാഗങ്ങള്‍ക്കും നല്കുന്ന സംസ്കരണമാണ് ആദ്യത്തേത്. ഓരോ ഭാഗത്തിന്റെയും അനുപാതങ്ങള്‍, അവയുടെ വിഭജനം, വിഭജിച്ചുലഭിക്കുന്ന ഓരോ ഖണ്ഡത്തിനും നല്കുന്ന പ്രത്യേക പ്രസാധനം, ഇതിനു മൊത്തത്തില്‍ നല്കുന്ന പ്രലംബനവിധികള്‍ ഇവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നവയാണ്. ക്ഷേത്ര അധിഷ്ഠാനത്തെ പാദുകം, ജഗതി, കുമുദം, ഗളം, വാജനം, പടി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളാക്കി അവയ്ക്കു നല്കുന്ന സംസ്കരണവും പ്രധാന ദ്വാരസോപനത്തിന്റെ ഇരുവശത്തുമുള്ള മകരമുഖകല്പനയും ലതാകാരമായ കൈവരിയും ഘനദ്വാരങ്ങള്‍ക്കു ചെയ്യുന്ന തോരണാലങ്കരണങ്ങളും ഇവയ്ക്കുദാഹരണങ്ങളാണ്.
നിര്‍മാണഭാഗങ്ങളായ തുലാം, കഴുക്കോല്‍, തട്ട്, ഇറതാങ്ങി എന്നിവയ്ക്കു നല്കുന്ന സൂക്ഷ്മപരിചരണമാണ് രണ്ടാമത്തെ വിഭാഗം അലങ്കരണം. താരതമ്യേന ചെറിയ ക്ഷേത്രങ്ങള്‍ക്കുപോലും ചാരുതയും സുഭഗതയും നല്കുന്നതാണ് ഇത്തരം സംസ്കരണങ്ങള്‍. മണ്ഡപത്തിന്റെ തൂണുകള്‍ കടഞ്ഞെടുക്കുന്ന രീതി, തുലാമില്‍ ചെയ്യുന്ന കൊത്തുവേലകള്‍, തൂണ്‍, തുലാം സന്ധികളുടെ അലങ്കരണം, കഴുക്കോലിന്റെ അഗ്രത്തില്‍ ഉണ്ടാക്കുന്ന വിശേഷരൂപങ്ങള്‍, തട്ടില്‍ ചെയ്യുന്ന നവഗ്രഹഫലകം, പുഷ്പമാതൃകകള്‍, ജ്യാമതീയ രൂപങ്ങള്‍, സംരചനാ ഘടകമായ ഇറതാങ്ങിയെ ഒരു പ്രതിമാരൂപം തന്നെയാക്കുക എന്നിങ്ങനെ ഒട്ടനേകം രീതികളില്‍ ഈ ക്ഷേത്രകാരുക്കള്‍ ചെലുത്തിയ ശ്രദ്ധാപൂര്‍വമായ പ്രവൃത്തികള്‍ ക്ഷേത്രസൗന്ദര്യവര്‍ധനവിനു വിലപ്പെട്ട സംഭാവനകളാണ്.
മൂന്നാമത്തേത് വര്‍ണചിത്രാലങ്കരണമാണ്. ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലുമെന്നപോലെ കേരളത്തിലെ ക്ഷേത്രങ്ങളിലും ഗര്‍ഭഗൃഹത്തിനുള്ളില്‍ അലങ്കരണങ്ങളൊന്നുമില്ല. ഒറ്റവാതില്‍ മാത്രമുള്ള ശ്രീകോവിലിന്റെ പുറം ചുമര്‍, ദൃഷ്ടിനിരപ്പില്‍ ആയതുകൊണ്ടും തുറപ്പുകളില്ലാത്ത നിരപ്പായ പ്രതലം നല്‍കുന്നതുകൊണ്ടും മോടിപിടിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം നല്കുന്നു. ഇറകളുടെ സംരക്ഷണവും ഈ പ്രതലത്തിനുണ്ട്. കൊത്തുപണിക്കുചേരാത്ത വെട്ടുകല്ലില്‍ ഏകതാനത ഒഴുവാക്കുവാന്‍ വെട്ടുകല്ലു ചെത്തി എഴുന്നുനില്‍ക്കുന്ന ചുമര്‍ഭാഗങ്ങള്‍ ഉണ്ടാക്കുന്നു. ചാന്തുതേച്ചു മിനുക്കുന്നതോടെ ചിത്രാലങ്കരണങ്ങള്‍ക്കും വര്‍ണസംസ്കരണത്തിനും ഈ തലങ്ങള്‍ അനുയോജ്യമായി. കേരള ക്ഷേത്രങ്ങളുടെ തനതായ ചിത്രാലങ്കരണശൈലി ചാന്തുണങ്ങുന്നതിനുമുമ്പ് സസ്യജന്യവര്‍ണങ്ങള്‍കൊണ്ടു തീര്‍ക്കുന്ന 'മ്യൂറലു'കളാണ്. പുരാണകഥകളാണ് ചിത്രവിഷയങ്ങള്‍. പുരാണത്തിലെ ഓരോ കഥാപാത്രത്തിനു നിര്‍ദിഷ്ട വര്‍ണവിധികളുണ്ട്.
കടഞ്ഞെടുത്ത മരപ്പണികള്‍ക്കു ശോണ, കൃഷ്ണവര്‍ണങ്ങളിലുള്ള സംസ്കരണമാണ് പൊതുവേ നല്കിക്കാണുന്നത്. സ്വര്‍ണനിറവും അപൂര്‍വമായി കാണാം. ഇതിനു പുറമേ ദാരുനിര്‍മിതികള്‍. ചെമ്പ്, പിച്ചള, വെള്ളി എന്നിവകൊണ്ട് അലങ്കരണങ്ങള്‍ ചെയ്തോ അപ്പാടെ പൊതിഞ്ഞുതന്നെയോ മോടി കൂട്ടുന്നു. ധ്വജസ്തംഭം, കലശം എന്നിവ സ്വര്‍ണം പൂശുകയും സാധാരണമാണ്.
പ്രതിമകളുപയോഗിച്ചുള്ള അലങ്കരണം കേരളത്തിലെ വാസ്തുവിദ്യയില്‍ത്തന്നെ താരതമ്യേന കുറവാണ്. എന്നിരുന്നാലും പ്രതിഷ്ഠാബിംബങ്ങള്‍, ഉപദൈവങ്ങള്‍, ദ്വാരപാലകബിംബങ്ങള്‍ എന്നിവ രൂപപ്പെടുത്തുവാനുള്ള വിധികള്‍ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബിംബവിധികളില്‍ ഏറ്റവും പ്രധാനമായി സ്വീകരിച്ചുകാണുന്നത് അഷ്ടതാലം, നവതാലം, ദശതാലം എന്നിവയാണ്. ദേവപ്രതിമകള്‍ക്കു നവതാലവും ദേവീപ്രതിമകള്‍ക്കു ദശതാലവുമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യശരീരത്തിന്റെ അനുപാതങ്ങളനുസരിച്ചായിരിക്കണം ഈ പ്രമാണീകരണം. ക്ഷേത്രത്തിന്റെ ലംബദശയിലുള്ള വിഭാഗീകരണത്തിനും ക്ഷേത്രവിസ്തൃതിയെ വിവിധ വീഥികളാക്കി തിരിക്കാനും ഈ അനുപാത കല്പന ഉപയോഗിച്ചുവന്നതായി കാണാം. സ്ഥൂലരൂപത്തിലും സൂക്ഷ്മഘടകങ്ങളിലും കാണുന്ന അനുപാതങ്ങളുടെ ഈ ക്രോഡീകരണം കേരള ക്ഷേത്ര വാസ്തുവിദ്യയുടെ സത്തായ ഗുണമാണ്. നോ. ഇന്ത്യന്‍ വാസ്തുവിദ്യ; ഈജിപ്ഷ്യന്‍ വാസ്തുവിദ്യ; കേരളം; ക്ഷേത്രങ്ങള്‍; ഗ്രീക്കുവാസ്തുവിദ്യ
(ഡോ. ടി.എസ്. ബാലഗോപാല്‍; ഡോ. കെ. വിന്‍സന്റ് പോള്‍)