This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിംബാര്‍കസമ്പ്രദായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിംബാര്‍കസമ്പ്രദായം

ഒരു ഭക്തി പ്രസ്ഥാനം. കൃഷ്ണഭക്തിയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ പ്രചരിച്ച വൈഷ്ണവ സമ്പ്രദായമാണിത്. ഇതിന്റെ താത്ത്വിക സങ്കല്പം മഹാവിഷ്ണുവിന്റെ അവതാരമായ ഹംസദേവന്‍ സനകാദി മഹര്‍ഷിമാര്‍ക്ക് ഉപദേശിച്ചതാണത്രെ. നാരദമുനി അത് നിംബാര്‍കാചാര്യന് ഉപദേശരൂപത്തില്‍ നല്കി എന്ന് വിശ്വസിക്കപ്പെടുന്നു.

ഡോ. ഭണ്ഡാര്‍കര്‍ വിശദമായ പഠനത്തിലൂടെ നിംബാര്‍കന്റെ ജനനം മൈസൂറിലെ ബെല്ലാരി ജില്ലയിലെ നിംബാപൂരില്‍ 1162-ല്‍ ആണെന്ന് കണക്കാക്കിയിട്ടുണ്ട്. തെന്നിന്ത്യയിലാണ് ജനിച്ചതെങ്കിലും ഉത്തരേന്ത്യയായിരുന്നു ഇദ്ദേഹത്തിന്റെ കര്‍മ മണ്ഡലം. വൃന്ദാവനം, ഗോവര്‍ധനം, നീംഗാവ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിംബാര്‍കന്‍ തന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിച്ചു. ശ്രീനിവാസാചാര്യന്‍, ഔദുംബാചാര്യന്‍, ഗൗരമുഖാചാര്യന്‍, ലക്ഷ്മണഭട്ട് എന്നിവര്‍ ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരാണ്.

ഭേദാഭേദവാദം, ദ്വൈതാദ്വൈതവാദം എന്നിവയുടെ ദാര്‍ശനിക തത്ത്വത്തിലധിഷ്ഠിതമാണ് നിംബാര്‍ക സമ്പ്രദായം. നിംബാര്‍കന്‍ ഈ സമ്പ്രദായത്തിന്റെ പ്രചാരണത്തിനായി അഞ്ച് ഗ്രന്ഥങ്ങള്‍ രചിച്ചു. വേദാന്ത പാരിജാതസൌരഭ്, ദശശ്ളോകി, ശ്രീകൃഷ്ണസ്തവരാജ്, മന്ത്രരഹസ്യഷോഡശി, പ്രപന്നകല്പവല്ലി എന്നിവ. ബ്രഹ്മസൂത്രത്തിന്റെ തത്ത്വവിശദീകരണമാണ് വേദാന്തപാരിജാതസൌരഭ്. ഭക്തിതത്ത്വവിശദീകരണ പ്രധാനമായ പത്ത് ശ്ളോകങ്ങളാണ് ദശശ്ളോകിയില്‍. ദ്വൈതാദ്വൈതവാദമാണ് നിംബാര്‍കാചാര്യരുടെ സമ്പ്രദായത്തിനാധാരം. ഭേദാഭേദവാദത്തിന്റെ പരിഷ്കൃത രൂപമായി ഇതിനെ കണക്കാക്കാം. മനുഷ്യന്‍ പരബ്രഹ്മത്തിന്റെ അംശമാണെന്നും ഈശ്വരന്‍ സര്‍വനിയന്താവാണെന്നും ഭക്തിയിലൂടെ മനുഷ്യന്‍ ഈശ്വര സാക്ഷാത്കാരം നേടുന്നു എന്നും ഇദ്ദേഹം പറഞ്ഞു. ഈശ്വരന്റെ സഗുണാവതാരമായ ശ്രീകൃഷ്ണനെയാണ് ഈ സമ്പ്രദായാനുകൂലികള്‍ ആരാധിക്കുന്നത്-പ്രധാനമായും രാധാ-കൃഷ്ണ രൂപം.

നിംബാര്‍കസമ്പ്രദായമനുസരിച്ച് മുക്തി ലഭിക്കുന്നതിന് ഈശ്വരനില്‍ ആത്മസമര്‍പ്പണം നടത്തിക്കൊണ്ടുവേണം ഏത് കര്‍മവും ആരംഭിക്കാന്‍. ശ്രീകൃഷ്ണന്റെ സേവ, പൂജ, അര്‍ച്ചന എന്നിവ നിര്‍വഹിക്കുകയാണ് പരമമായ ലക്ഷ്യം. രാമാനുജാചാര്യന്റെ സമ്പ്രദായത്തിന് വിപരീതമായി, ജീവനുള്ളതിനെയും ജീവനില്ലാത്തതിനെയും ഈശ്വരന്റെ ശക്തിയായി ഇവര്‍ കണക്കാക്കുന്നു. ദൃഷ്ടിഗോചരമായ എല്ലാ വസ്തുവിലും ഈശ്വരന്‍ അധിവസിക്കുന്നു. ഈ ചൈതന്യത്തെയാണ് പരബ്രഹ്മം, നാരായണ്‍, ഭഗവാന്‍, കൃഷ്ണന്‍, പുരുഷോത്തമന്‍ എന്നീ പേരുകളില്‍ വിളിക്കുന്നത്. നിംബാര്‍കന്‍ കൃഷ്ണനും രാധയ്ക്കും പരമശ്രേഷ്ഠമായ സ്ഥാനം നല്കി. ആയിരക്കണക്കിന് തോഴിമാരോടൊത്തുകഴിയുന്ന രാധയും കൃഷ്ണനുമാണ് നിംബാര്‍കന്റെ ആരാധ്യദേവന്മാര്‍.

ആരാധനാക്രമത്തില്‍ നിംബാര്‍കസമ്പ്രദായം പിന്തുടരുന്ന അനേകം ക്ഷേത്രങ്ങള്‍ ഉത്തരേന്ത്യയിലുണ്ട്. രാജസ്ഥാനിലെ സലേമാബാദാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ആസ്ഥാനം. വൃന്ദാവനില്‍ 'ശ്രീജി കീ ബഡി കുഞ്ജ്' എന്ന സ്ഥലം നിംബാര്‍കന്റെ സമാധി സ്ഥാനമായി കണക്കാക്കുന്നു. മധുര, രാധാകുണ്ഡ്, നീംഗാവ് എന്നിവിടങ്ങളില്‍ നിംബാര്‍കന്റെ പേരില്‍ പ്രസിദ്ധ ക്ഷേത്രങ്ങളുണ്ട്.

നിംബാര്‍കസമ്പ്രദായത്തിലെ ആചാര്യന്മാരും ഭക്തന്മാരും വ്രജഭാഷയിലാണ് കവിതകള്‍ രചിച്ചിരുന്നത്. കേശവ്കശ്മീരി, ശ്രീഭട്ട്, ഹരിവ്യാസ് തുടങ്ങിയ ദ്വൈതാദ്വൈതവാദികളുടെ ഭക്തിഭാവത്തെ നിംബാര്‍കന്‍ ഉന്മിഷത്താക്കി. കേശവ്കശ്മീരിയുടെ ശിഷ്യനായ ശ്രീഭട്ട് ഇതില്‍ പ്രഥമസ്ഥാനിയാണ്. ഇദ്ദേഹത്തിന്റെ ജുഗല്‍ശതക്, ആദിബാനി എന്നിവ പ്രസിദ്ധമാണ്. ശ്രീഭട്ടിന്റെ ശിഷ്യനായ ഹരിവ്യാസ് ആദിബാനിയെ വിശദീകരിച്ചുകൊണ്ട് എഴുതിയ ഭാഷ്യമാണ് മഹാബാനി. ഹരിവ്യാസ് നിംബാര്‍കസമ്പ്രദായത്തിന്റെ ഉപശാഖയായ 'രസികസമ്പ്രദായ'ത്തിന്റെ പ്രചാരകനാണ്. ഹരിവ്യാസി എന്ന പേരിലും ഈ സമ്പ്രദായം അറിയപ്പെടുന്നു. വല്ലഭമതാനുയായികളായ കവികളില്‍ സൂര്‍ദാസിനുള്ള സ്ഥാനമാണ് നിംബാര്‍കമതാനുയായികളില്‍ ഹരിവ്യാസിനുള്ളത്. ഇദ്ദേഹത്തിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഏറ്റവും പ്രസിദ്ധന്‍ ഹിന്ദി കവിയായ പരശുരാമാചാര്യനാണ്.

ഹിന്ദി മഹാകവി ബിഹാരിലാല്‍, കേശവ്ദേവ്, ഖനാനന്ദ്, രസിക് ഗോവിന്ദ്, രസ്ഖാന്‍ എന്നിവര്‍ നിംബാര്‍കമതാനുയായികളായ വൈഷ്ണവ ഭക്തരാണ്. ഇവരെക്കൂടാതെ രൂപരസിക്ദേവ്, വൃന്ദാവന്‍ദേവ്, ഗോവിന്ദദേവ്, നാഗരിദാസ്, ശീതള്‍ദാസ് എന്നിവരും പ്രസിദ്ധരായ നിംബാര്‍ക അനുയായികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍