This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ത്വഗ്രോഗങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 96: | വരി 96: | ||
സണ്‍സ്ക്രീന്‍ ലോഷനുകളും ക്രീമുകളും നിത്യേന ഉപയോഗിക്കുന്നത് ഇതിന്റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും. | സണ്‍സ്ക്രീന്‍ ലോഷനുകളും ക്രീമുകളും നിത്യേന ഉപയോഗിക്കുന്നത് ഇതിന്റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും. | ||
- | |||
- | |||
[[Image:mole.png|200px|right|thumb|കറുത്ത മറുകു]] | [[Image:mole.png|200px|right|thumb|കറുത്ത മറുകു]] | ||
- | + | '''കറുത്ത മറുകുകള്‍''' (Moles). കറുത്ത നിറമുള്ള ചെറു വളര്‍ച്ചകളാണ് ഇവ. ഉപരിതലം മൃദുവായും പരുപരുത്തും കാണപ്പെടുന്നുണ്ട്. മെലനോസൈറ്റുകള്‍ എന്ന കോശങ്ങള്‍ അമിതമായി പെരുകുന്നതാണ് ഇതിനു കാരണം. ശരീരത്തില്‍ എവിടെയും പ്രത്യക്ഷപ്പെടാവുന്ന ഇവ പല തരത്തിലുണ്ട്. | |
- | + | മിക്കവാറുമുള്ള മറുകുകള്‍ നിരുപദ്രവികളാണ്. എന്നാല്‍ മെലനോമ (malignant melanoma) എന്ന ത്വക്ക് അര്‍ബുദം ഉണ്ടാകുന്നത് ഇത്തരം മറുകിലാണ്. മറുകിന്റെ രൂപത്തിലും വലുപ്പത്തിലും നിറത്തിലും മാറ്റമുണ്ടാകുന്നത് കാന്‍സര്‍കൊണ്ടു മാത്രമായിക്കൊള്ളണമെന്നില്ല. എങ്കിലും അത് ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതുണ്ട്. | |
[[Image:cellulitis_.tif (16).png|200px|right|thumb|സെല്ലുലൈറ്റിസ്']] | [[Image:cellulitis_.tif (16).png|200px|right|thumb|സെല്ലുലൈറ്റിസ്']] | ||
+ | |||
+ | '''സെല്ലുലൈറ്റിസ്''' (Cellulitis). ത്വക്കിലും അതിന്റെ അടിയിലുള്ള പേശികളിലും ഉണ്ടാകുന്ന അണുബാധയാണിത്. തൊലി ചുവന്നുതടിച്ച് വീര്‍ത്തുവരുന്നതാണ് ലക്ഷണം. ചിലപ്പോള്‍, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മുറിവിലൂടെയാകും അണുബാധയുണ്ടാവുക. സാധാരണയായി കാലുകളിലാണ് ഇത് കാണുന്നത്. ശക്തമായ വേദനയും ഉണ്ടാകും. പ്രായമേറുന്തോറും രോഗസാധ്യതയും ഏറുന്നു. രക്തപ്രവാഹ തീവ്രത കുറയുന്നതിനാല്‍ നീരുണ്ടാകാനുള്ള സാധ്യത കൂടുന്നു. പ്രതിരോധശേഷി കുറഞ്ഞ ഘട്ടങ്ങളിലാണ് ഈ അണുബാധയുണ്ടാകുന്നത്. വേദനയ്ക്കും നീരിനുമൊപ്പം പനിയും രോഗലക്ഷണമാണ്. | ||
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണണം. സെല്ലുലൈറ്റിസ് ചികിത്സിക്കാതെ അവഗണിച്ചാല്‍ രക്തത്തിലെ അണുബാധയായ സെപ്റ്റിസീമിയയ്ക്കു വഴിവയ്ക്കും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രതിവിധി. | രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണണം. സെല്ലുലൈറ്റിസ് ചികിത്സിക്കാതെ അവഗണിച്ചാല്‍ രക്തത്തിലെ അണുബാധയായ സെപ്റ്റിസീമിയയ്ക്കു വഴിവയ്ക്കും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രതിവിധി. | ||
വരി 127: | വരി 127: | ||
സാധാരണ ചികിത്സകള്‍ ഫലിക്കാതെ വരുകയോ വേദന അനുഭവപ്പെടുകയോ ചെയ്താല്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ഉറയിക്കല്‍ (freezing), ചുരണ്ടല്‍ (scraping), കരിച്ചുകളയല്‍ (cauterising) എന്നിവയാണ് പ്രതിവിധികള്‍. | സാധാരണ ചികിത്സകള്‍ ഫലിക്കാതെ വരുകയോ വേദന അനുഭവപ്പെടുകയോ ചെയ്താല്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ഉറയിക്കല്‍ (freezing), ചുരണ്ടല്‍ (scraping), കരിച്ചുകളയല്‍ (cauterising) എന്നിവയാണ് പ്രതിവിധികള്‍. | ||
- | + | [[Image:scabies1.tif (18a).png|200px|right|thumb|ചൊറി]] | |
- | + | '''ചൊറി''' (Scabies). കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ചര്‍മരോഗമാണിത്. മൈറ്റുകള്‍ എന്ന ഒരു പ്രത്യേക തരം സൂക്ഷ്മജീവി (sarcoptes scabiei) ചര്‍മത്തില്‍ മുട്ടയിട്ടു പെരുകുന്നു. ആഴ്ചകളോളം ലക്ഷണമൊന്നും കണ്ടെന്നുവരില്ല. ശാരീരികസമ്പര്‍ക്കം മൂലം ഈ രോഗം പകരാം. ശക്തമായ ചൊറിച്ചിലും തവിട്ടുനിറമുള്ള തടിപ്പുകളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. ഇത് ചിലപ്പോള്‍ വൃക്കകളെ ബാധിക്കുന്ന നെഫ്രൈറ്റിസ് എന്ന രോഗത്തിനും കാരണമായേക്കാം. രോഗബാധിതഭാഗത്തെ ചര്‍മം ചുരണ്ടിയെടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ കൃത്യമായ രോഗനിര്‍ണയം നടത്താം. | |
ആന്റിപാരസൈറ്റിക് ലോഷന്‍ കഴുത്തിനു താഴോട്ട് ശരീരം മുഴുവന്‍ പുരട്ടി 8-24 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുകയാണ് പ്രധാന ചികിത്സ. ചൊറിച്ചില്‍ മാറാനായി ചിലപ്പോള്‍ കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളും നല്കാറുണ്ട്. രോഗിയുമായി നിരന്തര സമ്പര്‍ക്കത്തിലിരിക്കുന്ന വ്യക്തിയെയും ചികിത്സയ്ക്കു വിധേയമാക്കണം. രോഗം മറ്റുള്ളവരില്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, വിരിപ്പുകള്‍ എന്നിവ അലക്കി വെയിലില്‍ ഉണക്കി ഇസ്തിരിയിടണം. | ആന്റിപാരസൈറ്റിക് ലോഷന്‍ കഴുത്തിനു താഴോട്ട് ശരീരം മുഴുവന്‍ പുരട്ടി 8-24 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുകയാണ് പ്രധാന ചികിത്സ. ചൊറിച്ചില്‍ മാറാനായി ചിലപ്പോള്‍ കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളും നല്കാറുണ്ട്. രോഗിയുമായി നിരന്തര സമ്പര്‍ക്കത്തിലിരിക്കുന്ന വ്യക്തിയെയും ചികിത്സയ്ക്കു വിധേയമാക്കണം. രോഗം മറ്റുള്ളവരില്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, വിരിപ്പുകള്‍ എന്നിവ അലക്കി വെയിലില്‍ ഉണക്കി ഇസ്തിരിയിടണം. |
Current revision as of 07:26, 21 ഫെബ്രുവരി 2009
ത്വഗ്രോഗങ്ങള്‍
Skin diseases
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിനെ ബാധിക്കുന്ന രോഗങ്ങള്‍. ത്വക്കിലുണ്ടാകുന്ന വ്രണങ്ങളും മറ്റു രോഗങ്ങളും വളരെ എളുപ്പത്തില്‍ മറ്റുള്ളവരുടെ ദൃഷ്ടിക്കു പാത്രമാകുന്നതിനാല്‍ ഈ രോഗങ്ങള്‍ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
ത്വക്ക് ശരീരത്തെ ആവരണം ചെയ്യുന്ന സ്വതന്ത്രാസ്തിത്വമുള്ള ഒരു ഘടനയല്ല, മറിച്ച് മറ്റ് അവയവങ്ങളെപ്പോലെ ശരീരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ശരീരത്തില്‍ പൊതുവേ വിന്യസിച്ചിരിക്കുന്ന നാഡികളും ഞരമ്പുകളുംതന്നെയാണ് ത്വക്കിലുമുള്ളത്. ആന്തരികാവയവങ്ങളിലുള്ള സന്ധാനകലകള്‍ക്ക് തികച്ചും സമാനമാണ് അന്തശ്ചര്‍മ(dermis)ത്തിലെ സന്ധാനകലകളും. എന്നാല്‍ ശരീരത്തിന്റെ ബാഹ്യ ആവരണമാകയാല്‍ മറ്റു ശരീരഭാഗങ്ങളും ബാഹ്യാന്തരീക്ഷവും തമ്മില്‍ മാധ്യസ്ഥം വഹിക്കുന്ന ധര്‍മം ത്വക്കിനു നിര്‍വഹിക്കേണ്ടതായി വരുന്നു. ഇതുകൊണ്ടുതന്നെ ത്വക്കിനുണ്ടാകുന്ന രോഗാവസ്ഥകള്‍ക്ക് ശരീരത്തിനുള്ളിലെ വൈഷമ്യങ്ങളും പുറത്തെ അന്തരീക്ഷത്തിലെ മാലിന്യങ്ങളും ദൂഷ്യങ്ങളും ഒരുപോലെ കാരണമായിത്തീരുന്നു.
ത്വക്കില്‍ പ്രകടമാകുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ ത്വക്കിനെ ബാധിക്കുന്നവയല്ല. ആന്തരികമായ രോഗത്തിന്റെ ലക്ഷണം ത്വക്കിലൂടെ പ്രത്യക്ഷീഭവിക്കുന്നു എന്നുമാത്രം. രക്തത്തിലോ രക്തചംക്രമണ വ്യവസ്ഥയിലോ ഉണ്ടാകുന്ന രോഗങ്ങള്‍ (ഉദാ. അരക്തത, പോളിസൈതീമിയ, മഞ്ഞപ്പിത്തം) ത്വക്കില്‍ പ്രതിഫലിക്കുന്നു. ചില ജീവകങ്ങളുടെ അപര്യാപ്തതയും മസ്തിഷ്കകാണ്ഡ വീക്കങ്ങളും ത്വക്കില്‍ മരവിപ്പായി അനുഭവപ്പെടുന്നു.
ആന്തരികമായ തകരാറില്‍ ത്വക്കും ഭാഗഭാക്കാകുന്നതാണ് ത്വഗ്രോഗങ്ങളില്‍ രണ്ടാമത്തെ വിഭാഗം. ചില ഭക്ഷ്യപദാര്‍ഥങ്ങള്‍, മരുന്നുകള്‍, രോഗാണുക്കള്‍, രോഗഗ്രസ്തമായ ശരീരകലകള്‍ എന്നിവയോടുണ്ടാകുന്ന അലര്‍ജിമൂലം ത്വക്കിലെ സിരാവ്യൂഹം അനവധി മാറ്റങ്ങള്‍ക്കു വിധേയമാകുന്നതാണ് ഈ രോഗങ്ങള്‍ക്കു കാരണം. കുപോഷണംമൂലം കെരാറ്റിന് മാറ്റങ്ങള്‍ സംഭവിക്കുന്നു. അഡിസണ്‍സ് രോഗം, ഹൈപോതൈറോയ്ഡിസം തുടങ്ങിയ ഹോര്‍മോണ്‍ തകരാറുകളോട് ത്വക്കിലെ വര്‍ണകങ്ങള്‍ (pigments) പ്രതികരിക്കാറുണ്ട്.
ത്വക്ക് നേരിട്ട് രോഗവിധേയമാകുന്നതാണ് അടുത്ത വിഭാഗം. രക്താര്‍ബുദം ചിലപ്പോള്‍ ത്വക്കിലേക്കു വ്യാപിച്ച് അര്‍ബുദജന്യ മാറ്റങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന കോസിഡിയോ മൈകോസിസ് എന്ന ഫംഗസ്ബാധ ത്വക്കിലേക്കു പടരാം. പ്രാഥമികമായി ത്വക്കിനെ ബാധിക്കുന്ന ചില രോഗങ്ങള്‍ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുന്നതായി കാണാറുണ്ട്. ത്വക്കിലെ ചില പൂപ്പല്‍ബാധകള്‍ (ഉദാ. ലൈക്കന്‍ പ്ളാനസ്) ജഠരാന്ത്രപഥത്തിലേക്കു സംക്രമിക്കാറുണ്ട്. എല്ലിനെയും കരളിനെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ഒരു ത്വഗ്രോഗമാണ് മാസ്റ്റോസൈറ്റോസിസ്.
ത്വക്കിനെ മാത്രം ബാധിക്കുന്ന രോഗങ്ങള്‍ ആണ് അവസാനത്തെ വിഭാഗം. മുഖക്കുരു, സോറിയാസിസ് എന്നിവ ഉദാഹരണങ്ങളാണ്. ചില ത്വഗ്രോഗങ്ങള്‍ ശരീരത്തെ ആകമാനം ബാധിക്കുന്നതാകാം; മറ്റു ചിലതാകട്ടെ സ്ഥാനീയവും. അപൂര്‍വം ചില ചര്‍മരോഗങ്ങള്‍ക്ക് പാരമ്പര്യ ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. പരിപൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാവുന്നവയും പൂര്‍ണമായ ശമനസാധ്യതയില്ലാത്തതുമായ ചര്‍മരോഗങ്ങളും കണ്ടുവരുന്നു.
മിക്ക ത്വഗ്രോഗങ്ങളും ഗുരുതരമല്ല. എന്നാല്‍ സോറിയാസിസ്, എക്സിമ തുടങ്ങിയ രോഗങ്ങള്‍ പഴക്കംചെല്ലുമ്പോള്‍ ഗുരുതരമായിത്തീരാറുണ്ട്. ഇവയ്ക്ക് ദീര്‍ഘകാല ചികിത്സയും ആവശ്യമാണ്.
സാധാരണ കാണപ്പെടുന്ന ചില ത്വഗ്രോഗങ്ങളും അവയുടെ രോഗനിര്‍ണയ ചികിത്സാസങ്കേതങ്ങളും ഇവിടെ വിവരിക്കുന്നു.
സോറിയാസിസ് (Psoriasis). ചുവന്നുതടിച്ച് കട്ടികൂടിയ ത്വക്കില്‍നിന്ന് ശല്ക്കങ്ങള്‍ പൊഴിയുന്ന അവസ്ഥയാണിത്. വിവിധ രൂപങ്ങളില്‍ ഈ രോഗം പ്രത്യക്ഷപ്പെടാറുണ്ട്. ശല്ക്കങ്ങള്‍പോലെ ചര്‍മം ചുവന്ന്, കട്ടികൂടുന്നു. ശല്ക്കങ്ങള്‍ നിറഞ്ഞ ഭാഗത്ത് എപ്പോഴും ചൊറിച്ചില്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ചൊറിയുക എന്നര്‍ഥമുള്ള 'സോറ' എന്ന പദത്തില്‍നിന്നാണ് ഈ രോഗത്തിന്റെ പേര് ഉണ്ടായിട്ടുള്ളത്. ഇത് പകര്‍ച്ചവ്യാധി അല്ലെങ്കിലും ശരീരമാകെ പടര്‍ന്നുപിടിക്കുമ്പോള്‍ ജനങ്ങളുമായി ഇടപഴകുന്നതിന് രോഗിക്ക് വൈമുഖ്യമുണ്ടാകാം.
സോറിയാസിസിന്റെ വ്യക്തമായ കാരണം തേടിയുള്ള ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനിതകമായ കാരണങ്ങള്‍ ഉണ്ടെന്ന് ഗവേഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ജീനുകളില്‍ ഇതിന്റെ അടിസ്ഥാനബീജങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെങ്കിലും ചില പ്രത്യേക കാരണങ്ങളും ജീവിതശൈലിയും ഈ രോഗാവസ്ഥയെ ഉത്തേജിപ്പിക്കുന്നു. അണുബാധ, ഹോര്‍മോണ്‍ തകരാറുകള്‍, സൂര്യപ്രകാശം, മാനസികാഘാതം, മദ്യം, പുകവലി, ചില രാസപദാര്‍ഥങ്ങള്‍ എന്നിവ ഈ രോഗത്തെ ഉത്തേജിപ്പിക്കാന്‍ കാരണമാകാറുണ്ട്.
മൃതകോശങ്ങള്‍ കൊഴിയുന്നതിനെക്കാള്‍ വേഗത്തില്‍ നവകോശങ്ങള്‍ ഉണ്ടാവുകയും അത് രോഗബാധിതഭാഗത്ത് കുന്നൂകൂടുകയും ചെയ്യുമ്പോഴാണ് ചര്‍മത്തിന് കട്ടി കൂടുന്നത്. ഇതിന്റെ കാരണം വ്യക്തമല്ലെങ്കിലും പലപ്പോഴും അണുബാധയോ ക്ഷതമോ മാനസികസംഘര്‍ഷമോ ഇതിനു തുടക്കം കുറിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പ്ളേക്ക് സോറിയാസിസ് (Plaque Psoriasis), ഗുട്ടേറ്റ് സോറിയാസിസ് (Guttate Psoriasis), പസ്റ്റുലാര്‍ സോറിയാസിസ് (Pustular Psoriasis), ഇന്‍വേഴ്സ് സോറിയാസിസ് (Inverse Psoriasis) എന്നിങ്ങനെ നാലുവിധത്തിലുള്ള സോറിയാസിസ് കണ്ടുവരുന്നു.
പ്ളേക്ക് സോറിയാസിസ് സാധാരണമാണ്. പ്ളേക്കുകള്‍ എന്നറിയപ്പെടുന്ന കട്ടികൂടിയ ചുവന്ന ചര്‍മം ശല്ക്കങ്ങള്‍പോലെ കാണപ്പെടുന്നു. കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, ശിരസ്സ്, ചെവിയുടെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് ഇത് സാധാരണ പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്കിടെ ചൊറിച്ചിലും ഉണ്ടാകും. ഇത് നഖത്തെയും ബാധിക്കാം. ചിലപ്പോള്‍ നഖം ഇളകിപ്പോവുകയും ചെയ്യും. ആഴ്ചകളോ മാസങ്ങളോ രോഗം നീണ്ടുനില്ക്കും. ഇടയ്ക്ക് കുറഞ്ഞിരിക്കുന്ന രോഗം വീണ്ടും ശക്തിയോടെ തിരിച്ചുവരാറുണ്ട്.
ഗുട്ടേറ്റ് സോറിയാസിസ് സാധാരണ കുട്ടികളേയും കൗമാരപ്രായക്കാരേയുമാണ് ബാധിക്കുക. നാണയത്തിന്റെ ആകൃതിയില്‍ പിങ്ക് നിറത്തിലുള്ള ചെതുമ്പലുകള്‍ നിറഞ്ഞ ചര്‍മമാണ് ഇതിന്റെ ലക്ഷണം. നെഞ്ചത്തും പുറത്തുമാണ് സാധാരണയായി കാണുന്നത്. ചൊറിച്ചിലുമുണ്ടാകാം. സാധാരണഗതിയില്‍ നാല് മുതല്‍ ആറ് വരെ മാസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമാകും. പക്ഷേ, പകുതിയോളം പേരില്‍ മറ്റൊരു രൂപത്തിലുള്ള സോറിയാസിസ് പ്രത്യക്ഷപ്പെട്ടേക്കാം.
പസ്റ്റുലാര്‍ സോറിയാസിസ് പ്രായപൂര്‍ത്തിയായവരില്‍ മാത്രമാണ് കാണപ്പെടുന്നത്. പഴുപ്പുനിറഞ്ഞ കുമിളകള്‍ കൈപ്പത്തിയിലും കാല്‍വെള്ളയിലും പ്രത്യക്ഷപ്പെടാം. ചര്‍മം ചുവന്ന് മൃദുലമായിരിക്കും. രോഗബാധിതഭാഗത്തെ ചര്‍മത്തിന് കട്ടികൂടി ശല്ക്കങ്ങള്‍ ഉണ്ടാകാം.
ഇന്‍വേഴ്സ് സോറിയാസിസ് പ്രായംചെന്നവരിലാണ് കാണപ്പെടുന്നത്. ചര്‍മത്തില്‍ നനവാര്‍ന്ന ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും ചര്‍മത്തിന്റെ മടക്കുകള്‍ക്കിടയിലാണ് ഇതു കാണുക. തുടയിടുക്ക്, സ്തനങ്ങളുടെ അടിവശം, കക്ഷങ്ങള്‍ എന്നീ ഭാഗങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്.
സോറിയാസിസിന്റെ ഇനം ഏതെന്നു തിരിച്ചറിയുകയാണ് രോഗനിര്‍ണയത്തിന്റെ പ്രധാന ഘട്ടം. ചര്‍മം മൃദുലമാക്കാനുള്ള ഇമോളിയന്റുകളാണ് ചികിത്സയ്ക്കായി സാധാരണ ഉപയോഗിക്കുന്നത്. കോള്‍ടാര്‍ അടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ച് ചര്‍മത്തിലെ ശല്ക്കങ്ങളും അണുബാധയും നിയന്ത്രിക്കുന്നു. ജീവകം 'ഡി'യുടെ വകഭേദമായ കാല്‍സിപോട്രിയോള്‍ അടങ്ങിയ ഔഷധങ്ങളും സോറിയാസിസിന് ഉപയോഗിക്കുന്നുണ്ട്. ഒരു വിദഗ്ധ ഡോക്ടറുടെ മേല്‍നോട്ടത്തിലും നിര്‍ദേശത്തിലും മാത്രമേ ഈ ഔഷധം പ്രയോഗിക്കാവൂ. മുഖത്തും ചര്‍മത്തിന്റെ മടക്കുകളിലും ഈ മരുന്ന് ഉപയോഗിച്ചുകൂടാ.
ഔഷധചികിത്സ ഫലിക്കാത്ത ഘട്ടത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമായി കണ്ടുവരുന്നുണ്ട്. ചെറിയ തോതില്‍ വെയില്‍ കായുന്നത് സോറിയാസിസിന്റെ തീവ്രത കുറയ്ക്കാന്‍ സഹായകമാണ്. പസ്റ്റുലാര്‍ സോറിയാസിസിന് ഉള്ളില്‍ കഴിക്കാനുള്ള ഔഷധങ്ങളും കുത്തിവയ്പുകളും നല്കുന്നു.
സാധാരണഗതിയില്‍ പരിപൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കാത്ത രോഗമാണ് സോറിയാസിസ്. എന്നാല്‍ ചികിത്സകൊണ്ട് ഏറെ ആശ്വാസം കിട്ടും. രോഗബാധിതരാണെങ്കിലും സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
എക്സിമ (Eczema). കുമിളകള്‍പോലെ വീര്‍ത്ത്, ചുവന്ന്, ചൊറിച്ചിലോടുകൂടി ചര്‍മത്തിലുണ്ടാകുന്ന രോഗമാണ് എക്സിമ. 'ഡെര്‍മറ്റൈറ്റിസ്' എന്നും പേരുണ്ട്. പഴുപ്പുനിറഞ്ഞ് കുമിളകള്‍ പോലെ പൊള്ളിനില്ക്കുന്ന വ്രണങ്ങള്‍മൂലം ചര്‍മം കട്ടിയാകുന്നു. ഒരിക്കല്‍ രോഗബാധയുണ്ടായവരില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും ഔഷധ ഉപയോഗംകൊണ്ട് താത്കാലികമായി സുഖപ്പെടുകയും ചെയ്യുന്ന രോഗമാണിത്. പ്രായം, ജനിതകപ്രത്യേകതകള്‍, ജീവിതശൈലി എന്നിവയൊക്കെ ഈ രോഗത്തെ സ്വാധീനിക്കുന്നുണ്ട്.
അടോപിക് എക്സിമ (Atopic eczema), കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് (Contact dermatitis), സെബോറിക് ഡെര്‍മറ്റൈറ്റിസ് (Seborrheic dermatitis), നുമ്മുലാര്‍ എക്സിമ (Nummular eczema), എസ്റ്റിയാട്ടോട്ടിക് എക്സിമ (Asteatotic eczema), ഡിഷിഡ്രോട്ടിക് എക്സിമ (Dyshidrotic eczema) എന്നിങ്ങനെ വിവിധ തരത്തിലുള്ള എക്സിമ രോഗങ്ങളുണ്ട്.
എമോളിയന്റുകള്‍ ഉപയോഗിച്ച് ചര്‍മം എപ്പോഴും ഈര്‍പ്പമുള്ളതായി സൂക്ഷിക്കുക എന്നതാണ് ചികിത്സയില്‍ പ്രധാനം. ചെറുചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുകയും വേണം. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് ഇനത്തിലുള്ള മരുന്നുകളാണ് ചൊറിച്ചിലും വീക്കവും തടയാന്‍ ഉപയോഗിക്കുന്നത്. ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന വസ്തുക്കളെ കഴിവതും ഒഴിവാക്കണം. മിക്ക എക്സിമയും സുഖപ്പെടുത്താന്‍ കഴിയും.
പര്‍പ്യൂറ. ചുവപ്പു കലര്‍ന്ന വയലറ്റ്നിറത്തില്‍ കുത്തുകള്‍ പോലെയുള്ള പാടുകള്‍ ത്വക്കില്‍ ഉണ്ടാകുന്ന രോഗമാണ് പര്‍പ്യൂറ. രക്തപ്പൊട്ടുകള്‍ പോലെയാണ് ഇതു കാണപ്പെടുക. ചര്‍മത്തിനടിയിലുള്ള അതിസൂക്ഷ്മ രക്തക്കുഴലുകള്‍ പൊട്ടുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നത്. ഒരു മൊട്ടുസൂചിത്തലയുടെ വലുപ്പം മുതല്‍ 2.5 സെ.മീ. വരെ വലുപ്പമുള്ള രക്തപ്പൊട്ടുകള്‍ കാണാം. ഈ പാടുകള്‍ അപകടകാരികളല്ലെങ്കിലും ഏതെങ്കിലും മാരകരോഗത്തിന്റെ ലക്ഷണമായാണോ ഇതു പ്രത്യക്ഷപ്പെടുന്നതെന്ന് നിരീക്ഷിക്കേണ്ടതുണ്ട്.
വൃദ്ധജനങ്ങളില്‍ 'സെനൈല്‍ പര്‍പ്യൂറ' സാധാരണ കാണപ്പെടുന്നുണ്ട്. കൈപ്പത്തിയുടെ പിന്‍ഭാഗത്തോ കണങ്കയ്യിലോ തുടയിലോ ആണ് ഇതു കാണുക. ചര്‍മത്തിനടിയില്‍ രക്തക്കുഴലുകളെ താങ്ങിനിര്‍ത്തുന്ന പേശികള്‍ ദുര്‍ബലമാകുന്നതാണ് സെനൈല്‍ പര്‍പ്യൂറയ്ക്കു കാരണം.
'പെറ്റാഷേ' എന്നറിയപ്പെടുന്ന, തീരെ ചെറിയ കുത്തുകള്‍പോലെയുള്ള പര്‍പ്യൂറ, രക്തത്തിലെ പ്ളേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നതുകൊണ്ടുണ്ടാകുന്നതാണ്. ലുക്കീമിയ പോലുള്ള രോഗങ്ങളിലും ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളിലും ഇതു കാണാം. ചില ഔഷധങ്ങളുടെ പാര്‍ശ്വഫലമായും പെറ്റാഷേ പ്രത്യക്ഷപ്പെടാറുണ്ട്. സെപ്റ്റിസീമിയ എന്ന പേരില്‍ അറിയപ്പെടുന്ന, രക്തത്തിലെ അണുബാധയിലും ത്വക്കില്‍ ചുവന്ന കുത്തുകള്‍ ഉണ്ടാകാറുണ്ട്.
സാധാരണഗതിയില്‍ ചികിത്സയൊന്നും ആവശ്യമില്ലാത്ത അവസ്ഥയാണിത്. എന്നാല്‍ രക്തപരിശോധനയില്‍ പ്ളേറ്റ്ലറ്റുകള്‍ കുറവായി കണ്ടാല്‍ അത് ഗൗരവത്തോടെ കാണണം. അണുബാധയോടനുബന്ധിച്ച് 'പര്‍പ്യൂറ' കണ്ടാലും പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. രോഗത്തിന്റെ അടിസ്ഥാനകാരണമില്ലാതാകുന്നതോടെ പര്‍പ്യൂറയും അപ്രത്യക്ഷമാകും.
മുഖക്കുരു. യൗവനാരംഭത്തില്‍ കണ്ടുവരുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. ചര്‍മത്തിലെ ഗ്രന്ഥികളിലുണ്ടാകുന്ന തടസ്സവും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും ആണ് ഇതിനു കാരണം. മുഖക്കുരു കുറച്ചുകാലത്തിനുശേഷം അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍, അപൂര്‍വം ചിലരില്‍ ഇത് സങ്കീര്‍ണമായിത്തീരുന്നു. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണവും എണ്ണ അടങ്ങിയ സൗന്ദര്യവര്‍ധകവസ്തുക്കളും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. മുഖക്കുരു പല വിധത്തില്‍ കാണപ്പെടുന്നു. പുരുഷന്മാരില്‍ 'വള്‍ഗാരിസ്' (Acne vulgaris) എന്നൊരിനമാണ് സാധാരണം. പുരുഷഹോര്‍മോണായ ആന്‍ഡ്രജനുകളുടെ നിലയിലെ വ്യതിയാനം ഒരു കാരണമാണ്.
സെബേഷ്യസ് ഗ്രന്ഥി സ്രവിക്കുന്ന സെബം ആണ് ചര്‍മത്തിന് മിനുപ്പും തുടുപ്പും നല്കുന്നത്. എന്നാല്‍ സെബം അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ രോമകൂപങ്ങളില്‍ തടസ്സമുണ്ടാകുന്നു. ചര്‍മത്തിലെ കെരാറ്റിനും രോമകൂപങ്ങളില്‍ തടസ്സം സൃഷ്ടിക്കാറുണ്ട്. ഇങ്ങനെ കുടുങ്ങിപ്പോകുന്ന സെബം ചെറിയ കുരുക്കളായിത്തീരുന്നു. ഇതിന് 'വൈറ്റ് ഹെഡ്സ്' എന്നാണു പറയുന്നത്. സെബത്തിനുള്ളില്‍ അണുബാധയുണ്ടാകുമ്പോള്‍ വീക്കമോ പഴുപ്പോ ഉണ്ടാകാം.
മുഖക്കുരുവിനെ ഒരു പരിധിവരെ സ്വയം നിയന്ത്രിക്കാന്‍ കഴിയും. വളരെ വീര്യം കുറഞ്ഞ ക്ളെന്‍സറും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് ദിവസേന രണ്ടുനേരമെങ്കിലും മുഖം കഴുകണം. ചര്‍മത്തില്‍ ശക്തിയായി ഉരയ്ക്കരുത്. മുഖക്കുരു കൈകൊണ്ട് ഞെക്കുകയോ പൊട്ടിക്കുകയോ ചെയ്യരുത്. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകാനും മുഖത്ത് പാടുവീഴാനും ഇടയാക്കുന്നു. ബെന്‍സൈല്‍ പെറോക്സൈഡ് ചേര്‍ന്ന ഔഷധങ്ങള്‍ മുഖക്കുരുവിന്റെ ചികിത്സയില്‍ ഉപയോഗിച്ചുവരുന്നു.
വെള്ളപ്പാണ്ട് (Vitiligo). ത്വക്കിന്റെ സ്വാഭാവിക വര്‍ണകമായ മെലാനിന്‍ നഷ്ടപ്പെട്ട് ചര്‍മത്തില്‍ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. സാധാരണഗതിയില്‍ മുഖത്തും ചുണ്ടിലും കൈകളിലുമാണ് ഇത് കാണപ്പെടുന്നത്. ശാരീരികമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറില്ലെങ്കിലും ഇത് മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ വൈമുഖ്യവും തന്മൂലമുള്ള മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
വെള്ളപ്പാണ്ട് ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് എന്നു കരുതപ്പെടുന്നു. ശരീരം നിര്‍മിക്കുന്ന ആന്റിബോഡികള്‍ ശരീരത്തിലെതന്നെ പേശികള്‍ ക്കെതിരെ പ്രവര്‍ത്തിക്കുന്ന രോഗമാണിത്. മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്കെതിരെ ഈ ആന്റിബോഡികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മെലാനിന്‍ ഉത്പാദനം തടസ്സപ്പെടുകയും വെള്ളപ്പാണ്ട് ഉണ്ടാവുകയും ചെയ്യുന്നു. മൂന്നിലൊന്നോളം വെള്ളപ്പാണ്ട് രോഗികളില്‍ പാരമ്പര്യ ഘടകം കണ്ടെത്തിയിട്ടുണ്ട്. തൊലിയിലെ നിറവ്യത്യാസം പൂര്‍ണമാകാന്‍ ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവരും. ചുരുക്കം ചിലരില്‍ ശരീരമാസകലം ഈ രോഗം കാണപ്പെടാറുണ്ട്.
ചികിത്സയ്ക്കു മുന്നോടിയായി വര്‍ണവ്യത്യാസമുണ്ടായത് വെള്ളപ്പാണ്ടുമൂലമാണോ ഫംഗസ് രോഗം മൂലമാണോ എന്ന് വേര്‍ തിരിച്ചറിയേണ്ടതാണ്. മറ്റുവിധത്തിലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പ്രകാശ ചികിത്സ (ഫോട്ടോതെറാപ്പി) ഒരു ചികിത്സാസങ്കേതമാണ്. ചിലപ്പോള്‍ ഇതോടൊപ്പം ചര്‍മത്തെ പ്രകാശ സംവേദനക്ഷമമാക്കുവാനുള്ള (ഫോട്ടോസെന്‍സിറ്റീവ്) മരുന്നുകളും കഴിക്കേണ്ടിവരും. വെള്ളപ്പാണ്ടിന് പൂര്‍ണ ഫലപ്രാപ്തിയുള്ള ചികിത്സ ഇല്ല. സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിച്ച് പാണ്ടുള്ള ഭാഗം സമര്‍ഥമായി മറയ്ക്കുകയാണ് ഒരു പോംവഴി. ചിലരില്‍ കാലക്രമേണ ചര്‍മത്തിന് സ്വാഭാവികനിറം ലഭിക്കുന്നതു കാണാറുണ്ട്.
ഫ്രെക്കിള്‍ (Freckle). ചര്‍മത്തിലെ കറുത്തതും തവിട്ടുനിറത്തിലുള്ളതുമായ നിരുപദ്രവകരമായ പാടുകളെയാണ് ഫ്രെക്കിളുകള്‍ എന്നു പറയുന്നത്. മെലാനിന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം. സൂര്യപ്രകാശമേല്ക്കുന്ന ശരീരഭാഗങ്ങളിലാണ് ഇവ സാധാരണയായി കൂടുതല്‍ കാണപ്പെടുന്നത്. ഈ പ്രവണത ഏറെക്കുറെ പാരമ്പര്യമാണെന്ന് ഒരു വാദമുണ്ട്. പൊതുവേ, വെളുത്ത ചര്‍മമുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സൂര്യപ്രകാശമേല്ക്കുമ്പോള്‍ ഇതിന്റെ തീവ്രത കൂടുന്നു.
സണ്‍സ്ക്രീന്‍ ലോഷനുകളും ക്രീമുകളും നിത്യേന ഉപയോഗിക്കുന്നത് ഇതിന്റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും.
കറുത്ത മറുകുകള്‍ (Moles). കറുത്ത നിറമുള്ള ചെറു വളര്‍ച്ചകളാണ് ഇവ. ഉപരിതലം മൃദുവായും പരുപരുത്തും കാണപ്പെടുന്നുണ്ട്. മെലനോസൈറ്റുകള്‍ എന്ന കോശങ്ങള്‍ അമിതമായി പെരുകുന്നതാണ് ഇതിനു കാരണം. ശരീരത്തില്‍ എവിടെയും പ്രത്യക്ഷപ്പെടാവുന്ന ഇവ പല തരത്തിലുണ്ട്.
മിക്കവാറുമുള്ള മറുകുകള്‍ നിരുപദ്രവികളാണ്. എന്നാല്‍ മെലനോമ (malignant melanoma) എന്ന ത്വക്ക് അര്‍ബുദം ഉണ്ടാകുന്നത് ഇത്തരം മറുകിലാണ്. മറുകിന്റെ രൂപത്തിലും വലുപ്പത്തിലും നിറത്തിലും മാറ്റമുണ്ടാകുന്നത് കാന്‍സര്‍കൊണ്ടു മാത്രമായിക്കൊള്ളണമെന്നില്ല. എങ്കിലും അത് ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതുണ്ട്.
സെല്ലുലൈറ്റിസ് (Cellulitis). ത്വക്കിലും അതിന്റെ അടിയിലുള്ള പേശികളിലും ഉണ്ടാകുന്ന അണുബാധയാണിത്. തൊലി ചുവന്നുതടിച്ച് വീര്‍ത്തുവരുന്നതാണ് ലക്ഷണം. ചിലപ്പോള്‍, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മുറിവിലൂടെയാകും അണുബാധയുണ്ടാവുക. സാധാരണയായി കാലുകളിലാണ് ഇത് കാണുന്നത്. ശക്തമായ വേദനയും ഉണ്ടാകും. പ്രായമേറുന്തോറും രോഗസാധ്യതയും ഏറുന്നു. രക്തപ്രവാഹ തീവ്രത കുറയുന്നതിനാല്‍ നീരുണ്ടാകാനുള്ള സാധ്യത കൂടുന്നു. പ്രതിരോധശേഷി കുറഞ്ഞ ഘട്ടങ്ങളിലാണ് ഈ അണുബാധയുണ്ടാകുന്നത്. വേദനയ്ക്കും നീരിനുമൊപ്പം പനിയും രോഗലക്ഷണമാണ്.
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണണം. സെല്ലുലൈറ്റിസ് ചികിത്സിക്കാതെ അവഗണിച്ചാല്‍ രക്തത്തിലെ അണുബാധയായ സെപ്റ്റിസീമിയയ്ക്കു വഴിവയ്ക്കും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രതിവിധി.
പുഴുക്കടി (Ring worm). പേര് സൂചിപ്പിക്കുന്നതുപോലെ വിരകള്‍കൊണ്ടോ കീടങ്ങള്‍കൊണ്ടോ ഉണ്ടാകുന്ന ചര്‍മരോഗമല്ല ഇത്. ഫംഗസ് ആണ് രോഗകാരി. മോതിരത്തിന്റെ ആകൃതിയില്‍ (വൃത്താകൃതിയില്‍) ചൊറിച്ചിലോടുകൂടി, ചര്‍മത്തിലുണ്ടാകുന്ന ചുവന്ന പാടുകളാണ് ഇവ.
ടിനിയ കാപിറ്റിസ്, ടിനിയ കോര്‍പോറിസ്, ടിനിയ ക്രൂറിസ് എന്നിവയാണ് രോഗകാരക ഫംഗസ്സുകളില്‍ പ്രധാനം. കുട്ടികളില്‍ കാണപ്പെടുന്ന ഈ രോഗം പകര്‍ച്ചവ്യാധിയാണ്. നായ്ക്കളില്‍നിന്നോ പൂച്ചകളില്‍നിന്നോ ആണ് കുട്ടികള്‍ക്ക് ഈ ഫംഗസ് ബാധിക്കുന്നത്. പ്രമേഹം, എയ്ഡ്സ് തുടങ്ങി പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗമുള്ളവരില്‍ ഈ ഫംഗസ്ബാധയ്ക്കു സാധ്യതയേറുന്നു.
തടിപ്പിന്റെ ആകൃതിയും പ്രകൃതിയും നിരീക്ഷിച്ചാണ് പുഴുക്കടിബാധയാണോ എന്നു മനസ്സിലാക്കുന്നത്. ചര്‍മത്തില്‍നിന്നു ചുരണ്ടിയെടുക്കുന്ന ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചും രോഗം സ്ഥിരീകരിക്കാം.
ആന്റിഫംഗല്‍ ലേപനങ്ങളാണ് പ്രതിവിധി. ചിലപ്പോള്‍ ഈയിനത്തിലുള്ള ഔഷധങ്ങള്‍ ഉള്ളില്‍ കഴിക്കേണ്ടതായും വരാം. മാസങ്ങള്‍ നീണ്ടുനില്ക്കുന്ന ചികിത്സ ചില രോഗികളില്‍ വേണ്ടിവരും.
അരിമ്പാറ (Wart). വൈറസ് മൂലം ചര്‍മത്തിലുണ്ടാകുന്ന തവിട്ടുനിറത്തിലുള്ളതോ കറുത്തതോ ആയ ചെറു വളര്‍ച്ചകളെയാണ് പൊതുവേ അരിമ്പാറകള്‍ എന്നു പറയുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് ത്വക്കിനുള്ളില്‍ കയറിക്കൂടി അവിടത്തെ കോശങ്ങളെ പെരുകാന്‍ പ്രേരിപ്പിക്കുകയും ചര്‍മത്തിന്റെ കട്ടി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നേരിട്ടുള്ള സമ്പര്‍ക്കംവഴി പകരുന്ന ഈ രോഗം പ്രതിരോധശേഷി കുറഞ്ഞവരില്‍ കൂടുതലായി കാണപ്പെടുന്നു. ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ രോഗം വേഗം പകരുന്നു.
സാധാരണഗതിയില്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന അരിമ്പാറകള്‍ നിരുപദ്രവകാരികളാണ്. മിക്ക അരിമ്പാറകളും തനിയെ അപ്രത്യക്ഷമാകും. ചിലപ്പോള്‍ ഇതിനു മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. എന്നാല്‍ ജനനേന്ദ്രിയത്തില്‍ കാണപ്പെടുന്ന അരിമ്പാറയ്ക്ക് ശ്രദ്ധയും നിരീക്ഷണവും ആവശ്യമാണ്.
സാധാരണ ചികിത്സകള്‍ ഫലിക്കാതെ വരുകയോ വേദന അനുഭവപ്പെടുകയോ ചെയ്താല്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ഉറയിക്കല്‍ (freezing), ചുരണ്ടല്‍ (scraping), കരിച്ചുകളയല്‍ (cauterising) എന്നിവയാണ് പ്രതിവിധികള്‍.
ചൊറി (Scabies). കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ചര്‍മരോഗമാണിത്. മൈറ്റുകള്‍ എന്ന ഒരു പ്രത്യേക തരം സൂക്ഷ്മജീവി (sarcoptes scabiei) ചര്‍മത്തില്‍ മുട്ടയിട്ടു പെരുകുന്നു. ആഴ്ചകളോളം ലക്ഷണമൊന്നും കണ്ടെന്നുവരില്ല. ശാരീരികസമ്പര്‍ക്കം മൂലം ഈ രോഗം പകരാം. ശക്തമായ ചൊറിച്ചിലും തവിട്ടുനിറമുള്ള തടിപ്പുകളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. ഇത് ചിലപ്പോള്‍ വൃക്കകളെ ബാധിക്കുന്ന നെഫ്രൈറ്റിസ് എന്ന രോഗത്തിനും കാരണമായേക്കാം. രോഗബാധിതഭാഗത്തെ ചര്‍മം ചുരണ്ടിയെടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ കൃത്യമായ രോഗനിര്‍ണയം നടത്താം.
ആന്റിപാരസൈറ്റിക് ലോഷന്‍ കഴുത്തിനു താഴോട്ട് ശരീരം മുഴുവന്‍ പുരട്ടി 8-24 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുകയാണ് പ്രധാന ചികിത്സ. ചൊറിച്ചില്‍ മാറാനായി ചിലപ്പോള്‍ കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളും നല്കാറുണ്ട്. രോഗിയുമായി നിരന്തര സമ്പര്‍ക്കത്തിലിരിക്കുന്ന വ്യക്തിയെയും ചികിത്സയ്ക്കു വിധേയമാക്കണം. രോഗം മറ്റുള്ളവരില്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, വിരിപ്പുകള്‍ എന്നിവ അലക്കി വെയിലില്‍ ഉണക്കി ഇസ്തിരിയിടണം.
ഡയപര്‍ റാഷ് (Diaper rash). ശിശുക്കളില്‍ സാധാരണ കാണപ്പെടുന്ന ഒരു ചര്‍മരോഗമാണ് ഡയപര്‍ റാഷ്. പ്ളാസ്റ്റിക് ഡയപര്‍ ഉപയോഗിക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. വിസര്‍ജനം കഴിഞ്ഞ ഉടനെ ഡയപര്‍ മാറ്റിയില്ലെങ്കില്‍ അണുബാധയുണ്ടാവുകയും ശക്തമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. കുട്ടികളുടെ ഗുഹ്യഭാഗങ്ങളിലും തുടയിലും ചുവപ്പുനിറത്തോടുകൂടിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ഡയപറുകള്‍ ഇടയ്ക്കിടെ മാറ്റുക എന്നതാണ് രോഗം വരാതിരിക്കാനുള്ള കരുതല്‍ നടപടി. വിസര്‍ജനം കഴിഞ്ഞ ഉടന്‍തന്നെ ചെറു ചൂടുവെള്ളത്തില്‍ പഞ്ഞിമുക്കി വൃത്തിയാക്കണം. രോഗബാധയുള്ള ഭാഗങ്ങളില്‍ കാറ്റുതട്ടാന്‍ അനുവദിക്കുക. പൂപ്പല്‍ ഉണ്ടാവുകയാണെങ്കില്‍ അതിനെതിരെയുള്ള ആന്റിഫംഗല്‍ ക്രീമുകള്‍ ഉപയോഗിക്കാം.
താരന്‍ (Dandruff). തലയോട്ടിയിലെ ഉപരിതല ചര്‍മം അമിതമായി കൊഴിഞ്ഞുപോകുന്ന രോഗാവസ്ഥയാണിത്. കൊഴിയുന്ന മൃതകോശങ്ങള്‍ മുടിയില്‍ അടിഞ്ഞുകൂടുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. തലയോട്ടിയില്‍ വളരുന്ന യീസ്റ്റും ഇതിനു കാരണമാണ്.
ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം, ടാര്‍ അടിസ്ഥാന വസ്തുവായുള്ള ഷാമ്പൂവോ ആന്റി-യീസ്റ്റ് പദാര്‍ഥം അടങ്ങിയിട്ടുള്ള ഷാമ്പൂവോ ഉപയോഗിച്ച് മുടി കഴുകുക. സെലനിയം സള്‍ഫൈഡ്, കീറ്റോകൊനാസോള്‍ എന്നിവ അത്തരം രാസപദാര്‍ഥങ്ങളാണ്.
തുടര്‍ച്ചയായ ചികിത്സയ്ക്കുശേഷവും താരന്‍ ശമിക്കുന്നില്ലെങ്കില്‍ മറ്റു രോഗാവസ്ഥകളായ സോറിയാസിസ്, എക്സിമ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കണം.
കഷണ്ടി (Baldness). തലയില്‍നിന്ന് മുടി അമിതമായി കൊഴിഞ്ഞ് തലയോട്ടി ദൃശ്യമാകുന്ന അവസ്ഥ. പുരുഷന്മാരിലാണ് സാധാരണയായി കഷണ്ടി കണ്ടുവരുന്നതെങ്കിലും അപൂര്‍വമായി ചില സ്ത്രീകളിലും ഇത് കണ്ടുവരുന്നു. പുരുഷന്മാരില്‍ കാണുന്ന കഷണ്ടിക്ക് ആന്‍ഡ്രോജനിക് അലോപേഷ്യ എന്നാണു പേര്. സാധാരണഗതിയില്‍ മുപ്പതുവയസ്സുകഴിഞ്ഞാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. മുടിവേരുകളിലെ ഫോളിക്കിളുകള്‍ക്ക് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിനോടുള്ള ഹൈപ്പര്‍സെന്‍സിറ്റിവിറ്റിയാണ് ഇതിനു കാരണമത്രെ. ചിലരില്‍ പാരമ്പര്യമായി ഈ അവസ്ഥ കണ്ടുവരുന്നു.
ചില ഔഷധങ്ങള്‍ താത്കാലിക പ്രയോജനം നല്കുന്നതായി തെളിവുകളുണ്ടെങ്കിലും കഷണ്ടി സ്ഥിരമായി മാറണമെങ്കില്‍ ഹെയര്‍ ട്രാന്‍സ്പ്ളാന്റ് മാത്രമാണ് പ്രതിവിധി.
അലര്‍ജി. ചില ഭക്ഷണപദാര്‍ഥങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഔഷധങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ തൊലിപ്പുറത്ത് ചൊറിച്ചിലും തടിപ്പുമുണ്ടാക്കാം. ചില ത്വക്ക് അലര്‍ജി ദിവസങ്ങളോളം നീണ്ടുനില്ക്കും.
അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഏതെന്നു തിരിച്ചറിഞ്ഞ് അവയില്‍നിന്ന് ഒഴിഞ്ഞുനില്ക്കുകയാണ് പ്രതിവിധി. ആന്റിഹിസ്റ്റമിന്‍ വിഭാഗത്തിലുള്ള മരുന്നുകള്‍ താത്കാലിക ആശ്വാസം നല്കും. ഏതെങ്കിലും ഔഷധത്തോട് അലര്‍ജിയുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.
ത്വക്കിലെ ചുളിവ് (ജര). പ്രായമേറുന്തോറും ചര്‍മത്തിന്റെ തിളക്കത്തിനും പ്രസരിപ്പിനും സ്നിഗ്ധതയ്ക്കും കാരണമായ കൊളാജന്‍ കുറഞ്ഞുവരുന്നത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തി ചര്‍മം ചുളിയാന്‍ ഇടയാക്കുന്നു. സ്വേദഗ്രന്ഥികളുടെ കുറവും ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇലാസ്തികത നിലനിര്‍ത്താനും ജരയെ മറികടക്കാനുമുള്ള നിരവധി സങ്കേതങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഉണ്ട്. അതില്‍ പ്രധാനമാണ് ബോട്ടോക്സ് ഇഞ്ചക്ഷന്‍. മുഖത്തെ ചുളിവുകളും വരകളും മായ്ച്ചുകളയാനാണ് ഇത് ഉപയോഗിക്കുക. കവിളിലും നെറ്റിയിലും കണ്‍പോളകള്‍ക്കു താഴെയുമുള്ള ചുളിവുകളെ ബോട്ടോക്സ് ഇഞ്ചക്ഷന്‍ കൊണ്ട് താത്കാലികമായി മായ്ക്കാം. മൂന്നു നാലു മാസങ്ങള്‍ വരെ ഇതിന്റെ ഫലം നീണ്ടുനില്ക്കും. ചര്‍മത്തിലെ സ്വാഭാവിക വസ്തുവായ കൊളാജന്‍ കൃത്രിമമായി നിര്‍മിച്ച്, ശരീരത്തില്‍ ആവശ്യമുള്ളിടത്ത് കുത്തിവയ്ക്കുന്ന സമ്പ്രദായവും പ്രചാരം നേടിവരുന്നു.
ത്വക്കിലെ അര്‍ബുദം. ത്വക്കിനെ ബാധിക്കുന്ന അര്‍ബുദ രോഗങ്ങളില്‍ പ്രധാനപ്പെട്ടവ ബേസല്‍ സെല്‍ കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍സിനോമ, മലിഗ്നന്റ് മെലനോമ എന്നിവയാണ്. ഇതില്‍ മെലനോമയാണ് ഗൗരവസ്വഭാവമേറിയ കാന്‍സര്‍.
സാധാരണ ചര്‍മത്തില്‍നിന്നോ, നേരത്തേയുള്ള കറുത്ത മറുകില്‍നിന്നോ ഈ കാന്‍സര്‍ വളരാം. തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായിത്തീരാന്‍ സാധ്യതയുണ്ട്. മെലാനിന്‍ ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റുകള്‍ എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറാണ് ഇതിനു കാരണം. സൂര്യപ്രകാശവുമായി അമിത സമ്പര്‍ക്കം ഉണ്ടാകുന്നത് ഈ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
മറുകുകള്‍ പെട്ടെന്നു വളരുക, അതിന്റെ ആകൃതിയില്‍ വ്യത്യാസമുണ്ടാവുക, അവിടെ തടിപ്പോ വീക്കമോ ചുവപ്പോ ചൊറിച്ചിലോ ഉണ്ടാവുക, അതിന് കട്ടി കൂടുക, രക്തസ്രാവമുണ്ടാവുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ഡോക്ടറുടെ സഹായം തേടണം.
ശസ്ത്രക്രിയയാണ് പ്രധാന പ്രതിവിധി. രോഗം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണെങ്കില്‍ കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയും വേണ്ടിവന്നേക്കാം.
ചര്‍മരോഗം ആയുര്‍വേദ കാഴ്ചപ്പാടില്‍. ആയുര്‍വേദ സമ്പ്രദായപ്രകാരം വാത-പിത്ത-കഫങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളാണ് ചര്‍മരോഗങ്ങള്‍ക്കും നിദാനം. കുഷ്ഠം, വിസര്‍പ്പം, വിദ്രധി, ക്ഷുദ്രരോഗം എന്നിങ്ങനെ വിവിധ രീതിയിലാണ് ആയുര്‍വേദം ചര്‍മരോഗങ്ങളെ കാണുന്നത്.
ശോധനചികിത്സകള്‍ക്ക് ചര്‍മരോഗത്തില്‍ പ്രത്യേക പ്രാധാന്യം കൊടുത്തുകാണുന്നു. ചര്‍മത്തിന്റെ പുറത്തു പുരട്ടാന്‍ ലേപനങ്ങളും ചൂര്‍ണങ്ങളും ഉപയോഗിക്കുന്നു. അനുബന്ധമായി നല്കുന്ന രസായന ചികിത്സകൊണ്ട് പൊതുവായ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ധിപ്പിച്ച് ചര്‍മരോഗങ്ങള്‍ പിടിപെടാതെ സൂക്ഷിക്കാന്‍ കഴിയും. ദൈനംദിന ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിലൂടെ ചര്‍മരോഗങ്ങള്‍ വരാതെ ശരീരം സംരക്ഷിക്കാമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.
ദിവസേന പത്തുഗ്ളാസ്സ് വെള്ളമെങ്കിലും കുടിക്കുക, ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക, ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കിയ എണ്ണ പുരട്ടി നിത്യവും സ്നാനം ചെയ്യുക, വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക, അമിതമായചൂടും മസാലയും എരിവും ഉളള ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക, കൃത്രിമനാരുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍ക്കു പകരം പരുത്തിവസ്ത്രം ഉപയോഗിക്കുക, മാനസിക വിശ്രാന്തി ലഭിക്കുന്ന ലഘുവിനോദങ്ങളിലും ധ്യാനത്തിലും ഏര്‍പ്പെടുക തുടങ്ങിയ ലളിതമാര്‍ഗങ്ങള്‍ ചര്‍മത്തെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
(സുരേന്ദ്രന്‍ ചുനക്കര; സ.പ.)