This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പന്‍തമ്പുരാന്‍, രാമവര്‍മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.89 (സംവാദം)
(New page: = അപ്പന്‍തമ്പുരാന്‍, രാമവര്‍മ (1875 - 1941) = മലയാള സാഹിത്യകാരന്‍. കൊച്ചിരാജവം...)
അടുത്ത വ്യത്യാസം →

08:46, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പന്‍തമ്പുരാന്‍, രാമവര്‍മ (1875 - 1941)

മലയാള സാഹിത്യകാരന്‍. കൊച്ചിരാജവംശത്തിലെ പ്രസിദ്ധ കവയിത്രിയും സംഗീതവിദുഷിയുമായ കൊച്ചിക്കാവ് തമ്പുരാട്ടിയുടെയും പാഴൂര്‍ തുപ്പന്‍ നമ്പൂതിരിയുടേയും അഞ്ചാമത്തെ പുത്രനായി 1875 ന.-ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. രാമവര്‍മ എന്നാണ് യഥാര്‍ഥനാമം. സ്ഥാനത്യാഗം ചെയ്ത രാമവര്‍മ(1895-1914)യുടെ ഭാഗിനേയനായിരുന്നു ഇദ്ദേഹം; വിഷവൈദ്യ വിദഗ്ധനായിരുന്ന കൊച്ചുണ്ണിത്തമ്പുരാന്റെ അനുജനും. രാമവര്‍മയ്ക്ക് രണ്ടു വയസ്സായപ്പോള്‍ മാതാവ് അന്തരിച്ചു. തന്മൂലം അമ്മാവന്റെ മേല്‍നോട്ടത്തിലാണ് ബാല്യകാലം കഴിഞ്ഞത്. പത്താമത്തെ വയസ്സില്‍ തൃപ്പൂണിത്തുറയിലെ ശ്രീശേഷാചാര്യപാഠശാലയില്‍ സംസ്കൃതപഠനം ആരംഭിച്ചു. പിന്നീട് രാജകുമാരന്‍മാരുടെ വിദ്യാഭ്യാസത്തിനുള്ള സ്ഥാപനമായ 'കളിക്കോട്ട'യില്‍ വച്ച് ഇംഗ്ളീഷുഭാഷ പഠിക്കാന്‍ തുടങ്ങി. അതോടൊപ്പം വ്യാകരണം, അലങ്കാരം, തര്‍ക്കം എന്നീ വിഷയങ്ങളും അഭ്യസിച്ചു. 17-ാമത്തെ വയസ്സില്‍ എറണാകുളം സര്‍ക്കാര്‍ ഹൈസ്കൂളില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസ്സാകുകയും തുടര്‍ന്ന് മദിരാശി പ്രസിഡന്‍സി കോളജില്‍ ചേരുകയും ചെയ്തു. അവിടെ എഫ്.എ.യ്ക്ക് സംസ്കൃതവും ബി.എ.യ്ക്കു മലയാളവുമായിരുന്നു ഐച്ഛിക ഭാഷകളായി സ്വീകരിച്ചത്. ബി.എ. പരീക്ഷയില്‍ ശാസ്ത്രവിഷയത്തില്‍ ജയിച്ചില്ല. അതോടെ കലാശാലാ വിദ്യാഭ്യാസം അവസാനിപ്പിച്ചു. അന്നു പ്രചാരത്തിലുണ്ടായിരുന്ന ഭാഷാഗ്രന്ഥങ്ങളില്‍ ഒട്ടുമുക്കാലും വായിച്ചിരുന്ന തമ്പുരാന്‍ മലയാളപത്രങ്ങളിലും മദ്രാസ് സ്റ്റാന്‍ഡേര്‍ഡ് എന്ന ഇംഗ്ളീഷ് ദിനപത്രത്തിലും ആയിടയ്ക്ക് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. മദിരാശിയില്‍ നിന്നും മടങ്ങിയശേഷം ഇദ്ദേഹം എറണാകുളത്ത് താമസമാക്കി.


ഭാഷാപോഷണത്തിന് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ട് ഇദ്ദേഹം ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. 1902-ല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പത്രാധിപത്യത്തില്‍ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്യ്രത്തിലും ഭാഷാശുദ്ധിയിലും നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു മാതൃകയായിത്തീര്‍ന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങള്‍ അമൂല്യമാണ്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാല്‍ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കേണ്ടതായി വന്നു.


തുടര്‍ന്ന് തൃശൂരില്‍ താമസം തുടങ്ങിയതു മുതല്ക്കാണ് തമ്പുരാന്റെ സര്‍വതോമുഖമായ വാസനയ്ക്കും ചിന്താശക്തിക്കും അനുഗുണമായ പ്രവൃത്തിമണ്ഡലങ്ങള്‍ വികാസം പ്രാപിച്ചത്. അക്കാലത്ത് തൃശൂരില്‍ സ്ഥാപിതമായ 'ഭാരതവിലാസം സഭ'യില്‍ ഇദ്ദേഹം ഗണ്യമായ പങ്കുവഹിച്ചിരുന്നു. 1911-ല്‍ ഇദ്ദേഹത്തിന്റെ മേല്നോട്ടത്തില്‍ 'മംഗളോദയം' കമ്പനി സ്ഥാപിച്ചു. അതിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം ഒരു പന്തീരാണ്ടു കാലത്തോളം ഇദ്ദേഹം വഹിച്ചു. കമ്പനിയുടെ വകയായി 'കേരളകല്പദ്രുമം' അച്ചുകൂടം വിലയ്ക്കു വാങ്ങുകയും മംഗളോദയം മാസികയുടെ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. അപ്പോഴേക്കും ഭാരതവിലാസം സഭ അസ്തമിച്ചുപോയതിനാല്‍ ആ സ്ഥാനത്ത് ഇദ്ദേഹത്തിന്റെ ഉത്സാഹത്തിലും അധ്യക്ഷതയിലും 1913-ല്‍ 'കൊച്ചി സാഹിത്യസമാജം' രൂപവത്കൃതമായി. മലയാളത്തിലെ പ്രഥമലക്ഷണഗ്രന്ഥമായ ലീലാതിലകം ആദ്യം പ്രസിദ്ധീകരി ച്ചത് മംഗളോദയം മാസികയിലാണ്. ഗ്രന്ഥങ്ങളുടെ മുദ്രണത്തിലും പ്രസാധനത്തിലും ഗണനീയമായ പല പരിഷ്കാരങ്ങളും ഇദ്ദേഹം വരുത്തി. സാഹിത്യപരമായ പ്രധാന പരിശ്രമങ്ങളെല്ലാം ഇക്കാലത്താണ് ആരംഭിച്ചത്. കൊച്ചി സാഹിത്യസമാജത്തിന്റെ പ്രവര്‍ത്തനം താമസിയാതെ നിലച്ചുവെങ്കിലും മാസികാപ്രസിദ്ധീകരണം പിന്നെയും തുടര്‍ന്നു. അമുദ്രിതങ്ങളായ പ്രാചീനഗ്രന്ഥങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ പ്രാചീന ഗ്രന്ഥമാല എന്നൊരു പ്രസിദ്ധീകരണ പരമ്പര പില്ക്കാലത്തു തുടങ്ങി. വിലങ്ങന്‍ ശ്രീരാമകൃഷ്ണ ഗുരുകുലത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രബുദ്ധഭാരതം മാസികയുടെ പത്രാധിപത്യവും ഇദ്ദേഹം കുറച്ചുകാലം വഹിച്ചു.


തൃശൂര്‍ നിവാസികള്‍ തമ്പുരാനെ അറിഞ്ഞിരുന്നത് സാഹിത്യനായകനെന്നതിനേക്കാള്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. വിവേകോദയം സമാജത്തിന്റെ അധ്യക്ഷന്‍, അതിന്റെ കീഴിലുള്ള രണ്ടു വിദ്യാലയങ്ങളുടെ മാനേജര്‍ എന്നീ നിലകളില്‍ പതിനെട്ടു കൊല്ലക്കാലം പൊതുജന വിദ്യാഭ്യാസരംഗത്ത് ഇദ്ദേഹം പ്രവര്‍ത്തിച്ചു. വിലങ്ങന്‍ ശ്രീരാമകൃഷ്ണ ഗുരുകുലത്തിന്റെ സ്ഥാപകരില്‍ ഒരാളെന്ന നിലയ്ക്കും 'ഗുരുകുലവിദ്യാലയ'ത്തിന്റെ മാനേജരെന്ന നിലയ്ക്കും അധഃസ്ഥിതോദ്ധാരണത്തിനായി പരിശ്രമിച്ചിട്ടുണ്ട്. ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ വാര്‍ഷികോത്സവമായി ഒതുങ്ങിനിന്ന സാഹിത്യപരിഷത്തിന് അഖിലകേരള പദവി നല്കിയതും അതിനെ രജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനമാക്കിയതും തമ്പുരാന്‍ ആണ്. സീതാറാം നെയ്ത്തു കമ്പനിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖന്‍, ചെറുതുരുത്തി 'കേരളീയ ആയുര്‍വേദ വൈദ്യശാല'യുടെ സ്ഥാപകന്‍, മദിരാശി ആയുര്‍വേദക്കമ്മിഷനിലെ അംഗം, സമസ്തഭാരത ആയുര്‍വേദ മഹാസഭയിലെ കേരള പ്രതിനിധി, മദ്രാസ് സര്‍വകലാശാല ബോര്‍ഡ് ഒഫ് സ്റ്റഡീസിലെ അംഗം, സര്‍വകലാശാല പരീക്ഷകന്‍, കൊച്ചി പാഠപരിഷ്കരണക്കമ്മിറ്റി അധ്യക്ഷന്‍ എന്നിങ്ങനെ തമ്പുരാന്‍ വഹിച്ചിട്ടുള്ള സ്ഥാനങ്ങള്‍ പലതാണ്. 1929-ല്‍ കേരളത്തിലെ ആദ്യത്തെ ചലച്ചിത്രനിര്‍മാണ സ്ഥാപനമായ 'കേരളാ സിനിടോണ്‍' സ്ഥാപിച്ചതും തമ്പുരാനാണ്. അതിലൂടെ തന്റെ നോവലായ ഭൂതരായര്‍ ചലച്ചിത്രമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.


ചിത്രമെഴുത്തും ശില്പവിദ്യയും സംഗീതവും തമ്പുരാനു വശമായിരുന്നു. അഭിനയകലയിലുള്ള പാടവവും അനിതരസാധാരണമായിരുന്നു. എങ്കിലും സാഹിത്യത്തെ ആയിരുന്നു ഇദ്ദേഹം സര്‍വോപരി ആരാധിച്ചത്. 'സാഹിത്യ സാര്‍വഭൌമന്‍' എന്ന പദവി നല്കി കേരളീയര്‍ ആദരിച്ചപ്പോഴും 'കൈരളീദാസന്‍' എന്നു സ്വയം വിശേഷിപ്പിക്കുവാനേ ഇദ്ദേഹം മുതിര്‍ന്നുള്ളു.


പ്രധാന കൃതികള്‍. ഭൂതരായര്‍ (ഐതിഹ്യവും ചരിത്രവും സംയോജിപ്പിച്ചിട്ടുള്ള സാമൂഹികരാഷ്ട്രീയ ആഖ്യായിക, 1922-23); ഭാസ്കരമേനോന്‍ (മലയാളത്തില്‍ ഒന്നാമത്തെ അപസര്‍പ്പക നോവല്‍, 1905); മംഗളമാല (ഉപന്യാസങ്ങള്‍, അഞ്ചുഭാഗങ്ങള്‍); പ്രസ്ഥാനപ്രപഞ്ചകം (സാഹിത്യ നിരൂപണം); ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും; സംഘക്കളി (1940); കാലവിപര്യയം (1929-30); മുന്നാട്ടുവീരന്‍ (വള്ളുവക്കമ്മാരന്റെ ജീവിതത്തെ അവലംബിച്ചുള്ള ചരിത്രനാടകം, 1926); ഞാനാരാ? (രമണ മഹര്‍ഷിയുടെ ഒരു ലഘുഗ്രന്ഥത്തിന്റെ പരിഭാഷ); കൊച്ചിരാജ്യചരിതങ്ങള്‍; മലയാള വ്യാകരണം.


ശാകുന്തളം, വാല്മീകിരാമായണം എന്നിവയുടെ വിവര്‍ത്തനങ്ങള്‍ക്കെഴുതിയ മുഖവുരകളും എ.ആര്‍. രാജരാജവര്‍മയുടെ സാഹിത്യസാഹ്യത്തിന് എഴുതിയ അവതാരികയും ഇദ്ദേഹത്തിന്റെ മികച്ച ലേഖനങ്ങളില്‍പെടുന്നു. പുസ്തകങ്ങളുടെ കൂട്ടത്തില്‍ അഗ്രിമസ്ഥാനത്തു നില്ക്കുന്നത് ഭൂതരായര്‍ ആണ് നോ: ഭൂതരായര്‍.


ഉപന്യാസകാരന്‍, ആഖ്യായികാകര്‍ത്താവ്, പത്രപ്രവര്‍ത്തകന്‍, ഗവേഷകന്‍, നിരൂപകന്‍, സാമൂഹിക പരിഷ്കര്‍ത്താവ് എന്നിങ്ങനെ പല നിലകളില്‍ അവിസ്മരണീയനാണ് അപ്പന്‍തമ്പുരാന്‍. വാര്‍ധക്യകാലമായപ്പോഴേക്കും തമ്പുരാന്‍ ഒരു യോഗിയായി മാറിക്കഴിഞ്ഞിരുന്നു. 1942 ന.-ല്‍ പ്രമേഹരോഗംമൂലം ഇദ്ദേഹം അന്തരിച്ചു.


(വി.എം. കുട്ടികൃഷ്ണമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍