This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറ്റവും ശിക്ഷയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Crime and Punishment)
(Crime and Punishment)
വരി 6: വരി 6:
റഷ്യന്‍ സാഹിത്യകാരനായ ഫയദോർ ദസ്‌തയെവ്‌സ്‌കിയുടെ അതിപ്രസിദ്ധമായ നോവൽ (1867). യാതനയിലൂടെ മാത്രമേ മനുഷ്യനു പാപനിർമുക്തനാകാന്‍ കഴിയൂ എന്ന തത്ത്വത്തിനു സ്ഥിരീകരണം നല്‌കുകയാണ്‌ ദസ്‌തയെവ്‌സ്‌കി ഈ കൃതിയിൽ ചെയ്‌തിരിക്കുന്നത്‌.  

-
[[ചിത്രം:Vol7p741_sar 7  crime and punishment-Dostoyevski.jpg|thumb|]]
+
[[ചിത്രം:Vol7p741_sar 7  crime and punishment-Dostoyevski.jpg|thumb|ഫയദോർ ദസ്‌തയെവ്‌സ്‌കി]]
മ്ലാനചിത്തനും ഏകാന്തപഥികനും ബുദ്ധിജീവിയുമായ റസ്‌കോൽ നിക്കോവ്‌ എന്നൊരു ദരിദ്രവിദ്യാർഥിയാണ്‌ ഇതിലെ പ്രധാന കഥാപാത്രം. അയാള്‍ ഒരു തത്ത്വത്തിനുവേണ്ടി ദുരമൂത്ത ഒരു കിഴവിയെ കൊല്ലുന്നു. ഈ കൊല സമുദായത്തിന്‌ ഒരു അനുഗ്രഹമേ ആകൂ എന്നാണ്‌ അയാളുടെ ചിന്ത. കൊല നടത്തുന്നതിനു മുമ്പ്‌ അസാമാന്യവ്യക്തികള്‍ സാമാന്യനിയമങ്ങള്‍ക്കും ധാർമികമാനദണ്ഡങ്ങള്‍ക്കും അതീതരാണെന്നു സമർഥിച്ചുകൊണ്ട്‌ ഒരു ലേഖനം അയാള്‍ പ്രസിദ്ധീകരിച്ചിരുന്നു. താന്‍ ഒരു അസാധാരണനാണെന്നു സ്ഥാപിക്കാന്‍ ഈ കൊലമൂലം സാധിക്കുമെന്ന്‌ അയാള്‍ കരുതി. കിഴവിയുടെ സ്വത്തുകൊണ്ടു തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാം. മനുഷ്യനന്മയ്‌ക്കുവേണ്ടി ആ സ്വത്തു വിനിയോഗിക്കുകയും ചെയ്യാം എന്നിങ്ങനെ പല ഉദ്ദേശ്യങ്ങളും അയാള്‍ക്കുണ്ടായിരുന്നു.

06:17, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുറ്റവും ശിക്ഷയും

Crime and Punishment

റഷ്യന്‍ സാഹിത്യകാരനായ ഫയദോർ ദസ്‌തയെവ്‌സ്‌കിയുടെ അതിപ്രസിദ്ധമായ നോവൽ (1867). യാതനയിലൂടെ മാത്രമേ മനുഷ്യനു പാപനിർമുക്തനാകാന്‍ കഴിയൂ എന്ന തത്ത്വത്തിനു സ്ഥിരീകരണം നല്‌കുകയാണ്‌ ദസ്‌തയെവ്‌സ്‌കി ഈ കൃതിയിൽ ചെയ്‌തിരിക്കുന്നത്‌.

ഫയദോർ ദസ്‌തയെവ്‌സ്‌കി

മ്ലാനചിത്തനും ഏകാന്തപഥികനും ബുദ്ധിജീവിയുമായ റസ്‌കോൽ നിക്കോവ്‌ എന്നൊരു ദരിദ്രവിദ്യാർഥിയാണ്‌ ഇതിലെ പ്രധാന കഥാപാത്രം. അയാള്‍ ഒരു തത്ത്വത്തിനുവേണ്ടി ദുരമൂത്ത ഒരു കിഴവിയെ കൊല്ലുന്നു. ഈ കൊല സമുദായത്തിന്‌ ഒരു അനുഗ്രഹമേ ആകൂ എന്നാണ്‌ അയാളുടെ ചിന്ത. കൊല നടത്തുന്നതിനു മുമ്പ്‌ അസാമാന്യവ്യക്തികള്‍ സാമാന്യനിയമങ്ങള്‍ക്കും ധാർമികമാനദണ്ഡങ്ങള്‍ക്കും അതീതരാണെന്നു സമർഥിച്ചുകൊണ്ട്‌ ഒരു ലേഖനം അയാള്‍ പ്രസിദ്ധീകരിച്ചിരുന്നു. താന്‍ ഒരു അസാധാരണനാണെന്നു സ്ഥാപിക്കാന്‍ ഈ കൊലമൂലം സാധിക്കുമെന്ന്‌ അയാള്‍ കരുതി. കിഴവിയുടെ സ്വത്തുകൊണ്ടു തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാം. മനുഷ്യനന്മയ്‌ക്കുവേണ്ടി ആ സ്വത്തു വിനിയോഗിക്കുകയും ചെയ്യാം എന്നിങ്ങനെ പല ഉദ്ദേശ്യങ്ങളും അയാള്‍ക്കുണ്ടായിരുന്നു.

വളരെ കരുതിക്കൂട്ടിയാണ്‌ കൊല നടത്തിയത്‌. എന്നാൽ ആ സമയത്ത്‌ അവിടെയെത്തിയ കിഴവിയുടെ സഹോദരിയെക്കൂടി കൊല്ലേണ്ടിവന്നു. ഒരു ദിവാസ്വപ്‌നത്തിലെന്നപോലെ കൃത്യം കഴിച്ച്‌ കിഴവിയുടെ ആഭരണങ്ങളും നോട്ടുകളും അപഹരിച്ചുകൊണ്ട്‌ അവിടെനിന്ന്‌ അയാള്‍ കഷ്‌ടിച്ചു രക്ഷപ്പെട്ടു. താനാണ്‌ കുറ്റവാളിയെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുപിടിക്കാതിരിക്കാന്‍ ഇവയെല്ലാം ഒരൊഴിഞ്ഞ വീട്ടിൽ ഒരു വലിയ കല്ലിന്റെ ചുവട്ടിൽ നിക്ഷേപിച്ചു. സ്വന്തം വസ്‌ത്രങ്ങളിലും ബൂട്ട്‌സിലും പറ്റിയിരുന്ന ചോരയുടെ പാടുകള്‍ കഴുകിക്കളഞ്ഞു. എന്നാൽ മനസ്സിലുദിച്ച സംഭ്രാന്തിയും ഉദ്വേഗവും ദൂരികരിക്കാന്‍ കഴിയാതെ അയാള്‍ ഒരു മാനസികരോഗിയെപ്പോലെ ആയി. ഇടയ്‌ക്കിടെ പൊലീസ്‌സ്റ്റേഷനും കുറ്റം ചെയ്‌ത സ്ഥലവും സന്ദർശിച്ചു. കുറ്റവാളി എന്നു സംശയിക്കപ്പെട്ട വേറൊരാളെ അന്വേഷണോദ്യോഗസ്ഥർ അറസ്റ്റ്‌ ചെയ്യുകയും അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു. പക്ഷേ താന്‍ ചെയ്‌ത കുറ്റത്തിനു വേറൊരാള്‍ ശിക്ഷിക്കപ്പെട്ടതോടെ റസ്‌കോൽ നിക്കോവ്‌ കൂടുതൽ തളർന്നു.

ഒരു ദിവസം പൊലീസ്‌ സ്റ്റേഷനിൽ ഹാജരാകണമെന്നു കാണിച്ചുകൊണ്ടുള്ള ഒരു ഉത്തരവ്‌ റസ്‌കോൽ നിക്കോവിനു കിട്ടി. തന്റെ കുറ്റം പൊലീസുകാർ കണ്ടുപിടിച്ചുവെന്ന്‌ തീർച്ചയാക്കി, കുറ്റം ഏറ്റുപറയാന്‍ തയ്യാറായി അയാള്‍ പൊലീസ്‌ സ്റ്റേഷനിൽ ചെന്നു. എന്നാൽ താമസിക്കുന്ന വീടിന്റെ ഉടമസ്ഥയോടു കടംവാങ്ങിയ പണം തിരിച്ചുകൊടുക്കണമെന്ന്‌ ആവശ്യപ്പെടാനായിരുന്നു നിക്കോവിനെ വിളിപ്പിച്ചത്‌. പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക്‌ അയാള്‍ നല്‌കിയ മറുപടി സംശയങ്ങള്‍ക്കു വക നല്‌കി. അവർ നടത്തിയ കൂടുതൽ അന്വേഷണങ്ങളിൽ സംശയം ബലപ്പെട്ടു.

അന്ത:സംഘർഷം ദുർവഹമായപ്പോള്‍ താനാണ്‌ കുറ്റവാളി എന്ന വസ്‌തുത അയാള്‍ തന്റെ ഒരു സുഹൃത്തിന്റെ മകളായ സോണിയയോടു തുറന്നുപറഞ്ഞു. ജീവിതദൗർഭാഗ്യങ്ങള്‍ക്കിരയായി, കുടുംബം പുലർത്താന്‍വേണ്ടി, ഇളംപ്രായത്തിലേ വേശ്യാവൃത്തി സ്വീകരിക്കാന്‍ നിർബന്ധിതയായിത്തീർന്ന ത്യാഗശീലയാണ്‌ സോണിയ. പോലീസിന്റെ മുമ്പിൽ ഹാജരായി കുറ്റം ഏറ്റുപറഞ്ഞു മനഃശാന്തി നേടാന്‍ അവള്‍ ഉപദേശിച്ചു. അവസാനം അയാള്‍ അത്‌ അനുസരിച്ചു. കേസു വിചാരണയ്‌ക്കുശേഷം അയാള്‍ക്ക്‌ എട്ടുകൊല്ലത്തെ തടവുശിക്ഷയും സൈബീരിയയിലേക്കു നാടുകടത്തലും വിധിച്ചു.

സൈബീരിയയിലേക്കു റസ്‌കോൽ നിക്കോവിനെ അനുഗമിച്ച സോണിയയുടെ ത്യാഗപൂർണമായ പരിചരണം അയാളെ വേറൊരാളാക്കി മാറ്റി. സ്‌നേഹം അയാള്‍ക്കു പുനരുത്ഥാനം നല്‌കി.

ഈ പ്രധാനകഥയ്‌ക്കു പോഷകമായി നിബന്ധിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ കഥാനായകന്റെ അമ്മ, സഹോദരി ദുനിയ, അവളുടെ പ്രതിശ്രുതവരന്‍ ല്യൂഷിന്‍, ദുനിയയെ ഒടുവിൽ വിവാഹം കഴിക്കുന്ന രസുമിഖിന്‍, സോണിയയുടെ പിതാവും മുഴുക്കുടിയനുമായ മർമലദോവ്‌, പരമദുഷ്‌ടനായ സ്വിദ്രി ഗൈലോവ്‌, കുറ്റാന്വേഷണ വകുപ്പുമേധാവി ഫോർഫിറി പെട്രാവിച്ച്‌ എന്നിവർ സ്‌മരണാർഹരാണ്‌. അന്യാദൃശ സവിശേഷതകളുള്ള വ്യക്തികളാണ്‌ ഈ കഥാപാത്രങ്ങളെല്ലാം. ഒമ്പതുദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങള്‍ ചിത്രീകരിക്കുന്ന ഈ നോവൽ ശില്‌പഭംഗിയിലും കഥയുടെ വിവിധാംശങ്ങള്‍ തമ്മിലുള്ള ചേർച്ചയിലും ഗ്രന്ഥകാരന്റെ മറ്റു കൃതികളുടെ മുന്‍പന്തിയിൽ നില്‌ക്കുന്നു. റഷ്യന്‍ സമൂഹജീവിതത്തിന്റെ രൂപഭാവങ്ങള്‍ സൂക്ഷ്‌മമായും സമഞ്‌ജസമായും ഇതിൽ ആവിഷ്‌കൃതമായിരിക്കുന്നു. നന്മയും തിന്മയും കലർന്ന സഹജവാസനകളുടെ പ്രരണയാൽ ദുരന്തഹേതുകങ്ങളായ കൃത്യങ്ങള്‍ ചെയ്‌തുപോകുകയും അവയുടെ പ്രത്യാഘാതങ്ങളേറ്റ്‌ മനഃശാന്തി കിട്ടാതെ ഉഴലുകയും ഇരുട്ടിൽ തപ്പിത്തടഞ്ഞു നടന്ന്‌ ഒടുവിൽ സ്വയമറിയാതെതന്നെ ത്യാഗത്തിലൂടെ ആത്മസാക്ഷാത്‌കാരം നേടുകയും ചെയ്യുന്ന മനുഷ്യന്റെ പൂർണമായ കഥയാണിത്‌. സൂക്ഷ്‌മമായ മനുഷ്യസ്വഭാവാപഗ്രഥനവും ധർമാധർമങ്ങളെക്കുറിച്ച്‌ അനുഭവാധിഷ്‌ഠിതമായ ഒരു അഭിസന്ധിയും നാം ഇതിൽ കാണുന്നു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍