This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നിരൂപണസാഹിത്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→മാര്‍ക്സിയന്‍ വിമര്‍ശം) |
(→ഭാരതീയ ഭാഷകളില്‍) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 101: | വരി 101: | ||
===അപനിര്‍മാണം=== | ===അപനിര്‍മാണം=== | ||
1960-കള്‍ക്കുശേഷം ഘടനാവാദത്തില്‍ നിന്ന് പോസ്റ്റ് സ്റ്റ്രക്ചറലിസം എന്നറിയപ്പെട്ട പ്രസ്ഥാനം രൂപംകൊണ്ടു. ഘടനാവാദത്തിന്റെ മുഖമുദ്രയായ ശാസ്ത്രീയതയുടെയും കൃത്യതയുടെയും നിരാസത്തിലൂടെയാണ് പോസ്റ്റ് സ്റ്റ്രക്ചറലിസം ആവിര്‍ഭവിച്ചത്. സൈക്കോ അനാലിസിസ്, തത്ത്വചിന്ത, ഭാഷാശാസ്ത്രം എന്നിവയിലെ ആധുനിക ധാരകളുടെ പ്രഭാവം ഈ പ്രസ്ഥാനത്തിന്റെ ഭാഗമായ വിവിധ നിരൂപണപദ്ധതികളില്‍ കാണാം. ഫ്രഞ്ച് തത്ത്വചിന്തകനായ ഷാക്ക് ദെറിദയുടെ ആശയങ്ങളില്‍ നിന്നു രൂപപ്പെട്ട അപനിര്‍മാണം (ഡികണ്‍സ്ട്രക്ഷന്‍) ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. സാഹിത്യകൃതികള്‍ക്ക് സ്ഥിരമായ അര്‍ഥമില്ല എന്നും, ഒരേ ഒരു അര്‍ഥം മാത്രമല്ല അവയ്ക്കുള്ളതെന്നുമാണ് അപനിര്‍മാണത്തിന്റെ അടിസ്ഥാന ആശയം. നാം ഉദ്ദേശിക്കുന്നത് പൂര്‍ണമായും വിനിമയം ചെയ്യാന്‍ ഭാഷയ്ക്ക് കഴിവില്ലെന്നും, നാം ഉദ്ദേശിക്കാത്ത അര്‍ഥങ്ങള്‍ ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടുന്നുണ്ട് എന്നും ദെറിദ വാദിച്ചു. അതിനാല്‍ കേവലജ്ഞാനം (absolute knowledge) എന്നത് ഒരിക്കലും സാധ്യമല്ല. അതുകൊണ്ടുതന്നെ ഒരു കൃതിക്ക് സ്ഥായിയായ ഒരര്‍ഥം കല്പിക്കുന്നതിനെ അപനിര്‍മാതാക്കള്‍ എതിര്‍ക്കുന്നു. കൃതിയുടെ അര്‍ഥം നിര്‍ണയിക്കുക എന്നതല്ല നിരൂപകന്റെ ധര്‍മം. കൃതിയുടെ അര്‍ഥത്തെ അപനിര്‍മിച്ചുകൊണ്ട് പരസ്പരവിരുദ്ധവും പൊരുത്തപ്പെടാത്തതുമായ ചോദനകള്‍ കൃതിയില്‍ അന്തര്‍ലീനമായിരിക്കുന്നത് വെളിച്ചത്തുകൊണ്ടുവരുക എന്നതാണ് അപനിര്‍മാണം നിര്‍വഹിക്കുന്ന നിരൂപകര്‍ ചെയ്യുന്നത്. കൃതിയുടെ ഉപരിപ്ളവമായ കെട്ടുറപ്പിനെ തകര്‍ത്തുകൊണ്ട് ആന്തരികമായ അര്‍ഥഭംഗങ്ങളും വൈരുധ്യങ്ങളും അവര്‍ കണ്ടെത്തുന്നു. നവവിമര്‍ശകര്‍ നിര്‍ദേശിക്കുന്നതുപോലെയുള്ള ഒരു സൂക്ഷ്മവായന അപനിര്‍മാണത്തിലും അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ വായനയുടെ ലക്ഷ്യം, ഒരു സാഹിത്യപാഠത്തിലെ ഘടനകളില്‍ നിന്ന് വൈവിധ്യമാര്‍ന്ന വായനകള്‍ എങ്ങനെ രൂപംകൊള്ളുന്നു എന്നു കണ്ടെത്തുകയാണ്. അതിസങ്കീര്‍ണവും വിവാദാത്മകവുമായ ഒരു നിരൂപണപദ്ധതിയായിട്ടാണ് അപനിര്‍മാണം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ നിരൂപണത്തിന്റെ ഭാവിദശ നിര്‍ണയിച്ച ഒരു സ്വാധീനമാണ് അപനിര്‍മാണം. | 1960-കള്‍ക്കുശേഷം ഘടനാവാദത്തില്‍ നിന്ന് പോസ്റ്റ് സ്റ്റ്രക്ചറലിസം എന്നറിയപ്പെട്ട പ്രസ്ഥാനം രൂപംകൊണ്ടു. ഘടനാവാദത്തിന്റെ മുഖമുദ്രയായ ശാസ്ത്രീയതയുടെയും കൃത്യതയുടെയും നിരാസത്തിലൂടെയാണ് പോസ്റ്റ് സ്റ്റ്രക്ചറലിസം ആവിര്‍ഭവിച്ചത്. സൈക്കോ അനാലിസിസ്, തത്ത്വചിന്ത, ഭാഷാശാസ്ത്രം എന്നിവയിലെ ആധുനിക ധാരകളുടെ പ്രഭാവം ഈ പ്രസ്ഥാനത്തിന്റെ ഭാഗമായ വിവിധ നിരൂപണപദ്ധതികളില്‍ കാണാം. ഫ്രഞ്ച് തത്ത്വചിന്തകനായ ഷാക്ക് ദെറിദയുടെ ആശയങ്ങളില്‍ നിന്നു രൂപപ്പെട്ട അപനിര്‍മാണം (ഡികണ്‍സ്ട്രക്ഷന്‍) ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. സാഹിത്യകൃതികള്‍ക്ക് സ്ഥിരമായ അര്‍ഥമില്ല എന്നും, ഒരേ ഒരു അര്‍ഥം മാത്രമല്ല അവയ്ക്കുള്ളതെന്നുമാണ് അപനിര്‍മാണത്തിന്റെ അടിസ്ഥാന ആശയം. നാം ഉദ്ദേശിക്കുന്നത് പൂര്‍ണമായും വിനിമയം ചെയ്യാന്‍ ഭാഷയ്ക്ക് കഴിവില്ലെന്നും, നാം ഉദ്ദേശിക്കാത്ത അര്‍ഥങ്ങള്‍ ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടുന്നുണ്ട് എന്നും ദെറിദ വാദിച്ചു. അതിനാല്‍ കേവലജ്ഞാനം (absolute knowledge) എന്നത് ഒരിക്കലും സാധ്യമല്ല. അതുകൊണ്ടുതന്നെ ഒരു കൃതിക്ക് സ്ഥായിയായ ഒരര്‍ഥം കല്പിക്കുന്നതിനെ അപനിര്‍മാതാക്കള്‍ എതിര്‍ക്കുന്നു. കൃതിയുടെ അര്‍ഥം നിര്‍ണയിക്കുക എന്നതല്ല നിരൂപകന്റെ ധര്‍മം. കൃതിയുടെ അര്‍ഥത്തെ അപനിര്‍മിച്ചുകൊണ്ട് പരസ്പരവിരുദ്ധവും പൊരുത്തപ്പെടാത്തതുമായ ചോദനകള്‍ കൃതിയില്‍ അന്തര്‍ലീനമായിരിക്കുന്നത് വെളിച്ചത്തുകൊണ്ടുവരുക എന്നതാണ് അപനിര്‍മാണം നിര്‍വഹിക്കുന്ന നിരൂപകര്‍ ചെയ്യുന്നത്. കൃതിയുടെ ഉപരിപ്ളവമായ കെട്ടുറപ്പിനെ തകര്‍ത്തുകൊണ്ട് ആന്തരികമായ അര്‍ഥഭംഗങ്ങളും വൈരുധ്യങ്ങളും അവര്‍ കണ്ടെത്തുന്നു. നവവിമര്‍ശകര്‍ നിര്‍ദേശിക്കുന്നതുപോലെയുള്ള ഒരു സൂക്ഷ്മവായന അപനിര്‍മാണത്തിലും അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ വായനയുടെ ലക്ഷ്യം, ഒരു സാഹിത്യപാഠത്തിലെ ഘടനകളില്‍ നിന്ന് വൈവിധ്യമാര്‍ന്ന വായനകള്‍ എങ്ങനെ രൂപംകൊള്ളുന്നു എന്നു കണ്ടെത്തുകയാണ്. അതിസങ്കീര്‍ണവും വിവാദാത്മകവുമായ ഒരു നിരൂപണപദ്ധതിയായിട്ടാണ് അപനിര്‍മാണം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ നിരൂപണത്തിന്റെ ഭാവിദശ നിര്‍ണയിച്ച ഒരു സ്വാധീനമാണ് അപനിര്‍മാണം. | ||
+ | |||
+ | ==നിരൂപണം: പാരമ്പര്യ സരണികള്‍== | ||
+ | |||
+ | ===ചൈനീസ്=== | ||
+ | ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യവിമര്‍ശന പാരമ്പര്യങ്ങളിലൊന്നാണ് ചൈനീസ്. കണ്‍ഫ്യൂഷ്യന്‍ കാലഘട്ടംതൊട്ട് മികച്ച ക്ളാസ്സിക്കുകളും പ്രൌഢമായ നിരൂപണഗ്രന്ഥങ്ങളും ചൈനീസില്‍ ഉണ്ടായിട്ടുണ്ട്. പുരാതന കവിതകളുടെ സമാഹാരമായ ശിഹ് ചിങ് അഥവാ ഗീതങ്ങളുടെ പുസ്തകത്തിന് കണ്‍ഫ്യൂഷ്യന്‍ കാലഘട്ടത്തിലുണ്ടായ എഡിഷനിലും അതിനെത്തുടര്‍ന്ന് ഈ ഗ്രന്ഥത്തെക്കുറിച്ച് ഉണ്ടായ നിരൂപണ പഠനങ്ങളിലുമാണ് ചൈനീസ് സാഹിത്യവിമര്‍ശനത്തിന്റെ ഏറ്റവും പഴയ മാതൃകകള്‍ അടങ്ങിയിരിക്കുന്നത്. കണ്‍ഫ്യൂഷ്യസ് (ക്രി.മു. 551-479) തന്നെ ഈ ഗ്രന്ഥത്തിലെ കവിതകളെക്കുറിച്ച് നിരൂപണപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മനുഷ്യമനസ്സിന് ഉത്തേജനം നല്കുന്നു, അഹംബോധം ജനിപ്പിക്കുന്നു, സാമൂഹികശേഷികള്‍ വളര്‍ത്തുന്നു, അധമവികാരങ്ങളെ നിയന്ത്രിക്കുന്നു, ധാര്‍മിക ഉത്തരവാദിത്വം വളര്‍ത്തുന്നു, ലോകജ്ഞാനം പ്രദാനം ചെയ്യുന്നു എന്നിങ്ങനെ കവിതയുടെ ധര്‍മങ്ങളെ, ഗീതങ്ങളുടെ പുസ്തകത്തെ അടിസ്ഥാനമാക്കി കണ്‍ഫ്യൂഷ്യസ് വിശദീകരിക്കുന്നു. കവിതയുടെ സാമൂഹികധര്‍മത്തിനു പ്രാധാന്യം നല്കുന്ന ഒരു വിമര്‍ശനസമീപനമാണ് ഇക്കാലത്ത് നിലവിലിരുന്നത്. | ||
+ | |||
+ | ഹാന്‍ കാലഘട്ടത്തില്‍ (ക്രി.മു. 25 - ക്രി.പി. 220) വെയ് ഹുങ് എന്ന നിരൂപകന്‍ ഗീതങ്ങളുടെ പുസ്തകത്തിന് എഴുതിയ വ്യാഖ്യാനത്തില്‍, സാഹിത്യം എന്നത് ഓരോ കാലഘട്ടത്തിലെയും രാഷ്ട്രീയ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമാണ് എന്ന് വാദിച്ചിരിക്കുന്നു. ആധുനിക മാര്‍ക്സിയന്‍ ചിന്തയിലെ സാഹിത്യസമീപനത്തിന്റെ അടിസ്ഥാനം ഈ ആശയമാണ് എന്നത് ശ്രദ്ധേയമാണ്. ലു ചി (ക്രി.പി. 221-303) എന്ന നിരൂപകര്‍ രചിച്ച വെന്‍ ഫു പുരാതന ചൈനീസിലെ ഏറ്റവും വിശിഷ്ടമായ സാഹിത്യശാസ്ത്രഗ്രന്ഥമായി വിശേഷിപ്പിക്കാറുണ്ട്. ഹൊറേസിന്റെ ആര്‍സ് പൊയറ്റിക്കയുമായി ഇതിനെ പില്ക്കാല പണ്ഡിതര്‍ താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഗദ്യപദ്യസമ്മിശ്രമായ ഒരു ശൈലിയില്‍ രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം കാവ്യകലയിലെ സൃഷ്ടിപ്രക്രിയയിലേക്കും ക്ലാസ്സിക് കൃതികളുടെ വിശകലനങ്ങളിലേക്കുമൊക്കെ കടന്നുചെല്ലുന്നുണ്ട്. ക്രി.പി. 465-നും 522-നും ഇടയ്ക്കു രചിക്കപ്പെട്ടതായി കരുതുന്ന വെന്‍-ഹ്സിന്‍ തിയാവോ-ലുങ് എന്ന കൃതി ബൃഹത്തായ ഒരു നിരൂപണഗ്രന്ഥമാണ്. ലിയു ഹ്സിയെ ആണ് ഇതിന്റെ കര്‍ത്താവ്. ദാര്‍ശനികാടിത്തറയില്‍ നിന്നുകൊണ്ടുള്ള ഒരു നിരൂപണ പദ്ധതിയാണ് ഇതില്‍ രൂപീകരിച്ചിരിക്കുന്നത്. ഇതേ കാലയളവില്‍ ജീവിച്ചിരുന്ന ചുങ് ജങ് ഭാവഗീതങ്ങളെക്കുറിച്ച് പ്രൗഢമായ ഒരു ഗ്രന്ഥം രചിച്ചു. ലിയു ഹ്സിയെയുടെ അഭിപ്രായത്തെ തിരസ്കരിച്ചുകൊണ്ട് കേള്‍വിസുഖത്തെക്കാള്‍ കവിതയിലൂടെ അനുഭവിക്കാന്‍ കഴിയുന്ന വൈകാരികാനുഭൂതിയാണ് കവിതയെ ഉദാത്തമാക്കുന്നത് എന്നദ്ദേഹം സമര്‍ഥിച്ചു. കവിതകളെ വിലയിരുത്താനായി മൂന്നു തലങ്ങളുള്ള ഒരു വിമര്‍ശനപദ്ധതിയും അദ്ദേഹം രൂപീകരിച്ചു. അസാധാരണമായ ഔന്നത്യവും മൌലികതയും കൊണ്ട് ശ്രദ്ധേയമായ ഒരു കൃതിയാണ് വാങ്ച്ആങ് ലിങ് (ക്രി.പി. 690-750) രചിച്ച ഷിഹ്-കെ അഥവാ കാവ്യപ്രമാണങ്ങള്‍. മൂലകൃതി കണ്ടെത്താനായിട്ടില്ലെങ്കിലും, ജാപ്പനീസ് വിവര്‍ത്തനത്തിലൂടെ ഇത് കാവ്യലോകത്തിന് പ്രചോദനം നല്കി. സൃഷ്ടിപ്രക്രിയയെക്കുറിച്ചും കലയുടെ മനഃശാസ്ത്രത്തെക്കുറിച്ചും അഗാധമായ നിരീക്ഷണങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. കവിയുടെ മനസ്സിന്റെ പുറംലോകവുമായുള്ള ഒരു ഏകീകരണമാണ് കവിത എന്നു നിര്‍വചിച്ചുകൊണ്ട് ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് അദ്ദേഹം വിശകലനം ചെയ്തിരിക്കുന്നു. | ||
+ | |||
+ | എട്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ നിരൂപകന്‍ ചിയാവോ ജാന്‍ എന്ന ബുദ്ധസന്യാസിയായിരുന്നു. ചൈനീസ് സാഹിത്യത്തെ ഏറെ സ്വാധീനിച്ച മൂന്നു നിരൂപണഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു (കാവ്യമാതൃകകള്‍, കവിതാവിമര്‍ശനം, കാവ്യചിന്തകള്‍). കവിയുടെ വികാരങ്ങളും അനുഭവങ്ങളും സ്വാഭാവികമായ രീതിയില്‍ കവിതയില്‍ ആവിഷ്കരിക്കപ്പെടുന്നത് എങ്ങനെ എന്നും, കവിതയെ കൃത്രിമമാക്കുന്ന കാവ്യദോഷങ്ങള്‍ ഏവ എന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. കവിതയിലടങ്ങിയിരിക്കുന്നത് അനുഭവത്തിന്റെ ചില 'അംശങ്ങള്‍' മാത്രമാണെന്നും ഈ അംശങ്ങള്‍ മാത്രം ആവിഷ്കരിച്ചുകൊണ്ട് അതിനപ്പുറത്തേക്കു വ്യാപിക്കുന്ന ഒരനുഭവലോകത്തിലേക്കും പ്രബുദ്ധതയിലേക്കും വായനക്കാരെ നയിക്കാന്‍ കഴിയുന്നതാണ് ഉദാത്തകവിതയെന്നും ചിയാവോ ജാന്‍ അഭിപ്രായപ്പെടുന്നു. | ||
+ | |||
+ | കവിയും നിരൂപകനുമായിരുന്ന സ്സൂ ക്ഊങ് (837-908) ശൈലീപരമായി ഇരുപത്തിനാലുതരം കവിതകളുണ്ടെന്നു സമര്‍ഥിക്കുകയും ഈ വീക്ഷണത്തെ അടിസ്ഥാനമാക്കി നിരൂപണ ഗ്രന്ഥം രചിക്കുകയും ചെയ്തു. സാധാരണ ജീവിതത്തിലെ ഇച്ഛകളില്‍ നിന്നു മുക്തരായി പ്രകൃതിയുടെ അടിസ്ഥാന പ്രക്രിയകളുമായി ഇഴുകിച്ചേര്‍ന്നാല്‍ മാത്രമേ യഥാര്‍ഥ കവിത രചിക്കാന്‍ കഴിയുകയുള്ളൂ എന്ന തത്ത്വചിന്താപരമായ വീക്ഷണം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. സുങ് ഭരണകാലഘട്ടത്തില്‍ (960-1275) മുന്‍കാലഘട്ടത്തിലുണ്ടായ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക നിരൂപണങ്ങളാണ് കൂടുതലും ഉണ്ടായത്. ഏറ്റവും മഹാനായ ചൈനീസ് കവിയായി വിശേഷിപ്പിക്കപ്പെടുന്ന തൂ ഫൂ (712-770) വിന്റെ രചനകളെ അടിസ്ഥാനമാക്കിയുള്ള നിരവധി നിരൂപണ പഠനങ്ങള്‍ ഇക്കാലത്തുണ്ടായി. | ||
+ | |||
+ | യെന്‍ യൂ (1180-1235) എന്ന നിരൂപകന്‍ ബുദ്ധമത തത്ത്വങ്ങളെയും കാവ്യസിദ്ധാന്തങ്ങളെയും ഉദ്ഗ്രഥിക്കാന്‍ ശ്രമിച്ചു. ആധ്യാത്മികമായി ഉത്തേജിതമായ അവസ്ഥയിലേക്ക് കവി ഉണരുന്നതിലൂടെയാണ് വായനക്കാരുടെ ഉള്ളിലേക്കു പ്രവേശിക്കാന്‍ കഴിയുന്ന കവിതകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. മതപരമായ പല ഉപമകള്‍ ഉപയോഗിച്ചാണ് യൂ കാവ്യവിശകലനം നടത്തിയിരുന്നത്. യുവാന്‍ ഭരണകാലത്ത് (1280-1368) നാടകരൂപങ്ങള്‍ സാര്‍വത്രിക പ്രചാരം നേടിയെങ്കിലും നാടകനിരൂപണം വളരെക്കഴിഞ്ഞുമാത്രമാണ് ആവിര്‍ഭവിച്ചത്. സാഹിത്യസിദ്ധാന്തത്തിനും വിമര്‍ശനത്തിനും അനിതരസാധാരണമായ വളര്‍ച്ചയുണ്ടായത് മിങ് ഭരണകാലത്താണ് (1368-1644). കാവോ ചി (1330-78), ലി മെങ് യാങ് (1475-1529), ഹോ ചിങ് മിങ് (1483-1521), ലി തുങ്-യാങ് (1447-1516) എന്നീ പ്രഗദ്ഭരായ നിരൂപകര്‍ ഇക്കാലത്ത് തങ്ങളുടെ ഗ്രന്ഥങ്ങളിലൂടെ സമകാലികരും പൗരാണികരുമായ കവികളുടെ സൃഷ്ടികളെയും അവയില്‍ അന്തര്‍ലീനമായിരുന്ന സാഹിത്യ തത്ത്വങ്ങളെയും വിലയിരുത്തി. ചൈനീസ് സാഹിത്യത്തില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം വഹിക്കുന്ന നിരൂപകനാണ് ശുണ്‍-ചിഹ് (1507-60). സാഹിത്യകൃതികള്‍ ഗ്രഹണക്ഷമവും ഏകോപിതഘടകങ്ങളോടു കൂടിയതും സമഞ്ജസമായഭാവം പ്രദാനം ചെയ്യുന്നതുമായിരിക്കണം എന്നാണ് ഇദ്ദേഹത്തിന്റെ മതം. രൂപം, ഉദ്ദേശ്യം, ആന്തരിക ഊര്‍ജം, സ്രഷ്ടാവിന്റെ നേരിട്ടുള്ള ആഖ്യാനം എന്നീ നാല് അടിസ്ഥാന ഘടകങ്ങളില്‍ നിന്നാണ് ഈ ഗുണങ്ങള്‍ ഉണ്ടാകുന്നത്. ഈ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ചിഹ് സാഹിത്യകൃതികളെ വിലയിരുത്തി. യെന്‍ ഹ്സെയ് (1627-1703) എന്ന നിരൂപകന്റെ കാവ്യശാസ്ത്രഗ്രന്ഥമായ യുവാന്‍ ശിഹ് (കാവ്യോത്പത്തി) കവിതാരചനയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ശ്രദ്ധേയമായി. കവിതാരചന പഠിക്കാനും പഠിപ്പിക്കാനും കഴിയുമോ, കവിതാ രചനയെ നയിക്കുന്ന നിയമങ്ങള്‍ ഏവ തുടങ്ങിയ ചോദ്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വിശദവിശകനലത്തിനു വിധേയമാകുന്നു. | ||
+ | |||
+ | ഗദ്യസാഹിത്യത്തിന് അഭിജാതമായൊരു സ്ഥാനം ചൈനയില്‍ കല്പിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ത്തന്നെ ഗദ്യസാഹിത്യനിരൂപണം കാവ്യനിരൂപണത്തോളം വികസിച്ചില്ല. എന്നാല്‍ സാഹിത്യപണ്ഡിതന്മാര്‍ തള്ളിപ്പറഞ്ഞ ഗദ്യസാഹിത്യത്തെയും ജനപ്രിയ സാഹിത്യത്തെയും പ്രചരിപ്പിക്കുകയും സൈദ്ധാന്തികമായി വിശകലനം ചെയ്യുകയും ചെയ്ത ലി ചിഹ് (1527-1602) നെപ്പോലെയുള്ള പ്രഗല്ഭരായ നിരൂപകര്‍ ചൈനയില്‍ ഉണ്ടായിട്ടുണ്ട്. | ||
+ | |||
+ | ചിങ് ഭരണകാലഘട്ടത്തില്‍ (1644-1911) വാങ് ശിഹ്-ചെന്‍ (1634-1711), ചാവോ ചിഹ്-ഹ്സിന്‍ (1662--1774) തുടങ്ങിയ പ്രസിദ്ധ നിരൂപകരുടെ കൃതികളിലൂടെ ചൈനീസ് നിരൂപണ സിദ്ധാന്തം വികസിച്ചു. ശിഹ് ചെന്‍ ദാര്‍ശനിക പാരമ്പര്യവും, ചിഹ് ഹ്സിന്‍ രൂപനിഷ്ഠപാരമ്പര്യവും വളര്‍ത്തിയെടുത്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇംഗ്ലീഷില്‍ നിന്നുള്ള വിവര്‍ത്തനങ്ങളിലൂടെ പാശ്ചാത്യനിരൂപണ സിദ്ധാന്തങ്ങള്‍ ചൈനയില്‍ വേരുറയ്ക്കുന്നതുവരെ പാരമ്പര്യ നിരൂപണ സിദ്ധാന്തങ്ങള്‍ക്ക് വ്യാപകമായ പ്രചാരമുണ്ടായിരുന്നു. | ||
+ | |||
+ | ===ജാപ്പനീസ്=== | ||
+ | ചൈനീസ് സാഹിത്യത്തിന്റെ ശക്തമായ സ്വാധീനത്തിലാണ് രൂപപ്പെട്ടതെങ്കിലും ക്രി.പി. ഏഴാം നൂറ്റാണ്ടുമുതല്‍ തന്നെ മൗലികമായ കൃതികളും വിമര്‍ശന സമീപനങ്ങളും സംഭാവന ചെയ്യാന്‍ കഴിഞ്ഞ ഒരു പാരമ്പര്യമാണ് ജാപ്പനീസ് സാഹിത്യത്തിന്റേത്. ജാപ്പനീസ് ഭാഷയില്‍ മാത്രമല്ല ചൈനീസ് ഭാഷയിലും ജപ്പാനില്‍ ആദ്യകാലത്ത് സാഹിത്യകൃതികള്‍ രചിച്ചിരുന്നു. ഒരേ കൃതി തന്നെ രണ്ടു ഭാഷയിലും പ്രസിദ്ധീകരിച്ചിരുന്നു. ജാപ്പനീസ് സാഹിത്യത്തെക്കാള്‍ ആയിരത്തി ഇരുനൂറോളം വര്‍ഷങ്ങള്‍ പിന്നിലേക്കു നീളുന്ന ചൈനീസ് സാഹിത്യത്തെയും സാഹിത്യസിദ്ധാന്തത്തെയും ഗണ്യമായി ആശ്രയിച്ചിരുന്നിട്ടും, തികച്ചും വ്യത്യസ്തമായ ഒരു സാഹിത്യശൈലിയും വിമര്‍ശനസമീപനവുമാണ് ജപ്പാനില്‍ രൂപപ്പെട്ടത്. തത്ത്വചിന്ത, ചരിത്രം എന്നിവയെ അവലംബിച്ചു വളര്‍ന്നുവന്ന ചൈനീസ് സാഹിത്യസിദ്ധാന്തത്തിലെ അമൂര്‍ത്തമായ സമീപനങ്ങളെ തിരസ്കരിച്ചുകൊണ്ട് വികാരങ്ങള്‍ക്കും ലാവണ്യാനുഭൂതിക്കും പ്രാധാന്യം നല്കുന്നതും, വ്യക്തിജീവിത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും മണ്ഡലങ്ങളിലേക്കു കടന്നുചെല്ലുന്നതുമായ ഒരു സാഹിത്യമാണ് ജാപ്പനീസ് ഭാഷയില്‍ ആവിഷ്കൃതമായത്. ഈ വ്യത്യാസം നിരൂപണപദ്ധതികളിലും നിഴലിക്കുന്നുണ്ട്. ആധുനിക നിരൂപണസാഹിത്യത്തിലെ പല ആശയങ്ങളും വളരെ നേരത്തേ മൗലികമായിത്തന്നെ ആവിഷ്കരിക്കുകയും നിരൂപണ പദ്ധതികളുടെ വിശിഷ്ടമായ പ്രായോഗികമാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തു പുരാതന ജാപ്പനീസ് നിരൂപകര്‍. ജാപ്പനീസ് ഭാഷയില്‍ വികസിച്ച ഹൈക്കു, രെംഗ എന്നീ പദ്യരൂപങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് രൂപംകൊണ്ട കാവ്യസിദ്ധാന്തങ്ങള്‍പോലെതന്നെ നോവല്‍, നാടകം എന്നിവയെക്കുറിച്ചുള്ള നിരൂപണസിദ്ധാന്തങ്ങളും പ്രായോഗിക നിരൂപണങ്ങളും ജാപ്പനീസ് നിരൂപണപാരമ്പര്യത്തിന്റെ മികവുതെളിയിക്കുന്നവയാണ്. | ||
+ | |||
+ | രാജകീയ കല്പനപ്രകാരം ക്രി.പി. 905-ല്‍ സമാഹരിക്കപ്പെട്ട കോകിന്‍ശൂ എന്ന ഹൈക്കു കവിതാഗ്രന്ഥത്തിന്റെ മുഖവുരയിലാണ് ജാപ്പനീസ് വിമര്‍ശനത്തിന്റെ ലഭ്യമായ ഏറ്റവും പഴയ മാതൃക കാണാന്‍ കഴിയുന്നത്. ത്സുറായുകി എന്ന കവി ജാപ്പനീസിലും യോശിമോച്ചി എന്ന കവി ചൈനീസിലും ഈ ഗ്രന്ഥത്തിന് മുഖവുരകള്‍ രചിച്ചിരിക്കുന്നു. ജാപ്പനീസ് കാവ്യപാരമ്പര്യം ചൈനീസ് കാവ്യപാരമ്പര്യത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ജാപ്പനീസ് മുഖവുര വ്യക്തമാക്കുന്നുണ്ട്. കവിതയിലടങ്ങിയിരിക്കുന്ന വികാരങ്ങള്‍, പദങ്ങളുടെ അനുയോജ്യമായ പ്രയോഗം, കവിതയിലെ താളം, കാവ്യശൈലികള്‍, അലങ്കാരങ്ങള്‍ എന്നിവയൊക്കെ വിമര്‍ശനദൃഷ്ട്യാ ഇതില്‍ വിശകലനം ചെയ്തിട്ടുണ്ട്. | ||
+ | |||
+ | ക്രി.പി. 982-ല്‍ രചിക്കപ്പെട്ടതായി കരുതുന്ന ഉത്സുഹോ മോനൊഗാതാരി ലോകസാഹിത്യത്തിലെതന്നെ ആദ്യനോവലാണ്. ഇത്രയും പുരാതനമായ നോവല്‍ പാരമ്പര്യമുള്ള ജാപ്പനീസില്‍ ഗദ്യസാഹിത്യവിമര്‍ശനവും വളരെ നേരത്തേ തന്നെ ആരംഭിച്ചു. ലോകസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൃതികളിലൊന്നാണ് 1004-ല്‍ രചിക്കപ്പെട്ട ഗെന്‍ജി മോനൊഗാതാരി (ഗെന്‍ജിയുടെ കഥ). മുറാസക്കി ശിക്കിബു എന്ന വനിത രചിച്ച ഈ നോവലിലെ മുഖ്യകഥാപാത്രം പല സന്ദര്‍ഭങ്ങളിലും നോവല്‍ രചനയുടെയും ആഖ്യാനകലയുടെയും തത്ത്വങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ജപ്പാനില്‍ പ്രചാരത്തിലിരുന്ന വിശദമായ സാഹിത്യസിദ്ധാന്തത്തിന്റെയും വിമര്‍ശനപദ്ധതിയുടെയും സ്ഫുരണങ്ങള്‍ ഈ സംഭാഷണങ്ങളില്‍ നമുക്കു കാണാം. | ||
+ | |||
+ | പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നിജൊ യോശിമോതോ എന്ന കവി പല വിമര്‍ശന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രെംഗ എന്ന പദ്യരൂപത്തെ ആസ്പദമാക്കി കാവ്യസിദ്ധാന്തങ്ങളും വിമര്‍ശനതത്ത്വങ്ങളും ഈ ഗ്രന്ഥങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ക്ളാസ്സിക്, നാടോടി വിഭാഗങ്ങളില്‍പ്പെടുന്ന നിരവധി നാടകശൈലികള്‍ പുരാതന കാലംമുതല്‍ പ്രചാരത്തിലിരുന്ന ജപ്പാനില്‍ നാടകവിമര്‍ശനവും പണ്ടുകാലത്തുതന്നെ ആരംഭിച്ചിരുന്നു. അഭിനേതാവും നാടകകൃത്തും വിമര്‍ശകനുമായിരുന്ന സിയാമി മോതോക്കിയോ (1363-1443) ഇരുപതോളം ഗ്രന്ഥങ്ങളില്‍ നാടകസിദ്ധാന്തം ചര്‍ച്ചചെയ്തിരിക്കുന്നു. നാടകത്തിന്റെ അഭിനയ-സാഹിത്യ തലങ്ങളെ വിശദമായി വിലയിരുത്തുന്ന മികച്ച ഒരു നിരൂപണ പദ്ധതി ഈ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ഓക്കുറ തൊറാക്കി എന്ന നടന്‍ (1597-1662) നാടകത്തിലെ ഹാസ്യാംശത്തെക്കുറിച്ച് രചിച്ച ഗ്രന്ഥവും ജാപ്പനീസ് നിരൂപണ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു കൃതിയാണ്. ഹാസ്യം മനുഷ്യജീവിതത്തില്‍ മറഞ്ഞിരിക്കുന്ന ചില സത്യങ്ങളെ അനാവരണം ചെയ്യുന്നു എന്ന് മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ തൊറാക്കി വിശദീകരിക്കുന്നു. | ||
+ | |||
+ | ഏറ്റവും മഹാനായ ഹൈക്കു കവിയായി വിശേഷിപ്പിക്കപ്പെടുന്ന മത്സുവോ ബാഷോ (1644-1694) ഹൈക്കു കവിത സൂക്ഷ്മമായി പഠിക്കുന്നതിലും കാവ്യസിദ്ധാന്തം വിശകലനം ചെയ്യുന്നതിലും പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. ബാഷോ വിമര്‍ശന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ബാഷോയുടെ സാഹിത്യചിന്തകള്‍ നിരവധി ഗ്രന്ഥങ്ങളിലായി പ്രസിദ്ധീകരിച്ചു. കവിതയുടെ വ്യത്യസ്ത അംശങ്ങള്‍ സൂക്ഷ്മമായി നിരൂപണം ചെയ്യുന്ന ഒരു കാവ്യസിദ്ധാന്തം ഈ ഗ്രന്ഥങ്ങളിലൂടെ ആവിഷ്കൃതമായിരിക്കുന്നു. കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയുടെയും ബുദ്ധമത ദര്‍ശനങ്ങളുടെയും സ്വാധീനത്തില്‍ രൂപപ്പെട്ട സാഹിത്യധാരകളെ നിരാകരിച്ചുകൊണ്ട് തന്റേതായ ഒരു സാഹിത്യസിദ്ധാന്തവും വിമര്‍ശനപദ്ധതിയും ആവിഷ്കരിച്ച മൊട്ടോറി നോറിന്‍ഗ (1730-1801) പ്രശസ്തനായ കവിയും നിരൂപകനുമായിരുന്നു. സാഹിത്യം മനുഷ്യനില്‍ ഉണര്‍ത്തുന്ന അഗാധവും ശ്രേഷ്ഠവുമായ വികാരങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്കിയത്. ബൗദ്ധികതയെ നിരാകരിക്കുന്നതും മാനവികവുമായ ഒരു സമീപനമാണ് നോറിന്‍ഗയുടേത്. | ||
+ | |||
+ | ===അറബി=== | ||
+ | ആയിരത്തി നാന്നൂറില്‍പ്പരം വര്‍ഷങ്ങള്‍ പഴക്കമുള്ള സാഹിത്യപാരമ്പര്യമാണ് അറബി ഭാഷയുടേത്. ക്രി.മു. ഒന്‍പതാം നൂറ്റാണ്ടു മുതല്‍ അറബി ഭാഷയില്‍ വിമര്‍ശനസാഹിത്യഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍-ജാഹിള്, ഇബ് ന്‍ സലാം-അല്‍ മാഹി, ഇബ് ന്‍ കുതയ്ബ എന്നിവരുടെ ഗ്രന്ഥങ്ങളില്‍ അക്കാലത്തെ പ്രമുഖ കവികളെക്കുറിച്ചും വാമൊഴി സാഹിത്യത്തെക്കുറിച്ചുമുള്ള വിലയിരുത്തലുകള്‍ കാണാം. ആദ്യത്തെ ബൃഹത്തായ നിരൂപണഗ്രന്ഥം എന്നു പറയാവുന്നത് പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബ്ദുല്ലാ ഇബ് ന്‍ അല്‍-മുഅ്തസ്സ് രചിച്ച അല്‍-ബദീഅ് എന്ന കാവ്യശാസ്ത്രഗ്രന്ഥമാണ്. ഖുര്‍ആനില്‍ നിന്നും ക്ളാസ്സിക്കല്‍ കവിതകളില്‍ നിന്നും വാമൊഴിപാരമ്പര്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ സ്വീകരിച്ചുകൊണ്ട് അദ്ദേഹം അലങ്കാരങ്ങളെ വര്‍ഗീകരിച്ചു വ്യാഖ്യാനിച്ചിരിക്കുന്നു. അല്‍-മുഅ്തസ്സ് അക്കാലത്തെ ഏറ്റവും പ്രമുഖനായ കവിയുമായിരുന്നു. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍-ആമിദീ എന്ന നിരൂപകന്‍ രചിച്ച അല്‍-മുവാസന എന്ന ഗ്രന്ഥം പ്രായോഗിക വിമര്‍ശനത്തിന്റെ മികച്ച മാതൃകയാണ്. അബൂ തമാം, അല്‍-ബുഹുതുരി എന്നീ രണ്ടു കവികളുടെ ശൈലികളെ ഇതില്‍ വിമര്‍ശനപരമായി താരതമ്യം ചെയ്തിരിക്കുന്നു. ഇസ്ലാമിക കാലഘട്ടത്തിലെ ഏറ്റവും മഹാനായ കവിയായി വിശേഷിപ്പിക്കപ്പെടുന്ന അല്‍-മുത്തനബ്ബി(10-ാം ശതകം)യുടെ കവിതയെക്കുറിച്ച് നിരവധി നിരൂപണഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുത്തനബ്ബിയെക്കുറിച്ച് അക്കാലത്ത് ഉണ്ടായിരുന്ന വിമര്‍ശനങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന അല്‍-വസാന എന്ന ഗ്രന്ഥം അറേബ്യന്‍ ഭാഷയില്‍ നിലവിലിരുന്ന വിമര്‍ശന സംസ്കാരത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ സഹായകമാണ്. ഈ ഗ്രന്ഥം രചിച്ച അല്‍-ജൂര്‍ജാനി കവിതയിലൂടെ കവി പ്രകടിപ്പിക്കുന്ന മതപരമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കവിതയെ വിലയിരുത്തരുത് എന്ന പക്വതയാര്‍ന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നു. സാഹിത്യമോഷണങ്ങളെപ്പറ്റിയുള്ള കൃതികള്‍ അറബി നിരൂപണസാഹിത്യത്തിലെ പ്രബലമായൊരു ധാരയാണ്. കവിതകള്‍ സൂക്ഷ്മവിശകലനം ചെയ്ത്, മറ്റുള്ള കവിതകളില്‍ നിന്നു കടംകൊണ്ട ആശയങ്ങള്‍, അലങ്കാരങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ എന്നിവ കണ്ടെത്തി കവിയെ വിമര്‍ശിക്കുന്ന ഗ്രന്ഥങ്ങള്‍ അറബിഭാഷയില്‍ സുലഭമാണ്. ഇവയൊന്നും ശ്രേഷ്ഠമായ നിരൂപണങ്ങളല്ലെങ്കില്‍പ്പോലും സൂക്ഷ്മമായ ഒരു വിശകലനപദ്ധതി ചിലതിലെങ്കിലും അന്തര്‍ലീനമായിട്ടുണ്ട്. | ||
+ | |||
+ | പത്താം നൂറ്റാണ്ടില്‍ത്തന്നെയാണ് കാവ്യശാസ്ത്രത്തെ അധികരിച്ച് പ്രമുഖമായ രണ്ടു ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്. ഖുദാമ ഇബ് ന്‍ ജഅ്ഫര്‍ രചിച്ച നഖ്ദ് അല്‍-ഷിഅ്ര്‍ (കവിതാനിരൂപണം) ഗ്രീക്ക് മാതൃകയിലുള്ള വിശകലനപദ്ധതി പിന്‍തുടരുന്ന മൗലികമായ ഒരു രചനയാണ്. അര്‍ഥം, ഭാവം, വൃത്തം, താളം എന്നീ കാവ്യാംശങ്ങളെയും അവയുടെ പ്രതിപ്രവര്‍ത്തനങ്ങളെയും വിശകലനം ചെയ്തുകൊണ്ട് ഈ നിരൂപകര്‍ നല്ല കവിതയെ വേര്‍തിരിച്ചു കാണിക്കാനുള്ള മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നു. ഇബ് ന്‍ തബാബയുടെ ഇയാര്‍-അഷ് ഷീര്‍ (കാവ്യമാനദണ്ഡം) എന്ന ഗ്രന്ഥത്തില്‍ കാവ്യസൃഷ്ടിയിലടങ്ങിയിരിക്കുന്ന പ്രക്രിയകളും കവിതകള്‍ താരതമ്യം ചെയ്യാനുള്ള മാനദണ്ഡങ്ങളും ചര്‍ച്ചചെയ്തിരിക്കുന്നു. കവിതയുടെ അര്‍ഥം അഥവാ ഉള്ളടക്കം, കവിതയുടെ രൂപം എന്നിവ തമ്മിലുള്ള വ്യത്യാസം അറബി നിരൂപണത്തിലെ ഒരു മുഖ്യസങ്കല്പമാണ്. മേല്പറഞ്ഞ രണ്ടു നിരൂപകരും ഇക്കാര്യം വളരെ വിശദമായി വിശകലം ചെയ്തിട്ടുണ്ട്. 11-ാം നൂറ്റാണ്ടില്‍ വടക്കന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഇബ്ന്‍ റഷീഖ് എന്ന കവി കവിതകളുടെയും കാവ്യശാസ്ത്രത്തിന്റെയും ഒരു വിജ്ഞാനകോശം സമാഹരിച്ചു. കവിതയുടെ ധര്‍മങ്ങള്‍, ശൈലികള്‍, ഘടന, ഉള്ളടക്കം, അലങ്കാരങ്ങള്‍ എന്നിവയെക്കുറിച്ച് വളരെ വിശദമായ വിശകലനങ്ങള്‍ ഇതില്‍ കാണാം. ഇവ കൂടാതെ വ്യാകരണം, പ്രഭാഷണകല എന്നിവയെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളിലും നിരൂപണപരമായ വിമര്‍ശനങ്ങള്‍ അടങ്ങിയിരിക്കുന്നു. | ||
+ | |||
+ | ==ഭാരതീയ ഭാഷകളില്‍== | ||
+ | പ്രാചീന ഗ്രീസിലെ സാഹിത്യതത്ത്വചിന്തയെ അപേക്ഷിച്ച് പഴക്കവും പ്രാധാന്യവും അവകാശപ്പെടാന്‍ കഴിയുന്ന മറ്റൊരു ചിന്താസരണിയാണ് ഭാരതത്തിലെ കാവ്യമീമാംസ. അത് മുഖ്യമായും രൂപംകൊണ്ടത് സംസ്കൃതഭാഷയിലാണ്. അത്രത്തോളം വിപുലമല്ലെങ്കിലും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഒരു സാഹിത്യതത്ത്വസംഹിത ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകങ്ങളില്‍ തമിഴിലും ഉണ്ടായി. | ||
+ | |||
+ | സംസ്കൃതത്തിലെ കാവ്യമീമാംസയുടെ വേരുകള്‍ ക്രിസ്തുവര്‍ഷം ആരംഭത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്ക് വ്യാപിച്ച് കിടക്കുന്നു. ഭരതമുനി എന്ന ജ്ഞാനിയുടെ സൃഷ്ടിയായ നാട്യശാസ്ത്രമെന്ന ഗ്രന്ഥമാണ് സംസ്കൃതത്തിലെ പില്ക്കാലത്തെ സാഹിത്യചിന്തകള്‍ക്കെല്ലാം അടിത്തറ പാകിയത്. പ്രകടമായി നാടക കലയെയും നാടകസാഹിത്യത്തെയും കുറിച്ചു ചര്‍ച്ച ചെയ്യുന്ന ഈ ഗ്രന്ഥം സാഹിത്യനിരൂപണത്തില്‍ പൊതുവേ അംഗീകരിക്കാവുന്ന തത്ത്വങ്ങള്‍ അടങ്ങുന്നതാണ്. ഭരതന്റെ നാട്യശാസ്ത്രമനുസരിച്ച് സാഹിത്യവും നാടകകലയും ഭാവാവിഷ്കരണങ്ങളാണ്. കഥയല്ല, ഭാവമാണ് സാഹിത്യത്തിന്റെ വിഷയം. സാഹിത്യത്തിന്റെ ആവിഷ്കരണോപാധികളും ഭാവങ്ങളാണ്. ഒരു സാഹിത്യകൃതിയില്‍ ആദ്യന്തം ആവിഷ്കരിക്കപ്പെടുന്ന ഒരു ഭാവമുണ്ടായിരിക്കും. അതിന് സ്ഥായിഭാവം എന്നു പറയുന്നു. സ്ഥായിഭാവത്തിന്റെ വികാസപരിണാമങ്ങള്‍ക്ക് പ്രേരകങ്ങളാകുന്ന മറ്റു ചില ഭാവങ്ങള്‍ കൂടി ഒരു കൃതിയില്‍ ഉണ്ടായിരിക്കും. വിവിധ സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെട്ടു മറയുന്ന ഈ ഭാവങ്ങളെ സഞ്ചാരിഭാവങ്ങള്‍ അഥവാ വ്യഭിചാരിഭാവങ്ങള്‍ എന്നു പറയുന്നു. ഇവ കൂടാതെ ഭാവത്തിന്റെ ചടുലങ്ങളായ പ്രകടനങ്ങള്‍ എന്നു പറയാവുന്ന മറ്റൊരുതരം ഭാവങ്ങള്‍ കൂടിയുണ്ട്. അനുഭാവം എന്നാണ് ഇവയുടെ പൊതുവായ പേര്. സ്ഥായിഭാവത്തിന്റെ സാന്നിധ്യം പ്രകടമാക്കുന്നത് അനുഭാവങ്ങളും സ്ഥായിഭാവത്തിന്റെ വികാസപരിണാമങ്ങള്‍ക്ക് കാരണമാകുന്നത് സഞ്ചാരീഭാവങ്ങളുമത്രെ. സാഹിത്യകൃതിയിലോ നാടകത്തിലോ ആവിഷ്കൃതമാകുന്ന സ്ഥായീഭാവം ആസ്വാദകഹൃദയത്തില്‍ ജനിപ്പിക്കുന്ന അനുഭൂതിയെ രസം എന്നു പറയുന്നു. എട്ട് സ്ഥായിഭാവങ്ങളെയാണ് നാട്യശാസ്ത്രകാരന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അവ വേണ്ടവണ്ണം | ||
+ | കാവ്യത്തിലോ നാടകത്തിലോ ആവിഷ്കരിക്കപ്പെടുമ്പോള്‍ യഥാക്രമം വിവിധ രസങ്ങള്‍ ആസ്വാദകന്‍ അനുഭവിച്ചറിയുന്നു. സ്ഥായിഭാവങ്ങളും അവയിലോരോന്നിന്റെയും ഫലമായുണ്ടാകുന്ന രസങ്ങളും താഴെപ്പറയുന്നവയാണ്. | ||
+ | |||
+ | ഭാവം അമൂര്‍ത്തമാണ്. അതിനാല്‍ ഭാവം ആവിഷ്കരിക്കാന്‍ അതിനാസ്പദമായി മൂര്‍ത്തമായ ഒരു ഉപാധി കൂടി സാഹിത്യകൃതിയില്‍ ചിത്രീകരിക്കപ്പെടണം. സാധാരണമായി അത് കഥാപാത്രങ്ങള്‍ ആയിരിക്കും. രതിഭാവമോ ശോകഭാവമോ ജനിക്കുന്നതും പ്രത്യക്ഷപ്പെടുന്നതും വ്യക്തികളിലാണല്ലോ. അതുപോലെ ഭാവത്തിന് വികാസമോ പരിണാമമോ ഉണ്ടാകുന്നതും വിവിധ മൂര്‍ത്തോപാധികള്‍ കൂടി ചിത്രീകരിക്കപ്പെടുമ്പോഴാണ്. കഥാപാത്രങ്ങള്‍ തുടങ്ങിയ ഈ മൂര്‍ത്തോപാധികളെ വിഭാവങ്ങള്‍ എന്നു പറയാം. സ്ഥായിഭാവത്തിന് ആശ്രയമായി വര്‍ത്തിക്കുന്നത് ആലംബനവിഭാവം. സ്ഥായിഭാവത്തിന്റെ വികാസാദികള്‍ക്ക് ഹേതുകമാകുന്നത് ഉദ്ദീപനവിഭാവം. വസന്തകാലം, നിലാവ്, പൂക്കള്‍, ഇളങ്കാറ്റ് തുടങ്ങിയവ ഉദ്ദീപനവിഭാഗങ്ങളായി സാഹിത്യകൃതിയില്‍ ചിത്രീകരിക്കപ്പെട്ടെന്നു വരാം. | ||
+ | |||
+ | സ്ഥായിഭാവം വേണ്ടത്ര മിഴിവോടും ആകര്‍ഷകമായും ചിത്രീകരിക്കപ്പെട്ട് പൂര്‍ണവികാസം പ്രാപിക്കുമ്പോള്‍ രസം ജനിക്കുന്നു എന്ന് നാട്യശാസ്ത്രകാരന്‍ പറയുന്നു. "വിഭാവാനുഭാവ സഞ്ചാരിസംയോഗാത് രസനിഷ്പത്തി'' എന്നതാണ് ഭരതന്റെ വാചകം. അതായത് സ്ഥായിഭാവം അനുഭാവങ്ങളോടും സഞ്ചാരിഭാവങ്ങളോടും കൂടിച്ചേര്‍ന്ന് പൂര്‍ണതപ്രാപിക്കുമ്പോള്‍ രസം നിഷ്പന്നമാകുന്നു, അഥവാ ഉളവാകുന്നു. ഭരതന്റെ ഈ വചനം 'രസസൂത്രം' എന്ന് അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കാലത്തിനു ശേഷം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ച കാവ്യചിന്തകന്മാര്‍ ഈ രസസൂത്രത്തെ വിശദീകരിച്ചതിന്റെ ഫലമായിട്ടാണ് സംസ്കൃതകാവ്യമീമാംസയുടെ മുഖ്യധാര രൂപംകൊണ്ടത്. | ||
+ | |||
+ | ആദ്യമായി രസസൂത്രം വ്യാഖ്യാനിച്ച കാവ്യചിന്തകന്മാരില്‍ നാലുപേരാണ് പ്രധാനികള്‍. ഭട്ടലോല്ലടന്റെ ഉത്പത്തിവാദം ശങ്കുകന്റെ അനുമിതിവാദം, ഭട്ടനായകന്റെ ഭുക്തിവാദം എന്നിവയാണ് ആദ്യത്തെ വ്യാഖ്യാനങ്ങള്‍. ഓരോ വ്യാഖ്യാതാവും തന്റെ പൂര്‍വികരുടെ വ്യാഖ്യാനത്തില്‍ പോരായ്മ കണ്ടിട്ടാണ് പുതിയ വ്യാഖ്യാനത്തിനു മുതിര്‍ന്നത്. ആദ്യത്തെ മൂന്നൂവ്യാഖ്യാനങ്ങളും കുറ്റമറ്റതായിരുന്നില്ല. അതിനാല്‍ ആ വ്യാഖ്യാനങ്ങളില്‍ ഓരോന്നിന്റെയും ന്യൂനത ചൂണ്ടിക്കാണിച്ചുകൊണ്ട് അഭിനവഗുപ്തന്‍ തനതായ ഒരു വ്യാഖ്യാനം രേഖപ്പെടുത്തി. ആ വ്യാഖ്യാനം അഭിവ്യക്തിവാദം എന്ന പേരില്‍ അറിയപ്പെടുന്നു. | ||
+ | |||
+ | അഭിവനഗുപ്തന്‍ രസസൂത്രത്തെ വ്യാഖ്യാനിച്ചത് അദ്ദേഹത്തിനു മുമ്പു ജീവിച്ചിരുന്ന മറ്റൊരു സാഹിത്യാചാര്യന്റെ ഒരു സിദ്ധാന്തത്തെയും കൂടി രസസിദ്ധാന്തത്തോട് സമന്വയിപ്പിച്ചുകൊണ്ടാണ്. ആ സിദ്ധാന്തം ധ്വനിസിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്നു. സാഹിത്യവും നാടകവും മറ്റും ഭാവങ്ങള്‍ ആവിഷ്കരിക്കുന്നത് ഭാഷയുടെയും മറ്റുപാധികളുടെയും പ്രകടമായ അര്‍ഥത്തെ ആസ്പദമാക്കിയല്ല, നേരേമറിച്ച് വ്യഞ്ജനാശക്തിയുള്ള ആവിഷ്കരണോപാധികളുടെ സഹായത്തോടുകൂടിയാണ് എന്നാണ് ധ്വനിസിദ്ധാന്തം പറയുന്നത്. ആ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആനന്ദവര്‍ധനന്‍ എന്ന കാഷ്മീരുകാരനായിരുന്നു. ഭരതന്റെ രസസൂത്രത്തെയും ആനന്ദവര്‍ധനന്റെ രസസിദ്ധാന്തത്തെയും അഭിനവഗുപ്തന്‍ സംയോജിപ്പിച്ചതിന്റെ ഫലമായിട്ടാണ് അദ്ദേഹത്തിന്റേതായ ഒരു രസസൂത്രവ്യാഖ്യാനം ഉണ്ടായത്. | ||
+ | |||
+ | അഭിനവഗുപ്തന്റെ അഭിവ്യക്തിവാദം രസനിഷ്പത്തിയെ താഴെപ്പറയുംപ്രകാരം വിശദീകരിക്കുന്നു. സ്ഥായിഭാവത്തെ വിഭാവത്തോടും അനുഭാവങ്ങളോടും സഞ്ചാരിഭാവങ്ങളോടും ചമല്‍ക്കാരപൂര്‍വം സമന്വയിപ്പിക്കുമ്പോള്‍ അത് സാധാരണീകൃതമായിത്തീരുന്നു. അതായത് അങ്ങനെ വികസിതമായ സ്ഥായിഭാവം വ്യക്തിഗതമല്ലാതാകുന്നു. സാധാരണീകൃതമായ ഈ ഭാവം ആസ്വാദകന്റെ മനസ്സില്‍ ഇതുപോലെ വ്യക്തിഗതമല്ലാത്ത ഒരനുഭൂതി ഉളവാക്കുകയും ചെയ്യുന്നു. അത് കാവ്യം ആസ്വദിക്കുമ്പോള്‍ മാത്രം ഉണ്ടാകുന്ന അനുഭൂതിയാണ്. കാവ്യത്തിലെ സ്ഥായിഭാവം രതി ആയാലും ശോകമായാലും ഭയമായാലും ആസ്വാദകനുണ്ടാകുന്ന അനുഭൂതി ഒന്നുതന്നെ ആയിരിക്കും. അത് പരമാനന്ദനിര്‍വിശേഷമായിരിക്കുമെന്നാണ് അഭിനവഗുപ്തന്‍ പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശോകഭാവം ആവിഷ്കരിക്കുമ്പോള്‍ പോലും ആസ്വാദകനുണ്ടാകുന്ന അനുഭൂതി അപരിമിതമായ ഒരാനന്ദമായിരിക്കും. ഇത് കാവ്യത്തില്‍ നിന്ന് ആസ്വാദകന്റെ മനസ്സിലേക്ക് സംക്രമിക്കുന്ന സ്ഥായിഭാവമോ ആസ്വാദകന്റെ അനുമാനമോ അല്ല. | ||
+ | |||
+ | അഭിനവഗുപ്തന്‍ വ്യാഖ്യാനിക്കുന്ന രൂപത്തില്‍ കാവ്യത്തില്‍ നിന്ന് ആസ്വാദകനു കിട്ടുന്ന അനുഭൂതി അനിര്‍വചനീയമായ ആനനന്ദമാണെന്നതുപോലെ അരിസ്റ്റോട്ടിലിന്റെ നാടകസിദ്ധാന്തമനുസരിച്ച് നാടകം ആസ്വാദകമനസ്സില്‍ ഉളവാക്കുന്ന വൈകാരികാനുഭൂതി അയാളുടെ ഹൃദയത്തെ ശുദ്ധീകരിക്കുന്ന ഒന്നാണ്. അതിനാല്‍ സാരാംശത്തില്‍ ഈ രണ്ടു സിദ്ധാന്തങ്ങളും ഒരേ നിഗമനത്തിലാണ് എത്തിച്ചേരുന്നതെന്നു പറയാം. | ||
+ | |||
+ | ധ്വനിസിദ്ധാന്തകാരന്റെ അഭിപ്രായമനുസരിച്ച് വാക്കുകള്‍ക്കും മറ്റ് ആവിഷ്കരണോപാധികള്‍ക്കും മൂന്നുതരം വ്യാപാരങ്ങളുണ്ട്-അഭിധ, ലക്ഷണ, വ്യഞ്ജന. ഇവയില്‍ അഭിധ എന്ന വ്യാപാരത്തില്‍ നിന്ന് ഭാഷയുടെ വാച്യാര്‍ഥം ലഭിക്കുന്നു. അല്ലെങ്കില്‍ വര്‍ണ്യത്തിന്റെ പ്രത്യക്ഷാര്‍ഥം പ്രതീതമാവുന്നു. സാധാരണമായി നാം ഭാഷ പ്രയോഗിക്കുമ്പോള്‍ ആ അര്‍ഥമാണ് വെളിപ്പെടുന്നത്. ഒരു പദത്തിന്റെയോ പ്രതിപാദ്യത്തിന്റെയോ വാച്യാര്‍ഥം പ്രസക്തമല്ലെന്നും അതില്‍ നിന്നും വ്യത്യസ്തമായ ഒരര്‍ഥം നേരിട്ടുതന്നെ പ്രതീതമാകുന്നു എന്നും തോന്നുകയാണെങ്കില്‍ ആ വ്യാപാരത്തെ ലക്ഷണ എന്നു പറയുന്നു. ലക്ഷണാവ്യാപാരത്തിലൂടെ പ്രതീതമാകുന്ന അര്‍ഥത്തെ ലാക്ഷണികാര്‍ഥം എന്നു പറയാം. ഒരു ഭാഷാപ്രയോഗത്തിന്റെ അല്ലെങ്കില്‍ പ്രതിപാദ്യത്തിന്റെ വാച്യാര്‍ഥമോ ലാക്ഷണികാര്‍ഥമോ തൃപ്തികരമല്ലാതെ വരുമ്പോള്‍ വാച്യാര്‍ഥത്തില്‍ നിന്നു ഭിന്നമായ ഒരു പുതിയ അര്‍ഥം ആസ്വാദകന് അനുഭവപ്പെടുന്നുവെങ്കില്‍ അതിനെ വ്യംഗ്യാര്‍ഥം എന്നാണു പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അതിനെ ധ്വനി എന്നു വിശേഷിപ്പിക്കാം. | ||
+ | |||
+ | രസസിദ്ധാന്തത്തിനും ധ്വനിസിദ്ധാന്തത്തിനും പുറമേ വേറെ ആറു സിദ്ധാന്തങ്ങള്‍ കൂടി ഭാരതീയ കാവ്യതത്ത്വചിന്തയില്‍ നിന്ന് രൂപംകൊണ്ടിട്ടുണ്ട്. അവയിലൊന്നായ വക്രോക്തി കുന്തകന്‍ എന്ന കാവ്യചിന്തകന്‍ ധ്വനിസിദ്ധാന്തത്തെ നിരാകരിച്ചുകൊണ്ട്, അതിനുപകരം അവതരിപ്പിച്ചതാണ്. കാവ്യം ആസ്വദിക്കുമ്പോള്‍ വ്യഞ്ജനാവ്യാപാരമല്ല നടക്കുന്നത്. മറിച്ച്, കാവ്യത്തിന്റെ പ്രതിപാദ്യം വാച്യമായിട്ടില്ലാതെ ഭംഗ്യന്തരേണ അവതരിപ്പിക്കുന്നതുകൊണ്ടുള്ള സവിശേഷമായ അനുഭൂതിയാണെന്നു വരാം. ഇപ്രകാരമുള്ള ഭാഷാപ്രയോഗമാണ് വക്രോക്തി. അതിനെ ധ്വനി എന്നു പറയേണ്ടതില്ല, ഭംഗ്യന്തരേണ പറയല്‍ അഥവാ വക്രോക്തി എന്നു പറഞ്ഞാല്‍ മതി എന്ന വാദമാണ് വക്രോക്തി സിദ്ധാന്തം. | ||
+ | |||
+ | നാലാമതായി ചൂണ്ടിക്കാണിക്കാവുന്ന ഒരു ആവിഷ്കരണസവിശേഷതയാണ് രീതി. കാവ്യങ്ങളില്‍ അവലംബിക്കപ്പെടുന്ന ചിത്രീകരണസമ്പ്രദായത്തെ ആസ്പദമാക്കി മൂന്നു വ്യത്യസ്തരീതികള്‍ പ്രയോഗത്തിലുള്ളതായി വാമനന്‍ എന്ന ആലങ്കാരികന്‍ അഭിപ്രായപ്പെടുന്നു. ആ രീതികള്‍ വൈദര്‍ഭി, ഗൌഡി, പാഞ്ചാലി എന്നിവയാണ്. സമസ്തപദങ്ങള്‍ പ്രായേണ ഇല്ലാത്തതും സരളവും സുകുമാരവും ഭാവോദ്ദീപകവുമായ പദങ്ങള്‍ അടങ്ങിയ ശൈലീവിശേഷമാണ് വൈദര്‍ഭി. അതിനുള്ള പ്രസിദ്ധമായ ഉദാഹരണം കാളിദാസന്റെ കവിതയാണ്. ഗൗഡിരീതിയില്‍ സമസ്തപദങ്ങളും അസാധാരണഗാംഭീര്യമുള്ള ശബ്ദങ്ങളും മുന്നിട്ടു നില്ക്കും. നൈഷധം പോലുള്ള മഹാകാവ്യങ്ങളിലെ രീതി ഗൌഡി ആണ്. ബാഹ്യമായ ശബ്ദഭംഗി മുന്നിട്ടുനില്ക്കുന്നതും വേണ്ടത്ര ഭാവസാന്ദ്രമാകാത്തതുമായ രചനാരീതിയാണ് പാഞ്ചാലി. സംസ്കൃതസാഹിത്യമീമാംസയിലെ രീതി പാശ്ചാത്യസാഹിത്യചിന്തയിലെ സ്റ്റൈല്‍ (ശൈലി) എന്നതിനു തുല്യമാണെന്നു പറയാം. | ||
+ | |||
+ | സാഹിത്യത്തിലെ പദപ്രയോഗം മുതല്‍ ചിത്രീകൃതമാകുന്ന സംഭവങ്ങള്‍ വരെ എല്ലാ ആവിഷ്കരണോപാധികളും സന്ദര്‍ഭത്തിന് യോജിച്ചതായിരിക്കണം എന്ന് നിര്‍ദേശിക്കുന്ന ഒരു കാവ്യചിന്താപദ്ധതിയാണ് ഔചിത്യവിചാരം. ഇതിന്റെ ഉപജ്ഞാതാവ് ക്ഷേമേന്ദ്രന്‍ ആണ്. | ||
+ | |||
+ | മറ്റൊരു കാവ്യസിദ്ധാന്തം അലങ്കാരസംബന്ധിയത്രെ. ചമത്ക്കാരയുക്തമായ ആവിഷ്കരണമാണ് കാവ്യത്തെ ആസ്വാദ്യമാക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുകയും ഏതെല്ലാം തരത്തിലുള്ള അലങ്കാരങ്ങള്‍ കാവ്യത്തില്‍ ആകാമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന ഈ പദ്ധതിയുടെയും ഉപജ്ഞാതാവ് ഭരതമുനിയത്രെ. പിന്നാലേവന്ന പല ആലങ്കാരികന്മാരും അലങ്കാരങ്ങളെ അവരവരുടെ രീതിയില്‍ വിശദീകരിക്കുകയും നിര്‍വചിക്കുകയും ചെയ്തിട്ടുണ്ട്. | ||
+ | |||
+ | മേല്പറഞ്ഞവയ്ക്കുപുറമേ ഗുണം, ദോഷം എന്നീ രണ്ട് നിരൂപണപദ്ധതികള്‍കൂടി ഭാരതീയകാവ്യമീമാംസയില്‍ അടങ്ങിയിരിക്കുന്നു. എന്തൊക്കെയാണോ കാവ്യത്തെ ആസ്വാദ്യമാക്കുന്നത് അവ ഗുണങ്ങള്‍. എന്തൊക്കെ കാവ്യത്തിന്റെ ആസ്വാദ്യതയ്ക്ക് ഭംഗം വരുത്തുന്നുവോ അവ ദോഷങ്ങള്‍. | ||
+ | |||
+ | പൊതുവേ അംഗീകരിക്കപ്പെടുന്ന എട്ടു കാവ്യചിന്താപദ്ധതികളാണ് മേല്പറഞ്ഞവ. അവയ്ക്കു പുറമേ ഒറ്റപ്പെട്ടു നില്ക്കുന്ന മറ്റൊരു സിദ്ധാന്തം കൂടി പരിഗണന അര്‍ഹിക്കുന്നു. അഭിനവഗുപ്തന്റെ രസസൂത്രവ്യാഖ്യാനത്തെ തിരസ്കരിച്ചുകൊണ്ട് സവിശേഷമായ ഒരുതരം അനുമാനത്തിന്റെ ഫലമായിട്ടാണ് കാവ്യത്തില്‍ ആവിഷ്കരിക്കപ്പെടുന്ന ഭാവത്തില്‍ നിന്ന് രസം ലഭിക്കുന്നത് എന്ന് മഹിമഭട്ടന്‍ വാദിക്കുന്നു. വ്യക്തിവിവേകം എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം ഈ വാദം അവതരിപ്പിച്ചിട്ടുള്ളത്. | ||
+ | |||
+ | രാജശേഖരന്റെ കാവ്യമീമാംസ (9-ാം ശ.) ഭോജരാജന്റെ സരസ്വതീകണ്ഠാഭരണം, ശൃംഗാരപ്രകാശം (11-ാം ശ.) മമ്മടന്റെ കാവ്യപ്രകാശം (12-ാം ശ.) വിശ്വനാഥന്റെ സാഹിത്യദര്‍പ്പണം (14-ാം ശ.) പണ്ഡിത ജഗന്നാഥന്റെ രസഗംഗാധരം (17-ാം ശ.) എന്നീ കൃതികളില്‍ ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങള്‍ സംഗ്രഹിച്ചിട്ടുണ്ട്. | ||
+ | |||
+ | ഭാരതീയ കാവ്യമീമാംസയിലെ പ്രധാന പദ്ധതികളും അവയില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രധാന ഗ്രന്ഥങ്ങളുമാണ് താഴെപ്പറയുന്നവ. | ||
+ | |||
+ | '''ഇന്ത്യന്‍ ഇംഗ്ലീഷ്'''. ഭാരതീയനിരൂപണ സാഹിത്യത്തില്‍ പരമ്പരാഗത സംസ്കൃതഭാഷാ സംജ്ഞകള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമൊപ്പം പാശ്ചാത്യ സംജ്ഞകളും മാനദണ്ഡങ്ങളും ഇടകലര്‍ന്നിരിക്കുന്നു. ബ്രിട്ടീഷുകാരുടെ വരവോടെ ഭാരതത്തില്‍ ഇംഗ്ലീഷ് ഭാഷ വിദ്യാഭ്യാസമാധ്യമമാവുകയും ഇംഗ്ളീഷ് സാഹിത്യം പഠനവിഷയമാകുകയും ചെയ്തു. ഇതിന്റെ ഫലമായി ഒരു വിഭാഗക്കാര്‍ ഇംഗ്ലീഷ് സാഹിത്യത്തിലും നിരൂപണസംജ്ഞകളിലും അവഗാഹം നേടി. അരിസ്റ്റോട്ടിലിന്റെയും ലോഞ്ചിനിസ്സിന്റെയും ഹൊറെയ്സിന്റെയും മറ്റും മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഭാരതീയസാഹിത്യത്തെ വീണ്ടും വിലയിരുത്താന്‍ അവര്‍ മുന്നോട്ടു വന്നു. അബനീന്ദ്ര ടാഗോര്‍, ബങ്കിംചന്ദ്രചാറ്റര്‍ജി, രബീന്ദ്രനാഥ ടാഗോര്‍, ആനന്ദകുമാരസ്വാമി, ശ്രീ അരബിന്ദോ, സി. രാമലിംഗറെഡ്ഡി മുതലായവരാണ് ഇവരില്‍ പ്രമുഖര്‍. പരമ്പരാഗത നിരൂപണസാഹിത്യത്തില്‍ പാണ്ഡിത്യം നേടിയിരുന്ന ഇവര്‍ പാശ്ചാത്യമാനദണ്ഡങ്ങളും പ്രയോജനപ്പെടുത്തി. കെ.സി. പാണ്‍ഡെ, കൃഷ്ണമൂര്‍ത്തി, കൃഷ്ണചൈതന്യ മുതലായവര്‍ കാവ്യശാസ്ത്ര ചരിത്രങ്ങള്‍ രചിക്കുന്നതിനു പുറമേ പാശ്ചാത്യ പൌരസ്ത്യസിദ്ധാന്തങ്ങളുടെ താരതമ്യപഠനങ്ങളും നടത്തി. ഇന്ത്യന്‍ ഇംഗ്ളീഷ് നിരൂപണ സാഹിത്യത്തിന് അടിത്തറ പാകിയവരാണിവര്‍. | ||
+ | |||
+ | 1877-ല്‍ രൊമേഷ് ചന്ദര്‍ ദത്ത് പ്രസിദ്ധീകരിച്ച ദ് ലിറ്ററേച്ചര്‍ ഒഫ് ബംഗാള്‍ എന്ന നിരൂപണഗ്രന്ഥത്തില്‍ ദേശീയ സാഹിത്യത്തില്‍ ദേശീയമനോഭാവത്തിന്റെ പ്രതിഫലനം എടുത്തുകാട്ടി. ഇക്കാലത്താണ് ബങ്കിംചന്ദ്രചാറ്റര്‍ജിയെക്കുറിച്ചുള്ള ഏതാനും പഠനങ്ങള്‍ അരബിന്ദോ പ്രസിദ്ധീകരിച്ചത്. മൈക്കല്‍ മധുസൂദന്‍ ദത്തും ബങ്കിംചന്ദ്രയും പുതിയൊരു ഭാഷയും സാഹിത്യവും ദേശീയതയും സൃഷ്ടിക്കുന്നതില്‍ വിജയം കൈവരിച്ചവരാണെന്ന് അരബിന്ദോ സമര്‍ഥിച്ചു. ഈ കാലയളവിലാണ് ദക്ഷിണഭാരതത്തില്‍ പി. സുന്ദരംപിള്ളയുടെ സം മൈല്‍സ്റ്റോണ്‍സ് ഇന്‍ ദ് ഹിസ്റ്ററി ഒഫ് തമിഴ് ലിറ്ററേച്ചര്‍, വി. കനകസഭയുടെ ദ് തമിള്‍സ് 1800 ഇയേഴ്സ് എഗോ എന്നീ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. | ||
+ | |||
+ | ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അനേകം സാഹിത്യചരിത്രഗ്രന്ഥങ്ങളും നിരൂപണകൃതികളും പ്രസിദ്ധീകരിക്കപ്പെട്ടു. ഭാരതീയ സാഹിത്യത്തിന് പ്രാമുഖ്യം നേടാനും പ്രകൃഷ്ടകൃതികളുടെ പ്രാധാന്യം എടുത്തുകാട്ടാനും ഈ പഠനങ്ങള്‍ സഹായകമായിട്ടുണ്ട്. | ||
+ | |||
+ | സ്വാതന്ത്ര്യലബ്ധിക്കുശേഷം വിവിധ ഭാഷാസാഹിത്യ ചരിത്രങ്ങള്‍ സാഹിത്യ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. അസമിയ (ബി.കെ ബറുവ), ബംഗാളി (സുകുമാര്‍സെന്‍), ഒറിയ (മായാധര്‍ മനസിന്‍ഹര്‍), സിന്ധി (എന്‍. എച്ച്. അജ്വാനി), തെലുഗു (സി.ജി.സീതാപതി), കന്നഡ (ആര്‍.എസ്. മുഗളി), ഗുജറാത്തി (മന്‍സുഖ്ലാല്‍ ജാവേരി), ദോഗ്രി (ശിവാനന്ദ്), മൈഥിലീ (ജയകാന്തമിശ്ര), മലയാളം (പി.കെ. പരമേശ്വരന്‍ നായര്‍) തുടങ്ങിയവയുടെ ഭാഷാ-സാഹിത്യ ചരിത്രകൃതികള്‍ ഇന്ത്യന്‍ ഇംഗ്ലീഷ് നിരൂപണ സാഹിത്യത്തിന് മികച്ച മുതല്‍ക്കൂട്ടാണ്. 1957-ല്‍ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എ സിംപോസിയം ഓണ്‍ കണ്‍ടംപൊററി ഇന്ത്യന്‍ ലിറ്ററെച്ചര്‍ സമകാലീന ഭാരതീയ സാഹിത്യത്തെ സമഗ്രമായി അവലോകനം ചെയ്യുന്നു. 1973-ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ലിറ്ററേച്ചര്‍ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന കൃതിയും ശ്രദ്ധേയമാണ്. സുനിത്കുമാര്‍ ചാറ്റര്‍ജിയുടെ വേള്‍ഡ് ലിറ്ററേച്ചര്‍ ആന്‍ഡ് ടാഗോര്‍ (1971) എന്ന കൃതി വിശ്വസാഹിത്യത്തിലെ പ്രകൃഷ്ടകൃതികളിലേക്ക് വെളിച്ചം വീശുന്നു. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഒഫ് ഇന്ത്യ (1963) എന്ന കൃതിയില്‍ ചാറ്റര്‍ജി ഭാരതീയഭാഷാസാഹിത്യങ്ങളെ വിശകലനം ചെയ്യുന്നു. കൃഷ്ണകൃപലാനിയുടെ മോഡേണ്‍ ഇന്‍ഡ്യന്‍ ലിറ്ററേച്ചര്‍ (1968) പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കുള്ള ആധുനികസാഹിത്യത്തെയാണ് വിലയിരുത്തുന്നത്. | ||
+ | |||
+ | സാഹിത്യചരിത്രഗ്രന്ഥങ്ങള്‍ക്കു പുറമേ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പ്രത്യേകപഠനഗ്രന്ഥങ്ങളും വന്‍തോതില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീ അരബിന്ദോയുടെ വ്യാസ ആന്‍ഡ് വാല്മീകി ആന്‍ഡ് കാളിദാസ (1940), മാസ്തി വെങ്കടേശ അയ്യങ്കാറിന്റെ പോയട്രി ഒഫ് വാല്മീകി (1940), ഹുമയൂണ്‍ കബീര്‍ രചിച്ച ശരത്ചന്ദ്ര ചാറ്റര്‍ജി (1942), ദൌര്‍ജനി പി. മുഖര്‍ജിയുടെ രബീന്ദ്രനാഥ ടാഗോര്‍ (1943), മദന്‍ഗോപാലിന്റെ പ്രേംചന്ദ് (1944) തുടങ്ങിയ കൃതികള്‍ക്കു പുറമേ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച നാല്പതിലേറെ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പ്രത്യേക പഠനങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. മേക്കേഴ്സ് ഒഫ് ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്ന പേരിലാണ് ഈ പരമ്പര പ്രസിദ്ധീകരിച്ചിരിക്കുന്നത്. | ||
+ | |||
+ | നിരൂപണ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടരായ ചില പണ്ഡിതന്മാരും നിരൂപണസാഹിത്യത്തിന് സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഹുമയൂണ്‍ കബീറിന്റെ പോയട്രി, മൊണാഡ്സ് ആന്‍ഡ് സൊസൈറ്റി (1941), ബി.എസ്. മാര്‍ഖേക്കറുടെ ആര്‍ട്സ് ആന്‍ഡ് ദ് മാന്‍ (1940) ശ്രീ അരബിന്ദോയുടെ ദ് ഫ്യൂച്ചര്‍ പോയട്രി മുതലായ കൃതികള്‍ നിരൂപണ സിദ്ധാന്തങ്ങളെ ആധാരമാക്കി രചിച്ചവയാണ്. ഇന്ത്യന്‍ ഇംഗ്ളീഷ് സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങളും സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ജി.എ. റെഡ്ഡി രചിച്ച ഇന്‍ഡ്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് ഇറ്റ്സ് ഓഡിയന്‍സ് (1979) ശ്രദ്ധേയമായ ഒരു പഠന കൃതിയാണ്. പിഎച്ച്.ഡി. തീസിസുകള്‍ക്കു പുറമേ സ്വതന്ത്രമായ നിരൂപണ പഠനങ്ങളും ഈ രംഗത്തെ സമ്പുഷ്ടമാക്കുന്നു. | ||
+ | |||
+ | ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ അതികായരായ ആര്‍.കെ. നാരായണ്‍, മുല്‍ക് രാജ് ആനന്ദ്, രാജാറാവു എന്നിവരെ സംബന്ധിച്ച് അനേകം നിരൂപണ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഗ്രന്ഥകര്‍ത്ത്രികളായ കമലാമാര്‍ക്കണ്ഡേയ, പ്രസര്‍ ജബ് പാലാ, അനിതാദേശായ്, നയന്‍താരസഗാല്‍ മുതലായവരെക്കുറിച്ചും നിരൂപണഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തെ സമഗ്രമായി അപഗ്രഥിക്കുന്ന മീനാക്ഷി മുഖര്‍ജിയുടെ ദ് ട്വൈസ് ബോണ്‍ ഫിക്ഷന്‍, ഉമാപരമേശ്വരന്റെ എ സ്റ്റഡി ഒഫ് റപ്രസെന്റേറ്റീവ് ഇഡോ-ഇംഗ്ലീഷ് നോവലിസ്റ്റ്സ് എന്നീ കൃതികളും പ്രത്യേകം ശ്രദ്ധേയമാണ്. | ||
+ | |||
+ | ഇന്ത്യന്‍ പ്രദേശിക ഭാഷകളില്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള വൈജ്ഞാനിക മേഖലയിലുണ്ടായ മാറ്റങ്ങള്‍ ഇന്ത്യന്‍ സാഹിത്യ നിരൂപണത്തെയും സ്വാധീനിച്ചിട്ടുണ്ട്. പൗരസ്ത്യസാഹിത്യ മീമാംസയുടെ പ്രധാന കേന്ദ്രമായിരുന്ന ഇന്ത്യന്‍ സാംസ്കാരിക ഭൂമികയിലേക്ക് ആധുനിക മൂല്യങ്ങള്‍ കടന്നുവന്നതോടെ, സാഹിത്യരംഗത്തും പുതിയ പ്രവണതകള്‍ സ്വീകാര്യമായി. ഇന്ത്യന്‍ ഭാഷയകളിലെ സാഹിത്യനിരൂപണം പുതിയ സാമൂഹ്യാവസ്ഥകളോട് പൊരുത്തപ്പെട്ടാണ് നീങ്ങിയത്. വികസനസഭ, ദൌര്‍ജനി, പി. മുഖര്‍ജി, മദന്‍ ഗോപാല്‍ തുടങ്ങിയ എഴുത്തുകാര്‍ ഇന്ത്യന്‍ സാഹിത്യകാരന്മാരെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും നടത്തിയ പഠനങ്ങള്‍ ആദ്യകാല നിരൂപണരംഗത്തെ മികച്ച സംഭാവനകളായി വിലയിരുത്തപ്പെടുന്നു. നിരൂപണ സിദ്ധാന്തങ്ങളെ ആസ്പദമാക്കി ഹുമയൂണ്‍ കബീര്‍, ബി.എസ്. മാര്‍ഖേക്കര്‍, ശ്രീ അരബിന്ദോ തുടങ്ങിയവര്‍ മികച്ച കൃതികള്‍ രചിച്ചിട്ടുണ്ട്. | ||
+ | |||
+ | പ്രാദേശിക ഭാഷകളിലെ നിരൂപണരംഗവും ഇതിനകം സവിശേഷശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് അസമിയ ഭാഷയില്‍ സാഹിത്യനിരൂപണം ആരംഭിച്ചത്. പാശ്ചാത്യദര്‍ശനങ്ങളുടെ സ്വാധീനത്തില്‍ 1889-ല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ ജൊനാകി എന്ന മാസികയും സാഹിത്യപ്രതിഭയായ ലഫ്പിനാഥ് ബസ്ബറുവയും അസമീസ് സാഹിത്യനിരൂപണത്തിന് ദേശീയമുഖം സമ്മാനിക്കുകയുണ്ടായി. പിന്നീട് ബനികാന്ത കാകതി, ദിംബേശ്വര്‍ നിയോഗ്, കലിറാം എന്നിവര്‍ നിരൂപണരംഗം കീഴടക്കി. ആധുനികതയുടെ വരവോടെ ബിരിബികുമാര്‍ ബറുവ, ടി.എന്‍. ഗോസ്വാമി, മുകുന്ദമാധവ ശര്‍മ, നിരന്‍ഗൊഹെയ്ന്‍, യു.കെ. ശര്‍മ തുടങ്ങിയവര്‍ പേരെടുക്കാന്‍ തുടങ്ങി. സത്യേന്ദ്രനാഥ് ശര്‍മ, ഹോമന്‍ ബര്‍ഗൊഹെയ്ന്‍ എന്നിവര്‍ നല്‍കിയ നിരൂപണ സംഭാവനകളും ചെറുതല്ല. ആധുനികരുടെ യുവനിരയില്‍ ശശിശര്‍മ, ശൈലന്‍ദരാലി ഹേമന്തശര്‍മ, ഗോവിന്ദ പ്രസാദ് ശര്‍മ തുടങ്ങിയവര്‍ ശ്രദ്ധേയരാണ്. മദന്‍ശര്‍മയെപ്പോലുള്ള ചെറുകഥാകൃത്തുക്കളും ഫെമിനിസ്റ്റുകളും അസമിയ സാഹിത്യത്തിന് ഉത്തരാധുനികമുഖം സമ്മാനിക്കുന്നു. എങ്കിലും സ്വതന്ത്രവും ലബ്ധപ്രതിഷ്ഠവുമായ ഒരു സാഹിത്യശാഖയായി നിരൂപണം വളര്‍ന്നിട്ടില്ല എന്നു പറയാം. | ||
+ | |||
+ | ഉറുദു കാവ്യമേഖലയിലാണ് ആദ്യമായി നിരൂപണത്തിന്റെ അങ്കുരങ്ങള്‍ കണ്ടു തുടങ്ങുന്നത്. കവിതയുടെ വ്യാകരണത്തിനും അലങ്കാരത്തിനും പ്രാധാന്യം കല്പിച്ച സാമ്പ്രദായിക നിരൂപണം, ഉര്‍ദു കാവ്യസംസ്കൃതികളായ ബിയദുകളിലും തസ്കിരകളിലുമാണ് വേരുകള്‍ തേടിയത്. ഷിബ്ലി നുഅ്മാനി, ഇവ്ദാദ് അതര്‍, അബ്ദുള്‍ റഹ്മാന്‍, നിയാസ് ഫത്തെപ്പൂര്‍, നജം ഉന്‍ഖാനി, തുടങ്ങിയവര്‍ ഉറുദു നിരൂപകരില്‍ പ്രധാനികളാണ്. മുസ്തസ് ഹുസൈന്‍, കലാമുദിന്‍ അഹ്മദ്, അലി അഹ്മദ് സുന്ദ്രര്‍, എഹ്നെഷാം ഹുസൈന്‍ തുടങ്ങിയവര്‍ ആധുനിക നിരൂപണത്തിന് പുതിയ എലുകകള്‍ തീര്‍ത്തവരാണ്. | ||
+ | |||
+ | ഒറിയാസാഹിത്യത്തിന്റെ നിരൂപണധാരകള്‍ ആവിഷ്കരിച്ചവരില്‍ സൂര്യനാരായണ്‍ദാസ്, സുരേന്ദ്ര മൊഹന്തി, മായാധര്‍ മാന്‍സിങ് തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുന്നു. പാരമ്പര്യ നിരൂപണത്തിലായിരുന്നു അവരുടെ ശ്രദ്ധ. ചിത്തരഞ്ജന്‍ ദാസ്, ചിന്താമണിബെഹര, ഗംഗാധര്‍ ബാല, കൃഷ്ണചന്ദ്രാപാണി, സച്ചിദാനന്ദ ദൗത്റായ്, നരേന്ദ്ര മൊഹന്തി എന്നിവരാണ് ശ്രദ്ധേയരായ ആധുനികര്‍. | ||
+ | |||
+ | കേശിരാജ, നാഗവര്‍മ തുടങ്ങിയവരാണ് കന്നഡ സാഹിത്യനിരൂപണത്തിന് വഴിയും വെളിച്ചവുമേകിയത്. രാമാനുജായ്യങ്കാരും നരസിംഹാചാരും മുന്നോട്ട് കൊണ്ടുപോയ നിരൂപണസാഹിത്യത്തെ ശ്രീകണ്ഠയ്യ, ഏ.ആര്‍. കൃഷ്ണശാസ്ത്രി, ടി.എസ്. വെങ്കന്നയ്യ, സി.ഐ. നരസിംഹാചാര്‍ തുടങ്ങിയവര്‍ വിപുലമാക്കി. സി.വി. ഗുണ്ടപ്പയുടെ സിദ്ധാന്തപഠനങ്ങളും പി.കെ. ഗോകക്, കെ.വി. പുട്ടപ്പ, എ.എന്‍. കൃഷ്ണറാവു തുടങ്ങിയവരുടെ ആദര്‍ശാത്മക നിരൂപണങ്ങളും കന്നഡ സാഹിത്യത്തിന് മുതല്‍ക്കൂട്ടായി നില്‍ക്കുന്നു. അനന്തമൂര്‍ത്തിയുടെ ആധുനിക പഠനങ്ങളും പി. ലങ്കേശ്, ഗിരസി ഗോവിന്ദരാജ്, എസ്.കെ. ദേശായ്, ജി.എസ്. ശിവരുദ്രപ്പ, എച്ച്.എം. നായക്, പൂര്‍ണചന്ദ്ര തേജസ്വി, എസ്.പി. രങ്കണ്ണ, കീര്‍ത്തിനാഥ് മൂര്‍ത്ത കോടി മുതലായവരുടെ നിരൂപണ സങ്കല്പങ്ങളും പഠനാര്‍ഹമാണ്. | ||
+ | |||
+ | 1950-കളിലാണ് കാശ്മീരി നിരൂപണസാഹിത്യം ശക്തിയാര്‍ജിച്ചത്. വി.എന്‍. പുഷ്പ്, അക്തര്‍, രാഹി തുടങ്ങിയ മാര്‍ക്സിസ്റ്റ് നിരൂപകര്‍ ആധുനികതയുടെ ആശയസംഘര്‍ഷങ്ങള്‍ കാശ്മിരി നിരൂപണത്തില്‍ ഉള്‍ച്ചേര്‍ക്കുകയുണ്ടായി. സാംസ്കാരിക സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും വലിയ പങ്ക് കാശ്മിരി സാഹിത്യനിരൂപണത്തില്‍ വളരെ പ്രസക്തമാണ്. | ||
+ | |||
+ | നര്‍മദില്‍ നിന്നാണ് ഗുജറാത്തി സാഹിത്യനിരൂപണം മുന്നേറ്റം തുടങ്ങുന്നത്. പാശ്ചാത്യ-പൌരസ്ത്യ സാഹിത്യമീമാംസകളില്‍ പാണ്ഡിത്യം നേടിയിരുന്ന നര്‍മദ്, ഗുജറാത്തി നിരൂപണസാഹിത്യത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്നു. പിന്നീടെത്തിയ നവല്‍റാം പാണ്ഡ്യയുടെ പ്രായോഗിക നിരൂപണവും ചിരപ്രതിഷ്ഠനേടി. ഗോവര്‍ധന്‍ റാം ത്രിപാഠി, മണിലാല്‍ നദുഭായ് ദ്വിവേദി, രാമന്‍ഭായ് നീലകാന്ത് തുടങ്ങിയവരുടെ ദാര്‍ശനിക നിരൂപണങ്ങളും ഗുജറാത്തി സാഹിത്യത്തിന് മുതല്‍ക്കൂട്ടായി നിലകൊള്ളുന്നു. നരസിംഹറാവു ദിവേതിയ, ആനന്ദശങ്കര്‍ധ്രുവ്, ബല്വന്ത്റായ് ഠാക്കൂര്‍ തുടങ്ങിയവര്‍ വിവിധ മേഖലകളെ ആസ്പദമാക്കി രചിച്ച നിരൂപണങ്ങള്‍ ബഹുജനപ്രീതി നേടുകയുണ്ടായി. നാനാലാല്‍ സഞ്ജന, കേശവ് എച്ച് ധ്രുവ്, ഉത്തംലാല്‍ ത്രിവേദി, തുടങ്ങിയവര്‍ സാംസ്കാരിക വിമര്‍ശനത്തിനാണ് പ്രാമുഖ്യം നല്‍കിയത്. കെ.എം. മുന്‍ഷി, രസിക്ലാല്‍ ചുനിലാല്‍ ഷാ തുടങ്ങിയ പ്രഗല്ഭരും നിരൂപണത്തിന് ദേശീയമാനം പകര്‍ന്നവരാണ്. വിജയ്രായ വൈദ്യയുടെ ആധുനിക നിരൂപണപാഠങ്ങളും വിശ്വനാഥ് ഭട്ടിന്റെ കാല്പനിക സമഗ്രതയും വിഷ്ണുപ്രസാദ് ത്രിവേദിയുടെ ക്ളാസ്സിക് നിരൂപണവും അതിപ്രധാനങ്ങളാണ്. പ്രബോധ് പണ്ഡിറ്റ്, ദയാശങ്കര്‍ ജോഷി, ഹരിവല്ലഭ് ദയാനി, രാമന്‍ലാല്‍ ജോഷി തുടങ്ങിയവരാണ് ആധുനിക നിരൂപകരില്‍ പ്രമുഖര്‍. | ||
+ | |||
+ | തൊല്ക്കാപ്പിയം തമിഴ് സാഹിത്യസിദ്ധാന്തങ്ങളുടെ സമന്വയമായി പരിഗണിക്കപ്പെടുന്നു. ക്ളാസ്സിക് നിരൂപണവും നിയോക്ളാസ്സിക് നിരൂപണവുമായിരുന്നു തമിഴ് സാഹിത്യ നിരൂപണത്തിന് അടിത്തറയിട്ടത്. വി.ജി. സൂര്യനാരായണശാസ്ത്രകളുടെ നാടകനിരൂപണങ്ങളും എ. മുത്തുശിവന്റെ പാശ്ചാത്യാധിഷ്ഠിത നിരീക്ഷണങ്ങളും തമിഴ് വരമൊഴിക്ക് പുതിയ പാഠഭേദങ്ങള്‍ പകരുകയുണ്ടായി. ടി.പി. മീനാക്ഷിസുന്ദരം, എം. വരദരാജന്‍, പി.എസ്. സുബ്രഹ്മണ്യയ്യര്‍, സി.എസ്. ചെല്ലപ്പ, കെ.എന്‍. സുബ്രഹ്മണ്യം തുടങ്ങിയവര്‍ ഗദ്യസാഹിത്യത്തിന് കലാനുഭവം നല്‍കിയവരാണ്. പുരോഗമന സാഹിത്യനിരൂപകരായ കെ. കൈലാസവതി, എസ്.ആര്‍. മാര്‍ഗവന്തുശര്‍മ, എം. അരുണാചലം തുടങ്ങിയ നവീന വിമര്‍ശകരുടെ കൃതികളും ഏറെ നിരൂപണസംവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. | ||
+ | |||
+ | പിങളി സൂരനയും വേദുല തിരുവെങ്കലാചാര്യയും തുടങ്ങിവച്ച നിരൂപണപരീക്ഷണങ്ങളില്‍നിന്ന് ആധുനിക നിരൂപണത്തിലേക്ക് തെലുഗു സാഹിത്യത്തെ വഴിമാറ്റി നടത്തിച്ചത് വെങ്കടരാമസ്വാമിയാണ്. ഗരിമെല്ല വെങ്കയ്യ, സുലുരി അപ്പയ്യ, മുലുപാക ബച്ചയ്യ തുടങ്ങിയവരുടെ താരതമ്യപഠനങ്ങളും തെലുഗു സാഹിത്യത്തിന്റെ ചക്രവാളം വികസിപ്പിച്ചിട്ടുണ്ട്. കന്ദുകൂരി വിരേശലിംഗം പന്തുലു, വേദം വെങ്കടരാജശാസ്ത്രി, കാശി ഭട്ല ബ്രഹ്മയുശാസ്ത്ര, കട്ടമഞ്ചി രാമലിംഗ റെഡ്ഡി വിശ്വനാഥ സത്യനാരായണ, തുമ്പലപ്പള്ളി രാമലിംഗേശ്വരറാവു തുടങ്ങിയവരാണ് തെലുങ്കു സാഹിത്യത്തിലെ ആധുനിക നിരൂപകര്‍. | ||
+ | |||
+ | പതിനേഴാം നൂറ്റാണ്ടില്‍ ഹാഫിസ് ബര്‍ബുര്‍ദറില്‍ നിന്നാരംഭിച്ച പഞ്ചാബി സാഹിത്യനിരൂപണം തേജാസിംഹ്, മോഹന്‍സിംഹ് ദിവാനാ, ഗോപാല്‍സിംഹ്, പര്‍മിന്ദര്‍സിംഹ് എന്നിവരിലൂടെയാണ് ആധുനിക ഇടതുപക്ഷ ദര്‍ശനം സ്വാംശീകരിച്ചുതുടങ്ങിയത്. മോഹന്‍സിംഹ് ജോഷ്, ഹീരാസിംഹ് ദര്‍ദ്, കിഷന്‍സിംഹ്, നജും ഹുസൈന്‍ തുടങ്ങിയവര്‍ മാര്‍ക്സിസ്റ്റ് നിരൂപണത്തിന് ആശയപരമായ അടിത്തറ നല്കി. ജസ്ബിര്‍സിംഹ് അലുവാലിയയെപ്പോലുള്ളവര്‍ നവീന നിരൂപണസമ്പ്രദായങ്ങള്‍ക്ക് വഴിയൊരുക്കിയപ്പോള്‍ തര്‍ലോക്സിംഹ്, ആത്മജിത്സിംഹ് എന്നിവര്‍ ഘടനാത്മകനിരൂപണത്തിന് പ്രാധാന്യം നല്കി. | ||
+ | |||
+ | ഈശ്വര്‍ ഗുപ്തയിലൂടെയാണ് ബംഗാളി നിരൂപണം വ്യക്തതയാര്‍ജിച്ചത്. ബങ്കിംചന്ദ്ര ചതോപാധ്യായ, രമേശ്ചന്ദ്രദത്ത, കാളിപ്രസന്നഘോഷ് തുടങ്ങിയവര്‍ സാംസ്കാരിക നിരൂപണത്തിന് തൂണും തുണയുമായി നിലകൊണ്ടു. രവീന്ദ്രനാഥ ടാഗൂറിന്റെ നിരൂപണസംഭാവനകളും ബംഗാളി സാഹിത്യത്തില്‍ അമൂല്യമായി നിലകൊള്ളുന്നു. സാഹിത്യസിദ്ധാന്തങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള നിരൂപണ നിലപാടുകളാണ് സുരേന്ദ്രനാഥ് ദാസ് ഗുപ്തയുടെ രചനകളിലുള്ളത്. ദിനേശ് സെന്‍, ശ്രീകുമാര്‍ ബാനര്‍ജി തുടങ്ങിയവരുടെ അക്കാദമിക് നിരൂപണങ്ങളും സമകാലിക ബംഗാളി സാഹിത്യത്തെ ഗൌരവതരമാക്കുന്നു. | ||
+ | |||
+ | ഇരുപതാം നൂറ്റാണ്ടിലാണ് മറാഠി നിരൂപണരംഗം ശ്രദ്ധേയമായിത്തീര്‍ന്നത്. ദാദോപാണ്ഡുരംഗയുടെ നിരൂപണ സംഭാവനകളാണ് പുതിയ ചിന്താതരംഗങ്ങള്‍ക്ക് വഴിവച്ചത്. വിഷ്ണുശാസ്ത്രി ചിപ്ലുങ്കര്‍, ജസ്റ്റിസ് റാനഡെ, എസ്.വി. പരഞ്ച്പെ തുടങ്ങിയവരുടെ അന്വേഷണങ്ങള്‍ മറാഠി സാഹിത്യത്തിന് പുതിയ ജ്ഞാനോദയങ്ങള്‍ നല്കിയെന്ന് പറയാം. എസ്.കെ. കൊല്‍ഹാത് കര്‍, കുസുമാവതി ദേശ്പാണ്ഡേ, എച്ച്.എന്‍. ആപ്തെ, എന്‍.സി. കേല്‍ക്കര്‍, വാമന്‍ മല്‍ഹര്‍ ജോഷി, എന്‍.എസ്. ഫാത്കെ മുതലായവര്‍ ആദര്‍ശാത്മക നിരൂപണത്തിന്റെ വക്താക്കളാണ്. സംസ്കൃത-പാശ്ചാത്യ ദര്‍ശനങ്ങളെ സമന്വയിപ്പിക്കാനുള്ള ശ്രമം അവര്‍ നടത്തിയിട്ടുണ്ട്. ബി.എസ്. മര്‍ധേക്കര്‍, കെ.എന്‍. വാത്വെ, ആര്‍.എസ്. ജോഹ് എന്നിവരും പാശ്ചാത്യദര്‍ശനങ്ങളെ പ്രാദേശിക പശ്ചാത്തലത്തില്‍ അവതരിപ്പിച്ച് വിജയം നേടി. ആര്‍.ബി. പതങ്കര്‍, ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ആധുനിക നിരൂപകരില്‍ ഒരാളാണ്. | ||
+ | |||
+ | സിന്ധി സാഹിത്യനിരൂപണത്തിലെ പ്രമുഖര്‍ ജത്മല്‍ പരശുറാം ഗുല്‍ രജനി, മൊഹമ്മദ് സിദ്ദിഖ് മുസാഫിര്‍, ഉമര്‍ബിന്‍ മുഹമ്മദ് മുതലായവരാണ്. പൊതുവേ സിന്ധി സാഹിത്യനിരൂപണം ഉദാസീനമാണെങ്കിലും കിരത് ബബാനി, ഭോജരാദ് നഗ്രാനി, ഹിരോതാകൂര്‍, ജഗ്ദിഷ് ലച്ചാനി, മുഹമ്മദ് സിദ്ദിഖ് മെമന്‍, എന്‍.എച്ച്. അജ്വാനി, പരവ് അദി ചന്ദാനി മുതലായവയുടെ കൃതികള്‍ അമൂല്യങ്ങളാണ്. | ||
+ | |||
+ | മഹാവീര്‍ പ്രസാദ് ദ്വിവേദിയാണ് ഹിന്ദി സാഹിത്യനിരൂപണത്തിന് പുതുവെളിച്ചം പകര്‍ന്നത്. മിശ്രബന്ധു, പദ്മസിംഹ് ശര്‍മ, ലാലാ ഭഗവാന്‍ ദീന്‍, കൃഷ്ണബിഹാരി മിശ്ര തുടങ്ങിയ നിരൂപകര്‍ കവിതാപഠനങ്ങള്‍ക്ക് അപൂര്‍വദര്‍ശനാനുഭവം പകര്‍ന്നുതന്നവരാണ്. രാമചന്ദ്രശുക്ള, സൂര്യകാന്ത ത്രിപാഠി, ജയശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ വിവിധ നിരൂപണ മാര്‍ഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. പുരോഗമന സാഹിത്യനിരൂപണത്തിന്റെ അമരക്കാരായ ശിവദാന്‍സിംഹ് ചൌഹാന്‍, പ്രകാശ് ചന്ദ്രഗുപ്ത, രാംവിലാസ് ശര്‍മ തുടങ്ങിയവര്‍ പ്രായോഗിക നിരൂപണത്തിനാണ് ഊന്നല്‍ നല്‍കിയത്. കാവ്യനിരൂപണത്തില്‍ ഗജാനന്‍ മാധവ് മുക്തിബോധും കഥാനിരൂപണത്തില്‍ നാംവര്‍സിംഹ് രാജേന്ദ്രയാദവ് തുടങ്ങിയവരും വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്. | ||
+ | |||
+ | ==മലയാളത്തില്‍== | ||
+ | മണിപ്രവാള സാഹിത്യത്തിന്റെ ലക്ഷണം വിവരിക്കുന്ന ലീലാതിലകം (14-ാം നൂറ്റാണ്ട്) ഭാരതീയ സാഹിത്യസിദ്ധാന്തങ്ങളുടെ ചുവടുപിടിച്ച് സാഹിത്യപരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നതാണ് മലയാളത്തിലെ ആദ്യസാഹിത്യനിരൂപണം എന്നു പറയാം. ഇതൊഴിച്ചു നിര്‍ത്തിയാല്‍, 19-ാം നൂറ്റാണ്ടിന്റെ അവസാനം സാഹിത്യമാസികകളില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങളും നിരൂപണങ്ങളുമാണ് മലയാള നിരൂപണത്തിന്റെ യഥാര്‍ഥ ആരംഭബിന്ദു. സി.പി. അച്യുതമേനോന്‍ വിദ്യാവിനോദിനി എന്ന സാഹിത്യമാസികയില്‍ എഴുതിയിരുന്നതുപോലെ സാഹിത്യാവബോധവും മികവുമുള്ള നിരൂപണങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും, ആരംഭഘട്ടത്തിന്റെ പോരായ്മകള്‍ ഏറെയുള്ളവയായിരുന്നു കൂടുതലും. മേനോന്‍ എഴുതിയ പുസ്തകനിരൂപണങ്ങള്‍, ലേഖനങ്ങള്‍ എന്നിവയില്‍ പാശ്ചാത്യവും പൌരസ്ത്യവുമായ സാഹിത്യസിദ്ധാന്തങ്ങളിലുള്ള അവഗാഹവും നിരൂപണ വൈദഗ്ധ്യവും തെളിഞ്ഞുകാണാം. പി.ഗോവിന്ദപ്പിള്ള രചിച്ച മലയാള ഭാഷാചരിത്രത്തിലും പക്വതയുള്ള നിരൂപണശൈലി പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. 1896-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഭാഷാപോഷിണി മലയാള സാഹിത്യനിരൂപണത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഭാഷാപോഷിണിയുടെ പത്രാധിപരായിരുന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ എന്നിവരായിരുന്നു ആദ്യകാല നിരൂപകരില്‍ പ്രമുഖര്‍. ഇവരില്‍ വലിയകോയിത്തമ്പുരാനെ മലയാള സാഹിത്യനിരൂപണത്തിന്റെ പിതാവായി വിശേഷിപ്പിക്കാറുണ്ട്. സംസ്കൃതത്തിലും മലയാളത്തിലുമുള്ള പാണ്ഡിത്യവും കവിത്വസിദ്ധിയും മികച്ച ഗദ്യശൈലിയും എല്ലാം ഒത്തുചേര്‍ന്ന വലിയകോയിത്തമ്പുരാന്‍, ക്ലാസ്സിക് കൃതികളില്‍ നിന്നു ലഭിച്ച ഒരു ഭാവുകത്വത്തിലൂടെയാണ് സമകാലിക സാഹിത്യത്തെ സമീപിച്ചത്. കവിതാ ഗ്രന്ഥങ്ങളുടെ ആമുഖലേഖനങ്ങളുടെ രൂപത്തിലാണ് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കവിതയുടെ ഭാവം, ഉള്ളടക്കം എന്നിവയ്ക്ക് പ്രാധാന്യം കല്‍പിക്കുന്ന രീതിക്കുപകരം രൂപത്തിനു പ്രാധാന്യം നല്കുന്ന വിമര്‍ശനസമീപനമായിരുന്നു തമ്പുരാന്റേത്. | ||
+ | |||
+ | വലിയകോയിത്തമ്പുരാനില്‍ നിന്നു വ്യത്യസ്തമായ ഒരു ഭാവുകത്വത്തിനുടമയായിരുന്നു ഏ.ആര്‍. കവിതയുടെ രൂപത്തിനെക്കാള്‍ കവിത പ്രദാനം ചെയ്യുന്ന 'അനുഭവ'ത്തിനാണ് അദ്ദേഹം ഊന്നല്‍ നല്കിയത്. കുമാരനാശാനെപ്പോലുള്ള കവികളില്‍ ആവിഷ്കൃതമായിരുന്ന നവീനതയും, ക്ളാസ്സിക്ക് കവിതാസങ്കല്പങ്ങളില്‍ നിന്നുള്ള വ്യതിചലനവും മനസ്സിലാക്കാനും അംഗീകരിക്കാനും ഏ.ആറിനു കഴിഞ്ഞു. വലിയകോയിത്തമ്പുരാനും ഏ.ആറും രണ്ടുചേരികളില്‍ നിന്നുകൊണ്ട് നടത്തിയ പ്രാസവാദം എന്നറിയപ്പെടുന്ന സാഹിത്യചര്‍ച്ച, മലയാള നിരൂപണം പാരമ്പര്യത്തില്‍ നിന്ന് നവീനതയിലേക്കു വികസിക്കുന്നതിന്റെ തുടക്കമായിരുന്നു. ഏ.ആറിന്റെ ശിഷ്യനായിരുന്ന പി.കെ. നാരായണപിള്ള, ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരുടെ കൃതികളെക്കുറിച്ച് മികച്ച നിരൂപണങ്ങള്‍ രചിച്ചു. എന്നാല്‍ സമകാലികരെ വിലയിരുത്തുന്നതില്‍ ഏ.ആര്‍. പ്രദര്‍ശിപ്പിച്ച ഭാവുകത്വവും അവബോധവും അദ്ദേഹത്തില്‍ കാണാന്‍ കഴിയില്ല. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, വടക്കുംകൂര്‍ രാജരാജവര്‍മ, കുന്നത്തു ജനാര്‍ദനമേനോന്‍, കെ. വാസുദേവന്‍ മൂസ്സത് , കെ.എം. പണിക്കര്‍, പി. കൃഷ്ണന്‍ നായര്‍, പി. അനന്തന്‍പിള്ള, ചേലനാട്ട് അച്യുത മേനോന്‍, രാമവര്‍മ അപ്പന്‍ തമ്പുരാന്‍, എണ്ണക്കാട്ട് രാജരാജവര്‍മ, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, സി. അന്തപ്പായി എന്നിവരാണ് ഇക്കാലത്ത് നിരൂപണരംഗത്ത് ശ്രദ്ധേയരായിരുന്നത്. ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങളെ അവലംബിച്ചുകൊണ്ടുള്ള നിരൂപണശൈലിയില്‍ നിന്ന് പാശ്ചാത്യതത്ത്വങ്ങളെ ആസ്പദമാക്കിയുള്ള നിരൂപണം ആവിര്‍ഭവിച്ചതും കവിതയില്‍ ഒതുങ്ങിനിന്നിരുന്ന നിരൂപണം ഗദ്യസാഹിത്യത്തിലേക്ക് ശ്രദ്ധപതിച്ചതുമാണ് ഇക്കാലത്തുണ്ടായ പ്രധാന മാറ്റങ്ങള്‍. | ||
+ | |||
+ | കുമാരനാശാന്‍, ഉള്ളൂര്‍ പരമേശ്വരയ്യര്‍ എന്നീ കവികളും മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കി. കുമാരനാശാന്‍ തന്റെ പത്രാധിപത്യത്തിലുള്ള വിവേകോദയം എന്ന മാസികയില്‍ നിരവധി പുസ്തകാഭിപ്രായങ്ങളും നിരൂപണ സംബന്ധിയായി ലേഖനങ്ങളും എഴുതിയിരുന്നു. കൃത്രിമത്വവും സ്ഥൂലതയും ശബ്ദാടോപവും മുഖമുദ്രയാക്കിയിരുന്ന മഹാകാവ്യപ്രസ്ഥാനത്തെക്കുറിച്ച് ആശാന്‍ നടത്തിയ വിമര്‍ശനങ്ങളും ഉള്ളൂരിന്റെ ഉമാകേരളം, വള്ളത്തോളിന്റെ ചിത്രയോഗം എന്നീ മഹാകാവ്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലിയിരുത്തലുകളും മലയാള കവിതയുടെ പരിണാമത്തെ ഗാഢമായി സ്വാധീനിച്ചു. ഉള്ളൂരിന്റെ സാഹിത്യചരിത്രത്തില്‍ പുരാതന സാഹിത്യകൃതികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയുള്ള വിലയിരുത്തലുകള്‍ അടങ്ങിയിരിക്കുന്നു. | ||
+ | |||
+ | കേസരി ബാലകൃഷ്ണപിള്ളയുടെ നിരൂപണങ്ങളിലൂടെയാണ് മലയാള സാഹിത്യനിരൂപണത്തിലെ പക്വമായ ഘട്ടം ആരംഭിക്കുന്നത്. ചരിത്രം, മനഃശാസ്ത്രം, തത്ത്വചിന്ത, ചിത്രകല തുടങ്ങിയ നിരവധി മേഖലകളില്‍ നിന്നുള്ള അറിവും ആശയങ്ങളും പ്രയോഗിച്ചുകൊണ്ടുള്ള ഒരു വിമര്‍ശനശൈലിയാണ് കേസരി ആവിഷ്കരിച്ചത്. പാശ്ചാത്യസാഹിത്യവിമര്‍ശന പദ്ധതിയുടെ പാതയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സമകാലികമായ വിവിധ സാഹിത്യ പ്രസ്ഥാനങ്ങള്‍ മലയാളിക്കു പരിചിതമായത് കേസരിയുടെ ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയുമാണ്. കുഞ്ചന്‍നമ്പ്യാര്‍, കുമാരനാശാന്‍, ചങ്ങമ്പുഴ എന്നിവരുടെ കവിതയെക്കുറിച്ച് കേസരി ശ്രേഷ്ഠമായ നിരൂപണങ്ങള്‍ രചിച്ചു. സാഹിത്യപ്രസ്ഥാനങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടു മാത്രമേ കൃതികളെ വിലയിരുത്താന്‍ കഴിഞ്ഞിരുന്നുള്ളൂ എന്ന വലിയ പോരായ്മ കേസരിക്കുണ്ടായിരുന്നു. എന്നാല്‍ മലയാളസാഹിത്യത്തെയും സാഹിത്യകാരന്മാരെയും ഇത്രയേറെ സ്വാധീനിച്ച വേറൊരു നിരൂപകന്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. നവലോകം, സാങ്കേതിക നിരൂപണങ്ങള്‍, സാഹിത്യ നിരൂപണങ്ങള്‍, രൂപമഞ്ജരി എന്നിവയാണ് കേസരിയുടെ പ്രധാന കൃതികള്‍. | ||
+ | |||
+ | മലയാള നിരൂപണത്തെ ശക്തമായി സ്വാധീനിച്ച മറ്റൊരുഘടകം ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയമായിരുന്നു. 'കല ജീവിതത്തിനുവേണ്ടി' എന്ന പുരോഗമനസാഹിത്യ സങ്കല്‍പവും 'കല കലയ്ക്കുവേണ്ടി' എന്ന കേവലസൌന്ദര്യാത്മക സങ്കല്‍പവും മുഖാമുഖം നിന്നുകൊണ്ട്, സമീപനപരമായ ഒരു സംവാദം ശക്തമാക്കുന്നതില്‍ അത് വിജയിച്ചു. എന്നുമാത്രമല്ല സാമൂഹ്യാധിഷ്ഠിതമായ ഒരു വിമര്‍ശനശൈലിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. | ||
+ | |||
+ | കുട്ടികൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, എം.പി. പോള്‍ എന്നീ നിരൂപകരിലൂടെയാണ് കേസരി തുടങ്ങിവെച്ച നിരൂപണത്തിലെ ആധുനികഘട്ടം വികസിച്ചത്. മലയാളവിമര്‍ശനത്തിലെ ത്രിമൂര്‍ത്തികളായിട്ടാണ് ഇവര്‍ വിശേഷിപ്പിക്കപ്പെട്ടത്. പാരമ്പര്യസാഹിത്യസിദ്ധാന്തത്തിലും സംസ്കൃതസാഹിത്യത്തിലുമുള്ള അവഗാഹമാണ് മാരാരുടെ അടിത്തറയെങ്കിലും സ്വതന്ത്രവും മൗലികവുമായ ഒരു നിരൂപണപദ്ധതിയാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. സാഹിത്യഭൂഷണം എന്ന സാഹിത്യശാസ്ത്രഗ്രന്ഥവും മഹാഭാരതം, രാമായണം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളുമാണ് മാരാരുടെ നിരൂപകഖ്യാതിയുടെ അടിസ്ഥാനം. അദ്ദേഹത്തിന്റെ ഭാരതപര്യടനം മഹാഭാരതത്തെക്കുറിച്ച് ആധുനികഭാരതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗ്രന്ഥങ്ങളിലൊന്നാണ്. കാളിദാസകൃതികളെക്കുറിച്ചുള്ള മാരാരുടെ പഠനങ്ങളും ശ്രദ്ധേയമാണ്. നാലപ്പാട്ടു നാരായണമേനോന്‍, വള്ളത്തോള്‍ എന്നിവരുടെ കവിതകളെക്കുറിച്ച് നിരൂപണങ്ങള്‍ രചിച്ചുകൊണ്ട് സമകാലിക സാഹിത്യത്തിലേക്കും മാരാര്‍ ശ്രദ്ധപതിപ്പിച്ചു. കൃതികളിലെ സാന്മാര്‍ഗികാംശത്തിനു നല്കിയ അമിതപ്രാധാന്യം അദ്ദേഹത്തിന്റെ വിലയിരുത്തലുകളെ പലപ്പോഴും വികലമാക്കിയെങ്കിലും മൌലികതയുള്ള നിരൂപകനായിരുന്നു മാരാര്‍. | ||
+ | |||
+ | പാശ്ചാത്യ-പൗരസ്ത്യ സിദ്ധാന്തങ്ങളുടെ സമന്വയത്തിലൂടെ രൂപപ്പെടുത്തിയ മികവുറ്റ ഒരു നിരൂപണപദ്ധതിയാണ് മുണ്ടശ്ശേരിയുടെ മുഖമുദ്ര. സാഹിത്യത്തിലൂടെ പ്രതിഫലിക്കുന്ന സാമൂഹികാവബോധവും പ്രതിബദ്ധതയും കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന മുണ്ടശ്ശേരി ഉയര്‍ത്തിപ്പിടിച്ചു. കവിത്രയത്തെക്കുറിച്ചുള്ള വിലയിരുത്തലുകളിലാണ് മുണ്ടശ്ശേരിയുടെ നിരൂപണത്തിന്റെ ഔന്നത്യം കാണാന്‍ കഴിയുന്നത്. ആശാന്റെ കവിതയുടെ ആഴവും ഗാംഭീര്യവും രൂപപരമായ മികവും എടുത്തുകാണിച്ച മുണ്ടശ്ശേരി, താരതമ്യം ചെയ്യാനാവാത്ത ഒരു സ്ഥാനമാണ് ആശാന് മലയാളസാഹിത്യത്തില്‍ നല്കിയത്. വള്ളത്തോളിനെ ആശാനു പിന്നില്‍ പ്രതിഷ്ഠിച്ച മുണ്ടശ്ശേരി ഉള്ളൂരിലെ അലങ്കാരവ്യഗ്രതയെയും ക്ളാസ്സിക് പരിവേഷത്തെയും കഠിനമായി വിമര്‍ശിച്ചു. കാളിദാസകൃതികളെക്കുറിച്ചുള്ള പഠനങ്ങളിലും മികവു പുലര്‍ത്തിയ മുണ്ടശ്ശേരിക്ക് സമകാലികരായ ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി എന്നിവരെ വേണ്ടവിധത്തില്‍ വിലയിരുത്താന്‍ കഴിഞ്ഞില്ല. സാഹിത്യത്തിന്റെ സാമൂഹികസത്തയെ നിരസിക്കുന്ന ശുദ്ധകലാവാദത്തിനെതിരായിരുന്നു ഇദ്ദേഹം. ഭാവത്തെ രൂപത്തോട് സമഞ്ജസമായി ഒത്തുചേര്‍ക്കണം എന്നു നിര്‍ദേശിക്കുന്ന രൂപഭദ്രതാവാദം മുണ്ടശ്ശേരി മുന്നോട്ടുവച്ചു. മാറ്റൊലി, അന്തരീക്ഷം, മാനദണ്ഡം, കാവ്യപീഠിക, നാടകാന്തം കവിത്വം, കരിന്തിരി തുടങ്ങിയവയാണ് പ്രധാനകൃതികള്‍. നിരവധി ചിന്താധാരകളുടെ സമന്വയമാണ് അദ്ദേഹത്തിന്റെ നിരൂപണങ്ങളെ വ്യത്യസ്തമാക്കുന്നത്. പാശ്ചാത്യസാഹിത്യ ദര്‍ശനങ്ങള്‍ മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ ഗുപ്തന്‍ നായര്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. സമാലോചന, ക്രാന്തദര്‍ശികള്‍, ആധുനികസാഹിത്യം, വിമര്‍ശനത്തിന്റെ അതിര്‍വരമ്പുകള്‍, ഇസങ്ങള്‍ക്കപ്പുറം തുടങ്ങിയ കൃതികളിലൂടെയും അവതാരികകളിലൂടെയും നിരൂപണരംഗത്തിന്റെ മുന്‍പന്തിയിലെത്തിയ ഗുപ്തന്‍ നായര്‍ പില്ക്കാലത്ത് ചങ്ങമ്പുഴയുടെ കവിതയെക്കുറിച്ച് ഒരു ബൃഹത് പഠനവും രചിച്ചു (അസ്ഥിയുടെ പൂക്കള്‍). | ||
+ | |||
+ | കുറച്ചുകാലം മാത്രം സാഹിത്യരംഗത്തുണ്ടായിരുന്ന എം.പി. പോളിന് മുണ്ടശ്ശേരിയെയോ മാരാരെയോ പോലെ ഏറെ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞില്ല. എങ്കിലും കുറച്ചുകൃതികളില്‍ കൂടിത്തന്നെ മാരാരെയും മുണ്ടശ്ശേരിയെയും പോലെ നിരൂപണസാഹിത്യത്തെ സ്വാധീനിക്കാന്‍ പോളിനു കഴിഞ്ഞു. കേസരി ബാലകൃഷ്ണപിള്ളയുടെ പിന്‍തുടര്‍ച്ചക്കാരനായിട്ടാണ് പോള്‍ വിശേഷിപ്പിക്കപ്പെട്ടത്. കേസരിയെപ്പോലെ വിവിധ വിജ്ഞാനമേഖലകളില്‍ നിന്നുള്ള ആശയങ്ങള്‍ തന്റെ നിരൂപണത്തിലേക്ക് പോള്‍ സമന്വയിപ്പിച്ചു. കേസരിയെ ബാധിച്ചിരുന്ന പലതരം പക്ഷപാതങ്ങളില്‍ നിന്നു മോചിതനായി വസ്തുനിഷ്ഠമായൊരു നിരൂപണശൈലിയാണ് പോള്‍ രൂപപ്പെടുത്തിയത്. ചെറുകഥാ പ്രസ്ഥാനം, നോവല്‍സാഹിത്യം എന്നിവ മലയാളനിരൂപണത്തിലെ സുപ്രധാന സൃഷ്ടികളാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതിഭയെ വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ടാണ് പോള്‍ തന്റെ നിരൂപണപ്രതിഭ വിളംബരം ചെയ്യുന്നത്. | ||
+ | |||
+ | പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളുടെ കൂടുതല്‍ ആഴത്തിലുള്ള സ്വാധീനം മലയാളസാഹിത്യത്തിലുണ്ടായ ഒരു കാലഘട്ടമാണ് വിമര്‍ശകത്രയത്തിനുശേഷം ആവിര്‍ഭവിച്ചത്. കെ. ദാമോദരന്‍, ഡോ. കെ. ഭാസ്കരന്‍ നായര്‍, എസ് ഗുപ്തന്‍നായര്‍, സുകുമാര്‍ അഴിക്കോട് എന്നിവരാണ് ഈ കാലഘട്ടത്തിലെ നിരൂപണപ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. മാര്‍ക്സിയന്‍ നിരൂപണ പദ്ധതിയില്‍ നിന്ന് ഉള്‍ക്കൊണ്ട ആശയങ്ങളാണ് കെ. ദാമോദരന്‍ തന്റെ വിമര്‍ശനത്തില്‍ പ്രയോജനപ്പെടുത്തിയത്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ദാമോദരന്‍ എന്താണ് സാഹിത്യം, സാഹിത്യനിരൂപണം എന്നീ ഗ്രന്ഥങ്ങളിലൂടെ സാഹിത്യത്തിന്റെ സാമൂഹിക പശ്ചാത്തലത്തിന് ഊന്നല്‍ നല്കുന്ന നിരൂപണപദ്ധതി അവതരിപ്പിച്ചു. കാളിദാസകൃതികളുടെസമകാലികമായ പുനര്‍വായനയും അദ്ദേഹം നിര്‍വഹിച്ചു. മാരാര്‍, മുണ്ടശ്ശേരി തുടങ്ങിയ വിമര്‍ശകരുടെ വിമര്‍ശനപദ്ധതിയെക്കുറിച്ചുള്ള മെറ്റാക്രിട്ടിസിസമാണ് ദാമോദരന്റെ മറ്റൊരു സംഭാവന. | ||
+ | |||
+ | സമകാലികരായ നിരൂപകര്‍ മലയാളത്തിലേക്ക് കൂടുതല്‍ കൂടുതല്‍ പാശ്ചാത്യസങ്കല്പങ്ങള്‍ ആവാഹിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍, അവയെ ഏറെയൊന്നും ശ്രദ്ധിക്കാതെ പാരമ്പര്യനിരൂപണ ശൈലി തന്റേതായ രീതിയില്‍ പുനരാവിഷ്കരിച്ച നിരൂപകനാണ് ഡോ. കെ. ഭാസ്കരന്‍ നായര്‍. വള്ളത്തോള്‍, സി.വി. എന്നിവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകളില്‍ ആത്മീയമൂല്യത്തിനു നല്കിയിരിക്കുന്ന അമിതപ്രാധാന്യം എന്ന കുറവ് ഉണ്ടെങ്കില്‍പ്പോലും തനതായ വീക്ഷണംകൊണ്ട് അവ ശ്രദ്ധേയമാണ്. സമചിത്തതയുടെയും സൌമ്യതയുടെയും ശബ്ദമായിട്ടാണ് ഗുപ്തന്‍നായരുടെ നിരൂപണം വിശേഷിപ്പിക്കപ്പെടുന്നത്. ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലുള്ള വൈമുഖ്യത്തെയും ഈ വിശേഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പോരായ്മകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ തെളിമയുള്ള വിമര്‍ശനങ്ങളും വിശകലനങ്ങളും ഗുപ്തന്‍നായര്‍ രചിച്ചു. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍ നായര്‍ എന്നിവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ മലയാളി നിരൂപണത്തിലെ ക്ളാസ്സിക്കുകള്‍ ആണ്. ആശാന്റെ സീതാകാവ്യം (1954) എന്ന ആദ്യ ഗ്രന്ഥത്തിലൂടെ നിരൂപണരംഗത്ത് സ്ഥിരപ്രതിഷ്ഠനേടിയ സുകുമാര്‍ അഴീക്കോട്, പിന്നീട് രമണനും മലയാളസാഹിത്യവും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നീ കൃതികളിലൂടെയും ഖണ്ഡന വിമര്‍ശനത്തിന്റെ പ്രസിദ്ധമായ മാതൃകകള്‍ മലയാളത്തിനു സംഭാവന ചെയ്തു. മലയാള സാഹിത്യനിരൂപണത്തിന്റെ ചരിത്രവും ഉപനിഷത്തുകളെക്കുറിച്ചു രചിച്ച തത്ത്വമസി എന്ന ഗ്രന്ഥവും അഴീക്കോടിന്റെ മികച്ച രചനകളാണ്. | ||
+ | |||
+ | പി.കെ. നാരായണപിള്ള, കെ.എം. ഡാനിയേല്‍, എന്‍.വി. കൃഷ്ണവാരിയര്‍, എന്‍. കൃഷ്ണപിള്ള, കെ.എന്‍. എഴുത്തച്ഛന്‍, എം.പി. ശങ്കുണ്ണിനായര്‍, എം.എസ്. ദേവദാസ് എന്നിവരുടെ പഠനങ്ങളും ഗ്രന്ഥങ്ങളും ഇക്കാലത്ത് മലയാള നിരൂപണ സാഹിത്യത്തിന്റെ വികാസത്തിന് മുതല്‍ക്കൂട്ടായിത്തീര്‍ന്നു. എന്‍.വി. കൃഷ്ണവാര്യരുടെ പരിപ്രേക്ഷ്യം, സമാകലനം, കലോത്സവം എന്നീ ഗ്രന്ഥങ്ങളില്‍ കാവ്യശില്പവും ഭാവുകത്വങ്ങളും ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യുന്ന നിരൂപകനെ നമുക്കുകാണാം. നാടകകൃത്തായ എന്‍. കൃഷ്ണപിള്ളയുടെ സാഹിത്യനിരൂപണങ്ങളില്‍ ആശാന്‍, എഴുത്തച്ഛന്‍ എന്നിവരെക്കുറിച്ചെഴുതിയ പ്രബന്ധങ്ങളും സി.വി. രാമന്‍പിള്ളയുടെ കഥാപാത്രങ്ങളുടെ ഭാഷണഭേദത്തെക്കുറിച്ചുള്ള ശൈലീപരമായ പഠനവും മികച്ചുനില്ക്കുന്നു. മാര്‍ക്സിയന്‍ വിമര്‍ശനപദ്ധതിക്ക് മലയാളത്തില്‍ തുടക്കമിട്ട വ്യക്തിയായിരുന്നു എം.എസ്. ദേവദാസ്. മലയാളസാഹിത്യത്തിലുണ്ടായ ചലനങ്ങളെ സാമൂഹികപശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ പഠനങ്ങള്‍. | ||
+ | |||
+ | പി.കെ. ബാലകൃഷ്ണന്‍, തായാട്ട് ശങ്കരന്‍, എം. ലീലാവതി, എം.എന്‍. വിജയന്‍, എം. അച്യുതന്‍, പി. ഗോവിന്ദപ്പിള്ള തുടങ്ങിയ നിരൂപകരടങ്ങുന്ന അടുത്ത തലമുറ, സമകാലിക സാഹിത്യസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള വിമര്‍ശനപദ്ധതികള്‍ മലയാളത്തില്‍ ആവിഷ്കരിക്കുകയും മലയാളത്തിലെ ശ്രേഷ്ഠമായ കൃതികളെക്കുറിച്ച് വിശദമായ നിരൂപണപഠനങ്ങള്‍ രചിക്കുകയും ചെയ്തു. നോവല്‍-സിദ്ധിയും സാധനയും എന്ന ഗ്രന്ഥത്തില്‍ പി.കെ. ബാലകൃഷ്ണന്‍ നോവല്‍ ശില്പത്തെ അസാമാന്യ ചാതുരിയോടെ വിശകലനം ചെയ്തു. മനശ്ശാസ്ത്ര നിരൂപണത്തിന്റെ മാതൃക പിന്തുടര്‍ന്ന നിരൂപകനാണ് എം.എന്‍. വിജയന്‍. വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനെക്കുറിച്ചെഴുതിയ വിഖ്യാതമായ പഠനത്തിലും, കുമാരനാശാന്‍, ബഷീര്‍ എന്നിവരെക്കുച്ചെഴുതിയ പഠനങ്ങളിലും, കലാസൃഷ്ടിയുടെ വിശകലനത്തിലൂടെ എഴുത്തുകാരന്റെ മനസ്സിലേക്കു ചുഴിഞ്ഞുകയറുന്ന വിമര്‍ശനശൈലി കാണാന്‍ കഴിയും. ജി., വൈലോപ്പിള്ളി, ഇടശ്ശേരി, പി. തുടങ്ങിയ കവികളെ സമഗ്രമായി വിലയിരുത്തുന്ന ഉപന്യാസങ്ങള്‍ രചിച്ചിട്ടുണ്ട് എം. ലീലാവതി. എം.എന്‍. വിജയന്റേതുപോലെ മനഃശാസ്ത്രവിമര്‍ശനപദ്ധതി പിന്തുടരുന്നവയാണ് ഇവരുടെ പല പഠനങ്ങളും. വര്‍ണരാജി, കവിതാരതി, സത്യം ശിവം സുന്ദരം എന്നിവയാണ് പ്രധാന കൃതികള്‍. പാശ്ചാത്യ സാഹിത്യ തത്ത്വശാസ്ത്രം, നോവല്‍ സാഹിത്യചരിത്രം എന്നിവയാണ് കെ.എം. തരകന്റെ പ്രധാനകൃതികള്‍. മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം അപഗ്രഥിച്ച് അതിന്റെ പൊരുള്‍ വിശദമാക്കുന്നതിലും അതിനനുസരിച്ച വിമര്‍ശനസമീപനം യാഥാര്‍ത്ഥ്യമാക്കുന്നതിലും ഇ.എം.എസ്. വഹിച്ച പങ്ക് നിസ്തുലമാണ്. കലാവിമര്‍ശനം ഒരു മാര്‍ക്സിസ്റ്റ് മാനദണ്ഡം എന്ന കൃതിയാണ് ഈ രംഗത്തെ മറ്റൊരു ശ്രദ്ധേയമായ സംഭാവന. എം.എസ്. ദേവദാസ്, തായാട്ടുശങ്കരന്‍, പി. ഗോവിന്ദപ്പിള്ള എന്നിവരും ഈ രംഗത്തെ ഇതര പ്രമുഖ നിരൂപകരാണ്. മാര്‍ക്സിയന്‍ വീക്ഷണങ്ങളോടുണ്ടായ യാന്ത്രികമായ പ്രതികരണങ്ങള്‍ക്ക് മറുപടി പറയുന്ന ഗ്രന്ഥമാണ് പി. ഗോവിന്ദപ്പിള്ളയുടെ ഇസങ്ങള്‍ക്കിപ്പുറം. ചെറുകഥ-ഇന്നലെ ഇന്ന്, നോവല്‍-പ്രബന്ധങ്ങളും പഠനങ്ങളും, സ്വാതന്ത്യ്രസമരവും മലയാളസാഹിത്യവും എന്നിവയാണ് എം. അച്യുതന്റെ മുഖ്യസംഭാവനകള്‍. ചെറുകഥാ വിമര്‍ശനത്തില്‍ ഗൌരവമായ ഒരു പാത പിന്തുടരുകയും മാധവിക്കുട്ടിയുടെ കഥാലോകത്തെ അതര്‍ഹിക്കുന്ന ഉന്നതിയില്‍ പ്രതിഷ്ഠിക്കുന്നതിലും കളര്‍കോട് വാസുദേവന്‍നായര്‍ വഹിച്ച പങ്ക് വലുതാണ്. | ||
+ | |||
+ | കെ.പി. അപ്പന്‍, പ്രസന്നരാജന്‍, ആഷാമേനോന്‍, വി. രാജകൃഷ്ണന്‍, പി.കെ. രാജശേഖരന്‍, വി.സി. ശ്രീജന്‍ തുടങ്ങിയവരാണ് ഉത്തരാധുനിക വിമര്‍ശനത്തിലെ പ്രമുഖര്‍. കെ.പി. അപ്പന്‍ സിദ്ധാന്തങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് സ്വന്തമായൊരു സാഹിത്യദര്‍ശനം രൂപപ്പെടുത്തുകയും അതിന്റെ വെളിച്ചത്തില്‍ മലയാള സാഹിത്യകാരന്മാരെക്കുറിച്ചും കൃതികളെക്കുറിച്ചും പ്രൌഢമായ വിമര്‍ശനകൃതികള്‍ രചിക്കുകയും ചെയ്തു. ഒ.വി. വിജയന്‍, ആനന്ദ് എന്നിവരുടെ കൃതികളെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള നിരൂപണങ്ങള്‍ രചിച്ച ആഷാ മേനോന്‍, കൃതികളുടെ ദാര്‍ശനികവശം വിശകലനം ചെയ്യുന്നതില്‍ വൈദഗ്ധ്യം പുലര്‍ത്തി. ഇംഗ്ളീഷ്, ഫ്രെഞ്ച് സാഹിത്യപാരമ്പര്യം, ശൈലീവിജ്ഞാനം, താരതമ്യസാഹിത്യപഠനം എന്നീ സൈദ്ധാന്തിക സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ വി. രാജകൃഷ്ണന്‍ രോഗത്തിന്റെ പൂക്കള്‍, ആളൊഴിഞ്ഞ അരങ്ങ് തുടങ്ങിയ കൃതികള്‍ രചിച്ചു. ടി. പദ്മനാഭന്റെ കഥകളെക്കുറിച്ച് ബൃഹത്പഠനം രചിച്ച ഡോ. എം. തോമസ് മാത്യു, കുട്ടിക്കൃഷ്ണമാരാരുടെ വിമര്‍ശനസാഹിത്യത്തെ ആഴത്തില്‍ വിലയിരുത്തുന്ന ദന്തഗോപുരത്തിലേക്കു വീണ്ടും എന്ന കൃതിയും രചിച്ചു. ഡി. ബഞ്ചമിന്‍ അക്കാദമികവിമര്‍ശനപദ്ധതി പിന്തുടരുന്ന നിരൂപകനാണ്. നവീനകവിതയെക്കുറിച്ച് വ്യത്യസ്തവും ശ്രദ്ധേയവുമായ നിരൂപണങ്ങള്‍ രചിച്ച പ്രസന്നരാജന്റെ കേരള കവിതയിലെ കലിയും ചിരിയും എന്ന ഗ്രന്ഥം വളരെ ശ്രദ്ധിക്കപ്പെട്ടു. തനതായ ശൈലിയുള്ള നിരൂപകരാണ് ബാലചന്ദ്രന്‍ വടക്കേടത്ത്, വി.സി. ശ്രീജന്‍ എന്നിവര്‍. കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരെക്കുറിച്ച് ശ്രീജന്‍ രചിച്ച നിരൂപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്രകാരം സമകാലികമായ സാഹിത്യസിദ്ധാന്തങ്ങളും നിരൂപണപദ്ധതികളും പ്രയോഗിച്ചുകൊണ്ടാണ് മേല്പറഞ്ഞ നിരൂപകര്‍ മലയാള വിമര്‍ശനത്തെ പുതിയ തലത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. | ||
+ | |||
+ | പുതിയ തലമുറയിലും ഒട്ടേറെ ശ്രദ്ധേയരായ നിരൂപകരുണ്ട്. ഡോ. കെ.എസ്. രവികുമാര്‍, പി. സോമന്‍, എസ്.എസ്. ശ്രീകുമാര്‍, പി.എസ്. രാധാകൃഷ്ണന്‍, സുനില്‍. പി. ഇളയിടം, ശാരദക്കുട്ടി, പി. പവിത്രന്‍, സി.ആര്‍. പ്രസാദ്, എം.കെ. ഹരികുമാര്‍, ഇ.പി. രാജഗോപാല്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. | ||
+ | |||
+ | (രവിശങ്കര്‍ എസ്. നായര്‍, കെ.എസ്. നാരായണപിള്ള, | ||
+ | |||
+ | കെ. പ്രകാശ്, എം. സുരേഷ്) |
Current revision as of 08:10, 17 ഫെബ്രുവരി 2011
ഉള്ളടക്കം |
നിരൂപണസാഹിത്യം
ഒരു സാഹിത്യശാഖ. സാഹിത്യസൃഷ്ടികളുടെ പഠനം, വിശകലനം, വ്യാഖ്യാനം, വിലയിരുത്തല്‍ എന്നിവയാണ് സാഹിത്യനിരൂപണം (അഥവാ സാഹിത്യവിമര്‍ശനം) എന്ന പദത്തിന്റെ വിശാലമായ അര്‍ഥവിവക്ഷ. സാഹിത്യത്തിന്റെ ലക്ഷ്യങ്ങള്‍, രീതിപദ്ധതികള്‍, സാഹിത്യത്തിന്റെ സാമൂഹിക-സാംസ്കാരിക-മനഃശാസ്ത്ര പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള വിചിന്തനത്തെ സാഹിത്യസിദ്ധാന്തമെന്നും സിദ്ധാന്തത്തിന്റെ പ്രയോഗത്തിന്, അതായത് സിദ്ധാന്തത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് സാഹിത്യസൃഷ്ടികള്‍ വിലയിരുത്തുന്നതിനെയും വ്യാഖ്യാനിക്കുന്നതിനെയും സാഹിത്യനിരൂപണം അല്ലെങ്കില്‍ പ്രായോഗിക വിമര്‍ശം എന്നും സൂക്ഷ്മമായി വേര്‍തിരിക്കാറുണ്ട്. എങ്കിലും മേല്പറഞ്ഞ എല്ലാ പ്രക്രിയകളെയും സിദ്ധാന്തം, പ്രയോഗം എന്ന വ്യത്യാസമില്ലാതെ, സാഹിത്യനിരൂപണം എന്ന വിഷയമേഖലയുടെ ഭാഗമായി പൊതുവേ കരുതിപ്പോരുന്നു.
ആമുഖം
പുരാതന കാലംതൊട്ട് ഇന്നുവരെയുള്ള ലോകസാഹിത്യം പരിശോധിച്ചാല്‍ സാഹിത്യവിമര്‍ശനത്തിന്റെ ഉള്ളടക്കമായിവരുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ, സാഹിത്യത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന തത്ത്വങ്ങളുടെ വിശകലനം, വ്യാഖ്യാനം അല്ലെങ്കില്‍ അത്തരം തത്ത്വങ്ങള്‍ രൂപീകരിക്കല്‍, സാഹിത്യത്തിന്റെ സമൂഹശാസ്ത്രപരമായ പശ്ചാത്തലം, സാഹിത്യത്തിന്റെ മനഃശാസ്ത്രപരമായ പശ്ചാത്തലം, സാഹിത്യസൃഷ്ടികളുടെ ഗുണദോഷ വിചിന്തനം, സാഹിത്യചരിത്രം, സാഹിത്യത്തിലെ ജനുസ്സുകളുടെ തരംതിരിക്കല്‍, ലക്ഷണനിര്‍ണയം, സാഹിത്യകൃതികളുടെ ഘടനാപരമായ വിശകലനം, ശൈലികളുടെ വിശകലനം തുടങ്ങിയവയാണ്.
ഇവയെല്ലാം ഇടകലര്‍ന്നോ, വേര്‍തിരിഞ്ഞോ, സൈദ്ധാന്തികമോ പ്രായോഗികമോ ആയി ഉപയോഗിച്ചുകൊണ്ടുള്ള സാഹിത്യാധിഷ്ഠിതമായ സൃഷ്ടികളെയെല്ലാം പൊതുവേ സാഹിത്യനിരൂപണം എന്ന മേഖലയില്‍ ഉള്‍ക്കൊള്ളിക്കുന്നു. പുരാതന കാലഘട്ടത്തില്‍ ദര്‍ശനം, വ്യാകരണം എന്നിവയില്‍ നിന്നു വ്യത്യസ്തമായ ഒരു അന്വേഷണമായി സാഹിത്യനിരൂപണത്തെ കണ്ടിരുന്നില്ല. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ഒരു പ്രത്യേക വിജ്ഞാനമേഖലയായി സാഹിത്യനിരൂപണം രൂപംകൊണ്ടു. ദര്‍ശനം, സൗന്ദര്യശാസ്ത്രം, സമൂഹശാസ്ത്രം, മനഃശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയുടെ തത്ത്വങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സാഹിത്യസൃഷ്ടികളുടെ പഠനത്തിനും വിലയിരുത്തലിനും വേണ്ടിയുള്ള തത്ത്വങ്ങളും പ്രയോഗപദ്ധതികളും ആവിഷ്കരിക്കുന്ന ഒരു വിഷയമേഖലയാണ് സാഹിത്യനിരൂപണം.
മൂല്യനിര്‍ണയവൈദഗ്ധ്യവും ഉള്‍ക്കാഴ്ചയും പാണ്ഡിത്യവും മികച്ച ആസ്വാദനക്ഷമതയും ഒരു നിരൂപകന് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. കസാവിയന്റെ അഭിപ്രായത്തില്‍ "സഹാനുഭൂതിയിലൂടെ കലാകാരന്റെ സര്‍ഗവ്യാപാരത്തില്‍ ഭാഗഭാക്കാകുക എന്ന സമ്പന്നവും ക്രിയാത്മകവുമായ വ്യാപാരമാണ് നിരൂപണം. ഒരു സാഹിത്യകൃതിയുടെ മൂല്യം നിര്‍ണയിക്കുന്നതിലും അതിനെ പല മാനദണ്ഡങ്ങളില്‍ വിലയിരുത്തുന്നതിലും നിരൂപകന്റെ സഹാനുഭൂതിക്കും ആന്തരികാവബോധത്തിനും പ്രധാന സ്ഥാനമുണ്ട്.
ജീവിതത്തെ നിരൂപണം ചെയ്യുന്നതാണ് കലാസൃഷ്ടി എന്നിരിക്കെ, നിരൂപണത്തിന്റെ നിരൂപണമാണ്, നിരൂപണ സാഹിത്യമെന്ന് സ്കോട്ട് ജെയിംസ് അഭിപ്രായപ്പെടുന്നു. ഒരു സാഹിത്യകൃതി, തന്നിലുണര്‍ത്തുന്ന പ്രതികരണങ്ങളെ സമഗ്രമായും സ്പഷ്ടമായും ആവിഷ്കരിക്കുകയാണ് നിരൂപകന്‍ ചെയ്യുന്നത്.
ഭാരതീയ സാഹിത്യ ചിന്തയിലും നിരൂപണസാഹിത്യത്തിന് പ്രമുഖ സ്ഥാനമുണ്ട്. നിരൂപകന് 'സഹൃദയന്റെ' സ്ഥാനമാണ് ഭാരതീയ കാവ്യശാസ്ത്രം കല്പിച്ചുകൊടുത്തിരിക്കുന്നത്. കവിയിലെ പ്രതിഭയായ കാരയത്രിയും ആസ്വാദകനിലെ/നിരൂപകനിലെ ഭാവയത്രിയും ഒന്നുചേരുമ്പോള്‍ സാഹിത്യകല അതിന്റെ ഫലപ്രാപ്തിയിലെത്തുന്നു. കവിയുടെ ബോധം, അതേപോലെ പിടിച്ചെടുക്കുന്ന സഹൃദയനായ നിരൂപകന്‍ തന്റെ നിരൂപണത്തിലൂടെ ആവിഷ്കരിക്കുന്നത് കൃതിയിലെ രഹസ്യങ്ങളെയാണ്.
പാശ്ചാത്യ സാഹിത്യനിരൂപണം
ഹോമര്‍, ഹെസിയോദ് എന്നീ എഴുത്തുകാര്‍ ദൈവങ്ങളെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നതിനെക്കുറിച്ച് സെനഫേന്‍സ് എന്ന പണ്ഡിതന്‍ ക്രി.മു. 5-ാം നൂറ്റാണ്ടില്‍ നടത്തിയ വിമര്‍ശനമാണ് പാശ്ചാത്യലോകത്ത് ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും പഴക്കംചെന്ന സാഹിത്യ നിരൂപണം. ഇതിനെത്തുടര്‍ന്ന് തിയാജെനസ് എന്ന നിരൂപകന്‍ ഹോമറിന്റെ കൃതികളിലെ ദൈവങ്ങള്‍ മനുഷ്യസ്വഭാവങ്ങളുടെ പ്രതിനിധികള്‍ മാത്രമാണെന്നും, അന്യാപദേശപരമായിട്ടാണ് അവയെ വ്യാഖ്യാനിക്കേണ്ടതെന്നും വാദിച്ചു. സാഹിത്യവിമര്‍ശനത്തിന്റെ സ്ഫുരണങ്ങള്‍ അടങ്ങുന്ന ഈ പരാമര്‍ശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പ്ലേറ്റോയുടെ (ക്രി.മു. 427-348) റിപ്പബ്ളിക് എന്ന കൃതിയിലാണ് സാഹിത്യത്തെക്കുറിച്ചുള്ള കുറച്ചെങ്കിലും വിശദമായ വിശകലനം ആദ്യമായി കാണാന്‍ കഴിയുന്നത്. പ്ലേറ്റോ അവലംബിച്ചിരിക്കുന്ന സൊക്രാറ്റിക് ചിന്താരീതിയുടെ ലക്ഷ്യം സാഹിത്യത്തെയോ മറ്റെന്തെങ്കിലും വിഷയത്തെയോ കുറിക്കുന്ന തത്ത്വങ്ങള്‍ രൂപീകരിക്കലല്ല മറിച്ച്, സ്വതന്ത്രമായ ചിന്തയെ പ്രചോദിപ്പിക്കുക എന്നതാണ്. മാത്രവുമല്ല, സാഹിത്യം പ്ലേറ്റോയുടെ മുഖ്യവിഷയവുമല്ല. എന്നാല്‍ മര്‍മപ്രധാനമായ ചില സാഹിത്യതത്ത്വങ്ങള്‍ പ്ലേറ്റോ സന്ദര്‍ഭവശാല്‍ ചര്‍ച്ചചെയ്യുന്നുണ്ട്. യാഥാര്‍ഥ്യവും അതിന്റെ പ്രതിനിധാനവും തമ്മിലുള്ള വ്യത്യാസമാണ് ഇതില്‍ പ്രധാനം. നാം ഒരു വൃത്തം വരയ്ക്കുന്നതിന് മുമ്പ് 'വൃത്തം' എന്ന ആശയം നമ്മുടെ മനസ്സിലുണ്ട് എന്ന് പ്ളേറ്റോ ചൂണ്ടിക്കാണിക്കുന്നു. പല തരത്തിലുള്ള അപൂര്‍ണതകളും കുറവുകളുമുള്ള യാഥാര്‍ഥ്യത്തെ നാം വിലയിരുത്തുന്നത് മനസ്സിലുള്ള സമ്പൂര്‍ണമായ ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവ തമ്മിലുള്ള വ്യത്യാസം സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെ അടിസ്ഥാനപ്രശ്നമാണ്. സാഹിത്യത്തെയും നിരൂപണത്തെയും പ്രബലമായി സ്വാധീനിച്ച യാഥാര്‍ഥ്യവാദം (റിയലിസം) എന്ന ചിന്താധാര ഈ ചര്‍ച്ചയില്‍ നിന്നാണ് പിന്നീട് ഉടലെടുത്തത്. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയിലൂടെയാണ് നാം സത്യത്തിലെത്തിച്ചേരുന്നത് എന്നാണ് പ്ലേറ്റോയുടെ മതം. ഈ ഉള്‍ക്കാഴ്ച നല്കുന്നത് ജ്ഞാനമാണ്. കവിത എന്നത് ജ്ഞാനത്തിന്റെ മാധ്യമമല്ല, പ്രചോദനത്തിന്റേതാണ് എന്ന ആശയം പ്ലേറ്റോ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. യാഥാര്‍ഥ്യത്തിന്റെ അനുകരണം മാത്രമാണ് സാഹിത്യമെന്നും, അതിനാല്‍ അത് അസത്യമാണെന്നും അതിന് വിശ്വസനീയത ഇല്ലെന്നും പ്ലേറ്റോ വാദിക്കുന്നു. അതേസമയം, മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള സാഹിത്യത്തിന്റെ ശക്തിയെക്കുറിച്ച് പ്ലേറ്റോ ബോധവാനാണ്. ഹോമറിന്റെ സാഹിത്യത്തിന്റെ ശക്തിയും ആകര്‍ഷണീയതയും പ്ലേറ്റോ തിരിച്ചറിയുന്നു. സാഹിത്യം അനാശാസ്യമായ സ്വാധീനം മനുഷ്യമനസ്സില്‍ ചെലുത്തിയേക്കാം എന്ന ഭീതി അദ്ദേഹത്തിന്റെ ചിന്തയില്‍ തെളിയുന്നുണ്ട്. ഉദാത്തമായ മാതൃകകള്‍ സാഹിത്യത്തിലൂടെ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത പ്ലേറ്റോ സൂചിപ്പിച്ചിരിക്കുന്നു.
പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടിലിന്റെ (ക്രി. മു. 384-322) പൊയറ്റിക്സ് ആണ് നിരൂപണസാഹിത്യത്തിലെ ആദ്യത്തെ സംപൂര്‍ണ കൃതി. വിദ്യാഭ്യാസത്തിന്റെ മാധ്യമമായി സാഹിത്യത്തെ വീക്ഷിച്ച പ്ലേറ്റോയില്‍ നിന്നു വ്യത്യസ്തമായി, അരിസ്റ്റോട്ടില്‍ സാഹിത്യത്തെ ഒരു പ്രത്യേക പ്രതിഭാസമായി, ശാസ്ത്രീയമായും വസ്തുനിഷ്ഠമായും വിശകലനം ചെയ്യുന്നു. സാഹിത്യ നിരൂപണത്തില്‍ എക്കാലത്തും ചര്‍ച്ചചെയ്യപ്പെട്ട പല പ്രശ്നങ്ങളുടെയും ബീജങ്ങള്‍ പൊയറ്റിക്സില്‍ തെളിഞ്ഞുകാണാം. സംഗീതത്തെയും നൃത്തത്തെയും പോലെ കവിതയും നാടകവും അനുകരണത്തില്‍ അധിഷ്ഠിതമായ സൃഷ്ടികളാണ് എന്ന് പൊയറ്റിക്സ് പ്രഖ്യാപിക്കുന്നു. ശിഷ്ടകഥാപാത്രങ്ങള്‍ ദുഷ്ടകഥാപാത്രങ്ങള്‍ എന്ന അരിസ്റ്റോട്ടിലിന്റെ തരംതിരിവ് സാഹിത്യസിദ്ധാന്തത്തെയും നാടകത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. അശാസ്ത്രീയമെന്ന് പിന്നീട് വിമര്‍ശിക്കപ്പെട്ടു എങ്കില്‍പ്പോലും ഈ വീക്ഷണത്തിലടങ്ങിയിരിക്കുന്ന ചില ഉള്‍ക്കാഴ്ചകള്‍ തികച്ചും ആധുനികമാണ്. നമ്മെക്കാള്‍ താഴ്ന്ന കഥാപാത്രങ്ങള്‍ (ദുഷ്ടകഥാപാത്രങ്ങള്‍) ആണ് ഹാസ്യം സൃഷ്ടിക്കുന്നതെന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞിരിക്കുന്നു. ഹാസ്യകഥാപാത്രത്തെക്കാള്‍ ഉയര്‍ന്നവനാണ് താനെന്ന വായനക്കാരന്റെ ബോധത്തില്‍ നിന്നാണ് ഹാസ്യം ഉടലെടുക്കുന്നത് എന്ന് ഫ്രോയിഡ് പറഞ്ഞിരിക്കുന്നതിന് സമാനമാണിത്. ദുരന്തത്തെക്കുറിച്ച് അരിസ്റ്റോട്ടില്‍ രൂപീകരിച്ചിരിക്കുന്ന സിദ്ധാന്തം വിശദവും സൂക്ഷ്മവുമാണ്. സ്പെക്റ്റക്കിള്‍ (കഥാപാത്രത്തിന്റെ ബാഹ്യരൂപം), ഡിക്ഷന്‍ (ഭാഷണം), മെലഡി (പദ്യഭാഗങ്ങളുടെ പാരായണം), ക്യാരക്ടര്‍ (കഥാപാത്രങ്ങളുടെ വ്യക്തിത്വം), ചിന്ത (കഥാപാത്രങ്ങളുടെ പ്രവൃത്തികളെ നയിക്കുന്ന യുക്തി), പ്ളോട്ട് (സംഭവങ്ങളുടെ ഒത്തുചേരല്‍) എന്നിങ്ങനെ ആറു ഘടകങ്ങള്‍ ചേര്‍ന്നാണ് ദുരന്തം രൂപപ്പെടുന്നത് എന്ന് അരിസ്റ്റോട്ടില്‍ സമര്‍ഥിക്കുന്നു.
സാഹിത്യനിരൂപണത്തിന് അരിസ്റ്റോട്ടില്‍ നല്കിയ മറ്റൊരു പ്രധാന സംഭാവന 'മിമെസിസ്', 'കഥാര്‍സിസ്' എന്നീ രണ്ട് ആശയങ്ങളാണ്. മിമെസിസ് എന്നത് സാഹിത്യത്തിന്റെ അനുകരണാത്മക സ്വഭാവത്തെ സൂചിപ്പിക്കുന്നതാണ്. അതേസമയം കല എന്നത് യാഥാര്‍ഥ്യത്തിന്റെ ദര്‍പ്പണ പ്രതിബിംബമായിരിക്കണം എന്നല്ല അരിസ്റ്റോട്ടില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ജീവിതത്തില്‍ നിന്ന് ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്തിരിക്കുന്ന സംഭവങ്ങളെ കലാപരമായി സംവിധാനം ചെയ്തുകൊണ്ടാണ് മൈമസിസ് സാഹിത്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. സൗന്ദര്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും അഗാധമായ ഒന്നാണ് കഥാര്‍സിസ് എന്ന ആശയം. ഭയം, കരുണ, വെറുപ്പ് തുടങ്ങിയ വികാരങ്ങളെ ഉണര്‍ത്തുകയും അതേസമയം അനുവാചകന്, അല്ലെങ്കില്‍ പ്രേക്ഷകന് കൂടുതല്‍ മനഃശാന്തി നല്കുന്ന തരത്തില്‍ അവയെ പുറത്തേക്ക് ഒഴുക്കിക്കളയുകയും ചെയ്യാനുള്ള സാഹിത്യത്തിന്റെ കഴിവാണ് അരിസ്റ്റോട്ടില്‍ ഇവിടെ സൂചിപ്പിക്കുന്നത്. പ്ലേറ്റോയില്‍ നിന്നു വ്യത്യസ്തമായി, സാഹിത്യത്തിന്റെ ഗുണപരമായ വശമാണ് അരിസ്റ്റോട്ടില്‍ കാണുന്നത്. പൊയറ്റിക്സില്‍ ഏറ്റവും വിശദമായി പരിശോധിക്കുന്നത് പ്ലോട്ട് എന്ന സങ്കല്പനമാണ്. പ്ലോട്ടിനെക്കുറിച്ചുള്ള വ്യാഖ്യാനത്തിലൂടെ, യാഥാര്‍ഥ്യം സൃഷ്ടിക്കുന്ന പരിമിതികളില്‍ നിന്ന് മോചിതനായി സാങ്കല്പികത സൃഷ്ടിക്കുന്ന സാധ്യതകള്‍ എഴുത്തുകാരന്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് അരിസ്റ്റോട്ടില്‍ വിശകലനം ചെയ്തിരിക്കുന്നു.
ക്രി.മു. ഒന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ഹൊറേസ് എന്ന കവിക്ക് നിരൂപണ സാഹിത്യത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. കത്തുകളുടെ രൂപത്തില്‍ രചിച്ച ഒരു കൃതിയില്‍ കവിതയുടെ തത്ത്വങ്ങള്‍ ഹൊറേസ് വിശകലനം ചെയ്യുന്നു. ആര്‍സ് പൊയറ്റിക്ക (കാവ്യകല) എന്ന പേരില്‍ ഈ ഗ്രന്ഥം വിഖ്യാതമായിത്തീര്‍ന്നു. ചിട്ടയോടുകൂടിയ ഒരു വിശകലനമല്ല ഇത്. ഹൊറേസിന്റെ മൌലികമായ ആശയങ്ങളുമല്ല ഇവയെല്ലാം. ഔചിത്യം, അനുപാതം എന്നിവയെക്കുറിച്ചും പ്രധാന കാവ്യദോഷങ്ങളെക്കുറിച്ചും ഹൊറേസ് ചര്‍ച്ചചെയ്യുന്നു. ക്ലാസ്സിക് കൃതികളുടെ നിരന്തരമായ പഠനത്തിലൂടെ ശില്പചാതുരി വളര്‍ത്താന്‍ എഴുത്തുകാര്‍ ശ്രമിക്കണമെന്ന് ഹൊറേസ് നിര്‍ദേശിച്ചിരിക്കുന്നു. ആശയപരമായി ആധുനികരോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പൌരാണിക നിരൂപകനാണ് ലോന്‍ജൈനസ്. ക്രി.പി. രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഓണ്‍ ദ് സബ്ളൈം എന്ന കൃതിയുടെ കര്‍ത്താവാണ് ഇദ്ദേഹം. ക്രി.പി. 217 മുതല്‍ 273 വരെ ജീവിച്ചിരുന്ന കാഷ്യസ് ലോന്‍ജൈനസ് എന്ന പ്രഭാഷണവിദഗ്ധന്‍ ആണ് ഇദ്ദേഹം എന്നു കരുതപ്പെടുന്നു. എന്നാല്‍ ഇതേക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. ഒരു കാവ്യത്തെ മികച്ചതാക്കിത്തീര്‍ക്കുന്ന ഉദാത്തത (സബ്ലിമിറ്റി) എന്ന ഗുണമാണ് ലോന്‍ജൈനസിന്റെ മുഖ്യവിഷയം. അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്താപദ്ധതിയും തികച്ചും മൗലികവും ആധുനികവുമാണ്. കാവ്യദോഷങ്ങള്‍ പട്ടികപ്പെടുത്തി വിശകലനം ചെയ്തശേഷം, ലോന്‍ജൈനസ്, കൃതിയെ ഉദാത്തമാക്കുന്ന ഗുണങ്ങള്‍ വ്യാഖ്യാനിക്കുന്നു. അര്‍ഥരഹിതമായ വാചാടോപം, സര്‍ഗാത്മകതയില്ലാത്തതിനാല്‍ ഉണ്ടാകുന്ന ശൈലീപരമായ ശുഷ്കത, ഔചിത്യമില്ലാത്ത വൈകാരികത, പുതുമയ്ക്കുവേണ്ടി ഉപയോഗിക്കുന്ന വിലകുറഞ്ഞ തന്ത്രങ്ങള്‍ എന്നിവയൊക്കെ ലോന്‍ജൈനസ് വിശകലനം ചെയ്തിരിക്കുന്നു. ഒരു കൃതിയെ ഉദാത്തമാക്കുന്ന അഞ്ച് ഗുണങ്ങള്‍ ലോന്‍ജൈനസ് ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ രണ്ടെണ്ണം-ചിന്താപരമായ ഔന്നത്യവും, വൈകാരിക ഊര്‍ജവും-എഴുത്തുകാരന് സഹജമായി ഉണ്ടായിരിക്കേണ്ടതാണ് എന്നാണ് ലോന്‍ജൈനസിന്റെ മതം. മറ്റു മൂന്നും സ്വയം ശിക്ഷണത്തിലൂടെയും അനുഭവത്തിലൂടെയും നേടിയെടുക്കേണ്ടതാണ്. പല തരത്തിലുള്ള ശൈലികളും അവതരണ രീതികളും ഉപയോഗിക്കാനുള്ള കഴിവ്, പദങ്ങളുടെ ഗുണങ്ങളും ഇമേജറിയും തിരിച്ചറിയാനുള്ള കഴിവ്, നാദം, ധ്വനി എന്നിവയ്ക്കനുഗുണമായി പദങ്ങള്‍ പ്രയോഗിക്കാനുള്ള കഴിവ് എന്നിവയാണവ. അങ്ങേയറ്റം പ്രചോദിതനായ എഴുത്തുകാരനും വിശകലന വിശാരദനും ഏറെ തനിമയുള്ള ചിന്തകനുമായിരുന്ന ലോന്‍ജൈനസ് തുടര്‍ന്നുണ്ടായ നിരൂപണസാഹിത്യത്തെ മാത്രമല്ല സര്‍ഗാത്മകസാഹിത്യത്തെയും സ്വാധീനിച്ചു.
സാഹിത്യമല്ല മുഖ്യവിഷയമെങ്കില്‍പ്പോലും പ്രഭാഷണകല (റെട്ടറിക്) എന്ന വിഷയത്തില്‍ ഉണ്ടായിട്ടുള്ള കൃതികളും സാഹിത്യനിരൂപണത്തിന്റെ ഭാഗമാണ്. പ്രഭാഷണത്തിലൂടെ കേള്‍വിക്കാരെ സ്വാധീനിക്കാനായി ഭാഷ എങ്ങനെ പ്രയോഗിക്കണം എന്നു പരിശോധിക്കുന്ന ഗ്രന്ഥങ്ങള്‍ കാവ്യബിംബങ്ങള്‍, വാക്യഘടന, പദക്രമം, കാവ്യം വായനക്കാരില്‍ സൃഷ്ടിക്കുന്ന പ്രതികരണങ്ങള്‍ തുടങ്ങി വിമര്‍ശനത്തിനു പ്രസക്തമായ പല വിഷയങ്ങളും ചര്‍ച്ചചെയ്തിരിക്കുന്നു. മാര്‍കസ് ടുള്ളിയസ് സിസെറോ (ക്രി.മു. 106-43) രചിച്ച ഗ്രന്ഥങ്ങള്‍ ഇവയില്‍ പ്രസിദ്ധമാണ്. അനുയോജ്യമായ പദങ്ങള്‍ തിരഞ്ഞെടുക്കല്‍, രൂപകങ്ങള്‍, വാക്യഘടന എന്നിവയെക്കുറിച്ച് സിസെറോ നല്കിയ ഉള്‍ക്കാഴ്ചകള്‍ പിന്നീടുള്ള പല നിരൂപകരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ക്വിന്റില്യന്‍ (ക്രി.പി. 35-95) രചിച്ച, പന്ത്രണ്ടു വാല്യങ്ങളടങ്ങുന്ന പുസ്തകത്തില്‍ പ്രഭാഷകര്‍ പഠിക്കേണ്ട എഴുത്തുകാരെയും അവരുടെ കൃതികളെയും നിരൂപണദൃഷ്ട്യാ വിശകലനം ചെയ്തിരിക്കുന്നു.
മധ്യകാലഘട്ടത്തില്‍ പൗരാണികകാലഘട്ടത്തിലേതുപോലെ ശ്രദ്ധേയമായ സാഹിത്യസിദ്ധാന്തങ്ങളും നിരൂപണങ്ങളും ഉണ്ടായിട്ടില്ല. ദാന്തെ (1265-1321), ജൊവാനി ബൊക്കാച്ചിയോ (1315-75) തുടങ്ങിയ എഴുത്തുകാര്‍ പൗരാണികരുടെ സാഹിത്യസിദ്ധാന്തങ്ങള്‍ ലളിതമായി വ്യാഖ്യാനിക്കുകയും പ്രയോഗിക്കുകയും ചെയ്തതാണ് ഈ കാലയളവില്‍ നിരൂപണസാഹിത്യത്തിനുണ്ടായ വളര്‍ച്ച.
നിരൂപണസാഹിത്യത്തിന് ഇംഗ്ളീഷില്‍ വളരെ പ്രചാരവും വളര്‍ച്ചയും ഉണ്ടായത് നവോത്ഥാന കാലഘട്ടത്തിലാണ്. നിരവധി നിരൂപകര്‍ കാലികവും പൌരാണികവുമായ എഴുത്തുകാരെ വിലയിരുത്തിക്കൊണ്ട് ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചു. ഇവയില്‍ പലതും മൗലികമോ അസാധാരണമോ ആയ ഒന്നും സംഭാവന ചെയ്തില്ല. നിരൂപണസാഹിത്യത്തിന് വ്യക്തമായ ദിശാബോധം നല്കിയ ചുരുക്കം ചില കൃതികളും ഇക്കാലത്ത് രചിക്കപ്പെട്ടു. സര്‍ ഫിലിപ് സിഡ്നിയുടെ (1554-80) അപോളജി ഫോര്‍ പൊയട്രി ഇവയിലൊന്നാണ്. പദ്യവും കവിതയും തമ്മിലുള്ള വ്യത്യാസം സിഡ്നി ഈ ഗ്രന്ഥത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു. വിവിധതരം കവിതകളെക്കുറിച്ച് പ്രതിപാദിക്കുകയും പ്രശസ്തരായ ഇംഗ്ലീഷ് കവികളെ വിലയിരുത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കവിതയ്ക്കെതിരെ പ്ലേറ്റോ ഉന്നയിച്ച വാദഗതികളെ സിഡ്നി സമര്‍ഥമായി ഖണ്ഡിച്ചിരിക്കുന്നു. ഫ്രാന്‍സിസ് ബേക്കണ്‍ (1561-1626) തന്റെ പ്രശസ്തമായ ദി അഡ്വാന്‍സ്മെന്റ് ഒഫ് ലേണിങ് എന്ന ഗ്രന്ഥത്തില്‍ വിവിധ വൈജ്ഞാനിക മേഖലകളെക്കുറിച്ചുള്ള വിശകലനത്തില്‍ കവിതയെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. കവിതയുടെ അടിസ്ഥാന സ്വഭാവമെന്ത് എന്നാണ് ബേക്കണ്‍ ഇവിടെ പരിശോധിക്കുന്നത്. കവിതകളെ തരംതിരിക്കാനും അദ്ദേഹം ശ്രമിച്ചിരിക്കുന്നു. കവിയും നാടകകൃത്തുമായിരുന്ന ബെന്‍ ജോണ്‍സന്‍ (1572-1637) സൈദ്ധാന്തിക പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന നിരവധി ലേഖനങ്ങള്‍ രചിച്ചു.
തുടര്‍ന്നുവന്ന ഇംഗ്ലീഷ് വിമര്‍ശകരില്‍ പ്രമുഖനാണ് ജോണ്‍ ഡ്രൈഡന്‍ (1631-1700). സംഭാഷണരൂപത്തില്‍ രചിച്ചിട്ടുള്ള എസ്സേ ഒഫ് ഡ്രമാറ്റിക് പൊയ്സി ആണ് ഡ്രൈഡന്റെ പ്രധാനകൃതി. ജീവിതാനുഭവങ്ങളുടെ തീവ്രത ആവിഷ്കരിക്കാനായി, കാവ്യഭാഷയിലും സമാനമായ തീവ്രത ഉണ്ടായിരിക്കണം എന്നതാണ് ഡ്രൈഡന്റെ കേന്ദ്ര ആശയം. നിരവധി ഫ്രഞ്ച്, ഇംഗ്ലീഷ് കവികളെ ഡ്രൈഡന്‍ വിലയിരുത്തിയിരിക്കുന്നു. ഷെയ്ക്സ്പിയര്‍ കവിതയെക്കുറിച്ച് ഗംഭീരമായ ഒരു നിരൂപണം ഈ ഗ്രന്ഥത്തില്‍ കാണാം. നാടകം, കവിത എന്നിവയെക്കുറിച്ച് ഡ്രൈഡന്റെ പരാമര്‍ശങ്ങളും പൗരാണിക ഗ്രീക്ക് സാഹിത്യകാരന്മാരെയും എലിസബിത്തീയന്‍ കാലഘട്ടത്തിലെ ഇംഗ്ലീഷ് സാഹിത്യകാരന്മാരെയും താരതമ്യവിശകലനം ചെയ്തിരിക്കുന്നതും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും കാവ്യശാസ്ത്ര നൈപുണിയും വ്യക്തമാക്കുന്നു. ഇംഗ്ലീഷ്നിരൂപണ സാഹിത്യത്തിന്റെ പരിപക്വമായ ഘട്ടം ആരംഭിക്കുന്നത് ഡ്രൈഡനിലാണെന്ന് പറയാം.
ഡ്രൈഡനെത്തുടര്‍ന്ന്, പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് സാഹിത്യവിമര്‍ശനം വളര്‍ച്ചപ്രാപിച്ചത് പ്രധാനമായും ജോസഫ് അഡിസണ്‍ (1672-1719), അലക്സാണ്ടര്‍ പോപ് (1688-1744) എന്നിവരിലൂടെയാണ്. അടിസ്ഥാനപരമായി രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നെങ്കിലും അഡിസണ്‍ സാഹിത്യമൂല്യമുള്ള അന്‍പതോളം ലേഖനങ്ങള്‍ രചിച്ചു. ദുരന്തസാഹിത്യം, ഹാസ്യസാഹിത്യം, ബാലഡ് എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളാണ് ഇവയില്‍ ചിലത്. മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റിനെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനങ്ങളും, ഭാവനയെക്കുറിച്ചുള്ള നീണ്ട ലേഖനങ്ങളുമാണ് മറ്റുള്ളവ. ഉള്‍ക്കാഴ്ചയും തനിമയും പരിമിതമായിരുന്നെങ്കില്‍ക്കൂടി, നിരൂപണസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ പ്രത്യേക പങ്കുവഹിച്ചു ഡ്രൈഡന്‍. കവി എന്ന നിലയില്‍ പ്രശസ്തനായ അലക്സാണ്ടര്‍ പോപ് എസ്സേ ഓണ്‍ ക്രിട്ടിസിസം തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ നിരവധി സമകാലിക ഇംഗ്ലീഷ് കവികളെയും ക്ലാസ്സിക് ഗ്രീക്കുകവികളെയും കുറിച്ച് മികച്ച വിശകലനങ്ങള്‍ രചിച്ചു. ഇംഗ്ലീഷ് നിരൂപണ സാഹിത്യത്തിലെ ഏറ്റവും തലയെടുപ്പുള്ള വ്യക്തിത്വങ്ങളിലൊന്നാണ് ഡോ. സാമുവല്‍ ജോണ്‍സണ്‍ (1709-84). നിരൂപണസംബന്ധിയായ നിരവധി ലേഖനങ്ങള്‍, ഷെയ്ക്സ്പിയര്‍ കൃതികളുടെ എഡിഷന്‍, ലൈവ്സ് ഒഫ് പൊയറ്റ്സ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഇവ കൂടാതെ റാസെലാസ് എന്ന നോവലിലെ ഒരു കഥാപാത്രത്തിലൂടെയും ജോണ്‍സണ്‍ സാഹിത്യതത്ത്വങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. സാഹിത്യത്തെ വിലയിരുത്താന്‍ രൂപീകരിക്കുന്ന നിഗമനങ്ങളുടെയും മാനദണ്ഡങ്ങളുടെയും പരിമിതി ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദുരന്തവും ഹാസ്യവും കഥാപാത്രത്തിന്റെ വ്യക്തിത്വത്തില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തെ നിരാകരിച്ചുകൊണ്ടാണ്, ഏതുതരം കഥാപാത്രത്തിനും ഹാസ്യം സൃഷ്ടിക്കാനാവുമെന്ന് ജോണ്‍സണ്‍ സമര്‍ഥിച്ചിരിക്കുന്നത്. ഷെയ്ക്സ്പിയറിനെക്കുറിച്ചുള്ള വിലയിരുത്തലുകളിലാണ് അദ്ദേഹത്തിന്റെ നിരൂപണശക്തി ഏറ്റവും വ്യക്തമാകുന്നത്. ഷെയ്ക്സ്പിയറുടെ പ്രതിഭയെ ഇത്രയും സമഗ്രമായി വിലയിരുത്താനും വ്യാഖ്യാനിക്കാനും ജോണ്‍സണിന്റെ പൂര്‍വഗാമികള്‍ക്കു കഴിഞ്ഞിരുന്നില്ല. ഇതേ കാലയളവില്‍ സാഹിത്യസിദ്ധാന്തത്തിനും ശ്രദ്ധേയമായ മുന്നേറ്റമുണ്ടായി. ഡേവിഡ് ഹ്യൂം (1711-76), എഡ്മണ്ട് ബര്‍ക്ക് (1729-97) തുടങ്ങിയ ദാര്‍ശനികര്‍ സാഹിത്യാധിഷ്ഠിതമായ സൗന്ദര്യശാസ്ത്രത്തിന് മികച്ച സംഭാവനകള്‍ നല്കി. ഒലിവര്‍ ഗോള്‍ഡ്സ്മിത്ത് (1730-74), ഹെന്റി മക്കെന്‍സി (1745-1801), റിച്ചഡ് കംബര്‍ലാന്‍ഡ് (1732-1811) തുടങ്ങിയ പ്രശസ്തരായ എഴുത്തുകാര്‍ പ്രായോഗിക വിമര്‍ശനത്തിന്റെ മികച്ച മാതൃകകളും സൃഷ്ടിക്കുകയുണ്ടായി. ഈ കാലഘട്ടത്തിലാണ് 'നിയോക്ലാസ്സിസിസം' എന്ന സാഹിത്യവിമര്‍ശനം രൂപപ്പെട്ടത്. ക്ലാസ്സിക് സാഹിത്യം പുനരുദ്ധരിക്കാന്‍ ഡോ. ജോണ്‍സണ്‍ നടത്തിയ ആഹ്വാനത്തില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. മനുഷ്യന്റെ യഥാര്‍ഥ ജീവിതാനുഭവങ്ങളില്‍ അധിഷ്ഠിതവും അതേസമയം ക്ലാസ്സിക് സാഹിത്യത്തിന്റെ മഹത്ത്വം പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നതുമായ ഒരു സാഹിത്യവും അതിനനുഗുണമായ വിമര്‍ശചിന്തയും ക്രമേണ രൂപപ്പെട്ടു. നോ: നിയോക്ലാസ്സിസിസം
സാമൂഹിക-സാങ്കേതിക-വൈജ്ഞാനിക മണ്ഡലങ്ങളില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടായ ഒരു കാലഘട്ടത്തിലാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ കാല്പനികഘട്ടം ഉടലെടുത്തത്. വ്യാവസായിക വിപ്ലവം, ഫ്രഞ്ച് വിപ്ലവം എന്നിവയോടൊപ്പം ഒരു വിചാരവിപ്ലവവും സംഭവിച്ചു. ആഡം സ്മിത്ത് (1723-90), റൂസ്സോ (1712-78), ടോം പെയ്ന്‍ (1737-1809), വില്യം ഗോഡ്വിന്‍ (1756-1808), മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റ് (1759-97) തുടങ്ങിയവരുടെ ചിന്തകള്‍ സമൂഹത്തില്‍ പല ചലനങ്ങളും സൃഷ്ടിച്ചു. സര്‍ഗാത്മകസാഹിത്യത്തിലും നിരൂപണത്തിലും ഈ വിചാരവിപ്ലവത്തിന്റെ അലകള്‍ കാണാം. വില്യം വേര്‍ഡ്സ്വര്‍ത്ത് (1770-1850), സാമുവല്‍ ടെയ്ലര്‍ കോള്‍റിഡ്ജ് (1772-1834) എന്നിവര്‍ ഇംഗ്ലീഷ് കവിതയെ കാല്പനികതയുടെ ലോകത്തേക്ക് കൊണ്ടുപോയതോടൊപ്പം നിരൂപണസാഹിത്യത്തിനു തികച്ചും നൂതനമായ മാനം നല്കുകയും ചെയ്തു. ലിറിക്കല്‍ ബാലഡ്സ് എന്ന കൃതിയുടെ മുഖവുരയില്‍ കവിത എന്താണെന്നും ആരാണ് കവി എന്നും പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം കവിതയില്‍ ആവിഷ്കൃതമാകുന്നതെങ്ങനെ എന്നുമുള്ള വിഷയങ്ങള്‍ അസാധാരണമായ തെളിമയോടെ വേഡ്സ്വര്‍ത്ത് ചര്‍ച്ച ചെയ്തിരിക്കുന്നു. ശക്തമായ വികാരങ്ങളുടെ നൈസര്‍ഗികമായ ബഹിര്‍ഗമനമാണ് കവിത എന്ന വിഖ്യാതമായ നിര്‍വചനം ഈ ലേഖനത്തിലാണ് വേഡ്സ്വര്‍ത്ത് മുന്നോട്ടു വച്ചത്. വ്യത്യസ്തമായൊരു ഭാഷ-കാവ്യഭാഷ-കവിതയ്ക്ക് ആവശ്യമില്ല എന്നും സാധാരണ മനുഷ്യരുടെ സാധാരണ ഭാഷയിലാണ് കവിത എഴുതേണ്ടതെന്നും വേഡ്സ്വര്‍ത്ത് നിര്‍ദേശിച്ചു. കവിതയില്‍ ആവിഷ്കൃതമാകുന്ന ഉദാത്ത സത്യം ശില്പവൈദഗ്ധ്യത്തിലൂടെയോ ഭാഷാപരമായ തന്ത്രങ്ങളിലൂടെയോ സൃഷ്ടിക്കുന്നതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു. സമഗ്രമായൊരു നിരൂപണപദ്ധതി ആവിഷ്കരിക്കുന്നില്ലെങ്കില്‍പ്പോലും, ആധുനിക വിമര്‍ശനത്തിലെ ചില അടിസ്ഥാന ചോദ്യങ്ങള്‍ വേഡ്സ്വര്‍ത്ത് ആഴത്തില്‍ത്തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
ബയോഗ്രാഫിയ ലിറ്ററേറിയ (1817) എന്ന ഗ്രന്ഥത്തിലാണ് കോള്‍റിഡ്ജിന്റെ വിമര്‍ശനചിന്ത പ്രധാനമായും ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ആത്മകഥയുടെയും സാഹിത്യസിദ്ധാന്തത്തിന്റെയും ദാര്‍ശനികാന്വേഷണത്തിന്റെയും വിചിത്രമായൊരു കൂട്ടിക്കുഴച്ചിലാണ് ഇതിലുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് ഇഴപിരിച്ചെടുക്കാവുന്ന നിരൂപണചിന്ത മൂല്യവത്തായതും വസ്തുനിഷ്ഠവും മൗലികവുമാണ്. ഷെയ്ക്സ്പിയറുടെയോ മില്‍ട്ടന്റെയോ ഒരു വാക്കുപോലും കവിതയ്ക്ക് അര്‍ഥഭംഗം വരാത്തവിധത്തില്‍ മാറ്റിയെഴുതാന്‍ കഴിയില്ല എന്നും അത്ര മികച്ച കവിത്വസിദ്ധിയില്ലാത്ത കവികളുടെ വരികള്‍ അര്‍ഥനഷ്ടം കൂടാതെ പരാവര്‍ത്തനം ചെയ്യാമെന്നും കോള്‍റിഡ്ജ് ചൂണ്ടിക്കാണിക്കുന്നു. അതിസൂക്ഷ്മമായി കവിത വിശകലനം ചെയ്യുന്ന ഒരു നിരൂപകനെ ഇവിടെ കാണാം. ഷെയ്ക്സ്പിയര്‍, മില്‍ട്ടണ്‍, തോമസ് ഗ്രേ, വേഡ്സ്വര്‍ത്ത്, കൌലി എന്നിവരുടെ കവിതകളെയും കാവ്യശൈലിയെയും ഇഴപിരിച്ച് വിശകലനം ചെയ്തിട്ടുണ്ട് കോള്‍റിഡ്ജ്. ഷെയ്ക്സ്പിയറിന്റെയും വേഡ്സ്വര്‍ത്തിന്റെയും മുഖ്യകൃതികളെ അടിസ്ഥാനമാക്കി കോള്‍റിഡ്ജ് എഴുതിയ വിമര്‍ശനങ്ങള്‍, വിമര്‍ശനസാഹിത്യത്തെ ഗണ്യമായി സ്വാധീനിച്ചു. കാവ്യഭാഷയെക്കുറിച്ച് വേഡ്സ്വര്‍ത്ത് തുടങ്ങിവച്ച ചര്‍ച്ച കോള്‍റിഡ്ജ് വിപുലീകരിച്ചു. ഇംഗ്ലീഷ് കാല്പനിക കവികളില്‍ പ്രമുഖരായ പി.ബി. ഷെല്ലി (1792-1822), വില്യം ബ്ലേക്ക് (1787-1827), ജോണ്‍ കീറ്റ്സ് (1795-1821) എന്നിവരും ശ്രദ്ധേയമായ നിരൂപണലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.
കാല്പനിക കവികള്‍ നിരൂപണരംഗത്തും തിളങ്ങി നിന്നിരുന്ന കാലത്ത്, നിരൂപകനായിത്തന്നെ ശ്രദ്ധനേടിയ വ്യക്തിയാണ് വില്യം ഹാസ്ലിറ്റ് (1778-1830). സൈദ്ധാന്തികമായി ശുഷ്കമാണെങ്കിലും, കൃതിയുടെ വിവരണാത്മക നിരൂപണം, സൂക്ഷ്മമായ നിരീക്ഷണങ്ങള്‍, പ്രസക്തമായ ഗുണദോഷ വിചിന്തനം എന്നിവ ഹാസ്ലിറ്റിനെ മികച്ച നിരൂപകനാക്കുന്നു. ക്യാരക്റ്റേര്‍സ് ഒഫ് ഷെയ്ക്സ്പിയര്‍ പ്ലേയ്സ്, ലെക്ചേര്‍സ് ഓണ്‍ ഇംഗ്ലീഷ് കോമിക് റൈറ്റേര്‍സ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഹാസ്ലിറ്റിന്റെ വൈയക്തിക പ്രതികരണത്തെ അടിസ്ഥാനമാക്കിയുള്ള നിരൂപണശൈലിയുടെ ശക്തി കാണാന്‍ കഴിയും. മനഃശാസ്ത്രപരമായ വീക്ഷണത്തിലൂടെ എഴുത്തുകാരെ വിലയിരുത്തിയ നിരൂപകനാണ് തോമസ് ഡി ക്വിന്‍സി (1785-1859).
കലയുടെയും സാഹിത്യത്തിന്റെയും ശോഭനമായ ഒരു കാലഘട്ടമായിരുന്നു വിക്ടോറിയന്‍ കാലഘട്ടം. റൊമാന്റിസിസത്തിലൂടെ വളര്‍ന്ന കവിത നവീനവും വ്യത്യസ്തവുമായ ധാരകളായി പരിണമിച്ചു. വിപുലമായ ഒരു നോവല്‍ സാഹിത്യം ഇക്കാലത്ത് രൂപപ്പെട്ടു. ജെ.എസ്. മില്‍ (1806-73), ജോണ്‍ കെബിള്‍ (1792-1860) എന്നിവരുടെ ഗ്രന്ഥങ്ങളില്‍ റൊമാന്റിക് കാലഘട്ടത്തിന്റെ തുടര്‍ച്ച കാണാമെങ്കില്‍, മാത്യൂ ആര്‍നള്‍ഡ് (1822-88) നെപ്പോലെയുള്ള നിരൂപകര്‍ നിരൂപണ സാഹിത്യത്തില്‍ പുതിയൊരു ഭാവുകത്വം തുടങ്ങിവച്ചു. ആര്‍നള്‍ഡിന്റെ, എസ്സേയ്സ് ഇന്‍ ക്രിറ്റിസിസം, കള്‍ച്ചര്‍ ആന്‍ഡ് അനാര്‍ക്കി, ലിറ്ററെച്ചര്‍ ആന്‍ഡ് ഡോഗ്മ തുടങ്ങിയ ഗ്രന്ഥങ്ങള്‍, വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിരൂപണസാഹിത്യം ഒരു പ്രത്യേകവിഷയമേഖലയായി ആവിര്‍ഭവിച്ചത് വ്യക്തമാക്കുന്നവയാണ്. ആര്‍നള്‍ഡിന്റെ പല ആശയങ്ങളും ഇന്നും സംഗതമാണ്. ജനപ്രിയസാഹിത്യത്തിലൂടെ ജനങ്ങളില്‍ പ്രത്യേകചിന്താപദ്ധതികളും ആശയങ്ങളും മത-രാഷ്ട്രീയ സംഘടനകള്‍ കുത്തിവയ്ക്കുന്നതും, സംസ്കാരത്തിന്റെ യഥാര്‍ഥ ലക്ഷ്യവും തമ്മില്‍ ആര്‍നള്‍ഡ് വേര്‍തിരിച്ചുകാണിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തീരുമാനങ്ങളും മുദ്രാവാക്യങ്ങളും വിനിമയം ചെയ്യുന്നതല്ല സംസ്കാരത്തിന്റെ യഥാര്‍ഥ ലക്ഷ്യം, മനുഷ്യരിലെ വര്‍ഗപരമായ വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്നതാണ്. ജീവിതത്തെ തങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിച്ചാല്‍ കൂടുതല്‍ കൂടുതല്‍ പഠനങ്ങള്‍ കവിതയിലേക്ക് തിരിയുമെന്നും ആര്‍നള്‍ഡ് പ്രഖ്യാപിച്ചു. ജീവിതത്തെക്കുറിച്ചുള്ള വിമര്‍ശനം തന്നെയായിട്ടാണ് ആര്‍നള്‍ഡ് കവിതയെ കണ്ടത്. വ്യക്തിയുടെയും കാലഘട്ടത്തിന്റെയും മുന്‍വിധികളില്‍ നിന്നു മാറിനിന്നുകൊണ്ടാണ് നിരൂപണം നടത്തേണ്ടത് എന്നു പ്രഖ്യാപിക്കുകയും അത്തരം നിരൂപണമാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തത് ആര്‍നള്‍ഡിന്റെ സംഭാവനയാണ്.
കവിതയെയും കവികളെയും കേന്ദ്രബിന്ദുവാക്കിയിരുന്ന നിരൂപണസാഹിത്യം, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിനു തൊട്ടുമുമ്പ് ഗദ്യസാഹിത്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങി. നോവലിസ്റ്റായിരുന്ന ഹെന്റി ജെയിംസിന്റെ നിരൂപണങ്ങള്‍ ഈ ദിശാമാറ്റത്തില്‍ പ്രത്യേകം പങ്കുവഹിച്ചു. 1884-ല്‍ പുറത്തുവന്ന ദി ആര്‍ട്ട് ഒഫ് ഫിക്ഷന്‍ എന്ന ദീര്‍ഘ ഉപന്യാസത്തില്‍ തുടങ്ങി, ജെയിംസ് നിരവധി നോവല്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. ജീവിതം അതിസങ്കീര്‍ണവും അതിനാല്‍ ആശയക്കുഴപ്പം നിറഞ്ഞതുമാണെന്നും തന്മൂലം സൂക്ഷ്മമായ ഒരു തിരഞ്ഞെടുപ്പിലൂടെയായിരിക്കണം ജീവിതാനുഭവങ്ങള്‍ നോവലില്‍ ആവിഷ്കരിക്കേണ്ടത് എന്നുമുള്ള ആശയം ജെയിംസ് സൈദ്ധാന്തികമായി വിപുലീകരിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു തിരഞ്ഞെടുപ്പിലൂടെ സൃഷ്ടിക്കപ്പെടുന്ന സമഗ്രതയുടെ പ്രതീതിയാണ് സാഹിത്യത്തിന്റെ ജീവന്‍ എന്ന് ജെയിംസ് അഭിപ്രായപ്പെട്ടു.
നിരൂപണപ്രസ്ഥാനങ്ങള്‍
പാശ്ചാത്യ നിരൂപണപദ്ധതിപ്രകാരം, പലതരം നിരൂപണസമീപനങ്ങളുണ്ട്. ചരിത്രപരമായ സമീപനത്തില്‍, ഒരു പ്രത്യേക കാലഘട്ടത്തിന്റെ മൂല്യങ്ങളെയും അനുഭവങ്ങളെയും സാംസ്കാരികഘടകങ്ങളെയും അപഗ്രഥിക്കുകയാണ് ചെയ്യുന്നത്. പൊതുവേ, അക്കാദമിക് ചരിത്ര രചനകളില്‍ ജീവിതത്തിന്റെ വൈകാരികാനുഭവങ്ങള്‍ രേഖപ്പെടുത്താറില്ല. ജീവിതത്തിന്റെ മനോമൂല്യങ്ങള്‍ അവിടെ അവഗണിക്കപ്പെടുന്നു. എന്നാല്‍ ഒരു പ്രത്യേക കാലഘട്ടത്തിലെ സാഹിത്യകൃതികളെ അപഗ്രഥിക്കുമ്പോള്‍, അക്കാലത്തെ ജീവിതാനുഭവങ്ങളുടെ വൈകാരികചിത്രം ലഭിക്കുന്നു. മാത്രമല്ല, മനുഷ്യന്റെ വികാര വിചാരങ്ങളുടെ ഗതിവിഗതികളെക്കുറിച്ചറിയാനും വികാസത്തിന്റെ നിര്‍ണയനം ഫലപ്രദമായി രേഖപ്പെടുത്താനും ഇത്തരം നിരൂപണം സഹായകമാണ്. വര്‍ഗസ്വഭാവം, യുഗസ്വഭാവം, സമകാലിക സാഹചര്യങ്ങള്‍ എന്നീ മൂന്ന് ഘടകങ്ങളുടെ ഉത്പന്നമാണ് സാഹിത്യമെന്ന് ഫ്രഞ്ച് നിരൂപകനായ മാര്‍ക്ക് ട്വെയ്ന്‍ നിരീക്ഷിക്കുന്നു. നിരൂപണത്തിലെ ചരിത്രാത്മകസമീപനത്തെ പിന്‍പറ്റുന്ന നിര്‍വചനമാണിത്.
നിരൂപണസാഹിത്യത്തിലെ ജീവചരിത്രപരമായ വിമര്‍ശനസമീപനവും പ്രധാനമാണ്. സാഹിത്യം, രചയിതാവിന്റെ ആത്മപ്രകാശനമായതുകൊണ്ട് ജീവചരിത്രമാണ് അതിന്റെ ഊര്‍ജമെന്ന് സെയിന്റ്സ്ബെറി സിദ്ധാന്തിക്കുന്നു. ഒരു കൃതിയില്‍ നിന്ന് എഴുത്തുകാരന്റെ ജീവിതം കണ്ടെടുക്കുന്നതാണ്, അതിന്റെ സൗന്ദര്യം കണ്ടെടുക്കുന്നതിനെക്കാള്‍ നീതിയുക്തമെന്ന് വിന്‍ചെസ്റ്ററും പറയുന്നു. എഴുത്തുകാരന്റെ വ്യക്തിസ്വഭാവവൈചിത്യ്രങ്ങള്‍ കൃതിയിലൂടെ കണ്ടെടുക്കണമെന്നാണ് സാങ്ബോവിന്റെ അഭിപ്രായം.
കലാനിയമങ്ങളുടെ അടിസ്ഥാനത്തില്‍ സാഹിത്യകൃതിയെ മൂല്യനിര്‍ണയം ചെയ്യുന്ന നൈയാമിക നിരൂപണം (judicial criticism) ഏറെക്കുറെ യാഥാസ്ഥിതികമാണ്. വ്യാഖ്യാനം, വിധി നിര്‍ണയനം എന്നീ ഘടകങ്ങളാണ് ഇതില്‍ പ്രധാനം. സംസ്കൃത സാഹിത്യ പാരമ്പര്യം, നൈയാമിക നിരൂപണത്തിലധിഷ്ഠിതമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടുവരെ നിരൂപണം സാമ്പ്രദായിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടു നീങ്ങിയത്. എന്നാല്‍ ആധുനികതയുടെ വരവോടെ നിരൂപണത്തിലെ വിമര്‍ശനസ്വഭാവത്തിന് പ്രസക്തി കൈവന്നു. നിരൂപണം പൊതുവേ അതിന്റെ വിധിനിര്‍ണയ സ്വഭാവം വിട്ട് വിമര്‍ശനത്തിന്റെ വഴിയിലേക്ക് പോകാന്‍ തുടങ്ങി. രൂപപരം, പ്രസ്ഥാനപരം, ചരിത്രപരം, നവചരിത്രാത്മകം, അന്തര്‍വിജ്ഞാനപരം തുടങ്ങിയ വിവിധ വിമര്‍ശനതലങ്ങള്‍ രൂപപ്പെട്ടതോടെ, കൃതിവ്യാഖ്യാനം എന്ന നിലയില്‍ നിന്ന് നിരൂപണം ഏറെ മുകളിലേക്കുയര്‍ന്നു. ആസ്വാദകന്‍ അഥവാ സഹൃദയന്റെ തലത്തില്‍ നിന്ന് മൂല്യവിചാരകന്റെ സ്ഥാനത്തേക്കാണ് നിരൂപകന് സ്ഥാനം കിട്ടിയത്. പൌരസ്ത്യകലാശാസ്ത്ര വീക്ഷണങ്ങള്‍ക്കപ്പുറം, പാശ്ചാത്യദര്‍ശനത്തില്‍ നിന്നാണ് നിരൂപണത്തിന്റെ പുതിയ ഭാവരൂപങ്ങള്‍ വികസിച്ചത്.
നവവിമര്‍ശം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ രൂപംകൊണ്ട പ്രബലമായൊരു നിരൂപണപ്രസ്ഥാനമാണ് നവവിമര്‍ശനം (ന്യൂക്രിട്ടിസിസം). മാത്യൂ ആര്‍നള്‍ഡ് മുതല്‍ ഈ ധാരയുടെ വേരുകള്‍ നമുക്കു കാണാന്‍ കഴിയുമെങ്കിലും ടി.എസ്. എലിയറ്റ്, ഐ.എ. റിച്ചാര്‍ഡ്സ്, വില്യം എംപ്സണ്‍ എന്നിവരിലൂടെയാണ് ഇത് ഒരു പ്രസ്ഥാനമായി രൂപംകൊണ്ടത്. കവിയും നാടകകൃത്തും നിരൂപകനുമായിരുന്ന എലിയറ്റ് 1919-ല്‍ പ്രസിദ്ധീകരിച്ച ട്രെഡിഷന്‍ ആന്‍ഡ് ഇന്‍ഡിവിഡ്വല്‍ ടാലന്റ് എന്ന ഉപന്യാസം ആധുനിക വിമര്‍ശനസാഹിത്യത്തെ ഏറ്റവും സ്വാധീനിച്ച ശക്തിയാണെന്നു പറയാം. ഈ ഉപന്യാസത്തിലൂടെ എലിയറ്റ് റൊമാന്റിക് വിമര്‍ശനസങ്കല്പങ്ങളെ തിരസ്കരിക്കുകയും, ശാസ്ത്രീയത, വസ്തുനിഷ്ഠത തുടങ്ങിയ ഗുണങ്ങളെ നിരൂപണത്തിലേക്കാവാഹിക്കുകയും ചെയ്തു. മഹത്തായ സാഹിത്യമായി പാരമ്പര്യം ഉയര്‍ത്തിക്കാണിച്ച കൃതികളെ നവവിമര്‍ശകര്‍ പുനര്‍വായിക്കുകയും സാഹിത്യം എന്നതിനെ കാലികമായി പുനര്‍നിര്‍വചിക്കുകയും ചെയ്തു. സാഹിത്യമായി അന്നോളം അംഗീകരിക്കപ്പെടാതിരുന്ന തൊഴിലാളിവര്‍ഗരചനകള്‍, സ്ത്രീസാഹിത്യം, ജനപ്രിയസാഹിത്യം എന്നിവ നിരൂപകദൃഷ്ടിയിലെത്തിച്ചതും നവവിമര്‍ശനമാണ്. ശാസ്ത്രീയപഠനത്തിന്റെ ചിട്ടകള്‍ നിരൂപണത്തില്‍ ആവിഷ്കരിച്ചതും പ്രായോഗികനിരൂപണത്തിന്റെ ഏറ്റവും മികച്ച ഒരു പദ്ധതി ആദ്യമായി രൂപപ്പെടുത്തിയതും ഐ.എ. റിച്ചാഡ്സ് ആയിരുന്നു. റിച്ചാഡ്സിന്റെ പ്രിന്‍സിപ്പിള്‍സ് ഒഫ് ലിറ്റററി ക്രിട്ടിസിസം, പ്രാക്ടിക്കല്‍ ക്രിട്ടിസിസം എന്നിവ നിരൂപണ സാഹിത്യത്തിലെ ക്ലാസ്സിക്കുകളായി ഇന്നും തുടരുന്നു. സാഹിത്യപാഠങ്ങളുടെ സൂക്ഷ്മവായന എന്ന പ്രക്രിയ റിച്ചാഡ്സ് ആവിഷ്കരിച്ചു. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വില്യം എംപ്സണ്‍ സെവന്‍ ടൈപ്സ് ഓഫ് അംബിഗ്വിറ്റി എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ ദ്വയാര്‍ഥതയാണ് കാവ്യഭാഷയുടെ മര്‍മം എന്നു സമര്‍ഥിക്കുകയും നിരവധി സാഹിത്യപാഠങ്ങളെ അവയുടെ പശ്ചാത്തലത്തില്‍ നിന്നു മാറ്റിനിര്‍ത്തിക്കൊണ്ട് സൂക്ഷ്മവായന നിര്‍വഹിക്കുകയും ചെയ്തു. അമേരിക്കയില്‍ 1920-കളില്‍ ആരംഭിച്ച നവവിമര്‍ശന പ്രസ്ഥാനം നാല്പതുകളിലും അന്‍പതുകളിലും പ്രബലമായിത്തീര്‍ന്നു. ക്ളെയന്ത് ബ്രൂക്ക്സ്, ജോണ്‍ ക്രോറാന്‍സം, റോബര്‍ട്ട് പെന്‍വാറന്‍, ഡബ്ള്യു.കെ. വിംസാറ്റ്. മണ്‍റോ ബീര്‍ഡ്സ്ലി എന്നിവരുടെ രചനകളാണ് അമേരിക്കന്‍ നവവിമര്‍ശന പ്രസ്ഥാനം കെട്ടിപ്പടുത്തത്. ബ്രൂക്സും വാറനും ചേര്‍ന്നു രചിച്ച അണ്ടര്‍സ്റ്റാന്‍ഡിങ് പൊയട്രി (1928), അണ്ടര്‍സ്റ്റാന്‍ഡിങ് ഫിക്ഷന്‍ (1943) എന്നിവ വിമര്‍ശനസാഹിത്യചരിത്രത്തിലെ ഏറ്റവും വിഖ്യാതമായ ഗ്രന്ഥങ്ങളാണ്. കീറ്റ്സിന്റെ ഓഡ് ഓണ്‍ എ ഗ്രീഷ്യന്‍ ഏണ്‍ എന്ന കവിതയെക്കുറിച്ച് ക്ളെയന്ത് ബ്രൂക്ക്സ് രചിച്ച പഠനം നവവിമര്‍ശനത്തിന്റെ ഏറ്റവും മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നു. റാന്‍സത്തിന്റെ ദ് ന്യൂ ക്രിട്ടിസിസം, വിംസാറ്റിന്റെ അഫക്റ്റീവ് ഫാലസി തുടങ്ങിയ ഗ്രന്ഥങ്ങള്‍ രാഷ്ട്രീയവും വസ്തുനിഷ്ഠവും പ്രായോഗികവുമായ വിമര്‍ശനമാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് നിരൂപണസാഹിത്യത്തിന്റെ അനിതരസാധാരണമായ വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു.
നവവിമര്‍ശനത്തോടടുത്തു നില്ക്കുന്നതും അതേസമയം മൗലികമായ ഒരു ചിന്താധാര അടങ്ങുന്നതുമാണ് എഫ്.ആര്‍. ലെവിസിന്റെ വിമര്‍ശചിന്ത. മോറല്‍ ഫോര്‍മലിസം എന്നാണ് ലെവിസിന്റെ സമീപനം വിശേഷിപ്പിക്കപ്പെട്ടത്. മഹത്തായ കൃതികള്‍ ജീവിതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത് എങ്ങനെയെന്നും വിലോമകരമായ പ്രവണതകള്‍ക്കെതിരെ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നതെങ്ങനെയെന്നും ലെവിസ് വിശകലനം ചെയ്തു.
രൂപനിഷ്ഠവിമര്‍ശം
ഇംഗ്ലണ്ടിലും അമേരിക്കയിലും നവവിമര്‍ശനം രൂപംകൊണ്ടതിന് അല്പം മുമ്പുതന്നെ റഷ്യന്‍ രൂപനിഷ്ഠവിമര്‍ശനം (ഫോര്‍മലിസം) എന്നറിയപ്പെട്ട ഒരു നിരൂപണപദ്ധതി രൂപപ്പെട്ടിരുന്നു. മറ്റു പാശ്ചാത്യരാജ്യങ്ങളില്‍ ഇതിലെ ചിന്താധാരകള്‍ പ്രവേശിച്ചത് അല്പം താമസിച്ചാണെങ്കിലും, വിപുലമായ ഒരു സൈദ്ധാന്തിക അടിത്തറയും പ്രായോഗിക ചട്ടക്കൂടും ഈ പ്രസ്ഥാനത്തിനുണ്ടായി. റൊമാന്‍ യാക്കോബ്സണ്‍, പീറ്റര്‍ ബൊഗാതൈറേഫ്, വിക്തോര്‍ ഷ്ക്ളോവ്സ്കി തുടങ്ങിയവരുടെ ആശയങ്ങളാണ് രൂപനിഷ്ഠവിമര്‍ശനത്തിന് അടിത്തറയിട്ടത്. സാഹിത്യത്തിന്റെ സാങ്കേതികവും ശില്പപരവുമായ വശങ്ങള്‍ക്കാണ് രൂപനിഷ്ഠവിമര്‍ശകര്‍ ഊന്നല്‍ നല്കിയത്. സാഹിത്യമെന്നാല്‍ അതില്‍ ഉപയോഗിച്ചിട്ടുള്ള ശൈലീപരമായ എല്ലാ പ്രയോഗപദ്ധതികളുടെയും ആകെത്തുകയാണ് എന്ന് ഷ്ക്ളോവ്സ്കി നിര്‍വചിച്ചിട്ടുണ്ട്. രൂപനിഷ്ഠവിമര്‍ശകരുടെ അടിസ്ഥാനസങ്കല്പമാണിവിടെ കാണാന്‍ കഴിയുന്നത്. ഒരു നോവലിലോ ചെറുകഥയിലോ അടങ്ങിയിരിക്കുന്ന 'കഥ' എന്നതിനു രൂപനിഷ്ഠവിമര്‍ശകര്‍ പ്രാധാന്യം നല്കുന്നില്ല. കഥ ഒരു അസംസ്കൃതവസ്തു മാത്രമാണ്. സാഹിത്യപരമായ വശം കഥയിലല്ല, കഥ ആവിഷ്കരിക്കാനായി എഴുത്തുകാരന്‍ രൂപപ്പെടുത്തുന്ന പ്ളോട്ടിലാണ് അവര്‍ കണ്ടെത്തുന്നത്. വായനക്കാരില്‍ നിര്‍ദിഷ്ട പ്രതികരണങ്ങള്‍ സൃഷ്ടിക്കാനായി എഴുത്തുകാരന്‍ ഭാഷയെയും ആശയങ്ങളെയും ഏതു രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നു എന്ന വിശകലനമാണ് രൂപനിഷ്ഠവിമര്‍ശകര്‍ ലക്ഷ്യമാക്കിയത്. സാധാരണഭാഷയില്‍ നിന്ന് സാഹിത്യഭാഷ ധര്‍മത്തിലും ഘടനയിലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അവര്‍ പരിശോധിച്ചു. സാഹിത്യപാഠങ്ങളുടെ ഘടന, ശൈലീവിന്യാസങ്ങള്‍, ഭാഷയും ഉള്ളടക്കവും തമ്മിലുള്ള പൊരുത്തം എന്നിവയൊക്കെ രൂപനിഷ്ഠവിമര്‍ശകര്‍ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കി. പോസ്റ്റ്-മോഡേണ്‍, മാര്‍ക്സിയന്‍ വിമര്‍ശന സമീപനങ്ങളില്‍ പിന്നീട് ആവിഷ്കരിക്കപ്പെട്ട പല സൈദ്ധാന്തിക സങ്കല്പനങ്ങളെയും രൂപനിഷ്ഠവിമര്‍ശനവുമായി ബന്ധിപ്പിക്കാവുന്നതാണ്. ഉള്ളടക്കത്തെ അവഗണിച്ചുകൊണ്ടുള്ള രൂപഘടനാപരമായ വിശകലനങ്ങളുടെ പരിമിതികള്‍ മനസ്സിലാക്കി, പില്ക്കാല വിമര്‍ശകര്‍ ധര്‍മം (ഫങ്ഷന്‍) എന്ന ആശയത്തിലേക്ക് തിരിഞ്ഞു.
സൗന്ദര്യാത്മക നിരൂപണം
ഇമ്മാനുവല്‍ കാന്റിന്റെ കേവലസൗന്ദര്യവാദത്തില്‍ നിന്നു തുടങ്ങുന്ന സൌന്ദര്യകലാദര്‍ശനത്തെ തിയോഫില്‍ ഗോതിയെയും ബോദ്ലയറും വാള്‍ട്ട് വിറ്റ്മാനും വാള്‍ട്ടര്‍ ഫേറ്ററുമൊക്കെച്ചേര്‍ന്ന് വലിയൊരു ആശയപ്രസ്ഥാനമാക്കി മാറ്റി. കല കലയ്ക്കുവേണ്ടിയാണെന്നും ജീവിതം കലയെ അനുകരിക്കുകയാണെന്നും അവര്‍ വാദിച്ചു. കല സൗന്ദര്യത്തില്‍ അധിഷ്ഠിതമായിരിക്കുന്നു എന്നു വാദിച്ച ഓസ്കാര്‍ വൈല്‍ഡും കലയുടെ ആനന്ദവാദം രചനകളിലൂടെ പ്രചരിപ്പിച്ച വിസ്ലറും സ്വിന്‍ബേണും റോസറ്റിയുമെല്ലാം സാഹിത്യത്തിന്റെ സൗന്ദര്യത്തെ നിരൂപിച്ചവരാണ്. സൌന്ദര്യത്തെ തിരിച്ചറിയാനും ഉദാത്തമായി നിര്‍വചിക്കാനുമുള്ള കഴിവ് കലാകാരന്മാര്‍ക്കാണ് കൂടുതലുള്ളതെന്ന് സൗന്ദര്യവാദികള്‍ വിളിച്ചുപറഞ്ഞു. അനുഭവങ്ങളല്ല, അവയുടെ ഘടനയാണ് സൗന്ദര്യാത്മകമായ പ്രതീതിക്ക് കാരണമാകുന്നതെന്ന് അവര്‍ സിദ്ധാന്തിക്കുന്നു. ഘടനയുടെ സൗന്ദര്യത്തിനടിസ്ഥാനം ഭാഷയുടെ വിന്യാസക്രമമാണ്-ഈ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് കാവ്യഭാഷയുടെ പഠനം സൗന്ദര്യാത്മക നിലപാടിന് പുതിയ വെളിച്ചം സമ്മാനിച്ചത്. ഈ വഴിത്തിരിവോടെ ന്യൂ ക്രിട്ടിസിസം മുതല്‍ ഡീ കണ്‍സ്ട്രക്ഷന്‍ വരെയുള്ള ഭാഷാശാസ്ത്രവിമര്‍ശന പദ്ധതികള്‍, നിരൂപണത്തിലേക്ക് കടന്നുകയറുകയായിരുന്നു. ചുരുക്കത്തില്‍, കേവല സൗന്ദര്യവാദത്തില്‍ നിന്ന്, വ്യാകരണാധിഷ്ഠിതമായ ഒരു സൗന്ദര്യദര്‍ശനം പിറവി കൊള്ളുകയായിരുന്നു.
ശൈലീനിഷ്ഠവിമര്‍ശം
നിരൂപണസാഹിത്യത്തെ സമ്പുഷ്ടമാക്കിയ മറ്റൊരു ശാഖയാണ് ശൈലീനിഷ്ഠ നിരൂപണം. ഭാഷാശാസ്ത്രത്തിന്റെയും സാഹിത്യനിരൂപണത്തിന്റെയും അന്തര്‍ഭാവങ്ങളാണ് ശൈലീനിഷ്ഠ നിരൂപണത്തിന് നിദാനം. നോം ചോംസ്കിയുടെ ദര്‍ശനങ്ങളാണ് ശൈലീനിഷ്ഠ നിരൂപണത്തെ അഴിച്ചുപണിഞ്ഞത്. വാക്യഘടനാപഗ്രഥനത്തിലൂടെ ഭാഷാശാസ്ത്രത്തെയും നിരൂപണ സമ്പ്രദായങ്ങളെയും തിരുത്തിയെഴുതാമെന്ന് അദ്ദേഹം വിലയിരുത്തി. ചിന്താശൈലികള്‍, വ്യത്യസ്തമായ ആവിഷ്കരണ സാധ്യതകള്‍, സാമൂഹിക സവിശേഷതകള്‍, വ്യക്തിഗുണങ്ങള്‍ തുടങ്ങിയവ ഘടനയില്‍ സൂക്ഷ്മമായി സ്വാധീനം ചെലുത്തുന്നുണ്ട്. ഭാഷാഘടനയുടെ അടിസ്ഥാനത്തില്‍, എഴുത്തുകാരന്റെ ജീവിത-സൗന്ദര്യ-ആശയമൂല്യങ്ങളെ ഇഴ പിരിച്ചെടുക്കാനാവുമെന്ന് ചോംസ്കി തെളിയിച്ചു. മലയാളത്തില്‍ ഡോ. വി.ആര്‍. പ്രബോധനചന്ദ്രന്‍ നായരുടെ പഠനങ്ങള്‍ ഈ വിഷയത്തെ അധികരിച്ചുള്ളവയാണ്.
ഘടനാവാദവിമര്‍ശം
ഇരുപതാം നൂറ്റാണ്ടില്‍ ഭാഷാശാസ്ത്രത്തില്‍ രൂപംകൊണ്ട ഘടനാവാദം (സ്റ്റ്രക്ചറലിസം) എന്ന പ്രസ്ഥാനം സാഹിത്യസിദ്ധാന്തത്തെ പൊതുവെയും, വിമര്‍ശനചിന്തയെ പ്രത്യേകിച്ചും ശക്തമായി സ്വാധീനിക്കുകയുണ്ടായി. സ്വിസ് ഭാഷാശാസ്ത്രജ്ഞനായ ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍ അവതരിപ്പിച്ച ചില ആശയങ്ങളില്‍ നിന്നാണ് ഘടനാവാദത്തിന്റെ തുടക്കം. സൊസ്യൂര്‍ ഭാഷയെക്കുറിച്ചാണ് എഴുതിയതെങ്കിലും ഘടനാവാദം എന്ന സമീപനം നരവംശശാസ്ത്രം, സമൂഹശാസ്ത്രം, മിഥോളജി, മാധ്യമപഠനം തുടങ്ങി നിരവധി മേഖലകളിലേക്ക് വ്യാപിച്ചു. നിര്‍ദിഷ്ട വിജ്ഞാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസ്ഥകള്‍ (സിസ്റ്റംസ്) അവയില്‍ അന്തര്‍ലീനമായിരിക്കുന്ന ഘടകങ്ങള്‍ എന്നിവ കണ്ടെത്താനാണ് ഘടനാവാദികള്‍ ശ്രമിച്ചത്. ഈ ചിന്താഗതി സാഹിത്യത്തിലേക്ക് വ്യാപിച്ചപ്പോള്‍ സാഹിത്യത്തിന് അതിന്റേതായ വ്യാകരണമുണ്ടെന്നും, അതിന്റെ വിശകലനമാണ് നിരൂപകന്‍ നിര്‍വഹിക്കേണ്ടതെന്നുമുള്ള ആശയം ആവിര്‍ഭവിച്ചു. മിത്തുകള്‍, അനുഷ്ഠാനങ്ങള്‍, ബന്ധസൂചകവ്യവസ്ഥകള്‍ (കിന്‍ഷിപ്പ്) എന്നിവയെ വിശകലനം ചെയ്യാന്‍ നരവംശശാസ്ത്രത്തില്‍ ലെവി സ്റ്റ്രോസ് ഉപയോഗിച്ച പദ്ധതികള്‍ സാഹിത്യത്തിലേക്കും വ്യാപിപ്പിച്ചു. വ്യാകരണ സിദ്ധാന്തത്തില്‍ വാക്യത്തിന്റെ ആഖ്യയെയും ആഖ്യാതാവിനെയും തരംതിരിക്കുന്നതുപോലെ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങളെയും (ഹീറോ, വില്ലന്‍ തുടങ്ങിയ) അവരുടെ ചെയ്തികളെയും ഘടനാവാദികള്‍ തരംതിരിച്ചു. ഇത്തരം വിശകലനങ്ങളിലൂടെ, പുറമേക്ക് വളരെ വൈവിധ്യം പുലര്‍ത്തുന്ന കഥകള്‍ ചുരുക്കം ചില അടിസ്ഥാന കഥാഘടനകളില്‍ നിന്നാണ് രൂപപ്പെട്ടിരിക്കുന്നത് എന്നവര്‍ കാണിച്ചുതരുന്നുണ്ട്. ഉദാഹരണമായി വ്ളാദിമിര്‍ പ്രോപ്പ്, റഷ്യന്‍ നാടോടിക്കഥകളുടെ പഠനത്തില്‍, എല്ലാ കഥകളുടെയും പ്രഭവമായിട്ടുള്ള മുപ്പത്തിയൊന്ന് അടിസ്ഥാന ധര്‍മങ്ങള്‍ നിര്‍ദേശിക്കുന്നു. ഭാഷാവിശകലനത്തില്‍ ഉപയോഗിക്കുന്ന ഫൊണിം, മോര്‍ഫീം തുടങ്ങിയ ഘടകങ്ങള്‍ക്കു സമാനമായി ലെവി സ്റ്റ്രോസ് 'മിത്തീം' എന്ന അടിസ്ഥാനഘടകം ഉപയോഗിച്ചാണ് മിത്തുകളെ വിശകലനം ചെയ്തിരിക്കുന്നത്. ഇത്തരം ഘടനാപരമായ വിമര്‍ശന പദ്ധതികള്‍ സാഹിത്യത്തില്‍ വ്യാപകമായി പ്രയോഗിക്കപ്പെട്ടു. എ.ജെ. ഗ്രെയ്മാസ് ആഖ്യാനത്തിന്റെ (narrative) സാര്‍വലൌകിക വ്യാകരണത്തിന് അടിത്തറയിടാന്‍ ശ്രമിച്ചു. (സ്റ്റ്രക്ചറല്‍ സെമാന്റിക്സ് എന്ന ഗ്രന്ഥം, 1960) യൂറി ലോട്ട്മാന്‍ അനാലിസിസ് ഒഫ് ദ് പൊയറ്റിക് ടെക്സ്റ്റ് (1976) എന്ന ഗ്രന്ഥത്തിലൂടെ കവിതയുടെ ഘടനാപരമായ വിമര്‍ശനത്തിന്റെ സിദ്ധാന്തങ്ങള്‍ ചിട്ടപ്പെടുത്തി. സ്വെതാന്‍ തൊദൊറോവ് ബൊക്കാച്ചിഒയുടെ ഡെക്കാമറണ്‍ കഥകള്‍, ജോസഫ് കോണ്‍റാഡിന്റെ ഹാര്‍ട്ട് ഒഫ് ഡാര്‍ക്ക്നസ് എന്നിവയുടെ ഘടനാവാദവിശകലനം നിര്‍വഹിച്ചു. ജെറാര്‍ദ് ജെനറ്റ് പ്രൂസ്റ്റിന്റെ ആഖ്യാനകല ഘടനാപരമായി വിശകലനം ചെയ്തു. നിരൂപണസാഹിത്യത്തിന്റെ ഭാഷയും ഉള്ളടക്കവും ഇത്തരം കൃതികളിലൂടെ പരിവര്‍ത്തനം ചെയ്യപ്പെട്ടു. നാടോടിക്കഥകള്‍, മിത്തുകള്‍, കുറ്റാന്വേഷണ കഥകള്‍, ജനപ്രിയസാഹിത്യം എന്നിവയില്‍ സാഹിത്യപഠനങ്ങളുടെ പൊതുഘടനയുടെ തത്ത്വങ്ങള്‍ ക്ളാസ്സിക് കൃതികളിലേതിനെക്കാള്‍ വ്യക്തമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. അതിനാല്‍ ഇവയുടെ വിശകലനവും ചിട്ടപ്പെടുത്തലും, മറ്റു സാഹിത്യസൃഷ്ടികള്‍ നിരൂപണം ചെയ്യാനായി ഘടനാവാദികള്‍ ഉപയോഗിച്ചു.
മനുഷ്യന്റെ സാമൂഹിക-സാംസ്കാരിക വൃത്തികളുടെയെല്ലാം അടിസ്ഥാനമായ നിയമങ്ങള്‍, ചിട്ടകള്‍, വ്യവസ്ഥകള്‍ എന്നിവ കണ്ടെത്താനുള്ള ത്വരയായിരുന്നു ഘടനാവാദത്തിന്റെ ചാലകശക്തി. പുരാതത്ത്വശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും ഉപരിതലത്തില്‍ കാണുന്ന പ്രതിഭാസങ്ങള്‍ക്കു പിന്നിലേക്കു പോയി അവ ഏതു വ്യവസ്ഥയുടെ ഭാഗമായി നിലകൊള്ളുന്നു എന്നു കണ്ടെത്തുന്നതുപോലെയാണ് ഘടനാവാദത്തില്‍ അധിഷ്ഠിതമായ നിരൂപണപദ്ധതികള്‍ സമീപിച്ചത്. കാല്പനികതയില്‍ നിന്നു രൂപംകൊണ്ട സാഹിത്യസിദ്ധാന്തത്തില്‍ സാഹിത്യകാരനും അയാളുടെ ആശയവിനിമയലക്ഷ്യത്തിനും പരമപ്രാധാന്യമുണ്ട്. ഭാഷയില്‍ പ്രതിഫലിക്കുന്നത് എഴുത്തുകാരന്റെ മനസ്സോ, എഴുത്തുകാരന്‍ കാണുന്ന ലോകമോ ആണെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ഘടനാവാദവിമര്‍ശനത്തില്‍ ഭാഷാഘടനയാണ് യാഥാര്‍ഥ്യത്തെ സൃഷ്ടിക്കുന്നത്. എഴുത്തുകാരന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കുപരിയായി ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന ദ്വന്ദ്വങ്ങളും പ്രക്രിയകളുമാണ് അര്‍ഥത്തെ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്താനാണ് നിരൂപകര്‍ ശ്രമിച്ചത്. ഭാവാത്മകമായ (Immpressionistic) വിലയിരുത്തലുകളില്‍ നിന്നുമാറി വസ്തുനിഷ്ഠവും ചിട്ടപ്പെടുത്തിയതുമായ ഒരു വിമര്‍ശപദ്ധതി ആവിഷ്കരിക്കാനും സാഹിത്യപാഠങ്ങളില്‍ അന്തര്‍ലീനമായ സാര്‍വലൗകിക ഘടനകളെ വെളിച്ചത്തു കൊണ്ടുവരാനും ഘടനാവാദ വിമര്‍ശനത്തിനു കഴിഞ്ഞു. സാഹിത്യപാഠത്തിന്റെ ദിവ്യത്വത്തെ തിരസ്കരിച്ചുകൊണ്ട് ഒരു കൃതി വായനക്കാരന്‍ എങ്ങനെ ഗ്രഹിക്കുന്നു, എന്തൊക്കെ ചിട്ടകളിലൂടെയാണ് സാഹിത്യകൃതികള്‍ മനസ്സിലാക്കാന്‍ വായനക്കാരന്‍ ശ്രമിക്കുന്നത് തുടങ്ങിയ തലങ്ങളിലേക്ക് ഘടനാവാദികള്‍ വിമര്‍ശനസിദ്ധാന്തത്തെയും പ്രയോഗത്തെയും സാഹിത്യപഠനത്തില്‍ നിന്ന് വായനക്കാരിലേക്ക് ദിശാമാറ്റം വികസിപ്പിച്ചു. അതേസമയം നിശ്ചിത സാഹിത്യപാഠത്തെ തിരസ്കരിച്ചുകൊണ്ടാണ് ഇത് സാധിച്ചത് എന്നത് ഘടനാവാദത്തിന്റെ പോരായ്മയാണ്.
മാര്‍ക്സിയന്‍ വിമര്‍ശം
കാള്‍ മാര്‍ക്സിന്റെ ചിന്താപദ്ധതിയും അതിന്റെ പ്രയോഗത്തിലൂടെ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങളും സാഹിത്യസിദ്ധാന്തത്തെയും നിരൂപണചിന്തയെയും ഗണ്യമായി സ്വാധീനിച്ചു. സാമൂഹിക സാമ്പത്തിക പരിസ്ഥിതികള്‍ ആശയങ്ങളെയും ചിന്താപദ്ധതികളെയും മനോഭാവങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് മാര്‍ക്സ് വിശദമാക്കിയിട്ടുണ്ട്. അധീശവര്‍ഗങ്ങളുടെ താത്പര്യങ്ങള്‍ സമൂഹത്തില്‍ രൂഢമൂലമായ ആശയങ്ങളെയും സാമൂഹികവ്യവസ്ഥകളെയും സൃഷ്ടിക്കുന്നതെങ്ങനെ എന്ന് മാര്‍ക്സും തുടര്‍ന്നുവന്ന മാര്‍ക്സിയന്‍ ചിന്തകരും പരിശോധിച്ചു. ഈ സമീപനത്തിന്റെ അനുരണനങ്ങള്‍ സാഹിത്യത്തിലും ഉണ്ടായി. കലയും സാഹിത്യവും ഓരോ സമൂഹത്തിലും ഓരോ കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന ശക്തിബന്ധങ്ങളുടെ പ്രതിഫലനമാണ് എന്ന് മാര്‍ക്സിയന്‍ നിരൂപകര്‍ വാദിച്ചു. സാര്‍വലൗകികവും കാലാതിവര്‍ത്തിയുമായ ഒരു സൌന്ദര്യസങ്കല്പത്തെ മാര്‍ക്സ് ആദ്യം നിരസിച്ചു. എന്നാല്‍ പിന്നീട് ഗ്രീക്ക് ദുരന്ത നാടകങ്ങള്‍ ആധുനിക കാലഘട്ടത്തിലും ലാവണ്യാനുഭൂതി നല്കുന്നതെന്തുകൊണ്ട് എന്നു വിശകലനം ചെയ്തപ്പോള്‍ കലയ്ക്കും സാഹിത്യത്തിനും അവയുടേതായ ചില നിയമങ്ങള്‍ ഉണ്ട് എന്ന് മാര്‍ക്സ് സമ്മതിച്ചു. എങ്കില്‍പ്പോലും, സാഹിത്യത്തിലടങ്ങിയിരിക്കുന്ന പ്രത്യയശാസ്ത്രപരമായ അംശത്തിനാണ് മാര്‍ക്സിയന്‍ നിരൂപകര്‍ പ്രാധാന്യം നല്കുന്നത്. സാഹിത്യസൃഷ്ടിയുടെ ഘടനാപരമായ സവിശേഷതകളെക്കാള്‍, സമൂഹവുമായുള്ള ബന്ധത്തിനും കാലികമായ സമൂഹത്തിന്റെയും ജീവിതത്തിന്റെയും പ്രശ്നങ്ങളോടുള്ള സാഹിത്യത്തിലൂടെയുള്ള പ്രതികരണത്തിനും പ്രാധാന്യം നല്കുന്ന വിമര്‍ശനപദ്ധതിയാണ് മാര്‍ക്സിയന്‍ ചിന്തയിലൂടെ രൂപപ്പെട്ടത്.
മാര്‍ക്സിയന്‍ സാഹിത്യസിദ്ധാന്തത്തിന്റെയും വിമര്‍ശനത്തിന്റെയും ഏറ്റവും പ്രകടമായ രൂപം 1930-കളില്‍ റഷ്യയില്‍ രൂപംകൊണ്ട റഷ്യന്‍ എഴുത്തുകാരുടെ സംഘടനയിലൂടെയാണ് (യൂണിയന്‍ ഒഫ് സോവിയറ്റ് റൈറ്റേര്‍സ്) ആവിഷ്കരിക്കപ്പെട്ടത്. മാര്‍ക്സും ലെനിനും മുന്നോട്ടുവച്ച ആശയങ്ങളിലധിഷ്ഠിതമായ ഒരു സാഹിത്യം രൂപപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു. യാഥാസ്ഥിതിക കമ്യൂണിസ്റ്റ് സമീപനം പിന്തുടര്‍ന്ന ഈ എഴുത്തുകാര്‍ രൂപനിഷ്ഠവാദത്തെ തിരസ്കരിച്ചു. ചിത്രകല, സംഗീതം, സാഹിത്യം എന്നിവയില്‍ നവീനതയുടെ വക്താക്കളായി അന്നറിയപ്പെട്ടിരുന്ന പിക്കാസോ, സ്ട്രാവിന്‍സ്കി, ജെയിംസ് ജോയ്സ്, ടി.എസ്. എലിയറ്റ് തുടങ്ങിയവരെ മുതലാളിത്ത വ്യവസ്ഥിതിയുടെ കാലഹരണപ്പെട്ട തുടര്‍ച്ചയായിട്ടാണ് അവര്‍ കണ്ടത്. ഒരു കലാസൃഷ്ടിയുടെ മേന്മ, അതിലടങ്ങിയിരിക്കുന്ന സാമൂഹികാവബോധവും അതു സൃഷ്ടിക്കപ്പെട്ട കാലഘട്ടത്തിലെ സാമൂഹികവ്യവസ്ഥയും ചിന്താഗതിയും തുറന്നുകാട്ടാനുള്ള കഴിവുമായി മാര്‍ക്സിയന്‍ ചിന്തകര്‍ വ്യാഖ്യാനിച്ചു. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ സാഹിത്യകൃതികളെ പുനര്‍മൂല്യനിര്‍ണയം ചെയ്തു. സാഹിത്യകാരന്റെ സാമൂഹിക പ്രതിബദ്ധത എന്നത് വിമര്‍ശകരുടെ മുദ്രാവാക്യമായിത്തീര്‍ന്നപ്പോള്‍, സാഹിത്യകാരന്‍ ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന സാമൂഹികപ്രതിബദ്ധതയും സാഹിത്യസൃഷ്ടിയില്‍ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയും തമ്മില്‍ കുഴമറിച്ചിലുകളുണ്ടായി. സാമൂഹികപ്രതിബദ്ധത ഇത്തരത്തില്‍ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് മാര്‍ക്സിയന്‍ നിരൂപകര്‍ മികച്ച എഴുത്തുകാരെ വിമര്‍ശിക്കുകയും ശരാശരി എഴുത്തുകാരെ മഹാസാഹിത്യകാരന്മാരായി പ്രകീര്‍ത്തിക്കുകയും ചെയ്തു. റഷ്യയില്‍ പ്രസിദ്ധീകരണ വ്യവസായത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രിച്ചിരുന്ന കാലഘട്ടത്തില്‍ ഇത് സാഹിത്യത്തെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ മാര്‍ക്സിയന്‍ നിരൂപകര്‍ സ്വീകരിക്കേണ്ട യഥാര്‍ഥ നിലപാട് എംഗല്‍സ് വളരെ മുന്‍പ് വിശദമാക്കിയിരുന്നു. ബോര്‍ബോണ്‍ രാജവംശത്തെ യാഥാസ്ഥിതിക മനോഭാവത്തോടെ പിന്‍താങ്ങിയിരുന്ന ബാല്‍സാക്കിന്റെ കൃതികളില്‍, ചരിത്രകാരന്മാരുടെയും സാമ്പത്തികശാസ്ത്രജ്ഞന്മാരുടെയും പഠനങ്ങളിലേതിനെക്കാള്‍ ആഴത്തില്‍ ഫ്രഞ്ച് സമൂഹം വിശകലനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് എംഗല്‍സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്വന്തം രാഷ്ട്രീയ, വര്‍ഗാധിഷ്ഠിത നിലപാടുകളെ നിരാകരിക്കുന്ന ഉള്‍ക്കാഴ്ചയോടെയാണ് ബാല്‍സാക്ക് സാഹിത്യം രചിച്ചിരിക്കുന്നത് എന്ന് എംഗല്‍സ് അഭിപ്രായപ്പെട്ടു. സാഹിത്യത്തില്‍ ആവിഷ്കരിക്കപ്പെടുന്ന ഇത്തരത്തിലുള്ളൊരു യാഥാര്‍ഥ്യവാദം (realism)ആണ് പില്ക്കാല മാര്‍ക്സിയന്‍ നിരൂപകര്‍ ഉയര്‍ത്തിക്കാട്ടിയത്. യാഥാര്‍ഥ്യം എന്നത് വര്‍ഗാധിഷ്ഠിത നിലപാടുകളെ തകിടം മറിക്കുന്ന ഒന്നായിട്ടാണ് അവര്‍ വിശേഷിപ്പിച്ചത്.
മാര്‍ക്സിയന്‍ നിരൂപണപദ്ധതി രൂപപ്പെടുത്തുന്നതില്‍ ആദ്യകാലത്ത് ഏറ്റവും പ്രധാനപങ്കുവഹിച്ചത് ജോര്‍ജ് ല്യൂകാച് ആണ്. യാഥാര്‍ഥ്യവാദത്തിലധിഷ്ഠിതമായ ഒരു നിരൂപണപദ്ധതി അദ്ദേഹം വികസിപ്പിക്കുകയും പ്രയോഗിപ്പിക്കുകയും ചെയ്തു. ദ് ഹിസ്റ്റോറിക്കല്‍ നോവല്‍ (1937) സ്റ്റഡീസ് ഇന്‍ യൂറോപ്യന്‍ റിയലിസം (1950) ദ് മീനിങ് ഒഫ് കണ്‍ടംപററി റിയലിസം (1957) എന്നിവയാണ് മുഖ്യകൃതികള്‍. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയുടെ പ്രതിഫലനങ്ങളായി സാഹിത്യസൃഷ്ടികളെ വീക്ഷിക്കുന്ന ഹെഗലിയന്‍ ശൈലിയിലുള്ളതാണ് ല്യൂകാചിന്റെ നിരൂപണം. സമൂഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വൈരുധ്യങ്ങളെ സാഹിത്യസൃഷ്ടി അനാവരണം ചെയ്യുന്നതെങ്ങനെ എന്ന് ല്യൂകാച് വിശദീകരിക്കുന്നു. യാഥാര്‍ഥ്യത്തെ കൂടുതല്‍ ആഴത്തിലും തെളിമയോടും വീക്ഷിക്കാന്‍ നമ്മെ സഹായിക്കുന്ന കൃതികളെയാണ് ല്യൂകാച് യഥാര്‍ഥ സാഹിത്യസൃഷ്ടികളായി ഉയര്‍ത്തിക്കാട്ടുന്നത്. കാഫ്ക, ബെക്കറ്റ്, ഫാക്നര്‍ എന്നിവരുടെ പരീക്ഷണാത്മക കൃതികളെ, ക്യാപ്പിറ്റലിസത്തിന്റെ പ്രഭാവത്തിലൂടെ രൂപംകൊള്ളുന്ന അമിതമായ വ്യക്തിനിഷ്ഠതയുടെ പ്രതിഫലനമായിട്ടാണ് ല്യൂകാച് കണ്ടത്.
മാര്‍ക്സിയന്‍ നിരൂപണപദ്ധതിയുടെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്ഥാപനം നിര്‍ണായകമായിരുന്നു. വിമര്‍ശന സിദ്ധാന്തം (critical theory) എന്ന ചിന്താപദ്ധതിക്ക് രൂപം നല്കിയത് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച ചിന്തകരാണ്. സമൂഹശാസ്ത്രം, തത്ത്വചിന്ത, നരവംശശാസ്ത്രം, സാഹിത്യം, കലകള്‍, സംസ്കാരപഠനം തുടങ്ങി നിരവധി മേഖലകളിലേക്കു പരക്കുന്ന വിശകലനങ്ങളും പഠനങ്ങളും ഇവര്‍ പ്രസിദ്ധീകരിച്ചു. മാക്സ് ഹോര്‍ക്ഹൈമര്‍, തിയഡോര്‍ അഡോണോ, ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ്, വാള്‍ട്ടര്‍ ബഞ്ചമിന്‍ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിലെ പ്രധാന ചിന്തകര്‍. സംസ്കാരം, സാങ്കേതികവിദ്യ, മാധ്യമങ്ങള്‍, സാമൂഹികമാറ്റങ്ങള്‍ എന്നിവയെല്ലാം സാഹിത്യവുമായി ഏതു രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും, ഈ മാറ്റങ്ങള്‍ അനുസരിച്ച് സാഹിത്യം എന്ന സങ്കല്പം തന്നെ പുനര്‍നിര്‍വചിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഇവര്‍ നടത്തിയ വിശകലനങ്ങള്‍ നിരൂപകരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഘടനാവാദത്തിന്റെ സ്വാധീനത്തില്‍ മാര്‍ക്സിയന്‍ ചിന്തയില്‍ രൂപപ്പെട്ട സ്റ്റ്രക്ചറല്‍ മാര്‍ക്സിസം എന്ന പ്രസ്ഥാനവും മാര്‍ക്സിയന്‍ നിരൂപണത്തെ രൂപപ്പെടുത്തിയ ഒരു ചിന്താധാരയാണ്. സ്റ്റ്രക്ചറല്‍ മാര്‍ക്സിസത്തിന്റെ വക്താക്കളായിരുന്ന ലൂസിയന്‍ ഗോള്‍ഡ്മാന്‍ നോവലിന്റെ ഘടനയും കമ്പോള സമ്പദ്ഘടനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ല്യൂയി അല്‍ഈസര്‍ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ കലകള്‍ അവയെ എങ്ങനെ നിരസിക്കുന്നു എന്നതിനെക്കുറിച്ചു നടത്തിയ വിശകലനങ്ങളും നിരൂപണസിദ്ധാന്തത്തിലെ അത്യന്താധുനിക പ്രവണതകള്‍ക്കു തുടക്കംകുറിച്ചു. എഴുപതുകളില്‍ ശക്തിപ്രാപിച്ച നവമാര്‍ക്സിയന്‍ വിമര്‍ശനഘട്ടത്തിലാണ് സമകാലികസാഹിത്യത്തെയും നിരൂപണത്തെയും ഏറ്റവും സ്വാധീനിച്ച മാര്‍ക്സിയന്‍ നിരൂപകര്‍ രംഗപ്രവേശം ചെയ്തത്. ഫ്രെഡറിക് ജെയിംസണ്‍, റെയ്മണ്ട് വില്യംസ്, ടെറി ഈഗ്ള്‍ടണ്‍ എന്നിവരുടെ നിരൂപണങ്ങളിലും പഠനങ്ങളിലും മാര്‍ക്സിയന്‍ വിമര്‍ശനത്തിന്റെ തനിമയുള്ള രീതിപദ്ധതി വെളിവാകുന്നുണ്ട്. പ്രത്യയശാസ്ത്രവും സാഹിത്യവും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുന്നതിലാണ് ഇവര്‍ പ്രധാനമായും ശ്രദ്ധിച്ചിട്ടുള്ളത്.
ഉത്തരാധുനിക നിരൂപണ സിദ്ധാന്തങ്ങള്‍
സ്ട്രക്ചറലിസം, ഡീകണ്‍സ്ട്രക്ഷന്‍ തുടങ്ങിയ സിദ്ധാന്തങ്ങള്‍ക്ക് പുറമേ ചിഹ്നവിജ്ഞാനീയം, ഉത്തരഘടനാവാദം, അപനിര്‍മാണം, സ്ത്രീവാദവിമര്‍ശം, പോസ്റ്റ് കൊളോണിയലിസം, ഡയലോജിസം, നവചരിത്രവാദം തുടങ്ങിയ ബഹുമുഖധാരകളും ആധുനികോത്തര നിരൂപണസാഹിത്യത്തെ സ്വാധീനിക്കുന്നുണ്ട്. സൊസ്സ്യൂര്‍, ക്ളോദ് ലെവിസ്ട്രോസ്, റൊളാങ് ബാര്‍ത്ത്, ജൂലിയ ക്രിസ്റ്റേവ, ദെറീദ, ഉംബര്‍ട്ടോ എക്കോ, സിമോണ്‍ ഡി ബുവെ, ബെറ്റി ഫ്രീഡന്‍, എലയ്ന്‍ ഷോവാള്‍ട്ടര്‍, ഫ്രാന്‍സ് ഫാനന്‍, എഡ്വേര്‍ഡ് സെയ്ദ്, മിഖായേല്‍ ബക്തിന്‍, സ്റ്റീഫന്‍ ഗ്രീന്‍ ബ്ളാറ്റ്, ബോദിയര്‍ തുടങ്ങിയവരാണ് ഉത്തരാധുനിക നിരൂപണത്തിന്റെ പ്രധാന വക്താക്കള്‍.
സ്ത്രീപക്ഷ വിമര്‍ശം
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വേറിട്ട ചില ചിന്തകളായി ആരംഭിക്കുകയും ക്രമേണ ശക്തമായ ഒരു പ്രസ്ഥാനമാവുകയും ചെയ്ത ഫെമിനിസ്റ്റ് സാഹിത്യസിദ്ധാന്തം സ്ത്രീയുടെ ജൈവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവുമായ അസ്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ സാഹിത്യത്തെ സമീപിക്കുന്നു. സമൂഹത്തിന്റെ മറ്റെല്ലാ മേഖലയിലുമെന്നതുപോലെ സാഹിത്യത്തിലും പുരുഷമേധാവിത്വം നിലനില്‍ക്കുന്നുണ്ടെന്നും സാഹിത്യവും സാഹിത്യസിദ്ധാന്തവും നിരൂപണപദ്ധതികളുമെല്ലാം പുരുഷന്റെ വീക്ഷണത്തിലൂടെ രൂപപ്പെട്ടതാണെന്നും ഇതില്‍ നിന്നു മാറി സ്ത്രീയുടേതായ ഒരു സാഹിത്യസമീപനം ആവശ്യമാണ് എന്നുമുള്ള ചിന്തകളാണ് സ്ത്രീപക്ഷ വിമര്‍ശനത്തിന്റെ അടിസ്ഥാന ദര്‍ശനം. സ്ത്രീപക്ഷവിമര്‍ശകര്‍ ശ്രദ്ധകേന്ദ്രീകരിച്ചത് താഴെപ്പറയുന്ന മേഖലകളിലാണ്.
പുരുഷമേധാവിത്വത്തിലൂടെ രൂപപ്പെട്ട സൗന്ദര്യശാസ്ത്ര നിരൂപണ ചിന്തകളില്‍ തിരസ്കരിക്കപ്പെട്ട സ്ത്രീകളായ എഴുത്തുകാരുടെ രചനകളുടെ പുനര്‍മൂല്യനിര്‍ണയം.
പുരുഷസാഹിത്യകാരന്മാരുടെ രചനകളിലെ സ്ത്രീയുടെയും സ്ത്രൈണതയുടെയും ചിത്രീകരണം.
പുരുഷകേന്ദ്രീകൃതമായ നിരൂപണ പദ്ധതികളുടെ പുനര്‍വിചിന്തനം.
സ്ത്രീപക്ഷ സിദ്ധാന്തങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള നവനിരൂപണ പദ്ധതികളുടെ രൂപീകരണം.
വെര്‍ജീനിയ വുള്‍ഫ്, സിമോണ്‍ ദി ബുവെ എന്നിവരുടെ ലേഖനങ്ങളിലാണ് സ്ത്രീപക്ഷ വിമര്‍ശനത്തിന്റെ ആദ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളെയും സാഹിത്യത്തില്‍ നിരാകരിക്കപ്പെടുന്ന സ്ത്രൈണലൈംഗികതയെയും ഇവര്‍ എടുത്തുകാണിക്കുകയും സ്ത്രീയുടേതായ ഒരു സാഹിത്യപാരമ്പര്യത്തിനുവേണ്ടി വാദിക്കുകയും ചെയ്തു. ഇവരെത്തുടര്‍ന്ന് നിരവധി വിമര്‍ശകര്‍ സ്ത്രീപക്ഷസമീപനത്തിന്റെ അടിത്തറയില്‍ സാഹിത്യത്തെയും സാഹിത്യകൃതികളെയും വിലയിരുത്തിത്തുടങ്ങി. എ ലിറ്ററെച്ചര്‍ ഒഫ് ദെയര്‍ ഓണ്‍ (1977) എന്ന കൃതിയില്‍ അമേരിക്കന്‍ നിരൂപകയായ എലൈന്‍ ഷോവാള്‍ട്ടര്‍ സ്ത്രീപക്ഷസാഹിത്യത്തിന്റെയും നിരൂപണത്തിന്റെയും ചരിത്രവും ഉള്ളടക്കവും വിശകലനം ചെയ്തു. എഴുപതുകളിലാണ് പ്രമുഖരായ സ്ത്രീപക്ഷ വിമര്‍ശകര്‍ കൃതികള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. കെയ്റ്റ് മില്ലെറ്റിന്റെ സെക്ഷ്വല്‍ പൊളിറ്റിക്സ് (1979) സ്ത്രീപക്ഷ സാഹിത്യവിമര്‍ശനത്തിലെ ഒരു പ്രധാനപ്പെട്ട കൃതിയാണ്. സാഹിത്യമൂല്യങ്ങളും പാരമ്പര്യങ്ങളും പുരുഷന്മാര്‍ രൂപീകരിച്ചതാണെന്നും അവയുടെ സമ്മര്‍ദത്തില്‍ തങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ ആത്മാവിഷ്കാരം നടത്താന്‍ സ്ത്രീ നിര്‍ബന്ധിതയാകുന്നു വെന്നും മില്ലെറ്റ് ഈ ഗ്രന്ഥത്തില്‍ അഭിപ്രായപ്പെട്ടു. ഹെന്റി മില്ലര്‍, ഡി.എച്ച്. ലോറന്‍സ്, നോര്‍മന്‍ മെയ്ലര്‍ എന്നിവരുടെ കൃതികളില്‍ ആവിഷ്കൃതമാകുന്ന പുരുഷകേന്ദ്രീകൃതമായ ലോകത്തെ മില്ലെറ്റ് അനാവരണം ചെയ്യുകയും സ്ത്രീയുടേതായ ഒരു വായനാസംസ്കാരത്തിനു വേണ്ടി വാദിക്കുകയും ചെയ്തു. സ്ത്രീയുടെയും പുരുഷന്റെയും സാഹിത്യകൃതികളുടെ ഘടനയും സമീപനവും വീക്ഷണവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു വെന്നു പരിശോധിക്കുന്ന നിരവധി നിരൂപണകൃതികള്‍ ഇതിനെത്തുടര്‍ന്ന് ലോകമെമ്പാടും പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലന്‍ മൊയേര്‍സിന്റെ ലിറ്റററി വിമന്‍ (1976), സാന്ദ്രാ ഗില്‍ബര്‍ട്ട്, സൂസന്‍ ഗുബാര്‍ എന്നിവര്‍ ചേര്‍ന്നു രചിച്ച ദ് മാഡ് വുമണ്‍ ഇന്‍ ദി അറ്റിക്ക് (1979) എന്നിവ സ്ത്രീപക്ഷ സാഹിത്യത്തിന്റെയും നിരൂപണ പദ്ധതിയുടെയും അടിത്തറ പാകി. സ്ത്രീകളുടെ രചനകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗൈനോക്രിട്ടിസിസം എന്ന പ്രസ്ഥാനം ഇക്കാലത്ത് രൂപംകൊണ്ടു. ജൂലിയ ക്രിസ്തെവ, ഹെലീന്‍ സിയ്സൂസ്, ല്യൂസ് ഇറിഗാറേ എന്നിവരുടെ ഗ്രന്ഥങ്ങളിലൂടെ ഫ്രാന്‍സിലും സ്ത്രീപക്ഷ വിമര്‍ശനത്തിന്റെ പ്രബലമായൊരു ധാര രൂപംകൊണ്ടു. സൈക്കോ അനാലിസിസിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള ഒരു ഫെമിനിസ്റ്റ് നിരൂപണപദ്ധതിയാണ് ഇവര്‍ രൂപീകരിച്ചത്. മാര്‍ക്സിസം, പോസ്റ്റ് സ്റ്റ്രക്ചറലിസം തുടങ്ങിയ ചിന്താധാരകളുടെ സ്വാധീനത്തിലാണ് സ്ത്രീപക്ഷ വിമര്‍ശനം പിന്നീട് വികസിച്ചത്. സമകാലിക സാഹിത്യത്തില്‍ വ്യത്യസ്തവും പ്രബലവുമായ ഒരു നിരൂപണധാരയായി സ്ത്രീപക്ഷ വിമര്‍ശനം നിലകൊളളുന്നു. മേരി ഈഗ്ള്‍ടണ്‍, കോറാ കപ്ളാന്‍, ബാര്‍ബറാ ജോണ്‍സണ്‍, ജൂലിയറ്റ് മിച്ചല്‍, ടോറി മോയി തുടങ്ങി നിരവധി പ്രമുഖ നിരൂപകര്‍ ഈ വിമര്‍ശന സമീപനത്തിലൂടെ നിരൂപണ സാഹിത്യത്തിന്റെ മുന്‍പന്തിയിലെത്തിയിട്ടുണ്ട്.
മനഃശാസ്ത്രനിരൂപണവും മിഥോളജിക്കല്‍ നിരൂപണവും
സിഗ്മണ്ട് ഫ്രോയിഡിന്റെ മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെയും സൈക്കോ അനാലിസിസിന്റെയും ആശയങ്ങളുടെ വെളിച്ചത്തില്‍ സാഹിത്യകൃതികളെ വിശകലനം ചെയ്യുന്ന സമീപനങ്ങള്‍ ഫ്രോയിഡിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. ഫ്രോയിഡ് തന്നെ ഷെയ്ക്സ്പിയറുടെയും ദസ്തയവ്സ്കിയുടെയും കൃതികളെ തന്റെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. ബോധമനസ്സിന് അപ്രാപ്യമായ ചോദനകളും ആശയങ്ങളും അനുഭവങ്ങളും അബോധമനസ്സില്‍ മറഞ്ഞുകിടക്കുന്നുണ്ടെന്നും അവ സാഹിത്യാദി കലാപ്രകടനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്നുമുള്ള ഫ്രോയിഡിന്റെ ആശയമാണ് മനഃശാസ്ത്ര നിരൂപണത്തിന് അടിത്തറ പാകിയത്. കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിന്റെയും അവരുടെ ചെയ്തികളുടെയും മനഃശാസ്ത്ര വ്യാഖ്യാനം, അവയിലൂടെ എഴുത്തുകാരന്റെ ലക്ഷ്യങ്ങളുടെ വിശകലനം, വായനക്കാരില്‍ സാഹിത്യം ഉളവാക്കുന്ന പ്രതികരണങ്ങളുടെ വിശകലനം എന്നിവയിലാണ് ഇത്തരം വിമര്‍ശകര്‍ ശ്രദ്ധയൂന്നുന്നത്. സൈക്കോ അനാലിസിസിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് ആധുനികകാലത്ത് ഷാക്ക് ലക്കാന്‍, മിഷേല്‍ ഫുക്കോ എന്നിവര്‍ വികസിപ്പിച്ച സാഹിത്യസിദ്ധാന്തങ്ങളും ഈ നിരൂപണപദ്ധതിയെ പരിപോഷിപ്പിച്ചു.
ഫ്രോയ്ഡിന്റേതില്‍നിന്നു വ്യത്യസ്തമായ മനഃശാസ്ത്രസിദ്ധാന്തം രൂപീകരിച്ച കാള്‍ യൂങ്ങിന്റെ കളക്റ്റീവ് അണ്‍കോണ്‍ഷ്യസ് എന്ന സങ്കല്പനമാണ് മിഥോളജിക്കല്‍ നിരൂപണത്തിനു തുടക്കം കുറിച്ചത്. എല്ലാ മനുഷ്യരുടെയും, കാലംകൊണ്ടും ദൂരം കൊണ്ടും ഏറെ അകന്നുകിടക്കുന്ന സമൂഹങ്ങളിലെ വ്യക്തികളുടെ പോലും, അബോധമനസ്സില്‍ അടങ്ങിയിരിക്കുന്ന ചില പൊതു അംശങ്ങളെയാണ് യൂങ് കളക്റ്റീവ് അണ്‍കോണ്‍ഷ്യസ് എന്നു വിളിച്ചത്. ഇതുകാരണം ലോകമെമ്പാടുമുള്ള സംസ്കൃതികളിലെ കലകളിലും സാഹിത്യത്തിലും പൊതുവായ ചില ആദിപ്രരൂപങ്ങള്‍ (ആര്‍ക്കിടൈപ്സ്) കാണാം. അതിനാല്‍ സാഹിത്യകൃതികളോട് സാര്‍വലൌകികമായ പ്രതികരണങ്ങളും പ്രതീക്ഷിക്കാം. അതിപുരാതനമായ മിത്തുകളോട് അത്യന്താധുനിക സാഹിത്യകൃതികള്‍ക്കുവരെ അതിശയകരമായ സാദൃശ്യമുണ്ടാകാം. ഈഡിപ്പസ് മിത്തിനോട് അടുത്തുനില്ക്കുന്ന ഒന്നാണ് ഷെയ്ക്സ്പിയറുടെ ഹാംലറ്റ്. പുറമേക്കു വ്യത്യസ്തമായി ത്തോന്നുന്ന പല കഥാപാത്രങ്ങളുടെയും ആന്തരികവ്യക്തിത്വം ഒന്നുതന്നെയാണ്. ഇക്കാരണത്താല്‍ ഈ കഥാപാത്രങ്ങള്‍ വായനക്കാരില്‍ ഒരേ പ്രതികരണം സൃഷ്ടിക്കുന്ന മിഥോളജിക്കല്‍ നിരൂപണം (അഥവാ ആര്‍ക്കിടൈപ്പല്‍ നിരൂപണം) സാഹിത്യകൃതികളിലെ ഇത്തരം സാര്‍വലൌകിക അര്‍ഥങ്ങളെയും ആശയങ്ങളെയും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നു. കഥാപാത്രങ്ങള്‍, ഇമേജുകള്‍, പ്രമേയങ്ങള്‍ എന്നിവയിലടങ്ങിയിരിക്കുന്ന മനുഷ്യവംശത്തിന്റെ പൊതു അനുഭവത്തിന്റെ അംശങ്ങള്‍ കണ്ടെത്തുകയും, അവയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത കൃതികളോടുള്ള വായനക്കാരുടെ പ്രതികരണത്തെ വ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം നിരൂപകര്‍ പിന്‍തുടരുന്ന നിരൂപണപദ്ധതി. മൗഡ് ബോഡ്കിന്റെ ആര്‍ക്കിടൈപ്സ് ഇന്‍ പൊയട്രി എന്നത് ഈ പ്രസ്ഥാനത്തിലെ പ്രശസ്തമായ ഒരു കൃതിയാണ്.
അപനിര്‍മാണം
1960-കള്‍ക്കുശേഷം ഘടനാവാദത്തില്‍ നിന്ന് പോസ്റ്റ് സ്റ്റ്രക്ചറലിസം എന്നറിയപ്പെട്ട പ്രസ്ഥാനം രൂപംകൊണ്ടു. ഘടനാവാദത്തിന്റെ മുഖമുദ്രയായ ശാസ്ത്രീയതയുടെയും കൃത്യതയുടെയും നിരാസത്തിലൂടെയാണ് പോസ്റ്റ് സ്റ്റ്രക്ചറലിസം ആവിര്‍ഭവിച്ചത്. സൈക്കോ അനാലിസിസ്, തത്ത്വചിന്ത, ഭാഷാശാസ്ത്രം എന്നിവയിലെ ആധുനിക ധാരകളുടെ പ്രഭാവം ഈ പ്രസ്ഥാനത്തിന്റെ ഭാഗമായ വിവിധ നിരൂപണപദ്ധതികളില്‍ കാണാം. ഫ്രഞ്ച് തത്ത്വചിന്തകനായ ഷാക്ക് ദെറിദയുടെ ആശയങ്ങളില്‍ നിന്നു രൂപപ്പെട്ട അപനിര്‍മാണം (ഡികണ്‍സ്ട്രക്ഷന്‍) ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. സാഹിത്യകൃതികള്‍ക്ക് സ്ഥിരമായ അര്‍ഥമില്ല എന്നും, ഒരേ ഒരു അര്‍ഥം മാത്രമല്ല അവയ്ക്കുള്ളതെന്നുമാണ് അപനിര്‍മാണത്തിന്റെ അടിസ്ഥാന ആശയം. നാം ഉദ്ദേശിക്കുന്നത് പൂര്‍ണമായും വിനിമയം ചെയ്യാന്‍ ഭാഷയ്ക്ക് കഴിവില്ലെന്നും, നാം ഉദ്ദേശിക്കാത്ത അര്‍ഥങ്ങള്‍ ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടുന്നുണ്ട് എന്നും ദെറിദ വാദിച്ചു. അതിനാല്‍ കേവലജ്ഞാനം (absolute knowledge) എന്നത് ഒരിക്കലും സാധ്യമല്ല. അതുകൊണ്ടുതന്നെ ഒരു കൃതിക്ക് സ്ഥായിയായ ഒരര്‍ഥം കല്പിക്കുന്നതിനെ അപനിര്‍മാതാക്കള്‍ എതിര്‍ക്കുന്നു. കൃതിയുടെ അര്‍ഥം നിര്‍ണയിക്കുക എന്നതല്ല നിരൂപകന്റെ ധര്‍മം. കൃതിയുടെ അര്‍ഥത്തെ അപനിര്‍മിച്ചുകൊണ്ട് പരസ്പരവിരുദ്ധവും പൊരുത്തപ്പെടാത്തതുമായ ചോദനകള്‍ കൃതിയില്‍ അന്തര്‍ലീനമായിരിക്കുന്നത് വെളിച്ചത്തുകൊണ്ടുവരുക എന്നതാണ് അപനിര്‍മാണം നിര്‍വഹിക്കുന്ന നിരൂപകര്‍ ചെയ്യുന്നത്. കൃതിയുടെ ഉപരിപ്ളവമായ കെട്ടുറപ്പിനെ തകര്‍ത്തുകൊണ്ട് ആന്തരികമായ അര്‍ഥഭംഗങ്ങളും വൈരുധ്യങ്ങളും അവര്‍ കണ്ടെത്തുന്നു. നവവിമര്‍ശകര്‍ നിര്‍ദേശിക്കുന്നതുപോലെയുള്ള ഒരു സൂക്ഷ്മവായന അപനിര്‍മാണത്തിലും അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ വായനയുടെ ലക്ഷ്യം, ഒരു സാഹിത്യപാഠത്തിലെ ഘടനകളില്‍ നിന്ന് വൈവിധ്യമാര്‍ന്ന വായനകള്‍ എങ്ങനെ രൂപംകൊള്ളുന്നു എന്നു കണ്ടെത്തുകയാണ്. അതിസങ്കീര്‍ണവും വിവാദാത്മകവുമായ ഒരു നിരൂപണപദ്ധതിയായിട്ടാണ് അപനിര്‍മാണം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ നിരൂപണത്തിന്റെ ഭാവിദശ നിര്‍ണയിച്ച ഒരു സ്വാധീനമാണ് അപനിര്‍മാണം.
നിരൂപണം: പാരമ്പര്യ സരണികള്‍
ചൈനീസ്
ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യവിമര്‍ശന പാരമ്പര്യങ്ങളിലൊന്നാണ് ചൈനീസ്. കണ്‍ഫ്യൂഷ്യന്‍ കാലഘട്ടംതൊട്ട് മികച്ച ക്ളാസ്സിക്കുകളും പ്രൌഢമായ നിരൂപണഗ്രന്ഥങ്ങളും ചൈനീസില്‍ ഉണ്ടായിട്ടുണ്ട്. പുരാതന കവിതകളുടെ സമാഹാരമായ ശിഹ് ചിങ് അഥവാ ഗീതങ്ങളുടെ പുസ്തകത്തിന് കണ്‍ഫ്യൂഷ്യന്‍ കാലഘട്ടത്തിലുണ്ടായ എഡിഷനിലും അതിനെത്തുടര്‍ന്ന് ഈ ഗ്രന്ഥത്തെക്കുറിച്ച് ഉണ്ടായ നിരൂപണ പഠനങ്ങളിലുമാണ് ചൈനീസ് സാഹിത്യവിമര്‍ശനത്തിന്റെ ഏറ്റവും പഴയ മാതൃകകള്‍ അടങ്ങിയിരിക്കുന്നത്. കണ്‍ഫ്യൂഷ്യസ് (ക്രി.മു. 551-479) തന്നെ ഈ ഗ്രന്ഥത്തിലെ കവിതകളെക്കുറിച്ച് നിരൂപണപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മനുഷ്യമനസ്സിന് ഉത്തേജനം നല്കുന്നു, അഹംബോധം ജനിപ്പിക്കുന്നു, സാമൂഹികശേഷികള്‍ വളര്‍ത്തുന്നു, അധമവികാരങ്ങളെ നിയന്ത്രിക്കുന്നു, ധാര്‍മിക ഉത്തരവാദിത്വം വളര്‍ത്തുന്നു, ലോകജ്ഞാനം പ്രദാനം ചെയ്യുന്നു എന്നിങ്ങനെ കവിതയുടെ ധര്‍മങ്ങളെ, ഗീതങ്ങളുടെ പുസ്തകത്തെ അടിസ്ഥാനമാക്കി കണ്‍ഫ്യൂഷ്യസ് വിശദീകരിക്കുന്നു. കവിതയുടെ സാമൂഹികധര്‍മത്തിനു പ്രാധാന്യം നല്കുന്ന ഒരു വിമര്‍ശനസമീപനമാണ് ഇക്കാലത്ത് നിലവിലിരുന്നത്.
ഹാന്‍ കാലഘട്ടത്തില്‍ (ക്രി.മു. 25 - ക്രി.പി. 220) വെയ് ഹുങ് എന്ന നിരൂപകന്‍ ഗീതങ്ങളുടെ പുസ്തകത്തിന് എഴുതിയ വ്യാഖ്യാനത്തില്‍, സാഹിത്യം എന്നത് ഓരോ കാലഘട്ടത്തിലെയും രാഷ്ട്രീയ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമാണ് എന്ന് വാദിച്ചിരിക്കുന്നു. ആധുനിക മാര്‍ക്സിയന്‍ ചിന്തയിലെ സാഹിത്യസമീപനത്തിന്റെ അടിസ്ഥാനം ഈ ആശയമാണ് എന്നത് ശ്രദ്ധേയമാണ്. ലു ചി (ക്രി.പി. 221-303) എന്ന നിരൂപകര്‍ രചിച്ച വെന്‍ ഫു പുരാതന ചൈനീസിലെ ഏറ്റവും വിശിഷ്ടമായ സാഹിത്യശാസ്ത്രഗ്രന്ഥമായി വിശേഷിപ്പിക്കാറുണ്ട്. ഹൊറേസിന്റെ ആര്‍സ് പൊയറ്റിക്കയുമായി ഇതിനെ പില്ക്കാല പണ്ഡിതര്‍ താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഗദ്യപദ്യസമ്മിശ്രമായ ഒരു ശൈലിയില്‍ രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം കാവ്യകലയിലെ സൃഷ്ടിപ്രക്രിയയിലേക്കും ക്ലാസ്സിക് കൃതികളുടെ വിശകലനങ്ങളിലേക്കുമൊക്കെ കടന്നുചെല്ലുന്നുണ്ട്. ക്രി.പി. 465-നും 522-നും ഇടയ്ക്കു രചിക്കപ്പെട്ടതായി കരുതുന്ന വെന്‍-ഹ്സിന്‍ തിയാവോ-ലുങ് എന്ന കൃതി ബൃഹത്തായ ഒരു നിരൂപണഗ്രന്ഥമാണ്. ലിയു ഹ്സിയെ ആണ് ഇതിന്റെ കര്‍ത്താവ്. ദാര്‍ശനികാടിത്തറയില്‍ നിന്നുകൊണ്ടുള്ള ഒരു നിരൂപണ പദ്ധതിയാണ് ഇതില്‍ രൂപീകരിച്ചിരിക്കുന്നത്. ഇതേ കാലയളവില്‍ ജീവിച്ചിരുന്ന ചുങ് ജങ് ഭാവഗീതങ്ങളെക്കുറിച്ച് പ്രൗഢമായ ഒരു ഗ്രന്ഥം രചിച്ചു. ലിയു ഹ്സിയെയുടെ അഭിപ്രായത്തെ തിരസ്കരിച്ചുകൊണ്ട് കേള്‍വിസുഖത്തെക്കാള്‍ കവിതയിലൂടെ അനുഭവിക്കാന്‍ കഴിയുന്ന വൈകാരികാനുഭൂതിയാണ് കവിതയെ ഉദാത്തമാക്കുന്നത് എന്നദ്ദേഹം സമര്‍ഥിച്ചു. കവിതകളെ വിലയിരുത്താനായി മൂന്നു തലങ്ങളുള്ള ഒരു വിമര്‍ശനപദ്ധതിയും അദ്ദേഹം രൂപീകരിച്ചു. അസാധാരണമായ ഔന്നത്യവും മൌലികതയും കൊണ്ട് ശ്രദ്ധേയമായ ഒരു കൃതിയാണ് വാങ്ച്ആങ് ലിങ് (ക്രി.പി. 690-750) രചിച്ച ഷിഹ്-കെ അഥവാ കാവ്യപ്രമാണങ്ങള്‍. മൂലകൃതി കണ്ടെത്താനായിട്ടില്ലെങ്കിലും, ജാപ്പനീസ് വിവര്‍ത്തനത്തിലൂടെ ഇത് കാവ്യലോകത്തിന് പ്രചോദനം നല്കി. സൃഷ്ടിപ്രക്രിയയെക്കുറിച്ചും കലയുടെ മനഃശാസ്ത്രത്തെക്കുറിച്ചും അഗാധമായ നിരീക്ഷണങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. കവിയുടെ മനസ്സിന്റെ പുറംലോകവുമായുള്ള ഒരു ഏകീകരണമാണ് കവിത എന്നു നിര്‍വചിച്ചുകൊണ്ട് ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് അദ്ദേഹം വിശകലനം ചെയ്തിരിക്കുന്നു.
എട്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ നിരൂപകന്‍ ചിയാവോ ജാന്‍ എന്ന ബുദ്ധസന്യാസിയായിരുന്നു. ചൈനീസ് സാഹിത്യത്തെ ഏറെ സ്വാധീനിച്ച മൂന്നു നിരൂപണഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു (കാവ്യമാതൃകകള്‍, കവിതാവിമര്‍ശനം, കാവ്യചിന്തകള്‍). കവിയുടെ വികാരങ്ങളും അനുഭവങ്ങളും സ്വാഭാവികമായ രീതിയില്‍ കവിതയില്‍ ആവിഷ്കരിക്കപ്പെടുന്നത് എങ്ങനെ എന്നും, കവിതയെ കൃത്രിമമാക്കുന്ന കാവ്യദോഷങ്ങള്‍ ഏവ എന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. കവിതയിലടങ്ങിയിരിക്കുന്നത് അനുഭവത്തിന്റെ ചില 'അംശങ്ങള്‍' മാത്രമാണെന്നും ഈ അംശങ്ങള്‍ മാത്രം ആവിഷ്കരിച്ചുകൊണ്ട് അതിനപ്പുറത്തേക്കു വ്യാപിക്കുന്ന ഒരനുഭവലോകത്തിലേക്കും പ്രബുദ്ധതയിലേക്കും വായനക്കാരെ നയിക്കാന്‍ കഴിയുന്നതാണ് ഉദാത്തകവിതയെന്നും ചിയാവോ ജാന്‍ അഭിപ്രായപ്പെടുന്നു.
കവിയും നിരൂപകനുമായിരുന്ന സ്സൂ ക്ഊങ് (837-908) ശൈലീപരമായി ഇരുപത്തിനാലുതരം കവിതകളുണ്ടെന്നു സമര്‍ഥിക്കുകയും ഈ വീക്ഷണത്തെ അടിസ്ഥാനമാക്കി നിരൂപണ ഗ്രന്ഥം രചിക്കുകയും ചെയ്തു. സാധാരണ ജീവിതത്തിലെ ഇച്ഛകളില്‍ നിന്നു മുക്തരായി പ്രകൃതിയുടെ അടിസ്ഥാന പ്രക്രിയകളുമായി ഇഴുകിച്ചേര്‍ന്നാല്‍ മാത്രമേ യഥാര്‍ഥ കവിത രചിക്കാന്‍ കഴിയുകയുള്ളൂ എന്ന തത്ത്വചിന്താപരമായ വീക്ഷണം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. സുങ് ഭരണകാലഘട്ടത്തില്‍ (960-1275) മുന്‍കാലഘട്ടത്തിലുണ്ടായ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക നിരൂപണങ്ങളാണ് കൂടുതലും ഉണ്ടായത്. ഏറ്റവും മഹാനായ ചൈനീസ് കവിയായി വിശേഷിപ്പിക്കപ്പെടുന്ന തൂ ഫൂ (712-770) വിന്റെ രചനകളെ അടിസ്ഥാനമാക്കിയുള്ള നിരവധി നിരൂപണ പഠനങ്ങള്‍ ഇക്കാലത്തുണ്ടായി.
യെന്‍ യൂ (1180-1235) എന്ന നിരൂപകന്‍ ബുദ്ധമത തത്ത്വങ്ങളെയും കാവ്യസിദ്ധാന്തങ്ങളെയും ഉദ്ഗ്രഥിക്കാന്‍ ശ്രമിച്ചു. ആധ്യാത്മികമായി ഉത്തേജിതമായ അവസ്ഥയിലേക്ക് കവി ഉണരുന്നതിലൂടെയാണ് വായനക്കാരുടെ ഉള്ളിലേക്കു പ്രവേശിക്കാന്‍ കഴിയുന്ന കവിതകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. മതപരമായ പല ഉപമകള്‍ ഉപയോഗിച്ചാണ് യൂ കാവ്യവിശകലനം നടത്തിയിരുന്നത്. യുവാന്‍ ഭരണകാലത്ത് (1280-1368) നാടകരൂപങ്ങള്‍ സാര്‍വത്രിക പ്രചാരം നേടിയെങ്കിലും നാടകനിരൂപണം വളരെക്കഴിഞ്ഞുമാത്രമാണ് ആവിര്‍ഭവിച്ചത്. സാഹിത്യസിദ്ധാന്തത്തിനും വിമര്‍ശനത്തിനും അനിതരസാധാരണമായ വളര്‍ച്ചയുണ്ടായത് മിങ് ഭരണകാലത്താണ് (1368-1644). കാവോ ചി (1330-78), ലി മെങ് യാങ് (1475-1529), ഹോ ചിങ് മിങ് (1483-1521), ലി തുങ്-യാങ് (1447-1516) എന്നീ പ്രഗദ്ഭരായ നിരൂപകര്‍ ഇക്കാലത്ത് തങ്ങളുടെ ഗ്രന്ഥങ്ങളിലൂടെ സമകാലികരും പൗരാണികരുമായ കവികളുടെ സൃഷ്ടികളെയും അവയില്‍ അന്തര്‍ലീനമായിരുന്ന സാഹിത്യ തത്ത്വങ്ങളെയും വിലയിരുത്തി. ചൈനീസ് സാഹിത്യത്തില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം വഹിക്കുന്ന നിരൂപകനാണ് ശുണ്‍-ചിഹ് (1507-60). സാഹിത്യകൃതികള്‍ ഗ്രഹണക്ഷമവും ഏകോപിതഘടകങ്ങളോടു കൂടിയതും സമഞ്ജസമായഭാവം പ്രദാനം ചെയ്യുന്നതുമായിരിക്കണം എന്നാണ് ഇദ്ദേഹത്തിന്റെ മതം. രൂപം, ഉദ്ദേശ്യം, ആന്തരിക ഊര്‍ജം, സ്രഷ്ടാവിന്റെ നേരിട്ടുള്ള ആഖ്യാനം എന്നീ നാല് അടിസ്ഥാന ഘടകങ്ങളില്‍ നിന്നാണ് ഈ ഗുണങ്ങള്‍ ഉണ്ടാകുന്നത്. ഈ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ചിഹ് സാഹിത്യകൃതികളെ വിലയിരുത്തി. യെന്‍ ഹ്സെയ് (1627-1703) എന്ന നിരൂപകന്റെ കാവ്യശാസ്ത്രഗ്രന്ഥമായ യുവാന്‍ ശിഹ് (കാവ്യോത്പത്തി) കവിതാരചനയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ശ്രദ്ധേയമായി. കവിതാരചന പഠിക്കാനും പഠിപ്പിക്കാനും കഴിയുമോ, കവിതാ രചനയെ നയിക്കുന്ന നിയമങ്ങള്‍ ഏവ തുടങ്ങിയ ചോദ്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വിശദവിശകനലത്തിനു വിധേയമാകുന്നു.
ഗദ്യസാഹിത്യത്തിന് അഭിജാതമായൊരു സ്ഥാനം ചൈനയില്‍ കല്പിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ത്തന്നെ ഗദ്യസാഹിത്യനിരൂപണം കാവ്യനിരൂപണത്തോളം വികസിച്ചില്ല. എന്നാല്‍ സാഹിത്യപണ്ഡിതന്മാര്‍ തള്ളിപ്പറഞ്ഞ ഗദ്യസാഹിത്യത്തെയും ജനപ്രിയ സാഹിത്യത്തെയും പ്രചരിപ്പിക്കുകയും സൈദ്ധാന്തികമായി വിശകലനം ചെയ്യുകയും ചെയ്ത ലി ചിഹ് (1527-1602) നെപ്പോലെയുള്ള പ്രഗല്ഭരായ നിരൂപകര്‍ ചൈനയില്‍ ഉണ്ടായിട്ടുണ്ട്.
ചിങ് ഭരണകാലഘട്ടത്തില്‍ (1644-1911) വാങ് ശിഹ്-ചെന്‍ (1634-1711), ചാവോ ചിഹ്-ഹ്സിന്‍ (1662--1774) തുടങ്ങിയ പ്രസിദ്ധ നിരൂപകരുടെ കൃതികളിലൂടെ ചൈനീസ് നിരൂപണ സിദ്ധാന്തം വികസിച്ചു. ശിഹ് ചെന്‍ ദാര്‍ശനിക പാരമ്പര്യവും, ചിഹ് ഹ്സിന്‍ രൂപനിഷ്ഠപാരമ്പര്യവും വളര്‍ത്തിയെടുത്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇംഗ്ലീഷില്‍ നിന്നുള്ള വിവര്‍ത്തനങ്ങളിലൂടെ പാശ്ചാത്യനിരൂപണ സിദ്ധാന്തങ്ങള്‍ ചൈനയില്‍ വേരുറയ്ക്കുന്നതുവരെ പാരമ്പര്യ നിരൂപണ സിദ്ധാന്തങ്ങള്‍ക്ക് വ്യാപകമായ പ്രചാരമുണ്ടായിരുന്നു.
ജാപ്പനീസ്
ചൈനീസ് സാഹിത്യത്തിന്റെ ശക്തമായ സ്വാധീനത്തിലാണ് രൂപപ്പെട്ടതെങ്കിലും ക്രി.പി. ഏഴാം നൂറ്റാണ്ടുമുതല്‍ തന്നെ മൗലികമായ കൃതികളും വിമര്‍ശന സമീപനങ്ങളും സംഭാവന ചെയ്യാന്‍ കഴിഞ്ഞ ഒരു പാരമ്പര്യമാണ് ജാപ്പനീസ് സാഹിത്യത്തിന്റേത്. ജാപ്പനീസ് ഭാഷയില്‍ മാത്രമല്ല ചൈനീസ് ഭാഷയിലും ജപ്പാനില്‍ ആദ്യകാലത്ത് സാഹിത്യകൃതികള്‍ രചിച്ചിരുന്നു. ഒരേ കൃതി തന്നെ രണ്ടു ഭാഷയിലും പ്രസിദ്ധീകരിച്ചിരുന്നു. ജാപ്പനീസ് സാഹിത്യത്തെക്കാള്‍ ആയിരത്തി ഇരുനൂറോളം വര്‍ഷങ്ങള്‍ പിന്നിലേക്കു നീളുന്ന ചൈനീസ് സാഹിത്യത്തെയും സാഹിത്യസിദ്ധാന്തത്തെയും ഗണ്യമായി ആശ്രയിച്ചിരുന്നിട്ടും, തികച്ചും വ്യത്യസ്തമായ ഒരു സാഹിത്യശൈലിയും വിമര്‍ശനസമീപനവുമാണ് ജപ്പാനില്‍ രൂപപ്പെട്ടത്. തത്ത്വചിന്ത, ചരിത്രം എന്നിവയെ അവലംബിച്ചു വളര്‍ന്നുവന്ന ചൈനീസ് സാഹിത്യസിദ്ധാന്തത്തിലെ അമൂര്‍ത്തമായ സമീപനങ്ങളെ തിരസ്കരിച്ചുകൊണ്ട് വികാരങ്ങള്‍ക്കും ലാവണ്യാനുഭൂതിക്കും പ്രാധാന്യം നല്കുന്നതും, വ്യക്തിജീവിത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും മണ്ഡലങ്ങളിലേക്കു കടന്നുചെല്ലുന്നതുമായ ഒരു സാഹിത്യമാണ് ജാപ്പനീസ് ഭാഷയില്‍ ആവിഷ്കൃതമായത്. ഈ വ്യത്യാസം നിരൂപണപദ്ധതികളിലും നിഴലിക്കുന്നുണ്ട്. ആധുനിക നിരൂപണസാഹിത്യത്തിലെ പല ആശയങ്ങളും വളരെ നേരത്തേ മൗലികമായിത്തന്നെ ആവിഷ്കരിക്കുകയും നിരൂപണ പദ്ധതികളുടെ വിശിഷ്ടമായ പ്രായോഗികമാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തു പുരാതന ജാപ്പനീസ് നിരൂപകര്‍. ജാപ്പനീസ് ഭാഷയില്‍ വികസിച്ച ഹൈക്കു, രെംഗ എന്നീ പദ്യരൂപങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് രൂപംകൊണ്ട കാവ്യസിദ്ധാന്തങ്ങള്‍പോലെതന്നെ നോവല്‍, നാടകം എന്നിവയെക്കുറിച്ചുള്ള നിരൂപണസിദ്ധാന്തങ്ങളും പ്രായോഗിക നിരൂപണങ്ങളും ജാപ്പനീസ് നിരൂപണപാരമ്പര്യത്തിന്റെ മികവുതെളിയിക്കുന്നവയാണ്.
രാജകീയ കല്പനപ്രകാരം ക്രി.പി. 905-ല്‍ സമാഹരിക്കപ്പെട്ട കോകിന്‍ശൂ എന്ന ഹൈക്കു കവിതാഗ്രന്ഥത്തിന്റെ മുഖവുരയിലാണ് ജാപ്പനീസ് വിമര്‍ശനത്തിന്റെ ലഭ്യമായ ഏറ്റവും പഴയ മാതൃക കാണാന്‍ കഴിയുന്നത്. ത്സുറായുകി എന്ന കവി ജാപ്പനീസിലും യോശിമോച്ചി എന്ന കവി ചൈനീസിലും ഈ ഗ്രന്ഥത്തിന് മുഖവുരകള്‍ രചിച്ചിരിക്കുന്നു. ജാപ്പനീസ് കാവ്യപാരമ്പര്യം ചൈനീസ് കാവ്യപാരമ്പര്യത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ജാപ്പനീസ് മുഖവുര വ്യക്തമാക്കുന്നുണ്ട്. കവിതയിലടങ്ങിയിരിക്കുന്ന വികാരങ്ങള്‍, പദങ്ങളുടെ അനുയോജ്യമായ പ്രയോഗം, കവിതയിലെ താളം, കാവ്യശൈലികള്‍, അലങ്കാരങ്ങള്‍ എന്നിവയൊക്കെ വിമര്‍ശനദൃഷ്ട്യാ ഇതില്‍ വിശകലനം ചെയ്തിട്ടുണ്ട്.
ക്രി.പി. 982-ല്‍ രചിക്കപ്പെട്ടതായി കരുതുന്ന ഉത്സുഹോ മോനൊഗാതാരി ലോകസാഹിത്യത്തിലെതന്നെ ആദ്യനോവലാണ്. ഇത്രയും പുരാതനമായ നോവല്‍ പാരമ്പര്യമുള്ള ജാപ്പനീസില്‍ ഗദ്യസാഹിത്യവിമര്‍ശനവും വളരെ നേരത്തേ തന്നെ ആരംഭിച്ചു. ലോകസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൃതികളിലൊന്നാണ് 1004-ല്‍ രചിക്കപ്പെട്ട ഗെന്‍ജി മോനൊഗാതാരി (ഗെന്‍ജിയുടെ കഥ). മുറാസക്കി ശിക്കിബു എന്ന വനിത രചിച്ച ഈ നോവലിലെ മുഖ്യകഥാപാത്രം പല സന്ദര്‍ഭങ്ങളിലും നോവല്‍ രചനയുടെയും ആഖ്യാനകലയുടെയും തത്ത്വങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ജപ്പാനില്‍ പ്രചാരത്തിലിരുന്ന വിശദമായ സാഹിത്യസിദ്ധാന്തത്തിന്റെയും വിമര്‍ശനപദ്ധതിയുടെയും സ്ഫുരണങ്ങള്‍ ഈ സംഭാഷണങ്ങളില്‍ നമുക്കു കാണാം.
പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നിജൊ യോശിമോതോ എന്ന കവി പല വിമര്‍ശന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രെംഗ എന്ന പദ്യരൂപത്തെ ആസ്പദമാക്കി കാവ്യസിദ്ധാന്തങ്ങളും വിമര്‍ശനതത്ത്വങ്ങളും ഈ ഗ്രന്ഥങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ക്ളാസ്സിക്, നാടോടി വിഭാഗങ്ങളില്‍പ്പെടുന്ന നിരവധി നാടകശൈലികള്‍ പുരാതന കാലംമുതല്‍ പ്രചാരത്തിലിരുന്ന ജപ്പാനില്‍ നാടകവിമര്‍ശനവും പണ്ടുകാലത്തുതന്നെ ആരംഭിച്ചിരുന്നു. അഭിനേതാവും നാടകകൃത്തും വിമര്‍ശകനുമായിരുന്ന സിയാമി മോതോക്കിയോ (1363-1443) ഇരുപതോളം ഗ്രന്ഥങ്ങളില്‍ നാടകസിദ്ധാന്തം ചര്‍ച്ചചെയ്തിരിക്കുന്നു. നാടകത്തിന്റെ അഭിനയ-സാഹിത്യ തലങ്ങളെ വിശദമായി വിലയിരുത്തുന്ന മികച്ച ഒരു നിരൂപണ പദ്ധതി ഈ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ഓക്കുറ തൊറാക്കി എന്ന നടന്‍ (1597-1662) നാടകത്തിലെ ഹാസ്യാംശത്തെക്കുറിച്ച് രചിച്ച ഗ്രന്ഥവും ജാപ്പനീസ് നിരൂപണ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു കൃതിയാണ്. ഹാസ്യം മനുഷ്യജീവിതത്തില്‍ മറഞ്ഞിരിക്കുന്ന ചില സത്യങ്ങളെ അനാവരണം ചെയ്യുന്നു എന്ന് മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ തൊറാക്കി വിശദീകരിക്കുന്നു.
ഏറ്റവും മഹാനായ ഹൈക്കു കവിയായി വിശേഷിപ്പിക്കപ്പെടുന്ന മത്സുവോ ബാഷോ (1644-1694) ഹൈക്കു കവിത സൂക്ഷ്മമായി പഠിക്കുന്നതിലും കാവ്യസിദ്ധാന്തം വിശകലനം ചെയ്യുന്നതിലും പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. ബാഷോ വിമര്‍ശന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ബാഷോയുടെ സാഹിത്യചിന്തകള്‍ നിരവധി ഗ്രന്ഥങ്ങളിലായി പ്രസിദ്ധീകരിച്ചു. കവിതയുടെ വ്യത്യസ്ത അംശങ്ങള്‍ സൂക്ഷ്മമായി നിരൂപണം ചെയ്യുന്ന ഒരു കാവ്യസിദ്ധാന്തം ഈ ഗ്രന്ഥങ്ങളിലൂടെ ആവിഷ്കൃതമായിരിക്കുന്നു. കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയുടെയും ബുദ്ധമത ദര്‍ശനങ്ങളുടെയും സ്വാധീനത്തില്‍ രൂപപ്പെട്ട സാഹിത്യധാരകളെ നിരാകരിച്ചുകൊണ്ട് തന്റേതായ ഒരു സാഹിത്യസിദ്ധാന്തവും വിമര്‍ശനപദ്ധതിയും ആവിഷ്കരിച്ച മൊട്ടോറി നോറിന്‍ഗ (1730-1801) പ്രശസ്തനായ കവിയും നിരൂപകനുമായിരുന്നു. സാഹിത്യം മനുഷ്യനില്‍ ഉണര്‍ത്തുന്ന അഗാധവും ശ്രേഷ്ഠവുമായ വികാരങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്കിയത്. ബൗദ്ധികതയെ നിരാകരിക്കുന്നതും മാനവികവുമായ ഒരു സമീപനമാണ് നോറിന്‍ഗയുടേത്.
അറബി
ആയിരത്തി നാന്നൂറില്‍പ്പരം വര്‍ഷങ്ങള്‍ പഴക്കമുള്ള സാഹിത്യപാരമ്പര്യമാണ് അറബി ഭാഷയുടേത്. ക്രി.മു. ഒന്‍പതാം നൂറ്റാണ്ടു മുതല്‍ അറബി ഭാഷയില്‍ വിമര്‍ശനസാഹിത്യഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍-ജാഹിള്, ഇബ് ന്‍ സലാം-അല്‍ മാഹി, ഇബ് ന്‍ കുതയ്ബ എന്നിവരുടെ ഗ്രന്ഥങ്ങളില്‍ അക്കാലത്തെ പ്രമുഖ കവികളെക്കുറിച്ചും വാമൊഴി സാഹിത്യത്തെക്കുറിച്ചുമുള്ള വിലയിരുത്തലുകള്‍ കാണാം. ആദ്യത്തെ ബൃഹത്തായ നിരൂപണഗ്രന്ഥം എന്നു പറയാവുന്നത് പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബ്ദുല്ലാ ഇബ് ന്‍ അല്‍-മുഅ്തസ്സ് രചിച്ച അല്‍-ബദീഅ് എന്ന കാവ്യശാസ്ത്രഗ്രന്ഥമാണ്. ഖുര്‍ആനില്‍ നിന്നും ക്ളാസ്സിക്കല്‍ കവിതകളില്‍ നിന്നും വാമൊഴിപാരമ്പര്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ സ്വീകരിച്ചുകൊണ്ട് അദ്ദേഹം അലങ്കാരങ്ങളെ വര്‍ഗീകരിച്ചു വ്യാഖ്യാനിച്ചിരിക്കുന്നു. അല്‍-മുഅ്തസ്സ് അക്കാലത്തെ ഏറ്റവും പ്രമുഖനായ കവിയുമായിരുന്നു. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍-ആമിദീ എന്ന നിരൂപകന്‍ രചിച്ച അല്‍-മുവാസന എന്ന ഗ്രന്ഥം പ്രായോഗിക വിമര്‍ശനത്തിന്റെ മികച്ച മാതൃകയാണ്. അബൂ തമാം, അല്‍-ബുഹുതുരി എന്നീ രണ്ടു കവികളുടെ ശൈലികളെ ഇതില്‍ വിമര്‍ശനപരമായി താരതമ്യം ചെയ്തിരിക്കുന്നു. ഇസ്ലാമിക കാലഘട്ടത്തിലെ ഏറ്റവും മഹാനായ കവിയായി വിശേഷിപ്പിക്കപ്പെടുന്ന അല്‍-മുത്തനബ്ബി(10-ാം ശതകം)യുടെ കവിതയെക്കുറിച്ച് നിരവധി നിരൂപണഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുത്തനബ്ബിയെക്കുറിച്ച് അക്കാലത്ത് ഉണ്ടായിരുന്ന വിമര്‍ശനങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന അല്‍-വസാന എന്ന ഗ്രന്ഥം അറേബ്യന്‍ ഭാഷയില്‍ നിലവിലിരുന്ന വിമര്‍ശന സംസ്കാരത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ സഹായകമാണ്. ഈ ഗ്രന്ഥം രചിച്ച അല്‍-ജൂര്‍ജാനി കവിതയിലൂടെ കവി പ്രകടിപ്പിക്കുന്ന മതപരമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കവിതയെ വിലയിരുത്തരുത് എന്ന പക്വതയാര്‍ന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നു. സാഹിത്യമോഷണങ്ങളെപ്പറ്റിയുള്ള കൃതികള്‍ അറബി നിരൂപണസാഹിത്യത്തിലെ പ്രബലമായൊരു ധാരയാണ്. കവിതകള്‍ സൂക്ഷ്മവിശകലനം ചെയ്ത്, മറ്റുള്ള കവിതകളില്‍ നിന്നു കടംകൊണ്ട ആശയങ്ങള്‍, അലങ്കാരങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ എന്നിവ കണ്ടെത്തി കവിയെ വിമര്‍ശിക്കുന്ന ഗ്രന്ഥങ്ങള്‍ അറബിഭാഷയില്‍ സുലഭമാണ്. ഇവയൊന്നും ശ്രേഷ്ഠമായ നിരൂപണങ്ങളല്ലെങ്കില്‍പ്പോലും സൂക്ഷ്മമായ ഒരു വിശകലനപദ്ധതി ചിലതിലെങ്കിലും അന്തര്‍ലീനമായിട്ടുണ്ട്.
പത്താം നൂറ്റാണ്ടില്‍ത്തന്നെയാണ് കാവ്യശാസ്ത്രത്തെ അധികരിച്ച് പ്രമുഖമായ രണ്ടു ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്. ഖുദാമ ഇബ് ന്‍ ജഅ്ഫര്‍ രചിച്ച നഖ്ദ് അല്‍-ഷിഅ്ര്‍ (കവിതാനിരൂപണം) ഗ്രീക്ക് മാതൃകയിലുള്ള വിശകലനപദ്ധതി പിന്‍തുടരുന്ന മൗലികമായ ഒരു രചനയാണ്. അര്‍ഥം, ഭാവം, വൃത്തം, താളം എന്നീ കാവ്യാംശങ്ങളെയും അവയുടെ പ്രതിപ്രവര്‍ത്തനങ്ങളെയും വിശകലനം ചെയ്തുകൊണ്ട് ഈ നിരൂപകര്‍ നല്ല കവിതയെ വേര്‍തിരിച്ചു കാണിക്കാനുള്ള മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നു. ഇബ് ന്‍ തബാബയുടെ ഇയാര്‍-അഷ് ഷീര്‍ (കാവ്യമാനദണ്ഡം) എന്ന ഗ്രന്ഥത്തില്‍ കാവ്യസൃഷ്ടിയിലടങ്ങിയിരിക്കുന്ന പ്രക്രിയകളും കവിതകള്‍ താരതമ്യം ചെയ്യാനുള്ള മാനദണ്ഡങ്ങളും ചര്‍ച്ചചെയ്തിരിക്കുന്നു. കവിതയുടെ അര്‍ഥം അഥവാ ഉള്ളടക്കം, കവിതയുടെ രൂപം എന്നിവ തമ്മിലുള്ള വ്യത്യാസം അറബി നിരൂപണത്തിലെ ഒരു മുഖ്യസങ്കല്പമാണ്. മേല്പറഞ്ഞ രണ്ടു നിരൂപകരും ഇക്കാര്യം വളരെ വിശദമായി വിശകലം ചെയ്തിട്ടുണ്ട്. 11-ാം നൂറ്റാണ്ടില്‍ വടക്കന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഇബ്ന്‍ റഷീഖ് എന്ന കവി കവിതകളുടെയും കാവ്യശാസ്ത്രത്തിന്റെയും ഒരു വിജ്ഞാനകോശം സമാഹരിച്ചു. കവിതയുടെ ധര്‍മങ്ങള്‍, ശൈലികള്‍, ഘടന, ഉള്ളടക്കം, അലങ്കാരങ്ങള്‍ എന്നിവയെക്കുറിച്ച് വളരെ വിശദമായ വിശകലനങ്ങള്‍ ഇതില്‍ കാണാം. ഇവ കൂടാതെ വ്യാകരണം, പ്രഭാഷണകല എന്നിവയെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളിലും നിരൂപണപരമായ വിമര്‍ശനങ്ങള്‍ അടങ്ങിയിരിക്കുന്നു.
ഭാരതീയ ഭാഷകളില്‍
പ്രാചീന ഗ്രീസിലെ സാഹിത്യതത്ത്വചിന്തയെ അപേക്ഷിച്ച് പഴക്കവും പ്രാധാന്യവും അവകാശപ്പെടാന്‍ കഴിയുന്ന മറ്റൊരു ചിന്താസരണിയാണ് ഭാരതത്തിലെ കാവ്യമീമാംസ. അത് മുഖ്യമായും രൂപംകൊണ്ടത് സംസ്കൃതഭാഷയിലാണ്. അത്രത്തോളം വിപുലമല്ലെങ്കിലും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഒരു സാഹിത്യതത്ത്വസംഹിത ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകങ്ങളില്‍ തമിഴിലും ഉണ്ടായി.
സംസ്കൃതത്തിലെ കാവ്യമീമാംസയുടെ വേരുകള്‍ ക്രിസ്തുവര്‍ഷം ആരംഭത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്ക് വ്യാപിച്ച് കിടക്കുന്നു. ഭരതമുനി എന്ന ജ്ഞാനിയുടെ സൃഷ്ടിയായ നാട്യശാസ്ത്രമെന്ന ഗ്രന്ഥമാണ് സംസ്കൃതത്തിലെ പില്ക്കാലത്തെ സാഹിത്യചിന്തകള്‍ക്കെല്ലാം അടിത്തറ പാകിയത്. പ്രകടമായി നാടക കലയെയും നാടകസാഹിത്യത്തെയും കുറിച്ചു ചര്‍ച്ച ചെയ്യുന്ന ഈ ഗ്രന്ഥം സാഹിത്യനിരൂപണത്തില്‍ പൊതുവേ അംഗീകരിക്കാവുന്ന തത്ത്വങ്ങള്‍ അടങ്ങുന്നതാണ്. ഭരതന്റെ നാട്യശാസ്ത്രമനുസരിച്ച് സാഹിത്യവും നാടകകലയും ഭാവാവിഷ്കരണങ്ങളാണ്. കഥയല്ല, ഭാവമാണ് സാഹിത്യത്തിന്റെ വിഷയം. സാഹിത്യത്തിന്റെ ആവിഷ്കരണോപാധികളും ഭാവങ്ങളാണ്. ഒരു സാഹിത്യകൃതിയില്‍ ആദ്യന്തം ആവിഷ്കരിക്കപ്പെടുന്ന ഒരു ഭാവമുണ്ടായിരിക്കും. അതിന് സ്ഥായിഭാവം എന്നു പറയുന്നു. സ്ഥായിഭാവത്തിന്റെ വികാസപരിണാമങ്ങള്‍ക്ക് പ്രേരകങ്ങളാകുന്ന മറ്റു ചില ഭാവങ്ങള്‍ കൂടി ഒരു കൃതിയില്‍ ഉണ്ടായിരിക്കും. വിവിധ സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെട്ടു മറയുന്ന ഈ ഭാവങ്ങളെ സഞ്ചാരിഭാവങ്ങള്‍ അഥവാ വ്യഭിചാരിഭാവങ്ങള്‍ എന്നു പറയുന്നു. ഇവ കൂടാതെ ഭാവത്തിന്റെ ചടുലങ്ങളായ പ്രകടനങ്ങള്‍ എന്നു പറയാവുന്ന മറ്റൊരുതരം ഭാവങ്ങള്‍ കൂടിയുണ്ട്. അനുഭാവം എന്നാണ് ഇവയുടെ പൊതുവായ പേര്. സ്ഥായിഭാവത്തിന്റെ സാന്നിധ്യം പ്രകടമാക്കുന്നത് അനുഭാവങ്ങളും സ്ഥായിഭാവത്തിന്റെ വികാസപരിണാമങ്ങള്‍ക്ക് കാരണമാകുന്നത് സഞ്ചാരീഭാവങ്ങളുമത്രെ. സാഹിത്യകൃതിയിലോ നാടകത്തിലോ ആവിഷ്കൃതമാകുന്ന സ്ഥായീഭാവം ആസ്വാദകഹൃദയത്തില്‍ ജനിപ്പിക്കുന്ന അനുഭൂതിയെ രസം എന്നു പറയുന്നു. എട്ട് സ്ഥായിഭാവങ്ങളെയാണ് നാട്യശാസ്ത്രകാരന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അവ വേണ്ടവണ്ണം കാവ്യത്തിലോ നാടകത്തിലോ ആവിഷ്കരിക്കപ്പെടുമ്പോള്‍ യഥാക്രമം വിവിധ രസങ്ങള്‍ ആസ്വാദകന്‍ അനുഭവിച്ചറിയുന്നു. സ്ഥായിഭാവങ്ങളും അവയിലോരോന്നിന്റെയും ഫലമായുണ്ടാകുന്ന രസങ്ങളും താഴെപ്പറയുന്നവയാണ്.
ഭാവം അമൂര്‍ത്തമാണ്. അതിനാല്‍ ഭാവം ആവിഷ്കരിക്കാന്‍ അതിനാസ്പദമായി മൂര്‍ത്തമായ ഒരു ഉപാധി കൂടി സാഹിത്യകൃതിയില്‍ ചിത്രീകരിക്കപ്പെടണം. സാധാരണമായി അത് കഥാപാത്രങ്ങള്‍ ആയിരിക്കും. രതിഭാവമോ ശോകഭാവമോ ജനിക്കുന്നതും പ്രത്യക്ഷപ്പെടുന്നതും വ്യക്തികളിലാണല്ലോ. അതുപോലെ ഭാവത്തിന് വികാസമോ പരിണാമമോ ഉണ്ടാകുന്നതും വിവിധ മൂര്‍ത്തോപാധികള്‍ കൂടി ചിത്രീകരിക്കപ്പെടുമ്പോഴാണ്. കഥാപാത്രങ്ങള്‍ തുടങ്ങിയ ഈ മൂര്‍ത്തോപാധികളെ വിഭാവങ്ങള്‍ എന്നു പറയാം. സ്ഥായിഭാവത്തിന് ആശ്രയമായി വര്‍ത്തിക്കുന്നത് ആലംബനവിഭാവം. സ്ഥായിഭാവത്തിന്റെ വികാസാദികള്‍ക്ക് ഹേതുകമാകുന്നത് ഉദ്ദീപനവിഭാവം. വസന്തകാലം, നിലാവ്, പൂക്കള്‍, ഇളങ്കാറ്റ് തുടങ്ങിയവ ഉദ്ദീപനവിഭാഗങ്ങളായി സാഹിത്യകൃതിയില്‍ ചിത്രീകരിക്കപ്പെട്ടെന്നു വരാം.
സ്ഥായിഭാവം വേണ്ടത്ര മിഴിവോടും ആകര്‍ഷകമായും ചിത്രീകരിക്കപ്പെട്ട് പൂര്‍ണവികാസം പ്രാപിക്കുമ്പോള്‍ രസം ജനിക്കുന്നു എന്ന് നാട്യശാസ്ത്രകാരന്‍ പറയുന്നു. "വിഭാവാനുഭാവ സഞ്ചാരിസംയോഗാത് രസനിഷ്പത്തി എന്നതാണ് ഭരതന്റെ വാചകം. അതായത് സ്ഥായിഭാവം അനുഭാവങ്ങളോടും സഞ്ചാരിഭാവങ്ങളോടും കൂടിച്ചേര്‍ന്ന് പൂര്‍ണതപ്രാപിക്കുമ്പോള്‍ രസം നിഷ്പന്നമാകുന്നു, അഥവാ ഉളവാകുന്നു. ഭരതന്റെ ഈ വചനം 'രസസൂത്രം' എന്ന് അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കാലത്തിനു ശേഷം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ച കാവ്യചിന്തകന്മാര്‍ ഈ രസസൂത്രത്തെ വിശദീകരിച്ചതിന്റെ ഫലമായിട്ടാണ് സംസ്കൃതകാവ്യമീമാംസയുടെ മുഖ്യധാര രൂപംകൊണ്ടത്.
ആദ്യമായി രസസൂത്രം വ്യാഖ്യാനിച്ച കാവ്യചിന്തകന്മാരില്‍ നാലുപേരാണ് പ്രധാനികള്‍. ഭട്ടലോല്ലടന്റെ ഉത്പത്തിവാദം ശങ്കുകന്റെ അനുമിതിവാദം, ഭട്ടനായകന്റെ ഭുക്തിവാദം എന്നിവയാണ് ആദ്യത്തെ വ്യാഖ്യാനങ്ങള്‍. ഓരോ വ്യാഖ്യാതാവും തന്റെ പൂര്‍വികരുടെ വ്യാഖ്യാനത്തില്‍ പോരായ്മ കണ്ടിട്ടാണ് പുതിയ വ്യാഖ്യാനത്തിനു മുതിര്‍ന്നത്. ആദ്യത്തെ മൂന്നൂവ്യാഖ്യാനങ്ങളും കുറ്റമറ്റതായിരുന്നില്ല. അതിനാല്‍ ആ വ്യാഖ്യാനങ്ങളില്‍ ഓരോന്നിന്റെയും ന്യൂനത ചൂണ്ടിക്കാണിച്ചുകൊണ്ട് അഭിനവഗുപ്തന്‍ തനതായ ഒരു വ്യാഖ്യാനം രേഖപ്പെടുത്തി. ആ വ്യാഖ്യാനം അഭിവ്യക്തിവാദം എന്ന പേരില്‍ അറിയപ്പെടുന്നു.
അഭിവനഗുപ്തന്‍ രസസൂത്രത്തെ വ്യാഖ്യാനിച്ചത് അദ്ദേഹത്തിനു മുമ്പു ജീവിച്ചിരുന്ന മറ്റൊരു സാഹിത്യാചാര്യന്റെ ഒരു സിദ്ധാന്തത്തെയും കൂടി രസസിദ്ധാന്തത്തോട് സമന്വയിപ്പിച്ചുകൊണ്ടാണ്. ആ സിദ്ധാന്തം ധ്വനിസിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്നു. സാഹിത്യവും നാടകവും മറ്റും ഭാവങ്ങള്‍ ആവിഷ്കരിക്കുന്നത് ഭാഷയുടെയും മറ്റുപാധികളുടെയും പ്രകടമായ അര്‍ഥത്തെ ആസ്പദമാക്കിയല്ല, നേരേമറിച്ച് വ്യഞ്ജനാശക്തിയുള്ള ആവിഷ്കരണോപാധികളുടെ സഹായത്തോടുകൂടിയാണ് എന്നാണ് ധ്വനിസിദ്ധാന്തം പറയുന്നത്. ആ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആനന്ദവര്‍ധനന്‍ എന്ന കാഷ്മീരുകാരനായിരുന്നു. ഭരതന്റെ രസസൂത്രത്തെയും ആനന്ദവര്‍ധനന്റെ രസസിദ്ധാന്തത്തെയും അഭിനവഗുപ്തന്‍ സംയോജിപ്പിച്ചതിന്റെ ഫലമായിട്ടാണ് അദ്ദേഹത്തിന്റേതായ ഒരു രസസൂത്രവ്യാഖ്യാനം ഉണ്ടായത്.
അഭിനവഗുപ്തന്റെ അഭിവ്യക്തിവാദം രസനിഷ്പത്തിയെ താഴെപ്പറയുംപ്രകാരം വിശദീകരിക്കുന്നു. സ്ഥായിഭാവത്തെ വിഭാവത്തോടും അനുഭാവങ്ങളോടും സഞ്ചാരിഭാവങ്ങളോടും ചമല്‍ക്കാരപൂര്‍വം സമന്വയിപ്പിക്കുമ്പോള്‍ അത് സാധാരണീകൃതമായിത്തീരുന്നു. അതായത് അങ്ങനെ വികസിതമായ സ്ഥായിഭാവം വ്യക്തിഗതമല്ലാതാകുന്നു. സാധാരണീകൃതമായ ഈ ഭാവം ആസ്വാദകന്റെ മനസ്സില്‍ ഇതുപോലെ വ്യക്തിഗതമല്ലാത്ത ഒരനുഭൂതി ഉളവാക്കുകയും ചെയ്യുന്നു. അത് കാവ്യം ആസ്വദിക്കുമ്പോള്‍ മാത്രം ഉണ്ടാകുന്ന അനുഭൂതിയാണ്. കാവ്യത്തിലെ സ്ഥായിഭാവം രതി ആയാലും ശോകമായാലും ഭയമായാലും ആസ്വാദകനുണ്ടാകുന്ന അനുഭൂതി ഒന്നുതന്നെ ആയിരിക്കും. അത് പരമാനന്ദനിര്‍വിശേഷമായിരിക്കുമെന്നാണ് അഭിനവഗുപ്തന്‍ പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശോകഭാവം ആവിഷ്കരിക്കുമ്പോള്‍ പോലും ആസ്വാദകനുണ്ടാകുന്ന അനുഭൂതി അപരിമിതമായ ഒരാനന്ദമായിരിക്കും. ഇത് കാവ്യത്തില്‍ നിന്ന് ആസ്വാദകന്റെ മനസ്സിലേക്ക് സംക്രമിക്കുന്ന സ്ഥായിഭാവമോ ആസ്വാദകന്റെ അനുമാനമോ അല്ല.
അഭിനവഗുപ്തന്‍ വ്യാഖ്യാനിക്കുന്ന രൂപത്തില്‍ കാവ്യത്തില്‍ നിന്ന് ആസ്വാദകനു കിട്ടുന്ന അനുഭൂതി അനിര്‍വചനീയമായ ആനനന്ദമാണെന്നതുപോലെ അരിസ്റ്റോട്ടിലിന്റെ നാടകസിദ്ധാന്തമനുസരിച്ച് നാടകം ആസ്വാദകമനസ്സില്‍ ഉളവാക്കുന്ന വൈകാരികാനുഭൂതി അയാളുടെ ഹൃദയത്തെ ശുദ്ധീകരിക്കുന്ന ഒന്നാണ്. അതിനാല്‍ സാരാംശത്തില്‍ ഈ രണ്ടു സിദ്ധാന്തങ്ങളും ഒരേ നിഗമനത്തിലാണ് എത്തിച്ചേരുന്നതെന്നു പറയാം.
ധ്വനിസിദ്ധാന്തകാരന്റെ അഭിപ്രായമനുസരിച്ച് വാക്കുകള്‍ക്കും മറ്റ് ആവിഷ്കരണോപാധികള്‍ക്കും മൂന്നുതരം വ്യാപാരങ്ങളുണ്ട്-അഭിധ, ലക്ഷണ, വ്യഞ്ജന. ഇവയില്‍ അഭിധ എന്ന വ്യാപാരത്തില്‍ നിന്ന് ഭാഷയുടെ വാച്യാര്‍ഥം ലഭിക്കുന്നു. അല്ലെങ്കില്‍ വര്‍ണ്യത്തിന്റെ പ്രത്യക്ഷാര്‍ഥം പ്രതീതമാവുന്നു. സാധാരണമായി നാം ഭാഷ പ്രയോഗിക്കുമ്പോള്‍ ആ അര്‍ഥമാണ് വെളിപ്പെടുന്നത്. ഒരു പദത്തിന്റെയോ പ്രതിപാദ്യത്തിന്റെയോ വാച്യാര്‍ഥം പ്രസക്തമല്ലെന്നും അതില്‍ നിന്നും വ്യത്യസ്തമായ ഒരര്‍ഥം നേരിട്ടുതന്നെ പ്രതീതമാകുന്നു എന്നും തോന്നുകയാണെങ്കില്‍ ആ വ്യാപാരത്തെ ലക്ഷണ എന്നു പറയുന്നു. ലക്ഷണാവ്യാപാരത്തിലൂടെ പ്രതീതമാകുന്ന അര്‍ഥത്തെ ലാക്ഷണികാര്‍ഥം എന്നു പറയാം. ഒരു ഭാഷാപ്രയോഗത്തിന്റെ അല്ലെങ്കില്‍ പ്രതിപാദ്യത്തിന്റെ വാച്യാര്‍ഥമോ ലാക്ഷണികാര്‍ഥമോ തൃപ്തികരമല്ലാതെ വരുമ്പോള്‍ വാച്യാര്‍ഥത്തില്‍ നിന്നു ഭിന്നമായ ഒരു പുതിയ അര്‍ഥം ആസ്വാദകന് അനുഭവപ്പെടുന്നുവെങ്കില്‍ അതിനെ വ്യംഗ്യാര്‍ഥം എന്നാണു പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അതിനെ ധ്വനി എന്നു വിശേഷിപ്പിക്കാം.
രസസിദ്ധാന്തത്തിനും ധ്വനിസിദ്ധാന്തത്തിനും പുറമേ വേറെ ആറു സിദ്ധാന്തങ്ങള്‍ കൂടി ഭാരതീയ കാവ്യതത്ത്വചിന്തയില്‍ നിന്ന് രൂപംകൊണ്ടിട്ടുണ്ട്. അവയിലൊന്നായ വക്രോക്തി കുന്തകന്‍ എന്ന കാവ്യചിന്തകന്‍ ധ്വനിസിദ്ധാന്തത്തെ നിരാകരിച്ചുകൊണ്ട്, അതിനുപകരം അവതരിപ്പിച്ചതാണ്. കാവ്യം ആസ്വദിക്കുമ്പോള്‍ വ്യഞ്ജനാവ്യാപാരമല്ല നടക്കുന്നത്. മറിച്ച്, കാവ്യത്തിന്റെ പ്രതിപാദ്യം വാച്യമായിട്ടില്ലാതെ ഭംഗ്യന്തരേണ അവതരിപ്പിക്കുന്നതുകൊണ്ടുള്ള സവിശേഷമായ അനുഭൂതിയാണെന്നു വരാം. ഇപ്രകാരമുള്ള ഭാഷാപ്രയോഗമാണ് വക്രോക്തി. അതിനെ ധ്വനി എന്നു പറയേണ്ടതില്ല, ഭംഗ്യന്തരേണ പറയല്‍ അഥവാ വക്രോക്തി എന്നു പറഞ്ഞാല്‍ മതി എന്ന വാദമാണ് വക്രോക്തി സിദ്ധാന്തം.
നാലാമതായി ചൂണ്ടിക്കാണിക്കാവുന്ന ഒരു ആവിഷ്കരണസവിശേഷതയാണ് രീതി. കാവ്യങ്ങളില്‍ അവലംബിക്കപ്പെടുന്ന ചിത്രീകരണസമ്പ്രദായത്തെ ആസ്പദമാക്കി മൂന്നു വ്യത്യസ്തരീതികള്‍ പ്രയോഗത്തിലുള്ളതായി വാമനന്‍ എന്ന ആലങ്കാരികന്‍ അഭിപ്രായപ്പെടുന്നു. ആ രീതികള്‍ വൈദര്‍ഭി, ഗൌഡി, പാഞ്ചാലി എന്നിവയാണ്. സമസ്തപദങ്ങള്‍ പ്രായേണ ഇല്ലാത്തതും സരളവും സുകുമാരവും ഭാവോദ്ദീപകവുമായ പദങ്ങള്‍ അടങ്ങിയ ശൈലീവിശേഷമാണ് വൈദര്‍ഭി. അതിനുള്ള പ്രസിദ്ധമായ ഉദാഹരണം കാളിദാസന്റെ കവിതയാണ്. ഗൗഡിരീതിയില്‍ സമസ്തപദങ്ങളും അസാധാരണഗാംഭീര്യമുള്ള ശബ്ദങ്ങളും മുന്നിട്ടു നില്ക്കും. നൈഷധം പോലുള്ള മഹാകാവ്യങ്ങളിലെ രീതി ഗൌഡി ആണ്. ബാഹ്യമായ ശബ്ദഭംഗി മുന്നിട്ടുനില്ക്കുന്നതും വേണ്ടത്ര ഭാവസാന്ദ്രമാകാത്തതുമായ രചനാരീതിയാണ് പാഞ്ചാലി. സംസ്കൃതസാഹിത്യമീമാംസയിലെ രീതി പാശ്ചാത്യസാഹിത്യചിന്തയിലെ സ്റ്റൈല്‍ (ശൈലി) എന്നതിനു തുല്യമാണെന്നു പറയാം.
സാഹിത്യത്തിലെ പദപ്രയോഗം മുതല്‍ ചിത്രീകൃതമാകുന്ന സംഭവങ്ങള്‍ വരെ എല്ലാ ആവിഷ്കരണോപാധികളും സന്ദര്‍ഭത്തിന് യോജിച്ചതായിരിക്കണം എന്ന് നിര്‍ദേശിക്കുന്ന ഒരു കാവ്യചിന്താപദ്ധതിയാണ് ഔചിത്യവിചാരം. ഇതിന്റെ ഉപജ്ഞാതാവ് ക്ഷേമേന്ദ്രന്‍ ആണ്.
മറ്റൊരു കാവ്യസിദ്ധാന്തം അലങ്കാരസംബന്ധിയത്രെ. ചമത്ക്കാരയുക്തമായ ആവിഷ്കരണമാണ് കാവ്യത്തെ ആസ്വാദ്യമാക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുകയും ഏതെല്ലാം തരത്തിലുള്ള അലങ്കാരങ്ങള്‍ കാവ്യത്തില്‍ ആകാമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന ഈ പദ്ധതിയുടെയും ഉപജ്ഞാതാവ് ഭരതമുനിയത്രെ. പിന്നാലേവന്ന പല ആലങ്കാരികന്മാരും അലങ്കാരങ്ങളെ അവരവരുടെ രീതിയില്‍ വിശദീകരിക്കുകയും നിര്‍വചിക്കുകയും ചെയ്തിട്ടുണ്ട്.
മേല്പറഞ്ഞവയ്ക്കുപുറമേ ഗുണം, ദോഷം എന്നീ രണ്ട് നിരൂപണപദ്ധതികള്‍കൂടി ഭാരതീയകാവ്യമീമാംസയില്‍ അടങ്ങിയിരിക്കുന്നു. എന്തൊക്കെയാണോ കാവ്യത്തെ ആസ്വാദ്യമാക്കുന്നത് അവ ഗുണങ്ങള്‍. എന്തൊക്കെ കാവ്യത്തിന്റെ ആസ്വാദ്യതയ്ക്ക് ഭംഗം വരുത്തുന്നുവോ അവ ദോഷങ്ങള്‍.
പൊതുവേ അംഗീകരിക്കപ്പെടുന്ന എട്ടു കാവ്യചിന്താപദ്ധതികളാണ് മേല്പറഞ്ഞവ. അവയ്ക്കു പുറമേ ഒറ്റപ്പെട്ടു നില്ക്കുന്ന മറ്റൊരു സിദ്ധാന്തം കൂടി പരിഗണന അര്‍ഹിക്കുന്നു. അഭിനവഗുപ്തന്റെ രസസൂത്രവ്യാഖ്യാനത്തെ തിരസ്കരിച്ചുകൊണ്ട് സവിശേഷമായ ഒരുതരം അനുമാനത്തിന്റെ ഫലമായിട്ടാണ് കാവ്യത്തില്‍ ആവിഷ്കരിക്കപ്പെടുന്ന ഭാവത്തില്‍ നിന്ന് രസം ലഭിക്കുന്നത് എന്ന് മഹിമഭട്ടന്‍ വാദിക്കുന്നു. വ്യക്തിവിവേകം എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം ഈ വാദം അവതരിപ്പിച്ചിട്ടുള്ളത്.
രാജശേഖരന്റെ കാവ്യമീമാംസ (9-ാം ശ.) ഭോജരാജന്റെ സരസ്വതീകണ്ഠാഭരണം, ശൃംഗാരപ്രകാശം (11-ാം ശ.) മമ്മടന്റെ കാവ്യപ്രകാശം (12-ാം ശ.) വിശ്വനാഥന്റെ സാഹിത്യദര്‍പ്പണം (14-ാം ശ.) പണ്ഡിത ജഗന്നാഥന്റെ രസഗംഗാധരം (17-ാം ശ.) എന്നീ കൃതികളില്‍ ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങള്‍ സംഗ്രഹിച്ചിട്ടുണ്ട്.
ഭാരതീയ കാവ്യമീമാംസയിലെ പ്രധാന പദ്ധതികളും അവയില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രധാന ഗ്രന്ഥങ്ങളുമാണ് താഴെപ്പറയുന്നവ.
ഇന്ത്യന്‍ ഇംഗ്ലീഷ്. ഭാരതീയനിരൂപണ സാഹിത്യത്തില്‍ പരമ്പരാഗത സംസ്കൃതഭാഷാ സംജ്ഞകള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമൊപ്പം പാശ്ചാത്യ സംജ്ഞകളും മാനദണ്ഡങ്ങളും ഇടകലര്‍ന്നിരിക്കുന്നു. ബ്രിട്ടീഷുകാരുടെ വരവോടെ ഭാരതത്തില്‍ ഇംഗ്ലീഷ് ഭാഷ വിദ്യാഭ്യാസമാധ്യമമാവുകയും ഇംഗ്ളീഷ് സാഹിത്യം പഠനവിഷയമാകുകയും ചെയ്തു. ഇതിന്റെ ഫലമായി ഒരു വിഭാഗക്കാര്‍ ഇംഗ്ലീഷ് സാഹിത്യത്തിലും നിരൂപണസംജ്ഞകളിലും അവഗാഹം നേടി. അരിസ്റ്റോട്ടിലിന്റെയും ലോഞ്ചിനിസ്സിന്റെയും ഹൊറെയ്സിന്റെയും മറ്റും മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഭാരതീയസാഹിത്യത്തെ വീണ്ടും വിലയിരുത്താന്‍ അവര്‍ മുന്നോട്ടു വന്നു. അബനീന്ദ്ര ടാഗോര്‍, ബങ്കിംചന്ദ്രചാറ്റര്‍ജി, രബീന്ദ്രനാഥ ടാഗോര്‍, ആനന്ദകുമാരസ്വാമി, ശ്രീ അരബിന്ദോ, സി. രാമലിംഗറെഡ്ഡി മുതലായവരാണ് ഇവരില്‍ പ്രമുഖര്‍. പരമ്പരാഗത നിരൂപണസാഹിത്യത്തില്‍ പാണ്ഡിത്യം നേടിയിരുന്ന ഇവര്‍ പാശ്ചാത്യമാനദണ്ഡങ്ങളും പ്രയോജനപ്പെടുത്തി. കെ.സി. പാണ്‍ഡെ, കൃഷ്ണമൂര്‍ത്തി, കൃഷ്ണചൈതന്യ മുതലായവര്‍ കാവ്യശാസ്ത്ര ചരിത്രങ്ങള്‍ രചിക്കുന്നതിനു പുറമേ പാശ്ചാത്യ പൌരസ്ത്യസിദ്ധാന്തങ്ങളുടെ താരതമ്യപഠനങ്ങളും നടത്തി. ഇന്ത്യന്‍ ഇംഗ്ളീഷ് നിരൂപണ സാഹിത്യത്തിന് അടിത്തറ പാകിയവരാണിവര്‍.
1877-ല്‍ രൊമേഷ് ചന്ദര്‍ ദത്ത് പ്രസിദ്ധീകരിച്ച ദ് ലിറ്ററേച്ചര്‍ ഒഫ് ബംഗാള്‍ എന്ന നിരൂപണഗ്രന്ഥത്തില്‍ ദേശീയ സാഹിത്യത്തില്‍ ദേശീയമനോഭാവത്തിന്റെ പ്രതിഫലനം എടുത്തുകാട്ടി. ഇക്കാലത്താണ് ബങ്കിംചന്ദ്രചാറ്റര്‍ജിയെക്കുറിച്ചുള്ള ഏതാനും പഠനങ്ങള്‍ അരബിന്ദോ പ്രസിദ്ധീകരിച്ചത്. മൈക്കല്‍ മധുസൂദന്‍ ദത്തും ബങ്കിംചന്ദ്രയും പുതിയൊരു ഭാഷയും സാഹിത്യവും ദേശീയതയും സൃഷ്ടിക്കുന്നതില്‍ വിജയം കൈവരിച്ചവരാണെന്ന് അരബിന്ദോ സമര്‍ഥിച്ചു. ഈ കാലയളവിലാണ് ദക്ഷിണഭാരതത്തില്‍ പി. സുന്ദരംപിള്ളയുടെ സം മൈല്‍സ്റ്റോണ്‍സ് ഇന്‍ ദ് ഹിസ്റ്ററി ഒഫ് തമിഴ് ലിറ്ററേച്ചര്‍, വി. കനകസഭയുടെ ദ് തമിള്‍സ് 1800 ഇയേഴ്സ് എഗോ എന്നീ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അനേകം സാഹിത്യചരിത്രഗ്രന്ഥങ്ങളും നിരൂപണകൃതികളും പ്രസിദ്ധീകരിക്കപ്പെട്ടു. ഭാരതീയ സാഹിത്യത്തിന് പ്രാമുഖ്യം നേടാനും പ്രകൃഷ്ടകൃതികളുടെ പ്രാധാന്യം എടുത്തുകാട്ടാനും ഈ പഠനങ്ങള്‍ സഹായകമായിട്ടുണ്ട്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം വിവിധ ഭാഷാസാഹിത്യ ചരിത്രങ്ങള്‍ സാഹിത്യ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. അസമിയ (ബി.കെ ബറുവ), ബംഗാളി (സുകുമാര്‍സെന്‍), ഒറിയ (മായാധര്‍ മനസിന്‍ഹര്‍), സിന്ധി (എന്‍. എച്ച്. അജ്വാനി), തെലുഗു (സി.ജി.സീതാപതി), കന്നഡ (ആര്‍.എസ്. മുഗളി), ഗുജറാത്തി (മന്‍സുഖ്ലാല്‍ ജാവേരി), ദോഗ്രി (ശിവാനന്ദ്), മൈഥിലീ (ജയകാന്തമിശ്ര), മലയാളം (പി.കെ. പരമേശ്വരന്‍ നായര്‍) തുടങ്ങിയവയുടെ ഭാഷാ-സാഹിത്യ ചരിത്രകൃതികള്‍ ഇന്ത്യന്‍ ഇംഗ്ലീഷ് നിരൂപണ സാഹിത്യത്തിന് മികച്ച മുതല്‍ക്കൂട്ടാണ്. 1957-ല്‍ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എ സിംപോസിയം ഓണ്‍ കണ്‍ടംപൊററി ഇന്ത്യന്‍ ലിറ്ററെച്ചര്‍ സമകാലീന ഭാരതീയ സാഹിത്യത്തെ സമഗ്രമായി അവലോകനം ചെയ്യുന്നു. 1973-ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ലിറ്ററേച്ചര്‍ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന കൃതിയും ശ്രദ്ധേയമാണ്. സുനിത്കുമാര്‍ ചാറ്റര്‍ജിയുടെ വേള്‍ഡ് ലിറ്ററേച്ചര്‍ ആന്‍ഡ് ടാഗോര്‍ (1971) എന്ന കൃതി വിശ്വസാഹിത്യത്തിലെ പ്രകൃഷ്ടകൃതികളിലേക്ക് വെളിച്ചം വീശുന്നു. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഒഫ് ഇന്ത്യ (1963) എന്ന കൃതിയില്‍ ചാറ്റര്‍ജി ഭാരതീയഭാഷാസാഹിത്യങ്ങളെ വിശകലനം ചെയ്യുന്നു. കൃഷ്ണകൃപലാനിയുടെ മോഡേണ്‍ ഇന്‍ഡ്യന്‍ ലിറ്ററേച്ചര്‍ (1968) പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കുള്ള ആധുനികസാഹിത്യത്തെയാണ് വിലയിരുത്തുന്നത്.
സാഹിത്യചരിത്രഗ്രന്ഥങ്ങള്‍ക്കു പുറമേ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പ്രത്യേകപഠനഗ്രന്ഥങ്ങളും വന്‍തോതില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീ അരബിന്ദോയുടെ വ്യാസ ആന്‍ഡ് വാല്മീകി ആന്‍ഡ് കാളിദാസ (1940), മാസ്തി വെങ്കടേശ അയ്യങ്കാറിന്റെ പോയട്രി ഒഫ് വാല്മീകി (1940), ഹുമയൂണ്‍ കബീര്‍ രചിച്ച ശരത്ചന്ദ്ര ചാറ്റര്‍ജി (1942), ദൌര്‍ജനി പി. മുഖര്‍ജിയുടെ രബീന്ദ്രനാഥ ടാഗോര്‍ (1943), മദന്‍ഗോപാലിന്റെ പ്രേംചന്ദ് (1944) തുടങ്ങിയ കൃതികള്‍ക്കു പുറമേ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച നാല്പതിലേറെ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പ്രത്യേക പഠനങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. മേക്കേഴ്സ് ഒഫ് ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്ന പേരിലാണ് ഈ പരമ്പര പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിരൂപണ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടരായ ചില പണ്ഡിതന്മാരും നിരൂപണസാഹിത്യത്തിന് സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഹുമയൂണ്‍ കബീറിന്റെ പോയട്രി, മൊണാഡ്സ് ആന്‍ഡ് സൊസൈറ്റി (1941), ബി.എസ്. മാര്‍ഖേക്കറുടെ ആര്‍ട്സ് ആന്‍ഡ് ദ് മാന്‍ (1940) ശ്രീ അരബിന്ദോയുടെ ദ് ഫ്യൂച്ചര്‍ പോയട്രി മുതലായ കൃതികള്‍ നിരൂപണ സിദ്ധാന്തങ്ങളെ ആധാരമാക്കി രചിച്ചവയാണ്. ഇന്ത്യന്‍ ഇംഗ്ളീഷ് സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങളും സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ജി.എ. റെഡ്ഡി രചിച്ച ഇന്‍ഡ്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് ഇറ്റ്സ് ഓഡിയന്‍സ് (1979) ശ്രദ്ധേയമായ ഒരു പഠന കൃതിയാണ്. പിഎച്ച്.ഡി. തീസിസുകള്‍ക്കു പുറമേ സ്വതന്ത്രമായ നിരൂപണ പഠനങ്ങളും ഈ രംഗത്തെ സമ്പുഷ്ടമാക്കുന്നു.
ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ അതികായരായ ആര്‍.കെ. നാരായണ്‍, മുല്‍ക് രാജ് ആനന്ദ്, രാജാറാവു എന്നിവരെ സംബന്ധിച്ച് അനേകം നിരൂപണ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഗ്രന്ഥകര്‍ത്ത്രികളായ കമലാമാര്‍ക്കണ്ഡേയ, പ്രസര്‍ ജബ് പാലാ, അനിതാദേശായ്, നയന്‍താരസഗാല്‍ മുതലായവരെക്കുറിച്ചും നിരൂപണഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തെ സമഗ്രമായി അപഗ്രഥിക്കുന്ന മീനാക്ഷി മുഖര്‍ജിയുടെ ദ് ട്വൈസ് ബോണ്‍ ഫിക്ഷന്‍, ഉമാപരമേശ്വരന്റെ എ സ്റ്റഡി ഒഫ് റപ്രസെന്റേറ്റീവ് ഇഡോ-ഇംഗ്ലീഷ് നോവലിസ്റ്റ്സ് എന്നീ കൃതികളും പ്രത്യേകം ശ്രദ്ധേയമാണ്.
ഇന്ത്യന്‍ പ്രദേശിക ഭാഷകളില്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള വൈജ്ഞാനിക മേഖലയിലുണ്ടായ മാറ്റങ്ങള്‍ ഇന്ത്യന്‍ സാഹിത്യ നിരൂപണത്തെയും സ്വാധീനിച്ചിട്ടുണ്ട്. പൗരസ്ത്യസാഹിത്യ മീമാംസയുടെ പ്രധാന കേന്ദ്രമായിരുന്ന ഇന്ത്യന്‍ സാംസ്കാരിക ഭൂമികയിലേക്ക് ആധുനിക മൂല്യങ്ങള്‍ കടന്നുവന്നതോടെ, സാഹിത്യരംഗത്തും പുതിയ പ്രവണതകള്‍ സ്വീകാര്യമായി. ഇന്ത്യന്‍ ഭാഷയകളിലെ സാഹിത്യനിരൂപണം പുതിയ സാമൂഹ്യാവസ്ഥകളോട് പൊരുത്തപ്പെട്ടാണ് നീങ്ങിയത്. വികസനസഭ, ദൌര്‍ജനി, പി. മുഖര്‍ജി, മദന്‍ ഗോപാല്‍ തുടങ്ങിയ എഴുത്തുകാര്‍ ഇന്ത്യന്‍ സാഹിത്യകാരന്മാരെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും നടത്തിയ പഠനങ്ങള്‍ ആദ്യകാല നിരൂപണരംഗത്തെ മികച്ച സംഭാവനകളായി വിലയിരുത്തപ്പെടുന്നു. നിരൂപണ സിദ്ധാന്തങ്ങളെ ആസ്പദമാക്കി ഹുമയൂണ്‍ കബീര്‍, ബി.എസ്. മാര്‍ഖേക്കര്‍, ശ്രീ അരബിന്ദോ തുടങ്ങിയവര്‍ മികച്ച കൃതികള്‍ രചിച്ചിട്ടുണ്ട്.
പ്രാദേശിക ഭാഷകളിലെ നിരൂപണരംഗവും ഇതിനകം സവിശേഷശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് അസമിയ ഭാഷയില്‍ സാഹിത്യനിരൂപണം ആരംഭിച്ചത്. പാശ്ചാത്യദര്‍ശനങ്ങളുടെ സ്വാധീനത്തില്‍ 1889-ല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ ജൊനാകി എന്ന മാസികയും സാഹിത്യപ്രതിഭയായ ലഫ്പിനാഥ് ബസ്ബറുവയും അസമീസ് സാഹിത്യനിരൂപണത്തിന് ദേശീയമുഖം സമ്മാനിക്കുകയുണ്ടായി. പിന്നീട് ബനികാന്ത കാകതി, ദിംബേശ്വര്‍ നിയോഗ്, കലിറാം എന്നിവര്‍ നിരൂപണരംഗം കീഴടക്കി. ആധുനികതയുടെ വരവോടെ ബിരിബികുമാര്‍ ബറുവ, ടി.എന്‍. ഗോസ്വാമി, മുകുന്ദമാധവ ശര്‍മ, നിരന്‍ഗൊഹെയ്ന്‍, യു.കെ. ശര്‍മ തുടങ്ങിയവര്‍ പേരെടുക്കാന്‍ തുടങ്ങി. സത്യേന്ദ്രനാഥ് ശര്‍മ, ഹോമന്‍ ബര്‍ഗൊഹെയ്ന്‍ എന്നിവര്‍ നല്‍കിയ നിരൂപണ സംഭാവനകളും ചെറുതല്ല. ആധുനികരുടെ യുവനിരയില്‍ ശശിശര്‍മ, ശൈലന്‍ദരാലി ഹേമന്തശര്‍മ, ഗോവിന്ദ പ്രസാദ് ശര്‍മ തുടങ്ങിയവര്‍ ശ്രദ്ധേയരാണ്. മദന്‍ശര്‍മയെപ്പോലുള്ള ചെറുകഥാകൃത്തുക്കളും ഫെമിനിസ്റ്റുകളും അസമിയ സാഹിത്യത്തിന് ഉത്തരാധുനികമുഖം സമ്മാനിക്കുന്നു. എങ്കിലും സ്വതന്ത്രവും ലബ്ധപ്രതിഷ്ഠവുമായ ഒരു സാഹിത്യശാഖയായി നിരൂപണം വളര്‍ന്നിട്ടില്ല എന്നു പറയാം.
ഉറുദു കാവ്യമേഖലയിലാണ് ആദ്യമായി നിരൂപണത്തിന്റെ അങ്കുരങ്ങള്‍ കണ്ടു തുടങ്ങുന്നത്. കവിതയുടെ വ്യാകരണത്തിനും അലങ്കാരത്തിനും പ്രാധാന്യം കല്പിച്ച സാമ്പ്രദായിക നിരൂപണം, ഉര്‍ദു കാവ്യസംസ്കൃതികളായ ബിയദുകളിലും തസ്കിരകളിലുമാണ് വേരുകള്‍ തേടിയത്. ഷിബ്ലി നുഅ്മാനി, ഇവ്ദാദ് അതര്‍, അബ്ദുള്‍ റഹ്മാന്‍, നിയാസ് ഫത്തെപ്പൂര്‍, നജം ഉന്‍ഖാനി, തുടങ്ങിയവര്‍ ഉറുദു നിരൂപകരില്‍ പ്രധാനികളാണ്. മുസ്തസ് ഹുസൈന്‍, കലാമുദിന്‍ അഹ്മദ്, അലി അഹ്മദ് സുന്ദ്രര്‍, എഹ്നെഷാം ഹുസൈന്‍ തുടങ്ങിയവര്‍ ആധുനിക നിരൂപണത്തിന് പുതിയ എലുകകള്‍ തീര്‍ത്തവരാണ്.
ഒറിയാസാഹിത്യത്തിന്റെ നിരൂപണധാരകള്‍ ആവിഷ്കരിച്ചവരില്‍ സൂര്യനാരായണ്‍ദാസ്, സുരേന്ദ്ര മൊഹന്തി, മായാധര്‍ മാന്‍സിങ് തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുന്നു. പാരമ്പര്യ നിരൂപണത്തിലായിരുന്നു അവരുടെ ശ്രദ്ധ. ചിത്തരഞ്ജന്‍ ദാസ്, ചിന്താമണിബെഹര, ഗംഗാധര്‍ ബാല, കൃഷ്ണചന്ദ്രാപാണി, സച്ചിദാനന്ദ ദൗത്റായ്, നരേന്ദ്ര മൊഹന്തി എന്നിവരാണ് ശ്രദ്ധേയരായ ആധുനികര്‍.
കേശിരാജ, നാഗവര്‍മ തുടങ്ങിയവരാണ് കന്നഡ സാഹിത്യനിരൂപണത്തിന് വഴിയും വെളിച്ചവുമേകിയത്. രാമാനുജായ്യങ്കാരും നരസിംഹാചാരും മുന്നോട്ട് കൊണ്ടുപോയ നിരൂപണസാഹിത്യത്തെ ശ്രീകണ്ഠയ്യ, ഏ.ആര്‍. കൃഷ്ണശാസ്ത്രി, ടി.എസ്. വെങ്കന്നയ്യ, സി.ഐ. നരസിംഹാചാര്‍ തുടങ്ങിയവര്‍ വിപുലമാക്കി. സി.വി. ഗുണ്ടപ്പയുടെ സിദ്ധാന്തപഠനങ്ങളും പി.കെ. ഗോകക്, കെ.വി. പുട്ടപ്പ, എ.എന്‍. കൃഷ്ണറാവു തുടങ്ങിയവരുടെ ആദര്‍ശാത്മക നിരൂപണങ്ങളും കന്നഡ സാഹിത്യത്തിന് മുതല്‍ക്കൂട്ടായി നില്‍ക്കുന്നു. അനന്തമൂര്‍ത്തിയുടെ ആധുനിക പഠനങ്ങളും പി. ലങ്കേശ്, ഗിരസി ഗോവിന്ദരാജ്, എസ്.കെ. ദേശായ്, ജി.എസ്. ശിവരുദ്രപ്പ, എച്ച്.എം. നായക്, പൂര്‍ണചന്ദ്ര തേജസ്വി, എസ്.പി. രങ്കണ്ണ, കീര്‍ത്തിനാഥ് മൂര്‍ത്ത കോടി മുതലായവരുടെ നിരൂപണ സങ്കല്പങ്ങളും പഠനാര്‍ഹമാണ്.
1950-കളിലാണ് കാശ്മീരി നിരൂപണസാഹിത്യം ശക്തിയാര്‍ജിച്ചത്. വി.എന്‍. പുഷ്പ്, അക്തര്‍, രാഹി തുടങ്ങിയ മാര്‍ക്സിസ്റ്റ് നിരൂപകര്‍ ആധുനികതയുടെ ആശയസംഘര്‍ഷങ്ങള്‍ കാശ്മിരി നിരൂപണത്തില്‍ ഉള്‍ച്ചേര്‍ക്കുകയുണ്ടായി. സാംസ്കാരിക സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും വലിയ പങ്ക് കാശ്മിരി സാഹിത്യനിരൂപണത്തില്‍ വളരെ പ്രസക്തമാണ്.
നര്‍മദില്‍ നിന്നാണ് ഗുജറാത്തി സാഹിത്യനിരൂപണം മുന്നേറ്റം തുടങ്ങുന്നത്. പാശ്ചാത്യ-പൌരസ്ത്യ സാഹിത്യമീമാംസകളില്‍ പാണ്ഡിത്യം നേടിയിരുന്ന നര്‍മദ്, ഗുജറാത്തി നിരൂപണസാഹിത്യത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്നു. പിന്നീടെത്തിയ നവല്‍റാം പാണ്ഡ്യയുടെ പ്രായോഗിക നിരൂപണവും ചിരപ്രതിഷ്ഠനേടി. ഗോവര്‍ധന്‍ റാം ത്രിപാഠി, മണിലാല്‍ നദുഭായ് ദ്വിവേദി, രാമന്‍ഭായ് നീലകാന്ത് തുടങ്ങിയവരുടെ ദാര്‍ശനിക നിരൂപണങ്ങളും ഗുജറാത്തി സാഹിത്യത്തിന് മുതല്‍ക്കൂട്ടായി നിലകൊള്ളുന്നു. നരസിംഹറാവു ദിവേതിയ, ആനന്ദശങ്കര്‍ധ്രുവ്, ബല്വന്ത്റായ് ഠാക്കൂര്‍ തുടങ്ങിയവര്‍ വിവിധ മേഖലകളെ ആസ്പദമാക്കി രചിച്ച നിരൂപണങ്ങള്‍ ബഹുജനപ്രീതി നേടുകയുണ്ടായി. നാനാലാല്‍ സഞ്ജന, കേശവ് എച്ച് ധ്രുവ്, ഉത്തംലാല്‍ ത്രിവേദി, തുടങ്ങിയവര്‍ സാംസ്കാരിക വിമര്‍ശനത്തിനാണ് പ്രാമുഖ്യം നല്‍കിയത്. കെ.എം. മുന്‍ഷി, രസിക്ലാല്‍ ചുനിലാല്‍ ഷാ തുടങ്ങിയ പ്രഗല്ഭരും നിരൂപണത്തിന് ദേശീയമാനം പകര്‍ന്നവരാണ്. വിജയ്രായ വൈദ്യയുടെ ആധുനിക നിരൂപണപാഠങ്ങളും വിശ്വനാഥ് ഭട്ടിന്റെ കാല്പനിക സമഗ്രതയും വിഷ്ണുപ്രസാദ് ത്രിവേദിയുടെ ക്ളാസ്സിക് നിരൂപണവും അതിപ്രധാനങ്ങളാണ്. പ്രബോധ് പണ്ഡിറ്റ്, ദയാശങ്കര്‍ ജോഷി, ഹരിവല്ലഭ് ദയാനി, രാമന്‍ലാല്‍ ജോഷി തുടങ്ങിയവരാണ് ആധുനിക നിരൂപകരില്‍ പ്രമുഖര്‍.
തൊല്ക്കാപ്പിയം തമിഴ് സാഹിത്യസിദ്ധാന്തങ്ങളുടെ സമന്വയമായി പരിഗണിക്കപ്പെടുന്നു. ക്ളാസ്സിക് നിരൂപണവും നിയോക്ളാസ്സിക് നിരൂപണവുമായിരുന്നു തമിഴ് സാഹിത്യ നിരൂപണത്തിന് അടിത്തറയിട്ടത്. വി.ജി. സൂര്യനാരായണശാസ്ത്രകളുടെ നാടകനിരൂപണങ്ങളും എ. മുത്തുശിവന്റെ പാശ്ചാത്യാധിഷ്ഠിത നിരീക്ഷണങ്ങളും തമിഴ് വരമൊഴിക്ക് പുതിയ പാഠഭേദങ്ങള്‍ പകരുകയുണ്ടായി. ടി.പി. മീനാക്ഷിസുന്ദരം, എം. വരദരാജന്‍, പി.എസ്. സുബ്രഹ്മണ്യയ്യര്‍, സി.എസ്. ചെല്ലപ്പ, കെ.എന്‍. സുബ്രഹ്മണ്യം തുടങ്ങിയവര്‍ ഗദ്യസാഹിത്യത്തിന് കലാനുഭവം നല്‍കിയവരാണ്. പുരോഗമന സാഹിത്യനിരൂപകരായ കെ. കൈലാസവതി, എസ്.ആര്‍. മാര്‍ഗവന്തുശര്‍മ, എം. അരുണാചലം തുടങ്ങിയ നവീന വിമര്‍ശകരുടെ കൃതികളും ഏറെ നിരൂപണസംവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
പിങളി സൂരനയും വേദുല തിരുവെങ്കലാചാര്യയും തുടങ്ങിവച്ച നിരൂപണപരീക്ഷണങ്ങളില്‍നിന്ന് ആധുനിക നിരൂപണത്തിലേക്ക് തെലുഗു സാഹിത്യത്തെ വഴിമാറ്റി നടത്തിച്ചത് വെങ്കടരാമസ്വാമിയാണ്. ഗരിമെല്ല വെങ്കയ്യ, സുലുരി അപ്പയ്യ, മുലുപാക ബച്ചയ്യ തുടങ്ങിയവരുടെ താരതമ്യപഠനങ്ങളും തെലുഗു സാഹിത്യത്തിന്റെ ചക്രവാളം വികസിപ്പിച്ചിട്ടുണ്ട്. കന്ദുകൂരി വിരേശലിംഗം പന്തുലു, വേദം വെങ്കടരാജശാസ്ത്രി, കാശി ഭട്ല ബ്രഹ്മയുശാസ്ത്ര, കട്ടമഞ്ചി രാമലിംഗ റെഡ്ഡി വിശ്വനാഥ സത്യനാരായണ, തുമ്പലപ്പള്ളി രാമലിംഗേശ്വരറാവു തുടങ്ങിയവരാണ് തെലുങ്കു സാഹിത്യത്തിലെ ആധുനിക നിരൂപകര്‍.
പതിനേഴാം നൂറ്റാണ്ടില്‍ ഹാഫിസ് ബര്‍ബുര്‍ദറില്‍ നിന്നാരംഭിച്ച പഞ്ചാബി സാഹിത്യനിരൂപണം തേജാസിംഹ്, മോഹന്‍സിംഹ് ദിവാനാ, ഗോപാല്‍സിംഹ്, പര്‍മിന്ദര്‍സിംഹ് എന്നിവരിലൂടെയാണ് ആധുനിക ഇടതുപക്ഷ ദര്‍ശനം സ്വാംശീകരിച്ചുതുടങ്ങിയത്. മോഹന്‍സിംഹ് ജോഷ്, ഹീരാസിംഹ് ദര്‍ദ്, കിഷന്‍സിംഹ്, നജും ഹുസൈന്‍ തുടങ്ങിയവര്‍ മാര്‍ക്സിസ്റ്റ് നിരൂപണത്തിന് ആശയപരമായ അടിത്തറ നല്കി. ജസ്ബിര്‍സിംഹ് അലുവാലിയയെപ്പോലുള്ളവര്‍ നവീന നിരൂപണസമ്പ്രദായങ്ങള്‍ക്ക് വഴിയൊരുക്കിയപ്പോള്‍ തര്‍ലോക്സിംഹ്, ആത്മജിത്സിംഹ് എന്നിവര്‍ ഘടനാത്മകനിരൂപണത്തിന് പ്രാധാന്യം നല്കി.
ഈശ്വര്‍ ഗുപ്തയിലൂടെയാണ് ബംഗാളി നിരൂപണം വ്യക്തതയാര്‍ജിച്ചത്. ബങ്കിംചന്ദ്ര ചതോപാധ്യായ, രമേശ്ചന്ദ്രദത്ത, കാളിപ്രസന്നഘോഷ് തുടങ്ങിയവര്‍ സാംസ്കാരിക നിരൂപണത്തിന് തൂണും തുണയുമായി നിലകൊണ്ടു. രവീന്ദ്രനാഥ ടാഗൂറിന്റെ നിരൂപണസംഭാവനകളും ബംഗാളി സാഹിത്യത്തില്‍ അമൂല്യമായി നിലകൊള്ളുന്നു. സാഹിത്യസിദ്ധാന്തങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള നിരൂപണ നിലപാടുകളാണ് സുരേന്ദ്രനാഥ് ദാസ് ഗുപ്തയുടെ രചനകളിലുള്ളത്. ദിനേശ് സെന്‍, ശ്രീകുമാര്‍ ബാനര്‍ജി തുടങ്ങിയവരുടെ അക്കാദമിക് നിരൂപണങ്ങളും സമകാലിക ബംഗാളി സാഹിത്യത്തെ ഗൌരവതരമാക്കുന്നു.
ഇരുപതാം നൂറ്റാണ്ടിലാണ് മറാഠി നിരൂപണരംഗം ശ്രദ്ധേയമായിത്തീര്‍ന്നത്. ദാദോപാണ്ഡുരംഗയുടെ നിരൂപണ സംഭാവനകളാണ് പുതിയ ചിന്താതരംഗങ്ങള്‍ക്ക് വഴിവച്ചത്. വിഷ്ണുശാസ്ത്രി ചിപ്ലുങ്കര്‍, ജസ്റ്റിസ് റാനഡെ, എസ്.വി. പരഞ്ച്പെ തുടങ്ങിയവരുടെ അന്വേഷണങ്ങള്‍ മറാഠി സാഹിത്യത്തിന് പുതിയ ജ്ഞാനോദയങ്ങള്‍ നല്കിയെന്ന് പറയാം. എസ്.കെ. കൊല്‍ഹാത് കര്‍, കുസുമാവതി ദേശ്പാണ്ഡേ, എച്ച്.എന്‍. ആപ്തെ, എന്‍.സി. കേല്‍ക്കര്‍, വാമന്‍ മല്‍ഹര്‍ ജോഷി, എന്‍.എസ്. ഫാത്കെ മുതലായവര്‍ ആദര്‍ശാത്മക നിരൂപണത്തിന്റെ വക്താക്കളാണ്. സംസ്കൃത-പാശ്ചാത്യ ദര്‍ശനങ്ങളെ സമന്വയിപ്പിക്കാനുള്ള ശ്രമം അവര്‍ നടത്തിയിട്ടുണ്ട്. ബി.എസ്. മര്‍ധേക്കര്‍, കെ.എന്‍. വാത്വെ, ആര്‍.എസ്. ജോഹ് എന്നിവരും പാശ്ചാത്യദര്‍ശനങ്ങളെ പ്രാദേശിക പശ്ചാത്തലത്തില്‍ അവതരിപ്പിച്ച് വിജയം നേടി. ആര്‍.ബി. പതങ്കര്‍, ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ആധുനിക നിരൂപകരില്‍ ഒരാളാണ്.
സിന്ധി സാഹിത്യനിരൂപണത്തിലെ പ്രമുഖര്‍ ജത്മല്‍ പരശുറാം ഗുല്‍ രജനി, മൊഹമ്മദ് സിദ്ദിഖ് മുസാഫിര്‍, ഉമര്‍ബിന്‍ മുഹമ്മദ് മുതലായവരാണ്. പൊതുവേ സിന്ധി സാഹിത്യനിരൂപണം ഉദാസീനമാണെങ്കിലും കിരത് ബബാനി, ഭോജരാദ് നഗ്രാനി, ഹിരോതാകൂര്‍, ജഗ്ദിഷ് ലച്ചാനി, മുഹമ്മദ് സിദ്ദിഖ് മെമന്‍, എന്‍.എച്ച്. അജ്വാനി, പരവ് അദി ചന്ദാനി മുതലായവയുടെ കൃതികള്‍ അമൂല്യങ്ങളാണ്.
മഹാവീര്‍ പ്രസാദ് ദ്വിവേദിയാണ് ഹിന്ദി സാഹിത്യനിരൂപണത്തിന് പുതുവെളിച്ചം പകര്‍ന്നത്. മിശ്രബന്ധു, പദ്മസിംഹ് ശര്‍മ, ലാലാ ഭഗവാന്‍ ദീന്‍, കൃഷ്ണബിഹാരി മിശ്ര തുടങ്ങിയ നിരൂപകര്‍ കവിതാപഠനങ്ങള്‍ക്ക് അപൂര്‍വദര്‍ശനാനുഭവം പകര്‍ന്നുതന്നവരാണ്. രാമചന്ദ്രശുക്ള, സൂര്യകാന്ത ത്രിപാഠി, ജയശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ വിവിധ നിരൂപണ മാര്‍ഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. പുരോഗമന സാഹിത്യനിരൂപണത്തിന്റെ അമരക്കാരായ ശിവദാന്‍സിംഹ് ചൌഹാന്‍, പ്രകാശ് ചന്ദ്രഗുപ്ത, രാംവിലാസ് ശര്‍മ തുടങ്ങിയവര്‍ പ്രായോഗിക നിരൂപണത്തിനാണ് ഊന്നല്‍ നല്‍കിയത്. കാവ്യനിരൂപണത്തില്‍ ഗജാനന്‍ മാധവ് മുക്തിബോധും കഥാനിരൂപണത്തില്‍ നാംവര്‍സിംഹ് രാജേന്ദ്രയാദവ് തുടങ്ങിയവരും വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്.
മലയാളത്തില്‍
മണിപ്രവാള സാഹിത്യത്തിന്റെ ലക്ഷണം വിവരിക്കുന്ന ലീലാതിലകം (14-ാം നൂറ്റാണ്ട്) ഭാരതീയ സാഹിത്യസിദ്ധാന്തങ്ങളുടെ ചുവടുപിടിച്ച് സാഹിത്യപരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നതാണ് മലയാളത്തിലെ ആദ്യസാഹിത്യനിരൂപണം എന്നു പറയാം. ഇതൊഴിച്ചു നിര്‍ത്തിയാല്‍, 19-ാം നൂറ്റാണ്ടിന്റെ അവസാനം സാഹിത്യമാസികകളില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങളും നിരൂപണങ്ങളുമാണ് മലയാള നിരൂപണത്തിന്റെ യഥാര്‍ഥ ആരംഭബിന്ദു. സി.പി. അച്യുതമേനോന്‍ വിദ്യാവിനോദിനി എന്ന സാഹിത്യമാസികയില്‍ എഴുതിയിരുന്നതുപോലെ സാഹിത്യാവബോധവും മികവുമുള്ള നിരൂപണങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും, ആരംഭഘട്ടത്തിന്റെ പോരായ്മകള്‍ ഏറെയുള്ളവയായിരുന്നു കൂടുതലും. മേനോന്‍ എഴുതിയ പുസ്തകനിരൂപണങ്ങള്‍, ലേഖനങ്ങള്‍ എന്നിവയില്‍ പാശ്ചാത്യവും പൌരസ്ത്യവുമായ സാഹിത്യസിദ്ധാന്തങ്ങളിലുള്ള അവഗാഹവും നിരൂപണ വൈദഗ്ധ്യവും തെളിഞ്ഞുകാണാം. പി.ഗോവിന്ദപ്പിള്ള രചിച്ച മലയാള ഭാഷാചരിത്രത്തിലും പക്വതയുള്ള നിരൂപണശൈലി പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. 1896-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഭാഷാപോഷിണി മലയാള സാഹിത്യനിരൂപണത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഭാഷാപോഷിണിയുടെ പത്രാധിപരായിരുന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ എന്നിവരായിരുന്നു ആദ്യകാല നിരൂപകരില്‍ പ്രമുഖര്‍. ഇവരില്‍ വലിയകോയിത്തമ്പുരാനെ മലയാള സാഹിത്യനിരൂപണത്തിന്റെ പിതാവായി വിശേഷിപ്പിക്കാറുണ്ട്. സംസ്കൃതത്തിലും മലയാളത്തിലുമുള്ള പാണ്ഡിത്യവും കവിത്വസിദ്ധിയും മികച്ച ഗദ്യശൈലിയും എല്ലാം ഒത്തുചേര്‍ന്ന വലിയകോയിത്തമ്പുരാന്‍, ക്ലാസ്സിക് കൃതികളില്‍ നിന്നു ലഭിച്ച ഒരു ഭാവുകത്വത്തിലൂടെയാണ് സമകാലിക സാഹിത്യത്തെ സമീപിച്ചത്. കവിതാ ഗ്രന്ഥങ്ങളുടെ ആമുഖലേഖനങ്ങളുടെ രൂപത്തിലാണ് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കവിതയുടെ ഭാവം, ഉള്ളടക്കം എന്നിവയ്ക്ക് പ്രാധാന്യം കല്‍പിക്കുന്ന രീതിക്കുപകരം രൂപത്തിനു പ്രാധാന്യം നല്കുന്ന വിമര്‍ശനസമീപനമായിരുന്നു തമ്പുരാന്റേത്.
വലിയകോയിത്തമ്പുരാനില്‍ നിന്നു വ്യത്യസ്തമായ ഒരു ഭാവുകത്വത്തിനുടമയായിരുന്നു ഏ.ആര്‍. കവിതയുടെ രൂപത്തിനെക്കാള്‍ കവിത പ്രദാനം ചെയ്യുന്ന 'അനുഭവ'ത്തിനാണ് അദ്ദേഹം ഊന്നല്‍ നല്കിയത്. കുമാരനാശാനെപ്പോലുള്ള കവികളില്‍ ആവിഷ്കൃതമായിരുന്ന നവീനതയും, ക്ളാസ്സിക്ക് കവിതാസങ്കല്പങ്ങളില്‍ നിന്നുള്ള വ്യതിചലനവും മനസ്സിലാക്കാനും അംഗീകരിക്കാനും ഏ.ആറിനു കഴിഞ്ഞു. വലിയകോയിത്തമ്പുരാനും ഏ.ആറും രണ്ടുചേരികളില്‍ നിന്നുകൊണ്ട് നടത്തിയ പ്രാസവാദം എന്നറിയപ്പെടുന്ന സാഹിത്യചര്‍ച്ച, മലയാള നിരൂപണം പാരമ്പര്യത്തില്‍ നിന്ന് നവീനതയിലേക്കു വികസിക്കുന്നതിന്റെ തുടക്കമായിരുന്നു. ഏ.ആറിന്റെ ശിഷ്യനായിരുന്ന പി.കെ. നാരായണപിള്ള, ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരുടെ കൃതികളെക്കുറിച്ച് മികച്ച നിരൂപണങ്ങള്‍ രചിച്ചു. എന്നാല്‍ സമകാലികരെ വിലയിരുത്തുന്നതില്‍ ഏ.ആര്‍. പ്രദര്‍ശിപ്പിച്ച ഭാവുകത്വവും അവബോധവും അദ്ദേഹത്തില്‍ കാണാന്‍ കഴിയില്ല. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, വടക്കുംകൂര്‍ രാജരാജവര്‍മ, കുന്നത്തു ജനാര്‍ദനമേനോന്‍, കെ. വാസുദേവന്‍ മൂസ്സത് , കെ.എം. പണിക്കര്‍, പി. കൃഷ്ണന്‍ നായര്‍, പി. അനന്തന്‍പിള്ള, ചേലനാട്ട് അച്യുത മേനോന്‍, രാമവര്‍മ അപ്പന്‍ തമ്പുരാന്‍, എണ്ണക്കാട്ട് രാജരാജവര്‍മ, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, സി. അന്തപ്പായി എന്നിവരാണ് ഇക്കാലത്ത് നിരൂപണരംഗത്ത് ശ്രദ്ധേയരായിരുന്നത്. ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങളെ അവലംബിച്ചുകൊണ്ടുള്ള നിരൂപണശൈലിയില്‍ നിന്ന് പാശ്ചാത്യതത്ത്വങ്ങളെ ആസ്പദമാക്കിയുള്ള നിരൂപണം ആവിര്‍ഭവിച്ചതും കവിതയില്‍ ഒതുങ്ങിനിന്നിരുന്ന നിരൂപണം ഗദ്യസാഹിത്യത്തിലേക്ക് ശ്രദ്ധപതിച്ചതുമാണ് ഇക്കാലത്തുണ്ടായ പ്രധാന മാറ്റങ്ങള്‍.
കുമാരനാശാന്‍, ഉള്ളൂര്‍ പരമേശ്വരയ്യര്‍ എന്നീ കവികളും മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കി. കുമാരനാശാന്‍ തന്റെ പത്രാധിപത്യത്തിലുള്ള വിവേകോദയം എന്ന മാസികയില്‍ നിരവധി പുസ്തകാഭിപ്രായങ്ങളും നിരൂപണ സംബന്ധിയായി ലേഖനങ്ങളും എഴുതിയിരുന്നു. കൃത്രിമത്വവും സ്ഥൂലതയും ശബ്ദാടോപവും മുഖമുദ്രയാക്കിയിരുന്ന മഹാകാവ്യപ്രസ്ഥാനത്തെക്കുറിച്ച് ആശാന്‍ നടത്തിയ വിമര്‍ശനങ്ങളും ഉള്ളൂരിന്റെ ഉമാകേരളം, വള്ളത്തോളിന്റെ ചിത്രയോഗം എന്നീ മഹാകാവ്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലിയിരുത്തലുകളും മലയാള കവിതയുടെ പരിണാമത്തെ ഗാഢമായി സ്വാധീനിച്ചു. ഉള്ളൂരിന്റെ സാഹിത്യചരിത്രത്തില്‍ പുരാതന സാഹിത്യകൃതികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയുള്ള വിലയിരുത്തലുകള്‍ അടങ്ങിയിരിക്കുന്നു.
കേസരി ബാലകൃഷ്ണപിള്ളയുടെ നിരൂപണങ്ങളിലൂടെയാണ് മലയാള സാഹിത്യനിരൂപണത്തിലെ പക്വമായ ഘട്ടം ആരംഭിക്കുന്നത്. ചരിത്രം, മനഃശാസ്ത്രം, തത്ത്വചിന്ത, ചിത്രകല തുടങ്ങിയ നിരവധി മേഖലകളില്‍ നിന്നുള്ള അറിവും ആശയങ്ങളും പ്രയോഗിച്ചുകൊണ്ടുള്ള ഒരു വിമര്‍ശനശൈലിയാണ് കേസരി ആവിഷ്കരിച്ചത്. പാശ്ചാത്യസാഹിത്യവിമര്‍ശന പദ്ധതിയുടെ പാതയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സമകാലികമായ വിവിധ സാഹിത്യ പ്രസ്ഥാനങ്ങള്‍ മലയാളിക്കു പരിചിതമായത് കേസരിയുടെ ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയുമാണ്. കുഞ്ചന്‍നമ്പ്യാര്‍, കുമാരനാശാന്‍, ചങ്ങമ്പുഴ എന്നിവരുടെ കവിതയെക്കുറിച്ച് കേസരി ശ്രേഷ്ഠമായ നിരൂപണങ്ങള്‍ രചിച്ചു. സാഹിത്യപ്രസ്ഥാനങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടു മാത്രമേ കൃതികളെ വിലയിരുത്താന്‍ കഴിഞ്ഞിരുന്നുള്ളൂ എന്ന വലിയ പോരായ്മ കേസരിക്കുണ്ടായിരുന്നു. എന്നാല്‍ മലയാളസാഹിത്യത്തെയും സാഹിത്യകാരന്മാരെയും ഇത്രയേറെ സ്വാധീനിച്ച വേറൊരു നിരൂപകന്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. നവലോകം, സാങ്കേതിക നിരൂപണങ്ങള്‍, സാഹിത്യ നിരൂപണങ്ങള്‍, രൂപമഞ്ജരി എന്നിവയാണ് കേസരിയുടെ പ്രധാന കൃതികള്‍.
മലയാള നിരൂപണത്തെ ശക്തമായി സ്വാധീനിച്ച മറ്റൊരുഘടകം ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയമായിരുന്നു. 'കല ജീവിതത്തിനുവേണ്ടി' എന്ന പുരോഗമനസാഹിത്യ സങ്കല്‍പവും 'കല കലയ്ക്കുവേണ്ടി' എന്ന കേവലസൌന്ദര്യാത്മക സങ്കല്‍പവും മുഖാമുഖം നിന്നുകൊണ്ട്, സമീപനപരമായ ഒരു സംവാദം ശക്തമാക്കുന്നതില്‍ അത് വിജയിച്ചു. എന്നുമാത്രമല്ല സാമൂഹ്യാധിഷ്ഠിതമായ ഒരു വിമര്‍ശനശൈലിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.
കുട്ടികൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, എം.പി. പോള്‍ എന്നീ നിരൂപകരിലൂടെയാണ് കേസരി തുടങ്ങിവെച്ച നിരൂപണത്തിലെ ആധുനികഘട്ടം വികസിച്ചത്. മലയാളവിമര്‍ശനത്തിലെ ത്രിമൂര്‍ത്തികളായിട്ടാണ് ഇവര്‍ വിശേഷിപ്പിക്കപ്പെട്ടത്. പാരമ്പര്യസാഹിത്യസിദ്ധാന്തത്തിലും സംസ്കൃതസാഹിത്യത്തിലുമുള്ള അവഗാഹമാണ് മാരാരുടെ അടിത്തറയെങ്കിലും സ്വതന്ത്രവും മൗലികവുമായ ഒരു നിരൂപണപദ്ധതിയാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. സാഹിത്യഭൂഷണം എന്ന സാഹിത്യശാസ്ത്രഗ്രന്ഥവും മഹാഭാരതം, രാമായണം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളുമാണ് മാരാരുടെ നിരൂപകഖ്യാതിയുടെ അടിസ്ഥാനം. അദ്ദേഹത്തിന്റെ ഭാരതപര്യടനം മഹാഭാരതത്തെക്കുറിച്ച് ആധുനികഭാരതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗ്രന്ഥങ്ങളിലൊന്നാണ്. കാളിദാസകൃതികളെക്കുറിച്ചുള്ള മാരാരുടെ പഠനങ്ങളും ശ്രദ്ധേയമാണ്. നാലപ്പാട്ടു നാരായണമേനോന്‍, വള്ളത്തോള്‍ എന്നിവരുടെ കവിതകളെക്കുറിച്ച് നിരൂപണങ്ങള്‍ രചിച്ചുകൊണ്ട് സമകാലിക സാഹിത്യത്തിലേക്കും മാരാര്‍ ശ്രദ്ധപതിപ്പിച്ചു. കൃതികളിലെ സാന്മാര്‍ഗികാംശത്തിനു നല്കിയ അമിതപ്രാധാന്യം അദ്ദേഹത്തിന്റെ വിലയിരുത്തലുകളെ പലപ്പോഴും വികലമാക്കിയെങ്കിലും മൌലികതയുള്ള നിരൂപകനായിരുന്നു മാരാര്‍.
പാശ്ചാത്യ-പൗരസ്ത്യ സിദ്ധാന്തങ്ങളുടെ സമന്വയത്തിലൂടെ രൂപപ്പെടുത്തിയ മികവുറ്റ ഒരു നിരൂപണപദ്ധതിയാണ് മുണ്ടശ്ശേരിയുടെ മുഖമുദ്ര. സാഹിത്യത്തിലൂടെ പ്രതിഫലിക്കുന്ന സാമൂഹികാവബോധവും പ്രതിബദ്ധതയും കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന മുണ്ടശ്ശേരി ഉയര്‍ത്തിപ്പിടിച്ചു. കവിത്രയത്തെക്കുറിച്ചുള്ള വിലയിരുത്തലുകളിലാണ് മുണ്ടശ്ശേരിയുടെ നിരൂപണത്തിന്റെ ഔന്നത്യം കാണാന്‍ കഴിയുന്നത്. ആശാന്റെ കവിതയുടെ ആഴവും ഗാംഭീര്യവും രൂപപരമായ മികവും എടുത്തുകാണിച്ച മുണ്ടശ്ശേരി, താരതമ്യം ചെയ്യാനാവാത്ത ഒരു സ്ഥാനമാണ് ആശാന് മലയാളസാഹിത്യത്തില്‍ നല്കിയത്. വള്ളത്തോളിനെ ആശാനു പിന്നില്‍ പ്രതിഷ്ഠിച്ച മുണ്ടശ്ശേരി ഉള്ളൂരിലെ അലങ്കാരവ്യഗ്രതയെയും ക്ളാസ്സിക് പരിവേഷത്തെയും കഠിനമായി വിമര്‍ശിച്ചു. കാളിദാസകൃതികളെക്കുറിച്ചുള്ള പഠനങ്ങളിലും മികവു പുലര്‍ത്തിയ മുണ്ടശ്ശേരിക്ക് സമകാലികരായ ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി എന്നിവരെ വേണ്ടവിധത്തില്‍ വിലയിരുത്താന്‍ കഴിഞ്ഞില്ല. സാഹിത്യത്തിന്റെ സാമൂഹികസത്തയെ നിരസിക്കുന്ന ശുദ്ധകലാവാദത്തിനെതിരായിരുന്നു ഇദ്ദേഹം. ഭാവത്തെ രൂപത്തോട് സമഞ്ജസമായി ഒത്തുചേര്‍ക്കണം എന്നു നിര്‍ദേശിക്കുന്ന രൂപഭദ്രതാവാദം മുണ്ടശ്ശേരി മുന്നോട്ടുവച്ചു. മാറ്റൊലി, അന്തരീക്ഷം, മാനദണ്ഡം, കാവ്യപീഠിക, നാടകാന്തം കവിത്വം, കരിന്തിരി തുടങ്ങിയവയാണ് പ്രധാനകൃതികള്‍. നിരവധി ചിന്താധാരകളുടെ സമന്വയമാണ് അദ്ദേഹത്തിന്റെ നിരൂപണങ്ങളെ വ്യത്യസ്തമാക്കുന്നത്. പാശ്ചാത്യസാഹിത്യ ദര്‍ശനങ്ങള്‍ മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ ഗുപ്തന്‍ നായര്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. സമാലോചന, ക്രാന്തദര്‍ശികള്‍, ആധുനികസാഹിത്യം, വിമര്‍ശനത്തിന്റെ അതിര്‍വരമ്പുകള്‍, ഇസങ്ങള്‍ക്കപ്പുറം തുടങ്ങിയ കൃതികളിലൂടെയും അവതാരികകളിലൂടെയും നിരൂപണരംഗത്തിന്റെ മുന്‍പന്തിയിലെത്തിയ ഗുപ്തന്‍ നായര്‍ പില്ക്കാലത്ത് ചങ്ങമ്പുഴയുടെ കവിതയെക്കുറിച്ച് ഒരു ബൃഹത് പഠനവും രചിച്ചു (അസ്ഥിയുടെ പൂക്കള്‍).
കുറച്ചുകാലം മാത്രം സാഹിത്യരംഗത്തുണ്ടായിരുന്ന എം.പി. പോളിന് മുണ്ടശ്ശേരിയെയോ മാരാരെയോ പോലെ ഏറെ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞില്ല. എങ്കിലും കുറച്ചുകൃതികളില്‍ കൂടിത്തന്നെ മാരാരെയും മുണ്ടശ്ശേരിയെയും പോലെ നിരൂപണസാഹിത്യത്തെ സ്വാധീനിക്കാന്‍ പോളിനു കഴിഞ്ഞു. കേസരി ബാലകൃഷ്ണപിള്ളയുടെ പിന്‍തുടര്‍ച്ചക്കാരനായിട്ടാണ് പോള്‍ വിശേഷിപ്പിക്കപ്പെട്ടത്. കേസരിയെപ്പോലെ വിവിധ വിജ്ഞാനമേഖലകളില്‍ നിന്നുള്ള ആശയങ്ങള്‍ തന്റെ നിരൂപണത്തിലേക്ക് പോള്‍ സമന്വയിപ്പിച്ചു. കേസരിയെ ബാധിച്ചിരുന്ന പലതരം പക്ഷപാതങ്ങളില്‍ നിന്നു മോചിതനായി വസ്തുനിഷ്ഠമായൊരു നിരൂപണശൈലിയാണ് പോള്‍ രൂപപ്പെടുത്തിയത്. ചെറുകഥാ പ്രസ്ഥാനം, നോവല്‍സാഹിത്യം എന്നിവ മലയാളനിരൂപണത്തിലെ സുപ്രധാന സൃഷ്ടികളാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതിഭയെ വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ടാണ് പോള്‍ തന്റെ നിരൂപണപ്രതിഭ വിളംബരം ചെയ്യുന്നത്.
പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളുടെ കൂടുതല്‍ ആഴത്തിലുള്ള സ്വാധീനം മലയാളസാഹിത്യത്തിലുണ്ടായ ഒരു കാലഘട്ടമാണ് വിമര്‍ശകത്രയത്തിനുശേഷം ആവിര്‍ഭവിച്ചത്. കെ. ദാമോദരന്‍, ഡോ. കെ. ഭാസ്കരന്‍ നായര്‍, എസ് ഗുപ്തന്‍നായര്‍, സുകുമാര്‍ അഴിക്കോട് എന്നിവരാണ് ഈ കാലഘട്ടത്തിലെ നിരൂപണപ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. മാര്‍ക്സിയന്‍ നിരൂപണ പദ്ധതിയില്‍ നിന്ന് ഉള്‍ക്കൊണ്ട ആശയങ്ങളാണ് കെ. ദാമോദരന്‍ തന്റെ വിമര്‍ശനത്തില്‍ പ്രയോജനപ്പെടുത്തിയത്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ദാമോദരന്‍ എന്താണ് സാഹിത്യം, സാഹിത്യനിരൂപണം എന്നീ ഗ്രന്ഥങ്ങളിലൂടെ സാഹിത്യത്തിന്റെ സാമൂഹിക പശ്ചാത്തലത്തിന് ഊന്നല്‍ നല്കുന്ന നിരൂപണപദ്ധതി അവതരിപ്പിച്ചു. കാളിദാസകൃതികളുടെസമകാലികമായ പുനര്‍വായനയും അദ്ദേഹം നിര്‍വഹിച്ചു. മാരാര്‍, മുണ്ടശ്ശേരി തുടങ്ങിയ വിമര്‍ശകരുടെ വിമര്‍ശനപദ്ധതിയെക്കുറിച്ചുള്ള മെറ്റാക്രിട്ടിസിസമാണ് ദാമോദരന്റെ മറ്റൊരു സംഭാവന.
സമകാലികരായ നിരൂപകര്‍ മലയാളത്തിലേക്ക് കൂടുതല്‍ കൂടുതല്‍ പാശ്ചാത്യസങ്കല്പങ്ങള്‍ ആവാഹിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍, അവയെ ഏറെയൊന്നും ശ്രദ്ധിക്കാതെ പാരമ്പര്യനിരൂപണ ശൈലി തന്റേതായ രീതിയില്‍ പുനരാവിഷ്കരിച്ച നിരൂപകനാണ് ഡോ. കെ. ഭാസ്കരന്‍ നായര്‍. വള്ളത്തോള്‍, സി.വി. എന്നിവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകളില്‍ ആത്മീയമൂല്യത്തിനു നല്കിയിരിക്കുന്ന അമിതപ്രാധാന്യം എന്ന കുറവ് ഉണ്ടെങ്കില്‍പ്പോലും തനതായ വീക്ഷണംകൊണ്ട് അവ ശ്രദ്ധേയമാണ്. സമചിത്തതയുടെയും സൌമ്യതയുടെയും ശബ്ദമായിട്ടാണ് ഗുപ്തന്‍നായരുടെ നിരൂപണം വിശേഷിപ്പിക്കപ്പെടുന്നത്. ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലുള്ള വൈമുഖ്യത്തെയും ഈ വിശേഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പോരായ്മകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ തെളിമയുള്ള വിമര്‍ശനങ്ങളും വിശകലനങ്ങളും ഗുപ്തന്‍നായര്‍ രചിച്ചു. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍ നായര്‍ എന്നിവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ മലയാളി നിരൂപണത്തിലെ ക്ളാസ്സിക്കുകള്‍ ആണ്. ആശാന്റെ സീതാകാവ്യം (1954) എന്ന ആദ്യ ഗ്രന്ഥത്തിലൂടെ നിരൂപണരംഗത്ത് സ്ഥിരപ്രതിഷ്ഠനേടിയ സുകുമാര്‍ അഴീക്കോട്, പിന്നീട് രമണനും മലയാളസാഹിത്യവും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നീ കൃതികളിലൂടെയും ഖണ്ഡന വിമര്‍ശനത്തിന്റെ പ്രസിദ്ധമായ മാതൃകകള്‍ മലയാളത്തിനു സംഭാവന ചെയ്തു. മലയാള സാഹിത്യനിരൂപണത്തിന്റെ ചരിത്രവും ഉപനിഷത്തുകളെക്കുറിച്ചു രചിച്ച തത്ത്വമസി എന്ന ഗ്രന്ഥവും അഴീക്കോടിന്റെ മികച്ച രചനകളാണ്.
പി.കെ. നാരായണപിള്ള, കെ.എം. ഡാനിയേല്‍, എന്‍.വി. കൃഷ്ണവാരിയര്‍, എന്‍. കൃഷ്ണപിള്ള, കെ.എന്‍. എഴുത്തച്ഛന്‍, എം.പി. ശങ്കുണ്ണിനായര്‍, എം.എസ്. ദേവദാസ് എന്നിവരുടെ പഠനങ്ങളും ഗ്രന്ഥങ്ങളും ഇക്കാലത്ത് മലയാള നിരൂപണ സാഹിത്യത്തിന്റെ വികാസത്തിന് മുതല്‍ക്കൂട്ടായിത്തീര്‍ന്നു. എന്‍.വി. കൃഷ്ണവാര്യരുടെ പരിപ്രേക്ഷ്യം, സമാകലനം, കലോത്സവം എന്നീ ഗ്രന്ഥങ്ങളില്‍ കാവ്യശില്പവും ഭാവുകത്വങ്ങളും ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യുന്ന നിരൂപകനെ നമുക്കുകാണാം. നാടകകൃത്തായ എന്‍. കൃഷ്ണപിള്ളയുടെ സാഹിത്യനിരൂപണങ്ങളില്‍ ആശാന്‍, എഴുത്തച്ഛന്‍ എന്നിവരെക്കുറിച്ചെഴുതിയ പ്രബന്ധങ്ങളും സി.വി. രാമന്‍പിള്ളയുടെ കഥാപാത്രങ്ങളുടെ ഭാഷണഭേദത്തെക്കുറിച്ചുള്ള ശൈലീപരമായ പഠനവും മികച്ചുനില്ക്കുന്നു. മാര്‍ക്സിയന്‍ വിമര്‍ശനപദ്ധതിക്ക് മലയാളത്തില്‍ തുടക്കമിട്ട വ്യക്തിയായിരുന്നു എം.എസ്. ദേവദാസ്. മലയാളസാഹിത്യത്തിലുണ്ടായ ചലനങ്ങളെ സാമൂഹികപശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ പഠനങ്ങള്‍.
പി.കെ. ബാലകൃഷ്ണന്‍, തായാട്ട് ശങ്കരന്‍, എം. ലീലാവതി, എം.എന്‍. വിജയന്‍, എം. അച്യുതന്‍, പി. ഗോവിന്ദപ്പിള്ള തുടങ്ങിയ നിരൂപകരടങ്ങുന്ന അടുത്ത തലമുറ, സമകാലിക സാഹിത്യസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള വിമര്‍ശനപദ്ധതികള്‍ മലയാളത്തില്‍ ആവിഷ്കരിക്കുകയും മലയാളത്തിലെ ശ്രേഷ്ഠമായ കൃതികളെക്കുറിച്ച് വിശദമായ നിരൂപണപഠനങ്ങള്‍ രചിക്കുകയും ചെയ്തു. നോവല്‍-സിദ്ധിയും സാധനയും എന്ന ഗ്രന്ഥത്തില്‍ പി.കെ. ബാലകൃഷ്ണന്‍ നോവല്‍ ശില്പത്തെ അസാമാന്യ ചാതുരിയോടെ വിശകലനം ചെയ്തു. മനശ്ശാസ്ത്ര നിരൂപണത്തിന്റെ മാതൃക പിന്തുടര്‍ന്ന നിരൂപകനാണ് എം.എന്‍. വിജയന്‍. വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനെക്കുറിച്ചെഴുതിയ വിഖ്യാതമായ പഠനത്തിലും, കുമാരനാശാന്‍, ബഷീര്‍ എന്നിവരെക്കുച്ചെഴുതിയ പഠനങ്ങളിലും, കലാസൃഷ്ടിയുടെ വിശകലനത്തിലൂടെ എഴുത്തുകാരന്റെ മനസ്സിലേക്കു ചുഴിഞ്ഞുകയറുന്ന വിമര്‍ശനശൈലി കാണാന്‍ കഴിയും. ജി., വൈലോപ്പിള്ളി, ഇടശ്ശേരി, പി. തുടങ്ങിയ കവികളെ സമഗ്രമായി വിലയിരുത്തുന്ന ഉപന്യാസങ്ങള്‍ രചിച്ചിട്ടുണ്ട് എം. ലീലാവതി. എം.എന്‍. വിജയന്റേതുപോലെ മനഃശാസ്ത്രവിമര്‍ശനപദ്ധതി പിന്തുടരുന്നവയാണ് ഇവരുടെ പല പഠനങ്ങളും. വര്‍ണരാജി, കവിതാരതി, സത്യം ശിവം സുന്ദരം എന്നിവയാണ് പ്രധാന കൃതികള്‍. പാശ്ചാത്യ സാഹിത്യ തത്ത്വശാസ്ത്രം, നോവല്‍ സാഹിത്യചരിത്രം എന്നിവയാണ് കെ.എം. തരകന്റെ പ്രധാനകൃതികള്‍. മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം അപഗ്രഥിച്ച് അതിന്റെ പൊരുള്‍ വിശദമാക്കുന്നതിലും അതിനനുസരിച്ച വിമര്‍ശനസമീപനം യാഥാര്‍ത്ഥ്യമാക്കുന്നതിലും ഇ.എം.എസ്. വഹിച്ച പങ്ക് നിസ്തുലമാണ്. കലാവിമര്‍ശനം ഒരു മാര്‍ക്സിസ്റ്റ് മാനദണ്ഡം എന്ന കൃതിയാണ് ഈ രംഗത്തെ മറ്റൊരു ശ്രദ്ധേയമായ സംഭാവന. എം.എസ്. ദേവദാസ്, തായാട്ടുശങ്കരന്‍, പി. ഗോവിന്ദപ്പിള്ള എന്നിവരും ഈ രംഗത്തെ ഇതര പ്രമുഖ നിരൂപകരാണ്. മാര്‍ക്സിയന്‍ വീക്ഷണങ്ങളോടുണ്ടായ യാന്ത്രികമായ പ്രതികരണങ്ങള്‍ക്ക് മറുപടി പറയുന്ന ഗ്രന്ഥമാണ് പി. ഗോവിന്ദപ്പിള്ളയുടെ ഇസങ്ങള്‍ക്കിപ്പുറം. ചെറുകഥ-ഇന്നലെ ഇന്ന്, നോവല്‍-പ്രബന്ധങ്ങളും പഠനങ്ങളും, സ്വാതന്ത്യ്രസമരവും മലയാളസാഹിത്യവും എന്നിവയാണ് എം. അച്യുതന്റെ മുഖ്യസംഭാവനകള്‍. ചെറുകഥാ വിമര്‍ശനത്തില്‍ ഗൌരവമായ ഒരു പാത പിന്തുടരുകയും മാധവിക്കുട്ടിയുടെ കഥാലോകത്തെ അതര്‍ഹിക്കുന്ന ഉന്നതിയില്‍ പ്രതിഷ്ഠിക്കുന്നതിലും കളര്‍കോട് വാസുദേവന്‍നായര്‍ വഹിച്ച പങ്ക് വലുതാണ്.
കെ.പി. അപ്പന്‍, പ്രസന്നരാജന്‍, ആഷാമേനോന്‍, വി. രാജകൃഷ്ണന്‍, പി.കെ. രാജശേഖരന്‍, വി.സി. ശ്രീജന്‍ തുടങ്ങിയവരാണ് ഉത്തരാധുനിക വിമര്‍ശനത്തിലെ പ്രമുഖര്‍. കെ.പി. അപ്പന്‍ സിദ്ധാന്തങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് സ്വന്തമായൊരു സാഹിത്യദര്‍ശനം രൂപപ്പെടുത്തുകയും അതിന്റെ വെളിച്ചത്തില്‍ മലയാള സാഹിത്യകാരന്മാരെക്കുറിച്ചും കൃതികളെക്കുറിച്ചും പ്രൌഢമായ വിമര്‍ശനകൃതികള്‍ രചിക്കുകയും ചെയ്തു. ഒ.വി. വിജയന്‍, ആനന്ദ് എന്നിവരുടെ കൃതികളെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള നിരൂപണങ്ങള്‍ രചിച്ച ആഷാ മേനോന്‍, കൃതികളുടെ ദാര്‍ശനികവശം വിശകലനം ചെയ്യുന്നതില്‍ വൈദഗ്ധ്യം പുലര്‍ത്തി. ഇംഗ്ളീഷ്, ഫ്രെഞ്ച് സാഹിത്യപാരമ്പര്യം, ശൈലീവിജ്ഞാനം, താരതമ്യസാഹിത്യപഠനം എന്നീ സൈദ്ധാന്തിക സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ വി. രാജകൃഷ്ണന്‍ രോഗത്തിന്റെ പൂക്കള്‍, ആളൊഴിഞ്ഞ അരങ്ങ് തുടങ്ങിയ കൃതികള്‍ രചിച്ചു. ടി. പദ്മനാഭന്റെ കഥകളെക്കുറിച്ച് ബൃഹത്പഠനം രചിച്ച ഡോ. എം. തോമസ് മാത്യു, കുട്ടിക്കൃഷ്ണമാരാരുടെ വിമര്‍ശനസാഹിത്യത്തെ ആഴത്തില്‍ വിലയിരുത്തുന്ന ദന്തഗോപുരത്തിലേക്കു വീണ്ടും എന്ന കൃതിയും രചിച്ചു. ഡി. ബഞ്ചമിന്‍ അക്കാദമികവിമര്‍ശനപദ്ധതി പിന്തുടരുന്ന നിരൂപകനാണ്. നവീനകവിതയെക്കുറിച്ച് വ്യത്യസ്തവും ശ്രദ്ധേയവുമായ നിരൂപണങ്ങള്‍ രചിച്ച പ്രസന്നരാജന്റെ കേരള കവിതയിലെ കലിയും ചിരിയും എന്ന ഗ്രന്ഥം വളരെ ശ്രദ്ധിക്കപ്പെട്ടു. തനതായ ശൈലിയുള്ള നിരൂപകരാണ് ബാലചന്ദ്രന്‍ വടക്കേടത്ത്, വി.സി. ശ്രീജന്‍ എന്നിവര്‍. കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരെക്കുറിച്ച് ശ്രീജന്‍ രചിച്ച നിരൂപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്രകാരം സമകാലികമായ സാഹിത്യസിദ്ധാന്തങ്ങളും നിരൂപണപദ്ധതികളും പ്രയോഗിച്ചുകൊണ്ടാണ് മേല്പറഞ്ഞ നിരൂപകര്‍ മലയാള വിമര്‍ശനത്തെ പുതിയ തലത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.
പുതിയ തലമുറയിലും ഒട്ടേറെ ശ്രദ്ധേയരായ നിരൂപകരുണ്ട്. ഡോ. കെ.എസ്. രവികുമാര്‍, പി. സോമന്‍, എസ്.എസ്. ശ്രീകുമാര്‍, പി.എസ്. രാധാകൃഷ്ണന്‍, സുനില്‍. പി. ഇളയിടം, ശാരദക്കുട്ടി, പി. പവിത്രന്‍, സി.ആര്‍. പ്രസാദ്, എം.കെ. ഹരികുമാര്‍, ഇ.പി. രാജഗോപാല്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
(രവിശങ്കര്‍ എസ്. നായര്‍, കെ.എസ്. നാരായണപിള്ള,
കെ. പ്രകാശ്, എം. സുരേഷ്)