This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിഴല്‍ക്കുത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിഴല്‍ക്കുത്ത്

Image:nizhalkkuthu.png

ഫാല്‍ക്കെ പുരസ്കാരജേതാവായ അടൂര്‍ ഗോപാലാകൃഷ്ണന്റെ സിനിമ. 2002-ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ ഇതിവൃത്തം, മനുഷ്യമനസ്സിലെ കുറ്റബോധവും പാപചിന്തയുമായിരുന്നു. ജോലിയില്‍നിന്ന് വിരമിച്ച ഒരു ആരാച്ചാരുടെ ഭീതികളും ആധികളും ഈ സിനിമയ്ക്ക് വന്യവും നിഗൂഢവുമായ ഒരു അനുഭവപരിവേഷം പകര്‍ന്നു നല്കി. മനുഷ്യാനുഭവത്തിന്റെ അമേയവും അബോധപരവുമായ ചിന്തകളെയാണ് സംവിധായകന്‍ വിഷയമാക്കിയത്. മഹാഭാരതകഥയില്‍നിന്നും സ്വീകരിച്ച ഒരാശയമാണ് 'നിഴല്‍ക്കുത്ത്' എന്ന പ്രതീകാത്മകമായ ശീര്‍ഷകത്തിനു പിന്നിലുള്ളത്. കൌരവരുടെ പ്രേരണയാല്‍ പാണ്ഡവരുടെ നിഴലുകളില്‍ കുത്തി, അവരെ കൊല്ലാന്‍ ശ്രമിച്ച ഒരു മാന്ത്രികന്റെ ചെയ്തികളെ, അയാളുടെ ഭാര്യ അനീതിയായി കാണുന്നു. സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിലൂടെ, ഭര്‍ത്താവിന്റെ ചെയ്തിക്ക് നീതിമത്കരണം തേടുകയാണ് ഭാര്യ. മലയാളത്തില്‍ ഈ കഥ ഇതിവൃത്തമായി നിഴല്‍ക്കുത്ത് എന്ന ആട്ടക്കഥ പ്രസിദ്ധമാണ്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിച്ച ആരാച്ചാര്‍ എന്ന കഥാപാത്രവും സ്വയം പീഡിപ്പിച്ചുകൊണ്ട് തന്റെ പൂര്‍വകാല ചെയ്തികള്‍ക്ക് നീതിന്യായങ്ങള്‍ തേടുവാന്‍ ശ്രമിക്കുന്നു. നരേന്‍, മുരളി, സുകുമാരി, റീജ, നെടുമുടി വേണു, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, താരാ കല്യാണ്‍, കുക്കു പരമേശ്വരന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. 2002-ല്‍ ഇറ്റലിയില്‍ നടന്ന വെനീസ് ഫിലിം ഫെസ്റ്റിവലില്‍ 'നിഴല്‍ക്കുത്ത്' പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനും ഈ ചിത്രം അര്‍ഹമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍