This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നല്ലതമ്പി തേര, ഡോ. (1934 - 2010)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നല്ലതമ്പി തേര, ഡോ. (1934 - 2010)= മനുഷ്യാവകാശ സാമൂഹികപ്രവര്‍ത്തകന്‍. ...)
അടുത്ത വ്യത്യാസം →

Current revision as of 07:36, 20 നവംബര്‍ 2010

നല്ലതമ്പി തേര, ഡോ. (1934 - 2010)

മനുഷ്യാവകാശ സാമൂഹികപ്രവര്‍ത്തകന്‍. 1934 ഏ. 1-ന് നാഗര്‍കോവിലില്‍ ജനിച്ചു. പരമാനന്ദയും ജെസിയുമായിരുന്നു മാതാപിതാക്കള്‍. നാഗര്‍കോവിലിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും 1973-ല്‍ മധുര മെഡിക്കല്‍ കോളജില്‍ നിന്നും മെഡിക്കല്‍ ബിരുദവും സമ്പാദിച്ചു. 1976 മുതല്‍ ഏറെക്കാലം മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സുല്‍ത്താന്‍ബത്തേരിയിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തിലാണ് ആദിവാസികളുടെ ഭൂമിപ്രശ്നത്തില്‍ തേര ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആദിവാസികളുള്‍പ്പെടുന്ന ഗോത്ര ജനസമൂഹങ്ങള്‍ക്കിടയില്‍ നിസ്വാര്‍ഥമായി സേവനം നടത്തിയ ഡോ. നല്ലതമ്പി, പിന്നീട് നിയമത്തിലും (മൈസൂര്‍ യൂണിവേഴ്സിറ്റി) ബിരുദം നേടുകയുണ്ടായി.

ഡോ.നല്ലതമ്പി തേര

1975-ലെ ആദിവാസിഭൂനിയമം നടപ്പാക്കുന്നതില്‍ നിസ്സംഗത പാലിച്ച കേരളസര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിക്കുന്നതോടെയാണ് തേര ശ്രദ്ധേയനാകുന്നത്. കാല്‍ നൂറ്റാണ്ടിലേറെ ഈ നിയമയുദ്ധം തുടരുകയുണ്ടായി. ഡോ. നല്ലതമ്പിയുടെ ഹര്‍ജിയെത്തുടര്‍ന്നുണ്ടായ ഹൈക്കോടതി പരാമര്‍ശങ്ങളെ മറികടക്കാന്‍ കേരള നിയമസഭ ആദിവാസിഭൂനിയമബില്‍ ഭേദഗതികളോടെ രാഷ്ട്രപതി കെ.ആര്‍. നാരായണന് മുമ്പാകെ സമര്‍പ്പിച്ചുവെങ്കിലും (1996) അദ്ദേഹം പ്രസ്തുത ബില്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് 1998-ല്‍ കേരള നിയമസഭ ആദിവാസി ഭൂനിയമ ബില്‍ പാസ്സാക്കി. ഇതിനെത്തുടര്‍ന്ന് ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ആറു മാസത്തിനകം ഒരേക്കര്‍ ഭൂമി വീതം വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് ഡോ. നല്ലതമ്പി 2001-ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി 2009 ജൂലായില്‍ സുപ്രീംകോടതി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയുണ്ടായി. ഡോ. നല്ലതമ്പി തേരയുടെ ഇത്തരം നിയമഹര്‍ജികള്‍ ആദിവാസികളുടെ ഭൂസമരങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയുണ്ടായി.

അടിയന്തരാവസ്ഥാകാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് 1977-ല്‍ റായ്ബറേലി മണ്ഡലത്തില്‍നിന്ന് ഇന്ദിരാഗാന്ധിക്കെതിരെയും, 1984-ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് അമേഠി മണ്ഡലത്തില്‍ നിന്നു രാജീവ് ഗാന്ധിക്കെതിരെയും ഡോ. നല്ലതമ്പി തേര സ്വതന്ത്രനായി മത്സരിച്ചു.

രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പുകളില്‍ അമിതമായി പണം ചെലവാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് 1985-ല്‍ ഇദ്ദേഹം സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. അനുകൂലമായ വിധി നേടാനായില്ലെങ്കിലും രാഷ്ട്രീയത്തിലെ അമിത    സാമ്പത്തിക സ്വാധീനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഒരു പൌരന്റെ ശബ്ദം എന്ന നിലയില്‍ പ്രസ്തുത ഹര്‍ജി കോടതി ഗൌരവത്തോടെ കാണുകയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബഞ്ച് ഹര്‍ജി പരിശോധിക്കുകയും ചെയ്തിരുന്നു.

ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിനു മുമ്പാകെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പരക്കെ പ്രശംസ നേടുകയുണ്ടായി. 2010 ജൂണ്‍ 17-ന് ഇദ്ദേഹം കല്പറ്റയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍