This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍ക്കുരുണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍ക്കുരുണ്ട

റൈസോഫോറേസി (Rhizophoracea) സസ്യകുടുംബത്തില്‍പ്പെടുന്ന ഇടത്തരം വൃക്ഷം. ശാ.നാ. ബ്ളീഫാരിസ്റ്റെമ്മ കോറിമ്പോസം (Blepharistemma corymbosum). പശ്ചിമഘട്ടത്തില്‍ 800 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഈര്‍പ്പഭരിത നിത്യഹരിതവനങ്ങളിലാണ് നീര്‍ക്കുരുണ്ട സമൃദ്ധമായി വളരുന്നത്.

നീര്‍ക്കുരുണ്ടയുടെ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അണ്ഡാകൃതിയുള്ള ഇലകള്‍ ലഘുവും അനുപര്‍ണങ്ങളുള്ളതുമാണ്. 7-12 സെ.മീ. നീളവും 3-5 സെ.മീ. വീതിയുമുള്ള ഇലകളുടെ അരികുകള്‍ ദന്തുരമാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പുഷ്പിക്കുന്നു. പുഷ്പമഞ്ജരി നിയതമഞ്ജരിയാണ്. ഒരേ വൃക്ഷത്തില്‍ത്തന്നെ ഏകലിംഗപുഷ്പങ്ങളും ദ്വിലിംഗപുഷ്പങ്ങളും കാണാറുണ്ട്. അര സെ.മീ.ഓളം വ്യാസവും സുഗന്ധവാഹിയുമായ പുഷ്പങ്ങള്‍ക്ക് വെള്ള നിറമാണ്. ബാഹ്യദളപുടത്തിന് നാലു ചെറിയ കര്‍ണങ്ങളുണ്ട്. പുഷ്പത്തിന് നാലു ദളങ്ങളും എട്ടു കേസരങ്ങളും ഉണ്ട്. മൂന്ന് അറകളുള്ള അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയായിരിക്കും. അര സെ.മീ.ലധികം വ്യാസമുള്ള കായ് പച്ചകലര്‍ന്ന കറുപ്പുനിറമുള്ള തടിച്ച സംപുടമാണ്. ജൂണ്‍ മാസത്തോടെ കായ്കള്‍ വിളയുന്നു.

നീര്‍ക്കുരുണ്ടയുടെ തടിക്ക് മഞ്ഞകലര്‍ന്ന പച്ചനിറമാണ്. സാമാന്യം നല്ല ഈടും ഉറപ്പും ഉണ്ടെങ്കിലും പണിചെയ്യുമ്പോള്‍ പെട്ടെന്ന് പൊട്ടിപ്പിളര്‍ന്ന് പോകുന്നു. അതിനാല്‍ വീടുപണിക്കും ഗൃഹോപകരണങ്ങളുടെ നിര്‍മാണത്തിനും അനുയോജ്യമല്ല. വിറകിനും പായ്ക്കിങ് പെട്ടികളുണ്ടാക്കാനാണുമാണ് ഇത് പ്രധാനമായും ഉപയോഗിച്ചുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍