This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔഷധാതിസക്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഔഷധാതിസക്തി == == Drug Addiction == അവനവനോ സമൂഹത്തിലെ മറ്റുള്ളവർക്കോ ചീ...)
അടുത്ത വ്യത്യാസം →

05:50, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഔഷധാതിസക്തി

Drug Addiction

അവനവനോ സമൂഹത്തിലെ മറ്റുള്ളവർക്കോ ചീത്തഫലങ്ങള്‍ ഉളവാക്കുന്ന രീതിയിൽ അമിതമായും നിത്യമായും ഒഴിച്ചുകൂടാന്‍ വയ്യാത്ത വിധത്തിൽ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ശീലം. അത്‌ മനുഷ്യശരീരത്തിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും, മനുഷ്യന്റെ വ്യക്തിത്വത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തമായ അറിവുള്ളവർപോലും പലപ്പോഴും ഈ അത്യാസക്തിക്കു വിധേയരാകാറുണ്ട്‌. ഔഷധാതിസക്തന്‍ സമുദായത്തിൽ തനിക്കുള്ള നിലയും തന്റെ കുടുംബാംഗങ്ങളോടുള്ള ചുമതലകളും മറന്ന്‌ സ്വന്തം ആരോഗ്യംപോലും അപകടത്തിലാക്കുന്നു. നാർക്കോട്ടിക്‌സ്‌ & ഓപിയേറ്റ്‌, സെന്‍ട്രൽ നേർവസ്‌ സിസ്റ്റം സ്റ്റിമുലന്റുകള്‍, ഡിപ്രസന്റുകള്‍, ഹലൂസിനോജനുകള്‍, ടെട്രാഹൈഡ്രാകനാബിനോള്‍ എന്നിവയാണ്‌ സാധാരണഗതിയിൽ അതിസക്തി ഉണ്ടാക്കുന്ന ഔഷധങ്ങള്‍.

ഔഷധാതിസക്തിക്കിടയാക്കുന്ന സാഹചര്യങ്ങള്‍ പലതാണ്‌. ഗുരുതരമായ രോഗങ്ങള്‍ നിമിത്തം ശരീരപീഢയനുഭവിക്കുന്ന രോഗികള്‍ വേദനയിൽനിന്നും അസ്വാസ്ഥ്യങ്ങളിൽനിന്നും താത്‌കാലികമായെങ്കിലും രക്ഷനേടുന്നതിനായി മയക്കുമരുന്നുകളെയും മറ്റൗഷധങ്ങളെയും ശരണം പ്രാപിക്കുന്നു. ശരീരം ഇവയുമായി പഴകുന്നതിനാൽ ഇവയോടുള്ള വിധേയത്വം ക്രമേണ വർധിച്ചുവരുന്നു. ഈ ഘട്ടത്തിൽ ഇവയുടെ ഉപയോഗം പെട്ടെന്ന്‌ നിർത്തുന്നതായാൽ രോഗിക്ക്‌ മാനസികവും ശാരീരികവുമായ ദോഷഫലങ്ങള്‍ അനുഭവപ്പെടുന്നതായി കാണാം. ആബ്‌സ്റ്റിനന്‍സ്‌ അഥവാ വിത്‌ഡ്രാവൽ സിന്‍ഡ്രാം എന്ന്‌ ഇതറിയപ്പെടുന്നു. സാധാരണനിലയിൽ ഈ ലക്ഷണങ്ങള്‍ പെട്ടെന്നു കടന്നുപോകുന്നവ (transient) യാണെങ്കിലും രോഗി മരണമടയുന്ന സംഭവങ്ങളും അപൂർവമായി കാണാറുണ്ട്‌. മരുന്നുകളുടെ പ്രവർത്തനത്തെ ചെറുത്തുനില്‌ക്കുന്നതിനുള്ള കഴിവ്‌ ശാരീരികാശ്രയത്വത്തോടൊപ്പം (Physical dependence) ഉണ്ടാകുന്നതാണ്‌. ഇതിനെ "സഹനശക്തി' (tolerance) എന്നു വിശേഷിപ്പിക്കാം. ഏതെങ്കിലും ഒരൗഷധം ആവശ്യമായ "മാത്ര'(dosage)യിൽ കൊടുത്താലും അതിന്‌ രോഗിയിൽ ഉദ്ദേശിച്ച ഫലമുളവാക്കാന്‍ കഴിയാതിരിക്കുകയും, ഈ പ്രതിരോധശക്തി ദിനംപ്രതി കൂടിക്കൂടി വരുകയും ചെയ്യുന്ന അവസ്ഥയാണിത്‌. ടോളറന്‍സ്‌ കൂടുന്നതോടൊപ്പം ഔഷധത്തിന്റെ മാത്രയും വർധിപ്പിക്കാന്‍ രോഗി നിർബന്ധിതനാവുന്നു. ഇതിന്റെ ഫലമായി ഔഷധങ്ങളുടെ വിഷജന്യ പാർശ്വഫലങ്ങള്‍ (toxic side effects) കൂടുതൽ പ്രകടമാവുകയും, ലഹരിവർജനത്തിന്റെ പീഢകളിൽ നിന്നും രക്ഷനേടാനുള്ള ഉള്‍പ്രരണയിൽ രോഗി കൂടുതൽ കൂടുതൽ ഔഷധങ്ങള്‍ അകത്താക്കുകയും ചെയ്യും. ഇപ്രകാരമുള്ള ആവർത്തനപ്രക്രിയ ഔഷധാതിസക്തിയെ വളരെയധികം സഹായിക്കുന്നു.

ഡ്രഗ്‌ അഡിക്‌റ്റുകള്‍, ഡ്രഗ്‌ ഹബിഷ്വേ (habitue) എന്നിങ്ങനെ ഔഷധാതിസക്തർ രണ്ടു തരത്തിലുണ്ട്‌. ആസക്തിയുണ്ടാക്കുന്ന ഔഷധങ്ങള്‍ പിന്‍വലിച്ചു കഴിഞ്ഞാൽ അതുകൊണ്ടുതന്നെ ശാരീരികമായും മാനസികമായും യാതന അനുഭവിക്കുന്നവരാണ്‌ ഡ്രഗ്‌ അഡിക്‌റ്റുകള്‍. എന്നാൽ ഔഷധോപയോഗം നിർത്തിക്കഴിഞ്ഞാൽ മാനസികമായി മാത്രം യാതന അനുഭവിക്കുന്നവരെ "ഡ്രഗ്‌ ഹബിഷ്വേ' എന്നു വിശേഷിപ്പിക്കുന്നു. ഈ രണ്ടുകൂട്ടരും ഏതാണ്ടൊരേപോലെയുള്ള ലക്ഷണങ്ങള്‍ പ്രദർശിപ്പിക്കുന്നവരാണെങ്കിലും ഡ്രഗ്‌ അഡിക്‌റ്റുകളെ ചികിത്സിച്ച്‌ സുഖപ്പെടുത്താന്‍ വളരെ പ്രയാസമാണ്‌.

ശാരീരികമോ മാനസികമോ ആയ യാതനകളിൽ നിന്നും മുക്തിനേടുന്നതിന്‌ തുടർച്ചയായി ഔഷധങ്ങള്‍ ഉപയോഗിക്കുന്നതാണ്‌ ഔഷധാതിസക്തിക്കു മുഖ്യകാരണം. ഉദാഹരണമായി, വേദനയിൽ നിന്നു രക്ഷ നേടുന്നതിന്‌ മോർഫീന്‍ തുടങ്ങിയ ഔഷധങ്ങള്‍ കഴിക്കുന്നതുമൂലം രോഗി വേദന അറിയാതിരിക്കുന്നു എന്നു മാത്രമല്ല, അയാള്‍ക്ക്‌ പൊതുവിൽ ഒരു "സുഖം' അനുഭവപ്പെടുകകൂടി ചെയ്യുന്നു. ആ ഔഷധം തുടർച്ചയായി കഴിക്കുന്നതിന്‌ രോഗിയിൽ ആഗ്രഹം ജനിപ്പിക്കുവാന്‍ ഇതു കാരണമായിത്തീരാം. പലപ്പോഴും അതിസക്തിയുണ്ടാക്കുന്ന ഔഷധങ്ങള്‍ കഴിച്ച്‌, അതിൽ നിന്നു ലഭ്യമാകുമെന്നു പറയപ്പെടുന്ന "സുഖം' അനുഭവിച്ചിട്ടുള്ളവർ മറ്റുള്ളവരെ അവയുടെ ഉപയോഗത്തിന്‌ പ്രരിപ്പിക്കാറുണ്ട്‌. എന്നാൽ ഇതുമൂലം വളരെ അപൂർവമായി മാത്രമേ വ്യക്തികളിൽ അഡിക്ഷനുണ്ടാകുന്നുള്ളൂ. താത്‌കാലിക ദുഃഖങ്ങളിൽ നിന്നു മോചനം നേടുന്നതിനായി ഔഷധങ്ങള്‍ കഴിക്കുന്നതാണ്‌ അഡിക്ഷനു കാരണമാകുന്ന മറ്റൊരു ഘടകം.

ടോളറന്‍സ്‌, ശാരീരികാശ്രയത്വം, ഹബിച്ച്വേഷന്‍ എന്നിങ്ങനെ അഡിക്ഷനു കാരണമായി മൂന്നു ഘടകങ്ങള്‍ വർത്തിക്കുന്നു എന്നാണ്‌ ഈ വിഷയത്തിൽ ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള വോഗൽ, ഇസബെൽ, ചാപ്‌മാന്‍ എന്നീ ഡോക്‌ടർമാരുടെ അഭിപ്രായം. ഔഷധങ്ങളെ ആശ്രയിച്ച്‌ ഓരോ ഘടകത്തിന്റെയും പ്രാധാന്യം വ്യത്യസ്‌തമാകുന്നു. ഉദാഹരണത്തിന്‌ "ശമനൗഷധ'ങ്ങളായ (sadatives) ബൊർബിറ്റ്യൂറേറ്റുകള്‍ ഈ മൂന്നു ഘടകങ്ങള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും മോർഫീന്റേതിനോളം ശക്തമല്ല അവയുടെ പ്രവർത്തനങ്ങള്‍. ബ്രാമൈഡുകള്‍ ശാരീരികാശ്രയത്വം ഉണ്ടാക്കുന്നതേയില്ല. ഹബിച്ച്വേഷനുമാത്രം കാരണമാകുന്നു. ഈയിനം ഔഷധങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാൽപ്പോലും ടോളറന്‍സ്‌ ഉണ്ടാവുകയുമില്ല. ആംഫെറ്റമീനുകളും ഹബിച്ച്വേഷന്‍ ഉണ്ടാക്കി എന്നുവരാം. എന്നാൽ ശാരീരികാശ്രയത്വവും ടോളറന്‍സും ഇതുമൂലം ഉണ്ടാകുന്നില്ല. കൊക്കെയ്‌നിന്റെ പ്രവർത്തനവും ഇതേവിധത്തിൽത്തന്നെ. മാരിജ്വാന ചെറിയ തോതിൽ ലഹരിയുണ്ടാക്കുമെന്നതിൽക്കവിഞ്ഞ്‌ ടോളറന്‍സോ ശാരീരികാശ്രയത്വമോ ഉണ്ടാക്കുന്നില്ല. ആൽക്കഹോളാകട്ടെ ടോളറന്‍സും ഹാബിച്ച്വേഷനും ഉണ്ടാക്കുന്നു. കറുപ്പും അതിൽനിന്നെടുക്കുന്ന മറ്റു സാധനങ്ങളുമാണ്‌ ഏറ്റവും ഗുരുതരമായ രീതിയിൽ അഡിക്ഷന്‍ ഉണ്ടാക്കുന്നത്‌. മറ്റുപലതും അഡിക്ഷനുണ്ടാക്കുന്നതായുണ്ടെങ്കിലും അവയുടെ പ്രത്യാഘാതങ്ങള്‍ ഇത്രത്തോളം പ്രകടമായിരിക്കുകയില്ല. ഇത്തരത്തിലുള്ള ഔഷധങ്ങളുടെ വില്‌പന മിക്കവാറും എല്ലാ രാജ്യങ്ങളിലും നിയമങ്ങള്‍ മുഖേന നിയന്ത്രിച്ചിരിക്കുന്നു.

ഈ അടുത്തകാലംവരെ ചെറുപ്പക്കാർക്കിടയിൽ അഡിക്ഷന്‍ വ്യാപിച്ചിരുന്നില്ല. എന്നാൽ ഇന്ന്‌ മിക്കവാറും എല്ലാ രാജ്യങ്ങളിലും സമുദായത്തിന്റെ ആരോഗ്യത്തെയും ധാർമിക നിലവാരത്തെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമായി ഇതു മാറിയിരിക്കയാണ്‌. "നടന്നു വില്‌പനക്കാർ' (pedlars) സ്കൂള്‍ക്കുട്ടികളിലൂടെ ഇത്‌ ഒരു ഭയാനകപ്രശ്‌നമാക്കി മാറ്റുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മോർഫീനടങ്ങിയിട്ടുള്ള ഔഷധങ്ങള്‍ "സ്വാസ്ഥ്യകാരികള്‍' (cures)എന്ന പേരിലാണ്‌ വില്‌ക്കപ്പെട്ടുവന്നത്‌. എന്നാൽ, കുറേ സമയത്തേക്ക്‌ വേദന അറിയാതിരിക്കുക എന്നതുമാത്രമായിരുന്നു ഈ ഔഷധങ്ങളുടെ ഉപയോഗത്താൽ രോഗി യഥാർഥത്തിൽ നേടിയിരുന്നത്‌. 1877-ലെ ജനസംഖ്യയിൽ 400 പേർക്ക്‌ 1 വീതം അഡിക്‌റ്റ്‌ ഉണ്ടായിരുന്നതായി കണക്കുകള്‍ കാണിക്കുന്നു. 1919-ൽ നടത്തിയ ഒരു സർവേ അനുസരിച്ച്‌ ഏറ്റവും കൂടുതൽ അഡിക്ഷന്‍ അമേരിക്കക്കാർക്കിടയിലാണ്‌ കണ്ടുവന്നിരുന്നത്‌. തുടർന്ന്‌ ഇറ്റലിക്കാർ, അയർലണ്ടുകാർ, ബ്രിട്ടീഷുകാർ, റഷ്യാക്കാർ, യഹൂദന്മാർ, ഫ്രഞ്ചുകാർ, നീഗ്രാകള്‍, ചൈനാക്കാർ, മെക്‌സിക്കർ, ആസ്‌ട്രിയക്കാർ, ജർമന്‍കാർ, കാനഡക്കാർ എന്ന ക്രമത്തിൽ ആസക്തരുടെ ഈ പട്ടിക നീളുന്നു.

പൗരസ്‌ത്യദേശങ്ങളിൽ നിലവിലുള്ള അഡിക്ഷന്‍ പ്രധാനമായും കറുപ്പുപയോഗിക്കുന്നതുമൂലം ഉണ്ടാകുന്നതാണ്‌. എന്നാൽ ഇത്തരത്തിലുള്ള അഡിക്ഷന്‍ യു.എസ്സിൽ വിരളമാണെന്നു പറയാം. തീവ്രമായ ഔഷധാതിസക്തിയുള്ള ഒരാള്‍ ഏതുമാർഗമുപയോഗിച്ചും ഔഷധം തന്റെ ശരീരത്തിനുള്ളിലാക്കാന്‍ ശ്രമിക്കുന്നു. മോർഫീനും ഹെറോയിനും സാധാരണയായി ത്വക്കിനു തൊട്ടുതാഴെ (hypodermic) കുത്തിവയ്‌ക്കുന്നതിലൂടെയാണ്‌ ശരീരത്തിനുള്ളിലെത്തുന്നത്‌. കൊക്കെയ്‌നും, അപൂർവമായി ഹെറോയ്‌നും, പൊടിയാക്കി മൂക്കിൽ വലിച്ചുകയറ്റാറുണ്ട്‌. ഔഷധാതിസക്തി പൂർണമാകുന്നതിന്‌ ആവശ്യമായ സമയം വിവിധ വ്യക്തികളിൽ വ്യത്യസ്‌തമായിരിക്കുമെങ്കിലും കറുപ്പു തീറ്റിയിൽ അതിസക്തിയുണ്ടാകുന്നതിന്‌ ദിവസങ്ങള്‍മാത്രം മതി. ഏതാനും പ്രാവശ്യം കറുപ്പ്‌ കഴിക്കുന്നതോടെ ഒരാള്‍ അതിനോട്‌ അത്യാസക്തിയുള്ളവനായി മാറുന്നു. ഔഷധാതിസക്തിയിൽ നിന്ന്‌ ഒരു വ്യക്തിയെ മോചിപ്പിക്കുന്നതിന്‌ ആദ്യമായി ചെയ്യേണ്ടത്‌ അഡിക്ഷനുണ്ടാക്കുന്ന വസ്‌തു നീക്കം ചെയ്യുകയാണ്‌. ഇത്‌ ഡോക്‌ടർമാരുടെ മേൽനോട്ടത്തിൽ ത്തന്നെയാണ്‌ ചെയ്യേണ്ടത്‌. മരുന്നു കൊടുക്കാതിരിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍ എപ്പോഴാണ്‌ രോഗിയിൽ പ്രത്യക്ഷപ്പെടുക എന്നു ശ്രദ്ധിക്കേണ്ടത്‌ അത്യാവശ്യമാകുന്നു. എങ്കിൽമാത്രമേ സങ്കീർണതകള്‍ ഉണ്ടാകാതെ രോഗിയെ രക്ഷിക്കാന്‍ പറ്റൂ. അഡിക്ഷനുണ്ടാകുന്ന വസ്‌തു ലഭിക്കുന്നതിനായി രോഗി ഏതുമാർഗവും സ്വീകരിക്കും. ഇത്തരത്തിലുള്ള പ്രത്യേക ശ്രദ്ധമൂലം രഹസ്യമായി ഔഷധങ്ങള്‍ അകത്താക്കാനുള്ള സന്ദർഭവും രോഗിക്ക്‌ ഇല്ലാതാകുന്നു. വളരെ അപൂർവം അഡിക്‌റ്റുകളെ മാത്രമേ പൂർണമായി സുഖപ്പെടുത്തുവാന്‍ കഴിയാറുള്ളൂ. ഭൂരിഭാഗം അഡിക്‌റ്റുകളും വീണ്ടും അഡിക്ഷനിലേക്ക്‌ വഴുതിവീഴുന്നതായാണ്‌ കാണുന്നത്‌. ശ്രദ്ധാപൂർവവും വിദഗ്‌ധവുമായ മേൽനോട്ടവും പരിചരണവും; രോഗിയുടെ പരിപൂർണമായ സഹകരണവും മനക്കരുത്തും ഒരുമിച്ചു ചേർന്നാലെ അഡിക്ഷനിൽനിന്ന്‌ ഒരു വ്യക്തിയെ രക്ഷിക്കാനാവൂ.

കറുപ്പിനോട്‌ അത്യാസക്തിയുള്ളവർക്ക്‌ കറുപ്പ്‌ നല്‌കാതിരുന്നാൽ അവർ പെട്ടെന്ന്‌ അസ്വസ്ഥരാകും. ഉറക്കം കുറയുകയും ക്ഷീണം വർധിക്കുകയും, വിഷാദവും നൈരാശ്യവും ഉണ്ടാകുകയും ചെയ്യും. ഇവ അനന്തരഫലങ്ങളാണ്‌. ഈ അവസ്ഥയിൽ എത്തിയശേഷവും കറുപ്പ്‌ ലഭിക്കുന്നില്ലെങ്കിൽ അവർക്ക്‌ കലശലായ ശുണ്‌ഠി ഉണ്ടാവുകയും, ജലദോഷം ബാധിച്ചതുപോലെ മൂക്കിലും കണ്ണിലും നിന്ന്‌ വെള്ളമൊലിക്കുകയും ചെയ്യും. ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന ഇവർ വളരെയധികം വിയർക്കുന്നതായി കാണാം; അത്യുഷ്‌ണവും വിറയലും മാറിമാറി അനുഭവപ്പെടുന്നതോടൊപ്പം ഛർദിയും കുടലിനുണ്ടാകുന്ന മറ്റസുഖങ്ങളും അവരെ ബാധിക്കുന്നു. പേശികളിലെ കോച്ചിപ്പിടുത്തം (muscle cramps) കാലിലും കൈയിലും കഠിനമായ വേദന തുടങ്ങിയവയും സാധാരണമാണ്‌. തലവേദന, ഉറക്കമില്ലായ്‌മ തുടങ്ങി ഹിസ്റ്റീരിയ വരെയും അനന്തരഫലങ്ങളായുണ്ടാകാം. ശരീരം മുഴുവന്‍ തളർന്ന്‌ രോഗി താഴെവീഴുന്നതും അപൂർവമല്ല. ഇങ്ങനെയുണ്ടാ യാൽ വിദഗ്‌ധ ചികിത്സ ആവശ്യമാണ്‌. അല്ലാത്തപക്ഷം രോഗിക്ക്‌ ജീവാപായംതന്നെ സംഭവിച്ചു എന്നുവരാം. വളരെ ദിവസങ്ങള്‍ക്കുശേഷം ഈ ലക്ഷണങ്ങള്‍ കുറയാനുള്ള പ്രവണത കാണിച്ചുതുടങ്ങും. ക്രമേണ പരിപൂർണമായി അവ മാറുകയും ചെയ്യും.

കറുപ്പിനോടുള്ള ആസക്തിപോലെതന്നെ ഉറക്കമരുന്നുകളോടും മദ്യത്തോടും ആസ്‌പിരിന്‍, ബേക്കിങ്‌ സോഡ തുടങ്ങിയവയോടുപോലും ആളുകള്‍ക്ക്‌ അമിതാസക്തി തോന്നാറുണ്ട്‌. എങ്കിലും ഇവയുടെ ഉപയോഗം നിർത്തിവയ്‌ക്കുന്ന പക്ഷം വളരെ കുറച്ചു ലക്ഷണങ്ങളേ ശരീരം കാണിക്കാറുള്ളൂ. എന്നാൽ ഇക്കൂട്ടർക്കും അനുഭവമാകുന്ന മാനസികാഘാതം വളരെ വലുതായിരിക്കും. മാത്രവുമല്ല, ഇത്തരത്തിലുള്ള ആളുകള്‍ ഔഷധം കിട്ടാതാകുന്നതോടെ പുതിയ ഒരെണ്ണം തേടിപ്പോവുകയാണ്‌ പതിവ്‌. അപ്രകാരമുള്ള ഏതെങ്കിലുമൊരു മരുന്നിന്റെ സഹായം കൂടാതെ ഈ ആളുകള്‍ക്ക്‌ ജീവിക്കാനാവില്ല. ഇത്തരം രോഗികള്‍ക്ക്‌, ഔഷധാതിസക്തിയല്ലാതെ മറ്റു രോഗങ്ങളൊന്നുമില്ലെങ്കിൽ, രോഗത്തിൽ നിന്ന്‌ രക്ഷ നേടുന്നതിന്‌ മാനസിക ചികിത്സ മാത്രമേ ആവശ്യമുള്ളൂ.

വളരെയധികം സങ്കീർണതകളുള്ള ഒരു പ്രശ്‌നമാണ്‌ ഔഷധാതിസക്തി. എല്ലാ രോഗങ്ങള്‍ക്കും പറ്റിയ ഒരു "ദിവ്യൗഷധ'ത്തിനു വേണ്ടിയുള്ള ആഗ്രഹത്തിൽ നിന്നാണ്‌ മിക്ക വ്യക്തികളും ഔഷധങ്ങളുടെ അടിമകളായി മാറുന്നത്‌. മറ്റു ചിലരാകട്ടെ, ഈ ഔഷധങ്ങള്‍ക്കുള്ളതായി പരസ്യങ്ങളവകാശപ്പെടുന്ന ഗുണഗണങ്ങള്‍ അനുഭവിക്കാനുള്ള അഭിവാഞ്‌ഛ കൊണ്ട്‌ ഇവയുടെ അടിമകളായി മാറുന്നു. ഈ പ്രശ്‌നത്തിന്റെ ചിലവശങ്ങളെ നിയമങ്ങള്‍കൊണ്ടും മറ്റു ചിലതിനെ ശരിയായ വൈദ്യസഹായം കൊണ്ടും നേരിടാവുന്നതാണ്‌. ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെയും വിദഗ്‌ധ മേൽനോട്ടത്തിൽമാത്രം അതു ചെയ്യേണ്ടതിനെയും കുറിച്ച്‌ ആളുകളെ ബോധവാന്മാരാക്കുകയാണ്‌ ഔഷധാതിസക്തിയെ നേരിടാനുള്ള വേറൊരുമാർഗം. ഇപ്പറഞ്ഞ എല്ലാറ്റിനെയും കുറിച്ച്‌ വ്യക്തമായ ധാരണകള്‍ സാധാരണക്കാരനുണ്ടാകുന്നതുവരെ ഇതുമൂലമുണ്ടാകുന്ന രോഗങ്ങളെയും മരണത്തെയും ഫലപ്രദമായി നേരിടാന്‍ ഒരു സംവിധാനത്തിനും ആവില്ല. നോ. അതിമദ്യാസക്തി

(ഡോ. കെ. മാധവന്‍കുട്ടി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍