This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചുക്കുറുപ്പ്‌, ഗുരു (1881 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുഞ്ചുക്കുറുപ്പ്‌, ഗുരു (1881 - 1970) == കഥകളിനടന്‍. വേലിക്കകത്തു പര...)
അടുത്ത വ്യത്യാസം →

11:33, 27 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ചുക്കുറുപ്പ്‌, ഗുരു (1881 - 1970)

കഥകളിനടന്‍. വേലിക്കകത്തു പരമേശ്വരക്കൈമളുടെയും കയ്‌പാലിൽ ലക്ഷ്‌മിയമ്മയുടെയും മകനായി 1881-ൽ (കൊ.വ. 1056 മീനം) തകഴിയിൽ പൊയ്‌പൊള്ളിൽക്കളത്തുവീട്ടിൽ ജനിച്ചു. ബാല്യത്തിൽത്തന്നെ ഇദ്ദേഹത്തിന്‌ കഥകളിയോടു പ്രതിപത്തിയുണ്ടായിരുന്നു. മാതുലന്മാരായ കൊച്ചപ്പിരാമന്മാരുടെ കീഴിൽ 1893-ൽ കച്ചകെട്ടി. കുറിച്ചിയിലെ പ്രാരംഭാഭ്യസനത്തിനുശേഷം ചമ്പക്കുളം ശങ്കുപ്പിള്ളയാശാന്റെ ശിഷ്യനായി പരിശീലനം തുടർന്നു. 1902 വരെ ശങ്കുപ്പിള്ളയാശാന്റെ പ്രധാനശിഷ്യനായ മാത്തൂർ കുഞ്ഞുപ്പിള്ളപ്പണിക്കരുടെ കളിയോഗത്തിൽ കുട്ടിത്തരവും സ്‌ത്രീവേഷവും ഇടത്തരവും കെട്ടിവന്നു. 1902-ൽ വെച്ചൂർ അയ്യപ്പക്കുറുപ്പിന്റെ കളിയോഗത്തിൽച്ചേർന്ന കുഞ്ചുക്കുറുപ്പ്‌ തിരുവല്ലാ ബ്രഹ്മസ്വം കുഞ്ഞുപിള്ള എന്ന പ്രസിദ്ധനായ ആദ്യവസാന നടനുമൊത്ത്‌ മലബാറിലെത്തി. മന്ത്രടത്തു മനയ്‌ക്കൽ ജ്യേഷ്‌ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്‌നേഹാദരങ്ങള്‍ക്കു പാത്രമായ കുറുപ്പ്‌ ചെത്തല്ലൂർ ഇടമനക്കളിയോഗത്തിൽ ചേർന്നു. കോടേങ്കുറുശ്ശി ശങ്കുണ്ണിമേനോന്റെ ശിക്ഷണവും രാമുണ്ണിമേനോനുമായുള്ള പരിചയവും മന്ത്രടത്തു മനയ്‌ക്കലെ സ്ഥിരതാമസവും കുറുപ്പിന്റെ അഭിനയപാടവം വികസിച്ചു പരിപുഷ്‌ടമാകാന്‍ സഹായിച്ച ഘടകങ്ങളായിരുന്നു. ഇക്കാലത്ത്‌ ഇദ്ദേഹം കല്ലുവഴിക്കാരുടെ ചൊല്ലിയാട്ടസമ്പ്രദായത്തിലും പരിശീലനം നേടി.

1906-ൽ പലയക്കോട്ട്‌ ഗോവിന്ദമേനോന്റെ കളിയോഗത്തിൽ ചേർന്നതോടെയാണ്‌ മികച്ച ആദ്യവസാനക്കാരന്‍ എന്ന പദവി ഇദ്ദേഹത്തിനു കൈവന്നത്‌. തുടർന്ന്‌ ഇദ്ദേഹം മേയ്‌ക്കാട്ട്‌ നമ്പൂതിരിയുടെ കളിവട്ടം, മഞ്ചേരിക്കളിയോഗം, വയ്യാവനാട്ട്‌ കിഴക്കേപ്പാട്ട്‌ കൃഷ്‌ണനുണ്ണിയുടെ കളിയോഗം, കുമ്പളത്ത്‌ എമ്പ്രാന്തിരിയുടെ കളിയോഗം എന്നിവയിൽ ആദ്യവസാനക്കാരനായി അഭിനയിച്ചു. 1910-ൽ ഇദ്ദേഹം പ്രശസ്‌ത കഥകളിനടനായ പാലയിൽ കരുണാകരമേനോന്റെ ഭാഗിനേയിയായ ശ്രീദേവിഅമ്മയെ വിവാഹം കഴിച്ചു. കരുണാകരമേനോനുമായുള്ള സമ്പർക്കത്തിലൂടെ വടക്കന്‍ചിട്ടയിൽ പ്രാഗല്‌ഭ്യം നേടിയ കുറുപ്പ്‌ പിന്നീട്‌ എലിയങ്ങാട്ടെ കളിവട്ടം, കാഞ്ഞൂരു മനയ്‌ക്കൽ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കളിവട്ടം, നെടുമ്പുള്ളി കളിവട്ടം എന്നിവയിലും സഹകരിച്ചിരുന്നു. 1915-ലാണ്‌ ഇദ്ദേഹം കാവുങ്ങൽ നാരായണപ്പണിക്കരുടെ കളിയോഗത്തിൽ ചേർന്നത്‌. തുടർന്ന്‌ പുന്നത്തൂർ രാജാവിന്റെയും ചെറുവട്ടാട്ട്‌ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും കക്കാട്ടു മൂപ്പിന്നിന്റെയും കളിയോഗത്തിൽ ആദ്യവസാനക്കാരനായി സേവനമനുഷ്‌ഠിച്ച ശേഷം സ്വദേശത്തേക്കു മടങ്ങി. 1931-ൽ കലാമണ്ഡലം ആരംഭിച്ചപ്പോള്‍ കുറുപ്പ്‌ കഥകളി വിഭാഗത്തിലെ മുഖ്യാധ്യാപകനായി നിയമിതനായി. 1936-ൽ കലാമണ്ഡലത്തിൽ നിന്നു പിരിഞ്ഞെങ്കിലും കലാമണ്ഡലം കളിയോഗത്തിന്റെ ബർമാപര്യടനത്തിൽ പ്രധാനവേഷക്കാരനായി കുറുപ്പും പങ്കെടുത്തിരുന്നു. പിന്നീട്‌ കുറച്ചുകാലംകൂടി കലാമണ്ഡലത്തിൽ സേവനമനുഷ്‌ഠിച്ചശേഷം 1943-ൽ ബാംഗ്ലൂരിലെത്തി നർത്തകനായ രാംഗോപാലിനെയും 1944-ൽ മദ്രാസിലെത്തി മൃണാളിനിയെയും കഥകളി അഭ്യസിപ്പിച്ചു. 1948 മുതൽ 52 വരെ ഇദ്ദേഹം ചെമ്പകശ്ശേരി നടനകലാമണ്ഡല(അമ്പലപ്പുഴ)ത്തിൽ പ്രധാനാധ്യാപകനായി സേവനമനുഷ്‌ഠിച്ചു. 1936-ൽ ഇദ്ദേഹം കോട്ടായിയിൽ സ്ഥിരതാമസമാക്കി. ഇദ്ദേഹത്തിന്റെ മകന്‍ ഹരിദാസന്‍ കലാമണ്ഡലത്തിലെ പരിശീലനത്തിനുശേഷം വിശ്വഭാരതിയിൽ അധ്യാപകനായി സേവനമനുഷ്‌ഠിച്ചുവരുന്നു.

ആദ്യവസാനങ്ങളായ പച്ചയും കത്തിയുമാണ്‌ കുഞ്ചുക്കുറുപ്പിന്റെ പ്രധാനവേഷങ്ങള്‍. പുറമേ നളചരിതത്തിൽ കാട്ടാളനും, ഹംസവും; കുചേലവൃത്തത്തിൽ കുചേലന്‍; സന്താനഗോപാലത്തിൽ ബ്രാഹ്മണന്‍; രുക്‌മിണീസ്വയംവരത്തിൽ സുന്ദരബ്രാഹ്മണന്‍ തുടങ്ങിയ മിനുക്കുവേഷങ്ങളും ഇദ്ദേഹം കെട്ടാറുണ്ട്‌. വേഷത്തിനുള്ള സൗന്ദര്യം, അഭിനയചാതുരി, ജന്മസിദ്ധമായ രസവാസന, ഔചിത്യബോധം എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍. നളന്‍, ബാഹുകന്‍, സുന്ദരബ്രാഹ്മണന്‍ എന്നീ വേഷങ്ങള്‍ അഭിനയിക്കുന്നതിൽ ഇദ്ദേഹത്തെ അതിശയിക്കുന്ന മറ്റു നടന്മാർ ഇല്ലെന്നുതന്നെ പറയാം. സാധാരണ നടന്മാർക്ക്‌ പരിചിതമല്ലാത്ത പല മുദ്രകളും ഇദ്ദേഹത്തിന്‌ വശമാണ്‌. ദശാവതാരങ്ങളുടെയും മൂർത്തിഭേദങ്ങളുടെയും മുദ്രകള്‍ ഇദ്ദേഹം കാണിക്കുന്നതുകണ്ടാൽ ഇദ്ദേഹത്തിന്‌ തന്ത്രശാസ്‌ത്രത്തിൽപ്പോലും പരിചയമുണ്ടെന്നു തോന്നിപ്പോകും. കുചേലവൃത്തം, രുക്‌മാംഗദചരിതം, നളചരിതം ഒന്നും നാലും ദിവസത്തെ കഥകള്‍ എന്നിവയ്‌ക്ക്‌ വടക്കന്‍ കേരളത്തിൽ പ്രചാരമുണ്ടായത്‌ കുറുപ്പിന്റെ ശ്രമഫലമായാണ്‌.

ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെട്ടവരാണ്‌ രാംഗോപാൽ, മൃണാളിനി സാരാഭായി, കലാമണ്ഡലം കൃഷ്‌ണന്‍നായർ, കലാമണ്ഡലം ശിവരാമന്‍, കലാമണ്ഡലം ഗോപിനാഥന്‍, കലാമണ്ഡലം മാധവന്‍ എന്നിവർ.

ഇദ്ദേഹത്തിന്‌ നിരവധി സമ്മാനങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്‌. 1919-ൽ കൊച്ചുണ്ണിത്തമ്പുരാന്‍ ഇദ്ദേഹത്തെ സ്വർണമെഡൽ നല്‌കി ബഹുമാനിച്ചു. 1932-ൽ വൈസ്രായിയുടെ സന്ദർശനവേളയിൽ കുറുപ്പിന്റെ അഭിനയത്തിനംഗീകാരമായി കൊച്ചി മഹാരാജാവ്‌ ഇദ്ദേഹത്തിന്‌ ഒരു വീരശൃംഖല സമ്മാനിക്കുകയുണ്ടായി. രബീന്ദ്രനാഥടാഗൂർ, ജവാഹർലാൽ നെഹ്‌റു തുടങ്ങിയവരിൽ നിന്നും ഇദ്ദേഹത്തിന്‌ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. 1956-ൽ പ്രശസ്‌ത കഥകളി നടനുള്ള പ്രസിഡന്റിന്റെ അവാർഡ്‌ ഇദ്ദേഹത്തിനു ലഭിച്ചു. 1969-ൽ ഇദ്ദേഹത്തെ കേന്ദ്രസംഗീതനാടക അക്കാദമി "ഫെലോ' ആക്കി ആദരിച്ചു. 1970-ൽ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍