This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിപ്രതിരോധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ഓക്സിജന്‍ നിയന്ത്രണം) |
(→അഗ്നിശമനോപകരണങ്ങള്‍) |
||
വരി 121: | വരി 121: | ||
(2) രാസികപ്പതകള്‍ തളിക്കുന്നവ, | (2) രാസികപ്പതകള്‍ തളിക്കുന്നവ, | ||
- | [[Image:p.136 fire boat-.jpg|thumb|350x250px| | + | [[Image:p.136 fire boat-.jpg|thumb|350x250px|left|ഫയര്‍ബോട്ട് അഗ്നിശമന പ്രവര്‍ത്തനത്തില്‍ ]] |
(3) വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന ദ്രാവകങ്ങളോ വാതകങ്ങളോ വിക്ഷേപിക്കുന്നവ, | (3) വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന ദ്രാവകങ്ങളോ വാതകങ്ങളോ വിക്ഷേപിക്കുന്നവ, |
09:04, 29 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗ്നിപ്രതിരോധം
Fire protection
തീപിടിത്തം ഒഴിവാക്കുന്നതിനും കെടുത്തുന്നതിനും നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനം.
സംഘടിതമായ അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യങ്ങള്‍ അഞ്ചാണ് (i) സമൂഹസമ്പത്ത് തീപിടിത്തങ്ങള്‍ക്കിടയാകാതെ രക്ഷിക്കുക. (ii) അഗ്നിബാധയുണ്ടായാല്‍ ഉടന്‍ ശമനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കത്തക്കവണ്ണം അപകടസൂചന നല്‍കുക. (iii) തീപിടിത്തത്തില്‍ ജീവനാശവും പൊള്ളലും മറ്റപകടങ്ങളും ഉണ്ടാകാതെ വേണ്ടത് ചെയ്യുക (iv) പടര്‍ന്നുപിടിക്കാനിടയാവാതെ ഏറ്റവും എളുപ്പം തീ കെടുത്തുക. (v) വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അഗ്നിബാധകൊണ്ടുണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കുക. ലേഖന സംവിധാനം I. നാശനഷ്ടങ്ങളുടെ വ്യാപ്തി II. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ III. അഗ്നിനിരോധക പദാര്‍ഥങ്ങള്‍ IV. അടിസ്ഥാന തത്ത്വങ്ങള്‍ V. പദാര്‍ഥ നിയന്ത്രണം VI. ഓക്സിജന്‍ നിയന്ത്രണം VII. തണുപ്പിക്കല്‍ VIII. അഗ്നിശമനോപകരണങ്ങള്‍ IX. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ X. അഗ്നിശമന യന്ത്രങ്ങള്‍ XI. ജീവധന സംരക്ഷണം XII. അഗ്നിപ്രതിരോധം - പ്രത്യേക പരിതഃസ്ഥിതികളില്‍ XIII. അഗ്നിപ്രതിരോധ സംഘടനകള്‍ XIV. ഫയര്‍ ഇന്‍ഷുറന്‍സ് (അഗ്നി ഇന്‍ഷുറന്‍സ്) XV. ഗവേഷണവും പരിശീലനവും
നാശനഷ്ടങ്ങളുടെ വ്യാപ്തി
മറ്റു ജന്തുക്കള്‍ക്കെന്നപോലെ ആദിമമനുഷ്യനും അഗ്നി, ഭീകരവും അപകടകരവും ആയ ഒരു അദ്ഭുത പ്രതിഭാസമായിരുന്നിരിക്കണം. നിയന്ത്രിതമായി അഗ്നി ഉപയോഗിക്കുന്നതിനുള്ള ശ്രമം മനുഷ്യരാശിയുടെ പുരോഗതിയില്‍ സുപ്രധാനമായ ഒരു കാല്‍വയ്പായിരുന്നു. തീയ് കൈകാര്യം ചെയ്തുവന്നതിനോടൊപ്പം അതുകൊണ്ടുള്ള അപകടസാധ്യതയും വര്‍ധിച്ചു. അഗ്നിബാധകൊണ്ടുള്ള ജീവനാശവും വസ്തുനാശവും എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇടയ്ക്കിടയ്ക്കുണ്ടായിക്കൊണ്ടിരുന്നു.
നഗരങ്ങളില്‍ മനുഷ്യര്‍ തിങ്ങിത്താമസിച്ചു തുടങ്ങിയപ്പോള്‍ തീപിടിത്തത്തിന്റെ സാധ്യതയും വ്യാപ്തിയും അപകടങ്ങളും വര്‍ധിച്ചു. വ്യവസായങ്ങളിലെ അടിസ്ഥാനഘടകം അഗ്നികൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ആവിയന്ത്രങ്ങളായിരുന്നു. അതുകൊണ്ട് വ്യവസായ സ്ഥാപനങ്ങളിലും ജനസാന്ദ്രതകൂടിയ പ്രദേശങ്ങളിലും തീപിടിത്തത്തിനു കൂടുതല്‍ സാധ്യതയുണ്ടായി. തണുപ്പുകൂടിയ രാജ്യങ്ങളില്‍ വീടുകളിലെ മുറികള്‍ ചൂടുപിടിപ്പിക്കുന്നതിനായി മുറിക്കുള്ളില്‍ ചൂളകളും ചിമ്മിനികളും സ്ഥാപിക്കാറുണ്ട്. ഇവയില്‍നിന്നു വീടുകള്‍ക്കു തീപിടിത്തമുണ്ടാകാന്‍ സാധ്യതയുണ്ട്. കതകുകളും ജനാലകളും എപ്പോഴും അടച്ചിടേണ്ട പരിതസ്ഥിതികളില്‍ ആളപായവും സാധാരണമാണ്. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ നനവില്ലാത്ത കാലാവസ്ഥയില്‍ തീപിടിത്തം എളുപ്പമാണ്. അടുക്കളയില്‍നിന്നു പറക്കുന്ന തീപ്പൊരി ഒരു വീടു മുഴുവന്‍ ചാമ്പലാക്കുന്നതിനു മതിയാകും. ഓലയും വയ്ക്കോലും മുളയും തടിയും കൊണ്ടു നിര്‍മിച്ച വീടുകള്‍ക്കു തീപിടിക്കാന്‍ എളുപ്പമാണ്. പട്ടണങ്ങളില്‍ ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ വേനല്‍ക്കാലത്ത് തീപിടിത്തം സാധാരണമാണ്. അല്പസമയം കൊണ്ട് പത്തോ നൂറോ കുടിലുകള്‍ കത്തിക്കഴിയും. വളര്‍ത്തുജന്തുക്കള്‍ക്കും, കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും ഈ സന്ദര്‍ഭങ്ങളില്‍ ജീവനാശവും ഉണ്ടാകാറുണ്ട്. വിദ്യുച്ഛക്തി, ഗ്യാസ് തുടങ്ങിയവയുടെ ആധുനികോപയോഗം തീപിടിത്തത്തിനു പുതിയ കാരണങ്ങളും, അഗ്നിശമനത്തിനു പുതിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പരിഷ്കാരത്തിനും സാമ്പത്തികാഭിവൃദ്ധിക്കും അനുസരിച്ച് തീപിടിത്തങ്ങള്‍ എണ്ണത്തിലും നാശത്തിലും കൂടിക്കൂടിവരികയാണ്.
വെള്ളപ്പൊക്കം, ഭൂകമ്പം മുതലായവയെപ്പോലെ നാട്ടിന് ഒരു കെടുതിയായിട്ടാണ് തീപിടിത്തവും കരുതപ്പെടുന്നത്. 1971 ഫെ. യില്‍ ഫ്രാന്‍സിലെ ഗ്രെനോബിളിലുള്ള ഒരു നൃത്തശാലയില്‍ നൂറ്റമ്പതോളം ആളുകള്‍ വെന്തുമരിച്ചു. 1666-ല്‍ ലണ്ടനില്‍ ഉണ്ടായ ചരിത്രപ്രസിദ്ധമായ അഗ്നിബാധയില്‍ 13,200 വീടുകള്‍, 94 പള്ളികള്‍, 4 പാലങ്ങള്‍, ഗില്‍ഡ്ഹാള്‍, റോയല്‍ എക്സ്ചേഞ്ച്, കസ്റ്റംസ്ഹൌസ്, ആശുപത്രികള്‍, ന്യൂഗേറ്റ്ജയില്‍ തുടങ്ങിയ നിരവധി പൊതുസ്ഥാപനങ്ങളും നശിച്ചു. ആറു പേര്‍ക്കു ജീവാപായം ഉണ്ടായി. ഈ തീപിടിത്തംകൊണ്ട് ഏകദേശം ഒരുകോടി പവന്റെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
രേഖാമൂലമായ തെളിവുകളുള്ള പ്രസിദ്ധങ്ങളായ അഗ്നിബാധകളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. എ.ഡി. 64:- റോം നഗരം എട്ടുദിവസം തുടര്‍ച്ചയായി കത്തി; നഗരത്തിലെ 14 മേഖലകളില്‍ 10 എണ്ണവും നിശ്ശേഷം നശിച്ചു. 798:- ലണ്ടന്‍ നഗരം ഏകദേശം മുഴുവന്‍ കത്തിനശിച്ചു. 982:- ലണ്ടന്‍ നഗരത്തിന്റെ പ്രധാന ഭാഗം അഗ്നിക്കിരയായി. 1106:- വെനീസ് നഗരത്തിന്റെ ഏറിയ പങ്കും നശിച്ചു. 1666:- ലണ്ടനിലെ അഗ്നിബാധ, ഇതിന്റെ അനന്തരഫലമായാണ് ലണ്ടനിലെ ബാങ്കിങ്ങ് വ്യവസായപ്രമുഖന്‍മാര്‍ സംഘടിച്ച് അഗ്നിബാധമൂലമുള്ള നഷ്ടം ലഘൂകരിക്കുന്നതിനായി ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആരംഭിച്ചതെന്നു പറയപ്പെടുന്നു. 1812:- നെപ്പോളിയന്റെ സേന മോസ്കോ കൈവശപ്പെടുത്തിയതിനെതുടര്‍ന്നു റഷ്യാക്കാര്‍ നഗരത്തിനു തീവെച്ചു; 30,800 വീടുകളും നഗരത്തിന്റെ 90 ശ.മാ. ഭാഗവും കത്തിനശിച്ചു; ധനനഷ്ടം 3 കോടി പവനായി വിലയിരുത്തപ്പെട്ടു. 1842:- ഹാംബുര്‍ഗ് (ജര്‍മനി)-4 ദിവസം നീണ്ടുനിന്ന അഗ്നിബാധയില്‍ 4,219 കെട്ടിടങ്ങള്‍ നശിച്ചു; 100 ആളുകള്‍ മരിച്ചു; ധനനഷ്ടം 7,000,000 പവന്‍. 1851:- സാന്‍ഫ്രാന്‍സിസ്കോ പട്ടണത്തിന്റെ മുക്കാല്‍ഭാഗവും നശിച്ചു. 1923:- ഭൂകമ്പത്തെത്തുടര്‍ന്ന് ടോക്കിയോവിലും യോക്കഹോമയിലും ഉണ്ടായ അഗ്നിബാധകളില്‍ 20 കോടി പവന്റെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെട്ടിരിക്കുന്നു. 1944:- മുംബൈ തുറമുഖത്ത് ഒരു കപ്പലിലെ പൊട്ടിത്തെറിയെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ 700 പേര്‍ മരിച്ചു; 25 കോടി രൂപയുടെ നഷ്ടമുണ്ടായി. എല്ലാക്കാലത്തും യുദ്ധങ്ങളില്‍ കൊലയ്ക്കൊപ്പം കൊള്ളിവയ്പും പ്രധാനപദ്ധതിയായിരുന്നു. വിമാനത്തില്‍നിന്നുള്ള ബോംബാക്രമണവും ശക്തിയേറിയ സ്ഫോടകവസ്തുക്കളും 20-ാം ശ.-ത്തില്‍ കൊള്ളിവയ്പിനു പുതിയ സാധ്യതകള്‍ സൃഷ്ടിച്ചു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മന്‍കാരുടെ വിമാനാക്രമണം ലണ്ടനില്‍ 29 അഗ്നിബാധകളും 5 ലക്ഷം പവന്റെ നഷ്ടവും ഉണ്ടാക്കി. രണ്ടാം ലോകയുദ്ധകാലത്ത് ഇരുകക്ഷികളും നടത്തിയ ബോംബാക്രമണങ്ങള്‍ നിരവധിയാണ്. 1943-ല്‍ (ജൂല. 24 മുതല്‍ 30 വരെ) ഹാംബുര്‍ഗില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ വിമാനാക്രമണംമൂലം 60,000-1,00,000 പേര്‍ മരിച്ചതായി പറയപ്പെടുന്നു. ഏകദേശം 30,000 വീടുകള്‍ വെന്തുപോയി. 1945 ആഗ. 6-ന് ഹിരോഷിമയില്‍ (ജപ്പാന്‍) ആറ്റംബോംബില്‍നിന്നുണ്ടായ അഗ്നിബാധയും ആളിക്കത്തലുംകൊണ്ട് 75,000 കെട്ടിടങ്ങളില്‍ 68,000-വും നശിച്ചു. 70,000-80,000-നും ഇടയ്ക്ക് ആളുകള്‍ മരിച്ചു.
വികസിതരാജ്യങ്ങളില്‍ അഗ്നിബാധകൊണ്ടുണ്ടാകുന്ന കെടുതി മുറയ്ക്കു വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. എന്നാല്‍ കേരളത്തില്‍ തീപിടിത്തം താരതമ്യേന വിരളമാണ്. സമൃദ്ധമായ മഴയും, അന്തഃരീക്ഷത്തിലെ വര്‍ധിച്ച ആര്‍ദ്രതയുമാണ് ഇതിനു കാരണം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
കൊള്ളിവയ്പൊഴികെയുള്ള മിക്ക തീപിടിത്തങ്ങളും ആകസ്മികങ്ങളാണ്. മനുഷ്യര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍നിന്നും മറ്റും ആണ് തീപിടിത്തങ്ങള്‍ സാധാരണ ഉണ്ടാകുന്നത്. എല്ലാത്തരം അഗ്നിബാധയും പടര്‍ന്നുപിടിക്കുന്നത് അനായാസേന കത്തുന്ന പദാര്‍ഥങ്ങളിലൂടെയും, അഗ്നി പകരത്തക്ക സ്ഥിതിവിശേഷങ്ങളിലൂടെയും ആണ്. ചെറിയ തീജ്വാലകള്‍ അഗ്നിബാധകളായി പരിണമിക്കുന്നത് പലപ്പോഴും അശ്രദ്ധകൊണ്ടും അറിവില്ലായ്മകൊണ്ടുമാണ്. വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമായി കുട്ടികളെ അഗ്നിപ്രതിരോധങ്ങളും പ്രഥമശുശ്രൂഷാപാഠങ്ങളും പഠിപ്പിക്കുന്നത്, സമൂഹത്തിന്റെ രക്ഷയ്ക്ക് ആവശ്യമാണ്. ഇന്ത്യയില്‍ സ്കൗട്ട്, എന്‍.സി.സി. എന്നീ പ്രസ്ഥാനങ്ങളില്‍ ഇത്തരം പരിശീലനങ്ങള്‍ നല്കുന്നുണ്ടെങ്കിലും സാമാന്യവിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ഭാഗമായി ഇതു കണക്കാക്കപ്പെട്ടു തുടങ്ങിയിട്ടില്ല. അഗ്നിശമനവകുപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ അഗ്നിബാധകളുടെ കാരണങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കാറുണ്ട്. ഗവണ്‍മെന്റ് 'അഗ്നിശമനവാര'വും മറ്റും ആഘോഷിക്കുന്നതിന്റെയും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെയും പ്രധാനോദ്ദേശ്യം ഇതുതന്നെയാണ്.
അഗ്നിപ്രതിരോധത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സാമാന്യം പര്യാപ്തമായ തോതില്‍ നിലവിലുണ്ട്. അഗ്നിപ്രതിരോധം ഒരു സംസ്ഥാന വിഷയമായാണ് വ്യവഹരിക്കപ്പെടുന്നത്. സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രവിശ്യകള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍ എന്നിവയ്ക്ക് അഗ്നിനിവാരണ/പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികോപദേശം നല്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ധര്‍മങ്ങളില്‍ പെടുത്തിയിരിക്കുന്നു; അഗ്നിബാധയെ സംബന്ധിക്കുന്ന ചട്ടങ്ങളും നിയമങ്ങളും സൃഷ്ടിക്കുന്ന ചുമതലയും ഈ മന്ത്രാലയത്തിനാണ്. ഇന്ത്യയില്‍ മൊത്തം 2,029 ഫയര്‍ സ്റ്റേഷനുകളാണുള്ളത്; ഇവയോടനുബന്ധിച്ച് 6,157 സജ്ജീകൃത ഫയര്‍ എന്‍ജിനുകളും ഉണ്ട്. 2004-ല്‍ രാജ്യത്തിലെ പരിശീലനം നേടിയ അഗ്നിശമന സൈനികരുടെ എണ്ണം 66,152 ആയിരുന്നു. അഗ്നിപ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിനും നവീകരണത്തിനും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വായ്പ നല്കുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധനകാര്യവകുപ്പിലൂടെ ഈ വായ്പനേടാവുന്നതാണ്. ഈ ആവശ്യത്തിനായി 1980-81-ല്‍ 404.97 കോടിരൂപയുടെ പ്രത്യേകഫണ്ട് രൂപീകരിച്ചു. പത്താംശമ്പളക്കമ്മിഷന്റെ കാല(1995-2000)ത്ത് വിവിധ സംസ്ഥാനങ്ങള്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 80 കോടി രൂപയുടെ ഗ്രാന്റ് നല്കപ്പെട്ടു; വായ്പാ സമ്പ്രദായത്തിനു പുറമേയായിരുന്നു ഇത്. 11-ാം ശമ്പളക്കമ്മിഷന്‍ (2000-05) ഈ ഗ്രാന്റ് 201 കോടിരൂപയായി വര്‍ധിപ്പിച്ചു. രാജ്യത്തെ 14 സംസ്ഥാനതല കേന്ദ്രങ്ങളില്‍ അഗ്നിശമന സേനാംഗങ്ങളെ പരിശീലിപ്പിക്കുന്നു. ആഫീസര്‍ പദവിയിലെത്തുന്നവര്‍ക്ക് നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളജില്‍നിന്ന് ഉന്നതപരിശീലനം നേടേണ്ടതുണ്ട്. 1956-ല്‍ സ്ഥാപിതമായ ഈ കോളജ് 2004-വരെ 12,666 ഫയര്‍ ആഫീസര്‍മാര്‍ക്ക് അത്യാധുനിക പരിശീലനം നല്കിയിട്ടുണ്ട്.
എളുപ്പം തീപിടിക്കാത്ത പദാര്‍ഥങ്ങള്‍കൊണ്ട് കെട്ടിടങ്ങള്‍ പണിയുകയും അവയുടെ രൂപവും ഘടനയും അഗ്നിബാധ നിരോധിക്കത്തക്കരീതിയില്‍ സംവിധാനം ചെയ്യുകയും വേണം. അഗ്നിബാധയുണ്ടായാല്‍ പടരാതെയിരിക്കത്തക്കവണ്ണം വേണ്ട ഏര്‍പ്പാടുകളും ഉണ്ടായിരിക്കേണ്ടതാണ്. ആളുകള്‍ക്ക് വേഗം രക്ഷ പ്രാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പ്രത്യേകം കരുതണം. എല്ലാ നഗരങ്ങളിലും കെട്ടിടനിര്‍മാണത്തിനും വ്യവസായസ്ഥാപനങ്ങള്‍ക്കുംവേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള നിയമാവലികള്‍ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എങ്കിലും പല നിലകളുള്ളതും ആഡംബരാലങ്കാരങ്ങള്‍ നിറഞ്ഞതുമായ പല കെട്ടിടങ്ങളിലും അഗ്നിപ്രതിരോധത്തിനും ജീവധനസംരക്ഷണത്തിനും ഉള്ള ഏര്‍പ്പാടുകള്‍ അപര്യാപ്തമായി കാണപ്പെടുന്നു.
തീയ്, സ്ഫോടകവസ്തുക്കള്‍, ജ്വലനവിധേയതയുള്ള പദാര്‍ഥങ്ങള്‍, വിദ്യുച്ഛക്തി, ഗ്യാസ്, എണ്ണ മുതലായവ ധാരാളമായി ഉപയോഗിക്കുന്നതിനാലും വളരെ ആളുകള്‍ അപര്യാപ്തമായ സ്ഥലത്ത് കൂട്ടമായി ജോലിയെടുക്കുന്നതിനാലും വ്യവസായസ്ഥാപനങ്ങള്‍ പൊതുവേ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
പെട്രോള്‍, മണ്ണെണ്ണ, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളും സ്ഫോടകവസ്തുക്കളും രാസവസ്തുക്കളും കൈകാര്യം ചെയ്യുന്നതിനും നിര്‍മാണ പ്രക്രിയകളില്‍ ഉപയോഗിക്കുന്നതിനും സംഭരിച്ചു സൂക്ഷിക്കുന്നതിനും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും പ്രത്യേക വ്യവസ്ഥകള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. വനങ്ങള്‍ക്ക് തീ പിടിക്കാതെ സംരക്ഷിക്കുന്നതിനും തീയുണ്ടായാല്‍ കെടുത്തുന്നതിനും ഉള്ള ഏര്‍പ്പാടുകള്‍ ചെയ്യാറുണ്ട്. പുതിയ വനങ്ങള്‍ വച്ചുപിടിപ്പിക്കുമ്പോള്‍ തന്നെ അതിനുചുറ്റും ചെടികളും പുല്ലുകളും ഇല്ലാതെ ഒരു തുറന്ന സ്ഥലം (Fire trench) ഒഴിച്ചിടുന്നത് സാധാരണമാണ്. വേനല്ക്കാലം ആരംഭിക്കുമ്പോള്‍ ഭാഗികമായി ഉണങ്ങിയ പുല്ലും ഇലകളും മറ്റും നിയന്ത്രിതമായി തീയിട്ട് അഗ്നിബാധ ഉണ്ടാക്കാവുന്ന പദാര്‍ഥങ്ങള്‍ നശിപ്പിച്ചുകളയുന്നത് മറ്റൊരു മുന്‍കരുതലാണ്.
അഗ്നിനിരോധക പദാര്‍ഥങ്ങള്‍
അഗ്നിനിരോധനത്തിനും അഗ്നിശമനപ്രവര്‍ത്തനത്തിനും പലതരം നിരോധകപദാര്‍ഥങ്ങള്‍ ആവശ്യമുണ്ട്. തീ പിടിക്കാതിരിക്കുന്നതുകൊണ്ടു മാത്രം ഒരു പദാര്‍ഥം അഗ്നിനിരോധകമാകുന്നില്ല. കെട്ടിടങ്ങളിലെ ഉരുക്കുകൊണ്ടുള്ള തൂണുകളും ഉത്തരങ്ങളും ഉദാഹരണങ്ങളാണ്. ഇവയ്ക്ക് തീ പിടിക്കുകയില്ല, പക്ഷേ 200-300°C നിലവാരത്തില്‍ ചൂടുപിടിക്കുമ്പോള്‍ ബലക്ഷയം വന്ന് കെട്ടിടം മുഴുവന്‍ തന്നെ ഇടിഞ്ഞുവീഴത്തക്ക അവസ്ഥ ഉണ്ടാകാം. കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന പദാര്‍ഥങ്ങളില്‍ ഇഷ്ടിക, സിമന്റ്, ആസ്ബെസ്റ്റോസ് തുടങ്ങിയവ അഗ്നിനിരോധകഗുണമുള്ളവയാണ്. കോണ്‍ക്രീറ്റ്, ഉരുക്ക് തുടങ്ങിയവ അഗ്നിബാധ കുറെയെല്ലാം നിയന്ത്രിക്കും. വ്യവസായ ശാലകളില്‍ അഗ്നിബാധയുണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളും ഭവനങ്ങളില്‍ അടുക്കള, ചൂളകള്‍ തുടങ്ങിയവയും അഗ്നിനിരോധകപദാര്‍ഥങ്ങള്‍ കൂടുതലായി ഉപയോഗിച്ച് പണിയേണ്ടതാണ്.
വളരെ ഉയര്‍ന്ന ചൂടിലും ആളിക്കത്തുന്ന തീയിലും രൂപ വ്യത്യാസം വരാത്ത ഒരു പദാര്‍ഥമാണ് 'ആസ്ബസ്റ്റോസ്' (നോ: ആസ്ബസ്റ്റോസ്). താപചാലനം കുറഞ്ഞ നാരുരൂപത്തിലുള്ള ഈ പദാര്‍ഥം പല അഗ്നിനിരോധകോപയോഗങ്ങള്‍ക്കും സ്വീകാര്യമാണ്. പക്ഷേ, അര്‍ബുദകാരിയാണ് ആസ്ബസ്റ്റോസ് എന്നതിനാല്‍ ഇപ്പോള്‍ അതിന്റെ ഉപയോഗം കുറഞ്ഞു വരുന്നു. ഉയര്‍ന്ന ചൂടുള്ള പരിതഃസ്ഥിതികളില്‍ ഉപയോഗിക്കുന്ന വൈദ്യുതകമ്പികളുടെയും ചൂളകളുടെയും അഗ്നിശമന പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേകം ഉടുപ്പുകളുടെയും നിര്‍മാണ പദാര്‍ഥമായി ഇത് ഉപയോഗിക്കാറുണ്ട്. താപവികിരണത്തെ (radiation) പ്രതിപതിപ്പിക്കുന്ന അലൂമിനിയവും കമ്പി മെനഞ്ഞ സ്ഫടികവും (wired glass) ഉപയോഗിച്ചുണ്ടാക്കുന്ന സ്ക്രീനുകളും ജനലുകളും ചൂടുകൊണ്ടു പൊട്ടിച്ചിതറുന്നില്ല. ഡൈഅമോണിയം ഫോസ്ഫേറ്റ് (diammonium phosphate) മോണോഅമോണിയം ഫോസ്ഫേറ്റ് (Mono amonium phosphate) സിങ്ക്ക്ളോറൈഡ് (zinc chloride) തുടങ്ങിയ ലായനികളില്‍ സംസേചനം ചെയ്ത് തടി, തുണി തുടങ്ങിയ പദാര്‍ഥങ്ങള്‍ക്ക് കുറെയെല്ലാം അഗ്നിനിരോധകഗുണങ്ങള്‍ ഉണ്ടാക്കാം. സിലിക്കേറ്റ് (Silicate), പെയിന്റുകള്‍, കാല്‍സിയം സള്‍ഫേറ്റ്, കുമ്മായം, കട്ടിയായി സ്പ്രേ (spray) ചെയ്ത ആസ്ബസ്റ്റോസ് എന്നിവ അഗ്നിനിരോധകകവചങ്ങളായി കെട്ടിടനിര്‍മാണത്തില്‍ ഉപയോഗിക്കുന്നു. മിക്കരാജ്യങ്ങളിലും സാധാരണ ഉപയോഗിക്കാറുള്ള നിര്‍മാണപദാര്‍ഥങ്ങളുടെ അഗ്നി നിരോധകഗുണങ്ങള്‍ താരതമ്യപ്പെടുത്തുന്നതിനുള്ള മാനകങ്ങള്‍ (standardisation) ഉണ്ട്.
അടിസ്ഥാന തത്ത്വങ്ങള്‍
തീ കത്തുന്നതിന് മൂന്നു ഘടകങ്ങളുണ്ട്:
(1) കത്തുന്ന പദാര്‍ഥങ്ങള്‍;
(2) ഓക്സിജന്റേയോ അതുപോലെ കത്തുന്ന പദാര്‍ഥവുമായി രാസികമായി സംയോജിക്കുന്നതിന് ശേഷിയുള്ള മറ്റൊരു പദാര്‍ഥത്തിന്റേയോ മതിയായ സാന്നിധ്യം.
(3) തീ കത്തിത്തുടങ്ങുന്നതിനും തുടര്‍ന്നു കത്തുന്നതിനും ആവശ്യമായ താപനില.
ചൂടും വെളിച്ചവും ഉത്പാദിപ്പിക്കുന്ന ഒരു രാസ-അഭിക്രിയയാണ് അഗ്നി. സാധാരണ അഗ്നിബാധകള്‍, പദാര്‍ഥങ്ങള്‍ ഓക്സിജനില്‍ കത്തുന്നതുമൂലമുണ്ടാകുന്നു. സ്ഫോടകവസ്തുക്കള്‍ പലതും ഒരു ഇന്ധനവും ഓക്സിജന്‍ അടങ്ങുന്ന മറ്റൊരു രാസദ്രവ്യവും ചേര്‍ന്ന കൂട്ടുകളാണ്. വെടിമരുന്നില്‍ കരിയും ഗന്ധകവും ഇന്ധനങ്ങളാണ്; വെടിയുപ്പ് ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന പദാര്‍ഥവും. ഈ മൂന്നു പദാര്‍ഥങ്ങളും ധൂളീ രൂപത്തില്‍ മിശ്രണം ചെയ്താണ് വെടിമരുന്ന് ഉണ്ടാക്കുന്നത്. ചൂടേറ്റാല്‍ ഉടന്‍തന്നെ വെടിമരുന്നില്‍ തീ ആളിക്കത്തുന്നു. ഈ രാസക്രിയ നിമിഷത്തിനുള്ളില്‍ കുറച്ചധികം ചൂടും വെളിച്ചവും വാതകങ്ങളും ഉത്പാദിപ്പിക്കുന്നു.
അഗ്നി വ്യാപിക്കുന്നത് അന്തരീക്ഷത്തിലെ ഓക്സിജന്‍ മൂലമാണ്. സാധാരണയായി കരിയൊഴിച്ചുള്ള പദാര്‍ഥങ്ങള്‍ കത്തുന്നത് വാതകരൂപത്തിലായതിനുശേഷമാണ്. ഓരോ പദാര്‍ഥവും വാതകമാകുന്നത് ഒരു നിശ്ചിത താപനിലയിലാണ്. പല വസ്തുക്കളും എളുപ്പം തീ പിടിക്കുന്നത് അവയുടെ ജ്വലനാങ്കം (flash point) താഴ്ന്നതായതുകൊണ്ടാണ്. കല്ക്കരി തുടങ്ങിയ പല ജൈവപദാര്‍ഥങ്ങള്‍ കൂട്ടിയിട്ടിരുന്നാല്‍ തനിയെ തീ പിടിക്കാറുണ്ട്. അന്തരീക്ഷത്തിലെ ഓക്സിജനുമായി ചെറിയ തോതില്‍ സദാ തുടരുന്ന രാസസംയോജനം മൂലമുണ്ടാകുന്ന ചൂട്, വായുസഞ്ചാരം ഇല്ലാത്ത പരിതഃസ്ഥിതികളില്‍ ക്രമേണ വര്‍ധിച്ച് തീ ആളിക്കത്തുന്നതിന് സാധ്യതയുണ്ട്. ഇതിന് 'സ്വതഃദഹനം' (Spontaneous combustion) എന്നു പറയുന്നു.
തീ കത്തുന്നതിനാവശ്യമായ മൂന്നു ഘടകങ്ങളില്‍ ചിലതെല്ലാം ഇല്ലാതാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതാണ് അഗ്നിശമനപ്രവര്‍ത്തനം. പ്രായോഗികമായി ഉപയോഗിക്കുന്ന അഗ്നിശമനവിധികളെ ഘടകനിയന്ത്രണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി വിഭജിക്കാം:
(1) കത്തുന്ന പദാര്‍ഥത്തിന്റെ നിയന്ത്രണം;
(2) ഓക്സിജന്റെ നിയന്ത്രണം;
(3) തണുപ്പിക്കല്‍ അഥവാ താപനിയന്ത്രണം.
ഓരോ പ്രവര്‍ത്തനരീതിയിലും ഇതില്‍ ഒന്നോ ഒന്നില്‍ കൂടുതലോ നിയന്ത്രണ രീതികള്‍ പ്രയോഗിക്കുന്നുണ്ടാകും.
പദാര്‍ഥ നിയന്ത്രണം
തീ പിടിക്കുന്ന പദാര്‍ഥങ്ങള്‍ തീയുടെ പരിസരത്തില്‍നിന്നു മാറ്റുകയോ അല്ലെങ്കില്‍ തീപിടിക്കാതാക്കുകയോ ചെയ്യാം. ഒരു കെട്ടിടത്തിന് തീ വീണാല്‍ അതിന് അടുത്തു നില്ക്കുന്ന കുടിലുകളും മറ്റു കെട്ടിടങ്ങളും വയ്ക്കോല്‍തുറു തുടങ്ങിയവയും തീ പിടിക്കാതെ അവയ്ക്കുമേല്‍ വെള്ളമൊഴിക്കുന്നതും മറ്റും ഇതിന് ഉദാഹരണമാണ്. പെട്രോള്‍, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങള്‍ സംഭരിക്കുന്ന വലിയ ടാങ്കുകള്‍ക്കു തീപിടിച്ചാല്‍ ആ ടാങ്കുകളുടെ അടിയില്‍നിന്ന് പൈപ്പുകള്‍വഴി എണ്ണ ഊറ്റിക്കളയുന്നതിന് ഏര്‍പ്പാടുകള്‍ ഉണ്ട്. വനങ്ങള്‍ക്കു ചുറ്റും തുറന്ന തോടുണ്ടാക്കുന്നതും, ഉണക്കപ്പുല്ലിനും മറ്റും നേരത്തെ തീയിട്ടു ചുടുന്നതും തീ പിടിച്ച കപ്പലില്‍ നിന്നു കത്താവുന്ന സാധനങ്ങള്‍ കടലില്‍ എറിയുന്നതും മറ്റും ഈ തത്ത്വത്തെ ആസ്പദമാക്കിയാണ്.
തീ പിടിക്കാവുന്ന മറ്റു സാധനങ്ങളില്‍നിന്നു കത്തുന്ന സാധനങ്ങള്‍ മാറ്റിയും തീ കെടുത്താം. ഉദാ. ഓല മേഞ്ഞ വീടുകള്‍ക്കു തീ വീണാല്‍ കത്തുന്ന ഓല വലിച്ചിറക്കുന്നു. കത്തുന്ന സാധനം ചെറിയ ഭാഗങ്ങളായി വിഭജിച്ച് ഓരോ ഭാഗത്തിലും ഉള്ള അഗ്നി എളുപ്പം കെടുത്തത്തക്ക പരിതഃസ്ഥിതി ഉണ്ടാക്കാം. തുറന്ന സ്ഥലത്തു മണ്ണെണ്ണ തുടങ്ങിയ ദ്രാവകങ്ങള്‍ക്കുണ്ടാകുന്ന തീപിടിത്തം പ്രത്യേകരാസവസ്തുക്കള്‍ ഉപയോഗിച്ച് 'എമള്‍സീകരിക്കു'ന്നത് (emulsify) ഈ വിദ്യയാണ്. പുല്ലിലും മറ്റും തീ പിടിച്ചാല്‍ തല്ലിക്കെടുത്തുന്നതിലും ഈ തത്ത്വം ഭാഗികമായി പ്രയോഗിക്കപ്പെടുന്നു.
ഓക്സിജന്‍ നിയന്ത്രണം
തീ കത്തുന്ന ഭാഗത്തു വേണ്ടത്ര ഓക്സിജന്‍ എത്താതിരിക്കത്തക്കവണ്ണം ഉള്ള പ്രയോഗങ്ങള്‍കൊണ്ട് തീ കെടുത്തുന്നത് സാധാരണമാണ്. ഊതിക്കെടുത്തുന്നതാണ് ഇതിന് ഏറ്റവും സാധാരണമായ ദൃഷ്ടാന്തം. കപ്പലില്‍ തീ പിടിച്ചാല്‍ പെട്ടെന്നു കെടുത്താന്‍ പറ്റിയില്ലെങ്കിലും അറകളുടെ കതകുകളെല്ലാം കൊട്ടിയടച്ചു വായു സഞ്ചാരം കുറച്ച് തീ ആളിക്കത്താതെ നിയന്ത്രിച്ച് ഒരു തുറമുഖത്തെത്തുന്നതിന് ശ്രമിക്കുക പതിവാണ്. ഒരാളുടെ വസ്ത്രത്തിനു തീ പിടിച്ചാല്‍ പുതപ്പിട്ടു മൂടി തീ കെടുത്താം. ചെറിയ തീ പിടിത്തങ്ങള്‍, പ്രത്യേകിച്ചും വൈദ്യുതോപകരണങ്ങളില്‍ ഉണ്ടാകുന്നത് മണല്‍ വാരിയെറിഞ്ഞു കെടുത്താറുണ്ട്. നന്നായിപതയുന്ന രാസവസ്തുക്കളും നിഷ്ക്രിയവാതകങ്ങളും ചേര്‍ത്തുള്ള പതകള്‍ അഗ്നിശമനപ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായ സ്ഥാനം നേടിക്കഴിഞ്ഞിട്ടുണ്ട്. അപകടകരമായ പരിതഃസ്ഥിതികളില്‍ ഒരു വിമാനം ഇറങ്ങുന്നതിന് നിര്‍ബന്ധിതമാകുകയാണെങ്കില്‍ റണ്‍വേയില്‍ ഇത്തരം പത നിറയ്ക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ സാധാരണമാണ്. ഈ പതയില്‍ വന്നിറങ്ങുന്ന വിമാനത്തിന് അപകടം സംഭവിച്ചാല്‍ തന്നെയും തീപിടിത്തം ഉണ്ടാകാത്തതിനാല്‍ നാശനഷ്ടങ്ങളും ജീവഹാനിയും കുറയും. ചൂടാകുമ്പോള്‍ വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന അപ്പക്കാരംപോലുള്ള പൊടികള്‍ മര്‍ദിതവാതകം കൊണ്ട് തീയ്ക്കുനേരെ പ്രയോഗിക്കുന്നതാണ് വേറൊരു രീതി. നനുത്ത ഇത്തരം പൊടികള്‍ താപനില താഴ്ത്തുന്നതിനും തീ കെടുത്തുന്നതിനും സഹായകമാണ്. വേറൊരു രാസവസ്തുവായ ടെര്‍നറി യൂട്ടെക്ടിക് ക്ളോറൈഡ് (Ternary eutectic chloride) ലോഹങ്ങള്‍ക്കുണ്ടാകുന്ന അഗ്നിബാധയെ ചെറുക്കുന്നു. യൂറേനിയം, സോഡിയം, പൊട്ടാസിയം, മഗ്നീഷ്യം തുടങ്ങിയ ലോഹങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ അഗ്നിബാധയില്‍ ഈ പൊടി ഉരുകി ലോഹത്തിനെ ആവരണം ചെയ്ത് വായുസമ്പര്‍ക്കം കുറയ്ക്കുന്നു. കാര്‍ബണ്‍ഡൈഓക്സൈഡ്, ക്ലോറോബ്രോമോ മീഥേന്‍ (Chlorobromo methane) തുടങ്ങിയ വാതകങ്ങള്‍ തീ കെടുത്തുന്നതിന് ഉപയോഗിക്കുന്നു. ആളിക്കത്തുന്ന തീയില്‍ മുകളിലേക്കുള്ള വായുപ്രവാഹം ഇത്തരം വാതകങ്ങളെ അടിച്ചു മാറ്റുന്നതുകൊണ്ട് തീ ശക്തിയായി കത്തിത്തുടങ്ങിക്കഴിഞ്ഞാല്‍ ഈ പ്രയോഗം ഫലവത്തല്ല.
ചിലപ്പോള്‍ ഓക്സിജന്‍ തന്നെ കണക്കിലേറെ പെട്ടെന്നു പ്രയോഗിച്ചും അഗ്നി ശമിപ്പിക്കാം. കത്തുന്ന പദാര്‍ഥം ഓക്സിജനെ അപേക്ഷിച്ച് നന്നേ കുറയുമ്പോള്‍ തീ കെട്ടുപോകുന്നു. ഒരു ഉലയില്‍ അധികം കാറ്റടിച്ചാല്‍ തീ കെട്ടുപോകും. കത്തുന്ന എണ്ണഖനികളില്‍ ഡൈനമൈറ്റുപൊട്ടിച്ചു തീ കെടുത്തുന്നതില്‍ ഈ തത്ത്വം ഭാഗികമായി ഉള്‍പ്പെടുന്നു.
തണുപ്പിക്കല്‍
അഗ്നിശമനപ്രവര്‍ത്തനങ്ങളില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്ന തത്ത്വമാണിത്. തീയില്‍ വെള്ളമൊഴിക്കുന്നതും കത്തുന്ന എണ്ണയെ വെള്ളവും രാസവസ്തുക്കളും ഉപയോഗിച്ച് എമള്‍സീകരിക്കുന്നതും എണ്ണസംഭരിച്ചിട്ടുള്ള ടാങ്കുകളില്‍ തീപിടിച്ചാല്‍ അടിയില്‍ നിന്നും എണ്ണയില്‍ക്കൂടി വായു ചെറിയ കുമിളകളായി അടിച്ചുകയറ്റി കത്തുന്ന ഉപരിതലം തണുപ്പിച്ച് തീ കെടുത്തുന്നതും ഈ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അഗ്നി ശമനത്തിന് ഉപയോഗിക്കുന്ന പദാര്‍ഥത്തിന് വേണ്ട ഗുണങ്ങള്‍ താഴെ പറയുന്നവയാണ്:
(1) ഉയര്‍ന്ന താപ-ധാരിത (thermal capacity);
(2) ഉയര്‍ന്ന ബാഷ്പനലീനതാപം (high latent heat of vaporisation).
(3) പ്രയോഗത്തില്‍ ഉണ്ടാകുന്ന രാസപ്രക്രിയകളില്‍ താപം ആഗിരണം ചെയ്യുന്നതിനുള്ള ശേഷി (absorption of heat in chemical reactions);
(4) കൈകാര്യം ചെയ്യുന്നതിനുള്ള സൌകര്യവും പ്രാപ്യതയും.
വെള്ളത്തിന് തീ കെടുത്തുന്നതിനുള്ള അസാമാന്യമായ ശേഷി ആദ്യം പറഞ്ഞ രണ്ടു കാരണങ്ങള്‍കൊണ്ടുള്ളതാണ്. ഏറ്റവും എളുപ്പം ലഭ്യമാകാനിടയുള്ള അഗ്നിശമനപദാര്‍ഥം വെള്ളമാണ്. വിദ്യുച്ഛക്തി വെള്ളത്തില്‍ക്കൂടി പ്രവഹിക്കുമെന്നുള്ളതുകൊണ്ട് വൈദ്യുതോപകരണങ്ങളുടെ നേരെ വെള്ളം പ്രയോഗിക്കുന്നത് അപകടകരമാണ്. മഗ്നീഷ്യം, അലൂമിനിയം, സോഡിയം തുടങ്ങിയ വസ്തുക്കള്‍ക്കു തീ പിടിക്കുമ്പോള്‍ വെള്ളം ഒഴിക്കുന്നത് തീ വര്‍ധിപ്പിക്കത്തക്ക രാസപ്രക്രിയകള്‍ക്ക് കാരണമാകാം. ചെറിയ തീപിടിത്തങ്ങള്‍ക്ക് ശക്തമായി വെള്ളം ഉപയോഗിച്ചു വിലയേറിയ വസ്തുക്കള്‍ക്കു കേടുവരുത്താതെ സൂക്ഷിക്കണം.
അഗ്നിശമനോപകരണങ്ങള്‍
വീടുകളിലും ചെറിയ വ്യവസായശാലകളിലും അഗ്നിശമനത്തിനു പ്രത്യേക കരുതലുകള്‍ സാധാരണ ചെയ്യാറില്ല. അഗ്നിബാധയുണ്ടായാല്‍ വെള്ളം കോരിയൊഴിച്ചു തീ കെടുത്തുകയാണ് സാധാരണ ചെയ്യുന്നത്. പക്ഷേ വിദ്യുച്ഛക്തിയില്‍നിന്നുണ്ടാകുന്ന തീയ്ക്ക് വെള്ളമൊഴിക്കാന്‍ ശ്രമിക്കുന്നത് അപകടമാകയാല്‍ മണ്ണാണ് ഇതിന് ഉപയോഗിക്കുന്നത്. അത്തരം സാധ്യതകളുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിന് ബക്കറ്റുകളില്‍ മണ്ണുനിറച്ച്, ഏറ്റവും സൌകര്യമായി എടുക്കത്തക്ക സ്ഥലങ്ങളില്‍, തൂക്കിയിട്ടിരിക്കുന്നത് കാണാം. ചുവന്ന ചായമിട്ട ഈ ബക്കറ്റുകളിന്‍മേല്‍ തീ (Fire) എന്നെഴുതാറുണ്ട്. ചെറിയ വ്യവസായസ്ഥാപനങ്ങളിലെ വൈദ്യുതിനിയന്ത്രണമുറി, സ്വിച്ച് ബോര്‍ഡ് തുടങ്ങിയ യന്ത്രസാമഗ്രികളുടെ സമീപം ഇത്തരം ബക്കറ്റുകള്‍ സ്ഥാപിക്കുക പതിവാണ്.
നഗരങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും ജലവിതരണം ഏര്‍പ്പെടുത്തുമ്പോള്‍ ഉചിതമായ സ്ഥാനങ്ങളില്‍ ഫയര്‍ ഹൈഡ്രന്റുകള്‍ (Fire hydrants) സ്ഥാപിക്കുക പതിവാണ്. ഉയര്‍ന്ന മര്‍ദത്തില്‍ ധാരാളം വെള്ളം ലഭിക്കത്തക്കവണ്ണവും അഗ്നിശമനപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന നിര്‍ദിഷ്ട അളവിലുള്ള കുഴല്‍ (Hose) സംയോജിപ്പിക്കത്തക്കവണ്ണവും ആണ് ഇവ നിര്‍മിക്കുന്നത്. പെട്ടെന്നു ശ്രദ്ധയില്‍പെടാനാണ് കുഴലുകള്‍ക്കു ചുവന്ന ചായം പൂശുന്നത്. ഫയര്‍ ഹൈഡ്രന്റുകളില്‍നിന്നും, കുളങ്ങള്‍, കിണറുകള്‍ എന്നിവയില്‍നിന്നും വെള്ളം വലിച്ചെടുത്ത് ശക്തിയായി അടിക്കുന്നതിനുള്ള പമ്പുകള്‍ സാധാരണ എല്ലാ ഫയര്‍ സ്റ്റേഷനുകളിലും ഉണ്ടാകും. പെട്രോള്‍, ഡീസല്‍ തുടങ്ങിയവകൊണ്ടുള്ള എന്‍ജിന്‍ ഘടിപ്പിച്ച അപകേന്ദ്ര(centrifugal) പമ്പുകളാണ് ഈ ആവശ്യത്തിനു പറ്റിയത്. 40 മുതല്‍ 100 മീ. വരെ പൊക്കത്തില്‍ വെള്ളം ഉയരത്തക്ക മര്‍ദത്തോടുകൂടി പമ്പുചെയ്യുന്നതിന് സാധിക്കണം. എന്നാല്‍ മാത്രമേ ആളിക്കത്തുന്ന തീ കുറെ അകലെനിന്നു കെടുത്തുന്നതിനു കഴിയുകയുള്ളു.
ഭാരംകുറഞ്ഞ പമ്പുകളും ലോറികളില്‍ ഉറപ്പിച്ച വലിയ പമ്പുകളും ട്രെയിലറുകളിലും കൈവണ്ടികളിലും ഉറപ്പിച്ച ഇടത്തരം പമ്പുകളും യന്ത്രസഹായമില്ലാതെ കൈകള്‍കൊണ്ടോ, കാലുകള്‍കൊണ്ടോ പ്രവര്‍ത്തിപ്പിക്കുന്ന പമ്പുകളും അഗ്നിശമനത്തിന് ഉപയോഗിക്കാറുണ്ട്. പല സ്ഥാപനങ്ങളും അവരുടെ ആവശ്യത്തിന് ഇത്തരം പമ്പുകള്‍ കരുതിവയ്ക്കാറുണ്ട്. കൃഷിക്കുപയോഗിക്കുന്ന പമ്പുകള്‍ അഗ്നിബാധയുണ്ടാകുന്ന സന്ദര്‍ഭങ്ങളിലും പ്രയോജനകരമാകും. വെള്ളം വലിച്ചെടുക്കുന്നതിനും തീയുടെ അടുത്തെത്തിക്കുന്നതിനും കുഴലുകള്‍ ആവശ്യമാണ്. ഭാരം കുറഞ്ഞതും ചുരുട്ടിക്കൊണ്ടു നടക്കാവുന്നതും ബലവും ഇലാസ്തികതയും (elasticity) ഉള്ളതും ജലസമ്പര്‍ക്കംകൊണ്ട് കേടുവരുത്താത്തതും ആയ ഹോസുകളാണ് ഇതിനുപയോഗിക്കുന്നത്. വെള്ളം ശക്തിയുള്ള ധാരയായി വമിക്കുന്നതിനുള്ള ജെറ്റുകളും വാല്‍വുകളും, യോജിപ്പിക്കാനും ഇളക്കിമാറ്റാനും എളുപ്പമുള്ള സന്ധികളും ഇത്തരം ഹോസുകളുടെ പ്രത്യേകഭാഗങ്ങളാണ്. 20 മുതല്‍ 100 മി.മീ. വരെ വ്യാസമുള്ള ഹോസുകളാണ് സാധാരണം.
അഗ്നിബാധയുണ്ടായിക്കഴിഞ്ഞാല്‍ എത്രയും നേരത്തേ ശമനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നുവോ അത്രയും തീ കെടുത്തുന്നതിനുള്ള സാധ്യതയും വര്‍ധിക്കുന്നു. അഗ്നിബാധയുണ്ടാകുന്ന എല്ലാ സ്ഥലത്തും ജലം സുലഭവും പ്രാപ്യവുമാകണമെന്നില്ല; ഈ രണ്ടു കാരണങ്ങള്‍കൊണ്ട് അഗ്നിശമനപ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ (ഫയര്‍ എന്‍ജിനുകള്‍) 1,000 മുതല്‍ 10,000 ലി. വരെ വെള്ളം കൊള്ളുന്ന ടാങ്കുകള്‍ ഉണ്ടായിരിക്കും. ഫയര്‍ എന്‍ജിനുകളില്‍ ടാങ്കും പമ്പും ഹോസും ഉണ്ട്. അഗ്നിബാധയുള്ള ഒരു സ്ഥലത്ത് ചെന്നാല്‍ ഉടന്‍തന്നെ ടാങ്കില്‍നിന്നു പമ്പുചെയ്ത് അഗ്നിബാധയുടെ നേരെ വെള്ളം ചീറ്റും. അപ്പോഴേക്കും അടുത്തുള്ള ജലാശയത്തിലേക്കോ ഫയര്‍ ഹൈഡ്രന്റിലേക്കോ ഹോസ് ബന്ധിച്ചിടും. ടാങ്കിലെ വെള്ളം തീരുമ്പോഴേക്കും ജലാശയത്തില്‍നിന്നു നേരിട്ട് പമ്പു ചെയ്യും.
വലിയ വ്യവസായസ്ഥാപനങ്ങള്‍, സ്റ്റോറുകള്‍, മണ്ണെണ്ണ-പെട്രോള്‍ടാങ്കുകള്‍, പല നിലകളുള്ള കെട്ടിടങ്ങള്‍ എന്നിവയെല്ലാം പണിയുമ്പോള്‍ തന്നെ അഗ്നിപ്രതിരോധത്തിനായി പൈപ്പുകളും ജലസംഭരണ ടാങ്കുകളും ഫയര്‍ ഹൈഡ്രന്റുകളും നേരിട്ട് വെള്ളം ഒഴിക്കുന്നതിനുള്ള ജെറ്റുകളും വ്യൂഹങ്ങളായി (system) പണിതുറപ്പിക്കുക പതിവാണ്. അഗ്നിബാധയുണ്ടായാല്‍ ചൂടുകൊണ്ടും പുകകൊണ്ടും ഉത്തേജിപ്പിക്കുന്ന 'സ്വയം നിയന്ത്രണോപാധികള്‍' (automatic control) ഇത്തരം വ്യൂഹങ്ങള്‍ തുറന്ന് വെള്ളം ഒഴുക്കി തീ കെടുത്തുന്നു. കാനഡയിലുള്ള ഒരു അണുകേന്ദ്രനിലയത്തിന്റെ മേല്‍ക്കൂര മുഴുവന്‍ ഏകദേശം മൂന്ന് മീ. വെള്ളം നില്ക്കുന്ന ഒരു ടാങ്ക് ആണ്. അണുശക്തിമൂലം തീ പിടിത്തമുണ്ടായാല്‍ ഈ ടാങ്ക് ഉടനെ പൊട്ടി വെള്ളം ഒരു പിണ്ഡമായി കീഴോട്ട് വീണ് അഗ്നിബാധയും അണുശക്തിപ്രവാഹവും തടയണമെന്നാണുദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
കപ്പലുകളില്‍ ഇത്തരം പൈപ്പുകളും പമ്പുകളും ഘടിപ്പിച്ചിട്ടുണ്ടാകും. തുറമുഖങ്ങളിലും ഉള്‍നാടന്‍ ജലഗതാഗതമാര്‍ഗങ്ങളിലും അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപകരണങ്ങള്‍ ഘടിപ്പിച്ച ബോട്ടുകള്‍ ഉണ്ട്. ഇത്തരം പരിതഃസ്ഥിതികളില്‍ തീ കെടുത്തുന്നതിന് ജലം സുലഭമാണ്. പക്ഷേ, ജലം കയറാതെ ശ്രദ്ധയോടുകൂടി നിര്‍മിക്കപ്പെട്ട കപ്പലുകള്‍ക്കകത്ത് അഗ്നിബാധയുണ്ടായാല്‍ വളരെക്കൂടുതല്‍ വെള്ളമൊഴിച്ച് അത് കെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ മറ്റു പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. കപ്പലിലുള്ള വിലയേറിയ സാധനങ്ങള്‍ നശിച്ചുപോകാം; കപ്പലിനകത്ത് വെള്ളം കയറിയാല്‍ കപ്പല്‍ മറിയുന്നതിനൊ മുങ്ങുന്നതിനൊ ഇടവരാം. ജലാശയങ്ങളില്‍പോലും അഗ്നിശമനം പ്രയാസമുള്ള ഒരു പ്രവര്‍ത്തനമാണെന്ന് ഇതുകൊണ്ടു തെളിയുന്നു.
ചെറിയ തീപിടിത്തങ്ങള്‍ പെട്ടെന്നു കെടുത്തുന്നതിന് അനായാസേന കൈകാര്യം ചെയ്യത്തക്ക രീതിയില്‍ നിര്‍മിച്ച 'രാസികശാമകങ്ങള്‍' (chemical extinguishers) പരക്കെ പ്രചാരമുള്ള ഉപകരണങ്ങളാണ്. അഗ്നിശമനത്തിനുപയോഗിക്കുന്ന പദാര്‍ഥമനുസരിച്ച് ഇവ നാലുതരത്തിലുണ്ട്.
(1) വെള്ളമോ, നേര്‍ത്ത ലായനികളോ വിക്ഷേപിക്കുന്നവ,
(2) രാസികപ്പതകള്‍ തളിക്കുന്നവ,
(3) വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന ദ്രാവകങ്ങളോ വാതകങ്ങളോ വിക്ഷേപിക്കുന്നവ,
(4) നനുത്ത രാസികപ്പൊടി വിതറുന്നവ.
ഇവയിലെ പദാര്‍ഥം ശക്തിയായി വിക്ഷേപിക്കുന്നതിന് വായുവോ, വാതകങ്ങളോ ഉയര്‍ന്ന സമ്മര്‍ദത്തില്‍ വയ്ക്കുന്നു. അല്ലെങ്കില്‍ രാസപ്രക്രിയയില്‍ ഉണ്ടാകുന്ന വാതകം കൊണ്ട് ധാരകപാത്രത്തില്‍ (container) മര്‍ദം ഉത്പാദിപ്പിക്കുന്നു.
സോഡാ ആസിഡ് അഗ്നിശാമകം (soda acid extinguisher) സാധാരണ കണ്ടുവരുന്ന ഒന്നാണ്. സോഡിയം ബൈക്കാര്‍ബണേറ്റും, സള്‍ഫ്യൂറിക്കമ്ളവും തമ്മിലുള്ള രാസപ്രക്രിയ ഇതില്‍ ഉപയോഗിക്കുന്നു.
2 Na HCO3 + H2 SO4 Na2SO4 + 2H2O + 2CO2
രാസപ്രക്രിയയില്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് വ്യാപ്തം കൂടുതലുള്ളതായതിനാല്‍ ധാരകപാത്രത്തില്‍ മര്‍ദം ഉത്പാദിപ്പിക്കുന്നു. അപ്പോള്‍ അതിലുള്ള നേര്‍ത്ത ലായനി ചീറ്റിവരുന്നത് തീയ്ക്കു നേരെ തിരിച്ചുവിടത്തക്കവണ്ണം ഉപകരണം ഉപയോഗിക്കണം. രാസപ്രക്രിയ തുടങ്ങുന്നതിന് ആസിഡുള്ള കുപ്പി തുറക്കുകയൊ പൊട്ടിക്കുകയൊ ചെയ്യത്തക്കവണ്ണമാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. വാതകത്തിന്റെ മര്‍ദംകൊണ്ട് ഉപകരണത്തിലുള്ള ലായനി 5-6 മീ. അകലത്തില്‍ വീഴുന്നു. പ്രധാനമായും വെള്ളവും ലായനിയിലുള്ള സോഡയുടെ രാസപ്രക്രിയയും ഭാഗികമായി കാര്‍ബണ്‍ഡൈഓക്സൈഡിന്റെ പ്രവര്‍ത്തനവും കൊണ്ടാണ് അഗ്നിശമനമുണ്ടാകുന്നത്. ചുവപ്പു ചായം കൊടുത്ത ഇത്തരം അഗ്നിശാമകങ്ങള്‍ മിക്ക പൊതുസ്ഥാപനങ്ങളിലും കാണാറുണ്ട്. 5-15 ലി. വരെക്കൊള്ളുന്ന ഉപകരണങ്ങള്‍ ചുമരില്‍ തൂക്കിയിടുകയും അതിലും വലിയവ ചെറിയ കൈവണ്ടികളില്‍ ഉറപ്പിക്കുകയും ആണ് സാധാരണ ചെയ്യുന്നത്.
പ്രത്യേക പാത്രങ്ങളില്‍ വെള്ളംനിറച്ച് സമ്മര്‍ദത്തില്‍ സൂക്ഷിച്ചിരിക്കുന്ന വായുവിന്റെ ശക്തികൊണ്ട് ആവശ്യം വരുമ്പോള്‍ വിക്ഷേപിക്കുന്നതരത്തിലുള്ള അഗ്നിശാമകങ്ങളും ഉണ്ട്; ഇവ രാസികോപകരണങ്ങളെ അപേക്ഷിച്ച് ചെലവു കുറഞ്ഞതാണ്. അത്യാവശ്യമായി ഉപയോഗിക്കേണ്ട അവസരങ്ങളില്‍ രാസവസ്തുക്കളുടെ പഴക്കം കാരണം ഉപയോഗക്ഷമത നഷ്ടപ്പെടുകയുമില്ല.
രാസികപ്പതകള്‍ വിക്ഷേപിക്കുന്ന അഗ്നിശാമകങ്ങള്‍ സോഡാ-ആസിഡ് ശാമകങ്ങളുടെ രൂപത്തിലുള്ളവയാണ്. സോഡാലായനിയില്‍ തന്നെ പതയുണ്ടാകത്തക്ക രാസദ്രവ്യങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കുന്ന അഗ്നിശാമകവുമുണ്ട്. നിഷ്ക്രിയവാതകങ്ങള്‍കൊണ്ടുള്ള പതയ്ക്ക് അതുണ്ടാക്കാനുപയോഗിക്കുന്ന വെള്ളത്തെ അപേക്ഷിച്ച് വളരെക്കൂടുതല്‍ അഗ്നിശമനക്ഷമതയുണ്ട്. വായുകൊണ്ടുള്ള പതയ്ക്കും അതിലുള്ള വെള്ളത്തിനെ അപേക്ഷിച്ച് അഗ്നിശമനക്ഷമത കൂടുതലാണ്. രാസവസ്തുക്കള്‍ക്കൊണ്ടു പതയുന്നതും സോപ്പുപോലെ വായുവിന്റെ സഹായത്തോടുകൂടി പതയുന്നതും ആയ പദാര്‍ഥങ്ങള്‍ നിറച്ച 'ഫേനോത്പാദിനികള്‍' (Foam generators) അഗ്നിശമനത്തിനുപയോഗിക്കുന്നു. പത ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ വെള്ളം അടിക്കുന്ന ഹോസില്‍ ഘടിപ്പിച്ചാല്‍ വെള്ളത്തിനുപകരം പത അഗ്നിശമനത്തിനുപയോഗിക്കാം. ജലത്തിന്റെ മിതമായ ഉപയോഗമാണ് പതകൊണ്ടുള്ള അഗ്നിശമനത്തിന്റെ ഒരു ഗുണം; വെള്ളം വീണ് സാധനങ്ങള്‍ക്ക് കേടുവരാതിരിക്കുകയും ചെയ്യും.
തീയുടെ ചുറ്റും ഓക്സിജന്‍ കുറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചാല്‍ തീ കെടും. പല വാതകങ്ങളും ഓക്സിജന്റെ ജ്വലനക്ഷമത കുറയ്ക്കുന്നതിന് പര്യാപ്തമാണ്. തീയുടെ ചുറ്റും ഇത്തരം ഒരു വാതകം അന്തരീക്ഷത്തില്‍ പരക്കുകയാണെങ്കില്‍ തീ കെടും. ഉദാഹരണമായി വായുവില്‍ കത്തുന്ന തീയ്ക്കു ചുറ്റും അന്തരീക്ഷത്തില്‍ 15 ശ.മാ.-ല്‍ കൂടുതല്‍ കാര്‍ബണ്‍ടെട്രാക്ളോറൈഡ് ഉണ്ടെങ്കില്‍ തീ കെട്ടുപോകും. ക്ളോറോബ്രോമോ മീഥേന്‍, കാര്‍ബണ്‍ഡൈഓക്സൈഡ് എന്നിവ അഗ്നിശാമകങ്ങളില്‍ ഉപയോഗിക്കുന്നതിന്
ഏറ്റവും പറ്റിയതായി കണ്ടിരിക്കുന്നു. അടുത്ത കാലത്തായി ട്രൈഫ്ളൂറോബ്രോമോ മീഥേന്‍ (trifluoro bromo methane), ഡൈബ്രോമോ ഡൈഫ്ളൂറോ മീഥേന്‍ (dibromo difluoro methane ) എന്നിവ വിമാനങ്ങളിലെ അഗ്നിശാമകവ്യൂഹത്തില്‍ ഉപയോഗിച്ചുവരുന്നു. ഇവയ്ക്കോരോന്നിനും അഗ്നിശമനക്ഷമത, ഗൌരവമുള്ള വിഷവാതകസാധ്യതയില്ലായ്മ, കൈകാര്യം ചെയ്യുന്നതിനുള്ള സൌകര്യം, തുണിയിലും മറ്റും വീണാല്‍ കേടുവരികയില്ലെന്ന മെച്ചം, പഴക്കംവരാതിരിക്കുക എന്നീ ഗുണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് ഓരോ പരിതഃസ്ഥിതിക്കും പ്രത്യേകമായി നിര്‍മിക്കുന്ന അഗ്നിശാമകങ്ങളില്‍ ഇവയിലേതെങ്കിലും ഒന്നായിരിക്കാം മുഖ്യമായി ഉപയോഗിക്കുന്നത്.
കാറുകളിലും ബസ്സുകളിലും മറ്റും ഘടിപ്പിക്കുന്ന ചെറിയ അഗ്നിശാമകങ്ങള്‍ സാധാരണയായി സി.ടി.സി. (carbon tetra chloride) ഉപയോഗിക്കുന്നു. സാധാരണ താപനിലയില്‍ ദ്രവമായിരിക്കുന്ന ഈ പദാര്‍ഥം വെള്ളംപോലെ പമ്പുചെയ്തോ വായുസമ്മര്‍ദംകൊണ്ടോ ക്ഷേപിക്കാം. കാറിലും ബസ്സിലും സ്ഥാപിക്കുന്നവ കൈകൊണ്ടടിക്കുന്ന പമ്പിന്റെ രൂപത്തിലുള്ളതാണ്. ഇത് ക്ളോറോഫോംപോലെ ഒരു മയക്കുമരുന്നാകയാല്‍ സൂക്ഷിച്ച് കൈകാര്യംചെയ്യണം. ഇത് ശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാര്‍ബണ്‍ടെട്രാക്ളോറൈഡ് തീ കെടുത്തുന്നത് അത് അന്തരീക്ഷത്തില്‍ പകരുന്നതുകൊണ്ടു മാത്രമാണ്. ആളിക്കത്തിക്കൊണ്ടിരിക്കുന്ന തീയില്‍ ഇതിന്റെ പ്രയോഗം വലിയ ഗുണം ചെയ്യുകയില്ല. മോട്ടോര്‍ കാറുകളില്‍ ബോണറ്റിനടയില്‍ ഉണ്ടാകുന്ന ചെറിയ ജ്വാലകള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഇത് ഏറ്റവും പറ്റിയതാണ്. ഇവിടെ ഉപയോഗം തുറന്ന സ്ഥലങ്ങളില്‍നിന്നായതുകൊണ്ട് ഇതിന്റെ വിഷവാതകത്വദോഷത്തിന് വലിയ പ്രസക്തിയില്ല.
ശക്തിയുള്ള ഉരുക്കുസിലിണ്ടറുകളില്‍ ഉയര്‍ന്ന സമ്മര്‍ദത്തില്‍ നിറച്ച കാര്‍ബണ്‍ഡൈഓക്സൈഡ് (CO2) അഗ്നിശാമകവ്യൂഹങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. കപ്പലുകളിലും സ്റ്റോറുകളിലും സ്ഫോടകവസ്തുക്കള്‍ സംഭരിക്കുന്ന സ്ഥലങ്ങളിലും, പല നിലകളിലുള്ള കെട്ടിടങ്ങളിലും, വൈദ്യുതസ്ഥാപനങ്ങളിലും ഉചിതസ്ഥാനങ്ങളില്‍ ഒരു സിലിണ്ടറോ, ഒരു വ്യൂഹമോ സ്ഥാപിക്കാറുണ്ട്. സിലിണ്ടറുകള്‍ ഭാരക്കൂടുതല്‍കൊണ്ട് എടുത്തു കൈകാര്യം ചെയ്യുന്നതിന് പറ്റിയതല്ല. സ്വയം (automatic) പ്രവര്‍ത്തനത്തിന് ഏറ്റവും പറ്റിയ ഒരു ഉപകരണമാണിത്. കാര്‍ബണ്‍ഡൈഓക്സൈഡ് അന്തരീക്ഷത്തിലെ പ്രാണവായുവിന്റെ അനുപാതം കുറയ്ക്കുന്നു. സിലിണ്ടറില്‍നിന്ന് വെളിയില്‍ വരുമ്പോള്‍ വ്യാപ്തം കൂടുന്നതിലൂടെ വാതകം തണുക്കുന്നതും അഗ്നിശമനത്തിനു സഹായകമാണ്. കാര്‍ബണ്‍ഡൈ ഓക്സൈഡ് വിക്ഷേപിക്കുന്ന കുഴല്‍ പ്രത്യേകരൂപത്തില്‍ ആയിരിക്കണം. വാതകം ഒരു ശക്തിയുള്ള ജെറ്റായി അടിക്കുമ്പോള്‍ വായു കൂടെ വലിച്ചെടുക്കുമെന്നുള്ളതിനാല്‍ അഗ്നിശമനക്ഷമത കുറയാനിട വരും. അതുകൊണ്ട് കുഴലില്‍നിന്നും പുറത്തു വാതകം വരുന്നത് മിതമായ വേഗത്തിലാകണം. ഇതിന്റെ പ്രധാനഗുണങ്ങള്‍:
(1) പെട്ടെന്നു ഫലപ്രദമായി ഉപയോഗിക്കാം;
(2) ഉപയോഗം ദോഷരഹിതമാണ്; കാര്‍ബണ്‍ഡൈഓക്സൈഡ് തട്ടുന്നതുകൊണ്ട് ഒരു സാധനത്തിനും കേടു വരാനിടയില്ല;
(3) വിദ്യുത്ചാലകത (conductivity) ഇല്ല. ഈ ഗുണവും ഉപയോഗത്തിലെ വെടിപ്പും കാരണം വൈദ്യുതോപകരണങ്ങളിലുണ്ടാകുന്ന തീപിടിത്തം നേരിടുന്നതിന് ഇത് ഏറ്റവും പറ്റിയതാണ്.
(4) പെട്രോള്‍, മണ്ണെണ്ണ മറ്റു രാസദ്രാവകങ്ങള്‍ എന്നിവയ്ക്കു തീപിടിത്തമുണ്ടായാല്‍ അവയ്ക്കു ദോഷം വരുത്താതെ ഉപയോഗിക്കാം;
(5) വാതകം ആയതിനാല്‍ ഇടുങ്ങിയ സ്ഥലങ്ങളില്‍ എത്തിക്കാം.
സിലിണ്ടറുകളുടെ ഭാരവും, സിലിണ്ടറുകളില്‍ വാതകമുണ്ടോ എന്നു നിശ്ചയിക്കുന്നതിനുള്ള പ്രയാസവും, സിലിണ്ടറുകള്‍ നിറച്ചുകിട്ടുന്നതിനുള്ള വിഷമവും ഇതിന്റെ ന്യൂനതകളാണ്.
സോഡിയം ബൈകാര്‍ബണേറ്റ്, പൊട്ടാസ്യംസള്‍ഫേറ്റ് മുതലായ രാസവസ്തുക്കള്‍ പ്രധാനമായി അടങ്ങുന്ന മിശ്രിതങ്ങള്‍ നനുത്ത പൊടിരൂപത്തില്‍ ഉപയോഗിക്കുന്ന അഗ്നിശാമകങ്ങള്‍ ഉണ്ട്. പൊടികള്‍ ക്ഷേപിക്കുന്നതിന് സമ്മര്‍ദിത-കാര്‍ബണ്‍ഡൈ ഓക്സൈഡാണ് സാധാരണ ഉപയോഗിക്കുന്നത്. പെട്രോള്‍ പോലെയുള്ള പദാര്‍ഥങ്ങളില്‍ ഉണ്ടാകുന്ന അഗ്നിബാധകള്‍ക്ക് ഇവ വളരെ ഫലപ്രദമാണ്.
അഗ്നിശമന പ്രവര്‍ത്തനങ്ങള്‍
അഗ്നിബാധയുണ്ടായാല്‍ ഏറ്റവും വേഗത്തില്‍ തീ കെടുത്തുന്നതാണ് അഗ്നിപ്രതിരോധപ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം. അസ്ഥാനത്തു തീ കണ്ടാല്‍ ഉടന്‍ അതു കെടുത്തുന്നതിന് ശ്രമിക്കണം. തീയുണ്ടാകുന്ന ലക്ഷണങ്ങള്‍ പെട്ടെന്ന് അറിയാന്‍ കഴിയുകയും വേണം. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള ആളുകളെയും ഉപകരണങ്ങളെയും ഉടനെ സ്ഥലത്തെത്തിക്കണം. അപകടമേഖലകളില്‍നിന്ന് ആളുകളെയും വിലപിടിപ്പുള്ള സാധനങ്ങളെയും മാറ്റണം. അടുത്ത കെട്ടിടങ്ങളിലേക്കോ തീ പിടിക്കാവുന്ന പദാര്‍ഥങ്ങളിലേക്കോ പടര്‍ന്നുപിടിക്കാതെ വേണ്ട നടപടികള്‍ എടുക്കണം. ഇവയ്ക്കെല്ലാം ആദ്യം വേണ്ടത് അഗ്നിബാധയെ സംബന്ധിച്ച ആപത്സൂചകനാദം (alaram) ആണ്.
വലിയ സ്ഥാപനങ്ങളിലും കപ്പലുകളിലും വിമാനങ്ങളിലും ആപത്സൂചകങ്ങള്‍ ഘടിപ്പിക്കാറുണ്ട്. പുകയോ അന്തരീക്ഷത്തിലുണ്ടാകുന്ന മറ്റു ഭൌതികമാറ്റങ്ങളോ കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വയം പ്രവര്‍ത്തക-അലാറങ്ങള്‍ ഉണ്ട്. ഇവ അഗ്നിശമനപ്രവര്‍ത്തകരെയും അടുത്തുള്ള ആളുകളെയും മണിയടിച്ചോ കുഴല്‍ വിളിച്ചോ അപകടസാധ്യത അറിയിക്കും. മര്‍മസ്ഥാനങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അഗ്നിശമനയന്ത്രങ്ങള്‍ ഇത്തരം അലാറങ്ങളോട് സ്വയം പ്രതികരിക്കുന്നതിനും ഏര്‍പ്പാടു ചെയ്യാവുന്നതാണ്. വലിയ കെട്ടിടങ്ങളിലും ജനസാന്ദ്രതയുള്ള നഗരവീഥികളിലും അലാറങ്ങള്‍ സ്ഥാപിക്കുന്നു. തീപിടിത്തം കാണുന്ന ആരെങ്കിലും ഈ അലാറം പ്രവര്‍ത്തിപ്പിച്ചാല്‍ അഗ്നിശമനപ്രവര്‍ത്തകര്‍ക്ക് നഗരത്തില്‍ എവിടെ തീപിടിത്തമുണ്ടായി എന്ന സൂചന ഉടന്‍ തന്നെ ലഭിക്കുന്നു. ടെലിഫോണുകള്‍ ഇക്കാര്യത്തില്‍ വലിയ സേവനമാണു ചെയ്യുന്നത്. പൊലീസുവണ്ടികളിലും ഫയര്‍ എന്‍ജിനുകളിലും വയര്‍ലസ് സംവിധാനമുണ്ട്. അഗ്നിശമനപ്രവര്‍ത്തനം സംഘടിതമായി നടത്തുന്നതിനുശേഷിയുള്ള സ്ഥാനങ്ങളില്‍ അഗ്നിബാധയുടെ വിവരം ഏറ്റവും എളുപ്പം എത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഒരു സമൂഹത്തിന്റെ പൊതുക്കാര്യക്ഷമതയുടെ ഉരകല്ലാണ്.
അഗ്നിശമന യന്ത്രങ്ങള്‍
(Fire Engines).
ആധുനികനഗരങ്ങളില്‍ അഗ്നിശമനയന്ത്രങ്ങളും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ആളുകളും സദാസമയവും പ്രവര്‍ത്തനസജ്ജരായി നിലകൊള്ളുന്നുണ്ടാകും. ഫയര്‍ എന്‍ജിനുകളില്‍ താഴെ പറയുന്ന ഉപകരണങ്ങള്‍ സജ്ജമായിരിക്കും.
1. പ്രത്യേക എന്‍ജിന്‍കൊണ്ടോ വാഹനത്തിന്റെ എന്‍ജിന്‍കൊണ്ടോ പ്രവര്‍ത്തിപ്പിക്കാവുന്ന പമ്പ്.
2. ഹോസും അനുബന്ധ ഉപകരണങ്ങളും;
3. വെള്ളം സംഭരിച്ചുവയ്ക്കുന്നതിനുള്ള ടാങ്ക്;
4. രാസിക അഗ്നിശാമകങ്ങള്‍, ബക്കറ്റുകള്‍;
5. ഏണികള്‍, കയറുകള്‍;
6. കതകുകള്‍, പൂട്ടുകള്‍, മുതലായവ തുറക്കുന്നതിനും പൊട്ടിക്കുന്നതിനും മറ്റുമുള്ള ആയുധങ്ങള്‍, വെട്ടുകത്തികള്‍ മുതലായവ;
7. അഗ്നിശമനപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക ഉടുപ്പുകളും തൊപ്പികളും മുഖാവരണങ്ങളും ശ്വാസനോപകരണങ്ങളും.
അഗ്നിബാധയുണ്ടായതായി അറിവുകിട്ടിയാലുടന്‍ അഗ്നിശമനപ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടതാണ്. സ്ഥലത്തുള്ളവര്‍ ഒത്തുചേര്‍ന്ന് ആളുകളെ അപകടസ്ഥലങ്ങളില്‍നിന്നും ഒഴിവാക്കുന്നതിനും തീ പടരാതെ നിയന്ത്രിക്കുന്നതിനുമാണ് ആദ്യം ശ്രമിക്കേണ്ടത്. ആളുകളും ഉപകരണങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് തീ കെടുത്താനും വസ്തുവകകള്‍ രക്ഷപ്പെടുത്താനും ശ്രദ്ധിക്കണം. അഗ്നിബാധയുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും തീ അതിന്റെ ഉറവിടത്തില്‍തന്നെ കെടുത്തുന്നതിനും പലപ്പോഴും ബുദ്ധിമുട്ടുണ്ടാകും. ആളിക്കത്തുന്ന തീജ്വാലയില്‍ വെള്ളമൊഴിച്ചതുകൊണ്ട് പ്രയോജനമില്ല. കത്തുന്ന സാധനമാണ് നനയേണ്ടത്. അഗ്നിബാധയുള്ള സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകുന്നതിനു വിഘാതം ഉണ്ടാകരുത്.
അഗ്നിബാധിത സ്ഥാനങ്ങളില്‍ പ്രവേശിക്കുന്നതിന് അഗ്നിശമന പ്രവര്‍ത്തകര്‍ പ്രത്യേക ഉടുപ്പുകളും തൊപ്പികളും കാലുറകളും ധരിക്കുന്നു. മുകളില്‍നിന്നു വീഴുന്ന സാധനങ്ങള്‍ താങ്ങത്തക്ക ഉറച്ച തൊപ്പികളും തീ പിടിക്കാത്തതും ചൂടില്‍നിന്നും സംരക്ഷണം നല്കുന്നതും ആയ ഉടുപ്പുകളും കാലുറകളും അഗ്നിശമന പ്രവര്‍ത്തനത്തിന് പ്രത്യേകമായി ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. തീ കൊണ്ടുണ്ടാകുന്ന പുകയും ചില പദാര്‍ഥങ്ങള്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങളും കാഴ്ചയ്ക്ക് തടസ്സവും കണ്ണിനു കേടും ഉണ്ടാക്കും. ഇവ ശ്വസിക്കാവുന്നതുമല്ല. വായു ശുദ്ധിചെയ്തു ശ്വസിക്കുന്നതിനും കണ്ണുകളില്‍ പുകയും വിഷവാതകങ്ങളും പ്രവേശിക്കാതിരിക്കുന്നതിനും ശ്വാസകങ്ങള്‍ (Respirators) ഉറപ്പിച്ച മുഖാവരണങ്ങള്‍ ഉപയോഗിക്കുന്നു. ചുറ്റും ഉള്ള വായു അല്പമാത്രമായി ശുദ്ധിചെയ്ത് അരിച്ചെടുക്കുന്നതിനുമാത്രമേ ഇതുപകരിക്കയുള്ളു. ഓക്സിജന്‍ തീരെ കുറഞ്ഞതും വിഷവാതകങ്ങള്‍ നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ ശ്വസിക്കുന്നതിന് സമ്മര്‍ദിതവായു സംഭരിച്ചിട്ടുള്ള പ്രത്യേക ശ്വാസകങ്ങള്‍ ഉപയോഗിക്കണം.
നഗരങ്ങളിലെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഗ്നിശമനപ്രവര്‍ത്തനത്തിനു മറ്റൊരാവശ്യം ഏണികളാണ്. എല്ലാ ഫയര്‍ എന്‍ജിനുകളിലും ഏണി ഉണ്ടായിരിക്കും. കൊണ്ടുനടക്കുന്ന സൌകര്യത്തിനായി ഒരു ഭാഗം മറ്റൊരു ഭാഗത്തിലുള്‍ക്കൊള്ളിച്ചു ചുരുക്കത്തക്കവണ്ണം നിര്‍മിക്കപ്പെട്ട ഏണികള്‍ 20 മുതല്‍ 30 മീ. വരെ ഉയരത്തില്‍
ഉപയോഗിക്കുന്നതിന് സാധിക്കും. തൂക്കിയിടത്തക്ക ചെറിയ ഏണിയാണ് മറ്റൊരുതരം. ഒരു നിലയില്‍ നിന്നും അടുത്ത നിലയിലേക്കുയര്‍ത്തിപ്പിടിച്ച് മുകളില്‍ കയറി പിന്നെയും അടുത്ത നിലയിലേക്കുയര്‍ത്താം. ഈ തരത്തില്‍ ഭാരം കുറഞ്ഞ ഏണി ഉപയോഗിച്ച് വളരെ ഉയരത്തില്‍ കയറാം. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ലിഫ്റ്റുകളും വിസ്താരമുള്ള കോണിപ്പടികളും ഉണ്ടെങ്കിലും അഗ്നിബാധയുണ്ടായാല്‍ ഇവ ഉപയോഗിക്കുന്നതിനു സാധിക്കാതെ വന്നേക്കാം. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ലളിതമായ ഏണികളും, തൂങ്ങിയെങ്കിലും ഇറങ്ങുന്നതിനു പര്യാപ്തമായ സജ്ജീകരണങ്ങളും ഉചിതമായ സ്ഥാനങ്ങളില്‍ ഉറപ്പിക്കാറുണ്ട്. വലിയ നഗരങ്ങളിലെ കെട്ടിടനിര്‍മാണനിയമങ്ങള്‍ ഇത്തരം തീ പിടിത്ത-രക്ഷാമാര്‍ഗങ്ങള്‍ (Fire escapes) നിര്‍ബന്ധിതമാക്കുന്നു. ട്രക്കുകളില്‍ ഉറപ്പിച്ച സ്നോര്‍ക്കല്‍ (Snorkel) എന്ന ഉപകരണം അഗ്നിശമനപ്രവര്‍ത്തകരെ ഉയര്‍ത്തിപ്പിടിച്ച് പല ഉയരങ്ങളില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും അഗ്നിശമനപ്രവര്‍ത്തനത്തിനു സൌകര്യമുണ്ടാക്കുന്നു.
അഗ്നിബാധയില്‍പെട്ടുപോയ ആളുകളെ രക്ഷിക്കുന്നതിനും സാധനങ്ങളും മറ്റും കെട്ടിയിറക്കുന്നതിനും കപ്പി, കയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പൂട്ടുകളും കതകുകളും വേണ്ടിവന്നാല്‍ ബലംപ്രയോഗിച്ച് തുറക്കുന്നതിനും ജനല്‍ക്കമ്പികളും കതകുകളും മുറിച്ച് പ്രവേശിക്കുന്നതിനും ഉള്ള ഉപകരണങ്ങള്‍ അഗ്നിശമനപ്രവര്‍ത്തകര്‍ കരുതിയിരിക്കണം. തീ പിടിത്തങ്ങള്‍ പലപ്പോഴും രാത്രിയാണുണ്ടാകുക; വിദ്യുച്ഛക്തി നിലച്ചുപോകാന്‍ ഇടയുണ്ട്. അതുകൊണ്ട് അഗ്നിശമനപ്രവര്‍ത്തകര്‍ ഫയര്‍ എന്‍ജിനില്‍നിന്നും ലഭിക്കുന്ന വിദ്യുച്ഛക്തികൊണ്ടു കത്തിക്കാവുന്ന ഫ്ളഡ് ലൈറ്റുകള്‍ (flood lights) കരുതിവയ്ക്കുന്നു.
ജീവധന സംരക്ഷണം
അഗ്നിശമനപ്രവര്‍ത്തനത്തോടൊപ്പം തന്നെ ജീവധനസംരക്ഷണശ്രമങ്ങളും നടക്കണം. ആദ്യം അപകടത്തില്‍പ്പെട്ട ആളുകളെ മാറ്റാന്‍ ശ്രമിക്കുകയാണു വേണ്ടത്. മുറിവ്, ചതവ്, പൊള്ളല്‍, ഇലക്ട്രിക് ഷോക്ക് എന്നിവയോ മറ്റപകടങ്ങളോ പറ്റിയ ആളുകള്‍ക്ക് പ്രഥമശുശ്രൂഷയും ചികിത്സയും നടത്താനുള്ള ഏര്‍പ്പാടുകളും ഉണ്ടായിരിക്കണം.
അഗ്നിബാധിതമായ സ്ഥലത്തു പലപ്പോഴും വിലയേറിയ സാധനങ്ങള്‍ ഉണ്ടാകാം. ഇവയ്ക്ക് കേടുവരാതെ രക്ഷപ്പെടുത്തേണ്ടതുണ്ട്. അഗ്നിബാധകൊണ്ടുണ്ടാകുന്ന നഷ്ടത്തെക്കാള്‍ അഗ്നിശമനപ്രവര്‍ത്തനത്തില്‍പ്പെട്ടു ചീത്തയായ സാധനങ്ങളുടെ നഷ്ടം കൂടുതലാകുന്നത് അപൂര്‍വമല്ല. വെള്ളം വീണും പുകപിടിച്ചും വലിയ നഷ്ടങ്ങള്‍ വരാറുണ്ട്. മാറ്റിക്കൊണ്ടുപോകാന്‍ സാധിക്കാത്ത പദാര്‍ഥങ്ങളെ കേടുവരാതെ തീയും വെള്ളവുംകൊണ്ട് നശിക്കാത്ത തുണികള്‍ ഉപയോഗിച്ച് മൂടിയിടാന്‍ കഴിയും.
അഗ്നിപ്രതിരോധം പ്രത്യേകപരിതഃസ്ഥിതികളില്‍
അഗ്നി ബാധിക്കുന്ന പദാര്‍ഥങ്ങളും സ്ഥലങ്ങളും വളരെയേറെ വൈവിധ്യമുള്ളതായിരിക്കും. ഒരു പരിതഃസ്ഥിതിയില്‍ സ്വീകാര്യമായ പ്രവര്‍ത്തനങ്ങള്‍ വേറൊരിടത്ത് അപകടകരമായെന്നും വരാം. കത്തുന്ന പദാര്‍ഥങ്ങളുടെ സ്വഭാവവും സ്ഥലപരിമിതിയുമാണ് ഈ സന്ദര്‍ഭങ്ങളില്‍ കണക്കിലെടുക്കേണ്ടത്.
പൊടികള്‍ കൂട്ടിയിട്ടിരിക്കുന്നിടങ്ങളിലും, അന്തരീക്ഷത്തില്‍കത്തുന്ന പൊടികള്‍ ഉണ്ടായിരിക്കുമ്പോഴും അഗ്നിബാധയും പൊട്ടിത്തെറിയും ഉണ്ടാകാം. അലൂമിനിയം, പിച്ചള, കല്ക്കരി, കോര്‍ക്ക്, ധാന്യമാവുകള്‍, റബര്‍, തവിട്, കടലാസ്, പഞ്ഞി, പഞ്ചസാര, തടി മുതലായവ നനുത്ത പൊടിയായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് പല വ്യവസായസ്ഥാപനങ്ങളിലും ഘനികളിലും പതിവാണ്. യന്ത്രങ്ങള്‍, വിദ്യുച്ഛക്തി, ബീഡിക്കുറ്റി തുടങ്ങിയവയില്‍ നിന്നും ഉണ്ടാകാവുന്ന ഒരു ചെറിയ തീപ്പൊരി ഇത്തരം പൊടി കലര്‍ന്ന അന്തരീക്ഷത്തില്‍ പൊട്ടിത്തെറിയും തുടര്‍ന്ന് അഗ്നിബാധയും ഉണ്ടാക്കാം. ഈ അപകടത്തിന്റെ പ്രധാനഘടകങ്ങള്‍ ധൂളിയുടെ ഗുണധര്‍മവും വായുവിലെ വ്യാപ്തിയുമാണ്. വ്യവസായശാലകളും സമാനസ്ഥാപനങ്ങളും അന്തരീക്ഷത്തില്‍ പൊടി പരക്കാത്തവിധത്തില്‍ മുന്‍കരുതലോടുകൂടി നിര്‍മിക്കണം. വെള്ളം ഉപയോഗിച്ചാണ് ഇത്തരം അഗ്നിബാധകളെ നേരിടേണ്ടത്.
സ്ഫോടകവസ്തുക്കള്‍ക്ക് തീ പിടിക്കുന്നതിനുള്ള സാധ്യത വളരെക്കൂടുതലാണ്. ഈ പദാര്‍ഥങ്ങള്‍ പതിവായി ഉപയോഗിക്കുന്ന വലിയ വ്യവസായങ്ങള്‍ ഇവ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വളരെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ കുടില്‍ വ്യവസായമായി പടക്കം, വെടിമരുന്ന് മുതലായവ നിര്‍മിക്കുന്നതിലൂടെ അപകടങ്ങളും ജീവനാശവും ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നു. സ്ഫോടകവസ്തുക്കള്‍ സംഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും അതുസംബന്ധിച്ചുള്ള നിയമങ്ങള്‍ നിഷ്കര്‍ഷയോടെ പാലിച്ചുകൊണ്ടാണെങ്കില്‍ അപകടസാധ്യത വളരെ കുറയും. ഇത്തരം അഗ്നിബാധകള്‍ അകലത്തുനിന്നും ശക്തിയുള്ള ജലധാരകള്‍ ക്ഷേപിച്ചാണ് ശമിപ്പിക്കേണ്ടത്. ഇട്യ്ക്കിടയ്ക്കു പൊട്ടിത്തെറിയുണ്ടാകാന്‍ സാധ്യതയുള്ളവയാണിവ. സ്ഫോടകവസ്തുക്കള്‍ ട്രെയിനിലും ലോറികളിലും കൊണ്ടുപോകുമ്പോള്‍ അപകടമുണ്ടാകാം. ഇത്തരം വാഹനങ്ങളില്‍ അഗ്നിബാധയുണ്ടായാല്‍ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലേക്ക് അവയെ മാറ്റുന്നതിന് ശ്രമിക്കേണ്ടതാണ്. സ്ഫോടകവസ്തുക്കള്‍ കയറ്റിയ വാഹനങ്ങള്‍ ഒരു സ്ഥലത്ത് അധികനേരം നിര്‍ത്തിയിടുമ്പോള്‍ അതിനു കാവലിടുന്നതും സ്ഥലത്തെ ഫയര്‍ബ്രിഗേഡിനെ വിവരം അറിയിക്കുന്നതും അംഗീകൃതമായ മുന്‍കരുതലുകളാണ്.
എണ്ണകള്‍ക്കും കൊഴുപ്പുകള്‍ക്കും ഉണ്ടാകുന്ന അഗ്നിബാധ ശമിപ്പിക്കുന്നതിന് നനച്ച തുണികൊണ്ടു മൂടുകയോ, ഫോംശാമകം, കാര്‍ബണ്‍ഡൈഓക്സൈഡ് ശാമകം, ധൂളിശാമകം, എന്നിവ തീപിടിത്തത്തിന്റെ വലുപ്പം അനുസരിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ടിന്നുകളില്‍ സംഭരിച്ചുവച്ചിരിക്കുന്ന എണ്ണകളും മറ്റും ചൂടാകാതെ വെള്ളം തൂകിക്കൊണ്ടിരിക്കണം. എണ്ണകത്തിക്കൊണ്ടിരിക്കുന്നതില്‍ വെള്ളം ഒഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായേക്കും.
വ്യവസായശാലകളില്‍ വലിയ തോതില്‍ പെയിന്റും, വാര്‍ണിഷും ഉപയോഗിക്കുന്ന ഭാഗങ്ങള്‍ക്ക് പ്രത്യേകം മുന്‍കരുതലുകള്‍ ആവശ്യമാണ്. പല പെയിന്റുപദാര്‍ഥങ്ങളും എളുപ്പം കത്തുന്ന വസ്തുക്കളാണ്. ചിലതെല്ലാം സ്ഫോടകവസ്തുക്കളുമാകാം. ചിലയിനം പെയിന്റുകളില്‍ ഉള്ള ദ്രവങ്ങള്‍ ആവിയായാല്‍ വിഷവാതകങ്ങളായിത്തീരുന്നു. വായുവില്‍ ഇത്തരം വാതകങ്ങളുണ്ടെങ്കില്‍ പൊട്ടിത്തെറികളുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുന്നു. അഗ്നിശമന പ്രവര്‍ത്തകര്‍ ശ്വാസകം ധരിക്കേണ്ടതാവശ്യമാണ്. കാര്‍ബണ്‍ഡൈഓക്സൈഡ്, കാര്‍ബണ്‍ടെട്രാക്ളോറൈഡ് എന്നിവയാണ് ഇത്തരം തീപിടിത്തങ്ങള്‍ ശമിപ്പിക്കാന്‍ ഉപയോഗിക്കേണ്ടത്. അറക്കപൊടിയും, അപ്പക്കാരവും മിശ്രിതമാക്കി ക്ഷേപിക്കുന്നതും ഫലപ്രദമാണ്.
പ്ളാസ്റ്റിക്കും മറ്റു രാസവസ്തുക്കളും ഉത്പാദിപ്പിക്കുന്ന ഫാക്ടറികളില്‍ അപകടകരമായ പദാര്‍ഥങ്ങള്‍ സംഭരിക്കുന്നുണ്ടാകും. പല രാസവസ്തുക്കളിലും വെള്ളം ഒഴിക്കുന്നത് സൂക്ഷിച്ചുവേണം. ഫാക്ടറിയുടെ പ്രവര്‍ത്തനവും, അതിലുള്ള പദാര്‍ഥങ്ങളും നേരത്തെ മനസ്സിലാക്കി മുന്‍കരുതലോടുകൂടി പ്രവര്‍ത്തിക്കേണ്ടതാണ്. വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍തന്നെ, അപകടസാധ്യതകള്‍ അഗ്നിശമനവകുപ്പിനെ അറിയിക്കാറുണ്ട്. പല വ്യവസായപ്രക്രിയകളിലും, ആശുപത്രികളിലും റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യേണ്ട ആവശ്യമുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ അഗ്നിശമനപ്രവര്‍ത്തനം ഒരു വിദഗ്ധന്റെ സഹായത്തോടുകൂടി മാത്രമേ ഫലപ്രദമാകൂ. വികിരണം കൊണ്ടുണ്ടാകാവുന്ന അപകടങ്ങള്‍ പ്രത്യേകം പരിഗണിച്ച് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്കുന്നതും പ്രധാനമാണ്.
ചകിരി, പഞ്ഞി, കമ്പിളി, പട്ട് തുടങ്ങിയ വ്യവസായ പദാര്‍ഥങ്ങള്‍ തീപിടിച്ച് ആളിക്കത്തുകയില്ല, പക്ഷേ എരിഞ്ഞ് മറ്റു പദാര്‍ഥങ്ങളില്‍ അഗ്നിബാധയുണ്ടാകത്തക്കവണ്ണം കനല്‍ നീറിക്കൊണ്ടിരിക്കാം. ആളിക്കത്തുന്ന തീക്കുള്ളില്‍ പെട്ടാല്‍ ഇവയും കത്തും. സ്വല്പം നനവോടുകൂടി മുറുക്കി കെട്ടിവച്ചിരിക്കുന്ന കമ്പിളിക്കെട്ടുകളില്‍ അഗ്നി തനിയെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പഞ്ഞി അയവായി കെട്ടിയിരിക്കുകയാണെങ്കില്‍ നല്ലവണ്ണം തീ കത്തും. മില്‍ മുറികളില്‍ പഞ്ഞിയുടെ നാരുകള്‍ വായുവില്‍ പറന്നുനടക്കുന്നത് പൊടികള്‍പോലെതന്നെ പൊട്ടിത്തെറിക്കലുണ്ടാക്കിയേക്കും. പല മില്‍സ്റ്റോറുകളിലും ഓരോ ഭാഗമായി വേര്‍തിരിച്ച് വെള്ളം തളിക്കത്തക്കവണ്ണം ഓട്ടോമാറ്റിക് ഏര്‍പ്പാടുകള്‍ ചെയ്യാറുണ്ട്. തീയുണ്ടാകുന്ന ഭാഗത്ത് ചൂടും പുകയുംകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങള്‍ വെള്ളക്കുഴലുകളെ തനിയെ തുറപ്പിക്കും. തീ ഉണ്ടായാല്‍ ആ ഭാഗത്തു മാത്രം പ്രവര്‍ത്തിക്കുന്നതുകൊണ്ട് അഗ്നിശമനം എളുപ്പം ഉണ്ടാകുകയും നഷ്ടം കുറയുകയും ചെയ്യും.
ഇറച്ചി, മത്സ്യം, മുട്ട, പച്ചക്കറികള്‍ മുതലായവ തണുപ്പിച്ചു സൂക്ഷിക്കുന്ന റഫ്രിജറേറ്റര്‍ സ്റ്റോറുകളിലും തീപിടിത്തമുണ്ടാകാറുണ്ടെന്നും ഇത്തരം അഗ്നിബാധകള്‍ കെടുത്തുന്നതിനു വൈഷമ്യങ്ങളുണ്ടെന്നും ഉള്ളത് രസാവഹമായ ഒരു വസ്തുതയാണ്. ഇത്തരം സ്റ്റോറുകളില്‍ അന്തരീക്ഷത്തിന് ആര്‍ദ്രത (humidity) കുറവായിരിക്കും. മുറുക്കിക്കെട്ടിവച്ചിരിക്കുന്ന സാധനങ്ങളില്‍ ഒരു ചെറിയ അതിര്‍ത്തിക്കുള്ളില്‍ താപനില ഉയര്‍ന്ന് തനിയെ തീ പിടിക്കാവുന്നതാണ്. വിദ്യുച്ഛക്തി വിതരണസജ്ജീകരണങ്ങളില്‍ നിന്നും തീയുണ്ടാകാം. തീയുണ്ടായിക്കഴിഞ്ഞാല്‍ റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന വാതകങ്ങള്‍ വ്യാപ്തം വര്‍ധിച്ച് മര്‍ദംകൂടി പൈപ്പുകള്‍ പൊട്ടാനിടവരും. ശക്തിയായ വിഷവാതകങ്ങളല്ലെങ്കിലും റഫ്രിജറേറ്റര്‍വാതകങ്ങള്‍ അന്തരീക്ഷത്തില്‍ അധികമായാല്‍ അപകടമാണ്. സ്റ്റോറിലുള്ള ചില പദാര്‍ഥങ്ങളുടെ ജ്വലനക്ഷമതയും തീ കത്തിയാല്‍ ഉണ്ടാകുന്ന ദ്രവങ്ങളും വാതകങ്ങളും ചിലപ്പോള്‍ വൈഷമ്യങ്ങളുണ്ടാക്കും.
റബര്‍, പഞ്ചസാര തുടങ്ങിയ വ്യവസായപദാര്‍ഥങ്ങളും നല്ലവണ്ണം തീ കത്തുന്നതാണ്. റബര്‍സാധനങ്ങളുടെ ഉത്പാദനപ്രക്രിയകളില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ജ്വലനക്ഷമതയുള്ളവയാണ്. ചൂടുകൂടിയാല്‍ ഈ വസ്തുക്കള്‍ ഉരുകി ഒഴുകും. ഈ പദാര്‍ഥങ്ങളുടെ ധൂളി പൊട്ടിത്തെറിക്കലുണ്ടാകത്തക്കതാണ്. ഇത്തരം അഗ്നിബാധകള്‍ ശമിപ്പിക്കുന്നത് വെള്ളം ഉപയോഗിച്ചുതന്നെയാണ്.
അഗ്നിപ്രതിരോധ സംഘടനകള്‍
തീപിടിത്തങ്ങള്‍ ക്രമീകൃതമായ സാമൂഹ്യജീവിതത്തിന് എല്ലാക്കാലത്തും ഭീഷണിയായിരുന്നു. ക്രിസ്ത്വബ്ദാരംഭത്തിനു വളരെ മുമ്പുതന്നെ പരിഷ്കൃത സമുദായങ്ങള്‍ അഗ്നിപ്രതിരോധത്തിനായി പ്രത്യേകം ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതായി ചരിത്രകാരന്‍മാര്‍ കരുതുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റം അമേരിക്ക വന്‍കരകളിലേക്ക് യൂറോപ്പില്‍നിന്നുമുണ്ടായ മനുഷ്യപ്രവാഹമാണ്. അമേരിക്കയുടെ കിഴക്കേ കരകളില്‍നിന്നും ഉള്ളിലേക്ക് പരിഷ്കൃതരും, ഊര്‍ജസ്വലരും, സാഹസികരുമായ ആളുകള്‍ കുടിയേറിപ്പാര്‍ക്കുകയും പുതിയ ഗ്രാമങ്ങളും പട്ടണങ്ങളും അല്പകാലങ്ങള്‍ക്കുള്ളില്‍ സ്ഥാപിക്കുകയും ചെയ്തു. അവിടങ്ങളില്‍ തടികൊണ്ടു നിര്‍മിച്ചിരുന്ന കെട്ടിടങ്ങളും മറ്റും പെട്ടെന്ന് അഗ്നിക്കിരയാകുന്നതായിരുന്നു. അന്ന് അഗ്നിബാധകള്‍ ഗണ്യമായ തോതില്‍ സംഭവിച്ചിരുന്നു. ആധുനിക ഗവണ്‍മെന്റുകളുടെ രീതിയില്‍ കെട്ടുറപ്പുള്ള സാമൂഹ്യബന്ധങ്ങളും കുടുംബസമൂഹങ്ങളും വര്‍ഗസംഘടനകളും ഇല്ലാതിരുന്ന പരിതഃസ്ഥിതികളില്‍പോലും അഗ്നി പ്രതിരോധത്തിനായി പല ജനകേന്ദ്രങ്ങളിലും സന്നദ്ധ ഭടന്‍മാരെ സംഘടിപ്പിച്ച്, അവര്‍ക്ക് ഉപകരണങ്ങള്‍ നല്കി തവണവച്ച് രാപ്പകല്‍ സജ്ജരാക്കി നിര്‍ത്തുന്ന പതിവുണ്ടായിരുന്നു. പല സ്ഥലങ്ങളിലും ഈ സന്നദ്ധസേന പ്രതിഫലം കൂടാതെ പ്രവര്‍ത്തിച്ചുവന്നു.
1722-ല്‍ ലണ്ടനില്‍ റോയല്‍ എക്സ്ചേഞ്ച് സ്വന്തമായി ഒരു 'ഫയര്‍എന്‍ജിന്‍' വാങ്ങിയത് ഒരു പക്ഷേ ഒരു വാണിജ്യസ്ഥാപനം സമൂഹത്തിനുവേണ്ടി ആദ്യമായി സംഘടിപ്പിച്ച അഗ്നിപ്രതിരോധപ്രവര്‍ത്തനമായിരുന്നിരിക്കണം. 1833-ല്‍ 'ലണ്ടന്‍ ഫയര്‍ എന്‍ജിന്‍ എസ്റ്റാബ്ളിഷ്മെന്റ്' സ്ഥാപിക്കപ്പെട്ടു. 1865-ല്‍ 'മെട്രോപൊളിറ്റന്‍ ബോര്‍ഡ്' ഫയര്‍ ആഫീസിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തു. യു.എസ്സിലും കാനഡയിലും നഗരസമിതികളാണ് അഗ്നി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മിക്കതും നടത്തുന്നത്. മുന്‍പറഞ്ഞതുപോലെ ഇവ പലതും ആദ്യം തുടങ്ങിയത് സന്നദ്ധസേവകരാണ്.
ഇന്ത്യയില്‍ പുരാതനകാലം മുതല്‍ ഭൂരിപക്ഷം ജനങ്ങളും ഗ്രാമങ്ങളിലാണ് വസിക്കുന്നത്. ഭരണം വികേന്ദ്രീകൃതമായിരുന്നു. ഗതാഗതസൌകര്യങ്ങളും കുറവായിരുന്നു. അഗ്നിബാധകൊണ്ടുള്ള കെടുതികളും അതു നേരിടുന്നതിനുള്ള സംഘടനകളും താരതമ്യേന കുറവായിരുന്നിരിക്കണം. ബ്രിട്ടിഷ് ഭരണകാലത്ത് അഗ്നിപ്രതിരോധം പൊലീസിന്റെ ചുമതലയായി കരുതപ്പെട്ടിരുന്നത് അടുത്തകാലംവരെ നിലനിന്നുപോന്നു. ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകം അഗ്നിശമനവകുപ്പുകളുണ്ട്. വലിയ നഗരങ്ങളില്‍ സുസജ്ജമായ അഗ്നിപ്രതിരോധസേനകളും നിലവിലിരിക്കുന്നു. കേരളത്തിന്റ എല്ലാ ഭാഗങ്ങളിലും 1963 വരെ 'ഫയര്‍ഫോഴ്സ്' പൊലീസിന്റെ ഒരു ഭാഗമായി ചെറിയ തോതില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു; 1963 മുതല്‍ പ്രത്യേകം ഒരു ഡിപ്പാര്‍ട്ടുമെന്റായി പ്രവര്‍ത്തനം നടത്തിവരുന്നു.
ജനസാന്ദ്രതയും പരിഷ്കാരവും വര്‍ധിക്കുന്നതിനൊപ്പം അഗ്നിബാധയും അഗ്നിപ്രതിരോധപ്രവര്‍ത്തനങ്ങളും കേരളത്തിലും വര്‍ധിച്ചുകൊണ്ടിരിക്കയാണ്.
ഫയര്‍ ഇന്‍ഷുറന്‍സ് (അഗ്നി-ഇന്‍ഷുറന്‍സ്)
ഒരു വീടിനൊ സ്ഥാപനത്തിനൊ ഉണ്ടാകുന്ന തീപിടിത്തം അമിതമായ നഷ്ടത്തിന് ഇടയാകാം. പലപ്പോഴും അതു താങ്ങുന്നതിനുള്ള ശേഷി ഒരു വ്യക്തിക്കുണ്ടായി എന്നു വരുന്നതല്ല. ഇത്തരം അമിതമായ ചേതത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് അഗ്നി-ഇന്‍ഷുറന്‍സ് പദ്ധതികള്‍ സഹായിക്കുന്നു. മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളുടെ രീതിയില്‍ തന്നെ, കുറെ അധികം ആളുകള്‍ ചേര്‍ന്ന് അപകടസാധ്യത അനുസരിച്ച് ഓരോ സംഖ്യ വര്‍ഷംതോറും അടച്ച് ഒരു നിക്ഷേപം നിലനിര്‍ത്തുന്നു. ഏതെങ്കിലും ഒരു വ്യക്തിക്ക് അഗ്നിബാധകൊണ്ടു വരുന്ന നഷ്ടമോ, അതിന്റെ ഒരു ഭാഗമോ ആ നിക്ഷേപത്തിന്റെ നിയമം അനുസരിച്ച് പണംകൊണ്ടു നികത്താന്‍ ഇതുമൂലം കഴിയുന്നു. നോ: അഗ്നി ഇന്‍ഷുറന്‍സ്
ഗവേഷണവും പരിശീലനവും
തീപിടിത്തങ്ങള്‍ സാമൂഹികകെടുതികളാണെന്ന് ബോധ്യം വന്നതുമുതല്‍ മറ്റു സാങ്കേതികവിഷയങ്ങളിലെന്നപോലെ ഇതിലും ഗവേഷണം നടക്കുന്നുണ്ട്. ഗവേഷണഫലങ്ങള്‍ അഗ്നി ബാധകള്‍ കുറയ്ക്കുകയും അഗ്നിശമനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. പ്രകടമായ പ്രയോജനം കൈവരുത്തുന്ന ഇത്തരം ഗവേഷണങ്ങള്‍ ഗവണ്‍മെന്റുകളും ഫയര്‍ ഇന്‍ഷുറന്‍സ് കമ്പനികളും നടത്തുന്നുണ്ട്. 19-ാം ശ.-ത്തിന്റെ മധ്യത്തില്‍ ആരംഭിച്ച 'ബ്രിട്ടിഷ് ഫയര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി' 1921 വരെ അഗ്നിപ്രതിരോധത്തിന്റെ വിവിധവശങ്ങള്‍ വിവരിക്കുന്ന 200 'റെഡ്ബുക്കുകള്‍' പ്രസിദ്ധീകരിച്ചു. ഇംഗ്ളണ്ടില്‍ 1939-ല്‍ അഗ്നിശമനോപകരണങ്ങള്‍ പരിശോധിക്കുന്നതിന് ഫയര്‍ ടെസ്റ്റിങ്ങ് സ്റ്റേഷനും, 1946-ല്‍ ഫയര്‍റിസര്‍ച്ച് ബോര്‍ഡും സ്ഥാപിച്ചു. യു.എസ്സിലും കാനഡയിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു പ്രാതിനിധ്യമുള്ള അണ്ടര്‍റൈറ്റേഴ്സ് (under-writers) ഗവേഷണസ്ഥാപനങ്ങള്‍ നടത്തുന്നു.
അഗ്നിനിവാരണവും പ്രതിരോധവും തികഞ്ഞ സാങ്കേതികത കൈവരിച്ച് എന്‍ജിനീയറിങ് മേഖലയിലെ പ്രധാന പഠന ശാഖകളിലൊന്നായി മാറിയിരിക്കുന്നു. ലോകയുദ്ധങ്ങളുടെ കാലത്തെ വ്യാപകമായ ബോംബാക്രമണങ്ങളെതുടര്‍ന്ന് അത്യന്തം രൂക്ഷവും വിനാശകരവുമായ അഗ്നിബാധകളെ നേരിടുവാന്‍ മാനവസമൂഹം നിര്‍ബന്ധിതമായതാണ് അഗ്നിപ്രതിരോധ പ്രവിധികളുടേയും അതിലേറെ നിവാരണസംവിധാനങ്ങളുടേയും സാങ്കേതികമായ വളര്‍ച്ചയ്ക്ക് പ്രചോദകമായത്. ഇലക്ട്രിക്-ഇലക്ട്രോണിക വ്യവസായങ്ങളുടേയും ഖനനസമ്പ്രദായങ്ങള്‍, ഗതാഗത സംവിധാനം എന്നിവയുടേയും അഭൂതപൂര്‍വമായ പുരോഗതി അഗ്നിബാധപോലുള്ള ദുരന്തങ്ങളില്‍നിന്നുള്ള സുരക്ഷയും അവ ഒഴിവാക്കുന്നതിനുള്ള വഴികളും തേടുന്നതിന് പ്രേരകവുമായി. സുരക്ഷാവ്യവസ്ഥാപനം (safety management), സംഭവ്യമായ വിപത്തുകളേയും ചേതങ്ങളേയും മുന്‍കൂട്ടിക്കണ്ട് അവയ്ക്കെതിരായി മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തല്‍, ദുരന്തസാധ്യതകളെ ഒഴിവാക്കല്‍, വ്യവസായശാലകളിലും വാസ്തുനിര്‍മിതികളിലും സ്വീകരിക്കപ്പെടേണ്ട അഗ്നിനിവാരണ നിയന്ത്രണ ഉപാധികള്‍, ദുരന്തങ്ങളുണ്ടായാല്‍ അവയുടെ കാര്യകര്‍തൃത്വത്തിനുതകുന്ന ശാസ്ത്രീയ പ്രവിധികള്‍, കെമിക്കല്‍, പെട്രോകെമിക്കല്‍ വിഭാഗങ്ങളിലെ ഉത്പാദനശാലകളിലും ആഴമേറിയ ഖനികളിലും അഗ്നിബാധയിലൂടെയോ വിഷവാതകങ്ങളില്‍ നിന്നോ ഒക്കെ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ നിവാരണത്തിനും അവയില്‍നിന്നു സുരക്ഷനേടുന്നതിനുമുള്ള സാങ്കേതികമാര്‍ഗങ്ങള്‍ എന്നിവയെ സംബന്ധിച്ച പഠനത്തിനും, ഗവേഷണത്തിനുമാണ് സുരക്ഷാ അഗ്നിനിവാരണ എന്‍ജിനിയറിങ് (Safety & Fire Engineering) എന്ന ശാസ്ത്രശാഖ മുന്‍തൂക്കം നല്കുന്നത്.
പല നിലവാരത്തിലുള്ള അഗ്നിശമന പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിന് ഗവണ്‍മെന്റുകളും തൊഴില്‍ സംഘടനകളും മുന്‍കൈ എടുക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ 'ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഫയര്‍ എന്‍ജിനീയേഴ്സ്' (ബ്രിട്ടന്‍), 'സൊസൈറ്റി ഒഫ് ഫയര്‍ പ്രൊട്ടക്ഷന്‍ എന്‍ജിനിയേഴ്സ്' (യു.എസ്സും കാനഡയും) എന്നീ സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇന്ത്യന്‍ നാഷണല്‍ ഫയര്‍ സര്‍വീസ് കോളജ് (നാഗ്പൂര്‍) എന്ന സ്ഥാപനവും ഇത്തരത്തിലൊന്നാണ്. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഫയര്‍ സര്‍വീസ് ട്രെയിനിങ് സ്കൂളിനാണ് പ്രാമുഖ്യമുള്ളത്.
ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹായം ആവശ്യപ്പെടുന്നത് അഗ്നിശമനത്തിനു മാത്രമല്ല അഗ്നി പ്രതിരോധപ്രവര്‍ത്തനത്തിന്റെ രീതി പല അപകടസന്ധികള്‍ക്കും പ്രയുക്തമാക്കപ്പെടുന്നുണ്ട്. സന്നദ്ധഭടന്‍മാരുടെ പരിശീലനവും ഫയര്‍ഫോഴ്സ് വക ഉപകരണങ്ങളും പല പ്രതിസന്ധികള്‍ക്കും പ്രയോഗിക്കാവുന്നതാണ്. വെള്ളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തനത്തിനും തീവണ്ടിയപകടം, ബസ്സപകടം മുതലായവയെത്തുടര്‍ന്നുള്ള ആശ്വാസപ്രവര്‍ത്തനത്തിനും ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ നിന്നുചാടി ആത്മഹത്യ ചെയ്യാനുദ്യമിക്കുന്നവരെ രക്ഷിക്കുന്നതിനും എല്ലാം ഫയര്‍സര്‍വീസിന്റെ സഹായം ആവശ്യപ്പെടുന്ന പതിവുണ്ട്. അഗ്നിപ്രതിരോധപ്രവര്‍ത്തനം സമൂഹത്തിന്റെ സ്വരക്ഷാപ്രചോദനത്തിന്റെ പ്രതീകമായിത്തീര്‍ന്നിരിക്കുന്നു. നോ: സുരക്ഷാ അഗ്നിനിവാരണ എന്‍ജിനിയറിങ്
(കെ.ആര്‍. വാര്യര്‍, എന്‍.ജെ.കെ. നായര്‍)