This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആദാമും ഹവ്വായും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =ആദാമും ഹവ്വായും= Adam and Eve യഹൂദ-ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളനു...)
അടുത്ത വ്യത്യാസം →
04:48, 17 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആദാമും ഹവ്വായും
Adam and Eve
യഹൂദ-ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളനുസരിച്ച് ദൈവം സ്വന്തം രൂപത്തില്‍ സൃഷ്ടിച്ച ആദ്യത്തെ ആണും പെണ്ണും. ആകാശം തുടങ്ങിയവയെ ഓരോ ദിവസങ്ങളായി സൃഷ്ടിച്ച ശേഷം ആറാംദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചതായി ബൈബിള്‍ പഴയനിയമത്തില്‍ വ്യവഹരിച്ചിരിക്കുന്നു. മണ്ണുകൊണ്ടു മനുഷ്യനെ മെനഞ്ഞുണ്ടാക്കി മൂക്കില്‍ ശ്വാസം ഊതി ജീവന്‍ നല്കി. അവന് കൃഷി ചെയ്യാനും താമസിക്കാനുമായി ഏദന്‍ തോട്ടത്തെ സൃഷ്ടിച്ചു. സകല ജീവജാലങ്ങളുടെമേലും അവന് ആധിപത്യം നല്കി. കായ്കനികളായിരുന്നു അവന്റെ ഭക്ഷണം. തോട്ടത്തിന്റെ മധ്യത്തില്‍ നിന്നിരുന്ന നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം അനുഭവിക്കുന്നതില്‍നിന്നു മാത്രം ദൈവം ആദാമിനെ വിലക്കിയിരുന്നു. അവന്‍ തനിയെ ഇരിക്കുന്നതു നന്നല്ല എന്നു ദൈവം കണ്ടു. (ഉത്പത്തി 2. 18). അവനു തുണയായി ഹവ്വാ എന്ന സ്ത്രീയെ ദൈവം സൃഷ്ടിച്ചു. ആദാമിനെ ഉറക്കിയ ശേഷം അവന്റെ ഒരു വാരിയെല്ല് ഊരിയെടുത്ത് അതില്‍നിന്നാണ് ഹവ്വായെ സൃഷ്ടിച്ചതെന്നു പറയുന്നു (ഉത്പത്തി 2.21). അവള്‍ ആദാമിന്റെ അധഃപതനത്തിനു വഴിതെളിച്ചു. പാമ്പിന്റെ രൂപത്തില്‍ വന്ന സാത്താന്റെ പ്രേരണ മൂലം ഉദ്യാനമധ്യത്തില്‍ നിന്നിരുന്ന വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനി അവള്‍ തിന്നു. ആദാമിനും നല്കി; അവനും ഭക്ഷിച്ചു. അതോടൊപ്പം അവര്‍ നഗ്നരാണെന്ന ബോധം അവര്‍ക്കുണ്ടായി. അത്തിയില കൂട്ടിത്തയ്ച്ച് അവര്‍ അരയാട ഉണ്ടാക്കി. ദൈവം അവരെ ശപിക്കുകയും ഏദന്‍ തോട്ടത്തില്‍നിന്നും നിഷ്കാസനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവര്‍ കഠിനയത്നം ചെയ്തു ജീവിക്കേണ്ടി വന്നു എന്നാണ് ബൈബിള്‍ കഥ.
ആദാമിനു കായേന്‍, ഹാബേല്‍, ശേത്ത് തുടങ്ങിയ പുത്രന്‍മാരുണ്ടായിരുന്നു. അദ്ദേഹം 930 വയസ്സു വരെ ജീവിച്ചിരുന്നതായി ബൈബിളില്‍ പരാമര്‍ശമുണ്ട്. ആദാം ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യവര്‍ഗം മുഴുവനും പാപമുള്ളവരായിത്തീര്‍ന്നു (നോ: ബൈബിള്‍). പാപപരിഹാരമായിട്ടാണ് ക്രിസ്തു അവതരിച്ചതെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. വി. പൗലോസ് യേശുവിനെ പുതിയ ആദാമായി ചിത്രീകരിച്ചിട്ടുണ്ട്. ഏദന്‍തോട്ടത്തില്‍ (സ്വര്‍ഗം) നിന്നു നിഷ്കാസിതനായ ആദാം മക്കയിലെ കാബായില്‍ വന്നു കൂടാരമടിച്ച് ദൈവത്തെ ആരാധിച്ചുവെന്നും ഹവ്വായെ അതിനു സമീപത്തു സംസ്കരിച്ചുവെന്നുമാണ് മുസ്ലിങ്ങള്‍ വിശ്വസിച്ചുവരുന്നത്. ആദാം ജീവിച്ചിരുന്ന കാലവും സ്ഥലവും എവിടെയായിരുന്നു എന്നതിനെപ്പറ്റി പണ്ഡിതന്‍മാരുടെ ഇടയില്‍ അഭിപ്രായഭിന്നതകളുണ്ട്.
ആദാമിന്റെ സൃഷ്ടിയോടു സാദൃശ്യമുള്ള കഥകള്‍ സൂമേറിയരുടെയും ബാബിലോണിയരുടെയും പുരാണങ്ങളില്‍ കാണുന്നുണ്ട്. അക്കാദിയന്‍ പുരാണത്തിലെ അദപ്പാ എന്ന കഥാപാത്രത്തിന് ആദാമിനോടു സാമ്യം കാണുന്നു. ദൈവം നല്കിയ ആഹാരവും നിത്യജീവജലവും അബദ്ധത്തില്‍ നിരസിച്ചതിനാല്‍ മനുഷ്യവര്‍ഗത്തിന് അമര്‍ത്യത നഷ്ടപ്പെട്ടതായി ആ കഥയില്‍ പറയുന്നു.
'ആദം' എന്ന ഹീബ്രു പദത്തിന് മനുഷ്യന്‍ എന്നാണ് അര്‍ഥം. മനുഷ്യവര്‍ഗത്തിനുള്ള പൊതുനാമമായും ഇത് ഉപയോഗിക്കുന്നു. ബൈബിള്‍ ഉത്പത്തിപുസ്തകത്തില്‍ (1. 26-27) ഇതിനെ മനുഷ്യവര്‍ഗത്തിന്റെ പൊതുനാമമായി ഉപയോഗിക്കുമ്പോള്‍, രണ്ടും മൂന്നും അധ്യായത്തില്‍ (2. 4; 3. 24) ആദ്യമനുഷ്യന്‍ എന്ന അര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഉത്പത്തി പുസ്തകം നാലാം അധ്യായത്തിനുമുന്‍പ് ഒരിക്കലും ആദാം എന്ന പദം ഒരു വ്യക്തിയുടെ നാമമായി ഉപയോഗിച്ചിട്ടില്ല. പില്ക്കാലത്തുണ്ടായ ജൂതമത വ്യാഖ്യാനങ്ങളാണ് ആദ്യമനുഷ്യന്റെ പേരായി ആദാം എന്നു വ്യവഹരിക്കാന്‍ കാരണമാക്കിയതെന്നു ചില വേദശാസ്ത്രപണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. മണ്ണ് എന്ന് അര്‍ഥമുള്ള 'ആദാമാ' എന്ന ഹീബ്രൂപദവും ആദാം എന്ന പദവും ഒരേ ധാതുവില്‍നിന്നു നിഷ്പന്നമാണെന്നു ഭാഷാ ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു.
ഹവ്വാ എന്നത് ആദ്യവനിതയ്ക്കു പേരായിട്ടാണ് ഹീബ്രൂ ഭാഷയില്‍ (ഉത്പത്തി 3. 20) ഉപയോഗിച്ചിരിക്കുന്നത്. ജീവന്‍ എന്നാണ് പദത്തിന്റെ അര്‍ഥം. ഇതേപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും താരതമ്യേന അംഗീകാരം ഈ വ്യാഖ്യാനത്തിനാകുന്നു.