This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടോടിക്കഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാടോടിക്കഥ

നാടോടിഗദ്യത്തിലെ ഒരു വിഭാഗം. പുരാവൃത്തം, ഐതിഹ്യം എന്നിവയാണ് നാടോടിഗദ്യത്തിലെ ഇതര പ്രധാനവിഭാഗങ്ങള്‍. നാടോടിക്കഥയെ ലളിതമായ നിര്‍വചനത്തിലൊതുക്കുക സാധ്യമല്ല. അവ വ്യവസ്ഥാപിതമായ വിദ്യാഭ്യാസരീതികളില്ലാത്ത ഗ്രാമാന്തരങ്ങളിലെ ജനതയ്ക്ക് വിജ്ഞാനവും കൌശലവും ആത്മവീര്യവും ധര്‍മബോധവും എല്ലാത്തിലുമുപരി കല്പനാവൈഭവവും പകര്‍ന്നു കൊടുത്തിരുന്നവയാണ് എന്നു പറയാം. ശ്രോതാക്കളില്‍ ജിജ്ഞാസ വളര്‍ത്തുകയെന്നതാണ് നാടന്‍ കഥകളുടെ മുഖ്യധര്‍മം.

പ്രാചീന മനുഷ്യന്റെ സങ്കല്പങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് നാടോടിക്കഥകള്‍ ഉദയം ചെയ്തത്. സമൂഹത്തില്‍ പ്രത്യേകിച്ച് നിരക്ഷര സമൂഹത്തില്‍ വിജ്ഞാനവ്യാപനത്തിന് കഥപറയല്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പാരമ്പര്യ വിജ്ഞാനത്തിലേക്കാണ് അവ നമ്മെ എത്തിക്കുക. സമൂഹത്തിന്റെ ജീവിതരീതിയും സാമൂഹിക വിധികളും മനസ്സിലാക്കുവാന്‍ നാടന്‍കഥകള്‍ സഹായിക്കും. ജനനം മുതല്‍ മരണംവരെയുള്ള ജീവിതത്തിന്റെ സംഭവങ്ങളെല്ലാം നാടന്‍ കഥയ്ക്ക് വിഷയമാകാറുണ്ട്.

ദേശത്തിന്റെ ആത്മചൈതന്യം അവയില്‍ കലര്‍ന്നിരിക്കും. ആചാര വിശ്വാസങ്ങളും പെരുമാറ്റ സമ്പ്രദായങ്ങളും ജീവിത താത്പര്യവും നാടന്‍ കഥകളില്‍ പ്രതിഫലിച്ചു കാണാം.

നാടന്‍ കഥകളില്‍ പലതിനും സദാചാരബോധം വളര്‍ത്തുകയെന്ന ധര്‍മമുണ്ട്. ജോണ്‍ബുച്ചര്‍ അഭിപ്രായപ്പെട്ടതുപോലെ ജനകീയമായൊരു തത്ത്വശാസ്ത്രത്തിനാണ് അവ രൂപംനല്കുന്നത്. എന്നാല്‍ ധര്‍മോപദേശം കൊണ്ട് അവ ഒരിക്കലും ശുഷ്കമോ വിരസമോ ആകുന്നില്ലതാനും. അദ്ഭുതം ജനിപ്പിക്കുക എന്നതില്‍ക്കവിഞ്ഞ ലക്ഷ്യം അവയ്ക്കുണ്ട്. എന്നാല്‍, സമൂഹത്തില്‍ സമഗ്രപരിവര്‍ത്തനമുണ്ടാക്കാന്‍ നാടന്‍ കഥകള്‍ക്ക് വളരെ ശക്തിയുണ്ടെന്ന് അവകാശപ്പെട്ടുകൂടാ.

മനുഷ്യര്‍ മാത്രമല്ല യക്ഷി-പ്രേത-പിശാചുക്കള്‍, മൃഗങ്ങള്‍, പക്ഷികള്‍, സര്‍പ്പങ്ങള്‍ തുടങ്ങിയവയും നാടന്‍കഥകളില്‍ കഥാപാത്രങ്ങളാകാറുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന കഥാപാത്രങ്ങളെ അധികം വിവരണങ്ങളൊന്നും കൂടാതെ ശ്രോതാക്കളുടെ മുമ്പില്‍ അവതരിപ്പിക്കുവാനാണ് നാടോടിക്കഥയില്‍ ശ്രമിക്കുന്നത്. കഥാപാത്രങ്ങള്‍ ഏതുതരത്തിലുള്ളവയായാലും മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ നിലയും ഗ്രാമീണകഥകളിലൂടെ ഗ്രഹിക്കുവാന്‍ കഴിയും. മാനുഷികമായ ഒരഭിരുചി ഏതുവിധത്തിലും നാടന്‍കഥകള്‍ക്കു പിന്നിലുണ്ട്.

നാടന്‍കഥകളുടെ വിഷയം വൈവിധ്യമാര്‍ന്നതാണ്. ഭാഗ്യലബ്ധിയെക്കുറിച്ചുള്ള കഥകള്‍ അവയില്‍ കാണാം. നഷ്ടപ്പെട്ട വ്യക്തിയെയോ വസ്തുവിനെയോ തിരിച്ചുകിട്ടുക, അവിചാരിതമായി ഗുണലബ്ധിയുണ്ടാവുക, ആപത്തില്‍നിന്ന് രക്ഷപ്പെടുക, സൗന്ദര്യത്തെപ്പറ്റി കേട്ടറിഞ്ഞ കന്യകയെ വിവാഹം കഴിക്കുവാന്‍ സാധിക്കുക, സന്തോഷകരമായ കാര്യങ്ങള്‍ നടക്കുക, അനാഥരായി നടക്കുന്നവര്‍ക്ക് ആശ്രയലബ്ധിയുണ്ടാവുക തുടങ്ങിയവയൊക്കെ കഥകള്‍ക്ക് വിഷയമായിട്ടുണ്ട്. ഭാഗ്യവിപര്യയത്തെക്കുറിച്ചുള്ള കഥകളാണ് മറ്റൊരിനം.

ചേര്‍ച്ചയില്ലാത്തവരുടെ അതിജീവനമാണ് മറ്റുചില കഥകളില്‍ പ്രത്യക്ഷമാകുന്നത്. പരസ്പര വിരോധത്താല്‍ ഒന്നിച്ചുചേരാന്‍ പാടില്ലാത്തതോ സംഭവിക്കാന്‍ ഇടയില്ലാത്തതോ ആയ കാര്യങ്ങളുടെ സംയുക്തവിജയം അത്തരം കഥകളില്‍ ആവിഷ്കൃതമായിക്കാണാം. വികല്പനങ്ങളെന്നോ, വിഷമങ്ങളെന്നോ പറയാവുന്ന ഇത്തരം കഥകള്‍ നാടന്‍ കഥാലോകത്ത് കണ്ടെത്തുവാന്‍ കഴിയും.

നല്ലൊരു ഭാഗം നാടന്‍കഥകളും കുട്ടികളില്‍ സദാചാരബോധം വളര്‍ത്തുവാന്‍ സഹായിക്കുന്ന നീതികഥകളാണ്. ഇവയില്‍ മിക്കതും ലഘുകഥകളത്രെ. ബാലമനസ്സുകളെ അവ അത്യധികം രസിപ്പിക്കും. 'ശിശുകഥ'കള്‍ എന്ന് ഇത്തരം കഥകളെ വിളിക്കുന്നത് അതുകൊണ്ടായിരിക്കണം.

നാടന്‍കഥകളിലെ വിപുലമായ മറ്റൊരു വിഭാഗമാണ് യക്ഷിക്കഥകളും മാന്ത്രികക്കഥകളും. ഇവയെ അമാനുഷകഥകളെന്നു പൊതുവില്‍ പറയാം. യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെയകലെയാണ് ഈ കഥകള്‍. വിചിത്രമോ, അലൌകികമോ ആയ ഘടകങ്ങള്‍ ഇവയില്‍ കാണാം. യക്ഷന്‍, യക്ഷി, ഗന്ധര്‍വന്മാര്‍, കിന്നരര്‍, വിദ്യാധരര്‍, രാക്ഷസര്‍, അപ്സരസ്സുകള്‍, നാഗങ്ങള്‍, ഭൂതങ്ങള്‍, പിശാചുക്കള്‍, രക്ഷസുകള്‍ തുടങ്ങിയ അമാനുഷഘടകങ്ങള്‍ നാടന്‍കഥകളില്‍ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്.

വീരസാഹസകഥകള്‍ നാടന്‍ കഥാലോകത്തും കേള്‍ക്കാറുണ്ട്. നായാട്ടുകഥകളും സാഹസിക സഞ്ചാരകഥകളും തസ്കരവൈഭവകഥകളും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇത്തരം കഥകളില്‍ പലതും ചരിത്രത്തോടോ, ചരിത്രപുരുഷന്മാരോടോ ബന്ധപ്പെട്ടതായിവരാം. അപ്പോള്‍ അവയെ ഐതിഹ്യമായി പരിഗണിക്കേണ്ടിവരും. അറബിക്കഥകള്‍, വിക്രമാദിത്യകഥകള്‍ എന്നിവയില്‍ ഐതിഹ്യങ്ങളായി കരുതാവുന്ന കഥകള്‍ കാണാന്‍ കഴിയും.

നാടോടിക്കഥകളില്‍ മതപരമെന്ന ഒരിനം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ജാതക കഥകളും ഇതിഹാസാദികഥകളും ഈ ഒരു വിഭാഗത്തില്‍പ്പെടുന്നവയാണ്. അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചില കഥകള്‍ മറ്റുള്ളവയില്‍ നിന്ന് വ്യതിരിക്തമായി നില്ക്കുന്നു. ശിവരാത്രി, ഏകാദശി, പ്രദോഷം, സോമവാരം, തിരുവാതിര തുടങ്ങിയ വ്രതങ്ങളെക്കുറിച്ചുള്ള വ്രതമഹാത്മ്യകഥകള്‍ പ്രചാരത്തിലുണ്ട്. വൈശാഖം, മാഘം, കാര്‍ത്തിക തുടങ്ങിയ പുണ്യമാസങ്ങളുടെ വൈശിഷ്ട്യം വ്യക്തമാക്കുന്ന കഥകളുമുണ്ട്. തൊഴില്‍ സ്മൃതികളായും ആത്മസ്മൃതികളായും സ്ഥാനാന്തര സ്മരണകളായും മററും ആഖ്യാനം ചെയ്യപ്പെടുന്ന നാടന്‍ കഥകള്‍ നാടോടിക്കഥാലോകത്തിന്റെ പുതിയ മുഖമാണ്.

വര്‍ഗീകരണം. എല്ലാ കഥകളെയും അവയുടെ സ്വഭാവമനുസരിച്ച് ലളിതമെന്നും സങ്കീര്‍ണമെന്നും രണ്ടായിതിരിക്കാം. ഈ വിഭജനം ആപേക്ഷികമാണ്. കഥ ഉള്‍ക്കൊള്ളുന്ന പ്രശ്നം ലളിതമാവുകയും അത് പരിഹരിക്കുന്നതിനുവേണ്ടി നായകന് നേരിടേണ്ടിവരുന്ന തടസ്സങ്ങള്‍ ലഘുവായിരിക്കുകയും ചെയ്താല്‍ അത് ലളിതകഥയാണെന്നു വരുന്നു. മിക്ക മൃഗകഥകളും സരസകഥകളും ഈ വിഭാഗത്തില്‍പ്പെട്ടവയാണ്. കഥയില്‍, പ്രശ്നപരിഹാരത്തിനായുള്ള നായകശ്രമത്തിനിടെ അയാള്‍ പല പല കുരുക്കുകളില്‍പ്പെട്ടുപോകുന്ന വിധം സങ്കീര്‍ണമായ ഘടനയുള്ള തരം കഥകള്‍ക്കുദാഹരണമാണ് യക്ഷിക്കഥകള്‍.

കഥാപാത്രങ്ങള്‍, ധര്‍മം എന്നിവയെ അടിസ്ഥാനമാക്കിയും കഥകളെ തരംതിരിക്കാറുണ്ട്. ജന്തുകഥകള്‍, അലൗകികകഥകള്‍, ലൗകികകഥകള്‍ എന്നിങ്ങനെയുള്ള വിഭജനം കഥാപാത്രപരമാണ്. ജന്തുകഥകള്‍, മൃഗകഥകള്‍, സദാചാരകഥകള്‍ എന്നിങ്ങനെ ധര്‍മപരമായി രണ്ടുതരമുണ്ട്. ലൗകികകഥകള്‍ക്കുമുണ്ട് ഇത്തരം ധര്‍മപരമായ വിഭജനം - ഫലിതകഥകള്‍, സദാചാരകഥകള്‍ എന്നിങ്ങനെ.

ജന്തുകഥകള്‍. കുട്ടികള്‍ക്കായുള്ള നാടോടിക്കഥകളിലേറെയും ജന്തുകഥകളാണ്. ആമയുടെയും മുയലിന്റെയും കഥ, സിംഹത്തിന്റെയും എലിയുടെയും കഥ, അപ്പക്കഷണം കൊത്തിയെടുത്തു കടന്ന കാക്കയുടെയും അത് കൌശലപൂര്‍വം തട്ടിയെടുത്ത കുറുക്കന്റെയും കഥ എന്നിങ്ങനെ ജന്തുകഥയുടെ ലോകം ലോകമെങ്ങും വൈവിധ്യമാര്‍ന്നു നില്ക്കുന്നു. ഇതില്‍ പക്ഷികള്‍ മാത്രമുള്ളകഥകളും മൃഗങ്ങള്‍ മാത്രമുള്ള കഥകളും പക്ഷികളും മൃഗങ്ങളും ജലജീവികളുമെല്ലാമുള്ള കഥകളും ഉണ്ടാകാം. ഒരു സൂത്രമൊപ്പിക്കുന്നതിലൂടെയാണ് അത്തരം കഥകളില്‍ പരിണാമഗുപ്തി നടക്കുക. രൂപംകൊണ്ട് അതിലെ കഥാപാത്രങ്ങള്‍ ജന്തുക്കളാണെങ്കിലും പ്രവൃത്തികൊണ്ടും ബുദ്ധികൊണ്ടും അവ മനുഷ്യസമാനരായിരിക്കും. മാനുഷികമായ ചിന്തകളും പ്രവര്‍ത്തനങ്ങളും ജന്തുക്കളില്‍ ആരോപിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. അതിലൂടെ അവയുടെ സ്ഥാനത്ത് മാനുഷികകഥാപാത്രങ്ങളെ വച്ചാലുണ്ടാകുന്ന അനൌചിത്യം മറികടക്കുന്നു. അവ അത്തരം ജന്തുക്കള്‍ക്ക് ഓരോ കൂട്ടായ്മയിലുള്ള സ്ഥാനം, അവയുടെ വംശ-രൂപപരമായ പ്രത്യേകതകള്‍ എന്നിവയോടുള്ള സമൂഹമനസ്സിന്റെ നിലപാടുകളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

ജന്തുക്കളില്‍ മാനുഷികകഥാപാത്രങ്ങള്‍ കൂടി കടന്നുവരുന്നവയാണ് സദാചാരകഥകള്‍. ഇവ സോദ്ദേശ്യരചനകളാണ്, സന്ദേശാത്മകതയാണ് ഇവയുടെ അടിസ്ഥാനസ്വഭാവം. പഞ്ചതന്ത്രം കഥകളും ജാതകകഥകളും ഇതിന് ഉദാഹരണമാണ്. ഇതിലെ മനുഷ്യകഥാപാത്രങ്ങള്‍ രണ്ടു രീതിയില്‍ വരാം-കഥാഘടനയ്ക്ക് പുറത്തുനില്ക്കുന്ന തരവും, കഥാഘടനയില്‍ സവിശേഷധര്‍മമുള്ളതരവും. ഇന്ത്യന്‍ സദാചാരകഥകളധികവും ആദ്യരീതിയിലുള്ളവയാണ്. രണ്ടാമത്തെ രീതിയിലുള്ള കഥകള്‍ക്ക് ഉദാഹണമാണ് ഉപ്പുചാക്ക് ചുമക്കുന്ന കഴുതയെ പാഠം പഠിപ്പിച്ചയാളുടെ കഥ.

സന്ദേശാത്മകമായ ജന്തുകഥകളില്‍ ആചാരപരമായവയും മതപരമായവയും ഉണ്ട്.

അലൗകികകഥകള്‍. അതിവിചിത്രങ്ങളായ കഥാപാത്രങ്ങളും സംഭവങ്ങളും ഉള്‍ക്കൊള്ളുന്ന കഥകളാണിവ. മന്ത്രവാദികള്‍, പിശാച്, രാക്ഷസന്‍, അപ്സരസുകള്‍ എന്നിവയൊക്കെയാണ് ഇതിലെ പതിവുകഥാപാത്രങ്ങള്‍. അലൌകിക മാന്ത്രികകഥകളില്‍ അത്തരം ഘടകങ്ങള്‍ക്കാണ് പ്രാധാന്യം. അതായത് കഥാപാത്രങ്ങള്‍, ഇതിവൃത്തം, ധര്‍മം എന്നിവയിലെല്ലാം അവ അലൌകികമായ ഒരു ഭാവം സന്നിവേശിപ്പിക്കുന്നു. ഇവയില്‍ നായകന്‍ മനുഷ്യന്‍തന്നെയായിരിക്കും. കഥയുടെ തുടക്കം ഭൂമിയിലുമായിരിക്കും. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ഒരില്ലായ്മയില്‍ നിന്നും തുടങ്ങുന്ന അവ, ആ ഇല്ലായ്മ പരിഹരിക്കുന്നതിന് അവന് സഹായമെത്തിക്കുന്ന ഒരലൌകിക കഥാപാത്രത്തിലൂടെയാണ് കഥ വളരുന്നത്. അയാളുടെ ശക്തിയില്‍ അവന്‍ അലൌകിക മാന്ത്രികകര്‍മങ്ങള്‍ ചെയ്യുകയും തന്റെ ഇല്ലായ്മ പരിഹരിച്ച് ഒടുവില്‍ മണ്ണിലേക്കുതന്നെ കാലുകുത്തുകയും ചെയ്യുന്നു.

അവയുടെ ഘടന സങ്കീര്‍ണമാണ്. അവ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങിക്കൊണ്ടേയിരിക്കും. ലക്ഷ്യത്തിലേക്കുള്ള മാന്ത്രികയാത്രയില്‍ പല വിലക്കുകളുമുണ്ടാവും. മാനുഷികമായ ദൌര്‍ബല്യത്താല്‍ നായകന്‍ അത് പാലിക്കാതെ വരുന്നു. അത് കഥയുടെ നേര്‍രേഖയിലൂടെയുള്ള പോക്കിനെ തടസ്സപ്പെടുത്തുന്നു.

ഇത്തരം കഥകളില്‍ നായകന്‍ മനുഷ്യനാണെങ്കിലും (നായകന്‍ അമാനുഷനെങ്കില്‍, അത് കഥയല്ല, പുരാവൃത്തമാണ്) പ്രതിനായകന്‍ അമാനുഷികനായിരിക്കും. അത്തരം പ്രതിനായകനോട് എതിര്‍ത്തുജയിക്കാന്‍ അമാനുഷിക/മാന്ത്രികശക്തി നല്കുന്ന ഒരു ദാതാവ് അമാനുഷനായിരിക്കും. ഇത്തരം കഥകളില്‍ പലപ്പോഴും മാന്ത്രിക/അലൌകിക വസ്തുക്കള്‍ക്ക് ഒരു കഥാപാത്രത്തോളം തന്നെ പ്രാധാന്യം ഉണ്ടായിരിക്കും. വസ്തു ചിലപ്പോള്‍ ചില മന്ത്രങ്ങളുമാകാറുണ്ട്. ഇത്തരം മാന്ത്രികകഥകളെ ഇങ്ങനെ നിര്‍വചിക്കാം. മാന്ത്രികമോ മറ്റുതരത്തിലോ അലൌകിക ശക്തിയുള്ള ഒരു പ്രതിനായകനെയോ പ്രതിനായകന്മാരെയോ മനുഷ്യനായ നായകനോ നായകന്മാരോ ഏതെങ്കിലും അലൌകികശക്തികളുടെ സഹായത്തോടുകൂടി നേരിടുകയോ പരാജയപ്പെടുത്തി ആജ്ഞാനുവര്‍ത്തി ആക്കുകയോ കൊല്ലുകയോ ചെയ്ത് ജയം കൈവരിക്കുന്ന ദീര്‍ഘകഥകളാണ് മാന്ത്രികകഥകള്‍.

ലൗകികകഥകള്‍. നാടോടിക്കഥകളില്‍ വളരെ വിരളമായവയാണ് ലൗകികകഥകള്‍. ഉള്ളവ ഫലിതകഥകളും സദാചാരകഥകളുമാണ്. ജനസാമാന്യത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സവിശേഷമായ പെരുമാറ്റത്തെ രസകരമായി അവതരിപ്പിക്കുന്ന ഫലിതകഥകളാണ് ഇവയില്‍ ധാരാളമായി കണ്ടുവരുന്നത്. അവശേഷിക്കുന്ന ഫലിതകഥകളില്‍ വലിയൊരുവിഭാഗം ലൈംഗികകഥകളാണ്.

അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍, പുറത്തേക്കു വഴിതേടുന്നവയാണ് ഫോക്ലോര്‍ എന്നാണ് മനശ്ശാസ്ത്രവിശകലനം. മനുഷ്യന്റെ ലൌകികജീവിതത്തിലെ സഫലമാകാത്ത സ്വപ്നങ്ങള്‍ പലതും നാടോടിക്കഥകളായെത്തുമ്പോള്‍ അവ ജന്തുകഥകളായും അലൌകികകഥകളായുമെത്തുക സ്വാഭാവികം. കാരണം മുയലിനെ തോല്പിക്കുന്ന ആമയും പറക്കും പരവതാനിയിലേറി ഏഴുകോട്ടകള്‍ കടന്ന് രാജകുമാരിയെ സ്വന്തമാക്കുന്ന രാജകുമാരനും യഥാര്‍ഥലോകത്തിലെ കഥാപാത്രങ്ങളാകാന്‍ പറ്റില്ല. അവര്‍ ഭാവനാലോകത്തില്‍ മാത്രം സംഭവിക്കുന്നവയാണ്. ലൌകികകഥകള്‍ വിരളമായിരിക്കുന്നതിലെ യുക്തിയും ഇതുതന്നെ.

നാടോടിക്കഥകള്‍ ഇന്ത്യയില്‍. ഇതര രാജ്യങ്ങളെപ്പോലെ തന്നെ നാടോടിക്കഥകളുടെ കാര്യത്തിലും ഭാരതം സമ്പന്നമാണ്. പല ലോകനാടോടിക്കഥകളുടെയും ഉത്പത്തി ഭാരതത്തിലാണെന്ന് ഫോക്ലോര്‍ പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളില്‍ പിറന്നവ എന്നതിനാല്‍ അത്തരമൊരു നിഗമനത്തിലെത്താന്‍ എളുപ്പമാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ കഥകളുടെ സ്വാധീനഫലമായാണ് ഈസോപ്പുകഥകളും (ഗ്രീസ്) അറബിക്കഥകളും (പേര്‍ഷ്യ) എല്ലാം പിറന്നതെന്ന അഭിപ്രായം ഉയര്‍ന്നുവരുന്നത്.

ഇന്ത്യയെയാകമാനം ഒരു കൂട്ടായ്മയായി കണക്കാക്കുമ്പോള്‍ അതിന്റെ മുഖ്യനാടോടിക്കഥകളായി പറയാവുന്നത് പഞ്ചതന്ത്രം കഥകളും ജാതകകഥകളുമാണ്. കഥാസരിത്സാഗരം, ബൌദ്ധ-ജൈന നീതികഥകള്‍, മഹാഭാരതാദി ഇതിഹാസപുരാണങ്ങളിലെ കഥാശകലങ്ങള്‍ എന്നിവയ്ക്കും ഇന്ത്യയില്‍ നാടോടിക്കഥാചരിത്രത്തില്‍ സവിശേഷസ്ഥാനമുണ്ട്. ഇതിനുപുറമേ എല്ലാ ഇന്ത്യന്‍ ഭാഷകളിലും മിക്ക ജാതി-വര്‍ഗ-പ്രാദേശിക കൂട്ടായ്മകളിലും തനതായ നാടോടിക്കഥകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. അവ അതാതുഭാഷയിലെ ആദിമസാഹിത്യരൂപമെന്ന നിലയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു (ഭാഷാസാഹിത്യങ്ങള്‍ നോക്കുക).

ഇന്ത്യന്‍ നാടോടിക്കഥകളെ ശാസ്ത്രീയമായി സമാഹരിക്കാന്‍ തുടങ്ങിയത് അടുത്തകാലത്തു മാത്രമാണ്. ഫോക് ടെയ്ല്‍സ് ഒഫ് ഇന്ത്യ പരമ്പരയില്‍ നാഷണല്‍ ബുക് ട്രസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ള വ്യത്യസ്തഭാഷകളിലെ നാടോടിക്കഥാസമാഹാരങ്ങള്‍ ഒരുദാഹരണം. (നോ. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഒഫ് ഇന്ത്യ).

18-ാം ശ.-ത്തിന്റെ അന്ത്യപാദത്തില്‍ത്തന്നെ ഇന്ത്യന്‍ നാടോടിക്കഥകള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയിരുന്നു. 'ജേണല്‍ ഒഫ് ദ് റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാള്‍' പത്രികയാണ് അതിന് തുടക്കം കുറിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍