This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗദ്യസാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആധുനികഘട്ടം.)
(പ്രാഗ്രൂപങ്ങള്‍)
 
വരി 55: വരി 55:
====പ്രാഗ്രൂപങ്ങള്‍====
====പ്രാഗ്രൂപങ്ങള്‍====
-
മഹാഭാരതം, ഭാഗവതം, യോഗവാസിഷ്ഠം തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങളില്‍ ഗദ്യമയങ്ങളായ പല ഭാഗങ്ങളുണ്ട്. ഭാഗവതം പഞ്ചമസ്കന്ധത്തില്‍ ഗദ്യഭാഗങ്ങളാണ് അധികവും കാണുന്നത്. പ്രസന്നവും ഹൃദ്യവും പ്രൌഢവുമായ രീതിയിലാണ് ആ ഭാഗം നിബന്ധിച്ചിട്ടുള്ളത്. പക്ഷേ, ചമ്പുക്കളിലെ ഗദ്യഭാഗങ്ങള്‍ക്കും പരാമൃഷ്ടഗ്രന്ഥങ്ങളിലെ ഗദ്യഭാഗങ്ങള്‍ക്കും തമ്മില്‍ ഒരു സാദൃശ്യവും ഇല്ല. ലോക വ്യവഹാരശൈലിയോടു കൂടുതല്‍ അടുത്തുനില്ക്കുന്ന ഒരുതരം ഗദ്യരീതിയാണ് യോഗവാസിഷ്ഠാദികൃതികളില്‍ കാണുന്നത്.
+
മഹാഭാരതം, ഭാഗവതം, യോഗവാസിഷ്ഠം തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങളില്‍ ഗദ്യമയങ്ങളായ പല ഭാഗങ്ങളുണ്ട്. ഭാഗവതം പഞ്ചമസ്കന്ധത്തില്‍ ഗദ്യഭാഗങ്ങളാണ് അധികവും കാണുന്നത്. പ്രസന്നവും ഹൃദ്യവും പ്രൗഢവുമായ രീതിയിലാണ് ആ ഭാഗം നിബന്ധിച്ചിട്ടുള്ളത്. പക്ഷേ, ചമ്പുക്കളിലെ ഗദ്യഭാഗങ്ങള്‍ക്കും പരാമൃഷ്ടഗ്രന്ഥങ്ങളിലെ ഗദ്യഭാഗങ്ങള്‍ക്കും തമ്മില്‍ ഒരു സാദൃശ്യവും ഇല്ല. ലോക വ്യവഹാരശൈലിയോടു കൂടുതല്‍ അടുത്തുനില്ക്കുന്ന ഒരുതരം ഗദ്യരീതിയാണ് യോഗവാസിഷ്ഠാദികൃതികളില്‍ കാണുന്നത്.
==== പ്രാചീന ആഖ്യായികള്‍====
==== പ്രാചീന ആഖ്യായികള്‍====

Current revision as of 14:33, 17 ഓഗസ്റ്റ്‌ 2015

ഉള്ളടക്കം

ഗദ്യസാഹിത്യം

വൃത്തബന്ധമില്ലാത്ത സ്പഷ്ടമായ സാഹിത്യരൂപം. വ്യക്തമായി പറയുക (ഗദ വ്യക്തായാം വാചി) എന്നര്‍ഥമുള്ള 'ഗദ'ധാതുവില്‍നിന്നാണ് ഗദ്യശബ്ദത്തിന്റെ നിഷ്പത്തി. ഇംഗ്ലീഷില്‍ 'പ്രോസ്' എന്നതിന് നേരെയുള്ളത് അല്ലെങ്കില്‍ എളുപ്പമായത് എന്നാണര്‍ഥം. ഭാരതീയാലങ്കാരികന്മാരുടെ മതമനുസരിച്ച് ശബ്ദാര്‍ഥങ്ങളുടെ സഹിതത്വം (കൂടിച്ചേരല്‍) ആണ് സാഹിത്യം.

ഗദ്യസാഹിത്യം സംസ്കൃതഭാഷയില്‍ സമ്പന്നമാണ്. അതിന് വേദകാലത്തോളം പഴക്കമുണ്ട്. ദാര്‍ശനികവും മതപരവുമായ അനേകം രചനകള്‍ വ്യാഖ്യാനരൂപത്തിലും മറ്റും ഗദ്യസാഹിത്യത്തിലുണ്ടായി. സൂത്രവാക്യങ്ങളാണ് ആദ്യത്തെ ഗദ്യമാതൃകകള്‍. പാലിഭാഷയില്‍ ബുദ്ധന്റെ ജീവിതവും ഉപദേശങ്ങളും വിവരിക്കുന്ന ഗദ്യകൃതികള്‍ ധാരാളം രചിക്കപ്പെട്ടു. ജൈനമതസംബന്ധിയായ പ്രാകൃതരചനകളും ഗദ്യരൂപത്തില്‍ക്കാണാം.

പാശ്ചാത്യ സങ്കല്പം

പാശ്ചാത്യസങ്കല്പമനുസരിച്ച് ഗദ്യസാഹിത്യത്തെ പൊതുവേ മൂന്നായി തിരിക്കാം. വര്‍ണനാത്മകം, വ്യാഖ്യാനപരം, ഭാവോദ്ബോധകം. ഒരേ ഗദ്യരചനയില്‍ത്തന്നെ ഇവ മൂന്നിന്റെയും സ്വഭാവങ്ങള്‍ കലര്‍ന്നുകാണുകയും ചെയ്യും. നോവല്‍, ചെറുകഥ, ജീവചരിത്രം, ആത്മകഥ, ലേഖനം, സ്മരണകള്‍, സഞ്ചാരസാഹിത്യം തുടങ്ങിയവ മുഖ്യമായും 'വര്‍ണനാത്മക' ഗദ്യരചനകളാണ്. ശാസ്ത്രം, നിയമം, മതം, ആചാരം, രാഷ്ട്രീയം, ചരിത്രം തുടങ്ങിയവയെപ്പറ്റിയുള്ള രചനകളും നിരൂപണങ്ങളും രണ്ടാംവിഭാഗത്തില്‍പ്പെടുന്നു. ചിന്തയെക്കാള്‍ വികാരത്തിന് പ്രാധാന്യമുള്ള രചനകളാണ് 'ഭാവോദ്ബോധക' വിഭാഗത്തില്‍. ലഘുലേഖകള്‍, പത്രലേഖനങ്ങള്‍, നാടകം തുടങ്ങിയവ ഈ വിഭാഗത്തിലാണ്. അനിയതമായ ഒരു വിഭജനം മാത്രമാണിത്. ഇവ അന്യോന്യാശ്രയങ്ങളാകുന്നു.

സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടല്‍ തുടങ്ങിയവരുടെ ദാര്‍ശനിക രചനകള്‍ പാശ്ചാത്യ ഗദ്യസാഹിത്യത്തിലെ പ്രാചീന മാതൃകകളായി കണക്കാക്കപ്പെടുന്നു. ഇവര്‍ ലളിതവും ശക്തവുമായ സംഭാഷണശൈലി ഗ്രീക് ഗദ്യത്തിന് നല്കി. ജീവചരിത്രം, ഉപന്യാസം, ആഖ്യായിക തുടങ്ങിയ പ്രസ്ഥാനങ്ങളും ഗ്രീക് സാഹിത്യത്തില്‍ വികാസം പ്രാപിച്ചിട്ടുണ്ട്. ലത്തീന്‍ ഗദ്യസാഹിത്യത്തിന് നിയതരൂപം കൊടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചവര്‍ സീസര്‍, സാലസ്റ്റ് എന്നിവരാണ്. അഗസ്റ്റന്‍ കാലഘട്ടത്തിലെ പ്രധാന ഗദ്യകാരന്‍ ചരിത്രകാരനായ ലിവി ആണ്. സ്റ്റോയിക് (stoic) ദര്‍ശനത്തിന്റെ പ്രചാരകനായ സെനെക്കാ ആണ് പില്ക്കാലത്തെ പ്രമുഖ ഗദ്യസാഹിത്യകാരന്‍. എ.ഡി. നാലാം ശതകത്തില്‍ ക്രിസ്തീയസാഹിത്യകൃതികളുടെ ആവിര്‍ഭാവത്തോടെ ലത്തീന്‍ സാഹിത്യത്തില്‍ ഗദ്യം പുഷ്ടിപ്രാപിച്ചു.

മതപരവും ധര്‍മാനുഷ്ഠാനപരവുമായ 'ലാന്‍ഡ്രി' രചനകളാണ് ഫ്രഞ്ചുസാഹിത്യത്തിലെ ആദ്യകാല ഗദ്യകൃതികള്‍. 12-ാം ശതകത്തിലാണ് ഇതിന്റെ വളര്‍ച്ച. 13-ാം ശതകത്തില്‍ ചരിത്രം, ഐതിഹ്യം ഇവയെ ആസ്പദമാക്കിയുള്ള കുറേ ഗദ്യകൃതികള്‍ ഉണ്ടായി. നാടകസാഹിത്യത്തിന്റെ ഉദ്ഭവവും 13-ാം ശതകത്തില്‍ത്തന്നെ. 14-ാം ശതകത്തില്‍ നൂറ്റാണ്ടുയുദ്ധത്തെത്തുടര്‍ന്ന് സാഹിത്യത്തിന് കാര്യമായ പരിവര്‍ത്തനമുണ്ടായി. ഫ്രോയിസാര്‍ട്ട് ഇക്കാലത്തെ പ്രമുഖ ഗദ്യകാരനാണ്. ഫ്യൂഡലിസത്തിന്റെ പതനമാണ് ഇദ്ദേഹത്തിന്റെ മുഖ്യവിഷയം. ഗ്രീക്-റോമന്‍ സംസ്കാരങ്ങളുടെ സങ്കലനത്തോടെ 16-ാം ശതകത്തില്‍ ഫ്രഞ്ച്സാഹിത്യത്തിന് നവോത്ഥാനമുണ്ടായി. ഈ കാലയളവിലെ ഗദ്യകാരന്മാരില്‍ പ്രഥമഗണനീയന്‍ റാബലേ ആണ്. നവാറിലെ രാജ്ഞിയായ മാര്‍ഗരറ്റ് ഗദ്യസാഹിത്യത്തില്‍ അവിസ്മരണീയയാണ്. പ്ളൂട്ടാര്‍ക്കിന്റെ വിവര്‍ത്തകനായ അമിയോ, കാല്‍വിന്‍, മൊന്താങ് (മൊണ്‍ടെയ്ന്‍) എന്നിവരാണ് മറ്റു പ്രമുഖ ഗദ്യകാരന്മാര്‍. 17-ാം ശതകത്തില്‍ സാഹിത്യത്തില്‍ യുക്തിവാദത്തിന്റെ സര്‍വാധിപത്യമാണ് ദര്‍ശിക്കുന്നത്. കാര്‍ണില്‍, മോളിയേര്‍, ദിദറോ തുടങ്ങിയവര്‍ നാടകശാഖയെ വളര്‍ത്തി. ആധുനിക ഗദ്യരചനകളില്‍ ആദ്യം സ്മരിക്കേണ്ടത് 17-ാം ശതകത്തില്‍ ജീവിച്ച ബോസ്വേയുടെ പ്രഭാഷണങ്ങളാണ്. റൂസ്സോ, യൂഗോ, ഡ്യൂമാ, മെറിമോ, ഷാറ്റോബ്രിയാങ്, ഫ്ളൊബേര്‍ മോപ്പസാങ്, സോളോ, അനത്തോല്‍ ഫ്രാന്‍സ്, സാര്‍ത്ര് തുടങ്ങി വിശ്വപ്രസിദ്ധരായ ഒട്ടേറെ ഗദ്യകാരന്മാര്‍ ഫ്രഞ്ചുസാഹിത്യത്തിലുണ്ട്.

എ.ഡി. 9-ാം ശതകത്തില്‍ ആണ് ജര്‍മന്‍ സാഹിത്യത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. ഈ വളര്‍ച്ചയുടെ സുവര്‍ണകാലം 15-ാം ശതകവും. മിസ്റ്റിസിസം, ഹ്യൂമനിസം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ വേലിയേറ്റം സാഹിത്യത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ (1483-1546) ജനങ്ങളുടെ ഭാഷയില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്തു. യാക്കോബ് ഐറര്‍, ഹൈന്റിഷ് യൂലിയൂസ് തുടങ്ങിയവര്‍ നാടകരചയിതാക്കളാണ്. നോവലിസ്റ്റുകളില്‍ പ്രഥമഗണനീയന്‍ യോള്‍ഗ്വിക്രം ആകുന്നു. 1618 മുതലുണ്ടായ മുപ്പതാണ്ട് യുദ്ധത്തിന്റെ കെടുതികളാണ് തുടര്‍ന്നുവന്ന കൃതികളില്‍ പ്രതിപാദിക്കുന്നത്. ഗെയ്ഥെ (1749-1832), ഷില്ലര്‍ (1759-1805) എന്നിവരുടെ കാലത്തെ 'ക്ലാസ്സിക്കല്‍ കാലഘട്ടം' എന്നു വിശേഷിപ്പിക്കപ്പെടുന്നു. തുടര്‍ന്നുവന്ന കാല്പനികതയുടെ സാരഥികള്‍ ലുഡ്വിഷ്റ്റിയ്, ഫ്ളേഗല്‍ സഹോദരന്മാര്‍, ഫ്രീഡ്രിഷ്ഫോണ്‍ ഹാര്‍ഡന്‍ബര്‍ഗ് എന്നിവരാണ്. 19-ാം ശതകത്തിന്റെ തുടക്കത്തില്‍ ഗ്രിംസഹോദരന്മാരുടെ യക്ഷിക്കഥകള്‍ പുറത്തുവന്നു. ഹെഗലിന്റെ തത്ത്വശാസ്ത്രവും മാര്‍ക്സ്, എംഗല്‍സ് എന്നിവരുടെ സിദ്ധാന്തങ്ങളും പില്ക്കാല സാഹിത്യത്തെ ഏറെ സ്വാധീനിച്ചു. ഹെബ്ബല്‍, റിച്ചാര്‍ഡ് വാഗ്നര്‍, ഓട്ടോലുഡ്വിക് എന്നിവരാണ് നാടകരംഗത്തെ പ്രതിഭാശാലികള്‍. ഗോട്ട് ഫ്രീഡ്കെല്ലര്‍, നീറ്റ്ഷേ, ഹൌപ്റ്റ്മാന്‍, തോമസ്മാന്‍, ഹെര്‍മന്‍ഹെസ്സേ, ബര്‍തോള്‍ഡ് ബ്രഹത്, ഫ്രാന്‍സിസ് കാഫ്ക തുടങ്ങിയവര്‍ ആധുനിക ഗദ്യസാഹിത്യത്തിന് സംഭാവന നല്കിയവരാണ്.

ആല്‍ഫ്രഡ് രാജാവ് (849-901) ആണ് ഇംഗ്ലീഷ് ഗദ്യത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ലത്തീന്‍ ക്ലാസ്സിക്കുകളുടെ പരിഭാഷയാണ് ഇദ്ദേഹത്തിന്റെ മുഖ്യസംഭാവന. ഭക്തിമാര്‍ഗത്തിലേക്ക് കടക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ ആങ്ക്രന്‍ റിവ്ലേ (അജ്ഞാത കര്‍ത്തൃകം) മധ്യകാല ഇംഗ്ലീഷ് സാഹിത്യത്തിലെ (1150-1340) പ്രമുഖകൃതിയായി ഗണിക്കപ്പെടുന്നു. 'നവോത്ഥാനത്തിന്റെ ശുക്രനക്ഷത്രം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ചോസര്‍ (1340-1400) ബോയിഥിയസ്സിന്റെ കൃതി ഗദ്യത്തില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. ഇംഗ്ലീഷ് ഗദ്യസാഹിത്യത്തിലെ ആദ്യത്തെ ക്ലാസ്സിക് കൃതി എന്നു കരുതപ്പെടുന്നത് ജോഹന്‍ഡിബൂര്‍ഗോണ്‍ രചിച്ച ദ് ട്രാവല്‍സ് ഒഫ് സര്‍ ജോണ്‍ മാന്‍ഡവില്‍ എന്ന ഫ്രഞ്ചുകൃതിയുടെ പരിഭാഷയാണ്. ബൈബിള്‍ വിവര്‍ത്തനങ്ങളാണ് ഇംഗ്ലീഷ് ഗദ്യത്തിന് കൂടുതല്‍ ലാളിത്യവും ശക്തിയും നല്കിയത്. 16-ാം ശതകമാണ് വികാസഘട്ടം. റോജര്‍ ആസ്കം, ജോണ്‍ ലില്ലി, റിച്ചാര്‍ഡ് ഹുക്കര്‍, സര്‍ ഫിലിപ്പ് സിഡ്നി, റോബര്‍ട്ട് ബര്‍ട്ടണ്‍, ഫ്രാന്‍സിസ് ബേക്കണ്‍ എന്നിവരാണ് ഇക്കാലത്തെ മികച്ച ഗദ്യകാരന്മാര്‍. ഡണ്‍, ജെയിംസ് അഷര്‍, ജോസഫ് ഹാള്‍ തുടങ്ങിയവര്‍ 17-ാം ശതകത്തിലെ പ്രബോധനാത്മക ഗദ്യകാരന്മാരാണ്. വാള്‍ട്ടര്‍ റാലി, ഫോക്സ്, റാഫേല്‍ ഹോളിന്‍ ഷെഡ്ഡ് തുടങ്ങിയവരുടെ ചരിത്രരചനകളും പ്രസ്താവ്യമാണ്. ഷെയ്ക്സ്പിയര്‍, ഡ്രൈഡന്‍ എന്നിവരെത്തുടര്‍ന്ന് ജെറമി ടെയ്ലര്‍, തോമസ് ഫുള്ളര്‍, തോമസ് ഹോബ്സ്, തോമസ് ബ്രൌണ്‍, മില്‍ട്ടണ്‍, ജോണ്‍ ബനിയന്‍, സാമുവല്‍ പപ്പിസ് തുടങ്ങി ഒട്ടേറെ പ്രതിഭാശാലികള്‍ ഗദ്യസാഹിത്യത്തിന്റെ വികാസത്തിന് പ്രവര്‍ത്തിച്ചു.

17, 18 ശതകങ്ങളില്‍ ഇംഗ്ലീഷ് ഗദ്യം കൂടുതല്‍ കരുത്താര്‍ജിച്ചു. കഥാകാരനായ ജോനാഥന്‍ സ്വിഫ്റ്റ്, ജീവചരിത്രകാരനായ ജെയിംസ് ബോസ്വെല്‍, ചരിത്രകാരനായ എഡ്വേഡ് ഗിബ്ബണ്‍, രാഷ്ട്രീയകാര്യ ലേഖകനായ എഡ്മണ്ട് ബര്‍ക്ക് എന്നിവരാണ് ഇക്കാലത്തെ പ്രമുഖര്‍. 18-ാം ശതകത്തില്‍ ഉപന്യാസവും വളര്‍ച്ച പ്രാപിക്കുന്നുണ്ട്. ഡാനിയല്‍ ഡിഫോ, അഡിസണ്‍, റിച്ചേര്‍ഡ് സ്റ്റീല്‍ എന്നിവരാണ് പ്രധാനികള്‍. സാഹിത്യ വിമര്‍ശനത്തില്‍ ഡോ. ജോണ്‍സണ്‍, അലക്സാണ്ടര്‍ പോപ്പ്, ലൂയി തിയോബാള്‍ഡ് തുടങ്ങിയവര്‍ മുമ്പന്തിയില്‍ നില്ക്കുന്നു. 19-ാം ശതകത്തിന്റെ ആദ്യദശകങ്ങള്‍ വാള്‍ട്ടര്‍ സ്കോട്ടിന്റെയും ജെയിന്‍ ഓസ്റ്റിന്റെയും തോമസ് ലപ് പീകോക്കിന്റെയും സുവര്‍ണദശയായിരുന്നു. ഉപന്യാസകാരന്മാരായ ചാള്‍സ് ലാം, തോമസ് ഡ്വിക്വിന്‍സി, വില്യം ഹേസ്ലിറ്റ് എന്നിവരും വിമര്‍ശകരും കവികളുമായ കോള്‍റിജ്, വേഡ്സ്വര്‍ത്ത് എന്നിവരും ജീവചരിത്രകാരന്മാരായ മൂര്‍, ലോക്ഹര്‍ട്ട് എന്നിവരും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. വിക്ടോറിയന്‍ യുഗത്തില്‍ (1830-1900) യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, വിമര്‍ശനം, ചരിത്രം തുടങ്ങിയുള്ള വ്യത്യസ്തങ്ങളായ ഗദ്യസാഹിത്യരൂപങ്ങള്‍ പരിപുഷ്ടിപ്രാപിച്ചു. ഇക്കാലത്തെ പ്രാതഃസ്മരണീയനായ ഗദ്യകാരന്‍ തോമസ് കാര്‍ലൈല്‍ ആണ്. ചാള്‍സ് ഡിക്കന്‍സ്, വില്യം താക്കറേ, ബ്രോണ്‍ടി സഹോദരിമാര്‍, തോമസ് ഹാര്‍ഡി, സ്റ്റീവന്‍സണ്‍ തുടങ്ങിയ നോവലിസ്റ്റുകളുടെ കാലവും ഇതുതന്നെ. 20-ാം ശതകത്തില്‍ കവിതയെ പിന്നിലാക്കിക്കൊണ്ട് നാടകവും നോവലും വിമര്‍ശനവും ബഹുദൂരം മുമ്പിലായി. ജോണ്‍ ഗാല്സ്വര്‍ത്തി, ബര്‍ണാഡ്ഷാ, ജെയിംസ് ജോയിസ്, ഫോസ്റ്റര്‍, സോമര്‍സെറ്റ്മോം, കൊണ്‍റാഡ് ജോസഫ്, ജോര്‍ജ് വെത്സ്, ചെസ്റ്റെര്‍ട്ടണ്‍, ലൂക്കാസ്, എ.ജി. ഗാര്‍ഡിനര്‍, ബര്‍ട്രാന്‍ഡ് റസ്സല്‍, ടി.എസ്. എലിയറ്റ്, വെര്‍ജീനിയ വൂള്‍ഫ്, ഐ.എ. റിച്ചേര്‍ഡ്സ് തുടങ്ങി നവീന ഗദ്യസാഹിത്യരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ പ്രതിഭാശാലികള്‍ നിരവധിയുണ്ട്.

21-ാം നൂറ്റാണ്ടിലെ ഗദ്യസാഹിത്യം പുതിയൊരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. സാമുവല്‍ ബെക്കറ്റ് (1906-86), ഹാരോള്‍ഡ് പിന്റര്‍ (2005-ല്‍ നോബല്‍ സമ്മാനം നേടി), തോമസ് പിഞ്ചണ്‍ (ജ. 1937) തുടങ്ങിയ പോസ്റ്റ്മോഡേണ്‍ എഴുത്തുകാരും നോബല്‍ സമ്മാനാര്‍ഹരായ ഓര്‍ഹന്‍ പാമുക്ക്, ഡോറിസ് ലെസിംഗ്, ജെ.എം.ജി.ലെ ക്ളെസിയോ, ഫിലിപ്പോ റോത്ത് തുടങ്ങിയവരും ഈ തലമുറയിലെ വാഗ്ദാനങ്ങളാണ്.

ജീവിതത്തിന്റെ താളക്രമങ്ങള്‍ക്ക് അനുസൃതമായി ഗദ്യസാഹിത്യത്തിന്റെ ഘടനയിലും ശൈലിയിലും ആശാസ്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഘടനാപരമായ സങ്കീര്‍ണതയ്ക്കും ജടിലതയ്ക്കും സാഹിത്യത്തില്‍ സ്ഥാനം കുറഞ്ഞുവരികയും ലളിതവും സരളവുമായ ശൈലിക്ക് പ്രിയമേറുകയും ചെയ്യുന്നതായിട്ടാണ് ഇന്ന് പൊതുവേ കാണാന്‍ കഴിയുന്നത്.

പുതിയ സാഹിത്യരൂപമായ ഇലക്ട്രോണിക് സാഹിത്യവും വികസിച്ചുവരുന്നുണ്ട്. ഫിലിപ്പ് എം. പാര്‍ക്കര്‍ (ജ. 1960), മൈക്കേല്‍ ജോയ്സ് (ജ. 1945, ആഫ്റ്റര്‍നൂണ്‍, എ സ്റ്റോറി), സ്റ്റുവര്‍ട്ട് മൗള്‍തോര്‍പ്പ് (ജ. 1957, വിക്ടറി ഗാര്‍ഡന്‍), നിരൂപകയായ കാതറീന്‍ ഹെയ്ല്‍സ് (ജ. 1943) തുടങ്ങിയവര്‍ ഇത്തരത്തില്‍ ശ്രദ്ധേയരായവരാണ്.

ഭാരതീയ സാഹിത്യത്തില്‍

സംസ്കൃതസാഹിത്യത്തില്‍

ഭാരതീയാലങ്കാരികന്മാര്‍ കാവ്യത്തെ ദൃശ്യമെന്നും ശ്രവ്യമെന്നും രണ്ടായി തിരിക്കുന്നു. ഇതില്‍ ശ്രവ്യകാവ്യത്തിന് ഗദ്യം, പദ്യം, മിശ്രം എന്ന് മൂന്നു വിഭാഗങ്ങള്‍. പാദരഹിതമായ പദസംഘാതമാണ് ഗദ്യമെന്നും പദ്യം നാലു പാദങ്ങളോടു കൂടിയതാണെന്നും ഗദ്യപദ്യ സമ്മിശ്രമാണ് മിശ്രം അഥവാ ചമ്പു എന്നും ദണ്ഡി കാവ്യാദര്‍ശത്തില്‍ നിര്‍വചിക്കുന്നു. 'ഇഷ്ടാര്‍ഥ വ്യവച്ഛിന്ന'മായ പദാവലിയാണ് കാവ്യശരീരം എന്നു നിഷ്കര്‍ഷിച്ച ദണ്ഡി തന്നെ, ഗദ്യകാവ്യങ്ങളുടെ രചനാസമ്പ്രദായത്തെപ്പറ്റിയും ശൈലിയുടെ വൈവിധ്യത്തെപ്പറ്റിയും നല്കുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധേയങ്ങളാണ്.

കാവ്യാലങ്കാരസൂത്രവൃത്തിയില്‍ വാമനന്‍ കാവ്യത്തിന് ഗദ്യം, പദ്യം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. അപാദ പദസംഘാതമായ ഗദ്യത്തെ വാമനന്‍ വൃത്തഗന്ധി, ചൂര്‍ണം, ഉത്കലികാപ്രായം എന്നും വിഭജിച്ചിട്ടുണ്ട്. പദ്യഭാഗംപോലെ തോന്നിക്കുന്നതാണ് വൃത്തഗന്ധിയായ ഗദ്യം. ദീര്‍ഘസമാസങ്ങള്‍ ഇല്ലാത്തതും ലളിതപദബഹുലവുമാണ് ചൂര്‍ണം അഥവാ ചൂര്‍ണിക. ഇതിനു നേരെ വിപരീതമാണ് ഉത്കാലികാപ്രായം. പദ്യമാകട്ടെ ചതുഷ്പാദമാണ്; 'പാദേഷു ഭവം പദ്യം' എന്നാണ് വ്യുത്പത്തി. ഗദ്യപദ്യങ്ങളില്‍ ശ്രേഷ്ഠമായിട്ടുള്ളത് ഗദ്യമാണെന്നതത്രേ വാമനമതം. അതുകൊണ്ടാണ് കവികളുടെ സര്‍ഗവൈഭവത്തിന്റെ മാറ്റുരച്ചു നോക്കാനുള്ള നികഷമായി അദ്ദേഹം ഗദ്യത്തെ കണക്കാക്കുന്നത് (ഗദ്യം കവീനാം നികഷം വദന്തി).

ഗദ്യപദ്യമിശ്ര മാതൃകകളെ ശ്രവ്യകാവ്യ വിഭാഗങ്ങളായി ദണ്ഡി വിശദീകരിക്കുമ്പോള്‍ കാവ്യാനുശാസനത്തില്‍ ഹേമചന്ദ്രന്‍ മഹാകാവ്യം, ആഖ്യായിക, കഥ, ചമ്പു എന്നീ ഉപവിഭാഗങ്ങളാണ് ശ്രവ്യകാവ്യങ്ങള്‍ക്ക് നല്കുന്നത്. അഗ്നിപുരാണത്തില്‍ 'ആഖ്യായികാ കഥാ ഖണ്ഡകഥാ പരികഥാ തഥാ കഥാനികേതി മന്യന്തേ ഗദ്യകാവ്യഞ്ച പഞ്ചധാ' എന്നിങ്ങനെ ഗദ്യകാവ്യങ്ങള്‍ അഞ്ചുവിധത്തിലുണ്ടെന്നു പറയുന്നു. വിശ്വനാഥകവിരാജന്‍ സാഹിത്യദര്‍പ്പണത്തില്‍ കഥയെയും ആഖ്യായികയെയും നിര്‍വചിച്ചിട്ടുണ്ട്. ഗദ്യപദ്യസമ്മിശ്രമായ ചമ്പൂകാവ്യത്തിന് ആചാര്യദണ്ഡി നല്കിയിട്ടുള്ള നിര്‍വചനം തന്നെയാണ് പ്രതാപരുദ്രീയത്തില്‍ വിദ്യാനാഥനും സാഹിത്യദര്‍പ്പണത്തില്‍ വിശ്വനാഥനും (ഗദ്യപദ്യമയം കാവ്യം ചമ്പൂരിത്യഭിധീയതേ) സ്വീകരിച്ചിരിക്കുന്നത്. ഹേമചന്ദ്രന്‍ 'ഗദ്യപദ്യമയീ സാങ്കാ സോച്ഛ്വാസാ ചമ്പൂ' എന്നാണ് ചമ്പുവിനെ നിര്‍വചിക്കുന്നത്. രുദ്രടന്‍ കാവ്യാലങ്കാരത്തില്‍ കുറേക്കൂടി വസ്തുനിഷ്ഠമായ നിര്‍വചനമാണ് കഥയ്ക്കും ആഖ്യായികയ്ക്കും നല്കുന്നത്. 'കഥാകല്പിത വൃത്താന്താ, സത്യാര്‍ഥാഖ്യായികാ മതാ' എന്ന് അദ്ദേഹം കഥാഖ്യായികകളെ വേര്‍തിരിക്കുന്നു.

ഹര്‍ഷചരിതത്തിന്റെ ഉപോദ്ഘാതത്തില്‍ ബാണന്‍,

"കിം കവേസ്തസ്യ കാവ്യേന

സര്‍വവൃത്താന്ത ഗാമിനീ

കഥേവ ഭാരതീയസ്യ

ന വ്യാപ്നോതി ജഗത്രയം

എന്നിങ്ങനെ കഥയുടെ വശ്യതയെക്കുറിച്ച് പ്രസ്താവിക്കുന്നു. ഭാരതീയകഥയെപ്പറ്റിയാണ് ബാണഭട്ടന്‍ ഇവിടെ പരാമര്‍ശിക്കുന്നതെങ്കിലും കഥയെപ്പറ്റി അദ്ദേഹത്തിനുള്ള അഭിപ്രായമായും ഈ ശ്ളോകത്തിന്റെ ഉത്തരാര്‍ധത്തെ കണക്കാക്കാം.

നമുക്കു ലഭിച്ചിട്ടുള്ള കഥകളില്‍ പ്രധാനപ്പെട്ടവ പഞ്ചതന്ത്രകഥകള്‍, ഗുണാഢ്യന്റെ ബൃഹത്കഥ, ക്ഷേമേന്ദ്രന്റെ ബൃഹത്കഥാമഞ്ജരി, സോമദേവന്റെ കഥാസരിത്സാഗരം, ഭവദേവസൂരിയുടെ പാര്‍ശ്വനാഥചരിത്രം, ഹേമവിജയന്റെ കഥാരത്നാകരം, ശിവദാസന്റെ വേതാളപഞ്ചവിംശതി, ബാണഭട്ടന്റെ കാദംബരി എന്നിവയാണ്.

പഞ്ചതന്ത്രം

സംസ്കൃതത്തില്‍ ചമ്പുക്കളുടെ ഉത്പത്തിക്കു ബീജാവാപം ചെയ്തത് പഞ്ചതന്ത്രം ആയിരിക്കണം. ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഭാഷകളില്‍ പ്രവേശം സിദ്ധിച്ച കൃതിയും ഇതാണ്. ബുദ്ധമതക്കാരുടെ ജാതകകഥകളാണ് പഞ്ചതന്ത്രകഥകളില്‍ പലതിന്റെയും ഉദ്ഭവസ്ഥാനം. എങ്കിലും പ്രസ്തുത കഥകള്‍ക്ക് വശ്യതയും സമഗ്രതയും നല്കാന്‍ പഞ്ചതന്ത്ര കര്‍ത്താവായ വിഷ്ണുഗുപ്തന് കഴിഞ്ഞിട്ടുണ്ട്. ബുദ്ധമതാചാര്യന്മാര്‍ കഥാകഥനത്തിന് സംസ്കൃതവും നാട്ടുഭാഷകളും കലര്‍ന്ന മിശ്രഭാഷയാണ് ഉപയോഗിക്കുന്നത്. ഈ രീതി അവലംബിച്ചായിരിക്കണം പഞ്ചതന്ത്രത്തില്‍ കഥാഭാഗം ഗദ്യത്തിലും നീതിവാക്യം പദ്യത്തിലുമായി നിബന്ധിച്ചിട്ടുള്ളത്. രൂപവിഷയകമായ സാദൃശ്യംമൂലം സംസ്കൃതചമ്പുക്കളുടെ ഉത്പത്തിക്കു നിദാനം പഞ്ചതന്ത്രകഥകളാണെന്നു വന്നുകൂടുന്നു.

പ്രാഗ്രൂപങ്ങള്‍

മഹാഭാരതം, ഭാഗവതം, യോഗവാസിഷ്ഠം തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങളില്‍ ഗദ്യമയങ്ങളായ പല ഭാഗങ്ങളുണ്ട്. ഭാഗവതം പഞ്ചമസ്കന്ധത്തില്‍ ഗദ്യഭാഗങ്ങളാണ് അധികവും കാണുന്നത്. പ്രസന്നവും ഹൃദ്യവും പ്രൗഢവുമായ രീതിയിലാണ് ആ ഭാഗം നിബന്ധിച്ചിട്ടുള്ളത്. പക്ഷേ, ചമ്പുക്കളിലെ ഗദ്യഭാഗങ്ങള്‍ക്കും പരാമൃഷ്ടഗ്രന്ഥങ്ങളിലെ ഗദ്യഭാഗങ്ങള്‍ക്കും തമ്മില്‍ ഒരു സാദൃശ്യവും ഇല്ല. ലോക വ്യവഹാരശൈലിയോടു കൂടുതല്‍ അടുത്തുനില്ക്കുന്ന ഒരുതരം ഗദ്യരീതിയാണ് യോഗവാസിഷ്ഠാദികൃതികളില്‍ കാണുന്നത്.

പ്രാചീന ആഖ്യായികള്‍

ഏറ്റവും പ്രാചീനമായ ആഖ്യായികകള്‍ ദണ്ഡിയുടെയും സുബന്ധുവിന്റെയും ബാണഭട്ടന്റെയും കൃതികളാണ്. മഹാഭാഷ്യത്തില്‍ പതഞ്ജലി വാസവദത്ത, സുമനോത്തര, ഭൈമരഥി എന്നീ മൂന്ന് ആഖ്യായികകളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. കാത്യായനനും ആഖ്യായികയെപ്പറ്റി പരാമര്‍ശിക്കുന്നു. പക്ഷേ ആ കൃതികളൊന്നുംതന്നെ കണ്ടുകിട്ടിയിട്ടില്ല. ബാണഭട്ടന്‍ ഹര്‍ഷചരിതത്തിന്റെ അവതാരികയില്‍ തനിക്കു മുമ്പു ജീവിച്ചിരുന്ന ആഖ്യായികാകാരന്മാരെ സ്മരിക്കുന്നുണ്ട്.

ആഖ്യായികാരചനയില്‍ തനിക്കു മാര്‍ഗദര്‍ശിത്വം നല്കിയ കവികളെയും ആഖ്യായികകളെയുമാണ് ബാണഭട്ടന്‍ പരാമര്‍ശിക്കുന്നത്. അക്കൂട്ടത്തില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന വാസവദത്ത എന്ന കൃതി ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

മലയാളത്തില്‍-ആധുനികഘട്ടംവരെ

ആവിര്‍ഭാവം

മലയാളഗദ്യത്തിന്റെ പ്രാചീനരൂപത്തെപ്പറ്റി മനസ്സിലാക്കാന്‍ സഹായകമായ ഉപാദാനങ്ങള്‍ നന്നേ കുറവാണ്. തന്മൂലം മലയാളത്തില്‍ ലിഖിതഭാഷ എന്നു മുതല്‍ ആരംഭിച്ചുവെന്ന് നിഷ്കൃഷ്ടമായി നിര്‍ണയിക്കാന്‍ നിര്‍വാഹമില്ല. എങ്കിലും ഈ വിഷയത്തില്‍ പഴയ ശിലാശാസനങ്ങളും ചെപ്പേടുകളും ഗ്രന്ഥവരികളും ഒരളവോളം വെളിച്ചം പകര്‍ന്നുതരുന്നുണ്ട്. പ്രാചീനകാലത്തെ രാജഭാഷ ചെന്തമിഴായതുകൊണ്ട് അവയില്‍ ചെന്തമിഴ് സ്വാധീനം കൂടുതലായി കാണാന്‍ കഴിയും. എന്നാല്‍ സാധാരണ ജനങ്ങളുടെ വ്യവഹാരഭാഷയുമായി ഈ ഗദ്യരീതിക്ക് സാദൃശ്യമുണ്ടെന്നു പറയാന്‍ നിവൃത്തിയില്ല.

വാഴപ്പള്ളി ശാസനം

വാഴപ്പള്ളി ശാസനം (കൊ.വ. 5): ലഭ്യമായ ശാസനങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് വാഴപ്പള്ളി ശാസനമാണ്: 'നമശ്ശിവായ ശ്രീ രാജരാജാധി രാജ പരമേശ്വര ഭട്ടാരക രാജശേഖര ദേവര്‍ക്കുച്ചെല്ലാനിന്റെയാണ്ടു പന്തിരണ്ടു അവാണ്ടു തിരുവാറ്റുവായ പതിനെട്ട് നാട്ടാരും വാഴൈപ്പള്ളി ഊരാരും കൂടി രാജശേഖരദേവര്‍ തൃക്കൈക്കീഴുവൈത്തു ചെയ്ത കച്ചം.'

തിരുവല്ലാ ശാസനം

തിരുവല്ലാ ശാസനം (കൊ.വ. 300): ഒരു മാതൃക: 'കിഴക്കും പടിഞ്ഞായിറ്റും തിരുമടൈപ്പള്ളി നാഴിയാല്‍ എഴുനൂറ്റിനാഴിയരി അട്ടിതിരുവമിര്‍തു ചെയ്വിതു. പാതിചാത്തിരക്കു അമിര്‍തു അതിനാലേ എഴുന്നൂറ്റി നാഴിനീക്കി നിന്റരിയാന്‍ വരാകപ്പനു നാനാഴി.'

കൊ.വ. രണ്ടും മൂന്നും ശതകങ്ങളിലുണ്ടായ ശാസനങ്ങളില്‍ ഭാഷ പരിവര്‍ത്തനവിധേയമാകുന്നതുകാണാം. അവയില്‍ യാതൊരു വ്യവസ്ഥയുമില്ലാതെ വിഭക്തിപ്രത്യയങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. സംസ്കൃതരീതിയില്‍ പദങ്ങള്‍ സമുച്ചയിക്കാനുള്ള പ്രവണതയും ഈ ശാസനങ്ങളുടെ പ്രത്യേകതയാണ്. മൊത്തത്തില്‍ തമിഴിന്റെ പ്രേരണ കുറഞ്ഞുവരുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്.

കൊ.വ. പ്രാരംഭത്തോടെ മലയാളത്തില്‍ ഗദ്യം ആവിര്‍ഭവിച്ചുവെന്നും രണ്ടും മൂന്നും നൂറ്റാണ്ടുകള്‍കൊണ്ട് ആ ഗദ്യരീതിക്ക് സാരമായ പരിവര്‍ത്തനങ്ങള്‍ കൈവന്നുവെന്നും പ്രാചീന ശിലാശാസനങ്ങളുടെയും താമ്രശാസനങ്ങളുടെയും അടിസ്ഥാനത്തില്‍ ഊഹിക്കാന്‍ കഴിയും. എന്നാല്‍ അക്കാലത്ത് ഗദ്യഗ്രന്ഥം ഉണ്ടായിട്ടുണ്ടോ എന്നു തീര്‍ച്ചപ്പെടുത്തിപ്പറയാന്‍ പ്രയാസമാണ്. കൊ.വ. 4-ാം ശതകത്തില്‍ രചിക്കപ്പെട്ട ഏതാനും ഗദ്യഗ്രന്ഥങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ.

ഭാഷാകൗടലീയം

ഈ ഗ്രന്ഥം കൌടല്യന്റെ അര്‍ഥശാസ്ത്രത്തിന്റെ തര്‍ജമയാണ്. ഗ്രന്ഥകര്‍ത്താവ് ആരെന്നു നിശ്ചയമില്ല. ഗ്രന്ഥരചന എ.ഡി. 12-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തിനു മുമ്പാകാന്‍ സാധ്യതയില്ലെന്ന് പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെടുന്നു. അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം, പുരുഷഭേദനിരാസം എന്നീ നയങ്ങളുടെ പ്രവര്‍ത്തനം കൗടലീയത്തില്‍ കാണാന്‍ കഴിയും.

ഭാഷയുടെ മാറ്റങ്ങള്‍ പദതലത്തില്‍ പ്രകടമായി കാണുന്നുണ്ടെങ്കിലും തമിഴിലെ രൂപങ്ങള്‍ ഈ പ്രാചീന ഗദ്യകൃതിയില്‍ ധാരാളമുണ്ട്.

ആട്ടപ്രകാരം, ക്രമദീപിക

ഭാഷാകൌടലീയത്തില്‍ നിന്ന് ആട്ടപ്രകാരത്തിലേക്കും ക്രമദീപികയിലേക്കും കടക്കുമ്പോള്‍ ത്വരിത പരിവര്‍ത്തനമാര്‍ന്ന ഗദ്യമാണ് നാം പരിചയപ്പെടുക. ഇത് പ്രത്യേകിച്ച് പദതലത്തില്‍ ശ്രദ്ധേയമാണ്. എന്നാല്‍ ചാക്യാന്മാര്‍ പറയുന്ന കൂത്തില്‍ സങ്കീര്‍ണമായ വാക്യഘടനതന്നെയാണ് അന്ന് നിലവിലിരുന്നത്. എ.ഡി. 12-ാം ശതകത്തിനുശേഷം കേരളത്തില്‍ നമ്പൂതിരിമാര്‍ക്ക് പ്രാബല്യം സിദ്ധിച്ചതുവഴി കേരളഭാഷയ്ക്ക് സംസ്കൃതവുമായുള്ള സമ്പര്‍ക്കം പുഷ്ടിപ്പെടുകയുണ്ടായി. ഭാഷാകൗടലീയവും ആട്ടപ്രകാരവും തമ്മില്‍ ഭാഷാപരമായി വളരെയേറെ അന്തരമുണ്ട്.

നമ്പ്യാര്‍ തമിഴ്

13-ാം ശ. മുതലുള്ള ഗദ്യഭാഷയില്‍ സംസ്കൃതസംക്രമണം പ്രകടമാണ്. ഈ കാലഘട്ടത്തിലെ ഭാഷാവികാസത്തിന് പാഠകം തുടങ്ങിയ ക്ഷേത്രകലകള്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. അതുവഴി നമ്പ്യാര്‍ തമിഴ് എന്ന ഭാഷാരൂപത്തിന് ഇവിടെ പ്രചാരം ലഭിച്ചു. ലീലാതിലകത്തില്‍ 'നമ്പ്യാര്‍ തമിഴി'നെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. ഇതില്‍ നമ്പ്യാര്‍ തമിഴിനെ മണിപ്രവാളവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിഭക്ത്യന്ത സംസ്കൃതപദങ്ങളുടെ അഭാവമാണ് ഇതിനുകാരണം. ഏതായാലും പ്രഭാഷണത്തിനുപയോഗിക്കുന്ന നമ്പ്യാര്‍ തമിഴിന് ഗദ്യഭാഷയുടെ വികാസചരിത്രത്തില്‍ ഗണനീയമായ സ്ഥാനമാണുള്ളത്. 14-ാം ശതകത്തിന്റെ അന്ത്യത്തില്‍ രൂപം പ്രാപിച്ച ബ്രഹ്മാണ്ഡപുരാണം ഗദ്യം നമ്പ്യാര്‍ തമിഴില്‍ എഴുതിയ ഒരു ഗ്രന്ഥമാണ്. ഈ കൃതിയില്‍ പദതലത്തിലും വാക്യതലത്തിലും ഉപവാക്യഘടനയിലും എല്ലാം വ്യാപകമായി സംസ്കൃതസംക്രമണം കാണുന്നുണ്ട്.

തിരുവന്തളി-അരിയിട്ടുവാഴ്ച രേഖകള്‍

ചെറുശ്ശേരിയുടെയും (15-ാം ശ.) എഴുത്തച്ഛന്റെയും (16-ാം ശ.) കാലത്ത് പദ്യശാഖയ്ക്ക് കൈവന്ന നേട്ടങ്ങളെ സാഹിത്യചരിത്രകാരന്മാരും വിമര്‍ശകരും വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ ആ കാലഘട്ടത്തിലെ ഗദ്യഭാഷയെപ്പറ്റിയും ഗദ്യസാഹിത്യരൂപങ്ങളെപ്പറ്റിയും വേണ്ടത്ര പഠനങ്ങള്‍ ഉണ്ടായിട്ടില്ല. ഉത്തരകേരളത്തില്‍ അന്നുണ്ടായിരുന്ന ഗദ്യഭാഷയുടെ സ്വഭാവം മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഏതാനും ഗ്രന്ഥവരികള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. അവയില്‍ 1538-ലെ 'തിരുവന്തളി രേഖ'യും 1558-ലെ 'അരിയിട്ടുവാഴ്ച രേഖ'യും ശ്രദ്ധേയമാണ്.

ലോകനാര്‍ക്കാവു ഗ്രന്ഥവരി

ഇവയിലെ ഭാഷ താരതമ്യേന ലളിതമാണ്. ഇതുപോലെ സുദീര്‍ഘങ്ങളായ ഒട്ടേറെ വിവരണങ്ങള്‍ സാമൂതിരി ഗ്രന്ഥവരികളില്‍ കാണുന്നുണ്ട്. കാലിക്കട്ട് സര്‍വകലാശാലയുടെ മലയാളവിഭാഗത്തില്‍ ലോകനാര്‍ക്കാവു ഗ്രന്ഥവരി സൂക്ഷിച്ചിട്ടുണ്ട്.

ശാസനഗദ്യത്തില്‍നിന്നും പാതിരിഗദ്യത്തില്‍നിന്നും അനുഷ്ഠാനഗദ്യത്തില്‍നിന്നും എല്ലാം ഭിന്നമായ ഒരു ഗദ്യം 15-ാം ശ. അടുപ്പിച്ച് ഏതാണ്ട് കൃഷ്ണഗാഥയ്ക്ക് സമാന്തരമായി നിലവിലുണ്ടായിരുന്നു. ആധുനിക മലയാള ഗദ്യശൈലിയുടെ പ്രാഗ്രൂപമായി ഇത് ഗണിക്കപ്പെടുന്നു. 17-ാം ശതകത്തോടെ മലയാളഗദ്യം സംസ്കൃത സ്വാധീനത്തിനടിപ്പെട്ടു. അത് ഈ നൂറ്റാണ്ടിന്റെ തുടക്കംവരെ തുടരുകയും ചെയ്തു.

ആധുനികഘട്ടം

ആധുനികമലയാള ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകശക്തിയായി വര്‍ത്തിച്ചത് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ്. കേരളവര്‍മയ്ക്കുമുമ്പ്, കേരളവര്‍മയുഗത്തില്‍, കേരളവര്‍മയ്ക്കുശേഷം എന്നിങ്ങനെ ഗവേഷകര്‍ ആധുനികഗദ്യത്തെ മൂന്നു ഘട്ടങ്ങളായി വിഭജിക്കുന്നു.

കേരളവര്‍മയ്ക്കുമുമ്പ്

അച്ചടിയുടെ ആരംഭം

ഈ കാലഘട്ടത്തിലെ അച്ചടിയുടെ ആരംഭവും പുസ്തകപ്രകാശനവും ഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകി. അച്ചടിവിദ്യ കേരളത്തില്‍ ആദ്യം നടപ്പില്‍ വരുത്തിയത് പോര്‍ച്ചുഗീസുകാരാണ്. 1578-ല്‍ കൊല്ലത്തെ തങ്കശ്ശേരിയിലും 1579-ല്‍ കൊച്ചിയിലും 1602-ല്‍ വൈപ്പിക്കോട്ടയിലും 1663-ല്‍ അമ്പഴക്കാട്ടും അവര്‍ അച്ചടിശാലകള്‍ സ്ഥാപിച്ചു. 1772-ല്‍ മലയാളലിപിയില്‍ ആദ്യമായി ഒരു പുസ്തകം പൂര്‍ണമായി മുദ്രണം ചെയ്തു. ഇതാണ് റോമില്‍ ക്ലമന്റ് പിയാനിയൂസ് അച്ചടിച്ച സംക്ഷേപവേദാര്‍ഥം.

1821-ല്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റി കോട്ടയത്ത് അച്ചടിശാല സ്ഥാപിച്ചു. എന്നാല്‍ 1829-ല്‍ മാത്രമാണ് ഇവിടെനിന്ന് ഒരു മലയാളപുസ്തകം പ്രസിദ്ധീകരിച്ചത്. ബൈബിളിലെ പുതിയ നിയമമായിരുന്നു ആ പുസ്തകം. 1839-ല്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് സര്‍ക്കാര്‍ അച്ചുകൂടം സ്ഥാപിതമായി.

വിദേശീയരായ മിഷനറിമാര്‍ക്ക് ഗദ്യരചനയ്ക്ക് ഉപകരിക്കത്തക്കവിധത്തില്‍ ചില മലയാള വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളുമുണ്ടായി. 1799-ല്‍ റോബര്‍ട്ട് ഡ്രമ്മണ്ടും 1839-ല്‍ എഫ്. സ്പ്രിങ്ങും 1841-ല്‍ ജോസഫ് പിറ്റും ഓരോ മലയാളവ്യാകരണഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ശബ്ദകോശങ്ങളില്‍ കാലഗണനകൊണ്ട് പ്രഥമസ്ഥാനം വഹിക്കുന്ന ബഞ്ചമിന്‍ ബെയ്ലിയുടെ നിഘണ്ടു പ്രസിദ്ധീകൃതമായത് 1846-ലാണ്.

ഇംഗ്ലീഷ് വിദ്യാഭ്യാസം

ആധുനികരീതിയിലുള്ള വിദ്യാഭ്യാസമാണ് മലയാളഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയുറപ്പിച്ച മറ്റൊരു ഘടകം. കേരളീയരുടെ പരമ്പരാഗത വിദ്യാഭ്യാസത്തില്‍നിന്ന് വ്യത്യസ്തമായ ഒരു പഠനക്രമം തുടങ്ങിവച്ചത് ലണ്ടന്‍ മിഷന്‍ സൊസൈറ്റി, ചര്‍ച്ച് മിഷന്‍ സൊസൈറ്റി, ബാസല്‍ മിഷന്‍ സൊസൈറ്റി എന്നീ പ്രൊട്ടസ്റ്റന്റ് സഭകളാണ്.

പൂര്‍ണമായും മതനിരപേക്ഷസ്വഭാവത്തോടുകൂടിയ വിദ്യാലയങ്ങള്‍ സര്‍ക്കാരിനുമാത്രമേ നടത്താനാവൂ. ഇതു മനസ്സിലാക്കിയ സ്വാതിതിരുനാള്‍ മഹാരാജാവ് 1834-ല്‍ തിരുവനന്തപുരത്ത് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു. ഇതോടനുബന്ധിച്ചുള്ള നാട്ടുഭാഷാവിദ്യാലയങ്ങള്‍ക്കായി രൂപവത്കരിച്ച പാഠപുസ്തകക്കമ്മിറ്റിയാണ് ഗദ്യരചനയുടെ കാര്യത്തില്‍ വമ്പിച്ച പരിവര്‍ത്തനം സൃഷ്ടിച്ചത്.

മൂന്നുതരം ശൈലികളാണ് ഈ കാലഘട്ടത്തിലെ ഗദ്യത്തിന്റെ ലിഖിതരൂപത്തില്‍ ദൃശ്യമാകുന്നത്. ഒന്നാമത്തെത്, ഔദ്യോഗികഭാഷാരൂപമായ ശാസനങ്ങളിലെ ഗദ്യശൈലിയാണ്. അവയില്‍ സാഹിത്യമേന്മ കണ്ടെത്താന്‍ പ്രയാസമാണെങ്കിലും ആശയസംവഹനത്തിന് യോഗ്യമായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. സംസ്കൃതശാസ്ത്രഗന്ഥങ്ങളുടെയും മറ്റും വ്യാഖ്യാതാക്കള്‍ സ്വീകരിച്ചിരുന്ന സംസ്കൃതസമ്മിശ്രമായ ഗദ്യശൈലിയാണ് രണ്ടാമത്തേത്. അവശേഷിക്കുന്നതാകട്ടെ, പാശ്ചാത്യരും അവരെ അനുകരിച്ച നാട്ടുകാരും സ്വീകരിച്ചുപോന്ന വേദപുസ്തകശൈലി അഥവാ പാതിരിമലയാളമാണ്. വര്‍ത്തമാനപ്പുസ്തകമാണ് മൂന്നാമത്തെ വിഭാഗത്തിലുണ്ടായ ഈടുറ്റകൃതി.

കേരളവര്‍മയുഗത്തില്‍

കേരളവര്‍മയുടെ ജീവിതകാലം (1845-1914) കേരളവര്‍മയുഗം എന്ന പേരില്‍ അറിയപ്പെടുന്നു.

വ്യാകരണ-നിഘണ്ടുഗ്രന്ഥങ്ങള്‍

കേരളവര്‍മയ്ക്കു മുമ്പുള്ള കാലഘട്ടത്തിലെ വ്യാകരണഗ്രന്ഥങ്ങളുടെയും നിഘണ്ടുക്കളുടെയും തുടര്‍ച്ച എന്ന നിലയില്‍ ഭാഷയില്‍ ഒട്ടേറെ കൃതികളുണ്ടായി. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രചിച്ച മലയാള വ്യാകരണം (ഒന്നാം ഭാഗം, 1851) ആണ് പ്രഥമകൃതി. റവറന്റ് മാത്തന്‍ ഗീവറുഗീസ് എന്ന നാട്ടു'പാദ്രി'യാല്‍ ചമയ്ക്കപ്പെട്ട മലയാഴ്മയുടെ വ്യാകരണമാണ് അടുത്തഗ്രന്ഥം. പൂര്‍ണമായി മലയാളത്തില്‍ രചിച്ച ആദ്യത്തെ വ്യാകരണഗ്രന്ഥമാണിത്. 1876-ല്‍ കോവുണ്ണി നെടുങ്ങാടിയുടെ കേരളകൌമുദിയും 1896-ല്‍ ഏ.ആര്‍. രാജരാജവര്‍മയുടെ കേരളപാണിനീയവും 1904-ല്‍ ശേഷഗിരി പ്രഭുവിന്റെ വ്യാകരണമിത്രവും പ്രസിദ്ധീകൃതമായി.

നിഘണ്ടുക്കളുടെ ചരിത്രത്തില്‍ പ്രഥമസ്ഥാനത്തുവന്ന മലയാളം-ഇംഗ്ലീഷ് നിഘണ്ടു (1846)വിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞ് ബെഞ്ചമിന്‍ ബെയ്ലിതന്നെ ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടു കൂടി പ്രസിദ്ധീകരിച്ചു. പിന്നീട് 1865-ല്‍ റിച്ചാര്‍ഡ് കോളിന്‍സ്, 1872-ല്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്നീ വിദേശമിഷനറിമാരുടെ നിഘണ്ടുക്കളെത്തുടര്‍ന്ന് 1906-ല്‍ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലിയുടെ കീശപ്പതിപ്പും പ്രകാശിതമായി.

ആനുകാലിക പ്രസിദ്ധീകരണങ്ങള്‍

ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ആവിര്‍ഭാവമാണ് ഈ കാലഘട്ടത്തിന്റെ ഒരു സവിശേഷത. 1847-ല്‍ തലശ്ശേരിയില്‍ നിന്ന് രാജ്യസമാചാരവും തുടര്‍ന്ന് പശ്ചിമോദയവും ബാസല്‍മിഷന്‍ സഭക്കാര്‍ പ്രസിദ്ധീകരിച്ചു. 1848-ല്‍ കോട്ടയത്തുനിന്ന് ബഞ്ചമിന്‍ ബെയ്ലിയുടെ പ്രസാധകത്വത്തില്‍ ജ്ഞാനനിക്ഷേപവും റവ. ജോര്‍ജ് മാത്തന്റെ പത്രാധിപത്യത്തില്‍ വിദ്യാസംഗ്രഹം എന്ന കോളജ് ക്വാര്‍ട്ടര്‍ലി മാഗസിനും 1864-ല്‍ ബ്രിട്ടീഷ് കൊച്ചിയില്‍നിന്ന് കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ പത്രാധിപത്യത്തില്‍ പശ്ചിമതാരകയും ആരംഭിച്ചു. 1867-ല്‍ സന്ദിഷ്ടവാദി, 1876-ല്‍ സത്യനാദ കാഹളം, 1881-ല്‍ കേരളമിത്രം, വിദ്യാവിലാസിനി എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളും പുറത്തുവന്നു.

ബുക്കുകമ്മിറ്റി

നാട്ടുഭാഷാ വിദ്യാഭ്യാസ വകുപ്പിന്റെയും ബുക്കുകമ്മിറ്റിയുടെയും രൂപവത്കരണമാണ് ഈ കാലഘട്ടത്തിലെ മറ്റൊരു സവിശേഷത. ആയില്യംതിരുനാള്‍ രാമവര്‍മ മഹാരാജാവ് ഭരണം ഏറ്റെടുത്തതോടെ ദിവാന്‍ മാധവറാവു പുരോഗമനപരമായ ചില ഭരണപരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രധാനപ്പെട്ട ഒന്നാണ് നാട്ടുഭാഷാവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം. പ്യൂണ്‍ ജോലിക്കു മുകളിലുള്ള ഏതൊരു ഉദ്യോഗത്തിനും ഒരു ഉപാധിയെന്ന നിലയില്‍ ഒരു പൊതു പരീക്ഷ പാസായിരിക്കണം എന്ന നിലപാടു സ്വീകരിക്കുകയുണ്ടായി. അതുമൂലം പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അത്യാവശ്യമായിത്തീര്‍ന്നു. അങ്ങനെ 1867-ല്‍ രൂപവത്കരിച്ചതാണ് 'തിരുവിതാംകൂര്‍ ബുക്കുകമ്മിറ്റി.'

ആദ്യം കമ്മിറ്റിക്ക് വെളിയില്‍നിന്നും, പിന്നെ കമ്മിറ്റിയിലെ അംഗമായും ഏറെത്താമസിയാതെ കമ്മിറ്റിയുടെ അധ്യക്ഷനായും കേരളവര്‍മ സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തില്‍ അദ്ദേഹം എഴുതിയവയും പരിഭാഷപ്പെടുത്തിയവയും എഴുതിച്ചു തിരുത്തിയവയുമായ ഒട്ടേറെ ഗ്രന്ഥങ്ങള്‍ കമ്മിറ്റി പ്രസിദ്ധീകരിച്ചു. പല വിഷയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ആദ്യമാതൃകകളായിത്തീര്‍ന്നു അത്തരം ഗ്രന്ഥങ്ങള്‍.

പാഠാവലികള്‍

ഒന്നാംപാഠം, രണ്ടാംപാഠം, മൂന്നാംപാഠം എന്നീ മലയാള പാഠാവലികളും; കണക്കുപുസ്തകം, ക്ഷേത്രവ്യവഹാരം എന്നീ ഗണിതപുസ്തകങ്ങളും; തിരുവിതാംകൂര്‍ ചരിത്രം, ഇന്ത്യാചരിത്രം, ഇന്ത്യാചരിത്രകഥകള്‍, ഇംഗ്ലണ്ടുചരിത്രം, ലോകത്തിന്റെ ശൈശവാവസ്ഥ എന്നീ ചരിത്രഗ്രന്ഥങ്ങളും; തിരുവിതാങ്കോടു സംസ്ഥാനത്തെ ഭൂവിവരണം, ഇന്ത്യാവിവരണം, ഭൂവിവരണം എന്നീ ഭൂമിശാസ്ത്ര പുസ്തകങ്ങളും കേരളവര്‍മയുടെ പാഠാവലികളില്‍പ്പെടുന്നു. കൂടാതെ ആരോഗ്യരക്ഷോപായം, ധനതത്വനിരൂപണം, സന്മാര്‍ഗ സംഗ്രഹം, സന്മാര്‍ഗ വിവരണം, സന്മാര്‍ഗ പ്രദീപം, യുവാക്കന്മാരോടുള്ള ഉപദേശങ്ങള്‍ എന്നിവയും അദ്ദേഹം രചിച്ച പാഠാവലികളാണ്.

പാഠപുസ്തകങ്ങളില്‍ക്കൂടി ബാലസാഹിത്യപ്രസ്ഥാനത്തിനും അദ്ദേഹം അടിത്തറ ഉറപ്പിച്ചു. ചെറുകഥ, ഉപന്യാസം എന്നീ രണ്ടു സാഹിത്യശാഖകളും അവയില്‍ ഉരുത്തിരിഞ്ഞുവരുന്നതായി കാണാം. വിജ്ഞാനമഞ്ജരി (ലഘൂപന്യാസങ്ങള്‍, ഒരു ചെറിയ കഥ, ഒരു ലഘുഗദ്യനാടകം ഇവ അടങ്ങിയത്), എന്റെ മൃഗയാസ്മരണകള്‍ എന്ന ആത്മകഥാപരമായ ഉപന്യാസം, മഹച്ചരിതസംഗ്രഹം (107 മഹത്തുക്കളുടെ ജീവചരിത്രം) എന്നിവ കൂടാതെ അക്ബര്‍, മണിപ്രവാള ശാകുന്തളം എന്നീ പ്രസിദ്ധകൃതികളും കേരളവര്‍മയുടെ സംഭാവനകളാണ്.

ഭാഷാപോഷിണി

കേരളത്തിലാകെയുള്ള എഴുത്തുകാര്‍ക്ക് വേണ്ടി 'ഭാഷാപോഷിണി സഭ' എന്ന പേരില്‍ ഒരു സംഘടന സ്ഥാപിച്ചത് ഈ കാലത്താണ്. 'കവിസമാജം' എന്ന പേരില്‍ കോട്ടയം കേന്ദ്രമാക്കി, മലയാള മനോരമ പത്രാധിപരായിരുന്ന കണ്ടത്തില്‍ വറുഗീസുമാപ്പിള കാര്യദര്‍ശിയും കേരളവര്‍മ അധ്യക്ഷനുമായിട്ടാണ് ഇത് ആരംഭിച്ചത്. 1891-ല്‍ ആദ്യസമ്മേളനം കോട്ടയത്തുനടന്നു. സഭയുടെ വകയായി ഭാഷാപോഷിണി മാസിക പ്രസിദ്ധീകരിച്ചു.

ഏ.ആര്‍. രാജരാജവര്‍മയുടെ കൃതികള്‍

ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റു പ്രമുഖ സാഹിത്യനായകന്മാരില്‍ പ്രാതഃസ്മരണീയനായിട്ടുള്ളത്, മലയാള ഗദ്യരചനയ്ക്കും വ്യാകരണത്തിനും ലക്ഷണഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത ഏ.ആര്‍. രാജരാജവര്‍മയാണ്. കേരള പാണിനീയത്തിന്റെ പരിഷ്കരിച്ച പതിപ്പ്, പ്രഥമവ്യാകരണം, മധ്യമ വ്യാകരണം, ശബ്ദശോധിനി, സാഹിത്യസാഹ്യം, വൃത്തമഞ്ജരി, ഭാഷാഭൂഷണം എന്നിവ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ആദ്യത്തെ ആഖ്യായികാകാരന്‍ എന്ന ബഹുമതി അര്‍ഹിക്കുന്ന ടി.എം. അപ്പു നെടുങ്ങാടി (കുന്ദലതയുടെ കര്‍ത്താവ്), ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ എഴുതിയ ഒയ്യാരത്തു ചന്തുമേനോന്‍, ചരിത്രാഖ്യായികാകാരനായ സി.വി. രാമന്‍പിള്ള, സാഹിത്യനായകനായ രാമവര്‍മ അപ്പന്‍ തമ്പുരാന്‍ എന്നിവരുടെ സംഭാവനകള്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. സര്‍വാധികാര്യക്കാര്‍ പി. ഗോവിന്ദപ്പിള്ള രചിച്ച, ആദ്യത്തെ സാഹിത്യചരിത്രമായ മലയാളഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും (1881) ഈ കാലഘട്ടത്തിലാണ്.

കേരളവര്‍മയ്ക്കുശേഷം

കേരളവര്‍മയും സമകാലികരും ആരംഭിച്ച പല സാഹിത്യപ്രസ്ഥാനങ്ങളും പില്ക്കാലത്ത് വളരെയേറെ പുരോഗതി കൈവരിച്ചു. സാഹിത്യത്തിന്റെ ആധിപത്യത്തെ അവഗണിച്ചുകൊണ്ട് ഗദ്യം മുന്നോട്ടു കുതിച്ചു. എണ്ണമറ്റ കൃതികള്‍ ഓരോ പ്രസ്ഥാനത്തിലുമുണ്ടായി. സാക്ഷരത വര്‍ധിച്ചതുമൂലം ധാരാളം എഴുത്തുകാരും വായനക്കാരുമുണ്ടായി.

കേരളവര്‍മ രൂപംനല്കിയ പാഠപുസ്തകങ്ങള്‍ അരനൂറ്റാണ്ടുകാലത്തോളം തിരുവിതാംകൂറിലെയും കൊച്ചിയിലെയും നാട്ടുഭാഷാ വിദ്യാലയങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ പഠിപ്പിച്ചിരുന്നു. അതുകാരണം ആദ്യകാലത്ത് കാണപ്പെട്ടതില്‍നിന്നു വ്യത്യസ്തമായ ഒരു ഗദ്യശൈലി വളര്‍ന്നുവന്നു. ആദ്യം പ്രസ്താവിച്ച മൂന്നു രീതികളില്‍നിന്നു വേര്‍തിരിഞ്ഞു നില്ക്കുന്നതും ഒട്ടൊക്കെ ഇംഗ്ലീഷ് ശൈലിയോടു സാമ്യമുള്ളതും ഋജുവുമായിരുന്നു ആ ശൈലി.

ചെറുകഥാപ്രസ്ഥാനം

ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വര്‍ധിച്ചതോടെ സാധാരണക്കാര്‍ക്കു വായിച്ചു രസിക്കാന്‍ കഴിയുമാറ് ആഖ്യാനഭംഗി മാത്രമുള്ള നീണ്ടകഥകള്‍ (തുടര്‍ക്കഥയല്ല) പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ആദിമധ്യാന്തങ്ങളുള്ള കഥകളാണ് അവ. നെടുനെടുങ്കന്‍ വര്‍ണനകള്‍ ചിലപ്പോള്‍ വായനക്കാരെ മടുപ്പിക്കും. സംഭാഷണഭാഗങ്ങള്‍ നാടകത്തിലേതുപോലെ നീണ്ടുപോകും. അവയില്‍ സാങ്കേതികമേന്മകളൊന്നും കാണാന്‍ കഴിയുകയില്ല. എങ്കില്‍ത്തന്നെയും അവ ആദ്യകാല കഥകള്‍ എന്ന നിലയ്ക്ക് ശ്രദ്ധേയങ്ങളാണ്. ഇത്തരം കഥകള്‍ എഴുതിയ കഥാകൃത്തുക്കളാണ് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍, സി.എസ്. ഗോപാലപ്പണിക്കര്‍, എം.ആര്‍.കെ.സി., അമ്പാടി നാരായണപ്പൊതുവാള്‍, മൂര്‍ക്കോത്തു കുമാരന്‍, കെ. സുകുമാരന്‍, ഇ.വി. കൃഷ്ണപിള്ള, സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി (വിവര്‍ത്തനം) തുടങ്ങിയവര്‍.

തുടര്‍ന്നുള്ള കാല്‍നൂറ്റാണ്ടുകാലം മലയാള ചെറുകഥയുടെ വസന്തമായിരുന്നു. ഈ കാലഘട്ടത്തില്‍ കഥയുടെ രൂപവും ഭാവവും മാറി. ഗദ്യത്തിലെഴുതിയ കവിതയെന്നു വിശേഷിപ്പിക്കാവുന്ന കഥകള്‍ ഉണ്ടായി. കടഞ്ഞെടുത്ത പദങ്ങള്‍, മനോജ്ഞമായ പദയോജന, ആകര്‍ഷകമായ അവതരണം, ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ തോന്നുന്ന സാങ്കേതികമേന്മകള്‍ ഇവയൊക്കെ കഥകള്‍ക്കു കൈവന്നു. കഥയുടെ ബാഹ്യരൂപത്തില്‍ മാത്രമല്ല, ലക്ഷ്യബോധത്തിലും കാതലായ വ്യതിയാനം വന്നുചേര്‍ന്നു. സമയം പോക്കാനല്ല, സമൂഹത്തിലെ തിന്മകള്‍ തൂത്തെറിയാനാണ് തങ്ങള്‍ കഥകള്‍ രചിക്കുന്നതെന്ന ബോധം കുറേ എഴുത്തുകാര്‍ക്കെങ്കിലും ഉണ്ടായി. ഈ ബോധം എഴുത്തുകാരില്‍ ജനിപ്പിച്ചവരില്‍ പ്രമുഖന്‍ കേസരി ബാലകൃഷ്ണപിള്ളയായിരുന്നു.

സാധാരണ വിദ്യാഭ്യാസമുള്ളവരും ഭിന്നജാതി മതസ്ഥരുമായ എഴുത്തുകാര്‍ ഉണ്ടായി. അതുവരെ അജ്ഞാതമായിരുന്ന പല ജീവിതമേഖലകളിലേക്കും വെളിച്ചംവീശാന്‍ അവര്‍ക്കു കഴിഞ്ഞു. മുസ്ലിങ്ങളുടെ ജീവിതം കാട്ടിത്തരാന്‍ വൈക്കം മുഹമ്മദ് ബഷീറും അന്തര്‍ജനങ്ങളുടെ ദുരിതം ചിത്രീകരിക്കാന്‍ ലളിതാംബിക അന്തര്‍ജനവും തയ്യാറായത് ഉദാഹരണമായെടുക്കാം. ഇക്കാലത്തെ പ്രസിദ്ധരായ കഥാകൃത്തുക്കളാണ് തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍ നീലകണ്ഠപ്പിള്ള, എസ്.കെ. പൊറ്റെക്കാട്, പി.സി. കുട്ടിക്കൃഷ്ണന്‍ (ഉറൂബ്) എന്നിവര്‍.

ആധുനിക കഥാകൃത്തുകളുടെ കാര്യം മുന്‍പത്തേതില്‍നിന്ന് അല്പം വ്യത്യസ്തമാണ്. താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതകളും അതുവഴി ലഭിച്ച പാശ്ചാത്യസാഹിത്യ സമ്പര്‍ക്കവും അവര്‍ക്കുണ്ടായിരുന്നു. സമൂഹത്തിന്റെ നേര്‍ക്കല്ല, വ്യക്തികളുടെ മനസ്സിനു നേര്‍ക്കാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വകാര്യദുഃഖങ്ങളിലും ആഹ്ളാദത്തിനുമായിരുന്നു അവര്‍ക്കു താത്പര്യം. ടി. പദ്മനാഭന്‍, എം.ടി. വാസുദേവന്‍നായര്‍, കമലാ സുരയ്യ (മാധവിക്കുട്ടി), എന്‍.പി. മുഹമ്മദ്, എം.പി. നാരായണപിള്ള, ഇ. ഹരികുമാര്‍, ബെന്യാമിന്‍, ജി.ആര്‍. ഇന്ദുഗോപന്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. പട്ടാളക്കഥകളുമായി രംഗപ്രവേശം ചെയ്തവരാണ് കോവിലന്‍, നന്തനാര്‍, പാറപ്പുറത്ത്, വിനയന്‍ മുതലായവര്‍. ജി. വിവേകാനന്ദനും ജി.എന്‍. പണിക്കരും മറ്റും തെക്കന്‍ കേരളത്തിന്റെ കഥ രൂപപ്പെടുത്തുന്നു.

നോവല്‍ പ്രസ്ഥാനം

മറ്റെല്ലാ ഭാഷകളിലെയും പോലെ ചെറുകഥാരംഗത്ത് വിജയിച്ചവരാണ് 'വലിയകഥ'യായ നോവലിലേക്കും കടന്നുവന്നത് (ചന്തുമേനോനും സി.വി. രാമന്‍പിള്ളയും കഥയെഴുതാതെ നോവല്‍ എഴുതിയവരാണ്). തികച്ചും വിഭിന്നമായ ജനസമൂഹങ്ങളുടെ ജീവിതം നോവലിലേക്കു പകര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് തകഴി ശിവശങ്കരപ്പിള്ളയുടെ സവിശേഷത. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, ചെമ്മീന്‍, ഏണിപ്പടികള്‍, കയര്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നിവ ഉദാഹരണം. ഓടയില്‍നിന്ന്, ഭ്രാന്താലയം, അയല്‍ക്കാര്‍ എന്നീ നോവലുകള്‍കൊണ്ട് ഈ പ്രസ്ഥാനത്തില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു കേശവദേവ്. സമൂഹത്തിലെ ജീര്‍ണതകള്‍ അനാവരണം ചെയ്യുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു ഇദ്ദേഹത്തിന്റെ മികച്ച നോവലാണ്. കാവ്യസുഗന്ധിയായ ഒരു ചെറുനോവലാണ് ബാല്യകാലസഖി.

സഞ്ചാരസാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട് ഒരു തെരുവിന്റെ കഥയിലൂടെയും ഒരു ദേശത്തിന്റെ കഥയിലൂടെയും വിഖ്യാതനായി. വിഷകന്യകയാണ് അദ്ദേഹത്തിന്റെ ആദ്യകാലനോവലുകളില്‍ പ്രധാനപ്പട്ടത്. സമൂഹജീവിതത്തിലൂടെ വ്യക്തിജീവിതത്തിലെ കണ്ണീരും പുഞ്ചിരിയും കണ്ടെത്തിയ എഴുത്തുകാരനായ ഉറൂബിന്റെ പ്രമുഖരചനകളാണ് ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും തുടങ്ങിയവ. മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കിക്കണ്ട ഒരു എഴുത്തുകാരനാണ് ചെറുകാട്. അദ്ദേഹത്തിന്റെ മണ്ണിന്റെ മാറില്‍, മുത്തശ്ശി, ശനിദശ എന്നീ കൃതികള്‍ മികച്ച കലാസൃഷ്ടികളാണ്. ജീവിതപ്പാത എന്ന ആത്മകഥയും അംഗീകാരം നേടിയ കൃതിയാണ്. എം.ടി. വാസുദേവന്‍ നായര്‍, ഒ.വി.വിജയന്‍, കമലാ സുരയ്യ (മാധവിക്കുട്ടി), ബി.എം. സുഹ്റ, ടി. പദ്മനാഭന്‍, മുകുന്ദന്‍, സി. രാധാകൃഷ്ണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഇ.എം. കോവൂര്‍, പോഞ്ഞിക്കര റാഫി, കെ. സുരേന്ദ്രന്‍, രാജലക്ഷ്മി, കോവിലന്‍, പാറപ്പുറത്ത്, ജി. വിവേകാനന്ദന്‍, മുട്ടത്തുവര്‍ക്കി, നന്തനാര്‍, ജി.എന്‍. പണിക്കര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, എന്‍.പി. മുഹമ്മദ്, വി.കെ.എന്‍., പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, കാക്കനാടന്‍, ആനന്ദ്, വിലാസിനി, പി. വത്സല, പി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സര്‍ഗാത്മക രചനകളിലൂടെ മലയാള ഗദ്യത്തെ പരിപോഷിപ്പിച്ചവരാണ്. മല്ലിക യൂനിസ്, കെ.ആര്‍. മീര, അക്ബര്‍ കക്കട്ടില്‍, ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ തുടങ്ങിയ പുതിയ തലമുറയില്‍പ്പെട്ടവരുള്‍പ്പെടെയുള്ള എഴുത്തുകാരും ഇപ്പോഴും സംഭാവനകള്‍ നല്‍കുന്നു.

ഉപന്യാസപ്രസ്ഥാനം

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ ആരംഭിച്ച ഉപന്യാസ പ്രസ്ഥാനത്തെ കരുത്തന്മാരായ എഴുത്തുകാര്‍ പില്ക്കാലത്ത് ശക്തിപ്പെടുത്തുകയുണ്ടായി. കേസരി എന്ന പേരില്‍ പ്രസിദ്ധനായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ (കേസരി), ആര്‍. ഈശ്വരപിള്ള (ചിന്താസന്താനം), ഏ.ആര്‍. രാജരാജവര്‍മ (പ്രബന്ധ സംഗ്രഹം), മൂര്‍ക്കോത്തു കുമാരന്‍ (ഗദ്യമഞ്ജരി), അപ്പന്‍ തമ്പുരാന്‍ (മംഗളമാല), സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള (വിജ്ഞാനരഞ്ജിനി), സി.വി. കുഞ്ഞുരാമന്‍ (സി.വി. കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത കൃതികള്‍), കെ.ആര്‍. കൃഷ്ണപിള്ള (പ്രബന്ധങ്ങള്‍), കെ. സുകുമാരന്‍ (സുകുമാരഗദ്യമഞ്ജരി), എം. രാജരാജവര്‍മ (ഉപന്യാസാരാമം), ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (വിജ്ഞാനദീപിക), സി.പി. അച്യുതമേനോന്‍ (ഗദ്യമാലിക), കെ. ഗോദവര്‍മ (പ്രബന്ധസമാഹാരം), ടി.കെ. കൃഷ്ണമേനോന്‍ (ലേഖനമാല), പി. അനന്തന്‍പിള്ള (പ്രബന്ധരത്നാകരം), ചേലനാട്ട് അച്യുതമേനോന്‍ (പൂങ്കാവ്), എ. ബാലകൃഷ്ണപിള്ള (നവലോകം) തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.

ഇ.വി.യും സഞ്ജയനും ഹാസ്യത്തിന്റെ മേഖലയില്‍ ഉള്‍പ്പെടുന്ന നിരവധി ലേഖനങ്ങള്‍ ഭാഷയ്ക്കു സംഭാവന ചെയ്തവരാണ്. ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായര്‍, പുത്തേഴത്തു രാമന്‍മേനോന്‍, എ.പി. ഉദയഭാനു, പി.കെ. രാജരാജവര്‍മ, കെ.പി. കേശവമേനോന്‍ മുതലായവരാണ് ശ്രദ്ധേയരായ മറ്റു ഉപന്യാസകാരന്മാര്‍. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കണ്ടത്തില്‍ വറുഗീസുമാപ്പിള, കുറ്റിപ്പുഴ കൃഷ്ണപിള്ള, കെ. ഭാസ്കരന്‍ നായര്‍, ഇളംകുളം കുഞ്ഞന്‍പിള്ള, ശൂരനാട്ട് കുഞ്ഞന്‍പിള്ള, പി.കെ. പരമേശ്വരന്‍ നായര്‍, കൈനിക്കര കുമാരപിള്ള, എന്‍. ഗോപാലപിള്ള, എം.ആര്‍.ബി., എം.പി. പോള്‍, പി. ശങ്കരന്‍ നമ്പ്യാര്‍, സി.ജെ.തോമസ്, എ.ഡി. ഹരിശര്‍മ, കുട്ടിക്കൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, കെ.എം. ജോര്‍ജ്, എന്‍.വി. കൃഷ്ണവാരിയര്‍, പി. ദാമോദരന്‍പിള്ള, പി.കെ. നാരായണപിള്ള, എന്‍. കൃഷ്ണപിള്ള, കെ.എന്‍. എഴുത്തച്ഛന്‍, സുകുമാര്‍ അഴിക്കോട്, എസ്. ഗുപ്തന്‍നായര്‍, കെ.പി. നാരായണപ്പിഷാരടി, കെ. രാഘവന്‍പിള്ള, എം. കൃഷ്ണന്‍നായര്‍, എം.എന്‍.വിജയന്‍, എം.കെ. സാനു, കെ.പി. അപ്പന്‍, വി. രാജകൃഷ്ണന്‍, എം. ലീലാവതി, നരേന്ദ്രപ്രസാദ്, സച്ചിദാനന്ദന്‍, ആഷാമേനോന്‍, പി.സി. സനല്‍കുമാര്‍, എസ്. രാജശേഖരന്‍, വി.സി. ശ്രീജന്‍ തുടങ്ങിയവര്‍ ശ്രദ്ധേയരായ പ്രബന്ധകര്‍ത്താക്കളാണ്. നിരൂപണം, ഗവേഷണം, വിജ്ഞാനം, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം, പത്രപ്രവര്‍ത്തനം എന്നിവയില്‍ ഇവരുടെ മേഖലകള്‍ വ്യാപിച്ചുകിടക്കുന്നു.

നാടകപ്രസ്ഥാനം

ഗദ്യനാടകപ്രസ്ഥാനത്തിന്റെ ആദ്യകാല മാതൃകകളായി കാണുന്നത് സി.വി. രാമന്‍പിള്ളയുടെ പ്രഹസനങ്ങളാണ്. ചരിത്രനാടക രംഗത്ത് ഇ.വി.കൃഷ്ണപിള്ളയുടെ സംഭാവനകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. രാജാ കേശവദാസന്‍, ഇരവിക്കുട്ടിപ്പിള്ള, സീതാലക്ഷ്മി എന്നിവ പ്രത്യേകിച്ചും സ്മരിക്കപ്പെടേണ്ടിയിരിക്കുന്നു. കൈനിക്കര പദ്മനാഭപിള്ളയുടെ കാല്‍വരിയിലെ കല്പപാദപം എന്ന ക്രിസ്തീയ ഇതിവൃത്തമുള്ള നാടകത്തിന് വമ്പിച്ച പ്രചാരമാണ് ലഭിച്ചത്. എന്‍.പി. ചെല്ലപ്പന്‍ നായരുടെയും ടി.എന്‍. ഗോവിന്ദന്‍നായരുടെയും കൃതികള്‍ മറ്റൊരു വിഭാഗത്തില്‍പ്പെടുന്നു. പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ ഭഗ്നഭവനം, കന്യക, ബലാബലം തുടങ്ങിയ കൃതികള്‍ ആധുനിക പാശ്ചാത്യ നാടകസങ്കേതത്തിന്റെ സത്തയുള്‍ക്കൊണ്ടുകൊണ്ട് രചിച്ചവയാണ്. സി.ജെ. തോമസിന്റെ അവന്‍ വീണ്ടും വരുന്നു എന്ന കൃതിയാണ് ശ്രദ്ധേയമായ മറ്റൊരു നാടകം. മാര്‍ക്സിസ്റ്റു വീക്ഷണമുള്ള കെ. ദാമോദരന്റെ പാട്ടബാക്കിക്കും നാടകചരിത്രത്തില്‍ സമുന്നത സ്ഥാനമുണ്ട്. വി.ടി. രാമന്‍ ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, എം.ആര്‍. ഭട്ടതിരിപ്പാടിന്റെ മറക്കുടയ്ക്കുള്ളിലെ മഹാനഗരം, എം.പി. ഭട്ടതിരിപ്പാടിന്റെ ഋതുമതി എന്നീ നാടകങ്ങള്‍ നമ്പൂതിരിസമുദായത്തിന്റെ ഇരുളടഞ്ഞ ജീവിതത്തിലേക്കു വെളിച്ചംവീശുന്നു. തോപ്പില്‍ ഭാസി, എന്‍.എന്‍.പിള്ള എന്നിവരുടെ നാടകങ്ങളാണ് പില്ക്കാലത്ത് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചത്. എ.എന്‍. ഗണേഷ്, പി.എം. താജ്, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, എസ്.എല്‍പുരം സദാനന്ദന്‍ തുടങ്ങിയവരും മലയാള നാടകവേദിയെ സമ്പന്നരാക്കിയവരാണ്.

റഫറന്‍സ് പുസ്തകങ്ങള്‍

പ്രസ്ഥാനങ്ങളായി വേര്‍തിരിക്കാതെ പ്രധാനപ്പെട്ട ചില റഫറന്‍സ് ഗ്രന്ഥങ്ങളും ഗദ്യസാഹിത്യത്തില്‍ പരിഗണനയര്‍ഹിക്കുന്നു. ഐതിഹ്യമാല (കൊട്ടാരത്തില്‍ ശങ്കുണ്ണി), കേരള ഭാഷാവിജ്ഞാനീയം (കെ. ഗോദവര്‍മ), ശബ്ദതാരാവലി (ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള), കൊച്ചി രാജ്യചരിത്രം (പദ്മനാഭ മേനോന്‍), നവയുഗ ഭാഷാനിഘണ്ടു (ആര്‍. നാരായണപ്പണിക്കര്‍), പുരാണ കഥാനിഘണ്ടു (പൈലോപോള്‍), ലോകാലോകം (എം. രാജരാജവര്‍മ), ശൈലീ നിഘണ്ടു (ടി. രാമലിംഗം പിള്ള), ശൈലീ പ്രദീപം (വടക്കുംകൂര്‍ രാജരാജവര്‍മ), സാഹിത്യഭൂഷണം (കുട്ടിക്കൃഷ്ണ മാരാര്‍), ദ്രാവിഡ വൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും (അപ്പന്‍ തമ്പുരാന്‍), മലയാള ശൈലി (കുട്ടിക്കൃഷ്ണ മാരാര്‍), പഴഞ്ചൊല്‍ പ്രപഞ്ചം (പി.സി. കര്‍ത്താ), രൂപമഞ്ജരി (എ. ബാലകൃഷ്ണപിള്ള), നോവല്‍ സാഹിത്യം (എം.പി.പോള്‍), ചെറുകഥാപ്രസ്ഥാനം (എം.പി.പോള്‍), ഉയരുന്ന യവനിക (സി.ജെ. തോമസ്), കേരള ഭാഷാസാഹിത്യചരിത്രം (ആര്‍. നാരായണപ്പണിക്കര്‍), ക്രിസ്ത്യാനികളും മലയാളസാഹിത്യവും (പി.ജെ.തോമസ്), ആധുനിക മലയാളസാഹിത്യം (പി.കെ. പരമേശ്വരന്‍ നായര്‍), കേരള സാഹിത്യചരിത്രം (ഉള്ളൂര്‍), കൈരളിയുടെ കഥ (എന്‍. കൃഷ്ണപിള്ള), പുരാണിക് എന്‍സൈക്ലോപീഡിയ (വെട്ടം മാണി), വിജ്ഞാനം-പോപ്പുലര്‍ എന്‍സൈക്ലോപീഡിയ (മാത്യു എം. കുഴിവേലി), വിശ്വവിജ്ഞാനകോശം (സാഹിത്യപ്രവര്‍ത്തക സഹകരണസംഘം), സര്‍വവിജ്ഞാനകോശം, അഖിലവിജ്ഞാനകോശം, സാഹിത്യവിജ്ഞാനകോശം, മലയാള മഹാനിഘണ്ടു (കേരള സര്‍വകലാശാല) തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു. നോ. ആത്മകഥ, ഉപന്യാസം, ചെറുകഥ, ജീവചരിത്രം, നിരൂപണസാഹിത്യം, നോവല്‍, വിജ്ഞാനസാഹിത്യം, സഞ്ചാരസാഹിത്യം

(ഡോ.ടി.ജി. രാമചന്ദ്രന്‍പിള്ള; ഡോ. തിക്കുറിശ്ശി ഗംഗാധരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍