This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിണബലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിണബലി

ഒരു അനുഷ്ഠാനം. കേരളത്തില്‍ മലയര്‍, പാണര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ നിലനിന്നുപോരുന്ന ഒരു ബാധോച്ചാടന കര്‍മമാണിത്. മന്ത്രവാദപരമായ ഈ അനുഷ്ഠാനത്തില്‍ പ്രത്യേകരീതിയില്‍ തയ്യാറാക്കുന്ന നിണം, ശരീരത്തില്‍ തേച്ചുപിടിപ്പിക്കുകയും നെന്മണികള്‍ വിതറിപ്പിടിപ്പിക്കുകയും ചെയ്യും. കര്‍മം നടത്തുന്ന ആള്‍ കുരുത്തോലയുടുപ്പണിഞ്ഞ് നര്‍ത്തനം ചെയ്ത് ബാധകളെ ഒഴിപ്പിക്കുന്നു എന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്. തുടര്‍ന്ന് കോഴിയെ അറുത്ത് യഥാര്‍ഥ ചോര തര്‍പ്പണം ചെയ്യും. കേരളത്തിലെ മറ്റു പല അനുഷ്ഠാനങ്ങളിലുമെന്നതുപോലെ ചുണ്ണാമ്പും മഞ്ഞളും കലക്കിച്ചേര്‍ത്താണ് ഇതില്‍ നിണമുണ്ടാക്കുന്നത്. ഇത്തരം ബലികര്‍മങ്ങള്‍ ഉച്ചബലി, ഉച്ചേല്‍ക്കൂത്ത് എന്നീ പേരുകളില്‍ ദേശഭേദത്തോടെ നിലനില്ക്കുന്നു. ഉണക്കലരിയും മഞ്ഞളും അരച്ചുചേര്‍ത്ത് ചുണ്ണാമ്പുമായി കൂട്ടി നിണമുണ്ടാക്കിയണിയുന്ന പല ചടങ്ങുകളും തെയ്യം, തിറ എന്നിവയിലും കാണാം. കഥകളിയിലും നിണം എന്ന പേരില്‍ ഒരു ചടങ്ങുണ്ട്. നോ: നിണം

Image:ninabaly.png

ദേവപ്രീതിക്കായി യഥാര്‍ഥ ചോര കൊടുക്കുന്ന തരം നിണബലികള്‍ പ്രാക്തനകാലത്ത് നിലനിന്നിരുന്നുവെന്ന പരാമര്‍ശം പുരാണങ്ങളിലും ബൈബിള്‍, ഖുറാന്‍ പോലെയുള്ള മതഗ്രന്ഥങ്ങളിലും കാണാം. അബ്രഹാം പുത്രനെ യഹോവയ്ക്ക് ബലി നല്കുന്നത് ഒരുതരം നിണബലിയുടെ ഭാഗമായിട്ടാണ് (ബൈബിള്‍).

പ്രധാനമായും ഗോത്രാചാരങ്ങളുടെ ഭാഗമായിട്ടാണ് നിണബലി അരങ്ങേറിയിരുന്നത്. ഇഷ്ടകാര്യ സിദ്ധിക്കായി ഉപാസനാദേവതയെ പ്രീതിപ്പെടുത്തുവാന്‍ രക്തംകൊണ്ടുള്ള ബലിതര്‍പ്പണം ആവശ്യമാണെന്ന് ചില ഗോത്രസമൂഹങ്ങള്‍ ഇന്നും വിശ്വസിച്ചുപോരുന്നു. കാളി, ദാരുകന്‍, വേട്ടയ്ക്കൊരുമകന്‍, മാടന്‍, ഭൈരവന്‍ തുടങ്ങിയ ഉഗ്രമൂര്‍ത്തികളായ ദേവതാസങ്കല്പങ്ങളില്‍ നിണബലിക്ക് വലിയ സ്ഥാനമുണ്ട്. ആദിമമായ അന്ധവിശ്വാസങ്ങളും ആചാരങ്ങളും നിണബലി പോലുള്ള ആഭിചാരകര്‍മങ്ങളിലേക്ക് പ്രാക്തന മനുഷ്യരെ നയിച്ചിട്ടുണ്ട് എന്നു കരുതാം. ദൈവസ്ഥാനത്തു വച്ച് മനുഷ്യനെ കൊന്ന് രക്തം വീഴ്ത്തുന്ന ചടങ്ങായിരുന്നുവത്രെ ആദിമകാലത്തുണ്ടായിരുന്നത്. പിന്നീടത് മൃഗങ്ങളിലേക്ക് മാറി. ഭാവിഫലം അറിയാനും ദേവതയോട് നന്ദിപ്രകടിപ്പിക്കാനും രക്തബലി അനിവാര്യമാണെന്ന് പ്രാകൃത ജനത കരുതിയിരിക്കാം. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടും നിണബലി നടത്തപ്പെട്ടിരുന്നു. കൃഷിപ്രദേശത്ത് മൃഗങ്ങളുടെ ചോരയൊഴുക്കിയാല്‍ അവിടെ ധാന്യസമൃദ്ധി ഉണ്ടാകുമെന്ന് ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാര്‍ വിശ്വസിച്ചുപോരുന്നു. കാര്‍ഷിക സമൃദ്ധി, ദോഷനിവാരണം, രോഗപീഡകളില്‍നിന്നുള്ള മോചനം തുടങ്ങിയ ലക്ഷ്യങ്ങളും നിണബലിക്ക് പുറകിലുണ്ടായിരുന്നു.

റോമാക്കാരുടെ 'ശനിയുത്സവ'ത്തിന്റെ ഭാഗമായി ഒരു യുവാവിനെ ബലികഴിച്ചിരുന്നുവത്രെ. യുവാവ് സ്വയം കഴുത്തുവെട്ടി നിണബലി നടത്തണമെന്നായിരുന്നു നിയമം. മെക്സിക്കോയിലെ ആസ്ടക് വര്‍ഗക്കാര്‍ക്കിടയിലെ ബലികര്‍മങ്ങള്‍ നിണബലിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. ദേവപ്രതിനിധിയായി ഒരു പുരുഷനെ തിരഞ്ഞെടുക്കുകയും രാജകീയാദരങ്ങളോടെ ഒരു വര്‍ഷം ശുശ്രൂഷിക്കുകയും ചെയ്തശേഷം, ഉത്സവനാള്‍ പാറപ്പുറത്ത് കിടത്തി ഹൃദയമെടുക്കുന്നു. സൂര്യദേവനുള്ള നിണബലിയാണിത്.

ചോളധാന്യത്തിന്റെ ദേവതയായി സങ്കല്പിച്ച് ഒരു പെണ്‍കുട്ടിയുടെ കഴുത്തറുക്കുന്ന ചടങ്ങ് ആസ്ടക് സമൂഹത്തിന് പ്രധാനമാണ്. ധാന്യക്കൂമ്പാരത്തിന് നടുവില്‍ വച്ച് ചോളദേവതയായി സങ്കല്പിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ കഴുത്തറുത്തശേഷം അവളുടെ തൊലിയുരിഞ്ഞ് പുരോഹിതന്‍ അണിയുന്നു.

കേരളത്തിലെ നിണബലി സങ്കല്പത്തില്‍ അമ്മദൈവങ്ങള്‍ക്കും കാട്ടുദൈവങ്ങള്‍ക്കുമാണ് സ്ഥാനം. ഭദ്രകാളി, ഭൈരവമൂര്‍ത്തി, ഘണ്ഠാകര്‍ണന്‍ തുടങ്ങിയ ദൈവങ്ങള്‍ക്ക് മുന്നിലെ ബലിചടങ്ങുകള്‍ പുരാതനമായ വിശ്വാസങ്ങളുടെ ഭാഗമാണെന്ന് കാണാം. കാളീക്ഷേത്രങ്ങളിലും ആദിവാസികളുടെ ദൈവപ്പുരകളിലും നടക്കുന്ന 'കുരുതിപൂജ' നിണബലിയുടെ മറ്റൊരു രൂപമാണ്.

ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നിണബലി വളരെക്കൂടുതല്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്. മന്ത്രവാദികളുടെ ശത്രുസംഹാരത്തിന് 'വാര്‍ത്താളി' എന്ന ദേവതയെ ഉപാസിക്കണമെങ്കില്‍ കഴുതച്ചോരയും ആട്ടിന്‍ചോരയും ചേര്‍ത്ത് പിണ്ഡമുണ്ടാക്കി മൂര്‍ത്തിക്ക് സമര്‍പ്പിക്കണമത്രെ. വീരഭദ്രപ്രീതിക്ക് ആയിരം കോഴികളെ അറുത്ത് രക്തം വീഴ്ത്തണമെന്നും ദുര്‍മന്ത്രവാദഗ്രന്ഥങ്ങളില്‍ പറയുന്നു.

(എം. സുരേഷ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%A3%E0%B4%AC%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍