This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായ് പൊങ്ങന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായ് പൊങ്ങന്‍

Canine Distamper

നായ്ക്കളില്‍ വൈറസ്ബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗം. കടുത്ത പനി, ഭക്ഷണത്തോട് വിരക്തി, കണ്ണില്‍നിന്നും മൂക്കില്‍നിന്നുമുള്ള പച്ചയും മഞ്ഞയും നിറമാര്‍ന്ന കൊഴുത്ത സ്രവം, പീളകെട്ടിയ കണ്ണുകള്‍, ചുമ, വയറിന്റെ അടിഭാഗത്തും തുടയിലും പഴുപ്പു കെട്ടിയ കുമിളകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. കുമിളകള്‍ കാണുന്നതുകൊണ്ടാണ് ഈ രോഗം നായ്പൊങ്ങന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വായുവിലൂടെയും ഭക്ഷണത്തിലൂടെയും ഈ രോഗം പടരുന്നു. നായക്കുട്ടികളില്‍ ഇത് മാരകമാണ്.

Image:nai pongan.png

രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയശേഷം ന്യൂമോണിയ ബാധിച്ച് രോഗം മൂര്‍ഛിക്കുന്നു. ചിലപ്പോള്‍ തലച്ചോറിനെ ബാധിച്ച് അപസ്മാരം പോലെയുള്ള ലക്ഷണങ്ങളും കാണിയ്ക്കും. ചില നായകളില്‍ ഛര്‍ദിയും വയറിളക്കവും കണ്ടേക്കാം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ നായ്ക്കളുടെ കാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുന്നു. ആദ്യഘട്ടത്തില്‍ പിന്‍കാലുകള്‍ തളരുന്നതായും ക്രമേണ മുന്‍കാലുകളും തളര്‍ന്നു പോകുന്നതായും കണ്ടുവരുന്നു. താടിയെല്ല് ഇടവിട്ട് വിറയ്ക്കുന്നതായും ഉമിനീര്‍ ക്രമാതീതമായി ഒലിക്കുന്നതായും കാണാം. ചിലപ്പോള്‍ നായ അറിയാതെതന്നെ മലമൂത്ര വിസര്‍ജനം നടക്കുന്നു. രോഗലക്ഷണങ്ങള്‍ വച്ചുതന്നെ രോഗനിര്‍ണയം നടത്താവുന്നതാണ്.

ശ്രദ്ധാപൂര്‍വമായ പരിചരണത്തിലൂടെയും തുടക്കത്തിലേയുള്ള ചികിത്സകൊണ്ടും രോഗത്തെ ഒരുപരിധിവരെ സുഖപ്പെടുത്താമെങ്കിലും വൈറസ് മൂലമുള്ള രോഗമായതിനാല്‍ ചികിത്സ ഫലപ്രദമാകാറില്ല. എന്നാല്‍ പ്രതിരോധശേഷി കൂടുതലുള്ള നായകള്‍ ചിലപ്പോള്‍ രോഗവിമുക്തി നേടാറുണ്ട്. ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, പനി കുറയ്ക്കുന്ന ഔഷധങ്ങള്‍, അപസ്മാരം കുറയ്ക്കുന്ന ഔഷധങ്ങള്‍ എന്നിവ ഉപയോഗിക്കുന്നു.

നായ്പൊങ്ങന്‍ രോഗത്തിനെതിരായി ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. 6 ആഴ്ച പ്രയാമുള്ളപ്പോള്‍ത്തന്നെ ആദ്യത്തെ കുത്തിവയ്പ് നല്കേണ്ടതാണ്. അതിനുശേഷം 2-4 ആഴ്ച ഇടവിട്ട് 16 ആഴ്ച പ്രായമാകുന്നതുവരെ ഓരോ അധികഡോസ് കുത്തിവയ്പ് നടത്തേണ്ടതാണ്. അതിനുശേഷം ഓരോ വര്‍ഷവും ബൂസ്റ്റര്‍ഡോസ് നല്കണം.

(ഡോ. കെ. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍