This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാളീ(ഡീ)വ്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാളീ(ഡീ)വ്രണം

നാളി(ഡി) അഥവാ കുഴലിന്റെ രൂപത്തില്‍ ശരീരത്തിനുള്ളിലേക്ക് വ്യാപിച്ചുണ്ടാകുന്ന വ്രണമാണ് നാളീ(ഡീ)വ്രണം. ഇത് നീളത്തില്‍ ഒറ്റക്കുഴല്‍പോലെയോ, ശാഖോപശാഖകളായോ ആണ് കാണപ്പെടുക. വ്രണമുഖം വഴി പഴുപ്പ് പുറത്തേക്കു സ്രവിച്ചുകൊണ്ടിരിക്കുന്നതായി കാണാവുന്നതാണ്. വ്രണം ഉള്ളിലേക്കു വ്യാപിച്ചിരിക്കയാല്‍ ഗതി എന്ന പേരുകൂടി ഈ രോഗത്തിനുണ്ട്. (ഗതിഃ സാ ദൂരഗമനാദ് നാഡീ നാഡീവ സംസ്രുതൈഃ- അ.സംഗ്രഹം ഉത്തരം 34). മലദ്വാരവുമായി അനുബന്ധിച്ച് നാളീവ്രണങ്ങള്‍ അധികമായി ഉണ്ടായിക്കാണുന്നുണ്ട്. പക്ഷേ, ഇവയെ ഭഗന്ദരം എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് ഗണിക്കുക പതിവ്. ആധുനിക വൈദ്യശാസ്ത്രത്തില്‍, സൈനസ് (sinus), ഫിസ്റ്റുല (fistula) എന്നീ പേരുകള്‍ കൊണ്ടാണ് നാളീവ്രണങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത്.

ഈ രോഗത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരണങ്ങള്‍ കാണാന്‍ കഴിയുന്നത് ക്രിസ്തുവിനും വളരെ മുന്‍പു രചിക്കപ്പെട്ട ശല്യചികിത്സാഗ്രന്ഥമായ സുശ്രുതസംഹിതയിലാണ്. രോഗവിവരണം, ചികിത്സാക്രമം എന്നിവ അവിടെ കാണുന്നതരത്തില്‍ത്തന്നെയാണ് ഇപ്പോഴും നിര്‍ദേശിക്കപ്പെടുന്നത്.

രോഗകാരണങ്ങള്‍. നാളീവ്രണത്തിന് ഇനിപ്പറയുന്ന കാരണങ്ങളാണ് മുഖ്യമായും ഉള്ളത്.

1. അസ്ഥിക്കഷണങ്ങള്‍, ലോഹപദാര്‍ഥങ്ങള്‍ മുതലായ അന്യവസ്തുക്കള്‍ (foreign bodies) ശരീരത്തില്‍ തറഞ്ഞുകയറി, അവിടെനിന്നും പഴുപ്പ് ഉള്ളിലേക്ക് വ്യാപിച്ച് നാളീവ്രണമായിത്തീരാനിടയുണ്ട്. അന്യവസ്തുക്കള്‍ വീണ്ടും ഉള്ളിലേക്ക് കയറിപ്പോയെന്നും വരാം. (നഷ്ടം കഥഞ്ചിദനുമാര്‍ഗമുദീരിതേഷു സ്ഥാനേഷു ശല്യമചിരേണ ഗതിം കരോതി.... സു. നിദാനം 10)

2. ഉള്ളില്‍ പഴുപ്പുനിറഞ്ഞിരിക്കുന്ന കുരുക്കള്‍ കീറി പഴുപ്പു പുറത്തുകളയാതിരുന്നാല്‍ ഇത് ഉള്ളിലേക്ക് വ്യാപിക്കുകയുംനാളീവ്രണമായിത്തീരുകയും ചെയ്യും. ശരീരത്തില്‍ വ്രണമോ മുറിവുകളോ ഉണ്ടായാല്‍ ആ ഭാഗത്തിന് വിശ്രമം നല്കുകയും, വ്രണമുഖം വൃത്തിയായി സൂക്ഷിക്കുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇതിനു വിപരീതമായ അപഥ്യങ്ങള്‍ സ്വീകരിച്ചാല്‍ വീണ്ടും പഴുപ്പുണ്ടായി ആഴത്തില്‍ വ്യാപിക്കാനിടയുണ്ട്.

(അഭേദാല്‍ പക്വശോഫസ്യ വ്രണേ ചാപഥ്യസേവിനഃ, അനുപ്രവിശ്യ മാംസാദീന്‍ ദൂരം പൂയോ/ഭിധാവതി - അ.സംഗ്രഹം ഉത്തരം 34).

വിഭജനം. നാളീവ്രണം മുഖ്യമായും രണ്ടുവിധത്തില്‍ പറയാം. 1. അന്യവസ്തുക്കള്‍ അകത്ത് ഇരുന്നുണ്ടാകുന്ന ശല്യജനാളീവ്രണം. 2. ഇതര കാരണങ്ങളാല്‍ ഉണ്ടാവുന്നവ. രണ്ടാമതു പറഞ്ഞതരം നാളീവ്രണങ്ങളെ ദോഷാടിസ്ഥാനത്തില്‍ വീണ്ടും വിഭജിച്ചിട്ടുണ്ട്. ഇതുപ്രകാരം- 1. വാതികം 2. പൈത്തികം 3. കഫജം 4. സന്നിപാതജം 5. വാതപൈത്തികം 6. വാതകഫജം 7. കഫപൈത്തികം. ഇവ കൂടാതെ ശല്യജം കൂടി കണക്കിലെടുത്താല്‍ മൊത്തം എട്ട് വിധം. (ദോഷൈസ്ത്രിഭിര്‍ ഭവതി സാ പൃഥഗ് ഏകശശ്ച സമുര്‍ച്ഛിതൈരപിച ശല്യനിമിത്തതോ/ന്യാ-സു. നി. 10). ശല്യജനാളീവ്രണത്തില്‍ ദോഷകോപം എടുത്തു പറയുന്നില്ലെങ്കിലും ലക്ഷണങ്ങള്‍കൊണ്ട് ദോഷാവസ്ഥ അനുമാനിക്കേണ്ടതാണ്.

സുശ്രുതസംഹിതയില്‍ത്തന്നെ ചികിത്സാസ്ഥാനത്ത് അഞ്ചുവിധം നാളീവ്രണങ്ങള്‍ മാത്രമേ പറയപ്പെടുന്നുള്ളു. ദ്വിദോഷജങ്ങളായ വാതപൈത്തികം, വാതകഫജം, കഫപൈത്തികം എന്നിവ ഇവിടെ പരാമര്‍ശിക്കുന്നില്ല. യുക്തിക്കനുസരിച്ച് ദോഷചികിത്സ കൂട്ടിച്ചേര്‍ത്ത് ചെയ്യാന്‍ കഴിയും എന്ന തത്ത്വമായിരിക്കണം ഇവിടെ സ്വീകരിക്കാവുന്നത്. അഷ്ടാംഗസംഗ്രഹത്തിലും ഇത്തരത്തില്‍ അഞ്ചുവിധമായിട്ടു മാത്രമേ നാളീവ്രണം പരാമര്‍ശിക്കപ്പെടുന്നുള്ളു. (സാ ദോഷൈഃ പുനരേകസ്ഥൈഃ ശല്യഹേതുശ്ച പഞ്ചമീ അ.സംഗ്രഹം ഉത്തരം 34)

അഞ്ചുതരം നാളീവ്രണങ്ങളുടെയും ലക്ഷണങ്ങള്‍ ഇനി വിവരിക്കുന്നു.

ശല്യജനാളീവ്രണം. ഇവിടെ വ്രണമുഖംവഴി നേര്‍ത്തതും പതയോടുകൂടിയതും രക്തംകലര്‍ന്നതും അല്പം ചൂടുള്ളതുമായ പഴുപ്പ് (ചലം) സ്രവിച്ചുകൊണ്ടിരിക്കും. എല്ലായ്പോഴും ഉള്ളില്‍ വേദനയുണ്ടായിരിക്കും. (ഫേനാനുവിദ്ധം തനുമല്‍പമുഷ്ണം സാസ്രം ച പൂയം സരുജം ച നിത്യം - അ.സംഗ്രഹം ഉത്തരം 34).

വാതികനാളീവ്രണം. ഈ അവസ്ഥയില്‍ വ്രണമുഖം സൂക്ഷ്മവും വിവര്‍ണവും ആയിരിക്കും. ചലം പതയോടുകൂടിയതും രാത്രിയില്‍ കൂടുതലായി സ്രവിക്കും. വേദന അധികമായിരിക്കും. (വാതാല്‍ സരുക് സൂക്ഷ്മമുഖീ വിവര്‍ണാ ഫേനിലോദ്വമാ സ്രവത്യഭ്യധികം രാത്രൌ - അ.സംഗ്രഹം ഉത്തരം 34).

പൈത്തികനാളീവ്രണം. പൈത്തികനാളീവ്രണത്തില്‍ വെള്ളദാഹം, പനി, നീറ്റല്‍ എന്നിവയുണ്ടാകും. കടുത്ത മഞ്ഞനിറത്തില്‍ ദുര്‍ഗന്ധമുള്ള ചലം ചൂടോടുകൂടി സ്രവിച്ചുകൊണ്ടിരിക്കും. പകലായിരിക്കും കൂടുതലായി സ്രവിക്കുന്നത്. (പിത്താല്‍ തൃട്ജ്വരദാഹകൃത്പീതോഷ്ണപൂതിപൂയസ്രുദ്ദിവാ ചാതി നിഷിഞ്ചതി - അ.സംഗ്രഹം ഉത്തരം 34).

കഫജനാളീവ്രണം. ഈ അവസ്ഥയില്‍ വ്രണമുഖത്ത് ചൊറിച്ചില്‍ കൂടുതലായിരിക്കും. രാത്രി കുറെശ്ശെ ചലം ഒഴുകിക്കൊണ്ടിരിക്കും. കട്ടിയുള്ള കൊഴുത്ത ചലമായിരിക്കും ഉണ്ടാവുക. (ഘനപിച്ഛിലസംസ്രാവോ കണ്ഡുലാ കഠിനാ കഫാല്‍ നിശിചാഭ്യധികക്ളേദാ... അ.സംഗ്രഹം ഉത്തരം 34)

സംസര്‍ഗജനാളീവ്രണങ്ങള്‍. രണ്ട് ദോഷങ്ങള്‍ ഒരുമിച്ച് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇടകലര്‍ന്നാണ് കാണാന്‍ കഴിയുക. അതായത് വാതപൈത്തികാവസ്ഥയില്‍ വാതജ-പൈത്തികനാളീവ്രണലക്ഷണങ്ങളും, വാതകഫജാവസ്ഥയില്‍ വാത-കഫലക്ഷണങ്ങളും, കഫപിത്താവസ്ഥയില്‍ കഫ-പിത്തലക്ഷണങ്ങളും ഇടകലര്‍ന്നു കാണുമെന്നര്‍ഥം.

ത്രിദോഷജനാളീവ്രണം. മൂന്ന് ദോഷങ്ങളുടെയും ലക്ഷണങ്ങള്‍ ഒരുമിച്ചു കാണുന്ന അവസ്ഥയാണിത്.

ചികിത്സ. മേല്‍ക്കാണിച്ചവയില്‍ സന്നിപാതജനാളീവ്രണം അസാധ്യവും മറ്റുള്ളവ കൃച്ഛ്രസാധ്യവുമായിരിക്കുന്നു എന്നാണ് ആയുര്‍വേദഗ്രന്ഥങ്ങളില്‍ ഗണിച്ചിട്ടുള്ളത്. ഇന്ന് ആന്റിബയോട്ടിക്കുകളുടെയും പുതിയ ചികിത്സാരീതികളുടെയും ആവിര്‍ഭാവത്തോടെ ഈ രോഗാവസ്ഥകള്‍ മിക്കവാറും സാധ്യമായി എന്നുതന്നെ പറയാം.

വ്രണം പൂര്‍ണമായി കീറി പഴുപ്പു പുറത്തു കളയുകയും ഔഷധങ്ങള്‍കൊണ്ട് കരിക്കുകയുമാണ് നാളീവ്രണത്തിന്റെ ആധുനികചികിത്സ. പ്രാചീന ആയുര്‍വേദഗ്രന്ഥങ്ങളില്‍ പറയുന്ന ചികിത്സയും ഇതില്‍നിന്നും വ്യത്യസ്തമല്ല. സുശ്രുതസംഹിതയില്‍നിന്നും ലഭ്യമാകുന്ന വിവരണങ്ങള്‍ പ്രകാരം നാളീവ്രണത്തിന്റെ ചികിത്സ മൂന്ന് ഘട്ടങ്ങളിലായിട്ടാണ്. 1. പൂര്‍വകര്‍മമായി ചെയ്യുന്ന ഉപനാഹസ്വേദം - അവസ്ഥാനുസരണം ഔഷധങ്ങള്‍ ചേര്‍ത്ത് വ്രണമുഖം വിയര്‍പ്പിക്കുകയാണിവിടെ ചെയ്യുന്നത്. 2. പ്രധാനകര്‍മമായ ശസ്ത്രക്രിയ-വ്രണഭാഗം ശസ്ത്രംകൊണ്ടുകീറി പഴുപ്പ് കളയുന്നു. 3. പശ്ചാത്കര്‍മമായ വ്രണശോധനരോപണം-കീറിയഭാഗം വൃത്തിയായി കഴുകി ഔഷധങ്ങള്‍ വച്ചുകെട്ടുന്നു. വ്രണരോപണത്തിനായി ഔഷധങ്ങള്‍ ഉള്ളില്‍ കൊടുക്കാറുമുണ്ട്.

ചികിത്സാസാധ്യമായ, മേല്പറഞ്ഞ വിഭാഗങ്ങളില്‍ ഇവിടെ വിവരിച്ച സാമാന്യചികിത്സതന്നെയാണു നല്കുകയെന്നാലും ഔഷധക്രമത്തില്‍ വ്യത്യാസമുണ്ട്. ഈ പ്രത്യേകതകള്‍ ഇവിടെ എടുത്തു സൂചിപ്പിക്കുന്നു.

ശല്യജനാളീവ്രണചികിത്സ. ശല്യജനാളീവ്രണത്തില്‍ പൂര്‍വകര്‍മമായ വിയര്‍പ്പിക്കല്‍ എടുത്തു പറയപ്പെടുന്നില്ല. വേദനാദി ലക്ഷണങ്ങള്‍കൊണ്ട് ദോഷാവസ്ഥ മനസ്സിലാക്കി ഇനി പറയാനിരിക്കുന്ന ഉപനാഹസ്വേദവിധികള്‍ സ്വീകരിക്കാമെന്നറിഞ്ഞുകൊള്ളണം. എത്രയുംവേഗം ശസ്ത്രംകൊണ്ട് കീറി അന്യവസ്തുക്കള്‍ പുറത്തെടുക്കുകയാണാദ്യം ചെയ്യേണ്ടത്. വ്രണശുദ്ധി വരുത്തിയതിനുശേഷം തേന്‍, നെയ്യ് എന്നിവ ചേര്‍ത്ത് എള്ള് അരച്ച് മിശ്രിതം തേച്ചു പിടിപ്പിക്കണം. വ്രണം കരിയുന്നതിനായി കുംഭികാദി തൈലം മുതലായവ പുറമേ പ്രയോഗിക്കാവുന്നതാണ്.

വാതജനാളീവ്രണചികിത്സ. വാതശമനൗഷധങ്ങള്‍കൊണ്ട് വിയര്‍പ്പിക്കുകയാണ് ആദ്യഘട്ടം. അതിനുശേഷം വ്രണം കത്തികൊണ്ടു കീറി വ്രണമുഖം വൃത്തിയാക്കണം. പഞ്ചമൂലമിട്ടു തിളപ്പിച്ച വെള്ളമാണ് വ്രണം കഴുകുന്നതിനു നല്ലത്. യുക്തിയാനുസരണമുള്ള ഔഷധങ്ങള്‍കൊണ്ട് വ്രണമുഖം ലേപനം ചെയ്യണം.

കഫജനാളീവ്രണചികിത്സ. വിയര്‍പ്പിക്കുന്നതിനായി മുതിര, കടുക്, മലര്‍പ്പൊടി ഇവ സമം അരച്ചതും മദ്യത്തിന്റെ ഊറലും കൂട്ടിയാണ് ഉപയോഗിക്കേണ്ടത്. ശസ്ത്രക്രിയ ചെയ്തതിനുശേഷം ആ വ്രണത്തില്‍ വേപ്പില, എള്ള് എന്നിവ അരച്ച് അതില്‍ തുവരിമണ്ണ്, ഇന്തുപ്പ് എന്നിവചേര്‍ത്ത് നിറയ്ക്കണം. യുക്തമായ രോപണൌഷധവും ഉപയോഗിക്കേണ്ടതാണ്.

സംസര്‍ഗജനാളീവ്രണങ്ങളുടെ ചികിത്സ ദോഷസ്വഭാവം നോക്കി വൈദ്യയുക്തിക്കനുസരിച്ചു ചെയ്യണം. ത്രിദോഷജമായനാളീവ്രണത്തിനു ചികിത്സയില്ല എന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി.

ക്ഷാരസൂത്രചികിത്സയും വര്‍ത്തിപ്രയോഗവും. നാളീവ്രണബാധിതനായ രോഗി കൃശനോ ദുര്‍ബലനോ ശസ്ത്രകര്‍മത്തില്‍ ഭീതിയുള്ളവനോ ആയിരുന്നാല്‍ ശസ്ത്രക്രിയ ഒഴിവാക്കി ക്ഷാരസൂത്രചികിത്സയാണ് ചെയ്യേണ്ടത്. മര്‍മസ്ഥാനങ്ങളില്‍ വ്രണം രൂപപ്പെട്ടിരുന്നാലും ഈ പ്രയോഗം വേണ്ടിവരും. ഇതിന്റെ വിധി ഇപ്രകാരമാണ്: ആദ്യമായി വ്രണദ്വാരംവഴി ഏഷണിശസ്ത്രം (probe) കടത്തി വ്രണത്തിന്റെ നീളവും ആഴവും മനസ്സിലാക്കിയെടുക്കുന്നു. അതിനുശേഷം ക്ഷാരസൂത്രം (ചില പ്രത്യേക ഔഷധങ്ങളില്‍ മുക്കിയെടുത്ത് ഉണക്കിയ ചരട്. സാധാരണയായി കള്ളിപ്പാലയുടെ കറ, മഞ്ഞള്‍പ്പൊടി, കടലാടിക്ഷാരം എന്നിവ പ്രത്യേകവിധത്തില്‍ 21 ദിവസംകൊണ്ട് ചരടില്‍ തേച്ചുപിടിപ്പിച്ച് ഉണക്കിയാണിതുണ്ടാക്കുന്നത്.) വലിയ ഒരു സൂചിയുടെ ഒരറ്റത്തുകോര്‍ത്ത് വ്രണദ്വാരം വഴിയായി അകത്തുകടത്തി വ്രണം അവസാനിക്കുന്ന ഭാഗത്ത് ദ്വാരമുണ്ടാക്കി അതുവഴി പുറത്തെടുക്കുന്നു. ചരടിന്റെ രണ്ടറ്റവും ചേര്‍ത്ത് കെട്ടുകയാണ് അടുത്ത പടി. ഔഷധപ്രഭാവംകൊണ്ട് മാംസം മുറിഞ്ഞ് ശസ്ത്രംകൊണ്ട് കീറിയാലെന്നപോലെ തുറന്ന ഒരു വ്രണമാകും. ഇതിനു ദിവസങ്ങള്‍വേണ്ടിവന്നേക്കാം. വ്രണമായിക്കഴിഞ്ഞാല്‍ ലേപനാദി പശ്ചാത് കര്‍മങ്ങള്‍ ചെയ്ത് വ്രണം ഉണക്കിയെടുക്കാം. നാളീവ്രണത്തില്‍ ഉപശാഖകള്‍ ചിലപ്പോള്‍ രൂപപ്പെടാറുണ്ട്. അങ്ങിനെയുള്ള അവസരത്തില്‍ ഒന്നിലധികം ചരടുകള്‍ ഒരേസമയം കെട്ടിയിടാവുന്നതാണ്. പലപ്പോഴും ശസ്ത്രക്രിയയോ ക്ഷാരസൂത്രപ്രയോഗമോ ചെയ്യാവുന്നവിധം നാളീവ്രണം ആയിത്തീര്‍ന്നിട്ടുണ്ടാവില്ല. അപ്പോഴാണ് ഔഷധത്തിരി(വര്‍ത്തി) ആവശ്യമായി വരിക. ചിലതരം മരുന്നുകള്‍ പുരട്ടിയെടുത്ത തിരി വ്രണത്തിനകത്തേക്ക് തിരുകിക്കയറ്റുകയാണ് ചെയ്യുക. ഉണങ്ങുന്ന മുറയ്ക്ക് എടുത്തു കളയുകയും ചെയ്യും.

(ഡോ. പ്രിന്‍സ് അലക്സ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍