This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിരണംപള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിരണംപള്ളി

പത്തനംതിട്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ക്രൈസ്തവ തീര്‍ഥാടന കേന്ദ്രം. യേശുക്രിസ്തുവിന്റെ അപ്പോസ്തലനായിരുന്ന തോമാശ്ളീഹയാണ് എ.ഡി. 52-ല്‍ നിരണത്ത് ദേവാലയം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് വളരെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു നിരണം. 1962-വരെ എല്ലാ കാതോലിക്കാ ബാവമാരെയും തിരഞ്ഞെടുത്തതും വാഴിച്ചതും ഇവിടെ വച്ചായിരുന്നു. വീരാടിയാന്‍ പാട്ടുകള്‍, റമ്പാന്‍ പാട്ടുകള്‍, മാര്‍ഗം കളിപ്പാട്ടുകള്‍ തുടങ്ങിയ സാഹിത്യകൃതികളില്‍ പുരാതന നിരണത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്.

തോമാശ്ലീഹയുടെ മരണശേഷം (എ.ഡി. 72) നിരണത്തെ ക്രൈസ്തവര്‍ വിദേശ പുരോഹിതന്മാരുടെ നിയന്ത്രണത്തിന്‍ കീഴിലായിത്തീര്‍ന്നു. 226-ല്‍ സെല്യൂക്ക്യയില്‍ നിലവില്‍ വന്ന കാതോലിക്കാ സിംഹാസനത്തിന്റെ കീഴിലും പിന്നീട് പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുമായിരുന്ന നിരണത്തെ ക്രൈസ്തവര്‍, കാലക്രമത്തില്‍ പേര്‍ഷ്യന്‍ സഭയുടെ നിയന്ത്രണത്തിലായി. പോര്‍ച്ചുഗീസുകാര്‍ ദക്ഷിണേന്ത്യയില്‍ ആധിപത്യമുറപ്പിച്ചശേഷം, കേരള ക്രൈസ്തവസഭയില്‍ റോമന്‍ സ്വാധീനം ചെലുത്തി, ഇവിടത്തെ ക്രിസ്ത്യാനികളെ മാര്‍പ്പാപ്പയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനായി നടത്തിയ ശ്രമത്തെ സ്ഥലവാസികളായ ക്രൈസ്തവര്‍ എതിര്‍ത്തു. 1599-ല്‍ ഉദയംപേരൂരില്‍ നടന്ന സുനഹദോസില്‍ ബാബിലോണിയായിലെ പേര്‍ഷ്യന്‍ ബിഷപ്പിനെ അഥവാ പാത്രിയര്‍ക്കീസിനെ മലങ്കര ക്രൈസ്തവര്‍ തള്ളിപ്പറഞ്ഞെങ്കിലും, പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഇവര്‍ പ്രതിഷേധം തുടര്‍ന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പ്രക്ഷോഭണത്തിന്റെ ഭാഗമായി 1653 ജനു. 3-ന് മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍ കുരിശു സത്യത്തിന് മുന്‍കൈയെടുത്തത് നിരണത്തെ ക്രൈസ്തവരാണ്. കൂനന്‍ കുരിശു സത്യത്തിനുശേഷം മലങ്കര ക്രൈസ്തവര്‍ പേര്‍ഷ്യന്‍ പാത്രിയര്‍ക്കീസിന്റെ നേതൃത്വം വീണ്ടും അംഗീകരിക്കുകയും തോമസ് അര്‍ക്കദിയോക്കന്‍ എന്ന വ്യക്തിയെ മലങ്കരബിഷപ്പായി വാഴിക്കുകയും ചെയ്തു.

1665-ല്‍ ജറുസലേമിലെ ബിഷപ്പും അന്ത്യോക്ക്യന്‍ സഭാംഗവുമായ മാര്‍ ഗ്രിഗോറിയോസ് കേരളത്തിലെത്തിയതോടുകൂടി അന്ത്യോഖ്യന്‍ ആചാരാനുഷ്ഠാനങ്ങള്‍ കേരള ക്രൈസ്തവസഭയില്‍ പ്രചരിച്ചു. 1876-ലെ മുളന്തുരുത്തി സുനഹദോസിന്റെ തീരുമാനപ്രകാരം മലങ്കരസഭ അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസിന്റെ കീഴിലായിത്തീര്‍ന്നു. കേരളത്തിനു ഒരു പുതിയ കാതോലിക്കാസ്ഥാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് മലങ്കര ക്രൈസ്തവര്‍ നല്കിയ അഭ്യര്‍ഥനയെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് നിരാകരിച്ചതിനെത്തുടര്‍ന്ന് സഭയില്‍ ഭിന്നിപ്പുണ്ടാവുകയും സഭ രണ്ടു വിഭാഗങ്ങളായി പിരിയുകയും ചെയ്തു. മലങ്കര ക്രിസ്ത്യാനികള്‍ നിരണത്തെ സെന്റ് മേരീസ് ദേവാലയത്തില്‍ സമ്മേളിച്ച് മാര്‍ ദിവന്യാസ്യോസിനെ (Mar Dionysius) മെത്രാനായി വാഴിച്ചു. ഓര്‍ത്തഡോക്സ് സഭയിലെ ആദ്യത്തെ മെത്രാന്‍ പട്ടാഭിഷേകമായിരുന്നു അത്. പില്ക്കാലത്ത് മലബാര്‍ സഭാഭരണത്തില്‍ അന്ത്യോഖ്യന്‍ ഇടപെടല്‍ കുറഞ്ഞു. 1912-ല്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശപ്രകാരം ഓര്‍ത്തഡോക്സ് സഭയിലെ ആദ്യത്തെ കാതോലിക്കാ ബാവയുടെ അഭിഷേകം നിരണത്തു നടന്നു. ഇപ്പോള്‍ നിരണം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ഒരു ഭദ്രാസനവും ഇവിടത്തെ സെന്റ് മേരീസ് ദേവാലയം ഭദ്രാസനപ്പള്ളിയും ആണ്.

നിരണത്തിനടുത്തുള്ള നാക്കിടയാണ് പുരാതനകൃതികളില്‍ പരമാര്‍ശിച്ചിട്ടുള്ള 'നെല്‍ക്കിണ്ട' എന്ന തുറമുഖം എന്ന് പണ്ഡിത മതമുണ്ട്.

(നേശന്‍ ടി. മാത്യു, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍