This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→1935-ലെ നിയമവും അധികാര സ്വീകാരവും) |
Mksol (സംവാദം | സംഭാവനകള്‍) (→ഹരിപുര, ത്രിപുര സമ്മേളനങ്ങള്‍) |
||
വരി 151: | വരി 151: | ||
== ഹരിപുര, ത്രിപുര സമ്മേളനങ്ങള്‍ == | == ഹരിപുര, ത്രിപുര സമ്മേളനങ്ങള്‍ == | ||
[[ചിത്രം:Vol4p17_Gandhiji & Bose.jpg|thumb| മഹാത്മാഗാന്ധിയും നേതാജി സുഭാഷ് ചന്ദ്രബോസും]] | [[ചിത്രം:Vol4p17_Gandhiji & Bose.jpg|thumb| മഹാത്മാഗാന്ധിയും നേതാജി സുഭാഷ് ചന്ദ്രബോസും]] | ||
- | 1938- | + | 1938-ല്‍ ഹരിപുര കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി സുഭാഷ് ചന്ദ്രബോസ് തിരഞ്ഞെടുക്കപ്പെട്ടു. നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ ഒരു ആസൂത്രണസമിതി രൂപവത്‌കൃതമായത് ഇക്കാലത്താണ്. ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും പല നാട്ടുരാജ്യങ്ങളിലും ഉത്തരവാദഭരണത്തിനുവേണ്ടി സമരം ചെയ്യുന്ന ജനകീയസംഘടനകള്‍ രൂപംകൊണ്ടുതുടങ്ങി. മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതും പ്രവിശ്യകളിലെ മന്ത്രിസഭാരൂപവത്‌കരണത്തിനു ശേഷമാണ്. തിരുവിതാംകൂര്‍, മൈസൂര്‍ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ ഉത്തരവാദഭരണപ്രക്ഷോഭണങ്ങള്‍ ആരംഭിച്ചത് 1938-ലാണ്. 1939-ലെ ത്രിപുര കോണ്‍ഗ്രസ്സില്‍ അധ്യക്ഷപദത്തിന് സുഭാഷ്‌ചന്ദ്രബോസും പട്ടാഭി സീതാരാമയ്യയും തമ്മില്‍ മത്സരം നടന്നു. മൗലാനാ അബ്‌ദുല്‍കലാം ആസാദ് അധ്യക്ഷനാകണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത്; എന്നാല്‍ അദ്ദേഹം സ്ഥാനാര്‍ഥിയാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പട്ടാഭി സീതാരാമയ്യ ഗാന്ധിജിയുടെ ആശിസ്സുകളോടെ സ്ഥാനാര്‍ഥിയായി. തിരഞ്ഞെടുപ്പില്‍ സുഭാഷ് ചന്ദ്രബോസ് വിജയിച്ചു. പട്ടാഭിയുടെ പരാജയം തന്റെ പരാജയമായിട്ടാണ് ഗാന്ധിജി ഗണിച്ചത്. ഇതിന്റെ പ്രതികരണമെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുയായികളായ പട്ടേല്‍, രാജേന്ദ്രപ്രസാദ്, മൗലാനാ ആസാദ് എന്നിവര്‍ പ്രവര്‍ത്തകസമിതിയംഗത്വം രാജിവച്ചു. ബ്രിട്ടീഷുകാര്‍ക്ക് ആറുമാസത്തെ കാലാവധി വച്ച് അന്ത്യശാസനം നല്‌കണമെന്നും ആ കാലാവധി കഴിഞ്ഞ് സിവില്‍ നിയമലംഘനം രാജ്യമൊട്ടാകെ സംഘടിപ്പിക്കണമെന്നുമുള്ള ബോസിന്റെ നിര്‍ദേശം ഗാന്ധിജിക്ക് സ്വീകാര്യമായിരുന്നില്ല; ബോസ് സന്നിഹിതനാകാതിരുന്ന രണ്ടാം ദിവസത്തെ സമ്മേളനം ഗാന്ധിജിയുടെ നയപരിപാടികളെ അംഗീകരിച്ചു പ്രമേയം പാസ്സാക്കുകയാണ് ചെയ്‌തത്. സമ്മേളനം കഴിഞ്ഞ് ബോസ് ഗാന്ധിജിയെ കണ്ടെങ്കിലും അവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസം വളരെ ആഴത്തിലുള്ളതായിരുന്നു. ബോസ് അധ്യക്ഷപദം രാജിവയ്‌ക്കുകയും ഫോര്‍വേഡ് ബ്ലോക്ക് എന്ന ഒരു പുതിയ കക്ഷി രൂപവത്‌കരിക്കുകയും ചെയ്‌തു. ബോസിനു പകരം രാജേന്ദ്രപ്രസാദ് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. |
== കോണ്‍ഗ്രസ്സും രണ്ടാം ലോകയുദ്ധവും == | == കോണ്‍ഗ്രസ്സും രണ്ടാം ലോകയുദ്ധവും == |
06:44, 4 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്‌ട്രീയകക്ഷി. ലോകത്തെ ഏറ്റവും പഴക്കംചെന്ന രാഷ്‌ട്രീയപ്രസ്ഥാനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രം ഇന്ത്യയിലെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ദേശീയ വിമോചനപോരാട്ടത്തിന്റെ മുഖ്യ ഉപാധികളെന്ന നിലയില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണം, നിരാഹാരം, നിയമനിഷേധം തുടങ്ങിയ നൂതന സമരരീതികള്‍ ലോകചരിത്രത്തില്‍ ആദ്യമായി വിജയകരമായി പ്രയോഗിച്ചത് കോണ്‍ഗ്രസ്സായിരുന്നു. ആറു പതിറ്റാണ്ടുകാലത്തെ സ്വതന്ത്ര ഇന്ത്യയുടെ ഭരണചരിത്രത്തില്‍, ഏറ്റവുമധികംകാലം കേന്ദ്രത്തില്‍ അധികാരത്തിലിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഒരു പരിധിവരെ ആധുനിക ഇന്ത്യയുടെ ചരിത്രവുമായി കോണ്‍ഗ്രസ് ചരിത്രം ബന്ധപ്പെട്ടുകിടക്കുന്നു.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് ദേശീയതയുടെ മാനം നല്‍കിയത്, രാഷ്‌ട്രീയ നയങ്ങള്‍ക്ക് സമവായം നേടിയെടുക്കല്‍, ജനാധിപത്യ ഭരണവ്യവസ്ഥയുടെ രൂപീകരണം, ബഹുലവും വിപുലവുമായ ഒരു പാര്‍ട്ടിയുടെ സംഘാടനം, ഭിന്നസ്വഭാവമുള്ള വിവിധ സാമൂഹിക ഘടകങ്ങളുടെ ഉള്‍ക്കൊള്ളല്‍, ഭരണപങ്കാളിത്തം തുടങ്ങിയവ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രപഥത്തിലെ സവിശേഷ ഘട്ടങ്ങളാണ്.
പശ്ചാത്തലം
19-ാം ശതകത്തിന്റെ പ്രാരംഭദശകങ്ങള്‍ മുതല്‍തന്നെ ബ്രിട്ടീഷുകാരില്‍നിന്നുള്ള വിമോചനത്തിനുവേണ്ടി-ചിലപ്പോള്‍ ഭരണാധികാരത്തില്‍ കൂടുതല്‍ പങ്കാളിത്തത്തിനുവേണ്ടിയും-അത്രതന്നെ സുസംഘടിതമല്ലാത്ത നിരവധി പ്രാദേശിക പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ തെക്കേഅറ്റത്ത് വേലുത്തമ്പിദളവയുടെയും കേരളവര്‍മ പഴശ്ശി രാജാവിന്റെയും നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളും, പടിഞ്ഞാറ് പഞ്ചാബ് മുതല്‍ കിഴക്ക് ബര്‍മാ അതിര്‍ത്തിവരെ വ്യാപിച്ച സ്വാതന്ത്ര്യ വാഞ്‌ഛാ സ്‌ഫോടനങ്ങളും 1857-ലെ സ്വാതന്ത്ര്യസമരവും മറ്റും സൈനികശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തപ്പെടുകയുണ്ടായി. ഈ രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ക്കു സമാന്തരമായി ഓരോ കാലത്ത് രൂപംകൊണ്ട ഗൗഢീയസമാജം (1823), ബ്രഹ്മസമാജം (1828), ധര്‍മസഭ (1830), ബ്രിട്ടീഷ് ഇന്ത്യാ സൊസൈറ്റി (1843), ദേശഹിതൈഷിണിസഭ (1841), ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍ (1851), ഡക്കാണ്‍ അസോസിയേഷന്‍ (1852), സാര്‍വജനിക്‌സഭ (1870), ആര്യസമാജ് (1875) തുടങ്ങിയ സംഘടനകളും, രാജാറാംമോഹന്‍ റോയ്, ദ്വാരകാനാഥടാഗൂര്‍, രാമഗോപാലഘോഷ്, ജാംഷെഡ്‌ജി ജീജിഭായ്, ജഗന്നാഥശങ്കര്‍ സേഠ്, ദാദാബായ് നവറോജി, ആനന്ദമോഹന്‍ ബോസ്, സുരേന്ദ്രനാഥബാനര്‍ജി, മഹാദേവ് ഗോവിന്ദറാനഡേ, കെ.ടി. ടെലാങ് തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളും നേതാക്കളും വിദേശീയാധിപത്യത്തിനെതിരെ ഭാരതീയരുടെ ചേതനയെ ഉണര്‍ത്താന്‍ സാരമായ പങ്കുവഹിച്ചിട്ടുണ്ട്. ദേശീയവും ദേശാഭിമാനപരവുമായ ഭാരതീയ നവോത്ഥാനത്തിന് 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ രൂപം നല്‌കിയവരില്‍ എ.ഒ. ഹ്യൂം, വെഡര്‍ബണ്‍ തുടങ്ങിയ ഇംഗ്ലീഷുകാരും സാരമായ സംഭാവനകള്‍ ചെയ്‌തവരാണ്.
ഉദ്‌ഭവം
1876 മുതല്‍ 80 വരെ വൈസ്രോയിയായിരുന്ന ലിറ്റന്റെ പ്രതിലോമകരമായ നടപടികള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. വിദ്യാഭ്യാസപരമായ യോഗ്യതകള്‍ നേടിയ ഇന്ത്യാക്കാരെ സംബന്ധിച്ച് ഭരണത്തില്‍ പങ്കാളിത്തം ലഭിക്കുന്നതിനുള്ള ആദ്യത്തെ പടിയായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ (ഐ.സി.എസ്) പ്രവേശനം നേടുക എന്നത്. ഐ.സി.എസ്സിനു ചേരുന്ന ഇന്ത്യാക്കാരുടെ സംഖ്യ കുറയ്‌ക്കുന്നതിനുവേണ്ടി പരീക്ഷയ്‌ക്കു ചേരുന്നതിനുള്ള പ്രായപരിധി 21-ല്‍ നിന്നും 19 ആക്കി വെട്ടിക്കുറച്ച ലിറ്റന്റെ നടപടി ഇന്ത്യയില്‍ വന്‍ പ്രതിഷേധമുളവാക്കി. രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ പൊതുജനതാത്‌പര്യം വളര്‍ത്തുന്നതിനും പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനും മുഖ്യ ഉപകരണമായ നാട്ടുഭാഷാപത്രങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി ഇദ്ദേഹം ഭാഷാപത്രനിയമം പാസ്സാക്കിയതും കോളനി വാഴ്‌ചയോടുള്ള ജനങ്ങളുടെ വെറുപ്പ് തീവ്രമാക്കി. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുകവഴി യഥാര്‍ഥ പ്രതിപക്ഷമായി വര്‍ത്തിച്ച പത്രങ്ങളുടെ വായ്‌മൂടിക്കെട്ടിയ ഭാഷാപത്രനിയമം, ബ്രിട്ടീഷ് ഭരണത്തിന്റെ കൊളോണിയല്‍ സ്വഭാവം പുറത്തു കൊണ്ടുവന്നു. വിദേശഭരണത്തിനെതിരെ ജനങ്ങളില്‍ ഉറഞ്ഞുകൂടിയിരുന്ന അമര്‍ഷം പ്രക്ഷോഭത്തിന്റെ പാതയിലേക്കു നീങ്ങിയതിന് ലിറ്റന്‍ പ്രഭുവിന് വലിയൊരുപങ്കുണ്ട്.
ലിറ്റനുശേഷം വൈസ്രോയി ആയ (1880) റിപ്പണ്‍ പ്രഭു ഒരു ലിബറല്‍ ചിന്താഗതിക്കാരനായിരുന്നു. അദ്ദേഹം ആവിഷ്‌കരിച്ച തദ്ദേശീയസ്വയംഭരണപദ്ധതി ഇന്ത്യന്‍ നേതാക്കള്‍ സ്വാഗതം ചെയ്‌തു. ഭാഷാപത്രനിയമം പിന്‍വലിച്ചതും ഇന്ത്യന്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് യൂറോപ്യന്‍ പ്രജകളെ വിസ്‌തരിക്കാന്‍ അനുമതികൊടുക്കുന്ന ഇല്‍ബര്‍ട്ട് ബില്‍ അവതരിപ്പിച്ചതും (1883) റിപ്പണിന്റെ പുരോഗമനപരമായ ചിന്താഗതിക്ക് ഉദാഹരണങ്ങളാണ്. ഇല്‍ബര്‍ട്ട് ബില്ലിന്റെ അവതരണത്തെ ഇന്ത്യയിലെ യൂറോപ്യന്‍ സമൂഹം എതിര്‍ത്തതുകൊണ്ട് അത് നിയമസഭയില്‍ അതേപടി അവതരിപ്പിക്കാന്‍ സാധിച്ചില്ല.
യൂറോപ്യരുടെ ഇല്‍ബര്‍ട്ട് ബില്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ വിജയത്തിനു പിന്നില്‍ അവരുടെ കൂട്ടായ്‌മയാണ് എന്ന തിരിച്ചറിവ്, സംഘടിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തി. ജനങ്ങളുടെ രാഷ്‌ട്രീയ പ്രബുദ്ധതയുടെ പ്രതീകങ്ങളായി നിരവധി സംഘടനകളുണ്ടായിരുന്നെങ്കിലും വിശാലമായ രാഷ്‌ട്രീയലക്ഷ്യങ്ങളോടു കൂടിയ അഖിലേന്ത്യാ സംഘടന എന്ന ആശയത്തിന് മൂര്‍ത്തമായ രൂപം നല്‌കിയത് എ.ഒ. ഹ്യൂം എന്ന ഇംഗ്ലീഷുകാരനായിരുന്നു. ഇന്ത്യയിലെ സമുന്നത വ്യക്തികളുമായി കൂടിക്കാഴ്‌ചകള്‍ നടത്തിയ ഹ്യൂം അവരുടെ സഹകരണത്തോടെ സംഘടനയുടെ ഒരു ദേശീയ സമ്മേളനം പൂണെയില്‍ വച്ചു നടത്താനും സംഘടനയുടെ പേര് കോണ്‍ഗ്രസ് എന്നാക്കാനും തീരുമാനിച്ചു. അഖിലേന്ത്യാതലത്തില്‍ ഇന്ത്യന്‍ ദേശീയതയുടെ ആദ്യത്തെ സംഘടിത രൂപമായിരുന്നു കോണ്‍ഗ്രസ്. പൂണെ നഗരത്തില്‍ കോളറ വ്യാപിച്ചതുകൊണ്ട് ബോംബെയിലാണ് കോണ്‍ഗ്രസ് കൂടിയത്. 1885 ഡി. 28-ന് ബോംബെയിലെ ഗോകുലദാസ് തേജ്‌പാല്‍ സംസ്‌കൃതകോളജിന്റെയും ട്രസ്റ്റിന്റെയും കെട്ടിടങ്ങളില്‍വച്ച് കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനം ആരംഭിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 72 പേര്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ വച്ച് ഡബ്ല്യു.സി. ബാനര്‍ജി കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ ഐക്യത്തിന്റെയും ദേശീയതയുടെയും ചിന്ത ഇന്ത്യാക്കാരില്‍ വളര്‍ത്തുക, ജനങ്ങളുടെ പൊതു ആവശ്യങ്ങള്‍ ഗവണ്‍മെന്റിനു മുമ്പാകെ അവതരിപ്പിക്കുക എന്നിവയായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. അധ്യക്ഷ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ പ്രസിഡന്റ് കോണ്‍ഗ്രസ്സിനെ ഇന്ത്യയുടെ ദേശീയ അസംബ്ലിയെന്നാണ് വിശേഷിപ്പിച്ചത്. എക്കാലവും ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം തുടരണമെന്ന് തീവ്രമായ ആഗ്രഹമാണ് കോണ്‍ഗ്രസ്സുകാര്‍ക്കുള്ളതെന്നും രാഷ്‌ട്രീയാധികാരത്തില്‍ ഒരു പങ്ക് കിട്ടണമെന്ന ലക്ഷ്യത്തിനായാണ് അവര്‍ പ്രയ്‌തനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനം പാസ്സാക്കിയ പ്രമേയങ്ങളില്‍ ഇന്ത്യയിലെ ഭരണത്തെപ്പറ്റി പഠിക്കുവാന്‍ ഒരു റോയല്‍ക്കമ്മിഷന്‍ ഏര്‍പ്പെടുത്തുക, സെക്രട്ടറി ഒഫ് സ്റ്റേറ്റിന്റെ കൗണ്‍സില്‍ നിര്‍ത്തലാക്കുക, നിയമസഭകളിലേക്ക് ഇന്ത്യാക്കാരെ തിരഞ്ഞെടുക്കുന്നതിന് ഉതകുന്ന വിധത്തില്‍ അവയുടെ ഘടന പരിഷ്‌കരിക്കുക, ഐ.സി.എസ്സിലേക്കുള്ള മത്സരപ്പരീക്ഷകള്‍ ഇന്ത്യയിലും ഇംഗ്ലണ്ടിലും ഒരേസമയം നടത്തുക എന്നിവ പ്രത്യേക ശ്രദ്ധ നേടി. പ്രാദേശിക-ജാതി-മതവികാരങ്ങള്‍ക്ക് അതീതമായി ഇന്ത്യാക്കാരെ ഒന്നിപ്പിച്ച് അവരില്‍ ദേശീയ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി നടത്തുവാനും പ്രഥമ സമ്മേളനം തീരുമാനിച്ചു.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ച് ചേര്‍ന്ന് രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള ഒരു പൊതു വേദി ഉണ്ടാക്കുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ മറ്റൊരു പ്രധാനലക്ഷ്യം. ജനാധിപത്യാടിത്തറയില്‍ പാര്‍ലമെന്ററി രൂപത്തിലാണ് തുടക്കം മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യ രീതിയില്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, വോട്ടെടുപ്പ് എന്നിവയിലൂടെയാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. അങ്ങനെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുത്തന്‍ പ്രവണതകള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു.
ആരംഭകാലത്ത് ആഢ്യവര്‍ഗത്തിന്റെ കൂട്ടായ്‌മയായി നിലകൊണ്ടു എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനപരമായ ദൗര്‍ബല്യം. മുസ്‌ലിം ജനസാമാന്യത്തെ ആകര്‍ഷിക്കാന്‍ കഴിയാത്തതും മറ്റൊരു ന്യൂനതയായി വിലയിരുത്തപ്പെട്ടു. കോണ്‍ഗ്രസ്സിനെതിരെ അതിശക്തമായ വിമര്‍ശനമുയര്‍ത്തിയ സയ്യിദ് അഹമ്മദ്, മുസ്‌ലിങ്ങള്‍ കോണ്‍ഗ്രസ്സില്‍നിന്നും അകന്നു നില്‌ക്കേണ്ടതാണ് എന്ന് ആഹ്വാനം ചെയ്‌തു. മുസ്‌ലിം താത്‌പര്യത്തിനു എതിരായ മുഖ്യലക്ഷ്യങ്ങളുള്ള ഒരു ഹിന്ദുസംഘടനയാണ് കോണ്‍ഗ്രസ് എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയില്‍ പ്രാതിനിധ്യസ്വഭാവമുള്ള ജനാധിപത്യസര്‍ക്കാര്‍ വരുന്ന പക്ഷം, ഭൂരിപക്ഷക്കാര്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്‌ത്രത്തിന്റെ കാതല്‍. ഇതിനുള്ള മറുപടിയായി 1888-ലെ കോണ്‍ഗ്രസ് സമ്മേളനം, ഹിന്ദുക്കളുടെയോ മുസ്‌ലിങ്ങളുടെയോ മഹാഭൂരിപക്ഷത്തിന്റെ എതിര്‍പ്പിന് വിധേയമാകുന്ന ഒരു പ്രമേയവും പാസ്സാക്കരുതെന്ന നിയമം കൊണ്ടുവന്നു. മുസ്‌ലിങ്ങളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിമായ ബദറുദ്ദീന്‍ ത്യാബ്‌ജിയെ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും ഈ നീക്കങ്ങളൊന്നുംതന്നെ മുസ്‌ലിങ്ങളുടെ ആശങ്കകളെ ദൂരീകരിക്കുന്നതിന് ഫലപ്രദമായില്ല.
19-ാം ശതകത്തിന്റെ അന്ത്യത്തില്‍ കോണ്‍ഗ്രസ് പ്രധാനമായും ഗവണ്‍മെന്റ് നയങ്ങളുടെ വിമര്‍ശനത്തിലും ഭരണപരിഷ്‌കരണത്തിനുള്ള അവകാശവാദത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. 1892-ലെ കൗണ്‍സില്‍ നിയമം കോണ്‍ഗ്രസ്സിന്റെ നിവേദനങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു. നിയമസഭകളില്‍ ഇന്ത്യാക്കാര്‍ക്ക് പ്രാതിനിധ്യം നല്‌കിത്തുടങ്ങി. "രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംഘടന' എന്ന് മുദ്രചാര്‍ത്തപ്പെടാതിരിക്കാന്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കുമ്പോള്‍ മിതത്വവും അന്തസ്സും പാലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതേ സമയം രാജ്യദ്രോഹികളായ ശ്രീമാന്മാര്‍, കലാപകുതുകികളായ ബ്രാഹ്മണര്‍, അക്രമകാരികളായ വില്ലന്മാര്‍ എന്നീ വിശേഷണങ്ങളാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് നല്‌കിയത്.
മിതവാദികളും തീവ്രവാദികളും
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചൂഷക സ്വഭാവത്തെക്കുറിച്ച് ആദ്യകാല ദേശീയവാദികള്‍ ബോധവാന്മാരായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യയെ ആധുനികവത്‌കരിക്കാനുള്ള ഒരു ദൈവിക നിയോഗമായിട്ടാണ് അവര്‍ ബ്രിട്ടീഷ് ഭരണത്തെ കണ്ടത്. ബ്രിട്ടനുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന നിലപാട് സ്വീകരിച്ച ഇക്കൂട്ടര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ ആസ്റ്റ്രലിയ, കാനഡ എന്നീ കോളനികളെപ്പോലെ സ്വയംഭരണം വേണമെന്ന ആവശ്യം മാത്രമാണ് തുടക്കത്തില്‍ ഉന്നയിച്ചത്. ആദ്യകാല ദേശീയവാദികളുടെ രാഷ്‌ട്രീയ പ്രവര്‍ത്തനമാര്‍ഗങ്ങള്‍ അവര്‍ക്ക് മിതവാദികളെന്ന പേരു നേടിക്കൊടുത്തു. നിയമാനുസൃതമായ പ്രക്ഷോഭത്തില്‍ മാത്രമാണ് അവര്‍ വിശ്വസിച്ചത്. നിവേദനങ്ങളിലൂടെയും ഹര്‍ജികളിലൂടെയും ഗുണപരമായ ദിശയിലേക്കു ബ്രിട്ടീഷ് ഭരണത്തെ പരിവര്‍ത്തിപ്പിക്കാം എന്ന പ്രത്യാശയാണ് അവരെ മുന്നോട്ടുനയിച്ചത്. എന്നാല്‍ സൗജന്യങ്ങള്‍ക്കുവേണ്ടിയും ആവലാതികള്‍ പരിഹരിച്ചു കിട്ടുന്നതിനായും നടത്തിയ നിയമാനുസൃത പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ "അപ്പത്തിനുപകരം കല്ലാ'ണ് അവര്‍ക്കു ലഭിച്ചത്. വെറും നിവേദനങ്ങളും പ്രമേയങ്ങളും അധികാരികളില്‍ പരിവര്‍ത്തനമുണ്ടാക്കില്ലെന്ന് മിക്ക കോണ്‍ഗ്രസ്സുകാര്‍ക്കും ബോധ്യമായിത്തുടങ്ങി. 1903-ല്‍ മദ്രാസില്‍ നടന്ന കോണ്‍ഗ്രസ്സില്‍ ലാല്‍മോഹന്‍ഘോഷ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ മിതവാദി നേതൃത്വത്തെ വിമര്‍ശിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാര്‍ട്ടി നേതൃത്വം പരസ്യമായി വിമര്‍ശിക്കപ്പെട്ടത്. 1904-ല്‍ ബോംബെയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ സ്വയംഭരണാവകാശമുള്ള കോളനികളുടെ സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ത്തപ്പെടണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം എന്ന് സര്‍ ഹെന്‌റി കോട്ടന്‍ പ്രഖ്യാപിച്ചു. ലാഹോര്‍ കോണ്‍ഗ്രസ്സില്‍, പൂര്‍ണ സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ ലക്ഷ്യം എന്ന പ്രമേയം പാസ്സാക്കുന്നതുവരെ ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം. ഓരോ വര്‍ഷവും തങ്ങള്‍ ഗവണ്‍മെന്റിന് സമര്‍പ്പിക്കുന്ന വിനയാന്വിതമായ ഹര്‍ജികള്‍ ചവറ്റുകുട്ടയിലേക്ക് വീഴുന്നതുകണ്ട് മനംമടുത്ത കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം, സമാധാനപരമായ പ്രേരണകള്‍കൊണ്ട് കാര്യമില്ലെന്നും ധീരവും സമരോത്സുകവുമായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും സംഘടനയില്‍ വാദിച്ചു. തീവ്രവാദികള്‍ (Extremists)എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടത്. ബിപിന്‍ ചന്ദ്രപാല്‍, ബാലഗംഗാധര തിലക്, ലാലാ ലജ്‌പത് റായ് എന്നിവരായിരുന്നു തീവ്രവാദികള്‍ക്കിടയിലെ ഏറ്റവും സമുന്നതരായ നേതാക്കള്‍ (ലാല്‍, പാല്‍, ബാല്‍). 20-ാം ശതകത്തിന്റെ തുടക്കത്തോടെ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമായി. "കോണ്‍ഗ്രസ് അന്ത്യശ്വാസം വലിച്ചു തുടങ്ങിയിരിക്കുന്നു. തികച്ചും സമാധാനപൂര്‍ണമായ ഒരു മരണത്തിലേക്ക് അതിനെ ആനയിക്കുക എന്നത് എന്റെ വലിയ അഭിലാഷങ്ങളിലൊന്നാണ് " എന്ന് വൈസ്രോയി കഴ്‌സണ്‍ പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ മൃതപ്രായമായി എന്ന് കഴ്‌സണ്‍ വിലയിരുത്തിയ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിച്ചതും അദ്ദേഹത്തിന്റെ നയങ്ങളായിരുന്നു എന്നത് ചരിത്രത്തിലെ വിരുദ്ധോക്തിയായി മാറി. പ്രാദേശിക സ്വയംഭരണം, വിദ്യാഭ്യാസ സ്വയംഭരണം, പത്രസ്വാതന്ത്ര്യം എന്നിവയെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ നിയമ നിര്‍മാണമായിരുന്നു (legislations) കൂടുതല്‍ വിപ്ലവകരമായ രാഷ്‌ട്രീയത്തെക്കുറിച്ച് ചിന്തിക്കാന്‍ ദേശീയവാദികളെ പ്രേരിപ്പിച്ചത്. കല്‍ക്കത്ത കോര്‍പ്പറേഷനിലെ ഇന്ത്യാക്കാരുടെ എണ്ണം കുറച്ചതും, ഇന്ത്യന്‍ സര്‍വകലാശാലകളുടെ മേലുള്ള ഔദ്യോഗിക നിയന്ത്രണം കര്‍ശനമാക്കിയതും, പത്രസ്വാതന്ത്ര്യം നിയന്ത്രിതമാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്‌റ്റ് പാസ്സാക്കിയതും ജനങ്ങളുടെ രാഷ്‌ട്രീയ അവകാശങ്ങള്‍ക്കുമേലുള്ള ആക്രമണമായിട്ടാണ് ഇന്ത്യാക്കാര്‍ കണ്ടത്. ഈ പരമ്പരയില്‍ അവസാനമായി വന്ന ബംഗാള്‍ വിഭജന പദ്ധതി ഇന്ത്യയിലെ സമരോത്സുക ദേശീയതയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതായിരുന്നു വിഭജനത്തിന്റെ പ്രഖ്യാപിതലക്ഷ്യമെങ്കിലും, ബ്രിട്ടീഷ് ഭരണത്തിന്റെ ശക്തമായ എതിരാളികളായ ബംഗാളികളെ ഭിന്നിപ്പിക്കുക എന്ന ഗൂഢലക്ഷ്യവും, വിഭജനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു (നോ. ബംഗാള്‍ വിഭജനം). ബംഗാളിനെ വിഭജിക്കാനുള്ള കഴ്‌സണിന്റെ തീരുമാനം അവിടെ പ്രതിഷേധത്തിന്റെ വേലിയേറ്റമുളവാക്കി. ഹര്‍ജികള്‍, നിവേദനങ്ങള്‍, പ്രസംഗങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയ മിതമായ പരിപാടികളെയാണ് ബംഗാള്‍ വിഭജനം റദ്ദാക്കുന്നതിനായി കോണ്‍ഗ്രസ്സുകാര്‍ ആരംഭത്തില്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ സമ്മര്‍ദമുറകളെ നിരാകരിച്ചുകൊണ്ടു വിഭജന പദ്ധതിയുമായി കഴ്‌സണ്‍ മുന്നോട്ടുപോയത് കൂടുതല്‍ തീക്ഷ്‌ണമായ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി. വിഭജനത്തിനെതിരെയുള്ള സമരായുധമായി ബഹിഷ്‌കരണം എന്ന ആശയം ബംഗാളില്‍ ആദ്യമായി അവതരിപ്പിച്ചത് ലാല്‍ മോഹന്‍ ഘോഷാണ്. വിദേശ ഉത്‌പന്ന ബഹിഷ്‌കരണം മുഖ്യ പരിപാടിയായ സ്വദേശി പ്രസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് 1905 ആഗസ്റ്റ് 7-ന് കല്‍ക്കത്ത ടൗണ്‍ ഹാളില്‍ ചേര്‍ന്ന ഒരു യോഗത്തില്‍വച്ചായിരുന്നു. സ്വദേശി-ബഹിഷ്‌കരണ നയങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമായി മിതവാദികളും രംഗത്തുണ്ടായിരുന്നെങ്കിലും അതു ബംഗാളില്‍ മാത്രം ഒതുങ്ങിനില്‌ക്കണം എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അനീതിക്ക് എതിരെ പോരാടുന്നതിനുള്ള ഒരു പ്രത്യേക നടപടിയായിട്ടാണ് സുരേന്ദ്രനാഥബാനര്‍ജി ബഹിഷ്‌കരണത്തെ കണ്ടത്. വിഭജനം റദ്ദാക്കപ്പെടുന്നതോടെ ബഹിഷ്‌കരണവും അവസാനിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ വിഭജനത്തെ ചെറുക്കുക എന്ന ഏറ്റവും ചെറുതും സങ്കുചിതവുമായ രാഷ്‌ട്രീയ ലക്ഷ്യത്തില്‍ ഒതുങ്ങാന്‍ തീവ്രവാദികള്‍ തയ്യാറായില്ല. സ്വരാജ് എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവരെ സംബന്ധിച്ച് ബംഗാള്‍ വിഭജനമെന്ന പ്രശ്‌നം രണ്ടാംസ്ഥാനത്താവുകയും "സ്വരാജ്' ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ മുഖ്യ ലക്ഷ്യമാവുകയും ചെയ്‌തു.
'സ്വരാജ്' എന്ന ലക്ഷ്യം
വ്യത്യസ്‌ത രീതികളിലാണ് തീവ്രവാദികള്‍ സ്വരാജിന് വ്യാഖ്യാനം നല്‌കിയത്.
ബ്രിട്ടനുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ രാജ്യത്തെ ഭരണം പൂര്‍ണമായും ഇന്ത്യാക്കാരില്‍ നിക്ഷിപ്‌തമാക്കുക എന്നതായിരുന്നു "സ്വരാജി'ലൂടെ തിലക് ലക്ഷ്യമാക്കിയത്. എന്നാല്‍ ബ്രിട്ടനില്‍ നിന്നുള്ള പൂര്‍ണസ്വാതന്ത്ര്യം- എന്നാണ് "സ്വരാജിന്' ബിപിന്‍ ചന്ദ്രപാലും ഘോഷും നല്‍കിയ വ്യാഖ്യാനം. സ്വയംഭരണം എന്ന നിലയിലാണ് പൊതുവേ സ്വരാജ് വിവക്ഷിക്കപ്പെട്ടത്. സ്വരാജ് എന്ന ലക്ഷ്യത്തിനായി ബഹിഷ്‌കരണത്തോടൊപ്പം സൗമ്യമായ പ്രതിരോധത്തിനും തീവ്രവാദികള്‍ ആഹ്വാനം നല്‍കി. ഗവണ്‍മെന്റ് ഉദ്യോഗങ്ങള്‍, കോടതികള്‍, ഗവണ്‍മെന്റ് വിദ്യാലയങ്ങള്‍, ലെജിസ്ലേറ്റീവ് കൗണ്‍സിലുകള്‍ എന്നിവ ബഹിഷ്‌കരിച്ചുകൊണ്ട് ഭരണം അസാധ്യമാക്കാനും അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഉദാരവാദിയായ മോര്‍ലി സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആയി നിയമിക്കപ്പെട്ടത് മിതവാദികളില്‍ പ്രത്യാശയുളവാക്കി. മോര്‍ലിയുടെ രാഷ്‌ട്രീയ ഇടപെടലുകള്‍ ഇന്ത്യാക്കാര്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ കരുതി. എന്നാല്‍ ബംഗാള്‍ വിഭജനം റദ്ദാക്കാന്‍ ഇദ്ദേഹം വിസമ്മതിച്ചത് അവര്‍ക്ക് തിരിച്ചടിയായി. മിതവാദികളും തീവ്രവാദികളും തമ്മിലുള്ള ആശയപരമായ അകലം വര്‍ധിച്ചതോടെ കോണ്‍ഗ്രസ്സിന്റെ നേതൃത്വം മിതവാദികളില്‍നിന്നും പിടിച്ചെടുക്കണമെന്ന അഭിപ്രായം തീവ്രവാദികളില്‍ പ്രബലമായി. ഈ പശ്ചാത്തലത്തില്‍ സമ്മേളിച്ച 22-ാമത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ തിലകിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുവാനുള്ള തീവ്രവാദികളുടെ പദ്ധതിയെ നയപരമായി പ്രതിരോധിക്കുവാന്‍ മിതവാദികള്‍ക്കു കഴിഞ്ഞു; പ്രസിഡന്റ് സ്ഥാനത്തേക്കു മിതവാദികള്‍ നിര്‍ദേശം ചെയ്‌ത വന്ദ്യവയോധികനായ നവറോജിയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാന്‍ തീവ്രവാദികള്‍ വിമുഖത കാട്ടിയത് മിതവാദികള്‍ക്കു തുണയായി. ദാദാഭായ് നവറോജിയുടെ അധ്യക്ഷതയില്‍ നടന്ന ഈ സമ്മേളനത്തില്‍വച്ച് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം സ്വരാജ് ആണെന്ന് പ്രഖ്യാപിക്കപ്പെട്ടു (1906). 'സ്വരാജ്' എന്ന പദം ആദ്യമായി കോണ്‍ഗ്രസ്സില്‍ പരാമര്‍ശിക്കപ്പെട്ടത് ഈ സമ്മേളനത്തില്‍ വച്ചാണ്; എന്നാല്‍ "സ്വരാജിന്' നല്‌കപ്പെട്ട അവ്യക്തമായ നിര്‍വചനം തീവ്രവാദികളും മിതവാദികളും തമ്മിലുള്ള അകലം വര്‍ധിക്കുന്നതിനു പ്രധാന കാരണമായി.
1907-ലെ സൂറത്ത് സമ്മേളനത്തില്‍ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള മത്സരം മൂര്‍ധന്യാവസ്ഥയിലെത്തി. ലജ്‌പത്‌റായിയെ അധ്യക്ഷനാക്കണമെന്ന നിലപാടാണ് തീവ്രവാദികള്‍ ഈ സമ്മേളനത്തില്‍ സ്വീകരിച്ചത്. രാഷ്‌ബിഹാരീഘോഷിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു മിതവാദികള്‍ നിര്‍ദേശിച്ചത്. ലജ്‌പത്‌റായി മത്സരിക്കാന്‍ വിസമ്മതിച്ചെങ്കിലും തീവ്രവാദികള്‍ ഘോഷിന്റെ നോമിനേഷന്‍ എതിര്‍ക്കുകയുണ്ടായി. തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ ഫലമായി പൊലീസിനെ വിളിക്കുകയും ഇരുപത്തിമൂന്നാമത്തെ കോണ്‍ഗ്രസ് സമ്മേളനം ബഹളത്തിനിടയില്‍ പിരിയുകയും ചെയ്‌തു. മിതവാദികളും തീവ്രവാദികളും ഇതിനുശേഷം പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ചുകൂട്ടുകയും കോണ്‍ഗ്രസ് പിളരുകയും ചെയ്‌തു. തികച്ചും വ്യവസ്ഥാപിതമായ രീതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍നിന്നുകൊണ്ട് സ്വയംഭരണത്തിനുവേണ്ടി പരിശ്രമിക്കുവാനാണ് മിതവാദികള്‍ ആഗ്രഹിച്ചത്; എന്നാല്‍ തീവ്രവാദികള്‍ സ്വദേശി, ബഹിഷ്‌കരണം, ദേശീയ വിദ്യാഭ്യാസം, സ്വയംഭരണം എന്നീ ലക്ഷ്യങ്ങളെയാണ് ഉയര്‍ത്തിപ്പിടിച്ചത്.
കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് ദേശീയ പ്രസ്ഥാനത്തിന് ആഘാതമാവുമെന്ന് തിരിച്ചറിഞ്ഞ തിലക്, ഐക്യം പുനഃസ്ഥാപിക്കുവാന്‍ ശ്രമിച്ചെങ്കിലും, തീവ്രവാദികളെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കാനുള്ള നിലപാടില്‍ ഫിറോസ് ഷാ മേത്ത ഉറച്ചു നില്‍ക്കുകയാണുണ്ടായത്. "കോണ്‍ഗ്രസ്സുമായുള്ള തീവ്രവാദികളുടെ ബന്ധം, ആരോഗ്യപൂര്‍ണമായ ശരീരത്തെ കാര്‍ന്നുതിന്നുന്ന വ്രണബാധിതമായ അവയവം പോലെയാണ്. ഒരേയൊരു പരിഹാരം ശസ്‌ത്രക്രിയയിലൂടെയുള്ള മുറിച്ചുമാറ്റല്‍ മാത്രമാണ്. അങ്ങനെ മാത്രമേ കോണ്‍ഗ്രസ്സിന് ദൂഷിതരക്തംമൂലമുള്ള മരണം ഒഴിവാക്കാനാവൂ" എന്നാണ് മിതവാദിയായ എച്ച്.എ. വാഡ്യ പ്രതികരിച്ചത്. ഭിന്നിപ്പിന്റെ ഫലമായി ദേശീയപ്രസ്ഥാനം മൊത്തത്തില്‍ പിന്നോട്ടടിക്കപ്പെട്ടു. തീവ്രവാദികള്‍ ശിഥിലീകരിക്കപ്പെട്ടു. ആത്മാവ് നഷ്‌ടപ്പെട്ട ഒരു ചങ്ങാതിക്കൂട്ടമായി അധഃപതിച്ച കോണ്‍ഗ്രസ്സിലെ ഭൂരിഭാഗം മിതവാദി നേതാക്കളും താന്താങ്ങളുടെ മേഖലകളിലേക്ക് ഉള്‍വലിഞ്ഞു.
മിതവാദികള്‍ മാത്രം പങ്കെടുത്ത 1908-ലെ കോണ്‍ഗ്രസ് ബ്രിട്ടീഷ്‌രാജിനോട് കൂറ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും 1909-ലെ മിന്റോ-മോര്‍ലി പരിഷ്‌കാരങ്ങളെ ഇച്ഛാഭംഗത്തോടെയാണെങ്കിലും സ്വാഗതം ചെയ്യുകയും ചെയ്‌തു. മിന്റോയ്‌ക്കുശേഷം വൈസ്രോയിയായിവന്ന ഹാര്‍ഡിന്‍ജ് പ്രഭുവിന്റെ (1910) നയപരിപാടികള്‍ മിതവാദികള്‍ക്ക് തൃപ്‌തി ഉളവാക്കത്തക്കവയായിരുന്നു. 1911-ല്‍ ഡല്‍ഹിയില്‍ നടന്ന ഡര്‍ബാറില്‍ ബ്രിട്ടീഷ് രാജാവും രാജ്ഞിയും സംബന്ധിക്കുകയും ബംഗാളിന്റെ വിഭജനം റദ്ദാക്കുകയും ചെയ്‌തു. ഇതെല്ലാം മിതവാദികള്‍ തങ്ങളുടെ വിജയമാണെന്ന് അവകാശപ്പെട്ടു.
ആനിബസന്റിന്റെ മധ്യസ്ഥശ്രമങ്ങളുടെ ഫലമായി തിലകിനെയും മറ്റു തീവ്രവാദികളെയും കോണ്‍ഗ്രസ്സിലേക്കു തിരികെ ക്കൊണ്ടുവരാന്‍ 1915-ലെ കോണ്‍ഗ്രസ്സില്‍ തീരുമാനമായി.
ലോകയുദ്ധം, പ്രമുഖരായ മിതവാദിനേതാക്കന്മാരുടെ നിര്യാണം, ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്തേക്കുള്ള ആനിബസന്റിന്റെയും ഗാന്ധിജിയുടെയും പ്രവേശനം തുടങ്ങിയവയുടെ ഫലമായി മിതവാദികളുടെ ശക്തി ക്ഷയിച്ചുതുടങ്ങി. 1916 മുതല്‍ കോണ്‍ഗ്രസ് തീവ്രവാദികളുടെ നേതൃത്വത്തിലായി. 1917-ല്‍ ആനിബസന്റ് ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു; ഹോംറൂള്‍ ലീഗ് എന്ന ഒരു സംഘടനയും സ്ഥാപിച്ചു. അവരെ അറസ്റ്റുചെയ്‌തത് (1917 ജൂണ്‍) വമ്പിച്ച പ്രതിഷേധപ്രകടനങ്ങള്‍ക്ക് കാരണമായി. 1917-ലെ കല്‍ക്കത്താ കോണ്‍ഗ്രസ് ആനിബസന്റിന്റെ അധ്യക്ഷതയിലാണ് സമ്മേളിച്ചത്. ബാലഗംഗാധരതിലക്, ഗാന്ധിജി, സി.ആര്‍. ദാസ് എന്നിവരാണ് ഇക്കാലത്ത് കോണ്‍ഗ്രസ്സിന് നേതൃത്വം കൊടുത്തത്.
മഹാത്മാഗാന്ധിയുടെ ആഗമനം
ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയപ്പോള്‍ ഗാന്ധിജി ഇന്ത്യയിലെ നിരവധി നേതാക്കന്മാരില്‍ ഒരാള്‍ മാത്രമായിരുന്നു; തിലക്, ലജ്‌പത്‌റായി, ആനിബസന്റ് എന്നിവരെല്ലാം അന്ന് നേതൃനിരയിലെ മുന്‍നിരക്കാരായിരുന്നു; എന്നാല്‍ 1919-ല്‍ ഗാന്ധിജി ഇന്ത്യന്‍ ദേശീയത്വത്തിന്റെ ഏറ്റവും പ്രമുഖനായ നേതാവായിത്തീര്‍ന്നു. ആ വര്‍ഷത്തില്‍ പൗരസ്വാതന്ത്ര്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള റൗലറ്റ് നിയമങ്ങള്‍ക്ക് എതിരായി സത്യഗ്രഹം ആരംഭിക്കാന്‍ ഗാന്ധിജി നിര്‍ദേശിച്ചു. ഈ സത്യഗ്രഹവും ഹര്‍ത്താലും ബ്രിട്ടീഷ് ഭരണത്തിന് എതിരായ ആദ്യത്തെ വമ്പിച്ച ദേശീയ പ്രകടനമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഏപ്രിലില്‍ 13-ന് ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല നടന്നത്. നിരോധനം ലംഘിച്ച് യോഗം നടത്തിയ ആള്‍ക്കൂട്ടത്തിന്റെനേരെ ഒരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായ ജനറല്‍ ഡയറുടെ നേതൃത്വത്തിലുള്ള പട്ടാളം മുന്നറിയിപ്പില്ലാതെ തുരുതുരാ വെടിവയ്‌ക്കുകയായിരുന്നു. കോണ്‍ഗ്രസ് നിയമിച്ച ഒരു കമ്മിറ്റിയുടെ കണക്കനുസരിച്ച് അറുനൂറില്‍പ്പരം പേര്‍ മരിക്കുകയും അനേകം ആളുകള്‍ക്ക് പരിക്കുപറ്റുകയും ചെയ്‌തു. ഇന്ത്യയിലെ ജനങ്ങളെ ആകമാനം ഞെട്ടിച്ച സംഭവമായിരുന്നു ഇത്.
ഖിലാഫത്ത് പ്രസ്ഥാനം
ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തുന്നതിലും തുര്‍ക്കി സാമ്രാജ്യം ഛിന്നഭിന്നമാക്കുന്നതിലും ബ്രിട്ടന്‍ വഹിച്ച പങ്ക് മുസ്‌ലിം മത വികാരത്തെ വ്രണിതമാക്കി. ഈ സാഹചര്യത്തില്‍ അലി സഹോദരന്മാര്‍ സംഘടിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന് ഗാന്ധിജി പൂര്‍ണ പിന്തുണ നല്‌കി. ജാലിയന്‍വാലാബാഗ് സംഭവം, ഖിലാഫത്ത്‌പ്രശ്‌നം എന്നിവയെ ആധാരമാക്കി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ആരംഭിച്ച അക്രമരഹിത നിസ്സഹകരണ പരിപാടി ബ്രിട്ടീഷ് ഭരണത്തിനെതിരെ അഖിലേന്ത്യാതലത്തില്‍ ഉയര്‍ന്നുവന്ന ആദ്യത്തെ ബഹുജനപ്രസ്ഥാനമായിമാറി. കോടതി ബഹിഷ്‌കരണം, വിദേശവസ്‌ത്രദഹനം, തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം, വിദ്യാലയ ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളോടുകൂടിയ ഉജ്ജ്വല ബഹുജന മുന്നേറ്റമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 1920 ഡിസംബറില്‍ നാഗ്‌പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സാണ് നിസ്സഹകരണ പ്രമേയം അംഗീകരിച്ചത്. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സിനെ സജ്ജമാക്കുന്നതിനുവേണ്ടി സംഘടനയുടെ ലക്ഷ്യങ്ങളിലും ചട്ടക്കൂടിലും പല നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയത് ഈ സമ്മേളനമാണ്. ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു പതിനഞ്ചംഗപ്രവര്‍ത്തക സമിതി രൂപീകരിക്കാനും പ്രാദേശിക ഭാഷാടിസ്ഥാനത്തില്‍ പ്രവിശ്യാസമിതികളും ഗ്രാമ-വാര്‍ഡ് (മൊഹല്ല) സമിതികളും രൂപീകരിക്കാനും തീരുമാനിച്ചത് കോണ്‍ഗ്രസ്സിന്റെ ഈ സമ്മേളനമാണ്. അവിചാരിതമായി യു.പിയിലെ ചൗരിചൗരയില്‍ രോഷാകുലരായ ജനങ്ങള്‍ പൊലീസ്‌സ്റ്റേഷന് തീയിട്ട് അനവധി പൊലീസുകാരെ കൊന്ന പശ്ചാത്തലത്തിലാണ് നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കാന്‍ ഗാന്ധിജി തീരുമാനിച്ചത്.
നിയമസഭാ പ്രവേശനം
നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചത് കോണ്‍ഗ്രസ്സുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും അവര്‍ക്കിടയിലെ ഭിന്നിപ്പിന് കാരണമാവുകയും ചെയ്‌തു. ഗാന്ധിയന്‍ രീതിക്കും നിയമസഭാബഹിഷ്‌കരണത്തിനും തുടര്‍ന്നും പ്രാധാന്യം നല്‌കിയ കോണ്‍ഗ്രസ്സുകാര്‍ 'മാറ്റ വിരോധികള്‍' എന്നും നിയമസഭാപ്രവേശനത്തിനെ അനുകൂലിച്ച കോണ്‍ഗ്രസ്സുകാര്‍ "മാറ്റ അനുകൂലികള്‍' എന്നും അറിയപ്പെട്ടു. സി.ആര്‍. ദാസ്, മോത്തിലാല്‍ നെഹ്‌റു എന്നിവരുടെ കീഴില്‍ സംഘടിച്ച ഭരണഘടനാവാദികള്‍ "സ്വരാജ് " പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസ്സിനുള്ളിലെ ഒരു വിഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ പാര്‍ട്ടി തീരുമാനിച്ചത്.
തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് കഴിയുന്നിടത്തോളം സീറ്റുകള്‍ കരസ്ഥമാക്കി ഗവണ്‍മെന്റിനെതിരായുള്ള സമരം നിയമസഭയ്‌ക്കുള്ളില്‍ക്കൂടി നടത്തുക എന്നതായിരുന്നു സ്വരാജ് കക്ഷിയുടെ പരിപാടി. 1923-ല്‍ ഈ കക്ഷി ബംഗാളിലും സെന്‍ട്രല്‍ പ്രോവിന്‍സുകളിലും വലിയ വിജയം നേടി. കേന്ദ്ര അസംബ്ലിയിലെ ഏറ്റവും പ്രമുഖകക്ഷിയും സ്വരാജ്‌പാര്‍ട്ടി തന്നെയായിരുന്നു. 1923 സെപ്‌തംബറില്‍ ഡല്‍ഹിയില്‍ മൗലാനാ അബ്‌ദുല്‍കലാം ആസാദിന്റെ അധ്യക്ഷതയില്‍ കൂടിയ കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനം നിയമസഭകളിലേക്കു തെരഞ്ഞെടുപ്പിനു നില്‌ക്കാനും വോട്ടുചെയ്യാനും ആഗ്രഹമുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു പ്രമേയം പാസ്സാക്കി.
സൃഷ്‌ടിപര പ്രവര്‍ത്തനങ്ങള്‍
കോണ്‍ഗ്രസ്സിന്റെ അടുത്ത സമ്മേളനം (1923) കാകിനടയില്‍വച്ച് മൗലാനാമുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിയമസഭാപ്രവേശനത്തിന് എതിരായി പ്രസംഗങ്ങള്‍ നടന്നുവെങ്കിലും ഡല്‍ഹിപ്രമേയം റദ്ദാക്കിയില്ല. സ്വരാജ്‌പക്ഷക്കാരുമായി ഗാന്ധിജി വിയോജിച്ചുവെങ്കിലും നിയമസഭകളില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കോണ്‍ഗ്രസ് സ്വാതന്ത്ര്യംകൊടുത്തിട്ടുള്ള വസ്‌തുത അദ്ദേഹം ചൂണ്ടിക്കാട്ടി; കേരളീയനായ ടി.കെ. മാധവന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് "അയിത്തോച്ചാടനം' കോണ്‍ഗ്രസ്സിന്റെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് കാകിനട സമ്മേളനമാണ്. കേരളത്തിലെ വൈക്കം സത്യഗ്രഹത്തിന്റെ ആവിര്‍ഭാവത്തില്‍ കാകിനട പ്രമേയത്തിന് നിര്‍ണായക പങ്കുണ്ട്. 1924-ലെ ബെല്‍ഗാം കോണ്‍ഗ്രസ്സിന്റെ അധ്യക്ഷന്‍ മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധിജിയും സ്വരാജ്‌കക്ഷിക്കാരുമായി ഒരു ഒത്തുതീര്‍പ്പില്‍ എത്തിയത് ബെല്‍ഗാമില്‍വച്ചാണ്. നിയമസഭകളിലെ പ്രവര്‍ത്തനം ഗാന്ധിജി മാനിച്ചു. അതേസമയം ഗാന്ധിജിയുടെ സൃഷ്‌ടിപരമായ പരിപാടികളോടു സ്വരാജുകാരും സഹകരിച്ചു. സ്വരാജ് സമ്പാദനത്തിനുള്ള സൃഷ്‌ടിപരമായ പരിപാടികള്‍ ചര്‍ക്ക, ഹിന്ദു-മുസ്‌ലിം ഐക്യം, അസ്‌പൃശ്യതാനിര്‍മാര്‍ജനം എന്നിവയാണെന്ന് ഗാന്ധിജി പ്രഖ്യാപിക്കുകയുണ്ടായി.
സൈമണ്‍ കമ്മിഷന്‍
1927 ന. 8-ന് ഇന്ത്യയില്‍ ഭരണഘടനാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജോണ്‍ സൈമന്റെ അധ്യക്ഷതയില്‍ ഒരു കമ്മിഷന്‍ നിയമിക്കപ്പെട്ടു. സൈമണ്‍ കമ്മിഷനിലെ അംഗങ്ങളായിരുന്ന ഏഴു പേരും ബ്രിട്ടീഷുകാരായിരുന്നു. സൈമണ്‍ കമ്മിഷനില്‍ അംഗമാകാന്‍ ഇന്ത്യാക്കാര്‍ക്ക് യോഗ്യതയില്ല എന്ന ബ്രിട്ടീഷ് നിലപാട് ഇന്ത്യയിലെ രാഷ്‌ട്രീയ സ്ഥിതിയെ പ്രക്ഷുബ്‌ധമാക്കി. മദ്രാസില്‍ 1927-ല്‍ എം.എ. അന്‍സാരിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കോണ്‍ഗ്രസ് സൈമണ്‍ കമ്മിഷനെ ബഹിഷ്‌കരിക്കണമെന്നു തീരുമാനിച്ചു. കമ്മിഷന്‍ ബോംബെയില്‍ എത്തിയ ദിവസം രാജ്യമൊട്ടാകെ ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു. ലാഹോറില്‍ പ്രകടനം നയിച്ച ലജ്‌പത് റായിക്ക് പൊലീസുകാരുടെ കഠിന മര്‍ദനം ഏല്‌ക്കേണ്ടിവന്നു. അലഹബാദിലെ പ്രകടനത്തിനു നേതൃത്വം നല്‌കിയ ജവാഹര്‍ലാല്‍ നെഹ്‌റുവും പൊലീസ് മര്‍ദനത്തിനിരയായി.
എം.എ. അന്‍സാരിയുടെ അധ്യക്ഷതയില്‍ 1928 മേയില്‍ ബോംബെയില്‍ച്ചേര്‍ന്ന അഖിലകക്ഷിസമ്മേളനം ഇന്ത്യയ്‌ക്ക് ഒരു ഭരണഘടന എഴുതി ഉണ്ടാക്കാന്‍ മോത്തിലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചു. ഭരണഘടന എഴുതിയുണ്ടാക്കാന്‍ ഇന്ത്യാക്കാര്‍ പ്രാപ്‌തരല്ലെന്ന ബ്രിട്ടീഷുകാരുടെ നിലപാടിനോടുള്ള ഒരു വെല്ലുവിളിയായിരുന്നു ഈ സമിതിയുടെ നിയമനം. ഇന്ത്യയ്‌ക്ക് ഡൊമിനിയന്‍പദവി എന്ന അടിസ്ഥാനത്തില്‍ കമ്മിറ്റി ഒരു ഭരണഘടന തയ്യാറാക്കി; ഇതാണ് പ്രസിദ്ധമായ "നെഹ്‌റു റിപ്പോര്‍ട്ട്'. മുസ്‌ലിംലീഗ് ഒഴികെയുള്ള പ്രമുഖ രാഷ്‌ട്രീയകക്ഷികള്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കുകയുണ്ടായി.
ഈ സമ്മേളനത്തില്‍വച്ച് ജവാഹര്‍ലാല്‍ നെഹ്‌റുവും സുഭാഷ്‌ചന്ദ്രബോസും പൂര്‍ണസ്വാതന്ത്ര്യം വേണെമന്നുള്ള ഭേദഗതികള്‍ "നെഹ്‌റു റിപ്പോര്‍ട്ടി'ല്‍ അവതരിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിലെ പഴയ നേതൃത്വവും പുതിയ നേതൃത്വവും തമ്മിലുള്ള ആദര്‍ശപരമായ സംഘട്ടനത്തെയാണ് ഈ ഭേദഗതികള്‍ പ്രതിനിധാനം ചെയ്‌തത്. ഒടുവില്‍ രണ്ടുകൂട്ടരെയും തൃപ്‌തിപ്പെടുത്തുന്ന രീതിയിലുള്ള പ്രമേയം അംഗീകരിക്കപ്പെട്ടു. "നെഹ്‌റു റിപ്പോര്‍ട്ട്' അംഗീകരിക്കുകയില്ലെങ്കില്‍ പൂര്‍ണസ്വാതന്ത്ര്യത്തിനായി കോണ്‍ഗ്രസ് സിവില്‍നിയമലംഘനത്തിലേക്ക് വീണ്ടും തിരിഞ്ഞേക്കുമെന്ന ഒരു മുന്നറിയിപ്പും കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ അടങ്ങിയിരുന്നു.
പൂര്‍ണ സ്വാതന്ത്ര്യവും സോഷ്യലിസവും
ഇംഗ്ലണ്ടില്‍വച്ച് ഇന്ത്യയിലെ ഭരണഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു വട്ടമേശസമ്മേളനം വിളിച്ചുകൂട്ടാമെന്നും ഡൊമിനിയന്‍ പദവിയാണ് (പുത്രികാരാജ്യപദവി) ഇന്ത്യയിലെ ബ്രിട്ടീഷ് ലക്ഷ്യമെന്നും ഇര്‍വിന്‍ പ്രഭു പ്രഖ്യാപിച്ചിരിക്കുന്നു. സൈമണ്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് വരുംമുമ്പ് ഇര്‍വിന്‍ പ്രഭു പുത്രികാരാജ്യപദവി അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് ഇംഗ്ലണ്ടില്‍ വന്‍ പ്രതിഷേധമുളവാക്കി. നിരവധി മതങ്ങളുടെയും സമുദായങ്ങളുടെയും സങ്കലനമായ ഇന്ത്യയെ സംബന്ധിച്ച് പുത്രികാരാജ്യപദവി ഒരു വിദൂര സാധ്യതയാണെന്ന സമവായം ബ്രിട്ടനില്‍ രൂപപ്പെട്ടതോടെ പുത്രികാരാജ്യപദവി നല്‌കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തയ്യാറാണെന്ന ഉറപ്പ് കോണ്‍ഗ്രസ്സിനു നല്‍കുന്നതില്‍ ഇര്‍വിന്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ചരിത്രപ്രസിദ്ധമായ പ്രമേയം 1929-ലെ ലാഹോര്‍ കോണ്‍ഗ്രസ് പാസ്സാക്കി. "നെഹ്‌റു റിപ്പോര്‍ട്ട്' കാലഹരണപ്പെട്ടുപോയതായി കരുതണമെന്നും കോണ്‍ഗ്രസ്സുകാരെല്ലാം പൂര്‍ണസ്വാതന്ത്ര്യത്തിനുവേണ്ടി യത്‌നിക്കണമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു. നെഹ്‌റുവിന്റെ അധ്യക്ഷപ്രസംഗത്തില്‍ സോഷ്യലിസം ഒരു ലക്ഷ്യമായി പ്രഖ്യാപിച്ചതും കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം തുറക്കുന്നതായിരുന്നു.
Vol4p17 Anada-charlu.jpg
പി. ആനന്ദചാര്‍ലു(1891) |
|||
Vol4p17 Chettur SankaranNair.jpg സി. ശങ്കരന് നായര്‍(1897)
|
|||
Image Vol4p17 NG Chandavarkar.jpg
എന്‍.ജി. ചന്ദവര്‍ക്കര്‍(1900) |
|||
Vol4p17 Rash biharikhosh.jpg രാഷ്ബിഹാരി ഘോഷ്(1907, 08)
|
|||
ലാലാ ലജ്പത്റായ്(1920)
|
|||
Vol4p17 C.-R.jpg
സി.ആര്‍. ദാസ്(1922) |
|||
ഡി.സഞ്‌ജീവയ്യ(1962)
|
|||
നിയമലംഘന പരിപാടി ആരംഭിക്കുവാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാക്കമ്മിറ്റിയെയാണ് അധികാരപ്പെടുത്തിയതെങ്കിലും, പരിപാടിയുടെ വക്താവും പ്രയോക്താവുമെല്ലാം ഗാന്ധിജിയായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവത്തിന്റെ പേരില്‍ പ്രസ്ഥാനം നിര്‍ത്തിവയ്‌ക്കില്ല എന്ന ഗാന്ധിജിയുടെ ഉറപ്പും ജനങ്ങളില്‍ ആവേശമുണര്‍ത്തി. ഗാന്ധിജിയില്‍ നിന്നുള്ള അടുത്ത നീക്കം പ്രതീക്ഷിച്ചിരിക്കവേ, താന്‍ ഉന്നയിക്കുന്ന പതിനൊന്ന് ആവശ്യങ്ങള്‍ ഗവണ്‍മെന്റ് അംഗീകരിക്കുന്ന പക്ഷം നിയമലംഘന പ്രസ്ഥാനം നിര്‍ത്തിവയ്‌ക്കാമെന്നും വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും ഗാന്ധിജി വൈസ്രോയിയെ അറിയിച്ചു (നോ. നിയമലംഘനപ്രസ്ഥാനം). എന്നാല്‍ ഈ പതിനൊന്ന് ആവശ്യങ്ങളും ഗവണ്‍മെന്റ് തള്ളിക്കളഞ്ഞതോടെ നിയമനിഷേധം എന്ന തീരുമാനത്തില്‍ ഗാന്ധിജി എത്തി. ഈ ആവശ്യങ്ങളില്‍ ഒന്നായ ഉപ്പുനികുതി നീക്കം ചെയ്യുക എന്ന പ്രശ്‌നത്തിന്റെ പേരില്‍ ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു (നോ. ഉപ്പുസത്യഗ്രഹം). ഇതിനെത്തുടര്‍ന്ന് ഗാന്ധിജി അറസ്റ്റുചെയ്യപ്പെട്ടു. ഇന്ത്യ ഒട്ടാകെ സത്യഗ്രഹ പരിപാടികള്‍ വ്യാപിച്ചു. ഇത്രയും വമ്പിച്ച തോതിലുള്ള സിവില്‍നിയമലംഘനപ്രസ്ഥാനം ഇന്ത്യ അതുവരെ ദര്‍ശിച്ചിട്ടില്ലായിരുന്നു. ഉപ്പുസത്യഗ്രഹത്തിന്റെ പിന്നിലുള്ള വമ്പിച്ച ജനകീയമുന്നേറ്റത്തെ വിഗണിക്കുന്നതിന് ബ്രിട്ടീഷ് ഗവണ്‍മെന്റിന് സാധ്യമല്ലാതെ വന്നു. 1931 ജനുവരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗങ്ങളെ വിട്ടയയ്‌ക്കുകയും ഫെബ്രുവരിയില്‍ ഗാന്ധിജി വൈസ്രോയിയെ സന്ദര്‍ശിക്കുകയും ചെയ്‌തു. ഈ സംഭാഷണങ്ങളുടെ ഫലമായി ഗാന്ധി-ഇര്‍വിന്‍സന്ധി (നോ. ഗാന്ധി-ഇര്‍വിന്‍ സന്ധി) എന്ന പേരില്‍ ഒരു കരാര്‍ ഒപ്പുവയ്‌ക്കപ്പെട്ടു. ഇതോടുകൂടി രാഷ്‌ട്രീയത്തടവുകാരെ വിട്ടയയ്‌ക്കാനും സിവില്‍നിയമ ലംഘനപ്രസ്ഥാനം നിര്‍ത്തിവയ്‌ക്കാനും തീരുമാനമായി. രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. ഗാന്ധി-ഇര്‍വിന്‍ സന്ധിയെ കോണ്‍ഗ്രസ് അംഗീകരിച്ചതോടൊപ്പം കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം പൂര്‍ണസ്വരാജാണ് എന്ന് ആവര്‍ത്തിക്കപ്പെടുകയുണ്ടായി. വട്ടമേശസമ്മേളനത്തിലേക്ക് കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി ഗാന്ധിജി നിയോഗിക്കപ്പെട്ടു.
വട്ടമേശസമ്മേളനം
ഗാന്ധി-ഇര്‍വിന്‍ സന്ധി നടന്നപ്പോള്‍ തൊഴിലാളികക്ഷിയായിരുന്നു ബ്രിട്ടന്‍ ഭരിച്ചിരുന്നത്. വട്ടമേശസമ്മേളനത്തിന്റെ സമാപ്‌തിയായപ്പോഴേക്കും യാഥാസ്ഥിതികര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു ദേശീയഗവണ്‍മെന്റ് ബ്രിട്ടനില്‍ രൂപംകൊണ്ടുകഴിഞ്ഞിരുന്നു. ഭരണഘടനാപരിഷ്‌കാരങ്ങളെ സംബന്ധിച്ച് ഒരു സമവായത്തിലെത്താന്‍ വട്ടമേശ സമ്മേളനത്തിലെ പ്രതിനിധികള്‍ക്കു കഴിയാത്തതിനാല്‍ സമ്മേളനം പരാജയപ്പെട്ടു.
സാമുദായികവിധി
ഇര്‍വിന്‍ പ്രഭുവിനെത്തുടര്‍ന്ന് വൈസ്രോയിയായി നിയമിതനായ വെല്ലിങ്‌ടണ്‍ പ്രഭു ദേശീയ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോയതോടെ സിവില്‍ നിയമലംഘന പ്രസ്ഥാനം വീണ്ടും തുടങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനോടകംതന്നെ ഗാന്ധിയും മറ്റുനേതാക്കളും വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. സാമുദായിക പ്രശ്‌നം പരിഹൃതമായതിനുശേഷം മാത്രം സ്വാതന്ത്ര്യം എന്ന ആവശ്യം പരിഗണനയ്‌ക്കെടുത്താല്‍ മതി എന്ന നിലപാടാണ് ഭൂരിപക്ഷം പ്രതിനിധികളും വട്ടമേശസമ്മേളനത്തില്‍ സ്വീകരിച്ചത്. മുസ്‌ലിങ്ങള്‍ക്കനുവദിച്ചിരുന്ന സമുദായ പ്രാതിനിധ്യം അധഃകൃതവര്‍ഗക്കാര്‍ക്കും ലഭിക്കുന്നതിനായി പ്രത്യേക നിയോജകമണ്ഡലങ്ങള്‍ സ്ഥാപിക്കണമെന്ന വാദം ഡോ. അംബേദ്‌കറും രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. അങ്ങനെ സാമുദായിക പ്രശ്‌നങ്ങള്‍ പരിഹൃതമാകാതെ അവശേഷിച്ച സന്ദര്‍ഭത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മാക്‌ഡൊണാള്‍ഡ് അധഃകൃതവര്‍ഗക്കാര്‍ക്കും പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തിയ കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഈ അവാര്‍ഡിനെതിരായി ഗാന്ധിജി നിരാഹാര സത്യഗ്രഹം ആരംഭിച്ചു. അംബേദ്‌കര്‍, എം.സി. രാജ എന്നിവരുള്‍പ്പെടെയുള്ള നേതാക്കന്മാര്‍ പൂണെയില്‍ സമ്മേളിച്ച് ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല അംഗീകരിക്കുകയും ഗാന്ധിജി ഉപവാസം അവസാനിപ്പിക്കുകയും ചെയ്‌തു. അതിന്റെ ഫലമായുണ്ടായ പൂനാക്കരാര്‍ അധഃകൃതവര്‍ഗക്കാര്‍ക്കു നീക്കിവച്ച സ്ഥാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി; പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഇല്ലാതെയാക്കി പകരം സംവരണം ഏര്‍പ്പെടുത്തി. നിയമലംഘന പ്രസ്ഥാനം ക്രമേണ ക്ഷയിച്ചുവന്ന സാഹചര്യത്തില്‍ 1934 മേയില്‍ കോണ്‍ഗ്രസ് സമരം പിന്‍വലിച്ചു. കോണ്‍ഗ്രസ് സംഘടനയില്‍നിന്നുകൊണ്ടുതന്നെ സോഷ്യലിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നത് 1934-ലാണ്.
1935-ലെ നിയമവും അധികാര സ്വീകാരവും
1932-ല്‍ നടന്ന വട്ടമേശസമ്മേളനത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണ ഘടനാപരിഷ്‌കരണത്തെപ്പറ്റി ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒരു ധവളപത്രം പ്രസിദ്ധപ്പെടുത്തി. ഇതിലടങ്ങിയിരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് 1935-ലെ ഇന്ത്യാഗവണ്‍മെന്റ് നിയമം രൂപപ്പെട്ടത്. ഈ നിയമത്തെ കോണ്‍ഗ്രസ് അംഗീകരിച്ചില്ല. എങ്കിലും ഏറെ തര്‍ക്കവിതര്‍ക്കങ്ങളുടെ ഒടുവില്‍ ഇതിന്റെ ചുവടുപിടിച്ചുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഈ നിയമം എത്രമാത്രം ജനവിരുദ്ധമാണെന്ന് തുറന്നു കാണിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. ഇതു പ്രകാരം 1937-ല്‍ പ്രവിശ്യകളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ആറുപ്രവിശ്യകളില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്‌തു; അസമിലും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനത്തിലും കോണ്‍ഗ്രസ് ഏറ്റവും പ്രബലകക്ഷിയായിരുന്നു. കോണ്‍ഗ്രസ് മന്ത്രിപദം സ്വീകരിക്കരുതെന്ന അഭിപ്രായക്കാരനായിരുന്നു ജവാഹര്‍ലാല്‍ നെഹ്‌റു. ഒടുവില്‍ ഗവര്‍ണര്‍മാര്‍ അവരുടെ പ്രത്യേകാധികാരങ്ങള്‍ ഉപയോഗിക്കുകയില്ല എന്ന ഉറപ്പുകൊടുത്താല്‍ മന്ത്രിസ്ഥാനം സ്വീകരിക്കാമെന്നുള്ള ഗാന്ധിജിയുടെ നിര്‍ദേശം നെഹ്‌റുവും അംഗീകരിക്കുകയുണ്ടായി. ഇന്ത്യയില്‍ ആകെയുള്ള 11 പ്രവിശ്യകളില്‍ എട്ടിലും കോണ്‍ഗ്രസ് മന്ത്രിസഭകള്‍ അധികാരത്തില്‍ വന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ വഴിത്തിരിവായി. പ്രവിശ്യാഭരണത്തെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് ഇന്ത്യയിലെ ഭരണകക്ഷിയായിത്തീര്‍ന്നു. പുരോഗമനപരമായ പല പരിഷ്‌കാരങ്ങളും പ്രകടനപത്രികയിലുണ്ടായിരുന്നു. മദ്യനിരോധനം മുതലായ പരിപാടികളും നടപ്പിലാക്കുന്നതിന് കോണ്‍ഗ്രസ് മന്ത്രിസഭകള്‍ക്കു സാധിച്ചു.
ഹരിപുര, ത്രിപുര സമ്മേളനങ്ങള്‍
1938-ല്‍ ഹരിപുര കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി സുഭാഷ് ചന്ദ്രബോസ് തിരഞ്ഞെടുക്കപ്പെട്ടു. നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ ഒരു ആസൂത്രണസമിതി രൂപവത്‌കൃതമായത് ഇക്കാലത്താണ്. ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും പല നാട്ടുരാജ്യങ്ങളിലും ഉത്തരവാദഭരണത്തിനുവേണ്ടി സമരം ചെയ്യുന്ന ജനകീയസംഘടനകള്‍ രൂപംകൊണ്ടുതുടങ്ങി. മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതും പ്രവിശ്യകളിലെ മന്ത്രിസഭാരൂപവത്‌കരണത്തിനു ശേഷമാണ്. തിരുവിതാംകൂര്‍, മൈസൂര്‍ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ ഉത്തരവാദഭരണപ്രക്ഷോഭണങ്ങള്‍ ആരംഭിച്ചത് 1938-ലാണ്. 1939-ലെ ത്രിപുര കോണ്‍ഗ്രസ്സില്‍ അധ്യക്ഷപദത്തിന് സുഭാഷ്‌ചന്ദ്രബോസും പട്ടാഭി സീതാരാമയ്യയും തമ്മില്‍ മത്സരം നടന്നു. മൗലാനാ അബ്‌ദുല്‍കലാം ആസാദ് അധ്യക്ഷനാകണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത്; എന്നാല്‍ അദ്ദേഹം സ്ഥാനാര്‍ഥിയാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പട്ടാഭി സീതാരാമയ്യ ഗാന്ധിജിയുടെ ആശിസ്സുകളോടെ സ്ഥാനാര്‍ഥിയായി. തിരഞ്ഞെടുപ്പില്‍ സുഭാഷ് ചന്ദ്രബോസ് വിജയിച്ചു. പട്ടാഭിയുടെ പരാജയം തന്റെ പരാജയമായിട്ടാണ് ഗാന്ധിജി ഗണിച്ചത്. ഇതിന്റെ പ്രതികരണമെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുയായികളായ പട്ടേല്‍, രാജേന്ദ്രപ്രസാദ്, മൗലാനാ ആസാദ് എന്നിവര്‍ പ്രവര്‍ത്തകസമിതിയംഗത്വം രാജിവച്ചു. ബ്രിട്ടീഷുകാര്‍ക്ക് ആറുമാസത്തെ കാലാവധി വച്ച് അന്ത്യശാസനം നല്‌കണമെന്നും ആ കാലാവധി കഴിഞ്ഞ് സിവില്‍ നിയമലംഘനം രാജ്യമൊട്ടാകെ സംഘടിപ്പിക്കണമെന്നുമുള്ള ബോസിന്റെ നിര്‍ദേശം ഗാന്ധിജിക്ക് സ്വീകാര്യമായിരുന്നില്ല; ബോസ് സന്നിഹിതനാകാതിരുന്ന രണ്ടാം ദിവസത്തെ സമ്മേളനം ഗാന്ധിജിയുടെ നയപരിപാടികളെ അംഗീകരിച്ചു പ്രമേയം പാസ്സാക്കുകയാണ് ചെയ്‌തത്. സമ്മേളനം കഴിഞ്ഞ് ബോസ് ഗാന്ധിജിയെ കണ്ടെങ്കിലും അവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസം വളരെ ആഴത്തിലുള്ളതായിരുന്നു. ബോസ് അധ്യക്ഷപദം രാജിവയ്‌ക്കുകയും ഫോര്‍വേഡ് ബ്ലോക്ക് എന്ന ഒരു പുതിയ കക്ഷി രൂപവത്‌കരിക്കുകയും ചെയ്‌തു. ബോസിനു പകരം രാജേന്ദ്രപ്രസാദ് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ്സും രണ്ടാം ലോകയുദ്ധവും
1939 സെപ്. 3-ന് ബ്രിട്ടന്‍ ജർമനിക്ക് എതിരായി യുദ്ധപ്രഖ്യാപനം നടത്തി. ഈ യുദ്ധപ്രഖ്യാപനത്തെത്തുടർന്ന് വൈസ്രായി ലിന്‍ലിത്‌ഗോപ്രഭു ഇന്ത്യയും ജർമനിയുമായി യുദ്ധത്തിലേർപ്പെട്ടതായി പ്രഖ്യാപിച്ചു. സെപ്. 14-ന് കൂടിയ കോണ്‍ഗ്രസ് പ്രവർത്തകസമിതി പൊതുജനാഭിപ്രായം ആരായാതെ ഇന്ത്യ യുദ്ധത്തിൽ പങ്കാളിയായതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മന്ത്രിസഭകള്‍ ഒന്നടങ്കം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്റ് അതിന്റെ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഇന്ത്യന്‍ സ്വാതന്ത്യ്രത്തെപ്പറ്റിയുള്ള കാഴ്‌ചപ്പാട് വ്യക്തമാക്കണമെന്നും പ്രവർത്തകസമിതി ആവശ്യപ്പെട്ടു. ഈ നിർദേശമനുസരിച്ച് മന്ത്രിസഭകള്‍ രാജിവയ്‌ക്കുകയും വീണ്ടും കോണ്‍ഗ്രസ്സും ബ്രിട്ടീഷ് ഗവണ്‍മെന്റും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്‌തു. നാസിസത്തോടും ഫാസിസത്തോടുമുള്ള എതിർപ്പിൽ കോണ്‍ഗ്രസ് സഖ്യകക്ഷികളുടെ കൂടെയായിരുന്നു; എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യപ്രഭുത്വത്തെ പിന്താങ്ങി യൂറോപ്യന്‍ ഫാസിസത്തോട് എതിരിടാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്യ്രപ്രസ്ഥാനത്തോട് ഏറ്റവും കൂടുതൽ വിരോധമുണ്ടായിരുന്ന ചർച്ചിൽ 1940-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി; എൽ.എസ്. ആമറി ഇന്ത്യന്‍ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി ഒഫ് സ്റ്റേറ്റുമായി.
വ്യക്തിസത്യഗ്രഹം
ഈ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഗവണ്‍മെന്റിൽനിന്നും അനുകൂലമായ ഒരു പ്രതികരണവും പ്രതീക്ഷിക്കാനില്ലായെന്നു തിരിച്ചറിഞ്ഞ ഗാന്ധിജി, വ്യക്തിസത്യഗ്രഹത്തിന് ആഹ്വാനം നല്‌കി. ആദ്യത്തെ സത്യഗ്രഹിയായി തെരഞ്ഞെടുക്കപ്പെട്ടത് വിനോബാഭാവെയായിരുന്നു. ഏറെത്താമസിയാതെ വിനോബാഭാവെ അടക്കമുള്ള കോണ്‍ഗ്രസ്സിലെ പ്രമുഖനേതാക്കന്മാരെല്ലാം തടങ്കലിലാക്കപ്പെട്ടു. ഇതിനിടയ്‌ക്ക് ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പാകിസ്‌താന്‍ വിഭാവന ചെയ്‌തുകൊണ്ടുള്ള ലാഹോർപ്രമേയം 1940-ൽ പാസ്സാക്കുകയുണ്ടായി. അതോടെ ഇന്ത്യയുടെ വിഭജനം സജീവമായ ഒരു രാഷ്‌ട്രീയപ്രശ്‌നമായിത്തീർന്നു.
ക്രിപ്‌സ് ദൗത്യം
രണ്ടാംലോകയുദ്ധകാലത്ത് മലയ, ബർമ (മ്യാന്മർ) എന്നീ പ്രദേശങ്ങള്‍ ജപ്പാന്‍ അധീനപ്പെടുത്തിയതോടെ ഇന്ത്യയുടെ അതിർത്തികളും നേരിട്ടുള്ള ഭീഷണിക്കിരയായി. ജപ്പാന്റെ മുന്നേറ്റം തടയുന്നതിന് മാത്രമല്ല യുദ്ധ യത്‌നങ്ങള്‍ക്ക് ഇന്ത്യയുടെ സഹകരണം ലഭിക്കുന്നതിന് ഭാവിയിലേക്ക് ചില ഉറച്ച വാഗ്‌ദാനങ്ങള്‍ അനുവദിക്കേണ്ടതാണെന്നും ബ്രിട്ടനു തോന്നി. ഇതനുസരിച്ച് ക്രിപ്‌സിനെ ഒരു കരടു പ്രഖ്യാപനവുമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയിലേക്കയച്ചു; യുദ്ധം കഴിഞ്ഞാൽ ഡൊമിനിയന്‍ പദവിയും ഒരു ഭരണഘടനാനിർമാണ സമിതിയും എന്ന ക്രിപ്‌സിന്റെ വാഗ്‌ദാനത്തെ കോണ്‍ഗ്രസ്സും ലീഗും തള്ളിക്കളഞ്ഞു (നോ. ക്രിപ്‌സ് ദൗത്യം). അമേരിക്കന്‍ പൊതുജനാഭിപ്രായത്തെ തൃപ്‌തിപ്പെടുത്താനാണ് ചർച്ചിൽ ക്രിപ്‌സിനെ നിയോഗിച്ചത്. ആ ദൗത്യം വിജയത്തിൽ കലാശിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമില്ലായിരുന്നു. അടുത്ത മുപ്പതു വർഷക്കാലത്തേക്കെങ്കിലും ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കണമെന്ന ദൃഢമായ അഭിപ്രായമായിരുന്നു വൈസ്രായി ലിന്‍ലിത്‌ഗോ പ്രഭുവിന് ഉണ്ടായിരുന്നത്.
"ക്വിറ്റ് ഇന്ത്യാ' സമരം
ക്രിപ്സ് ദൗത്യത്തിന്റെ പരാജയത്തെത്തുടർന്ന് ബ്രിട്ടീഷുകാർ ഉടന്‍തന്നെ ഇന്ത്യ വിട്ടുപോകണമെന്ന ആവശ്യവുമായി (ക്വിറ്റ് ഇന്ത്യാ) രാജ്യവ്യാപകമായി അക്രമരഹിത സമരം സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് നയിച്ച പ്രക്ഷോഭങ്ങളിൽ ഏറ്റവും ശക്തവും ബഹുജനരോഷം വ്യാപകമായി അക്രമാസക്തമാവുകയും ചെയ്‌ത ജനകീയ സമരമായിരുന്നു ക്വിറ്റ് ഇന്ത്യാപ്രക്ഷോഭം. ഏതാനും മാസങ്ങള്‍ക്കുശേഷം സമരത്തിന്റെ തീ കെട്ടണഞ്ഞുവെങ്കിലും 1934-നുശേഷം സിവിൽനിയമലംഘനപ്രസ്ഥാനത്തിൽനിന്നു പിന്തിരിഞ്ഞ കോണ്‍ഗ്രസ്സിനെ ഒരു ബഹുജനസംഘടനയായി പുനരുജ്ജീവിപ്പിച്ചത് "ക്വിറ്റ് ഇന്ത്യാ' സമരമായിരുന്നു. നോ. ക്വിറ്റ് ഇന്ത്യാ സമരം
സിംലാ കൂടിയാലോചനകള്‍
ഇന്ത്യയിലെ രാഷ്‌ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഒരു ഇടക്കാല ഗവണ്‍മെന്റ് സ്ഥാപിക്കാനുള്ള പദ്ധതി വേവൽപ്രഭു ആവിഷ്‌കരിച്ചു. ഇന്ത്യയ്‌ക്ക് സ്വാതന്ത്യ്രമോ പുത്രികാരാജ്യപദവിയോ നൽകുന്നതിനു മുമ്പുള്ള ഒരു താത്‌കാലിക സംവിധാനമായിട്ടാണ് വേവൽ ഇത് വിഭാവന ചെയ്‌തത്. ഇടക്കാല ഗവണ്‍മെന്റിൽ അഥവാ എക്‌സിക്യൂട്ടീവ് കൗണ്‍സിലിൽ വൈസ്രായിയും സർവസൈന്യാധിപനും ഒഴികെ മറ്റെല്ലാ അംഗങ്ങളെയും ഇന്ത്യന്‍ രാഷ്‌ട്രീയ സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കണമെന്നായിരുന്നു പദ്ധതിയുടെ പ്രധാന വ്യവസ്ഥ. ചർച്ചിൽ മന്ത്രിസഭയുടെ അനുമതിയോടുകൂടി വേവൽപ്രഭു തയ്യാറാക്കിയ ഈ ഇടക്കാലഗവണ്‍മെന്റ് പദ്ധതി ചർച്ചചെയ്യുവാന്‍ സിംലയിൽ ഇന്ത്യന്‍ നേതാക്കന്മാരുമായി കൂടിയാലോചനകള്‍ നടന്നു (1946). വൈസ്രായിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ എല്ലാ മുസ്‌ലിം അംഗങ്ങളെയും മുസ്‌ലിംലീഗ് നോമിനേറ്റ് ചെയ്യണമെന്ന നിർദേശമാണ് ജിന്ന മുന്നോട്ടുവച്ചത്; മുസ്‌ലിങ്ങളെ എന്നും ഉള്‍ക്കൊണ്ടിരുന്ന ദേശീയ സംഘടനയായ കോണ്‍ഗ്രസ്സിന് ഈ വാദം അംഗീകരിക്കാന്‍ സാധ്യമല്ലായിരുന്നു. അങ്ങനെ സിംലാചർച്ചകള്‍ പരാജയത്തിൽ കലാശിച്ചു.
ക്യാബിനറ്റ് മിഷന്‍
1946-ൽ ബ്രിട്ടനിൽ നടന്ന തിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ യാഥാസ്ഥിതികകക്ഷി പരാജയപ്പെടുകയും വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി ലേബർകക്ഷി അധികാരത്തിൽ വരികയും ചെയ്‌തു. ഇന്ത്യയ്‌ക്ക് പൂർണസ്വാതന്ത്യ്രം നല്‌കുന്നതിനെപ്പറ്റി ആലോചിച്ചു തീരുമാനമെടുക്കുവാന്‍ ലേബർ ഗവണ്‍മെന്റ് 1946-ൽ ഇന്ത്യയിലേക്ക് ഒരു ക്യാബിനറ്റ് ദൗത്യസംഘത്തെ അയയ്‌ക്കുകയുണ്ടായി. ഇന്ത്യന്‍ നേതാക്കളുമായി ചർച്ച ചെയ്‌ത് അവർക്കുകൂടി സ്വീകാര്യമായ രീതിയിൽ ഭരണഘടന രൂപീകരിക്കുക, ഭരണഘടനാനിർമാണവേളയിൽ ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഇടക്കാല ഗവണ്‍മെന്റിനു രൂപം നൽകുക, എന്നീ പ്രധാന നിർദേശങ്ങളാണ് മിഷന്‍ മുന്നോട്ടുവച്ചത്. പ്രതിരോധം, വിദേശകാര്യം, ഗതാഗതം എന്നീ വകുപ്പുകള്‍മാത്രം കൈകാര്യം ചെയ്യുന്ന ഫെഡറൽ ഗവണ്‍മെന്റും, എ, ബി, സി എന്ന ഗ്രൂപ്പുകളായി ചേരാന്‍ പ്രവിശ്യകള്‍ക്ക് സ്വാതന്ത്യ്രമനുവദിക്കുന്ന ഒരു ഭരണസംവിധാനവും അവരുടെ നിർദേശത്തിൽ ഉള്‍പ്പെട്ടിരുന്നു. എന്നാൽ പ്രവിശ്യാസംയോജനത്തെ(grouping)പ്പറ്റിയുള്ള കോണ്‍ഗ്രസ് വ്യാഖ്യാനം സ്വീകരിക്കാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. പ്രശ്‌നം ഫെഡറൽ കോടതിയുടെ തീരുമാനത്തിനു വിടാനും അവർക്കു സമ്മതമില്ലായിരുന്നു.
ഇടക്കാല ഗവണ്‍മെന്റ്
ഇടക്കാല ഗവണ്‍മെന്റിൽ മുസ്‌ലിംലീഗ് പങ്കുചേരാന്‍ വിസമ്മതിച്ചതുകൊണ്ട് നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല ഗവണ്‍മെന്റ് 1946 സെപ്. 12-ന് രൂപവത്‌കരിക്കപ്പെട്ടു. രണ്ടു മാസത്തിനകം വൈസ്രായി വേവൽപ്രഭു മുസ്‌ലിംലീഗിനെക്കൂടി ഇടക്കാല ഗവണ്‍മെന്റിൽകൊണ്ടുവന്നു; അതേസമയം ഭരണഘടനാനിർമാണസഭയിൽ ചേരുവാന്‍ മുസ്‌ലിംലീഗ് വിസമ്മതിക്കുകയും ചെയ്‌തു. ഇടക്കാല ഗവണ്‍മെന്റിൽ കോണ്‍ഗ്രസ്സുമായി സഹകരിച്ച് ഭരണം നടത്താന്‍ ലീഗ് അംഗങ്ങള്‍ കാട്ടിയ വിമുഖതയും കൽക്കത്ത, നവഖാലി, ബിഹാർ, പഞ്ചാബ് എന്നീ പ്രദേശങ്ങളിൽനടന്ന വർഗീയലഹളകളും വിഭജനത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കുകയാണുണ്ടായത്.
1946 ഡിസംബറിൽ ഭരണഘടനാനിർമാണസഭയുടെ ആദ്യസമ്മേളനം നടന്നു. എന്നാൽ മുസ്‌ലിംലീഗ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനാൽ ഭരണഘടനാ നിർമാണസഭ കേവലം കോണ്‍ഗ്രസ് അസംബ്ലിയായിമാറി. കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് സംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ ഭരണം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ വിഷമമായി. 1948 ജൂണിനകം ഇന്ത്യാക്കാരിലേക്ക് അധികാരം കൈമാറ്റംചെയ്യുമെന്ന് 1947 ഫെബ്രുവരിയിൽ ബ്രിട്ടന്‍ പ്രഖ്യാപിച്ചു. വേവൽപ്രഭുവിനെ തിരിച്ചുവിളിക്കുകയും മൗണ്ട്‌ബാറ്റണ്‍പ്രഭുവിനെ വൈസ്രായിയായി നിയമിക്കുകയും ചെയ്‌തു (1947 മാ.). ഇന്ത്യയുടെ വിഭജനത്തിനുള്ള മൗണ്ട്‌ബാറ്റണ്‍പദ്ധതി കോണ്‍ഗ്രസ്സും ലീഗും അംഗീകരിക്കുകയുണ്ടായി. ഇന്ത്യയുടെ വിഭജനം ശരിയായ നടപടിയല്ല എന്ന് ഗാന്ധിജിക്ക് ബോധ്യമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ അദ്ദേഹം ചോദ്യംചെയ്‌തില്ല. 1947 ജൂല. 18-ന് ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ബിൽ നിയമമായി. ആഗസ്റ്റ് 15-ന് ഇന്ത്യയെന്നും പാകിസ്‌താനെന്നും രണ്ട് ഡൊമിനിയനുകള്‍ നിലവിൽ വരണമെന്നായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ.
കോണ്‍ഗ്രസ്സും സ്വതന്ത്രഭാരതവും
1947 ആഗ. 14-ന് അർധരാത്രി കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി സമ്മേളിക്കുകയും ജവാഹർലാൽ നെഹ്‌റു അംഗങ്ങളെ അഭിസംബോധനചെയ്‌ത് ചരിത്രപ്രധാനമായ ഒരു പ്രസംഗം നടത്തുകയും ചെയ്‌തു. ആഗസ്റ്റ് 15-ന് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തു.
ഏകദേശം മുപ്പതുവർഷം കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്ന ഗാന്ധിജിയുടെ വധം (1948 ജനു. 30) രാജ്യത്തെ പിടിച്ചുകുലുക്കി. ഇന്ത്യയിൽ നടന്ന ഹിന്ദു-മുസ്‌ലിം ലഹളകള്‍ക്ക് വിരാമമിട്ടത് ഗാന്ധിജിയുടെ ആത്മബലിയാണ്. 1948 മേയിൽ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ് വിടുകയും സോഷ്യലിസ്റ്റുകക്ഷി എന്ന ഒരു പ്രത്യേക രാഷ്‌ട്രീയകക്ഷി രൂപവത്‌കരിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ് സംഘടനയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനപ്പെട്ട ഒരു സംഭവവികാസമായിരുന്നു.
കോണ്‍ഗ്രസ്സിന്റെ 57-ാം സമ്മേളനം ദില്ലിയിൽവച്ച് ജവാഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിലാണ് നടന്നത്. ഈ കോണ്‍ഗ്രസ് ആദ്യത്തെ പഞ്ചവത്സരപദ്ധതി അംഗീകരിച്ചു. 1952-ൽ പ്രായപൂർത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വമ്പിച്ച വിജയം നേടി. 1953-ൽ ഹൈദരാബാദിൽവച്ചു നടന്ന കോണ്‍ഗ്രസ്സിന്റെ 58-ാം സമ്മേളനം ആന്ധ്രാസംസ്ഥാനം രൂപവത്‌കരിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനം ശരിവച്ചു.
സോഷ്യലിസത്തിലേക്ക്
1954-ൽ അതേ വർഷം നെഹ്‌റുവിന്റെ അധ്യക്ഷതയിൽ കല്ല്യാണിൽവച്ചു നടന്ന കോണ്‍ഗ്രസ് സമ്മേളനം സംസ്ഥാന പുനഃസംഘടനയ്‌ക്ക് ഒരു കമ്മിഷനെ നിയമിച്ചത് സ്വാഗതം ചെയ്‌തിരുന്നു. സോഷ്യലിസ്റ്റുമാതൃകയിലുള്ള ഭരണസമ്പ്രദായം സൃഷ്‌ടിക്കണമെന്ന് കോണ്‍ഗ്രസ് ഔപചാരികമായി ആവശ്യപ്പെട്ടത് ആവഡിയിൽവച്ചാണ് (1955).
കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം സോഷ്യലിസ്റ്റ് സഹകരണാത്മകമായ ഒരു കോമണ്‍വെൽത്ത് സ്ഥാപിക്കുകയാണ് എന്ന പ്രമേയം 1957-ലെ ഇന്‍ഡോർ കോണ്‍ഗ്രസ് പാസ്സാക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ ഭരണഘടനയിൽത്തന്നെ സോഷ്യലിസം ഒരു ലക്ഷ്യമായി പ്രഖ്യാപിച്ചത് ഇന്‍ഡോർ കോണ്‍ഗ്രസ്സിന്റെ നേട്ടങ്ങളിൽ ഒന്നാണ്. 1957-ൽ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിൽ കേരളമൊഴികെ കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിച്ച് അധികാരത്തിൽവന്നു. കേരളത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റ്‌മന്ത്രിസഭ അധികാരത്തിൽ വരികയും കോണ്‍ഗ്രസ് പ്രതിപക്ഷമായിത്തീരുകയും ചെയ്‌തു. 1959-ലെ നാഗ്‌പൂർകോണ്‍ഗ്രസ് പാസ്സാക്കിയ പ്രമേയങ്ങളിൽ ഏറ്റവും പ്രധാനം കാർഷികമേഖലയിലെ സംവിധാനത്തെപ്പറ്റിയായിരുന്നു. ഭാവിയിൽ കാർഷികമേഖലയിലെ സംവിധാനം സഹകരണാടിസ്ഥാനത്തിലുള്ള കൂട്ടുകൃഷി സമ്പ്രദായമായിരിക്കണമെന്നതിനുപുറമേ കാർഷികഭൂമിക്ക് പരിധി ഏർപ്പെടുത്തണമെന്നും അതിനുള്ള നിയമനിർമാണങ്ങള്‍ വളരെ വേഗത്തിൽ പൂർത്തിയാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പഞ്ചശീലതത്ത്വങ്ങള്‍ അനുസരിച്ചായിരിക്കണം വിദേശകാര്യങ്ങള്‍ നടത്തേണ്ടത് എന്ന് കോണ്‍ഗ്രസ് നിർദേശിച്ചു.
1959 മാർച്ചിൽ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെ സംസ്ഥാനത്തെ മഹാരാഷ്‌ട്രയും ഗുജറാത്തുമായി വിഭജിച്ചതും കേരളത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്ക് എതിരായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ ഒരു സമരം നടത്തുകയും പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുകയും ചെയ്‌തതും ഇന്ദിരാഗാന്ധിയുടെ ആധ്യക്ഷ്യ കാലത്തെ പ്രധാനപ്പെട്ട സംഭവവികാസങ്ങളായിരുന്നു. ചൈന, ഇന്ത്യയുടെ അതിർത്തിയിൽ കൈയേറ്റങ്ങള്‍ നടത്തിയതായി ചൂണ്ടിക്കാണിച്ചുകൊണ്ട് ചൈനയോടുള്ള പ്രതിഷേധാത്മകമായ ഉറച്ചനയം ബാംഗ്ലൂരിൽ നടന്ന കോണ്‍ഗ്രസ്സിന്റെ 65-ാം സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടു.
1962-ൽ നടന്ന ഇന്ത്യയിലെ മൂന്നാമത്തെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയം നേടി. പൊതുതിരഞ്ഞെടുപ്പിനുശേഷം ഡി. സഞ്‌ജീവയ്യ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദലിത് എന്ന മേന്മയും ശ്രീ സഞ്‌ജീവയ്യയ്‌ക്കുതന്നെ ലഭിക്കുന്നു.
കാമരാജ്‌പദ്ധതി
കോണ്‍ഗ്രസ് സംഘടനയിൽ ഇക്കാലത്തുണ്ടായ ഒരു പ്രധാന സംഭവവികാസം 1963-ൽ പ്രവർത്തകസമിതി കാമരാജ്‌പദ്ധതി അംഗീകരിച്ചു എന്നതാണ്. ദീർഘകാലം മന്ത്രിപദത്തിൽ വാണരുളിയവർ സംഘടനാരംഗത്തേക്കു പോകേണ്ടതാണ് എന്ന് നിർദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ പദ്ധതി. ജവാഹർലാൽ നെഹ്‌റു ഈ പദ്ധതി അനുസരിച്ച് പ്രധാനമന്ത്രിപദം രാജിവയ്‌ക്കാന്‍ സന്നദ്ധനായെങ്കിലും പ്രവർത്തകസമിതി അത് അംഗീകരിക്കാന്‍ വിസമ്മതിച്ചു. എ.ഐ.സി.സി. കാമരാജ്‌പദ്ധതിയെ സ്വാഗതം ചെയ്യുകയും രാജിവയ്‌ക്കേണ്ടവരാരാണെന്ന് തീരുമാനിക്കുവാന്‍ നെഹ്‌റുവിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. നെഹ്‌റുവിന്റെ തീരുമാനമനുസരിച്ച് കേന്ദ്രമന്ത്രിമാരായ മൊറാർജിദേശായ്, ജഗ്‌ജീവന്‍റാം, എസ്.കെ. പാട്ടീൽ, ലാൽ ബഹാദൂർ ശാസ്‌ത്രി, ബി. ഗോപാലറെഡ്ഡി, ഡോ. കെ.എൽ. ശ്രീമാലി എന്നിവരും സംസ്ഥാന മുഖ്യമന്ത്രിമാരായ കാമരാജ്, സി.ബി. ഗുപ്‌ത, പട്‌നായിക്, മണ്ഡലോയ്, ബിനോദാനന്ദ് ഝാ, ബക്ഷിഗുലാം മുഹമ്മദ് എന്നിവരും രാജിവയ്‌ക്കുകയുണ്ടായി.
നെഹ്‌റുവിന്റെ നിര്യാണം
1964 മേയ് 27-ന് ജവാഹർലാൽ നെഹ്‌റു നിര്യാതനായി. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഒരു യുഗത്തിന്റെ അവസാനമായിരുന്നു ഇത്. നെഹ്‌റുവിന്റെ നിര്യാണംമൂലം സംജാതമായ സ്ഥിതിവിശേഷത്തെ കാമരാജിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘടന തന്റേടത്തോടും അതിവിദഗ്‌ധമായും കൈകാര്യം ചെയ്‌തു. ലാൽ ബഹാദൂർ ശാസ്‌ത്രിയെ ഐകകണ്‌ഠ്യേന കോണ്‍ഗ്രസ് പാർലമെന്ററി കക്ഷിയുടെ നേതാവായി തെരഞ്ഞെടുത്തു. കാമരാജിന്റെ നയതന്ത്ര വൈദഗ്‌ധ്യംകൊണ്ടാണിതു സാധ്യമായത്. ശാസ്‌ത്രി പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. 1965 സെപ്‌തംബറിൽ പാകിസ്‌താന്‍ ഇന്ത്യയെ ആക്രമിക്കുകയും യുദ്ധത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്‌തു. 1966 ജനുവരിയിൽ താഷ്‌കെന്റിൽവച്ച് ശാസ്‌ത്രി നിര്യാതനായി. കോണ്‍ഗ്രസ് പ്രസിഡന്റായ കാമരാജിന്റെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും പിന്തുണയോടുകൂടി ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പാർലമെന്ററി കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടു; മൊറാർജി ദേശായി മത്സരിച്ചെങ്കിലും പരാജിതനായി. അങ്ങനെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1967-ൽ നടന്ന നാലാമത്തെ പൊതുതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ലോക്‌സഭയിൽ ഭൂരിപക്ഷകക്ഷിയായെങ്കിലും അംഗങ്ങളുടെ സംഖ്യയിൽ ഗണ്യമായ കുറവുവന്നു. ബംഗാള്‍, ബിഹാർ, പഞ്ചാബ്, ഒഡിഷ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ്സിതരകക്ഷികള്‍ അധികാരത്തിൽവന്നു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് പാർലമെന്ററി കക്ഷി ഇന്ദിരാഗാന്ധിയെ വീണ്ടും നേതാവായി തിരഞ്ഞെടുത്തു. അവർ, മൊറാർജിദേശായിയെ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി നിയമിച്ചുകൊണ്ട് തന്റെ ഗവണ്‍മെന്റ് രൂപവത്‌കരിച്ചു.
പാർട്ടിയിലെ പിളർപ്പ്
1968 ജൂലായിൽ ബാംഗ്ലൂരിൽക്കൂടിയ എ.ഐ.സി.സി. സമ്മേളനത്തിൽ ഇന്ദിരാഗാന്ധി അവതരിപ്പിച്ച പത്തിന സാമ്പത്തിക പരിപാടി പാർട്ടിയിലെ ഉന്നതതലങ്ങളിൽ ആശയസംഘട്ടനത്തിനു വഴിതെളിച്ചു. രാഷ്‌ട്രപതിയായ ഡോ. സാക്കീർ ഹുസൈന്‍ നിര്യാതനായതിനെത്തുടർന്നുണ്ടായ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിർദേശാവസരത്തിലും തുടർന്നും കോണ്‍ഗ്രസ്സിന്റെ എല്ലാതലങ്ങളിലും ആശയപരമായി ഭിന്നിപ്പുണ്ടായി. ജൂലായ് 12-ന് നടന്ന കോണ്‍ഗ്രസ് പാർലമെന്ററി ബോർഡ്‌യോഗത്തിൽ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി ആയി ഇന്ദിരാഗാന്ധി ജഗ്‌ജീവന്‍ റാമിന്റെ പേരാണ് നിർദേശിച്ചത്. ഇതിനെതിരായി സഞ്‌ജീവറെഡ്ഡിയുടെ പേരും നിർദേശിക്കപ്പെട്ടു. നിജലിംഗപ്പ, വൈ.ബി. ചവാന്‍, എസ്.കെ. പാട്ടീൽ, മൊറാർജി ദേശായ്, കാമരാജ് എന്നിവരടങ്ങിയ ഭൂരിപക്ഷം റെഡ്ഡിയെ അനുകൂലിച്ചപ്പോള്‍ ഇന്ദിരാഗാന്ധി, ഫക്രുദീന്‍ അലി അഹമ്മദ് എന്നിവർ മാത്രം ജഗ്‌ജീവന്‍ റാമിന്റെ സ്ഥാനാർഥിത്വത്തെ അനുകൂലിച്ചു. ഇന്ദിര പിന്തുണച്ച ജഗജീവന്‍ റാം ഒറ്റ വോട്ടിനാണ് പരാജയപ്പെട്ടത്. "സിന്‍ഡിക്കേറ്റ്' എന്ന പേരിൽ അറിയപ്പെട്ട കാമരാജും അനുയായികളും ഏല്‌പിച്ച ആഘാതത്തിനു മറുപടിയായി ഇന്ദിര ജൂലായ് 16-ന് മൊറാർജിദേശായിയിൽനിന്ന് ധനകാര്യവകുപ്പ് ഏറ്റെടുക്കുകയും പതിനാല് വന്‍കിട ബാങ്കുകള്‍ ദേശസാത്‌കരിക്കുകയും ചെയ്‌തു. ലക്ഷക്കണക്കിന് കൃഷിക്കാർ, കൈവേലക്കാർ, മറ്റ് സ്വയംതൊഴിൽ ചെയ്യുന്ന കൂട്ടർ എന്നിവർക്ക് വായ്‌പ നല്‌കിയ ദേശസാത്‌കരണത്തോട് രാജ്യത്ത് വമ്പിച്ച അനുകൂല വികാരമാണ് നിലനിന്നത്; ഇന്ത്യന്‍ സമ്പദ്‌ഘടനയെ ഉടച്ചുവാർത്ത വിപ്ലവമെന്നാണ് ദേശസാത്‌കരണം വിശേഷിക്കപ്പെട്ടത്. ഇതിനിടെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്ത് എത്തിയ വി.വി. ഗിരിയെ പിന്തുണയ്‌ക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചു. കോണ്‍ഗ്രസ് സ്ഥാനാർഥിയായ സഞ്‌ജീവറെഡ്ഡിക്ക് വോട്ടുചെയ്യണം എന്ന് നിർദേശിച്ചുകൊണ്ട് ഒരു "വിപ്പ്' അയയ്‌ക്കാന്‍ ഇന്ദിരാഗാന്ധി വിസമ്മതിച്ചു. മാറിയ പരിതഃസ്ഥിതികളിൽ ഓരോരുത്തർക്കും മനഃസാക്ഷി അനുസരിച്ച് വോട്ടുചെയ്യാവുന്നതാണെന്ന നിലപാട് അവർ സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ വി.വി. ഗിരി ജയിക്കുകയും സഞ്‌ജീവറെഡ്ഡി പരാജയപ്പെടുകയും ചെയ്‌തു. തിരഞ്ഞെടുപ്പിലെ ഇന്ദിരയുടെ ഈ പങ്ക് കോണ്‍ഗ്രസ്സിലെ ഭിന്നിപ്പിനെ ഒരു തുറന്ന പിളർപ്പാക്കിമാറ്റി.
കോണ്‍ഗ്രസ്സിലെ ഈ പിളർപ്പ് അത്യുന്നതസമിതികള്‍ മുതൽ ഏറ്റവും താഴെയുള്ള പ്രാദേശികഘടകങ്ങള്‍വരെ വ്യാപിക്കുകയുണ്ടായി. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് "സംഘടനാകോണ്‍ഗ്രസ്' എന്ന പേരിൽ അറിയപ്പെട്ടു.
കോണ്‍ഗ്രസ്സിലെ പിളർപ്പിന് പല കാരണങ്ങളും ഉണ്ടായിരുന്നു. ഒന്നാമത്തെ കാരണം യാഥാസ്ഥിതിക വിഭാഗവും പുരോഗമനശക്തികളുമായുള്ള സംഘട്ടനം ആയിരുന്നു. രണ്ടാമത്തെ കാരണം "സിന്‍ഡിക്കേറ്റ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സിലെ ഒരുകൂട്ടം സംസ്ഥാനനേതാക്കന്മാർ സംഘടനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്‌തതാണ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ സംഘട്ടനത്തിലൂടെ തന്റെ നേതൃത്വം ഉറപ്പിക്കുകയും ഒരു പുതിയ കോണ്‍ഗ്രസ്സിന് ജീവന്‍ കൊടുക്കുകയും ചെയ്‌തതാണ് ഇതിന്റെ മുഖ്യഫലം. ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സ് (R) എന്ന പേരിലാണറിയപ്പെട്ടത്. ജനസംഘം, സ്വതന്ത്ര എന്നീ കക്ഷികള്‍ സംഘടനാകോണ്‍ഗ്രസ്സുമായി യോജിച്ചുപ്രവർത്തിക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമായത് മറ്റൊരു ഫലമായി പറയാം. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടുള്ള ചായ്‌വ് കൂടുതലായി വ്യക്തമാക്കി. ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ യഥാർഥനേതൃത്വം പ്രധാനമന്ത്രിക്കാണ് എന്ന് ഈ വടംവലി അവിതർക്കിതമായി തെളിയിച്ചു.
1970 ഡിസംബറിൽ ലോക്‌സഭ പിരിച്ചുവിടുകയും 1971 മാർച്ചിൽ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്‌തു. ഈ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും പരിപാടികള്‍ക്ക് വമ്പിച്ച ജനകീയ പിന്തുണ ലഭിച്ചു. മൂന്നിൽ രണ്ടിൽക്കൂടുതൽ ഭൂരിപക്ഷത്തോടുകൂടി കോണ്‍ഗ്രസ് ലോക്‌സഭയിലേക്ക് തിരിച്ചുവന്നു. പ്രിവി പഴ്‌സ് നിർത്തലാക്കൽ, ജനറൽ ഇന്‍ഷ്വറന്‍സ് ദേശസാത്‌കരണം എന്നിവ ഇക്കാലത്താണ് നടപ്പിലാക്കിയത്. പ്രിവി പഴ്‌സ് നിർത്തലാക്കിയത് സമൂഹത്തിന്റെ ജനാധിപത്യവത്‌കരണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്‌പായി വിശേഷിക്കപ്പെട്ടു.
1971-ലെ തിരഞ്ഞെടുപ്പുവിജയം ഒരു "നവ രാഷ്‌ട്രീയ ക്രമ'ത്തിനു തുടക്കം കുറിച്ചു. പിന്നോക്ക വിഭാഗങ്ങള്‍, അധഃസ്ഥിതർ, മുസ്‌ലിങ്ങള്‍ എന്നീ വിഭാഗങ്ങളുടെ പിന്തുണയാർജിക്കുന്നതിനായി ഭൂപ്രഭുവിഭാഗങ്ങളെ ഒഴിവാക്കിയതായിരുന്നു ഈ പുതിയ രാഷ്‌ട്രീയ ക്രമത്തിന്റെ പ്രധാന സവിശേഷത. ഈ നയം ഒരു നവ ജനപ്രിയ സർവാധിപത്യത്തിനു വഴി ഒരുക്കിയതായി വിലയിരുത്തപ്പെട്ടു. കോണ്‍ഗ്രസ് രാഷ്‌ട്രീയം ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവത്തിലധിഷ്‌ഠിതമായി. ഇതിന്റെ ഫലമായി കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം ദുർബലമായി എന്നുമാത്രമല്ല, സംഘടനയ്‌ക്കുള്ളിൽ വിമർശനങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി എല്ലാ തലത്തിലുമുള്ള ഭാരവാഹികളെ മുകളിൽനിന്നു നാമനിർദേശം ചെയ്യുന്ന രീതിയും ഇന്ദിര അവലംബിച്ചു.
1972-ഓടെ കോണ്‍ഗ്രസ്സിലെ ആന്തരിക ദൗർബല്യങ്ങള്‍ക്കു പുറമേ, ഭരണവ്യവസ്ഥയിലെ അഴിമതിയും കെടുകാര്യസ്ഥതയും കൂട്ടക്കുഴപ്പങ്ങള്‍ക്കാണ് വഴിവച്ചത്. മാത്രമല്ല 1973-ൽ മണ്‍സൂണ്‍ പരാജയപ്പെട്ടതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാവുകയും വിലക്കയറ്റം അനിയന്ത്രിതമാവുകയും ചെയ്‌തു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, അഴിമതി എന്നിവയ്‌ക്കെതിരെയുള്ള ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവം അരങ്ങേറുന്നത് ഈ സാഹചര്യത്തിലാണ്. സമ്പൂർണ വിപ്ലവം ശക്തി പ്രാപിക്കവേയാണ് അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽനിന്നുള്ള പാർലമെന്റിലേക്കുള്ള ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത് (ജൂണ്‍ 12, 1975). പ്രധാനമന്ത്രി രാജി വയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ നിരസിച്ച ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണുണ്ടായത്. അടിയന്തരാവസ്ഥക്കാലത്ത് പ്രധാനരാഷ്‌ട്രീയ നേതാക്കളെ ജയിലിലടച്ചതിനു പുറമേ, എല്ലാ പൗരസ്വാതന്ത്യ്രങ്ങളും റദ്ദാക്കുകയും പത്ര സെന്‍സർഷിപ്പ് പ്രാബല്യത്തിൽ വരുത്തുകയും ചെയ്‌തു. ജെ.പി. പ്രസ്ഥാനത്തിന്റെയും പ്രതിവിപ്ലവശക്തികളുടെയും ഭരണഘടനേതരമായ വെല്ലുവിളിയെ ഭരണഘടനാപരമായി നേരിടാനായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നായിരുന്നു ഇന്ദിരയുടെ ന്യായീകരണം.
ഇന്ദിരാഗാന്ധി ഏകപക്ഷീയമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ വിമർശിക്കാനോ തടയാനോ മുതിരാത്തത് കോണ്‍ഗ്രസ് എന്ന രാഷ്‌ട്രീയപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാധീനതയായി ചൂണ്ടിക്കാണിക്കപ്പെട്ടു. അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം 1977-ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിനു ഭരണാധികാരം നഷ്‌ടമായി. 30 വർഷത്തെ കോണ്‍ഗ്രസ് ഭരണത്തിനു വിരാമമിട്ടുകൊണ്ട് ആദ്യമായി കേന്ദ്രത്തിൽ ഒരു കോണ്‍ഗ്രസ്സിതര ഗവണ്‍മെന്റ് അധികാരത്തിൽവന്നു. അടിയന്തരാവസ്ഥക്കാലത്ത് സഞ്‌ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ചേരി നിർമാർജനവും നിർബന്ധിത കുടുംബാസൂത്രണവും കോണ്‍ഗ്രസ്സിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന രണ്ടു വിഭാഗങ്ങളെ, ദരിദ്രരെയും മുസ്‌ലിങ്ങളെയും കോണ്‍ഗ്രസ്സിൽ നിന്നും അകറ്റിയത് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായി. അധികാരത്തിൽനിന്നും ഇന്ദിര നിഷ്‌കാസിതയായിക്കഴിഞ്ഞ വേളയിലാണ് കോണ്‍ഗ്രസ് രണ്ടാമതും പിളർന്നത്. ഇന്ദിരയും അനുയായികളും ചേർന്ന് രൂപവത്‌കരിച്ച പാർട്ടി കോണ്‍ഗ്രസ് (ഐ) എന്നും (ഐ. എന്നത് ഇന്ദിര എന്നതിന്റെ ആദ്യാക്ഷരം) സ്വരണ്‍സിങ് നയിച്ച പാർട്ടി കോണ്‍ഗ്രസ് (എസ്സ്) എന്നും അറിയപ്പെട്ടു.
ജനതാഗവണ്‍മെന്റിന്റെ പതനത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ (1980) 542 സീറ്റിൽ 360 നേടിക്കൊണ്ട് ഇന്ദിരയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ഭൂരിപക്ഷ കക്ഷിയായി അധികാരത്തിൽ തിരിച്ചെത്തി. ഇന്ദിര വധിക്കപ്പെട്ടതിനുശേഷം കോണ്‍ഗ്രസ് പാർട്ടിയെ നയിച്ചത് രാജീവ്‌ഗാന്ധിയാണ്. ഇന്ദിരയുടെ സ്‌മരണകള്‍ നിറഞ്ഞ 1984-ലെ തിരഞ്ഞെടുപ്പിൽ പാർലമെന്റുസീറ്റുകളുടെ 80 ശതമാനം കോണ്‍ഗ്രസ് പിടിച്ചടക്കി. കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും വലിയ തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്. ഇന്ദിരാഗാന്ധിയുടെ വധം സൃഷ്‌ടിച്ച സഹതാപതരംഗം കോണ്‍ഗ്രസ്സിന്റെ വിജയത്തെ സ്വാധീനിച്ച സുപ്രധാന ഘടകമായിരുന്നു.
സമന്വയത്തിന്റെയും സമവായത്തിന്റെയും വക്താവായാണ് രാജീവ്‌ഗാന്ധി തന്റെ രാഷ്‌ട്രീയ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പഞ്ചാബ്, മിസോറം, അസം എന്നിവിടങ്ങളിലെ കോണ്‍ഗ്രസ്സിതര രാഷ്‌ട്രീയ കക്ഷികളുമായി എത്തിച്ചേർന്ന സമവായത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം അവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോയത്. മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിതര പാർട്ടികളാണ് അധികാരത്തിലെത്തിയതെങ്കിലും, രാജീവ്‌ഗാന്ധി രാഷ്‌ട്രത്തിന്റെ സദ്‌ഭാവന മൂന്നു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കു ലഭ്യമാക്കിയതായി പരക്കെ അംഗീകരിക്കപ്പെട്ടു. പാർട്ടിയെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി അധികാരവികേന്ദ്രീകരണത്തിനും ജനാധിപത്യവത്‌കരണത്തിനും ഇടംനൽകാനുള്ള രാജീവിന്റെ ശ്രമം തുടക്കത്തിൽ പ്രതീക്ഷയ്‌ക്കുവകനൽകിയെങ്കിലും ക്രമേണ പാർട്ടി പഴയ പ്രവർത്തനശൈലിയിലേക്ക് മടങ്ങുകയായിരുന്നു.
ലോകത്തെ ഏറ്റവും കർശനമായ ക്രമീകരണങ്ങളുള്ള സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരുന്നു ഇന്ത്യയിലേത്. ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ ഉദാരവത്‌കരണത്തിനു തുടക്കം കുറിച്ചത് രാജീവ്‌ഗാന്ധിയായിരുന്നു. ഇറക്കുമതിക്കുമേലുണ്ടായിരുന്ന അമിത ഡ്യൂട്ടിയും നിയന്ത്രണങ്ങളും ഒരളവുവരെ കുറയ്‌ക്കാനും നികുതിഘടന യുക്തിസഹമാക്കാനും സ്വകാര്യമേഖലയ്‌ക്കു മേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കാനും ശ്രമിച്ച ഇദ്ദേഹം, സമ്പദ്‌ഘടനയുടെ ആധുനിക വികാസത്തെ തടസ്സപ്പെടുത്തിയിരുന്ന "ലൈസന്‍സ് രാജി'നു അന്ത്യം കുറിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. ഈ മാറ്റങ്ങള്‍ ഉത്‌പാദന വർധനയ്‌ക്കും മത്സരക്ഷമതാവർധനയ്‌ക്കും വഴിതെളിക്കുകയുണ്ടായി. കണ്‍സ്യൂമർ ഡ്യൂറബിള്‍ ഇനങ്ങളുടെ വിപണി വികസ്വരമായി; എന്നു മാത്രമല്ല കച്ചവടസ്ഥാപനങ്ങളും വ്യവസായങ്ങളും തഴച്ചുവളർന്നു.
കൂട്ടുകക്ഷിഭരണം
രാജീവ് മന്ത്രിസഭയിലെ ധന-പ്രതിരോധ മന്ത്രിയെന്ന നിലയിൽ സ്വീകരിച്ച ശക്തമായ നടപടികളുടെ പേരിൽ സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട വി.പി. സിങ് 1980-കളുടെ അന്ത്യത്തിൽ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തിന്റെ കേന്ദ്രബിന്ദുവായി മാറി. ഇദ്ദേഹം രൂപവത്‌കരിച്ച ജനതാദള്‍ പിന്നീട് പ്രാദേശിക കക്ഷികളുമായി ചേർന്ന് ഒരു ദേശീയമുന്നണി സൃഷ്‌ടിച്ചു. 1989-ലെ പൊതു തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് 197 സീറ്റുകള്‍ നേടിക്കൊണ്ട് ഏറ്റവും വലിയ കക്ഷിയായെങ്കിലും ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാന്‍ രാജീവ്‌ഗാന്ധി തയ്യാറായില്ല. 1989-ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികളുടെയും ബി.ജെ.പി.യുടെയും പുറത്തുനിന്നുള്ള പിന്തുണയോടെ വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണിയാണ് അധികാരത്തിൽ വന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍ഗ്രസ്സേതര മന്ത്രിസഭയായിരുന്നു ഇത്. ഏതെങ്കിലും ഒരു പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു 1989-ലേത്. ന്യൂനപക്ഷ ഗവണ്‍മെന്റും കൂട്ടുകക്ഷി ഗവണ്‍മെന്റുമായി കേന്ദ്രഗവണ്‍മെന്റ് മാറുന്നതും ഈ തിരഞ്ഞെടുപ്പോടുകൂടിയായിരുന്നു. ദേശീയ മുന്നണി സർക്കാരിന്റെ പതനത്തിനുശേഷം നടന്ന 1991-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. രാജീവിന്റെ മരണശേഷം സോണിയാഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കാന്‍ ശ്രമമുണ്ടായെങ്കിലും അവർ രാഷ്‌ട്രീയത്തിൽനിന്നും വിട്ടുനിൽക്കാനുള്ള തീരുമാനമാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാന്‍ നിയുക്തനായത് ഇന്ദിരയുടെയും രാജീവിന്റെയും കീഴിൽ വിദേശകാര്യ മന്ത്രിയായ നരസിംഹറാവു ആയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു നരസിംഹറാവു. നരസിംഹറാവു നടപ്പിലാക്കിയ സാമ്പത്തിക ഉദാരവത്‌കരണ നയങ്ങള്‍ കോണ്‍ഗ്രസ് പിന്തുടർന്നുവന്ന നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് പാരമ്പര്യത്തിൽ നിന്നുള്ള അടിസ്ഥാനപരമായ വിച്ഛേദമായിരുന്നു. അരനൂറ്റാണ്ടായി നിലനിൽക്കുന്ന സോഷ്യലിസ്റ്റ് ചട്ടക്കൂട് സാമ്പത്തിക വളർച്ചയ്‌ക്കു വിഘാതമാണെന്നു വിലയിരുത്തിയ നരസിംഹറാവു ഗവണ്‍മെന്റ് അതു തകർക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. സംരംഭകത്വത്തിനു പ്രതികൂലമായ ഉദ്യോഗസ്ഥ നിയന്ത്രണങ്ങള്‍ പലതും ഇല്ലാതാക്കിയ ഗവണ്‍മെന്റ് സ്വകാര്യ നിക്ഷേപത്തെയും സ്വകാര്യവത്‌കരണത്തെയും പ്രാത്സാഹിപ്പിക്കുകയും ഇന്ത്യന്‍ സംരംഭകന് ആഗോള സമ്പദ്‌ഘടനയിൽ സ്വതന്ത്രമായി ഇടപെടുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്‌തു. ഈ നടപടികളുടെ ഫലമായി സമ്പദ്‌ഘടനയിൽ സുസ്ഥിരവും ഗണ്യവുമായ വളർച്ചയുണ്ടായെങ്കിലും ദരിദ്ര വിഭാഗങ്ങള്‍ക്കുമേൽ കൂടുതൽ ആഘാതമേല്‌പിക്കും വിധം സമ്പത്തിന്റെ വിതരണം കൂടുതൽ അസമമാവുകയും ചെയ്‌തു. സ്വയം പര്യാപ്‌തതയിലധിഷ്‌ഠിതമായ പരമ്പരാഗത സാമ്പത്തിക നയത്തെ കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന ആക്ഷേപം ബി.ജെ.പി.യും ഇടതു പാർട്ടികളും ഉന്നയിക്കുകയുണ്ടായി. വിദേശനയത്തിലെ നെഹ്‌റുവിയന്‍ പാരമ്പര്യത്തിൽ നിന്നുള്ള ദിശാമാറ്റം സംഭവിക്കുന്നതും നരസിംഹറാവുവിന്റെ ഭരണകാലത്താണ്. ചേരിചേരാ നയത്തെ ശക്തിപ്പെടുത്തുന്നതും, ബഹുധ്രുവലോകത്തിൽ അധിഷ്‌ഠിതവുമായ വിദേശ നയത്തിൽനിന്നും അമേരിക്കയുടെ മേൽക്കോയ്‌മയിലുള്ള ഏകധ്രുവ വ്യവസ്ഥയിലേക്കുള്ള പരിവർത്തനം നടക്കുന്നത് 1990-കളിലാണ്. 1996-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന് 140 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനെത്തുടർന്ന് നരസിംഹറാവു പാർട്ടി അധ്യക്ഷസ്ഥാനം രാജിവയ്‌ക്കുകയുണ്ടായി.
1998 മാർച്ചിലാണ് സോണിയാഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിലൂടെ ദുർബലമായ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുന്നതിനും 2004-ൽ അധികാരത്തിൽ തിരിച്ചുകൊണ്ടുവരുന്നതിനും സോണിയാഗാന്ധിയുടെ മാർഗദർശിത്വവും നേതൃത്വപാടവവും സഹായകമായി എന്ന് വിലയിരുത്തപ്പെട്ടു. 2004-ൽ നടന്ന 14-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യം (യു.പി.എ.) ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. "ഇന്ത്യ തിളങ്ങുന്നു' തുടങ്ങിയ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളെ തിരസ്‌കരിച്ചുകൊണ്ടാണ് ജനങ്ങള്‍ കോണ്‍ഗ്രസ്സിന് അധികാരം കൈമാറിയത്. കേന്ദ്രത്തിൽ ഒരു മതേതര സർക്കാർ വരണമെന്ന ആഗ്രഹമായിരുന്നു ഈ വിധിയെഴുത്തിൽ പ്രതിഫലിച്ചത് എന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തി. സോണിയാഗാന്ധി പ്രധാനമന്ത്രി പദം നിരസിച്ചതിനെത്തുടർന്ന് ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. നരസിംഹറാവുവിന്റെ കീഴിൽ കോണ്‍ഗ്രസ് തുടങ്ങിവച്ച സാമ്പത്തിക നയത്തിന്റെ തുടർച്ചയാണ് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. പിന്തുടരുന്നത്.
അമേരിക്കയുമായി ധാരണയിലെത്തിയ ആണവക്കരാർ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവ മുഖ്യചർച്ചാവിഷയമായിരുന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പി.എ.യ്‌ക്ക് കേവല ഭൂരിപക്ഷം തികയ്‌ക്കാനായില്ലെങ്കിലും 258 സീറ്റുകള്‍ നേടിക്കൊണ്ട് കോണ്‍ഗ്രസ് മുന്നണിയായ യു.പി.എ. വീണ്ടും അധികാരത്തിലെത്തി. സുസ്ഥിരവികസനം, സാമ്പത്തിക വളർച്ച, ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, വിദ്യാഭ്യാസ അവകാശ നിയമം എന്നിവ കോണ്‍ഗ്രസ്സിന്റെ മികച്ച നേട്ടങ്ങളായിരുന്നു. അതേ സമയം പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വർധന എന്നിവയും 2010-ലെ കോമണ്‍വെൽത്ത് ഗെയിംസിനു പിന്നിലെ സാമ്പത്തിക ക്രമക്കേട്, സഖ്യകക്ഷിയായ ഡി.എം.കെ. നേതൃത്വം നൽകിയ ടെലികോം മന്ത്രാലയത്തിനുകീഴിലെ അഴിമതി തുടങ്ങിയവ കോണ്‍ഗ്രസ്സിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‌പിച്ചിട്ടുണ്ട്. 2013-ൽ രാഹുൽഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി. കോണ്‍ഗ്രസ്സിൽ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് വഴി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന രീതിക്ക് ഇദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. 126 വർഷത്തെ സുദീർഘമായ ചരിത്രത്തിനിടയിൽ, കോണ്‍ഗ്രസ്സിന് ഇത്തരം അപചയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ ശക്തിയായി ഇന്നും ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് തുടരുന്നു.
(സുകുമാരന്‍നായർ; സ.പ.)