This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലവർങം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലവർങം == == Cinnamon == ഒരു സുഗന്ധവിള. കറുവാമരം എന്ന പേരിലും ഇത്‌ അറി...)
(Cinnamon)
വരി 4: വരി 4:
== Cinnamon ==
== Cinnamon ==
-
 
+
[[ചിത്രം:Vol4p339_CinnamonLeaves.jpg|thumb|]]
ഒരു സുഗന്ധവിള. കറുവാമരം എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. സംസ്‌കൃതത്തിലെ "ലവംഗ' ശബ്‌ദത്തിൽ നിന്നാണ്‌ ഇലവർങം (ഇലവംഗം) എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. ഇതിന്‌ ഇംഗ്ലീഷിലുള്ള പേര്‌ സിന്നമണ്‍ എന്നാണ്‌. ശാ.നാ.: സിന്നമോമം സീലാനിക്കം (Cinnamomum zeylanicum).
ഒരു സുഗന്ധവിള. കറുവാമരം എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. സംസ്‌കൃതത്തിലെ "ലവംഗ' ശബ്‌ദത്തിൽ നിന്നാണ്‌ ഇലവർങം (ഇലവംഗം) എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. ഇതിന്‌ ഇംഗ്ലീഷിലുള്ള പേര്‌ സിന്നമണ്‍ എന്നാണ്‌. ശാ.നാ.: സിന്നമോമം സീലാനിക്കം (Cinnamomum zeylanicum).

07:38, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇലവർങം

Cinnamon

ഒരു സുഗന്ധവിള. കറുവാമരം എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. സംസ്‌കൃതത്തിലെ "ലവംഗ' ശബ്‌ദത്തിൽ നിന്നാണ്‌ ഇലവർങം (ഇലവംഗം) എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. ഇതിന്‌ ഇംഗ്ലീഷിലുള്ള പേര്‌ സിന്നമണ്‍ എന്നാണ്‌. ശാ.നാ.: സിന്നമോമം സീലാനിക്കം (Cinnamomum zeylanicum).

ആദ്യമായി വിദേശവിപണികളിൽ പ്രത്യക്ഷപ്പെട്ട പൗരസ്‌ത്യ സുഗന്ധദ്രവ്യങ്ങളിൽ പ്രധാനമാണ്‌ ഇലവർങം. പ്രാചീന ഈജിപ്‌തിലെ സുന്ദരിമാർ ഇലവർങം തുടങ്ങിയ സുഗന്ധവസ്‌തുക്കളുടെ പുകയേറ്റ്‌ ശരീരസൗരഭ്യം വർധിപ്പിച്ചിരുന്നതായി കരുതപ്പെടുന്നു. ആദ്യം കാട്ടുമരമായി വളർന്നിരുന്ന ഇതിന്റെ പട്ട ഭക്ഷണസാധനങ്ങള്‍ക്കു സ്വാദു കൂട്ടുന്നതിന്‌ ഉപയുക്തമാണെന്നു ബോധ്യമായപ്പോള്‍ ആളുകള്‍ നാട്ടിൽ നട്ടുവളർത്തുവാന്‍ തുടങ്ങി.

ശതാബ്‌ദങ്ങളോളം ഇലവർങത്തിന്റെ വ്യാപാരം നടത്തിപ്പോന്നത്‌ അറബികളായിരുന്നു. മാർക്കോപോളോ തന്റെ യാത്രാവിവരണത്തിൽ മലബാർതീരത്തിലെ ഇലവർങസമൃദ്ധിയെപ്പറ്റി വിസ്‌തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌. 13-ാം ശതകത്തോടുകൂടി ജാവയിലും മലയാദ്വീപുകളിലും ഇത്‌ വന്‍തോതിൽ കൃഷിചെയ്യപ്പെട്ടിരുന്നതായി കാണുന്നു. ജാവാക്കാരായ കച്ചവടക്കാർ ഇതു ശേഖരിച്ച്‌ ഈസ്റ്റിന്‍ഡീസിൽ വിപണനം ആരംഭിച്ചതോടെ മലബാർതീരത്തുനിന്നുള്ള ഇലവർങത്തിന്റെ കയറ്റുമതിക്ക്‌ സാരമായ കോട്ടംതട്ടി. 15-ാം ശതകത്തോടുകൂടി ഇലവർങവ്യാപാരം വീണ്ടും സജീവമാക്കിയത്‌ അറബികള്‍ തന്നെയായിരുന്നു. കേരളം, ശ്രീലങ്ക, മലയ എന്നിവിടങ്ങളിൽനിന്ന്‌ ഇലവർങം സംഭരിച്ച്‌ മധ്യപൂർവദേശങ്ങളിലെത്തിച്ച്‌ വന്‍തോതിൽ അവർ വ്യാപാരം നടത്തി. ശ്രീലങ്കയിലെ ഇലവർങത്തോട്ടങ്ങളിൽ ആകൃഷ്‌ടരായ പോർച്ചുഗീസുകാർ വ്യാപാരസൗകര്യത്തിനായി ആ ദ്വീപ്‌ കൈവശപ്പെടുത്തുകയും ഇലവർങവ്യാപാരത്തിന്റെ ലോകകുത്തക പിടിച്ചെടുക്കുകയും ചെയ്‌തു. എന്നാൽ 17-ാം ശതകത്തിന്റെ അവസാനത്തോടുകൂടി ബ്രിട്ടീഷുകാർ ഈ കുത്തക കൈയടക്കി. അതോടൊപ്പം ബ്രിട്ടീഷുകാർ ഇന്ത്യയിലും അവരുടെ മറ്റു കോളനികളിലും സുഗന്ധദ്രവ്യവിളകള്‍ വിപുലമായ രീതിയിൽ ശാസ്‌ത്രീയമായി കൃഷിചെയ്യുന്നതിനുള്ള പരിപാടികള്‍ ഉണ്ടാക്കി. ഇന്ന്‌ ഇന്ത്യയിലെ പ്രസിദ്ധമായ ഇലവർങത്തോട്ടം കച്ചൂർജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്ത്‌ അക്കാലത്ത്‌ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്‌.

ഇലവർങത്തിന്റെ ജന്മദേശം ശ്രീലങ്ക ആണെന്നാണ്‌ പരക്കെയുള്ള ധാരണ. എന്നാൽ 15-ാം ശതകത്തിൽ പോർച്ചുഗീസുകാർ ശ്രീലങ്കയിലെ ഇലവർങത്തോട്ടങ്ങള്‍ കണ്ടെത്തിയതിന്‌ എത്രയോ ശതകങ്ങള്‍ക്കു മുമ്പുതന്നെ മലബാർതീരം ഇലവർങത്തിനു പ്രസിദ്ധമായിരുന്നു. ബി.സി. ഒന്നാം ശതകത്തിലേതെന്നു കരുതപ്പെടുന്ന ചരകസംഹിത, പില്‌ക്കാലത്തു രചിക്കപ്പെട്ട അഷ്‌ടാംഗഹൃദയം തുടങ്ങിയ വൈദ്യഗ്രന്ഥങ്ങളിൽ നിരവധി ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഇലവർങം ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ലോറേസീ (Lauraceae) സസ്യകുടുംബത്തിൽപ്പെട്ട, 8-10 മീ. ഉയരത്തിൽ വളരുന്ന, കടുംപച്ച നിറമുള്ള ഇലകളോടുകൂടിയ ഒരു ചെറുവൃക്ഷമാണ്‌ ഇലവർങം. ഇതിന്റെ ചുവട്ടിൽവച്ചു തന്നെ ബലമുള്ള ധാരാളം ശിഖരങ്ങള്‍ ഉണ്ടാകുന്നു. ഈ മരത്തിന്റെ തടിക്ക്‌ നല്ല വലുപ്പവും ഉറപ്പുമുണ്ട്‌. വലുപ്പമേറിയ ഇലകളുടെ മുകള്‍ഭാഗത്ത്‌ തിളങ്ങുന്ന പച്ചനിറമാണുള്ളത്‌. വളരെ ലഘുവായ ഉരസലേറ്റാൽപ്പോലും ഇലയിൽനിന്ന്‌ എരിവുള്ള സുഗന്ധം പുറപ്പെടാറുണ്ട്‌. ഓരോ ഇലയിലും ചുവട്ടിൽനിന്നു പുറപ്പെട്ട്‌ ഏതാണ്ട്‌ സമാന്തരമായി അഗ്രഭാഗത്തേക്കുപോകുന്ന നാലു സിരകള്‍ വീതം കാണാം.

തണ്ടിനടിയിൽനിന്നു വളരുന്ന ശിഖരങ്ങളുടെ അഗ്രഭാഗത്ത്‌ പൂങ്കുലകള്‍ ഉണ്ടാകുന്നു. ഇളംമഞ്ഞനിറത്തിലുള്ള ഈ ചെറിയ പൂക്കള്‍ക്ക്‌ ആറ്‌ ഇതളുകള്‍ വീതമുണ്ട്‌. അവയ്‌ക്കകത്തായി ഒമ്പത്‌ കേസരങ്ങളും ഉണ്ടാകും. കായ്‌ വിളഞ്ഞ്‌ പഴുക്കുമ്പോള്‍ കരിനീല നിറമാകുന്നു. അതിനകത്താണ്‌ വിത്ത്‌. വിത്തിന്റെ പുറത്തുള്ള മാംസളമായ ഭാഗം രുചികരമാണ്‌. കായയുടെ ചുവട്ടിൽ പച്ചനിറമുള്ള ഒരു ഞെട്ടും കപ്പുപോലെയുള്ള ഒരു ചെറിയ ആവരണവും കാണാം. പഴുത്ത കായയ്‌ക്ക്‌ ഹൃദ്യമായ സുഗന്ധമുണ്ടായിരിക്കും. തൈകള്‍ നട്ട്‌ മൂന്നുവർഷം കഴിയുമ്പോള്‍ പട്ട എടുക്കാന്‍ പാകമാകും. ചുവട്ടിൽനിന്ന്‌ 15 സെ.മീ. ഉയരത്തിൽവച്ച്‌ ചെടികള്‍ മുറിക്കുന്നു. മുറിക്കുമ്പോള്‍ തണ്ടു ചതഞ്ഞുപോകാതെ സൂക്ഷിക്കേണ്ടതുണ്ട്‌. മുറിച്ച തണ്ടിന്റെ ചുവട്ടിൽനിന്ന്‌ പുതിയ മുളകള്‍ പൊട്ടി ഒരു വർഷം കഴിയുമ്പോഴേക്കും ഒന്നര മീറ്ററോളം പൊക്കത്തിൽ വളരുന്നു. ഇതിൽനിന്ന്‌ വിളഞ്ഞ കമ്പുകള്‍ രണ്ടാമത്തെ പ്രാവശ്യം മുറിച്ചെടുക്കുന്നു. വിളയാത്ത ചെറിയ കമ്പുകള്‍ അടുത്തപ്രാവശ്യം മുറിക്കാനായി നിർത്തുകയാണ്‌ പതിവ്‌. ശരിയായി ശുശ്രൂഷിക്കുന്ന ഒരു തൈയിൽനിന്ന്‌ ഒരു വർഷം ആറോ ഏഴോ കമ്പു വരെ മുറിച്ചെടുക്കാന്‍ സാധിക്കും.

മൂന്നാംവർഷം ചെടി മുറിക്കാതിരുന്നാൽ അടുത്തവർഷം അത്‌ പൂക്കും. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ്‌ ഇത്‌ പൂക്കുന്നത്‌. ജൂലായ്‌-ആഗസ്റ്റ്‌ മാസങ്ങളിൽ കായ്‌കള്‍ പഴുത്തുപാകമാകും. ലോകവിപണിയിലെത്തുന്ന കറുവാപ്പട്ടയുടെ മുക്കാൽ ഭാഗവും ശ്രീലങ്കയിൽനിന്നാണ്‌ വരുന്നത്‌. അവിടെ ഉത്‌പാദിപ്പിക്കുന്ന പട്ട അത്യുത്തമമാണെന്ന അംഗീകാരം നേടിയിട്ടുണ്ട്‌. മലബാർ തീരങ്ങളിൽനിന്ന്‌ കയറ്റുമതി ചെയ്യപ്പെടുന്ന പട്ട "തലശ്ശേരി കറുവാപ്പട്ട' "മേത്തരം കറുവാപ്പട്ട' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇന്ത്യയിൽ കേരളത്തിനുപുറമേ തമിഴ്‌നാട്‌, കർണാടകം എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ഇലവർങം കൃഷി ചെയ്യുന്നുണ്ട്‌. എന്നാൽ ഈ പട്ട താരതമ്യേന ഗുണം കുറഞ്ഞതാണ്‌. മലയ, സാന്‍സിബാർ എന്നിവിടങ്ങളിലും ഇലവർങം കൃഷിചെയ്‌തുവരുന്നു. മിക്കവാറും എല്ലാത്തരം മച്ചിലും ഇതു വളരും. മച്ചിന്റെയും കാലാവസ്ഥയുടെയും വൈവിധ്യമനുസരിച്ച്‌ ഇതിന്റെ പട്ടയുടെ ഗുണത്തിൽ വ്യത്യാസം വരാറുണ്ട്‌. അതിവർഷവും നീണ്ട വരള്‍ച്ചയും ഇതിനിണങ്ങിയതല്ല. വീട്ടുമുറ്റമാണ്‌ ഇതിനു വളരാന്‍ ഏറ്റവും പറ്റിയ സ്ഥലം.

പഴുത്തുകൊഴിയുന്ന കായ്‌കളാണ്‌ സാധാരണയായി പാകാന്‍ ഉപയോഗിക്കുന്നത്‌. തെരഞ്ഞെടുത്ത വിത്ത്‌പാകി കിളിർപ്പിച്ച്‌ തൈകളാക്കി പറിച്ചുനടുകയോ, വിത്തുതന്നെ നേരിട്ടു നടുകയോ ചെയ്യാം. തൈകള്‍ക്ക്‌ ആറുമാസം പ്രായമാകുന്നതുവരെ തണലും ജലസേചനവും അത്യാവശ്യമാണ്‌.

ഇലവർങത്തിന്റെ പഴക്കംചെന്ന മൂടുകള്‍ ഇളക്കി അടർത്തിയെടുത്ത്‌ നടാന്‍ ഉപയോഗിക്കുന്നുണ്ട്‌. മൂട്‌ ഇളക്കുന്നതിനു മുമ്പുതന്നെ അതിൽനിന്ന്‌ വളർന്നിട്ടുള്ള ശിഖരങ്ങള്‍ ഏതാണ്ട്‌ 15 സെ.മീ. പൊക്കത്തിൽ വച്ച്‌ മുറിക്കുന്നു. അതിനുശേഷം പഴയ മൂട്‌ ഇളക്കിയെടുക്കുന്നു. നട്ടശേഷം ശരിയായ തണൽ നല്‌കുകയും പതിവായി നനയ്‌ക്കുകയും വേണം. ഇങ്ങനെയുള്ള ചെടികളിൽ നിന്ന്‌ ഒരുവർഷം കഴിയുമ്പോള്‍ മുതൽ പട്ടയെടുക്കാന്‍ ശിഖരങ്ങള്‍ മുറിച്ചുതുടങ്ങാം. എന്നാൽ അരി പാകിയോ തൈകള്‍ നട്ടോ വളർത്തുന്ന തോട്ടങ്ങളിൽ മൂന്നുകൊല്ലം കഴിഞ്ഞേ ശിഖരങ്ങള്‍ മുറിച്ചു തുടങ്ങാന്‍ പാകമാകൂ. പതിവച്ച്‌ തൈകള്‍ ഉണ്ടാക്കിയും നടാന്‍ ഉപയോഗിക്കാറുണ്ട്‌.

തണ്ടു മുറിച്ചെടുത്ത തൈകളുടെ ചുവട്ടിൽനിന്ന്‌ ഏതാനും ആഴ്‌ചകള്‍ക്കകം ധാരാളം പുതിയ ശിഖരങ്ങള്‍ പൊട്ടി വളരും. ഒരുവർഷംകൊണ്ട്‌ ഏതാണ്ട്‌ 1മ്പ മീ. പൊക്കവും 2 സെ.മീ. വച്ചവും ആയിക്കഴിയുമ്പോള്‍ ഇവ വീണ്ടും വെട്ടുന്നതിനു പാകമാകുന്നു. കമ്പുകള്‍ വെട്ടുന്നതിനു മുമ്പ്‌ അതിനു പാകമായോ എന്നു പരിശോധിക്കണം. കമ്പിന്റെ ചുവട്ടിൽ മേലോട്ട്‌ വെട്ടുകത്തിവച്ച്‌ അല്‌പം മുറിച്ചശേഷം കോള്‍വായ്‌ കൈകൊണ്ട്‌ പിളർന്ന്‌ തണ്ടിൽനിന്നു കുറച്ച്‌ തൊലിയിളക്കി തടിയിൽ തൊട്ടുനോക്കുമ്പോള്‍ തടിക്ക്‌ നല്ല നനവും പശിമയുമുണ്ടെങ്കിൽ തൊലി എടുക്കാന്‍ പറ്റിയ അവസരമാണെന്നു നിശ്ചയിക്കാം. നനവും പശിമയുമില്ലാത്ത തടികള്‍ അടുത്ത വിളവെടുപ്പിലേക്കു മാറ്റി നിർത്തുകയായിരിക്കും നല്ലത്‌. കമ്പുകളിൽനിന്നു കോതിക്കളയുന്ന ഇലകളും ചെറിയ തണ്ടും വാറ്റി എച്ച എടുക്കാനുപയോഗിക്കുന്നു.

കമ്പുകളുടെ തൊലി ഉരിക്കുന്നതിനു മുമ്പ്‌ പുറത്തെ കരിന്തൊലി ചുരണ്ടിക്കളയേണ്ടതാണ്‌. അതിനുശേഷം പട്ട ഉരിച്ചെടുത്ത്‌ തണലത്ത്‌ നിരത്തി ഉണക്കിയെടുക്കുന്നു. പിന്നീട്‌ ഇവ നീളമനുസരിച്ച്‌ തരംതിരിച്ചെടുക്കുന്നു. നീളം കൂടിയ നല്ലയിനം പട്ട ഒന്നിനകത്ത്‌ ഒന്നായി വച്ച്‌ കുഴൽപോലെ അടുക്കിയെടുക്കുന്നു. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന ഏകദേശം ഒരു മീറ്റർ നീളത്തിലുള്ള കുഴലുകളാണ്‌ ലോകവിപണിയിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാന്തരം കറുവാപ്പട്ട. കുഴൽപോലെ നീട്ടിയെടുക്കാന്‍പറ്റാത്ത ചെറുകഷണങ്ങള്‍ രണ്ടാംതരം പട്ടയായി കണക്കാക്കപ്പെടുന്നു.

മഴക്കാലത്ത്‌ തണ്ടുകളിൽ പ്രത്യക്ഷപ്പെടുന്ന പാടലരോഗമാണ്‌ ഇലവർങച്ചെടികള്‍ക്ക്‌ ഉണ്ടാകുന്ന പ്രധാന ബാധ. സൂര്യപ്രകാശവും ശുദ്ധവായുവും വേണ്ടത്ര ലഭിക്കുന്ന തോട്ടങ്ങളിൽ ഈ രോഗം സാധാരണമല്ല. രോഗബാധയുള്ള തണ്ടുകള്‍ മുറിച്ച്‌ തീവച്ചു നശിപ്പിക്കണം. ബോർഡോമിശ്രിതം തളിക്കുന്നതും നല്ലതാണ്‌. തണ്ടുതുരപ്പന്‍, ഇലതീനിപ്പുഴു, നീറ്‌ എന്നിവയാണ്‌ കറുവാകൃഷിക്ക്‌ നാശകാരികളായ പ്രധാന കീടങ്ങള്‍.

ഒരു സുഗന്ധദ്രവ്യമായ കറുവാപ്പട്ട ഔഷധങ്ങളുണ്ടാക്കുവാനും ഉപയോഗിക്കുന്നു. കഫ-വാതരോഗങ്ങള്‍, ചൊറി, വിഷം, വക്ത്രരോഗം, ശിരോരോഗം, വസ്‌തിരോഗം, ശുക്ലദോഷം ഇവയെ നശിപ്പിക്കുവാനും കണ്‌ഠം ശുദ്ധീകരിക്കുവാനും അത്യുത്തമമാണെന്ന്‌ ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്‌. ആഹാരസാധനങ്ങള്‍ക്കു സ്വാദു വർധിപ്പിക്കാനും കറുവാപ്പട്ട ചേർക്കാറുണ്ട്‌. ഇതിന്റെ ഇലയും ചെറുശിഖരങ്ങളും മറ്റും ഉപയോഗിച്ചു വാറ്റിയെടുക്കുന്ന കറുപ്പുനിറമുള്ള എച്ചയും മരുന്നുകള്‍ക്കുപയോഗിക്കുന്നു. നല്ല എരിവും രൂക്ഷഗന്ധവുമുള്ള ഈ തൈലം ലോഹപ്പാത്രങ്ങളിൽ വച്ചിരുന്നാൽ അവ ദ്രവിച്ചുപോകും. അതുകൊണ്ടു സ്‌ഫടികപാത്രങ്ങളിൽ സൂക്ഷിക്കുകയാണ്‌ പതിവ്‌. വാതം, പല്ലുവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ ഇതു വളരെ നല്ല ഔഷധമാണ്‌.

ഇലവർങച്ചെടിയുടെ വേരിൽനിന്ന്‌ എടുക്കുന്ന മഞ്ഞനിറമുള്ള എച്ചയും ഔഷധങ്ങള്‍ക്കുപയോഗിക്കുന്നു. കായിൽ നിന്ന്‌ എടുക്കുന്ന എച്ച മുന്‍കാലത്ത്‌ മെഴുകുതിരി ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഉണക്കിയെടുക്കുന്ന പൂവും സാമ്പത്തികപ്രാധാന്യമുള്ളതാണ്‌. തൊലി ഉരിച്ചെടുക്കുന്ന കറുവാക്കമ്പുകള്‍ പച്ചയായിത്തന്നെ വിറകിനുപയോഗിക്കാം. അങ്ങനെ ഇലവർങച്ചെടിയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും കൃഷിക്കാർക്ക്‌ ആദായം നല്‌കുന്നവയാണ്‌. നട്ട്‌ രണ്ടോ മൂന്നോ വർഷം കഴിയുമ്പോള്‍ തുടങ്ങി രണ്ടോ മൂന്നോ തലമുറകള്‍ക്കു കനത്ത ആദായം നല്‌കുന്ന ഈ നാണ്യവിളയ്‌ക്ക്‌ കർഷകന്‍ ചെയ്യേണ്ട ജോലി മറ്റു വിളകളെ അപേക്ഷിച്ചു വളരെ കുറവാണുതാനും. അങ്ങനെ കുറഞ്ഞ ചെലവിൽ വമ്പിച്ച ആദായം ലഭിക്കുന്നു എന്നതാണ്‌ ഈ കൃഷിയുടെ പ്രത്യേകത.

പുരാതനകാലം മുതൽ നമ്മുടെ വനാന്തരങ്ങളിൽ വളർന്നുവന്നിരുന്ന ഒരു വന്യമരമാണെങ്കിലും, ഇലവർങം ഇവിടെ ശാസ്‌ത്രീയമായി കൃഷിചെയ്യുവാന്‍ തുടങ്ങിയത്‌ വളരെ അടുത്ത കാലത്തുമാത്രമാണ്‌. ഉദ്ദേശം 200 കൊല്ലംമുമ്പ്‌ 243 ഹെക്‌ടർ സ്ഥലത്ത്‌ തികച്ചും ശാസ്‌ത്രീയമായി കൃഷിചെയ്‌ത അഞ്ചരക്കണ്ടി ഇലവർങത്തോട്ടം ഇന്നും കനത്ത ആദായം നല്‌കിക്കൊണ്ടിരിക്കുന്നു. കറുവാപ്പട്ട കൂടാതെ ഇലയും മറ്റും വാറ്റി തൈലവും അവിടെ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. "അഞ്ചരക്കണ്ടി ഓയിൽ കമ്പനി' എന്ന പേരിലറിയപ്പെടുന്ന പ്രസിദ്ധമായ കറുവാതൈലക്കമ്പനി ഈ തോട്ടത്തിനോടനുബന്ധിച്ചുള്ളതാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B4%B5%E0%B5%BC%E0%B4%99%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍