This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിശാന്ധത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിശാന്ധത

Night blindness

ഇരുട്ടിലും മങ്ങിയവെളിച്ചത്തിലുമുള്ള കാഴ്ചക്കുറവ്. നിശാന്ധതയുള്ള വ്യക്തികള്‍ക്ക് പകലും രാത്രിയില്‍ വിളക്ക് ഉപയോഗിക്കുമ്പോഴും കാഴ്ചയ്ക്ക് യാതൊരു തകരാറും ഉണ്ടായിരിക്കില്ല. ഇരുട്ടിലോ പകല്‍ സമയത്ത് മങ്ങിയ വെളിച്ചമുള്ള മുറിയില്‍ (സിനിമാ തിയെറ്റര്‍) കയറുമ്പോഴോ ആണ് കാഴ്ചക്കുറവ് അനുഭവപ്പെടുന്നത്.

റെറ്റിന(Retina)യുടെ ധര്‍മത്തിലുണ്ടാവുന്ന ജനിതകമായ തകരാറുകളും ജീവകം എ-യുടെ അപര്യാപ്തതയും നിശാന്ധതയ്ക്ക് കാരണമാകുന്നു. നേത്രഗോളത്തിലെ ആന്തരപാളിയായ റെറ്റിന പ്രകാശ രശ്മികളെ സ്വീകരിച്ച് രാസോര്‍ജമാക്കിമാറ്റുന്നു. ഈ ഊര്‍ജം നാഡീ അഗ്രങ്ങളെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി ആവേഗങ്ങള്‍ ആവിര്‍ഭവിക്കുകയും അവ നേത്രനാഡിയില്‍ കൂടി സഞ്ചരിച്ച് മസ്തിഷ്കത്തിലെത്തുകയും ചെയ്യുന്നതോടെയാണ് ദൃശ്യാനുഭവം ഉണ്ടാകുന്നത്. റെറ്റിനയിലെ പ്രകാശ സംവേദീകോശങ്ങളായ റോഡുകള്‍ക്കും കോണുകള്‍ക്കും ഉണ്ടാകുന്ന അപചയമാണ് കാഴ്ചയ്ക്കുണ്ടാകുന്ന എല്ലാ തകരാറുകള്‍ക്കും പ്രധാന കാരണം. പകല്‍ കാഴ്ചയ്ക്ക് കോണുകളാണ് സഹായകമാവുന്നത്. ചാരമോ മങ്ങിയതോ ആയ നിറങ്ങളുടെ മാത്രം സംവേദനം ലഭ്യമാക്കുന്ന റോഡുകളാണ് രാത്രി കാഴ്ചയ്ക്ക് പ്രയോജനപ്പെടുന്നത്. അതിനാല്‍ റോഡുകളുടെ സാധാരണ പ്രവര്‍ത്തനത്തിനു തടസ്സമാകുന്നതെന്തും നിശാന്ധതയ്ക്ക് കാരണമായിത്തീരാറുണ്ട്. പ്രകാശം വീഴുമ്പോള്‍ റോഡുകള്‍ ഉത്തേജിപ്പിക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന നാഡീ ആവേഗങ്ങള്‍ സൃഷ്ടിക്കുന്നത് റോഡോപ്സിന്‍ അഥവാ വിഷ്വല്‍ പര്‍പ്പിള്‍ എന്ന രാസപദാര്‍ഥത്തിന്റെ പ്രതിപ്രവര്‍ത്തനമാണ്. റോഡോപ്സിന്‍ രൂപീകരണത്തിന് ജീവകം 'എ' അനിവാര്യമാണ്. അതിനാല്‍ ജീവകം 'എ' യുടെ അപര്യാപ്തത നിശാന്ധതയ്ക്ക് ഒരു പ്രധാന കാരണമാണ്. ജീവകം 'എ' യുടെ മറ്റ് അപര്യാപ്തതാ രോഗങ്ങള്‍ പ്രകടമാകുന്നതിന് മുന്നോടിയായാണ് പലപ്പോഴും നിശാന്ധതയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. നിശാന്ധത ചിലപ്പോള്‍ പാരമ്പര്യമായും പകര്‍ന്നു കിട്ടാറുണ്ട്. ഈ രോഗികളില്‍ ജീവകം 'എ' കൊണ്ടുള്ള ചികിത്സ ഫലപ്രദമാകാറില്ല. ഗ്ലോക്കോമ, റെറ്റിനയുടെ വേര്‍പെടല്‍ (retenal detachment) സ്കര്‍വിയുടെ അനുബന്ധമായി ഉണ്ടാവുന്ന നേത്ര തകരാറുകള്‍ എന്നിവയും നിശാന്ധതയ്ക്ക് കാരണമാകാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍