This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയോമൈസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിയോമൈസിന്‍

ഒരു ആന്റിബയോട്ടിക്. ഗ്രാംനെഗറ്റീവ്, ഗ്രാം പോസിറ്റീവ് ബാക്റ്റീരിയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന നിയോമൈസിന്‍, അമിനോഗ്ലൈക്കോസൈഡ് വിഭാഗത്തില്‍പ്പെടുന്നു. 1949-ല്‍ വാക്ക്സ്മാനും (Waksman) ലേഷെവലിയറും (Le Chevalier) ചേര്‍ന്ന് സ്ട്രെപ്റ്റോമൈസസ് ഫ്രാഡിയെ (Streptomyces) എന്ന ബാക്റ്റീരിയത്തില്‍ നിന്നാണ് ഇത് ആദ്യമായി വേര്‍തിരിച്ചെടുത്തത്. രാസസൂത്രം . അസംസ്കൃത നിയോമൈസിന്‍, യഥാര്‍ഥത്തില്‍ നിയോമൈസിന്‍ ബി, സി എന്നീ ഘടകങ്ങള്‍ ചേര്‍ന്ന ഒരു കോംപ്ലക്സാണ്. നിയോമൈസിന്‍ ബിയും സിയും ഔഷധരൂപത്തിലുപയോഗിച്ചുവരുന്ന നിയോമൈസിനില്‍ സു. 90 ശ.മാ. ബി യൗഗികമാണുള്ളത്.

നിയാമിന്‍ (Neamines), നിയോബയോസാമിന്‍ ബി (Neobiosamine B) എന്നീ രണ്ടു ഘടകങ്ങള്‍ ചേര്‍ന്നാണ് നിയോമൈസിന്‍ ബി ഉണ്ടാകുന്നതെങ്കില്‍ നിയാമിനും നിയോബയോസാമിന്‍ സി (Neobiosamine C)യുമാണ് നിയോമൈസിന്‍ സിയുടെ ഘടകങ്ങള്‍. ഘടനാപരമായ ഈ വ്യത്യാസങ്ങള്‍ മൂലം, മെഥനോളില്‍ ലയിച്ച ഹൈഡ്രോക്ലോറിക് അമ്ലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ നിയോമൈസിന്‍ ബിയും സിയും ഒരേ അമീന്‍ ഹൈഡ്രോക്ലോറൈഡാണ് തരുന്നതെങ്കിലും അവ നല്കുന്ന മീഥൈല്‍ ഗ്ലൈക്കോസൈഡുകള്‍ വ്യത്യസ്തമാണ്.

ബാക്റ്റീരിയയുടെ പ്രോട്ടീന്‍ തന്മാത്രകളുടെ ഉദ്ഭവവും വളര്‍ച്ചയും തടയുന്നതുവഴിയാണ് നിയോമൈസിന്‍ പ്രവര്‍ത്തിക്കുന്നത്. അമിനോ ഗ്ളൈക്കോസൈഡ് ഫോസ്ഫോട്രാന്‍സ്ഫറേസ് ജീനുകളാണ് ബാക്റ്റീരിയങ്ങള്‍ക്ക് നിയോമൈസിനെ പ്രതിരോധിക്കുന്നതിനുള്ള ക്ഷമത നല്കുന്നത്. അമിനോഗ്ലൈക്കോസൈഡ് വിഭാഗത്തില്‍ത്തന്നെ ഉള്‍പ്പെടുന്ന സ്ട്രോപ്റ്റോമൈസിനില്‍ നിന്ന് വ്യത്യസ്തമായി ദീര്‍ഘകാലത്തെ തുടര്‍ച്ചയായ ഉപയോഗം കൊണ്ടു മാത്രമേ രോഗാണുവിന് നിയോമൈസിന്‍ പ്രതിരോധക്ഷമത ലഭിക്കുന്നുള്ളൂ.

വലിയതോതില്‍ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതുകൊണ്ട് നിയോമൈസിന്റെ ഉപയോഗം വളരെ ശ്രദ്ധയോടെ വേണം എന്ന് നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. ശ്രവണനാഡിയെ ക്ഷയിപ്പിക്കുന്ന നിയോമൈസിന്‍, ബധിരതയ്ക്ക് കാരണമാകുന്നു. കൂടാതെ വൃക്കകളെയും സാരമായി ബാധിക്കുന്നു. അതുകൊണ്ട് നിയോമൈസിന്റെ ഉപയോഗം പ്രധാനമായും ശരീരോപരിതലത്തില്‍ മാത്രമായി ചുരുങ്ങുന്നു. ലേപനങ്ങളിലും നേത്രൗഷധങ്ങളിലും ഒരു പ്രധാന ഘടകമായി നിയോമൈസിന്‍ ഉപയോഗിക്കുന്നു. സ്റ്റഫൈലോകോക്കസ് (Staphylococcus) ബാക്റ്റീരിയങ്ങള്‍ ഉണ്ടാക്കുന്ന ചില ത്വഗ്രോഗങ്ങള്‍ക്കും ഗ്രാം നെഗറ്റീവ് ബാസില്ലകള്‍ക്കും എതിരെ പ്രയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ ഒരു ആന്റിബയോട്ടിക്കാണ് നിയോമൈസിന്‍. ശ്വാസതടസത്തിന്് നിയോമൈസിന്‍ എയറോസോള്‍ ഉപയോഗിക്കാവുന്നതാണ്. കലകളിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടുന്നില്ല എന്നതിനാല്‍ ഈ ആന്റിബയോട്ടിക്ക്, ഉദരശസ്ത്രക്രിയയ്ക്ക് മുമ്പ് കുടലും മറ്റും ശുദ്ധീകരിക്കാനായി ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍