This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖോ ഖോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖോ ഖോ== Kho Kho ഒരു കായികവിനോദം. ദേശീയപദവിയും രാജ്യവ്യാപകമായ പ്ര...)
അടുത്ത വ്യത്യാസം →

16:03, 5 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഖോ ഖോ

Kho Kho

ഒരു കായികവിനോദം. ദേശീയപദവിയും രാജ്യവ്യാപകമായ പ്രചാരവും ലഭിച്ചിട്ടുള്ള 'ഖോ ഖോ' മഹാരാഷ്ട്രയുടെ സംഭാവനയാണ്. ഉണര്‍ത്തുക എന്നര്‍ഥമുള്ള 'ഖോ' എന്ന മറാഠിപദം, കളിസമയത്ത് കളിക്കാര്‍ ഉച്ചരിക്കുന്നതുകൊണ്ടാണ് ഈ പേരുവന്നത്. മഹാരാഷ്ട്രയിലെ ആരോഗ്യശിക്ഷണകേന്ദ്രത്തിന്റെയും മദ്രാസിലെ വൈ.എം.സി.എ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജിന്റെയും ശ്രമങ്ങള്‍ കളിയുടെ പ്രചാരം ത്വരിതപ്പെടുത്താന്‍ ഗണ്യമായി സഹായിച്ചിട്ടുണ്ട്.

ചുറുചുറുക്കിനും വേഗത്തിനും പ്രാധാന്യമുള്ള ഈ കളി ഉന്മേഷപ്രദവും ആകര്‍ഷകവുമാണ്. 'അഖിലഭാരത ഖോ ഖോ ഫെഡറേഷന്‍' ആവിഷ്കരിച്ചിട്ടുള്ള നിയമാവലി അനുസരിച്ചാണ് ഖോ ഖോ ഇപ്പോള്‍ കളിച്ചുവരുന്നത്. ചെലവുകുറഞ്ഞ ഈ കളിക്കു പരിമിതമായ സ്ഥലം മാത്രമേ ആവശ്യമുള്ളു.

31 മീ. നീളവും 16 മീ. വീതിയുമുള്ള കളത്തിലാണ് ഖോ ഖോ കളിക്കുന്നത്. കളിക്കാരുടെ പ്രായഭേദവും സ്ത്രീപുരുഷ വ്യത്യാസവുമനുസരിച്ച് കളത്തിന്റെ വിസ്തീര്‍ണം കുറയ്ക്കാന്‍ നിയമാവലിയില്‍ വ്യവസ്ഥയുണ്ട്. ഉപകരണമായി 1.20 മീറ്റര്‍ നീളവും 30 സെ.മീ. ചുറ്റളവുമുള്ള രണ്ടു തൂണുകള്‍ (പോസ്റ്ററുകള്‍) മാത്രമേ ആവശ്യമുള്ളൂ. 16 മീ. വീതിയുള്ള കളത്തിന്റെ അഗ്രഭാഗങ്ങളുടെ നടുക്കാണ് തൂണുകളുടെ സ്ഥാനം. കളത്തിലെ മധ്യരേഖയുടെ രണ്ടറ്റത്തുമായിരിക്കും ഈ തൂണുകള്‍.

കളിയില്‍ പങ്കെടുക്കുന്ന രണ്ടു ടീമുകളില്‍ ഓരോന്നിലും 12 പേര്‍വീതം ഉണ്ടായിരിക്കും. 37 മിനിട്ടുള്ള ഈ കളിസമയത്തെ രണ്ട് 'ഇന്നിങ്സാ'യും അവയില്‍ ഓരോന്നിനെയും 7 മിനിട്ടു വീതമുള്ള രണ്ടു 'ടേണു'കളായും വിഭജിച്ചിരിക്കുന്നു. നാലു ടേണുകളില്‍ ഓരോന്നും അവസാനിക്കുമ്പോള്‍ രണ്ടു മിനിട്ടും ഓരോ ഇന്നിങ്സും പൂര്‍ത്തിയാകുമ്പോള്‍ 5 മിനിട്ടും വിശ്രമസമയമായി നീക്കിവച്ചിട്ടുണ്ട്.

മത്സരിക്കുന്ന ടീമുകളില്‍ ഒന്നിനെ 'റണ്ണേഴ്സെ'ന്നും എതിര്‍ ടീമിനെ 'ചേയ്സേഴ്സെ'ന്നും വിളിക്കുന്നു. ടീമുകളിലെ 12 അംഗങ്ങളില്‍ 9 പേര്‍ മാത്രമേ കളിക്കുകയുള്ളൂ. ഓരോ ടീമിലെയും 3 കരുതല്‍ കളിക്കാര്‍ കളിക്കുന്നതിന് എപ്പോഴും തയ്യാറായിരിക്കും.

ചേയ്സേഴ്സ്ടീമിലെ 9 കളിക്കാരില്‍ എട്ടുപേര്‍ കളത്തിന്റെ മധ്യഭാഗത്തു നെടുകെ പ്രത്യേകം വേര്‍തിരിച്ചടയാളപ്പെടുത്തിയിട്ടുള്ള ചതുരങ്ങളില്‍ ഒന്നിടവിട്ട് എതിര്‍ദിശയിലേക്കു നോക്കിക്കൊണ്ടിരിക്കും. 4 പേര്‍ നോക്കുന്നത് വടക്കോട്ടാണെങ്കില്‍ അവരെ തൊട്ടിരിക്കുന്ന 4 പേര്‍ തെക്കോട്ടായിരിക്കും. 'ആക്റ്റീവ് ചേയ്സര്‍' എന്ന പേരിലറിയപ്പെടുന്ന ആ ടീമിലെ ഒമ്പതാമന്‍ ഓടുന്നതിനു തയ്യാറായി കളത്തില്‍ നില്‍ക്കും. ഒമ്പതാമന്‍ കളത്തിലെ മധ്യരേഖ മുറിച്ചുകടക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. സ്ക്വയറില്‍ ഇരിക്കുന്ന തന്റെ ടീമിലെ ഏതെങ്കിലും ഒരു സിറ്റിങ്ചേയ്സറുടെ പുറകിലെത്തി അയാളെ കൈകൊണ്ടു തൊടുന്നതോടൊപ്പം 'ഖോ' എന്നു പറയുകയും അതോടെ ആക്റ്റീവ് ചേയ്സറായിത്തീരുന്ന സിറ്റിങ് ചേയ്സര്‍ ഒഴിഞ്ഞുകൊടുക്കുന്ന സ്ക്വയര്‍ ലഭിക്കുകയും ചെയ്താല്‍ മാത്രമേ ആക്റ്റീവ് ചേയ്സറായിരുന്ന ഒമ്പതാമന് മധ്യരേഖ മുറിച്ചുകടക്കാനുള്ള അവകാശം കിട്ടുകയുള്ളൂ. ഇതിലെന്തെങ്കിലും വീഴ്ച കാണിക്കുകയോ തൊടുന്നതോടൊപ്പം ഖോ കൊടുക്കാതിരിക്കുകയോ ചെയ്താല്‍ അത് 'ഫൌള്‍' ആയിരിക്കും. ഒമ്പതാമന്‍ ഓടിച്ചെന്നു തൊടുകയും ഖോ കൊടുക്കുകയും ചെയ്യുമ്പോള്‍ ഖോ കിട്ടിയ സിറ്റിങ് ചേയ്സറുടെ കാലുകള്‍ മധ്യരേഖയില്‍ നിന്ന് അകലെയായിരുന്നാലും ഫൌളാകും.

ചേയ്സ് ചെയ്യുന്ന ടീമിനെതിരായി കളിക്കുന്ന റണ്ണേഴ്സിനെ 'ഡിഫന്‍സെ'ന്നും പറയാറുണ്ട്. മൂന്നുപേര്‍ വീതമുള്ള മൂന്നു ടീമുകളായിട്ടായിരിക്കും അവര്‍ കളിക്കുന്നത്. ഒരു ടീമിലെ മൂന്നു റണ്ണേഴ്സ് പുറത്തായാലുടന്‍ അടുത്ത ടീം കളിക്കും. ടീം അംഗങ്ങള്‍ക്കു കളത്തിനകത്ത് യഥേഷ്ടം ഓടാവുന്നതാണ്. കളത്തിനകത്ത് ഓടുന്ന മൂന്നു റണ്ണര്‍മാരില്‍ ഏതെങ്കിലും ഒരാളെ എതിര്‍ടീമിലെ ആക്റ്റീവ് ചേയ്സറോ ആ കളിക്കാരന്‍ തൊടുകയും ഖോ കൊടുക്കുകയും ചെയ്യുന്നതോടെ ആക്റ്റീവ് ചേയ്സറായി മാറുന്ന സിറ്റിങ് ചേയ്സറോ തൊട്ടാല്‍ ആ റണ്ണര്‍ പുറത്താകുന്നതാണ്. ഒരു റണ്ണര്‍ പുറത്താകുമ്പോള്‍ ചേയ്സേഴ്സ് ടീമിന് ഒരു പോയിന്റ് ലഭിക്കും. ആകെയുള്ള 4 ടേണുകളിലുംകൂടി ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടുന്ന ടീം കളിയില്‍ ജയിക്കും.

കളി നിയന്ത്രിക്കുന്നതിന് ഒരു റഫറിയും രണ്ട് അമ്പയര്‍മാരും കാണും. ടൈംകീപ്പര്‍ സമയം പരിപാലിക്കും. റെക്കാര്‍ഡര്‍ മത്സരഫലങ്ങള്‍ ഉടനുടന്‍ രേഖപ്പെടുത്തും.

ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും യൂണിയന്‍ ഭരണപ്രദേശങ്ങളിലും ഖോ ഖോ അസോസിയേഷനുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. 1950 മുതല്‍ പുരുഷന്മാര്‍, സ്ത്രീകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്കുവേണ്ടി പ്രത്യേകം സംസ്ഥാനമത്സരങ്ങളും ദേശീയമത്സരങ്ങളും സംഘടിപ്പിച്ചുവരുന്നു. ബായിനതുര്‍ക്കര്‍, ശേഖര്‍ധര്‍വഡേക്കര്‍, ശ്രീരംഗ്ഇനാംദര്‍, ഇഷ, നഗര്‍ക്കര്‍, നീലിമസരോള്‍ക്കര്‍, അചല്ലാദേവരെ തുടങ്ങിയ ഖോ ഖോ കളിക്കാര്‍ക്ക് ദേശീയകായിക വിനോദരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ 'അര്‍ജുന' അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അന്തര്‍സര്‍വകലാശാലാ കായിക വിനോദബോര്‍ഡ്, സ്കൂള്‍ഗെയിംസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ എന്നിവയും ഷോളാപ്പൂര്‍, പൂണെ, മുംബൈ എന്നീ നഗരങ്ങളിലെ കോര്‍പ്പറേഷനുകളും വിവിധ തലങ്ങളിലുള്ള മത്സരങ്ങള്‍ നടത്തിവരുന്നുണ്ട്. ഭാരതത്തിനു പുറമേ ബംഗ്ളാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളിലും ഖോ ഖോ കളിച്ചുവരുന്നു. പട്യാലയിലെ ദേശീയ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഖോ ഖോ കോച്ചുകളാകുന്നതിനുള്ള പരിശീലനകോഴ്സുമുണ്ട്.

(ശ്യാമളാലയം കൃഷ്ണന്‍നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B5%8B%C2%A0%E0%B4%96%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍