This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേവനാഗരി ലിപി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ദേവനാഗരി ലിപി) |
|||
വരി 36: | വരി 36: | ||
ലളിതമാകണം. | ലളിതമാകണം. | ||
- | 2. | + | 2. ख / श / भ / ध തുടങ്ങിയ വര്‍ണങ്ങള്‍ അല്പം അശ്രദ്ധയുണ്ടായാല്‍ മറ്റു വര്‍ണങ്ങളാകാന്‍ സാധ്യതയുണ്ട്. |
3. ഹിന്ദിയല്ലാത്ത മറ്റു ഭാഷകളിലെ പദങ്ങള്‍ ദേവനാഗരിയില്‍ പൂര്‍ണമായി എഴുതാന്‍ പറ്റുന്നില്ല. അതിന് പ്രത്യേക ചിഹ്നങ്ങള്‍ ഉപയോഗിക്കണം. ഈ നയത്തോട് ഹിന്ദി പണ്ഡിതന്മാരില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. | 3. ഹിന്ദിയല്ലാത്ത മറ്റു ഭാഷകളിലെ പദങ്ങള്‍ ദേവനാഗരിയില്‍ പൂര്‍ണമായി എഴുതാന്‍ പറ്റുന്നില്ല. അതിന് പ്രത്യേക ചിഹ്നങ്ങള്‍ ഉപയോഗിക്കണം. ഈ നയത്തോട് ഹിന്ദി പണ്ഡിതന്മാരില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. |
Current revision as of 05:13, 27 മാര്‍ച്ച് 2009
ദേവനാഗരി ലിപി
ഭാരതത്തിലെ പ്രമുഖ ഭാഷകളായ സംസ്കൃതം, മറാഠി, ഹിന്ദി എന്നിവയുടെ അക്ഷരവിന്യാസം. നാഗരിയെന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ലിപി ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപിയായ ബ്രാഹ്മിയില്‍നിന്നു വികസിച്ചതാണ്. ഇടത്തുനിന്നു വലത്തേക്ക് എഴുതപ്പെടുന്ന ബ്രാഹ്മി ലിപിയില്‍ നിന്നാണ് ഭാരതീയ ആര്യ ഭാഷകളുടെ ലിപികള്‍ രൂപംകൊണ്ടത്. ആദ്യം ഇതിന് ഉത്തരേന്ത്യന്‍ ശൈലി, ദക്ഷിണേന്ത്യന്‍ ശൈലി എന്നീ രണ്ട് വകഭേദങ്ങള്‍ ഉണ്ടായി. ദക്ഷിണേന്ത്യന്‍ ലിപി നന്ദിനാഗരി എന്നറിയപ്പെട്ടു. നന്ദിനാഗരിയില്‍നിന്നു വികസിച്ച ഗ്രന്ഥലിപി ദക്ഷിണഭാരതത്തില്‍ ഒട്ടാകെ വൈദിക, ലൗകിക, സംസ്കൃത ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഈ ഗ്രന്ഥലിപിയില്‍നിന്നാണ് മലയാള ലിപിയുടെ ഉദ്ഭവം എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
വ്യുത്പത്തി. ദേവനാഗരി എന്ന പദത്തിന്റെ വ്യുത്പത്തിയെപ്പറ്റി പല വ്യാഖ്യാനങ്ങളുണ്ട്. 'നാഗര്‍' എന്ന ഉപനാമത്താല്‍ അറിയപ്പെടുന്ന ഗുജറാത്തിലെ ബ്രാഹ്മണരുടെ സമൂഹത്തില്‍ ആദ്യം പ്രചരിച്ചതുകൊണ്ട് ഇതിന് 'നാഗരി' എന്ന പേരു സിദ്ധിച്ചു എന്നാണ് ഒരഭിപ്രായം. ദേവഭാഷയായ സംസ്കൃതമെഴുതാന്‍ ഉപയോഗിച്ചതിനാല്‍ ഇതിനെ ദേവനാഗരി എന്നു വിളിച്ചതായും പറയപ്പെടുന്നു. നഗരങ്ങളിലുപയോഗിച്ച ലിപി നാഗരി എന്ന് അറിയപ്പെട്ടു എന്നും നാഗലിപി നാഗരിലിപിയായതാണ് എന്നും അഭിപ്രായങ്ങളുണ്ട്. മന്ത്രപ്രയോഗത്തോടു ബന്ധപ്പെട്ടു കെട്ടുന്ന ചില യന്ത്രങ്ങള്‍ക്ക് ദേവനഗര്‍ എന്ന പേരുണ്ട്. അവയില്‍ അടയാളപ്പെടുത്തിയ ചിഹ്നങ്ങള്‍ക്ക് 'ദേവനാഗരി' എന്ന പേരു നല്കിയിരുന്നു എന്നു പറയപ്പെടുന്നു. പ്രസിദ്ധ പണ്ഡിതനായ ശ്രീരാമശാസ്ത്രി ഈ അഭിപ്രായത്തോടു യോജിക്കുന്നു.
നാഗരി ലിപിയുടെ വികാസം. ദേവനാഗരിക്ക് രണ്ട് രൂപങ്ങളുണ്ട്: പ്രാചീനം (12-ാം ശ. വരെ), ആധുനികം (12-ാം ശ. മുതല്‍ ഇന്നുവരെ). ബ്രാഹ്മിലിപിക്ക് നാലാം നൂറ്റാണ്ടില്‍ വടക്കും തെക്കുമായി രണ്ട് രൂപങ്ങള്‍ ഉണ്ടായി. വടക്കന്‍ ലിപിക്ക് ഗുപ്ത ലിപിയും കുടില ലിപിയും പിന്‍തലമുറക്കാരായി. ഏതാണ്ട് എട്ടാം ശതകത്തോടുകൂടിയാണ് ദേവനാഗരി ലിപി രൂപംകൊണ്ടത് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ഭാരതീയ ലിപികളുടെ കാര്യത്തില്‍ പ്രാമാണികാചാര്യനായ ഡോ. ഗൌരീചന്ദ് ഹീരാചന്ദ് ഓഝാ ദേവനാഗരിയുടെ രൂപം പന്ത്രണ്ടാം ശതകത്തോടുകൂടി ഉറച്ചതായി വിശ്വസിക്കുന്നു. കാലക്രമേണ ദേവനാഗരി ലിപിയിലെ പല അക്ഷരങ്ങളുടെ വടിവിലും രൂപത്തിലും മാറ്റങ്ങള്‍ ഉണ്ടായി. ആധുനിക ഭാരതീയ ഭാഷകളില്‍ മിക്കവയും ദേവനാഗരി ലിപിയുടെതന്നെ വിവിധ ശൈലികളില്‍ എഴുതപ്പെടുന്നു. ഗുജറാത്തി, ഒറിയ, ബംഗാളി, അസമിയാ ഭാഷകളിലെ ലിപികള്‍ക്കും ഇതുമായി സാമ്യമുണ്ട്. മറാഠി, സംസ്കൃതം, ഹിന്ദി എന്നീ മൂന്ന് ഭാഷകളും നാഗരിയിലാണെഴുതുന്നത്. എങ്കിലും സൂക്ഷിച്ചുനോക്കുമ്പോള്‍ എഴുതുന്ന ശൈലിയും വടിവും ഭിന്നമാണെന്നു കാണാം. 20-ാം ശ.-ത്തിന്റെ ആരംഭകാലത്ത് സംസ്കൃത ഗ്രന്ഥങ്ങള്‍ കൊല്‍ക്കത്തയും മുംബൈയും കേന്ദ്രമാക്കി അച്ചടിച്ചിരുന്നു. കാണുമ്പോള്‍ത്തന്നെ അവയുടെ വ്യത്യാസം മനസ്സിലാവുകയും ചെയ്യുമായിരുന്നു. അ, ഭ, ണ, ശ തുടങ്ങി ചില വര്‍ണങ്ങള്‍ രണ്ടുരീതിയില്‍ എഴുതിവന്നു.
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാരികള്‍ പേര്‍ഷ്യന്‍ ലിപിയിലെഴുതിയ ഉര്‍ദുവിന് മുന്തിയ പരിഗണന നല്കിവന്നു. ഹിന്ദി ഭാഷയ്ക്ക് അവര്‍ വേണ്ടത്ര പ്രോത്സാഹനം നല്കിയിരുന്നില്ല. ഇന്ത്യയിലെ ദേശീയ പ്രക്ഷോഭണത്തിന്റെ പശ്ചാത്തലത്തിലും നാഗരിക്കു വേണ്ടി നടത്തിയ ജനകീയ സമരങ്ങളുടെ ഫലമായും ആണ് നാഗരിയിലെഴുതിയ ഹിന്ദിയും അംഗീകരിക്കപ്പെട്ടത്.
സ്വാതന്ത്യ സമരവും നാഗരി ലിപിയും. സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി ഹിന്ദി അതിവേഗത്തില്‍ രാജ്യം മുഴുവന്‍ പ്രചരിച്ചപ്പോള്‍ ദേവനാഗരി ലിപിയും കൂടുതല്‍ പ്രചരിച്ചു. എന്നാല്‍ ഹിന്ദിയെ രാഷ്ട്രഭാഷയായി സ്വീകരിക്കുന്നതോടൊപ്പം ആ ഭാഷയ്ക്ക് റോമന്‍ ലിപി സ്വീകരിക്കണമെന്ന് പാശ്ചാത്യ ഭാഷയോട് പ്രത്യേക മമതയുള്ള ദേശീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു. പക്ഷേ, ഭാരതീയ ഭാഷകളിലെ വര്‍ണങ്ങള്‍ സംശയം വരാത്തവിധം എഴുതാന്‍ ദേവനാഗരിപോലെ റോമന്‍ലിപി ശക്തമല്ല എന്നു സ്പഷ്ടമായിരുന്നു. അതുകൊണ്ട് റോമന്‍ലിപിക്കു വേണ്ടിയുള്ള വാദം ക്രമേണ മങ്ങി.
ഹിന്ദിഭാഷ ക്രമമായി വികസിച്ചുവരികയാണ്. അതില്‍ പേര്‍ഷ്യന്‍, അറബി, ഇംഗ്ളീഷ് തുടങ്ങിയ വിദേശ ഭാഷകളിലെ തത്സമ പദങ്ങള്‍ ധാരാളം ലയിച്ചിരിക്കുന്നു. സ്വതന്ത്ര ഭാരതത്തില്‍ അന്യ ഭാരതീയ ഭാഷകളിലെ പല പദങ്ങളും ഹിന്ദിയില്‍ അതേ രൂപത്തില്‍ പ്രയോഗിക്കപ്പെടുന്നു. ഈ വികസനത്തിനനുസരിച്ച് ഹിന്ദി വര്‍ണമാലയിലും വികസനം ആവശ്യമായിവരുന്നു.
'റോമന്‍ ലിപി വാദം' ഹിന്ദിഭാഷാ പണ്ഡിതന്മാരെ ദേവനാഗരി ലിപിയിലെ ന്യൂനതകള്‍ പരിഹരിക്കണമെന്ന ചിന്തയിലേക്കു നയിച്ചു. ദേവനാഗരി ലിപിക്കുള്ള മെച്ചവും പോരായ്മയും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഗുണങ്ങള്‍ :
1. ദേവനാഗരി ലിപി ശാസ്ത്രീയമാണ്.
2. ധ്വനിക്ക് കോട്ടം തട്ടാത്തവയാണ്.
3. ഒരു ഉച്ചാരണത്തിന് ഒരു വര്‍ണം മാത്രം.
4. സംയുക്ത വ്യഞ്ജനം രചിക്കാനുള്ള പദ്ധതിയും ശാസ്ത്രീയമാണ്.
5. മാത്രകള്‍ക്ക് പ്രത്യേക വ്യവസ്ഥയുണ്ട്.
പോരായ്മകള്‍ :
1. ഹിന്ദിയില്‍ സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും എണ്ണം കൂടുതലാണ്. സ്വരചിഹ്നങ്ങള്‍, സംയുക്ത വ്യഞ്ജനങ്ങളിലെ അംശങ്ങള്‍ എന്നിവ സൂചിപ്പിക്കാനുംകൂടി ടൈപ്പുകള്‍ വേണ്ടിവരുന്നു. ക്ളേശകരവും വേഗതയെ ബാധിക്കുന്നതുമായ കീബോര്‍ഡാണ് ഹിന്ദി ടൈപ്പ്റൈറ്ററില്‍ ഉപയോഗിക്കേണ്ടിവരുന്നത്. ആധുനിക കാലത്ത് ടൈപ്പ്റൈറ്റര്‍, കംപ്യൂട്ടര്‍ എന്നിവയിലൊക്കെ ഉയോഗിക്കാന്‍ തക്കവണ്ണം ദേവനാഗരി ലിപി ലളിതമാകണം.
2. ख / श / भ / ध തുടങ്ങിയ വര്‍ണങ്ങള്‍ അല്പം അശ്രദ്ധയുണ്ടായാല്‍ മറ്റു വര്‍ണങ്ങളാകാന്‍ സാധ്യതയുണ്ട്.
3. ഹിന്ദിയല്ലാത്ത മറ്റു ഭാഷകളിലെ പദങ്ങള്‍ ദേവനാഗരിയില്‍ പൂര്‍ണമായി എഴുതാന്‍ പറ്റുന്നില്ല. അതിന് പ്രത്യേക ചിഹ്നങ്ങള്‍ ഉപയോഗിക്കണം. ഈ നയത്തോട് ഹിന്ദി പണ്ഡിതന്മാരില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്.
പരിഷ്കാര ശ്രമങ്ങള്‍. ദേവനാഗരി എഴുതുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇപ്പോഴും ശ്രമം തുടരുന്നു. അതില്‍ പ്രധാനം വര്‍ധാ ലിപിയുടെ ആരംഭമാണ്. 'അ' മുതലുള്ള സ്വരാക്ഷരങ്ങള്‍ കുറയ്ക്കാനുള്ള ശ്രമമാണ് പ്രധാന പടി. ഏഴ് അക്ഷരങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. വ്യഞ്ജനങ്ങള്‍ തമ്മില്‍ അടുപ്പിച്ച് എഴുതുമ്പോള്‍ പ്രത്യേക സംയുക്തവ്യഞ്ജനങ്ങള്‍ ഒഴിവാക്കാം. ഈ രീതി വര്‍ധാ രാഷ്ട്രഭാഷാ പ്രചാര്‍ സമിതി വിജയകരമായി പരീക്ഷിച്ചതുമാണ്. എങ്കിലും അംഗീകാരം കിട്ടിയിട്ടില്ല. അക്ഷരങ്ങള്‍ തമ്മില്‍ സംശയം വരാതിരിക്കാന്‍ എന്‍.സി.ഇ.ആര്‍.റ്റി.യും മറ്റും വരുത്തിയ ചെറിയ പരിഷ്കാരങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കംപ്യൂട്ടര്‍ പ്രചുരപ്രചാരം നേടിയതോടുകൂടി നാഗരി ലിപിയുടെ പരിഷ്കരണത്തിന് ശക്തി കൂടിയിട്ടുണ്ട്. പല കേന്ദ്രങ്ങളിലും അതിനുള്ള പ്രയത്നങ്ങള്‍ നടക്കുന്നു.
(ഡോ. എന്‍.ഇ. വിശ്വനാഥയ്യര്‍)