This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസമിയ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചെറുകഥ)
(നോവല്‍)
വരി 121: വരി 121:
20-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ ചെറുകഥാപ്രസ്ഥാനം അസമിയായില്‍ രൂപംകൊള്ളാന്‍ തുടങ്ങി. ആദ്യത്തെ ചെറുകഥാകൃത്തുക്കള്‍ മേല്പറഞ്ഞ എല്‍.എന്‍. ബൈസ്ബറുവ (1868-1938)യും ശരത്ഗോസ്വാമി(1884-1944)യും തന്നെയായിരുന്നു. വ്യാര്‍ഥാതാര്‍ദാന്‍ (1938) എന്ന ചെറുകഥാസമാഹാരത്തിന്റെ കര്‍ത്താവായ ''ലക്ഷ്മീശര്‍മ''യാണ് അസമിയാ ചെറുകഥയുടെ രൂപഭാവങ്ങള്‍ക്ക് പുതിയ അര്‍ഥകല്പന നല്കാന്‍ ആരംഭിച്ചത്. മാനസികാപഗ്രഥനപരമായ ചെറുകഥാസമാഹാരങ്ങളാണ് ബീന ബറുവയുടെ ''പത്പരിവര്‍ത്തനവും'' (1948) ''അഘോനീബായിയും'' (1950) രാമദാസിന്റെ ''ശ്രേഷ്ഠഗല്പയും'' ഉമാശര്‍മയുടെ ''ഘുരാനിയാ പൃഥിവിര്‍ബേകപാഥും. ഫ്രോയ്ഡ് മുതല്‍ മാര്‍ക്സ് വ''രെയും ''ചെഖോവ് മുതല്‍ മോപ്പസാങ്'' വരെയും സ്വാധീനം ചെലുത്തിയിട്ടുള്ള ആധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖന്‍ പ''രാസ്മണി, അജനി നാതുണ്‍ സോവാലി, രംഗാഗാരം, മെറോഹപാപാരി'' എന്നീ സമാഹാരങ്ങളുടെ കര്‍ത്താവായ അബ്ദുല്‍ മാലിക്കാണ്. യോഗേശ്ദാസ്, ബീരണ്‍ഭട്ട, ദാബെന്‍സാകിയ, സൗരോവ് ചാലിഹ, ത്രൈലോക്യനാഥ ഗോസ്വാമി, മഹിംബോറ, എല്‍.എന്‍.ബോറ, നീരദ് ചൗധുരി, ഇമാരന്‍ഷാ, മേദിനീ ചൗധുരി തുടങ്ങിയവരും പ്രമുഖ ചെറുകഥാകൃത്തുക്കളാണ്. ഈ പ്രസ്ഥാനത്തില്‍ വിജയം വരിച്ചിട്ടുള്ള സ്ത്രീകളുടെ പട്ടികയില്‍ സ്നേഹദേവി, പ്രണീതാദേവി, നിരുപമാബര്‍ ഗോഹായി, മമനി ഗോസ്വാമി, എ.പ്യാര്‍, എ. ഭാരലി ദാര്‍, ഹിരണ്മയീദേവി, ഡി. താലൂക്, പി.ബറുവ, അനുബറുവ തുടങ്ങി പലരും ഉള്‍പ്പെടും.
20-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ ചെറുകഥാപ്രസ്ഥാനം അസമിയായില്‍ രൂപംകൊള്ളാന്‍ തുടങ്ങി. ആദ്യത്തെ ചെറുകഥാകൃത്തുക്കള്‍ മേല്പറഞ്ഞ എല്‍.എന്‍. ബൈസ്ബറുവ (1868-1938)യും ശരത്ഗോസ്വാമി(1884-1944)യും തന്നെയായിരുന്നു. വ്യാര്‍ഥാതാര്‍ദാന്‍ (1938) എന്ന ചെറുകഥാസമാഹാരത്തിന്റെ കര്‍ത്താവായ ''ലക്ഷ്മീശര്‍മ''യാണ് അസമിയാ ചെറുകഥയുടെ രൂപഭാവങ്ങള്‍ക്ക് പുതിയ അര്‍ഥകല്പന നല്കാന്‍ ആരംഭിച്ചത്. മാനസികാപഗ്രഥനപരമായ ചെറുകഥാസമാഹാരങ്ങളാണ് ബീന ബറുവയുടെ ''പത്പരിവര്‍ത്തനവും'' (1948) ''അഘോനീബായിയും'' (1950) രാമദാസിന്റെ ''ശ്രേഷ്ഠഗല്പയും'' ഉമാശര്‍മയുടെ ''ഘുരാനിയാ പൃഥിവിര്‍ബേകപാഥും. ഫ്രോയ്ഡ് മുതല്‍ മാര്‍ക്സ് വ''രെയും ''ചെഖോവ് മുതല്‍ മോപ്പസാങ്'' വരെയും സ്വാധീനം ചെലുത്തിയിട്ടുള്ള ആധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖന്‍ പ''രാസ്മണി, അജനി നാതുണ്‍ സോവാലി, രംഗാഗാരം, മെറോഹപാപാരി'' എന്നീ സമാഹാരങ്ങളുടെ കര്‍ത്താവായ അബ്ദുല്‍ മാലിക്കാണ്. യോഗേശ്ദാസ്, ബീരണ്‍ഭട്ട, ദാബെന്‍സാകിയ, സൗരോവ് ചാലിഹ, ത്രൈലോക്യനാഥ ഗോസ്വാമി, മഹിംബോറ, എല്‍.എന്‍.ബോറ, നീരദ് ചൗധുരി, ഇമാരന്‍ഷാ, മേദിനീ ചൗധുരി തുടങ്ങിയവരും പ്രമുഖ ചെറുകഥാകൃത്തുക്കളാണ്. ഈ പ്രസ്ഥാനത്തില്‍ വിജയം വരിച്ചിട്ടുള്ള സ്ത്രീകളുടെ പട്ടികയില്‍ സ്നേഹദേവി, പ്രണീതാദേവി, നിരുപമാബര്‍ ഗോഹായി, മമനി ഗോസ്വാമി, എ.പ്യാര്‍, എ. ഭാരലി ദാര്‍, ഹിരണ്മയീദേവി, ഡി. താലൂക്, പി.ബറുവ, അനുബറുവ തുടങ്ങി പലരും ഉള്‍പ്പെടും.
-
====നോവല്‍====  
+
===നോവല്‍===  
ജോണ്‍ ബന്യന്റെ പില്‍ഗ്രിംസ് പ്രോഗ്രസ്സിന്റെ തര്‍ജുമയായ ''യാത്രികാര്‍ യാത്രി''യോടുകൂടിയാണ് അസമിയായില്‍ നോവല്‍ പ്രസ്ഥാനം ആരംഭിക്കുന്നത്. ആദ്യകാല നോവലുകളായ ''കാനി ബെഹേരുവാന്‍ സാധു (1876), കാമിനീകാന്തന്‍ (1877), എലുകേസീ ബേസയാര്‍ ബീസയി (1877), ഫുല്‍മാനി അരുകരുണ'' (1877) തുടങ്ങിയവയെല്ലാം മിഷണറിമാര്‍ എഴുതിയവയോ ക്രൈസ്തവോപാഖ്യാനങ്ങളെ ആധാരമാക്കിയവയോ ആയിരുന്നു. ആദ്യകാല സ്വതന്ത്രനോവലുകളുടെ കൂട്ടത്തില്‍ പദ്മാവതി ഫൂകാനാനിയുടെ സുധര്‍മര്‍ ഉപാഖ്യാനവും (1884), എച്ച്.സി. ബറുവയുടെ ബാഹിരേ രംഗസംഗ്, ഭീതരേ കുവാഭാതുരി എന്നിവയും ഉള്‍പ്പെടും.
ജോണ്‍ ബന്യന്റെ പില്‍ഗ്രിംസ് പ്രോഗ്രസ്സിന്റെ തര്‍ജുമയായ ''യാത്രികാര്‍ യാത്രി''യോടുകൂടിയാണ് അസമിയായില്‍ നോവല്‍ പ്രസ്ഥാനം ആരംഭിക്കുന്നത്. ആദ്യകാല നോവലുകളായ ''കാനി ബെഹേരുവാന്‍ സാധു (1876), കാമിനീകാന്തന്‍ (1877), എലുകേസീ ബേസയാര്‍ ബീസയി (1877), ഫുല്‍മാനി അരുകരുണ'' (1877) തുടങ്ങിയവയെല്ലാം മിഷണറിമാര്‍ എഴുതിയവയോ ക്രൈസ്തവോപാഖ്യാനങ്ങളെ ആധാരമാക്കിയവയോ ആയിരുന്നു. ആദ്യകാല സ്വതന്ത്രനോവലുകളുടെ കൂട്ടത്തില്‍ പദ്മാവതി ഫൂകാനാനിയുടെ സുധര്‍മര്‍ ഉപാഖ്യാനവും (1884), എച്ച്.സി. ബറുവയുടെ ബാഹിരേ രംഗസംഗ്, ഭീതരേ കുവാഭാതുരി എന്നിവയും ഉള്‍പ്പെടും.

09:24, 16 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

അസമിയ ഭാഷയും സാഹിത്യവും

അസം സംസ്ഥാനത്തില്‍ വ്യവഹരിച്ചുപോരുന്ന മുഖ്യഭാഷയും അതില്‍ രചിക്കപ്പെടുന്ന സാഹിത്യവും.


അസമിയ ഭാഷ

അസം ഭാഷയുടെ യഥാര്‍ഥനാമം അസമിയ എന്നാണ്. അസമിലെ 70 ലക്ഷത്തില്‍പ്പരം ആളുകളുടെ മാതൃഭാഷയാണിത്.

ഇന്തോ-ആര്യന്‍ ഗോത്രത്തില്‍പ്പെട്ട മാഗധിഅപഭ്രംശത്തില്‍ നിന്നാണ് അസമിയയുടെ ഉത്പത്തി; അതിനാല്‍ ഇതിന് ബംഗാളി, ഒറിയ, മൈഥിലി എന്നീ ഭാഷകളുമായി ഉറ്റബന്ധമുണ്ട്.

പ്രാദേശികഭേദങ്ങള്‍

അസമിയ ഭാഷയെ പൂര്‍വ അസമിയ, പശ്ചിമ അസമിയ എന്നിങ്ങനെ പൊതുവേ രണ്ടായി വിഭജിച്ചിരിക്കുന്നു. ഗുവാഹത്തിയില്‍ നിന്നും കിഴക്കുമാറി കിടക്കുന്ന സാദിയായിലെ വ്യവഹാര ഭാഷയില്‍ നിന്നാണ് അസമിയാസാഹിത്യഭാഷയുടെ വികാസം; ഇതില്‍നിന്ന് വ്യത്യസ്തമാണ് കാമരൂപം, ഗോല്‍പാര തുടങ്ങിയ പടിഞ്ഞാറന്‍ ജില്ലകളിലെ വ്യവഹാരഭാഷ; എന്നാല്‍ അടിസ്ഥാനപരമായി ഈ ഭാഷാരൂപങ്ങള്‍ക്ക് വ്യക്തമായ സാജാത്യങ്ങളുണ്ട്.

വികാസഘട്ടങ്ങള്‍

അസമിയ ഭാഷയുടെ വികാസചരിത്രത്തെ മൂന്നുഘട്ടങ്ങളായി വിഭജിക്കാം: (1) ആദ്യകാലം; (2) മധ്യകാലം; (3) ആധുനികകാലം. എ.ഡി. ഒമ്പതുമുതല്‍ പതിനൊന്നുവരെയുള്ള നൂറ്റാണ്ടുകളില്‍ 'സഹജീയ' ബുദ്ധമതാനുയായികള്‍ രചിച്ചിട്ടുള്ള ചര്യാപദങ്ങള്‍ എന്ന ഗൂഢാര്‍ഥകവിതകള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇവ തങ്ങളുടെ ഭാഷയില്‍ ഉള്‍പ്പെട്ടവയാണെന്ന് അസമിയ, ബംഗാളി, ഒറിയ, മൈഥിലി തുടങ്ങി പൂര്‍വേന്ത്യയില്‍ പ്രചാരത്തിലുള്ള മിക്ക ഇന്തോ-ആര്യന്‍ ഭാഷകളും അവകാശപ്പെടുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമത്രെ.

ചര്യാപദങ്ങളല്ലാതെ മറ്റൊരു ലിഖിത സാഹിത്യ സൃഷ്ടിയും 14-ാം ശ.-ത്തിന്റെ ആരംഭംവരെ അസമിയഭാഷയിലുണ്ടായതായി രേഖകളില്ല. 14-ാം ശ. മുതല്‍ അസമിയഭാഷാസാഹിത്യചരിത്രങ്ങളുടെ വളര്‍ച്ച ഇടമുറിയാതെപോകുന്നു. 14-17 ശ.-ങ്ങള്‍ക്കിടയിലുണ്ടായ പൂര്‍വവൈഷ്ണവ കവികളുടെ രചനകളില്‍ ആദ്യകാല അസമിയാസാഹിത്യസൃഷ്ടികളുടെ മാതൃകകള്‍ ധാരാളം കാണാം. ഈ കാലത്ത് ഭാഷയുടെ ശബ്ദശാസ്ത്രം, വാക്യഘടനാരീതി തുടങ്ങിയവയ്ക്ക് പ്രായേണ രണ്ടു സമാന്തരരൂപങ്ങളുണ്ടായിരുന്നു-സംസാരത്തിലുപയോഗിക്കുന്നവയും സാഹിത്യത്തില്‍ പ്രയോഗിക്കുന്നവയും.

17-ാം ശ.-ത്തിന്റെ മധ്യംമുതല്‍ 19-ാം ശ.-ത്തിന്റെ ആദ്യകാലംവരെയാണ് അസമിയ ഭാഷയുടെ മധ്യഘട്ടം. ഈ കാലഘട്ടത്തില്‍ ചരിത്രപരമായ രചനകളും മതപരമായ ജീവചരിത്രകൃതികളും ഗദ്യവിഭാഗത്തെ സംപുഷ്ടമാക്കി; ഇവ ഏറിയകൂറും സംസാരഭാഷയിലായിരുന്നു. ആധുനികകാലത്തെ ലിംഗ-വചന പ്രത്യയങ്ങള്‍ ഈ കൃതികളില്‍ സുലഭമായി ദൃശ്യമാണ്.

പാശ്ചാത്യരുടെയും പാശ്ചാത്യസാഹിത്യരൂപങ്ങളുടെയും വരവോടുകൂടി 19-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ അസമിയ ഭാഷ ആധുനികഘട്ടത്തിലേക്കുകടന്നു. നാഥന്‍ ബ്രൌണ്‍ ആദ്യത്തെ അസമിയാവ്യാകരണവും (1848), റവ. എ. ബ്രോണ്‍സണ്‍ ആദ്യത്തെ അസമിയാനിഘണ്ടുവും (1867) പ്രകാശിപ്പിച്ചു. അങ്ങനെ കിഴക്കന്‍ അസമില്‍ പ്രചാരത്തിലിരുന്ന ഭാഷാരൂപത്തെ അടിസ്ഥാനമാക്കി അസമിയാസാഹിത്യഭാഷ പടുത്തുയര്‍ത്തിയത് ഈ ക്രൈസ്തവപാതിരിമാരാണ്. ആധുനിക അസമിയാശബ്ദസഞ്ചയത്തിലും ആവിഷ്കാരരൂപത്തിലും ഇംഗ്ളീഷ് ഭാഷ ഗണ്യമായി സ്വാധീനം ചെലുത്തുകയുണ്ടായി.

ശബ്ദസഞ്ചയം

മറ്റ് ഇന്തോ-ആര്യന്‍ ഭാഷകളെപ്പോലെ അസമിയാശബ്ദാവലിയും അഞ്ച് ഘടകങ്ങള്‍ ചേര്‍ന്നതാണ്:

1. തത്സമങ്ങള്‍-സംസ്കൃതപദങ്ങള്‍;

2. തദ്ഭവങ്ങള്‍-സംസ്കൃതത്തില്‍നിന്ന് നിഷ്പന്നമായ പദങ്ങള്‍;

3. അര്‍ധതത്സമങ്ങള്‍;

4. ദേശി-ആര്യേതരമായ പ്രാദേശികപദങ്ങള്‍;

5. വിദേശി-വിദേശഭാഷാപദങ്ങള്‍.

ആര്യേതരവര്‍ഗങ്ങള്‍ അസമില്‍ ധാരാളം ഉള്ളതിനാല്‍ അവിടത്തെ ഗോത്രവര്‍ഗഭാഷകള്‍ അസമിയയുടെ രൂപവത്കരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അസമിയാശബ്ദകോശത്തിലുള്ള പദങ്ങളില്‍ ഏതാണ്ട് 20 ശതമാനത്തോളം ഗോത്രവര്‍ഗഭാഷകളില്‍നിന്നു വന്നതാണെന്ന് കണക്കാക്കപ്പെടുന്നു.

അക്ഷരമാല

സംസ്കൃതത്തിലെ അകാരാദി തന്നെയാണ് അസമിയയിലേതെങ്കിലും, അവയില്‍ പലതിന്റെയും ഉച്ചാരണത്തിന് ചില സവിശേഷതകളുണ്ട്. ഇ, ഈ, ഉ, ഊ, ഋ, ൠ എന്നിവയിലെ ഹ്രസ്വദീര്‍ഘഭേദങ്ങള്‍ ഇവിടെ കാണാന്‍ കഴിയുന്നില്ല; പക്ഷേ, ഉച്ചാരണത്തിലില്ലെങ്കിലും എഴുതുന്നത് പ്രത്യേകമായിട്ടുതന്നെയാണ്. ചില 'ദേശജ'പദങ്ങളുടെ ഉച്ചാരണത്തില്‍ ശബ്ദപരമായ വ്യത്യാസങ്ങള്‍ കാണാം. മൂര്‍ധന്യ (cerebral) ദന്ത്യാക്ഷരങ്ങള്‍ ഉച്ചരിക്കുന്നത് വര്‍ത്സ്യം (alveolar) ആയിട്ടാണ്. c,ch എന്നിവയെഴുതാന്‍ പ്രത്യേകലിപികളുണ്ടെങ്കിലും അവയുടെ ശബ്ദങ്ങള്‍ക്കു തമ്മില്‍ വ്യത്യാസമില്ല. താലവ്യങ്ങള്‍ (palatals) ആയിട്ടല്ല, അഘോഷവര്‍ത്സ്യങ്ങള്‍ (voiceless alveolar) ആയാണ് അവയെ ഉച്ചരിക്കുന്നത്. സംസ്കൃതത്തിലെ ഊഷ്മാക്കള്‍ (sibilants) എഴുത്തില്‍ മാത്രമേ ഉള്ളൂ. മൂന്ന് ഊഷ്മാക്കളും ഒന്നുപോലെ ഉച്ചരിക്കുന്നു-അഘോഷശ്വാസദ്വാരീയസംഘര്‍ഷി (unvoiced glottal fricative) ആയി. ഇത് അസമിയയ്ക്കുള്ള ഒരു സവിശേഷതയാണ്. ഉദാഹരണമായി, അസമിയയില്‍ 'സര' എന്നും 'സാര' എന്നുമുള്ള ശബ്ദങ്ങള്‍ 'ക്സര്‍' എന്നും 'ക്സാര്‍' എന്നുമാണ് പറയുക പതിവ്. തത്സമങ്ങളിലെ കൂട്ടക്ഷരങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍ ഊഷ്മാക്കളുടെ 'സ' വ്യക്തമായി നിലനില്ക്കുന്നു.

ശബ്ദവികാരങ്ങള്‍

മറ്റ് ആധുനിക ഇന്തോ-ആര്യന്‍ ഭാഷകളെപ്പോലെ അസമിയയിലും ദ്വിവചനമില്ല; ബഹുവചനപ്രത്യയങ്ങള്‍ 'ബോര്‍', 'ബിലാക്', 'ഹത' എന്നിവയാണ്. ഇത് ആദ്യകാലത്ത് 'ഗണം', 'സമൂഹം' തുടങ്ങിയ പദങ്ങള്‍ ചേര്‍ത്താണ് സാധിച്ചിരുന്നത്. വിഭക്തിപ്രത്യയങ്ങള്‍ രണ്ടുവിധത്തില്‍ കാണാം:

(എ) 'ക' (പ്രതിഗ്രാഹിക, accusative), 'ദ്വാരാ' (സംയോജിക,instrumental ), 'പരാ' (പ്രയോജിക, ablative), 'ലയ്' (ഉദ്ദേശിക,dative), 'ര' (സംബന്ധിക, genetive), 'ത' (ആധാരിക, locative);

(ബി) 'ഏ', 'ഹരെ' (നിര്‍ദേശിക, സംയോജിക,nominative & instrumental) തുടങ്ങിയ സംശ്ലേഷക (agglutinative) പ്രത്യയങ്ങള്‍ ഉപയോഗിക്കുന്നു.

ക്രിയാരൂപങ്ങളില്‍ അസമിയയ്ക്ക് ആറ് കാലരൂപങ്ങളുണ്ട്: (1) പ്രജനകവര്‍ത്തമാനകാലം (general present); (2) അപൂര്‍ണവര്‍ത്തമാനകാലം (progressive present); (3) വിധിരൂപകാലം (imperative); (4) പ്രജനക ഭൂതകാലം (general past) (5) ഭൂതകാലം (Plu-past) (6) ഭാവികാലം (future). ഉത്തമ-പ്രഥമ-മധ്യമപുരുഷ ഭേദങ്ങളില്‍ ഇവ പതിനെട്ടു രൂപങ്ങള്‍ കൈക്കൊള്ളുമെങ്കിലും ഏക-ബഹുവചനരൂപങ്ങള്‍ പ്രത്യേകമില്ല. ഉദാ. 'മയ്കരോ' (ഞാന്‍ ചെയ്യുന്നു); 'ആമികരോ' (ഞങ്ങള്‍ ചെയ്യുന്നു); 'തുമികരാ' (നീ ചെയ്യുക), 'തൊമാലോകെകരാ' (നിങ്ങള്‍ ചെയ്യുക) ഇത്യാദി.

ക്രിയകള്‍ക്കു ലിംഗവചനഭേദങ്ങളില്ല. നാമങ്ങള്‍ക്കും ചിലപ്പോള്‍ വിശേഷണങ്ങള്‍ക്കും മാത്രമാണ് ലിംഗപ്രത്യയങ്ങള്‍ ചേര്‍ക്കുക. ശബ്ദവിഭക്തിരൂപങ്ങള്‍ ശ്ലിഷ്ടയോഗാത്മകതയുള്ള (inflexional) ഭാഷയായതിനാല്‍, വാക്യങ്ങളുടെ പദസന്നിവേശക്രമത്തിന് ക്ലിപ്തിയുണ്ട്. ഉദാ. 'മയ് ഭാത് ഖാവോ' (ഞാന്‍ ഭക്ഷണം കഴിക്കുന്നു) എന്നത് 'ഖാവോ ഭാത് മയ്' എന്നു മാറ്റാന്‍ സാധ്യമല്ല. ബഹുവചനരൂപങ്ങള്‍ നാമങ്ങള്‍ക്കു മാത്രമേ ഉള്ളൂ, ക്രിയകള്‍ക്കില്ല; നാമം ഏതുവചനത്തിലാണെങ്കിലും ക്രിയാരൂപങ്ങള്‍ക്കു വ്യത്യാസമില്ലാതെ നിലനില്ക്കുന്നു.

(ഡോ. എസ്.എന്‍. ശര്‍മ)

അസമിയ സാഹിത്യം

'അസമിയ സാഹിത്യം തികച്ചും ദേശീയമാണ്; എന്നും അത് അങ്ങനെയായിരുന്നു; അങ്ങനെതന്നെ ഇരിക്കുകയും ചെയ്യും' എന്നാണ് ഭാരതീയ ഭാഷാശാസ്ത്രപഠനത്തിന്റെ പിതാവായ ഡോ. ഗ്രിയേഴ്സണ്‍ അഭിപ്രായപ്പെടുന്നത്. ബി.സി. എട്ടാം നൂറ്റാണ്ടുകാലത്തെ യവനസാഹിത്യംപോലെ, ഐതിഹ്യപുരുഷനായ ദാക് മഹാപുരുഷന്റെ സുഭാഷിതങ്ങളാണ് പ്രാചീനതമമായ രചന. അസമിയാ സാഹിത്യത്തിന്റെ പിതാവ് എന്നു പറയപ്പെടുന്ന ശങ്കരദേവന്റെ കാലത്തിനു മുന്‍പാണ് പ്രസ്തുത സുഭാഷിതങ്ങള്‍ രചിക്കപ്പെട്ടതെന്ന് അസമിയാസാഹിത്യര്‍ സാനേകി പറയുന്നു.

ആദ്യാങ്കുരങ്ങള്‍

ദാക് മഹാപുരുഷന്റെ നീതിവാക്യങ്ങള്‍ക്ക് അസമില്‍ മാത്രമല്ല, ബംഗാളിലും ബിഹാറിലും ഒറീസയിലും നേപ്പാളിലും പ്രചാരുമുണ്ട്. കൃഷി, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ മനുഷ്യര്‍ അനുവര്‍ത്തിക്കേണ്ട സാമൂഹികക്രമങ്ങളെക്കുറിച്ച് ഇവ ലഘുപദ്യങ്ങളില്‍ വിവരിക്കുന്നു. മിക്ക സുഭാഷിതങ്ങളും ബുദ്ധ ധര്‍മ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടിട്ടുള്ളത്. യാത്രക്കാരുടെ ആവശ്യത്തിന് നിരത്തുവക്കത്ത് കിണറുകളും കുളങ്ങളും കുഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവ ഉദ്ബോധിപ്പിക്കുന്നു. വിവാഹത്തെയും സ്ത്രീധര്‍മത്തെയും കുറിച്ചുള്ള മറ്റു ചിലവ മനുസ്മൃതി വാക്യങ്ങളുടെ പരാവര്‍ത്തനങ്ങളാണെന്നു പറയാം.

നാടന്‍ പാട്ടുകള്‍

പ്രാചീന അസമിയാഭാഷാപ്രയോഗസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ബൌദ്ധദൌഹാകള്‍ വളരെ പ്രചാരമുള്ള കീര്‍ത്തനങ്ങളാണ്. അപ്രസിദ്ധന്മാരായ ഏതോ ബുദ്ധഭിക്ഷുക്കള്‍ രചിച്ചിരിക്കാനിടയുള്ള ഈ സ്തോത്രങ്ങളിലെ വ്യാകരണപരവും ശബ്ദപരവുമായ പ്രത്യേകതകള്‍ പലതും ആധുനികകാലത്തിന്റെ ആരംഭഘട്ടംവരെ നിലനിന്നുവെന്ന് ഡോ.കെ.കാകോടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പഴയ കാമരൂപിഭാഷയുടെയും മൈഥിലിഭാഷയുടെയും ഒരു സമ്മിശ്രരൂപമാണ് ബൗദ്ധ ദൗഹാകളില്‍ കാണുന്നത്. ഇരുണ്ട ഒരു കാലഘട്ടത്തില്‍ നിന്ന് പുതിയ അറിവുകളിലേക്കും പ്രകാശത്തിലേക്കും ഉണരുന്ന ഒരു ജനത സ്വീകരിച്ച മന്ത്രതന്ത്രാദികള്‍കൊണ്ട് നിറഞ്ഞവയാണ് ഈ ദൌഹാകള്‍.

നാടന്‍പാട്ടുകള്‍ എന്നു പറയപ്പെടുന്ന ജനകീയസാഹിത്യം എഴുതപ്പെടാതെ ജനങ്ങളുടെ സ്മൃതിപഥങ്ങളില്‍ സൂക്ഷിക്കപ്പെട്ടുവന്നവയാണ്. ഇവയില്‍ ബാഹ്യപ്രേരണകളോ പണ്ഡിതോചിതമായ പ്രയോഗവിശേഷങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരികയില്ല. വര്‍ഷാരംഭത്തെ പ്രകീര്‍ത്തനംചെയ്യുന്ന ബീഹു (വിഷു) ഗീത് ഇക്കൂട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വിറകുവെട്ടുകാരന്റെ ബൗന്‍ഗീതങ്ങള്‍, വഞ്ചികളുടെയും നദികളുടെയും നാടായ അസമിലെ സാധാരണക്കാരന്‍ പാടുന്ന നാവരിയാഗീതങ്ങളെന്ന വള്ളപ്പാട്ടുകള്‍ തുടങ്ങിയവ പ്രകൃതിയുടെ ശക്തിയെയും ചേതോഹാരിതയെയും പ്രകീര്‍ത്തിക്കുന്നു. വഞ്ചിയില്‍ പോയ ഹൃദയനാഥനെക്കുറിച്ച് വിരഹിണി ആലപിക്കുന്ന രഹ്മിഹഗീതവും കാമുകിയുടെ കയനാബരമഹിഗീതവും ഉജ്ജ്വല ഗ്രാമീണ ഗാനങ്ങളാണ്. വിതയ്ക്കും കൊയ്ത്തിനും മാത്രമല്ല, കൊതുകുകളെയും പുഴുക്കളെയും മറ്റും ആട്ടിപ്പായിക്കാനും അസമിയയില്‍ നാടന്‍പാട്ടുകളുണ്ട്. പചലാകീര്‍ത്തനം, പഗലാ പാര്‍വതിഗീതം, സീപീനീ കീര്‍ത്തനം തുടങ്ങിയവ വിനോദരസപ്രധാനങ്ങളാണ്. ഇവയില്‍ ചിലത് 'തുകാരി' എന്ന ഒരു സംഗീതോപകരണത്തിന്റെ സഹായത്തോടുകൂടി ആലപിക്കപ്പെടുന്നു.

വിവാഹ വേളകളിലേക്കുള്ള ബീയാനാങ്ങള്‍ക്കും നിസുകനിഗീതങ്ങളെന്നു പറയപ്പെടുന്ന താരാട്ടുപാട്ടുകള്‍ക്കും വളരെ പഴക്കമുണ്ട്. വധൂവരന്മാരുടെ സംഘത്തില്‍പ്പെട്ടവര്‍ പരസ്പരം കളിയാക്കിക്കൊണ്ടുപാടുന്നവയാണ് ജൂരാനാമകള്‍. താരാട്ടു പാട്ടുകളിലെ 'ലായി ഹാലേ ജാലേ ആബേല ബതാഹേ, സിയാലി ഏ നാഹിബീ രാതി, ജുന്‍ബായി ഏബേജീ ഏതാദിയാ' തുടങ്ങിയ പല്ലവികള്‍ വളരെ ഗാനാത്മകങ്ങളാണ്.

മതസ്വാധീനം

ഈ പാട്ടുകളിലൊക്ക വൈഷ്ണവപ്രസ്ഥാനത്തിന്റെ അതിപ്രസരം പ്രകടമാണ്. ആത്മീയചിന്തകളും താത്വികസിദ്ധാന്തങ്ങളുംകൊണ്ട് നിറഞ്ഞവയെങ്കിലും ശ്രീധരകന്ദളിയുടെ കാന്‍ഖുവാ ഗാനങ്ങള്‍ പാമരഗൃഹങ്ങളിലും പ്രചാരത്തിലിരിക്കുന്നു. ദെഹ്ബീ സാരര്‍ഗീതമെന്ന വൈഷ്ണവഗാനത്തോടൊപ്പം വളരെക്കാലംമുന്‍പു മുതല്‍ അസമില്‍ പ്രചാരമുള്ളതാണ് ജീകീര്‍ഗീത് എന്ന് ഇസ്ലാമിക സങ്കീര്‍ത്തനം. ഗദാധരസിംഹന്‍ എന്ന രാജാവിന്റെ ഭരണകാലത്ത് (1681-96) ജീവിച്ചിരുന്ന ആജാന്‍ പീര്‍ എന്ന മുസ്ലിംപണ്ഡിതനാണ് ജീകീര്‍ഗീതിന്റെ രചയിതാവ്. കൃഷ്ണലീലകളെ ആധാരമാക്കി മാധവദേവ് എന്ന കവി (1489-1596) രചിച്ച ബാര്‍ഗീതങ്ങള്‍ ഒരേസമയം ശൃംഗാരപ്രധാനവും തത്ത്വചിന്താപരവുമാണ്.

വീരഗാഥകളും ഈ കാലഘട്ടത്തില്‍ ധാരാളമായുണ്ടായി. ഫുല്‍കുന്‍വര്‍, മണികുന്‍വര്‍, ജനാഗാഭാരൂര്‍ഗീത്, ബര്‍ഫുകനര്‍ഗീത്, മായാമരിയാ രനുവാര്‍ ഗീത്, ദുബലാശാന്തിര്‍ ഗീത് എന്നീ പേരുകളിലറിയപ്പെടുന്നവ സാമൂഹികവികസനത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു.

ദുര്‍ഗാബര്‍ ഗാനങ്ങള്‍

വൈഷ്ണവപ്രധാനമായ ഗാനങ്ങള്‍ക്കുപുറമേ, രാജാക്കന്മാരുടെ പ്രീതീഭാജനങ്ങളായിരുന്ന ഏതാനും കവികള്‍ മതചിന്തയ്ക്കു വലിയ പ്രാധാന്യം കൊടുക്കാതെ പല ഗാനങ്ങളും രചിച്ചിരുന്നു. ബേയുലാ എന്ന ഒരു ഐതിഹ്യപാത്രത്തെ ആധാരമാക്കി ഏതാനും നൃത്തഗാനങ്ങള്‍ രചിക്കാന്‍ ദുര്‍ഗാവരന്‍ എന്ന ഒരു അവൈഷ്ണവകവിയെ വിശ്വസിംഹന്‍ എന്ന ഒരു രാജാവ് നിയോഗിച്ചതായി രേഖയുണ്ട്. ദുര്‍ഗാവരന്‍ രാമായണകഥാപരങ്ങളായ ചില നൃത്തഗീതങ്ങളും രചിച്ചിട്ടുണ്ട്; ഇവ ദുര്‍ഗാബര്‍ ഗാനങ്ങള്‍ എന്ന് അറിയപ്പെടുന്നു.

17-ാം ശ.-ത്തില്‍ രാജ്യം ഭരിച്ചിരുന്ന ഒരു ദരാങ് രാജാവിന്റെ ആസ്ഥാനകവിയായിരുന്നു ധര്‍മനാരായണന്‍; ദുര്‍ഗാവരന്‍, ധര്‍മനാരായണന്‍, മന്‍കര്‍ എന്നീ അവൈഷ്ണവ കവികള്‍ പ്രാചീന അസമിയാസാഹിത്യത്തിലെ ത്രിമൂര്‍ത്തികളെന്ന് അറിയപ്പെടുന്നു. ഇക്കാലത്തെ ഏറ്റവും മുഖ്യഗാനകാവ്യമാണ് പദ്മപുരാണം. നാഗാരാധനയില്‍ വിശ്വസിച്ചിരുന്ന മന്‍കര്‍ മാനസകാവ്യം എന്ന കൃതി രചിച്ചു. ശങ്കരദേവന്റെ സമകാലീനനായ പീതാംബരദ്വിജനെഴുതിയ ഉഷാപരിണയം വൈഷ്ണവ വിശ്വാസങ്ങളെ ധ്വംസിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു അപഹാസകൃതിയാണെന്നു പറയപ്പെടുന്നു.

മറ്റു പ്രാചിന കൃതികള്‍

വൈഷ്ണവകാലഘട്ടത്തിനു മുന്‍പുമുതല്‍ തന്നെ, അതായത് എ.ഡി. 13-ാം ശ. മുതല്‍, ഉള്ള അസമിയാസാഹിത്യചരിത്രം ലഭ്യമാണ്. പ്രാചീന അസമിയാസാഹിത്യചരിത്രത്തെ പണ്ഡിതന്മാര്‍ രണ്ടു ഘട്ടങ്ങളായി വിഭജിക്കുന്നു: (എ) വൈഷ്ണവ ഘട്ടത്തിനുമുമ്പ് (1200-1450); (ബി) വൈഷ്ണവഘട്ടം (1450-1650).

പ്രാചീന സാഹിത്യസമ്പത്തിന്റെ ഏറിയ പങ്കും നാടന്‍പാട്ടുകളും തന്ത്രമന്ത്രങ്ങളും, ദാക്മഹാപുരുഷന്റെ വചനാവലികളും മാത്രമാണ്. ശരിക്ക് ലിഖിതരൂപത്തിലുള്ള സാഹിത്യ സൃഷ്ടി അസമിയായില്‍ ഉടലെടുക്കുന്നത് 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഹേമസരസ്വതിയുടെ സംഭാവനകളോടുകൂടിയാണെന്ന് സര്‍ ഇ.എ. ഗെയിറ്റ് പറയുന്നു. അദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് പ്രഹ്ളാദചരിതം. ഇദ്ദേഹവും മഹാഭാരതത്തെ ഭാഗികമായി വിവര്‍ത്തനംചെയ്ത ഹരിഹരവിപ്രനും, കവിരത്നസരസ്വതി, മാധവകന്ദളി എന്നിവരുമാണ് വൈഷ്ണവകാലഘട്ടത്തെ അസമിയാസാഹിത്യത്തില്‍ ആനയിച്ചവരുടെ മുന്നോടികള്‍. ഇവരില്‍ പലരും മഹാഭാരത രാമായണ ഭാഗങ്ങളെ അസമിയായില്‍ സ്ഥിരപ്രതിഷ്ഠമാക്കി. പ. അസമില്‍ (ഇപ്പോള്‍ പശ്ചിമബംഗാളില്‍) ഉള്‍പ്പെട്ടിരുന്ന കൂച്ചുബിഹാറിലെ രാജാവായിരുന്ന നരനാരായണന്റെ കാലത്ത് (1533-84) വൈഷ്ണവസാഹിത്യം അതിന്റെ പൂര്‍ണപ്രഫുല്ലതയിലെത്തി. നേരത്തേതന്നെ ശങ്കരദേവനും (1449-1569) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന മാധവദേവനും (1489-1596) ഈ പ്രസ്ഥാനത്തെ വേരോടിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ ചെയ്തിരുന്നു. ശങ്കരദേവന്റെ ഭക്തിരത്നാകരം എന്ന സംസ്കൃതകാവ്യത്തിന് അസമില്‍ പ്രമുഖമായ ഒരു സ്ഥാനമുണ്ട്. ഇവര്‍ രണ്ടുപേരും ഭാവനാശാലികളും പണ്ഡിതന്മാരുമായ സിദ്ധരായിരുന്നു. ശങ്കരദേവന്‍ കാളിയദമനം, പത്നീപ്രസാദം, രുഗ്മിണീഹരണം, പാരിജാതഹരണം, രാമവിജയം എന്നീ കൃതികളും മാധവദേവന്‍ നാമഘോഷം, രാജസൂയയജ്ഞം, ആലികാണ്ഡ രാമായണം, ഭക്തിരത്നാവലി, ജന്മരഹസ്യം, നാമമാലിക എന്നീ കാവ്യങ്ങള്‍ക്കു പുറമേ അര്‍ജുനഭഞ്ജനം, ചുര്‍ധരാ, ലേതുവ, ഭോജന്‍വിഹാരം, പിമ്പരഗുസുരാ തുടങ്ങിയ നാടകങ്ങളും രചിച്ചു.

നരനാരായണന്റെ ആസ്ഥാനസദസ്യരായിരുന്ന പുരുഷോത്തമവിദ്യാവാഗീശന്‍ രചിച്ച വ്യാകരണവും ബകുളകായസ്ഥന്‍ എഴുതിയ ഗണിതശാസ്ത്രവും ഈ പ്രസ്ഥാനങ്ങളില്‍ അസമിയായില്‍ ഉണ്ടായ ആദ്യത്തെ കൃതികളാണ്.

ബുരഞ്ജിഗദ്യം

ഇതിനുശേഷമുള്ള കാലഘട്ടം പല രാഷ്ട്രീയപരിവര്‍ത്തനങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു. 13-ാം ശ.-ത്തിന്റെ ആദ്യാര്‍ധത്തില്‍ അസമില്‍ കുടിയേറിപ്പാര്‍ത്ത അഹോമുകള്‍ ഭരണാധികാരം പിടിച്ചെടുത്തത് ഈ കാലത്താണ്. 17-ാം ശ.-ത്തിന്റെ ആരംഭംമുതല്‍ സമകാലീനചരിത്രത്തിനും സാമൂഹികസ്ഥിതിഗതികള്‍ക്കും ഊന്നല്‍കൊടുത്തുകൊണ്ട് നിര്‍മിക്കുന്ന ഗദ്യകൃതികള്‍ക്ക് പ്രാധാന്യം കൂടിക്കൂടിവന്നു. ഭട്ടദേവന്റെ കഥാഭാഗവതവും കഥാഗീതയുമാണ് 'ബുരഞ്ജിഗദ്യം' എന്നു വിളിക്കപ്പെട്ട പുതിയ പ്രസ്ഥാനത്തിന്റെ മുന്നോടികള്‍.

അഹോമിരാജാവായ രുദ്രസിംഹനും (ഭ.കാ. 1696-1714) അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ശിവസിംഹനും (ഭ.കാ. 1714-56) കവികളായിരുന്നു. അവര്‍ അഭിജ്ഞാനശാകുന്തളവും ഗീതഗോവിന്ദവും വിവര്‍ത്തനം ചെയ്ത കവിരാജചക്രവര്‍ത്തിയെപ്പോലുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും തത്പരരായിരുന്നു. രാമദ്വിജന്റെ മൃഗാവതീചരിതം, കവിരാജമിശ്രന്റെ സിയാല്‍ഗോസൈന്‍, അനന്താചാര്യന്റെ അനന്തലാഹോറി എന്നിവയാണ് ഇക്കാലത്തെ മറ്റു ശ്രദ്ധേയകൃതികള്‍.

ശാസ്ത്രകൃതികള്‍

ആദ്യകാല അസമിയ ഗദ്യരചനകള്‍ ആധ്യാത്മികവും ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ പല മേഖലകളെയും തൊട്ടുരുമ്മി മുന്നോട്ടുപോയി. കലാശാസ്ത്രങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയ ചില പ്രധാന സാഹിത്യസൃഷ്ടികളും ഇക്കാലത്ത് ഉണ്ടാകാതെയിരുന്നില്ല. ശ്രീഹസ്തമുക്താവലി (നൃത്തശാസ്ത്രം), ഹസ്തിവിധാര്‍ണവം (ഗജചികിത്സ), ഘോഡാനിദാനം (അശ്വചികിത്സ), ഭാസ്വതീ (ജ്യോതിഃശാസ്ത്രം), അങ്കര്‍-അര്‍ജ്യം (ഗണിതശാസ്ത്രം) എന്നിവ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവയാണ്. ദ്വിജഗോസ്വാമിയുടെ കാവ്യശാസ്ത്രവും രാമമിത്രന്റെ പുതലചരിതവും ഈ പ്രസ്ഥാനത്തിലുള്ള മുഖ്യസംഭാവനകളാണ്.

ചില പുരാണനാടകങ്ങളും ഇക്കാലത്ത് ഉണ്ടാകാതിരുന്നില്ല. ഗോപാല്‍ ആതാ രചിച്ച ജന്‍മയാത്ര, നന്ദുത്സവം, ഗോപി-ഉദ്ധവസംവാദം എന്നിവ ഈ കാലത്തെ മുഖ്യസാഹിത്യസൃഷ്ടികളാണ്. മറ്റു നാടകകൃത്തുക്കളുടെ കൂട്ടത്തില്‍ രാമചരണ്‍താക്കൂര്‍, ദൈത്യാരിതാക്കൂര്‍, ഭൂഷണ്‍ദ്വിജന്‍, യദുമുനിദേവന്‍, രാമദേവന്‍, രുചിദേവന്‍, പൂര്‍ണകാന്തന്‍ തുടങ്ങിയവരുള്‍പ്പെടുന്നു. വൈഷ്ണവകാലത്തെ ചില സിദ്ധകവികളുടെ ജീവചരിത്രങ്ങള്‍ ഗദ്യത്തിലോ പദ്യത്തിലോ നിബന്ധിച്ചതാണ് സരിത്പുഠികള്‍. ബുരഞ്ജി ഗദ്യത്തിനെക്കാള്‍ വളരെയേറെ വികസിച്ച ഒരു ഗദ്യരീതി ഇവയില്‍ തെളിഞ്ഞുകാണാം. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കൃതി ദൈത്യാരിതാക്കൂറിന്റെ ശങ്കരചരിതമാണ്.

മിഷണറിമാര്‍

1826-ല്‍ ബര്‍മയുമായി നടന്ന ഒരു ഉടമ്പടിക്കുശേഷം, ഈ പ്രദേശത്തെ ആഭ്യന്തരസുരക്ഷിതത്വം ബ്രിട്ടീഷ് അധീശത്വത്തില്‍കീഴില്‍ പുനഃസംഘടിപ്പിക്കുന്നതിനുമുന്‍പ്, അസമില്‍ പറയത്തക്ക കലാസാഹിത്യപ്രവര്‍ത്തനങ്ങളെന്തെങ്കിലും നടന്നതായി തെളിവില്ല. പിന്നീടുണ്ടായ നവോത്ഥാനത്തിന് പശ്ചാത്തലമൊരുക്കിയതുതന്നെ വിദേശക്രൈസ്തവ മിഷണറിമാരായിരുന്നു. 1813-ല്‍ അമേരിക്കന്‍ ബാപ്റ്റിസ്റ്റ് മിഷന്‍ ബൈബിള്‍ പുതിയനിയമം വിവര്‍ത്തനം ചെയ്തതോടെയാണ് അസമിയാസാഹിത്യത്തിലെ ആധുനികഘട്ടം ആരംഭിക്കുന്നത്. നൗഗോംഗിലെ ഒരു ആത്മാറാമായിരുന്നു ഇതിന്റെ വിവര്‍ത്തകന്‍. ബംഗാളി ഭാഷയുടെ സമ്മര്‍ദത്തില്‍ ഇരുളിലാണ്ടുകിടന്ന അസമിയായെ വീണ്ടെടുത്ത് സ്ഥിരപ്രതിഷ്ഠ നല്കുന്നതില്‍ ബാപ്റ്റിസ്റ്റ് മിഷന്‍ നല്കിയ സംഭാവന പ്രസ്താവയോഗ്യമാണ്. ആനന്ദറാം ധ്യെകാല്‍-ഫൂക്കന്‍ എന്ന മറ്റൊരു ഗ്രന്ഥകാരനെയും ഇവരുടെ കൂട്ടത്തില്‍ സ്മരിക്കേണ്ടതുണ്ട്. പ്രാഥമിക പാഠപുസ്തകങ്ങള്‍ മുതല്‍ ഗൗരവമേറിയ വ്യാകരണഗവേഷണപ്രബന്ധങ്ങള്‍ വരെ ആനന്ദറാമും മിഷണറിമാരും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായി ഉണ്ടായി. മൈല്‍സ് ബ്രോണ്‍സന്റെ 14,000 വാക്കുകളടങ്ങുന്ന ആംഗ്ളോ--അസമിയാ നിഘണ്ടു ഭാഷാസാഹിത്യചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്.

റവ. ബ്രൗണ്‍ എന്ന മറ്റൊരു മിഷണറി പഴയ താളിയോലഗ്രന്ഥങ്ങളുടെ പ്രകാശനത്തിലാണ് ശ്രദ്ധപതിപ്പിച്ചത്. 1840 മുതല്‍ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ഇദ്ദേഹത്തിന്റെ ശ്രമഫലമായി നാല്പതോളം കൈയെഴുത്തുപ്രതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ശങ്കരദേവകീര്‍ത്തനങ്ങള്‍ (1876), അസമിയാരാമായണം തുടങ്ങിയവ ഇങ്ങനെയാണ് വെളിച്ചം കണ്ടത്. മിഷണറിമാരോടൊപ്പം ഹരിബിലാസ് അഗര്‍വാല (1843-1931), മാധവ് ബര്‍ദളോയ്, കാളിറാം ബറുവ തുടങ്ങിയ പല ഭാഷാസേവകരും ഈ ശ്രമത്തില്‍ പങ്കെടുത്തിരുന്നു. അസമിയ ഭാഷാസാഹിത്യസേവനത്തിന് ജീവിതം ഉഴിഞ്ഞുവച്ച വൈദേശികമിഷണറിമാരുടെ പട്ടികയില്‍ റവ. ബ്രൗണിനെക്കൂടാതെ ഓ.റ്റി. കോട്ടര്‍, എ.എന്‍. ഡാന്‍ഫോര്‍ത്, സി. ബാര്‍ക്കര്‍, ഡബ്ള്യു.എം. വാര്‍ഡ്, ഹെസെല്‍മേയര്‍ എ.കെ. ഗുര്‍ണി എന്നിവരുടെ പേരുകളെ അന്നാട്ടുകാര്‍ നന്ദിപൂര്‍വം സ്മരിക്കുന്നു.

അസമില്‍ പത്രപ്രവര്‍ത്തനത്തിന്റെ അടിത്തറ പാകിയതും ഈ പാതിരിമാരായിരുന്നു. 1846-ല്‍ ആരംഭിച്ച അരുണോദയം (അരുനിദോയ്) എന്ന ആനുകാലിക പ്രസിദ്ധീകരണം 1882 വരെ അഭംഗുരം നിലനിന്നു. ഇതിന്റെ ചുവടുപിടിച്ച് അനവധി പത്രമാസികകള്‍ അസമിയായില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

വൈഷ്ണവ പ്രസ്ഥാനം വീണ്ടും

ഭാഷാസാഹിത്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പിനോടൊപ്പം ഉണ്ടായ മറ്റൊരു സമാന്തരപ്രതിഭാസം ഏറെക്കാലം മന്ദീഭവിച്ചു കിടന്ന വൈഷ്ണവസാഹിത്യപ്രസ്ഥാനത്തിന്റെ നവോത്ഥാനമായിരുന്നു. ലളിത്ഗോസ്വാമി, രഘുദേവ ഗോസ്വാമി, സുര്‍ജ്യകാരി ദൈവജ്ഞന്‍, വിശ്വേശ്വര വൈദ്യദീപന്‍, ഗോപിനാഥചക്രവര്‍ത്തി, പൂര്‍ണകാന്തശര്‍മ, രത്നേശ്വരമഹന്ത, ബലദേവ് മഹന്ത, ബലിനാരായണ ബോറ, ദുര്‍ഗാപ്രസാദ് മജുംദര്‍ ബറുവ, വേണുധര്‍ രാജഖൗവ തുടങ്ങിയവര്‍ ഈ നവോത്ഥാനത്തിന്റെ ദീപശിഖാവാഹകന്മാരായി വര്‍ത്തിച്ചു. അസമില്‍ നിന്ന് ആദ്യമായി ക്രിസ്തുമതം സ്വീകരിച്ചവരിലൊരാളായ നിധിലേവിഫാര്‍വെല്‍ അമേരിക്കന്‍ ബാപ്റ്റിസ്റ്റുകാരുമായി സഹകരിച്ച് മതപ്രചാരണാര്‍ഥം നിരവധി ഗദ്യ-പദ്യപ്രബന്ധങ്ങള്‍ രചിച്ചു.

കവിതാരൂപങ്ങള്‍

സമകാലീന ബംഗാളികവിയായ മൈക്കേല്‍ മധുസൂദന്‍ ദത്തിനെ (1824-73) അനുകരിച്ച് ദോലനാഥദാസും (1858-1929) രമാകാന്തചൗധുരിയും (1846-89) ഒഴുക്കന്‍ ശീലുകള്‍ (blank verse) അസമിയായില്‍ പ്രചരിപ്പിക്കുകയും അഭിമന്യുവധം, സീതാഹരണം എന്നീ രണ്ടു കാവ്യങ്ങള്‍ രചിക്കുകയും ചെയ്തു.

ഏതാണ്ട് ഇതിനു പിറകെ 'ഗീതക' (Sonnet) പ്രസ്ഥാനവും അസമിയായില്‍ ഉദ്ഘാടിതമായി. ഹിതേശ്വരബറുവ (1876-1935)യുടെ മാലസും സകുലുവും ഗീതകസമാഹാരങ്ങളാണ്. ഒഴുക്കന്‍ ശീലുകളില്‍ ഇദ്ദേഹം എഴുതിയ പുരാണകാവ്യങ്ങളാണ് കമടാപൂര്‍ ധാല്‍സ, വിരഹിണിവിലാപം, തീരുടാര്‍ ആത്മദാന്‍, മുലഗാഭരു ഡെസ്ഡമോണ തുടങ്ങിയവ. ഇവയില്‍ പലതും കവിതാമാല, ചിന്താതരംഗിണി എന്നീ സമാഹാരഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്നു. യജൂറാനി എന്ന കവിതാസമാഹാരത്തിന്റെ (1900) കര്‍ത്താവ് പി.എന്‍. ഗുഹായി ബറുവയാണ്. അംബികാഗിരിറായ് ചൗധുരി, അമുനന്ദചന്ദ്ര അഗ്രവാള്‍ എന്നിവരാണ് പ്രസിദ്ധരായ മറ്റു കവികള്‍. അസമിയാസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന ചെയ്ത ആളാണ് കമലാകാന്ത ഭട്ടാചാര്യന്‍ (1855-1937). കഹ്പന്ഥാ എന്ന ഗദ്യകൃതിക്ക് പുറമേ സീന്താനല്‍ (1890), ചിന്താതരംഗിണി (1933) എന്നീ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെ സ്മാകരങ്ങളായി നില്ക്കുന്നു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അസമിയ കവിത പുതിയ വഴികള്‍ തേടി. സാമൂഹികമായ പ്രശ്നങ്ങള്‍ കവിതയ്ക്കു വിഷയമായി. സാമ്പ്രദായിക കവിതാ രീതികള്‍ ഉപേക്ഷിക്കപ്പെട്ടു. വര്‍ഗസമരവും ലൈംഗിക ചോദനയുമൊക്കെ കവിതയില്‍ പ്രത്യക്ഷപ്പെട്ടു. പുതിയ ശൈലികള്‍ പരീക്ഷിക്കപ്പെട്ടു. നീല്‍മണി ഫുക്കന്‍ ജൂനിയര്‍ (1933-), ഭവേന്‍ ബറുവാ (1941-) ഹരേകൃഷ്ണ ദേക (1948-) തുടങ്ങിയവര്‍ ആധുനികകവികളില്‍ ശ്രദ്ധേയരായി. ഹേം ബറുവ (1915-77), സയദ് അബ്ദുല്‍ മാലിക് (1919-), കേശവ് മഹന്ത (1927-)ഹിരണ്‍ ഭട്ടാചാര്യ (1931-), നവകാന്തബറുവ (1926-2002), അജിത് ബറുവ (1926), ബര്‍ക്കാകതി (1927-), ഗൌതം ബറുവ (1941-), രബീന്ദ്രബോറ (1939-) തുടങ്ങിയവര്‍ ആധുനിക അസമിയാ കവിതയില്‍ പരീക്ഷണങ്ങള്‍ നടത്തിയവരാണ്.

അസമിയാസാഹിത്യത്തിന്റെ ഏറ്റവും പുതിയ മുഖമുദ്ര കവിതയുടേതാണ്. ആധുനികകാവ്യധാരയിലെ ത്രിമൂര്‍ത്തികള്‍ എല്‍.എന്‍. ബൈസ്ബറുവയും ഹേമഗോസ്വാമിയും സി.കെ. അഗര്‍വാലയുമാണ്. പ്രേമകവിതകള്‍ രചിക്കുന്നതില്‍ ജതീന്‍ദുവാരയും രത്നബര്‍കാടകിയും ദേവബറുവയും ഗണേശ് ഗോഗോയിയും അസമിയായില്‍ അനതിശയനീയരായി നിലകൊള്ളുന്നു. രഘുചൗധുരി പ്രകൃത്യുപാസനയ്ക്കും ബീനന്ദബറുവ ദേശഭക്തിക്കും തങ്ങളുടെ കവിതയില്‍ ഊന്നല്‍ നല്കുമ്പോള്‍ ഏ.ജി. റോയ് ചൌധുരിയും നളിനീദേവിയും ഗുഢാര്‍ഥ (Mystic) കവിതകള്‍ രചിച്ചാണ് വിജയം വരിച്ചിരിക്കുന്നത്. നിര്‍മല്‍പ്രഭ ബൊര്‍ഡോലി (1933) ആണ് ശ്രദ്ധേയനായ മറ്റൊരു ആധുനിക അസമീയ കവി. സാഹിത്യ അക്കാദി അവാര്‍ഡും, അസം സാഹിത്യസഭാ അവാര്‍ഡും ഇദ്ദഹത്തിനു ലഭിച്ചിട്ടുണ്ട്.

നാടകം

പാശ്ചാത്യ സമ്പര്‍ക്കത്തിന്റെ ഫലമായി വിവിധസാഹിത്യശാഖകളിലുണ്ടായ പരിവര്‍ത്തനങ്ങളുടെ പ്രത്യക്ഷഫലം ആദ്യമായി ദൃശ്യമാകുന്നത് നാടകങ്ങളിലാണ്. കോമഡി ഒഫ് എറേഴ്സ് എന്ന ഷെക്സ്പിയര്‍ നാടകത്തിന്റെ ആശയാനുവാദമായി രചിക്കപ്പെട്ട ഭ്രമരംഗം (1888) ഇവയുടെ മുന്നോടിയാണെന്നു പറയാം. ആധുനിക അസമിയാ നാടകത്തിന്റെ അടിത്തറ പാകിയത് ഗുണാഭിരാമ ബറുവയുടെ (1837-94) രാമനവമിയും ഹേമചന്ദ്രബറുവയുടെ (1835-97) കനീയകീര്‍ത്തനവും രുദ്രരാംബര്‍ ദോളിയയുടെ ബംഗല്‍-ബംഗലാനി(1871)യും ആണ്. ഇവയുടെ സൃഷ്ടികള്‍ക്കുപിന്നില്‍ വര്‍ത്തിച്ച ശക്തികളുടെ കൂട്ടത്തില്‍ ഇംഗ്ളീഷിനും ബംഗാളിക്കും സ്ഥാനമുണ്ട്. എല്‍.എന്‍.ബൈസ് ബറുവ (ലിതീകൈ, 1890); പി.എന്‍, ഗുഹായി ബറുവ (ഗവോന്‍ബുറ, 1899; തേതുണ്‍മുലി, 1909; ഭൂത്നേ ഭ്രമ, 1924) എന്നിവരോടൊപ്പം പ്രഹസനപ്രസ്ഥാനത്തെ വളര്‍ത്തിയവരാണ് പ്രവീണ്‍ ഫൂകന്‍, ലക്ഷ്യചൗധരി, ദുര്‍ഗേശ്വര്‍ ബാര്‍തകുര്‍ തുടങ്ങിയവര്‍. ബി. രാജഖൌവയുടെ ദുര്യോധനഊരുഭംഗം (1903), ഡി.പി മജുംദാര്‍ ബറുവയുടെ ഗുരുദക്ഷിണ (1903), ജി.ഡി. ബറുവയുടെ മേഘനാദവധം (1904) തുടങ്ങിയവ ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ പുരാണനാടകങ്ങളാണ്. ഇതോടുകൂടി പുരാണേതിവൃത്തങ്ങള്‍ സ്വീകരിച്ച് രചിക്കപ്പെട്ട നാടകങ്ങളുടെ ഒരു വേലിയേറ്റംതന്നെ അസമിയായില്‍ അനുഭവപ്പെട്ടു. ബലറാം പഥക്, ധനിരാം ദത്ത, മിത്രദേവ മഹന്ത, ദണ്ഡികലിത, ഇന്ദ്രേശ്വര ബാര്‍തകൂര്‍, ചന്ദ്രധര്‍ ബറുവ, ദൈവതാലൂക്ദാര്‍ തുടങ്ങി പല നാടകകൃത്തുക്കളുടെയും പേരുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താമെങ്കിലും, ദുര്‍ഗേശ്വരശര്‍മയുടെ പാര്‍ഥപരാജയത്തിനും (1909) ബാലിവധത്തിനും (1912) മാത്രമേ സാഹിത്യമൂല്യമുള്ളതായി സഹൃദയര്‍ സമ്മതിച്ചിട്ടുള്ളൂ.

ബംഗാളിയില്‍ നിന്നും വിവര്‍ത്തനം ചെയ്യപ്പെട്ട ഏതാനും നാടകങ്ങളും ഇക്കാലത്ത് ഉണ്ടായിട്ടുണ്ടെങ്കിലും ഈ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധം മുഴുവന്‍ അസമിയാ നാടകത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത് പുരാണേതിവൃത്തങ്ങളാണെന്നു പറയാം. ജെ.പി. അഗര്‍വാലായുടെ സുനീത്കുംവരി (1924). അതുല്‍ഹസാരികയുടെ ബേയൂലാ (1933), നന്ദദുലാല്‍ (1985), കുരുക്ഷേത്രം (1936), രാമചന്ദ്രന്‍ (1937), ചമ്പാവതി, ശകുന്തള, സാവിത്രി (1939), നരകാസുരന്‍ (1950), രുക്മിണീഹരണം (1949), നിര്‍ജിത (1952), കെ.എന്‍. ഭട്ടാചാര്യയുടെയും ഗണേഗോഗോയ്യുടെയും ഭവേന്‍ താങ്കൂറിയയുടെയും ആനന്ദബറവയുടെയും നാടകങ്ങള്‍ തുടങ്ങിയവയായിരുന്നു ഈ കാലഘട്ടത്തിന്റെ സവിശേഷമുഖമുദ്രകള്‍.

അഹോമിചരിത്രകാല സംഭവങ്ങളെ ആധാരമാക്കി ചില നാടകങ്ങളും ഇക്കാലത്ത് ഉണ്ടാകാതിരുന്നില്ല.1915-ല്‍ എല്‍.എന്‍.ബൈസ് ബറുവ എഴുതി പ്രസിദ്ധീകരിച്ച ചക്രധ്വജസിംഹനും ജോയ്മതികോന്‍വാരിയും ബലിമറും ചരിത്രനാടകങ്ങളാണ്. വിദ്യാപതിയും (1918) പ്രതാപസിംഹനും (1928) എഴുതിയ ശൈലരാജ്ഖൗവ, മുലാഗാഭരൂവിന്റെ (1924) കര്‍ത്താവായ ആര്‍. ഹൈന്ദീക്, നീലാംബരന്റെ രചയിതാവായ പി. ചൗധുരി, വദന ബര്‍ഫൂകനും ചന്ദ്രകാന്തസിംഹവും വിദ്രോഹിമൗരാനും രചിച്ച നകുല്‍ഭൂയാന്‍ തുടങ്ങിയവര്‍ ചരിത്രനാടകപ്രസ്ഥാനത്തിന് ഗണ്യമായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ദൈവതാലൂക്ദാറിന്റെ ഭാസ്കരവര്‍മനും (1952) അതുല്‍ഹസാരികയുടെ വീരാംഗനയും (1952) നികേന്ദ്രജിത്തും (1959) സ്വാതന്ത്ര്യലബ്ധിക്കുശേഷം ബ്രിട്ടീഷ് ആധിപത്യകാലത്തെ പുരസ്കരിച്ച് എഴുതപ്പെട്ട ചരിത്രനാടകങ്ങളാണ്. ഏകാങ്കനാടകങ്ങളും റേഡിയോനാടകങ്ങളും അസമിയായില്‍ 1950-നുശേഷമാണ് വികാസം പ്രാപിക്കാന്‍ തുടങ്ങിയിട്ടുള്ളത്.

ചെറുകഥ

20-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ ചെറുകഥാപ്രസ്ഥാനം അസമിയായില്‍ രൂപംകൊള്ളാന്‍ തുടങ്ങി. ആദ്യത്തെ ചെറുകഥാകൃത്തുക്കള്‍ മേല്പറഞ്ഞ എല്‍.എന്‍. ബൈസ്ബറുവ (1868-1938)യും ശരത്ഗോസ്വാമി(1884-1944)യും തന്നെയായിരുന്നു. വ്യാര്‍ഥാതാര്‍ദാന്‍ (1938) എന്ന ചെറുകഥാസമാഹാരത്തിന്റെ കര്‍ത്താവായ ലക്ഷ്മീശര്‍മയാണ് അസമിയാ ചെറുകഥയുടെ രൂപഭാവങ്ങള്‍ക്ക് പുതിയ അര്‍ഥകല്പന നല്കാന്‍ ആരംഭിച്ചത്. മാനസികാപഗ്രഥനപരമായ ചെറുകഥാസമാഹാരങ്ങളാണ് ബീന ബറുവയുടെ പത്പരിവര്‍ത്തനവും (1948) അഘോനീബായിയും (1950) രാമദാസിന്റെ ശ്രേഷ്ഠഗല്പയും ഉമാശര്‍മയുടെ ഘുരാനിയാ പൃഥിവിര്‍ബേകപാഥും. ഫ്രോയ്ഡ് മുതല്‍ മാര്‍ക്സ് വരെയും ചെഖോവ് മുതല്‍ മോപ്പസാങ് വരെയും സ്വാധീനം ചെലുത്തിയിട്ടുള്ള ആധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖന്‍ പരാസ്മണി, അജനി നാതുണ്‍ സോവാലി, രംഗാഗാരം, മെറോഹപാപാരി എന്നീ സമാഹാരങ്ങളുടെ കര്‍ത്താവായ അബ്ദുല്‍ മാലിക്കാണ്. യോഗേശ്ദാസ്, ബീരണ്‍ഭട്ട, ദാബെന്‍സാകിയ, സൗരോവ് ചാലിഹ, ത്രൈലോക്യനാഥ ഗോസ്വാമി, മഹിംബോറ, എല്‍.എന്‍.ബോറ, നീരദ് ചൗധുരി, ഇമാരന്‍ഷാ, മേദിനീ ചൗധുരി തുടങ്ങിയവരും പ്രമുഖ ചെറുകഥാകൃത്തുക്കളാണ്. ഈ പ്രസ്ഥാനത്തില്‍ വിജയം വരിച്ചിട്ടുള്ള സ്ത്രീകളുടെ പട്ടികയില്‍ സ്നേഹദേവി, പ്രണീതാദേവി, നിരുപമാബര്‍ ഗോഹായി, മമനി ഗോസ്വാമി, എ.പ്യാര്‍, എ. ഭാരലി ദാര്‍, ഹിരണ്മയീദേവി, ഡി. താലൂക്, പി.ബറുവ, അനുബറുവ തുടങ്ങി പലരും ഉള്‍പ്പെടും.

നോവല്‍

ജോണ്‍ ബന്യന്റെ പില്‍ഗ്രിംസ് പ്രോഗ്രസ്സിന്റെ തര്‍ജുമയായ യാത്രികാര്‍ യാത്രിയോടുകൂടിയാണ് അസമിയായില്‍ നോവല്‍ പ്രസ്ഥാനം ആരംഭിക്കുന്നത്. ആദ്യകാല നോവലുകളായ കാനി ബെഹേരുവാന്‍ സാധു (1876), കാമിനീകാന്തന്‍ (1877), എലുകേസീ ബേസയാര്‍ ബീസയി (1877), ഫുല്‍മാനി അരുകരുണ (1877) തുടങ്ങിയവയെല്ലാം മിഷണറിമാര്‍ എഴുതിയവയോ ക്രൈസ്തവോപാഖ്യാനങ്ങളെ ആധാരമാക്കിയവയോ ആയിരുന്നു. ആദ്യകാല സ്വതന്ത്രനോവലുകളുടെ കൂട്ടത്തില്‍ പദ്മാവതി ഫൂകാനാനിയുടെ സുധര്‍മര്‍ ഉപാഖ്യാനവും (1884), എച്ച്.സി. ബറുവയുടെ ബാഹിരേ രംഗസംഗ്, ഭീതരേ കുവാഭാതുരി എന്നിവയും ഉള്‍പ്പെടും.

പി.എന്‍. ഗുഹായി ബറുവയും രജനീകാന്ത് ബര്‍ദലോയി (1867-1939)യുമാണ് ആധുനിക അസമിയാനോവലിന്റെ പിതാക്കളെന്നു പറയാം. ഭാനുമതി(1890)യും, ലാഹോരി(1892)യും ആണ് ഗുഹായി ബറുവയുടെ നോവലുകള്‍; ബര്‍ദലോയിയുടേത് മീരീജീയോരി (1893), മനോമതി (1900), ദന്‍ദുവാദ്രോഹ് (1909), രംഗീലി (1925), നിര്‍മല്‍ദകത് (1926), രഹ്ദായ്ലിഗിരി, താമ്രേശ്വരീമന്ദിര്‍ (1936), രാധാരുക്മിണി (1925), ഖംബാ ആരു ഥ യിബീ എന്നിവയും; ദണ്ഡികലീതയുടെ സാധന (1938), ഗണവിപ്ലവ (1951) തുടങ്ങിയവയും സി. താലൂക് ദാറിന്റെ ധുവലി കുവലി (1922), വിദ്രോഹി (1959) എന്നിവയും നോവല്‍ പ്രസ്ഥാനത്തിന് ആധുനികകാലത്ത് കിട്ടിയ നല്ല നേട്ടങ്ങളാണ്.

ഇത്രയേറെ നോവലിസ്റ്റുകളും നോവലുകളും ഉണ്ടായെങ്കിലും ഈ പ്രസ്ഥാനത്തിന് അസമിയായില്‍ ഒരു മുന്നേറ്റം ലഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി മാത്രമാണ്. 1945-ല്‍ മുഹമ്മദ് പ്യാര്‍ എഴുതി പ്രസിദ്ധപ്പെടുത്തിയ ജീവനര്‍ ബാനത് ആധുനിക അസമിയാ നോവലിന്റെ നാന്ദികുറിച്ചു. ആ ചുവടുപിടിച്ച് എഴുതി ലബ്ധപ്രതിഷ്ഠരായ പുതിയ നോവലിസ്റ്റുകള്‍ റീനാബറുവ, ഹിതേഷ്ദേക, യോഗേശ് ദാസ്, എല്‍.എന്‍. ബോറ, ഹോമന്‍ ബോര്‍-ഹോഹെയിന്‍, അബ്ദുല്‍മാലിക്, നബാബറുവ, ബീരന്‍ഭട്ട, ആര്‍.എം. ഗോസ്വാമി, പി.ഡി. ഗോസ്വാമി, രസ്നബറുവ, പി.ബര്‍കതകി, സദാ മോറല്‍, ജമീറുദ്ദീന്‍, എന്‍.ബസ്ബറുവ, പി. ഭരദ്വാജ്, സി.പി. സൈകിയ, കുമാര്‍ കിശോര്‍, ബി. ബ്രാവ്, എസ്. സവപണ്ഡിറ്റ്, മധുരദേകാ തുടങ്ങിയവരാണ്.

രണ്ടാംലോകയുദ്ധത്തോടനുബന്ധിച്ചുണ്ടായ അസ്വസ്ഥതകള്‍മൂലം നോവല്‍ സാഹിത്യത്തിനു മങ്ങലേറ്റിരുന്നു. ഒരിടവേളയ്ക്കുശേഷം സാമൂഹിക-സാമ്പത്തിക നോവലുകളും കുടുംബനോവലുകളും പ്രാദേശിക നോവലുകളും ധാരാളമായി രചിക്കപ്പെട്ടു. ഹിതേഷ്ദേക്ക (1924 -), ദീനനാഥ് ശര്‍മ, സൈദ് അബ്ദുള്‍ മാലിക് യോഗേഷ് ദാസ് (1927 -), ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യ (1924- ), ലക്ഷ്മീനന്ദന്‍ ബോറ (1931- ), ഹൊമെന്‍ബര്‍ഗോഹൈന്‍ (1931- ), നിരൂപമ ബര്‍ഗോഹൈന്‍ (1932- ) തുടങ്ങിയവരാണ് പുതിയ പ്രവണതയ്ക്കു തുടക്കമിട്ടത്. നീരദ്ചൗധുരിയും (1936- ), രോഹിണികാകതി (1931-), അബ്ദുള്‍മാലീക്, അമൂല്യബറുവ-തുടങ്ങിയവരുടെ പേരുകളും സ്മരണീയമാണ്. ചരിത്രാഖ്യായികകള്‍, ആദിവാസിനോവലുകള്‍, കുറ്റാന്വേഷണ നോവലുകള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ആധുനിക അസമിയസാഹിത്യത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടി.

നവീന ഭാവുകത്വത്തിലൂടെ അസമിയ സാഹിത്യത്തിന് പുതുജീവന്‍ പകര്‍ന്ന എഴുത്തുകാരിയാണ് ഇന്ദിര ഗോസ്വാമി. മമോനി റായ്സൊം ഗോസ്വാമി (1942) എന്നാണ് ഇവരുടെ പൂര്‍ണമായ പേര്. 1942 ന. 14-ന് ഗുവാഹത്തിയില്‍ ജനിച്ച ഗോസ്വാമി നോവലുകള്‍, ചെറുകഥകള്‍ എന്നിവയിലൂടെ ആധുനിക അസമിയ സാഹിത്യത്തെ സമ്പന്നമാക്കി. ശ്രദ്ധേയമായ 6 നോവലുകളും, 6 ചെറുകഥാസമാഹാരങ്ങളും ഇവരുടേതായിട്ടുണ്ട്. 1983-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 2000-ല്‍ ജ്ഞാനപീഠ പുരസ്കാരവും 2002-ല്‍ പദ്മശ്രീയും ഇവര്‍ക്കു ലഭിച്ചു.

നിരൂപണം, ഉപന്യാസം

ജൂനാകി വാരികയിലൂടെയാണ് അസമിയായിലെ ഉപന്യാസപ്രസ്ഥാനം വളര്‍ന്നിട്ടുള്ളതെന്നു പറയാം. ചരിത്രഗവേഷണപരമായ ഉപന്യാസങ്ങള്‍ രചിക്കുന്നവരാണ് ഡോ. എസ്.കെ. ഭൂയനും വേണുശര്‍മയും; ഡോ. ബി. കകാതിയും കെ.കെ. ഹൈന്ദീകും സാഹിത്യവിമര്‍ശനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫ്രഞ്ചിലും ഇംഗ്ളീഷിലും ഉപന്യാസരചനയില്‍ കാണുന്ന പുതിയ രൂപഭാവങ്ങളെ അനുകരിക്കുന്നതില്‍ കൃഷ്ണകാന്ത് ഹല്‍ദ്വികി, ബി. ഹസാരിക, ലളിത് ബോറ, എസ്.എന്‍.ശര്‍മ തുടങ്ങിയവര്‍ വലിയ വിജയം കൈവരിച്ചിട്ടുണ്ട്.

ഉപസംഹാരം

അസമിയ സാഹിത്യത്തിന് ആറു നൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും സാഹിത്യശാഖകളില്‍ പ്രധാനപ്പെട്ട നോവല്‍, നാടകം, ചെറുകഥ, നിരൂപണം എന്നിവ വികാസം പ്രാപിച്ചത് ആധുനികാലഘട്ടത്തിലാണെന്നു കാണാം. ജീവചരിത്രം, ആത്മകഥ ബാലസാഹിത്യം, കലാവിമര്‍ശനം തുടങ്ങിയ സാഹിത്യശാഖകളും ഇന്നു സമ്പുഷ്ടമായിത്തീര്‍ന്നിട്ടുണ്ട്.

(ഹേമ്ബറുവ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍