This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഴിമല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏഴിമല == കണ്ണൂരിൽനിന്നും 25 കി.മീ. വടക്കു കുന്നരുഗ്രാമത്തിൽ കട...)
(ഏഴിമല)
വരി 1: വരി 1:
== ഏഴിമല ==
== ഏഴിമല ==
-
 
+
[[ചിത്രം:Vol5p433_Ezhimala_beach.jpg|thumb|]]
കണ്ണൂരിൽനിന്നും 25 കി.മീ. വടക്കു കുന്നരുഗ്രാമത്തിൽ കടലിനു സമാന്തരമായി കിടക്കുന്ന ഒരു മലനിര. സമുദ്രനിരപ്പിൽ നിന്നും 286 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം ചരിത്രപുരാതനസ്ഥലമായി കരുതപ്പെടുന്നു. ശ്രീബുദ്ധന്‍ ഏഴിമല സന്ദർശിച്ചതായി ഐതിഹ്യമുണ്ട്‌. പ്രാചീനകാലത്തുതന്നെ മനുഷ്യവാസം ഇവിടെ ഉണ്ടായിരുന്നതിന്റെ തെളിവായി മെഗാലിത്തുകള്‍ (മഹാശിലാസ്‌മാരകങ്ങള്‍) ഈ മലയിൽ കാണാം. എ.ഡി. 5-ാം ശതകത്തിൽ കേരളത്തിൽ നിലനിന്നിരുന്ന ഒരു പ്രധാന രാജ്യമായ "ഏഴിൽമല'യിൽ "പൂഴിനാട്‌' എന്നറിയപ്പെട്ട വടക്കേ മലബാറും "മൊഴിപെയർദേശം' എന്നു വിളിക്കപ്പെട്ട കാസർകോടും ഉള്‍പ്പെട്ടിരുന്നു.

07:44, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏഴിൽമല ഭരിച്ചിരുന്നത്‌ തമിഴ്‌ സംഘസാഹിത്യത്തിൽ പ്രസിദ്ധനായ നന്നന്‍ ആണ്‌. ഏഴിൽമലയുടെ സമീപത്തുള്ള ഒരു കുന്നിൽ സ്ഥിതിചെയ്‌തിരുന്ന നന്നന്റെ പാഴി പട്ടണത്തെപ്പറ്റി മാമൂലനാർ എന്ന കവി അകനാനൂറിൽ വർണിച്ചിട്ടുണ്ട്‌. നന്നനും ബന്ധുക്കളും അവിടെ വലിയ നിധികള്‍ കുഴിച്ചിട്ടതായി വിശ്വസിച്ചുപോരുന്നു. ഇന്നും ഈ പ്രദേശത്ത്‌ "നന്നനെ ബദക്കു നരിനായി തിന്തോയിത്തു' (നന്നന്റെ നിധികള്‍ നരിയും നായും തിന്നുപോയി) എന്ന പറച്ചിൽ പ്രചാരത്തിലുണ്ട്‌. "കൊണ്‍കാനം (കൊണ്‍+കാനം=കടലോരത്തുള്ള മല) നന്നന്‍' എന്നു കീർത്തികേട്ട നന്നനെ വാകൈപ്പെരുന്തുറൈ യുദ്ധത്തിൽ ചേരരാജാവായ നാർമുടിച്ചേരന്‍ വധിച്ചതോടുകൂടി പൂഴിനാട്‌ ചേരർക്കധീനമായി എന്ന്‌ പറയപ്പെട്ടിരിക്കുന്നു. ഏഴിൽമലയുടെ ചരിത്രത്തെക്കുറിച്ച്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ അഴിശ്ശിയുടെയും പരണരുടെയും കവിതകളിൽനിന്നാണ്‌. "കടലാഴ്‌ കലത്തിൽ തോന്റി മാലൈ മറയുമവർ മണിനെടും കുന്റേ' (ഇരുട്ടിൽ മറയുന്ന മനോഹരമായ കുന്നു കടലിൽ ആഴുന്ന കപ്പൽപോലെ തോന്നി -കുറുന്തൊകൈ, 240) എന്ന പ്രസിദ്ധമായ ഉപമയിൽ പരാമൃഷ്‌ടമായ നെടുങ്കുന്ന്‌ ഏഴിൽമലയാണ്‌. പിന്നീട്‌ എഴുമല, എലിമല എന്നെല്ലാം ഏഴിമലയ്‌ക്കു രൂപാന്തരമുണ്ടായി. പൊക്കമുള്ള എന്ന അർഥത്തിൽ പ്രയുക്തമായ ഏഴിൽ "ഏഴ്‌' എന്നായപ്പോള്‍ സപ്‌തശൈലം എന്നിങ്ങനെ ഒരു സംസ്‌കൃത തർജുമയുണ്ടായി. മൂഷികവംശരാജാക്കന്മാർ ഭരിച്ചിരുന്ന മൂഷികഖണ്ഡത്തിൽ ഉള്‍പ്പെടുന്നതുകൊണ്ടാണ്‌ എലിമല എന്നും അതിന്റെ തർജുമയായി മൂഷികശൈലം എന്നും പേർവന്നത്‌ എന്നും ഊഹിക്കപ്പെടുന്നു. വിദേശിയരാകട്ടെ എലി, ഹിലി, ഡിലേലി എന്നിങ്ങനെ വിവിധ നാമങ്ങളിൽ ഈ മലയെ വിളിച്ചുവന്നു. കടലിലേക്ക്‌ തള്ളിനില്‌ക്കുന്ന ഇതിനെ അബ്‌ദുൽഫിദ (എ.ഡി. 1273) എന്ന അറബി ഭൂമിശാസ്‌ത്രജ്ഞന്‍ "രാസ്‌ഹെയ്‌ലി' എന്നാണ്‌ വ്യവഹരിച്ചിട്ടുള്ളത്‌.

മൂഷികവംശം എന്ന സംസ്‌കൃത കാവ്യത്തിൽ പ്രകീർത്തിക്കപ്പെട്ട കോലത്തിരി രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനം ഏഴിമലയായിരുന്നു. 13-ാം ശതകത്തിന്റെ അന്ത്യത്തിൽ കേരളം സന്ദർശിച്ച മാർക്കോപോളോ "എലി'യിലെ രാജാവ്‌ ആരുടെയും സാമന്തനായിരുന്നില്ലെന്നും രാജ്യത്തിന്റെ കിടപ്പ്‌ സുഖകരമായ ആക്രമണത്തിനു യോജിച്ചതല്ലായ്‌കയാൽ നിർഭയനായിക്കഴിഞ്ഞിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. 14-ാം ശതകത്തിൽ ഇബ്‌നുബത്തൂത്ത ഇവിടെ എത്തിയിരുന്നതായി അദ്ദേഹത്തിന്റെ വിവരണങ്ങളിൽനിന്നും ഗ്രഹിക്കാം. "മൗണ്ടുഡേലി' എന്നു വിളിച്ചുവരുന്ന ഈ മലയിലെ ഏറ്റവും ഉയർന്ന കൊടുമുടിക്കു സമുദ്രവിതാനത്തിൽനിന്ന്‌ 260 മീ. ഉയരമുണ്ട്‌. ഇവിടെ പുരാതനവും പ്രശസ്‌തവുമായ ഒരു ലൈറ്റ്‌ ഹൗസ്‌ സ്ഥിതിചെയ്യുന്നു. മലയുടെ തെക്കേയറ്റം അവസാനിക്കുന്ന എട്ടിക്കുളം ഒരു പ്രാചീന തുറമുഖമായിരുന്നു. ഇവിടെ 1550-ാമാണ്ടിനടുത്ത്‌ പോർച്ചുഗീസുകാർ പണിയിച്ച കോട്ടയുടെ അവശിഷ്‌ടം കാണാം. ഈ കോട്ട പിന്നീട്‌ ഫ്രഞ്ചുകാരും തുടർന്ന്‌ ബ്രിട്ടീഷുകാരും കൈവശം വച്ചിരുന്നു. ഇന്നു പുരാവസ്‌തുവകുപ്പിന്റെ സ്വത്തായ കോട്ടയും പരിസരവും മുമ്പൊരുകാലത്ത്‌ കടൽക്കൊള്ളക്കാരുടെ സങ്കേതമായിരുന്നു. മലയുടെ പൂർവഭാഗത്തിലൂടെ വളർപട്ടണം പുഴയിലേക്കുള്ള സുൽത്താന്‍തോട്‌ മലബാർ ആക്രമണകാലത്ത്‌ നാവിക സൗകര്യങ്ങള്‍ക്കായി ടിപ്പുസുൽത്താന്‍ പണികഴിപ്പിച്ചതാണ്‌.

കേരളോത്‌പത്തി രേഖപ്പെടുത്തിയ 32 ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ പയ്യന്നൂർ ഏഴിമലയിൽ നിന്ന്‌ 8 കി.മീ. വടക്കു കിഴക്കു സ്ഥിതിചെയ്യുന്നു. പരശുരാമന്‍ കുടിയിരുത്തിയതായി വിശ്വസിക്കപ്പെടുന്ന 14 പ്രാചീന ബ്രാഹ്മണകുടുംബങ്ങള്‍ ഇന്നും കുന്നരുവിൽ താമസിച്ചുവരുന്നു. മലയുടെ പടിഞ്ഞാറുവശത്തു പരശുരാമന്‍ പ്രതിഷ്‌ഠിച്ചതെന്നു കരുതപ്പെടുന്ന ശങ്കരനാരായണക്ഷേത്രം കാണാം. ഒരു കാലത്ത്‌ ഏഴിമല മുഴുവന്‍ ഈ ക്ഷേത്രത്തിന്റെ (രാമന്തളി ദേവസ്വം) സ്വത്തായിരുന്നു. മലയുടെ അടിവാരത്തിൽ സമുദ്രാന്മുഖമായി സ്ഥിതിചെയ്യുന്ന നരയാന്‍ കണ്ണന്‍ (നരസിംഹം) ക്ഷേത്രം പൂർവചോളരീതിയിൽ സ്‌തംഭതോരണാദികള്‍ കൊത്തിയതും ഇരട്ടച്ചുവരുള്ള ശ്രീകോവിലോടുകൂടിയതുമാണ്‌. എ.ഡി. 929-ൽ വട്ടെഴുത്തിലെഴുതിയ ഒരു ശിലാശാസനം ക്ഷേത്രമുറ്റത്തു കാണാം. അന്നത്തെ സാമൂഹിക-സാമ്പത്തിക സ്ഥിതികളിലേക്കു വെളിച്ചം വീശുന്ന മൂഴിക്കളം കച്ചവും മണിഗ്രാമവും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്‌.

ഒരു പ്രാചീന ദേവ്യാരാധനാസമ്പ്രദായത്തിലുള്‍പ്പെടുന്ന എട്ടിക്കുളം ഭഗവതി, പുതിയ ഭഗവതി, പൂമാലഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടിച്ചുവരുന്ന കാവുകള്‍ ഏഴിമലയുടെ പരിസരങ്ങളിലുണ്ട്‌. കോലത്തുനാട്ടിലെ തീയരുടെ നാലു പ്രാചീന കഴകങ്ങളിലൊന്നായ കുറുവന്തട്ട രാമന്തളിയിൽ സ്ഥിതിചെയ്യുന്നു. മലയുടെ മുകളിലുള്ള ഏഴിപ്പള്ളി മുസ്‌ലിങ്ങളുടെ ഒരു തീർഥാടനകേന്ദ്രമാണ്‌. ഷെയ്‌ഖ്‌ അബ്‌ദുൽ ലത്തീഫ്‌ എന്ന ഫക്കീറിന്റെ ഭൗതികാവശിഷ്‌ടം ഇവിടെയുണ്ടെന്നാണ്‌ വിശ്വാസം. ദുർലഭമായ ധാരാളം ഔഷധച്ചെടികള്‍ ഏഴിമലയിലുണ്ട്‌. ഇവിടത്തെ കടലിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ നീലിമ കൂടുതലാണ്‌. ആധുനിക ചരിത്രത്തിലും ഏഴിമലയ്‌ക്ക്‌ പ്രാധാന്യം ലഭിച്ചിട്ടുണ്ട്‌. ഇറ്റാലിയന്‍ ക്രിസ്‌ത്യന്‍ മിഷണറിയുടെ ഒരു കേന്ദ്രം ഇവിടെ പ്രവർത്തിച്ചുവരുന്നു. നാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരു 1968-ൽ മലയുടെ പശ്ചിമപാർശ്വത്തിൽ മാന്‍കൊല്ലി എന്ന സ്ഥലത്തു നാരായണഗുരുകുലം സ്ഥാപിക്കുകയുണ്ടായി. ഇവിടെ ലോകസമാധാനത്തിനുള്ള അന്താരാഷ്‌ട്ര സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഏഴിമലയ്‌ക്ക്‌ ഇന്ത്യന്‍ നാവികസേനയുടെ ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്‌. 2009 ജനു. 8-ന്‌ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച നാവിക അക്കാദമി ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇന്ത്യന്‍ പടക്കപ്പലായ ഐ.എന്‍.എസ്‌. സാമൂരിന്‍ ഇവിടെനിന്നാണ്‌ കടലിലേക്ക്‌ ഇറക്കിയത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B4%E0%B4%BF%E0%B4%AE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍