This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലമ്പരണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിലമ്പരണ്ട

Bone setterplant

വിറ്റേസി (Vitaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഓഷധി. ശാ.നാ. സിസ്സസ് ക്വാഡ്രാംഗുലാരിസ് (Cissus quadrangularis) സി. എഡുലിസ് (C.edulis), വൈറ്റിസ് ക്വാഡ്രാംഗുലാരിസ് (Vitis quadrangularis). സംസ്കൃതത്തില്‍ അസ്ഥിസംഹാരി, ത്രിപാദി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നിലമ്പരണ്ടയ്ക്ക് ചെറുപുള്ളടി എന്നും പേരുണ്ട്. പ്രതാനങ്ങളുടെ (tendrils) സഹായത്താല്‍ താങ്ങുകളില്‍ പടര്‍ന്നുകയറി വളരുന്ന ഈ സസ്യം, താങ്ങുകളില്ലാത്തപ്പോള്‍ തറയില്‍ത്തന്നെ നീണ്ടുചുറ്റിപ്പിണഞ്ഞു വളരുന്നു. കാണ്ഡത്തില്‍ ഓരോ ഇലയും ഉണ്ടായശേഷം കാണ്ഡത്തിന്റെ അഗ്രമുകുളം ഒരു പ്രതാനമായിത്തീരുന്നു. ഇതുപോലെ കക്ഷ്യമുകുളവും ഇലയായി വളര്‍ന്നതിനുശേഷം അതിന്റെ അഗ്രമുകുളവും പ്രതാനമായിത്തീരുന്നു.

Image:nilamparanda.png

നിലമ്പരണ്ടയുടെ കടുംപച്ചനിറമുള്ള കാണ്ഡം നീളമുള്ളതും മാംസളവുമാണ്. കാണ്ഡത്തിന് സാധാരണയായി ചതുരാകൃതിയാണുള്ളത്. എന്നാല്‍ ഉരുണ്ട ആകൃതിയുള്ള കാണ്ഡത്തോടു കൂടിയ നിലമ്പരണ്ടയും കാണപ്പെടുന്നുണ്ട്. കാണ്ഡവും ശാഖകളും സപക്ഷമോ (winged) കോണ്‍ അഗ്രങ്ങളോട് (acutely angled) കൂടിയവയോ ആണ്. ലഘുവായ പ്രതാനങ്ങള്‍ നേര്‍ത്തതും നീളമുള്ളവയുമാണ്. 2.5-5 സെ.മീ. നീളമുള്ള ഇലകള്‍ ലഘുവാണ്. ഇളം പച്ച നിറമുള്ള ഇലകള്‍ക്ക് അണ്ഡാകാരമോ, വൃക്കാകാരമോ ആയിരിക്കും. ചിലപ്പോള്‍ 3-7 വരെ പര്‍ണങ്ങള്‍ ഉണ്ടായിരിക്കും. ഇലകളുടെ അരിക് ദന്തുരമാണ് (dentate). പത്രവൃന്തത്തിന് 6-12 മി.മീ. നീളം ഉണ്ടായിരിക്കും. ഉപപര്‍ണം (stipule) ചെറുതും അണ്ഡാകാരവുമാണ്. അണ്ഡാകൃതിയിലുള്ള പുഷ്പങ്ങള്‍ക്ക് നാല് ദളങ്ങളുണ്ടായിരിക്കും. (പുഷ്പവൃന്തം ചെറുതായിരിക്കും). ദളങ്ങള്‍ക്ക് മൂന്ന് മി.മീ. വരെ നീളമുണ്ട്. സൈം (cyme) പുഷ്പമഞ്ജരി, ഛത്രമഞ്ജരി(umbellate) ആകൃതിയില്‍ ശാഖിതങ്ങളായിരിക്കും. പുഷ്പങ്ങളുടെ അഗ്രഭാഗം ദര്‍വീകരിച്ചിരിക്കുന്നു (hooded). 4-5 കേസരങ്ങളുണ്ടായിരിക്കും. അണ്ഡാശയദളം ചെറുതും തടിച്ചതുമാണ്. ബെറിയാണ് ഫലം. ഇത് പാകമാകുമ്പോള്‍ ചുവപ്പ് നിറമാകുന്നു. ഫലത്തിനുള്ളില്‍ ഒന്നോ രണ്ടോ വിത്തുകള്‍ ഉണ്ടായിരിക്കും.

നിലമ്പണ്ടരയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. കാണ്ഡം പൊതുവേ കയ്പ്പുള്ളതാണ്. കാണ്ഡം ഉണക്കിപ്പൊടിച്ച് വിരേചനൌഷധമായും കൃമിശല്യത്തിനും ഉപയോഗിക്കുന്നു. ആയുര്‍വേദചികിത്സയില്‍ വാതം, കഫം എന്നിവയ്ക്കെതിരെ ഇത് ഉപയോഗിക്കുന്നു. കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍, അര്‍ശസ്സ്, ജ്വരം എന്നിവയുടെ ചികിത്സയ്ക്കും നിലമ്പരണ്ട ഉപയോഗിച്ചുവരുന്നു. അസ്ഥികള്‍ക്കുണ്ടാകുന്ന പൊട്ടല്‍, ഒടിവ് എന്നിവയ്ക്ക് കാണ്ഡം അരച്ച് ലേപനം ചെയ്യാറുണ്ട്. യൂനാനി ചികിത്സയില്‍ നടുവേദന, നട്ടെല്ലിനുണ്ടാകുന്ന പഴുപ്പ് തുടങ്ങിയവയ്ക്ക് നിലമ്പരണ്ട ഉപയോഗിക്കാറുണ്ട്. തളിര്‍ കാണ്ഡവും, ഇലകളും ദഹന സംബന്ധമായ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണ്. കാണ്ഡത്തിന്റെ ചാറ് സ്കര്‍വി, ക്രമരഹിത ആര്‍ത്തവം എന്നിവ ചികിത്സിക്കാന്‍ ഉപയോഗിച്ചുവരുന്നു.

നിലമ്പരണ്ട ഇന്ത്യയില്‍ ഒട്ടാകെയും, ശ്രീലങ്ക, മലയ, കിഴക്കനാഫ്രിക്ക എന്നിവിടങ്ങളിലും ധാരാളമായി കണ്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍