This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായ്ക്കുരുണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായ്ക്കുരുണ

Cowhage

ഫാബേസി (Fabaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധി. ശാ.നാ. മ്യുക്കുണ പ്രൂറിറ്റ (Mucuna prurita). ഇന്ത്യയില്‍ ആയിരം മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍കാണപ്പെടുന്ന നായ്ക്കുരുണയ്ക്ക് സംസ്കൃതത്തില്‍ അജഡ, അവ്യണ്ഡ, കണ്ഡൂര, പ്രാവൃഷായണി, ശൂകശിംബി, കപികശ്ചു, മര്‍ക്കടി, കുലക്ഷയാ എന്നീ പേരുകളുമുണ്ട്.

Image:naikkurana.png

കളസസ്യമായി വളരുന്ന നായ്ക്കുരുണ സാധാരണ ഏകവര്‍ഷിയായും അപൂര്‍വമായി ബഹുവര്‍ഷിയായും വളരുന്ന ആരോഹിസസ്യമാണ്. ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ ത്രിപത്രകങ്ങളാണ്. രണ്ടു പത്രകങ്ങള്‍ സമ്മുഖമായും ഒരു പത്രം അറ്റത്തായും വിന്യസിച്ചിരിക്കുന്നു. അഗ്രപത്രകം ചെറുതായിരിക്കും. ഓരോ പത്രകവും മൂന്നു കോണുകളുള്ളതും പരന്ന് വിസ്തൃതവുമാണ്. പത്രകങ്ങള്‍ക്ക് 8-20 സെ.മീ.-ഓളം നീളവും 5-6 സെ.മീ.-ഓളം വീതിയുമുണ്ടായിരിക്കും. ഇലകളുടെ അടിവശം ലോമിലമാണ്. അനുപര്‍ണങ്ങളുമുണ്ട്.

ഡിസംബര്‍ മാസത്തിലാണ് നായ്ക്കുരുണ പുഷ്പിക്കുക. റസീം പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ട്. സഹപത്രങ്ങള്‍ വേഗം കൊഴിഞ്ഞുപോകുന്നു. നീലലോഹിത വര്‍ണത്തിലുള്ള മനോഹരമായ നിരവധി പുഷ്പങ്ങള്‍ പൂങ്കുലയില്‍നിന്നും തൂങ്ങിക്കിടക്കും. ദ്വിലിംഗ, ഏകവ്യാസ, സമമിത പുഷ്പങ്ങള്‍ക്ക് അഞ്ചു ബാഹ്യദളപുടങ്ങളുള്ള സംയുക്ത ബാഹ്യദളപുടമാണുള്ളത്. ബാഹ്യദളപുടങ്ങളില്‍ സില്‍ക്കുപോലെയുള്ള വെളുത്ത ലോമങ്ങളുണ്ട്. ദളപുടത്തിന് പയറുവര്‍ഗങ്ങളുടേതുപോലെ ഒരു പതാകദളവും രണ്ടുപക്ഷദളങ്ങളും രണ്ടു കീല്‍ദളങ്ങളുമുണ്ട്. പത്തുകേസരങ്ങളുണ്ട്. ഒമ്പതുകേസരങ്ങള്‍ ഒരു കറ്റയായും ഒരെണ്ണം സ്വതന്ത്രവും. ഊര്‍ധ്വവര്‍ത്തിയായ അണ്ഡാശയത്തിന് ഒരു ബീജാണ്ഡപര്‍ണം മാത്രമേയുള്ളു. മാര്‍ച്ച് മാസാവസാനത്തോടെ കായ്കള്‍ വിളഞ്ഞുപാകമാകുന്നു. 8-12 സെ.മീ.-ഓളം നീളവും ഒന്നര സെ.മീ.-ഓളം വീതിയുമുള്ള കായ്കള്‍ ദൃഢലോമങ്ങളാലാവൃതമായ പോഡാണ്. കായ്ക്കുള്ളില്‍ കറുപ്പോ തവിട്ടോ നിറത്തില്‍ അഞ്ചോ ആറോ മിനുസമുള്ള വിത്തുകളുണ്ടായിരിക്കും.

മനോഹരമായ പുഷ്പങ്ങളുള്ള നായ്ക്കുരുണച്ചെടിയുടെ ഇലകളിലും ഫലത്തിനുപുറമേയും ഉള്ള ലോമങ്ങള്‍ മനുഷ്യശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നു. ഇളം കായ്കളും ഇലകളും പച്ചക്കറിയായും കന്നുകാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്. വേരും വിത്തും ഫലലോമങ്ങളും ഔഷധയോഗ്യഭാഗങ്ങളാണ്. വേര് വിരേചനഗുണമുള്ളതാണ്. മന്തുരോഗത്തിനുള്ള ലേപനൌഷധങ്ങളില്‍ നായ്ക്കുരുണവേര് അരച്ചുചേര്‍ക്കാറുണ്ട്. അഗസ്ത്യരസായനത്തിനും ഇതിന്റെ വേര് ചേര്‍ക്കാറുണ്ട്. നായ്ക്കുരുണവേരും ഞെരിഞ്ഞിലും സമമായെടുത്ത് കഷായം വച്ചുകുടിക്കുന്നത് വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നു.

നായ്ക്കുരുണ വിത്തില്‍ 25.03 ശ.മാ. പ്രോട്ടീന്‍, 6.7 ശ.മാ. ഖനിജങ്ങള്‍, 3.95 ശ.മാ. കാല്‍സ്യം, ചെറിയൊരു ശ.മാ. സള്‍ഫര്‍, മാങ്ഗനീസ് എന്നിവയും ഡൈഹോഡ്രോക്സിഫീനൈല്‍ അനിലിന്‍, ഗ്ലൂട്ടാത്തിയോണ്‍, ലെസിത്തിന്‍, ഗാലിക് അമ്ലം, ഗ്ലൂക്കോസൈഡുകള്‍ തുടങ്ങിയ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. വേരിലും ഏതാണ്ട് ഇതേ രാസപുടകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്.

നായ്ക്കുരുണ പരിപ്പ്, വയല്‍ച്ചുള്ളിക്കുരു എന്നിവ സമം അരച്ച് പഞ്ചസാര ചേര്‍ത്ത് കറന്നെടുക്കുന്ന ചൂടോടുകൂടിയ പാലില്‍ കലക്കി സേവിച്ചാല്‍ ശുക്ളക്ഷയമുണ്ടാകുന്നില്ല. അതിനാല്‍ ആയുര്‍വേദത്തില്‍ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആയുര്‍വേദത്തില്‍ മധുരരസ-വിപാകം, സ്നിഗ്ദ്ധഗുണം, ഉഷ്ണവീര്യം എന്നീ ഗുണങ്ങളുള്ള നായ്ക്കുരുണ ബലവര്‍ധനകരവും രക്തധമനികളിലെ ചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമാണ്. കായ്കളെ ആവരണം ചെയ്തിരിക്കുന്ന ലോമം ശര്‍ക്കരയിലോ വെണ്ണയിലോ ചേര്‍ത്ത് വെറുംവയറ്റില്‍ സേവിക്കുന്നത് ഉദരവിര നശിക്കാനുതകും. നായ്ക്കുരണയുടെ ഇല അരച്ചു ലേപനം ചെയ്താല്‍ വ്രണങ്ങള്‍ വേഗത്തില്‍ പഴുത്തുപൊട്ടി ഉണങ്ങുന്നു. വാതരോഗങ്ങള്‍ക്ക് വേരും വിത്തും കഷായം വച്ചും ചൂര്‍ണമാക്കിയും സേവിക്കുന്നത് ഗുണംചെയ്യും. വേരുംവിത്തും നെയ്കാച്ചി സേവിക്കുന്നത് ധാതുപുഷ്ടിക്കും ലൈംഗികശക്തി വര്‍ധനക്കും ഉതകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍